ബൈബിളിലൂടെ : നഹൂം

ദൈവത്തിന്റെ കോപവും പ്രതികാരവും

‘ചെറിയ പ്രവാചകന്മാരു’ടെ (minor Prophets) പുസ്തകങ്ങളില്‍ നിന്ന് ഒന്നും കിട്ടാനില്ല എന്ന ധാരണ കൊണ്ട് ഈ പുസ്തകങ്ങള്‍ മിക്ക ക്രിസ്ത്യാനികളും വായിക്കാറില്ല. എന്നാല്‍ എല്ലാ ദൈവവചനവും ദൈവശ്വാസീയമാണ്. ഇതേ സമയം എല്ലാ വചനഭാഗങ്ങളും തുല്യപ്രാധാന്യം ഉള്ളവയല്ല. പുതിയ നിയമം പഴയ നിയമത്തെക്കാള്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ എല്ലാ പഴയനിയമ പുസ്തകങ്ങളിലും വിലപ്പെട്ട പലതും ഉണ്ട്. ഈ പ്രവാചകന്മാര്‍ ചില കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുവാനായി അതു വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതു കാണാം. ദൈവവചനത്തില്‍ ഒരു കാര്യം ആവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ദൈവം ആ വസ്തുതയ്ക്കു പ്രാധാന്യം നല്കുന്നു എന്നു നമുക്കു മനസ്സിലാക്കാം. ദൈവം പത്തു വിഷയങ്ങള്‍ വിശദമാക്കുമ്പോള്‍ രണ്ടോ മൂന്നോ വിഷയങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. കാരണം ദൈവത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ടോ മൂന്നോ കാര്യങ്ങള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഓരോ പ്രാവശ്യവും പുതിയ പ്രസംഗം പറയുവാന്‍ പല പ്രസംഗകരും താല്പര്യപ്പെടുന്നതിനാല്‍ സന്ദേശങ്ങള്‍ ആവര്‍ത്തിക്കുവാന്‍ അവര്‍ മടി കാണിക്കുന്നു. ഇതിനാല്‍ തന്നെ ഇന്നത്തെ ഭൂരിപക്ഷം പ്രസംഗകരും പ്രവാചകന്മാരല്ല. എന്നാല്‍ പഴയനിയമ പ്രവാചകന്മാര്‍ അവരുടെ പ്രശസ്തി നോക്കുന്നവരായിരുന്നില്ല. ദൈവം കല്പിച്ച കാര്യം അവര്‍ സംസാരിച്ചു. ആളുകള്‍ക്ക് എന്താണ് ആവശ്യം എന്നു ദൈവം അറിഞ്ഞിരുന്നു. ഒരു സന്ദേശം ഇരുപതാം തവണ ആളുകള്‍ കേള്‍ക്കേണ്ടതായിരുന്നു എങ്കില്‍ അത് ഇരുപതു വട്ടം ആവര്‍ത്തിക്കുവാന്‍ അവര്‍ തയ്യാറായിരുന്നു.

നഹൂം ജീവിച്ചത് യോനയ്ക്കു ശേഷം നൂറ് വര്‍ഷം കഴിഞ്ഞാണ്. അസീരിയ, ഭൂമിയിലെ ഏറ്റവും ശക്തിയുള്ള ദേശമായിരുന്ന സമയത്താണ് അദ്ദേഹം സന്ദേശം നല്കിയത്. ഭൂമിയിലെ ഏറ്റവും ശക്തിയുള്ള രാജ്യത്തെ ദൈവം നശിപ്പിക്കും എന്ന് അന്നൊരു പ്രവാചകന്‍ പറയുന്നത് ഇന്ന് ദൈവം അമേരിക്കയെ നശിപ്പിച്ച് ശൂന്യമാക്കും എന്ന് പറയുന്നതിനു തുല്യം പരിഹാസ്യമായിരുന്നു. ആരും അത് വിശ്വസിക്കയില്ല. അന്നാരും നഹൂം പറഞ്ഞതു വിശ്വസിച്ചില്ല. എന്നാല്‍ ഇന്നു നാം ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ പ്രവാചകന്മാര്‍ പ്രവചിച്ച കാര്യങ്ങളെല്ലാം കൃത്യമായി നിറവേറിയതായി നമുക്കു കാണാം. അസീരിയ, ഈജിപ്ത്, ബാബിലോണ്‍, സോര്‍ എന്നീ വലിയ ലോക സാമ്രാജ്യങ്ങളെക്കുറിച്ച് പ്രവാചകന്മാര്‍ പറഞ്ഞ ഓരോ വാക്കും കൃത്യമായി നിറവേറപ്പെട്ടതായി നമുക്കു കാണാം. അസീരിയ, ബാബിലോണ്‍ എന്നീ സാമ്രാജ്യങ്ങള്‍ ഇന്ന് അപ്രത്യക്ഷമായി. സോര്‍ ഇടിച്ചു നിരത്തപ്പെട്ട് അവശിഷ്ടമായി തീരും എന്നു ദൈവം പറഞ്ഞത് അതുപോലെ തന്നെ നിറവേറി. എന്നാല്‍ ഈജിപ്തിനെപ്പറ്റി ദൈവം അങ്ങനെ പറഞ്ഞിട്ടില്ല. അതിനാല്‍ ഇന്നും ഈജിപ്ത് നിലനില്ക്കുന്നു. ദൈവം പ്രവാചകന്മാരില്‍ കൂടെ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതു കൃത്യമായി തന്നെ നിറവേറപ്പെടും.

പഴയനിയമത്തില്‍ കാണുന്ന കാര്യങ്ങള്‍ എഴുതിയിരിക്കുന്ന പോലെ നിറവേറുന്നതു നാം കാണുമ്പോള്‍ പുതിയനിയമത്തില്‍ പറഞ്ഞവയും അതുപോലെ തന്നെ കൃത്യമായി നിറവേറും എന്നതിന്റെ മുന്നറിയിപ്പായി നാം എടുക്കണം. ”ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോട് തന്റെ ജീവിതത്തെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടി വരും” (റോമര്‍ 14:12) എന്ന് ദൈവം താക്കീതു നല്കുന്നു. അതുപോലെ തന്നെ ആ ദിവസം, എല്ലാവരും വിതച്ച കാര്യങ്ങള്‍ കൃത്യമായി കൊയ്യേണ്ടി വരും (ഗലാത്യര്‍ 6:7). ”മനുഷ്യര്‍ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും” എന്ന് യേശു പറഞ്ഞു (മത്തായി 12:36). എന്നാല്‍ ഞാന്‍ അറിയുന്ന 99% വിശ്വാസികളും ദൈവവചനം നല്കുന്ന ഇത്തരം താക്കീതുകള്‍ വിശ്വസിക്കുന്നില്ല. കാരണം ഈ ആളുകളെല്ലാം തങ്ങളുടെ ജീവിതത്തെപ്പറ്റിയും വാക്കുകളെപ്പറ്റിയും സൂക്ഷ്മതയുള്ളവരല്ല. അവര്‍ ജീവിക്കുന്ന രീതിക്കും സംസാരിക്കുന്ന വാക്കുകള്‍ക്കും ഉള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കാത്തതു കൊണ്ട് ആളുകള്‍ ഈ കാര്യങ്ങളില്‍ ഗൗരവം ഉള്ളവരല്ല. നിങ്ങള്‍ ആഭാസ ചിത്രങ്ങള്‍ രഹസ്യമായി കാണുന്നു, പരുഷമായി സംസാരിക്കുന്നു, കളളം പറയുന്നു. മറ്റുള്ളവരെക്കുറിച്ച് ദൂഷണം പറയുന്നു. ഇതിനെല്ലാം ശേഷം ”എനിക്ക് ഒന്നും തന്നെ സംഭവിച്ചില്ല” എന്നു പറയുന്നു. അങ്ങനെ പാപത്തില്‍ തുടരുന്നു. അസീരിയ അന്നു തങ്ങളെക്കുറിച്ച് പറഞ്ഞതും ഇപ്രകാരമായിരുന്നു: ”അതെ, നഹൂം ഇങ്ങനെയെല്ലാം ഞങ്ങളെക്കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നു തന്നെ സംഭവിച്ചിട്ടില്ല.” എന്നാല്‍ കുറച്ചു സമയത്തിനുള്ളില്‍ ശിക്ഷാവിധി വന്നുചേര്‍ന്നു. വരാന്‍ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ദൈവത്തിന്റെ താക്കീതുകളും കൃത്യമായി തന്നെ ഒരു ദിവസം നിറവേറപ്പെടും.

മറ്റൊരു കാര്യം നാം ഇവിടെ കാണുന്നത് നിനെവേയിലേക്കു ദൈവം യോനയെ നേരത്തേ അയച്ചിരുന്നു എന്നതാണ്. നിനെവേക്കാര്‍ ദുഷ്ടന്മാരായി നൂറ് വര്‍ഷത്തിനു ശേഷം തങ്ങളെത്തന്നെ നശിപ്പിക്കുവാന്‍ പോവുകയാണെന്ന് അറിഞ്ഞിട്ടും ദൈവം യോനയെ എന്തിന് അവിടേക്കയച്ചു? യോനയുടെ സമയത്തു നിനെവേ ആയിരുന്ന രീതിയില്‍ ദൈവം അവരോട് ഇടപെടുകയായിരുന്നു എന്നാണു മറുപടി. യോനയുടെ സമയത്ത് ആ പട്ടണത്തിലെ ആളുകള്‍ മാനസാന്തരപ്പെടുവാന്‍ ഒരുക്കമുള്ള വരാണെന്നു ദൈവം കണ്ടു. അതിനാലാണ് ദൈവം യോനയെ അങ്ങോട്ടയച്ചത്. ഇന്നും ദൈവത്തിനൊരു ഉദ്ദേശ്യം ഇല്ലാതെ തന്റെ ദാസന്മാരെ ഒരിടത്തേക്കും അയയ്ക്കുകയില്ല. നിങ്ങള്‍ സ്വയം തീരുമാനിച്ച് ഒരു സ്ഥലത്തേക്കു പോവുകയാണെങ്കില്‍ നിങ്ങള്‍ തന്നെ നിങ്ങളുടെ സന്ദേശം ഒരുക്കി കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദൈവമുമ്പാകെ കാത്തിരുന്ന് ദൈവം നിങ്ങളെ ഒരു സ്ഥലത്തേക്ക് അയച്ചു എങ്കില്‍ നിനെവേ പോലെ ബുദ്ധിമുട്ടുള്ള സ്ഥലം ആയാലും ദൈവം നിങ്ങളെ അവിടേക്കയച്ചതില്‍ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്നു നിങ്ങള്‍ക്കു തീര്‍ച്ചപ്പെടുത്താം. യോനയെ ഒരു ഉദ്ദേശ്യത്തോടെ അവിടേക്കയച്ചു. ഫലം, ആ തലമുറയില്‍ പാപം വിട്ട് മാനസാന്തരപ്പെട്ട ധാരാളം ആളുകള്‍ നിനെവേയില്‍ ഉണ്ടായി.

നിനെവേയില്‍ ഉണ്ടായിരുന്ന പുതിയ തലമുറയ്ക്കു മാനസാന്തരപ്പെടുവാന്‍ ഒരു താല്പര്യവും ഇല്ല എന്നു കാണുകയാല്‍ ദൈവം നഹൂമിനെ അവിടേക്കയച്ചില്ല. യോനയുടേയും നഹൂമിന്റെയും ഉദാഹരണത്തില്‍ നിന്ന് നാം എന്താണ് പഠിക്കുന്നത്? നിങ്ങള്‍ ദൈവത്തെ കേള്‍ക്കുകയാണെങ്കില്‍ ദൈവം നിങ്ങളെ അയയ്ക്കാത്ത സ്ഥലത്തു പോയി നിങ്ങള്‍ സമയം പാഴാക്കുകയില്ല. ദൈവത്തിനു പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ സഫലീകരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിങ്ങള്‍ പോകും. അതിനാല്‍ ഈ പ്രവാചകന്മാര്‍ ദൈവത്തിനു മുന്‍പില്‍ ജീവിച്ച് അവര്‍ പറയേണ്ട കാര്യങ്ങള്‍ക്കായി ദൈവമുമ്പാകെ കാത്തിരുന്നു. ഇന്നത്തെ പല ക്രിസ്തീയ പ്രവര്‍ത്തകരും തിരക്കു കൂട്ടി അവിടേയും ഇവിടേയും പോയി പ്രസംഗിക്കുന്നപോലെ ഇവര്‍ ചെയ്തില്ല. ഇവര്‍ ദൈവമുമ്പാകെ കാത്തിരിക്കാന്‍ സമയമെടുത്തു.

നിനെവേയെ നശിപ്പിക്കുവാനുള്ള ദൈവത്തിന്റെ തീരുമാനം

ദൈവകോപത്തിന്റെ സന്ദേശമാണ് നഹൂമിന്റെ സന്ദേശം. ഒന്നാം അധ്യായം രണ്ടും ആറും വാക്യങ്ങളില്‍ എട്ടു വാക്കുകള്‍ നമുക്കു കാണാം- അസൂയ, ക്രോധപൂര്‍ണ്ണത, ഉഗ്രകോപം, പ്രതികാരം, നീരസം, കോപം, ജ്വലനം, അരിശം എന്നിവയാണത്. ഈ വാക്കുകള്‍ കാണിക്കുന്നത് പാപത്തോടുള്ള ദൈവക്രോധം മാത്രമല്ല പാപത്തില്‍ തുടരുന്നവരോടുള്ള ദൈവത്തിന്റെ ഉഗ്രകോപത്തെയും ഇതു കാണിക്കുന്നു. ദൈവം കോപത്തിനു താമസമുള്ളവനാണ്. എന്നാല്‍ അവന്‍ കോപിച്ചു കഴിഞ്ഞാല്‍ അവന്റെ കോപത്തെ പിടിച്ചു നിറുത്താന്‍ സാധ്യമല്ല (1:3). ദൈവം ദീര്‍ഘക്ഷമയും സഹിഷ്ണുതയും ഉള്ളവനാണ്. എന്നാല്‍ അവസാനം അവിടുന്നു ന്യായം വിധിക്കും. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയാണ് ദൈവകോപവും ശിക്ഷാ വിധിയും പ്രത്യക്ഷമാകുന്നത്. ഭൂമിയില്‍ ചൂഷണ വിധേയരാകുന്ന ഏവര്‍ക്കും ദൈവം നീതി നടപ്പാക്കിക്കൊടുക്കും.

ആദാം ചെയ്ത പാപവും കയീന്‍ ചെയ്ത പാപവും തമ്മില്‍ ഒരു പ്രധാന വ്യത്യാസം ഉണ്ട്. ആദാം തന്റെ പാപത്താല്‍ തന്നെ മാത്രമാണു മുറിപ്പെടുത്തിയത്. മറ്റാരെയും മുറിവേല്പിച്ചില്ല. അതിനാല്‍ അവന്‍ ശപിക്കപ്പെട്ടില്ല. അവന്‍ നിമിത്തം ഭൂമി മാത്രം ശപിക്കപ്പെട്ടു (ഉല്പത്തി 3:17). എന്നാല്‍ കയീന്റെ പാപം മറ്റൊരു വ്യക്തിയെ- ഹാബേലിനെ- മുറിപ്പെടുത്തി. അതിനാല്‍ അവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനായി തീര്‍ന്നു (ഉല്പത്തി 4:11). മറ്റൊരു വ്യക്തിയെ മുറിപ്പെടുത്തുന്ന വിധം നിങ്ങള്‍ പെരുമാറുമ്പോള്‍ അത് വളരെ ഗൗരവതരമായ പാപമാണ്. നിങ്ങള്‍ അതേപ്പറ്റി മാനസാന്തരപ്പെട്ട് പാപത്തെ ഏറ്റു പറയുന്നില്ലെങ്കില്‍ കയീനെപ്പോലെ ദൈവത്തിന്റെ ശാപം നിങ്ങളുടെ ജീവിതത്തില്‍ അതു കൊണ്ടുവരും. ഉദാഹരണത്തിന് നിങ്ങള്‍ ഒരാള്‍ക്കെതിരെ പരദൂഷണം പറഞ്ഞ് അയാളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന പ്രവൃത്തി ചെയ്‌തെന്നിരിക്കട്ടെ. അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി അവളുടെ വികാരങ്ങളെ ഉത്തേജിപ്പിച്ചതിനു ശേഷം അവളെ ഉപേക്ഷിച്ചു (നിങ്ങള്‍ അവളുടെ ശരീരത്തെ തൊട്ടിരിക്കയില്ല. എന്നാല്‍ അവളെ മുറിവേല്പിച്ചിരിക്കുന്നു). ദൈവം തീക്ഷ്ണതയുള്ളവനും, കോപിഷ്ഠനും, ക്രോധവും രോഷവും ഉള്ളവനുമാണ്. ഇത്തരം പ്രവൃത്തി ചെയ്യുന്നവരോടു പകരം വീട്ടുന്നവനും പ്രതികാരം ചെയ്യുന്നവനുമാണ്. നിങ്ങള്‍ മാനസാന്തരപ്പെടും എന്നു വിചാരിച്ച് ദൈവം ശിക്ഷാവിധി അയയ്ക്കാതെ കാത്തിരിക്കുകയാവാം. നമ്മള്‍ മറ്റുള്ളവര്‍ക്കെതിരെ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യംപോലും കണക്കിലെടുക്കുന്നവനും ഒരു ദിവസം അതിനു ശിക്ഷാവിധി നടത്തുന്നവനുമാണ് ദൈവം. പല പ്രസംഗകരും സത്യാവസ്ഥ മനസ്സിലാക്കാതെ അവരുടെ ശ്രദ്ധയില്ലാത്ത വാക്കുകളാല്‍ മറ്റുള്ളവരെ വിമര്‍ശിക്കുകയും ശരിയാണെന്നു തെളിയിക്കപ്പെടാത്ത കഥകള്‍ പറഞ്ഞു പരത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ അഭിഷേകം അവര്‍ നഷ്ടപ്പെടുത്തുന്നു. അത്തരം പ്രസംഗകരുടെ ജീവിതത്തില്‍ നിന്ന് ദൈവം തന്റെ അഭിഷേകം മാറ്റിക്കളയും. അവരുടെ സംസാരത്തില്‍ അവര്‍ അശ്രദ്ധരായി തുടര്‍ന്നാല്‍ ദൈവം തന്റെ രക്ഷയും ഒരു ദിവസം എടുത്തു മാറ്റും.

അസീരിയയോട് ദൈവത്തിന് ഇത്ര വളരെ ദേഷ്യം വരാന്‍ കാരണമെന്താണ്? ഇവര്‍ പുകവലിക്കുന്നതു കൊണ്ടോ കള്ളു കുടിക്കുന്നതു കൊണ്ടോ അല്ല. മയക്കുമരുന്നു ഉപയോഗിക്കുന്നത് ഭയങ്കരമാണെന്നു നാം ചിന്തിച്ചേക്കാം. അതു സത്യം തന്നെ. എന്നാല്‍ ദൈവത്തിന്റെ കണ്ണില്‍ ഈ പാപം പരദൂഷണം പറയുന്നതു പോലെ ഭയങ്കരമല്ല. ഇതിനു കാരണം നിങ്ങള്‍ മയക്കുമരുന്ന് എടുത്താല്‍ നിങ്ങള്‍ നിങ്ങളെ മാത്രം മുറിപ്പെടുത്തുന്നു. എന്നാല്‍ പരദൂഷണം പറയുമ്പോള്‍ നിങ്ങള്‍ മറ്റുള്ളവരെ മുറിപ്പെടുത്തുകയാണ്.

പഴയനിയമ പ്രവാചകന്മാര്‍ ചെയ്ത കാര്യം ചെയ്യുവാന്‍ ഞാനും താല്പര്യപ്പെടുന്നു: ദൈവം ഗൗരവമായി കണക്കിടുന്ന പാപങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ബോധ്യം നല്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അസീരിയക്കെതിരെ ദൈവത്തിന്റെ ഉഗ്രകോപം വന്നത് അവര്‍ മറ്റുള്ളവരെ മുറിപ്പെടുത്തിയതിനാലാണ്. ആ രീതിയില്‍ തങ്ങളുടെ വാക്കിനാലോ പ്രവൃത്തിയാലോ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന ഓരോ വ്യക്തിയേയും ഒരു ദിവസം ദൈവം ന്യായം വിധിക്കും. ഇതു വിശ്വസിക്കുവാന്‍ അനേകര്‍ക്കും ബുദ്ധിമുട്ടാണ്. ”നരകം” എന്നൊരു യഥാര്‍ത്ഥ സ്ഥലമുണ്ടെന്നു വിശ്വസിക്കുവാന്‍ പലര്‍ക്കും ബുദ്ധിമുട്ടുള്ളതുപോലെയാണിതും. ദൈവം സകലരേയും രക്ഷിക്കും എന്നും നരകത്തില്‍ പോകുന്ന വ്യക്തികളും അവസാനം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമെന്നുമാണ് പലരും വിഭാവനം ചെയ്യുന്നത്!!! സാത്താന്‍ പോലും ഒരിക്കല്‍ മനംതിരിഞ്ഞ് രക്ഷപ്രാപിക്കും എന്ന അറ്റകൈ വിശ്വാസം ഉള്ളവരും ഉണ്ട്. എന്നാല്‍ ഞാന്‍ ദൈവവചനം വിശ്വസിക്കുന്നു. ഉഗ്രകോപം നിറഞ്ഞ ഒരു ദൈവത്തെ വിശ്വസിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്‌നേഹം നിറഞ്ഞ ഒരു ദൈവത്തേയും നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ സാധിക്കുകയില്ല. സ്‌നേഹം ആവശ്യപ്പെടുന്നത് കോപവും ശിക്ഷയും കൂടിയാണ്. അതെന്തുകൊണ്ടാണെന്നു ഞാന്‍ വിശദീകരിക്കാം.

നിങ്ങള്‍ ഒരുപോലെ സ്‌നേഹിക്കുന്ന രണ്ടു കുട്ടികള്‍ നിങ്ങള്‍ക്കുണ്ട് എന്ന് സങ്കല്പിക്കുക. ഒരു ദിവസം മൂത്തകുട്ടി ഇളയ കുട്ടിയെ ഒരു കല്ലു കൊണ്ട് ഇടിച്ച് മുറിവേല്പിച്ചതിനാല്‍ രക്തം ഒലിക്കുന്നതു നിങ്ങള്‍ കാണുന്നു. ആ ഇളയ കുട്ടിക്ക് തന്നെക്കാള്‍ ബലവാനായ മൂത്ത കുട്ടിയില്‍ നിന്നു തന്നെത്തന്നെ സംരക്ഷിക്കുവാന്‍ കെല്പില്ല എന്നു കാണുമ്പോള്‍ ഒരു പിതാവെന്ന നിലയില്‍ നിങ്ങള്‍ എന്തു ചെയ്യും? ഈ വഴക്കു നിങ്ങള്‍ നോക്കി നില്ക്കുമോ? നിങ്ങള്‍ നിങ്ങളുടെ രണ്ടു മക്കളെയും സ്‌നേഹിക്കുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്നതിനാല്‍ നിങ്ങള്‍ക്കു കോപം വരുന്നു. നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവിടെ നടക്കുന്ന കാര്യം അവഗണിച്ച് നിങ്ങള്‍ ദേഷ്യപ്പെടാതിരിക്കും. എന്നാല്‍ സ്‌നഹം ഉള്ളതുകൊണ്ട് ദുഷ്ടതയ്‌ക്കെതിരെ ദേഷ്യപ്പെടുന്നു. സ്‌നേഹം നീതി ആവശ്യപ്പെടുന്നു. മൂത്ത കുട്ടി ഇളയ കുട്ടിയെ മുറിവേല്പിച്ചതിനാല്‍ നിങ്ങള്‍ മൂത്ത കുട്ടിയെ ശിക്ഷിക്കുന്നു. അസീരിയയോട് ദൈവം ചെയ്തതും ഇതു തന്നെ. മറ്റുള്ളവരെ ഉപദ്രവിക്കുന്നവരോട് ദൈവം ഇതേ കാര്യം തന്നെ ചെയ്യും. ന്യായവിധി ദിവസത്തില്‍ ഇതു നാം വ്യക്തമായി തന്നെ കാണും.

നഹൂമിന്റെ പുസ്തകം പഠിക്കുന്നതിനാല്‍ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ ഉള്ള സംസാരവും പ്രവൃത്തികളും നിങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുവാന്‍ വളരെ ശ്രദ്ധിക്കും എന്നു ഞാന്‍ കരുതുന്നു. ദൈവഭൃത്യനാകുവാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നുവോ? എങ്കില്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെയും നിങ്ങളോടു യോജിക്കാത്തവര്‍ക്കെതിരെയും ഉള്ള നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധിക്കുക.

1:7-10 വരെയുള്ള ഭാഗത്ത് ദൈവത്തിന് തന്റെ സ്‌നേഹിതരോടും ശത്രുക്കളോടുമുള്ള മനോഭാവത്തെ നമുക്കു കാണാം. ഒന്നാമതായി തന്റെ വചനത്തോട് അനുതാപത്തോടെ പ്രതികരിക്കുന്നവരോടുള്ള തന്റെ മനോഭാവം നമുക്കു നോക്കാം. അവരോട് അവിടുന്നു നല്ലവനാണ്. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അവിടുന്ന് അവര്‍ക്കു ശക്തമായ അഭയസ്ഥാനമാണ്. നിങ്ങള്‍ നിങ്ങളെ തന്നെ താഴ്ത്തി ഈ പ്രവാചകന്മാരുടെ ശക്തമായ താക്കീതുകളോട് പ്രതികരിക്കുന്നു എങ്കില്‍ ദൈവം നിങ്ങളോടും നന്മ കാണിക്കും. ബുദ്ധിമുട്ടില്‍ ദൈവം നിങ്ങള്‍ക്കൊരു അഭയസ്ഥാനമായിരിക്കും. ഒരു പിതാവ് തന്റെ ചെറിയ മകനെ മറ്റുള്ളവരുടെ ഉപദ്രവത്തില്‍ നിന്നു സംരക്ഷിക്കുന്ന രീതിയില്‍ അവിടുന്നു നിങ്ങളെ കാത്തുകൊള്ളും. തന്നില്‍ ആശ്രയിക്കുന്ന സകലരേയും കര്‍ത്താവ് അറിയുന്നു. അങ്ങനെയുള്ള ഒരുവനേയും അവിടുന്നു മറക്കുന്നില്ല. നിങ്ങള്‍ ബലഹീനനും ദരിദ്രനും ആശയറ്റവനും ആകാം. എന്നാല്‍ നിങ്ങള്‍ തന്നില്‍ ആശ്രയിക്കുന്നവനാണെങ്കില്‍ ദൈവം നിങ്ങളെ വ്യക്തിപരമായി അറിയുന്നു.

അടുത്ത വാക്യങ്ങളില്‍ ദൈവം തന്റെ ശത്രുക്കളോടുള്ള മനോഭാവത്തെ വ്യക്തമാക്കുന്നു: ‘കവിഞ്ഞൊഴുകുന്ന പ്രവാഹം കൊണ്ട് അവന്‍ തന്റെ ശത്രുക്കള്‍ക്കു മുടിവു വരുത്തും” (1:8). ~ഒരു വെള്ളപ്പൊക്കം വരുമ്പോള്‍ അതു സകലരേയും ഒരു നിമിഷം കൊണ്ട് തുടച്ചുമാറ്റും. ദൈവത്തിന്റെ ശത്രുക്കളുടെമേല്‍ തന്റെ ശിക്ഷാവിധി ഈ മട്ടില്‍ ആയിരിക്കും. ”തന്റെ ശത്രുക്കളെ അവിടുന്നു രാത്രിയുടെ അന്ധകാരത്തില്‍ പിന്തുടരുന്നു.” തന്റെ വചനത്തെ ഗൗരവമായി എടുക്കാത്തവരെ നശിപ്പിക്കുവാന്‍ തക്കവണ്ണം ദൈവം അവരെ എങ്ങനെ പിന്തുടരുന്നു എന്ന കാര്യം പ്രവാചകന്‍ ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു: ”നിങ്ങള്‍ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? ഒരൊറ്റ അടികൊണ്ട് അവിടുന്നു നിന്നെ നശിപ്പിക്കും. രണ്ടാമത് അടിക്കേണ്ടി വരികയില്ല. തന്റെ ശത്രുക്കളെ അവിടുന്ന് അടിക്കുമ്പോള്‍ അവര്‍ ആടി നടക്കുന്ന മദ്യപന്മാരെ പോലെയും പാടത്തെ ഉണങ്ങിയ വൈക്കോല്‍ പോലെയും ആയിത്തീരും. കര്‍ത്താവിനെതിരെ ദോഷകരമായ ഗൂഢാലോചന നടത്താന്‍ ധൈര്യപ്പെടുന്ന നിന്റെ ഈ രാജാവ് ആരാണ്?” (1:9,10 സ്വതന്ത്ര തര്‍ജ്ജമ).

അസീരിയയുടെ ഏതെല്ലാം പാപങ്ങളാണ് ദൈവത്തെ ഇത്രയേറെ കോപിപ്പിച്ചത്? ഒന്നാമതായി ദൈവത്തിനെതിരായ അഹങ്കാരവും രണ്ടാമതായി മറ്റുള്ളവരുടെ അവസരം ചൂഷണം ചെയ്ത് അവരെ മുതലെടുക്കുകയും ചെയ്ത പ്രവൃത്തിയും. പ്രവാചകന്മാര്‍ എപ്പോഴും ഊന്നിപ്പറഞ്ഞ രണ്ടു സംഗതികള്‍ ഇവയാണ്- ദൈവത്തോടുള്ള ആളുകളുടെ മനോഭാവവും മറ്റുള്ള ആളുകളോട് അവര്‍ പുലര്‍ത്തേണ്ട മനോഭാവവും. ഭൂരിപക്ഷം വിശ്വാസികളും ഈ പ്രവചന പുസ്തകങ്ങള്‍ ആവശ്യാനുസരണം വായിക്കാത്തതു മൂലം അവര്‍ ദൈവത്തോടുള്ള ബന്ധത്തില്‍ അഹങ്കാരികളും മറ്റുള്ളവരോടു ക്രൂരത പുലര്‍ത്തുന്നവരുമാണ്. ഈ പ്രവചന പുസ്തകങ്ങള്‍ വിരസമായവയാണ് എന്നു പല വിശ്വാസികളും പറയാറുണ്ട്. ഇതു തന്നെയാണ് നിങ്ങള്‍ പറയണം എന്നു സാത്താന്‍ ആഗ്രഹിക്കുന്നതും. ഇതു നിമിത്തം അഹങ്കാരത്തിനെതിരെയുള്ള ദൈവകോപവും തങ്ങളുടെ തന്നെ ഹൃദയ കാഠിന്യവും ആളുകള്‍ മനസ്സിലാക്കാതെ പോകും.

ചില ദൈവവചന ഭാഗങ്ങള്‍ വായിക്കുന്നത് കഠിനാദ്ധ്വാനം തന്നെ. എങ്കിലും ഈ പ്രവചന പുസ്തകങ്ങള്‍ വായിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കട്ടെ. ദൈവഹൃദയത്തിലേക്കു പ്രവേശിച്ച് ദൈവം ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വായന ഇടയാക്കും. തുടര്‍ച്ചയായി ഈ കാര്യങ്ങള്‍ വായിച്ചാല്‍ ഈ സന്ദേശം നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും ദൈവം പാപത്തെ വെറുക്കുന്നു എന്ന സത്യം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ എഴുതപ്പെടുകയും ചെയ്യും. ഫലം, പിന്നീട് ഇത്തരം പാപങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ ഭയപ്പെടുകയും വിറയ്ക്കുകയും ചെയ്യും.

ദൈവത്തിന്റെ ശിക്ഷണവും കോപവും തമ്മില്‍ അന്തരം ഉണ്ട്. ഇവിടെ യിസ്രായേലിനോട് ദൈവം പറയുന്നത് ശ്രദ്ധിക്കുക: ”എന്റെ മക്കളെ, ഞാന്‍ നിങ്ങളെ മതിയാവുംവണ്ണം ശിക്ഷിച്ചിരിക്കുന്നു. ഇനിയും നിന്റെ ബന്ധങ്ങള്‍ അറുത്തു കളഞ്ഞ് നിന്നെ നിന്റെ അടിമ നുകത്തില്‍ നിന്നു ഞാന്‍ മോചിപ്പിക്കും” (1:12,13). എന്നാല്‍ ”ഞാന്‍ നിന്റെ ശവക്കുഴി കുഴിക്കും” എന്ന് അസീരിയ രാജാവിനോട് ദൈവം പറയുന്നു (1:14).

”നീ വിധിക്കപ്പെടുവാന്‍ പോവുകയാണ്” (1:14) എന്നു ദൈവം അസീരിയക്കാരോടും പറയുന്നു: ”ഇതാ പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താ ദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍… ദുഷ്ടന്‍ ഇനി നിന്നില്‍ കൂടി കടക്കയില്ല. അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു” (1:15) എന്നു ദൈവം യിസ്രയേലിനോട് പറയുന്നു. സാത്താന്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന സദ്വര്‍ത്തമാനം പ്രഘോഷിക്കുന്നതിന്റെ ചിത്രമാണിത്. യെശയ്യാവ് 52:7-ല്‍ ഉള്ള സമാനമായ ഈ വചനം ശ്രദ്ധിക്കുക: ”സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട് നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാര്‍ത്താ ദൂതന്റെ കാല്‍ പര്‍വ്വതങ്ങളില്‍ എത്ര മനോഹരം!” ദൈവം വാഴുന്നു എന്ന കാര്യമാണ് ഇവിടെ യെശയ്യാവില്‍ ഊന്നിപ്പറയുന്നത്. എന്നാല്‍ ദൈവത്തിന്റെ ശത്രുവിന്റെ പരാജയത്തിനാണ് നഹൂമില്‍ ഊന്നല്‍ കൊടുക്കുന്നത്.

സാത്താന്റെയും അവന്റെ രാജ്യത്തിന്റെയും ഒരു ചിത്രമാണ് അസീരിയ കാണിക്കുന്നത്. ”എന്റെ മക്കളെ നിങ്ങള്‍ ഭയപ്പെടേണ്ട. സാത്താന്‍ പരാജയപ്പെട്ടിരിക്കുന്നു. അവന്റെ രാജ്യം നശിപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന സുവാര്‍ത്തയാണ് നാം ആളുകളോട് ഉദ്‌ഘോഷിക്കേണ്ടത്. ജനങ്ങളുടെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന സുവിശേഷമാണ് ഭൂരിപക്ഷം ആളുകളും ഉദ്‌ഘോഷിക്കുന്നത്. അതു നല്ലതു തന്നെ. എന്നാല്‍ അത് സുവിശേഷത്തിന്റെ ഒരു ഭാഗം മാത്രമാണ്. യേശു ക്രൂശില്‍ മരിച്ചതിന് പല കാരണങ്ങള്‍ ഉണ്ട്. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാനായി അവിടുന്നു ക്രൂശില്‍ മരിച്ചു. അതുപോലെ പാപത്തെ നാം ഒരിക്കലും സേവിക്കാതിരിക്കുവാന്‍ വേണ്ടിയാണു നമ്മുടെ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നത്. ന്യായപ്രമാണത്തിന്റെ ശാപം നമ്മുടേമേല്‍ ആകാതിരിക്കുവാന്‍ വേണ്ടി അവിടുന്നു മരിച്ചു. അവിടുന്നു ക്രൂശില്‍ മരിച്ചതിന്റെ മറ്റൊരു കാരണം സാത്താന്‍ പൂര്‍ണമായി പരാജയപ്പെടുവാന്‍ വേണ്ടിയാണ്. ”നിന്റെ ശത്രു പരാജിതനായിരിക്കുന്നു. നിന്നില്‍ അവന് ഒരു അധികാരവും ഇല്ല” എന്ന സന്ദേശമാണ് നഹൂം നല്കുന്നത്. സാത്താനും പാപത്തിനും ദൈവമക്കളുടെ മേല്‍ ഒരു അധികാരവും ഇല്ല എന്ന സുവാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിങ്ങള്‍ പ്രസംഗിക്കുന്നുണ്ടോ?

നഹൂമിന്റെ പ്രവചനത്തിനു ശേഷം കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസീരിയായിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യാശയും പിന്നെ ശേഷിച്ചിരുന്നില്ല (അസീരിയയുടെ തലസ്ഥാനമായിരുന്നു നിനെവേ). ഈ സമയത്തെ അവിടുത്തെ തലമുറ യോനയുടെ കാലത്തെപ്പോലെ ആയിരുന്നില്ല. ദൈവത്തിന്റെ വിളിയെ വീണ്ടും വീണ്ടും അവര്‍ തള്ളിക്കളഞ്ഞു. അതിനാല്‍ ദൈവം ഇവര്‍ക്കു മാനസാന്തരപ്പെടുവാന്‍ തുടര്‍ന്ന് ഒരു അവസരവും നല്കിയില്ല. ദൈവം ഇവര്‍ക്കായി വളരെ നാള്‍ കാത്തിരുന്നു. ഇപ്പോഴിതാ ഇവരുടെ മുന്‍പിലുള്ള വാതില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. അസീരിയ പാപത്തില്‍ തന്നെ തുടര്‍ന്നതിനാല്‍ രാജ്യത്തിന്റെയും ജനത്തിന്റെയും മുന്‍പില്‍ ദൈവം വരച്ച ചുവന്ന രേഖ ഒടുവില്‍ അവര്‍ മറികടന്നു. മരണത്തിനുള്ള പാപം ഉണ്ട്. ആ ചുവന്ന രേഖ മറികടന്ന ജനങ്ങളെ കുറിച്ച് പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് ബൈബിള്‍ പറയുന്നു (1 യോഹന്നാന്‍ 5:16). ഒരു വ്യക്തിക്ക് പാപത്തില്‍ തന്നെ തുടര്‍ന്ന് അയാളുടെ ഹൃദയത്തെ കഠിനപ്പെടുത്തി ദൈവവിളിയെ തള്ളിക്ക ളയാം. അങ്ങനെ ആ വ്യക്തി ഒരു ദിവസം ചുവന്ന രേഖ മറികടന്നാല്‍ പിന്നീട് മാനസാന്തരപ്പെടുവാന്‍ ഒരാഗ്രഹവും അയാള്‍ക്ക് ഉണ്ടായിരിക്കുകയില്ല. അയാള്‍ക്ക് ഒരു പ്രത്യാശയും അവശേഷിക്കുന്നില്ല (സദൃ. 29:1). ആ സമയത്ത് ഈ വ്യക്തി പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുന്നതിനാല്‍ പാപക്ഷമയ്ക്കും സാദ്ധ്യതയില്ല. ഒരു വിശ്വാസി പാപത്തില്‍ തുടര്‍ന്ന് ദൈവത്തിന്റെ അവനോടുള്ള അപേക്ഷകളെ തള്ളിക്കളയുന്നത് വളരെ അപകടകരമായ കാര്യമാണ്.

അസീരിയ, യിസ്രായേല്‍ ദേശത്തെ നശിപ്പിക്കുകയും പല രീതിയില്‍ ആളുകളെ മുറിപ്പെടുത്തുകയും ചെയ്തു (2:2). എന്നാല്‍ കര്‍ത്താവ് യിസ്രായേലിന്റെ മഹത്വത്തെയും ശക്തിയേയും പുനഃസ്ഥാപിക്കും. അസീരിയ നശിപ്പിക്കപ്പെടുകയും അതിന്റെ സകല സമ്പത്തും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയെന്നു നഹൂം വിവരിക്കുന്നു (2:9). ചില വര്‍ഷങ്ങള്‍ക്കു ശേഷം ബാബിലോന്യര്‍ വന്ന് അസീരിയയെ നശിപ്പിക്കയും അവരുടെ സമ്പത്ത് എടുത്തു കൊണ്ടു പോകയും ചെയ്തപ്പോള്‍ ഈ പ്രവചനം നിറവേറി. ഒരിക്കല്‍ നിനെവേ, പടവെട്ടുവാനും ധൈര്യം കാണിക്കുവാനും സമര്‍ത്ഥനായ ശക്തിയുള്ള സിംഹമായിരുന്നു (2:11,12). ബാലസിംഹങ്ങള്‍ക്കു ഇര കൊടുക്കുവാനായി അവര്‍ തങ്ങളുടെ ശത്രുക്കളെ തകര്‍ത്തു. അവര്‍ തടവില്‍ പിടിച്ചവര്‍, കൊള്ളമുതല്‍ എന്നിവ കൊണ്ടു തങ്ങളുടെ നഗരങ്ങളെയും വീടുകളെയും നിറച്ചു. ഈ രീതിയില്‍ അവര്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു. പാവപ്പെട്ടവരുടെ ചെലവില്‍ അവര്‍ സമ്പന്നരായി തീര്‍ന്നു. ഇതുപോലെ ഇന്ന് പാവപ്പെട്ടവരെ ചൂഷണം ചെയ്തു പ്രസംഗകര്‍ തങ്ങളെ തന്നെ സമ്പന്നരാ ക്കുന്നു. നിനെവേയെ ദൈവം ശിക്ഷ വിധിച്ചതില്‍ നിന്നു വ്യത്യസ്തമായി ദൈവം ഈ പ്രസംഗകരെ വിധിക്കും എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? ആളുകള്‍ പണം സമ്പാദിക്കുവാന്‍ താല്പര്യപ്പെടുന്നു എങ്കില്‍ അവര്‍ ബിസിനസ്സ് നടത്തട്ടെ. ക്രിസ്തീയ വേലയ്ക്കല്ല അവര്‍ പോകേണ്ടത്. പണം ഉണ്ടാക്കുവാനുള്ള സ്ഥലം ഇതല്ല. ഈ പ്രസംഗകര്‍ നിനെവേയെ അപേക്ഷിച്ച് കൂടുതല്‍ വെളിച്ചം ലഭിച്ചവരാ യിരുന്നു. അതുകൊണ്ട് ഇവര്‍ പാവപ്പെട്ട വിശ്വാസികളെ പിഴിഞ്ഞ് സമ്പന്നരായാല്‍ വാസ്തവത്തില്‍ ഇവര്‍ക്കു ലഭിക്കുന്ന ശിക്ഷ മറ്റുള്ളവര്‍ക്കുള്ളതിനെക്കാള്‍ ഏറെ അധികമായിരിക്കും.

”കവര്‍ച്ച മൂലം നിങ്ങള്‍ വീടുകള്‍ നിറച്ചിരിക്കുന്നു” (2:12). പ്രസംഗകനേ, പാവപ്പെട്ടവരില്‍ നിന്നു കിട്ടിയ കാശുകൊണ്ട് നീ നിന്റെ വീടു നിറച്ചിരിക്കുന്നുവോ? എങ്കില്‍ കര്‍ത്താവ് പറയുന്നു: ”ഞാന്‍ നിന്റെ ശത്രുവാണ്. നിങ്ങളെ വിധിക്കും. ഇനി നിങ്ങള്‍ പാവങ്ങളെ കൊള്ളയടിക്കുകയില്ല” (2:13).

നിനെവേയുടെ നാശത്തിനുള്ള കാരണങ്ങള്‍

പകരം വീട്ടുവാന്‍ കഴിവില്ലാത്തവര്‍ക്കുവേണ്ടി ദൈവം പ്രതികാരം ചെയ്യുന്നതായി ഇവിടെ നമുക്കു കാണാം. ”അവള്‍ അവളുടെ സൗന്ദര്യം കൊണ്ട് ജാതികളെ വശീകരിക്കയും വ്യാജ ദൈവങ്ങളെ ആരാധിക്കുവാന്‍ പഠിപ്പിക്കയും ചെയ്തിരിക്കയാല്‍ നിനെവേയുടെ മേല്‍ ദൈവത്തിന്റെ ശിക്ഷാവിധി വന്നിരിക്കുന്നു”(3:4). നിനെവേ, ജാതികളെ വശീകരിക്കയും പിന്നീട് അവരെ നശിപ്പിക്കയും ചെയ്തു. ഇന്നത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളുടേതുപോലെ നിനെവേയുടെ ലൗകിക ആകര്‍ഷണീയത അന്നു വളരെ ശക്തമായിരുന്നു. ഇവിടെയുള്ള മുന്നറിയിപ്പ് ഇതാണ്: ”ലൗകികമായ ഏതെങ്കിലും കാര്യത്താല്‍ ആകൃഷ്ടനാവുന്നതു സൂക്ഷിക്കുക. അതു ദൈവികമായ ഒന്നല്ല. ദൈവം അതിനെ നശിപ്പിക്കുമ്പോള്‍ നിങ്ങളും നശിപ്പിക്കപ്പെടും.” ലോകത്തില്‍ ആകര്‍ഷകമായ ധാരാളം കാര്യങ്ങള്‍ ഉണ്ട്. സാത്താന്‍ ഇവയാല്‍ നിങ്ങളെ പരീക്ഷിക്കും. ”വീണ് എന്നെ നമസ്‌കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം” എന്നു സാത്താന്‍ യേശുവിനോടു പോലും പറഞ്ഞ് അവനെ പരീക്ഷിച്ചതാണ്. ഏതെങ്കിലും മേഖലകളില്‍ സാത്താനെ നമസ്‌ക്കരിക്കുന്ന വര്‍ക്ക് ഇന്നും സാത്താന്‍ ലോകത്തിന്റെ എല്ലാ ആകര്‍ഷകമായ കാര്യങ്ങളും കൊടുക്കുന്നു. പല വിശ്വാസികളും ഈ കാര്യം ചെയ്തതായും അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചതായും ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഇത് ഒരു താക്കീതായി നിങ്ങള്‍ എടുക്കുക.

കര്‍ത്താവ് നിനെവേയോട് ചോദിക്കുകയാണ്: ”നൈല്‍ നദിയുടെ മധ്യത്തില്‍ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോന്‍ എന്ന നഗരത്തെക്കാള്‍ നീ മെച്ചമാണോ? കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു. പൂത്യരും ലൂബ്യരും അവളുടെ സഹായികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നിട്ടും അവള്‍ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടി വന്നു” (3:8-10). വെള്ളത്താല്‍ എല്ലാ വശത്തും ചുറ്റപ്പെട്ടതിനാലും, മിത്രങ്ങളാല്‍ സംരക്ഷിക്കപ്പെട്ടതിനാലും നോ-അമ്മോന്‍, ഈജിപ്തിലെ കീഴടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പട്ടണമായിരുന്നു. അവസാനം അസീരിയ നോ-അമ്മോനെയും കീഴടക്കി. അപ്പോള്‍ കര്‍ത്താവ് അസീരിയയോട് പറയുകയാണ്: ”ഇതേ കാര്യം ഇപ്പോള്‍ നിനക്കും ഭവിക്കും.”

ശൗല്‍ രാജാവിന്റെ ശുശ്രൂഷ ദാവീദിനു കൊടുത്തതുപോലെ ഒരാളുടെ പിന്‍മാറ്റം മൂലം അയാളുടെ ശുശ്രൂഷ അയാളില്‍ നിന്നെടുത്തു ദൈവം നമുക്കു നല്കുവാന്‍ സാദ്ധ്യത ഉണ്ട്. എന്നാല്‍ ”ഞാന്‍ മറ്റവനെക്കാള്‍ ഉത്തമനാണ്” എന്ന് അഹങ്കാരത്തോടെ ചിന്തിക്കുന്നത് സൂക്ഷിച്ചുകൊള്ളുക. മറ്റവനു സംഭവിച്ച അതേ അനുഭവം നിനക്കും വരാം. ”മറ്റുള്ളവരോടു പ്രസംഗിച്ച ശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പോകുവാന്‍ സാധ്യത ഉണ്ട്” എന്ന് പ്രധാന അപ്പൊസ്തലനായ പൗലൊസ് പറയുന്നു (1 കൊരി. 9:27). താഴ്മയിലും ദൈവഭയത്തിലും പൗലൊസ് ജീവിച്ചതിനാല്‍ അവന്‍ അയോഗ്യനായി തീര്‍ന്നില്ല. അവള്‍ ശിക്ഷിക്കപ്പെടുകയും അവളുടെ സൈനിക സംഘം സ്ത്രീകളെ പോലെ ബലഹീനരായി തീരുകയും ചെയ്യും എന്ന് കര്‍ത്താവ് നിനെവേയെക്കുറിച്ചു പറയുന്നു. അവളുടെ മുറിവിനു ശമനം ഇല്ല. അവളുടെ മേല്‍ ഉള്ള ദൈവത്തിന്റെ ശിക്ഷാവിധിയെ സകലരും അംഗീകരിക്കും (3:11-19).

ഒരു ദിവസം സകല മനുഷ്യരും ദൈവത്തിന്റെ അന്ത്യ ന്യായവിസ്താരത്തില്‍ നില്‍ക്കേണ്ടിവരും. നരകത്തില്‍ നിന്ന് ആളുകളെ വലിച്ചെടുത്ത് അവരെ വീണ്ടും ശരീരത്തില്‍ പ്രവേശിപ്പിച്ച് അന്തിമ ന്യായവിസ്താരത്തില്‍ ദൈവം നിറുത്തുന്നത് എന്തിനുവേണ്ടിയാണ്? (വെളി. 20:11,12). അതിനൊരു കാരണം ഉണ്ട്. എന്തിനു വേണ്ടിയാണ് ഈ ആളുകളെ നരകത്തിലേക്കയയ്ക്കുന്നത് എന്ന് ലോകത്തിലെ സകല മനുഷ്യരും അറിയണം. ആ ദിവസം ലോകത്തിലെ സകലരും ദൈവത്തിന്റെ ന്യായവിധി അംഗീകരിക്കും. നരകത്തിലേക്കു പോയ ഒരാള്‍ അത് അര്‍ഹിക്കുന്നോ എന്ന സംശയം ഒരാള്‍ക്കു പോലും കാണുകയില്ല. ‘അയാള്‍ നല്ല മനുഷ്യനാണ്; നരകത്തില്‍ പോകാന്‍ സാദ്ധ്യതയില്ല’ എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഈ ദിവസം സകല മനുഷ്യരുടേയും വിചാരങ്ങളും രഹസ്യജീവിതവും ദൈവം വെളിപ്പെടുത്തും. അന്ന് എല്ലാവരുടെയും സകല സംശയങ്ങളും മാറും. സകല ലോകവും ദൈവത്തിന്റെ ന്യായവിധിയെ സര്‍വാത്മനാ അംഗീകരിക്കും. ഈ കാര്യമാണ് നഹൂം നിനെവേയെക്കുറിച്ചുള്ള തന്റെ പ്രവചനത്തിലൂടെ നമ്മെ എല്ലാം ഓര്‍മ്മിപ്പിക്കുന്നത്.