ബൈബിളിലൂടെ : ഓബദ്യാവ്

നിഗളവും അതിന്റെ ഫലങ്ങളുംഒരധ്യായം മാത്രമുള്ള വളരെ ചെറിയ ഒരു പുസ്തകമാണ് ഓബദ്യാവ്. എന്തു കൊണ്ടാണ് ഓബദ്യാവ് ഇത്രയും ചെറിയ ഒരു പുസ്തകം എഴുതിയത്? ദൈവം വളരെ കുറച്ചു മാത്രമേ എഴുതുവാന്‍ നല്‍കിയുള്ളു എന്നതാണ് അതിന്റെ പ്രധാന കാരണം. എന്നാല്‍ പരിശുദ്ധാത്മാവ് സംസാരിക്കുന്നതു നിര്‍ത്തിയപ്പോള്‍ എഴുത്തു നിര്‍ത്തുവാന്‍ വേണ്ടത്ര സ്പര്‍ശ്യത ഓബദ്യാവിന് ഉണ്ടായിരുന്നു എന്നത് താല്‍പര്യമുണര്‍ത്തുന്ന കാര്യമാണ്- പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നു എന്നു സങ്കല്പിച്ച് വിരസത ഉളവാക്കുന്ന പ്രസംഗങ്ങള്‍ ചെയ്യുന്ന പ്രസംഗകരെപ്പോലെ അല്ലായിരുന്നു അദ്ദേഹം!!

മാനുഷികമായി പറഞ്ഞാല്‍ മറ്റൊരു കാരണം കൂടി ഉണ്ടാകാം. യിരെമ്യാവിന്റെ അതേ സമയത്താണ് ഓബദ്യാവ് പ്രവചിച്ചുകൊണ്ടിരുന്നത്. മുപ്പതു വര്‍ഷങ്ങളായി പ്രവചിച്ചുകൊണ്ടിരുന്ന യിരെമ്യാവിന്റെ സാന്നിധ്യത്തില്‍ വളരെക്കുറച്ചു മാത്രമേ പ്രവചിക്കാവൂ എന്ന് അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവണം. അവിടെ ഓബദ്യാവിന്റെ ആ മനോഭാവത്തിലുള്ള താഴ്മയുടെ ആത്മാവിനെ ഞാന്‍ കാണുന്നു. ഇത് ഒരു അനുമാനം മാത്രമാണ്. എന്നാല്‍ ഇന്ന് സഭായോഗങ്ങളിലോ, അല്ലെങ്കില്‍ വിശ്വാസികളുടെ ഇടയിലുള്ള കൂട്ടായ്മയുടെ അവസരത്തിലോ തീര്‍ച്ചയായും ഇപ്രകാരം ആയിരിക്കണം. പക്വത കുറവുള്ള സഹോദരങ്ങള്‍ ദൈവഭക്തരായ സഹോദരങ്ങള്‍ക്കു സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയിട്ട് അവര്‍ തന്നെ വളരെക്കുറച്ചു സംസാരിക്കണം. എന്നാല്‍ നമ്മുടെ ഈ നാളുകളില്‍ ഓബദ്യാവിനെ പ്പോലെ താഴ്മയുള്ള സഹോദരന്മാര്‍ വിരളമാണ്.

ഏദോമിന്റെ ന്യായവിധി

ഏദോമിന്റെ മേലുള്ള ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ച് ഓബദ്യാവ് സംസാരിച്ചു. നമ്മുടെ ജഡത്തിന്റെ ഒരു പ്രതിരൂപമാണ് ഏദോം. അതുകൊണ്ട് ജഡത്തിന്റെ നാശത്തെയാണ് ഈ പ്രവചനം പ്രതീകവല്‍ക്കരിക്കുന്നത്. ഇവിടെ ഏദോമിന്റെ നിഗളത്തെപ്പറ്റി പറയുന്നു. ”പാറ പിളര്‍പ്പുകളില്‍ പാര്‍ക്കുന്നവനും ഉന്നത വാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനെ പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവച്ചാലും അവിടെ നിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്” (വാക്യങ്ങള്‍ 3,4).

ജഡം എപ്പോഴും തന്നെത്താന്‍ ഉയര്‍ത്തുന്ന കാര്യം അന്വേഷിക്കുന്നു. എന്നാല്‍ ദൈവം ആ നിഗളത്തെ പൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കള്ളന്‍ രാത്രിയില്‍ വന്നു നിന്നെ കൊള്ളയടിച്ചാല്‍, അവന്‍ എല്ലാം എടുക്കുന്നില്ല. എന്നാല്‍ ഇവിടെ ”എല്ലാ മുക്കും മൂലയും തിരഞ്ഞു മോഷ്ടിക്കുകയും കണ്ടെത്തുന്ന എല്ലാ സമ്പത്തും എടുത്തുകൊണ്ടു പോകയും ചെയ്യും” (വാക്യം 5). നമ്മുടെ ജീവിതത്തില്‍ ഇതിന്റെ പ്രായോഗികത എന്തെന്നാല്‍ നമ്മിലുള്ള ‘ജഡം’ എന്നു വിളിക്കപ്പെടു ന്നതിന്റെ ഓരോ ചെറിയ മൂലയും, ജഡത്തിന്റെ ഓരോ മോഹവും പരിശുദ്ധാത്മാ വിന്റെ പ്രവര്‍ത്തനത്താല്‍ നശിപ്പിക്കപ്പെടുകയും ജയിക്കുകയും ചെയ്യും.

ഏദോം ശിക്ഷിക്കപ്പെട്ടത് അവര്‍ തങ്ങളുടെ അടുത്ത ബന്ധുക്കളായ യിസ്രായേലിനോടു ചെയ്ത അക്രമം നിമിത്തമാണ്. കാരണം യിസ്രായേലിന്റെ വലിയ ആവശ്യഘട്ടങ്ങളില്‍ അവര്‍ ബന്ദികളായി പിടിക്കപ്പെട്ടപ്പോള്‍, ഏദോം സഹായിച്ചില്ല. ”യിസ്രായേലിനെ അവരുടെ ആവശ്യ സമയത്ത് ഉപേക്ഷിക്കുകയും ഒഴിഞ്ഞുമാറി നില്‍ക്കുകയും ചെയ്തു. ശത്രുക്കള്‍ അവരുടെ സമ്പത്ത് അപഹരിച്ചു കൊണ്ടു പോയപ്പോള്‍ അവരെ സഹായിക്കുവാന്‍ ഒരു വിരല്‍പോലും ഉയര്‍ത്തുവാന്‍ നീ നിരസിച്ചു” (വാക്യങ്ങള്‍ 10,11). അവരും യിസ്രായേലിന്റെ ശത്രുക്കള്‍ എന്നപോലെ പെരുമാറി. യിസ്രായേലിനെ സഹായിക്കാന്‍ ഏദോം ഒന്നും ചെയ്തില്ല.

ചെയ്യുന്നതു മൂലമുള്ള പാപം ഉണ്ട്. അതുപോലെ ഒഴിവാക്കുന്നതു മൂലമുള്ള പാപവും ഉണ്ട്. മിക്കപ്പോഴും നാം പാപത്തെ പറ്റി ചിന്തിക്കുമ്പോള്‍, നാം ചെയ്ത പാപങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. നല്ല ശമര്യാക്കാരന്റെ കഥയില്‍ പുരോഹിതനും ലേവ്യനും പാപം ഒന്നും ചെയ്തില്ല. മുറിവേറ്റ ആ മനുഷ്യനെ അടിക്കുകയോ മുറിവേല്‍പിക്കുകയോ ഒന്നും ചെയ്തില്ല. എന്നാല്‍ ആ മനുഷ്യനെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്നതായിരുന്നു അവരുടെ പാപം (ലൂക്കൊ. 10:29-37). ആവശ്യത്തിലിരിക്കുന്ന ഒരു വ്യക്തിയെ സഹായിക്കാതിരിക്കുന്നതു പാപമാണെന്നു മനസ്സിലാക്കിയിട്ടുണ്ടോ? അതാണ് ഒഴിവാക്കുന്നതിന്റെ പാപം. ഏദോം ചെയ്യേണ്ടിയിരുന്ന സഹായം ചെയ്തില്ല – യഹോവ അത് ഗൗരവമായി എടുത്തു.

ഏദോമിന്റെ രണ്ടാമത്തെ പാപം യിസ്രായേല്‍ പിടിക്കപ്പെട്ടപ്പോള്‍ അവര്‍ സന്തോഷിച്ചു എന്നതാണ് (വാക്യം 12). നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ക്ക് മോശമായതെന്തെങ്കിലും സംഭവിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടോ? അതു പാപമാണ്. മറ്റൊരാളുടെ നിര്‍ഭാഗ്യത്തില്‍ നാം സന്തോഷിക്കുന്നവരാകരുത്.

പക്ഷേ അതു മാത്രമായിരുന്നില്ല. നിരാലംബരായ യിസ്രായേല്യരെ ഏദോം ആക്രമിക്കുകയും വഴിത്തലയ്ക്കല്‍ വച്ച് ഛേദിച്ചു കളയുകയും ചെയ്തു (വാക്യം 14). അവര്‍ യിസ്രായേലിന്റെ ശത്രുക്കളുമായി സഹകരിച്ചു.

യിസ്രായേലിന്റെ പുനഃസ്ഥാപനം

അവസാനമായി യിസ്രായേലിനെ പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി ദൈവം സംസാരിച്ചു. മിക്കവാറും എല്ലാ പ്രവാചകന്മാരും പുനഃസ്ഥാപനത്തെപ്പറ്റി പ്രവചിച്ചു: ”യെരുശലേം രക്ഷപ്പെടുന്നവരുടെ ഒരു സങ്കേതം ആയിത്തീരും” (വാക്യം 17). അത് ഒരു വിശുദ്ധസ്ഥലമായിരിക്കും. യിസ്രായേല്‍ ജനം തങ്ങളുടെ പിന്‍തുടര്‍ച്ചാവകാശം വീണ്ടെടുക്കാന്‍ മടങ്ങിവരും. അന്ന് യിസ്രായേല്‍ ദൈവത്തിന് ജ്വലിക്കുന്ന തീ ആയിരിക്കും. ഏദോം ഉണങ്ങിയ വൈക്കോല്‍ നിറഞ്ഞ ഒരു വയലും ആയിരിക്കും (വാക്യം 18). ”വിടുവിക്കുന്നവര്‍ യെരുശലേമിലേക്കു വന്ന്, എല്ലാ ഏദോമിനെയും (ജഡത്തെയും) ഭരിക്കും. യഹോവ രാജാവായിരിക്കും” (വാക്യം21).

ഇന്ന് പിന്മാറിപ്പോയ ദൈവജനത്തോട്, ഇതാ നിങ്ങളുടെ രാജാവിനെ നോക്കുവിന്‍ എന്നു പ്രഘോഷിക്കുന്ന വിടുവിക്കുന്നവരായിരിക്കുവാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.

ഏദോമിന്റെ വീഴ്ചയ്ക്കു കാരണം എന്തായിരുന്നു? ”ഹൃദയത്തിന്റെ അഹംഭാവം നിന്നെ വഞ്ചിച്ചിരിക്കുന്നു” (വാക്യം 3). നാം നിഗളികളാകുമ്പോള്‍ ആത്മീയ വഞ്ചനയ്ക്കു നാം നമ്മെത്തന്നെ തുറന്നു കൊടുക്കുന്നു. കാരണം നിഗളം വഞ്ചകനായ പിശാചിന്റെ തനി സ്വഭാവമാണ്. നിങ്ങള്‍ എന്തിനെക്കുറിച്ചെങ്കിലും (സൗന്ദര്യം, ബുദ്ധി, ആത്മീയത, വേദപുസ്തക പരിജ്ഞാനം, മറ്റെന്തെങ്കിലും) നിഗളികളായിത്തീര്‍ന്നാല്‍ ഉടന്‍തന്നെ പിശാച് നിങ്ങളുടെ കരം പിടിച്ചിട്ട് ഇങ്ങനെ പറയും: ”നീയും ഞാനും ഇപ്പോള്‍ കൂട്ടായ്മയിലാണ്.” മറുവശത്ത് ഭൂമിയില്‍ നടന്ന ഏറ്റവും താഴ്മയുള്ള മനുഷ്യന്‍ ക്രിസ്തുവായിരുന്നു. നിങ്ങള്‍ നിങ്ങളെ തന്നെ താഴ്ത്തുന്ന ആ നിമിഷത്തില്‍, നിങ്ങള്‍ അവിടുത്തോട് കൂട്ടായ്മയിലാകുന്നു.

വ്യഭിചാരത്തെക്കാള്‍ അപകടകാരിയാണ് നിഗളം. കാരണം വ്യഭിചാരം പുറമേയുള്ള ഒരു പാപമാണ്- പുറമേയുള്ളതും വ്യക്തമായി കാണാവുന്നതുമായ പാപങ്ങള്‍ മറഞ്ഞിരിക്കുന്ന പാപങ്ങളുടെ അത്രയും ഗൗരവമേറിയതല്ല. തങ്ങളുടെ നിഗളത്തില്‍ ആത്മസംതൃപ്തിയുള്ളവര്‍ക്ക് ഓബദ്യാവ് മുന്നറിയിപ്പു നല്‍കുന്നത് അവര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നാണ്. നമുക്ക് ഓബദ്യാവിന്റെ ഈ ചുരുങ്ങിയ പ്രബോധനത്തില്‍ നിന്ന് തങ്ങളുടെ ജഡത്തിന്റെ ബന്ധനത്തില്‍ ആയിരിക്കുന്ന നമ്മുടെ ചുറ്റുമുള്ളവരെക്കുറിച്ച് വിചാരമുള്ളവരായിരിക്കാന്‍ പഠിക്കാം. കര്‍ത്താവായ യേശുവിന് അവരെ ഈ ബന്ധനത്തില്‍ നിന്നു പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ സാധിക്കും എന്ന് അവരോട് പ്രഘോഷിക്കാം.

നാം അതു ചെയ്യുമെങ്കില്‍ ഓബദ്യാവ് എഴുതിയ ഈ ഒരു താള് നിഷ്ഫലമാകുകയില്ല.