ദുഷിച്ച നേതാക്കളും ദൈവത്തിന്റെ അധികാരവും
യെശയ്യാവിന്റെ സമകാലികനായിരുന്നു മീഖ പ്രവാചകന്‍. യിസ്രായേലിനോടും യെഹൂദയോടും ആണ് മീഖ പ്രവചിച്ചത്. ദൈവത്തെ സേവിക്കുവാനുള്ള വിശേഷാവകാശത്തെ ദുര്‍വിനിയോഗം ചെയ്ത, യിസ്രായേലിലും യെഹൂദയിലും ഉള്ള മത നേതാക്കളോടാണ് ഈ പ്രവാചകന്‍ പ്രധാനമായും പ്രവചിച്ചത്. ഇന്നും പല ക്രിസ്തീയ നേതാക്കളും പാവപ്പെട്ടവരെ മുതലെടുക്കുന്ന ഇതേ കാര്യമാണ് ചെയ്യുന്നത്. യിസ്രായേലിലും യെഹൂദയിലും പണക്കൊതിയരും സ്വാര്‍ത്ഥന്മാരും അഹങ്കാരികളുമായ നേതാക്കളാല്‍ വഞ്ചിക്കപ്പെടുന്ന പാവപ്പെട്ടവരെ കുറിച്ച് പഴയ നിയമത്തിലെ ധാരാളം പ്രവാചകന്മാര്‍ക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു എന്ന് കാണുന്നത് അത്ഭുതാവഹമാണ്.
ശമര്യയുടെയും യെഹൂദയുടെയും മേലുള്ള ദൈവിക ന്യായവിധി
ശമര്യയുടെയും യെഹൂദയുടെയും മേല്‍ ദൈവത്തിന്റെ ന്യായവിധി എന്തായിരുന്നു എന്ന് മീഖയുടെ ആദ്യ മൂന്നധ്യായങ്ങളില്‍ നാം വായിക്കുന്നു.
തന്നെ ശ്രവിക്കാനായി മീഖ ജനത്തെ ക്ഷണിക്കുന്നു. കാരണം അവരെ കുറ്റപ്പെടുത്താനായി കര്‍ത്താവു തന്നെ ഇറങ്ങി വന്നിരിക്കുന്നു (1:2). നേതാക്കളില്‍ കാണുന്ന പാപങ്ങളെക്കുറിച്ച് രണ്ടാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. നേതാക്കളോട് എപ്പോഴൊക്കെ ദൈവം സംസാരിക്കുന്നത് കാണുമ്പോഴും മൂപ്പന്മാരും ദൈവവചനം പ്രസംഗിക്കുന്നവരുമായ എല്ലാ പ്രസംഗകരും തങ്ങളെ ത്തന്നെ ശോധന ചെയ്തു വിധിക്കുന്നത് നന്നായിരിക്കും.
”കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവൃത്തിക്കുന്നവര്‍ക്ക് അയ്യോ കഷ്ടം. അവര്‍ക്കു പ്രാപ്തിയുള്ളതുകൊണ്ട് പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു. അവര്‍ വയലുകളെ മോഹിച്ച് പിടിച്ചു പറിക്കുന്നു. അവര്‍ വീടുകളെ മോഹിച്ച് കൈക്കലാക്കുന്നു. ആരുടെയും ഭവനമോ അവകാശമോ ഇത്തരം ആളുകള്‍ ഉള്ളിടത്തോളം സുരക്ഷിതമല്ല” (2:1,2).
ഇവിടെ തങ്ങളുടെ അധികാരം ഉപയോഗിച്ച് പാവങ്ങളെ ചൂഷണം ചെയ്തു പണം തട്ടിയെടുക്കുന്ന മതനേതാക്കളെ നമുക്കു കാണാം. പാവപ്പെട്ടവരെയും വിധവകളേയും തങ്ങളുടെ ദശാംശം നല്‍കാന്‍ പ്രേരിപ്പിച്ച് ആ സംഭാവനകള്‍ കൊണ്ട് ആഡംബരത്തില്‍ ജീവിക്കുന്ന ഇന്നത്തെ പ്രസംഗകരോട് ഇതിനെ താരതമ്യം ചെയ്യാം.
‘സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണം’ എന്ന് കര്‍ത്താവ് കല്പിച്ചത് സത്യം തന്നെയാണ് (1 കൊരി. 9:14). എന്നാല്‍ ഒരു പ്രസംഗകന്‍ തനിക്കു കിട്ടുന്നതിനേക്കാള്‍ കുറച്ച് പണം മാത്രം ലഭിക്കുന്നവരെ ചൂഷണം ചെയ്തു ജീവിക്കുന്നതു പൂര്‍ണ്ണമായും തെറ്റായ കാര്യമാണ്. തന്നെക്കാള്‍ പാവപ്പെട്ടവനായ ഒരാളില്‍ നിന്നു പണം വാങ്ങി അവനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ ഒരു പ്രവാചകന് എങ്ങനെ കഴിയുന്നു? യേശു ആ രീതിയില്‍ ഒരിക്കലും ജീവിക്കുകയില്ല. എന്നാല്‍ ഇന്ന് ധാരാളം ക്രിസ്തീയ പാസ്റ്റര്‍മാരും പ്രസംഗകരും ചെയ്യുന്നത് ഇതേ കാര്യമാണ്. ചെറിയ വീടുകളില്‍ താമസിക്കുന്ന ആളുകളില്‍ നിന്നു പണം വാങ്ങി ആഡംബര വീടുകള്‍ തങ്ങള്‍ക്കായി ഇവര്‍ പടുത്തുയര്‍ത്തുന്നു. വളരെ തുച്ഛമായ ശമ്പളം വാങ്ങുന്നവരില്‍ നിന്ന് ദശാംശം വാങ്ങി അവരെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ ഇവര്‍ താല്പര്യം കാണിക്കുന്നു. പ്രസംഗപാടവം ഇവര്‍ക്ക് ഉണ്ടെങ്കിലും ദൈവകൃപ ഇവരെ വിട്ട് മാറിയതായി നമുക്കു കാണാം.
തനിക്കു കിട്ടുന്നതിനേക്കാള്‍ ചെറിയ വരുമാനം ലഭിക്കുന്നവരില്‍ നിന്ന് ഒരു ക്രിസ്തീയ പ്രവര്‍ത്തകന്‍ പണം വാങ്ങരുത്. ദൈവവേലയ്ക്കു പാവപ്പെട്ടവര്‍ പണം കൊടുക്കുന്നത് നല്ലതു തന്നെ. എന്നാല്‍ ഇവര്‍ ഈ വ്യക്തിക്കു പണം നല്കിയാല്‍ അയാള്‍ സ്വന്ത ആവശ്യങ്ങള്‍ക്ക് ആ പണം ചെലവിടാതെ അതു കര്‍ത്താവിന്റെ വേലയ്ക്കായി സഭയുടെ ഭണ്ഡാരത്തില്‍ തന്നെ ഇടണം. നിങ്ങള്‍ ദൈവത്തെ ഈ വിധം ബഹുമാനിച്ചാല്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ച് നിങ്ങളുടെ സകല ആവശ്യങ്ങളും നിറവേറ്റി തരും. എന്നാല്‍ ധാരാളം പ്രസംഗകരും ഇത്തരം ചെറിയ കാര്യങ്ങളില്‍ ഗൗരവം ഉള്ളവരല്ല.
തന്റെ ശുശ്രൂഷയെ പിന്‍തുണച്ചവരില്‍ നിന്ന് യേശു പണം വാങ്ങിയിരുന്നു (ലൂക്കൊ. 8:1-3). എന്നാല്‍ ആ പണം ഉപയോഗിച്ച് താന്‍ ആഡംബരത്തില്‍ ജീവിച്ചില്ല. ഇസ്‌കര്യോത്താ യൂദയുടെ പണസഞ്ചിയില്‍ ധാരാളം പണം ഉണ്ടായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ആ പണം യേശുവിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഒരു പാവപ്പെട്ടവന്റെ പണം ഉപയോഗിച്ച് ആ പാവപ്പെട്ടവന് താങ്ങാന്‍ ആവാത്ത ഒരു ഹോട്ടലില്‍ (ആശ്രമത്തില്‍) യേശു തങ്ങിയിരുന്നില്ല. ചില രാത്രികളില്‍ ഒലിവുമലയില്‍ മരത്തിന്റെ അടിയില്‍ യേശു ഉറങ്ങിയിരുന്നു (യോഹ. 7:53;8:2). തന്റെ മാതൃകയില്‍ നിന്ന് നമുക്ക് ചില കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കും.
ദൈവത്തിന്റെ പണത്തില്‍ നിങ്ങള്‍ വിശ്വസ്തന്‍ എങ്കില്‍ നിങ്ങളുടെ ജീവിതാവസാനം വരെ ദൈവത്തിന്റെ അഭിഷേകം നിങ്ങള്‍ക്കു നഷ്ടമാകാതിരിക്കും. എന്നാല്‍ ദൈവത്തിന്റെ പണത്തില്‍ നിങ്ങള്‍ അവിശ്വസ്തനാണെങ്കില്‍ ലോകമെമ്പാടും ധാരാളം പ്രസംഗകര്‍ കൃപയില്‍ നിന്നു വീണുപോയതുപോലെ നിങ്ങളും വീണു പോകും. ”ഞാന്‍ തിന്മയ്ക്കു പകരം തിന്മ പകരം നല്കും. അതില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടുകയില്ല”(2:3) എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. കേള്‍ക്കുവാന്‍ കാതുള്ളവര്‍ കേള്‍ക്കട്ടെ.
എന്നാല്‍ ”അത്തരം കാര്യങ്ങള്‍ ഇവിടെ പറയേണ്ട. ഇത്തരം അനര്‍ത്ഥങ്ങള്‍ ഞങ്ങള്‍ക്കു സംഭവിക്കുകയില്ല” (2:6) എന്ന് ജനം ഉത്തരം പറഞ്ഞു. എന്നാല്‍ മീഖ ഇവരോട് മറുപടി പറയുന്നത് നോക്കുക: ”നിങ്ങളുടെ ഇത്തരം പെരുമാറ്റത്തെ കര്‍ത്താവ് സഹിക്കുമോ? നിങ്ങളെ വിശ്വസിച്ചവരുടെ വസ്ത്രങ്ങള്‍ നിങ്ങള്‍ അപഹരിക്കുന്നു. നിങ്ങള്‍ സ്ത്രീകളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്നു. അവരുടെ പൈതങ്ങള്‍ക്കു ദൈവം കൊടുത്ത അവകാശം അപഹരിച്ചു കളയുന്നു. ദേശത്തെ മുഴുവന്‍ പാപത്താല്‍ നിറച്ച് അതിനെ പൂര്‍ണ്ണമായി നശിപ്പിച്ചു കളയുന്നു. വ്യാജത്തെ പിന്‍തുടരുന്ന ഒരു പ്രവാചകന്‍ ”ഞാന്‍ വീഞ്ഞിന്റെയും മദ്യത്തിന്റെയും രസത്തെക്കുറിച്ച് നിന്നോടു പ്രസംഗിക്കും’ എന്നു പറഞ്ഞാല്‍ അത്തരം പ്രവാചകന്മാരെ നീ ഇഷ്ടപ്പെടുന്നു” (2:7-11).
ചരിത്രം മുഴുവനും പരിശോധിച്ചാല്‍ ദൈവമക്കള്‍ തങ്ങള്‍ക്കു കര്‍ണ്ണരസം നല്കി തങ്ങളെ സന്തോഷിപ്പിക്കുന്ന ഇത്തരം കള്ളപ്രവാചകന്മാരെയാണു കേള്‍ക്കാന്‍ താല്പര്യപ്പെട്ടത് എന്നു നമുക്കു കാണാം. സത്യം സംസാരിക്കുന്ന ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരെ കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല എന്നും നമുക്കു മനസ്സിലാക്കാം. നിങ്ങള്‍ ദൈവദാസനായി ദൈവവചനം വിശ്വസ്തതയോടെ പ്രസംഗിക്കുന്നവനാണെങ്കില്‍ ഒരു കാര്യം ഓര്‍ത്തുകൊള്ളുക: നിങ്ങള്‍ ഒരിക്കലും ജനസമ്മതി ഉള്ളവനാകയില്ല. പണം സമ്പാദിക്കുവാനും നിങ്ങള്‍ക്കു കഴിയുകയില്ല. പഴയനിയമ പ്രവാചകന്മാരെപ്പോലെ നിങ്ങളും പുച്ഛിക്കപ്പെടുകയും അവഗണിക്ക പ്പെടുകയും ചെയ്യും.
എന്നിരുന്നാലും കര്‍ത്താവ് യിസ്രായേലിനോട് പറയുന്നു: ”ഞാന്‍ നിങ്ങളില്‍ ശേഷിപ്പുള്ളവരെ ചേര്‍ത്തുകൊള്ളും”(2:12). ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കു ദൈവം ചുരുക്കം ആളുകളെ മടക്കിക്കൊണ്ടു വരും എന്ന് മിക്കവാറും എല്ലാ പ്രവാചകന്മാരും പ്രവചിച്ചിട്ടുണ്ട്.
ഇത് ഇന്നും സത്യമാണ്. ഭൂരിപക്ഷം ക്രിസ്ത്യാനികളുടെ കൂട്ടവും പിന്മാറ്റാവസ്ഥയിലാണെങ്കിലും സത്യത്തിന് സാക്ഷ്യം നില്ക്കുന്ന ദൈവഭയമുള്ള ഒരു ‘ചെറിയ ശേഷിപ്പ്’ എല്ലാ കാലത്തും ഉണ്ട്. നിങ്ങള്‍ ദൈവഭയമുള്ള വ്യക്തിയാണെങ്കില്‍ ഈ രീതിയില്‍ ദൈവഭയമുള്ള ഒരു ശേഷിപ്പിനെ നിങ്ങള്‍ എവിടെ പോയാലും അന്വേഷിക്കണം. ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിച്ച് ബാബിലോന്യ വ്യവസ്ഥയെ വിടാന്‍ താല്പര്യമുള്ള ആളുകളെ അന്വേഷിക്കുക. ഇങ്ങനെ ഉള്ള ആളുകളെ ഏതെങ്കിലും ഒരൊറ്റ സഭാ വിഭാഗത്തില്‍ മാത്രമായി കണ്ടെത്തുകയില്ല. ഒരു പട്ടണത്തില്‍ ഒരു സഭയില്‍ അവരെ കണ്ടെത്തിയേക്കാം. എന്നാല്‍ മറ്റൊരു പട്ടണത്തില്‍ ചെല്ലുമ്പോള്‍ അതേ സഭയുടെ കൂട്ടത്തില്‍ അവരെ കണ്ടെത്തുവാന്‍ സാധിച്ചെന്നു വരികയില്ല. ‘ശേഷിപ്പുകള്‍ മാത്രമുള്ള സംഘടന’ എന്നൊരു കൂട്ടം ലോകത്തില്‍ മൊത്തത്തില്‍ ഇന്നു നാം കാണുകയില്ല. മറിച്ച് ശേഷിപ്പുകളുടെ ഓരോ പ്രദേശത്തുമുള്ള സഭയെ നമുക്കു കണ്ടെത്താന്‍ കഴിയും. അതിനാല്‍ നിങ്ങള്‍ ഏതു സ്ഥലത്തു പോയാലും ”കര്‍ത്താവേ അവിടുത്തെ ജനങ്ങള്‍ ഇവിടെ ഏതു സ്ഥലത്തു കൂടിയിരിക്കുന്നു” എന്നു നാം ദൈവത്തോടു ചോദിക്കണം. അവിടേക്ക് ദൈവം നിങ്ങളെ നയിക്കും.
”യാക്കോബിന്റെ തലവന്മാരും യിസ്രായേല്‍ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരെ നിങ്ങള്‍ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു. നിങ്ങള്‍ ത്വക്ക് എന്റെ ജനത്തിന്റെ മേല്‍ നിന്നും മാംസം അവരുടെ അസ്ഥികളില്‍ നിന്നും പറിച്ചുകളയുന്നു. നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരുടെ മേല്‍ നിന്ന് ഉരിച്ചുകളയുന്നു. നിങ്ങള്‍ അവരുടെ അസ്ഥികളെ കലത്തില്‍ ഇടുവാന്‍ എന്നപോലെ ഒടിക്കുകയും മാംസം കുട്ടകത്തിലിടുവാന്‍ എന്നപോലെ മുറിച്ചുകളയുകയും ചെയ്യു ന്നു. അതിനുശേഷം കര്‍ത്താവിനോട് നിങ്ങള്‍ കഷ്ടസമയത്തു നിലവിളിക്കുന്നു. അവിടുന്നു നിങ്ങളെ കേള്‍ക്കും എന്നു കരുതുന്നുവോ? അവിടുന്ന് ആ കാലത്തു തന്റെ മുഖം നിങ്ങള്‍ക്കു മറയ്ക്കും. കള്ളപ്രവാചകന്മാരേ, നിങ്ങള്‍ ജനത്തെ തെറ്റിച്ചു കളയുന്നു. നിങ്ങള്‍ക്കു ഭക്ഷണം തരുന്നവരോട് ‘സമാധാനം’ പ്രസംഗിക്കയും വായില്‍ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരേ ‘വിശുദ്ധയുദ്ധം’ ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെ കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതു കൊണ്ട് നിങ്ങള്‍ക്കു ദര്‍ശനമില്ലാത്ത രാത്രിയും ദൈവവചനം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കു സൂര്യന്‍ അസ്തമിക്കയും പകല്‍ ഇരുണ്ടു പോകയും ചെയ്യും. അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും. ലക്ഷണം പറയുന്നവര്‍ നാണിക്കും. അവസാനം നിങ്ങള്‍ നാണക്കേടിനാല്‍ വായ് പൊത്തി ദൈവത്തിങ്കല്‍ നിന്ന് ഒരു വചനവും ഇല്ല എന്നു പറയേണ്ടി വരും” (3:1-7).
2600 വര്‍ഷത്തിനു ശേഷം ചരിത്രം ആവര്‍ത്തിക്കുന്നു. വലിയ പാരിതോഷികം നല്കുന്നവരെ പ്രസംഗകര്‍ ഇഷ്ടപ്പെടുന്നു. അവരോട് ആശ്വാസ വചനങ്ങള്‍ പറയുന്നു. അതേ കാര്യം ഇന്നും ആവര്‍ത്തിക്കുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഈ പ്രസംഗകരെ നല്ല ഭക്ഷണത്തിനു ക്ഷണിക്കുവാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഇവരെ അവര്‍ ഭീഷണിപ്പെടുത്തുന്നു. ഇങ്ങനെ ഉള്ളവര്‍ ദൈവത്തിന്റെ സേവകരല്ല, കള്ളപ്രവാചകന്മാരാണ്.
ഇന്നു പല വഞ്ചകന്മാരും ചെയ്യുന്നതുപോലെ ദൈവത്തില്‍ നിന്ന് ദര്‍ശനങ്ങള്‍ കണ്ടു എന്നിവര്‍ കളവായി പ്രവചിക്കുന്നു. എന്നാല്‍ ഇവരോടുള്ള ദൈവത്തിന്റെ വചനം ഇതാണ്: ”അതുകൊണ്ട് നിങ്ങള്‍ക്ക് ദര്‍ശനമില്ലാത്ത രാത്രിയും ദൈവവചനം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്ക് സൂര്യന്‍ അസ്തമിക്കയും പകല്‍ ഇരുണ്ടുപോകയും ചെയ്യും. അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും. ലക്ഷണം പറയുന്നവര്‍ നാണിക്കും. അവസാനം നിങ്ങള്‍ നാണക്കേടിനാല്‍ വായ് പൊത്തി ദൈവത്തിങ്കല്‍ നിന്ന് ഒരു വചനവും ഇല്ല എന്നു പറയേണ്ടി വരും” (3:6,7).
”ഞാന്‍ യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയുടെ ആത്മാവില്‍ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞിരിക്കുന്നു” (3:8). മീഖ ആത്മാവിനാല്‍ നിറഞ്ഞ് കള്ളപ്രവാചകന്മാരെ ഭയരഹിതനായി ശാസിച്ചു.
ഇതില്‍ ആത്മപ്രശംസയുടെ ധ്വനി ഉണ്ടെന്നു തോന്നിയേക്കാമെങ്കിലും അതല്ല സത്യം. മീഖ താനും ബാക്കി പ്രസംഗകരും തമ്മിലുള്ള അന്തരം ഇവിടെ വ്യക്തമാക്കുകയാണ്. ശതാബ്ദങ്ങള്‍ക്കു ശേഷം പൗലൊസും താനും ബാക്കിയുള്ളവരും തമ്മിലുള്ള അന്തരം കാണിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: ”ഞാന്‍ ദൈവത്തിന്റെ സുവിശേഷം നിങ്ങളോട് സൗജന്യമായി പ്രസംഗിച്ചു. ഞാന്‍ ഒരു വിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു. മേലാലും സൂക്ഷിക്കും. എന്നെ നിന്ദിപ്പാന്‍ കാരണം അന്വേഷിക്കുന്നവര്‍ക്കു കാരണം അറുത്തു കളയേണ്ടതിനു ഞാന്‍ ചെയ്യുന്നത് മേലാലും ചെയ്യും. അവര്‍ സുവിശേഷഘോഷണം ചെയ്യുന്നത് ഞങ്ങള്‍ ചെയ്യുന്നതു പോലെ തന്നെ ആണ് എന്നാണ് അവര്‍ വീമ്പടിക്കുന്നത്. എന്നാല്‍ ദൈവം അവരെ അയച്ചിട്ടില്ല. ഇവര്‍ കള്ള അപ്പൊസ്തലന്മാര്‍, കപട വേലക്കാര്‍, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ” (2 കൊരി. 11:7-13). കപട അപ്പൊസ്തലര്‍ ചെയ്യുന്നതുപോലെ പൗലൊസ് ദൈവത്തെ ഒരിക്കലും പണത്തിനായി സേവിച്ചിട്ടില്ല. എന്നാല്‍ അന്നത്തേയും ഇന്നത്തേയും ഭൂരിപക്ഷം പ്രസംഗകരും പണത്തിനായിട്ടാണ് കര്‍ത്താവിനെ സേവിക്കുന്നത്.
പണത്തിനു വേണ്ടി പ്രസംഗിച്ചവരെക്കുറിച്ച് മീഖ പറയുന്നത് ശ്രദ്ധിക്കുക: ”ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളച്ചുകളകയും ചെയ്യുന്ന യാക്കോബ് ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്‍ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍. നിങ്ങള്‍ സീയോനെ രക്തപാതകം കൊണ്ടും യെരുശലേമിനെ ദ്രോഹം കൊണ്ടും പണിയുന്നു. നിങ്ങള്‍ സമ്മാനം വാങ്ങി ന്യായം മറിച്ചുകളയുന്നു. നിങ്ങള്‍ പുരോഹിതന്മാരും പ്രവാചകന്മാരും പണം കിട്ടിയില്ലെങ്കില്‍ പ്രസംഗിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്നില്ല. (എന്നിട്ടും നിങ്ങള്‍ യഹോവയെ ചാരി ‘യഹോവ നമ്മുടെ ഇടയില്‍ ഇല്ലയോ? അനര്‍ത്ഥം നമുക്കു വരികയില്ല’ എന്നു പറയുന്നു). അതുകൊണ്ട് നിങ്ങളുടെ നിമിത്തം യെരുശലേമിനെ വയല്‍ പോലെ ഉഴുതു കളയുകയും കല്ക്കുന്നാക്കി മാറ്റുകയും ചെയ്യും” (3:9-12).
പഴയനിയമ പ്രവാചകന്മാര്‍, അന്നത്തെ പ്രസംഗകരില്‍ നടമാടിയ ദുഷിപ്പിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതായിരുന്നു ദൈവമക്കളെ നശിപ്പിച്ച കാര്യം. ഇന്നും ഇതേ കാര്യം സത്യം തന്നെ. പുരോഹിതന്മാരും പ്രസംഗകരും പണം ലഭിക്കാന്‍ വേണ്ടി മാത്രം പ്രസംഗിക്കുന്നു. അതേസമയം ‘കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍’ എന്ന് ഈ കൂട്ടര്‍ സ്വയം അവകാശപ്പെടുന്നു. ഇന്നും നമുക്കു ചുറ്റും കാണുന്ന ചതി ഇതു തന്നെയാണ്.
ഒരു ദൈവഭൃത്യന്‍ സ്വമേധാദാനങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇതും ദൈവത്തെ സേവിക്കുന്നതിന് ഒരു ശമ്പളം കൈപ്പറ്റുന്നതും തമ്മില്‍ വളരെ അന്തരം ഉണ്ട്. ഒരു ശമ്പളവും ദാനവും തമ്മില്‍ ഉള്ള വ്യത്യാസം എന്താണ്? ശമ്പളം ഒരാള്‍ക്ക് പ്രതീക്ഷിക്കാം. പക്ഷേ ദാനം പ്രതീക്ഷിക്കാനാവില്ല. ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്‍ തനിക്കു പണം ലഭിച്ചാലും ഇല്ലെങ്കിലും ഭക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും സേവനം തുടരും. ദാനത്തിനവന്‍ നന്ദി ഉള്ളവനാണ്. പക്ഷേ അതില്‍ ആശ്രയിക്കുന്നില്ല. പണത്തിനായി അദ്ദേഹം ദൈവത്തെ സേവിക്കുന്നില്ല. ഈ പ്രമാണം നിങ്ങള്‍ പിന്‍തുടര്‍ന്നാല്‍ ദൈവം നിങ്ങളുടെ സകല ആവശ്യങ്ങളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നടത്തിത്തരും. പല പ്രസംഗകരും വീണ കെണിയില്‍ നിങ്ങള്‍ വീഴുകയില്ല.
രാജത്വത്തിന്റെ വരവും രാജാവും
4-ാം അധ്യായത്തിന്റെ ആദ്യ ഏഴു വാക്യങ്ങളില്‍ മീഖ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയെക്കുറിച്ച് എഴുതുന്നു. മീഖ ആദ്യമായി ഭാവിയെക്കുറിച്ച് പ്രവചിക്കുകയാണിവിടെ.
എന്നാല്‍ അതു സംഭവിക്കുന്നതിനു മുന്‍പ് മീഖ ദൈവമക്കളുടെ ബാബിലോന്യ അടിമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു: ”സീയോന്‍ പുത്രിയേ, നീ നഗരം വിട്ട് വയലില്‍ പാര്‍ത്തു ബാബിലോണിലേക്കു പോകേണ്ടി വരും. അവിടെ വച്ചു നീ വിടുവിക്കപ്പെടും. അവിടെ വച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യില്‍ നിന്ന് ഉദ്ധരിക്കും”(4:10).
മീഖ ഇതു പ്രവചിക്കുന്നത് ഈ സംഭവം നടക്കുന്നതിന് 100 വര്‍ഷം മുന്‍പാണ്. ആ സമയത്തു ബാബിലോണ്‍ ഒരു ചെറിയ അറിയപ്പെടാത്ത രാജ്യമായിരുന്നു. യെഹുദയെ കീഴടക്കാവുന്ന ഒരു വന്‍കിട രാജ്യമായിരുന്നില്ല.
അഞ്ചാം അധ്യായം ഒന്നാം വാക്യം രണ്ട് അര്‍ത്ഥമുള്ള പ്രവചനമാണ്. ഒന്ന് സിദെക്കിയ രാജാവിനെക്കുറിച്ചുള്ളതാണ്. യിസ്രായേല്‍ ബാബിലോണിലേക്ക് അടിമത്വത്തിലേക്ക് പോകുന്നതിനു മുന്‍പ് ഉള്ള അവസാനത്തെ രാജാവായിരുന്നു ഇദ്ദേഹം. ”യിസ്രായേലിന്റെ ന്യായാധിപതിയെ (അധിപനെ) അവര്‍ വടികൊണ്ട് ചെകിട്ടത്തു അടിക്കുന്നു” എന്ന പ്രവചനമാണിത്. ഈ പ്രവചനം രണ്ടാമതായി യിസ്രായേലിന്റെ യഥാര്‍ത്ഥ രാജാവായ യേശുവിനെ കുറിച്ചുള്ളതാണ്. അതായത് യേശുവിന്റെ ചെകിട്ടത്ത് അടിയേറ്റതിന്റെ പരാമര്‍ശമാണ്. ഈ രാജാവ് ബെത്‌ലഹേമിലാണ് ജനിച്ചത്: ”ബേത്‌ലഹേമേ, നീ യഹൂദാ സഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കുന്നവന്‍ നിന്നില്‍ നിന്ന് ഉത്ഭവിച്ചു വരും. അവന്റെ ഉത്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നേ” (5:2). സിദെക്കിയയെ, ബാബിലോന്യര്‍ ആ രാജ്യത്തേക്ക് അടിമയായി കൊണ്ടുപോയ ശേഷം യെഹൂദയില്‍ 500 വര്‍ഷത്തേക്ക് മറ്റൊരു രാജാവില്ലായിരുന്നു. അടുത്ത രാജാവ് ബേത്‌ലഹേമില്‍ ജനിച്ച ക്രിസ്തുവായിരുന്നു. ”യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ?” (മത്തായി 2:2) എന്ന് വിദ്വാന്മാര്‍ ചോദിക്കന്ന രംഗത്ത് മീഖയിലെ ഈ വാക്യമാണ് പുരോഹിതന്മാര്‍ ഹെരോദാ രാജാവിനോട് പറയുന്നത്.
ഇതിനു ശേഷം മീഖ ‘ശേഷിപ്പിനെ’ക്കുറിച്ച് പ്രതിപാദിക്കുന്നു. ന്യായവിധിയുടെ പ്രവചനത്തിനു ശേഷം പ്രവാചകന്മാര്‍ എല്ലായ്‌പ്പോഴും ശേഷിപ്പിന്റെ വചനത്തിലേക്കു മടങ്ങി വരുന്നത് കാണാം: ”യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പല ജാതികളുടേയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും… മാരിപോലെയും ആകും. യാക്കോബില്‍ ശേഷിപ്പുള്ളവര്‍… കാട്ടു മൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹം പോലെയും ആകും. നിന്റെ കൈ നിന്റെ വൈരികള്‍ക്കു മീതെ ഉയര്‍ന്നിരിക്കും. നിന്റെ സകല ശത്രുക്കളും ഛേദിക്കപ്പെടും”(5:7-9). ശേഷിപ്പായ സഭ ഇങ്ങനെ ആയിരിക്കണം. മഞ്ഞും മാരിയും പോലെ മറ്റുള്ളവര്‍ക്കു നവോന്മേഷം നല്കുന്നതും സ്വഭാവത്തില്‍ സിംഹത്തെ പോലെ അന്തസ്സുറ്റതും സാത്താനേയും ജഡമോഹങ്ങളെയും (യഥാര്‍ത്ഥ ശത്രുക്കള്‍) കീഴടക്കുന്നതും ആയിരിക്കണം.
തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വ്യവഹാരം
6-ാം അധ്യായത്തില്‍ തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വ്യവഹാരത്തെക്കുറിച്ചു നാം വായിക്കുന്നു. ദൈവം യിസ്രായേലിനോട് സംസാരിക്കുന്നത് ഒരു കോടതി രംഗത്തുള്ള സംഭാഷണം പോലെ ഇവിടെ നമുക്കു കാണാം: ”നീ എഴുന്നേറ്റ് പര്‍വ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്കുക. കുന്നുകള്‍ നിന്റെ വാക്ക് കേള്‍ക്കട്ടെ. പര്‍വ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍. എന്റെ ജനമേ ഞാന്‍ നിന്നോട് എന്തു ചെയ്തു! ഏതൊന്നിനാല്‍ ഞാന്‍ നിന്നെ മുഷിപ്പിച്ചു! ഞാന്‍ നിന്നെ മിസ്രയീം ദേശത്തു നിന്നു പുറപ്പെടുവിച്ചു. അടിമ വീട്ടില്‍ നിന്നു നിന്നെ വീണ്ടെടുത്തു. മോശെയേയും അഹരോനേയും മിര്യാമിനേയും നിന്റെ മുന്‍പാകെ അയച്ചു. ബിലെയാം നിന്നെ ശപിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ അതിനെ അനുഗ്രഹമായി മാറ്റിയില്ലേ? നീ എന്നെ വിട്ടു മാറത്തക്കവണ്ണം എന്തു കാര്യമാണ് ഞാന്‍ നിനക്കെതിരെ ചെയ്തത്” (6:1-5).
പിന്നീട് മീഖ ഇതിനു ദൈവത്തോടുള്ള പ്രതികരണം എന്തായിരിക്കണം എന്ന് ആളുകളോട് ചോദിക്കുന്നു. നിങ്ങള്‍ ഇനിയും പല യാഗങ്ങള്‍ അര്‍പ്പിക്കണം എന്നതാണോ ദൈവം ആഗ്രഹിക്കുന്ന കാര്യം? അല്ല. ദൈവത്തിന് നിങ്ങളുടെ ദശാംശവും യാഗങ്ങളും ആവശ്യമില്ല. ആദ്യജാതനെ അര്‍പ്പിക്കുന്നതു പോലും (ഭൂമിയിലെ യാഗങ്ങളില്‍ ഏറ്റവും ഉത്തമമായത്) ഒരു പാപത്തിനു പോലും പരിഹാരമാകയില്ല.
ഇതിനു ശേഷം ദൈവം മനുഷ്യനില്‍ നിന്ന് എല്ലായ്‌പ്പോവും ആഗ്രഹിക്കുന്ന കാര്യം എന്തെന്ന് മീഖയുടെ പ്രവചനത്തിലുള്ള ഏറ്റവും മനോഹരമായ വാക്യത്തിലൂടെ പ്രകടമാക്കുന്നു. ഈ വാക്യം നാം എല്ലായ്‌പ്പോഴും നമ്മുടെ മനസ്സില്‍ സൂക്ഷിക്കണം. ”ന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?” (6:8).
ദൈവം നിങ്ങള്‍ക്കു വേണ്ടി ചെയ്ത എല്ലാ കാര്യങ്ങളിലും നിങ്ങള്‍ നന്ദി ഉള്ളവരാണെങ്കില്‍ ദൈവം നിങ്ങളുടെ പണമോ ശുശ്രൂഷയോ അല്ല കാംക്ഷിക്കുന്നത്. ദൈവം കാംക്ഷിക്കുന്ന മൂന്നു കാര്യങ്ങള്‍ ഇവയാണ്:
(1) ന്യായം പ്രവര്‍ത്തിക്കുക: എല്ലാ പക്ഷപാതത്തില്‍ നിന്നും സ്വതന്ത്രനായി എല്ലാ സാഹചര്യത്തിലും നീതി ചെയ്യുക. മറ്റുള്ളവര്‍ക്കു തിന്മ ചെയ്യാതെ ഇരിക്കുക.
(2) കരുണയെ സ്‌നേഹിക്കുക: മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നതില്‍ സന്തോഷിക്കുക. തിന്മയ്ക്കു പകരും നന്മ ചെയ്യുക. കരുണയോടെ സകലരുമായി നാം വര്‍ത്തിക്കുക. അബദ്ധം കാണിക്കുന്നവരോട് കാഠിന്യം കാണിക്കാതിരിക്കുക. നിങ്ങളും തെറ്റുകള്‍ ചെയ്തവനാണ്. എന്നാല്‍ ദൈവം അവ ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളും ക്ഷമിക്കുക. നിങ്ങളാല്‍ ആവോളം എല്ലാവര്‍ക്കും എല്ലാ സമയത്തും നന്മ ചെയ്യുക. നിങ്ങള്‍ക്കു പല കാര്യങ്ങളില്‍ ലഭിച്ചിരിക്കുന്ന വെളിച്ചം മറ്റുള്ളവര്‍ക്കില്ല- എന്ന രീതിയില്‍ വിട്ടുവീഴ്ച കാണിക്കുക. നിങ്ങള്‍ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്താല്‍ അവരെ വിധിക്കാതെ അവര്‍ ചെയ്ത കാര്യം അംഗീകരിക്കുക. ‘കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും’ എന്ന കാര്യം ഓര്‍ക്കുക (യാക്കോബ് 2:13).
(3) ദൈവത്തിന്റെ മുന്‍പില്‍ താഴ്മയോടെ നടക്കുക: എല്ലാറ്റിന്റേയും രഹസ്യം ഇവിടെ കിടക്കുന്നു. താഴ്മയുള്ള മനോഭാവം ദൈവകൃപ നിങ്ങളില്‍ കൊണ്ടുവരും. ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം അതു നിങ്ങള്‍ക്കു നല്കും. കൃപ കൂടാതെ ഈ ജീവിതം നയിക്കുക അസാധ്യമാണ്. ക്രിസ്തുവിനെ കൂടാതെ ഒന്നും തന്നെ ചെയ്യുവാന്‍ സാധിക്കയില്ല എന്ന് അംഗീകരിക്കുന്നതാണ് ദൈവത്തിന്റെ കൂടെ നടക്കുന്നതിന്റെ ലക്ഷണം. നിങ്ങളുടെ തന്നെ കണ്ണില്‍ നിങ്ങള്‍ ഒന്നുമില്ലാത്തവനായിത്തീരുക. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ വളരെ വിലപ്പെട്ടവനാണ് എന്ന് ഓര്‍ക്കുക.
ലോകത്തില്‍ രണ്ടു തരം മതങ്ങള്‍ ഉണ്ട്. മതാചാരങ്ങള്‍ക്കു പ്രാധാന്യം നല്കുന്നതാണ് ആദ്യത്തേത് (6:6,7). രണ്ടാമത്തേതില്‍ ദൈവത്തെ സ്‌നേഹിക്കുന്നതിനും മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനും പ്രാമുഖ്യം നല്കുന്നു (6:8). മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളുടെ സംക്ഷിപ്തമാണിത്. എല്ലാ തെറ്റായ മതവിഭാഗങ്ങളും ഭൂരിപക്ഷം ക്രിസ്ത്യാനികളും മതാചാരങ്ങള്‍ക്കു പ്രാധാന്യം നല്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ശിഷ്യന്മാര്‍ രണ്ടാമത്തേതിനു പ്രാധാന്യം നല്കും.
പുറമേ ഉള്ള ആചാരങ്ങള്‍, ദൈവത്തോടൊപ്പം താഴ്മയില്‍ നടക്കുന്നതിനും അയല്‍ക്കാരോട് സ്‌നേഹത്തിലും കരുണയിലും നടക്കുന്നതിനും പകരം വയ്ക്കുവാന്‍ സാധിക്കും. യിസ്രായേല്‍ നേതാക്കള്‍ ഈ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇവ മറ്റുള്ളവരെ പഠിപ്പിച്ചിരുന്നെങ്കില്‍ യിസ്രായേല്‍ ഒരിക്കലും ബാബിലോണില്‍ പോകാന്‍ ഇടവരികയില്ലായിരുന്നു.
ഇതിനു ശേഷം മീഖ പാവങ്ങളെ കബളിപ്പിക്കുന്ന വ്യവസായികളെക്കുറിച്ച് പ്രവചിക്കുന്നു. ”കബളിപ്പിച്ച് ധനവാനാകുന്നതിന് ഒരതിരില്ലേ? നിങ്ങളുടെ വീടുകളില്‍ അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ട്. അപഹരിച്ചും ബലാല്‍ക്കാരം ചെയ്തും നിങ്ങള്‍ സമ്പന്നരായിരിക്കന്നു. വ്യാജം സംസാരിച്ച് ശീലിച്ചതിനാല്‍ സത്യം പറവാന്‍ നിങ്ങളുടെ നാവിന് അറിയില്ല. അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കും, തൃപ്തി വരികയില്ല. നിങ്ങള്‍ പണം മിച്ചം വയ്ക്കുവാന്‍ വീണ്ടും വീണ്ടും ശ്രമിക്കും. എന്നാല്‍ അത് ഒന്നുമില്ലാത്തതായി തീരും. നിങ്ങള്‍ സ്വരൂപിക്കുന്നത് നിങ്ങളെ കീഴടക്കുന്നവര്‍ക്കു ഞാന്‍ കൊടുക്കും” (6:10-14).
നിങ്ങള്‍ സമ്പന്നരാണെങ്കില്‍ നിങ്ങള്‍ ആ പണം എങ്ങനെ സമ്പാദിച്ചു എന്ന് ദൈവം ചോദിക്കുന്നു. ആരെയെങ്കിലും ചൂഷണം ചെയ്താണോ അതു നേടിയത്? ഗവണ്മേന്റിനു പോകേണ്ട നികുതി കൊടുക്കാതെ ആണോ നിങ്ങള്‍ പണം സ്വരൂപിക്കുന്നത്? അതു സ്വന്തമാക്കാന്‍ എന്തെങ്കിലും അനീതി നിങ്ങള്‍ ചെയ്‌തോ? തന്റെ മക്കള്‍ എങ്ങനെ പണം സ്വരൂപിച്ചു എന്ന് ദൈവം ശ്രദ്ധവച്ച് നോക്കുന്നു. അന്യായമായി സമ്പാദിച്ച പണം ദൈവത്തിന്റെ ന്യായവിധി കൊണ്ടുവരാനേ ഉതകുകയുള്ളു.
ദൈവം പറയുന്നു: ”കൊയ്ത്തുകാലം കഴിഞ്ഞിട്ട് മുന്തിരപ്പഴവും അത്തിയും അന്വേഷിക്കുന്നതു പോലെ കഠിനമാണ് ഒരു സത്യസന്ധനെ കണ്ടെത്തുവാന്‍. ഭക്തന്മാര്‍ ഭൂമിയില്‍ നിന്നു നശിച്ചുപോയി. മനുഷ്യരുടെ ഇടയില്‍ നേരുള്ളവര്‍ ആരുമില്ല. ഓരോരുത്തന്‍ താന്താന്റെ സഹോദരനെ വലവച്ചു പിടിപ്പാന്‍ നോക്കുന്നു. ജാഗ്രതയോടെ ദോഷം പ്രവര്‍ത്തിക്കേണ്ടതിന് അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു. ന്യായാധിപതി കൈക്കൂലി ചോദിക്കുന്നു. ധനവാന്‍ അതുകൊണ്ട് ആരെ നശിപ്പിക്കണം എന്നു പറഞ്ഞു കൊടുക്കുന്നു. ഈ രീതിയില്‍ ഇവര്‍ രണ്ടു കൂട്ടരും ചെയ്യുന്നതിനാല്‍ ന്യായം വളച്ചൊടിക്കപ്പെടുന്നു” (7:1-3). എന്നാല്‍ ഇവരുടെ ശിക്ഷയുടെ സമയം അടുത്തിരിക്കുന്നു എന്ന് ദൈവം ഇവര്‍ക്കു മുന്നറിയിപ്പ് നല്കുന്നു (7:4).
ഇതിനു സമമായ ഒരു സ്ഥിതി വിശേഷമാണ് നാം ഇന്ന് കാണുന്നത്. എവിടെ നോക്കിയാലും ദൈവഭക്തരെ കണ്ടെത്തുക ദുഷ്‌കരമാണ്. അന്യായവും കൈക്കൂലിയും എല്ലായിടത്തും നടമാടുന്നു. പാവപ്പെട്ടവന്‍ ചൂഷണം ചെയ്യപ്പെടുന്നു. ദൈവം ഇതെല്ലാം കണ്ടുകൊണ്ടിരിക്കയാണ്. യിസ്രായേലിനെ വിധിക്കുന്നതിനു മുമ്പ് വളരെ സമയം ദൈവം കാത്തിരുന്നു. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്ന ജനങ്ങള്‍ രക്ഷപ്പെടുവാന്‍ പോകുന്നില്ല. നേരായ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ച് കൈക്കൂലി വാങ്ങി ആളുകളെ പ്രത്യേകിച്ച് അരക്ഷിതരായ പാവപ്പെട്ടവരെ ഉപദ്രവിച്ച ഓരോ തെറ്റായ പ്രവൃത്തിക്കും ഒരു ദിവസം ദൈവം കണക്കു ചോദിക്കും. ഇതില്‍ നിന്ന് ആരും രക്ഷപ്പെടുവാന്‍ പോകുന്നില്ല. എല്ലാവരും ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടതാണ്.
മീഖ 7:6-ാം വാക്യം യേശു ഉദ്ധരിക്കുകയും ആ വാക്യം വിശദീകരിച്ചു പറഞ്ഞിരിക്കുകയും ചെയ്യുന്നതു ശ്രദ്ധിക്കുക: ”ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുത്. സമാധാനം അല്ല വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നത്. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പാനത്രേ ഞാന്‍ വന്നത്. മനുഷ്യന്റെ വീട്ടുകാര്‍ തന്നെ അവന്റെ ശത്രുക്കളാകും. എന്നെക്കാള്‍ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല. എന്നെക്കാള്‍ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവനും എനിക്കു യോഗ്യനല്ല” (മത്തായി 10:34-37).
മീഖ 7:6 വായിക്കുമ്പോള്‍ ഈ വാക്യം ശിഷ്യത്വത്തെ കുറിക്കുന്നതാണെന്ന് നാം ചിന്തിക്കുകയില്ല. എന്നാല്‍ യേശു ഈ വാക്യം ഉപയോഗിച്ച് പഠിപ്പിച്ചതില്‍ നിന്ന് പ്രവചകന്മാരുടെ വാക്യങ്ങള്‍ക്കു രണ്ട് അര്‍ത്ഥങ്ങള്‍ ഉണ്ടാകാം എന്ന കാര്യം നാം മനസ്സിലാക്കുന്നു. പല പ്രവചനങ്ങള്‍ക്കും രണ്ട് പൂര്‍ത്തീകരണം ഉണ്ട് എന്ന് നാം കാണുന്നു. ഇതിന്റെ ഒരു ഉദാഹരണമാണിത്.
പിന്നീട് സാത്താനെതിരെ ഉള്ള ആത്മിക പോരാട്ടത്തില്‍ നമ്മെ സഹായിക്കുന്ന ചില അത്ഭുത വചനങ്ങള്‍ മീഖ ഉദ്ധരിക്കുന്നു: ”ഞാനോ യഹോവയിങ്കലേക്കു നോക്കും. എന്റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും. എന്റെ ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കും. എന്റെ ശത്രുവായവളെ എന്നെ ചൊല്ലി സന്തോഷിക്കരുത്. വീണു എങ്കിലും ഞാന്‍ വീണ്ടും എഴുന്നേല്ക്കും. ഞാന്‍ ഇരുട്ടത്ത് ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കും. യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചു തരുവോളം ഞാന്‍ അവന്റെ ക്രോധം വഹിക്കും. ഞാന്‍ അവനോട് പാപം ചെയ്തുവല്ലോ. എന്റെ ശത്രുക്കളില്‍ നിന്ന് അവന്‍ എന്നെ കാത്തുകൊള്ളും. എന്നോട് ചെയ്ത സകല തിന്മയ്ക്കും അവര്‍ക്ക് ശിക്ഷ നല്കും. അവന്‍ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന്‍ അവന്റെ നീതി കണ്ട് സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും. നിന്റെ ദൈവം എവിടെ എന്ന് എന്നോട് പറഞ്ഞവളെ ലജ്ജമൂടും. എന്റെ കണ്ണ് അവളെ കണ്ടു രസിക്കും. അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും” (മീഖ 7:7-10).
നമ്മള്‍ പാപത്തില്‍ വീഴുമ്പോഴോ കര്‍ത്താവിനു വേണ്ടി ഏതെങ്കിലും ഒരു സ്ഥാനത്തു നില്‍ക്കുന്നതില്‍ പരാജിതനാകുമ്പോഴോ, കര്‍ത്താവ് നമ്മെ ശിക്ഷിക്കുമ്പോഴോ നാം സാത്താനോടു പറയേണ്ട വാക്കുകളാണിവ. ‘നീ വീണു പോയി. നിനക്ക് ഇനി പ്രത്യാശ ഇല്ല’ എന്നു പറഞ്ഞ് സാത്താന്‍ നമ്മെ നിരുത്സാഹപ്പെടുത്തുവാന്‍ നാം അനുവദിക്കരുത്. ഈ ഭാഗങ്ങള്‍ മനഃപാഠം പഠിച്ച് ആവശ്യാനുസരണം സാത്താനോട് ഈ വാക്യങ്ങള്‍ ഉദ്ധരിക്കുക.
മീഖ ദൈവത്തിന്റെ അത്ഭുത കരുണയെ പുകഴ്ത്തിക്കൊണ്ടാണ് തന്റെ പ്രവചനം പര്യവസാനിപ്പിക്കുന്നത്. ”തന്റെ ജനത്തിന്റെ അകൃത്യങ്ങളെ ശുദ്ധീകരിച്ച് പണ്ടത്തെ പാപങ്ങളോട് കണ്ണുമൂടി ചെവി പൊത്തുന്ന നിന്നോട് സമനായ ദൈവം ആരുള്ളൂ? ദൈവം കോപം വെച്ചുകൊണ്ടിരിക്കുന്നില്ല. ദേഷ്യം തുടര്‍മാനമായി കാണിക്കുന്നില്ല. കാരണം ദയയാണ് അവിടുത്തെ സവിശേഷത. കരുണ ദൈവം ഇഷ്ടപ്പെടുന്നു. അവിടുത്തെ അനുകമ്പ നമ്മോട് വലുതായിരിക്കുന്നു. അവിടുന്നു നമ്മുടെ അകൃത്യങ്ങളെ ചവട്ടിക്കളയും. സമുദ്രത്തിന്റെ ആഴത്തില്‍ നമ്മുടെ പാപം ഇട്ടുകളയും. അവിടുന്നു തന്റെ വചനത്തോടു വിശ്വസ്തത കാണിക്കുന്നു” (മീഖ 7:18-20- പരാവര്‍ത്തനം).
കര്‍ത്താവിനെ തന്റെ ജീവിതത്തില്‍ താന്‍ അപമാനിച്ചു എന്നു ചിന്തിക്കുന്നവരെ ധൈര്യപ്പെടുത്തുന്ന മറ്റൊരു വേദഭാഗമാണിത്.
പാപത്തിനെതിരെ ന്യായവിധിയും ശിക്ഷയും പ്രസംഗിച്ച ശേഷം പ്രവാചകന്മാര്‍ എല്ലായ്‌പ്പോഴും ദൈവജനത്തിന് പ്രത്യാശയുടേയും പ്രോത്സാഹനത്തിന്റെയും വചനം കൊടുത്തിരുന്നു. ദൈവവചനം പ്രസംഗിക്കുന്ന നമുക്കെല്ലാവര്‍ക്കും ഇതൊരു മാതൃകയാണ്. നമ്മള്‍ ശക്തമായ ന്യായവിധിയുടേയോ ശകാരത്തിന്റെയൊ ഒരു സന്ദേശം പ്രസംഗിച്ചതിനു ശേഷം ആ സന്ദേശം എങ്ങനെ പര്യവസാനിപ്പിക്കും? ദൈവം തന്റെ മക്കളോടു കൂടി ഉണ്ട് എന്ന പ്രോത്സാഹനത്തിന്റെ വചനത്തോടെയാണ് ആ സന്ദേശം അവസാനിപ്പിക്കേണ്ടത്.
സാത്താനെതിരെ ദൈവം എല്ലായ്‌പ്പോഴും നിങ്ങളുടെ ഭാഗത്തുണ്ട് എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ എത്രയേറെ പാപം ചെയ്താലും ദൈവം നിങ്ങള്‍ക്കെതിരെ സാത്താന്റെ പക്ഷത്തു നില ഉറപ്പിക്കയില്ല. നിങ്ങള്‍ മാനസാന്തരപ്പെടുവാന്‍ അവിടുന്നു കാത്തിരിക്കുന്നു. അവിടുന്നു നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. നിങ്ങള്‍ ഏതു നിമിഷത്തില്‍ ദൈവത്തിങ്കലേക്കു തിരിയുന്നുവോ ആ നിമിഷം നിങ്ങളെ സഹായിപ്പാന്‍ അവിടുന്ന് ഓടിവരും.
ശസ്ത്രക്രിയാ മേശയില്‍ ഒരു ശസ്ത്രക്രിയാ വിദഗ്ധന്‍ ഒരു രോഗിയുടെ അര്‍ബുദം മുറിച്ചു നീക്കുന്നതിനു തുല്യമായ പ്രവൃത്തിയാണ് ദൈവവചനം പ്രസംഗിക്കുന്ന ഒരുവന്‍ ചെയ്യുന്നത്. ആ വ്യക്തിയുടെ അര്‍ബുദം മുറിച്ചു തുറന്നു കാട്ടുന്നു. അതിനുശേഷം എന്തു ചെയ്യണം? ആ ഭാഗം തുന്നിക്കെട്ടി വേദനസംഹാരികള്‍ കൊടുത്തു സന്തോഷത്തോടെ വീട്ടില്‍ പറഞ്ഞയയ്ക്കണം. എന്നാല്‍ ധാരാളം പ്രസംഗകര്‍ കാന്‍സര്‍ ഉള്ള ഭാഗം മുറിച്ച് തുറന്നശേഷം തുറന്ന വയറോടെ ആ വ്യക്തിയെ നിരാശനാക്കി, ഒരു പ്രത്യാശയും നല്‍കാതെ, വീട്ടിലേക്കു പറഞ്ഞു വിടുന്നു.
നിങ്ങള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. ആ പ്രവൃത്തി പൂര്‍ത്തീകരിക്കുക. ആളുകള്‍ കുറ്റബോധത്തോടെ പാപത്തെക്കുറിച്ചു കരഞ്ഞാലും അവര്‍ ഹൃദയത്തില്‍ പ്രത്യാശയുള്ളവരായി സന്തോഷത്തോടെ വീട്ടില്‍ പോകട്ടെ. പ്രത്യാശയുടെ വാക്കുകള്‍ കൊടുത്ത് ഉപസംഹരിക്കുന്ന പഴയനിയമ പ്രവാചകന്മാരെപ്പോലെ ആയിരിക്കണം നിങ്ങള്‍ എപ്പോഴും പ്രസംഗിക്കേണ്ടത്.
ദൈവം സാത്താനെതിരെ എപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ട്.