ശിഷ്യത്വത്തിൻ്റെ രണ്ടാമത്തെ വ്യവസ്ഥ – WFTW 29 സെപ്റ്റംബർ 2024

സാക് പുന്നൻ

ഈ ആഴ്ച, മഹാനിയോഗത്തിൻ്റെ രണ്ടു വശങ്ങളും നിറവേറ്റുക എന്നതിൻ്റെ അർത്ഥം എന്താണെന്നതിനെ കുറിച്ചുള്ള പഠനം തുടരുന്നു. കഴിഞ്ഞ ആഴ്ച ശിഷ്യത്വത്തിൻ്റെ ആദ്യ വ്യവസ്ഥ ക്രിസ്തുവിനോടുള്ള പരമമായ സ്നേഹമാണ് എന്നു കണ്ടു. അവിടെ നാം നമ്മുടെ മാതാപിതാക്കളെക്കാൾ, നമ്മുടെ ഭാര്യമാരെക്കാൾ, നമ്മുടെ മക്കളെക്കാൾ, നമ്മുടെ രക്തബന്ധത്തിലോ സഭയിലോ ഉള്ള സഹോദരീ സഹോദരന്മാരെക്കാൾ, മാത്രമല്ല നമ്മുടെ സ്വന്ത ജീവനെക്കാൾ അധികം നാം ക്രിസ്തുവിനെ സ്നേഹിക്കുന്നു.

ശിഷ്യത്വത്തിൻ്റെ രണ്ടാമത്തെ വ്യവസ്ഥ ലൂക്കോ 14:27ൽ പരാമർശിച്ചിരിക്കുന്നു: “തൻ്റെ സ്വന്ത ക്രൂശെടുത്തു കൊണ്ട് എൻ്റെ പിന്നാലെ വരാത്തവനും എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല”.

യേശു വീണ്ടും സംശയരഹിതമായി പറയുന്നു: “കഴിയുകയില്ല”.

നാൾ തോറും ക്രൂശെടുക്കുക എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത്? അവിടുന്നു പറഞ്ഞു, “അവനവൻ്റെ ക്രൂശ്”, ഞാൻ യേശുക്രിസ്തുവിൻ്റെ ക്രൂശ് ചുമക്കേണ്ട ആവശ്യമില്ല അതുപോലെ മറ്റാരുടെയും ക്രൂശ് ഞാൻ ചുമക്കേണ്ട, എന്നാൽ ഞാൻ എൻ്റെ സ്വന്തം ക്രൂശ് ചുമക്കണം. ലൂക്കോസ് 9:23ൽ യേശു അത് ഇപ്രകാരം വിവരിച്ചിരിക്കുന്നു: “എന്നെ അനുഗമിക്കാൻ ഒരുവൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ച് നാൾ തോറും തൻ്റെ ക്രൂശ് എടുത്തും കൊണ്ട് എന്നെ അനുഗമിക്കട്ടെ”.

ലൂക്കോസ് 9:23ൽ “നാൾതോറും” എന്ന വാക്ക് ചേർത്തിരിക്കുന്നു, അത് ലൂക്കോ 14:27നും പ്രായോഗികമാണ്. ഓരോ ദിവസവും നാം ഒരു ക്രൂശ് എടുത്ത് ക്രിസ്തുവിനെ അനുഗമിക്കേണ്ടവരാണെങ്കിൽ, ക്രിസ്തു തന്നെ ദിനംതോറും ഒരു ക്രൂശ് വഹിച്ചിരുന്നു എന്നായിരിക്കണം അത് അർത്ഥമാക്കുന്നത്. അല്ലാത്തപക്ഷം നാൾതോറും എൻ്റെ ക്രൂശെടുത്ത് അവിടുത്തെ അനുഗമിക്കാൻ എന്നോട് ആവശ്യപ്പെടാൻ അവിടുത്തേക്ക് എങ്ങനെ കഴിയും?

തൻ്റെ മുപ്പത്തിമൂന്നര വർഷത്തെ ജീവിതത്തിലുടനീളം കർത്താവായ യേശുവിൻ്റെ ജീവനിൽ ഒരു ആന്തരിക ക്രൂശ് ഉണ്ടായിരുന്നു, അത് മൂർദ്ധന്യത്തിലെത്തിയതാണ് അവിടുന്ന് കാൽവറിയിലേക്കു ചുമന്നുകൊണ്ടുപോയ ഭൗതിക ക്രൂശ്. ഈ ആന്തരിക ക്രൂശ് എന്താണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്, കാരണം ഞാൻ എൻ്റെ ജീവിതത്തിൽ ആ ക്രൂശ് എടുക്കുന്നില്ലെങ്കിൽ – എനിക്ക് ഒരു ശിഷ്യനായിരിക്കാൻ കഴിയുകയില്ല.

ഇന്ന് “കുരിശ്” എന്ന വാക്ക് നാം അധികം ഉപയോഗിക്കാറില്ല. കാരണം അത് ക്രിസ്തീയതയുടെ ഒരു പ്രതീകമായി തീർന്നിരിക്കുന്നു. ഇന്ന് ആളുകൾക്ക് സ്വർണ്ണ കുരിശും ആനക്കൊമ്പു കൊണ്ടുള്ള കുരിശുമുണ്ട്, എന്നാൽ യേശു അതിനെ കുറിച്ചു പറഞ്ഞ നാളുകളിൽ, അത് ആളുകൾക്ക് വധശിക്ഷ നടത്തുന്നതിനുവേണ്ടി റോമാക്കാർ കണ്ടുപിടിച്ച ഏറ്റവും ഭീകരമായ ഒരു മാർഗ്ഗമായിരുന്നു. ഇന്ന് കൊലക്കയർ, വൈദ്യുതക്കസേര, അല്ലെങ്കിൽ ശിരച്ഛേദന യന്ത്രം ഇവയൊക്കെ ആയിരിക്കാം ഉചിതമായ പ്രതീകം. ഒരു മനുഷ്യൻ ഒരു കുറ്റവാളി ആയതുകൊണ്ട് അവനെ മരണത്തിനേൽപ്പിക്കുന്ന വധശിക്ഷയുടെ പ്രതീകമായിരുന്നു ക്രൂശ്. കുറ്റവാളികൾ മാത്രമാണ് ക്രൂശിക്കപ്പെട്ടിരുന്നത്.

തന്നെ അനുഗമിക്കണമെങ്കിൽ ഓരോ ദിവസവും മരണത്തിനേൽപ്പിക്കേണ്ടതായി നമ്മിലുള്ള ചില കാര്യത്തെ കുറിച്ചാണ് യേശു പറഞ്ഞത്. അതെന്താണ്? നമ്മുടെ സ്വയ ജീവനെയാണ് യേശു പരാമർശിച്ചത്: “ആരെങ്കിലും തൻ്റെ ജീവനെ (സ്വയ ജീവൻ) സ്നേഹിച്ചാൽ, അവർ അതിനെ കളയും”.

ഇതാണ് നാം എടുക്കേണ്ട ക്രൂശ്, അതിലാണ് ഓരോ ദിവസവും നമ്മുടെ സ്വയം ക്രൂശിക്കപ്പെടുന്നത്. അവിടെ “എൻ്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നടക്കട്ടെ” എന്ന ഗതസമനയിലെ യേശുവിൻ്റെ വാക്കുകൾ നാം പറയുന്നു. എൻ്റെ സ്വയത്തിൻ്റെ ശക്തി കാണപ്പെടുന്നത് എൻ്റെ ഇച്ഛയിലാണ്. എന്നെ പ്രസാദിപ്പിക്കുന്ന എൻ്റെ എല്ലാ ഇഷ്ടവും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് സകല പാപത്തിൻ്റെയും വേര്, അതിനെ ഞാൻ മരണത്തിനേൽപ്പിക്കുന്നില്ലെങ്കിൽ, അപ്പോൾ ഞാൻ ക്രൂശെടുക്കുന്നില്ല.

ഇത് ഓരോ ദിവസവും ഞാൻ ചെയ്യേണ്ട ചില കാര്യമാണ്. അപ്പോൾ മാത്രമേ എനിക്ക് ഒരു ശിഷ്യനായിരിക്കാൻ കഴിയൂ. ഓരോ ദിവസവും ഞാൻ ആ വാക്കുകൾ പറയേണ്ട ആവശ്യമില്ല, എന്നാൽ എനിക്ക്, “ഇന്ന് ഒരു മേഖലയിലും ഞാൻ എൻ്റെ ഇഷ്ടം ചെയ്യാൻ പോകുന്നില്ല ഞാൻ ദൈവത്തിൻ്റെ ഇഷ്ടമാണ് ചെയ്യാൻ പോകുന്നത്” എന്ന മനോഭാവം ഉണ്ടായിരിക്കണം. യേശു നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച കാര്യങ്ങളിൽ ഒന്ന് അതാണ്, “അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ”.

സ്വർഗ്ഗത്തിൽ, ദൂതന്മാർ ആരും തന്നെ അവരുടെ സ്വന്ത ഇഷ്ടം ചെയ്യുന്നില്ല. അവർ എപ്പോഴും, തങ്ങൾ എന്തു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നു കാണാൻ കാത്തു നിൽക്കുന്നു, സ്വർഗ്ഗത്തിൽ ഓരോ ദിവസവും അവർ ചെയ്യുന്നത് അതാണ്. നമ്മുടെ നാളുകൾ ഭൂമിയിലെ സ്വർഗ്ഗീയ ദിനങ്ങൾ ആകണമെങ്കിൽ, നമ്മുടെ ജീവിതം സ്വർഗ്ഗീയ ജീവിതമാകണമെങ്കിൽ, ഇതാ അതിൻ്റെ രഹസ്യം ഇവിടെയാണ്: “അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ”.

മറ്റു വാക്കുകളിൽ പറഞ്ഞാൽ, കർത്താവിനോട് ഒരു ശിഷ്യൻ്റെ മനോഭാവം, “കർത്താവേ ഒരു കാര്യത്തിലും ഒരിക്കലും എൻ്റെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇഷ്ടപ്പെടുന്ന ആളിനെ അല്ല എനിക്ക് വിവാഹം കഴിക്കേണ്ടത്; ഞാൻ ഇഷ്ടപ്പെടുന്ന ജോലി അല്ല ഞാൻ സ്വീകരിക്കേണ്ടത്, ഞാൻ ഇഷ്ടപ്പെടുന്ന സ്ഥലത്ത് അല്ല എനിക്ക് ജീവിക്കേണ്ടത്; ഓരോ മേഖലയിലും അവിടുത്തെ ഇഷ്ടം എന്താണെന്നറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എന്നോട് മോശമായി പെരുമാറുമ്പോൾ ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്ന വിധത്തിൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ജഡവും, എൻ്റെ സ്വന്ത ജീവനും പ്രതികരിക്കണമെന്നാഗ്രഹിക്കുന്ന വിധത്തിലല്ല” എന്നതാണ്.

ഇതാണ് ഓരോ ദിവസവും ക്രൂശെടുക്കുക എന്നതിൻ്റെ അർത്ഥം, അവിടുന്നു പറയുന്നത് നീ അതു ചെയ്യുന്നില്ലെങ്കിൽ, തീർച്ചയായും നിനക്ക് “എൻ്റെ ശിഷ്യനായിരിക്കാൻ കഴികയില്ല” എന്നാണ്.

മഹാനിയോഗത്തിൻ്റെ മറ്റേ പകുതി മത്തായി 28ൽ യേശു നൽകിയിരിക്കുന്നു എന്ന് അറിഞ്ഞിട്ട്, നിങ്ങൾ കണ്ടുമുട്ടിയിരിക്കുന്ന വിശ്വാസികൾ ഓരോ ദിവസവും ക്രൂശെടുക്കുന്ന മാർഗ്ഗത്തിൽ, എല്ലാ ദിവസവും സ്വയത്തിനു മരിക്കുന്ന മാർഗ്ഗത്തിൽ നടക്കുന്നതായി കാണുന്നുണ്ടോ? നിങ്ങൾ തന്നെ അതു ചെയ്യുന്നുണ്ടോ? മത്തായി 28:19ൽ നൽകപ്പെട്ടിരിക്കുന്ന നിയോഗം എത്ര കുറഞ്ഞ ഗൗരവത്തോടെയാണ് ക്രിസ്ത്യാനികൾ എടുത്തിരിക്കുന്നത് എന്നതിൻ്റെ തെളിവാണിത്.

What’s New?