ബൈബിളിലൂടെ : ഗലാത്യര്‍


ന്യായപ്രമാണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം


‘ന്യായപ്രമാണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്നതാണ് ഗലാത്യ ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം. അപ്പൊസ്തലന്മാര്‍ പ്രസംഗിച്ചതിന് വിപരീതമായ ‘മറ്റൊരു സുവിശേഷ’ത്തെക്കുറിച്ച് പൗലൊസ് ഇവിടെ പ്രസ്താവിക്കുന്നു (1:8). പ്രത്യേകമായ ചില നിയമങ്ങള്‍ പാലിച്ച് അങ്ങനെ ‘ദൈവത്തെ പ്രസാദിപ്പിച്ചു’കൊണ്ട് ന്യായപ്രമാണത്തിന്റെ ആത്മാവിനോട് ക്രിസ്ത്യാനികളെ ബന്ധിപ്പിച്ചു നിറുത്തുന്നതാണ് തെറ്റായ ഈ സുവിശേഷം. വിശുദ്ധരായിത്തീരണം എന്നാഗ്രഹിക്കുന്ന ക്രിസ്ത്യാനികള്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനു പകരം പരീശ മനോഭാവമുള്ളവരാകുന്നതിനുള്ള അപകട സാധ്യതയിലാണ്. തങ്ങളുടെ പ്രസംഗങ്ങളില്‍ കൃപയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ ജനങ്ങള്‍ തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ ജീവിക്കുന്നതിനോ പാപം ചെയ്യുന്നതിനോ ഇടയാകുമെന്ന് സഭയിലെ മൂപ്പന്മാര്‍ കരുതിയേക്കാം.

അതുകൊണ്ടു തങ്ങളുടെ ആളുകളെ നിയന്ത്രണത്തില്‍ നിര്‍ത്താനായി, ദൈവവചനത്തിലില്ലാത്ത ചില നിയമങ്ങള്‍ സഭയില്‍ അംഗത്വം നല്‍കുന്നതിനായി മൂപ്പന്മാര്‍ കൊണ്ടു വരുന്നു. ജനങ്ങളെ അടിമത്വത്തിലേക്ക് നയിക്കുന്ന ആ പാത ദൈവത്തിന്റേതല്ല. അതുകൊണ്ടു ന്യായപ്രമാണവും കൃപയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.


ന്യായപ്രമാണവും കൃപയും തമ്മിലുള്ള വ്യത്യാസം


ന്യായപ്രമാണം ഒരു വ്യക്തിയെ ബാഹ്യമായി വെടിപ്പാക്കുന്നു. ഒരു പന്നിയെ ബന്ധിച്ചിരിക്കുന്ന 10 ചങ്ങലകളോട് പത്തു കല്പനകളെ താരതമ്യപ്പെടുത്താം. രണ്ടു കിലോമീറ്റര്‍ വൃത്തിഹീനവും മലിനവും ആയ വഴിയിലൂടെ യാത്ര ചെയ്തതിനു ശേഷവും താന്‍ വൃത്തിയുള്ളവനാണെന്ന് പന്നിക്ക് അവകാശപ്പെടാം. എന്നാല്‍ ചങ്ങലകളാല്‍ നിയന്ത്രിക്കപ്പെടുന്നതു കൊണ്ടാണ് അതു വൃത്തിയായിരിക്കുന്നത്! നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തി ബാഹ്യമായി നിര്‍മ്മലനായിരിക്കാം – എന്നാല്‍ ആന്തരികമായി മാറ്റം വരാതെ പന്നിയെപ്പോലെ ആയിരിക്കും. എന്നാല്‍ ഒരു പൂച്ചയെ ആ രണ്ടു കിലോമീറ്റര്‍ ദൂരെ ചെളിയിലൂടെ നടത്തിയാലും അതു വെടിപ്പായി തന്നെ വെളിയില്‍ വരും – ചങ്ങലകള്‍ ഇല്ലെങ്കിലും വൃത്തിഹീനമായതൊക്കെയും അത് ഒഴിവാക്കുന്നു. ന്യായപ്രമാണത്തിന്റെ കീഴിലുള്ള വ്യക്തിയും കൃപയ്ക്കധീനനായ വ്യക്തിയും തമ്മിലുള്ള വ്യത്യാസം അതാണ്. പൂച്ചയുടെ ഉള്ളിലുള്ള സ്വഭാവമാണ് അതിനെ പന്നിയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. കൃപ ഉള്ളിലുള്ള സ്വഭാവമാണ് അതിനെ പന്നിയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. കൃപ നമ്മെ ദിവ്യ സ്വഭാവത്തിന് പങ്കാളികളാക്കുന്നു. ദൈവം നമ്മെ ചങ്ങലകളാല്‍ നിയന്ത്രിക്കുന്നതിന് പകരം, നമ്മുടെ സ്വഭാവത്തിന് തന്നെ വ്യത്യാസം വരുത്തുന്നു.
താന്‍ പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായി പരീശ മനോഭാവത്തിലുള്ള സുവിശേഷത്തിലേക്കു ഗലാത്യയിലെ വിശ്വാസികള്‍ എങ്ങനെയാണ് മാറിപ്പോയതെന്നു പൗലൊസ് ഗലാത്യ ലേഖനത്തിന്റെ പ്രാരംഭ വാക്യങ്ങളില്‍ വ്യക്തമാക്കുന്നു. മനുഷ്യനെ പ്രസാദിപ്പിക്കുവാനുള്ള ആഗ്രഹത്തോട് ഇതിനു ബന്ധമുള്ളതായി പൗലൊസ് പറയുന്നു: ”ഞാന്‍ ദൈവത്തെയോ മനുഷ്യരെയോ പ്രസാദിപ്പിക്കുന്നത്”(1:10).

ന്യായപ്രമാണത്തിന്‍ കീഴ് ജീവിക്കുന്നവര്‍ തീര്‍ച്ചയായും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരാണ്. അതാണ് യഥാര്‍ത്ഥ പ്രശ്‌നം. ”നമ്മുടെ പാപങ്ങള്‍ നിമിത്തം ഈ ദുഷ്ടലോകത്തില്‍ നിന്നു വിടുവിക്കേണ്ടതിന് (ഈ ലോകത്തിന്റ അഭിപ്രായം, അംഗീകാരം, നിയമങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ വിടുവിക്കേണ്ടതിന്) ക്രിസ്തു തന്നെത്താന്‍ നമുക്കായി ഏല്പിച്ചു കൊടുത്തു” എന്ന് 1:4ല്‍ വായിക്കുന്നു. ദൈവത്തിന്റെ ഹിതം അനുസരിച്ചു ജീവിക്കേണ്ടതിനായി ദൈവം നമ്മെ വിടുവിച്ചു. അപ്പോള്‍ ക്രിസ്തു മരിച്ചത്
(1) നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിന് മാത്രമല്ല,
(2) നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെടേണ്ടിനും
(3) സാത്താനെ ക്രൂശിന്മേല്‍ തോല്‍പ്പിക്കേണ്ടതിനും
(4) നാം നമുക്കായി തന്നെ ജീവിക്കാതെ അവനു വേണ്ടി ജീവിക്കേണ്ടതിനും കൂടിയാണ്.
കര്‍ത്താവ് മരിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്: നാം ഈ ലോക വ്യവസ്ഥിതിയുടെ പങ്കാളികളാകാതിരിക്കുന്നതിനും കൂടി വേണ്ടിയാണ്. താങ്കള്‍ ഇതു മനസ്സിലാക്കിയിട്ടുണ്ടോ? പരീശ മനോഭാവക്കാര്‍ ഈ ലോക വ്യവസ്ഥയ്ക്ക് അനുസരിച്ചു ക്രിസ്ത്യാനികള്‍ എന്ന പേരില്‍ ജീവിക്കുന്നു. ഇത്തരത്തിലുള്ള പരീശന്മാരായ ക്രിസ്ത്യാനികള്‍ പണത്തെ സ്‌നേഹിക്കുന്നവരും ലൗകികന്മാരുമാണ്. പുറമെ അഥവാ ബാഹ്യമായി അവര്‍ ലൗകികന്മാരായിരിക്കയില്ല. അവരുടെ വസ്ത്ര ധാരണം ലളിതമായേക്കാം. എങ്കിലും ഹൃദയത്തിലും മനസ്സിലും ലൗകികതയുള്ളവരായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ കൃപയ്ക്ക് അധീനനരായവര്‍ പൂര്‍ണ്ണമായും സ്വാതന്ത്ര്യമുള്ളവരാണ്. ഈ ലോകത്തിന്റെ വ്യവസ്ഥിതിയില്‍ നിന്നും നമ്മെ വിടുവിക്കുന്നതിനാണ് യേശു മരിച്ചത്.

ഈ ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. നമ്മുടെ പ്രവൃത്തികള്‍ വേണ്ടാത്ത സൗജന്യമായ പാപക്ഷമയെക്കുറിച്ച് ഒരു മതവും പ്രസംഗിക്കുന്നില്ല. ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച്, നമ്മെ സ്വീകരിക്കുന്നതിനായി നാം ദൈവ മുമ്പാകെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ക്രിസ്തീയതയും ഇതുപോലെ എവിടെല്ലാം പഠിപ്പിക്കുന്നുവോ അത് ‘തെറ്റായ സുവിശേഷം’ തന്നെ ആണെന്ന് തീര്‍ച്ചയാണ്.

പരീശ മനോഭാവത്തിലുള്ള സുവിശേഷം ദൈവത്തെക്കാള്‍ മനുഷ്യനെയാണ് പ്രസാദിപ്പിക്കുവാന്‍ നോക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ന്യായപ്രമാണത്തിന്റെ നീതി ബാഹ്യമായിട്ടുള്ളതാണ്. നാം വളരെ വിശുദ്ധരാണെന്നുള്ള മതിപ്പു മറ്റുള്ളവരില്‍ ഉളവാക്കുന്നതിനു പുറമെയുള്ള നീതി നാം ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നു കൃപ മൂലം ലഭിക്കുന്ന നീതി പ്രാഥമികമായും ആന്തരികമാണ്. നാം മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ആന്തരിക വിശുദ്ധിക്കു നാം പ്രാധാന്യം നല്‍കുകയില്ല. യേശു പരീശന്മാരോട് ഇപ്രകാരം പറഞ്ഞു: ”നിങ്ങള്‍ കിണ്ടി കിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു. അകമെയോ അഴുക്കു നിറഞ്ഞിരിക്കുന്നു.” പരീശന്മാരായ എല്ലാവരെയും സംബന്ധിച്ചും ഇതു ശരിയാണ്. അവര്‍ പുറമെ വിശുദ്ധിയുള്ളവരും അകമെ ശുദ്ധിയില്ലാത്തവരും ആയിരിക്കും. പരീശ മനോഭാവത്തിലുള്ള ക്രിസ്ത്യാനിത്വത്തില്‍ നിന്നും വാസ്തവമായും സ്വതന്ത്രരാകണമെങ്കില്‍, അതിന്റെ മൂലകാരണം നാം കണ്ടെത്തണം. ദൈവത്തെ അല്ലാതെ മറ്റൊരു മനുഷ്യനെയും പ്രസാദിപ്പിക്കുകയില്ല എന്നു നാം ഉറച്ച തീരുമാനം എടുക്കണം.

കര്‍ത്താവിനെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ് ഗലാത്യര്‍ 1:10 – ”ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.” ഇതു വളരെ വ്യക്തമായ പ്രസ്താവനയാണ്. നിങ്ങളുടെ ബന്ധുക്കളെയോ, സഹപ്രവര്‍ത്തകരെയോ, കൂട്ടു സഹോദരന്മാരെയോ മറ്റൊരു മനുഷ്യനെയോ നിങ്ങള്‍ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന നിമിഷം, നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കാന്‍ കഴിയുകയില്ല. നിങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനത്തിലും ചെയ്യുന്ന ഓരോ കാര്യത്തിലും നിങ്ങളോടു തന്നെ ഇപ്രകാരം ചോദിക്കണം – ഞാന്‍ മനുഷ്യരെയാണോ അതോ ദൈവത്തെയാണോ പ്രസാദിപ്പിക്കുന്നതെന്ന്. വിശ്വാസികള്‍ താഴെ കാണുന്ന പല ചോദ്യങ്ങളും ചോദിക്കാറുണ്ട്. ”ഈ ടെലിവിഷന്‍ പരിപാടി കാണാമോ?, ആഭരണം ധരിക്കാമോ?” എന്നിങ്ങനെ. ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ തങ്ങളോടു തന്നെ ഒരു ചോദ്യം ചോദിക്കാവുന്നതാണ്. – ”ഞാന്‍ ഈ കാര്യം ചെയ്യുന്നതു മൂലം എന്നെത്തന്നെയോ മറ്റുള്ളവരെയോ പ്രസാദിപ്പിക്കുന്നുവോ അതോ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?” ഈ കാര്യത്തില്‍ നാം മറ്റുള്ളവരെ വിധിക്കരുത്. പകരം നമ്മെത്തന്നെ വിധിക്കാം.

മനുഷ്യരെ പ്രസാദിപ്പിക്കുക എന്നാല്‍ നമ്മെത്തന്നെ സംതൃപ്തിപ്പെടുത്തുക എന്നതും അതില്‍ ഉള്‍പ്പെടും. നാം നമ്മെത്തന്നെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ നമുക്കു ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല.

എപ്പോഴെല്ലാം നമ്മെത്തന്നെയോ മറ്റുള്ളവരെയോ പ്രസാദിപ്പിക്കുവാന്‍ പരീക്ഷിക്കപ്പെടുന്നുവോ ആ സന്ദര്‍ഭങ്ങളിലെല്ലാം നമ്മെത്തന്നെ ത്യജിച്ചു ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാന്‍ ഉറച്ചു തീരുമാനിക്കുമ്പോള്‍, പരീശ ക്രിസ്ത്യാനിത്വത്തില്‍ നിന്നു വിടുതല്‍ ലഭിക്കുന്നു. അങ്ങനെയായാല്‍ ജീവിതം മുഴുവനും കര്‍ത്താവിന്റെ സന്തോഷത്താല്‍ നിറയുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മറ്റുള്ളവരെ സേവിക്കുന്നതിന് കഴിയുകയും ചെയ്യും.


പൗലൊസിന്റെ ശുശ്രൂഷ


പൗലൊസ് തുടര്‍ന്നു തന്റെ ശുശ്രൂഷയുടെ ആധികാരികത ഉറപ്പിച്ചു പറയുന്നു. പുതിയ നിയമം എഴുതപ്പെട്ടിട്ടില്ലാത്ത കാലം. പൗലൊസിന്റെ മരണ ശേഷമാണ് ഒട്ടേറെ പുതിയ നിയമ പുസ്തകങ്ങളും എഴുതിയത്. ചുരുക്കത്തില്‍ പൗലൊസ് ഇതു എഴുതുമ്പോള്‍ പല സ്ഥലങ്ങളിലും പുതിയ നിയമം ലഭ്യമല്ലായിരുന്നു. പുതിയ നിയമം എഴുതപ്പെട്ടതിനു ശേഷവും വളരെ കുറച്ചു പ്രതികള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. അതുകൊണ്ടു ദൈവവചനത്തിന്റെ ആധികാരികത അംഗീകരിക്കാത്തവരോട് വേദപുസ്തകം ദൈവത്തിന്റെ വചനമാണെന്ന് ഉറപ്പിച്ചു പറയുന്നതു പോലെ പൗലൊസിനും തന്റെ അപ്പൊസ്തലത്വത്തെ ന്യായീകരിക്കേണ്ടി വന്നു.

തങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ദൈവത്തിന്റെ വചനം എന്ന നിലയില്‍ കൈക്കൊള്ളേണ്ടതിന് അപ്പൊസ്തലന്മാര്‍ക്കു തങ്ങളുടെ അപ്പൊസ്തലത്വം ഉറപ്പിക്കേണ്ടി വന്നു. എന്നാല്‍ ഇന്നു നമുക്ക് അപ്രകാരം ചെയ്യേണ്ട ആവശ്യം ഇല്ല. കാരണം നാം നമ്മുടെ വാക്കുകള്‍ അല്ല, പകരം തിരുവെഴുത്തിലെ വചനങ്ങള്‍ ആണ് പറയുന്നത്. ”നാം ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടു” എന്നു പൗലൊസ് പറയുമ്പോള്‍, തിരുവെഴുത്തിലെ ഒരു വചനം ഉദ്ധരിച്ചായിരുന്നില്ല താന്‍ അപ്രകാരം പറഞ്ഞത്. ന്യായപ്രമാണം ഇല്ലാതാക്കണം എന്നു പഠിപ്പിക്കുന്ന ഒരു വാക്യവും പഴയ നിയമത്തിലില്ല. പൗലൊസ് തിരുവെഴുത്ത് എഴുതുന്നതു കൊണ്ട് തന്റെ അപ്പൊസ്തലത്വത്തിന്റെ ആധികാരികത ഉറപ്പിക്കേണ്ടിയിരുന്നു. ആയതിനാല്‍ ദൈവത്തിന് പൗലൊസിന്റെ അപ്പൊസ്തലത്വം അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് ആവശ്യമായി വരുന്നില്ല. അതിനാലാണ് പൗലൊസിന്റെയും പത്രൊസിന്റെയും കാലത്തെപ്പോലെ അത്ഭുതങ്ങള്‍ കാണുവാന്‍ സാധിക്കാത്തത്. അപ്പൊസ്തല പ്രവൃത്തികളിലുട നീളം, ആദ്യമായി സുവിശേഷത്തിന്റെ സന്ദേശം പ്രസംഗിക്കപ്പെട്ടപ്പോഴെല്ലാം, ദൈവം അടയാളങ്ങളാല്‍ അത് ഉറപ്പിച്ചു പോന്നു. അപരിഷ്‌കൃത പ്രദേശങ്ങളില്‍ ഇന്നും, ആദ്യമായി സുവിശേഷം പ്രസംഗിക്കപ്പെടുന്ന സ്ഥലങ്ങളില്‍, ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

താന്‍ മനുഷ്യരില്‍ നിന്നല്ല, ക്രിസ്തുവില്‍ നിന്നു നേരിട്ടു പ്രാപിച്ച ദര്‍ശനത്തിലൂടെയാണ് സുവിശേഷം സ്വീകരിച്ചതെന്നു പൗലൊസ് (1:12) തുടര്‍ന്നു പറയുന്നു. പൗലൊസ് ഒരു കാലത്തു ന്യായപ്രമാണത്തെക്കുറിച്ചു വളരെ എരിവുള്ളവനും അതിന്റെ പ്രചാരകനും ആയിരുന്നു. എന്നാല്‍ ദൈവം തന്റെ പുത്രനെക്കുറിച്ചുള്ള ദര്‍ശനം ഹൃദയത്തില്‍ നല്‍കിയപ്പോള്‍ താന്‍ മനുഷ്യരോട് അഭിപ്രായം ചോദിക്കാതെ, അറേബ്യയിലേക്കും അതിനുശേഷം യെരുശലേമിലേക്കും മൂന്നു വര്‍ഷത്തേക്കു പോയി(1:1,17). തന്റെ കാലഘട്ടത്തിലെ ജനങ്ങളെക്കാള്‍ പൗലൊസ് വളരെ തീക്ഷ്ണതയുള്ളവനായിരുന്നു. പരമ്പരാഗതമായ ആചാരങ്ങളിലൂടെ ന്യായപ്രമാണം പോഷിപ്പിക്കുകയും(1:14) പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദമസ്‌ക്കോസ് റോഡില്‍ ക്രിസ്തു വെളിപ്പെട്ടപ്പോള്‍ മൂന്നു വര്‍ഷം അറേബ്യയില്‍ പോയി താമസിച്ചു.
പൗലൊസ് മൂന്നു വര്‍ഷത്തേക്ക് അറേബ്യയില്‍ പോകുവാനുള്ള കാരണം എന്തായിരുന്നു? അതിനു മുമ്പുള്ള മൂന്നു വര്‍ഷം താന്‍ യെരുശലേമിലെ ഗമാലിയെലിന്റെ ബൈബിള്‍ സ്‌കൂളില്‍, ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകളും ന്യായപ്രമാണത്താല്‍ എങ്ങനെ രക്ഷ പ്രാപിക്കും എന്നും മറ്റും പഠിച്ചു. അപ്രകാരമുള്ള എല്ലാ പതിരുകളെയും തന്റെ അറിവില്‍ നിന്നു മാറ്റി, പുതിയ നിയമ സുവിശേഷത്തിന്റെ ദര്‍ശനം തനിക്ക് നല്‍കേണ്ടതിനായിരുന്നു ദൈവം മൂന്നു വര്‍ഷത്തേക്ക് പൗലൊസിനെ മരുഭുമിയിലേക്ക് (അറേബ്യയിലേക്ക്) അയച്ചത്. പരിശുദ്ധാത്മാവിന്റെ വെളിപ്പാടു കൂടാതെ ഇന്നു ബൈബിള്‍ സ്‌കൂളില്‍ നിന്നുള്ള ജ്ഞാനം മാത്രം നേടുന്ന ആളുകളോടും ദൈവത്തിന് അപ്രകാരം തന്നെയാണ് ചെയ്യുവാനുള്ളത്.

നമുക്കറിവുള്ളിടത്തോളം ഗമാലിയേല്‍ ദൈവഭയമുള്ള മനുഷ്യനായിരുന്നു (അപ്പൊ. പ്ര. 5:34-39). എന്നാല്‍ അദ്ദേഹത്തിനു പരിശുദ്ധാത്മാവിന്റെ വെളിപ്പാട് ഇല്ലായിരുന്നു. ആയതിനാല്‍ തന്റെ ബൈബിള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ദൈവികമായ സത്യങ്ങളിലേക്കു നടത്താന്‍ കഴിഞ്ഞില്ല. ന്യായപ്രമാണത്തെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവു മാത്രമേ തനിക്കുണ്ടായിരുന്നുള്ളു. അതുകൊണ്ട് ആത്മാവിന്റെ ദര്‍ശനം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ പൗലൊസിന് ദൈവവുമായുള്ള ഏകാന്തതയില്‍ മൂന്നു വര്‍ഷം ആയിരിക്കേണ്ടി വന്നു.

‘വെളിപ്പാട്’ എന്ന വാക്ക് നാം പലപ്പോഴും കണ്ടിട്ടുണ്ട്. പഴയ നിയമത്തില്‍ ഒരിടത്തും ഈ വാക്ക് നമുക്കു കാണാന്‍ കഴിയില്ല. കാരണം അക്കാലത്തെ ജനങ്ങളില്‍ പരിശുദ്ധാത്മാവ് ഇല്ലായിരുന്നു. പഴയ ഉടമ്പടിയില്‍ ധ്യാനത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. ആത്മാവിന്റെ ദര്‍ശനം കൂടാതെ നാം തിരുവചനം ധ്യാനിക്കുകയാണെങ്കില്‍, ദൈവത്തില്‍ നിന്നു നമുക്കു പ്രാപിക്കാനുള്ളത് നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. യേശുവിനെ ദൈവപുത്രന്‍ എന്നു പത്രൊസ് തിരിച്ചറിഞ്ഞപ്പോള്‍, നിനക്ക് ഈ ദര്‍ശനം ലഭിച്ചതിനാല്‍ ഭാഗ്യവാനാണെന്ന് യേശു പത്രൊസിനോടു പറഞ്ഞു (മത്താ. 16:17). തനിക്കും അതേ ദര്‍ശനം ലഭിച്ചെന്ന് പൗലൊസ് പറയുന്നു. തിരുവെഴുത്തുകള്‍ പഠിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍ നിന്നു വെളിപ്പാടു ലഭിക്കേണ്ടതുണ്ട്. അതു മനസ്സിലാക്കിയാല്‍ മാത്രം പോരാ. ബൈബിള്‍ മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന അനേകരുണ്ട്. പിശാചും അപ്രകാരം വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നെങ്കിലും അത് അവനെ രൂപാന്തരത്തിലേക്കു നടത്തുന്നില്ല. നിങ്ങള്‍ക്കും മാറ്റം വരാതിരിക്കാന്‍ സാധ്യതയുണ്ട്. ദൈവവചനം വിശ്വസിക്കയും മനസ്സിലാക്കുകയും മനഃപാഠം പഠിക്കുകയും (ഹൃദിസ്ഥമാക്കുക) ചെയ്യുമ്പോള്‍ തന്നെ, യാതൊരു രൂപാന്തരവും കൂടാതെ ഇരിക്കുവാനും സാധ്യമാണ്.

നിങ്ങളുടെ ജീവിതത്തിലും, അഭിലാഷങ്ങളിലും പണം, ശത്രുക്കള്‍, പാപം എന്നിവയോടുള്ള നിങ്ങളുടെ മനോഭാവത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ തിരുവചനത്തിലുള്ള വെളിപ്പാടു നിങ്ങള്‍ക്കു ലഭിച്ചു എന്നു നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയും. എന്നാല്‍ അപ്രകാരമുള്ള മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കില്‍, തിരുവെഴുത്തിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവു പിശാചിനുള്ളതില്‍ നിന്നും ഒട്ടും മെച്ചപ്പെട്ടതായിരിക്കയില്ല. വളരെ അധാര്‍മ്മികനായ വ്യക്തിക്കു പോലും കെമിസ്ട്രി (രസതന്ത്രം) പഠിപ്പിക്കുന്ന മികച്ച അധ്യാപകനാകാന്‍ സാധിക്കും. നിങ്ങള്‍ ബുദ്ധിമാനാണെങ്കില്‍ കെമിസ്ട്രി പഠിക്കുന്നതു പോലെ നിങ്ങള്‍ക്കു ബൈബിള്‍ പഠിക്കുവാന്‍ കഴിയും. കെമിസ്ട്രിയില്‍ (രസതന്ത്രത്തില്‍) ഡോക്ടര്‍ ബിരുദം ലഭിക്കുന്നത് പോലെ, വേദശാസ്ത്രത്തിലും ബിരുദം നേടാം. അതു നിങ്ങളുടെ ബുദ്ധിശക്തിയുടെ പരീക്ഷ മാത്രമാണ്. എന്നാല്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ (സ്വകാര്യ ജീവിതത്തില്‍) കെമിസ്ട്രി അധ്യാപകനും വേദശാസ്ത്ര അധ്യാപകനും അധാര്‍മ്മിക നിലവാരത്തിലായിരിക്കാം. അതല്ല രണ്ടു കൂട്ടരും പണം സമ്പാദിക്കുന്നതിനോ, ഭൗതിക അഭിലാഷങ്ങള്‍ക്കോ വേണ്ടി ജീവിക്കുന്നവരുമായിരിക്കും. ദൈവിക വെളിപ്പാടു രണ്ടു പേരിലും കാണുവാന്‍ സാധിക്കില്ല.

നമ്മുടെ ജീവിതത്തെ വ്യത്യാസപ്പെടുത്തുന്നതെന്താണോ അതാണ് വെളിപ്പാട്. ദൈവത്തെ സേവിക്കണമെങ്കില്‍ അതാണ് നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത്.

ക്രിസ്തീയ ലോകത്തു രണ്ടു വ്യത്യസ്ത പരകോടികളില്‍ എത്തിയവരെ കാണുവാന്‍ കഴിയും. ഒരു കൂട്ടര്‍ പൂര്‍ണ്ണമായും ബുദ്ധിപരമായി മാത്രം ചിന്തിക്കുന്നവരും, വെളിപ്പാടില്‍ വിശ്വസിക്കാത്തവരുമാണ്. അവര്‍ ആത്മീയമായി മരിച്ചവരായിരിക്കും. മറ്റൊരു കൂട്ടര്‍ വെളിപ്പാടുകളില്‍ വിശ്വസിക്കുന്നവരും അതിന്റെ അത്യുച്ച കോടിയിലെത്തിയവരും ആണ്. വേദപുസ്തകത്തിലില്ലാത്തതും എന്നാല്‍ തങ്ങള്‍ക്കു ലഭിച്ചതുമായ ‘വെളിപ്പാടുകളെ’ക്കുറിച്ച് അവര്‍ സംസാരിക്കുന്നു. അങ്ങനെയുള്ളവര്‍ തീവ്രവാദികളും ദുരുപദേശക്കാരും ആയിരിക്കും.


സുവിശേഷം നല്‍കുന്ന സ്വാതന്ത്ര്യം


രണ്ടാം അധ്യായത്തില്‍ പത്രൊസിന്റെ മുമ്പില്‍ പോലും പൗലൊസ് ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തെ ന്യായീകരിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ട ഒരു മനോഭാവം പൗലൊസില്‍ ഇവിടെ കാണാം. പൗലൊസ് ഇവിടെ ചെയ്തത് നിങ്ങള്‍ കാണണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നാം നേരത്തെ ചിന്തിച്ച അന്നത്തെ ക്രിസ്തീയതയിലെ തെറ്റായ ഒരു ഊന്നലിനെ, ആരോഗ്യകരമായ ശാസനയിലൂടെ പൗലൊസ് തിരുത്തുന്നു. തനിക്കു ലഭിച്ച ദര്‍ശനം മൂലം പൗലൊസ് ആദ്യം അറേബ്യയിലേക്കും പിന്നീട് 14 വര്‍ഷങ്ങള്‍ക്കു ശേഷം യെരുശലേമിലേക്കും പോയി (2:2). അറേബ്യയില്‍, ദൈവത്തിന്റെ മര്‍മ്മങ്ങളെക്കുറിച്ചുള്ള വെളിപ്പാട് തനിക്കു ലഭിച്ചു. അതിനു ശേഷം മറ്റൊരു ദര്‍ശനത്തിലൂടെ യെരുശലേമിലേക്കു പോകുവാനും, അവിടെയുള്ള സഭയിലെ ആത്മീയ നേതാക്കളോടു താന്‍ പ്രസംഗിക്കുന്ന സുവിശേഷം സത്യമായതാണോ അതോ യാഥാര്‍ത്ഥ്യത്തില്‍ നിന്നും താന്‍ വ്യതിചലിക്കുന്നുണ്ടോ എന്ന് അവരുടെ മുമ്പില്‍ പരിശോധിക്കുവാനും ദൈവം പൗലൊസിനോട് ആവശ്യപ്പെടുന്നു. ”സഹോദരന്മാരെ ഞാന്‍ പ്രസംഗിക്കുന്നതും എനിക്കു ലഭിച്ചതുമായ ദര്‍ശനം ഇപ്രകാരം ആണ്. നിങ്ങള്‍ ഇതിനെക്കുറിച്ച് എന്തു വിചാരിക്കുന്നു? ഈ ദര്‍ശനത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ എങ്ങനെയാണ്?’ എന്നു സഭയിലെ ആത്മീയ നേതാക്കളോടു പൗലൊസ് അവിടെ ചോദിക്കുന്നു.

എപ്പോഴെല്ലാം പുതിയ ദര്‍ശനം നിങ്ങള്‍ പ്രാപിക്കുന്നുവോ ആ സന്ദര്‍ഭങ്ങളിലെല്ലാം പ്രായമുള്ളതും ആത്മീയനും ആയ സഹോദരനോടോ അഥവാ സഹോദരന്മാരോടോ ഈ ദര്‍ശനം തിരുവചനാനുസൃതമാണോ എന്നു പരിശോധിക്കുവാന്‍ തയ്യാറാകണമെന്ന് ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞു കൂടാത്തതും, നിങ്ങള്‍ പരിഗണിക്കാത്തതും ആയ തിരുവചനത്തെക്കുറിച്ചുള്ള മറ്റൊരു വീക്ഷണവും ഉണ്ടാകാം. തങ്ങള്‍ക്കു ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളവയാണോ എന്ന് ഉറപ്പാക്കുന്നതിന്, മുതിര്‍ന്ന സഹോദരന്മാരുടെ അടുക്കല്‍ ചെല്ലുന്നതു യുവ തലമുറയ്ക്ക് സുരക്ഷിതത്വം നല്‍കുന്നു. അതു നിങ്ങളെ അസന്തുലിതാവസ്ഥയില്‍ നിന്നും തെറ്റായ പഠിപ്പിക്കലുകളില്‍ നിന്നും രക്ഷിക്കും.

‘നിങ്ങള്‍ രക്ഷിക്കപ്പെടണമെങ്കില്‍ പരിച്ഛേദന ഏല്പിക്കേണ്ടത് ആവശ്യമാണെന്ന്” ആ കാലഘട്ടത്തിലെ ക്രിസ്ത്യാനികളായ യെഹൂദന്മാര്‍ പറഞ്ഞിരുന്നു. ഇന്നും ചില സഭാ നേതാക്കള്‍ ഇപ്രകാരം പറയാറുണ്ട്. ”നിങ്ങള്‍ സ്‌നാനം ഏല്പിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആഭരണം ഉപേക്ഷിക്കണമെന്നും, അതല്ല ഞങ്ങളോടൊരുമിച്ച് അപ്പം നുറുക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കണമെങ്കില്‍ നിങ്ങളുടെ വീട്ടിലെ ടെലിവിഷന്‍ നീക്കണം” എന്നുമിങ്ങനെ. നൂറ്റാണ്ടുകളായി അത്തരത്തിലുള്ള പരീശ മനോഭാവം വ്യത്യസ്ത രൂപങ്ങളില്‍ ക്രിസ്ത്യാനിത്വത്തില്‍ കാണാവുന്നതാണ്. പരീശന്മാരായ നിയമവാദികള്‍, രക്ഷയ്ക്കു വേണ്ടിയുള്ള മാനസാന്തരം, ക്രിസ്തുവിലുള്ള വിശ്വാസം എന്നിവയെക്കുറിച്ചുള്ള ലളിതമായ സന്ദേശത്തില്‍ ഇപ്രകാരമുള്ള എന്തെങ്കിലും കാര്യങ്ങള്‍ എപ്പോഴും കൂട്ടു ചേര്‍ക്കുന്നതില്‍ താല്‍പര്യപ്പെട്ടിരുന്നു. തങ്ങളുടേതായ ചട്ടങ്ങള്‍ സഭാ നേതാക്കളില്‍ പലരും നൂറ്റാണ്ടുകളായി ദൈവവചനത്തോടു കൂട്ടുചേര്‍ക്കാറുണ്ട്. അതുകൊണ്ടാണു പല സഭകളും ഇന്നു ദയനീയമായ അവസ്ഥയില്‍ എത്തിയിരിക്കുന്നത്.

ദൈവം ഒരു വ്യക്തിയെ സ്വീകരിക്കുമ്പോള്‍ അവര്‍ ആഭരണം നീക്കിയോ, അതോ അവന്‍ ടെലിവിഷന്‍ വീട്ടില്‍ നിന്നും നീക്കിയോ എന്നീ കാര്യങ്ങളൊന്നും പരിശോധിക്കാറില്ല. ആ വ്യക്തിക്കു മാനസാന്തരം ഉണ്ടായോ ക്രിസ്തുവില്‍ വിശ്വസിക്കുവാനും കഴിഞ്ഞിട്ടുണ്ടോ എന്നാണ് ദൈവം നോക്കുന്നത്. മാത്രമല്ല, സന്തോഷത്തോടെ കൊടുക്കുന്ന അനുസരണമുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. താന്‍ ആരേയും നിര്‍ബന്ധിച്ചു യാതൊരു കാര്യങ്ങളും ചെയ്യിക്കാറില്ല. നിങ്ങളുടെ കൂട്ടായ്മയിലേക്കു കടന്നു വരുന്ന ഒരു സഹോദരനെ നിങ്ങള്‍ സ്വീകരിക്കുമ്പോള്‍, പുതിയ നിയമത്തില്‍ കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടോ? സൈദ്ധാന്തികമായി (തത്വത്തില്‍) മാനസാന്തരവും വിശ്വാസവും മാത്രമാണ് ആവശ്യമായിട്ടുള്ളതെന്ന് ആളുകള്‍ പറയാറുണ്ട്. അപ്രകാരം പറയുമ്പോള്‍ തന്നെ യഥാര്‍ ത്ഥത്തില്‍ ഒരു വ്യക്തിയെ സഭയിലെ കൂട്ടായ്മയിലേക്കു സ്വീകരിക്കുമ്പോള്‍, മറ്റു ചിലതും കൂടെ വേണ്ടി വരും എന്നു സഭാ നേതാക്കള്‍ പറയാറുണ്ട്. മുഖ്യധാരാ പ്ര സ്ഥാനങ്ങളെപ്പോലെ തന്നെ പുതിയ നിയമ സഭകള്‍ എന്ന് അവകാശപ്പെടുന്നവരി ലും ഇപ്രകാരമുള്ള കീഴ്‌വഴക്കങ്ങള്‍ കാണാവുന്നതാണ്. സന്ദര്‍ഭോചിതമല്ലെങ്കിലും തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നതിനുതകുന്ന വാക്യങ്ങളും അവര്‍ ഉദ്ധരിക്കാറുണ്ട്.

അതുകൊണ്ടു ഗലാത്യര്‍ക്കുള്ള ലേഖനം നമ്മുടെ ഈ കാലഘട്ടത്തിലും പ്രസക്തിയുള്ളതാണ്. സുവിശേഷത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വ്യക്തിയാണ് പൗലൊസ്. ദൈവത്തിന്റെ വിശ്വസ്തനായ ഓരോ ദാസനും സുവിശേഷത്തിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ടതാണ്. പരമ്പരാഗതമായ ആചാരങ്ങളില്‍ വിശ്വസിക്കുന്നവരായ ഒരു കൂട്ടം സഭാ നേതാക്കളുള്ള സഭാ-വ്യവസ്ഥിതിയിലാണോ താങ്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്? അങ്ങനെയുള്ള ആചാരങ്ങളിലൂടെ ഒരു ബന്ധനത്തിലേക്കാണ് അപ്രകാരമുള്ള നേതാക്കള്‍ ജനങ്ങളെ നയിക്കുന്നത്. അത്തരത്തിലുള്ള നേതാക്കളോട് അഭിമുഖമായി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്നു പറയുവാന്‍ ധൈര്യപ്പെടുന്ന, പൗലൊസിനെപ്പോലെയുള്ള എത്ര ആളുകള്‍ ഇന്നുണ്ട്? പൗലൊസ് പത്രൊസിനോടു പോലും എതിര്‍ത്തു നിന്നു. ”പത്രൊസ് അന്ത്യോക്ക്യയില്‍ വന്നപ്പോള്‍ ഞാന്‍ അഭിമുഖമായി എതിര്‍ത്തു നിന്നു”(2:11). ഓര്‍ക്കുക പൗലൊസ് ദൈവത്തില്‍ നിന്നു ശുശ്രൂഷ ലഭിച്ച വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ് പത്രൊസ് അംഗീകാരം നല്‍കിയിരുന്നു. എങ്കിലും പൗലൊസ് അവനോട് എതിര്‍ത്തു നിന്നു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെക്കുറിച്ച് വളരെ അത്ഭുതകരമായ ഒരു കാര്യം ഇവിടെ കാണാവുന്നതാണ്. പൗലൊസ് തങ്ങളെക്കാള്‍ പ്രായം കുറഞ്ഞവനായിരുന്നിട്ടും തന്റെ ശുശ്രൂഷയെ തിരിച്ചറിയുവാനും അതു അംഗീകരിക്കുവാനുമുള്ള കൃപ അവര്‍ക്ക് ഉണ്ടായിരുന്നു. ചെറുപ്പക്കാരനായ ഒരു സഹോദരന്റെ മേലുള്ള അഭിഷേകം തിരിച്ചറിയുന്ന മുതിര്‍ന്ന സഹോദരന്മാരെ വളരെ അപൂര്‍വ്വമായേ കണ്ടെത്താന്‍ കഴിയുകയുള്ളു. സഭയിലെ മുതിര്‍ന്ന നേതാവായ പത്രൊസിനോടു താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പൗലൊസ് എതിര്‍ത്തു പറഞ്ഞു. പ്രായം കുറഞ്ഞ വ്യക്തി, മുതിര്‍ന്ന നേതാവിനോടു നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനു തുല്യമാണ്.

എന്തുകൊണ്ടാണു പൗലൊസിനെപ്പോലെയുള്ള ആളുകള്‍ കുറവായിരിക്കുന്നത്? അതിനു കാരണം ക്രിസ്ത്യാനികളിലധികം പേരും നയതന്ത്ര ശാലികളും മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നവരും ആണ് എന്നതാണ്. വിട്ടുവീഴ്ചാ മനോഭാവ ത്തെ സൗമ്യതയും താഴ്മയും ആണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്.

സുവിശേഷ സത്യങ്ങളെക്കുറിച്ചു നാം പ്രസിദ്ധി അന്വേഷിക്കരുത്. സത്യം നമ്മുടേതായ വസ്തുവകയല്ല. അതു ദൈവത്തിന്റെതാകയാല്‍, അതു നാം പ്രതിരോധിക്കേണ്ടതാണ്. മിക്ക ക്രിസ്ത്യാനികളും നഖശിഖാന്തം തങ്ങളുടെ ഭൗതികമായ വസ്തുവകകള്‍ക്കായി പോരാടാറുണ്ട്. എന്നാല്‍ ദൈവികമായ വസ്തുതകളെ സംബന്ധിച്ച്, ആ സത്യങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ മിക്ക ക്രിസ്ത്യാനികളും നിശ്ശബ്ദരാകുന്നു. അതു തെളിയിക്കുന്നത് അവര്‍ തങ്ങളെത്തന്നെ സ്‌നേഹിക്കുന്നുവെന്നാണ്. അവര്‍ ദൈവത്തെയോ ദൈവിക സത്യങ്ങളെയോ സ്‌നേഹിക്കുന്നവരല്ല.

എന്നാല്‍ പൗലൊസ് സത്യത്തെ സ്‌നേഹിക്കുന്നവനായിരുന്നു. ആരെങ്കിലും തന്റെ വസ്ത്രം മോഷ്ടിക്കുകയാണെങ്കില്‍ പൗലൊസ് അത് അനുവദിച്ചിരുന്നു. എന്നാല്‍ ദൈവവചനത്തിലെ സത്യങ്ങളെ അവര്‍ മോഷ്ടിക്കുകയാണെങ്കില്‍, അവയ്ക്കു വേണ്ടി താന്‍ പോരാടുമായിരുന്നു. ദൈവിക മൂല്യമുള്ള ഓരോ വ്യക്തിയും അപ്രകാരം തന്നെ ആയിരിക്കും. തന്റെ വ്യക്തിപരമായ വസ്തുക്കളെക്കാള്‍, ദൈവിക സത്യങ്ങളെക്കുറിച്ചു താന്‍ കരുതലുള്ളവനായിരിക്കും.

നിങ്ങളുടെ വ്യക്തിപരമായ വസ്തുക്കള്‍ക്കു നല്കുന്ന മൂല്യം ദൈവിക സത്യങ്ങള്‍ക്കു നല്‍കിയിരുന്നുവെങ്കില്‍, ഇന്ന് ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും വലിയൊരു മുന്നേറ്റം നിങ്ങള്‍ക്കു ലഭിക്കുമായിരുന്നു. സത്യത്തിനു വേണ്ടി ഒരു നിലപാട് എടുക്കുവാന്‍ വളരെ ചുരുങ്ങിയ ആളുകളെ മാത്രമേ ഞാന്‍ കാണാറുള്ളു. മിക്ക പ്രസംഗകരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായിരിക്കും. അതുകൊണ്ടു ദൈവത്തിന് അവരെ തന്റെ പ്രവാചകന്മാരാക്കുവാന്‍ കഴിയുകയില്ല. ആരെയാണ് നിങ്ങള്‍ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുവാന്‍ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ ദൈവം നിങ്ങളെ പരിശോധിക്കും. പത്രൊസിനെ പ്രസാദിപ്പിക്കുവാന്‍ വേണ്ടിയാണോ പൗലൊസ് ശ്രമിക്കുന്നതെന്നു ദൈവം ഇവിടെ ശോധന ചെയ്യുന്നു.

പത്രൊസ് മുതിര്‍ന്ന അപ്പൊസ്തലനായിരുന്നെങ്കിലും താന്‍ ചെയ്ത കാര്യം തെറ്റായിരുന്നു (2:12). ജാതികളോടുകൂടെ താന്‍ പതിവായി ഭക്ഷണം കഴിക്കുമായിരുന്നു. എന്നാല്‍ യാക്കോബിന്റെ അടുക്കല്‍ നിന്നും സഹോദരന്മാര്‍ കടന്നു വന്നപ്പോള്‍ (യെരുശലേമിലെ മൂപ്പനായിരുന്നു യാക്കോബ്), യാക്കോബ് അപ്പൊസ്തലന്‍ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ഭയത്താല്‍ പന്‍വാങ്ങി. അപ്പോള്‍ പൗലൊസ് പത്രൊസിനോട് എതിര്‍ത്തു നിന്നു. പത്രൊസിന്റെ കാപട്യം ബര്‍ന്നബാസിനെപ്പോലും സ്വാധീനിക്കുന്നതിനിടയായി (2:13). ബര്‍ന്നബാസും പൗലൊസിനെക്കാളും മുതിര്‍ന്ന സഹോദരന്‍ ആയിരുന്നു. താഴ്മയും കൃപയുമുള്ള സഹോദരന്‍. അദ്ദേഹത്തിന്റെ മനോഭാവം ഇപ്രകാരം ആയിരുന്നിരിക്കണം. പത്രൊസ് ദൈവമനുഷ്യനായ മുതിര്‍ന്ന സഹോദരന്‍ ആയതിനാല്‍ അദ്ദേഹത്തിനെതിരെ ഞാന്‍ സംസാരിക്കുകയോ, ഞാന്‍ വിധിക്കുകയോ ചെയ്യാന്‍ പാടില്ല.’ എന്നാല്‍ അദ്ദേഹം ദൈവമനുഷ്യനാണോ അല്ലയോ എന്നതായിരുന്നില്ല പൗലൊസിന്റെ പ്രശ്‌നം.

”ഞാന്‍ എന്നെത്തന്നെ അദ്ദേഹത്തോട് താരതമ്യപ്പെടുത്തുന്നില്ല. നാം പ്രസംഗിക്കുന്ന സുവിശേഷത്തിന്റെ സന്ദേശത്തിനു വിപരീതമായ കാര്യമാണ് താന്‍ ചെയ്യുന്നത്. ജാതികളില്‍ നിന്നും വന്ന സഹോദരന്മാരോടു കൂടെ ഭക്ഷണം കഴിക്കുന്നതില്‍ എന്താണു തെറ്റ്? സഹോദരന്‍ യാക്കോബ് അതിനെക്കുറിച്ച് എന്ത് വിചാരിക്കും എന്നു നാം എന്തിനു ഭയപ്പെടണം?”-പൗലൊസ് ചിന്തിച്ചു.

താങ്കളും അപ്രകാരം മുതിര്‍ന്ന സഹോദരന്മാരുടെ അഭിപ്രായത്തെ ഭയപ്പെടുന്നുണ്ടോ? പുതിയ നിയമത്തിലെ നിര്‍മ്മലമായ സുവിശേഷം നമുക്ക് ഇന്നു ലഭിക്കുവാന്‍ കാരണം പൗലൊസിനെപ്പോലെ ധൈര്യമുള്ളവരും നിര്‍ഭയരുമായ വ്യക്തികള്‍ ആദിമ നൂറ്റാണ്ടില്‍ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ 20 നൂറ്റാണ്ടുകളായി മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കാതെ, സത്യ സുവിശേഷത്തിനു വേണ്ടി നിലകൊള്ളുവാന്‍ ധൈര്യപ്പെട്ട വ്യക്തികള്‍ മൂലമാണു നിര്‍മ്മലമായ സുവിശേഷം നമുക്ക് ഇന്നു ലഭ്യമായിരിക്കുന്നത്. അപ്രകാരമുള്ള വ്യക്തികള്‍ക്കായി നാം ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം.

രണ്ടിന്റെ ഇരുപതാം വാക്യത്തില്‍ പൗലൊസിന്റെ ജീവിത രഹസ്യവും സത്യത്തിനു വേണ്ടി നിലകൊളളുവാന്‍ തനിക്കു ധൈര്യം ലഭിച്ചതെങ്ങനെയെന്നും പ്രതിപാദിക്കുന്നു. പൗലൊസ് ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു. പഴയ പൗലൊസ് മരിക്കുകയും ക്രിസ്തു ഇന്നു തന്നില്‍ ജീവിക്കയും ചെയ്യുന്നു. മിക്ക ക്രിസ്ത്യാനികളും ക്രൂശിന്റെ ഒരു മാര്‍ഗ്ഗം മാത്രമേ മനസ്സിലാക്കുന്നുള്ളു. അതായതു സ്വയത്തിനു മരിക്കുക എന്ന നിഷേധാത്മകമായ ചിന്ത. എന്നാല്‍ അതിനു മഹത്വകരമായ മറ്റൊരു വശം കൂടിയുണ്ട്. – ”ക്രിസ്തു എന്നില്‍ ജീവിക്കുന്നു.” സ്വയത്തിന്റെ മരണം എന്നില്‍ സംഭവിക്കുമ്പോള്‍ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ജീവനിലേക്കാണ് അതെന്നെ നടത്തുന്നത്. അങ്ങനെയായാല്‍ ക്രിസ്തുവിന്റെ ജീവിതം എന്നില്‍ക്കൂടെ വെളിപ്പെടും.


വിശ്വാസം – പ്രവൃത്തിയല്ല


മൂന്നാം അധ്യായത്തില്‍, നാം പരിശുദ്ധാത്മാവിനെ പ്രാപിച്ചത് എങ്ങനെയാണെന്നു പൗലൊസ് വ്യക്തമാക്കുന്നു – പ്രവൃത്തികളാലല്ല, വിശ്വാസത്താല്‍. പൗലൊസ് ഇപ്രകാരം ചോദിക്കുന്നു. ”ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ആണോ നാം ആത്മാവിനെ പ്രാപിച്ചത്?”(3:2). ഉപവസിക്കുന്നതിനാലും പ്രാര്‍ത്ഥിക്കുന്നതിനാലും തങ്ങള്‍ക്കു പരിശുദ്ധാത്മാവിന്റെ നിറവു പ്രാപിക്കുവാന്‍ കഴിയുമെന്ന് ചില ആളുകള്‍ സങ്കല്പിക്കുന്നു.

നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതു കൊണ്ടോ ഉപവാസം എടുക്കുന്നതു കൊണ്ടോ നിങ്ങള്‍ക്കു പാപക്ഷമ ലഭിക്കുന്നുണ്ടോ? ഇല്ല. അതു ദൈവത്തിന്റെ ഒരു ദാനമാണ്. പാപക്ഷമയും പരിശുദ്ധാത്മ ദാനവും നമുക്കു നല്‍കപ്പെടുന്നത് നമ്മുടെ പ്രവൃത്തികളാലല്ല, ദൈവത്തിന്റെ കൃപയാലാണ്.

പൗലൊസ് ഗലാത്യരോട് ഇപ്രകാരം ചോദിക്കുന്നു: ”നിങ്ങളുടെ ക്രിസ്തീയ ജീവിതം വിശ്വാസത്താല്‍ ആരംഭിച്ചിട്ട്, ജഡത്തിന്റെ പ്രവൃത്തികളാല്‍ അതു സമാപിക്കുവാന്‍ അഥവാ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?” നിങ്ങളെ രക്ഷയിലേക്കു നയിക്കുകയും നിങ്ങളെ വിശുദ്ധരാക്കി തീര്‍ക്കുകയും ചെയ്യുന്നതു പരിശുദ്ധാത്മാവാണ്. ന്യായപ്രമാണമോ നിയമങ്ങളോ ചട്ടങ്ങളോ അല്ല ഒരു വ്യക്തിയെ വിശുദ്ധനാക്കി തീര്‍ക്കുന്നത്. ഈ സത്യം നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍, ഗലാത്യ ലേഖനത്തിലെ പ്രധാന സന്ദേശവും നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയും.

ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ നിങ്ങള്‍ക്ക് ആത്മാവിനെ പ്രാപിക്കാന്‍ കഴിയുകയില്ല. ജഡത്തിന്റെ പ്രവൃത്തികളാല്‍ പൂര്‍ണ്ണത പ്രാപിക്കുവാന്‍ കഴിയുകയില്ല. പ്രത്യുത പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് നമ്മെ അതിനായി സഹായിക്കുന്നത്. നിങ്ങള്‍ പരിശുദ്ധാത്മാവിനു കീഴ്‌പ്പെടുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോളെല്ലാം ആ ശബ്ദത്തിനു ചെവി കൊടുക്കുകയും കാര്യങ്ങള്‍ നിരപ്പാക്കുകയും ചെയ്ക. അങ്ങനെയായാല്‍ നിങ്ങളെ വിശുദ്ധനാക്കി സൂക്ഷിക്കുവാന്‍ ദൈവത്തിനു കഴിയും. ഉപവാസവും പ്രാര്‍ത്ഥനയും ഒരു മനുഷ്യനെ വിശുദ്ധനാക്കുന്നില്ല. തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന അനേകരും പാപത്തോടു തോല്ക്കുകയും മറ്റുള്ളവരോടു കലഹിക്കുകയും ഹൃദയത്തില്‍ ദുര്‍മോഹം ഉള്ളവരായിരിക്കുകയും ചെയ്യുന്നു. ഇതു തെളിയിക്കുന്നത് വിശുദ്ധി അപ്രകാരം നേടാന്‍ കഴിയുന്നതല്ല എന്നാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മാത്രമേ അതു സാധ്യമായി തീരുകയുള്ളു.

പൗലൊസ് അവരെ പിന്നെയും ഓര്‍മ്മപ്പെടുത്തുന്നത് ഇപ്രകാരമാണ്. ദൈവം അവരുടെ മദ്ധ്യത്തില്‍ ചെയ്ത അത്ഭുതങ്ങള്‍ അവരുടെ പ്രവൃത്തികളുടെ ഫലമായിരുന്നില്ല. അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ദൈവം തന്റെ മക്കള്‍ക്കു വേണ്ടി ആശ്ചര്യകരവും അമാനുഷികവും ആയ പ്രവൃത്തികള്‍ ചെയ്യുന്നത് അവര്‍ അതിന് അര്‍ഹരായതു കൊണ്ടോ, ഏതെങ്കിലും നന്മ പ്രവൃത്തികള്‍ കൊണ്ടോ അല്ല, മറിച്ച് അവരുടെ വിശ്വാസം നിമിത്തമായിരുന്നു.

അബ്രാഹാം തന്റെ വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടു (3:6). അതിനു ശേഷം സകല ജാതികള്‍ക്കും താന്‍ അനുഗ്രഹമായി തീര്‍ന്നു (3:8). അപ്രകാരം നാമും അനുഗ്രഹിക്കപ്പെട്ടു (3:14). ക്രിസ്തു ക്രൂശില്‍ തൂങ്ങിയപ്പോള്‍ ന്യായപ്രമാണത്തിന്റെ ശാപം നീക്കുവാന്‍ താന്‍ നമുക്കു വേണ്ടി ശാപമായി തീര്‍ന്നു (3:13). ന്യായപ്രമാണത്തിന്റെ ശാപം ഇപ്രകാരം ആയിരുന്നു. ‘നീ അതുപ്രകാരം ജീവിക്കുന്നില്ലെങ്കില്‍ ശപിക്കപ്പെട്ടവനാകുന്നു.’ ആവര്‍ത്തനം 28-ാം അധ്യായത്തില്‍ ശാപത്തെക്കുറിച്ച് പറയുന്നു- ഭ്രാന്ത്, അന്ധത, പലവിധ രോഗങ്ങള്‍. എന്നാല്‍ ക്രിസ്തു ക്രൂശിന്മേല്‍ മരിച്ചതിനാല്‍ ആ ശാപങ്ങള്‍ നീക്കപ്പെട്ടു. നമ്മുടെ പൂര്‍വ്വികര്‍ ചെയ്ത ഏതെങ്കിലും പാപത്തിന്റെ ഫലം നാം അനുഭവിക്കേണ്ടതില്ല. കാരണം സകല ശാപവും ക്രൂശിന്മേല്‍ തകര്‍ക്കപ്പെട്ടു.

നാം ക്രിസ്തുവിനെ നമ്മുടെ കര്‍ത്താവായി സ്വീകരിക്കുമ്പോള്‍ നമ്മുടെ ശാപങ്ങള്‍ തകര്‍ക്കപ്പെടുന്നു. പാരമ്പര്യമായ ഒരു ശാപത്തെക്കുറിച്ചും നാം ഭയപ്പെടേണ്ടതില്ല. അതിനു നേരെ വിപരീതമായിട്ടുള്ളത് – അബ്രാഹാമിന്റെ അനുഗ്രഹം (3:14). അതുകൊണ്ടാണ് വിശ്വാസത്താല്‍ നമുക്കു പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ കഴിയുന്നത്.

”നിന്നിലൂടെ (നീ മുഖാന്തരം) സകല ജാതികളും ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും” എന്നുള്ള വാഗ്ദത്തം ആണു ദൈവം അബ്രാഹാമിനു നല്‍കുന്നത് (3:8). നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും ആനുഗ്രഹമായിത്തീരുക എന്ന ഉദ്ദേശ്യമാണ് പരിശുദ്ധാത്മാവ് നമ്മില്‍ ആവസിക്കുന്നതിലൂടെ സാധ്യമായിത്തീരുന്നത്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ഒരു വ്യക്തിയുടെ അടയാളമെന്നത്, താന്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും അനുഗ്രഹമായിരിക്കും എന്നതാണ്. അവന്‍ ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍, ആ കുടുംബം അനുഗ്രഹിക്കപ്പെടുന്നു. മിക്ക ക്രിസ്ത്യാനികളും തങ്ങള്‍ ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍, ആശയക്കുഴപ്പം ആണ് അവിടെ നല്‍കുന്നത്. ദുരുപദേശക്കാരായ ആളുകള്‍ ഭിന്നതയും മറ്റ് അനേക പ്രശ്‌നങ്ങളും ആണു ക്രൈസ്തവ ഭവനങ്ങളില്‍ വരുത്തുന്നത്. എന്നാല്‍ ഒരു ദൈവമനുഷ്യന്‍ അനുഗ്രഹമാണ് നല്‍കുന്നത്. ഒരു കുടുംബത്തില്‍ നിന്നും ഏകനായി ഒരു വ്യക്തി വിശ്വാസം സ്വീകരിക്കുമ്പോള്‍, പല പ്രശ്‌നങ്ങളും ആ ഭവനത്തിലുണ്ടാകാം. എന്നാല്‍ കാലങ്ങള്‍ കഴിയുമ്പോള്‍, ദൈവത്തിന്റെ അനുഗ്രഹം ആ ഭവനത്തിലേക്കു കടന്നു വരും. ആ കുടുംബത്തിലെ മറ്റംഗങ്ങളും മാനസാന്തരപ്പെടാന്‍ ഇടയാകുന്നു. അബ്രാഹാമിന്റെ ഈ അനുഗ്രഹത്തിന് പങ്കാളികള്‍ ആകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

നീതീകരണവും വിശുദ്ധീകരണവും


ഗലാത്യര്‍ 3-ാം അധ്യായത്തിന്റെ ശേഷം ഭാഗങ്ങളില്‍ ന്യായപ്രമാണവും കൃപയും തമ്മിലുള്ള വ്യത്യാസം പ്രസ്താവിക്കുന്നു. ന്യായപ്രമാണത്തിന് 400 വര്‍ഷം മുമ്പാണ് അബ്രാഹാമിന് മേല്‍വിവരിച്ച വാഗ്ദത്തം നല്‍കിയത്. ന്യായപ്രമാണം ക്രിസ്തുവിങ്കലേക്കു നമ്മെ നടത്തുന്ന ശിശുപാലകനാണെന്ന് 3:24-ല്‍ പറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ വിശുദ്ധിയുടെ മാനദണ്ഡത്തിന് അനുസരിച്ചു ജീവിക്കുവാന്‍ വിശുദ്ധനായ മനുഷ്യനു പോലും സാധ്യമല്ലെന്നാണ് ന്യായപ്രമാണം നമ്മെ ബോധ്യമാക്കുന്നത്. ദൈവരാജ്യത്തിലെ പാസ്മാര്‍ക്ക് (ജയിക്കുവാന്‍ വേണ്ട കുറഞ്ഞ മാര്‍ക്ക്) 100% ആണ്. നമ്മില്‍ ഏറ്റവും നല്ലവരായ ആളുകള്‍ക്കു പോലും പൂജ്യം ശതമാനം ആയിരിക്കും. 1500 വര്‍ഷങ്ങള്‍ യിസ്രായേല്‍ മക്കള്‍ ന്യായപ്രമാണം പാലിക്കുവാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടു. രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഒരൊറ്റെ മീനിനെപ്പോലും ലഭിക്കാതിരുന്ന ശിഷ്യന്മാരെപ്പോലെ ആയിരുന്നു അവര്‍ (യോഹ. 21). അവസാനം കര്‍ത്താവിലേക്ക് അവര്‍ നോക്കിയ ആ നിമിഷം, അവരുടെ പടകിനെ ദൈവം നൂറു ശതമാനം നിറച്ചു.

നാം ദൈവത്തിലേക്കു കടന്നു വരുമ്പോള്‍, തന്റെ 100% നമ്മിലേക്കു താന്‍ കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ നാം നീതീകരിക്കപ്പെടുന്നു. ഒരു പരീക്ഷയില്‍ ലഭിക്കുന്ന ‘ഗ്രേസ് മാര്‍ക്കിന്’ തുല്യമാണ് ദൈവത്തില്‍ നിന്നുള്ള നീതികരണം. ദൈവത്തിന്റെ മാനദണ്ഡം അനുസരിച്ചു നമുക്കെല്ലാം പൂജ്യം ശതമാനം മാത്രമാണു ലഭിക്കുന്നത്. എന്നാല്‍ ദൈവം നമുക്കെല്ലാം ഗ്രേസ് മാര്‍ക്ക് ആയി 100 ആണ് വാഗ്ദാനം ചെയ്യുന്നത്. ആ വാഗ്ദാനം സ്വീകരിക്കുന്നവര്‍ക്ക് 100% ലഭിക്കുന്നു. അതു നിരസിക്കുന്നവര്‍ തങ്ങളുടെ പൂജ്യം ശതമാനത്തില്‍ ജീവിക്കുന്നു. ഏറ്റവും മോശപ്പെട്ട വിദ്യാര്‍ത്ഥികളായിരുന്നാല്‍ തന്നെയും ഗ്രേസ് മാര്‍ക്ക് ആയി 100 മാര്‍ക്കു ലഭിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരെക്കാള്‍ മുമ്പിലായി തീരുന്നു. ഇതാണ് വിശ്വാസത്താലുള്ള നീതീകരണം. നമ്മുടെ അക്കൗണ്ടിലേക്കു ക്രിസ്തുവിന്റെ നീതിയാണ് കണക്കിടുന്നത്. നാം പൂജ്യം മാര്‍ക്കു മാത്രമാണ് അര്‍ഹിക്കുന്നതെന്നു താഴ്മയോടെ നാം സമ്മതിക്കും. അപ്രകാരം നമ്മുടെ രക്ഷയുടെ സകല മഹത്വവും ദൈവത്തിനു മാത്രം ആയിരിക്കും.

ദൈവം നമ്മെ കേവലം നീതികരിക്കപ്പെട്ടവരായി മാത്രമല്ല തീര്‍ക്കുന്നത്. നമ്മെ മുഴുവനുമായി ശുദ്ധീകരിക്കുന്നു. നമ്മിലേക്കു പകര്‍ന്ന ക്രിസ്തുവിന്റെ നീതി ഓരോ ദിവസവും തന്റെ പരിശുദ്ധാത്മാവിനാല്‍ വീണ്ടും നിറച്ച്, നമ്മുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാക്കി തീര്‍ക്കുന്നു. അങ്ങനെ നാം പൂര്‍ണ്ണതയിലേക്ക് ഓടുന്നു. ഗലാത്യ ലേഖനത്തിന്റെ പരമപ്രധാനമായ സന്ദേശവും അതു തന്നെയാണ്. നിങ്ങള്‍ ആരാകുന്നു എന്നത് ഒരു വ്യത്യാസം സൃഷ്ടിക്കുന്നില്ല – ”നിങ്ങള്‍ എല്ലാവരും ദൈവമക്കള്‍ ആകുന്നു”(3:26). ക്രിസ്തുവിന്റെ ശരീരത്തില്‍ ഒരാള്‍ മറ്റൊരാളേക്കാള്‍ ശ്രേഷ്ഠനല്ല. യഹൂദനെന്നോ, യവനനെന്നോ, സ്വതന്ത്രനെന്നോ, അടിമയെന്നോ, പുരുഷനെന്നോ, സ്ത്രീയെന്നോ ഉള്ള യാതൊരു വ്യത്യാസവും ക്രിസ്തുവിന്റെ ശരീരത്തില്‍ ഇല്ല. ദൈവത്താല്‍ സ്വീകരിക്കപ്പെട്ടതില്‍ ഏവരും തുല്യരാണ്. ക്രിസ്തുവിങ്കലേക്കു വരുന്ന ഏതൊരു വ്യക്തിയെയും തുല്യരായിട്ടാണ് നാം കരുതേണ്ടത്. മറ്റൊരു വിഭാഗത്തില്‍ നിന്നും വന്ന വ്യക്തിയെ നിങ്ങള്‍ തരം താഴ്ത്തുന്നുവെങ്കില്‍ ക്രിസ്തുവിങ്കലുള്ള നീതീകരണം നിങ്ങള്‍ ശരിയായ അളവില്‍ മനസ്സിലാക്കിയിട്ടില്ല. നിങ്ങള്‍ വീണ്ടും ന്യായപ്രമാണത്തിന്‍ കീഴില്‍ ആകുന്നു. ന്യായപ്രമാണമാണ് വ്യക്തികളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്നത്. കൃപയാലുള്ള നീതി നമ്മെ ഐക്യതയില്‍ ബന്ധിച്ചു നിറുത്തുന്നു.

നിങ്ങള്‍ ന്യായപ്രമാണത്തില്‍ നിന്നു മോചിതനാണെന്നുള്ളതിന്റെ അടയാളം ഇപ്രകാരം ആയിരിക്കും: നിങ്ങള്‍ പറയും- ഭാഷയുടെയോ ജാതിയുടെയോ വിദ്യാഭ്യാസത്തിന്റെയോ അതിര്‍വരമ്പില്ലാതെ അവര്‍ എന്റെ സഹോദരനും സഹോദരിയുമാണ്. അവര്‍ ഏതു പശ്ചാത്തലത്തില്‍ നിന്നും വന്നവരാണെങ്കിലും വ്യത്യാസം കൂടാതെ എനിക്ക് അവരോടു കൂട്ടായ്മ ആചരിക്കുവാന്‍ കഴിയും. അവര്‍ എല്ലാവരും എനിക്കു തുല്യരാണ്. എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവില്‍ ഞങ്ങളുടെ വ്യത്യസ്ത സാഹചര്യങ്ങള്‍ ഇല്ലാതായിത്തീരുന്നു.

നാലാം അധ്യായത്തില്‍ ശിശുവും പ്രായപൂര്‍ത്തിയായ മകനും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. ന്യായപ്രമാണത്തിന്‍ കീഴില്‍, ദൈവം യിസ്രയേല്‍ മക്കളെ ചെറിയ കുഞ്ഞുങ്ങളെപ്പോലെ കരുതിയിരുന്നു. ഒരു ശിശുവും അടിമയും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. കാരണം സകലത്തിന്റെയും ഉടമസ്ഥാവകാശം ഉണ്ടെങ്കിലും അധികാരം വിനിയോഗിക്കുവാന്‍ ശിശുവിന് കഴിയുകയില്ല (4:1). എന്നാല്‍ ആ ശിശു പ്രായപൂര്‍ത്തിയാകുമ്പോള്‍, തന്റെ ഉടമസ്ഥാവകാശത്തിന്റെ അധികാരം വിനിയോഗിക്കുവാന്‍ കഴിയും. ന്യായപ്രമാണവും കൃപയും തമ്മിലുള്ള വ്യത്യാസം ഇതാണ്. ന്യായപ്രമാണത്തിന്‍ കീഴ് ദൈവം നമ്മെ ശിശുക്കളെപ്പോലെ കണക്കാക്കുന്നു. കൃപയുടെ കീഴില്‍ ദൈവം നമ്മെ പ്രായപൂര്‍ത്തിയായ മക്കളായിട്ടാണ് കരുതുന്നത്.

ന്യായപ്രമാണത്തിന്‍ കീഴില്‍ ആയിരുന്നപ്പോള്‍, ഏതു ചെറിയ കാര്യത്തിനു പോലും യിസ്രായേല്‍ മക്കള്‍ക്കു നിയമങ്ങള്‍ നല്‍കണമായിരുന്നു. ഉദാഹരണമായി, ഒരു കലത്തില്‍ പല്ലി വീണുപോയാല്‍, പക്ഷിക്കൂട്ടില്‍ കുഞ്ഞുങ്ങളുമായി ഇരിക്കുന്ന പക്ഷിയെ കണ്ടാല്‍, വിവിധ തരം ത്വക്കു രോഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ. നമ്മുടെ ചെറിയ കുഞ്ഞുങ്ങളോടും അപ്രകാരമാണ് നാം ചെയ്യുന്നത്. കൃത്യസമയത്ത് ഉണരുന്നതിനും, പല്ലു തേയ്ക്കുന്നതിനും, പാഠ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുന്നതിനും, സ്‌കൂളില്‍ പോകുന്നതിനും, ഹോം വര്‍ക്കു ചെയ്യുന്നതിനും നാം അവരോടു പറയേണ്ടതുണ്ട്. നാം അവരുടെ കൈ പിടിച്ച്, ഇടതു വശത്തേക്കും വലതു വശത്തേക്കും നോക്കി ശ്രദ്ധയോടെ ആയിരിക്കണം തിരക്കുള്ള റോഡ് മുറിച്ചു കടക്കേണ്ടതെന്ന് അവരെ പഠിപ്പിക്കുന്നു. നാം ഒരു ശിശുവിനെ എല്ലാ ചെറിയ കാര്യങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മുതിര്‍ന്ന ഒരു വ്യക്തിയെ രാവിലെ പല്ലു തേക്കണമെന്നോ ജോലിക്കു പോകണമെന്നോ ഓര്‍മ്മിപ്പിക്കേണ്ട ആവശ്യം ഇല്ല. മുതിര്‍ന്ന മകനെ അവനു ജീവിതം നയിക്കുവാനുള്ള നല്ല തത്വങ്ങള്‍ ആണു നാം പഠിപ്പിക്കുന്നത്. ന്യായപ്രമാണവും കൃപ യും തമ്മില്‍ മറ്റൊരു വ്യത്യാസം കൂടിയുണ്ട്. പുതിയ നിയമത്തിന്റെ കീഴില്‍, നിങ്ങള്‍ക്കു തത്വങ്ങള്‍ കാണുവാന്‍ കഴിയും. എന്നാല്‍ വിശദമായ നിയമങ്ങള്‍ ഉണ്ടാവുകയില്ല. എന്നാല്‍ ക്രിസ്ത്യാനികള്‍ അപ്രകാരമുള്ള നിയമങ്ങള്‍ എടുത്ത് വിശദമായ നിയമാവലികള്‍ ഉണ്ടാക്കുമ്പോള്‍, അവര്‍ പരീശന്മാരായി തീരുകയാണ്. ക്രൈസ്തവ മതത്തിലെ ഓരോ വിഭാഗത്തിലും അപ്രകാരമുള്ള ക്രിസ്ത്യാനികളെ കാണുവാന്‍ കഴിയും. പരീശ മനോഭാവത്തിലേക്കുള്ള ചായ്‌വ് എല്ലാ വിഭാഗങ്ങളിലും കാണുവാന്‍ കഴിയും.

താന്‍ രോഗിയായിരുന്നതിനാല്‍ ഗലാത്യയില്‍ ആദ്യമായി പ്രസംഗിക്കുവാന്‍ ഇടയായി എന്ന് 4:13ല്‍ പൗലൊസ് പറയുന്നു. ഗലാത്യ വഴിയായി കടന്നു പോകണം എന്ന് പൗലൊസ് ആഗ്രഹിച്ചിരുന്നെങ്കിലും അവിടെ താമസിക്കുവാന്‍ താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ രോഗിയായിത്തീര്‍ന്നതു മൂലം ഗലാത്യയില്‍ താമസിക്കാനും അവിടുത്തെ ജനങ്ങളോടു സുവിശേഷം പ്രസംഗിക്കാനും ഇടയായി. ഇത് അവിടെ സഭകള്‍ സ്ഥാപിക്കപ്പെടുന്നതിനും മുഖാന്തരമായിത്തീര്‍ന്നു. അപ്രകാരം പിശാചിനാല്‍ ലഭിച്ച രോഗം, പൗലൊസിന്റെ ജീവിതത്തില്‍ ദൈവിക പദ്ധതി നിറവേറുന്നതിന് കാരണമായി. പൗലൊസ് രോഗിയായി തീര്‍ന്നില്ലായിരുന്നുവെങ്കില്‍ ഗലാത്യയില്‍ താമസിക്കുന്നതിനോ സഭകള്‍ സ്ഥാപിക്കുന്നതിനോ സാധ്യമാകുമായിരുന്നില്ല. അപ്പൊസ്തല പ്രവൃത്തി 16:6-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”പൗലൊസും കൂടെയുള്ളവരും ഗലാത്യയില്‍കൂടെ യാത്ര ചെയ്യുമ്പോള്‍ ആസ്യയില്‍ പോകരുതെന്ന് പരിശുദ്ധാത്മാവ് അവരെ വിലക്കുകയുണ്ടായി.” ഗലാത്യര്‍ 4:13-ാം വാക്യത്തില്‍ പരിശുദ്ധാത്മാവ് രോഗത്തിലൂടെയാണ് പൗലൊസിനെ തടയുവാനിടയായതെന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. ‘ഇച്ഛാഭംഗം അഥവാ നിരാശ എന്നുള്ളത് ദൈവത്തെ കണ്ടെത്തുവാന്‍ വേണ്ടി നിയമിക്കപ്പെട്ട സമയമാണ്’ എന്ന പഴമൊഴി അര്‍ത്ഥവത്താണ്. നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കുന്ന ദൈവപൈതലാകുന്നുവെങ്കില്‍, നിരാശയുണ്ടാകുന്ന ഓരോ സന്ദര്‍ഭങ്ങളും ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങളായി മാറും. രോഗങ്ങള്‍, വൈകിയെത്തുന്ന ട്രെയിനുകള്‍, ലഭിക്കാതെ പോകുന്ന ബസുകള്‍, മറ്റു പല കാലതാമസം… എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ ദൈവം വളരെ ആശ്ചര്യകരമായി പ്രവര്‍ത്തിക്കുന്നത് കാണുവാന്‍ കഴിയും.

4:19-ല്‍, ഒരു കുഞ്ഞിന് ജന്മം നല്‍കുവാന്‍ വേണ്ടി വേദനപ്പെടുന്ന ഒരു മാതാവിനോട് പൗലൊസ് തന്നെത്തന്നെ താരതമ്യപ്പെടുത്തുന്നു. ഗലാത്യയിലെ വിശ്വാസികളെ ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപരാക്കുന്നതിന് വേണ്ടി തനിക്കുള്ള ആത്മഭാരത്തെക്കുറിച്ചാണ് പൗലൊസ് ഇവിടെ പ്രസ്താവിക്കുന്നത്. അമ്മയുടെ ഗര്‍ഭത്തിലായിരിക്കുന്ന ഒരു ഭ്രൂണത്തിന്റെ ഫോട്ടോ നിങ്ങള്‍ കാണുവാനിടയായാല്‍ അതിനു മനുഷ്യജീവിയെക്കാളും കൂടുതല്‍ സാമ്യം തോന്നുന്നത് ഒരു വാല്‍മാക്രിയോടായിരിക്കും- വലിയ ഒരു ശിരസ്സും വാലുപോലെയുള്ള ചെറിയൊരു ശരീരവും. എന്നാല്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷം അമ്മയുടെ ഉദരത്തില്‍ നിന്നു പുറത്തു വരുന്നത് തികച്ചും പൂര്‍ണ്ണമായ രൂപഭംഗിയും ആകൃതിയുമുള്ള ശിശുവായിരിക്കും. നിങ്ങള്‍ അപ്രകാരമുള്ള ഭ്രൂണത്തോട് അഥവാ ഗര്‍ഭപിണ്ഡത്തോടു സാദൃശ്യമുള്ളവരാണെന്ന് പൗലൊസ് ഇവിടെ ഗലാത്യ ക്രിസ്ത്യാനികളോടു പറയുന്നു. ”നിങ്ങള്‍ ക്രിസ്തുവിനോടു യാതൊരു താദാത്മ്യവും ഇല്ലാത്തവരാണ്. ദൈവികമായ വിത്ത് നിങ്ങളുടെ ഉള്ളില്‍ ഉണ്ടെങ്കിലും, ആനുപാതികമായ അഥവാ തുല്യമായ വളര്‍ച്ച എല്ലാറ്റിലും ലഭ്യമാകുന്നില്ല. ആകയാല്‍ നിങ്ങളെക്കുറിച്ചുള്ള എന്റെ ഭാരം ഇപ്രകാരമാണ്: നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും പൂര്‍ണ്ണതയുള്ളതും ആനുപാതികവുമായ ഒരു വളര്‍ച്ച പ്രാപിച്ച്, ക്രിസ്തുവിന്റെ സ്വരൂപം നിങ്ങളില്‍ ഉരുവായിത്തീരണം.” ഓരോ യഥാര്‍ത്ഥ ദൈവദാസന്റെ ഹൃദയത്തിലും തന്റെ ആടുകളെക്കുറിച്ച് പൗലൊസിനെപ്പോലെ ഇപ്രകാരമുള്ള ആത്മഭാരം ഉണ്ടായിരിക്കും.


ആത്മാവിനാല്‍ നടത്തപ്പെടുന്ന ജീവിതം


5:1-ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു: നമ്മെ സ്വതന്ത്രരാക്കുന്നതിനായിട്ടാണ് ക്രിസ്തു വന്നത്. വീണ്ടും നമ്മെ നിയമങ്ങളുടെ ബന്ധനത്തില്‍ ആക്കുന്നതിന് നാം ആരെയും അനുവദിക്കരുത്. ഏതെങ്കിലും സഭയുടെയോ ഗ്രൂപ്പിന്റെയോ ആചാരങ്ങള്‍ക്കോ നിയമാവലികള്‍ക്കോ നാം അടിമകള്‍ ആയിത്തീരരുത്. ഇതേ സമയം തന്നെ, നമ്മുടെ സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് അഥവാ പാപത്തിന് മറയാക്കുകയും ചെയ്യരുത് (5:13). മിക്ക വിശ്വാസികളും കൃപയെയും ക്രിസ്തീയ സ്വാതന്ത്ര്യത്തെയും തെറ്റിദ്ധരിക്കുകയും, ന്യായപ്രമാണത്തിന്‍ കീഴ് ആയിരിക്കുന്നതിനെക്കാളും അധഃപതിച്ചവരായി തീരുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ ജഡത്തിന് അടിമകളായി ജീവിക്കുന്നു. ന്യായപ്രമാണത്തില്‍ നിന്നു സ്വാതന്ത്ര്യം ലഭിക്കാനുള്ള ശരിയായ ഏകമാര്‍ഗം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുക എന്നതു മാത്രമാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ന്യായപ്രമാണത്തിന്‍ കീഴിലെ ജീവിതത്തെക്കാളും താഴ്ന്നു പാപത്തില്‍ ജീവിക്കുന്നവരായിത്തീരും. പരിശുദ്ധാത്മാവിനാല്‍ നാം നടത്തപ്പെടുന്നുവെങ്കില്‍, നാം ഒരിക്കലും ജഡത്തിന്റെ തലത്തിലേക്ക് അധോഗതി പ്രാപിക്കുകയില്ല. അപ്രകാരമുള്ള വിശ്വാസികള്‍ക്കു മാത്രമേ ന്യായപ്രമാണത്തില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ചു എന്ന് അവകാശപ്പെടാന്‍ കഴിയുകയുള്ളു (5:16,18). താഴെ പറഞ്ഞിരിക്കുന്ന വിധം മൂന്നു തലങ്ങളിലുള്ള ജീവിതം ഒരു വിശ്വാസിക്കു നയിക്കുവാന്‍ കഴിയും:

1) പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുക (ഏറ്റവും ഉയര്‍ന്നത് – പുതിയ നിയമത്തിന്റെ തലം).
2) ന്യായപ്രമാണത്താല്‍ നടത്തപ്പെടുക (പഴയ നിയമത്തിന്റെ തലം).
3) ജഡത്താല്‍ നടത്തപ്പെടുക (ഏറ്റവും ഹീനമായത്).

ജീവിതത്തിന്റെ ഈ മൂന്നു തലങ്ങളെ ഒരു കെട്ടിടത്തിന്റെ മൂന്നു നിലകളോട് താരതമ്യപ്പെടുത്താവുന്നതാണ്. നിങ്ങള്‍ മൂന്നാമത്തെ നിലയില്‍ താമസിക്കുന്നില്ലായെങ്കില്‍ (പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുക) രണ്ടാമത്തെ നില നിങ്ങള്‍ നശിപ്പിക്കുകയും (ന്യായപ്രമാണത്താല്‍ നടത്തപ്പെടുക) ഒന്നാം നിലയിലേക്കു നിങ്ങള്‍ തരംതാഴുകയും ചെയ്യും (ജഡത്താല്‍ നയിക്കപ്പെടുക). അഥവാ ജഡത്തിന്റെ തലത്തിലേക്കു നിങ്ങള്‍ അധഃപതിക്കുന്നു. അനേകം വിശ്വാസികള്‍ക്കു സംഭവിച്ചതും ഇപ്രകാരം തന്നെയാണ്. ഞങ്ങള്‍ ന്യായപ്രമാണത്തില്‍ കീഴ് ഉള്ളവര്‍ അല്ല എന്ന് അവര്‍ ഗലാത്യ ലേഖനത്തില്‍ വായിക്കുന്നു. എങ്കിലും, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനനുസരിച്ച് അവര്‍ ജീവിക്കുന്നില്ല. അതിന്റെ ഫലമായി ജഡത്തിന് അനുസരിച്ച് അവര്‍ ജീവിതം നയിക്കുന്നു. അതുകൊണ്ടാണ് ന്യായപ്രമാണത്തിന്‍ കീഴ് ജീവിക്കുന്നവരെക്കാളും അധഃപതിച്ച നിലയില്‍ ഇന്നത്തെ ക്രിസ്തീയ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നത്. കൃപയ്ക്ക് അധീനര്‍ എന്ന് അവകാശപ്പെടുന്ന വിശ്വാസികള്‍ക്കെങ്ങനെയാണ് തങ്ങളുടെ ജഡത്തിന്റെ ഭോഗേച്ഛകള്‍ക്ക് അനുസരിച്ചു ജീവിക്കുവാന്‍ കഴിയുന്നത്? എന്തുകൊണ്ടെന്നാല്‍ അവര്‍ ന്യായപ്രമാണം ഉപേക്ഷിച്ചവരാണ്. നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നെങ്കില്‍ മാത്രമേ, ന്യായപ്രമാണത്തിന്‍ കീഴില്‍ നിന്നും സ്വതന്ത്രരാകുവാന്‍ കഴിയുകയുള്ളു (ഗലാ. 5:18). പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാന്‍ ആഗ്രഹിക്കാത്തവര്‍ക്കു ന്യായപ്രമാണം അത്യന്താപേക്ഷിതമാണ്.

ന്യായപ്രമാണം ഉപേക്ഷിക്കുക അഥവാ എറിഞ്ഞു കളയുക എന്നതല്ല ഗലാത്യ ലേഖനത്തിന്റെ സന്ദേശം. ആത്മാവിനാല്‍ നടത്തപ്പെടുന്ന ഒരു ജീവിതം സ്വായത്തമാകുമ്പോള്‍ മാത്രം ന്യായപ്രമാണം എറിഞ്ഞു കളയുക അഥവാ ഉപേക്ഷിക്കുക.

ജഡത്തിലുള്ള ജീവിതത്തെക്കുറിച്ച് 5:19-21 വരെ വാക്യങ്ങളില്‍ പരിശുദ്ധാത്മാവ് വിവരിക്കുന്നത് ഇപ്രകാരമാണ്: ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്‌ക്കാമം, വിഗ്രഹാരാധന (പണം, വ്യക്തികള്‍ എന്നിവയോടുള്ള ആരാധന), ആഭിചാരം, പക, പിണക്കം, ജാ രശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ. ഈ വക കാര്യങ്ങള്‍ അവിശ്വാസികളില്‍ മാത്രമാണോ നാം കാണുന്നത്? ‘വിശ്വാസികള്‍’ എന്നു പേര്‍ വിളിക്കപ്പെട്ടവരും ഇത്തരം പാപങ്ങളില്‍ മുഴുകുന്നു.

മറിച്ചു പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നവരില്‍, ആത്മാവിന്റെ ഫലമാകുന്ന സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ വര്‍ദ്ധിച്ചു വരുന്നു (5:22,23). നാം ആത്മാവിനാല്‍ ജീവിക്കുന്നു എങ്കില്‍, ആത്മാവില്‍ നടക്കുകയും ചെയ്യുവാനിടയാകട്ടെ.


നമ്മുടെ പ്രവൃത്തികളെ പരിശോധിക്കുക


6:1-ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു: ഞാന്‍ പ്രസ്താവിച്ച ഇപ്രകാരമുള്ള ജീവിത നിലവാരത്തില്‍ നിന്നു വീണുപോയ ഒരു സഹോദരനെ നിങ്ങള്‍ കാണുന്നുവെങ്കില്‍, അദ്ദേഹത്തെ വമര്‍ശിക്കരുത്. നിങ്ങള്‍ ഒരു ആത്മീയനാകുന്നുവെങ്കില്‍, കടന്നു ചെന്ന് അവനെ സഹായിക്കുക. അദ്ദേഹം വീണുപോയതുപോലെ താങ്കള്‍ക്കും സംഭവിക്കാം. തന്റെ ജീവിതത്തിലും സഹോദരന് സംഭവിച്ച അതേ വീഴ്ച സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്ന വ്യക്തിക്കു മാത്രമേ വീണുപോകുന്ന ഒരു വ്യക്തിയെ സഹായിക്കുവാന്‍ കഴിയുകയുള്ളൂ. ഈ വ്യക്തിക്കു സംഭവിച്ച വീഴ്ച എനിക്ക് ഉണ്ടാവുകയില്ല എന്ന മനോഭാവം ഉള്ള വ്യക്തിക്ക്, വീണുപോയ സഹോദരനെ സഹായിക്കാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ സൗമ്യതയുടെ ആത്മാവില്ലാത്ത ആ വ്യക്തിക്കു പിന്മാറിപ്പോയ വിശ്വാസികളെ യഥാസ്ഥാനപ്പെടുത്തുവാന്‍ സാധ്യമല്ല.

ക്രിസ്തുവിന്റെ പ്രമാണങ്ങള്‍ നാം പൂര്‍ത്തിയാക്കണമെന്നുണ്ടെങ്കില്‍, മറ്റുള്ളവരുടെ ഭാരങ്ങള്‍ നാം വഹിക്കേണ്ടത് ആവശ്യമാണ്. ഇവിടെ ഒരു സന്തുലിതാവസ്ഥ നാം കാണുന്നു. നാം മറ്റുള്ളവരുടെ ഭാരങ്ങള്‍ വഹിക്കണം. കൂടാതെ ഓരോരുത്തന്‍ താന്താന്റെ ഭാരം വഹിക്കണം (6:2,5). അതുകൊണ്ട് നാം നമ്മുടെ ഭാരങ്ങള്‍ മറ്റുള്ളവരുടെമേല്‍ ചുമത്താന്‍ പാടില്ല.

6:3ല്‍ ഉന്നത ഭാവമുള്ള വിശ്വാസികളെ പൗലൊസ് തര്‍ജ്ജനം ചെയ്യുന്നു. താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്ന് ഒരുവന്‍ ചിന്തിച്ചാല്‍, താന്‍ ആരുമല്ല. ദൈവത്തിന്റെ ശുശ്രൂഷയില്‍ അപ്രകാരമുള്ളവന്‍ പ്രയോജനരഹിതനായിരിക്കും. ഒരു സഹോദരന്‍ വീഴുന്നത് നീ കാണുമ്പോള്‍ നീ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠനാണെന്നു കരുതരുത്. അദ്ദേഹത്തിനുള്ളതു പോലെ തന്നെയുള്ള ജഡമാണ് നിന്റേതും. ദൈവത്തിന്റെ കൃപയും കരുണയും ആണ് നിന്നെ വീഴാതെവണ്ണം താങ്ങിയത്. നീ അതൊരിക്കലും മറക്കുവാന്‍ പാടില്ല.

പൗലൊസ് ഇപ്രകാരം പറയുന്നു: നിങ്ങളുടെ പ്രവൃത്തിയെ പരിശോധിക്കുകയും ദൈവം നിങ്ങളിലൂടെ അതു നിവൃത്തീകരിക്കുവാന്‍ ശക്തനാണെന്നു മനസ്സിലാക്കുകയും ചെയ്യുക. 1 കൊരിന്ത്യര്‍ 11:28ല്‍ നാം നമ്മെത്തന്നെ ശോധന കഴിക്കണം എന്നു കല്പിച്ചിരിക്കുന്നു. നമ്മുടെ ജീവിതം-ഇവിടെ നമ്മുടെ പ്രവൃത്തികള്‍- ശോധന ചെയ്യേണം എന്നു പറഞ്ഞിരിക്കുന്നു. മറ്റുള്ളവര്‍ പൂര്‍ത്തീകരിച്ചതിന്റെ ഒരു ശതമാനം പോലും സ്വയം ചെയ്യാത്ത പല വിശ്വാസികളും വേല പൂര്‍ത്തീകരിച്ചവരെ വിധിക്കാറുണ്ട്. അപ്രകാരം ഉള്ള ആളുകള്‍ തങ്ങളുടെ വലിയ വായ് അടയ്ക്കുകയും തങ്ങളുടെ പ്രവൃത്തികളെ പരിശോധിക്കയും ചെയ്യേണ്ടതാണ്.

6:7,8: ‘ഓരോരുത്തന്‍ വിതെക്കുന്നത് തന്നെ കൊയ്യും.’ എന്ന് നാം കാണുന്നു. ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍ നിന്ന് നാശം കൊയ്യും. ആത്മാവില്‍ വിതെക്കുന്നവന്‍ നിത്യജീവനെ കൊയ്യും.

6:14-ല്‍ പൗലൊസ് വീണ്ടും ക്രൂശിനെക്കുറിച്ച് പ്രസ്താവിക്കുന്നു. ഗലാത്യലേഖനത്തില്‍ മൂന്നു പ്രാവശ്യം ക്രൂശിനെക്കുറിച്ച്, പൗലൊസ് പരാമര്‍ശിക്കുന്നു. 2:20ല്‍ താന്‍ തന്നെ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നും 5:24ല്‍ ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിച്ചിരിക്കുന്നു എന്നും 6:14ല്‍ ക്രിസ്തുവിന്റെ ക്രൂശിനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെടിരിക്കുന്നു എന്നും പൗലൊസ് പറയുന്നു. സ്വയം, ജഡം, ലോകം- ഇവ മൂന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. പൗലൊസ് ലോകത്തിന് മരിച്ചിരിക്കുന്നതിനാല്‍, യാതൊരു ലൗകികമായ കാര്യങ്ങളിലും താത്പര്യം ഇല്ലാത്തവനായിത്തീര്‍ന്നു. അതായത് മരിച്ചുപോയ വ്യക്തിക്കു തുല്യം. ഈ ലോകത്തിന്റേതായ വ്യവസ്ഥിതിയില്‍ നിന്നും വളരെ ഉന്നതമായ ആത്മീയ തലത്തിലുള്ള ജീവിതമായിരുന്നു പൗലൊസ് നയിച്ചിരുന്നത്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിലൂടെയും (പ്രേരണയിലൂടെയും) ക്രൂശിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിലൂടെയുമാണ് ന്യായപ്രമാണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം (ഗലാത്യ ലേഖനത്തിലെ പ്രതിപാദ്യ വിഷയം) യാഥാര്‍ത്ഥ്യമായിത്തീരുന്നത്.