പാപത്തെ ജയിക്കുന്നതിൻ്റെ മൂന്നു രഹസ്യങ്ങൾ- WFTW 29 മെയ് 2022

സാക് പുന്നന്‍

  1. ഓടി രക്ഷപ്പെടുക

പ്രലോഭനത്തെ ജയിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനെ ഒഴിവാക്കുകയും അതിൽ നിന്ന് ഓടി രക്ഷപ്പെടുകയുമാണ് – യോസേഫ് ചെയ്തതുപോലെ (ഉൽ. 39 :7-12). നിങ്ങളെ ശക്തമായി പ്രലോഭിപ്പിച്ച് ബലഹീനനാക്കുന്ന എല്ലാ ഇടങ്ങളെയും വ്യക്തികളെയും ഒഴിവാക്കുക. “പരീക്ഷയിൽ ഞങ്ങളെ പ്രവേശിപ്പിക്കരുതേ” എന്നു പ്രാർത്ഥിക്കുവാൻ യേശു നമ്മെ പഠിപ്പിച്ചു. നിങ്ങൾ അങ്ങനെ ചെയ്തതിന്, നിത്യതയിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കും. ഭൂമിയിൽ പോലും, നിങ്ങളുടെ ശക്തിക്കപ്പുറം പ്രലോഭിപ്പിക്കപ്പെടാൻ കാരണമാകുമായിരുന്ന സ്ഥാനങ്ങളെയും ആളുകളെയും ഒഴിവാക്കി എന്നതിൽ, ഇന്നു മുതൽ ഏതാനും വർഷങ്ങൾക്കു ശേഷം, തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾ നന്ദിയുള്ളവരായിരിക്കും. നിങ്ങൾ വാസ്തവത്തിൽ കർത്താവിനെ മാത്രം പ്രസാദിപ്പിക്കുന്നതിൽ വ്യഗ്രതയുള്ളവനാണ് എന്നു തെളിയിക്കുന്നതിനുള്ള മാർഗ്ഗമാണ്, അങ്ങനെയുള്ള സ്ഥാനങ്ങളെയും ആളുകളെയും ഒഴിവാക്കുന്ന നിങ്ങളുടെ പ്രവൃത്തി (ഇതുമായി ബന്ധപ്പെട്ട് സദൃശവാക്യങ്ങൾ 7 വായിക്കുക. എല്ലാ ചെറുപ്പക്കാർക്കും ഇടയ്ക്കിടയ്ക്ക് വായിക്കാൻ പറ്റിയ നല്ലൊരു അധ്യായമാണിത്).

എതിർ ലിംഗത്തിലുള്ള ഒരാളുമായുള്ള വളരെ അടുത്ത സുഹൃദ് ബന്ധത്തിൽ നിന്ന് ഓടിമാറുക. നിങ്ങളുടെ മനസ്സ് ഇളക്കിവിടുന്നതും പാപത്തിന്പ്രേരിപ്പിക്കുന്നതുമായ പുസ്തകങ്ങളിൽ നിന്നും (വെബ് സൈറ്റുകളിൽ നിന്നും) ഓടി മാറുക. പ്രയോജനകരമല്ലാത്ത ടിവി പരിപാടികൾ കണ്ട് സമയം പാഴാക്കുന്നതിൽ നിന്നു പോലും ഓടി മാറുക. പരദൂഷണം കേൾക്കുന്നതിൽ നിന്ന് ഓടി രക്ഷപ്പെടുക. ദോഷകരമായത് കേൾക്കുന്നതും, വായിക്കുന്നതും, കാണുന്നതുമെല്ലാം നിങ്ങളെ തിന്മയിൽ അറിവുള്ളവരാക്കി തീർക്കുകയേ ഉള്ളൂ. അങ്ങനെയെങ്കിൽ ആ വൃത്തികെട്ട അറിവുകൾ നിങ്ങൾക്കെന്തിനു വേണം? അതു നിങ്ങളെ മലിനപ്പെടുത്തുകയും നശിപ്പിക്കുകയുമേ ചെയ്യൂ. ഇനി മുതൽ ഇത്തരം അറിവുകൾക്കു നേരെ നിങ്ങളുടെ കണ്ണുകളും കാതുകളും അടയ്ക്കണം. മറ്റുള്ളവർ ചെയ്യുന്ന തിന്മകൾ അറിയുന്നത്, ഒരിക്കലും നിങ്ങളെ ബുദ്ധിമാന്മാരാക്കുകയില്ല. “തിന്മയ്ക്ക് ശിശുക്കൾ ആകുവാൻ” ( 1 കൊരി. 14:20) വേദപുസ്തകം നമ്മെ പ്രബോധിപ്പിക്കുന്നു. ഒരു ശിശുവിൻ്റെ മനസ്സ് എല്ലാ തിന്മകളിൽ നിന്നും നിർമ്മലമാണ്. ദോഷകരമായ അറിവുകളാൽ നമ്മുടെ മനസ്സിനെ മലിനമാക്കിക്കൊണ്ട് നാം അനേക വർഷങ്ങൾ ജീവിച്ചിരുന്നു എങ്കിലും, അതിൽ നിന്നു സ്വതന്ത്രമാകാൻ നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുമെങ്കിൽ, നമുക്ക് ഒരിക്കൽ കൂടി ഒരു ശിശുവിനുള്ള നിർമ്മല മനസ്സുള്ളവരായിരിക്കേണ്ടതിന് നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവിനു കഴിയും എന്നതാണ് സുവാർത്ത. നമുക്കുവേണ്ടി ദൈവ കൃപയ്ക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ്. കർത്താവിനെ സ്തുതിക്കുന്നു!” തിന്മയെ സംബന്ധിച്ച് അജ്ഞന്മാരും (നിഷ്കളങ്കരും) നന്മയ്ക്ക് ജ്ഞാനികളും” ആകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (റോമ.16:19), അതുകൊണ്ട് യേശു ജീവിച്ചതെങ്ങനെയാണെന്നു കാണിച്ചു തരുവാൻ പരിശുദ്ധാത്മാവിനോടു ചോദിക്കുക. അപ്പോൾ “നന്മയ്ക്ക് ജ്ഞാനികൾ ആയിരിക്കുന്നത്” എന്താണെന്നു നിങ്ങൾ അറിയും.

2.വിലപിക്കുക

നിങ്ങൾ പാപത്തിൽ വീണാൽ, ഉടനെ തന്നെ വിലപിച്ച് പാപക്ഷമയ്ക്കായി അന്വേഷിക്കുക; അല്ലാത്തപക്ഷം നിങ്ങൾ പാപത്തെ നിസ്സാരമായി എടുക്കുകയും, അപ്പോൾ വിജയം എന്നത് കൂടുതൽ കൂടുതൽ പ്രയാസമുള്ളതായി തീരുകയും ചെയ്യും. അതു കൊണ്ട്, എവിടെയെങ്കിലും ദൈവത്തിൻ്റെ നിലവാരത്തിൽ കുറഞ്ഞുപോയി എന്ന് നിങ്ങൾക്ക് ബോധ്യം വന്നാലുടൻ പാപം ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച്, അതിൽ നിന്ന് മാനസാന്തരപ്പെടുന്നതിലൂടെ ദൈവവുമായി ചെറിയ കണക്കു സൂക്ഷിക്കുവാൻ നിങ്ങൾ പഠിക്കണം. പാപത്തിൽ വീഴുന്ന ഓരോ സമയവും നിങ്ങൾ വിലപിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് പാപത്തിന്മേൽ ജയമുള്ള ഒരു ജീവിതത്തിനായി യഥാർത്ഥത്തിൽ ദാഹമുണ്ട് എന്ന് ദൈവത്തോടു സൂചിപ്പിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ മനസാക്ഷിയിൽ ഏതെങ്കിലും കാര്യം സംബന്ധിച്ച് ഏറ്റവും ചെറിയ ഒരു അസ്വസ്ഥത ഉണ്ടാകുമ്പോഴെല്ലാം, ഉടൻ തന്നെ കാര്യം നിരപ്പാക്കുക. നിങ്ങളുടെ ചിന്തകളിൽ മാത്രം ഉണ്ടായ ഒരു പരാജയമായിരുന്നെങ്കിലും, ആ പാപം പെട്ടെന്നു തന്നെ ദൈവത്തോട് ഏറ്റു പറയുക. ക്ഷമ ചോദിക്കേണ്ടവരോട് ക്ഷമ ചോദിക്കുക. അപ്പോൾ ദൈവം വളരെയധികം ശക്തി തന്ന് നിങ്ങളെ ബലപ്പെടുത്തുന്നതു നിങ്ങൾ കാണും.

3.സ്ഥിരോത്സാഹം കാട്ടുക

ഇതാണ് വിജയത്തിൻ്റെ രഹസ്യം. ഒരു വിദ്യാർത്ഥി, ഒരു ഗൃഹപാഠ പ്രശ്നം ഉത്തരം ശരിയാകുന്നതുവരെ ചെയ്തുകൊണ്ടേ ഇരിക്കുന്നതു പോലെ – അതിൽ തുടർന്നു പ്രവർത്തിക്കുക. നിരുത്സാഹപ്പെടാനുള്ള പ്രലോഭനം സർവ്വസാധാരണമാണ് എന്നാൽ വിട്ടു കളയരുത്. നിങ്ങൾ ജനിക്കുന്നതിനു മുമ്പുതന്നെ ദൈവം നിങ്ങൾക്കു വേണ്ടി തികവുള്ള ഒരു പദ്ധതി ഉണ്ടാക്കിയിട്ടുണ്ട് (സങ്കീ.139:16). അതു സാത്താൻ നശിപ്പിക്കാതിരിക്കട്ടെ. എന്തു വില കൊടുത്തും, കർത്താവിനു വേണ്ടി ഒരു നിലപാടെടുക്കുക. യോഹ. 14:30 ൽ യേശു പറഞ്ഞത് ഈ ലോകത്തിൻ്റെ പ്രഭു വന്നപ്പോൾ, അവന് യേശുവിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ്. യേശു നടന്നതു പോലെ നടക്കാനാണ് ഇന്നു നാം വിളിക്കപ്പെട്ടിരിക്കുന്നത്. സാത്താൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, അവൻ നിങ്ങളിൽ ഒന്നും കണ്ടെത്താനിടയാകരുത്. അതുകൊണ്ടാണ് “ദൈവത്തോടും മനുഷ്യരോടും ഒരു കുറ്റവും ഇല്ലാത്ത ഒരു മനസാക്ഷി സൂക്ഷിക്കുവാൻ” നിങ്ങളാലാവുന്നത് ചെയ്യേണ്ടത് (അപ്പൊ.പ്ര.24:16). ബോധപൂർവ്വം പാപം ചെയ്യാതെ ജീവിക്കേണ്ടതിന് ദൈവത്തിൻ്റെ സഹായത്തിനായി പൂർണ്ണ ഹൃദയത്തോടെ നിങ്ങൾ അവിടുത്തെ അന്വേഷിക്കണം. നിങ്ങളുടെ മോഹങ്ങൾക്കു വഴങ്ങുന്നത്, സാത്താനു നിങ്ങളുടെ ജീവിതത്തിൽ ഒരു ചുവട് വെയ്ക്കുന്നതിനുള്ള ഇടം നൽകാനിടയാകും. റോമർ 6:1 ചോദിക്കുന്ന ചോദ്യം “നാം പാപത്തിൽ തുടരുകയെന്നോ?” പിന്നീട് റോമർ 15 ചോദിക്കുന്ന ചോദ്യം “നാം ഒരിക്കലെങ്കിലും പാപം ചെയ്യാമോ?” രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം മാറ്റൊലിക്കൊള്ളുന്നതാണ്. “ഒരു നാളും അരുത്”. പ്രലോഭനങ്ങളും തെറ്റുകളും ജീവിതാവസാനം വരെ നിങ്ങളുടെ ജീവിതത്തിൻ്റെ സ്ഥിരമായ ഒരു ഭാഗമാണ്. എന്നാൽ കുറച്ചു കഴിയുമ്പോൾ ബോധപൂർവ്വമായ പാപങ്ങളുടെ മേലുള്ള വിജയത്തിലേക്ക് നിങ്ങൾക്കു വരുവാൻ കഴിയും – അതിനുശേഷം വീഴ്ചയുണ്ടാകുന്നതു വളരെ വിരളമായിരിക്കും.