ബൈബിളിലൂടെ : 2 കൊരിന്ത്യര്‍

നിക്ഷേപം മണ്‍പാത്രത്തില്‍


ഏതൊരു സഭയുടെ ശുശ്രൂഷയും വലിയൊരളവു വരെ അതിന്റെ നേതാവിന്റെ ജീവിതത്തില്‍ ദൈവം ചെയ്യുന്ന പ്രവൃത്തിയെ ആശ്രയിച്ചാണിരിക്കുന്നത്. വെളിപ്പാട് പുസ്തകം 2,3 അദ്ധ്യായങ്ങളില്‍, ഒരു നേതാവ് പിന്മാറ്റത്തിലായാല്‍ സഭയും പിന്മാറ്റത്തിലായിരിക്കും എന്ന കാര്യം നാം വളരെ വ്യക്തമായി കാണുന്നുണ്ട്. നേതാവ് വിശ്വസ്തനാണെങ്കില്‍ സഭയും വിശ്വസ്തയായിരിക്കും. ഒരു വിശ്വാസിയെന്ന നിലയില്‍ കഴിഞ്ഞ 50 വര്‍ഷക്കാലം ഞാന്‍ കടന്നുപോയ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള സഭകളിലെല്ലാം ഇതു സത്യമാണെന്നു ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. നേതാവ് ഒരു ഒത്തുതീര്‍പ്പുകാരനാണെങ്കില്‍ സഭയും ഒത്തുതീര്‍പ്പുള്ളതായിരിക്കും. നേതാവ് ദൈവഭക്തനായ ഒരുവനാണെങ്കില്‍ ആ സഭയും പൊതുവെ ദൈവത്തോടു ചേര്‍ന്നു നടക്കുന്നതായിരിക്കും. കാരണം അങ്ങനെയുള്ള സഭകളില്‍ ദൈവികനല്ലാത്തവന്‍ അല്പകാലം കഴിയുമ്പോള്‍ ഏതെങ്കിലും കാര്യത്തില്‍ പ്രതിഷേധിച്ചു സഭ വിട്ടുപോകും. അങ്ങനെ ദൈവികമായൊരു ശേഷിപ്പ് നിലനില്ക്കും.


കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം ഒരു പട്ടണത്തിലെ പ്രാദേശിക സഭയെ സംബന്ധിച്ചുള്ളതാണ്. കൊരിന്ത്യര്‍ക്കുള്ള രണ്ടാം ലേഖനം ഒരു പ്രാദേശിക സഭയെ നയിക്കുന്ന നേതാവിന്റെ ആന്തരിക ജീവിതം സംബന്ധിച്ചുള്ളതാണ്. 1 കൊരിന്ത്യര്‍ ആത്മീയ വരങ്ങളെക്കുറിച്ചും, സഭായോഗം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചും അപ്പം നുറുക്കലിനെക്കുറിച്ചും സഭയിലെ അച്ചടക്കത്തെക്കുറിച്ചും അങ്ങനെയുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചും പറയുന്നു. സഭയെ നയിക്കുവാന്‍ ദൈവം ഒരു മനുഷ്യനെ എങ്ങനെയൊരുക്കുന്നു എന്നാണ് 2 കൊരിന്ത്യരില്‍ പറയുന്നത്. പൗലൊസ് തന്റെ ആന്തരിക ജീവിതത്തെക്കുറിച്ചു മറ്റേതൊരു ലേഖനത്തിലുമുള്ളതിനേക്കാള്‍ വെളിപ്പെടുത്തുന്നത് 2 കൊരിന്ത്യരിലാണ്.

അപ്പൊസ്തല പ്രവൃത്തികളില്‍ നാം വായിക്കുന്നത് ഒരു അപ്പൊസ്തലനെന്ന നിലയില്‍ പൗലൊസ് നിവര്‍ത്തിച്ച കാര്യങ്ങളെ സംബന്ധിച്ചാണ്. എന്നാല്‍ 2 കൊരിന്ത്യരില്‍ നാം വായിക്കുന്നത്, അദ്ദേഹത്തെ ഒരു ദൈവമനുഷ്യനാക്കുവാന്‍ ദൈവം അനുവദിച്ച വഴികളെ സംബന്ധിച്ചുള്ളതാണ്. ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ ദൈവം ഒരു മനുഷ്യനെ തന്റെ വേലയ്ക്കായി ഒരുക്കുന്നത് എങ്ങനെയെന്നു കാണുവാന്‍ 2 കൊരിന്ത്യര്‍ ധ്യാനിക്കേണ്ടതുണ്ട്. ആന്തരിക ജീവിതത്തിലെ ദൈവത്തോടു കൂടിയുള്ള നടപ്പിന്റെ ഫലമായിട്ടാണ് പൗലൊസിന്റെ ശുശ്രൂഷ ഫലപ്രദമായത്. അല്ലാതെ അദ്ദേഹത്തിനു ദൈവം ധാരാളം വരങ്ങള്‍ നല്‍കിയതുകൊണ്ടല്ല. ഒരു മണ്‍പാത്രം ഒട്ടും ആകര്‍ഷകമല്ല. എന്നാല്‍ അതില്‍ വെള്ളമുണ്ടെങ്കില്‍ ദാഹിച്ചിരിക്കുന്ന ഒരുവന് അത് ഒരു സ്വര്‍ണ്ണപാത്രത്തേക്കാള്‍ തൃപ്തി നല്‍കുന്നതായിരിക്കും. ചില വരങ്ങള്‍ കാഴ്ചയ്ക്കു സ്വര്‍ണ്ണപാത്രംപോലെ ഗംഭീരമാണ്. എന്നാല്‍ മറ്റുചിലത് മണ്‍പാത്രം പോലെ സാധാരണമാണ്. എന്താണ് പാത്രത്തിന്റെ ഉള്ളിലുള്ളതെന്നതാണു പ്രധാനം. അതിനാല്‍ ഒരു ആത്മീയ വരമുണ്ടെന്നുള്ളതുകൊണ്ടു മാത്രമായില്ല. തീര്‍ച്ചയായും ആത്മീയ വരങ്ങള്‍ വേണം. എന്നാല്‍ ഈ വരങ്ങളോടു കൂടിയുള്ള നമ്മുടെ ആന്തരിക ജീവിതമാണ് മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കേണ്ടത്.

1 കൊരിന്ത്യരില്‍ വരങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തിട്ടുള്ളത്. എന്നാല്‍ 2 കൊരിന്ത്യരില്‍ പാത്രത്തിനാണ് ഊന്നല്‍.


പീഡനങ്ങളിലൂടെ ലഭ്യമാകുന്ന ശുശ്രൂഷ

2 കൊരിന്ത്യര്‍ 1: 1-8 വരെയുള്ള വാക്യങ്ങളില്‍ പൗലൊസിന് ഈ ശുശ്രൂഷ എങ്ങനെ ലഭിച്ചു എന്നു നാം കാണുന്നു. ദൈവം അവനെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്തു എന്നതുകൊണ്ടു മാത്രമല്ലത്. പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിച്ച പലരില്‍ നിന്നും ജീവജലത്തിന്റെ നദികള്‍ ഒഴുകുന്ന തരത്തിലുള്ള ഒരു ശുശ്രൂഷയല്ല കാണുന്നത്. കാരണം അവര്‍ 2 കൊരിന്ത്യര്‍ മനസ്സിലാക്കിയിട്ടില്ല. അവരുടെ ആന്തരിക ജീവിതത്തെ നുറുക്കുന്ന ഒരു പ്രവൃത്തി ചെയ്യുവാന്‍ അവര്‍ ദൈവത്തെ അനുവദിച്ചിട്ടില്ല. പാറയെ അടിച്ചപ്പോഴാണ് നദിപോലെ വെള്ളം ഒഴുകി തുടങ്ങിയത്.

2 കൊരിന്ത്യര്‍ 1:3, 4ല്‍ പൗലൊസിന് ഈ ശുശ്രൂഷ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് കാണാം. ഇവിടെ അദ്ദേഹം ”ആശ്വാസം” എന്ന് വാക്കു ”ശക്തി” എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ വാക്യങ്ങള്‍ ഇങ്ങനെ വായിക്കാം. ”മനസ്സലിവുള്ള പിതാവും സര്‍വ്വശക്തിയുടെയും ദൈവവുമായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍. തങ്ങളുടെ സകല കഷ്ടതകളിലും അവിടുന്നു ഞങ്ങളെ ശക്തരാക്കുന്നു. അങ്ങനെ ദൈവത്തില്‍ നിന്നു ലഭിച്ച ശക്തിയാല്‍ ഏതു കഷ്ടതയിലും സഹായിപ്പാന്‍ ഞങ്ങള്‍ പ്രാപ്തരായിരിക്കുന്നു.” പലവിധ ശോധനകൡൂടെയും കഷ്ടതയിലൂടെയും കടന്നുപോകുന്ന അനേകം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കണമെങ്കില്‍ നാം ആദ്യം പലവിധ ശോധനകളിലൂടെയും കഷ്ടതകളിലൂടെയും കടന്നു പോകേണ്ടതുണ്ട്. ദൈവം തന്ന നമ്മുടെ ശക്തിയും പ്രോത്സാഹനവും ജയവും അവരോടു പങ്കുവയ്ക്കണം. ഇതാണ് പുതിയ നിയമ ശുശ്രൂഷ.

ഒരുവന്‍ ക്രിസ്തീയ പുസ്തകങ്ങള്‍ പഠിച്ചും ടേപ്പുകള്‍ കേട്ടും തയ്യാറാക്കുന്ന പ്രസംഗങ്ങളിലൂടെ ഉണ്ടാകുന്നതല്ല പുതിയനിയമ ശുശ്രൂഷ. അവന്‍ പല കഷ്ടതകളിലൂടെ രഹസ്യമായി കടന്നു പോകേണ്ടതുണ്ട്. എല്ലാ കാര്യത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് യേശു. അവിടുന്നു നമുക്കൊരു മുന്‍ഗാമിയാണ്. കാരണം അവിടുന്ന് എല്ലാ പരീക്ഷകളേയും നേരിട്ട് ജയിച്ചു. അതിനാല്‍ എന്നെ അനുഗമിക്കുക എന്ന് യേശുവിനു പറയുവാന്‍ കഴിയും. നാം ഇപ്പോള്‍ നമുക്കു ചുറ്റുമുള്ളവര്‍ക്കു മുന്‍ഗാമികളാകണം. അതിനുശേഷം അവരോട് പറയണം: ”ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുഗമിക്കുവിന്‍” (1കൊരി. 11:1).

പരിശുദ്ധാത്മ വരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പൗലൊസ് തന്റെ ജീവിതത്തില്‍ പലവിധ ശോധനകളിലൂടെയും കഷ്ടതകളിലൂടെയും കടന്നു പോയിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു ശുശ്രൂഷ ഉണ്ടാകുമായിരുന്നില്ല. വേദപുസ്തകം പഠിച്ചാല്‍ മാത്രം പോരാ, പരിശുദ്ധാത്മ അഭിഷേകവും കൂടി വേണമെന്നു പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഞാന്‍ പറയട്ടെ. ”ഇതും രണ്ടും മാത്രം പോരാ, നാം പലവിധ ശോധനകളിലൂടെ കടന്നുപോവുകയും ദൈവത്തില്‍ നിന്നുള്ള സഹായത്താല്‍ അവയെല്ലാം ജയിക്കുകയും വേണം.” അങ്ങനെ നാം ദൈവത്തിനായുള്ള പുതിയനിയമ ദാസന്മാരായി തീരും. ദൈവത്തിന്റെ മനസ്സറിയുന്നതിനും ദൈവവചനം പഠിക്കുന്നതിനും നാം മണിക്കൂറുകള്‍ ചെലവഴിക്കേണ്ടതുണ്ട്. പരിശുദ്ധാത്മ വരങ്ങള്‍ക്കായി ദൈവത്തോട് നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അപ്പോള്‍ ദൈവം നമ്മെ ശോധനയെന്ന പാലത്തിലൂടെ കടത്തി വിടും. അങ്ങനെ അവിടുന്നു ഫലപ്രദമായ ഒരു ശുശ്രൂഷ നമുക്കു നല്‍കുകയും ചെയ്യും.

”ക്രിസ്തുവിന്റെ കഷ്ടതകള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുന്നതുപോലെ തന്നെ ക്രിസ്തുവിലൂടെ ലഭിക്കുന്ന ആശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധിയുള്ളവരായിത്തീര്‍ന്നു” (1:5). മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയുമാറ് നമുക്കെങ്ങനെ ശക്തരാകാം എന്നതാണ് പൗലൊസ് ഇവിടെ പറയുന്നത്. മതാപിതാക്കളും ബന്ധുജനങ്ങളും തള്ളിക്കളയുകയും മറ്റ് പലരും പുച്ഛിക്കുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേ ണ്ടി വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയും രോഗങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നേക്കാം.

ആരോഗ്യം ദൈവത്തിന്റെ നല്ലൊരു ദാനമാണ്. എന്നാല്‍ അത് ദൈവത്തെ സേവിക്കുന്നതിനു വളരെ ആവശ്യമുള്ള ഒന്നല്ല. പൗലൊസിനു എന്തോ രോഗമുണ്ടായിരുന്നു. അദ്ദേഹമതിനെ ”ജഡത്തിലെ ശുലം” എന്നാണു വിളിക്കുന്നത്. ദൈവത്തിന് അത് എടുത്തു കളയാമായിരുന്നു. എങ്കിലും അവിടുന്ന് അതു ചെയ്തില്ല. തിമൊഥെയോസിന്റെ ‘ശൂലം’ ഇടയ്ക്കിടെ അവനുണ്ടായിരുന്ന ഉദരരോഗമായിരുന്നു. പൗലൊസ് പ്രാര്‍ത്ഥിച്ചിട്ടുപോലും ദൈവം അതും സൗഖ്യമാക്കിയില്ല (1 തിമൊ. 5:23). തിമൊഥെയോസിനു തന്റെ ജീവിതകാലം മുഴുവന്‍ തന്റെ രോഗത്തിനുവേണ്ടി മരുന്നു കഴിക്കേണ്ടിവന്നു. പുതിയനിയമത്തില്‍ ഏറ്റവും ഫലപ്രദമായി ദൈവവേല ചെയ്ത രണ്ടുപേരാണ് പൗലൊസും തിമൊഥെയോസും. അവരുടെ രോഗം ദൈവത്തെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ ഒരു തടസ്സവുമുണ്ടാക്കിയില്ല. എന്നുമാത്രമല്ല അത് അവരുടെ ദൈവവേലയെ കൂടുതല്‍ ഫലപ്രദമാക്കി. അവരുടെ ശൂലങ്ങളിലൂടെ ദൈവം അവരെ താഴ്മയില്‍ നിറുത്തി. അതിലൂടെ താഴ്മയുള്ളവര്‍ക്കു മാത്രം അവിടുന്നു നല്‍കുന്ന എല്ലാറ്റിനും മതിയായ ദൈവകൃപയാല്‍ അവര്‍ ശക്തരാക്കപ്പെട്ടു (2 കൊരി. 12:7; 1 പത്രൊ. 5:5). അതുകൊണ്ട് ആരോഗ്യമാണോ രോഗമാണോ നല്ലതെന്നു തീരുമാനിക്കുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുക്കാം.

ദൈവവേലയ്ക്കു ധാരാളം പണം വേണമെന്നാണ് പല പ്രസംഗകരും ഇന്നു ജനങ്ങള്‍ക്കു നല്‍കുന്ന ധാരണ. എന്നാല്‍ പൂര്‍ണ്ണമായും അവാസ്തവമാണത്. പൗലൊസിന്റെ ജീവിതത്തില്‍ മിക്കപ്പോഴും കുറച്ചു പണം മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. ചില അവസരങ്ങളില്‍ ഭക്ഷണത്തിനോ കമ്പളി വസ്ത്രം വാങ്ങുന്നതിനോ ഉള്ള പണംപോലും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല (2 കൊരി. 11:27). ലോകത്തിലെ വലിയ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കു ധാരാളം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ ദൈവം എന്തുകൊണ്ടാണ് തന്റെ വിലപ്പെട്ട ദാസന്മാര്‍ക്കു ഭക്ഷണമോ കമ്പളി വസ്ത്രമോ പോലും കൊടുക്കാത്തത്? എല്ലാ സാഹചര്യത്തിലും തൃപ്തിയുള്ളവനും നന്ദിയുള്ളവനും ആയിരിക്കുവാന്‍ ആദ്യം ദൈവത്തിനു പൗലൊസിനെ പഠിപ്പിക്കേണ്ടിയിരുന്നു. ഭക്ഷണവും കമ്പിളി വസ്ത്രവും ഇല്ലാത്ത മനുഷ്യരുടെ അനുഭവം എന്താണെന്നു പൗലൊസ് മനസ്സിലാക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി അത് അനുഭവിക്കുമ്പോള്‍ മാത്രമേ നമുക്കു വാസ്തവമായി ദൈവത്തെ സേവിക്കുവാന്‍ സാധിക്കുകയുള്ളു.

ഞാന്‍ നേവിയില്‍ ആയിരുന്നപ്പോള്‍ എനിക്കു വളരെ ഉയര്‍ന്ന ശമ്പളം ലഭിച്ചിരുന്നു. 1966-ല്‍ ജോലി ഉപേക്ഷിച്ച് ദൈവത്തെ സേവിക്കുവാന്‍ എന്നെ ദൈവം വിളിച്ചു. പെട്ടെന്ന് ഒരു നാള്‍ എന്റെ ശമ്പളം പൂജ്യത്തിലേക്കു വന്നു. നേവിയില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഞാന്‍ ദൈവവേലയ്ക്കായി നല്‍കിയിരുന്നു. പിന്നീട് ഞാന്‍ വിവാഹിതനാവുകയും എനിക്കൊരു കുഞ്ഞുണ്ടാവുകയും ചെയ്തു. മൂന്നു വര്‍ഷത്തോളം ഞാനും എന്റെ ഭാര്യയും സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടു. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്ന ആശ്ചര്യകരമായ വര്‍ഷങ്ങളായിരുന്നു അവയെല്ലാം. ആരോടും വായ്പ വാങ്ങാതെയും കടക്കാരനാവാതെയും ഉള്ളതുകൊണ്ടു ലളിതമായി, ജീവിക്കുവാന്‍ ഞങ്ങള്‍ പഠിച്ചു. അക്കാലത്ത് ഞങ്ങള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുകയുണ്ടായി എന്നതിനപ്പുറം ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്ന നിലയിലും ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തു. ലളിതമായി ജീവിക്കുന്നതിന് അന്നു ഞങ്ങള്‍ പഠിച്ച പാഠം 40 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും ഞങ്ങളില്‍ നിലനില്‍ക്കുന്നു. ഇന്നു ഞങ്ങളുടെ ആവശ്യത്തിലും അധികം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഞാനും എന്റെ ഭാര്യയും ആ ആദ്യ വര്‍ഷങ്ങള്‍ക്കായി അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകാത്ത അനേകരെക്കുറിച്ച് എനിക്കു സഹതാപമുണ്ട്. കാരണം, വലിയൊരു ആത്മീയ പാഠം അവര്‍ക്കു നഷ്ടമായിരിക്കുന്നു. സാമ്പത്തിക ക്ലേശവും ശാരീരിക പ്രയാസങ്ങളും ദൈവവേലയ്ക്കായുള്ള പരിശീലനത്തിലെ പ്രധാന ഘടകങ്ങളാണ്. അതുപോലെ തന്നെയാണ് തെറ്റിദ്ധരിക്കപ്പെടുന്നതും, തള്ളപ്പെടുന്നതും തെറ്റായി കുറ്റം ആരോപിക്കപ്പെടുന്നതും. അത്തരം ശോധനകളിലൂടെ ദൈവം നമ്മെ ശക്തിപ്പെടുത്തും. ഈ കാര്യങ്ങളിലൂടെ കടന്നുപോയി അവയെ നേരിടാതെ നമുക്കൊരു ഫലപ്രദമായ ശുശ്രൂഷ ലഭിക്കുകയില്ലാത്തതിനാല്‍ സുഖകരമായ ജീവിതം നയിക്കുന്നവരെക്കുറിച്ച് അസൂയപ്പെടേണ്ട. അവര്‍ക്കു പ്രധാനപ്പെട്ട ശുശ്രൂഷ ലഭിക്കുന്നില്ല.

പൗലൊസ് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: ”സഹോദരരേ, ആസ്യയില്‍ ഞങ്ങള്‍ സഹിച്ച ഉപദ്രവങ്ങളെക്കുറിച്ചു നിങ്ങള്‍ അറിയാതിരിക്കരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജീവനോടിരിക്കുമോ എന്നു നിരാശപ്പെടുമാറ് ഞങ്ങളുടെ കഴിവിനപ്പുറമായി ഞങ്ങള്‍ ഭാരപ്പെട്ടിരുന്നു”(1:8). താന്‍ മരിച്ചുപോകുമോയെന്നു പോലും ചിന്തിക്കത്തക്കവണ്ണമുള്ള ഉപദ്രവങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. അവയുടെ ചെറിയഭാഗം മാത്രമേ പൗലൊസ് പങ്കുവച്ചിട്ടുള്ളു എന്നത് നല്ല കാര്യമാണ്. എല്ലാറ്റിന്റെയും വിശദമായ വിവരണം അദ്ദേഹം നല്‍കിയില്ല. എന്നാല്‍ തന്റെ ശുശ്രൂഷ കേവലം വേദപുസ്തക പഠനവും അഭിഷേകവും കൊണ്ടു മാത്രമുണ്ടായതല്ല എന്നു നാം കരുതാതിരിക്കുന്നതിനു വേണ്ടി തന്റെ കഷ്ടതകള്‍ അല്പം പങ്കുവയ്ക്കുന്നു. പൗലൊസ് പല ശോധനകളിലൂടെ കടന്നു പോകേണ്ടുതുണ്ടായിരുന്നു. ഈ അദ്ധ്യായത്തിലും 11-ാം അദ്ധ്യായത്തിലും പരാമര്‍ശിക്കുന്നത് അവയുടെ ഒരു ചെറിയ അശം മാത്രമാണ്.


ക്ഷമയും യഥാസ്ഥാപനവും


മുന്‍പ് (1 കൊരി.5) പൗലൊസ് അച്ചടക്ക നടപടി എടുത്ത സഹോദരനെ യഥാസ്ഥാനപ്പെടുത്തുന്നതിനെക്കുറിച്ച് നാം 2-ാം അദ്ധ്യായത്തില്‍ വായിക്കുന്നു. പൗലൊസ് പറയുന്നു: ”നിങ്ങള്‍ ഇപ്പോള്‍ അവനെ തിരികെ സ്വീകരിക്കണം”(2:6-8). സഭയിലുള്ള എല്ലാവരും അവനെ ഒഴിവാക്കിയപ്പോള്‍ ആ സഹോദരന്‍ ഒരു പാഠം പഠിച്ചു. ലോകം എത്ര അന്ധകാരം നിറഞ്ഞതാണെന്നവനറിഞ്ഞു. അവന്‍ തന്റെ പാപവഴികളെ വിട്ട് കാര്യങ്ങള്‍ എല്ലാം ശരിയാക്കി. എന്നാല്‍ അവന്‍ ഭവനത്തില്‍ ഏകനായിട്ടിരുന്നതിനാല്‍ നിരാശനും ഉത്സാഹമില്ലാത്തവനുമായിത്തീര്‍ന്നു. അതിനാല്‍ അവനെ യഥാസ്ഥാനപ്പെടുത്തുവാന്‍ പൗലൊസ് സഭയോട് ആവശ്യപ്പെടുന്നു.

ഒരു സഹോദരനെ ദൈവത്തോടും സഭയോടും ഉള്ള കൂട്ടായ്മയിലേക്കു മടക്കി കൊണ്ടുവരുന്നതിനു വേണ്ടിയുള്ളതാണ് എല്ലാ അച്ചടക്ക നടപടികളും. ഒരു പിതാവ് തന്റെ കുഞ്ഞിനെ ശിക്ഷിക്കുന്നത് വീട്ടില്‍ നിന്നും ഇറക്കി വിടുന്നതിനു വേണ്ടിയല്ല മറിച്ച് ആ കുഞ്ഞ് നന്നായി വളരുന്നതിനുവേണ്ടിയാണ്. മകന്‍ പ്രായപൂര്‍ത്തിയായവനും മത്സരിയും ആണെങ്കില്‍ പിതാവ് ഒരുപക്ഷേ അവനോടു ഭവനം വിട്ടുപോകാന്‍ പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍പോലും ആ മകന്‍ ഒരു പാഠം പഠിച്ചു കഴിഞ്ഞാല്‍ പിതാവ് അവനെ ഭവനത്തിലേക്കു സ്വീകരിക്കും (ധൂര്‍ത്തപുത്രനെ പോലെ). ഇവിടെ പൗലൊസ് പറയുന്നതും അതുതന്നെയാണ്.

പൗലൊസ് പറയുന്നു: ”നിങ്ങള്‍ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു” (2:10). പിന്നീട് അവിടെ നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു വചനമുണ്ട്: ”സാത്താന്‍ നമ്മെ തോല്പിക്കാതിരിക്കേണ്ടതിനു നാം മറ്റുള്ളവരോടു ക്ഷമിക്കണം” (2:11). ആരോടെങ്കിലും ക്ഷമിക്കാതിരിക്കുക എന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. തന്റെ രണ്ടാനമ്മയോടൊത്ത് മാസങ്ങളോളം ശയിക്കുകയെന്നതുപോലെ ഗുരുതരമായ ഒരു തെറ്റു ചെയ്യുകയും ആരേയും അനുസരിക്കാതിരിക്കുകയും ചെയ്ത അവനെ പുറത്താക്കുന്നു. എന്നാല്‍ അവന്‍ നിശാശപ്പെടരുത്. അവനോട് ക്ഷമിക്കുക. അവനോട് ക്ഷമിച്ചില്ലെങ്കില്‍ സാത്താന്‍ നിങ്ങളെ മുതലെടുക്കും. സഭയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഇതു നമുക്കെല്ലാം ബാധകമാണ്.

നിങ്ങളോട് ആരെങ്കിലും ദോഷം ചെയ്യുകയും നിങ്ങളവരോട് ക്ഷമിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ സാത്താനു നിങ്ങളുടെ ജീവിതം നശിപ്പിക്കുവാന്‍ സാധിക്കും. നിങ്ങള്‍ക്കു ദോഷം ചെയ്ത മനുഷ്യന്‍ ഒരുപക്ഷേ പിന്നീട് അനുതപിച്ച് ദൈവരാജ്യത്തില്‍ കടന്നുവെന്നു വരാം. എന്നാല്‍ അവനോട് ഒരു ദ്രോഹവും ചെയ്യാതിരുന്ന നിങ്ങള്‍ നരകത്തിലും പോകാം. കാരണം നിങ്ങള്‍ അവനോട് ക്ഷമിച്ചില്ല. ദ്രോഹം ചെയ്തയാള്‍ സ്വര്‍ഗ്ഗത്തില്‍ പോകുകയും അതിനാല്‍ കഷ്ടം സഹിക്കേണ്ടിവന്നയാള്‍ നരകത്തില്‍പോവുകയും ചെയ്യുകയെന്നത് അനീതിയായി തോന്നാം. അയാള്‍ അനുതപിക്കുകയും നിങ്ങള്‍ ക്ഷമിക്കാതിരിക്കുകയും ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. യേശു പറഞ്ഞു: ”നിങ്ങള്‍ ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടു ക്ഷമിക്കുകയില്ല” (മത്താ. 6:15). സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ക്ഷമിച്ചില്ലെങ്കില്‍ നിങ്ങള്‍ എങ്ങനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും? ആരോടെങ്കിലും ക്ഷമിക്കാതെയാണു നിങ്ങള്‍ മരിക്കുന്നതെങ്കില്‍ യേശുവിന്റെ വാക്കുകള്‍ പ്രകാരം നിങ്ങള്‍ എത്രകാലം ഒരു വിശ്വാസിയെന്ന കാര്യം നോക്കാതെ നരകത്തിലേക്കായിരിക്കും പോവുക. അതിനാല്‍ ആര് എന്തു ദ്രോഹം ചെയ്താലും ഉടനെ അവരോട് ക്ഷമിക്കുന്ന ഒരു സ്വാഭാവം വളര്‍ത്തിയെടുക്കുക. അല്ലെങ്കില്‍ സാത്താന്‍ നിങ്ങളെ തോല്പിക്കും.

പൗലൊസ് പറയുന്നു: ”നാം അവന്റെ തന്ത്രങ്ങള്‍ അറിയാത്തവരല്ലല്ലോ?” (2:11). സാത്താന്‍ എപ്പോഴും നമ്മെ വീഴ്ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ മറ്റുള്ളവര്‍ നമ്മോടു ചെയ്ത ദ്രോഹങ്ങള്‍ നിരന്തരം നമ്മെ സാത്താന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളോടവന്‍ സഹകരിക്കുകയാണെന്നു കരുതുന്നുണ്ടോ? ഒരിക്കലുമല്ല. നിങ്ങളെ ദ്രോഹിച്ചവന്‍ അവന്റെ പിടിയിലായി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവനു നിങ്ങളെയും കൂടി വേണം. അവന്റെ തന്ത്രങ്ങള്‍ അറിയാതിരിക്കരുത്. അതിനാല്‍ എല്ലാവരോടും ക്ഷമിക്കുക.

ഒരിക്കല്‍ ഒരു സഹോദരന്‍ എന്റെ അടുക്കല്‍ വന്ന് അവനോട് ഒരാള്‍ വളരെ ദ്രോഹം ചെയ്യുന്നു എന്നു പരാതി പറഞ്ഞു. ഞാന്‍ ചോദിച്ചു: ”അവന്‍ നിന്നെ ഇതുവരെ ക്രൂശിച്ചില്ലല്ലോ?” ഇല്ല എന്നവന്‍ ഉത്തരം പറഞ്ഞു. തന്നെ ക്രൂശിച്ചവരോടു പോലും യേശു ക്ഷമിച്ചു. അതിനാല്‍ യേശുവിനെ അനുഗമിക്കുന്ന കാര്യത്തില്‍ ഇനിയും വളരെ ദൂരം മുന്നോ ട്ടു പോകേണ്ടതുണ്ട് എന്നു ഞാന്‍ അവനോടു പറഞ്ഞു.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, ഞാനൊരു വിശ്വാസി ആയി എന്നതിനാല്‍ പല അവിശ്വാസികളും വിശ്വാസികളും എന്നോട് പലവിധ ദോഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ എന്നോട് അവര്‍ ദോഷം ചെയ്യുമ്പോള്‍ ദൈവം അത് എന്റെ നന്മയ്ക്കാക്കി തീര്‍ക്കുന്നു. എന്നെ ദ്രോഹിച്ചാല്‍ ദൈവം ഒരുനാള്‍ അവരെ ന്യായംവിധിക്കും. എന്നാല്‍ എന്റെ കടമ അവരോട് ക്ഷമിക്കുക എന്നതാണ്.

എന്നെ വെറുക്കുന്നവരോട് ക്ഷമിക്കാന്‍ എന്നെ സഹായിച്ച കാര്യം, ദേഷ്യത്തേയും വെറുപ്പിനെയും ഒരു രോഗംപോലെ ഞാന്‍ കണ്ടു എന്നതാണ്. പാപം കഠിനമായൊരു രോഗമാണ്. ആരെങ്കിലും എന്നോടും എന്റെ ശുശ്രൂഷയോടും അസൂയപ്പെട്ട് എന്നെ വെറുത്ത് എന്നെ ദ്രോഹിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ അയാളെ ഒരു രോഗിയായിട്ടാണ് കാണുന്നത്. അര്‍ബുദമോ, കുഷ്ഠരോഗമോ, എയ്ഡ്‌സോ ബാധിച്ച ഒരുവനെ കണ്ടാല്‍ നിങ്ങള്‍ക്ക് അയാളോട് ദേഷ്യം തോന്നുമോ? നിങ്ങള്‍ക്ക് അയാളോട് സഹതാപമായിരിക്കും തോന്നുക. ആളുകളെ ഇത്തരത്തില്‍ കാണ്മാന്‍ ദൈവം എന്റെ കണ്ണു തുറന്നപ്പോള്‍ അവരോട് ക്ഷമിക്കുന്നത് എനിക്കു വളരെ എളുപ്പമായി തീര്‍ന്നു. അവര്‍ക്കു സൗഖ്യം ലഭിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കാറുമുണ്ട്. ”മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” (സദൃ. 15:1)- ഇതാണ് ക്രിസ്തുവിന്റെ മാര്‍ഗ്ഗം.

2 കൊരിന്ത്യര്‍ 2:14ല്‍ പൗലൊസിന്റെ സാക്ഷ്യം ഇങ്ങനെയാണ്. ”ഞങ്ങളെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്‌തോത്രം.” പല വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതൊരു വെല്ലുവിളി പോലെയാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ച് എല്ലായ്‌പോഴും എന്ന വാക്ക്. അതു സാദ്ധ്യമാണോ എന്നു ഞാന്‍ ആശ്ചര്യപ്പെട്ടു. പൗലൊസ് നിരന്തരം ജയം അനുഭവിക്കുകയും ആ ജയജീവിതത്തിനായി ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്യുന്നു. താന്‍ ജയാളിയായി നടക്കുന്നത് തന്റെ സ്വന്തം ശക്തിയിലാണെന്ന് ഒരിക്കലും പറഞ്ഞില്ല. ദൈവമാണ് തന്നെ ജയാളിയായി എപ്പോഴും നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ പൗലൊസ് എന്നും ഒരു ജയാളിയായിരുന്നു. അദ്ദേഹം എല്ലാം തികഞ്ഞവനായിരുന്നില്ല. ചിലപ്പോഴൊക്കെ വീണു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ മഹാപുരോഹിതനോട് അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിക്കുന്നു (അപ്പ. പ്രവ. 23:3). എന്നാല്‍ തന്റെ പാപത്തെക്കുറിച്ച് ബോധം വന്നയുടന്‍ തന്നെ അത് ഏറ്റുപറഞ്ഞ് അനുതപിച്ചു. അതിനാല്‍ ദൈവവുമായിട്ടുള്ള കൂട്ടായ്മ ഉടനെ തന്നെ യഥാസ്ഥാനപ്പെട്ടു. അങ്ങനെ നിരന്തരം ഒരു ജയാളിയുടെ ജീവിതം അദ്ദേഹം ജീവിച്ചു.


ദൈവത്തെ മാത്രം പ്രസാദിപ്പിക്കുക


ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്ന ഒരു സഭ നിങ്ങള്‍ക്കു പണിയണമെന്നുണ്ടെങ്കില്‍ എല്ലാ മേഖലയിലും നിങ്ങള്‍ ദൈവത്തെ സന്തോഷിപ്പിക്കണം. നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ വല്ലപ്പോഴും അല്ല, എല്ലാ ദിവസവും ഒരു ജയാളിയായി നിങ്ങളെ നടത്തണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അത് നിങ്ങളുടെ ശക്തിയാലല്ല ക്രിസ്തുയേശുവിലൂടെ ദൈവം തന്നെയാണ് നിങ്ങളെ ജയാളിയായി നടത്തുന്നത്. ഒരോ യഥാര്‍ത്ഥ ദൈവഭൃത്യനും ഇങ്ങനെ സാക്ഷ്യപ്പെടുത്തുവാന്‍ കഴിയും. ”ക്രിസ്തുവില്‍ ഞങ്ങളെ ജയോത്സവമായി നടത്തുകയും എല്ലായിടത്തും ഞങ്ങളെക്കൊണ്ട് തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്‌തോത്രം” പൗലൊസ് പോകുന്നിടത്തെല്ലാം ക്രിസ്തുവിന്റെ സൗരഭ്യമാണ് പരത്തുന്നത്. അല്ലാതെ തന്റെ സ്വന്തം സൗരഭ്യമല്ല. അതുകൊണ്ട് എല്ലാ മഹത്വവും ദൈവത്തിനു ലഭിക്കുന്നു.

എന്നാല്‍ ചില ആളുകള്‍ക്കു പൗലൊസ് മരണത്തിന്റെ ഗന്ധമായിരിക്കുന്നു (2:16). സമ്പൂര്‍ണ്ണ സുവിശേഷ സന്ദേശം എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നില്ല. ജയജീവിതത്തിന്റെ സന്ദേശം കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്നു ചിന്തിച്ചേക്കാം. എന്നാല്‍ പലര്‍ക്കും ഈ സന്ദേശം ഇഷ്ടമല്ല. കാരണം അത് അവരുടെ പാപങ്ങളെ വെളിപ്പെടുത്തും. യേശു വന്നു ദൈവത്തിന്റെ ജീവനെ വെളിപ്പെടുത്തിയപ്പോള്‍ പലരും യേശുവിനെ വെറുത്ത് കൊല്ലുവാന്‍ ഏല്പിച്ചുകൊടുത്തു. ഇന്നുള്ള പല ക്രിസ്തീയ നേതാക്കളും ഇതുപോലെ തന്നെയാണ്. അവരുടെ പണസ്‌നേഹവും സ്ഥാനമാനങ്ങളോടുള്ള താല്പര്യവും ഭവനത്തിലെ പരാജയപ്പെട്ട ജീവിതവും ഒക്കെ വെളിപ്പെടുത്തുന്ന ജയജീവിത സന്ദേശം കേള്‍ക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. അതിനാല്‍ ഈ സന്ദേശം പ്രസംഗിച്ചാല്‍ അവര്‍ നിങ്ങളെ വെറുക്കും. നിങ്ങള്‍ അവരുടെ പാപങ്ങളുടെ മേല്‍ വെളിച്ചം വീശുന്നു എന്നതു കൊണ്ടാണ് അവര്‍ നിങ്ങളെ വെറുക്കുന്നത്.

ഒരുവന്‍ ഇരുട്ടില്‍ മോഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ അവന്റെ മേല്‍ വെളിച്ചം വീശിയാല്‍ തീര്‍ച്ചയായും അവന്‍ നിങ്ങളെ വെറുക്കും. ഒരു യഥാര്‍ത്ഥ ദൈവദാസന്‍ മനുഷ്യജീവിതത്തിലെ ഇരുണ്ട മേഖലകളിലേക്കു ദൈവവചനത്തിന്റെ വെളിച്ചം വീശുന്നവനാണ്. പാപത്തെ സ്‌നേഹിക്കുന്നവന്‍, അദ്ദേഹത്തെ വെറുക്കയും കള്ളപ്രവാചകനെന്നും മതനിന്ദകനെന്നും മറ്റും വിളിക്കുകയും ചെയ്യും. കാരണം അവര്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍ ഇരുട്ടില്‍ വഴി കാണാതെ തപ്പിത്തടയുന്നവര്‍ അദ്ദേഹത്തോടു നന്ദിയുള്ളവരായിരിക്കും. കാരണം അവര്‍ക്കിപ്പോള്‍ വഴി കാണാന്‍ സാധിക്കുന്നു. അതിനാല്‍ വെളിച്ചത്തോട് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളാണുള്ളത്. ചിലര്‍ അതിനെ വെറുക്കുന്നു, മറ്റുചിലര്‍ അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുന്നു. യേശു നമ്മെ പരിശുദ്ധാത്മാവിനാല്‍ നിറച്ച് അവിടുത്തെ ശക്തി നമ്മിലൂടെ വെളിപ്പെടുത്തുകയും നമ്മെ എല്ലായിടത്തും ജയാളികളായി നിര്‍ത്തുകയും ചെയ്യുന്നു. ചിലര്‍ നമ്മോട് നന്ദിയുള്ളവരായിരിക്കുമ്പോള്‍ മറ്റു ചിലര്‍ നമ്മെ വെറുക്കുന്നു. എന്നാല്‍ അതിലൂടെ ഓരോ വ്യക്തിയുടെയും യഥാര്‍ത്ഥ അവസ്ഥ വെളിവാക്കപ്പെടുന്നു.

2:17 എല്ലാ ക്രിസ്തീയ വേലക്കാരും ഏറ്റെടുക്കേണ്ട ഒരു വചനമാണ്: ”പലരും ചെയ്യുന്നതുപോലെ ഞങ്ങള്‍ ദൈവവചനത്തെ ഒരു വാണിഭമാക്കുന്നില്ല.” ദൈവവചനത്തെ വാണിഭമാക്കുകയെന്നാല്‍ അത് പണത്തിനുവേണ്ടി വില്‍ക്കുകയെന്നാണ്. ഇവിടെ പൗലൊസ് പറയുന്നത്, ദൈവവചനം പ്രസംഗിച്ച് പണം സമ്പാദിക്കുന്ന പ്രസംഗകരെപോലയല്ല ഞങ്ങള്‍ എന്നാണ്. ദൈവവേല ചെയ്യുന്ന എല്ലാവരും തങ്ങളുടെ ജീവിതത്തിന്റെ അവസാനം ഇങ്ങനെ പറയുവാന്‍ ഇടയാകണം: ”പണം സമ്പാദിക്കുന്നതിനു വേണ്ടി ദൈവവചനം പ്രസംഗിക്കുവാന്‍ എന്റെ ജീവിതത്തിലെ ഒരു ദിവസം പോലും ഞാന്‍ ചെലവഴിച്ചിട്ടില്ല. പച്ചക്കറി വില്‍ക്കുന്നയാളും മറ്റ് കച്ചവടക്കാരും തങ്ങളുടെ വസ്തുവകകള്‍ പണത്തിനുവേണ്ടി കച്ചവടം ചെയ്യട്ടെ. എന്നാല്‍ നാം ദൈവവചനം വില്ക്കുകയില്ല. നാം മറ്റുള്ളവരെ സൗജന്യമായിട്ടാണ് സേവിക്കുന്നത്. നമ്മുടെ സേവനത്തിനു യാതൊരു പ്രതിഫലമോ പാരിതോഷികമോ നാം പ്രതീക്ഷിക്കുന്നില്ല. ദൈവം നമുക്ക് എല്ലാം സൗജന്യമായി നല്‍കിയിരിക്കുന്നതുകൊണ്ട് നമ്മളും മറ്റുള്ളവര്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നു.”- ഇതാണ് ഒരു യഥാര്‍ത്ഥ ദൈവദാസന്റെ അന്തസ്സ്.


പുതിയ നിയമ ശുശ്രൂഷകന്‍


രണ്ടു കൊരിന്ത്യര്‍ മൂന്നാം അദ്ധ്യായത്തില്‍ പൗലൊസ് ഒരു പുതിയനിയമ ശുശ്രൂഷകനെക്കുറിച്ചു പറയുന്നു. പുതിയ നിയമ ശുശ്രൂഷകരും പഴയനിയമ ശുശ്രൂഷകരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പഴയനിയമത്തിലെ ഹോശെയ, യെശയ്യാവ്, യെഹസ്‌കേല്‍ തുടങ്ങി ചുരുക്കം ചില പ്രവാചകന്മാരെ ദൈവം തന്റെ വഴികള്‍ അറിയിക്കുന്നതിനും തന്റെ സന്ദേശം നല്‍കുന്നതിനും വേണ്ടി ചില ശോധനകളിലൂടെ കടത്തി വിടുന്നുണ്ട്. എന്നാല്‍ പൊതുവായി പറഞ്ഞാല്‍ പുരോഹിതന്മാര്‍ക്കു പുരോഹിത ശുശ്രൂഷ ചെയ്യുന്നതിന് ഏതെങ്കിലും ശോധനകളിലൂടെ കടന്നു പോകേണ്ട കാര്യമുണ്ടായിരുന്നില്ല. ന്യായപ്രമാണം പഠിച്ച് മനസ്സിലാക്കി ജനത്തിന് അത് വിശദീകരിച്ചു കൊടുത്താല്‍ മാത്രം മതിയായിരുന്നു. അവര്‍ പഠിക്കുകയും പ്രസംഗിക്കുകയും ചെയ്തു. നിങ്ങളുടെ പ്രസംഗങ്ങളെല്ലാം കേവലം പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണെങ്കില്‍ നിങ്ങളൊരു പഴയനിയമ ശുശ്രൂഷകന്‍ മാത്രമാണ്. ഒരു പുതിയനിയമ ശുശ്രൂഷകന് പഠനംകൊണ്ടുമാത്രം ലഭിക്കുന്നതല്ല അവന്റെ ശുശ്രൂഷ. അവര്‍ അനുഭവിച്ചതായിരിക്കും അവന്റെ സന്ദേശം. പിന്നീട് തന്റെ അനുഭവത്തില്‍ നിന്നാണ് സംസാരിക്കുന്നത്. അവന്‍ പറയുന്നത് ”വന്നു കേള്‍പ്പിന്‍” എന്നല്ല ”വന്നു കാണ്മീന്‍” എന്നാണ്.

3:5ല്‍ പൗലൊസ് പറയുന്നു ”അവിടുത്തെ ശുശ്രൂഷയ്ക്കു ഞങ്ങള്‍ പ്രാപ്തരല്ല.” മഹത്തായ പുതിയനിയമ ശുശ്രൂഷയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ തങ്ങള്‍ പ്രാപ്തരല്ല എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങളുടെ പ്രാപ്തി ദൈവത്തില്‍ നിന്നും വരുന്നു. ഒരു പുതിയനിയമ ശുശ്രൂഷകന്‍ ദൈവവേലയ്ക്കായി ഒരിക്കലും തന്നില്‍ തന്നെയുള്ള കാര്യങ്ങളില്‍ ആശ്രയിക്കുന്നില്ല. അവന്റെ പ്രാപ്തി പൂര്‍ണ്ണമായും ദൈവത്തില്‍നിന്നും പ്രാപിക്കുന്നതാണ്. ദൈവം അവനു നല്‍കുകയും അവന്‍ അത് മറ്റുള്ളവര്‍ക്കു നല്‍കുകയും ചെയ്യുന്നു. കാനായിലെ കല്യാണവീട്ടില്‍ ഭൃത്യന്മാര്‍ പുതിയവീഞ്ഞു വിതരണം ചെയ്തതുപോലെയാണിത്. ആ ഭൃത്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വെള്ളം കൊണ്ടു വന്നു. യേശു അതു വീഞ്ഞാക്കി മാറ്റി. പിന്നീട് അവര്‍ അത് വിതരണം ചെയ്തു. അതുപോലെ തന്നെ ശിഷ്യന്മാര്‍ അഞ്ച് അപ്പവും രണ്ടു മീനും യേശുവിന്റെ അടുക്കല്‍ എത്തിച്ചു. അവിടുന്ന് അത് വര്‍ദ്ധിപ്പിച്ച് വിതരണത്തിനായി അവരെ ഏല്പിച്ചു. അതുപോലെ നമ്മള്‍ നമ്മുടെ പരിമിതമായ വിഭവങ്ങളെ കര്‍ത്താവിന്റെ അടുക്കലേക്കു കൊണ്ടുവരിക. അവിടുന്ന് അതിനെ അഭിഷേകം ചെയ്ത് അനുഗ്രഹിച്ച് വര്‍ദ്ധിപ്പിക്കുന്നു. പിന്നീട് നാം അത് മറ്റുള്ളവര്‍ക്കു പകുത്തു നല്‍കുന്നു. അങ്ങനെയാണ് നാം ദൈവവേല ചെയ്യേണ്ടത്. നമ്മെ വിളിച്ചിരിക്കുന്നത് വിതരണത്തിനാണ്, അല്ലാതെ ഉത്പാദനത്തിനല്ല. പ്രസംഗങ്ങളും ഉത്പാദിപ്പിക്കേണ്ടതില്ല. നാം സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു നാം ജീവന്റെ ശുശ്രൂഷകരായിരിക്കണം. അല്ലാതെ അറിവിന്റെ ശുശ്രൂഷകരായിരിക്കരുത്.

പല ക്രിസ്തീയ വേലക്കാരും ചില വര്‍ഷങ്ങളുടെ ദൈവവേലയ്ക്കു ശേഷം ഉത്സാഹമില്ലാത്തവരും നിരാശരും ആയിത്തീരുന്നു. ചിലര്‍ മാനസികമായിപോലും തകര്‍ന്നിരിക്കുന്നു. ഇതിനു കാരണം അവര്‍ സ്വന്ത കഴിവിലും ശക്തിയിലും ദൈവവേല ചെയ്യുവാന്‍ ശ്രമിക്കുന്നതിനാലാണ്. ദൈവവേലയ്ക്കായി നമ്മെ പ്രാപ്തരാക്കുവാന്‍ നാം ദൈവത്തില്‍ തന്നെ ആശ്രയിക്കണം. ദൈവത്തെ സേവിക്കുന്നതിനുള്ള ആരോഗ്യത്തിനായിപോലും നാം ദൈവത്തില്‍ ആശ്രയിക്കണം. ദൈവിക വാഗ്ദാനം ഇതാണ്: ‘യൗവനക്കാരും ഇടറിവീഴും; എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും’ (യെശ. 40:31). നമ്മുടെ പ്രാപ്തി ദൈവത്തില്‍ നിന്നാണ് വരുന്നത്. നിങ്ങള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍പോലും ഈ വാഗ്ദാനം വിശ്വസിക്കുക. ”നിങ്ങളുടെ പ്രാപ്തി ദൈവത്തില്‍ നിന്നുള്ളതാണ്” നമുക്കെന്താവശ്യമുണ്ടോ അത് നല്‍കുവാന്‍ ദൈവത്തിനു കഴിയും.

അവിടുന്നു നമ്മെ പുതിയ നിയമത്തിന്റെ ശുശ്രൂഷകരാക്കി. പുതിയനിയമത്തില്‍ നാം അക്ഷരത്തിന്റെ ശുശ്രൂഷകരല്ല മറിച്ച് ആത്മാവിന്റെ ശുശ്രൂഷകരാണ് (3:6). 3:9ല്‍ രണ്ടുതരം ശുശ്രൂഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നു- ശിക്ഷാവിധിയുടെ ശുശ്രൂഷയും നീതിയുടെ ശുശ്രൂഷയും. എന്താണ് ശിക്ഷാവിധിയുടെ ശുശ്രൂഷ? ഒരു സന്ദേശം കേട്ടതിനു ശേഷം കുറ്റബോധവും ശിക്ഷാവിധിയെക്കുറിച്ചുള്ള ഭയവുമുണ്ടാകുമ്പോള്‍ അതൊരു മഹത്തായ ശുശ്രൂഷയായിരുന്നു എന്നു നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ അത് പഴയനിയമ ശുശ്രൂഷയാണ്. ന്യായപ്രമാണം ആളുകളെ കുറ്റംവിധിക്കുകയും അവരോട് നിരന്തരം ഇങ്ങനെ പറയുകയും ചെയ്യുന്നു: ”നീ അത്ര നല്ലവനല്ല. നീ ചീത്തയാണ്, നീ ചീത്തയാണ്, നീ ചീത്തയാണ്.” അങ്ങനെ കുറ്റബോധത്തോടെ ആളുകള്‍ അവിടെയിരിക്കുന്നു. അത് ക്രിസ്തീയ പ്രസംഗമല്ല. ക്രിസ്തീയ പ്രസംഗം ആളുകളെ നീതിയിലേക്കും തേജസ്സുള്ളൊരു ജീവിതത്തിലേക്കും നയിക്കുന്നു. അത് ആളുകളെ കുറ്റംവിധിക്കുന്നതില്‍ മാത്രം നില്‍ക്കുന്നില്ല. തുടര്‍ന്ന് അവരെ ഉയര്‍ത്തുവാനും സൗഖ്യമാക്കുവാനും, രക്ഷിക്കുവാനും ഇടയാക്കുന്നു. അങ്ങനെ ആളുകള്‍ പ്രത്യാശയോടെ മടങ്ങിപ്പോകുന്നു. നിങ്ങളുടെ പ്രസംഗം ആളുകളെ ബന്ധനത്തിലേക്കാണ് കൊണ്ടുവരുന്നതെങ്കില്‍ നിങ്ങളൊരു പുതിയനിയമ ശുശ്രൂഷകനല്ലെന്നത് തീര്‍ച്ചയാണ്. നിങ്ങളുടെ പ്രസംഗത്താല്‍ ആളുകള്‍ കുറ്റംവിധിയില്‍ ആയെങ്കില്‍ അത് പഴയനിയമ പ്രസംഗമാണ്. ആളുകളെ ഉയര്‍ത്തുന്നതിനു പകരം താഴേക്കു തള്ളുകയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ അത് പഴയനിയമ പ്രസംഗമാണ്. പുതിയനിയമ പ്രസംഗം ആളുകളെ ഉയര്‍ത്തുകയും അവര്‍ക്കു പ്രത്യാശ നല്‍കുകയും ചെയ്യുന്നു.

3:13-18 വാക്യങ്ങളില്‍ പൗലൊസ് പുതിയനിയമത്തെ പഴയനിയമവുമായി മോശെയുടെയും യേശുക്രിസ്തുവിന്റെയും അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നു. മോശെ ദൈവസന്നിധിയില്‍ ആയിരുന്നപ്പോള്‍ അവന്റെ മുഖം തേജസ്സുള്ളതായി തിളങ്ങി. അവന്‍ പര്‍വ്വതത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖം മൂടുപടംകൊണ്ട് മറച്ചിരുന്നു. അവന്റെ മുഖത്തേക്കു നോക്കുന്ന ജനം ഭയപ്പെടാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നു പുറപ്പാടു പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഇവിടെ മറ്റൊരു കാരണമാണ് കൊടുത്തിട്ടുള്ളത്. മോശയുടെ മുഖത്ത് നിന്നും തേജസ്സ് കുറഞ്ഞു കുറഞ്ഞു വരുന്നത് യിസ്രായേല്‍ മക്കള്‍ കാണാതിരിക്കുന്നതിനുവേണ്ടി മുഖം മൂടുപടംകൊണ്ടു മറച്ചുവെന്നാണ് ഇവിടെ പറയുന്നത് (13-ാം വാക്യം). സ്വകാര്യ ജീവിതത്തില്‍ തേജസ്സ് കുറഞ്ഞു കുറഞ്ഞു വരുന്ന ധാരാളം ക്രിസ്ത്യാനികള്‍ ഇന്നുമുണ്ട്. ഇന്നു 60 വയസ്സുള്ള ചില പ്രസംഗകര്‍ അവരുടെ 20-ാം വയസ്സില്‍ ദൈവത്തിനുവേണ്ടി തീയായി നിന്നവരാണ്. എന്നാല്‍ ഇപ്പോള്‍ പാപത്തോടും പണത്തോടും മറ്റ് പലതിനോടും ഉള്ള അവരുടെ മനോഭാവം ക്രിസ്തുവിന്റെ സ്വഭാവത്തോടു വളരെ അകന്നിരിക്കുന്നു. പഴയനിയമ സഭയുടെ ഒരു പ്രധാന അടയാളവും ഇതുതന്നെ ആയിരുന്നു.

പുതിയനിയമ ശുശ്രൂഷ ഇതിനു നേരെ വിപരീതമാണ്. നമ്മുടെ മുഖം മറയ്ക്കുവാന്‍ ഒരു മൂടുപടമിടേണ്ട ആവശ്യമില്ല. നമ്മുടെ സ്വകാര്യ ജീവിതത്തില്‍ മറയ്‌ക്കേണ്ടതായിട്ട് ഒന്നുമില്ല. യേശു ഒരിക്കലും മൂടുപടമിട്ടു കൊണ്ടല്ല വന്നത്. കാരണം പുതിയ ഉടമ്പടിക്കു കീഴില്‍ ഈ മൂടുപടം നീങ്ങി പോയിരുന്നു. ”കര്‍ത്താവിലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും” (16-ാം വാക്യം). ഇ പ്പോള്‍ നാം ദൈവവചനത്തിലുള്ള യേശുവിന്റെ മുഖത്തെ തേജസ്സിലേക്കു നോക്കുമ്പോള്‍ പരിശുദ്ധാത്മാവു നമ്മില്‍ യേശുവിന്റെ തേജസ്സ് നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ചു തരുന്നു (18-ാം വാക്യം). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളില്‍ ഇന്നുള്ള അഭിഷേകം ചില വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതിനേക്കാള്‍ അധികമാണ്. 30 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ വളരെ അധികമാണ്. ഇന്നു നിങ്ങളുടെ ശുശ്രൂഷയിലുള്ള ആത്മാവിന്റെ പുതുക്കം 5 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ അധികമാണ്. ചെറുപ്പക്കാരായ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍ നിങ്ങളിലുള്ള തേജസ്സ് പ്രായമാകും തോറും കുറഞ്ഞു കുറഞ്ഞു വരും. എരിവോടെ നിന്ന പല ചെറുപ്പക്കാരും അവരുടെ വിവാഹശേഷം വളരെ വേഗത്തില്‍ പിന്മാറ്റത്തിലായി പോകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? നിങ്ങള്‍ ദൈവഹിതപ്രകാരമാണ് വിവാഹം കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ ഏകനായിരുന്നതിനെക്കാള്‍ എരിവും തേജസ്സും നിങ്ങളില്‍ ഉണ്ടാകും. ദൈവത്തെക്കാള്‍ അധികം ഭാര്യയും വീടും നിങ്ങള്‍ക്കു പ്രധാനപ്പെട്ടതായി തീരുമ്പോഴാണ് നിങ്ങളുടെ തേജസ്സ് കുറയുന്നത്. അങ്ങനെയുള്ള ഒരുവനു ദൈവതേജസ്സ് കാണാന്‍ കഴിയാതെ വരികയും അവനില്‍ പിന്മാറ്റം തുടങ്ങുകയും ചെയ്യും.

ചില സഹോദരന്മാര്‍ അവര്‍ അറിയപ്പെടാത്തവണ്ണം സാധാരണക്കാരായി ദൈവത്തെ സേവിച്ചിരുന്നപ്പോള്‍ അവരുടെമേല്‍ വലിയ അഭിഷേകവും തേജസ്സും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ശുശ്രൂഷ വ്യാപിക്കുകയും അവര്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അവരിലുള്ള അഭിഷേകം നഷ്ടപ്പെട്ടു. തങ്ങളെക്കുറിച്ച് ആളുകള്‍ എന്തു പറയുന്നു എന്നതില്‍ അവര്‍ കൂടുതല്‍ കരുതലുള്ളവരായി. അവരുടെ ശുശ്രൂഷ ആരംഭിച്ച നാളുകളില്‍ അവരുടെ പക്കല്‍ വളരെ കുറച്ചു പണം മാത്രമുണ്ടായിരുന്നതിനാല്‍ അത് ചെലവഴിക്കുന്നതില്‍ അവര്‍ വളരെ ശ്രദ്ധയുള്ളവരായിരുന്നു. എന്നാല്‍ പണം അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന മറ്റ് ക്രിസ്തീയ പ്രവര്‍ത്തകരുമായി ഇടപെടുവാന്‍ തുടങ്ങിയപ്പോള്‍ അവരും അങ്ങനെ ആയി. ദൈവതേജസ്സ് അവരില്‍ മങ്ങുവാന്‍ തുടങ്ങി.

ഇങ്ങനെയുള്ള കാര്യങ്ങളാല്‍ നിങ്ങളിലുള്ള ദൈവതേജസ്സ് വളരെ വേഗം നഷ്ടപ്പെടുവാന്‍ ഇടയാകും. മിക്ക പ്രസംഗകരും തങ്ങളിലുള്ള തേജസ്സ് നഷ്ടപ്പെടുവാന്‍ തുടങ്ങുമ്പോള്‍ മോശെ ചെയ്തതുപോലെ അത് മറയ്ക്കുവാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുക. കാരണം അത് ദൈവഹിതമല്ല. ഇതിനു നേരെ എതിരായിരിക്കണം നമ്മുടെ ജീവതം. തേജസ്സ് വര്‍ദ്ധിച്ചുകൊണ്ടിരിക്കണം. അതുകൊണ്ട് സ്ഥിരതയോടെ ദൈവവചനത്തിലൂടെ യേശുവിന്റെ തേജസ്സ് കണ്ടുകൊണ്ടിരിക്കുക. അങ്ങനെയാണ് നമുക്കു നമ്മെതന്നെ സൂക്ഷിക്കുവാന്‍ സാധിക്കുന്നത്.

പുതിയനിയമത്തിലാകെയുള്ള പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെ വിശദീകരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല വാക്യമാണിത്- 2 കൊരിന്ത്യര്‍ 3:18. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവാകുമ്പോള്‍ അവിടുന്നു സ്വാതന്ത്ര്യം കൊണ്ടുവരും. ”കര്‍ത്താവിന്റെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യം ഉണ്ട്” (17-ാം വാക്യം). അവിടുന്നു നമ്മെ ഒന്നാമത് പാപത്തിന്റെ ശക്തിയില്‍ നിന്നു മോചിപ്പിച്ചു. എന്നാല്‍ അതോടുകൂടെ പണസ്‌നേഹം, ദൈവവചനത്തിനു വിരുദ്ധമായ പിതാക്കന്മാരുടെ പാരമ്പര്യം, മനുഷ്യരുടെ അഭിപ്രായം തുടങ്ങിയവയില്‍ നിന്നു കൂടി സ്വതന്ത്രരാക്കിയിരിക്കുന്നു. ഇതൊരു വലിയ സ്വാതന്ത്ര്യമാണ്. അപ്പോള്‍ മനുഷ്യരെയല്ല ദൈവത്തെ സേവിക്കുവാന്‍ തന്നെ നാം സ്വതന്ത്രരാകുന്നു. പരിശുദ്ധാത്മാവ് ദൈവവചനത്തിലുള്ള യേശുവിന്റെ തേജസ്സു കാണിച്ചു തരുമെന്നാണ് 3:18-ല്‍ പറയുന്നത് (കണ്ണാടിയെന്നത് ദൈവവചനമാണ് – യാക്കോബ് 1:23-25). പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിനും വേദശാസ്ത്രം പരിശോധിക്കുന്നതിനുംവേണ്ടിയാണു ചിലയാളുകള്‍ വേദപുസ്തകം വായിക്കുന്നത്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ഒന്നാമത്തെ ആവശ്യം വേദപുസ്തകത്തിലുള്ള യേശുവിന്റെ തേജസ്സ് നമുക്കു കാണിച്ചു തരികയെന്നതാണ്. നാം അത് കണ്ടു തുടങ്ങുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മെയും അവിടുത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുത്തികൊണ്ടിരിക്കും.

ആ സാദൃശ്യത്തിലേക്ക് എന്നു പറയുമ്പോള്‍ ക്രിസ്തു ഏതു തരത്തിലാണോ ശുശ്രൂഷ ചെയ്തത് അതിന്റെയും കൂടി സദൃശ്യത്തിലേക്കാണു നമ്മെ നടത്തുന്നത്. നമ്മളും അവിടുന്നു ചെയ്തതുപോലുള്ള ശുശ്രൂഷ ചെയ്യുവാന്‍ തുടങ്ങും. പിതാവിനെ സേവിക്കുന്നതിനു യേശു നടത്തിയ ത്യാഗങ്ങള്‍ക്ക് ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു. നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ പരിശുദ്ധാത്മാവിനെ നാം അനുവദിച്ചാല്‍ നമ്മുടെ ജീവിതവും ശുശ്രൂഷയും പൂര്‍ണ്ണമായി മാറും. നാം പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായി മാറും. അതിനു നമ്മുടെ തൊഴിലുപേക്ഷിക്കേണ്ടതില്ല. സഭയിലുള്ള ഏതു സഹോദരനും സഹോദരിക്കും പുതിയ നിയമ ശുശ്രൂഷകരാകാം.

രണ്ടു കൊരിന്ത്യര്‍ 4:1ല്‍ പൗലൊസ് തന്റെ ശുശ്രൂഷയെ വിശദീകരിക്കുന്നതു തുടരുന്നു: ”ആകയാല്‍ ഞങ്ങള്‍ക്ക് ഈ ശുശ്രൂഷ ലഭിച്ചിരിക്കുന്നതു കൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല.” അധൈര്യപ്പെടുന്നില്ല എന്നു പറയുന്നതു നിരാശപ്പെടുന്നില്ലായെന്നു തന്നെയാണ്. പൗലൊസ് അപ്പൊസ്തലന്‍ പോലും നിരാശപ്പെടുവാന്‍ തക്കവണ്ണം പരീക്ഷിക്കപ്പെട്ടു. അതുകൊണ്ടു നിങ്ങളും നിരാശപ്പെടുവാന്‍ പരീക്ഷിക്കപ്പെട്ടാല്‍ അതിനെ കുറിച്ച് ആശ്ചര്യപ്പെടേണ്ടില്ല. ഞാനും നിരാശപ്പെടുവാന്‍ തക്കവണ്ണം പലതവണ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എ ന്നാല്‍ ഞാനും പൗലൊസിനെപ്പോലെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ”ഞങ്ങളുടെ ദൃഷ്ടി യേശുവില്‍ തന്നെ വച്ചിരിക്കയാലും ദൈവം ഞ ങ്ങള്‍ക്കു നല്‍കിയിരിക്കുന്ന മഹത്തായ ശുശ്രൂഷയെക്കുറിച്ചുള്ള ചിന്തയാ ലും ഞങ്ങള്‍ നിരാശപ്പെടുന്നില്ല.” അതിനാല്‍ നമ്മുടെ ദൃഷ്ടി കര്‍ത്താവില്‍ തന്നെയാണെങ്കില്‍ നാം നിരാശപ്പെടുവാനായി പരീക്ഷിക്കപ്പെട്ടാലും ഒരിക്കലും നിരാശപ്പെടുകയില്ല.

4:2-ല്‍ പൗലൊസ് പറയുന്നു: ”ലജ്ജാകരമായ രഹസ്യങ്ങളെ ഞങ്ങള്‍ പരിത്യജിക്കുന്നു. ചതിവു പ്രയോഗിക്കുകയോ ദൈവവചനം കോട്ടിക്കളയുകയോ ചെയ്യുന്നില്ല” നിങ്ങള്‍ക്കു ദൈവത്തെ സേവിക്കണമെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ലജ്ജാകരമായി, മറച്ചു വയ്‌ക്കേണ്ട, ഒരു കാര്യവുമുണ്ടാകുവാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ ഏറ്റുപറഞ്ഞു ദൈവമുമ്പാകെ കഴുകല്‍ പ്രാപിക്കുക. നിങ്ങളുടെ ജീവിതം സുതാര്യമായിരിക്കണം. പുതിയ നിയമ ശുശ്രൂഷകന്റെ പ്രധാനപ്പെട്ട ഒരു യോഗ്യതയാണത്. എന്താണ് ചതി പ്രയോഗിക്കുക എന്നത്? ‘പ്രാര്‍ത്ഥന ആവശ്യപ്പെട്ടുള്ള കത്ത്’ എന്ന പേരില്‍ ആളുകളില്‍ നിന്നും പണം ലഭിക്കണമെന്ന ലക്ഷ്യത്തോടെ കത്തയയ്ക്കുമ്പോള്‍ നിങ്ങള്‍ ചതിയനാവുകയാണ്. പണം ആവശ്യപ്പെട്ടുള്ള കത്ത് എന്നു തന്നെ അതിനെ വിളിക്കാനുള്ള സത്യസന്ധതയുണ്ടാകണം. ഇത്തരം അനേകം സത്യസന്ധതയില്ലായ്മ ക്രിസ്തീയ വേലക്കാരുടെ ഇടയില്‍ കാണുന്നു. ആളുകളോടു പണം ആവശ്യപ്പെടണമെന്നുണ്ടെങ്കില്‍ അതു ചെയ്യുക. പക്ഷേ അത്തരമൊരു കത്തിനു വിശുദ്ധമായ പേരു നല്‍കുന്നത്, ചതിയുടെ ഒരു ഉദാഹരണം മാത്രമാണ്. പൗലൊസ് പറയുന്നു ”ഞങ്ങള്‍ അവയെല്ലാം പരിത്യജിക്കുന്നു. അവയൊന്നും ഞങ്ങളുടെ ജീവിതത്തില്‍ വേണ്ട. ഞങ്ങളെ തന്നെ വിധിക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ നിന്നും അവയെല്ലാം കഴുകി ശുദ്ധമാക്കുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ എല്ലാ മനുഷ്യരുടെയും മുമ്പാകെ സ്വീകാര്യരായിരിക്കുവാനാണ് ആഗ്രഹിക്കുന്നത്.”


ക്രിസ്തുവിന്റെ തേജസ് മണ്‍പാത്രത്തില്‍


പിന്നീട് പൗലൊസ് സുവിശേഷമെന്താണെന്നു വിശദീകരിച്ചു തുടങ്ങുന്നു. പല ആളുകള്‍ക്കും സുവിശേഷം മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. സാത്താന്‍ (ഈ ലോകത്തിന്റെ ദൈവം) അവരുടെ കണ്ണു കെട്ടിയതു കാരണം അവര്‍ക്കത് കാണാന്‍ സാധിക്കുന്നില്ല. ഈ ഭൂമിയില്‍ ലഭിക്കാവുന്ന യഥാര്‍ത്ഥ നിധിയാണ് ദൈവതേജസ്സ് എന്നു പൗലൊസ് ഇവിടെ പറയുന്നു (6-ാം വാക്യം). ഉല്പത്തി 1-ാം അദ്ധ്യായത്തില്‍ ‘വെളിച്ചം പ്രകാശിക്കട്ടെ’ എന്നു ദൈവം കല്പിച്ചതുപോലെ ഇന്നും നമ്മുടെ ഹൃദയങ്ങളില്‍ ദൈവം തേജസ്സിനെ പ്രകാശിപ്പിച്ചിരിക്കുന്നു. ഈ പ്രകാശം മണ്‍പാത്രങ്ങളിലാണ് ലഭിച്ചിരിക്കുന്നത് (7-ാം വാക്യം) ജീവിതാന്ത്യം വരെ നാം മണ്‍പാത്രങ്ങള്‍ മാത്രമാണ്. ഈ പാത്രത്തെ സംബന്ധിച്ച ഏക ആകര്‍ഷണം ഇതില്‍ ദൈവതേജസ്സുണ്ട് എന്നതാണ്.

പഴയനിയമത്തില്‍ ദാവീദും അബ്രഹാമും വളരെ സമ്പത്തുള്ളവരായിരുന്നു. ഇത് ലോകപ്രകാരമുള്ള ഒരു മഹത്വമാണ്. കാരണം എല്ലാ മനുഷ്യരും അവരുടെ സമ്പത്തില്‍ മഹത്വമെടുക്കുന്നു. എന്നാല്‍ പുതിയനിയമത്തില്‍ ദൈവം ഉപയോഗിച്ചത് പൗലൊസിനെപ്പോലെ ദരിദ്രനും ഒട്ടും മതിപ്പുളവാക്കാത്തവനും ആയ ഒരുവനെയാണ്. അപ്പൊസ്തലനായ പൗലൊസ് 4 അടി 11 ഇഞ്ച് മാത്രം ഉയരമുള്ളവനും പരന്ന മൂക്കും കഷണ്ടിത്തലയും ഉള്ള ഒരുവനുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും അദ്ദേഹം രോഗിയുമായിരുന്നു. പ്രസംഗിക്കുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നില്ല പൗലൊസ്. എന്നാല്‍ ഈ മനഷ്യനെ ഉപയോഗിച്ചാണ് ദൈവം ഈ ഭൂമിയെ കീഴ്‌മേല്‍ മറിച്ചത്. കാരണം അവന്‍ അഭിഷേകമുള്ളവനായിരുന്നു. അവന്‍ ബലഹീനമായൊരു മണ്‍പാത്രമാണെങ്കിലും ഉള്ളില്‍ ക്രിസ്തുവിന്റെ തേജസ്സുണ്ടായിരുന്നു. നമ്മുടെ ഉള്ളില്‍ എന്താണുള്ളതെന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഇന്നു സിനിമാ താരങ്ങളെപോലെ വേദിയില്‍ നില്ക്കുന്ന ദൈവദാസന്മാരോടാണ് പലരും ആകര്‍ഷിക്കപ്പെടുന്നത്. പൗലൊസിനെ പോലുള്ള ഒരു യഥാര്‍ത്ഥ ദൈവദാസന്റെ ചിത്രം അത്തരത്തിലുള്ളതല്ല. അവനൊരു സ്വര്‍ണ്ണ പാത്രമായിരുന്നില്ല., അവന്‍ വെറും മണ്‍പാത്രമായിരുന്നു. അതുകൊണ്ടു നിങ്ങളില്‍ മാനുഷികമായ പരിമിതികളും ബലഹീനതകളും കാണുമ്പോള്‍ നിരാശപ്പെടേണ്ടതില്ല. ശുദ്ധ മനസ്സാക്ഷിയോടെ ദൈവത്തിന്റെ മുമ്പാകെ നടക്കുകയും എപ്പോഴും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനു കീഴിലായിരിക്കുകയും ചെയ്യുക വഴി മഹത്തായൊരു തേജസ്സ് ഉള്ളിലുണ്ടെന്നു ഉറപ്പാക്കുക. അതാണ് പ്രധാനമായിട്ടുള്ളത്.

മണ്‍പാത്രങ്ങളില്‍ വെളിച്ചവുമായി പോയ 300 പേരടങ്ങിയ ഗിദെയോന്റെ സൈന്യത്തെയാണ് മണ്‍പാത്രങ്ങളില്‍ വെളിച്ചമെന്ന കാര്യം (4:6,7) നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഈ 300 പേര്‍ 32000 പേരുള്ള വലിയ കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. അന്ത്യനാളിലെ ജയാളികളെ പോലെയാണവര്‍. ആ പടയാളികളെപോലെ സാത്താനെതിരെ യുദ്ധത്തിനു പോകുമ്പോള്‍ അവരുടെ കയ്യില്‍ വാളുണ്ട് (ദൈവവചനം). എന്നാല്‍ അതോടൊപ്പം ഉള്ളില്‍ വെളിച്ചമുള്ള ഒരു മണ്‍പാത്രവും ഉണ്ടായിരിക്കും. ഗിദെയോന്‍ പടയാളികളോട് വെളിച്ചം പ്രകാശിക്കുമാറ് മണ്‍പാത്രങ്ങള്‍ ഉടയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു കലത്തിനുള്ളില്‍ ഒരു മെഴുകുതിരി കത്തിച്ചുവെച്ചാല്‍ അതിന്റെ പ്രകാശം പുറത്തേക്കു വരികയില്ല. എന്നാല്‍ ആ കലം ഉടച്ചു കഴിയുമ്പോള്‍ വെളിച്ചം അധികം പ്രകാശിക്കും. യേശുവിന്റെ ജീവന്‍ പ്രകാശിക്കേണ്ടതിനു തന്റെ മണ്‍പാത്രം എങ്ങനെയാണ് ഉടയപ്പെട്ടതെന്ന് പൗലൊസ് പറയുന്നു. അവന്‍ നിരാശപ്പെടാതെ ഞെരുക്കത്തിലൂടെയും, ആശങ്കകളിലൂടെയും, പീഡനത്തിലൂടെയും അടിയേറ്റു വീഴുന്ന അനുഭവത്തിലൂടെയും ഒക്കെ കടന്നു പോകേണ്ടി വന്നു (8-12 വാക്യങ്ങള്‍). അങ്ങനെ അവന്റെ മണ്‍പാത്രം ഉടയുകയും ആളുകള്‍ വെളിച്ചം (യേശുവിന്റെ ജീവന്‍) വ്യക്തമായി കാണുകയും ചെയ്തു. പല വിശ്വാസികളും ഇത് മനസ്സിലാക്കുന്നില്ല. അവര്‍ക്കതിനു താത്പര്യമില്ല. എന്നാല്‍ ജീവനിലേക്കുള്ള വഴി ഈ ക്രൂശിന്റെ വഴി മാത്രമാണ്.

ഒരു ഗോതമ്പുമണി നിലത്ത് പാകുമ്പോള്‍ അതിന്റെ പുറംതോടു പൊട്ടുന്നു. അപ്പോള്‍ മാത്രമാണ് ജീവന്‍ പുറത്തേക്കു വരുന്നത്. വീണ്ടും ജനിച്ച ക്രിസ്ത്യാനികളില്‍ അവരുടെ ജഡവും ജഡിക വ്യക്തിത്വവും ഒരു കട്ടിയുള്ള പുറംതോടുപോലെ നില്‍ക്കുന്നു. അതു തകര്‍ക്കപ്പെടേണ്ടതായിട്ടുണ്ട്. അപ്പോള്‍ മാത്രമേ ദൈവതേജസ്സ് നമ്മില്‍ നിന്നും പ്രകാശിക്കുകയുള്ളു.

ഇതു ദൈവവചനത്തിലുടനീളം കാണുന്ന ഒരു പ്രമാണമാണ്. ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ വെണ്‍കല്‍ ഭരണി എടുത്തുകൊണ്ട് യേശുവിന്റെ അടുക്കല്‍ വന്നു. വളരെ നല്ല പരിമള തൈലമായിരുന്നു അതെങ്കിലും ഭരണി പൊട്ടിക്കുന്നതു വരെ ആ ഭവനത്തിലുള്ള ആര്‍ക്കും ആ പരിമള തൈലത്തിന്റെ സുഗന്ധം കിട്ടിയില്ല. അതുപോലെ തന്നെ നമ്മുടെയും പുറമേയുള്ള ജീവിതത്തെ തകര്‍ക്കുവാന്‍ പലവിധ സാഹചര്യങ്ങളിലൂടെ ദൈവത്തിനു നമ്മെ കടത്തി വിടേണ്ടി വരും. അപ്പോള്‍ നാം മനുഷ്യരുടെ മുമ്പില്‍ ആകര്‍ഷകത്വമുള്ളവരാകില്ല. മറ്റുള്ളവരുടെ മുമ്പില്‍ മിടുക്കനാവാനായിരിക്കും നിങ്ങളുടെ ആഗ്രഹം. എന്നാല്‍ ദൈവം പറയുന്നു. ”ഞാന്‍ നിന്റെ ഈ ആഗ്രഹത്തെ ആദ്യം തകര്‍ക്കട്ടെ.” മനുഷ്യനെന്നാല്‍ ആത്മാവ്, ജഡം, ദേഹി എന്നിവ ചേരുന്നതാണ്. ക്രിസ്തു നമ്മുടെ ഉള്ളിലേക്കു വരുമ്പോള്‍ നമ്മുടെ ആത്മാവില്‍ മഹത്തായ തേജസ്സു കുടികൊള്ളുകയാണ്. എന്നാല്‍ ആ തേജസ്സു പ്രകാശിക്കുന്നതിനു തടസ്സമായി നമ്മുടെ ജഡം നില്‍ക്കുന്നു. അതുകൊണ്ടാണു ദൈവം നമ്മെ തകര്‍ക്കുന്ന അനുഭവങ്ങള്‍ അനുവദിക്കുന്നത്. അങ്ങനെ നാം അവിടുത്തെ ഉദ്ദേശ്യം നിവര്‍ത്തിക്കുന്നു.

4:10,11 വാക്യങ്ങള്‍ പല ക്രിസ്ത്യാനികളും തെറ്റിദ്ധരിച്ചിരിക്കുന്നവയാണ്. പല വിശ്വാസികള്‍ക്കും അവരുടെ ജീവിതത്തില്‍ ഭൗതിക അത്ഭുതങ്ങള്‍ എന്തെങ്കിലും നടത്തുന്ന സുവിശേഷം കേള്‍ക്കാന്‍ വലിയ താത്പര്യമുണ്ട്. എന്നാല്‍ യേശുവിന്റെ ജീവന്‍ നിങ്ങളില്‍ വെളിപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഉത്തരം ഈ വാക്യങ്ങളില്‍ കാണാം. ”യേശുവിന്റെ മരണം നമ്മുടെ ശരീരങ്ങളില്‍ വഹിക്കണം.” എന്താണ് ഈ ”യേശുവിന്റെ മരണം?” യേശു തന്റെ മുപ്പത്തിമൂന്നര വര്‍ഷക്കാലത്തെ ഈ ഭൂമിയിലെ ജീവിതത്തില്‍ ചെയ്തതുപോലെ സ്വന്ത ഇഷ്ടത്തെയും സ്വയജീവനെയും മരണത്തിന് ഏല്പിക്കുകയെന്നതാണത് (യോഹ. 6:38).

യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ വിവിധ ജീവിത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിച്ചുവോ അതുപോലെ പ്രതികരിക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം. തന്നെ പിശാച് എന്നു വിളിച്ചപ്പോള്‍ അവിടുന്ന് എങ്ങനെയാണ് പ്രതികരിച്ചത്? ഇസ്‌കര്യോത്ത യൂദാ പണം മോഷ്ടിച്ചപ്പോള്‍, ആളുകള്‍ അടിച്ചപ്പോള്‍, അവിഹിത സന്തതിയെന്നു വിളിച്ചു പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തപ്പോള്‍, പ്രസംഗിക്കുന്നത് തടഞ്ഞപ്പോള്‍, പള്ളിയില്‍ നിന്നു പുറത്താക്കിയപ്പോള്‍, ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൊക്കെ അവിടുന്ന് എങ്ങനെയാണു പ്രതികരിച്ചത്? അവിടുന്നു മനുഷ്യരുടെ മാനത്തിനും പ്രശസ്തിക്കും സ്വന്ത ഇച്ഛയ്ക്കും മുമ്പില്‍ മരിച്ചവനായിരുന്നു. അതാണ് ”യേശുവിന്റെ മരണം.” യേശുവിന്റെ കാല്‍വറി മരണത്തില്‍ എനിക്കും നിങ്ങള്‍ക്കും ഒരു പങ്കുമില്ല. ലോകത്തിന്റെ പാപത്തിനു വേണ്ടി മരിക്കുവാന്‍ നമുക്കു കഴിയുകയില്ല. എന്നാല്‍ ഭൂമിയില്‍ ജീവിച്ച എല്ലാ ദിവസവും അവിടുന്ന് ഒരു മരണത്തിലൂടെ കടന്നുപോയി. ആ മരണത്തിന്റെ പങ്കാളിത്തത്തിലേക്കാണു നാം വരേണ്ടത്.

എന്തുകൊണ്ടാണ് ”യേശുവിന്റെ മരണം’ എന്നു വിളിക്കപ്പെടുന്നത്? കാരണം യേശുവാണ് സ്വയത്തേയും ലോകത്തിലുള്ള എല്ലാറ്റിനെയും മരണത്തിന് ഏല്പിക്കുന്ന മാര്‍ഗ്ഗത്തിലൂടെ ആദ്യം കടന്ന വ്യക്തി. മാനുഷികമായ എല്ലാറ്റിനോടും അവിടുന്നു മരിച്ചവനായിരുന്നു. അങ്ങനെ അവിടുന്നു പിതാവിന്റെ തേജസ്സു വെളിപ്പെടുത്തി. നിങ്ങളും ഞാനും യേശുവിന്റെ കാല്‍ചുവടുകളെ പിന്‍പറ്റാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.

4:17,18 വാക്യങ്ങളില്‍ പൗലൊസ് പറയുന്നു: ”ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകള്‍ അത്യന്തം ഘനമേറിയ നിത്യതേജസ്സു ഞങ്ങള്‍ക്കു നേടിത്തരുന്നു.” എന്നാല്‍ ഈ തേജസ്സു നമ്മിലേക്കു വരണമെങ്കില്‍ ”കാണുന്നതിനെയല്ല കാണാത്തതിനെത്തന്നെ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു”(4:18). അതിന്റെ അര്‍ത്ഥം നാം കടന്നു പോകുന്ന ഒരു കഷ്ടതയേയും മാനുഷിക വീക്ഷണത്തില്‍ നോക്കുന്നില്ല. എല്ലാറ്റിനെയും ദൈവിക വീക്ഷണത്തില്‍ നോക്കുന്നു. നാം കടന്നുപോകുന്ന കഷ്ടതകളിലൂടെ ഒരു തേജസ്സു നമ്മുടെ ജീവിതത്തിലേക്കു വരികയും നാം യേശുവിന്റെ ഹൃദയത്തോടു കൂടുതല്‍ കൂട്ടായ്മയുള്ളവരായി തീരുകയും ചെയ്യും. അങ്ങനെയാണ് നാം ഉത്സാഹിപ്പിക്കപ്പെടുന്നത്. അതിലൂടെ നമുക്കൊരു ശുശ്രൂഷയും ലഭിക്കുന്നു. അല്ലാതെ ദൈവവചനം പഠിച്ചതുകൊണ്ടു മാത്രം നമുക്കൊരു ശുശ്രൂഷ ലഭിക്കുന്നില്ല.

പുതിയനിയമത്തിലെ ആത്മീയ ശുശ്രൂഷയ്ക്കുള്ള മാര്‍ഗ്ഗം വിശദീകരിച്ചു തരുവാന്‍ പൗലൊസ് അതിയായി ആഗ്രഹിക്കുന്നു. നമുക്കദ്ദേഹത്തെ ശ്രദ്ധിക്കാം. 2 കൊരിന്ത്യരില്‍ ദൈവയിഷ്ടം പൂര്‍ണ്ണമായി നിറവേറ്റപ്പെടുവാന്‍ ദൈവം ഉപയോഗിക്കുന്ന ഒരു മനുഷ്യന്റെ ആന്തരിക ജീവിതത്തെ വിശദീകരിക്കുന്നു. ദൈവം യേശുവിനെയാണ് അടിസ്ഥാന മാതൃകയായി നമുക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍ അവിടുന്ന് ഒരു ദൈവദാസന്റെ മാതൃകയായി പൗലൊസിനെയും നമുക്കു നല്‍കിയിട്ടുണ്ട്. യേശു സഭകള്‍ സ്ഥാപിക്കുന്നതായോ, മൂപ്പന്മാരെ നിയമിക്കുന്നതായോ, സഭയുടെ അച്ചടക്ക വിഷയങ്ങളില്‍ ഇടപെടുന്നതായോ കാണുന്നില്ല. എന്നാല്‍ പൗലൊസ് ഇവയെല്ലാം ചെയ്തതായി നാം കാണുന്നു.


ദൈവത്തെ മാത്രം പ്രസാദിപ്പിക്കാനുള്ള അഭിലാഷം


രണ്ടു കൊരിന്ത്യര്‍ 5:9ല്‍ പൗലൊസ് തന്റെ അഭിലാഷത്തെക്കുറിച്ചു സംസാരിക്കുന്നു. എല്ലാ ചെറുപ്പക്കാരും അഭിലാഷങ്ങളുള്ളവരാണ്. എന്നാല്‍ തെറ്റായ അഭിലാഷങ്ങള്‍ ഉണ്ടാകുന്നു എന്നതാണ് അവരുടെ പ്രശ്‌നം. പലരുടെയും അഭിലാഷം പണവും പ്രശസ്തിയും സ്വന്തമായി ഒരു പേരും നേടണമെന്നുള്ളതാണ്. മാനസാന്തരപ്പെട്ടു കഴിഞ്ഞപ്പോള്‍ പൗലൊസിനും ഒരു അഭിലാഷമുണ്ടായി. ”ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും കര്‍ത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിത ലക്ഷ്യം”(5:9). താന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയാലും തന്റെ അഭിലാഷം മാറുന്നില്ലയെന്നാണ് പൗലൊസ് ഇവിടെ പറയുന്നത്. അതു ദൈവത്തെ പ്രസാദിപ്പിക്കുക എന്നതു മാത്രമാണ്. സ്വര്‍ഗ്ഗത്തിലെത്തുമ്പോഴും നമ്മുടെ അഭിലാഷം നാം ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതു തന്നെ ആയിരിക്കും എന്നു സത്യസന്ധതയോടെ നമുക്കു പറയുവാന്‍ കഴിയുമോ? അതാണ് ഒരു യഥാര്‍ത്ഥ ആത്മീയന്റെ അടയാളം. അവന്‍ സ്വര്‍ഗ്ഗീയ മൂല്യങ്ങളോടു ചേര്‍ന്നിരിക്കുന്നതുകൊണ്ടു ദൈവത്തോടും ചേര്‍ന്നിരിക്കുന്നു. അങ്ങനെയുള്ള ഒരുവനായിരിക്കും ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ദൈവദാസന്‍. കാരണം, അവന്‍ സ്വര്‍ഗ്ഗത്തോടു ചേര്‍ന്നിരിക്കുന്നു. ഇന്നുള്ള പല ക്രിസ്തീയ പ്രവര്‍ത്തകരുടെയും പ്രശ്‌നം അവര്‍ ദൈവത്തോടും സ്വര്‍ഗ്ഗത്തോടും ചേര്‍ന്നിരിക്കുന്നില്ല എന്നതാണ്. സ്വര്‍ഗ്ഗത്തിലെത്തിയതിനു ശേഷം ദൈവത്തെ പ്രസാദിപ്പിക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തുമോ എന്നു പോലും ഞാന്‍ സംശയിക്കുന്നു.

5:10,11ല്‍ പൗലൊസ് പറയുന്നു: ”ഓരോ വ്യക്തിയും ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്ത നന്മയ്‌ക്കോ തിന്മയ്‌ക്കോ തക്കവണ്ണം പ്രാപിക്കുവാന്‍ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ വെളിപ്പെടേണ്ടതാകുന്നു. കര്‍ത്താവിനെ ഭയപ്പെടുക എന്നത് ഞങ്ങള്‍ അറിയുന്നു; അതുകൊണ്ടാണു ഞങ്ങള്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്.” ക്രിസ്തുവിന്റെ ന്യായാസനമെന്നത് വിശ്വാസികള്‍ക്കു മാത്രമുള്ളതാണ്. അവിടെയാണ് ഓരോ വിശ്വാസിയുടെയും പ്രവൃത്തിക്കും വിശ്വസ്തതയ്ക്കും അനുസരിച്ചു പ്രതിഫലം നിശ്ചയിക്കുന്നത്. എല്ലാ അവിശ്വാസികളേയും ന്യായംവിധിക്കുന്ന വലിയൊരു വെള്ള സിംഹാസനത്തില്‍ (വെളി. 20:11,12) നിന്ന് വ്യത്യസ്തമാണിത്. ഒരുനാള്‍ നാം ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ നില്‍ക്കും. അന്നു നമ്മുടെ മുഴുവന്‍ ജീവിതത്തിലേയും പ്രവൃത്തികളും, വാക്കുകളും, മനോഭാവങ്ങളും, ചിന്തകളും വിലയിരുത്തപ്പെടും. അതിനനുസരിച്ചു പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും.

ദൈവം നമുക്കു നല്‍കിയ പല കാര്യങ്ങളുണ്ട്. വര്‍ഷത്തിലെ 365 ദിവസങ്ങള്‍, മറ്റുള്ളവരെ അനുഗ്രഹിക്കുവാനുള്ള പല അവസരങ്ങള്‍, പണം, ബുദ്ധി, അങ്ങനെ പലവിധ വരങ്ങള്‍. നാം നമ്മുടെ ജീവിതത്തിന്റെ അവസാനമെത്തുമ്പോള്‍ ഈ വരങ്ങള്‍ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മെ വിലയിരുത്തുന്നത്.

പിന്നീടു പൗലൊസ് പറയുന്നു: ”ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു”(5:14). ഇവിടെ പറയുന്ന രണ്ടു കാര്യങ്ങളായിരിക്കണം നമ്മുടെയും ജീവിതത്തിന്റെ പ്രേരക ശക്തി. ഭക്തിയോടെയുള്ള ദൈവഭയവും ക്രിസ്തുവിന്റെ സ്‌നേഹവും. അങ്ങനെയാണ് പൗലൊസ് ദൈവത്തിനു വേണ്ടി ഫലപ്രദമായൊരു ജീവിതം ജീവിച്ചത്.

പിന്നീടു പൗലൊസ്, ക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ നാം എല്ലാവരും അവിടുത്തോടു കൂടി മരിച്ചവരാണെന്ന മഹത്തായ സത്യത്തെക്കുറിച്ചു സംസാരിക്കുന്നു (5:14). ഈ സത്യത്തെക്കുറിച്ച് അദ്ദേഹം റോമാ ലേഖനത്തിലും, കൊരിന്ത്യാ ലേഖനത്തിലും, ഗലാത്യ ലേഖനത്തിലും സംസാരിക്കുന്നുണ്ട്. ”ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു.” ”ഒരുവന്‍ മരിച്ചുവെന്നതിനാല്‍ എല്ലാവരും മരിച്ചിരിക്കുന്നു.” ദൈവം പൗലൊസിനു പ്രത്യേകമായി നല്‍കിയ വെളിപ്പാടായിരുന്നു ഇത്. പത്രൊസോ, യോഹന്നാനോ, യാക്കോബോ ഇതിനെക്കുറിച്ചു എഴുതിയതായി വായിക്കുന്നില്ല. യേശു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. അതുകൊണ്ട് ഇനി നമുക്കുവേണ്ടി ജീവിക്കുവാന്‍ കഴിയുകയില്ല. നാം അവിടുത്തേയ്ക്കായി ജീവിക്കേണ്ടതാകുന്നു (5:15).

നാം ക്രിസ്ത്യാനികളോട് ”ക്രിസ്തു എന്തിനു മരിച്ചു?” എന്നു ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പറയുന്ന ഉത്തരം 1 കൊരിന്ത്യര്‍ 15:3-ല്‍ നിന്നായിരിക്കും. ”ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു.” അതു ശരിയാണ്. അത് ഉത്തരത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. അതിന്റെ രണ്ടാം ഭാഗം ഇതാണ്. ”ജീവിക്കുന്നവര്‍ ഇനിമേല്‍ തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കു വേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവനു വേണ്ടി തന്നെ ജീവിക്കേണ്ടതിന് അവിടുന്നു എല്ലാവര്‍ക്കും വേണ്ടി മരിച്ചു” (5:15). നാം നമുക്കുവേണ്ടി തന്നെ ജീവിക്കുമ്പോള്‍ ക്രിസ്തു മരിച്ചതിന്റെ ഉദ്ദേശ്യത്തെ തന്നെ വ്യര്‍ഥമാക്കുകയാണ്. നാം പാപത്തില്‍ തുടരുകയാണെങ്കില്‍ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു എന്ന വസ്തുതയെ മുതലെടുക്കുകയാണ്. അങ്ങനെ ദൈവകൃപയേയും മുതലെടുക്കുന്നു. തനിക്കു വേണ്ടി തന്നെ ജീവിക്കുന്ന ഏതൊരു വിശ്വാസിയും ക്രിസ്തു മരിച്ചതിന്റെ പൂര്‍ണ്ണ ഉദ്ദേശ്യം മനസ്സിലാക്കിയവനല്ല. ദൈവിക സത്യങ്ങള്‍ പൂര്‍ണ്ണമായി കാണാതിരിക്കത്തക്കവണ്ണം നമ്മുടെ കണ്ണുകളെ അന്ധമാക്കുകയെന്നത് സാത്താന്റെ ലക്ഷ്യമാണ്. ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു നാം തന്നെ അറിയാതിരിക്കുവാനാണ് സാത്താന്‍ ആദ്യം ശ്രമിക്കുന്നത്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയാണു മരിച്ചതെന്നു നാം കണ്ടു കഴിഞ്ഞാല്‍ പിന്നെ സാത്താന്റെ ശ്രമം ക്രിസ്തുവിന്റെ മരണത്തിന്റെ പൂര്‍ണ്ണ ഉദ്ദേശ്യം കാണാതെ നമ്മുടെ കണ്ണുകളെ കുരുടാക്കുകയെന്നതാണ്.

സ്വയത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തില്‍ നിന്നും നമ്മെ വിടുവിക്കുന്നതിനാണ് ക്രിസ്തു പ്രാഥമികമായി മരിച്ചത്. 1 കൊരി. 15:3, 2 കൊരി. 5:15 എന്നീ രണ്ടു വചനങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു നോക്കുമ്പോള്‍ എല്ലാ പാപത്തിന്റെയും വേര് സ്വയത്തില്‍ കേന്ദ്രീകരിച്ച ജീവിതമാണെന്നു കാണാം. ഒരു മനുഷ്യന്‍ തനിക്കായി തന്നെ ജീവിക്കുന്നതുകൊണ്ടാണ് പാപത്തില്‍ ജീവിക്കുന്നത്. നിങ്ങള്‍ നിങ്ങള്‍ക്കായി തന്നെ ജീവിക്കുന്നിടത്തോളം കാലം പാപത്തിന്റെ മേല്‍ വിജയമുണ്ടാവുകയില്ല. വൃക്ഷത്തിന്റെ വേര് അറുത്തു മാറ്റാത്തിടത്തോളം കാലം അത് ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. വേരിന്മേല്‍ (സ്വയത്തില്‍ കേന്ദ്രീകരിച്ച ജീവിതം) കോടാലി വച്ചു കഴിഞ്ഞാല്‍ പിന്നെ പുറത്തേയ്ക്കു വരുന്ന ദുഷിച്ച ഫലങ്ങളെ (പാപം) മുറിച്ചു കളഞ്ഞുകൊണ്ടിരിക്കേണ്ടി വരികയില്ല.

പലരും പാപത്തെ പുറമെ നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വേര് അവിടെ തന്നെ നില്‍ക്കുകയാണ്. തനിക്കായി തന്നെ ജീവിക്കുകയെന്നതാണു വേര്. നിങ്ങള്‍ക്കുവേണ്ടി തന്നെ ജീവിക്കുന്ന കാലത്തോളം നിങ്ങള്‍ക്കു പാപത്തിന്റെമേല്‍ ജയമുണ്ടാവുകയില്ല. കര്‍ശനമായ ആ തീരുമാനം നിങ്ങള്‍ എടുക്കണം. ‘ഈ ദിവസം മുതല്‍ എന്നില്‍ കേന്ദ്രീകരിച്ച ഒരു തീരുമാനവും എന്റെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. എനിക്ക് എന്തു ഗുണം കിട്ടുമെന്നു മാത്രം നോക്കി ഒരു തീരുമാനവും എന്റെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. എനിക്കു എന്ത് ഗുണം കിട്ടുമെന്നു മാത്രം നോക്കി ഒരു തീരുമാനവും ഞാന്‍ എടുക്കുകയില്ല.” ക്രിസ്തീയ വേലയിലുള്ള പലരും ഒരു തീരുമാനമെടുക്കും മുന്‍പ് മറ്റ് ചില ചോദ്യങ്ങളാണ് സ്വയം ചോദിക്കുന്നതെന്നു നിങ്ങള്‍ക്കറിയാമോ? ഇത് എനിക്ക് എങ്ങനെ ഗുണം ചെയ്യും? ഇത് എന്റെ കുടുംബത്തിന് എങ്ങനെ ഗുണം ചെയ്യും? ലോകത്തിലുള്ള എല്ലാ മാനസാന്തരപ്പടാത്ത, ദൈവത്തെ അറിയാത്ത, പാപികളും തീരുമാനങ്ങള്‍ എടുക്കുന്നത് ഇങ്ങനെ തന്നെയാണ്. അപ്പോള്‍ നിങ്ങളും അയാളും തമ്മിലുള്ള വ്യാത്യാസം അയാള്‍ ഒരു നിരീശ്വരവാദിയും നിങ്ങള്‍ ഏതെങ്കിലുമൊരു സഭയില്‍ പോകുന്നയാളും എന്നതു മാത്രമായിരിക്കും. എന്നാല്‍ ഉള്ളില്‍ നിങ്ങള്‍ രണ്ടുപേരും ഒരുപോലെയാണ്. ഈ സ്വയജീവിതത്തില്‍ നിന്നും നമ്മെ വിടുവിച്ച് സ്വന്തം ഗുണം മാത്രം നോക്കി തീരുമാനമെടുക്കാതിരിക്കുവാനും ദൈവത്തിനും ദൈവരാജ്യത്തിനും എന്തു പ്രയോജനം ലഭിക്കും എന്നു നോക്കി തീരുമാനം എടുക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നതിനും ഒക്കെ വേണ്ടിയാണ് യേശു മരിച്ചത്. അങ്ങനെയുള്ള 100 പേരെ കിട്ടിയാല്‍ നമുക്ക് ഇന്ത്യയെ കീഴ്‌മേല്‍ മറിക്കാം. എന്നാല്‍ അങ്ങനെയുള്ള ഒരാളെ കാണുന്നതു തന്നെ വളരെ ബുദ്ധിമുട്ടാണ്.

നാം ഇനിമേല്‍ നമുക്കായിട്ടു തന്നെ ജീവിക്കേണ്ടവരല്ലയെന്ന കാര്യം പല ക്രിസ്ത്യാനികളും മനസ്സിലാക്കിയിട്ടില്ല. അവര്‍ 5:5 പോലുള്ള വാക്യങ്ങള്‍ മറികടന്നു 5:17ല്‍ എത്തുന്നു. ”പഴയതു കഴിഞ്ഞുപോയി പുതിയതായി തീര്‍ന്നിരിക്കുന്നു – ഒരു പുതിയ സൃഷ്ടി.” എന്നാല്‍ ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ, പഴയതെന്താണു കഴിഞ്ഞുപോയത്? അല്ലെങ്കില്‍ എന്താണ് കഴിഞ്ഞുപോകേണ്ടിയിരുന്നത്? തനിക്കായി തന്നെ ജീവിക്കയെന്നത് കഴിഞ്ഞുപോയോ? നിങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പുതിയതായി തീര്‍ന്നോ?


പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയുടെ സ്ഥാനപതി


5:20ല്‍ നാം വായിക്കുന്നു: ”ഞങ്ങള്‍ ക്രിസ്തുവിനു വേണ്ടി സ്ഥാനപതികളാകയാല്‍ നിങ്ങളോട് അപേക്ഷിക്കുന്നു.” ഒരു യഥാര്‍ത്ഥ ദൈവപൈതലിന് ഒരു അന്തസ്സുണ്ട്. ഒരു ചെറിയ രാജ്യത്തിന്റെ സ്ഥാനപതിക്കുപോലും അതിന്റേതായ അന്തസ്സും അഭിമാനവും ഉണ്ട്. വലുതും ശക്തവും ആയ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ക്കു കൂടുതല്‍ അന്തസ്സുണ്ടാകും. അമേരിക്കയുടെ സ്ഥാനപതിയെക്കുറിച്ചു ചിന്തിക്കുക. അയാള്‍ എത്ര അന്തസ്സോടെയായിരിക്കും പെരുമാറുന്നത്! കാരണം താന്‍ പ്രതിനിധീകരിക്കുന്നത് ലോകത്തിലെ വന്‍ശക്തികളിലൊന്നിനെയാണെന്ന കാര്യം അയാള്‍ക്കറിയാം. വില കുറഞ്ഞതും അന്തസ്സില്ലാത്തതും ആയ ഒരു കാര്യവും അയാള്‍ ചെയ്യുകയില്ല. അയാള്‍ ആളുകളോടു പണം ചോദിച്ചു നടക്കുകയില്ല. ഒരു തരത്തിലും തന്റെ രാജ്യത്തിന് ഒരു അപമാനം അവന്‍ വരുത്തുകയില്ല. അമേരിക്കയുടെ സ്ഥാനപതി നിങ്ങളുടെ വീടിനു മുമ്പില്‍ വന്നു പണം ചോദിക്കുന്ന കാര്യം നിങ്ങള്‍ക്കു സങ്കല്പിക്കുവാന്‍ തന്നെ കഴിയുമോ?
മാന്യമായി വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ നിങ്ങളുടെ വീടിന്റെ മുമ്പിലോ ടെലിവിഷനിലോ വന്ന് ഇങ്ങനെ പറയുന്നു എന്നു കരുതുക. ”ഞാന്‍ അമേരിക്കയുടെ സ്ഥാനപതിയാണ്. ഞങ്ങളുടെ രാജ്യം പണത്തിനു വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു നൂറു രൂപാ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി സംഭാവന ചെയ്യുമോ?” നിങ്ങളെന്തു പറയും? നിങ്ങള്‍ പറയും ”നീയൊരു കള്ളനാണ്. നീ അമേരിക്കയുടെ സ്ഥാനപതിയല്ല. അമേരിക്കയുടെ സ്ഥാനപതി ഒരിക്കലും ഇത്തരത്തില്‍ പെരുമാറുകയില്ല.”

ഇനി മറ്റൊരു മനുഷ്യന്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കലോ ടെലിവിഷനിലോ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറയുന്നുവെന്നു കരുതുക: ”ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്ഥാനപതിയാണ്. ഞങ്ങളുടെ വേല മുന്നോട്ടു കൊണ്ടുപോകുവാന്‍ കുറച്ചു പണം അത്യാവശ്യമായി വേണം. ഒരു നൂറു രൂപ ഞങ്ങളുടെ വേലയ്ക്കായി സംഭാവന ചെയ്യുമോ?” നിങ്ങള്‍ അയാളെ വിശ്വസിച്ചു പണം കൊടുക്കുന്നു. എന്തുകൊണ്ട്? കാരണം അമേരിക്കയുടെ സ്ഥാനപതി അന്തസ്സുള്ളവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്ഥാനപതി കേവലം ഒരു യാചകനും ആണെന്നു നിങ്ങള്‍ വിശ്വസിക്കുന്നു! ഈ പ്രപഞ്ചത്തില്‍ ഒരു വന്‍ശക്തിയേ ഉള്ളു അത് സര്‍വ്വശക്തനായ ദൈവമാണ്. അമേരിക്കയുടെ സ്ഥാനപതി ഈ ഭൂമിയിലെ വന്‍ശക്തിയുടെ പ്രതിനിധി ആയിരിക്കാം. എന്നാല്‍ എല്ലാ താഴ്മയോടും ഞാന്‍ പറയട്ടെ. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയുടെ പ്രതിനിധിയാണു ഞാന്‍. യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ അങ്ങനെയാണ്. നിങ്ങളും ആ സ്ഥാനപതിയെപോലെ അന്തസ്സോടെ പെരുമാറുമോ? അന്തസ്സില്ലാതെ വിലകുറഞ്ഞ തരത്തില്‍ ക്രിസ്തീയ വേലക്കാര്‍ ടെലിവിഷനിലും, സഭായോഗങ്ങളിലും, കത്ത് അയച്ചും പണത്തിനുവേണ്ടി യാചിച്ചുംകൊണ്ടു യേശുക്രിസ്തുവിന്റെ അന്തസ്സ് കുറയ്ക്കുന്നത് കാണുമ്പോള്‍ എന്റെ ഹൃദയം ദുഃഖിക്കുന്നു. സങ്കീര്‍ത്തനം 50:12ല്‍ ദൈവം പറയുന്നു: ”എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല. കാരണം ലോകവും അതിലുള്ള സമസ്തവും എനിക്കുള്ളതാണ്.” അതാണ് ഒരു യഥാര്‍ത്ഥ ദൈവദാസനും പറയേണ്ടത്: ”എനിക്കു വിശന്നാലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ ഞാന്‍ ആരോടും പറയുകയില്ല. ഞാന്‍ സ്വര്‍ഗ്ഗത്തിലുള്ള എന്റെ യജമാനനോടു മാത്രം പറയും.”

ഒരു രാജ്യത്തിന്റെ സ്ഥാനപതി തന്റെ മാതൃരാജ്യവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദിവസം പോലും അങ്ങനെ ബന്ധപ്പെടാതിരിക്കുവാന്‍ അയാള്‍ക്കു കഴിയുകയില്ല. ഇങ്ങനെ വേണം നമ്മളും ജീവിക്കുവാന്‍. എത്ര ദരിദ്രനാണെങ്കിലും ഒരു സൈക്കിള്‍ മാത്രമേ സ്വന്തമായിട്ട് ഉള്ളുവെങ്കിലും ഒരു സമ്പന്ന രാജ്യത്തിന്റെ സ്ഥാനപതിയുടെ അന്തസ്സോടെയും അഭിമാനത്തോടെയും പെരുമാറുന്ന ക്രിസ്തീയ വേലക്കാര്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന ഒരു ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു. എന്നാല്‍ ഇന്ന് അങ്ങനെയുള്ള എത്ര ക്രിസ്തീയ വേലക്കാരെ നിങ്ങള്‍ കണ്ടിട്ടുണ്ട്? ഭൂരിപക്ഷം ക്രിസ്തീയ വേലക്കാരും അന്തസ്സുള്ള യാചകന്മാര്‍ മാത്രമാണ്. അവര്‍ എപ്പോഴും ധനവാന്മാരുടെ പിന്നാലെ ചെന്നു പണം ചോദിക്കുന്നു. അതാണു വലിയ ദുരന്തം.

നിങ്ങള്‍ ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്ത് എവിടെയെങ്കിലും പോകുമ്പോഴും നിങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതിയാണെന്ന കാര്യം ഓര്‍ക്കുക.

6:3-10 വാക്യങ്ങളില്‍ പൗലൊസ് താന്‍ എങ്ങനെയാണ് യേശുക്രിസ്തുവിന്റെ സ്ഥാനപതിയായി പെരുമാറുന്നതെന്നു പറയുന്നു: ”ഞങ്ങളുടെ ശുശ്രൂഷയെ ആരും പഴിക്കാതിരിക്കേണ്ടിനു ഞങ്ങള്‍ ആര്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നില്ല. ഞങ്ങള്‍ എല്ലാവിധത്തിലും ദൈവത്തിന്റെ ശുശ്രൂഷകരെന്നു മഹാ സഹിഷ്ണുതയിലൂടെ ഞങ്ങളെത്തന്നെ കാണിക്കുന്നു. കഷ്ടതകള്‍, വൈഷമ്യങ്ങള്‍, ദുരിതങ്ങള്‍, തല്ല്, തടങ്കല്‍, കലഹം, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി എന്നിവയിലും നിര്‍മ്മലത, പരിജ്ഞാനം, ദീര്‍ഘക്ഷമ, ദയ എന്നിവയിലും പരിശുദ്ധാത്മാവിലും ആത്മാര്‍ത്ഥ സ്‌നേഹത്തിലും, സത്യഭാഷണത്തിലും ദൈവശക്തിയിലും തന്നെ; ഞങ്ങള്‍ ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ വഹിച്ചുകൊണ്ടു മാനാപമാനങ്ങളിലൂടെയും ദുഷ്‌കീര്‍ത്തി സല്‍കീര്‍ത്തികളിലൂടെയും കടന്നുപോകുന്നു. പരമാര്‍ത്ഥികളെങ്കിലും വഞ്ചകരായും അറിയപ്പെടുന്നവരെങ്കിലും അറിയപ്പെടാത്തവരായും കരുതപ്പെടുന്നു. ഞങ്ങള്‍ മരിക്കുന്നുവെങ്കിലും ജീവിക്കുന്നു. അടികൊളളുന്നുവെങ്കിലും കൊല്ലപ്പെടുന്നില്ല. ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നു. ദരിദ്രരെങ്കിലും പലരേയും സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവരെങ്കിലും എല്ലാം ഉള്ളവര്‍ തന്നെ.” അങ്ങനെയാണ് പൗലൊസ് ജീവിച്ചത്. അദ്ദേഹം സമ്പന്നതയുടെ സുവിശേഷത്തില്‍ വിശ്വസിച്ചില്ല.

കൊരിന്ത്യര്‍ പൗലൊസിനോട് ഇടുങ്ങിയ ഹൃദയമുള്ളവരായിരുന്നുവെങ്കിലും പൗലൊസിന്റെ ഹൃദയം അവര്‍ക്കായി വിശാലമായി തുറന്നിരുന്നു (6:11). എല്ലാ ദൈവവേലക്കാരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. നമ്മോടു ഇടുങ്ങിയ ഹൃദയമുള്ളവരോടു നാം നമ്മുടെ ഹൃദയം വിശാലമായി തുറന്നിരിക്കണം എന്ന് എഡ്‌വേഡ് മാര്‍ക്ഹാമിന്റെ പദ്യം ഇങ്ങനെ പറയുന്നു:
”അവനൊരു വൃത്തം വരച്ചെന്നെ പുറത്താക്കി
ദുരുപദേശകന്‍, എതിര്‍ക്കുന്നവന്‍ എന്നിങ്ങനെ പരിഹസിച്ചു
എന്നാല്‍ ജയിക്കുന്നതെങ്ങനെയെന്നു ഞാനും എന്റെ സ്‌നേഹവും അറിഞ്ഞു.
ഞങ്ങളൊരു വൃത്തം വരച്ചവനെ അതിനുള്ളിലാക്കി.”
മറ്റുള്ളവര്‍ നമ്മെ അവരുടെ വൃത്തത്തില്‍ നിന്നും തള്ളിക്കളയുമ്പോള്‍ നാം കൂടുതല്‍ ജ്ഞാനത്തോടെ മറ്റൊരുവൃത്തം വരച്ച് അവരെ കൂടി ഉള്‍ക്കൊള്ളണം. നിങ്ങളുടെ ഹൃദയം നിങ്ങളുടെ സഭയില്‍ ഉള്ളവരോടും നിങ്ങളുടെ അഭിപ്രായങ്ങളുമായി എപ്പോഴും യോജിക്കുന്നവരോടും മാത്രമേ തുറന്നിരിക്കുന്നുള്ളുവെങ്കില്‍ നിങ്ങള്‍ക്കു ദൈവത്തെ സേവിക്കുവാന്‍ കഴിയുകയില്ല. എല്ലാ ദൈവജനത്തോടും നിങ്ങളുടെ ഹൃദയം തുറന്നിട്ടില്ലെങ്കില്‍ നിങ്ങളുടെ ദൈവവേല വളരെ പരിമിതപ്പെട്ടിരിക്കും.

6:14ല്‍ അവിശ്വാസികളുമായി ”ചേര്‍ച്ചയില്ലാത്ത പങ്കാളിത്തമരുത്” എന്നൊരു മുന്നറിയിപ്പു നമുക്കു നല്‍കുന്നുണ്ട്. ‘കാളയേയും കഴുതയേയും കൂട്ടി ഉഴരുത്’ എന്നൊരു പ്രമാണം പഴയനിയമത്തിലുണ്ടായിരുന്നു. അവിശ്വാസികളുമായി വ്യാപാരത്തില്‍ പങ്കാളികളാകരുത്. കാരണം നിങ്ങള്‍ക്കു യോജിക്കാന്‍ പറ്റാത്ത അനീതിയും ചതിയും പ്രവര്‍ത്തിക്കുവാന്‍ അവര്‍ ആഗ്രഹിക്കും. നിങ്ങളുടെ അതേ മൂല്യബോധമില്ലാത്തവരുമായി ക്രിസ്തീയ വേലയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. നിങ്ങളുടെ മൂല്യബോധവും, ദര്‍ശനവും, ആഗ്രഹങ്ങളും ഇല്ലാത്ത ഒരു അവിശ്വാസിയെ നിങ്ങള്‍ വിവാഹം ചെയ്താല്‍ അതു ചേര്‍ച്ചയില്ലാത്തതിനെ ഒരുമിച്ചു കെട്ടുന്നതുപോലെയാണ്. നീതിക്കും അനീതിക്കും തമ്മില്‍ ഒരു പങ്കാളിത്തവുമില്ല. വെളിച്ചത്തിന് ഇരുളുമായി ഒരു കൂട്ടായ്മയുമില്ല.

അതിനാല്‍ അത്തരത്തിലുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് നമുക്കുള്ള കല്പന. ”അവരുടെ നടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിക്കുവിന്‍” (6:17). അവിശ്വാസികളുമായി നാം ഈ ലോകത്തില്‍ ഇടപഴകുമ്പോള്‍ തന്നെ അവരുമായി ഒരു പങ്കാളിത്തത്തിലേക്കു വരുവാന്‍ കഴിയുകയില്ല.

ഇവിടെ ചിലതു തുറന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചില പാരമ്പര്യ സഭകളില്‍ ഉള്ള വിശ്വാസികള്‍ക്ക് അവരുടെ നേതാക്കന്മാരും ബിഷപ്പുമാരും മാനസാന്തരപ്പെടാത്തവരാണെന്നറിയാം. പിന്നെന്തുകൊണ്ടാണ് അവര്‍ ആ സഭയില്‍ തന്നെ തുടരുന്നത്? ഒരു നേതാവ് വീണ്ടും ജനിച്ചില്ലായെങ്കില്‍ വേദപുസ്തകം അയാളെ വിളിക്കുന്നത് പിശാചിന്റെ മകന്‍ എന്നാണ് (1 യോഹ. 3:10)- അയാളൊരു ആര്‍ച്ച് ബിഷപ്പാണെങ്കില്‍കൂടി! പിശാചിന്റെ മകനായ നേതാവിനു കീഴടങ്ങിയിരിക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കും?

ലോകത്തില്‍ രണ്ടു തരം ആളുകളാണുള്ളതെന്നു വേദപുസ്തകം പറയുന്നു. ദൈവമക്കളും പിശാചിന്റെ മക്കളും (1 യോഹ. 3:10). പല വിശ്വാസികളും ഇതു വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവര്‍ ഒത്തുതീര്‍പ്പുകാരാകുന്നു. പണമുണ്ടാക്കണമെന്ന ഒറ്റ ആഗ്രഹമുള്ള ആളായിരിക്കും നിങ്ങളുടെ പാസ്റ്റര്‍ എന്നതു നിങ്ങള്‍ക്കറിയാം. എങ്കിലും ആ പാസ്റ്റര്‍ക്കു നിങ്ങള്‍ കീഴടങ്ങിയിരിക്കുന്നത് എന്തുകൊണ്ടാണ്?

യേശു പറഞ്ഞു ”അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും” (മത്താ. 15:14). നിങ്ങള്‍ക്കു കുഴി ഒഴിവാക്കണമെങ്കില്‍ അന്ധനായൊരു നേതാവിനെ അനുഗമിക്കരുത്. ദൈവം പറയുന്നു ”അവിശ്വാസികളുമായി ചേര്‍ച്ചയില്ലാത്ത, പങ്കാളിത്തം അരുത്… അവരുടെ ഇടയില്‍ നിന്നു പുറത്തു വന്നു വേര്‍പെട്ടിരിക്കുവിന്‍… അശുദ്ധമായതൊന്നും തൊടരുത്… ഞാന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും” ( 2 കൊരി. 6:14-18). ഈ കലപ്നകള്‍ പ്രമാണിച്ചാല്‍ ഒരുനാളും നിങ്ങള്‍ക്കു ദുഃഖിക്കേണ്ടി വരികയില്ല.

2 കൊരിന്ത്യര്‍ 7:1ല്‍ പൗലൊസ് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: ”ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തേയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റില്‍ നിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തില്‍ വിശുദ്ധിയുടെ പൂര്‍ണ്ണതയിലെത്തിച്ചേരാം.” വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ എത്തിച്ചേരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആത്മാവിലേയും ശരീരത്തിലേയും അശുദ്ധിയെ ഒരുപോലെ ശുദ്ധമാക്കേണ്ടതാണ്. പുറമേയുള്ള നമ്മുടെ ഇടപെടലുകള്‍ കൊണ്ടുള്ള അശുദ്ധിയുണ്ട്. അതുപോലെ നമ്മുടെ ചിന്തയിലും മനോഭാവത്തിലും വരുന്ന അകമേയുള്ള അശുദ്ധിയുമുണ്ട്. ദൈവത്തോട് നാം ശുദ്ധീകരണം ആവശ്യപ്പെടുവാന്‍ വിട്ടുപോകുന്ന മേഖലയാണിത്. തുടര്‍ച്ചയായി നടക്കേണ്ട ഒന്നാണ് ശുദ്ധീകരണം. അതു നാം മനുഷ്യരെ ഭയന്നല്ല ദൈവഭയത്തില്‍ തന്നെ ചെയ്യണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യരുടെ മുമ്പില്‍ അല്ല ദൈവത്തിന്റെ മുമ്പില്‍ ആയിരിക്കണം നാം ശുദ്ധരാക്കപ്പെടണ്ടത്. നമ്മുടെ ബന്ധുക്കളെയോ സഹോദരന്മാരെയോ അടക്കം ഒരു മനുഷ്യരേയും അല്ല പ്രീതിപ്പെടുത്തേണ്ടത്. ദൈവത്തെ മാത്രമാണ് പ്രീതിപ്പെടുത്തേണ്ടത്. അങ്ങനെ നമ്മുടെ വിശുദ്ധിയെ തികയ്ക്കാം.

7:2ല്‍ പൗലൊസ് പറയുന്നു: ”എന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്കൊരു ഇടമുണ്ട്. നിങ്ങളുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ക്കും ഇടം നല്‍കുവിന്‍. ഞങ്ങള്‍ ആരോടും അന്യായം പ്രവര്‍ത്തിച്ചിട്ടില്ല, ആരെയും ദുഃഖിപ്പിച്ചിട്ടില്ല. ആരേയും ചൂഷണം ചെയ്തിട്ടുമില്ല.” എല്ലാ ദൈവദാസന്മാരുടേയും സാക്ഷ്യം ഇതായിരിക്കണം.

7:10,11ല്‍ പൗലൊസ് തന്റെ ആദ്യ ലേഖനത്തില്‍ ചില കര്‍ശനമായ ശാസനകളെക്കുറിച്ചു പരാമര്‍ശിക്കുന്നു. പാപത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യനെ സഭയില്‍ നിന്നു പുറത്താക്കുവാന്‍ പൗലൊസ് ആവശ്യപ്പെട്ടിരുന്നു. കൊരിന്ത്യയിലെ സഭ ആ കത്ത് വളരെ ഗൗരവത്തോടെ കണ്ടു. ആ കത്തിനാല്‍ പൗലൊസ് അവര്‍ക്കു ദുഃഖം ഉണ്ടാക്കി (8-ാം വാക്യം). ചില അവസരങ്ങളില്‍ ദൈവദാസന്മാര്‍ ശക്തിയായി സംസാരിക്കുമ്പോള്‍ നമുക്കു ദുഃഖം തോന്നും. എന്നാല്‍ അത്തരം ദുഃഖം അല്പകാലത്തേക്കു മാത്രമേയുള്ളു. ദൈവഹിത പ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉളവാക്കുന്നു (വാ.10). യഥാര്‍ത്ഥ മാനസാന്തരം ദൈവത്തിനായുള്ള എരിവു വര്‍ദ്ധിപ്പിക്കുന്നു.


പണവും ദൈവവും


8,9 അദ്ധ്യായങ്ങളില്‍ പലൊസ് യെരുശലേമിലുള്ള ദരിദ്രരായ വിശുദ്ധന്മാര്‍ക്കുവേണ്ടി പണം ശേഖരിക്കുവാന്‍ കൊരിന്ത്യര്‍ക്കു എഴുതുന്നു. ഇവിടെ ശ്രദ്ധിക്കുക. പണം ശേഖരിക്കുവാന്‍ അദ്ദേഹം പറഞ്ഞത് തന്റെ ശുശ്രൂഷകള്‍ക്കു വേണ്ടിയായിരുന്നില്ല. പൗലൊസും ജനങ്ങളോട് പണം ആവശ്യപ്പെട്ട് എഴുതിയിരുന്നു എന്നു കാണിക്കുവാന്‍ ചിലര്‍ ഈ വേദഭാഗം ഉപയോഗിക്കാറുണ്ട്. എന്നാല്‍ പൗലൊസ് ഒരിക്കലും തന്റെ ശുശ്രൂഷകള്‍ക്കായി പണം ആവശ്യപ്പെട്ടില്ല. ആ പണത്തില്‍ ഒരു അംശം പോലും അദ്ദേഹം എടുത്തില്ല. നമ്മുടെ സ്വന്ത ആവശ്യത്തിന് അല്പംപോലും എടുക്കാതെ ദരിദ്രരായ വിശ്വാസികളെ സഹായിക്കുന്നതിനു ധനികരായ വിശ്വാസികളോടു പണം ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പൗലൊസ് അപ്പൊസ്തലന്റെ ഉദാഹരണം അതാണ്. തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഒരു രൂപ പോലും അദ്ദേഹം എടുത്തില്ല. തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തില്‍ മാത്രം ആശ്രയിച്ചു. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു പണം ആവശ്യമായി വന്നപ്പോള്‍ അദ്ദേഹം കൂടാരപ്പണി ചെയ്ത് പണം സമ്പാദിച്ചു. ചിലപ്പോള്‍ അദ്ദേഹം പട്ടിണി കിടന്നു. എങ്കിലും തന്റെ നിലവാരം അദ്ദേഹം താഴ്ത്തിയില്ല. ഈ പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന മഹാശക്തിയുടെ സ്ഥാനപതിയായിട്ടാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിനു വിശന്നപ്പോള്‍ ദൈവത്തോടല്ലാതെ ആരോടും അദ്ദേഹം പറഞ്ഞില്ല.

ദരിദ്രരായ വിശ്വാസികള്‍ എവിടെയാണ് ഉള്ളതെന്നു കാണുവാന്‍ തക്കവണ്ണം എല്ലാ ദൈവദാസന്മാരുടേയും കണ്ണ് തുറന്നിരിക്കണം. എന്നാല്‍ മാത്രമേ അവരെ സഹായിക്കുവാന്‍ ധനികരായ വിശ്വാസികളോട് സഹായം അഭ്യര്‍ത്ഥിക്കുവാന്‍ സാധിക്കുകയുള്ളു. പുതിയ നിയമത്തില്‍ യേശുവോ ഏതെങ്കിലും അപ്പൊസ്തലന്മാരോ തങ്ങളുടെ ശുശ്രൂഷയ്ക്കു വേണ്ടി പണം ശേഖരിച്ചതായി നാം വായിക്കുന്നില്ല. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളും ശുശ്രൂഷയുടെ ആവശ്യങ്ങളും അവര്‍ ദൈവത്തോടു മാത്രമാണ് പറഞ്ഞത്. എന്നാല്‍ ദരിദ്രരെ സഹായിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു.

പൗലൊസ് പിന്നീട് യേശുവിന്റെ ഉദാഹരണവും നല്‍കുന്നു. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ അറിയുന്നുവല്ലോ, അവിടുന്നു സമ്പന്നന്‍ ആയിരുന്നിട്ടും നിങ്ങള്‍ക്കു വേണ്ടി ദരിദ്രനായിത്തീര്‍ന്നു. അവിടുത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങള്‍ സമ്പന്നരായിത്തീരേണ്ടതിനു തന്നെ”(8:9).

നമ്മുടെ കര്‍ത്താവിനു സ്വര്‍ഗ്ഗത്തില്‍ എല്ലാമുണ്ടായിരുന്നു. അവിടുന്ന് ഈ ഭൂമിയിലേക്ക് ഒരു ദരിദ്രനായി വന്നു. അവിടുന്നു ക്രൂശിന്മേല്‍ തൂക്കപ്പെട്ടു. എല്ലാം വിട്ടുകളഞ്ഞു. അങ്ങനെ നാം സമ്പന്നരായി തീരേണ്ടതിനു തന്നെ. ചിലര്‍ ഈ വാക്യത്തെ വ്യാഖ്യാനിക്കുന്നതുപോലെ നാം എല്ലാവരും സമ്പന്നരാകുമെന്നാണോ പൗലൊസ് ഇവിടെ പറയുന്നത്. ഒരിക്കലുമല്ല. ഒന്നാമതായി അദ്ദേഹം പറയുന്നത് യേശു നമുക്കുവേണ്ടി ചെയ്ത പ്രവൃത്തിയിലൂടെ നാം എങ്ങനെ ആത്മീയമായി സമ്പന്നരായി എന്നതാണ്. രണ്ടാമതായി പൗലൊസ് നാം ക്രിസ്തുവിന്റെ മാതൃക അനുകരിക്കണമെന്ന് ആവശ്യപ്പെടുന്നു: ”യേശുവിന്റെ മാതൃക നോക്കുക, അവിടുന്നു മറ്റുള്ളവര്‍ക്കു വേണ്ടി എല്ലാം ത്യജിച്ചു. നിങ്ങള്‍ അവിടുത്തെ ശിഷ്യന്മാരാണെങ്കില്‍ ആ കാല്‍പ്പാടുകള്‍ പിന്തുടരേണ്ടവരാണ്. നിങ്ങള്‍ ധനികനാണെങ്കില്‍ ദരിദ്രരായ സഹവിശ്വാസികളെ സഹായിക്കണം.” ഈ അദ്ധ്യായത്തിന്റെ വിഷയം മുഴുവന്‍ അതാണ്. എന്നാല്‍ പണസ്‌നേഹികളായ പല പ്രസംഗകരും ഈ വാക്യത്തെ തെറ്റായി വ്യാഖ്യാനിച്ച് അവരെപോലെ പണസ്‌നേഹികളായ വിശ്വാസികളെ സമ്പത്തിന്റെ പുറകെ പോകുവാന്‍ പ്രോത്സാഹിപ്പിക്കുന്നു.
ഏതെങ്കിലും ഒരു വേദഭാഗമെടുത്ത് സ്വന്ത ഗുണത്തിനു വേണ്ടി തെറ്റായി വ്യാഖ്യാനിക്കുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ സ്വന്ത ആവശ്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ശേഖരിച്ചു വയ്ക്കുന്നതിനെ ഇങ്ങനെ പറഞ്ഞ് നിങ്ങള്‍ക്കു ന്യായീകരിക്കാം. ”ഞാന്‍ സമ്പന്നനാകേണ്ടതിനു യേശു ദരിദ്രനായിത്തീര്‍ന്നു.” അങ്ങനെയാണു സമ്പന്നതയുടെ സുവിശേഷം പറയുന്ന ദുരുപദേശക്കൂട്ടങ്ങള്‍ എണ്ണത്തില്‍ പെരുകുന്നത്.

രണ്ടു കൊരിന്ത്യര്‍ 8:20, 21 വാക്യങ്ങളില്‍, ആരും തന്നെ അനീതിയുള്ളവന്‍ എന്ന് ആരോപിക്കാതിരിക്കേണ്ടതിനു ദരിദ്രര്‍ക്കു പണം വിതരണം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെയും സുതാര്യമായിട്ടും ആണ് താന്‍ അതു ചെയ്യുന്നതെന്നു പൗലൊസ് പറയുന്നു. ദൈവത്തിന്റെ ദൃഷ്ടിയില്‍ മാത്രമല്ല മനുഷ്യരുടെ ദൃഷ്ടിയിലും ബഹുമാന്യമായ കാര്യങ്ങളെ സംബന്ധിച്ചു നമുക്കു വലിയ ശ്രദ്ധ ഉണ്ടായിരിക്കണം. തങ്ങള്‍ക്കു ലഭിച്ച പണത്തിന്റെ ഒരു അംശം പോലും താനോ തന്റെ സഹപ്രവര്‍ത്തകരോ സ്വന്ത ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചു എന്ന് ആരും ആരോപിക്കുകയില്ലയെന്നു ഉറപ്പു വരുത്തുവാന്‍ പൗലൊസ് ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് പൗലൊ സ് ആ പണം യെരുശലേമിലെ സഭയില്‍ എത്തിക്കുവാന്‍ തീത്തോസിനേയും മറ്റൊരു സഹോദരനേയും അയയ്ക്കുന്നത് (18-ാം വാക്യം). സഭയില്‍ പണസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ നല്ല സാക്ഷ്യമുള്ള രണ്ടു വിശ്വാസികളെ ഒരുമിച്ചു ചുമതലപ്പെടുത്തുന്നതാണ് നല്ലത്.

9:6ല്‍ പൗലൊസ് വീണ്ടും ദാനം നല്‍കുക എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നു. ദാനം ചെയ്യുന്നതില്‍ നാം പിശുക്കുള്ളവരാണെങ്കില്‍ അതിന് ആനുപാതികമായി മാത്രമേ നമുക്കു ലഭിക്കുകയുള്ളുവെന്ന് അദ്ദേഹം ഇവിടെ പറയുന്നു. അല്പം വിത്ത് വിതച്ചാല്‍ അല്പം മാത്രമേ കൊയ്യൂ. ധാരാളം വിത്ത് വിതയ്ക്കുമ്പോഴാണ് വലിയ കൊയ്ത്തു ലഭിക്കുന്നത്. പണസ്‌നേഹികളായ പല പ്രസംഗകരും (പ്രത്യേകിച്ചു ടെലിവിഷന്‍ സുവിശേഷകര്‍) അവര്‍ക്കു പണം നല്‍കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതിന് ഈ വാക്യം ഉപയോഗിക്കാറുണ്ട്. അത്തരം പ്രസംഗകര്‍ പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവരും സാധാരണ വിശ്വാസികളെ ചതിക്കുന്നവരുമാണ്. തന്റെ അടുക്കലേയ്ക്കു വന്ന ധനികനായ ചെറുപ്പക്കാരനോടു യേശു എന്താണ് പറഞ്ഞത്? അവന്റെ പണമെല്ലാം ദരിദ്രര്‍ക്കു നല്‍കിയതിനു ശേഷം ഒട്ടും പണമില്ലാത്തവനായി തന്നെ അനുഗമിക്കുവാനാണ് യേശു അവനോട് പറഞ്ഞത്. യേശു ഇങ്ങനെ പറഞ്ഞില്ല (ഇന്നുള്ള പല പ്രസംഗകരും പറയുന്നതുപോലെ)- ”നിന്റെ സ്വത്തെല്ലാം വിറ്റ് ആ പണം എനിക്കു തരിക. കാരണം നമ്മുടെ ശുശ്രൂഷയ്ക്കു ധാരാളം പണം ആവശ്യമുണ്ട്. പന്ത്രണ്ടു ശിഷ്യന്മാരെയും അവരുടെ കുടുംബത്തേയും സംരക്ഷിക്കേണ്ട ആവശ്യമുണ്ട്.” യേശുവിനു വേണ്ടിയിരുന്നത് മനുഷ്യരെയാണ്. പണമല്ല.

എന്നാല്‍ ഒരു ധനികനോട് ഇങ്ങനെ പറയുന്ന ഒരു ദൈവവേലക്കാരനെ ഇന്ന് എവിടെ കാണാന്‍ കഴിയും?: ”നിങ്ങളുടെ പണത്തില്‍ ഞങ്ങള്‍ക്ക് അല്പംപോലും താല്പര്യമില്ല. നിങ്ങള്‍ ആത്മീയമായി വളരണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അതുകൊണ്ടു നിങ്ങളുടെ പണം നിങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു നല്‍കുക. പിന്നീട് ഞങ്ങളുടെ സഭയില്‍ വന്നു ദൈവവചനം കേള്‍ക്കുക.” ഇതാണ് നമ്മുടെ സഭകളില്‍ നാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

9:7ല്‍ നാം ഇങ്ങനെ വായിക്കുന്നു: ”സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” പഴയനിയമത്തില്‍ ഒരുവന്‍ ദശാംശവും മറ്റു വഴിപാടുകളുമൊക്കെയായി എത്ര നല്‍കുന്നു എന്നതിനായിരുന്നു ഊന്നല്‍ കൊടുത്തിരുന്നത്. എന്നാല്‍ പുതിയനിയമത്തില്‍ ഒരുവന്‍ എങ്ങനെ കൊടുക്കുന്നു എന്നതിനാണ് ഊന്നല്‍. സന്തോഷത്തോടെയോ അതോ മടിയോടെയോ എന്നതാണ് നോക്കുന്നത്. ഇപ്പോഴത്തെ ചോദ്യം, നല്‍കിയ ആളിനെ സംബന്ധിച്ചല്ല. എന്നാല്‍ നല്‍കിയതിന്റെ ഗുണത്തെ സംബന്ധിച്ചാണ്. പുതിയ നിയമത്തിനു കീഴില്‍ ഗുണത്തിനു മാത്രമാണ് പ്രാധാന്യം. സഭയുടെ പണിയിലും ഇങ്ങനെ തന്നെ.

ദൈവത്തിനു കൊടുക്കുന്ന കാര്യത്തില്‍ പല വിശ്വാസികളും ലുബ്ധരാകയാല്‍ അവര്‍ ആത്മീയ കാര്യങ്ങളില്‍ ദരിദ്രരായിരിക്കുന്നു. ദൈവത്തിനു കൊടുക്കുന്നതില്‍ ഹൃദയ വിശാലതയുള്ളവരായിരിക്കുക. ഒന്നാമത് നിങ്ങളുടെ ജീവിതം കൊടുക്കുന്നതില്‍. പിന്നീട് നിങ്ങളുടെ സമയവും സമ്പത്തും കൊടുക്കുന്നതില്‍. അപ്പോള്‍ ദൈവം നൂറു മടങ്ങായി മടക്കി നല്‍കും.

ഞാന്‍ അവിവാഹിതനായിരുന്നപ്പോള്‍ എനിക്കു ചെലവു കുറവായിരുന്നു. അതിനാല്‍ നേവിയില്‍ നിന്നും എനിക്കു ലഭിച്ചിരുന്ന വരുമാനത്തിന്റെ നല്ല പങ്കും ഞാന്‍ ദൈവവേലയ്ക്കു നല്‍കി. പിന്നീട് ഞാന്‍ വിവാഹിതനായപ്പോള്‍ എനിക്കു കൂടുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടായി. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു കടക്കാരനായില്ല. ആരില്‍ നിന്നും പണം വാങ്ങേണ്ട ആവശ്യം എനിക്കുണ്ടായില്ല. കാരണം ഞാന്‍ മുന്‍പു ദൈവത്തിനു നല്‍കിയതു ദൈവം തിരികെ നല്‍കി തുടങ്ങിയിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നു പറയട്ടെ. ദൈവത്തിനു ധാരാളമായി കൊടുക്കുക, അപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും പരിഹരിക്കപ്പെടുന്നത് കാണാം. എന്നാല്‍ ദൈവത്തിനു കൊടുക്കുന്നത് വളരെ ജ്ഞാനത്തോടെ വേണമെന്ന മുന്നറിയിപ്പു കൂടി ഞാന്‍ നല്‍കട്ടെ. നിങ്ങളോടു പണം ആവശ്യപ്പെടുന്ന പ്രസംഗകര്‍ക്കു പണം നല്‍കരുത്. അതുപോലെ പണം ധൂര്‍ത്തടിക്കുന്ന പ്രസംഗകര്‍ക്കും ഒരിക്കലും പണം നല്‍കരുത്. അവര്‍ ദൈവത്തിന്റെ പണം പാഴാക്കുന്നു. പ്രാര്‍ത്ഥനയോടെ ദൈവഹിതം അന്വേഷിക്കുക, എവിടെയാണ് കൂടുതല്‍ ആവശ്യങ്ങളുള്ളതെന്നു ദൈവം കാണിച്ചു തരും. ധനവാന്മാര്‍ക്കു നല്‍കാതെ ദരിദ്രര്‍ക്കു നല്‍കുക. യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്കു കൊടുക്കുക. അപ്പോള്‍ നിങ്ങളുടെ ആവശ്യ സമയത്തു ദൈവം നിങ്ങള്‍ക്കു വലിയൊരു കൊയ്ത്തു നല്‍കുന്നതു നിങ്ങള്‍ കാണും. സമ്പന്നനായ സ്വര്‍ഗ്ഗീയ പിതാവിന്റെ മക്കള്‍ കടക്കാരും നിരന്തരം സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്നവരുമാകണമെന്നത് ഒരിക്കലും ദൈവഹിതമല്ല. പല വിശ്വാസികളും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതിനു കാര ണം അവന്‍ ദൈവത്തിനു ധാരാളമായി കൊടുക്കുന്നില്ലായെന്നതാണ്. നാം വിതയ്ക്കുന്നതാണ് നാം കൊയ്യുന്നത്.

പൗലൊസ് മഹാനായൊരു അപ്പൊസ്തലനും കൊരിന്ത്യയിലെ ക്രിസ്ത്യാനികള്‍ പുതിയ വിശ്വാസികളും ആയിരുന്നു. എങ്കിലും അദ്ദേഹം അവരുടെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തി ഇങ്ങനെ എഴുതി. 10:1ല്‍ അദ്ദേഹം പറയുന്നു: ”ഞാന്‍ ക്രിസ്തുവിന്റെ സൗമ്യതയിലും ശാന്തതയിലും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.” അങ്ങനെയാണ് അദ്ദേഹം എപ്പോഴും സംസാരിച്ചത്.


നമ്മുടെ ചിന്താമണ്ഡലവും ക്രിസ്തുവിനോടുള്ള ഭക്തിയും


തുടര്‍ന്ന് അദ്ദേഹം ”നമ്മുടെ ചിന്താമണ്ഡലത്തിലെ കോട്ടകള്‍” ( 5-ാം വാക്യം) എന്ന വിഷയത്തെക്കുറിച്ച് പറയുന്നു. നമ്മുടെ ജഡമോഹം, നമ്മുടെ ഉള്ളില്‍ ദുഷ്ചിന്തകളാലും സ്വാര്‍ത്ഥചിന്തകളാലും ബലമുള്ള ഒരു കോട്ട കെട്ടിയിരിക്കുന്നു. അവയാല്‍ നാം നമ്മുടെ മോഹങ്ങളെ തൃപ്തിപ്പെടുത്തുമാറ് സ്വാര്‍ത്ഥതയോടെ ജീവിക്കുന്നു. രാത്രിയില്‍ നാം ഉറങ്ങുമ്പോള്‍ ഈ കോട്ടയില്‍ നിന്നു ദുഷ്ചിന്തകള്‍ സ്വപ്നമായി വരുന്നു. നാം എപ്പോഴും ഇങ്ങനെ ജീവിക്കണമെന്നത് ദൈവഹിതമാണോ? ഒരിക്കലുമല്ല. എല്ലാ ചിന്തകളും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിരിക്കണമെന്നതാണ് ദൈവഹിതം. ദൈവം നമുക്കു നല്‍കുന്ന ആത്മീയ ആയുധങ്ങള്‍ ഉപയോഗിച്ച് ഈ കോട്ടകളെ നമുക്കു തകര്‍ക്കാം. ഈ കോട്ടകളെ തകര്‍ക്കാന്‍ തക്ക ശക്തിയുള്ള ഒരു പ്രധാനപ്പെട്ട ആയുധം ദൈവവചനം തന്നെയാണ് (4-ാം വാക്യം). അങ്ങനെ നമുക്ക് ”ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കുവാന്‍” കഴിയും.

കൂടുതല്‍ കൂടുതല്‍ ദൈവവചനങ്ങള്‍ കൊണ്ട് നമ്മുടെ മനസ്സു നിറച്ചാല്‍ ഈ കോട്ടകള്‍ ഓരോന്നായി തകരുന്നതും അവയിലെ പടയാളികള്‍ (ചിന്തകള്‍) നശിക്കുന്നതും നാം മനസ്സിലാക്കും. ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ ഞാനും നിങ്ങളെല്ലാവരേയുംപോലെ ദുഷ്ചിന്തകളോടു പോരാടിയിരുന്നു. ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും എന്റെ മനസ്സിനെ വചനങ്ങള്‍ക്കൊണ്ട് നിറയ്ക്കുകയും ചെയ്യുകയെന്നതായിരുന്നു എന്റെ ചെറുപ്പകാലത്തു ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം. മലിനജലം നിറഞ്ഞ ഒരു പാത്രം പോലെയാണ് നമ്മുടെ മനസ്സ്. കാരണം മാനസാന്തരത്തിനു മുമ്പുള്ള നാളുകളിലെ മ്ലേഛകരമായ പലതും നാം അതിലേക്കിട്ടിട്ടുണ്ട്. ഒരു പാത്രം ശുദ്ധജലം അതിലേക്ക് ഒഴിച്ചാല്‍ അല്പം മലിനജലം പുറത്തേക്കു കവിഞ്ഞ് ഒഴുകിപ്പോകും. ഇതു തുടര്‍ന്നാല്‍ പാത്രത്തിലെ ജലം കൂടുതല്‍ കൂടുതല്‍ ശുദ്ധമായിക്കൊണ്ടിരിക്കും. നമ്മുടെ മനസ്സിലേക്കു ദൈവവചനം ഒഴിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ ചില വര്‍ഷങ്ങള്‍ക്കൊണ്ടു നമ്മുടെ മനസ്സിനെ വൃത്തിയാക്കിയെടുക്കുവാന്‍ സാധിക്കും. എന്നാല്‍ ഇപ്പോഴും ഇടയ്ക്കിടെ ആ പാത്രത്തിലേക്ക് അല്പം മാലിന്യം നാം ഇട്ടുകൊണ്ടിരുന്നാല്‍ ശുദ്ധീകരണ പ്രക്രിയ വൈകും. നമ്മുടെ എല്ലാ വിചാരങ്ങളേയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കുന്നതിന് ആവശ്യമായ കൃപ ലഭിക്കുവാന്‍ ദൈവത്തോടു നമുക്ക് അപേക്ഷിക്കാം.

10:13ല്‍ പൗലൊസ് പറയുന്നു: ”നമ്മുടെ അളവിനൊത്തവണ്ണം അല്ലാതെ പ്രശംസിക്കരുത്.” അദ്ദേഹം തുടര്‍ന്നു പറയുന്നു: ”ദൈവം എന്റെ ശുശ്രൂഷയ്ക്ക് ഒരു പ്രത്യേക പരിധി വച്ചിരിക്കുന്നു. ആ പരിധിക്കു പുറത്തു പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” നമ്മുടെ കര്‍ത്താവായ യേശുവിന്റെ ആദ്യ നാളുകളില്‍ യിസ്രായേലിന്റെ അതിരുകള്‍ക്കുള്ളിലായിരുന്നു അവിടുത്തെ ശുശ്രൂഷയുടെ പരിധി. അവിടുന്നു യിസ്രായേലിന്റെ അതിരു വിട്ട് അപൂര്‍വ്വമായി മാത്രമേ പോയിട്ടുള്ളു. പൗലൊസിനും ദൈവത്താല്‍ നിയമിക്കപ്പെട്ട ഒരു പരിധിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പൗലൊസിനു പത്രൊസിനോടോ അന്ത്രയോസിനോടോ മത്തായിയോടോ മറ്റാരോടെങ്കിലുമോ ആ മത്സരമുണ്ടായിരുന്നില്ല. ദൈവം തനിക്കു നല്‍കിയ പരിധിക്കുള്ളില്‍ മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തന്റെ പ്രവര്‍ത്തന മണ്ഡലത്തിന്റെ അതിരുകളെക്കുറിച്ചു പൗലൊസിനു നല്ല വ്യക്തതയുണ്ടായിരുന്നു, ഇന്നുള്ള പല പ്രസംഗകര്‍ക്കും അവരുടെ അതിരുകളെക്കുറിച്ചു നല്ല വ്യക്തതയില്ല. അതുകൊണ്ടാണ് അവര്‍ മറ്റു പ്രസംഗകരുമായി മത്സരിക്കുകയും പോരാടുകയും ചെയ്യുന്നത്.


പൗലൊസിന്റെ പരീക്ഷകളും ശൂലവും


11:2,3 വാക്യങ്ങളില്‍, ”കുഞ്ഞാടിന്റെ കല്യാണ ദിവസം” കൊരിന്തു ക്രിസ്ത്യാനികളെ നിര്‍മ്മല കന്യകയായി കര്‍ത്താവിനെ ഏല്പിക്കുവാനാണ് താന്‍ ഏറ്റവും ആഗ്രഹിക്കുന്നതെന്നു പൗലൊസ് പറയുന്നു. അതുകൊണ്ട് അവര്‍ മറ്റാരുമായും ഒരു സ്‌നേഹബന്ധത്തില്‍ വീഴരുതെന്നുള്ള വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അബ്രഹാമിന്റെ ദാസനായ എലിയാസര്‍ യിസഹാക്കിനുള്ള വധു റിബേക്കയുമായി ഒരു ദീര്‍ഘയാത്ര (ഊരില്‍ നിന്നും കനാന്‍വരെ 1500 കിലോമീറ്റര്‍) പോയ സംഭവം ഓര്‍ക്കുക. ആ യാത്രയ്ക്കിടെ സൗന്ദര്യമുള്ള ചെറുപ്പക്കാര്‍ ആരെങ്കിലും റിബേക്കയുടെ സ്‌നേഹം നേടാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എലിയാസര്‍ റിബേക്കയ്ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കുമായിരുന്നു. ”ഈ ചെറുപ്പക്കാരനിലേക്കു നീ ആകര്‍ഷിക്കപ്പെടരുത്. നിന്നെയൊരു നിര്‍മ്മല കന്യകയായി എനിക്കു യിസഹാക്കിനെ എല്പിക്കുവാനുള്ളതാണ്.” പൗലൊസിനും അതുപോലെ കൊരിന്ത്യയിലെ സഭയെ സൂക്ഷിച്ചു യേശുവിനായി സമര്‍പ്പിക്കണമെന്നുണ്ടായിരുന്നു. എല്ലാ ദൈവദാസന്മാര്‍ക്കും തങ്ങള്‍ ശുശ്രൂഷിക്കുന്ന ആളുകളെക്കുറിച്ച് ഉണ്ടാകേണ്ട വിശുദ്ധമായൊരു എരിവാണിത്. അവര്‍ അവരോടു പറയണം, ‘നിങ്ങള്‍ യേശുവിനായി വേര്‍തിരിക്കപ്പെട്ടവരാണ്. അതിനാല്‍ പണത്തോടോ, അവിഹിതമായ ലൈംഗികതയോടോ, ലോകമഹത്വത്തോടോ ആകര്‍ഷിക്കപ്പെടരുത്. ഇവ നിങ്ങളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ അവയുടെ പ്രലോഭനങ്ങളെ എതിര്‍ത്തു നിങ്ങളെ എപ്പോഴും വിശുദ്ധിയില്‍ സൂക്ഷിക്കണം.’ തുടര്‍ന്നു പൗലൊസ് പറയുന്നു ”സാത്താന്‍ ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായി പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.”

എപ്പോഴാണ് ഒരുവന്‍ പിന്മാറി വഴിവിട്ടു പോകുന്നത്? അവന്‍ ഏതെങ്കിലും ദുരുപദേശ കൂട്ടത്തില്‍ പോകുമ്പോഴോ വ്യാജ ഉപദേശങ്ങളില്‍ വിശ്വസിക്കുമ്പോഴോ ആണോ? 11:3-ാം വാക്യം അനുസരിച്ചു ക്രിസ്തുവിനോടുള്ള ഏകാഗ്രത വിടുന്ന എല്ലാ ക്രിസ്ത്യാനികളും വഴിതെറ്റി പോയിരിക്കുന്നു. ദൈവജനത്തിന്റെ ഇടയന്മാരെന്ന നിലയില്‍ നമുക്കുള്ള ജോലി ഈ ആട്ടിന്‍ കൂട്ടത്തെ ക്രിസ്തുവിനോടുള്ള ഏകാഗ്രതയില്‍ സൂക്ഷിക്കുകയെന്നതാണ്. ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. വിശ്വാസികള്‍ യേശുവിനെ തീക്ഷ്ണമായി സ്‌നേഹിക്കുന്നതില്‍ നിന്നും വഴി തെറ്റിക്കുവാന്‍ പിശാച് എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിനോടുള്ള തീക്ഷ്ണമായ സ്‌നേഹം നഷ്ടപ്പെട്ടതിനു ശേഷം നാം എത്ര സുവിശേഷ പ്രസംഗം നടത്തിയാലും വചനം പഠിപ്പിച്ചാലും, ദൈവത്തിനായി മറ്റേതു വേല ചെയ്താലും ഒരു പ്രയോജനവുമില്ല. എഫേസ്യ സഭയിലെ ദൂതനെക്കുറിച്ചു ദൈവത്തിനുള്ള ഏക പരാതിയും ഇതു തന്നെയായിരുന്നു (വെളി. 2:4).

താന്‍ അവിടെയുള്ള ക്രിസ്ത്യാനികള്‍ക്കാര്‍ക്കും ഒരു തരത്തിലുള്ള സാമ്പത്തിക ഭാരവും ഉണ്ടാക്കിയിട്ടില്ലെന്നു തുടര്‍ന്നു പൗലൊസ് പറയുന്നു: ”നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ ഞാന്‍ ഒരു വിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതെവണ്ണം സൂക്ഷിച്ചു” (11:5-13). തന്റെയും തന്റെ സഹപ്രവര്‍ത്തരുടെയും ആവശ്യങ്ങള്‍ക്കായി അദ്ദേഹം കൂടാരപ്പണി ചെയ്തു. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഫിലിപ്യയിലെ സഭയില്‍ നിന്നു ചില സംഭാവനകള്‍ സ്വീകരിച്ചു (11:8,9). ഈ വേര്‍തിരിവ് അദ്ദേഹം കാണിച്ചതെന്തുകൊണ്ടാണ്? കൊരിന്ത്യയിലെ പല വിശ്വാസികളും അദ്ദേഹത്തിന്റെ അപ്പൊസ്തലിക ശുശ്രൂഷ അംഗീകരിച്ചിരുന്നില്ലയെന്നതാണ് കാരണം. ദൈവദാസന്മാരെന്ന നിലയില്‍ നമ്മുടെ ശുശ്രൂഷയെ സ്വീകരിക്കാത്തവരില്‍ നിന്നോ സഭകളില്‍ നിന്നോ ഒരു പണവും സ്വീകരിക്കരുത്. കര്‍ത്താവായ യേശുവിന്റെ സ്ഥാനപതികളെന്ന ഒരു വലിയ പദവി നമുക്കുണ്ട്. ഒരു വിശ്വാസിയുടെ പക്കല്‍ നിന്നും പണം സ്വീകരിക്കുമ്പോള്‍ അതു കൂട്ടായ്മയുടെ പ്രവൃത്തിയാണ്. അതിനാല്‍ നമ്മുടെ ശുശ്രൂഷയെ സ്വീകരിക്കുന്നവരില്‍ നിന്നും പണം സ്വീകരിക്കുന്നതില്‍ തെറ്റില്ല. അല്ലാതെ ആകരുത്.

11:23-33ല്‍ കര്‍ത്താവിനു വേണ്ടിയുള്ള തന്റെ വേലയില്‍ താന്‍ അനുഭവിച്ച വിവിധ ശോധനകളെക്കുറിച്ചു പൗലൊസ് പറയുന്നു. ഞാന്‍ തടവിലായതും, ചാട്ടവാറുകൊണ്ടും കോലുകൊണ്ടും അടിയേറ്റതും താന്‍ അനുഭവിച്ച ഉറക്കമില്ലാത്ത രാത്രികളും വിശപ്പും ദാഹവും പ്രതികൂല കാലാവസ്ഥയും താന്‍ നേരിട്ട കള്ളന്മാരില്‍ നിന്നുള്ള അപകടവും അങ്ങനെയെല്ലാറ്റിനെക്കുറിച്ചും പറയുന്നു. തണുപ്പ് അകറ്റാനുള്ള വസ്ത്രങ്ങളും, ഭക്ഷിക്കുവാന്‍ ആവശ്യത്തിനു ആഹാരവും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. വസ്ത്രത്തിനോ ആഹാരത്തിനോ ആവശ്യമായ പണം അദ്ദേഹത്തിന്റെ പക്കല്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ദൈവം ഇതിലൂടെയെല്ലാം അദ്ദേഹത്തെ കടത്തി വിട്ടത് കഷ്ടതയിലൂടെ കടന്നു പോകുന്ന മറ്റു ക്രിസ്ത്യാനികള്‍ക്ക് ഒരു മുന്‍ഗാമിയാകുന്നതിനു വേണ്ടിയാണ്. ഓരോ ശോധനയുടെ സമയത്തും പൗലൊസ് തന്നെത്താന്‍ താഴ്ത്തി. ”ഒരിക്കല്‍ ദമസ്‌കോസിലെ നാടുവാഴി എന്നെ പിടിക്കുവാന്‍ ഇച്ഛിച്ചു. എന്നാല്‍ അവിടെയുള്ള വിശ്വാസികള്‍ എന്നെ കിളിവാതിലിലൂടെ ഒരു കൊട്ടയില്‍ ഇറക്കി വിട്ടു” (11:32,33). നിങ്ങള്‍ ഒരു അപ്പൊസ്തലനാണെങ്കില്‍ ഇതുപോലെ ലജ്ജാകരമായ കാര്യം ആരും അറിയരുതെന്നല്ലേ ആഗ്രഹിക്കുക? താന്‍ ഒരു വലിയ മനുഷ്യനാണ്, തന്നെ രക്ഷിക്കുവാന്‍ ദൈവം ദൂതന്മാരെ അയയ്ക്കും എന്ന തരത്തിലുള്ള ധാരണ കൊരിന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു ഒരിക്കലും നല്‍കരുതെന്നാണ് പൗലൊസ് കരുതിയത്. അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. തന്നെ ഉള്ളതുപോല അറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം പറഞ്ഞു ”താന്‍ ആയിരിക്കുന്നതിനു മീതെ ആരും തന്നെ കുറിച്ചു നിരൂപിക്കരുത്” (2കൊരി. 12:6). തങ്ങള്‍ ആയിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ധാരണ മറ്റുള്ളവര്‍ക്കു നല്‍കുവാന്‍ ശ്രമിക്കുന്ന ഇന്നുള്ള പല ദൈവദാസന്മാരില്‍ നിന്നും പൗലൊസ് എത്ര വ്യത്യസ്തനായിരുന്നു!

അധ്യായം 12:1ല്‍ ദൈവം തന്നെ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുത്തതിനെ സംബന്ധിച്ച്, പൗലൊസ് പറയുന്നു. 14 വര്‍ഷത്തോളം അദ്ദേഹം അത് ആരോടും പരാമര്‍ശിച്ചതേയില്ല. എന്തൊരു മനുഷ്യനാണ് ഇദ്ദേഹം? തന്റെ ഈ അനുഭവത്തെ സംബന്ധിച്ച് 14 വര്‍ഷം മിണ്ടാതിരിക്കുകയും പിന്നീട് അതിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ വിശദാംശങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തു. മിക്ക വിശ്വാസികളും ഇത്തരമൊരു അനുഭവമുണ്ടായാല്‍ തൊട്ടടുത്ത സഭായോഗത്തിനു തന്നെ അതിനെക്കുറിച്ചു വളരെ വിശദമായി സംസാരിക്കും. അതുകൊണ്ടാണ് മറ്റുള്ളവരുടെ ആദരവു ലഭിക്കുന്നതിനു ചില കരിസ്മാറ്റിക് വിശ്വാസികള്‍ സ്വര്‍ഗ്ഗീയ ദര്‍ശനത്തെക്കുറിച്ച് ആത്മപ്രശംസയോടെ തങ്ങളുടെ ഭാവനയില്‍ നിന്നു പറയുന്നത്. എന്തുകൊണ്ടാണ് നാം ഇങ്ങനെ പറയുന്നത്? യഥാര്‍ത്ഥ ദര്‍ശനം ലഭിച്ചിട്ടുള്ളവര്‍ ആ ദര്‍ശനത്തെ (പൗലൊസ് പറഞ്ഞതുപോലെ) ഇങ്ങനെ പറയും: ”ഒരു മനുഷ്യന്റെയും വാക്കുകള്‍ കൊണ്ട് വിശദീകരിക്കുവാന്‍ കഴിയാതെ വണ്ണം അത്ഭുതകരമാണ് അത്.” മാത്രമല്ല, ‘അത് മറ്റുള്ളവരോട് പറയുവാന്‍ അനുവദിക്കപ്പെട്ടിട്ടുമില്ല’ (12:4).

പിന്നീട് പൗലൊസ്, താന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ദൈവം ഒഴിവാക്കി കൊടുക്കാതിരുന്ന ഒരു കഠിന ശോധനയെക്കുറിച്ചു പറയുന്നു. പൗലൊസ് അതിനെ ”ജഡത്തില്‍ ഒരു ശൂലം” ”സാത്താന്റെ ദൂതന്‍” എന്നെല്ലാം വിളിക്കുന്നു. എങ്കിലും അത് ”ദൈവം തന്നിരിക്കുന്നു”(12:7). പൗലൊസിനു ദൈവം കൊടുത്ത വരം ഒരു ശൂലമാണ്. പൗലൊസ് നിഗളിച്ചു പോകുമെന്നുള്ള അപകടം അവിടുന്നു കണ്ടതുകൊണ്ടാണ് അതു നല്‍കിയത്. എല്ലാ നിഗളികളോടും ദൈവം എതിര്‍ത്തു നില്‍ക്കുന്നു. പൗലൊസിനെ എതിര്‍ക്കുവാന്‍ ദൈവം ആഗ്രഹിച്ചില്ല. പൗലൊസിനു കൃപ നല്‍കുവാന്‍ ദൈവം ആഗ്രഹിച്ചു. അതിനു പൗലൊസിനെ താഴ്മയില്‍ നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നു (1പത്രൊ. 5:5). അതിനാല്‍ പൗലൊസിനെ നിരന്തരം ശല്യപ്പെടുത്തുവാന്‍ സാത്താന്റെ ദൂതനെ അവിടുന്ന് അനുവദിച്ചു. അങ്ങനെ പൗലൊസിനെ എപ്പോഴും താഴ്മയിലും ദൈവാശ്രയത്തിലും നിര്‍ത്തുവാന്‍ സാധിച്ചു.

അതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ അവസാനം നന്മയുണ്ടാകണമെന്ന താല്പര്യത്തോടെ നമ്മെ കഷ്ടപ്പെടുത്തുവാന്‍ സാത്താന്റെ ദൂതനെ ചിലപ്പോള്‍ ദൈവം അനുവദിക്കും. ഉദാഹരണത്തിനു രോഗം സാത്താന്റെ ഒരു ദൂതനാണ്. എന്തുകൊണ്ടാ ണ് നാം അങ്ങനെ പറയുന്നത്? കാരണം യേശു പറഞ്ഞു ‘അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുക്കുവാന്‍ അറിയുന്നുവെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്കു നന്മ എത്രയധികം കൊടുക്കും” (മത്താ. 7:11). നന്മ നിറഞ്ഞ ദൈവത്തോടു താരതമ്യം ചെയ്താല്‍ നാം എല്ലാം ദോഷികളായ പിതാക്കന്മാരാണ്. എങ്കിലും നാം ആരും നമ്മുടെ മക്കള്‍ക്കു രോഗം കൊടുക്കുകയില്ല. അങ്ങനെയെങ്കില്‍ സ്‌നേഹസമ്പന്നനായ പിതാവ് തന്റെ മക്കള്‍ക്കാര്‍ക്കെങ്കിലും രോഗങ്ങള്‍ നല്‍കുമോ? ലോകത്തില്‍ കാ ണുന്ന രോഗങ്ങളില്‍ പലതിനും കാരണം ഈ ഭൂമി ശപിക്കപ്പെട്ടതായതിനാലാണ് (ഉല്പ. 3:17). മറ്റു ചില രോഗങ്ങള്‍ സാത്താനാല്‍ ഉണ്ടാകുന്നതാണ് (ഇയ്യോ. 2:7). നാം പൂര്‍ണ്ണ ആരോഗ്യവാന്മാരാകണമെന്നാണ് ദൈവഹിതമെങ്കിലും അവിടുന്നു ചില സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേക ഉദ്ദേശ്യത്തോടെ നമ്മെ രോഗിയാകുവാന്‍ അനുവദിക്കും. പൗലൊസ് തന്റെ ശരീരത്തിലുള്ള ശൂലം മാറ്റിത്തരണമെന്നു പ്രാര്‍ത്ഥിച്ചെങ്കിലും ദൈവം അദ്ദേഹത്തിനു വിടുതല്‍ നല്‍കിയില്ല. അതിനു പകരം കൃപ നല്‍കി. ശൂലം ശരീരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ജയാളിയാക്കി. അതേ കൃപയാല്‍ നമുക്കും ജയാളികളാകുവാന്‍ സാധിക്കും.

13:4,5 വാക്യങ്ങളില്‍ നാം വായിക്കുന്നു ”ബലഹീനതയില്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു. ഞങ്ങള്‍ അവനില്‍ ബലഹീനര്‍ എങ്കിലും അവനോടു കൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നു” ഒരു യഥാര്‍ത്ഥ ശിഷ്യന്‍ തന്നില്‍ തന്നെ വളരെ ബലഹീനനെങ്കിലും ദൈവശക്തിയാല്‍ ജീവിക്കുന്നവനാണ്. അങ്ങനെയാണ് പൗലൊസ് ആ ലേഖനം അവസാനിപ്പിക്കുന്നത്.


യേശുക്രിസ്തുവിന്റെ സ്ഥാനപതിയുടെ 12 ലക്ഷണങ്ങള്‍


അവസാനമായി ഈ ലേഖനത്തില്‍ നാം കാണുന്ന ”യേശുവിന്റെ ഒരു സ്ഥാനപതി”യുടെ 12 അടയാളങ്ങള്‍ കൂടി നോക്കാം. പൗലൊസ് യേശുക്രിസ്തുവിന്റെ ഒരു സ്ഥാനപതിയായിരുന്നു (2 കൊരി 5:20).

(1) അവന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവനാണ് (1:1). ”ദൈവേഷ്ടത്താല്‍ ക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസ്.” അവന്‍ സ്വയം വിളിച്ചതല്ല, ദൈവം അവനെ വിളിച്ചതാണ്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ദൈവത്തില്‍ നിന്നും വിളി ലഭിക്കാതെ നാം പൂര്‍ണ്ണമായ ശുശ്രൂഷയിലേക്കു കടക്കരുത്.
(2) അവന്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ളവനാണ് (1:12). ദൈവം നമ്മളില്‍ നിന്നും ആവശ്യപ്പെടുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് ആത്മാര്‍ത്ഥത. നിങ്ങള്‍ക്കു പല ബലഹീനതകള്‍ ഉണ്ടാകാം. എന്നാല്‍ നിങ്ങള്‍ സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനും ആണെങ്കില്‍ നിങ്ങള്‍ക്കൊരു യഥാര്‍ത്ഥ ദൈവദാസനാകാന്‍ കഴിയും.
(3) അവന്‍ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചവനായിരുന്നു (1:22). നിങ്ങള്‍ക്കു മറ്റ് എന്തെല്ലാം യോഗ്യതകള്‍ ഉണ്ടെങ്കിലും പരിശുദ്ധാത്മ അഭിഷേകം ഇല്ലെങ്കില്‍ നിങ്ങള്‍ക്കു ദൈവത്തെ സേവിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ചെയ്യുന്നത് മറ്റെന്തെങ്കിലും ആയിരിക്കും.
(4) താന്‍ സേവിക്കുന്നവരെ അവന്‍ സ്‌നേഹിക്കുന്നു (2:4). ”എനിക്കു നിങ്ങളോടുള്ള സ്‌നേഹം അറിയേണ്ടതിനത്രേ.”
(5) അവന്‍ പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചു (3:5). ”ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.” തന്റെ മാനുഷിക കഴിവുകളിലൊ, സ്വാധീനമുള്ള മനുഷ്യരിലൊ അവന്‍ ആശ്രയിച്ചില്ല. അവന്‍ ദൈവത്തില്‍ മാത്രം ആശ്രയിച്ചു.
(6) അവന്‍ ഒരിക്കലും മടുത്തുപോകുന്നില്ല (4:1). ”ഈ ശുശ്രൂഷ ലഭിച്ചിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല.” ക്രിസ്തീയ വേലയില്‍ പലപ്പോഴും മടുപ്പു തോന്നി എല്ലാം അവസാനിപ്പിക്കുവാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്. മറ്റ് ഏതു പരീക്ഷയെയും പോലെ ഇതിനെയും എതിര്‍ത്തു തോല്പിക്കണം.
(7) അവന്‍ മറ്റുള്ളവര്‍ക്കൊരു മാതൃകയാണ് (6:3,4). ”സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷക്കാരെന്നു കാണിക്കുന്നു.” അവന്‍ തന്റെ ജീവിത നിലവാരം കൊണ്ടും ഓരോ സാഹചര്യത്തിലുള്ള തന്റെ പെരുമാറ്റം കൊണ്ടും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായിരിക്കും.
(8) ആരെയും ചൂഷണം ചെയ്യുന്നില്ല (7:2). തന്നെ സേവിക്കുന്ന ആളുകളെ തന്റെ ദാസന്മാരായി കണക്കാക്കുന്നില്ല. മറ്റുള്ളവരുടെ നന്മയേയും ആതിഥ്യമര്യാദകളെയും ചൂഷണം ചെയ്യുന്നില്ല.
(9) അവന്‍ പണത്തെ വളരെ ജ്ഞാനത്തോടെ കൈകാര്യം ചെയ്തു (8:20,21, 11:9). അവന്‍ ആര്‍ക്കും ഒരു സാമ്പത്തിക ഭാരം കൊടുത്തില്ല. പണം കൈകാര്യം ചെയ്യുന്നതില്‍ അവന്‍ വളരെ സൂക്ഷ്മബൂദ്ധിയുള്ളവനായിരുന്നു. തന്റെ ശുശ്രൂഷ സ്വീകരിക്കാത്ത ആരില്‍ നിന്നും അവന്‍ പണം സ്വീകരിച്ചില്ല.
(10) ദൈവം അവനു ചുറ്റും വരച്ച അതിരുകള്‍ക്കുള്ളില്‍ നിന്നു മാത്രം അവന്‍ പ്രവര്‍ത്തിച്ചു (10:13). തന്റെ അതിരുകള്‍ക്കു പുറത്തു പ്രവര്‍ത്തിക്കുവാനുള്ള മോഹം അവനുണ്ടായിരുന്നില്ല.
(11) കഷ്ടത സഹിക്കുവാന്‍ അവന്‍ തയ്യാറായിരുന്നു (11:23-33). ദൈവത്തെ സേവിക്കുന്ന കാര്യത്തില്‍ പല കഷ്ടതകളിലൂടെ അവനു കടന്നു പോകേണ്ടി വന്നു. അതെല്ലാം അവന്‍ സന്തോഷത്തോടെ സ്വീകരിച്ചു.
(12) ഒടുവില്‍, അവന്‍ സഹ വിശ്വാസികളെ പൂര്‍ണ്ണതയിലേക്കു നടത്തുവാന്‍ വളരെ ആഗ്രഹിച്ചു (13:9). ”നിങ്ങള്‍ ശക്തരായിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണരാകുന്നതിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”

ഇങ്ങനെയാണ് പൗലൊസ് ക്രിസ്തുവിനെ അനുഗമിച്ചത്. നമുക്കു പൗലൊസിന്റെ മാതൃക അനുകരിക്കാം. പൗലൊസിനെപ്പോലെ ദൈവത്തെ സേവിക്കാം.