ബൈബിളിലൂടെ : 1 കൊരിന്ത്യര്‍


പ്രാദേശിക സഭയും അതിന്റെ പ്രവര്‍ത്തനങ്ങളും


ഈ ലേഖനത്തിന്റെ ഒന്നാം വാക്യത്തില്‍ ”കൊരിന്തിലുള്ള ദൈവസഭയ്ക്ക്” എന്ന് കാണുന്നു. ഇതാണ് ഈ ലേഖനത്തിന്റെ കേന്ദ്ര വിഷയം. ഒരു ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള ഒരു പ്രാദേശിക സഭയുടെ പ്രവര്‍ത്തനരീതിയെപ്പറ്റി ഈ ലേഖനം വിശദമാക്കുന്നു. ‘ദൈവസഭ’ ”കൊരിന്ത്യപട്ടണം” എന്നീ രണ്ട് പ്രയോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. സഭ, പട്ടണത്തെ സ്വാധീനിക്കുന്നതിന് പകരം, നിര്‍ഭാഗ്യവശാല്‍, ഈ പട്ടണത്തിന്റെ ആത്മാവ് സഭയില്‍ കടന്നുകൂടിയതായാണ് നാം ഇവിടെ കാണുന്നത്. ഇന്നും പല സഭകളിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. അതായത് തങ്ങള്‍ക്ക് ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നതിന് പകരം, ലോകത്തിന്റെ ആത്മാവ് തങ്ങളെ സ്വാധീനിക്കുവാന്‍ വിശ്വാസികള്‍ അനുവദിക്കുന്നു!

കൊരിന്തിലെ സഭയില്‍ തെറ്റായ പലതും സംഭവിക്കുന്നതിനാല്‍ പൗലൊസ് ഈ ലേഖനത്തില്‍ പലയിടത്തും കൊരിന്ത്യയിലെ ക്രിസ്ത്യാനികളെ ശക്തമായി വിമര്‍ശിക്കുന്നതായി കാണാം. എന്നാല്‍ ഇവയെക്കുറിച്ചൊക്കെ സ്‌നേഹശാസന നല്‍കുന്നതിനുമുമ്പായി പൗലൊസ് അവര്‍ക്കായി നന്ദിയര്‍പ്പിക്കുന്നതായി കാണാം.ഇത് നമുക്ക് പിന്‍പറ്റുവാന്‍ യോഗ്യമായ നടപടിയാണ്.ഒരു ദൈവപൈതലിന്റെ ജീവിതത്തില്‍ ധാരാളം കുറവുകള്‍ നാം കാണുമ്പോഴും, നമുക്ക് പ്രശംസിക്കുവാന്‍ കഴിയുന്ന ചില നന്മകള്‍ അവനിലുണ്ടാവും.ഒരിക്കല്‍പോലും നാം അഭിനന്ദിച്ചിട്ടില്ലാത്ത ഒരുവനെ വിമര്‍ശിക്കുവാനും നമുക്ക് അവകാശമില്ല.പലരും വിമര്‍ശനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കുവാന്‍ ശ്രമിക്കുന്നു.എന്നാല്‍ അവരിലുള്ള ഏതെങ്കിലും നന്മയെക്കണ്ട് അവരെ അഭിനന്ദിക്കുവാന്‍ തയ്യാറാകാത്തതിനാല്‍, വിമര്‍ശനങ്ങളിലൂടെ മാത്രം അവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല. ചോക്ക് ഉപയോഗിച്ച് കറുത്ത ബോര്‍ഡില്‍ ഞാനെഴുതുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വായിക്കുവാന്‍ സാധിക്കും.എന്നാല്‍ എന്റെ കൈവശം ചോക്ക് മാത്രമേയുള്ളൂ. എങ്കില്‍, ഞാന്‍ വായുവില്‍ എത്ര വ്യക്തമായി എഴുതിയാലും അത് നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയുകയില്ല. ‘അഭിനന്ദനമെന്ന കറുത്ത ബോര്‍ഡില്‍’ മാത്രമേ ‘വിമര്‍ശനമെന്ന ചോക്ക്’ പ്രയോജനകരമായ നിലയില്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു വ്യക്തിയുടെ നന്മകളെക്കണ്ട് അഭിനന്ദിക്കുന്നുവെങ്കില്‍ മാത്രമേ, അവന്റെ തെറ്റുകളെ വിമര്‍ശിക്കുന്ന ചോക്ക് ഉപയോഗിച്ച് നിങ്ങള്‍ എഴുതുന്നത് അയാള്‍ക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. അവനെ ഒരിക്കല്‍പോലും നിങ്ങള്‍ അഭിനന്ദിച്ചിട്ടില്ലായെങ്കില്‍, നിങ്ങള്‍ക്ക് എഴുതുവാനുള്ള ‘കറുത്ത ബോര്‍ഡ്’ രൂപപ്പെട്ടിട്ടില്ല. അപ്പോള്‍, നിങ്ങളുടെ വിമര്‍ശനങ്ങള്‍ ശരിയായതെങ്കിലും, നിങ്ങള്‍ വായുവില്‍ എഴുതുകയാണ്. അയാള്‍ക്ക് ഒന്നും കാണുവാന്‍ കഴിയില്ല. അതിനാല്‍ അയാള്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല. പല വിശ്വാസികളും ഇപ്രകാരം നേര്‍ത്ത വായുവില്‍ എഴുതുന്നതിനാല്‍, വിമര്‍ശനങ്ങള്‍കൊണ്ട് ഫലമൊന്നുമുണ്ടാകുന്നില്ല. എന്നാല്‍ ശ്രേഷ്ഠമായ ഒരു മാര്‍ഗ്ഗം ഞാന്‍ കാണിച്ചുതരാം. ആദ്യമായി അവനെ സ്‌നേഹിക്കുകയും അവനിലുള്ള നന്മകളെ അഭിനന്ദിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ഒരു വാക്കിലെങ്കിലും നടത്തുന്ന വിമര്‍ശനങ്ങള്‍ അവന്റെ ഹൃദയത്തില്‍ ആഴങ്ങളിലേക്ക് കടന്നുചെല്ലും – തന്മൂലം അവന്‍ ജീവിതത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തും.


പൗലൊസിന്റെ അഭിനന്ദനവും നിര്‍ദ്ദേശങ്ങളും

പൗലൊസ് തുടങ്ങുന്നത് ഇപ്രകാരമാണ്: ‘നിങ്ങളെക്കുറിച്ചു ഞാന്‍ എന്റെ ദൈവത്തിനു എപ്പോഴും സ്‌തോത്രം ചെയ്യുന്നു'(1 കൊരി. 1:4). അവര്‍ക്ക് ലഭിച്ച ദൈവകൃപയെ ഓര്‍ത്തും, തിരുവെഴുത്തുകളിലുള്ള അവരുടെ പരിജ്ഞാനത്തെക്കുറിച്ചോര്‍ത്തും, അവരുടെ ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചോര്‍ത്തും പൗലൊസ് ദൈവത്തിന് നന്ദി പറയുന്നു. ആത്മീയ വരങ്ങളെ ഉപേക്ഷയായി വിചാരിക്കുന്ന വിശ്വാസികളില്‍ നിന്നും വ്യത്യസ്തമായി, അവര്‍ക്ക് എല്ലാ കൃപാവരങ്ങളും ഉണ്ടായിരുന്നുവെന്നതിനും പൗലൊസ് ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരായിരുന്നു അവര്‍. ഇതൊക്കെയാണെങ്കിലും, ഈ സഭയില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇവിടെ നമുക്ക് പൗലൊസില്‍ നിന്നും പഠിക്കുവാനുള്ളത് എന്താണ്? അതിതാണ്: ആദ്യമായി മറ്റുള്ളവരെ അഭിനന്ദിക്കുവാന്‍ പഠിക്കുക. ഒരിക്കല്‍ അധ്യാപിക തന്റെ കുട്ടികളുടെ മുമ്പില്‍ ഒരു വെള്ളക്കടലാസ് കാണിച്ചു. അതിന്റെ ഒരു മൂലയ്ക്ക് ഒരു കറുത്ത ബിന്ദു ഉണ്ടായിരുന്നു. ഇതില്‍ സൂക്ഷിച്ച് നോക്കിയിട്ട് എന്തുകാണുന്നുവെന്ന് ബുക്കില്‍ എഴുതുക എന്ന് അധ്യാപിക കുട്ടികളോട് പറഞ്ഞു. ”ഞാന്‍ അതിന്റെ മൂലയ്ക്ക് ഒരു കറുത്ത കുത്ത് കാണുന്നു” എന്ന് എല്ലാവരുമെഴുതി.അപ്പോള്‍ അധ്യാപിക പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍പോലും ആ വെളുത്ത കടലാസിനെക്കുറിച്ച് ഒന്നും എഴുതിയില്ല. എല്ലാവരും കണ്ടത് ആ കറുത്ത ബിന്ദു മാത്രമാണ്!.”

ഇപ്രകാരമാണ് നാമും. ഒരുവനില്‍ ധാരാളം വെളുപ്പ് ഉണ്ടെങ്കിലും നമ്മള്‍ കാണുന്നത് അവനിലുള്ള ചെറിയ ഒരു കറുത്ത ബിന്ദുമാത്രമാണ്.മറ്റുള്ളവരില്‍ ധാരാളം നന്മകളുണ്ട്. അവയെ ആദ്യം കണ്ടെത്തുവാന്‍ ശ്രദ്ധയുള്ളവരായിരിക്കാം. ദൈവം ആളുകളെ കാണുന്നവിധത്തില്‍ അവരെ കാണുവാന്‍ നമുക്ക് കണ്ണുകളെ പരിശീലിപ്പിക്കാം.

അഭിനന്ദനത്തിനു ശേഷം, പൗലൊസ് അവരുടെ കുറവുകളെക്കുറിച്ച് പറയുന്നു. പൗലൊസ് പറയുകയാണ് (1:12) ”നിങ്ങളില്‍ ഓരോരുത്തന്‍: ഞാന്‍ പൗലൊസിന്റെ പക്ഷക്കാരന്‍, ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍, ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍, ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നുപോല്‍.” അവര്‍ പല വിഭാഗങ്ങളിലായി പിരിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കാം. ഓരോരുത്തര്‍ക്കും അവരിഷ്ടപ്പെടുന്ന ഒരു ഉപദേഷ്ടാവുണ്ട്. ”ഞങ്ങള്‍ ക്രിസ്തുവിന്റെ പക്ഷക്കാര്‍” എന്നു പറഞ്ഞ് ഒരു കൂട്ടര്‍ മറ്റുള്ളവരെക്കാളെല്ലാം തങ്ങള്‍ വിശുദ്ധരെന്ന് സ്ഥാപിച്ചു.എന്നാല്‍ ഇക്കൂട്ടര്‍ മറ്റുള്ളവരെക്കാള്‍ വിശുദ്ധരെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല, അവര്‍ സഭയിലെ ഏറ്റവും അഹങ്കാരികളെന്ന് വേണം കരുതാന്‍. എന്തുകൊണ്ടെന്നാല്‍ (ഇന്നുള്ള പലവിഭാഗങ്ങളെയും പോലെ) തങ്ങള്‍ മാത്രമാണ് ക്രിസ്തുവിന്റെ ശരീരമെന്ന് പറഞ്ഞ് മറ്റെല്ലാവരെയും വിലകുറച്ച് കണ്ടിരുന്നവരായിരിക്കാം ഇക്കൂട്ടര്‍.

‘നമ്മുടെ സഭയില്‍’ അല്ലാത്തവരെയും വിലമതിക്കുവാനും അവരുടെ നന്മകളെ പ്രശംസിക്കുവാനും നമുക്ക് കഴിയണം. പൗലൊസ് തുടര്‍ന്ന് ചോദിക്കുകയാണ് (1:13): ”ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തില്‍ നിങ്ങള്‍ സ്‌നാനം ഏറ്റുവോ?” പൗലൊസ് എന്നെ സ്‌നാനപ്പെടുത്തി എന്ന് പറഞ്ഞ് ആരെങ്കിലും പുകഴുന്നത് ഒഴിവാക്കുവാനെന്നവണ്ണം ആരെയും സ്‌നാനപ്പെടുത്തുവാന്‍ പോലും പൗലൊസ് തയ്യാറായില്ല (1:16). 1:18-ല്‍ ഈ ലേഖനത്തിലുടനീളം കാണുന്ന ഒരു വിഷയത്തിന് തുടക്കമിടുന്നു – ക്രൂശിന്റെ വചനം. വളരെയധികം പ്രശ്‌നങ്ങള്‍ നിറഞ്ഞിരുന്ന കൊരിന്ത്യസഭപോലുള്ള ഒരു ജഡികസഭയ്ക്കുള്ള പരിഹാരമാര്‍ഗ്ഗമെന്താണ്? ക്രൂശിന്റെ വചനം. (1:18) ”ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.”


ക്രൂശിന്റെ വചനം

എന്താണീ ക്രൂശിന്റെ വചനം?ക്രിസ്തു നടന്നുപോയ വഴിയാണത് – ബലഹീനതയുടെ വഴി; മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്, നമ്മെത്തന്നെ താഴ്ത്തുന്നത്, പ്രതികാരം ചെയ്യാതിരിക്കുകയും മനുഷ്യരുടെ പുകഴ്ചയും മാനവും അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജീവിതം. പൗലൊസ് ഇതിനെക്കുറിച്ച് 2 കൊരിന്ത്യര്‍ 13:3,4 എന്നീവാക്യങ്ങളിലും പ്രസ്താവിക്കുന്നു. തുടര്‍ന്ന് പൗലൊസ് പറയുകയാണ് (1:26-28): ”സഹോദരന്മാരേ, ലോകാഭിപ്രായപ്രകാരം നിങ്ങളുടെ ഇടയില്‍ ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.” ഇവിടെ ഇതാ ക്രൂശിന്റെ വചനം: ”ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു”(1:26-28). യേശു തന്റെ അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്തപ്പോള്‍ അന്നത്തെ ബൈബിള്‍ പണ്ഡിതന്മാരെ ലജ്ജിപ്പിക്കുവാനായി നിരക്ഷരരായ മുക്കുവന്മാരെയാണ്, അവിടുന്ന് തിരഞ്ഞടുത്തത്. ഗമാലിയേല്‍ അന്നത്തെ ഒരു ബൈബിള്‍ സെമിനാരി പ്രൊഫസര്‍ ആയിരുന്നു. ഹന്നാവും കയ്യാഫാവും ആര്‍ച്ച് ബിഷപ്പുമാരായിരുന്നു. എന്നാല്‍ അക്ഷരാഭ്യാസമില്ലാത്ത മുക്കുവന്മാരായിരുന്ന പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയുമൊക്കെയായിരുന്നു പുതിയനിയമത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുവാനുള്ള കാവല്‍ഭടന്മാരായി യേശു തിരഞ്ഞെടുത്തത്.

നിരക്ഷരരും സംസ്‌കാര ശൂന്യരുമെങ്കിലും കഠിനാധ്വാനികളും ആത്മാര്‍ത്ഥതയുള്ളവരും തുറന്ന മനസ്സിന്റെ ഉടമകളുമായിരുന്നു യേശു തിരഞ്ഞെടുത്തവരെല്ലാം. അക്കാലത്തെ മത വിഭാഗങ്ങളിലുള്ള ബുദ്ധിമാന്മാരായ ആളുകളെ ലജ്ജിപ്പിക്കുവാനാണ് യേശു അത് ചെയ്തത്. അതാണ് അവിടുന്ന് ഇന്നും ചെയ്യുന്നത്. ദൈവം ജ്ഞാനികളെ തിരഞ്ഞടുക്കുകയില്ലെന്നല്ല. എന്നാല്‍, ‘ഏറെയില്ല’ എന്നാണ് നാം ഇവിടെ കാണുന്നത്. ജ്ഞാനികളായ കുറച്ചുപേരെ ദൈവം തിരഞ്ഞെടുത്തുവെന്ന് വരാം. എന്നാല്‍ അവിടുന്ന് തിരഞ്ഞെടുക്കുന്നതില്‍ ബഹുഭൂരിപക്ഷവും ഭോഷന്മാരും ലോകത്തിന്റെ ദൃഷ്ടിയില്‍ ഒന്നുമല്ലാത്തവരുമാണ്.ഇങ്ങനെയുള്ളവരെ പ്രയോജനപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ക്രൈസ്തവചരിത്രം നാം പരിശോധിച്ചാല്‍ ഈ രാജ്യത്തെ ക്രിസ്തുവിനായി സ്വാധീനിച്ചവരില്‍ ബഹുഭൂരിപക്ഷവും വലിയ ജ്ഞാനികളൊന്നുമല്ലായിരുന്നു. അവര്‍ സാധാരണക്കാരും പഠിപ്പില്ലാത്തവരുമെങ്കിലും നിഷ്‌കളങ്കരായ വ്യക്തികളായിരുന്നു. ദൈവം അവരെ തിരഞ്ഞെടുത്തു, പരിശുദ്ധാത്മാവിനാല്‍ നിറച്ചു, ശക്തമായി ഉപയോഗിച്ചു. ഇതു നാം മറന്നുകൂടാ. എന്തിനാണ് ദൈവം ഇപ്രകാരം ചെയ്യുന്നത്? എന്തെന്നാല്‍ ജ്ഞാനിയായ ഒരു മനുഷ്യന്‍ തന്റെ സാമര്‍ത്ഥ്യമുപയോഗിച്ച് ദൈവത്തെ ശ്രുശ്രൂഷിക്കുമ്പോള്‍ താന്‍ വളരെ ജ്ഞാനിയായതിനാലാണ് ദൈവം തന്നെ ഉപയോഗിക്കുന്നതെന്ന് ചിന്തിക്കുകയും അതില്‍ പ്രശംസിക്കുകയും ചെയ്യുവാന്‍ സാധ്യതയുണ്ട്. ഔദാര്യമായി ദൈവവേലയ്ക്കായി ദാനം ചെയ്യുന്ന സമ്പന്നര്‍, സുവിശേഷം പ്രചരിപ്പിക്കുവാന്‍ തങ്ങളുടെ ധനം പ്രയോജനപ്പെടുന്നതിനാല്‍ തങ്ങള്‍ സഭയില്‍ വിലയേറിയവരെന്ന് ചിന്തിക്കുവാന്‍ സാധ്യതയുണ്ട്. ഇവരെല്ലാം വഞ്ചിക്കപ്പെട്ടേക്കാം.സുവിശേഷത്തിന്റെ വ്യാപ്തിക്കായി നമ്മുടെ ജ്ഞാനവും പണവുമെല്ലാം ദൈവം ഉപയോഗിക്കുവാന്‍ സാധ്യതയുണ്ട്.എന്നാല്‍ ഇവരണ്ടും ദൈവം വിലമതിക്കുന്നില്ല എന്ന് നാം തിരിച്ചറിയണം.ഒന്നാം നൂറ്റാണ്ടില്‍ അവിടുന്ന് നിരക്ഷരരും ദരിദ്രരുമായ അപ്പൊസ്തലന്മാരിലൂടെ പ്രവര്‍ത്തിച്ചു. ഇപ്രകാരം ദൈവം ചെയ്യുന്നത് ഒരു ജഡവും ദൈവ സന്നിധിയില്‍ പ്രശംസിക്കാതിരിക്കേണ്ടതിനുവേണ്ടിയാണ്. (1:29).

ദൈവമുമ്പാകെ നാം നില്‍ക്കുമ്പോള്‍ പാടുന്ന പുതിയപാട്ട്, ”കുഞ്ഞാടേ, നീ മാത്രം യോഗ്യന്‍” (വെളി. 5:12) എന്നുള്ളതായിരിക്കും. പൗലൊസിനുപോലും സ്വര്‍ഗ്ഗത്തില്‍ ഒരു മഹത്വത്തിനും യോഗ്യതയില്ല. ഏകദേശം ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ബൈബിള്‍ സെമിനാരിയുടെ ബിരുദദാനച്ചടങ്ങിന് സംസാരിക്കുവാന്‍ എന്നെക്ഷണിച്ചു. പഠിച്ചിറങ്ങുന്നവരില്‍ ഒന്നാമനായി ധാരാളം സമ്മാനങ്ങള്‍ നേടിയെടുത്ത ഒരു വിദ്യാര്‍ത്ഥി, പിന്നീട് എന്റെയടുക്കല്‍ വന്ന് എന്നോട് ചിലകാര്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. താന്‍ പാപത്താല്‍ സമ്പൂര്‍ണ്ണമായി തോല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാള്‍ ഏറ്റുപറഞ്ഞു. ഇക്കാലമൊക്കെയും കൃത്യതയോടെ നേടിയെടുത്ത ബൈബിള്‍ പാണ്ഡിത്യം, അശുദ്ധ ചിന്തകളില്‍ നിന്നും സ്ത്രീകളെ മോഹിക്കുന്നതില്‍ നിന്നും അയാളെ സ്വതന്ത്രനാക്കിയിരുന്നില്ല. നാലുവര്‍ഷങ്ങള്‍ നീണ്ട ബൈബിള്‍ പഠനത്തിനൊടുവില്‍ തന്റെ സ്ഥിതി പണ്ടത്തേതിനേക്കാള്‍ മോശമാണെന്ന് അയാള്‍ സമ്മതിച്ചു. അയാള്‍ ഒരു പാസ്റ്ററാകുമ്പോള്‍ ഈ ബൈബിള്‍ പഠനം എങ്ങനെയാണ് അയാളെ സഹായിക്കുവാന്‍ പോകുന്നത്? ബൈബിളിലെ എബ്രായ, ഗ്രീക്ക് പദങ്ങളുടെ ആന്തരിക അര്‍ത്ഥങ്ങള്‍ വിശ്വാസികളെ പഠിപ്പിക്കുവാനാണോ പോകുന്നത്? അതല്ലല്ലോ ആളുകളുടെ യഥാര്‍ത്ഥ ആവശ്യം. എങ്ങനെ പാപത്തെ ജയിക്കണമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. എനിക്കയാളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ വലിയ ദു:ഖം തോന്നി. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിനെ അറിഞ്ഞ് രക്ഷയിലേക്ക് വന്ന ഒരു അക്രൈസ്തവനായിരുന്ന അയാള്‍ തന്റെ ജീവിതം നഷ്ടപ്പെടുത്തുകയായിരുന്നു. ഇത് ഇന്ന് ക്രിസ്തീയലോകത്ത് നാം കാണുന്ന ഒരു ദുരന്തമാണ്. ധാരാളം ബിരുദങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്ന ബൈബിള്‍ പണ്ഡിതന്മാര്‍, ആളുകളെ അവരുടെ അനുദിന ജീവിതത്തില്‍ ഒട്ടും സഹായിക്കാത്ത ചില തത്ത്വങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇക്കൂട്ടര്‍ ജനത്തെ നയിക്കുന്നത് ജീവന്റെ വൃക്ഷത്തിലേക്കല്ല, മറിച്ച്, മരണത്തെക്കൊണ്ടുവരുന്ന അറിവിന്റെ വൃക്ഷത്തിലേക്കാണ്. അതിനാല്‍ നിങ്ങളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ജ്ഞാനത്തെക്കുറിച്ചോ ഓര്‍ത്ത് പുകഴുവാന്‍ പാടില്ല. നിങ്ങളുടെ അഹന്ത, ദൈവഹിതം നിങ്ങളില്‍ വെളിപ്പെടുന്നതിന് തടസ്സമായിത്തീരും. തര്‍സൊസിലെ ഒരു സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു പൗലൊസ്. യെഹൂദവ്യാപാരികള്‍ കച്ചവടം നടത്തുവാന്‍ പോയിരുന്ന ഒരു പട്ടണമായിരുന്നു തര്‍സൊസ്. പൗലൊസിന്റെ പിതാവ് അപ്രകാരമുള്ള ധനികനായ വ്യാപാരിയായിരുന്നു. ഗമാലിയേല്‍ പ്രഫസറായിരുന്ന യെരുശലേമിലെ ഏറ്റവും മികച്ച ബൈബിള്‍ സെമിനാരിയില്‍ പഠിക്കുവാന്‍ ചെറുപ്പത്തിലെ പൗലൊസ് പോയി. ഇപ്രകാരമുള്ള ഒരു റബ്ബിയുടെ കീഴില്‍ പഠനം നടത്തുക എന്നതു വലിയ ഒരു കാര്യമായിരുന്നു. പൗലൊസ് ധനികകുടുംബത്തില്‍ നിന്നുള്ളവനെന്ന് മാത്രമല്ല താനൊരു പണ്ഡിതനുമായിരുന്നു. ഏത് തൊഴില്‍മേഖലയിലും താന്‍ വലിയ വിജയങ്ങള്‍ നേടിയെടുത്തേനെ. ഇന്നത്തെ നിലയില്‍ ചിന്തിച്ചാല്‍, താനൊരു മിടുക്കനായ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിത്തീര്‍ന്നേനെ. എന്നാല്‍ കര്‍ത്താവിനെ ശുശ്രൂഷിക്കുവാനായി തന്റെ മാനുഷിക കഴിവുകളിലൊന്നും താന്‍ ആശ്രയിച്ചില്ല. തന്റെ മാനുഷികയോഗ്യതകളിലുള്ള ആശ്രയത്തെ സമ്പൂര്‍ണ്ണമായി ക്രൂശിക്കുവാന്‍ ക്രൂശിന്റെ വചനത്തെ താന്‍ അനുവദിച്ചു. കൊരിന്ത്യ ക്രിസ്ത്യാനികളോട് പൗലൊസ് പറഞ്ഞു, ”ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നത്”(2:1). തന്റെ പ്രസംഗങ്ങള്‍ മാനുഷികജ്ഞാനത്തിലായിരുന്നില്ല, മറിച്ച്, പരിശുദ്ധാത്മാവിന്റെ ശക്തിയിലായിരുന്നു. ആളുകളുടെ വിശ്വാസം മാനുഷികജ്ഞാനത്തിലല്ല, ദൈവത്തിന്റെ ശക്തിയില്‍ തന്നെ അടിസ്ഥാനപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം അതു ചെയ്തത്. (2:4).

ദൈവവചനം പ്രസംഗിക്കുന്നവര്‍ തങ്ങളുടെ പ്രസംഗങ്ങള്‍ ലളിതമായി പ്രസ്താവിക്കണം എന്നുള്ളതാണ് എനിക്ക് നിങ്ങളുടെ മുമ്പില്‍ വയ്ക്കുവാനുള്ള വെല്ലുവിളി. ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്ന കഴിഞ്ഞ നാല്പതിലധികം വര്‍ഷങ്ങളായി ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നത് ഇതാണ്: ”എന്നെ കേള്‍ക്കുന്ന ശിശുക്കള്‍ക്ക് എന്റെ വാക്കുകള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ടോ? അതോ, ജ്ഞാനികളായവര്‍ക്ക് മാത്രമേ അത് മനസ്സിലാവുകയുള്ളോ? ഇംഗ്ലീഷിലെ കഠിനമായ വാക്കുകള്‍ മനസ്സിലാകില്ലാത്ത ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ കാര്യമോ? അവര്‍ക്ക് എന്റെ പ്രസംഗം മനസ്സിലാക്കുവാന്‍ കഴിയുമോ?.” കൊച്ചുകുട്ടികള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചാല്‍ മറ്റുള്ളവര്‍ക്കും അതു മനസ്സിലാകുമെന്ന് കരുതാം. അതിനാല്‍ യേശു ചെയ്തതുപോലെ ശിശുക്കളെ മുമ്പില്‍ക്കണ്ട് പ്രസംഗിക്കുവാനാണ് ഞാന്‍ പരിശ്രമിക്കുന്നത്. ജ്ഞാനികളായവര്‍ക്ക് മാത്രമേ നിങ്ങള്‍ പറയുന്നത് തിരിച്ചറിയുവാന്‍ കഴിയുന്നുള്ളു എങ്കില്‍ 90% പേരും അത് ഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. എങ്കില്‍ ആ പ്രസംഗത്തിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നത്? ഒരു പക്ഷേ, ഒരു വലിയ ബൈബിള്‍ പണ്ഡിതനെന്നോ മികച്ച വാഗ്മിയെന്നോ ഉള്ള ബഹുമതി നിങ്ങള്‍ക്ക് ലഭിച്ചേക്കാം.കുറച്ച് പണവും ലഭിച്ചേക്കാം. ഇതാണോ നിങ്ങള്‍ക്ക് ആവശ്യം? അതോ ആളുകളെ അനുഗൃഹീതരാക്കിത്തീര്‍ക്കുകയാണോ? നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഞാനൊരു യുവാവായിരുന്നപ്പോള്‍ കര്‍ത്താവ് എന്നോട് ചോദിച്ചു, ”നിനക്ക് മനുഷ്യരെ പ്രീതിപ്പെടുത്തുകയാണോ അതോ അവരെ സഹായിക്കുകയാണോ വേണ്ടത്?” ഞാന്‍ പറഞ്ഞു: ”കര്‍ത്താവേ, എനിക്കവരെ സഹായിക്കുകയാണ് വേണ്ടത്.” അവിടുന്ന് പറഞ്ഞു: ”എങ്കില്‍ അവരെ പ്രീതിപ്പെടുത്തുന്നത് നിര്‍ത്തുക!” അത് എന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. നിങ്ങള്‍ക്ക് മനുഷ്യരെ സഹായിക്കുവാനാണ് ആഗ്രഹമെങ്കില്‍, ലളിതമായ ഭാഷയില്‍ സംസാരിക്കുക. ഒരു ചെറിയ ശിശുവിനെപ്പോലുള്ള ഹൃദയമുള്ളവര്‍ക്കാണ് ദൈവം തന്റെ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തങ്ങളുടെ അറിവിലും യോഗ്യതകളിലും പ്രശംസിക്കുന്നവര്‍ക്കല്ല(മത്താ. 11:25). കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും മനസ്സിലാവുന്ന നിലയില്‍ ലളിതമായിട്ടാണ് യേശു വചനം പ്രസംഗിച്ചത്.

അതിനാല്‍ പൗലൊസ് പറയുന്നത് ഇതാണ്: ”എനിക്ക് പാണ്ഡിത്യവും ബുദ്ധിയുള്ള മനസ്സുമുണ്ട്. എങ്കിലും നിങ്ങളോട് സംസാരിക്കുവാന്‍ അവയൊന്നും ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കഴിവുകളും അറിവുകളും പാണ്ഡിത്യവുമെല്ലാം ക്രിസ്തുവിന്റെ പാദങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയോടും അഭിഷേകത്തോടും കൂടി ലളിതമായ ഭാഷയില്‍ നിങ്ങളോട് സംസാരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.അപ്പോള്‍ പരിശുദ്ധാത്മാവ് എന്റെ വാക്കുകളെ നിങ്ങളുടെ ബുദ്ധിയിലേക്കല്ല മറിച്ചു നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് എത്തിക്കുക തന്നെ ചെയ്യും.അതാണ് എനിക്കാവശ്യം.എന്റെ ബുദ്ധിശക്തികൊണ്ട് നിങ്ങളെ സ്വാധീനിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയങ്ങളില്‍ പാപബോധം ഉളവാക്കുകയും അതുവഴി നിങ്ങളെ ക്രിസ്തുവിലുള്ള സമൃദ്ധമായ ജീവനിലേക്ക് നടത്തുകയും വേണമെന്ന് ഞാന്‍ ആശിക്കുന്നു. ”ഇതാണ് ക്രൂശിന്റെ വചനം. കൊരിന്ത്യയിലെ ക്രിസ്ത്യാനികള്‍ ശിശുക്കളായിരുന്നതിനാല്‍ പൗലൊസ് അവര്‍ക്ക് പാലാണ് കൊടുത്തത് (3:1,2). ആളുകളോട് സംസാരിക്കുന്നതിന് മുമ്പ് അവരുടെ ആത്മീയാവസ്ഥയെക്കുറിച്ച് നാം അറിവുള്ളവരായിരിക്കണം. അപ്പോള്‍ അവര്‍ക്കാവശ്യമുള്ളത് കൊടുക്കുവാന്‍ നമുക്ക് സാധിക്കും. പക്വത പ്രാപിച്ച ദൈവമക്കളോട് സംസാരിക്കുമ്പോള്‍ ഒരു നിലയിലും ക്രിസ്തുവില്‍ ശിശുക്കളായവരോട് മറ്റൊരു നിലയിലും സംസാരിക്കുവാന്‍ കഴിയണം.വര്‍ഷങ്ങള്‍ പഴക്കമുള്ള വിശ്വാസികളെങ്കിലും കൊരിന്ത്യര്‍ വളര്‍ച്ചയില്ലാത്തവരായിരുന്നു.അതിനാല്‍ പാലല്ലാതെ കട്ടിയായ ആഹാരം അവര്‍ക്ക് കൊടുക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പക്വത പ്രാപിച്ച ക്രിസ്ത്യാനികളോട് ക്രിസ്തുവിനെക്കുറിച്ചുള്ള ആഴമേറിയ കാര്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ പൗലൊസിന് കഴിയുമായിരുന്നു. പക്വതയുള്ള ക്രിസ്ത്യാനികളോട് ജഡികതയും ആത്മീയതയും തമ്മിലുള്ള വേര്‍തിരിവ്, ‘ജഡികജീവനെ മരണത്തിന് ഏല്പിക്കുക’ തുടങ്ങിയ വിഷയങ്ങള്‍ നമുക്ക് സംസാരിക്കുവാന്‍ കഴിയും.എന്നാല്‍ ശിശുക്കളോട് അനുതാപം, പാപക്ഷമ, ശിക്ഷാവിധി, അതുപോലെ കുറ്റബോധം, കോപം, ദുഷിച്ചചിന്തകള്‍ തുടങ്ങിയവയുടെ മേലുള്ള വിജയം എന്നിങ്ങനെയുള്ള ലളിതമായ വിഷയങ്ങള്‍ മാത്രമേ സംസാരിക്കുവാന്‍ കഴിയൂ. ചവച്ചരച്ച് കഴിക്കേണ്ട മാംസാഹാരം കഴിക്കുവാന്‍ സാധിക്കാത്ത ശിശുക്കള്‍ക്ക് പാല്‍ മാത്രമേ കൊടുക്കുവാന്‍ കഴിയൂ.എന്നാല്‍ പക്വതയുള്ളവരോടാണെങ്കിലും, ലോകത്തിന്റെ ജ്ഞാനമുപയോഗിച്ചല്ല, ദൈവികജ്ഞാനത്തിലാണു നാം സംസാരിക്കേണ്ടത് (2:6,7). ഈ ദൈവികജ്ഞാനം മാനുഷിക കണ്ണുകള്‍ക്ക് കാണുവാനോ, മാനുഷികചെവികള്‍ക്ക് ശ്രവിക്കുവാനോ, മാനുഷിക ഹൃദയങ്ങള്‍ക്ക് ഗ്രഹിക്കുവാനോ സാധിക്കുകയില്ല. ഇവയെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിത്തരേണ്ടതുണ്ട് (2:9,10). അസാമാന്യ ബുദ്ധിവൈഭവമുള്ള ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടോ ഇല്ലയോ എന്നുള്ളത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. സാധാരണക്കാരായ ആളുകള്‍ക്ക് അസാധാരണമായ ചില ശുശ്രൂഷകള്‍ നല്‍കി ദൈവം അവരിലൂടെ തന്റെ സഭയെ പണിയുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നാം കണ്ടതാണ്.

ഇന്ന് ഇന്ത്യയില്‍ ശ്രേഷ്ഠരായ ബൈബിള്‍ പണ്ഡിതന്മാര്‍ ചെയ്യുന്നതെന്താണ്? ഗ്രാമങ്ങളിലേക്ക് പോയി ആളുകളെ ക്രിസ്തുവിലേക്ക് നടത്തുവാന്‍ അവര്‍ തയ്യാറാവുന്നില്ല. ബൈബിള്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചും സുവിശേഷ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും അമേരിക്കന്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വലിയ ക്രിസ്തീയ പ്രസ്ഥാനങ്ങളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചും അവര്‍ ജീവിതം പാഴാക്കുന്നു! ഇന്ത്യയില്‍ ഇന്ന് ദൈവത്തിന്റെ വേല യഥാര്‍ത്ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എങ്ങനെയുള്ളവരാണ്? പുറത്തുപോയി ആളുകളെ ക്രിസ്തുവിലേക്ക് നടത്തുകയും പ്രാദേശിക സഭകളില്‍ അവരെ നിലനിര്‍ത്തുകയും ചെയ്യുന്നവരില്‍ മിക്കവരും ആത്മനിറവുള്ള എളിയവരും പഠിപ്പില്ലാത്തവരുമായ ആളുകളാണ്. അതാണ് ശരിയായ ദൈവവേല. അതുകൊണ്ട് ഞാന്‍ പറയട്ടെ, ഫലമില്ലാത്ത സ്ഥാനമോഹികളായ ക്രിസ്ത്യാനികള്‍, സുവിശേഷീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചാസമ്മേളങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അന്താരാഷ്ട്ര കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കുകയും ഡയറക്ടര്‍മാരാവുകയുമൊക്കെ ചെയ്യട്ടെ. കര്‍ത്താവിനെ സ്‌നേഹിക്കുന്നവരായ നിങ്ങള്‍ പുറത്തുപോയി ആളുകളെ കര്‍ത്താവിലേക്ക് കൊണ്ടുവരികയും തന്റെ സഭയെ പണിയുകയും ചെയ്യുക-ഇതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. ഏതെങ്കിലും കമ്മിറ്റിയില്‍ അംഗമാകുവാനും കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകളെ ക്രിസ്തുവിലേക്ക് നടത്തുവാനും അവരെ സഭയില്‍ ഉറപ്പിച്ച് നിര്‍ത്തുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ഇതാണ് പൗലൊസ്, പത്രൊസ് തുടങ്ങിയ അപ്പൊസ്തലന്മാരൊക്കെ ചെയ്തത്.


മാനസാന്തരപ്പെട്ടവരോ ശിഷ്യരോ?


മൂന്നാം അദ്ധ്യായത്തില്‍ നാം സുവിശേഷീകരണത്തെയും സഭയുടെ പണിയെയും കുറിച്ച് വായിക്കുന്നു.നിങ്ങളില്‍ ചിലര്‍, ”ഞാന്‍ പൗലൊസിന്റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍: ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ എന്നും,” പറയുന്നു (3:4).

പൗലൊസ് പറയുകയാണ്:’ എന്താണ് വ്യത്യാസം? ഞാന്‍ നട്ടു, അപ്പൊല്ലോസ് നനച്ചു. ഞങ്ങളിരുവരും ദാസന്മാരാണ്’ (3:6). പൗലൊസ് സുവിശേഷം അറിയിച്ചു – താന്‍ മണ്ണില്‍ കുഴിയെടുത്ത് വിത്ത് നട്ടു. അപ്പൊല്ലോസ് പിന്നാലെ വന്നു വെള്ളമൊഴിച്ചു.അപ്പൊല്ലോസ് കുഴിയെടുക്കുകയോ വിത്തിടുകയോ ചെയ്തില്ല. മറ്റൊരുത്തന്‍ അതു ചെയ്തു കഴിഞ്ഞിരിക്കെ അതിന്റെ ആവശ്യമില്ലായിരുന്നു. വീണ്ടും കിളച്ച് കുഴിയെടുക്കുവാന്‍ ശ്രമിച്ചാല്‍ അവന്‍ ആ വിത്തിനെ നശിപ്പിക്കുകയാവും ചെയ്യുന്നത്! വിത്തിന് ഇപ്പോള്‍ ആവശ്യം നനയാണ് – അപ്പൊല്ലോസ് ജ്ഞാനത്തോടെ ചെയ്തത് അതായിരുന്നു. തങ്ങള്‍ നട്ടിടത്ത് മറ്റൊരുവന്‍ വന്നു വെള്ളമൊഴിച്ചാല്‍ അത് ഇന്നു ചില സുവിശേഷകന്മാരെ വിഷമിപ്പിക്കും. അവര്‍ പറയും, ”നിങ്ങള്‍ക്ക് മറ്റെവിടെങ്കിലും പോയി കൃഷിചെയ്തു കൂടെയോ? എന്തിനാണ് നിങ്ങള്‍ എന്റെ വയലില്‍ കടക്കുന്നത്?”.എന്നാല്‍, ഇതു നിങ്ങളുടെ വയലാണോ, അതോ, ദൈവത്തിന്റെ വയലാണോ?. നിങ്ങള്‍ ദൈവവേല ചെയ്യുന്നുവെങ്കില്‍, അതു ദൈവത്തിന്റെ വയലാണ്. നിങ്ങള്‍ നട്ടിടത്ത് മറ്റൊരുവനെ അയച്ച് നനയ്ക്കുവാന്‍ ദൈവത്തിന് അധികാരമുണ്ട്.പൗലൊസ് അതു മനസ്സിലാക്കിയിരുന്നു. അതിനാല്‍ അപ്പൊല്ലോസിന്റെ വേലയില്‍ താന്‍ സന്തുഷ്ടനായിരുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം വയല്‍ നിര്‍മ്മിക്കുന്നുവെങ്കില്‍, ഒരു ദിവസം അതു ”മരം, പുല്ല്, വൈക്കോല്‍” എന്നിവപോലെ തീയില്‍ വെന്തുപോകുവാന്‍ ഇടയാകും (3:12-15).

”ഇത് എന്റെ വിശ്വാസിയാണ്”, എന്ന് ആളുകള്‍ പറയുന്നതാണ് ഇന്നത്തെ മിക്കവാറും സുവിശേഷപ്രവര്‍ത്തനങ്ങളുടെയും ദുരന്തം. അതിനാല്‍ തന്നെ ഇന്നു ദൈവത്തിന്റെ മുന്തിരിത്തോട്ടത്തില്‍ പല വേലകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.ദൈവം തന്നെ വിളിച്ചവേലയില്‍ ഏര്‍പ്പെടാതെ, ഇന്നു മിക്ക ക്രിസ്ത്യാനികളും ഒരേ പ്രവൃത്തി തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. പൗലൊസ് നട്ടുവെങ്കില്‍, അപ്പൊല്ലോസ് പുറകെ വന്നു വീണ്ടും നടുന്നതിന് പകരം അവയ്ക്ക് വെള്ളമൊഴിച്ചുകൊടുക്കുക എന്നത് ശ്രേഷ്ഠമായ ഒരു കാര്യമല്ലേ? അത് ആ ചെറിയചെടിയെ വളര്‍ന്നു വലിയ വൃക്ഷമാകുവാന്‍ സഹായിക്കും.ഈ നിലയിലുള്ള സഹകരണമായിരുന്നു ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്നത്.ഇന്ന് ക്രിസ്ത്രീയ ലോകത്തില്‍ നാം കാണുന്നത് കൂട്ടായ്മകള്‍ക്കു പകരം കിടമത്സരങ്ങളാണ്. മറ്റൊരുവന്റെ പ്രവൃത്തിയെ അനുകരിക്കുന്നതിന് പകരം, ‘എന്റേത്’ എന്നുള്ള ചിന്ത വിട്ടിട്ട്, പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ നമുക്ക് ശ്രമിക്കാം.

”സുവിശേഷം പ്രസംഗിപ്പിന്‍”(മര്‍ക്കൊ. 16:15). തുടര്‍ന്ന് ”ഞാന്‍ നിങ്ങളോട് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍”(മത്താ. 28:19, 20) എന്നുള്ളതാണ് കര്‍ത്താവ് നമുക്ക് നല്‍കിയ മഹാ നിയോഗം. ഒരുദാഹരണം നോക്കുക: നൂറുപേര്‍ ചേര്‍ന്ന് ഒരു വലിയ തടിക്കഷണം ഉയര്‍ത്തുവാന്‍ പരിശ്രമിക്കുകയാണ്. അതില്‍ 99 പേരും തടിയുടെ ഒരറ്റത്തും ഒരുവന്‍ മാത്രം മറ്റേ അറ്റത്തും പിടിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടാല്‍, ഏതറ്റത്ത് പിടിക്കുവാനാണ് നിങ്ങള്‍ തയ്യാറാവുക? ഇന്ന്, മിക്കയിടങ്ങളിലും, 99% ക്രിസ്ത്രീയ പ്രവര്‍ത്തകരും സുവിശേഷീകരണത്തില്‍ വ്യാപ്യതരായിരിക്കുകയും വെറും ഒരു ശതമാനം പേര്‍ മാത്രം രക്ഷിക്കപ്പെടുന്നവരെ ശിഷ്യന്മാരാക്കി ഒരു പ്രാദേശികസഭയായി പണിതെടുക്കുന്ന വേലയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അതിനാലാണ് തടിയുടെ ആ ഒരു ശതമാനം പേര്‍ മാത്രമുള്ള ഭാഗത്ത് ചേര്‍ന്ന് സഹായിക്കുവാന്‍ ഞാന്‍ തയ്യാറായത്. മറ്റേ അറ്റത്തുള്ളവര്‍ക്ക് എതിരല്ല ഞാന്‍. അവരും ആവശ്യമാണ്. പക്ഷേ ആ ഭാഗത്ത് ഇപ്പോള്‍തന്നെ ധാരാളം പേരുണ്ട്.

പൗലൊസും അപ്പൊല്ലോസും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചു. അവരുടെ ആത്മാക്കളും സഭകളും ദൈവത്തിനുള്ളതായിരുന്നു. പൗലൊസ് നട്ടു, അപ്പൊല്ലോസ് നനച്ചു, പക്ഷേ ദൈവമാണ് വളര്‍ച്ച നല്‍കിയത്.അതിനാല്‍ സകല മഹത്വവും ദൈവത്തിനുള്ളതായിരുന്നു. പൗലൊസ് തന്നെക്കുറിച്ചും അപ്പോല്ലൊസിനെക്കുറിച്ചും പറയുന്നത്, ”ഞങ്ങള്‍ ഏതുമില്ല”(3:7)എന്നാണ്. അതിനാലാണ് ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കായത്. അരുമല്ലാത്ത രണ്ടുപേര്‍ക്ക് ഒരുമിച്ച് നില്‍ക്കുവാന്‍ കഴിയും. എന്നാല്‍ അതിലൊരുവന് താന്‍ ആരോ ആണെന്നുള്ള തോന്നല്‍ ഉണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത്.

നിങ്ങള്‍ എന്നെങ്കിലും എവിടെയെങ്കിലും ഒരു പ്രാദേശിക സഭ സ്ഥാപിക്കുന്നുവെങ്കില്‍,കഴിഞ്ഞ 35 വര്‍ഷങ്ങള്‍ കര്‍ത്താവ് സഭകള്‍ നടുന്നത് കണ്ടതില്‍നിന്നും ഞാന്‍ പഠിച്ച ചില പാഠങ്ങള്‍ ഞാന്‍ നിര്‍ദ്ദേശിക്കട്ടെ. ആദ്യമായി നിങ്ങള്‍ ആരുമല്ലാതാവുക. പിന്നീട് നിങ്ങളുടെ ആത്മാക്കളെ ആരുമല്ലാത്തവരായി വളര്‍ത്തുക. അപ്പോള്‍ മത്സരിക്കുന്നതിന് പകരം സഹകരിക്കുന്ന ഒരത്ഭുതസഭയെ നിര്‍മ്മിക്കുവാന്‍ നിങ്ങള്‍ക്കാവും. നേതാവ് മുതല്‍ പുതിയ വിശ്വാസിവരെ വെറും പൂജ്യമായിരിക്കുന്ന ഒരു സഭയാവും ലോകത്തിലെ ഏറ്റവും മികച്ച സഭ. അവരെല്ലാവരും പൂജ്യങ്ങളായിരിക്കാം. എന്നാല്‍ ക്രിസ്തു അവര്‍ക്ക് മുമ്പില്‍ വരുമ്പോള്‍ – 9 പേരുള്ള ഒരു സഭ ക്രിസ്തുവാകുന്ന ആ ‘1’ കൂടി ചേര്‍ക്കുമ്പോള്‍ നൂറുകോടി – 100,0000000 ആയി രൂപാന്തരപ്പെടുന്നു!! ഞാന്‍ ‘ആരെങ്കിലുമാണ്’ എന്ന ചിന്തയോടെ സഭയില്‍ ആയിരിക്കുവാന്‍ ഞാന്‍ തയ്യാറാവില്ല എന്നു നിശ്ചയിക്കുക, പൗലൊസിനെയും അപ്പൊല്ലോസിനെയും പോലെ ‘ഏതുമില്ല’ എന്ന മനോഭാവത്തോടെ ആയിരിക്കുക.

തുടര്‍ന്ന് പൗലൊസ്, ഒരു അടിസ്ഥാനമിടുന്നതിനെക്കുറിച്ചും അതിനുമീതേ പണിയുന്നതിനെക്കുറിച്ചും പറയുന്നു. അടിസ്ഥാനവും അതിനുമീതെയുള്ള പണിയും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഒരു വൃക്ഷത്തെ നട്ടുവളര്‍ത്തുന്നതിന്റെ ഉദാഹരണമാണ് പൗലൊസ് ആദ്യം ഉപയോഗിക്കുന്നത് – നടുക, നനയ്ക്കുക എന്നി പദങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവയാണ്. ഇപ്പോള്‍ താന്‍ ഒരു കെട്ടിടത്തിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത്: അടിസ്ഥാനവും മേല്‍ക്കെട്ടിടവും (വാക്യം 10:12). കെട്ടിടത്തിന്റെ അടിസ്ഥാനമെന്നത് ക്രിസ്തു മാത്രമാണ് – നമുക്കൊന്നും കൂട്ടിച്ചേര്‍ക്കുവാനില്ലാത്ത ക്രൂശിലെ തന്റെ പൂര്‍ണ്ണതയുള്ള പാപപരിഹാരബലി. ഈ അടിസ്ഥാനത്തിനു മീതെ നിലനില്‍ക്കുന്ന ഒരു കെട്ടിടം പണിയേണ്ടതെങ്ങനെയെന്ന് നാം അറിഞ്ഞിരിക്കണം. ഏതു തരത്തിലുള്ള ഒരു സഭയാണ് നിങ്ങള്‍ പണിയുന്നത്? അതിന്റെ മികവ് അതിന്റെ വലുപ്പത്തിലാണോ അതോ ഗുണത്തിലാണോ? ഓരോ ക്രിസ്ത്രീയ പ്രവര്‍ത്തകനും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമിതാണ്: അളവാണോ ഗുണമാണോ ഞാന്‍ അന്വേഷിക്കേണ്ടത്? ഒന്നുകില്‍ പൊന്ന്, മുത്ത്, വിലയേറിയ കല്ല് അല്ലെങ്കില്‍ മരം, പുല്ല്, വൈക്കോല്‍ – ഇവയിലേതെങ്കിലും ഉപയോഗിച്ച് നമുക്ക് പണിയാം (3:12). അന്ത്യനാളില്‍, ഗുണമാണ് പരിശോധിക്കപ്പെടുന്നത്; അളവല്ല (3:13, 14).

ഒരേ തുകയുപയോഗിച്ച്, സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവ ലഭിക്കുന്നതിലും വളരെ വലിയ അളവില്‍ മരം, പുല്ല്, വൈക്കോല്‍ എന്നിവ വാങ്ങിക്കൂട്ടുവാന്‍ നമുക്ക് കഴിയും. ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റുന്ന വളരെ വലിയ ഒന്ന് നിങ്ങള്‍ പണിയുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മരം, പുല്ല്, വൈക്കോല്‍ എന്നിവ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ പണിപൂര്‍ത്തിയാകുമ്പോള്‍ അതിനെ തീയാല്‍ ശോധന കഴിക്കുമെന്ന് നിങ്ങള്‍ അറിയുന്നുവെങ്കില്‍- മരം, പുല്ല്, വൈക്കോല്‍ എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വെറും ഒരു ശതമാനം മാത്രം വലുപ്പമുള്ളതെങ്കിലും- തീയാലുള്ള പരിശോധനയെ അതിജീവിക്കുവാന്‍ പര്യാപ്തമായ പൊന്ന്, വെള്ളി, വിലയേറിയ കല്ല് എന്നിവകൊണ്ട് കെട്ടിടം പണിയുവാന്‍ നിങ്ങള്‍ പരിശ്രമിക്കും. നമുക്കെല്ലാവര്‍ക്കും വളരെ പരിമിതമായ സമയമേ ലഭിക്കുന്നുള്ളൂ. നമുക്കിവിടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ജീവിക്കുവാന്‍ കഴിയില്ല. വീണ്ടും ജനനം പ്രാപിച്ചതിനു ശേഷം കര്‍ത്താവിനായി ജീവിക്കുവാന്‍ ഒരു 60 വര്‍ഷം ചിലപ്പോള്‍ ലഭിച്ചേക്കാം. ആ 60 വര്‍ഷങ്ങള്‍ നിങ്ങള്‍ എങ്ങനെ ഉപയോഗിക്കും? വളരെ വലിയതെങ്കിലും ഗുണമില്ലാത്തതും അന്ത്യനാളില്‍ കത്തിച്ചാമ്പലാകുന്നതുമായ ഒരു കെട്ടിടം പണിയുവാന്‍ ഈ സമയം നിങ്ങള്‍ ഉപയോഗിക്കുമോ? അതോ, വളരെ ചെറിയതെങ്കിലും ഏറ്റവും ശക്തിയേറിയ അഗ്നിജ്വാലയെപ്പോലും അതിജീവിക്കുവാന്‍ കഴിയുന്നത് പണിയുവാന്‍ നിങ്ങള്‍ ശ്രമിക്കുമോ?

പല വിശ്വാസികളും പണിയുന്ന സഭകള്‍ വളരെ വലുപ്പമേറിയതെങ്കിലും ഗുണനിലവാരം കുറഞ്ഞവയാണ്. ചിലര്‍ വിവേകത്തോടെ- മാനസാന്തരവും ശിഷ്യത്വവും പഠിപ്പിച്ച് – ഗുണമേറിയ ചെറിയ സഭകള്‍ സ്ഥാപിക്കുന്നു. ആദ്യത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാമത്തേത് കണക്കുകളില്‍ വളരെ മോശമാണ്. എന്നാല്‍ ഒരു ദിവസം ദൈവം തീയാല്‍ ശോധനചെയ്യുമ്പോള്‍, മരം, പുല്ല്, വൈക്കോല്‍ എന്നിവകൊണ്ടുണ്ടാക്കിയ വന്‍മാളികകള്‍ വെന്ത് വെണ്ണീറാവും. എന്നാല്‍ വലുപ്പം കുറവായതിനാല്‍ മറ്റുള്ളവര്‍ നിന്ദിച്ചപ്പോഴും തങ്ങളുടെ ജീവിതകാലം മുഴുവനും ശിഷ്യന്മാരെ ഉണ്ടാക്കുവാന്‍ പരിശ്രമിച്ചവര്‍, തങ്ങള്‍ നിര്‍മ്മിച്ച ആ ചെറിയ കെട്ടിടം അഗ്നിശോധനയെ അതിജീവിച്ച് നിത്യതയോളം നിലനില്‍ക്കുന്ന കാഴ്ചയാവും കാണുന്നത്.

നിങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതം ചെലവഴിക്കുവാന്‍ ആഗ്രഹിക്കുന്നത്? യേശു പറഞ്ഞു, ”നിങ്ങള്‍പോയി സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍.” നിത്യതയോളം നിലനില്‍ക്കുന്നതിനെ ഉളവാക്കുവാനാണോ നിങ്ങള്‍ പരിശ്രമിക്കുന്നത്? ഇതാണ് നിങ്ങളുടെ ഉള്ളില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട ചോദ്യം ദൈവം എന്നെക്കുറിച്ച് ആഗ്രഹിക്കുന്ന വിധത്തില്‍, യേശു പഠിപ്പിച്ച പ്രമാണങ്ങള്‍ക്ക് അനുസരണമായാണോ ഞാന്‍ പണിയുന്നത്? മറ്റെന്തിനെക്കാളും ഉപരിയായി യേശുവിനെ സ്‌നേഹിക്കുന്ന ശിഷ്യന്മാരെ ഉണ്ടാക്കുവാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? അതോ, ”കര്‍ത്താവായ യേശുവേ, ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു,” എന്ന് മാത്രം പറയുകയും ശിഷ്യന്മാരായിരിക്കുവാന്‍ ആഗ്രഹമില്ലാത്തവരുമായ ഒരു കൂട്ടം വിശ്വാസികളെ ഒരുമിച്ച് കൂട്ടുവാന്‍ മാത്രമാണോ നിങ്ങളുടെ ശ്രമം? നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ നടത്തിയ പണികള്‍ ആ ദിവസം പൂര്‍ണ്ണമായും വെന്തുപോയാല്‍, ദൈവമുമ്പാകെ നിങ്ങള്‍ക്കുണ്ടാവുന്ന ദുഃഖത്തെക്കുറിച്ചോര്‍ക്കുക. ദൈവം നിങ്ങള്‍ക്കു നല്‍കിയ ഒരു ജീവിതം പാഴാക്കിയല്ലോ എന്ന ദുഃഖത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിത്യത ചെലവഴിക്കുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കുക. അപ്രകാരം വ്യസനിക്കുവാന്‍ എനിക്കാഗ്രഹമില്ല. സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ലുകള്‍ എന്നിവകൊണ്ട് പണിയുവാന്‍ ഞാനാഗ്രഹിക്കുന്നു. കര്‍ത്താവിനായി മൂല്യമേറിയ ഒരു പണി ചെയ്‌തെടുക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.


ക്രിസ്തുവിന്റെ യഥാര്‍ത്ഥ ദാസന്മാര്‍


നാലാം അധ്യായത്തില്‍ കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനെക്കുറിച്ച് കുടുതലായി ചില കാര്യങ്ങള്‍ നാം കാണുന്നു. ”തന്റെ യജമാനന്‍ തന്നോട് ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് മാത്രമേ അവന്‍ ചെയ്യാറുള്ളൂ എന്നുള്ളതാണ് ഒരു ദാസന്റെ ഏറ്റവും വലിയ പ്രത്യേകത” (4:2, ലിവിംഗ് ബൈബിള്‍). അവനാണ് വിശ്വസ്തദാസന്‍. എന്തെല്ലാം നിങ്ങള്‍ ചെയ്തുവെന്നുള്ളതല്ല, മറിച്ച്, കര്‍ത്താവ് കല്പിച്ചകാര്യങ്ങള്‍ മാത്രം, അവിടുന്ന് ആഗ്രഹിക്കുന്ന നിലയില്‍ നിങ്ങള്‍ ചെയ്തുവോ എന്നതാണ് കാര്യം. അതിനായി, കാത്തിരുന്ന് കര്‍ത്താവിനോട് ചോദിക്കുക:”കര്‍ത്താവേ, ഞാനെന്ത് ചെയ്യേണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു?അതു മാത്രം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ഉദാഹരണത്തിന്, ഒരു ദാസനെ ജോലിക്കു നിയമിക്കുമ്പോള്‍, നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്ന് അയാള്‍ക്ക് തോന്നുന്ന ചില കാര്യങ്ങള്‍ അയാള്‍ ഓടിനടന്ന് ചെയ്യുന്നതു കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ പറയുന്നതു കേട്ട് അതു മാത്രം അവന്‍ ചെയ്യുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മിക്ക ക്രിസ്തീയപ്രവര്‍ത്തകരും ദൈവം തന്റെ വചനത്തിലൂടെ നല്‍കിയിരിക്കുന്ന ആത്മീയപ്രമാണങ്ങളെ പിന്‍പറ്റാറില്ല. അതിനുപകരം, അവരുടെതന്നെ സ്വന്തം ആശയങ്ങള്‍ക്കനുസരണമായി (അവയെല്ലാം മിക്കപ്പോഴും ലൗകികമായിരിക്കും) അവര്‍ക്കിഷ്ടമായ വിധത്തില്‍ ദൈവ വേല ചെയ്യുന്നു. ദൈവത്തിനു തങ്ങളെക്കുറിച്ചുള്ള ഹിതമെന്തെന്നു കണ്ടെത്തുവാനുള്ള ക്ഷമയില്ലാതെ, സ്വന്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു ദൈവത്തെ സേവിക്കുന്നു.

പൗലൊസ് തുടര്‍ന്നു പറയുകയാണ്: ക്രൂശിന്റെ പാതയിലൂടെ പോകുന്ന യഥാര്‍ത്ഥ ദൈവഭൃത്യരെ ലോകവും ലൗകികരായ വിശ്വാസികളും ആദരിക്കുകയില്ല. സഭയില്‍ ഏറ്റവും ശ്രേഷ്ഠരായ ദൈവഭൃത്യന്മാരാണ് അപ്പൊസ്തലന്മാര്‍. വിവിധ സഭകളിലെ മൂപ്പന്മാരുടെ മൂപ്പന്മാരായി അവരെ കണക്കാക്കാം. അപ്പൊസ്തലന്മാര്‍ സഭകള്‍ സ്ഥാപിക്കുന്നു, മൂപ്പന്മാരെ നിയമിക്കുന്നു, അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. എന്നാല്‍ ഈ അപ്പൊസ്തലന്മാരെ ലോകം കാണുന്നത് എങ്ങനെയാണ്? ‘ദൈവം ഞങ്ങളെ ഒടുക്കത്തവരായി നിര്‍ത്തി…'(4:9). ലോകത്തിന്റെ ദൃഷ്ടിയില്‍ സാമൂഹികവ്യവസ്ഥിതിയിലെ ഏറ്റവും താഴെ തട്ടിലാണ് അപ്പൊസ്തലന്മാരുടെ സ്ഥാനം. ‘മരണവിധിയില്‍ ഉള്‍പ്പെട്ടവര്‍… കൂത്തുകാഴ്ച… ഭോഷന്മാര്‍… മാനഹീനര്‍… കുത്തുകൊള്ളുന്നവര്‍…'(4:9-11) തുടങ്ങിയ നിലയിലെല്ലാമാണ് അവരെ കാണുന്നത്. കൊരിന്തിലെ ജഡികന്മാരായ ക്രിസ്ത്യാനികളുമായി തന്നെയും മറ്റ് അപ്പൊസ്തലന്മാരെയും പൗലൊസ് താരതമ്യം ചെയ്യുന്നു. ”നിങ്ങള്‍ ലോകത്തില്‍ തൃപ്തരും, സമ്പന്നരും, വിവേകികളും, ബലവാന്മാരും, മഹത്തുക്കളുമൊക്കെയാണ്. ഞങ്ങള്‍ ലോകത്തിന്റെ ചവറുപോലെയും അഴുക്കായും തീര്‍ന്നിരിക്കുന്നു”. ഒരു യഥാര്‍ത്ഥ അപ്പൊസ്തലനെ ലോകം മാനിക്കുകയില്ല. ജഡികരായ ക്രിസ്ത്യാനികളെയാണ് ലോകം മാനിക്കുന്നത്. നിങ്ങള്‍ ലോകത്തിന്റെ മാനം ആഗ്രഹിച്ചാല്‍, ഒരു ജഡികനായി തീരുമെന്നത് തീര്‍ച്ചയാണ്.

സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഒരു യഥാര്‍ത്ഥ അപ്പൊസ്തലന്‍ ധനികനായി തീരുകയില്ല. ഒരു മനുഷ്യന്‍ സുവിശേഷപ്രസംഗം നടത്തി ധനികനായി മാറിയാല്‍ അയാള്‍ ക്രിസ്തുവിന്റെ അപ്പൊസ്തലനല്ല എന്ന് തീര്‍ച്ചപ്പെടുത്താം. തനിക്കും തന്റെ കുടുംബത്തിനും വീടും മറ്റു വസ്തുവകകളും സുവിശേഷ പ്രസംഗത്തിലൂടെ സമ്പാദിച്ചയാള്‍ ക്രിസ്തുവിന്റെ അപ്പൊസ്തലനല്ല. സുവിശേഷപ്രസംഗത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങി ഉപയോഗിക്കുന്നവനെ അപ്പൊസ്തലനായി കണക്കാക്കുവാന്‍ കഴിയില്ല. അയാള്‍ ജഡികനായ ഒരു ക്രിസ്ത്യാനിയാണ്. വചനം പ്രസംഗിക്കുവാനുള്ള വരം ഉപയോഗിച്ച് ധാരാളം പണം സമ്പാദിക്കുവാന്‍ പൗലൊസിനു സാധിക്കുമായിരുന്നു. എന്നാല്‍ താനതു ചെയ്തില്ല. സുവിശേഷം പ്രസംഗിച്ച് ധനം സമ്പാദിക്കുവാന്‍ ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്‍ തയ്യാറാവുകയില്ല. ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍, കര്‍ത്താവും അപ്പൊസ്തലന്മാരും ചെയ്തതുപോലെ, ചില ദാനങ്ങള്‍ സ്വീകരിച്ചേക്കാം. എന്നല്ലാതെ, ഒരു ലക്ഷപ്രഭുവായി അയാള്‍ മാറുന്നത് അസാധ്യമാണ്. എന്നാല്‍ ഇന്നത്തെ ക്രിസ്തീയലോകത്ത് നാം കാണുന്നത് നേരെ മറിച്ചാണ്. അതിനാലാണ് അപ്പൊസ്തലന്മാരെന്നും ഉപദേഷ്ടാക്കന്മാരെന്നും (അവര്‍ രോഗികളെ സൗഖ്യമാക്കിയാലും) പേരെടുക്കുന്നവരോട് എനിക്ക് ബഹുമാനം പൂജ്യമായിരിക്കുന്നത്. ദരിദ്രരുടെ ദശാംശം സ്വീകരിച്ച് ധനവാന്മാരായി തീരുന്ന ഈ സുവിശേഷപ്രസംഗകരോടുള്ളതിലും ബഹുമാനം ഉത്തരേന്ത്യയില്‍ പോയി ലളിതജീവിതം നയിച്ച് സാധുക്കളെ സഹായിക്കുന്ന റോമന്‍കത്തോലിക്ക പുരോഹിതന്മാരോട് എനിക്കുണ്ട്.

ഇന്ന് നിങ്ങള്‍ ആരെയാണ് മാതൃകയാക്കുന്നത്, പൗലൊസിനെയും പത്രോസിനെയുമോ? അതോ ഇന്നത്തെ വ്യാജന്മാരെയോ? പൗലൊസ് തുടര്‍ന്നു പറയുകയാണ്, ‘ഞങ്ങള്‍….സ്വന്തകൈയ്യാല്‍ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശിര്‍വദിക്കുന്നു…..’ (4:11,12). പൗലൊസ് തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ സ്വന്ത അധ്വാനം കൊണ്ടു നിറവേറ്റി. എന്നിട്ടും ആളുകള്‍ തന്നെ ദുഷിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ആളുകള്‍ തന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചിട്ടും അവരെ തിരിച്ച് അനുഗ്രഹിക്കുകയാണ് താന്‍ ചെയ്തത്. താന്‍ പോയിടത്തെല്ലാം ഉപദ്രവിക്കപ്പെടുകയും ‘ലോകത്തിന്റെ ചവറുപോലെയും സകലത്തിന്റെയും അഴുക്കായും’ തീരുകയും ചെയ്തു (4:13). അതായത് ലോകം തന്നെ ഓടയിലൂടെ ഒഴുകുന്ന മാലിന്യംപോലെയാണ് കണ്ടത്. ഇത്തരത്തിലാണ് അക്കാലത്തെ ഏറ്റവും ശ്രേഷ്ഠനായ അപ്പൊസ്തലനെ ലോകം കണ്ടത്. എന്നാല്‍ കൊരിന്തിലെ ക്രിസ്ത്യാനികളെ ലോകം മാനിച്ചിരുന്നു-അതില്‍ അവര്‍ സന്തുഷ്ടരായിരുന്നു. ദൈവത്തിന്റെ ദാസനായിരിക്കുക എന്നതിന്റെ ശരിയായ അര്‍ത്ഥം ക്രിസ്തീയ ലോകത്തിന് ഇന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എന്ന് ദുഃഖത്തോടെ ഞാന്‍ പറയട്ടെ. ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയനാവാത്ത, ലോകത്തിന്റെ മാനം അന്വേഷിക്കാത്ത, ഒരു യഥാര്‍ത്ഥ ദൈവഭൃത്യനാരെന്ന് ലോകത്തിന് കാട്ടിക്കൊടുക്കേണ്ടത് ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്. വേദശാസ്ത്ര ബിരുദങ്ങളിലോ മറ്റു ലോകപരമായ യോഗ്യതകളിലോ ദൈവം താല്‍പര്യം കാണിക്കില്ല. ഇവയൊന്നും പിശാചിനെയും ഭയപ്പെടുത്തുന്നില്ല!

മിക്ക ക്രിസ്തീയ പ്രവര്‍ത്തകരും സിംഹാസനങ്ങളില്‍ ഇരുന്ന് ബഹുമാനം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുവരാണ്. ആ വഴിയെ പോകരുത്. ജീവിതത്തിലുടനീളം ഒരു എളിയ ദൈവദാസനായിരിക്കുവാന്‍ ആഗ്രഹിക്കുക. ലോകവും ബാബിലോന്യ ക്രിസ്തീയലോകവും നിങ്ങളെ തള്ളിയാലും ഒരു സാധാരണ സഹോദരനായോ സഹോദരിയായോ മാത്രം ജീവിക്കുക.

ആദരവും ആശ്വാസവും അനുഭവിച്ചിരുന്ന കൊരിന്ത്യരോട് പൗലൊസ് അസൂയപ്പെടുകയാണോ? ഒരിക്കലുമല്ല, അവരെക്കാള്‍ അനുഗ്രഹിക്കപ്പെട്ട അവസ്ഥയില്‍ താന്‍ ആയിരുന്നതിനാല്‍ അവരോട് സഹതപിക്കുക മാത്രമാണ് ചെയ്യുന്നത്. അവരെ നാണിപ്പിപ്പാനല്ല-ഒരു പിതാവിനെപ്പോലെയാണ് അവരോട് സംസാരിക്കുന്നത് (4:14). ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്‍ ഒരു പിതാവിനെപ്പോലെയാണ്. അദ്ദേഹം ആളുകളെ പരിഹസിക്കുകയില്ല. കുട്ടികള്‍ തെറ്റു ചെയ്താല്‍ അധ്യാപകര്‍ കുട്ടികളെ കളിയാക്കിയേക്കാം. തന്റെ കുട്ടി എത്ര ഭോഷത്തം കാട്ടിയാലും അവരെ കളിയാക്കുവാന്‍ പിതാവിന് കഴിയുകയില്ല. എന്നാല്‍ ഇന്ന് ക്രിസ്തീയലോകത്തില്‍ അധ്യാപകരും പിതാക്കന്മാരും തമ്മിലുള്ള അനുപാതം പതിനായിരത്തിന് ഒന്ന് എന്ന നിലയിലാണ് (4:15).

പൗലൊസ് തുടര്‍ന്ന് പറയുകയാണ്, ‘ധാരാളം നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രസംഗിക്കുവാന്‍ സാധിച്ചേക്കാം. എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ നിങ്ങളുടെ പ്രസംഗമല്ല-മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ എത്രമാത്രം ശക്തിയുണ്ടെന്ന് അറിയുവാനാണ് ആഗ്രഹിക്കുന്നത്’. ‘ദൈവരാജ്യം വചനത്തിലല്ല, ശക്തിയിലത്രേ ആകുന്നു'(4:19,20).

ക്രൂശിന്റെ വചനത്തിനാവശ്യമായ അടിസ്ഥാനമിടുകയാണ് ആദ്യത്തെ നാല് അദ്ധ്യായങ്ങളില്‍ അപ്പൊസ്തലന്‍ ചെയ്യുന്നത്. അഞ്ചാം അദ്ധ്യായം മുതല്‍ കൊരിന്ത് സഭയിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു. ഈ പ്രദേശിക സഭയില്‍ കൊരിന്തു പട്ടണത്തിന്റെ ആത്മാവ് കടന്ന് കയറിയിരുന്നു. കൊരിന്തു സഭയിലെ പാപത്തെ അപ്പൊസ്തലന്മാര്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് വിശദീകരിക്കുന്ന അഞ്ചാം അദ്ധ്യായം തിരുവചനത്തിലെ വിലപ്പെട്ട ഭാഗങ്ങളിലൊന്നാണ്.


ഈ ലോകത്തിന്റെ ആത്മാവ്

പൗലൊസ് ഇവിടെ ദുര്‍ന്നടപ്പിനെ കൈകാര്യം ചെയ്യുകയാണ്. കൊരിന്തിലെ വിജാതീയ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അസാന്മാര്‍ഗ്ഗിക പ്രവണതകള്‍ സഭയിലേക്കും കടന്നിരുന്നു. തന്റെ പിതാവിന്റെ രണ്ടാം ഭാര്യയുമായി വൃഭിചാരത്തില്‍ ഏര്‍പ്പെടുന്ന ഒരുവന്‍ സഭയില്‍ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചവന് ഒരു കൂസലുമില്ലായിരുന്നു. സഭയിലെ മൂപ്പന്മാര്‍ നട്ടെല്ലില്ലാത്തവരായതിനാല്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ മനുഷ്യനെ സഭയില്‍നിന്നും പുറത്താക്കുവാനുള്ള ധാര്‍മ്മികശക്തി അവര്‍ക്കില്ലായിരുന്നു.സൗമ്യതയുടെ പേരില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ബഹുമാനം നിലനിര്‍ത്തുവാന്‍ അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം.ഒരുവനെ സഭയില്‍ നിന്നു പുറത്താക്കിയാല്‍, ആ മൂപ്പന്‍ സൗമ്യനെന്ന് ആരും കരുതുകയില്ല. മറ്റുള്ളവര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തും. കഠിനഹൃദയനെന്നുള്ള വിളിപ്പേര് നേടാന്‍ ഒരു മൂപ്പനും ആഗ്രഹിക്കയില്ല.പല മൂപ്പന്മാരും സഭയുടെ വിശുദ്ധിയെക്കാള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനത്തെ വിലമതിക്കുന്നവരാണ്. അവരുടെ ലക്ഷ്യം രാഷ്ട്രീയക്കാരുടേതുപോലെ ജനപ്രീതി സമ്പാദിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു മൂപ്പനോ പാസ്റ്ററോ സഭയെ നശിപ്പിക്കുക മാത്രമേ ചെയ്യൂ.

പാപത്തില്‍ ജീവിക്കുന്ന ഇയാള്‍ ഒരു പക്ഷേ ധനവാനായിരിക്കാം. പല കാരണങ്ങളാലും, സഭയിലെ ധനികരും സ്വാധീനശേഷിയുള്ളവരുമായ അംഗങ്ങളെ തിരുത്തുവാന്‍ പല മൂപ്പന്മാരും തയ്യാറാവുകയില്ല. അവര്‍ വന്‍തുക സഭയ്ക്ക് സംഭാവനയായി നല്‍കാറുണ്ട്. സ്വാധീനശക്തിയുള്ളതിനാല്‍ പ്രതിസന്ധികളില്‍ സഹായിക്കുവാന്‍ അവര്‍ക്ക് സാധിക്കും. അതിനാല്‍ മൂപ്പന്മാരും ഇടയന്മാരുമൊക്കെ അവരെ വെറുതെവിടുകയാണ് പതിവ്. അവര്‍ ദരിദ്രരെ മാത്രമാണ് അച്ചടക്കം പഠിപ്പിക്കുന്നത്. ഒരുവന്‍ ധനികനോ ദരിദ്രനോ എന്നുള്ളത് പൗലൊസിന് പ്രശ്‌നമല്ല. പൗലൊസ് അയാളെ സാത്താന് ഏല്പിച്ചു കൊടുത്തു. കൂടാതെ അയാളെ സഭയില്‍ നിന്നു പുറത്താക്കുവാന്‍ മൂപ്പന്മാരോട് നിര്‍ദ്ദേശിച്ചു (5:13).

ചിലപ്പോള്‍ ചിലരെ സഭയില്‍നിന്നും പുറത്താക്കേണ്ടി വരും. യേശുപറഞ്ഞു, ”നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവനു ബോധം വരുത്തുക” (മത്തായി 18: 15-17). കേള്‍ക്കാഞ്ഞാല്‍, മറ്റ് രണ്ട് പേരെക്കൂടി കൂട്ടിക്കൊണ്ട് ചെന്ന് അവനോട് സംസാരിക്കുക. എന്നിട്ടും കൂട്ടാക്കാതെ അയാള്‍ പാപത്തില്‍ തുടര്‍ന്നാല്‍, മുഴുവന്‍ സഭയെയും അത് അറിയിക്കുക.തുടര്‍ന്ന് അവനെ സഭയില്‍നിന്നു പുറത്താക്കി ഒരു അവിശ്വാസിയെപ്പോലെ മാത്രം കണക്കാക്കുക. വീട്ടിലെന്ന പോലെ സഭയിലും അച്ചടക്കം ആവശ്യമാണ്. കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്താത്ത ഭവനം, കുഴപ്പം പിടിച്ച ഒരു ഭവനമായിരിക്കും. അതുപോലെ തന്നെയാണ് വിശ്വാസികളെ അച്ചടക്കത്തില്‍ നിലനിര്‍ത്താത്ത സഭയും. കുഞ്ഞുങ്ങളെ ശിക്ഷണത്തില്‍ വളര്‍ത്താത്ത ഭവനത്തില്‍ ഭരണം നടത്തുന്നത് അവരായിരിക്കും. അവിടുത്തെ പിതാവ് നിസ്സഹായനായി വീടിന്റെ ഒരു മൂലയ്ക്ക് ഇരിക്കുകയാവും ഫലം. അച്ചടക്കമില്ലാത്ത സഭയില്‍ മൂപ്പന്മാര്‍ നിസ്സഹായരായി ഇരിക്കുകയും മറ്റുള്ളവര്‍ ഭരണം നടത്തുകയും ചെയ്യും. ഇത് ഇന്ന് പലസ്ഥലങ്ങളിലും സംഭവിക്കുന്നു, എന്തെന്നാല്‍ അവിടുള്ള മൂപ്പന്മാര്‍ വിശുദ്ധിയെക്കാള്‍ പ്രശസ്തിയെ ലക്ഷ്യം വച്ചു.

”ജഡസംഹാരത്തിനായി ഒരുവനെ പിശാചിന് ഏല്‍പ്പിക്കുക” എന്നാല്‍ എന്താണ്? അവരെ രോഗങ്ങളാല്‍ പീഡിപ്പിക്കുവാന്‍ പിശാചിനെ അനുവദിക്കുക എന്നാണ് അതിനര്‍ത്ഥം. എല്ലാ രോഗങ്ങളും പിശാചില്‍ നിന്നുള്ളതാണെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ദൈവം സ്‌നേഹവാനായ ഒരു പിതാവാകയാല്‍ തന്റെ മക്കള്‍ക്ക് രോഗങ്ങള്‍ നല്‍കുവാന്‍ തയ്യാറാവില്ല.എന്നാല്‍ പൗലൊസിന്റെ കാര്യത്തിലെന്നതുപോലെ തന്റ മക്കള്‍ രോഗബാധിതരാകുവാന്‍ ദൈവം ചിലപ്പോള്‍ അനുവദിച്ചേക്കാം. പൗലൊസിന്റെ ജഡത്തില്‍ ഒരു ശൂലം വയ്ക്കുവാന്‍ ദൈവം പിശാചിനെ അനുവദിച്ചു. പൗലൊസ് പ്രാര്‍ത്ഥിച്ചിട്ടും സൗഖ്യം നല്‍കിയില്ല (2 കൊരി. 12: 1-7). എന്നാല്‍ അത് പൗലൊസിനെ നിഗളത്തില്‍ നിന്നു വിടുവിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെയായിരുന്നു. ദൈവം ആരെയും പരീക്ഷിക്കുന്നുമില്ല. എന്നാല്‍ നമ്മെ പരീക്ഷിക്കുവാന്‍ സാത്താനെ അനുവദിക്കുന്നു. അതിനാല്‍ അനുതാപമില്ലാത്ത ഈ സഹോദരന്‍, സുബോധമുള്ളവനായി മാനസാന്തരത്തിലേക്ക് വരുവാനായി രോഗങ്ങളാല്‍ പീഡിപ്പിക്കപ്പെടുവാന്‍ പിശാചിന്റെ കരങ്ങളിലേക്ക് പൗലൊസ് അവനെ വിട്ട് കൊടുക്കുന്നു. അവനെ സഭയില്‍ നിന്നു പുറത്താക്കുമ്പോള്‍ വിശ്വാസികളുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. അവന് ധാരാളം പണമുണ്ടെങ്കിലും, ആത്മീയ അന്ധകാരത്തില്‍ കഴിയുമ്പോള്‍, തനിക്ക് നഷ്ടമായതിനെക്കുറിച്ചുള്ള ബോധ്യം അവന് ലഭിക്കുകയും മടങ്ങിവരവിന് തയ്യാറാവുകയും ചെയ്യുവാന്‍ ഇടയുണ്ട്. അനുതാപത്തിലേക്ക് എത്തുവാനായി ചില വിശ്വാസികളെ രോഗബാധിതരാക്കുവാന്‍ ദൈവം പിശാചിനെ അനുവദിച്ചേക്കാം. ഒരു അപ്പൊസ്തലനെന്ന നിലയില്‍, ഒരുവനെ അനുതാപത്തിലേക്ക് നയിക്കുവാനായി പിശാചിന്റെ കരങ്ങളിലേക്ക് ഏല്‍പ്പിക്കുവാനുള്ള ആത്മീയ അധികാരം പൗലൊസിനുണ്ടായിരുന്നു. ലോകത്തിന്റെ ദൃഷ്ടിയില്‍ അഴുക്കായിരുന്നിട്ടും, ദൈവം തനിക്ക് ആത്മീയാധികാരങ്ങള്‍ നല്‍കി. അതിനാല്‍ സാത്താന്‍ പൗലൊസിനെ ഭയപ്പെട്ടിരുന്നു.


എല്ലാറ്റിലും ദൈവത്തെ മഹത്വപ്പെടുത്തുക


സഹവിശ്വാസികളെ കോടതികയറ്റുന്ന വിശ്വാസികളെക്കുറിച്ചാണ് ആറാം അദ്ധ്യായത്തില്‍ പൗലൊസ് പറയുന്നത്. ഒരു വിശ്വാസി തന്റെ കൂട്ടുവിശ്വാസിയെ കോടതി കയറ്റുവാന്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? സഭയിലെ മൂപ്പന്മാര്‍ക്കോ സര്‍വ്വശക്തനായ ദൈവത്തിന് തന്നെയോ തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനായി തന്നെ സഹായിക്കുവാനാകുകയില്ല എന്ന തോന്നലാണതിന് പിന്നില്‍. അതിനാല്‍ ലോകകോടതിയിലെ നിസ്സാരന്മാരായ മനുഷ്യരുടെ സഹായം അവന്‍ തേടുന്നു. ഇത് തികച്ചും തെറ്റാണെന്ന് പരിശുദ്ധാത്മാവ് ഓര്‍മ്മിപ്പിക്കുന്നു; എന്തെന്നാല്‍ തന്റെ മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുവാന്‍ ദൈവത്തിനു കഴിയുകയില്ല എന്ന് ചിന്തിക്കുമ്പോള്‍ അതു ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. വിശ്വാസികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ അതെല്ലാം അവര്‍ ലോക കോടതികളില്‍ കൊണ്ടുപോവുകയല്ല, മറിച്ച് സഭയിലെ മൂപ്പന്മാരുടെ അടുക്കല്‍ കൊണ്ടുവരികയും സഹായത്തിനായി ദൈവത്തില്‍ ആശ്രയിക്കുകയുമാണ് വേണ്ടത്.

പൗലൊസ് തുടരുകയാണ്: ‘നിങ്ങളുടെ സഹവിശ്വാസി നിങ്ങളെ വഞ്ചിച്ചാല്‍, ആ അന്യായം നിങ്ങള്‍ സഹിച്ചുകൊള്ളാത്തത് എന്ത്?'(6:7). എന്നാല്‍ അതിനുപകരം, സഹവിശ്വാസിയെ കോടതി കയറ്റി അവന്‍ ചെയ്ത തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് നിങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നു. ഈ വക പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് വ്യക്തമാക്കുകയാണ്.

ഒരു വിശ്വാസിയെ കോടതികയറ്റിയാല്‍ നിങ്ങള്‍ ഒരുനാളും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഇത് ഗൗരവമേറിയ ഒരു പാപമാണ,് എന്തെന്നാല്‍ ഇത് യേശുവിന്റെ നാമത്തിന് അപമാനം വരുത്തുന്ന ഒരു പ്രവൃത്തിയാണ്. ”നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്ന് എല്ലാവരും അറിയും” എന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ പരസ്പരം മല്ലിടുന്നവരെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന നിങ്ങള്‍, പിശാചിന്റെ അടുക്കലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ ദൈവം നിങ്ങളേയും തന്റെ രാജ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍ തയ്യാറാവില്ല.സ്വന്തം മാനമല്ല, മറിച്ച് ദൈവമഹത്വമാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ആഗ്രഹം.

‘നിങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍’ (1 കൊരി. 10:31). നിങ്ങളുടെ സഹോദരനെതിരായി വ്യവഹാരം നടത്തി ദൈവത്തെ മഹത്വപ്പെടുത്തുവാനാകുമോ? ഇല്ല. എങ്കില്‍ നിങ്ങളുടെ സഹോദരനെ നിങ്ങള്‍ വെറുക്കുന്നതിനാലാണ് അയാളെ നിങ്ങള്‍ കോടതികയറ്റുന്നത്. ഒരു ന്യായാധിപന്‍ അയാളെ ശിക്ഷിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അയാളെ ശിക്ഷിക്കുവാന്‍ ദൈവത്തെ അനുവദിക്കുവാന്‍ നിങ്ങള്‍ക്കാവില്ലേ? ”പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടം കൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളത്; ഞാന്‍ പകരം ചെയ്യും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു”(റോമ. 12:19).

ആളുകള്‍ക്ക് ജീവിതം നയിക്കുവാനാകുന്ന മൂന്ന് വ്യത്യസ്തമായ തലങ്ങളെക്കുറിച്ച് പൗലൊസ് തുടര്‍ന്ന് പറയുകയാണ്: ”സകലത്തിലും എനിക്ക് കര്‍ത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനമുള്ളതല്ല”(6:12). മിക്ക അവിശ്വാസികളും ജീവിതം നയിക്കുന്നത് അന്യായ (അനീതി) ത്തിന്റെ തലത്തിലാണ്. ഈ തലത്തിലേക്ക് ഒരു വിശ്വാസി താണുപോകുവാന്‍ പാടില്ല. എന്നാല്‍ ചിലര്‍ അപ്രകാരം ജീവിക്കുന്നു. ഇതു തുടര്‍ന്നുകൊണ്ടേയിരുന്നാല്‍ അവര്‍ക്ക് ലഭ്യമായ രക്ഷ നഷ്ടമാകുവാനിടയാകും.ഒരു വിശ്വാസി ആയിരിക്കേണ്ട ഏറ്റവും താണനിലയെ- യോഗ്യമായത് അല്ലെങ്കില്‍ നീതി പൂര്‍വ്വമായത്-എന്ന് വിളിക്കാം. ഇതിലും ഉന്നതമായ ഒരു നിലയുണ്ട്- ലാഭകരമായത് (പ്രയോജനകരമായത്). നൂറുകാര്യങ്ങളില്‍ എഴുപതും അയോഗ്യമായതായിരിക്കാം. അതിനാല്‍ അവയെല്ലാം നാം ഉപേക്ഷിക്കണം. എന്നാല്‍ യോഗ്യമായ മറ്റ് മുപ്പത് കാര്യങ്ങള്‍ നമുക്ക് സ്വീകരിക്കാനാകും. എന്നാല്‍ ഇതില്‍ പത്തുകാര്യങ്ങള്‍ മാത്രമേയുള്ളു ആത്മീയമായി പ്രയോജനകരമായത്. ഈ പത്ത് കാര്യങ്ങള്‍ മാത്രമേ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി സ്വീകരിക്കുകയുള്ളൂ. ഒരു സാധാരണ ക്രിസ്ത്യാനി ഈ മുപ്പത് കാര്യങ്ങളില്‍ നിന്നും തനിക്കിഷ്ടമുള്ളതൊക്കെ സ്വീകരിക്കും. നിങ്ങള്‍ക്ക് മുഴുഹൃദയത്തോടെ കര്‍ത്താവിനെ പിന്‍പറ്റുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, യോഗ്യമായവയില്‍ നിന്നും പ്രയോജനമുള്ളവ മാത്രം തിരഞ്ഞെടുക്കുവാന്‍ തയ്യാറാവണം.

സമയത്തിന്റെ കാര്യം തന്നെയെടുക്കാം. നമുക്കെല്ലാവര്‍ക്കും ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍ ഉണ്ട്. അതില്‍ കുറച്ച് ഭാഗം അശ്ലീല സിനിമകള്‍ കാണുവാനും മോശമായ പുസ്തകങ്ങള്‍ വായിക്കാനും ഉപയോഗിച്ചാല്‍ നിങ്ങള്‍ നിങ്ങളുടെ സമയത്തെ അയോഗ്യമായി ചെലവിടുകയാണ്. എന്നാല്‍ യോഗ്യമായ കാര്യങ്ങള്‍ ചെയ്തും നിങ്ങള്‍ക്ക് സമയം ചെലവഴിക്കുവാനാകും. അവയില്‍ ചിലതെല്ലാം അത്യാവശ്യകാര്യങ്ങളായതിനാല്‍ അതു നാം ചെയ്യേണ്ടതുണ്ട്. മണിക്കൂറുകള്‍ ദിനപത്രം വായിച്ച് ചെലവഴിക്കാം – അതു യോഗ്യമായതെങ്കിലും പ്രയോജനകരമായ ഒന്നല്ല. ദൈവത്തിന് പ്രയോജനമുള്ള ഒരു ഭൃത്യനായിത്തീരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അനാവശ്യമായ ഇത്തരം കാര്യങ്ങള്‍ക്ക് വളരെക്കുറച്ച് സമയം മാത്രം ചെലവിടുവാനും കൂടുതല്‍ സമയം ദൈവിക കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുവാനും നിങ്ങള്‍ സ്വയം പരിശീലിക്കേണ്ടതായുണ്ട്. കൂടുതല്‍ സമയം ഇന്റര്‍നെറ്റ് (നല്ല കാര്യങ്ങള്‍ക്ക് മാത്രം) ഉപയോഗിക്കുകയോ, ടെലിവിഷനിലെ ക്രിസ്തീയ പരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യുമ്പോള്‍ വചനപഠനത്തിന് സമയം ലഭിക്കാതിരിക്കുവാന്‍ സാധ്യതയുണ്ട്. അതിന് പകരം, കുറച്ച് സമയം മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും കൂടുതല്‍ സമയം ദൈവവചനം പഠിക്കുവാന്‍ ഉപയോഗിക്കുകയും ചെയ്യുവാനാകും. ടെലിവിഷനിലെ ഒരു നല്ല പരിപാടി കാണുവാനോ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ പ്രയോജനകരമായ ഒരു സൈറ്റ് പരിശോധിക്കുവാനോ രണ്ടു മണിക്കൂര്‍ സമയം ചെലവിടുന്നത് പാപകരമായ ഒരു കാര്യമല്ല. എന്നാല്‍ ദൈവവചനം പഠിക്കുവാനും ആവശ്യത്തിലുള്ളവരെ സഹായിക്കുവാനും ഉപയോഗിക്കേണ്ട ഈ സമയം നിങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇതുപോലെതന്നെ, അന്യായമായും, ന്യായമായും, ലാഭകരമായും പണം ചെലവാക്കുവാനും സാധിക്കും. പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പിന്‍പറ്റുന്ന ഒരുവന്‍ തന്റെ സമയവും പണവുമെല്ലാം ലാഭകരമായ വിധത്തില്‍ മാത്രമേ ചെലവഴിക്കുകയുള്ളൂ. ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ നാം പരിശീലിക്കണം. ദൈവഭക്തിയോടു കൂടിയ ഒരു ജീവിതത്തിന്റെ രഹസ്യമെന്നുള്ളത് നാം എടുക്കുന്ന ശരിയായ തീരുമാനങ്ങളാണ്. സമയം ചെലവിടുവാന്‍ കഴിയുന്ന എല്ലാ ന്യായമായ മാര്‍ഗ്ഗങ്ങളില്‍ നിന്നും ലാഭകരമായതു മാത്രം നാം തിരഞ്ഞെടുക്കുക. പണം ചെലവിടുവാനുള്ള ന്യായമായ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഏറ്റവും മികച്ചവ മാത്രം നാം തിരഞ്ഞെടുക്കുക. അങ്ങനെയുള്ള ഒരുവന്‍ ദൈവത്തിനുള്ളവനായി എണ്ണപ്പെടും.

നമ്മുടെ ശരീരത്തെ ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ച് പൗലൊസ് തുടര്‍ന്ന് പറയുകയാണ്: ”എന്റെ ശാരീരിക അഭിലാഷങ്ങള്‍ എന്നെ നിയന്ത്രിക്കുവാന്‍ ഞാന്‍ അനുവദിക്കയില്ല”(6:12, 13). ഭക്ഷണം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ ദാസന്മാരെങ്കില്‍ ഭക്ഷണം നിങ്ങളെ നിയന്ത്രിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. ഭക്ഷണം നിങ്ങളെ നിയന്ത്രിക്കുന്ന വിധത്തില്‍ അതിനെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ ദൈവത്തിന് പ്രയോജനമുള്ള ഒരു ദാസനായിരിക്കുകയില്ല. ഇപ്രകാരമുള്ള അടിമത്തത്തില്‍ നിന്നും നിങ്ങള്‍ സ്വതന്ത്രരാകേണ്ടതുണ്ട്. ഇതിനായി ഉപവാസം നമ്മെ സഹായിക്കും.

നമ്മുടെ ആത്മാവ് മാത്രമല്ല, നമ്മുടെ ഭൗതിക ശരീരവും ക്രിസ്തുവിന്റെ ഒരു അവയവമാണ്(6:15). അതിനാല്‍ ദുര്‍മ്മാര്‍ഗ്ഗ പ്രവൃത്തികള്‍ക്കായി അതിനെ ഉപയോഗിക്കാന്‍ പാടില്ല. നമ്മുടെ കണ്ണുകളും നാവും ശരീരത്തിലെ അവയവങ്ങളും കര്‍ത്താവിന്റെ ഉപയോഗത്തിന് മാത്രമുള്ളവയാണ്.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ അവകാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ ഒരു ദൈവിക വാഗ്ദാനം ഇതാണ്: ”ശരീരം കര്‍ത്താവിനുള്ളതും, കര്‍ത്താവ് ശരീരത്തിനും ആകുന്നു”(6:13). ”കര്‍ത്താവേ, എന്റെ ശരീരം സമ്പൂര്‍ണ്ണമായും അങ്ങയുടേതാണ്, എന്റെ തലമുതല്‍ പാദംവരെ, എന്റെ കണ്ണുകള്‍, എന്റെ നാവ്, എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്” എന്ന് നിങ്ങള്‍ പറയുമ്പോള്‍, കര്‍ത്താവ് നിങ്ങളുടെ ശരീരത്തിനുള്ളവനായിത്തീരുന്നു. ദൈവത്തെ ശുശ്രൂഷിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം സമയം, തന്നെ ശുശ്രൂഷിക്കുവാന്‍ നിങ്ങളുടെ ശരീരത്തെ സജ്ജമാക്കി നിലനിര്‍ത്തുവാന്‍ ദൈവത്തിന് കഴിയും. രോഗങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ അവിടുന്ന് സംരക്ഷിക്കും. ബാല്യക്കാര്‍ തളര്‍ന്നു പോകും, എന്നാല്‍ കര്‍ത്താവിനായി തങ്ങളുടെ ശരീരത്തെ സമര്‍പ്പിച്ചിരിക്കുന്നവര്‍ കഴുകന്മാരെപ്പോലെ പറന്നുയരും.

നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരവുമാണ്(6:19). അതിനാല്‍ നാം അതിനെ അശുദ്ധമാക്കുവാന്‍ പാടില്ല.സഭാ ഹാളിനുള്ളില്‍ വെച്ച് മദ്യപിക്കുകയോ, പുകവലിക്കുകയോ, വ്യഭിചാരിക്കുകയോ ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറാവില്ല. എങ്കില്‍ ഈ വക പ്രവൃത്തികള്‍ നിങ്ങളുടെ ശരീരത്തിലും അനുവദിക്കുവാന്‍ പാടില്ല, എന്തെന്നാല്‍ സഭാ കെട്ടിടമല്ല മറിച്ച് നമ്മുടെ ശരീരമാണ് യഥാര്‍ത്ഥ ദൈവമന്ദിരം. ”നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു………. ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുക” (6:19, 20).

ഈ ഒമ്പത് വാക്യങ്ങള്‍ (6:12-20), നാം നമ്മുടെ ശരീരത്തെ എങ്ങനെ ഉപയോഗിക്കണമെന്നും, ശരീരത്തിനായുള്ള ദൈവത്തിന്റെ കരുതലുകളെക്കുറിച്ചും പ്രസ്താവിക്കുന്ന തിരുവചനത്തിലെ ഏറ്റവും മികച്ച ഭാഗങ്ങളാണ്. ദൈവത്തെ സേവിക്കുവാന്‍ ആരോഗ്യമുള്ള ഒരു ശരീരം നമുക്ക് ആവശ്യമുള്ളതിനാല്‍ ഈ ഭാഗങ്ങള്‍ ശ്രദ്ധയോടെ ധ്യാനിക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. പല ക്രിസ്ത്യാനികളും ഇന്ന് രോഗസൗഖ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ രോഗസൗഖ്യത്തെക്കാള്‍ നല്ലത് ആരോഗ്യമാണ്. രോഗം വരാതെ സൂക്ഷിക്കുന്നതാണ് ചികിത്സിച്ച് ഭേദമാക്കുന്നതിലും നല്ലത്. ഭക്ഷണ നിയന്ത്രണത്തിലൂടെ ആരോഗ്യമുള്ളവരായിരിക്കുന്നതാണ്, അമിത ഭക്ഷണം മൂലം രോഗബാധിതരായ ശേഷം സൗഖ്യത്തിനായി ദൈവത്തോട് അപേക്ഷിക്കുന്നതിലും നല്ലത്. നമ്മുടെ സൗഖ്യദായകനാവുകയെന്നല്ല, നമ്മുടെ ശരീരത്തിന്റെ ആരോഗ്യമായിരിക്കുവാനാണ് ദൈവത്തോട് നാം അപേക്ഷിക്കേണ്ടത്. നിങ്ങളുടെ ശരീരം മുഴുവനായും കര്‍ത്താവിന് കൊടുത്തതിന് ശേഷം പറയുക:”കര്‍ത്താവേ, അവിടുന്നാണ് എന്റെ ശരീരത്തിന്റെ ആരോഗ്യം. ഞാനെത്രനാള്‍ ഈ ഭൂമിയില്‍ പാര്‍ത്ത് അങ്ങയെ സേവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവോ, അത്രയും നാള്‍ എന്നെ അവിടുത്തേക്ക് ലഭ്യമാണ്. കര്‍ത്താവേ, എന്റെ ശരീരത്തെ അവിടുന്ന് ക്രൂശില്‍ വിലയ്ക്ക് വാങ്ങിയിരിക്കയാല്‍, ഞാനെന്റെ ശരീരംകൊണ്ട് അങ്ങയെ മഹത്വപ്പെടുത്തും. എന്റെ ശരീരം അങ്ങയുടേത് മാത്രമാണ്”. മറ്റൊരുവന്‍ (കര്‍ത്താവ്) വിലയ്ക്ക് വാങ്ങിയ ഒരു ഭവനം പോലെയാണ് നമ്മുടെ ശരീരം. അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അതില്‍ വസിക്കേണ്ടതിനായി നാം അതില്‍നിന്നും ഒഴിവാകേണ്ടത് ആവശ്യമാണ്. മറ്റൊരുത്തന്‍ വിലയ്ക്ക് വാങ്ങിയ വീട്ടില്‍ അധിവസിക്കുക എന്നത് അത്യന്തം പാപകരമായ ഒരു പ്രവൃത്തിയാണ്. അതിനാല്‍ നിങ്ങളുടെ ശരീരത്തെ പൂര്‍ണ്ണമായും അതിന്റെ ഉടമസ്ഥനായ കര്‍ത്താവിന് കൈമാറുക.


ദുര്‍ന്നടപ്പ് വിട്ടോടുക

ദുര്‍ന്നടപ്പിനെ കീഴടക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് 6:18ല്‍ പറയുന്നത്:”ദുര്‍ന്നടപ്പ് വിട്ടോടുവിന്‍”. എത്ര ശക്തമായതാണ് ലൈംഗിക മോഹങ്ങളെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ തന്നെ ബൈബിള്‍ വ്യക്തമാക്കുന്നു. പൊത്തിഫറിന്റെ ഭാര്യ തന്നെ പ്രലോഭിപ്പിച്ചപ്പോള്‍ അവളെ വിട്ടോടുകയാണ് യോസേഫ് ചെയ്തത്. വിട്ടോടുന്നതിന് പകരം, അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയോ അതിന്റെ സ്വാധീന വലയത്തിലേക്ക് എത്തുകയോ ചെയ്താല്‍, വീഴ്ച സംഭവിക്കുമെന്നുള്ളത് ഉറപ്പാണ്. ഇന്നോ നാളെയോ അതു സംഭവിക്കാം. ഒരു സംഭാഷണമോ സൗഹൃദമോ, ബന്ധമോ അപകടകരമായ വിധത്തിലേക്ക് നീങ്ങുന്നതായി തോന്നുന്ന പക്ഷം ഉടന്‍തന്നെ പിന്തിരിഞ്ഞ് ഓടുവാന്‍ തയ്യാറാകാതിരുന്നാല്‍ അത് നിങ്ങളുടെ ശുശ്രൂഷയെയും ജീവിതത്തെയും തകര്‍ത്തുകളയും. ആ സാഹചര്യത്തില്‍ നിന്നും ഓടി രക്ഷപ്പെടുക. ഈ ഉപദേശം സ്വീകരിക്കാതിരുന്നാല്‍, വിട്ടോടുവാന്‍ കഴിയാത്തതിനെയോര്‍ത്ത് നിത്യത മുഴുവനും ദുഃഖിക്കുകമാത്രമായിരിക്കും ഫലം. ഇക്കാര്യം എത്രയും ഗൗരവമേറിയതാണ്!

ദുര്‍ന്നടപ്പ് വിട്ടോടുവാനുള്ള ഒരു മാര്‍ഗ്ഗമായി പൗലൊസ് തുടര്‍ന്ന് ചൂണ്ടിക്കാണിക്കുന്നത് വിവാഹം കഴിക്കുക എന്നുള്ളതാണ് (7:1). അവിവാഹിതനായിരുന്നാല്‍ കര്‍ത്താവിനെ സേവിക്കുവാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ ദുര്‍ന്നടപ്പ് ലോകത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ”ഓരോരുത്തനു സ്വന്ത ഭാര്യയും ഓരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ” (7:2). ഇത് വിവാഹത്തിനുള്ള ഏറ്റവും അനാത്മീയമായ ഒരു കാരണമെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ദുര്‍ന്നടപ്പില്‍ നിന്നുള്ള സംരക്ഷണത്തിനായി വിവാഹത്തെ നിര്‍ദ്ദേശിക്കുന്നത് പരിശുദ്ധാത്മാവ് തന്നെയാണ്. അതിനാല്‍ ദൈവത്തേക്കാള്‍ വലിയ ആത്മീയരാകുവാന്‍ ശ്രമിക്കരുത്!!

”ആത്മനിയന്ത്രണമില്ലാത്തവന്‍ അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നത് നല്ലത്” (7:9). കൗമാരപ്രായത്തിന്റെ ഒടുവിലേക്കെത്തുമ്പോള്‍ ലൈംഗികമോഹങ്ങളാല്‍ പരവശപ്പെടുന്നത് മിക്ക പുരുഷന്മാരിലും സംഭവിക്കാറുള്ളതാണ്. അതിനെ അതിജീവിക്കുവാനുള്ള ആത്മനിയന്ത്രണം മിക്കവരിലും കാണുകയില്ല. ഈ നിലയിലുള്ള പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെടുന്നതിലും നല്ലത് വിവാഹം കഴിക്കുകയും അതുവഴിയായി വികാരത്തള്ളലുകള്‍ക്ക് ശമനം കണ്ടെത്തുകയുമാണ്. ബൈബിള്‍ വളരെ പ്രായോഗികമായാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത്. ഒരു വനത്തിലോ ആശ്രമത്തിലോ പോയി സന്ന്യാസജീവിതം നയിക്കുന്നതിനെക്കുറിച്ചല്ല അതു നമ്മെ പഠിപ്പിക്കുന്നത്. നാം ലോകത്തിന്റെ നടുവില്‍ ആയിരിക്കുകയും മറ്റുള്ളവരെപ്പോലെ വിവാഹജീവിതം നയിക്കുകയുമാണ് വേണ്ടത്. ഹാനോക്കിനെക്കുറിച്ച് ബൈബിള്‍ പറയുന്നത് ”അവന്‍ ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു” എന്നാണ് (ഉല്പത്തി 5:22). നമുക്കും ഹാനോക്കിനെപ്പോലെ പുത്രന്മാരോടും പുത്രിമാരോടുമൊപ്പം സാധാരണമായ ഒരു കുടുംബജീവിതം നയിക്കുകയും, അപ്പോള്‍തന്നെ ദൈവത്തോടൊപ്പം നടക്കുകയും ചെയ്യുവാന്‍ കഴിയും.

വിവാഹിതരെ സംബന്ധിച്ച്, അവര്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ ശരീരത്തിന്മേലുള്ള അധികാരം നഷ്ടമാകുന്നതായി മനസ്സിലാക്കണം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ പ്രത്യേകിച്ച് ഇതിനെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇതിനെക്കുറിച്ച് സഭകളില്‍ കാര്യമായി പഠിപ്പിക്കാറില്ല. വചനം ഇതിനെക്കുറിച്ച് തെളിവോടെ സംസാരിക്കുമ്പോള്‍, ഉപദേഷ്ടാക്കന്മാര്‍ ഇതിനെക്കുറിച്ച് സംസാരിക്കുവാന്‍ മടിക്കുന്നതായി കാണുന്നു. ഭര്‍ത്താവ് ഭാര്യയോടുള്ള കടപ്പാട് നിര്‍വ്വഹിക്കണം. അതുപോലെ ഭാര്യ ഭര്‍ത്താവിനോടുള്ള കടപ്പാടും നിര്‍വ്വഹിക്കണം (7:3,4). ഇവിടെ ‘കടംപെട്ടിരിക്കുന്നത്’ എന്ന് കാണുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചാണ്. അതിനെക്കുറിച്ച് ലജ്ജിക്കുവാനൊന്നുമില്ല. ഭക്ഷണം പാകം ചെയ്യുക, കുഞ്ഞുങ്ങളെ പരിപാലിക്കുക, വേലചെയ്ത് ഭവനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക തുടങ്ങിയ കടപ്പാടുകള്‍പോലെ ഇതിനെയും കാണേണ്ടതാണ്.

ഒരു സ്ത്രീ വിവാഹിതയാകുമ്പോള്‍ അവള്‍ക്ക് അവളുടെ ശരീരത്തിന്മേലുള്ള അധികാരം നഷ്ടമാകുന്നു. അവളുടെ ശരീരം തുടര്‍ന്ന് അവളുടെ ഭര്‍ത്താവിനുള്ളതാണ്. വിവാഹത്തിന് മുമ്പ് അത് അവളുടെ സ്വന്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവളുടെ ശരീരം ഏതു സമയത്തും അവളുടെ ഭര്‍ത്താവിനുള്ളതാണ്. കേള്‍ക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ സന്തോഷിച്ചേക്കാം! എന്നാല്‍ അവര്‍ക്കൊരു ഉത്തരവാദിത്തമുണ്ട്. ഭര്‍ത്താവിന് തന്റെ ശരീരത്തില്‍ അധികാരമില്ല; അതു അവന്റെ ഭാര്യയ്ക്കുള്ളതാണ്. ഇതു ലൈംഗിക ബന്ധത്തെക്കുറിച്ച് മാത്രമല്ല ഉദ്ദേശിക്കുന്നത്. അതിലുള്ള ഉത്തരവാദിത്തം നിറവേറ്റുവാന്‍ ഭര്‍ത്താക്കന്മാര്‍ തയ്യാറായേക്കാം.എന്നാല്‍ അതിലുപരിയായി ഇതു വെളിപ്പെടുത്തുന്നത്, നിങ്ങളുടെ കണ്ണുകളും നാവും നിങ്ങളുടെ ഭാര്യക്ക് അവകാശപ്പെട്ടതാണെന്നാണ്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍, നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ഭാര്യക്ക് അവകാശപ്പെട്ടതാണെന്ന് ഓര്‍ക്കുക. മറ്റ് സ്ത്രീകളുമായി സംസാരിക്കുമ്പോള്‍, നിങ്ങളുടെ നാവ് ഇപ്പോള്‍ നിങ്ങളുടെ ഭാര്യക്ക് അവകാശപ്പെട്ടതാണെന്നോര്‍ക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് മറ്റ് സ്ത്രീകളോട് സംസാരിക്കാം – എന്നാലതു ചപലമായ ശൃംഗാരവാക്കുകളാകുവാന്‍ പാടില്ല.

പാസ്റ്റര്‍മാരും ഉപദേഷ്ടാക്കന്മാരുമടക്കമുള്ള ക്രിസ്ത്യാനികളില്‍ മറഞ്ഞുകിടക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവണതകള്‍ വളരെയധികമാണ്. വെളിച്ചത്ത് വരുന്നത് മഞ്ഞുപാളിയുടെ ഒരഗ്രം മാത്രമാണ്. മറഞ്ഞ് കിടക്കുന്നതിന്റെ വലുപ്പം വളരെവലുതാണ്. എന്നാല്‍ ഈ അസാന്മാര്‍ഗ്ഗികതയുടെ തുടക്കമെവിടെയാണ്? ഇതിന്റെ തുടക്കം ഹൃദയത്തിലാണ്. അലഞ്ഞുതിരിയുന്ന കണ്ണുകളെ നിയന്ത്രിക്കാതിരിക്കുകയും അപകടകരമായ സൗഹൃദങ്ങളില്‍നിന്നും ഓടിമാറാതിരിക്കുകയും ചെയ്യുന്നതാണിതിന് കാരണം.

പൗലൊസിനെപ്പോലെ ചിലരെ അവിവാഹിതരായിരിക്കുവാന്‍ ദൈവം വിളിക്കാം. പൗലൊസ് പറയുകയാണ്: ”സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു”(7:7).

ഏകനായിരിക്കുവാനുള്ള ദൈവവിളിയെ പൗലൊസ് സ്വീകരിച്ചു. എന്നാല്‍ വളരെക്കുറച്ച്‌പേര്‍ക്ക് മാത്രമേ ഇത്തരം വിളിയുള്ളുവെന്ന് താന്‍ മനസ്സിലാക്കിയിരുന്നു. സുവിശേഷത്തിനായിട്ടാണ് പൗലൊസ് അവിവാഹിതനായിരുന്നത്. തന്റെ യാത്രകളോടൊപ്പം ഒരു കുടുംബത്തെ പുലര്‍ത്തുക എന്നുള്ളത് അക്കാലത്ത് പ്രയാസമായിരുന്നു.എന്നാല്‍ കാലംമാറിയപ്പോള്‍ ഇന്നൊരുവന് ഭൂമിയുടെ മറുവശത്തേക്ക് 24 മണിക്കൂറില്‍ കുറഞ്ഞ സമയംകൊണ്ട് യാത്രചെയ്യുവാനാകും. അതേവേഗത്തില്‍ തിരിച്ച് ഭവനത്തിലെത്തുവാനും കഴിയും. എന്നാല്‍ പൗലൊസിന്റെ കാലത്ത് അമ്പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാന്‍ കുറഞ്ഞത് ഒരു ദിവസംവേണ്ടിവരുമായിരുന്നു. വിശാലമായ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരുന്ന അപ്പൊസ്തലന് ഒരു കുടുംബത്തെ സംരക്ഷിക്കുക അസാധ്യമായിരുന്നു. ഇക്കാരണത്താലാണ് പൗലൊസിനെയും ബര്‍ന്നബാസിനെയുംപോലുള്ള ചില അപ്പൊസ്തലന്മാര്‍ ഏകരായിരുന്നതും മറ്റുചിലര്‍ അവരുടെ ഭാര്യമാരോടൊപ്പം യാത്രചെയ്തിരുന്നതും.അവിവാഹിതരായിരിക്കുവാന്‍ പൗലൊസ് നിര്‍ദ്ദേശിച്ചതിനുള്ള മറ്റൊരുകാരണം പീഡനങ്ങളായിരുന്നു. പീഡനത്തിന്റെ കാലത്ത്, വിവാഹിതനെ സംബന്ധിച്ച് ജീവിതം അധികം സാഹസികമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ഒന്നാം നൂറ്റാണ്ടില്‍ പൗലൊസ് പറഞ്ഞത്, ‘ഒരു മനുഷ്യന്‍ അവിവാഹിതനായിരിക്കുന്നത് അവനു നന്ന്’ എന്ന്. ഇന്നും അത്തരത്തിലുള്ള ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം – എന്നാലത് വളരെ വിരളമായിരിക്കും: ഏതാണ്ട് ഒരു ശതമാനത്തില്‍ താഴെ മാത്രം.

അവിവാഹിത ജീവിതത്തെ പൗലൊസ് പിന്‍തുണയ്ക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം, കര്‍ത്താവിനോട് സ്ഥിരമായുള്ള ഭക്തി കാത്തുസൂക്ഷിക്കുവാന്‍ ആളുകള്‍ക്ക് അതുമൂലം സാധിക്കുമെന്നുള്ളതാണ് (7:35). അതിനാല്‍ താന്‍ പറയുകയാണ്:’നിങ്ങള്‍ ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍, അതിലുള്ള കാര്യങ്ങള്‍ നിങ്ങളെ സ്വാധീനിക്കുവാന്‍ ഇടയാകരുത്’. (7:30-31). ദുഃഖിച്ച് കരയുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ കരച്ചിലില്‍ മുങ്ങിത്താഴുന്ന അവസ്ഥ ഉണ്ടാകരുത്. അതു പൂര്‍ത്തിയാക്കി മുമ്പോട്ട് പോകുവാന്‍ നമുക്കാവണം. അതുപോലെതന്നെ ഭൂമിയിലുള്ള നേട്ടങ്ങളില്‍ അമിതമായി ആഹ്ലാദിക്കുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്നാല്‍ കര്‍തൃശുശ്രൂഷയ്ക്ക് അതൊരു തടസ്സമായിത്തീരും. ആഹ്ലാദത്തെ മറികടന്ന് ദൈവശുശ്രൂഷയില്‍ തുടരുക. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ ഭാര്യയും ഭവനവും എല്ലാമെല്ലാമെന്നുള്ള സമീപനം പാടില്ല (7:29-30). കര്‍ത്താവിനായി വേല ചെയ്യേണ്ടതുണ്ട്; കര്‍ത്താവിനോടുള്ള ഭക്തിക്ക് തടസ്സമുണ്ടാവുകയുമരുത്. നിങ്ങളുടെ ജീവിതത്തില്‍ ഒന്നാമത് കര്‍ത്താവായിരിക്കണം.

ഒരു പ്രധാനപ്പെട്ട കാര്യംകൂടി നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഒന്നിലധികം തവണ പൗലൊസ് പറയുന്നുണ്ട്: ”ഞാന്‍ പറയുന്നു… ഞാനല്ല കര്‍ത്താവുതന്നേ കല്പിക്കുന്നത്:… എനിക്കു കര്‍ത്താവിന്റെ കല്പനയില്ല;… ഞാന്‍ അഭിപ്രായം പറയുന്നു…”(7:8, 12, 25) എന്നൊക്കെ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കര്‍ത്താവിന്റെ കല്പനകളും വേര്‍തിരിച്ച് പറയുന്നതായി കാണാം. ദൈവത്തിന്റെ ദാസന്മാരെന്ന നിലയില്‍, നാം സംസാരിക്കുമ്പോള്‍ ഇതു വേര്‍തിരിച്ച് കാണിക്കണം. നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയുന്നത് തെറ്റില്ല – എന്നാലത് ദൈവകല്പനയല്ല എന്നുള്ളത് കേള്‍വിക്കാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കണം.

7:40-ാം വാക്യം ശ്രദ്ധിക്കുക: ”ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.” പൗലൊസിന്റെ താഴ്മയുടെ ആഴം കാണുക. തന്റെ അഭിപ്രായം തീര്‍ച്ചയായും ദൈവികമായതാണ്. എന്നാല്‍ ഇന്നു പലരെയും പോലെ, ”ദൈവം ഇപ്രകാരം പറയുന്നു” എന്ന് ഗര്‍വ്വത്തോടെ പ്രസ്താവിക്കുവാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ”എനിക്കും ദൈവാത്മാവുണ്ട് എന്നു തോന്നുന്നു” എന്ന് പറയുന്ന ഒരുവനെ ശ്രവിക്കുവാനാണ്, ”ദൈവം ഇപ്രകാരം പറയുന്നു” എന്ന തലക്കെട്ടില്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്ന ഒരുവനെ ശ്രവിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഒരു വിശ്വാസിയെന്ന നിലയില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ കണ്ടെത്തിയ ഒരു കാര്യം,”കര്‍ത്താവ് ഇപ്രകാരം പറയുന്നു” എന്ന് പറഞ്ഞുകൊണ്ട് വചനം സംസാരിക്കുന്നവരില്‍ മിക്കപേരും കര്‍ത്താവിന്റെ അരുളപ്പാടുകളല്ല സംസാരിക്കുന്നത് എന്നതാണ്. അവര്‍ ചിന്തിക്കുന്ന ചില കാര്യങ്ങള്‍ അവര്‍ പ്രസ്താവിക്കുന്നു എന്നു മാത്രം. ”ഇതു ഞാന്‍ പറയുമ്പോള്‍, എന്നില്‍ ദൈവാത്മാവുണ്ട് എന്ന് ഞാന്‍ ചിന്തിക്കുന്നു”, എന്ന് താഴ്മയോടെ പറയുവാന്‍ തയ്യാറാവുന്ന ഒരുവനിലൂടെ വെളിപ്പെടുന്നത് മിക്കവാറും ദൈവത്തിന്റെ അഭിപ്രായങ്ങള്‍ തന്നെയായിരിക്കും.


പക്വതയുള്ള ക്രിസ്ത്യാനി

എട്ടാം അദ്ധ്യായത്തില്‍ മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയാവുന്ന നിലയില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ വിനിയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് പൗലൊസ് സംസാരിക്കുന്നു. അക്കാലത്ത് ചന്തയില്‍ വില്‍ക്കുന്ന മാംസം ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതിന്റെ ശേഷിപ്പായിരുന്നു. ഇതില്‍ തെറ്റുകണ്ടവര്‍ സസ്യഭുക്കുകളായി ജീവിക്കുവാന്‍ തയ്യാറായി. എന്നാല്‍ മറ്റുചില വിശ്വാസികളുടെ അഭിപ്രായം ”എന്താണ് ഒരു വിഗ്രഹം? മുഖം കൊത്തിയുണ്ടാക്കിയിരിക്കുന്ന ഒരു കഷണം തടി മാത്രം. ആ തടിക്കഷണത്തിന്റെ മുമ്പില്‍ മാംസം അര്‍പ്പിച്ചതുകൊണ്ട് എന്ത് സംഭവിക്കാനാണ്? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ഏകദൈവത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഈ മാംസത്തിനായി ദൈവത്തിന് സ്‌തോത്രമര്‍പ്പിച്ച്, അതു ഞാന്‍ ഭക്ഷിക്കും” എന്നായിരുന്നു.

ഓരോ വിശ്വാസിയും മറ്റൊരു വിശ്വാസിയുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കണമെന്ന് പൗലൊസ് ഇതുമായുള്ള ബന്ധത്തില്‍ വിശദീകരിക്കുകയാണ്. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുവാന്‍ മറ്റുള്ളവരെ നിര്‍ബ്ബന്ധിക്കരുത് (റോമര്‍ 14-ാം അദ്ധ്യായത്തിലും ഇതിനു തുല്യമായ പഠിപ്പിക്കലുകളാണ് നാം കാണുന്നത്). ഇവിടെ ഇന്ത്യയില്‍, വിജാതീയരായ അയല്‍ക്കാര്‍ അവരുടെ ഉത്സവവേളയില്‍ മധുരപലഹാരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുമ്പോള്‍, അവ ആദ്യം ഒരു വിഗ്രഹത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചതായിരിക്കുവാന്‍ സാധ്യതയുണ്ട്. അപ്പോള്‍ നാം എന്തുചെയ്യണം? 1 കൊരിന്ത്യര്‍ 10:25-28 വാക്യങ്ങളില്‍ പൗലൊസ് ഇതിനുള്ള ഉത്തരം നല്‍കുന്നു. അതിന്റെ സംഗ്രഹം ഇതാണ്. ‘ഇറച്ചിക്കടയില്‍ വില്‍ക്കുന്നതെന്തും ഒരു ‘വിഗ്രഹാര്‍പ്പിത പരിശോധന’ നടത്താതെ തന്നെ വാങ്ങിത്തിന്നുവാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഈ ഭൂമിയും അതിലുള്ളതൊക്കെയും ദൈവത്തിനുള്ളതാണ്. അതില്‍ ഇറച്ചിക്കടയില്‍ വില്‍ക്കുന്ന ആട്ടിന്‍കാലും ഉള്‍പ്പെടുമെന്നറിയുക. ഒരു അവിശ്വാസി നിങ്ങളെ ഒരു സദ്യയ്ക്ക് ക്ഷണിച്ചാല്‍, അവിടെപ്പോകുവാന്‍ നിങ്ങള്‍ക്ക് മനസ്സുണ്ടെങ്കില്‍ തീര്‍ച്ചയായും പോകുക. അവിടെ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്ന ഭക്ഷണം എന്തായാലും സന്തോഷത്തോടെ ഭക്ഷിക്കുക. അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ ധാര്‍മ്മിക വിശുദ്ധിയെക്കുറിച്ച് വിശദീകരിക്കുവാന്‍ ആതിഥേയനോട് ആവശ്യപ്പെടുന്നത് തെറ്റായശീലമാണ്; തെറ്റായ ആത്മീയതയുമാണ്. എന്നാല്‍ അയാള്‍ സ്വയമായി, ഇതു ഒരു ദേവന് അല്ലെങ്കില്‍ ദേവിക്ക് അര്‍പ്പിച്ചതാണെന്ന് നിങ്ങളോട് പറഞ്ഞാല്‍, അത് ഒഴിവാക്കുക. അതിന്റെ ഉറവിടത്തെക്കുറിച്ച് നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരഭിപ്രായമുണ്ട്; എന്നാല്‍ അയാള്‍ക്കതറിയില്ല. നിങ്ങള്‍ ആരെയാണ് ആരാധിക്കുന്നത് എന്നതിനെക്കുറിച്ച് വികലമായ ഒരു സന്ദേശം അയാള്‍ക്ക് ലഭിക്കരുത് എന്ന ഉദ്ദേശ്യത്തോടെ അത് ഒഴിവാക്കുക.’

എട്ടാം അദ്ധ്യായത്തില്‍, വിഗ്രഹാര്‍പ്പിതം ഭക്ഷിക്കുന്നതൊക്കെ അപ്രധാന വിഷയങ്ങളെന്ന് പൗലൊസ് പ്രസ്താവിക്കുന്നു. ഏറ്റവും പ്രധാനമായത് സ്‌നേഹമാണ് (8:1). അറിവ് മനുഷ്യരെ ചീര്‍പ്പിക്കുന്നു; മറ്റുള്ളവരെ വിലകുറച്ച് കാണുവാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തില്‍, ”നിങ്ങള്‍ക്ക് അറിവില്ല. നിങ്ങള്‍ ഒരു കഷണം തടിയെ ഭയക്കുന്നു.” ഇങ്ങനെ പറയുന്ന വ്യക്തിയില്‍ സ്‌നേഹത്തിന്റെ അഭാവം കാണാം. അതുണ്ടായിരുന്നെങ്കില്‍ മറ്റൊരു വിശ്വാസിക്ക് ഇടര്‍ച്ചവരുത്തുവാന്‍ അയാള്‍ തയ്യാറാവില്ലായിരുന്നു. വിഗ്രഹാരാധനവിട്ട് വന്നവര്‍, ഈ മരക്കഷണങ്ങളെ ദേവന്മാരായി കുറേക്കാലം കണ്ടിരുന്നതിനാല്‍ അവരുടെ മനസ്സാക്ഷി ഇതുമൂലം കളങ്കിതമാകും. നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ വിഷമിപ്പിക്കാത്തതിന് കാരണം നിങ്ങളുടെ പശ്ചാത്തലം വ്യത്യസ്തമായതിനാലാണ്. ”എന്നാല്‍ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാര്‍ക്കു യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍”(8:9). അതിനാല്‍ പൗലൊസ് പറയുകയാണ്: ”ആകയാല്‍ ആഹാരം എന്റെ സഹോദരന് ഇടര്‍ച്ചയായിത്തീരും എങ്കില്‍ – എന്റെ സഹോദരന് ഇടര്‍ച്ചവരുത്താതിരിക്കേണ്ടതിന് ഞാന്‍ ഒരു നാളും മാംസം തിന്നുകയില്ല.” (8:13). ഇതാണ് പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ നിലപാട്.

ഇതിനെ നമ്മുടെ കാലഘട്ടത്തിലേക്ക് കൊണ്ടുവരാം. മദ്യമെന്നു കരുതുന്ന ലഹരിയില്ലാത്ത പാനീയം കുടിക്കുന്നശീലം ഉണ്ടെന്നിരിക്കട്ടെ. അതു കുടിക്കുന്നത് തെറ്റാണെന്ന് ബൈബിള്‍ പറയുന്നില്ല. മദ്യപിക്കരുതെന്ന് മാത്രമാണ് ബൈബിള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ നിങ്ങള്‍ അതു കുടിക്കുന്നത് മറ്റൊരു വിശ്വാസി കണ്ടെന്നിരിക്കട്ടെ. അര ഗ്ലാസ്സില്‍ നിര്‍ത്തുവാനുള്ള ആത്മനിയന്ത്രണം നിങ്ങള്‍ക്കുണ്ടാവാം. എന്നാല്‍ ദൈവഭക്തനായ നിങ്ങള്‍ കുടിക്കുന്നത് കാണുമ്പോള്‍, അയാളും അതിന് തയ്യാറാവും. എന്നാല്‍ അയാള്‍ക്ക് നിങ്ങളുടേതുപോലെ ആത്മനിയന്ത്രണമില്ല. ഫലമോ, അമിതമായി മദ്യപിച്ച് അയാളൊരു മുഴുക്കുടിയനായിത്തീരുന്നു; അയാള്‍ നരകത്തില്‍ പതിക്കുന്നു. നരകത്തിലേക്കുള്ള പാത അയാള്‍ക്ക് തുറന്നു കൊടുത്തതാരാണ്? നിങ്ങള്‍!! അതിനാല്‍ ദൈവഭക്തന്‍ ചെയ്യേണ്ടതെന്താണ്? ആ പാനീയം കുടിക്കുന്നസുഖം വേണ്ടെന്ന് വെയ്ക്കുക. ഇത് ശരിയാണോ തെറ്റാണോ? എന്ന് അയാള്‍ ഒരു സ്വാര്‍ത്ഥനായ വിശ്വാസിയെപ്പോലെ ചിന്തിക്കുന്നില്ല. അതിനുപകരം അതിലും ഉന്നതമായ ഒരു ചോദ്യമാണ് അയാളുടെ മനസ്സില്‍ ഉള്ളത്, ”ഞാന്‍ മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ?” അതുകൊണ്ട് ഒരു ലഹരിപാനീയം തന്റെ ജീവിതത്തില്‍ കൈകൊണ്ട് തൊടുവാന്‍ പോലും അയാള്‍ തയ്യാറാവില്ല. അതാണ് സ്‌നേഹം. ഇത്തരത്തിലുള്ള ത്യാഗങ്ങള്‍ നരകത്തില്‍ നിപതിക്കുന്നതില്‍ നിന്നും ആത്മാക്കളെ രക്ഷിക്കുന്നുവെങ്കില്‍, ദൈവഭക്തനായ ഒരുവന്‍ സന്തോഷം കണ്ടെത്തുന്നത് ഇത്തരം സ്വയം ത്യജിക്കലുകളിലാണ്.

ഈ തത്ത്വത്തിന് മറ്റുചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍, കുടുംബനാഥന്‍ അവിടില്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍, എന്താണ് നിങ്ങള്‍ ചെയ്യുന്നത്? അകത്ത് കടക്കാതിരിക്കുന്നതാണ് നല്ലത്. ഒന്നാമതായി അയാളുടെ ഭാര്യയാല്‍ പ്രലോഭിപ്പിക്കപ്പെടുന്നത് ഒഴിവാക്കുവാനാകും. കൂടാതെ, നിങ്ങളുടെ സാക്ഷ്യം കാത്തുസൂക്ഷിക്കുവാനും. മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുവാനും ഇത് നിങ്ങളെ സഹായിക്കും. നിങ്ങള്‍ പൂര്‍ണ്ണ വിശുദ്ധിയില്‍ മാത്രമായിരിക്കും അവിടെയായിരിക്കുന്നത്. എന്നാല്‍ മറ്റൊരുവന്‍ നിങ്ങളെ മാതൃകയാക്കി അങ്ങനെ പെരുമാറിയാല്‍ പാപത്തില്‍ വീഴുവാന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ തെറ്റായ മാതൃകയാണ് പാപത്തിലേക്ക് അയാളെ നയിക്കുന്നതെന്നുള്ള കാര്യം മറക്കരുത്. ഇതെല്ലാം നിസ്സാരമായ കാര്യങ്ങളാണ്. എന്നാല്‍ സ്‌നേഹത്തില്‍ വസിക്കുവാന്‍ നിങ്ങള്‍ പരിശ്രമിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴും മറ്റുള്ളവരെക്കുറിച്ച് കരുതലുള്ള വ്യക്തിയായിരിക്കും. സ്വന്തം അറിവില്‍ അഭിമാനിക്കുകയും, സ്വന്തഹിതപ്രകാരം ജീവിക്കുകയും, മറ്റുള്ളവരില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് വിചാരമില്ലാതിരിക്കുകയും ചെയ്യുന്നത് ജാതീയ ലോകത്തിന്റെ ജീവിതതത്ത്വമാണ്. ”ഇങ്ങനെ സഹോദരന്മാരുടെ നേരേ പാപം ചെയ്ത്, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോട് പാപം ചെയ്യുന്നു” (8:12).

ഒന്നു കൊരിന്ത്യര്‍ ഒന്‍പതാം അദ്ധ്യായം, ‘സ്വാതന്ത്ര്യം’ എന്ന വിഷയം പ്രതിപാദിക്കുന്നു.”ഞാനൊരു അപ്പൊസ്തലന്‍ അല്ലയോ? മറ്റുള്ളവരെപ്പോലെ വേലചെയ്യുവാന്‍ എനിക്കും കഴിയില്ലയോ? വിവാഹം കഴിക്കാതെ ഏകനായി ഞാന്‍ കഴിയേണ്ടതുണ്ടോ?”.പൗലൊസ് ഒഴികെ മറ്റ് അപ്പൊസ്തലന്മാരെല്ലാവരും വിവാഹം കഴിച്ചവരായിരുന്നു (9:5). അതുകൊണ്ട്, കര്‍ത്താവിനെ പൂര്‍ണ്ണസമയം ശുശ്രൂഷിക്കുവാനുള്ള ഒരു യോഗ്യത അവിവാഹിതനായിരിക്കുന്നതാണ് എന്നൊരു സഭ പഠിപ്പിച്ചാല്‍, ആ സഭയില്‍ മിക്ക അപ്പൊസ്തലന്മാര്‍ക്കും ചേര്‍ന്നുപ്രവര്‍ത്തിക്കുവാന്‍ സാധിക്കയില്ലായിരുന്നു. പത്രോസും യോഹന്നാനും വിവാഹിതരായിരുന്നതിനാല്‍ അവര്‍ക്ക് അവിടെ ചേരാന്‍ കഴിയുമായിരുന്നില്ല.അപ്രകാരമുള്ള പഠിപ്പിക്കലുകള്‍ തെറ്റാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണിത്.അപ്പൊസ്തലന്മാര്‍ക്കുപോലും ചേര്‍ന്നുപോകുവാന്‍ യോഗ്യതയില്ലാത്ത സഭ, ഏതു തരത്തിലുള്ള സഭയാകും?

കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന ഒരുവന്‍ ലോകപരമായ ജോലിയില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നാണ് മറ്റുചില സഭകള്‍ പഠിപ്പിക്കുന്നത്.എങ്കില്‍ അങ്ങനെയുള്ള ഒരു സഭയില്‍ ചേരുവാന്‍ പൗലൊസിനും ബര്‍ന്നബാസിനും കഴിയില്ലായിരുന്നു.എന്തെന്നാല്‍, അവരിരുവരും മറ്റ് ജോലികള്‍ ചെയ്താണ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയത് (9:6). പത്രൊസും, യോഹന്നാനും മറ്റു വിശ്വാസികള്‍ നല്‍കുന്ന ദാനങ്ങള്‍ സ്വീകരിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. എന്നാല്‍ പൗലൊസും ബര്‍ന്നബാസും സ്വന്തകയ്യാല്‍ വേലചെയ്ത് ഉപജീവിച്ചു. അതിനാല്‍, സ്വന്തകയ്യാല്‍ വേലചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു അപ്പൊസ്തലനോ, അല്ലെങ്കില്‍, മറ്റുള്ളവരുടെ സഹായങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്ന ഒരു അപ്പൊസ്തലനോ ആയിരിക്കുവാന്‍ നിങ്ങള്‍ക്കാവും.ഒരു അപ്പൊസ്തലനായിരിക്കെ വിവാഹം കഴിക്കുവാനോ കഴിക്കാതിരിക്കുവാനോ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിവാഹജീവിതവും ഐഹികമായ ജോലിയും അപ്പൊസ്തലത്വത്തിനുള്ള അയോഗ്യതകളല്ല.

കര്‍ത്താവിന്റെ ദാസന്മാര്‍ക്ക് നല്‍കേണ്ട സാമ്പത്തിക പിന്‍തുണയെക്കുറിച്ച് പൗലൊസ് തുടര്‍ന്ന് പറയുന്നു. ദൈവം പറഞ്ഞിരിക്കുന്നു: ”മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്”(9:9). ഇതു ഒരു പഴയനിയമ കല്പനയായിരുന്നു. ഒരു കാള ധാന്യം മെതിക്കുമ്പോള്‍, അത് അല്പംപോലും ധാന്യം തിന്നാതിരിക്കുവാനായി, സ്വാര്‍ത്ഥരും കഠിനഹൃദയരുമായ ചില കൃഷിക്കാര്‍ അതിന്റെ വായടച്ചുവയ്ക്കുവാന്‍ മുഖക്കൊട്ട കെട്ടുമായിരുന്നു. അതിനാല്‍ അപ്രകാരം ചെയ്യരുതെന്ന് ദൈവം തന്റെ ജനത്തിന് കല്പന കൊടുത്തിരുന്നു. പൗലൊസ് തുടര്‍ന്ന് പറയുകയാണ്.” ദൈവം കാളയ്ക്കുവേണ്ടി മാത്രമാണോ ചിന്തിക്കുന്നത്? അതു നമ്മെക്കൂടി ഉദ്ദേശിച്ചാണ് എഴുതിയിരിക്കുന്നത്” (9:10). കര്‍ത്താവിന്റെ വേലചെയ്യുന്നവര്‍ക്ക്, അവരുടെയും അവരുടെ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വേണ്ട സാമ്പത്തിക പിന്‍തുണ നാം നല്‍കേണ്ടതുണ്ട് എന്ന് പഠിപ്പിക്കുവാനാണ് അത് എഴുതിയിരിക്കുന്നത്.പൗലൊസ് തുടര്‍ന്നു പറയുകയാണ്, ”ഞങ്ങള്‍ ആത്മീയമായതു നിങ്ങള്‍ക്കുവിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്യമോ?”

ആത്മീയ ആഹാരം നല്‍കി നമ്മെ പോഷിപ്പിക്കുന്നവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്‍തുണ നല്‍കേണ്ടത് നമ്മുടെ കടമയാണ്. തനിക്കും തന്റെ കുടുംബത്തിനുമായി സ്ഥലവും മറ്റ് വസ്തുവകകളും വാങ്ങിക്കൂട്ടുന്നതിനായി മറ്റുളളവരില്‍നിന്നും ധനം സമാഹരിക്കുന്ന ഒരു ദൈവഭൃത്യനെക്കുറിച്ചല്ല പൗലൊസ് ഇവിടെ പറയുന്നത്.തന്റെ കുടുംബത്തോടൊപ്പം ഏറ്റവും ലളിതമായ നിലയില്‍ ജീവിക്കുവാന്‍ വേണ്ട അത്യാവശ്യങ്ങള്‍ക്കായി പണം സ്വീകരിക്കുന്ന ഒരു ദൈവദാസനെക്കുറിച്ചാണ് പൗലൊസ് ഇവിടെ സംസാരിക്കുന്നത്. എന്നാല്‍ ദൈവം ഒരുക്കിയ ഈ മാര്‍ഗ്ഗത്തെ തങ്ങള്‍ക്കു ധനം സമാഹരിക്കുവാനായി ഇന്ന് പല സുവിശേഷവേലക്കാരും ദുരുപയോഗപ്പെടുത്തുന്നുണ്ട്.

ഒന്നു കൊരിന്ത്യര്‍ 9:14-ല്‍ നാം കാണുന്നത്: ”അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു” എന്നാണ്. തങ്ങളുടെ ശുശ്രൂഷയുടെ ഫലം കൊയ്യുന്ന വിശ്വാസികളില്‍നിന്നും നന്മകള്‍ സ്വീകരിക്കുവാനുള്ള അവകാശം സുവിശേഷം പ്രസംഗിക്കുന്നവര്‍ക്കുണ്ട് (ഗലാ. 6:6).

ഈ വിഷയത്തില്‍ ക്രിസ്തീയലോകം ഇന്ന് രണ്ടറ്റങ്ങളില്‍ നിലകൊള്ളുന്നു.ഒരറ്റത്ത് ഈ ഉപദേശത്തെ ചൂഷണം ചെയ്ത് ദരിദ്രരായ വിശ്വാസികളില്‍നിന്നുപോലും പണം സമാഹരിച്ച് സ്വന്തം കീശ വീര്‍പ്പിക്കുന്ന ഉപദേഷ്ടാക്കന്മാര്‍! ഇത് ആക്ഷേപാര്‍ഹമായ ഒന്നാണ്. പിശുക്കന്മാരായ വിശ്വാസികളാണ് മറ്റേത്തലയ്ക്കല്‍; തങ്ങളോട് ദൈവവചനം പ്രസംഗിക്കുന്നവരോട് സാമ്പത്തികമായി കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം തിരിച്ചറിയാത്തവരാണ് ഇക്കൂട്ടര്‍.

ഈ തത്ത്വം പഠിപ്പിച്ചതിനുശേഷം, പൗലൊസ് തുടര്‍ന്ന് പറയുകയാണ്: ”നിങ്ങള്‍ എനിക്ക് ഇതു ചെയ്യുവാനല്ല ഞാനിതു നിങ്ങള്‍ക്കു എഴുതുന്നത്. കൊരിന്ത്യരേ, നിങ്ങളുടെ പക്കല്‍നിന്ന് ഞാന്‍ പണമൊന്നും സ്വീകരിച്ചിട്ടില്ല. ഞാന്‍ സ്വന്തകയ്യാല്‍ വേലചെയ്ത് ഉപജീവിക്കുന്നു.” ആരില്‍ നിന്നൊക്കെ പണം സ്വീകരിക്കണമെന്ന് പൗലൊസ് വിവേചിച്ചറിഞ്ഞിരുന്നു. ഫിലിപ്പ്യയിലെ സഭയില്‍നിന്നും താന്‍ പണം സ്വീകരിച്ചു (ഫിലി. 4:14-18). എന്നാല്‍ കൊരിന്തിലെയോ എഫസോസിലെയോ തെസ്സലോനിക്യയിലെയോ സഭയില്‍നിന്നും താന്‍ ഒന്നും വാങ്ങിയില്ല. (2കൊരി. 11:7-9; പ്രവൃത്തി. 20:33, 34; 2തെസ്സ. 3:7-9). ”ഒരു വിശ്വാസിയില്‍നിന്നും ഒന്നും സ്വീകരിക്കരുത്” എന്നതോ ”ഏതൊരു വിശ്വാസിയില്‍നിന്നും എന്തും സ്വീകരിക്കാം” എന്നതോ ആയിരുന്നില്ല പൗലൊസിന്റെ നിലപാട്. ഒരു ദാനം തനിക്കു വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍, അതു സ്വീകരിക്കണോ വേണ്ടയോ എന്നറിയുവാന്‍ പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് താന്‍ ആരാഞ്ഞിരുന്നു. ഇതാണ് ഓരോ യഥാര്‍ത്ഥ ദൈവഭൃത്യനും ചെയ്യേണ്ടത്.

പൗലൊസിന്റെ ഈ നിലപാടുകള്‍ക്ക് പിന്നില്‍ വളരെ നല്ല ചില കാരണങ്ങള്‍ ഉണ്ടായിരുന്നു.ആദ്യമായിത്തന്നെ, താന്‍ പറയുകയാണ്: ”സുവിശേഷം എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാകുവാനാണ് ഞാനിത് ചെയ്യുന്നത്” (9:18). സുവിശേഷം കേള്‍ക്കുന്നവര്‍ക്ക് ഇതിനായി തങ്ങള്‍ ഒന്നും മുടക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടാവണം.

പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, എന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നിടത്തൊക്കെ, ഒരു സ്‌തോത്രകാഴ്ചയെടുക്കുന്നത് ഞാന്‍ തടഞ്ഞിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍, ഇത്തരം യോഗങ്ങളില്‍ കടന്നുവരുന്ന അവിശ്വാസികള്‍ക്ക്, സുവിശേഷം കേള്‍ക്കുവാന്‍ ഒരു പൈസപോലും മുടക്കേണ്ടതില്ല എന്നതോന്നല്‍ ഉണ്ടാവണം.

ഇതായിരുന്നു യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും മാതൃക – അവര്‍ തങ്ങളുടെ യോഗങ്ങളിലൊന്നും ഒരിക്കല്‍പോലും ഒരു പണപ്പിരിവ് നടത്തിയിട്ടില്ല. ഇപ്രകാരം തന്നെയാണ് ഞങ്ങളുടെ സഭകള്‍ തുടക്കംമുതലേ പ്രവര്‍ത്തിച്ചുവരുന്നത്. ഞങ്ങളുടെ വിശ്വാസികള്‍ തങ്ങളുടെ അവിശ്വാസികളായ സുഹൃത്തുക്കളെ സഭയിലേക്ക് സുവിശേഷകേള്‍വിക്കായി വിളിച്ചുകൊണ്ട് വരാറുണ്ട് എന്നതാണ് ഇതിനുള്ള മറ്റൊരു കാരണം. ദൈവവേലയെ സാമ്പത്തികമായി പിന്‍തുണയ്ക്കുക എന്നതു വിശ്വാസികളുടെ മാത്രം ഉത്തരവാദിത്തമാണ,് അവിശ്വാസികള്‍ക്ക് അതിനുള്ള അവകാശമില്ല (3 യോഹ.7 കാണുക). ”കര്‍ത്താവേ, ഞാന്‍ എന്റെ പണമുപയോഗിച്ച് അങ്ങയുടെ വേലയെ സഹായിക്കുകയും, അങ്ങയുടെ ദാസന്മാര്‍ അത് എന്നില്‍നിന്നും സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എന്നെ നരകത്തിലേക്ക് അയയ്ക്കുവാന്‍ അങ്ങേയ്ക്ക് എങ്ങനെ സാധിക്കും?,” എന്ന് ഒരു അവിശ്വാസിയും അന്ത്യനാളില്‍ ദൈവത്തോട് പറയുവാന്‍ ഇടയാകരുത്. നിര്‍ഭാഗ്യവശാല്‍, വീണ്ടും ജനിച്ചവരോ അല്ലാത്തവരോ എന്ന വ്യത്യാസം കൂടാതെ ആളുകളില്‍നിന്നും പണം സ്വീകരിക്കുവാന്‍ ഇന്ന് പല സംഘടനകളും ദൈവദാസന്മാരും തയ്യാറാവുകയാണ്. നിങ്ങള്‍ അപ്രകാരമുള്ള ഒരു ക്രിസ്തീയ പ്രവര്‍ത്തകനാണെങ്കില്‍, അന്നാളില്‍ ദൈവം നിങ്ങളോട് ചോദിക്കും, ”എന്റെ മകനല്ലാത്തവനില്‍നിന്നും നീ പണം സ്വീകരിച്ചതെന്തിനാണ്?,” എന്ന്.

കൊരിന്തിലെ ക്രിസ്ത്യാനികളില്‍നിന്നും പൗലൊസ് പണം സ്വീകരിക്കാതിരുന്നതിന് ഒരു കാരണംകൂടി ഉണ്ടാകാം. അവര്‍ തന്റെ അപ്പൊസ്തലത്വത്തെ ചോദ്യം ചെയ്തിരുന്നു. തന്റെ ശുശ്രൂഷ സ്വീകരിക്കാത്തവരില്‍നിന്നും പണം സ്വീകരിക്കുവാന്‍ പൗലൊസ് തയ്യാറായില്ല. ഇതും ഓരോ ശുശ്രൂഷകനും സ്വീകരിക്കേണ്ട നിലപാടാണ്.

തുടര്‍ന്നു പൗലൊസ് മറ്റുള്ളവരോട് പ്രസംഗിച്ചതിനുശേഷം സ്വയം കൊള്ളരുതാത്തവനായിത്തീരാതിരിക്കേണ്ടതിന് തന്റെ ശരീരത്തെ ശിക്ഷണത്തില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് പറയുകയാണ് (9:24-27). തിരുവചനത്തിലെ മൂന്നു പുസ്തകങ്ങള്‍ രചിച്ച ശലോമോന്റെ ജീവിതം ഒടുവില്‍ ചെന്നവസാനിക്കുന്നത് നരകത്തിലാണ്. അനേക സഭകള്‍ സ്ഥാപിക്കുകയും, രോഗികളെ സൗഖ്യമാക്കുകയും, മരിച്ചവരെ ഉയിര്‍പ്പിക്കുകയും, തിരുവചനം എഴുതുകയും, ധാരാളം മികച്ച പ്രസംഗങ്ങള്‍ നടത്തുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്, താന്‍ ഒടുവില്‍ തള്ളപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നു. അതിനാല്‍ താന്‍ തന്റെ ജഡത്തിലെ അഭിലാഷങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുവാന്‍ പരിശ്രമിച്ചിരുന്നു. ദൈവം നിങ്ങളെ ധാരാളമായി ശുശ്രൂഷയില്‍ പ്രയോജനപ്പെടുത്തി എന്നതുകൊണ്ട്, നിങ്ങളെ തന്റെ രാജ്യത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്ന് കരുതരുത്.പൗലൊസ് അങ്ങനെ ചിന്തിച്ചിരുന്നില്ല. ദൈവം പ്രാഥമികമായി ശ്രദ്ധിക്കുന്നത് നമ്മുടെ ജീവിതത്തെയാണ്, ശുശ്രൂഷയെയല്ല.


മുന്നറിയിപ്പുകളും പെരുമാറ്റച്ചട്ടങ്ങളും


പത്താം അദ്ധ്യായത്തിലും പൗലൊസ് ഇതേവിഷയം തന്നെ തുടരുകയാണ്. കുഞ്ഞാടിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരെങ്കിലും, ദൈവത്തിന്റെ പ്രസാദം ലഭിക്കാത്തതിനാല്‍ കനാന്‍ നാട്ടില്‍ പ്രവേശിക്കുവാന്‍ കഴിയാതെപോയ ആറുലക്ഷം യിസ്രായേല്‍മക്കളുടെ ജീവിതത്തെ ചൂണ്ടിക്കാട്ടി വിശ്വാസികളെ പ്രബോധിപ്പിക്കുകയാണ് ഈ ഭാഗത്ത്. അവര്‍ മരുഭൂമിയില്‍ പട്ടുപോയി. ഇതുതന്നെ നിങ്ങള്‍ക്കും സംഭവിക്കാം. ഇതു നമുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു എന്ന് പൗലൊസ് ഓര്‍മ്മിപ്പിക്കുകയാണ് (1കൊരി. 10:6). തുടര്‍ന്ന് നമുക്ക് ആശ്വാസം നല്‍കുന്ന ഒരു ശ്രേഷ്ഠവാഗ്ദാനം നല്‍കിയിരിക്കുന്നു: ”നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ ദൈവം സമ്മതിക്കുകയില്ല.”(10:13). നമുക്കു സഹിക്കാന്‍ കഴിയാത്ത പരീക്ഷയൊന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവില്ല. ഓരോ പരീക്ഷയെയും അതിജീവിക്കുവാനും ഓരോ വെല്ലുവിളിയെയും കീഴടക്കുവാനും നമുക്കാവുമെന്നുള്ള ഉറപ്പ് ഇതു നല്‍കുന്നു.അതിനാല്‍ ഏതെങ്കിലും പരീക്ഷ എനിക്കു സഹിക്കാവുന്നതിലും അധികമാണെന്ന് ഒരിക്കലും പറയരുത്. അങ്ങനെ നിങ്ങള്‍ പറഞ്ഞാല്‍, ദൈവം തന്റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനല്ല എന്നും അവിടുന്നൊരു നുണയനാണെന്നും നിങ്ങള്‍ പറയുകയാണ്. ഓരോ പരീക്ഷയെയും അതിജീവിക്കുവാനുള്ള മാര്‍ഗ്ഗം ഇതാണ് – ജയിക്കുവാനുള്ള കൃപ നല്‍കുവാന്‍ ദൈവത്തോട് അപേക്ഷിക്കുക.

ബൈബിള്‍ നിശ്ശബ്ദമായിരിക്കുന്ന വിഷയങ്ങളില്‍ ദൈവഹിതം അറിയുവാന്‍ എന്തു ചെയ്യണം? ഇതിനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം 10:31ല്‍ നാം കാണുന്നു: ”നിങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍.”

ഏതെങ്കിലും വിഷയത്തില്‍ ദൈവഹിതം കണ്ടെത്തുവാന്‍ കഴിയാതെ നിങ്ങള്‍ വിഷമിക്കുമ്പോള്‍, നിങ്ങള്‍ സ്വയം ചോദിക്കുക ”എനിക്കിത് ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യാന്‍ സാധിക്കുമോ?.” ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവാന്‍ കഴിയില്ല എങ്കില്‍ അതു ചെയ്യാതിരിക്കുക. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം മുഴുവനും നാം നയിക്കണം.
സഭയില്‍ സ്ത്രീകള്‍ മൂടുപടം ഇടുന്നതിനെക്കുറിച്ചും അപ്പം നുറുക്കലിനെക്കുറിച്ചുമാണ് ഈ അദ്ധ്യായത്തില്‍ കാണുന്നത്.

സഭയില്‍ പ്രവചിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും പുരുഷന്‍ മൂടുപടം ഇടാതിരിക്കുകയും സ്ത്രീ മൂടുപടം ഇടുകയും ചെയ്യേണ്ടത് എന്തിനാണ്? ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് നല്‍കിയിരിക്കുന്നത്:
(1) ”ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍” (11:13). പുരുഷന്റെ തലയായ ക്രിസ്തു സഭയില്‍ മറഞ്ഞിരിക്കുവാന്‍ പാടില്ല. അതിനാല്‍ പുരുഷന്‍ മൂടുപടം ധരിക്കരുത്. എന്നാല്‍ സ്ത്രീയുടെ തലയായ പുരുഷന്‍ സഭയില്‍ മറഞ്ഞിരിക്കേണ്ടതുണ്ട്. അതിനാല്‍ സ്ത്രീ മൂടുപടം ധരിക്കണം. കൂടാതെ, ”പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സുമാണ്. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു” (11:7). ദൈവത്തിന്റെ തേജസ്സ് സഭയില്‍ മറഞ്ഞിരിക്കരുത്, അതിനാല്‍ പുരുഷന്‍ മൂടുപടം ധരിക്കരുത്. എന്നാല്‍ പുരുഷന്റെ തേജസ്സ് സഭയില്‍ മറഞ്ഞിരിക്കണം. അതിനാല്‍ സ്ത്രീ തല മൂടണം. ഇതാണ് ഒരു പുരുഷന്‍ മൂടുപടം ധരിക്കാതിരിക്കുകയും ഒരു സ്ത്രീ മൂടുപടം ധരിക്കുകയും ചെയ്യുന്നത് വിളിച്ചു പറയുന്ന സന്ദേശം. ഒരു സ്ത്രീ തലയില്‍ മൂടുപടം ധരിക്കാതിരിക്കുന്നതിനു സമമായ കുറ്റമാണ് ഒരു പുരോഹിതന്‍ തലയില്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍ ചെയ്യുന്നത് എന്നതു നാം മനസ്സിലാക്കിയിരിക്കണം. (ചില ക്രൈസ്തവ സഭകളില്‍ പുരോഹിതന്മാര്‍ പ്രത്യേകമായ ശിരോവസ്ത്രം ധരിക്കാറുണ്ട്.)
(2) ”സ്ത്രീ മുടി നീട്ടിയാല്‍, അതവള്‍ക്കു മാനമാണ്” (11:15). നീണ്ട മുടിയെന്നത് തങ്ങളുടെ സൗന്ദര്യത്തിന്റെ (തേജസ്സിന്റെ) ഭാഗമാണെന്ന് എല്ലാ സ്ത്രീകള്‍ക്കുമറിയാം. അതിനാല്‍ സ്ത്രീയുടെ തേജസ്സായ അവളുടെ നീണ്ടമുടി സഭയില്‍ മറഞ്ഞിരിക്കണം. അതായത് സ്ത്രീയുടെയും പുരുഷന്റെയും തേജസ്സ് സഭയില്‍ മറഞ്ഞിരിക്കണം.
(3) ”സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കണം” (11:10). തലയില്‍ മൂടുപടം ധരിക്കുന്നതിലൂടെ ഒരു സ്ത്രീ, താന്‍ പുരുഷന്റെ അധികാരത്തിന് കീഴടങ്ങുന്നുവെന്ന് വെളിപ്പെടുത്തുകയാണ്.അത് അവളുടെ ഭര്‍ത്താവോ പിതാവോ ആകാം. അവളൊരു വിധവയോ അനാഥയോ ആണെങ്കില്‍ അവളുടെ സഭയിലെ മൂപ്പന്മാരാകാം. അവള്‍ വീണുപോയ ദൂതന്മാരെപ്പോലെ മത്സരിയല്ല എന്നാണത് കാണിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍, പാശ്ചാത്യ സ്വാധീനത്താല്‍ ഇന്ന് ഇന്ത്യയിലും നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന പല സഭകളിലും ഈ ഉപദേശത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. ”ഒരുത്തന്‍ തര്‍ക്കിപ്പാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്യാദ ഞങ്ങള്‍ക്കില്ല, ദൈവ സഭകള്‍ക്കുമില്ല എന്നു ഓര്‍ക്കട്ടെ.” (11:16) എന്നുപറഞ്ഞ് ഈ വിഷയം പൗലൊസ് അവസാനിപ്പിച്ചിരിക്കുന്നു.

സ്ത്രീകള്‍ക്ക് സഭയില്‍ പ്രാര്‍ത്ഥിക്കുവാനും പ്രവചിക്കുവാനും സാധിക്കുമെന്ന് ഈ ഭാഗം വ്യക്തമാക്കുന്നുണ്ട്. സഭയില്‍ പഠിപ്പിക്കുന്നതില്‍ നിന്നും മൂപ്പന്മാരായിരിക്കുന്നതില്‍നിന്നുമാണ് സ്ത്രീകളെ വിലക്കിയിരിക്കുന്നത് (1തിമൊ. 2:12). എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവചിക്കാം, അതായത്, മറ്റുള്ളവര്‍ക്ക് ആത്മീയവര്‍ദ്ധനവിനും, പ്രബോധനത്തിനും ആശ്വാസത്തിനുമായി വചനം പങ്കുവെയ്ക്കുവാന്‍ സാധിക്കും (1കൊരി. 14:3).

തുടര്‍ന്നു കര്‍ത്താവിന്റെ മേശ എന്ന വിഷയത്തിലേക്കു കടക്കാം (11:23-34). കര്‍ത്താവിന്റെ മേശയിലേക്കു വരുമ്പോള്‍, നാം കര്‍ത്താവിന്റെ മരണത്തെ ഓര്‍ക്കുകയാണ്. കര്‍ത്താവ് തന്റെ ശരീരത്തെ നുറുക്കുവാന്‍ ഏല്‍പ്പിച്ചു കൊടുത്തതു പോലെ ഞാനും നുറുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇതിലൂടെ നാം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്, അപ്പം നുറുക്കി വായില്‍ വയ്‌ക്കേണ്ടത് മറ്റൊരുവന്‍ ചെയ്യേണ്ട കാര്യമല്ല. അതു ഞാന്‍ തനിയെ ചെയ്യേണ്ടതാണ്. എന്തെന്നാല്‍ ഞാന്‍ നുറുക്കപ്പെടണമെന്നത് എന്റെ സ്വന്ത തീരുമാനമായിരിക്കണം. നാം സ്വയം നുറുങ്ങിയെങ്കില്‍ മാത്രമേ, അതിന്റെ ഉദ്ദേശ്യം ശരിയായ വ്യക്തമാക്കപ്പെടുകയുള്ളു. ഒരപ്പത്തില്‍ പങ്കാളികളാകുന്ന നാമെല്ലാം ഒരു ശരീരമാണെന്ന് ഇതിലൂടെ നാം സാക്ഷ്യപ്പെടുത്തുന്നു. അത് ക്രിസ്തുവിന്റെ ശരീരമാണ് (10:17). അതിനാല്‍ കര്‍ത്താവിനോടുള്ള ഒരു ഉടമ്പടിയും സഹവിശ്വാസികളോടുള്ള ഐക്യത്തിന്റെ തെളിവുമാണ് ഈ ശുശ്രൂഷയിലെ സാക്ഷ്യം.

അതിനാല്‍, ഇത്തരത്തില്‍ ലംബമായി ദൈവത്തോടുള്ള ബന്ധത്തിലും തിരശ്ചീനമായി സഹവിശ്വാസികളോടുള്ള ബന്ധത്തിലും കൂട്ടായ്മയാചരിക്കുവാന്‍ നമുക്കാവുന്നില്ലെങ്കില്‍ നമ്മുടെ അപ്പം നുറുക്കല്‍ ഒരു വ്യാജമാണ്.

അതിന്റെ ഫലമായി നാം, ശാരീരികമായും ആത്മീയമായും രോഗികളാകുവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ആത്മീയ മരണവും സംഭവിക്കാം (11:30). അതുകൊണ്ട് അപ്പം നുറുക്കുന്നതിനു മുമ്പായി ഈ വിഷയങ്ങളെ ഗൗരവമായി കണ്ട് നാം സ്വയം ശോധന ചെയ്യുവാന്‍ തയ്യാറാകണം (11:31).


വരങ്ങള്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ പണിക്ക്


12-ാം അധ്യായത്തില്‍ ആത്മാവിന്റെ വരങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തുവിന്റെ ശരീരമായ ഒരു പ്രാദേശിക സഭയുടെ നടത്തിപ്പുമായി ബന്ധപ്പെടുത്തിയാണ് ആത്മവരങ്ങളെ ഇവിടെ വെളിപ്പെടുത്തുന്നത്. ഇന്നു പല വിശ്വാസികളും ആത്മാവിന്റെ വരങ്ങളെ, ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രാദേശിക വെളിപ്പെടുത്തലായി ഓരോ പ്രദേശത്തുമുള്ള സഭയുടെ പണിയുമായി ബന്ധപ്പെടുത്തിയല്ല കാണുന്നത്. അതിനാല്‍ അവര്‍ തെറ്റിപ്പോകുന്നു. മറ്റുള്ളവരെ നന്നായി ശുശ്രൂഷിക്കേണ്ടതിനാണ് ആത്മവരങ്ങളെ നാം വാഞ്ഛിക്കേണ്ടത് (ലൂക്കൊ. 11:5-13).

12-ാം അധ്യായത്തിന്റെ രണ്ടാം ഭാഗത്തെ (ക്രിസ്തുവിന്റെ ശരീരത്തെ) തള്ളിക്കളഞ്ഞുകൊണ്ട്, അതിന്റെ ഒന്നാം ഭാഗത്തെ (ആത്മവരങ്ങളെ) മാത്രം പ്രാധാന്യത്തോടെ കരുതുന്നവരുണ്ട്. മറ്റു ചിലര്‍ ഒന്നാം ഭാഗത്തെ ഉപേക്ഷിച്ച് രണ്ടാം ഭാഗത്തിന് പ്രാധാന്യം നല്‍കുന്നു. ഇത് ഇന്നു നമുക്കു ബാധകമല്ല എന്ന ന്യായം പറഞ്ഞു പതിനൊന്നാം അധ്യായത്തിന്റെ ഒന്നാം ഭാഗത്തെ തള്ളുകയും രണ്ടാം ഭാഗത്തെ സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു തുല്യരാണ് ഈ രണ്ടു കൂട്ടരും.

ഏതെങ്കിലും ഒരു ആത്മവരത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ച് അറിയണമെങ്കില്‍, ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രാദേശിക പതിപ്പായ ഒരു പ്രാദേശിക സഭയില്‍ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതുമായി ബന്ധപ്പെടുത്തി അതിനെ കാണേണ്ടതുണ്ട്. 12:13-ല്‍ പൗലൊസ് സാര്‍വ്വത്രിക സഭയെ (ആഗോളവ്യാപകമായ ക്രിസ്തുവിന്റെ ശരീരത്തെ) കുറിച്ചാണ് പറയുന്നത് (‘നാം എല്ലാവരും’ എന്ന പ്രയോഗം ശ്രദ്ധിക്കുക). എന്നാല്‍ 12:27-ല്‍ കൊരിന്തിലുള്ള ക്രിസ്തുവിന്റെ ശരീരമായ പ്രാദേശിക സഭയെക്കുറിച്ചാണ് പറയുന്നത് (‘നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും’ എന്ന പ്രയോഗം നോക്കുക).

ശരീരത്തിലെ വിവിധ അവയവങ്ങള്‍ പോലെയാണ്, ആത്മാവിന്റെ വരങ്ങള്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കണ്ണോ ചെവിയോ പോലെയുള്ള സുപ്രധാന അവയവങ്ങളിലൊന്നായിരിക്കാന്‍ എല്ലാവരും ആഗ്രഹിക്കരുത്. ”ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ?” (12:17). അതിനാല്‍ മറ്റൊരുവന്റെ വരം നാം ഒരിക്കലും ആഗ്രഹിക്കരുത്. ഒരുവനെ കണ്ണോ നാവോ ആയി ക്രിസ്തുവിന്റെ ശരീരത്തില്‍ ആക്കി വച്ചിരിക്കുന്നത് ദൈവമാണ്. നാവുപോലെ മറ്റുള്ളവര്‍ക്ക് ദൃശ്യമായിരിക്കുന്ന ഒരു അവയവമായിരിക്കുവാനല്ല, മറിച്ച് ഹൃദയമോ കരളോ വൃക്കയോ പോലെ കാഴ്ചയ്ക്കു മറഞ്ഞിരിക്കുവാനായിരിക്കാം നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം. എന്നാല്‍ അദൃശ്യമായിരിക്കുന്ന ഈ അവയവങ്ങളെല്ലാം അതിയായ പ്രാധാന്യമുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായി നമുക്കറിയാം. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ (ഉദാഹരണം, കാലിലെ ഉപ്പൂറ്റി) വളരെ കാഠിന്യമുള്ളവയാണ്, എന്തെന്നാല്‍ വളരെ കഠിനമായ സാഹചര്യങ്ങളെ അവയ്ക്ക് അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ മറ്റു ചിലത് (ഉദാഹരണം, കണ്ണുകള്‍) വളരെ മൃദുവും വളരെ പെട്ടെന്ന് മുറിവേല്‍ക്കപ്പെടുവാന്‍ സാധ്യതയുള്ളവയുമാണ്. കണ്ണില്‍ ഒരു ചെറിയ പൊടി വീണാല്‍ പോലും അതു നമ്മെ വല്ലാതെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ കാലില്‍ ധാരാളം പൊടി പറ്റിപ്പിടിച്ചാലും അതു നാം അറിയണമെന്നില്ല. അതുപോലെ, ചില അവയവങ്ങള്‍ വളരെ ഭംഗിയുള്ളവയും മറ്റു ചിലത് അത്രത്തോളം ഭംഗി ഇല്ലാത്തവയുമാണ്. ഭംഗിയില്ലാത്തവയെ നാം മറച്ചു വെക്കാറുണ്ട്.

അതുപോലെ സഭയിലും ചിലര്‍ വളരെ ദൃശ്യമായ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, സ്ഥിരമായി പുള്‍പിറ്റില്‍ നിന്ന് വചനം സംസാരിക്കുന്ന ഒരു പ്രസംഗകന്‍. അയാളെ നാവിനോട് നമുക്ക് ഉപമിക്കാം. എന്നാല്‍ സഭയിലുള്ള മറ്റു പലരും ഒരിക്കല്‍ പോലും പുള്‍പിറ്റില്‍ നിന്ന് ഒരു പ്രസംഗം ചെയ്തിട്ടില്ലായിരിക്കാം. അവര്‍ ഈ പ്രസംഗകനുവേണ്ടി രഹസ്യത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനക്കാരാവും. വായ്ക്ക് സംസാരിക്കുവാന്‍ കഴിയേണ്ടതിന് അതിലേക്ക് രക്തം പ്രവഹിപ്പിക്കുന്ന ഹൃദയം പോലെയാണ് അവര്‍. ഈ രണ്ട് അവയവങ്ങള്‍ക്കും തുല്യപ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. ഹൃദയം രക്തം പമ്പു ചെയ്യാതെ വായ്ക്ക് സംസാരിക്കുവാന്‍ കഴിയില്ല. എന്നാല്‍ വായ് തുറന്ന് ഭക്ഷണം അകത്തേക്ക് നല്‍കിയില്ലെങ്കില്‍ ഹൃദയത്തിന്റെ താളം നിലയ്ക്കും. അതിനാല്‍, ഹൃദയം വായെയും, വായ് ഹൃദയത്തെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതുപോലെ, നിങ്ങള്‍ക്ക് എന്തെല്ലാം വരങ്ങള്‍ ഉണ്ടെങ്കിലും, നിങ്ങള്‍ മറ്റു സഹോദരങ്ങളെയും അവര്‍ നിങ്ങളെയും ആശ്രയിച്ചാണ് ആയിരിക്കുന്നതെന്നു മനസ്സിലാക്കുക. ആ സഹോദരന്‍ അദൃശ്യമായ ഹൃദയം പോലെയും, നിങ്ങള്‍ എല്ലാവര്‍ക്കും ദൃശ്യമായ കണ്ണുകള്‍ പോലെയോ കരങ്ങള്‍ പോലെയോ ആയിരിക്കാം.

ആത്മാവിന് പല വരങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ യാതൊരു മത്സരവുമില്ല, മറിച്ച്, തികഞ്ഞ സഹകരണമാണ് ഉള്ളത്. ഒരുവന്‍ അപ്പൊസ്തലനും മറ്റൊരുവന്‍ പ്രവാചകനും ആയിരിക്കാം (12:28). ഒരുവന് അന്യഭാഷാ വരവും മറ്റൊരുവനു രോഗശാന്തി വരവും ഉണ്ടായിരിക്കാം. എല്ലാവരെയും ഒരുപോലെ ആവശ്യമാണ്. ആര്‍ക്കും മറ്റൊരുവന്റെ വരം ആവശ്യമില്ല. അതുപോലെ തന്നെ, ഒരുവന് മറ്റൊരുവനോട്, ‘എനിക്ക് നിന്നെ ആവശ്യമില്ല, എനിക്കെല്ലാം സ്വയമായി ചെയ്യുവാന്‍ കഴിയും’ എന്നു പറയുവാന്‍ സാധിക്കയില്ല (12:21).

നിങ്ങളുടെ ഇടുത കൈക്ക് വലതു കൈയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ? പ്രധാനപ്പെട്ട എഴുത്തുകള്‍ എഴുതുന്നതും ചെക്കുകള്‍ ഒപ്പിടുന്നതുമൊക്കെ വലതു കൈ ആയിരിക്കാം. അതില്‍ അസൂയപ്പെട്ടിട്ട് ഇടതുകൈ എപ്പോഴെങ്കിലും, ”ഓ, വലതു കൈയാണ് എപ്പോഴും പ്രാധാന്യമുള്ള ജോലികളെല്ലാം ചെയ്യുന്നത്. എനിക്കൊരിക്കലും പ്രാധാന്യമുള്ള ജോലികളൊന്നും ചെയ്യുവാന്‍ സാധിക്കുന്നില്ല.” എന്നു പറയാറുണ്ടോ? പിന്നീടൊരിക്കല്‍, നിങ്ങളുടെ വലതു കരത്തിന് ഒടിവേല്‍ക്കുകയും അതില്‍ പ്ലാസ്റ്ററിടുകയും ചെയ്‌തെന്നിരിക്കട്ടെ. അപ്പോള്‍ ഇടതുകരം, ”ആ ജോലികള്‍ ചെയ്യുവാന്‍ എനിക്കു കിട്ടിയ അവസരമാണിത്” എന്നു പറഞ്ഞെന്നിരിക്കട്ടെ. തുടര്‍ന്ന് ഇടതുകൈ ചെക്കില്‍ ഒപ്പിടുകയും ആ ചെക്ക് ബാങ്കില്‍ കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ അതു ബാങ്ക് സ്വീകരിക്കുകയില്ല. കാരണം അതു വലതു കൈകൊണ്ട് ഇട്ട ഒപ്പിന് തുല്യമായിരിക്കുന്നില്ല. എന്നാല്‍ ഇടതുകൈ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്താണ്? വലതുകൈക്ക് ആരോഗ്യം വീണ്ടെടുക്കുവായി തനിക്കു കഴിയുന്നതെല്ലാം ഇടതുകൈ ചെയ്തു കൊടുക്കണം. ഇപ്രകാരമാണ് ക്രിസ്തുവിന്റെ ശരീരവും പ്രവര്‍ത്തിക്കേണ്ടത്. മറ്റൊരു സഹോദരന്‍ നിങ്ങളെക്കാള്‍ വരപ്രാപ്തനാണെന്നു കണ്ടാല്‍, അയാളുടെ ശുശ്രൂഷയെ അനുകരിക്കുവാന്‍ നിങ്ങള്‍ എത്ര പരിശ്രമിച്ചാലും സാധിക്കയില്ല. എന്തുകൊണ്ടെന്നാല്‍ അയാള്‍ക്ക് ആ വരം നല്‍കിയത് ദൈവമാണ്. ചെക്കുകള്‍ ഒപ്പിടുവാന്‍ ശരീരത്തില്‍ ഒരു അവയവം (വലതുകൈ) മാത്രം മതി. സഭയില്‍ അസൂയയും മത്സരവും ഉണ്ടാകുവാനുള്ള ഒരു കാരണം, വിശ്വാസികള്‍ ശരിയായ നിലയില്‍ ക്രിസ്തുവിന്റെ ശരീരത്തെ മനസ്സിലാക്കിയിട്ടില്ല എന്നുള്ളതാണ്.

ആളുകള്‍ പലപ്പോഴും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ”സഹോദരന്‍ സാക്, താങ്കള്‍ എന്തുകൊണ്ടാണ് എപ്പോഴും വിശുദ്ധിയെക്കുറിച്ചും ശരീരത്തിന്റെ സമതുലിതമായ സ്ഥിതിയെക്കുറിച്ചും പറയുന്നത്?” ഇതിന് മറുപടിയായി ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ”എന്തുകൊണ്ടാണ് വൃക്കകള്‍ എപ്പോഴും രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ രാസസംതുലനം ക്രമീകരിക്കുകയും ചെയ്യുന്നത്?” കാരണം എന്തെന്നാല്‍, ദൈവം അതിന് നല്‍കിയിട്ടുള്ള ശുശ്രൂഷ അതാണ്. അതുകൊണ്ട് എല്ലാം തികഞ്ഞുവെന്നല്ല, എന്നാല്‍ അതൊരു പ്രധാന ശുശ്രൂഷയാണ്. നിങ്ങളുടെ വൃക്കകള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിങ്ങളുടെ ശരീരത്തിന്റെ താളം തെറ്റും. എന്നാല്‍ കൈകളും വായും ഇല്ലാതെ വൃക്കകള്‍ക്കും സ്വയമായി നിലനില്‍പ്പില്ല. നമുക്ക് തമ്മില്‍ തമ്മില്‍ ബന്ധമുണ്ട്. ഒരു പിടി ചോറ് എടുത്ത് വായില്‍ വയ്ക്കുന്ന പ്രവൃത്തിയോട് സുവിശേഷീകരണത്തെ നമുക്ക് ഉപമിക്കാം. അതായത്, ഒരു അവിശ്വാസിയെ ക്രിസ്തുവിന്റെ ശരീരവുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണത്. എന്നാല്‍ അതുമാത്രം മതിയോ? പോരാ. സുവിശേഷീകരണത്തിനു ശേഷം (ഒരു അവിശ്വാസിയെ ക്രിസ്തുവിന്റെ ശരീരത്തില്‍ എത്തിച്ചതിനു ശേഷം), മറ്റൊരുവന്‍ തുടര്‍ പ്രവൃത്തി ഏറ്റെടുക്കേണ്ടതുണ്ട്. ആ അവിശ്വാസിയെ നുറുക്കത്തിലേക്കും താഴ്മയിലേക്കും നടത്തി, ക്രിസ്തുവിന്റെ ശരീരത്തില്‍ അവന്‍ നിര്‍വ്വഹിക്കേണ്ട വേലയ്ക്കായി അവനെ പ്രാപ്തനാക്കണം. ഭക്ഷണം ആമാശയത്തില്‍ എത്തിച്ചേരുമ്പോള്‍ അതിലേക്ക് ദഹനരസങ്ങള്‍ ചേര്‍ത്ത് അതിനെ ദഹിപ്പിച്ച് ഒടുവില്‍ അതിനെ രക്തത്തിന്റെയും മാംസത്തിന്റെയും എല്ലുകളുടെയും ഭാഗമാക്കി മാറ്റുന്ന ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയുണ്ട്. ഇതുപോലെ തന്നെയാണ് ഒരു അവിശ്വാസി ക്രിസ്തുവിന്റെ ശരീരത്തിലെ സജീവ ഘടകമായി മാറുന്നത്.

എന്നാല്‍ നാം കഴിച്ച ചോറ്, വായിലോ ആമാശയത്തിലോ ദഹിക്കാതെ അതേപടി കിടന്നാല്‍ എന്തു സംഭവിക്കും? കുറച്ചു സമയത്തിനു ശേഷം അത് ഛര്‍ദ്ദിച്ച് പുറത്തു കളയുകയേ വഴിയുള്ളു. അതിനാല്‍ സുവിശേഷകന്‍, ആ പുതിയ വിശ്വാസിയെ ഒരു ഉപദേഷ്ടാവിനും പ്രവാചകനും ഇടയനും കൈമാറേണ്ടതായുണ്ട് (എഫെ. 4:11). ഇതില്‍ ഏതു ശുശ്രൂഷയാണ് ഏറ്റവും ആവശ്യമായത്? എല്ലാ വരങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് ഉള്ളതെങ്കിലും, അപ്പൊസ്തലന്‍, പ്രവാചകന്‍, ഉപദേഷ്ടാവ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കാണുന്നത്. ഇത്തരത്തിലുള്ള ഒരു ക്രമം വരങ്ങളോടുള്ള ബന്ധത്തില്‍ കാണാം. അതിനാല്‍ മറ്റൊരുവന്റെ ശുശ്രൂഷയെ ഏറ്റെടുക്കുവാന്‍ നാം തയ്യാറാവരുത്. അതിനു പകരം അവരുമായി സഹകരിച്ചു പോകുക. ഈ സത്യം ഒരിക്കല്‍ നിങ്ങള്‍ കണ്ടെത്തിയാല്‍, അതു നിങ്ങളെ (എന്നെ വിടുവിച്ചതുപോലെ) എല്ലാ അസൂയയില്‍ നിന്നും, മത്സരങ്ങളില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും വിടുവിക്കും.

പന്ത്രണ്ടും പതിനാലും അദ്ധ്യായങ്ങള്‍ ആത്മാവിന്റെ വരങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അതിനു നടുവിലാണ് പതിമൂന്നാം അദ്ധ്യായം നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. ആത്മവരങ്ങളെ അവഗണിക്കുന്ന പലവിശ്വാസികളും പതിമൂന്നാം അദ്ധ്യായത്തെക്കുറിച്ച് വളരെയധികം സംസാരിക്കാറുണ്ട്. ഇക്കൂട്ടര്‍ പതിനൊന്നില്‍ നിന്ന് പതിമൂന്നിലേക്കും തുടര്‍ന്ന് പതിനഞ്ചിലേക്കുമാണ് പോകാറുള്ളത്. അവര്‍ ആത്മവരങ്ങളെ തള്ളിക്കളയുന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നത്.

ആത്മവരങ്ങളെ അതിശ്രേഷ്ഠമായ വിധത്തില്‍ ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പൗലൊസ് പതിമൂന്നാം അദ്ധ്യായം എഴുതിയത് (12:31). ഇന്‍സുലേഷന്‍ ഇല്ലാത്ത വൈദ്യുതകമ്പി കൈകാര്യം ചെയ്യുന്നതുപോലെയാണ് സ്‌നേഹമില്ലാതെ വരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അത് നമ്മെ നശിപ്പിക്കും. ആത്മവരങ്ങള്‍ സ്‌നേഹമില്ലാതെ ഉപയോഗിച്ചാല്‍, അത് ഉപയോഗിക്കുന്നവനെയും മറ്റുള്ളവരെയും ആത്മീയമായി മരണത്തിലേക്ക് തള്ളിവിടും.

ആത്മവരങ്ങളാല്‍ നിറഞ്ഞിരിക്കുന്നവര്‍ ഇന്ന് ചെയ്യേണ്ട ഏറ്റവും വലിയ ഒരു കാര്യം പതിമൂന്നാം അദ്ധ്യായം തുടര്‍ച്ചയായി ധ്യാനിക്കുകയാണ്. വീര്യപ്രവൃത്തികള്‍, രോഗസൗഖ്യം, പ്രവചനം, ഭാഷാവരം തുടങ്ങിയ അമാനുഷിക വരങ്ങളും എല്ലാം ത്യജിക്കുവാനുള്ള സന്നദ്ധതയും ബൈബിള്‍ പാണ്ഡിത്യവുമൊക്കെ ഉണ്ടെങ്കിലും, ഇവയെല്ലാം സ്‌നേഹത്തില്‍ നിന്നും ഉളവായില്ലെങ്കില്‍, ദൈവവേലയില്‍ നിങ്ങള്‍ ഒന്നുമല്ലാതായിത്തീരുവാനിടയുണ്ട്. സ്‌നേഹം നമ്മെ വിനയമുള്ളവരും ക്ഷമാശീലരും കരുതുന്നവരും നിസ്വാര്‍ത്ഥരും ദയയുള്ളവരും ആക്കിത്തീര്‍ക്കും (13:4-7). എല്ലാത്തിനുമുള്ള ഉത്തരം എന്റെ പക്കല്‍ ഇല്ല എന്ന് ഏറ്റുപറയുവാന്‍ അതു നമ്മെ സഹായിക്കും (13:12). ആത്മവരങ്ങളെ ഉപയോഗിക്കുമ്പോള്‍ ഈ ഗുണങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാകാത്തവര്‍ യഥാര്‍ത്ഥത്തില്‍ ശിശുക്കളും പക്വതയില്ലാത്തവരുമാണ് (13:11). ആത്മവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാമത്തെ പാഠം തന്നെ അവര്‍ക്കറിയില്ല. ഇന്ന്, ആത്മാവിന്റെ അഭിഷേകം പ്രാപിച്ചവരെന്ന് അവകാശപ്പെടുന്ന മിക്കവിശ്വാസികളുടെയും സ്ഥിതി ഇതാണ്.

പതിനാലാം അദ്ധ്യായത്തില്‍ അന്യഭാഷാവരവും പ്രവചനവരവും സഭയില്‍ എങ്ങനെ വ്യാപാരം ചെയ്യണമെന്ന് വിശദീകരിക്കുന്നു. 14:5-ല്‍ പൗലൊസ് പറയുകയാണ്: ”നിങ്ങളെല്ലാവരും അന്യഭാഷകളില്‍ സംസാരിക്കണം എന്നു… ഞാന്‍ ഇച്ഛിക്കുന്നു.” എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കണം എന്നല്ല ഇതിന്നര്‍ത്ഥം. 7:8-ല്‍ ‘എല്ലാവരും എന്നെപ്പോലെ (അവിവാഹിതനായി) പാര്‍ക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയുന്നു’ എന്ന് കാണുന്നുണ്ട്. അതിനര്‍ത്ഥം എല്ലാവരും അവിവാഹിതരായിരിക്കണം എന്നല്ലല്ലോ. 14:5 ഉയര്‍ത്തിപ്പിടിക്കുന്ന പലരും അതിനെ 7:8 വാക്യവുമായി താരതമ്യം ചെയ്യാറില്ല. ഈ രണ്ടു വാക്യങ്ങളിലും പൗലൊസ് തന്റെ സ്വന്തം താത്പര്യം വെളിപ്പെടുത്തുകയാണ്. താന്‍ ദൈവത്തില്‍ നിന്ന് ഒരു കല്പന നല്‍കുകയല്ല ചെയ്യുന്നത്. എന്നാല്‍, എല്ലാ വിശ്വാസികളും അവിവാഹിതരായിരിക്കുവാനല്ല വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് പൗലൊസിന് അറിയാമായിരുന്നു. അതുപോലെതന്നെ, മിക്കവിശ്വാസികളും അന്യഭാഷകളില്‍ സംസാരിക്കില്ല എന്നും തനിക്കറിയാമായിരുന്നു. വാക്യം 14:5 ല്‍ നിന്ന് കൊരിന്തിലെ എല്ലാ വിശ്വാസികളും അന്യഭാഷകളില്‍ സംസാരിച്ചിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും. അന്യഭാഷകളില്‍ സംസാരിക്കുവാനുള്ള ഒരുതരം മാനസിക സമ്മര്‍ദ്ദം വിശ്വാസികളില്‍ ചെലുത്തുമ്പോള്‍, ‘അന്യഭാഷക്കാരുടെ കൂട്ടത്തെ’ പ്രസാദിപ്പിക്കുവാന്‍ അവര്‍ സ്വയം ‘അന്യഭാഷകള്‍’ പുറപ്പെടുവിക്കും. ഇന്നത്തെ മിക്ക ‘അന്യഭാഷകളും’ ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. ശരിയായ അന്യഭാഷാഭാഷണം ഒരുവനെ ഭക്തിയോടെയുള്ള ഒരു ജീവിതത്തിലേക്ക് നയിക്കുമ്പോള്‍, ഇത്തരക്കാരില്‍ അതുണ്ടാവില്ല എന്നുള്ളതാണ് ഇത് വ്യാജമാണെന്നുള്ളതിന്റെ തെളിവ് (14:4).

എന്നാല്‍ 14:39-ല്‍ ”അന്യഭാഷകളില്‍ സംസാരിക്കുന്നതു വിലക്കുകയുമരുത്” എന്ന് വ്യക്തമായി കല്പിച്ചിട്ടുണ്ട്. ഇന്ന് ക്രിസ്ത്രീയലോകത്തില്‍ ഇതിനോടുള്ള ബന്ധത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാമത്തെ കൂട്ടര്‍. എല്ലാ ക്രിസ്ത്യാനികളും അന്യഭാഷകളില്‍ സംസാരിക്കണമെന്ന് നിര്‍ബ്ബന്ധിക്കുന്നവരാണ്. ഇവര്‍ 14:5, 12:30 (”എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?”) എന്നീ വാക്യങ്ങള്‍ക്ക് എതിരായി നിലകൊള്ളുന്നു. മറ്റേക്കൂട്ടര്‍ ആരും അന്യഭാഷകളില്‍ സംസാരിക്കുവാന്‍ പാടില്ല എന്ന് പറയുന്നവരാണ്. ഇവര്‍ 14:39 നെ ലംഘിക്കുകയാണ്. ഇപ്രകാരം ഈ രണ്ടുകൂട്ടരും വചനത്തിന് വിരുദ്ധമായി നീങ്ങുന്നു.

കൂടാതെ, അന്യഭാഷകളില്‍ സംസാരിക്കുന്നതിനുള്ള വരമെന്നത് പെന്തെക്കോസ്തു നാളില്‍ അപ്പൊസ്തലന്മാര്‍ സംസാരിച്ചതില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും 14-ാം അദ്ധ്യായം വെളിപ്പെടുത്തുന്നു. പെന്തെക്കോസ്തു നാളില്‍, വ്യാഖ്യാന വരത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അപ്പൊസ്തലന്മാര്‍ അന്യഭാഷകളില്‍ സംസാരിച്ചപ്പോള്‍ പ്രത്യേകിച്ച് ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാതെ എല്ലാവര്‍ക്കും അത് ഗ്രഹിക്കുവാനായി. ഇത്, അപ്പൊസ്തലന്മാരുടെ സംസാരത്തിലോ, കേള്‍വിക്കാരുടെ ശ്രവണത്തിലോ ഉണ്ടായ ഒരു അത്ഭുതമായിരിക്കാം. എന്നാല്‍ 14:5ല്‍, അന്യഭാഷകളില്‍ സംസാരിക്കുമ്പോള്‍ സഭയുടെ ആത്മീയവര്‍ദ്ധനയ്ക്കായി അതു വ്യാഖ്യാനിക്കണം എന്ന് കാണുന്നു. വ്യാഖ്യാനി ഇല്ലെങ്കില്‍ അന്യഭാഷകളില്‍ സംസാരിക്കുന്നവര്‍ വ്യാഖ്യാനവരത്തിനായി പ്രാര്‍ത്ഥിക്കണം, അല്ലാത്തപക്ഷം അയാള്‍ സഭയില്‍ മിണ്ടാതിരിക്കണം (14:13). പെന്തെക്കോസ്തു ദിവസം, കേള്‍വിക്കാര്‍ക്ക് സ്വയമായി മനസ്സിലാവുന്ന നിലയില്‍ വിവിധ ഭാഷകളിലായിരുന്നു ‘അന്യഭാഷാ ഭാഷണം’ സംഭവിച്ചത്. എന്നാല്‍ ഇവിടെ 14-ാം അദ്ധ്യായത്തില്‍, (ബുദ്ധിയെ ഒഴിവാക്കി) ഹൃദയത്തില്‍ നിന്നുള്ള ഒരു കവിഞ്ഞൊഴുക്കായാണ് അന്യഭാഷകളെ കാണുന്നത്. അതൊരു പ്രാര്‍ത്ഥനയോ, ഉപദേശമോ, ഉത്സാഹിപ്പിക്കുന്ന ഒരു സന്ദേശമോ (14:6) ആകാം. കൂടാതെ, വ്യാഖ്യാനമെന്നത് തര്‍ജ്ജമയായി കണക്കാക്കുവാന്‍ കഴിയില്ല. തര്‍ജ്ജമ എന്നത് വാക്കിനു വാക്കായി കണക്കാക്കാം. എന്നാല്‍ വ്യാഖ്യാനമെന്നത് ചിന്തയ്ക്കു ചിന്തയാണ്. അതിനാലാണ് രണ്ടുവ്യക്തികള്‍ ഒരേ കാര്യം അന്യഭാഷകളില്‍ നിന്ന് വ്യാഖ്യാനിക്കുമ്പോള്‍ ഒരേ ആശയമെങ്കിലും രണ്ടുപേരും ഉപയോഗിക്കുന്നത് അവരുടെ സ്വന്തം വാക്കുകളാകുന്നത്. ഒരു സഭായോഗത്തില്‍ പരമാവധി രണ്ടോ മൂന്നോ പേര്‍ക്കു മാത്രമാണ് അന്യഭാഷകളില്‍ സംസാരിക്കുവാന്‍ അനുവാദം കൊടുത്തിട്ടുള്ളത്. ഓരോരുത്തരായി സംസാരിക്കുകയും മറ്റൊരുവന്‍ വ്യാഖ്യാനിക്കുകയും ചെയ്യണം (14:27). ഒരു സഭയില്‍ ആളുകള്‍ കൂട്ടമായി അന്യഭാഷകളില്‍ സംസാരിക്കുകയും അതിന് വ്യാഖ്യാനം നല്‍കാതിരിക്കുകയും ചെയ്യുന്നത് ദൈവവചനത്തോടുള്ള അനുസരണക്കേടാണ്. അങ്ങനെ ചെയ്യുന്ന ഒരു സഭയെ ഞാന്‍ ഒട്ടും ബഹുമാനിക്കുന്നില്ല. പെന്തെക്കോസ്തു- കാരിസ്മാറ്റിക്ക് സഭകളില്‍ ഇന്നുനടക്കുന്ന പല കാര്യങ്ങളും വചനത്തിന് നേരേ വിപരീതമാണ്. അവയില്‍ പലതും പഴയതലമുറകളില്‍ നിന്നും കൈമാറി വന്നിരിക്കുന്ന പാരമ്പര്യങ്ങള്‍ മാത്രമാണ്. ചില സഭകള്‍ അന്യഭാഷാ ഭാഷണത്തെ വിലക്കുമ്പോള്‍ മറ്റുള്ള സഭകള്‍ പാരമ്പര്യങ്ങളെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്. ഇവ രണ്ടും നാം ഒഴിവാക്കുകയും വചനത്തെ പിന്‍പറ്റുകയുമാണ് വേണ്ടത്.

14-ാം അദ്ധ്യായത്തില്‍, സഭാ കൂടിവരവില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള വരം പ്രവചനമാണെന്ന് പറഞ്ഞിരിക്കുന്നു. പ്രവചനമെന്നത് അടിസ്ഥാനപരമായി ഭാവിപറച്ചിലല്ല. തിരുവചനത്തിലുടനീളം ഓരോ പ്രവാചകന്റെയും സന്ദേശങ്ങളുടെ സാരമെന്നത് മാനസാന്തരവും വിശുദ്ധീകരണവുമായിരുന്നു. ഏറ്റവും വലിയ പഴയനിയമ പ്രവാചകന്മാരായ ഏലിയാവും യോഹന്നാന്‍ സ്‌നാപകനുമൊന്നും ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ ദൈവജനത്തെ മാനസാന്തരത്തിലേക്ക് നടത്തി. പഴയനിയമത്തിലായാലും പുതിയനിയമത്തിലായാലും ഭാവി മുന്‍കൂട്ടിപ്പറയുന്നത് വളരെ ചുരുക്കമായേ കാണുന്നുള്ളൂ. പുതിയനിയമത്തിലെ പ്രവചനങ്ങള്‍ പ്രധാനമായും ആളുകളുടെ ആത്മികവര്‍ദ്ധനയ്ക്കും ആശ്വാസത്തിനും പ്രബോധനത്തിനുമായി അവരോട് സംസാരിക്കുന്ന വചനങ്ങളാണ് (14:3) സഭായോഗങ്ങളില്‍ തുടക്കത്തില്‍ രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുക. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യത്തോടെ പ്രവചിക്കുവാന്‍ അവസരമുണ്ട് (14:29, 31).

അദ്ധ്യായം 15-ല്‍ പുനരുത്ഥാനം എന്ന വിഷയമാണ് വിശദമാക്കിയിരിക്കുന്നത്. മരിച്ചവരുടെ പുനരുത്ഥാനം തീര്‍ച്ചയായും സംഭവിക്കുമെന്ന് പൗലൊസ് കൊരിന്തിലെ വിശ്വാസികളെ വിശദമായി പഠിപ്പിക്കുന്നു. ദൈവിക ന്യായവിധിയെ നേരിടുവാനായി, ഭൂമിയില്‍ ജീവിച്ച ഓരോ മനുഷ്യന്റെയും ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പുനരുത്ഥാന ദിവസത്തില്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ദൈവരാജ്യത്തില്‍ പ്രതിഫലങ്ങള്‍ ലഭിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഒരേ തേജസ്സായിരിക്കയില്ല ലഭിക്കുന്നത്. ”സൂര്യന്റെ തേജസ്സുവേറെ, ചന്ദ്രന്റെ തേജസ്സുവേറെ, നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ: മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ.” (15:41,42). ഭൂമിയില്‍ കൂടുതല്‍ വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചവര്‍, കൂടുതല്‍ പ്രകാശമുള്ള നക്ഷത്രങ്ങളെപ്പോലെ നിത്യത മുഴുവനും ശോഭിക്കും. വിശ്വസ്തതയില്‍ കുറവുള്ളവര്‍ തേജസ്സു കുറഞ്ഞ നക്ഷത്രങ്ങളെപ്പോലെ ആയിരിക്കും. അതിനാല്‍ പൗലൊസ് നമ്മോട് പറയുകയാണ്, ”ആകയാല്‍ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്‌നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍”(15:58).

പതിനാറാം അധ്യായത്തില്‍ പൗലൊസ് തന്റെ സഹശുശ്രൂഷകന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തെക്കുറിച്ച് കാണുന്നു. 16:12-ല്‍ ദൈവവചനം പ്രസംഗിക്കുവാന്‍ കൊരിന്തിലേക്ക് പോകുവാന്‍ പൗലൊസ് അപ്പൊല്ലോസിനോട് പറഞ്ഞതായി കാണുന്നു. എന്നാല്‍ അപ്പൊല്ലോസിന് ആത്മാവില്‍ ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടില്ല. അതിനാല്‍ അപ്പൊല്ലോസിനോട് ആത്മാവ് സ്വാതന്ത്ര്യം നല്‍കുന്നിടത്തേക്ക് പോകുവാന്‍ പൗലൊസ് പറഞ്ഞു. ക്രിസ്തുവിന്റെ ശരീരത്തില്‍ നാം പരസ്പരം നല്‍കേണ്ട സ്വാതന്ത്ര്യത്തിനുള്ള ഉത്തമമാതൃകയാണിത്. അപ്പൊസ്‌തോലിക അധികാരമുള്ളപ്പോള്‍ തന്നെ ഇപ്രകാരം ചെയ്യേണ്ടതുണ്ട്. ഒരു തരത്തിലുള്ള നിര്‍ബന്ധവും ഉണ്ടാകുവാന്‍ പാടില്ല.

”നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ ചെയ്യുവിന്‍”(16:14) എന്ന് ഒടുവിലായി പൗലൊസ് എല്ലാവരോടുമായി പറഞ്ഞിരിക്കുന്നു. ആ വചനം അനുസരിച്ചാല്‍ നാം തെറ്റിപ്പോകയില്ല. ഇപ്രകാരമാണ് നമുക്കോരോരുത്തര്‍ക്കും പ്രാദേശിക സഭയുടെ പണിയില്‍ പങ്കാളികളാകുവാന്‍ സാധിക്കുന്നത്.