ബൈബിളിലൂടെ : രൂത്ത്

ദൈവത്തിന്റെ പരമാധികാരത്തിലുള്ള തിരഞ്ഞെടുപ്പ്


രൂത്തിന്റെ പുസ്തകം വളരെ രസകരമായ ഒരു കഥയാണ്, അത് ഒരു മോവാബ്യ സ്ത്രീയെക്കുറിച്ചുള്ളതാണ്. രൂത്ത് ഒരു യെഹൂദ്യസ്ത്രീ ആയിരുന്നില്ല. നാം നേരത്തെ കണ്ടിട്ടുള്ളതുപോലെ, ലോത്ത് തന്റെ സ്വന്തം മകളുമായി വ്യഭിചാരം ചെയ്തതിലൂടെ ജനിച്ച പുത്രന്മാരില്‍ ഒരാളാണ് മോവാബ്. ഈ മോവാബ്യരുടെ കൂട്ടത്തില്‍ രൂത്ത് എന്നു പേരുള്ള ഒരു യുവതി ഉണ്ടായിരുന്നു. അവള്‍ക്ക് വളരെ മോശമായ ഒരു പാരമ്പര്യമാണ് ഉണ്ടായിരുന്നത്. എന്നിട്ടും അവള്‍ ദാവീദിന്റെ വലിയ മുത്തശ്ശി ആയിത്തീരുകയും അങ്ങനെ യേശുക്രിസ്തുവിന്റെ പൈതൃക നിരയില്‍ വരികയും ചെയ്തു. വ്യഭിചാരത്തിലൂടെയും നിഷിദ്ധ സംഗമത്തിലൂടെയും ജനിച്ച കുഞ്ഞുങ്ങളോടുള്ള ദൈവസ്‌നേഹം നാം ഇവിടെ കാണുന്നു.

നിങ്ങളില്‍ ചിലര്‍ മോശമായ ഒരു കുടുംബ പാരമ്പര്യം ഉള്ളവരോ അല്ലെങ്കില്‍ നിങ്ങള്‍ തന്നെ കഴിഞ്ഞകാലത്ത് വളരെ ദോഷകരമായ ഒരു ജീവിതം നയിച്ചവരോ ആയിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ അമ്മ വിവാഹിതയാകുന്നതിനു മുമ്പ് നിങ്ങള്‍ ജനിച്ചിരിക്കാം. അല്ലെങ്കില്‍ അവള്‍ ഒരു വ്യഭിചാരിണി ആയിരുന്നിരിക്കാം. ഒരു നിഷിദ്ധ ബന്ധത്തിലൂടെ ആയിരിക്കാം നിങ്ങള്‍ ജനിച്ചിരിക്കുന്നത്. അതൊന്നും കാര്യമല്ല. മനുഷ്യര്‍ നിങ്ങളെ തള്ളിക്കളയുകയും നിന്ദിക്കുകയും ചെയ്യുമായിരിക്കാം. എന്നാല്‍ ദൈവം അങ്ങനെ ചെയ്യുകയില്ല. അപ്പോഴും നിങ്ങള്‍ക്ക് ഒരു വിശുദ്ധനായിരിക്കാന്‍ കഴിയും. രൂത്തിന്റെ പുസ്തകത്തില്‍ നിന്നു നമുക്കു ലഭിക്കുന്ന പ്രോത്സാഹനം അതാണ്. അവള്‍ അത്തരം ഒരു വര്‍ഗ്ഗത്തില്‍ നിന്നു വന്നു എന്ന കാരണത്താല്‍ ദൈവം അവളെ കുറ്റം വിധിച്ചുമില്ല.

”ഒരു മോവാബ്യനും യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറ പോലും ഒരു നാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്” (ആവര്‍ത്തന പുസ്തകം 23:3) എന്നു പറയുന്ന ഒരു നിയമം ദൈവം യിസ്രായേല്യര്‍ക്കു നല്‍കിയിട്ടുണ്ട്. എന്നിട്ടും രൂത്തിന്റെ കാര്യത്തില്‍ വന്നപ്പോള്‍ ദൈവം ആ നിയമം മറികടന്നു. ദൈവം അവളുടെ ഹൃദയത്തിലേക്കു നോക്കിയപ്പോള്‍ അവള്‍ പരമാര്‍ത്ഥതയോടെ ദൈവത്തെ അന്വേഷിച്ചു എന്ന് അവിടുന്നു കണ്ടു- അതുകൊണ്ട് ദൈവം അവളെ കൈക്കൊണ്ടു. രൂത്തിന്റെ ചെറുമകന്റെ മകന്‍, ദാവീദ്, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിത്തീര്‍ന്നു. ഈ മോവാബ്യ സ്ത്രീയില്‍ തുടങ്ങി നാലാം തലമുറയിലെ ശലോമോനാകട്ടെ ദൈവത്തിന്റെ ആലയത്തില്‍ പ്രവേശിക്കുന്നത് നിഷേധിക്കപ്പെടുന്നതിന് പകരമായി, വാസ്തവത്തില്‍ ആ ദൈവാലയം പണിയുകയാണുണ്ടായത്!

രൂത്ത് നടത്തിയ തിരഞ്ഞെടുപ്പ്

രൂത്തിന്റെ വിവാഹത്തിന്റെ കഥ രസകരമായ ഒന്നാണ്. യിസ്രായേലില്‍ ഒരു ക്ഷാമം ഉണ്ടായപ്പോള്‍ എലീമേലെക്കും അയാളുടെ ഭാര്യ നൊവൊമിയും രണ്ടു പുത്രന്മാരോടു കൂടെ മോവാബ് ദേശത്തേക്കു പോയി. ഈ പുത്രന്മാര്‍ വളര്‍ന്നപ്പോള്‍, അവര്‍ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ ലംഘിച്ചുകൊണ്ട്, മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ചു. പിന്നീട് എലീമേലെക്ക് മരിച്ചു. ഈ രണ്ടു പുത്രന്മാരും മരിച്ചു. നൊവൊമി കരുണയുള്ള ഒരു സ്ത്രീ ആയിരുന്നതു കൊണ്ട്, അവളുടെ രണ്ടു മരുമക്കളായിരുന്ന രൂത്തിനോടും ഓര്‍പ്പയോടും, അവരുടെ സ്വന്ത ദേശത്തേക്കു മടങ്ങിപ്പോയി പുതിയ ഭര്‍ത്താക്കന്മാരെ കണ്ടുപിടിക്കുവാന്‍ പറഞ്ഞു (1:8).

ഇതു കേട്ടപ്പോള്‍ രൂത്തും ഓര്‍പ്പയും ഉറക്കെ നിലവിളിച്ചു (1:9,14). ഓര്‍പ്പ അപ്പോള്‍ അവളുടെ അമ്മാവിയമ്മയെ ചുംബിച്ചു കൊണ്ടു പറഞ്ഞു: ”ശുഭം സംഭവിക്കട്ടെ, അമ്മേ, ഞാന്‍ എന്റെ വീട്ടിലേക്കു തിരിച്ചു പോയി മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്താം. എന്റെ സ്വന്ത ജീവിതത്തിന്റെ കാര്യം ഞാന്‍ തന്നെ സൂക്ഷിക്കേണ്ടതുണ്ട്.” എന്നാല്‍ രൂത്ത് നൊവൊമിയോടു പറ്റിച്ചേര്‍ന്നു നിന്നു. അവള്‍ സത്യ ദൈവത്തെക്കുറിച്ചു ചില കാര്യങ്ങള്‍ നൊവൊമിയില്‍ നിന്നു പഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഭര്‍ത്താവിനെ ആഗ്രഹിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ദൈവത്തെ ആരാധിക്കുവാനും സേവിക്കുവാനും അവള്‍ ആഗ്രഹിച്ചു. അവിടെ ഒരു വഴിത്തിരിവ് ഉണ്ടായി. ഓര്‍പ്പാ തെറ്റായ വഴി തിരഞ്ഞെടുത്തു. രൂത്ത് ശരിയായ വഴിയില്‍ തിരിഞ്ഞു- അത് നിത്യത മുഴുവനും ഉള്ള എല്ലാ കാര്യങ്ങള്‍ക്കും വ്യത്യാസ മുണ്ടാക്കി. പിന്നീട് നാം ഒരിക്കലും ഓര്‍പ്പയെക്കുറിച്ചു കേള്‍ക്കുന്നില്ല. അവള്‍ എവിടെ ആയിരുന്നാലും, സംശയമെന്യേ തന്റെ തിരഞ്ഞെടുപ്പോര്‍ത്ത് ദുഃഖിക്കുന്നുണ്ടാകും.

നമ്മുടെ ജീവിതത്തിലും അനേകം തവണ വഴിത്തിരിവുകളിലേക്കു വരാറുണ്ട്. നിങ്ങളുടെ മുന്നില്‍ രണ്ടു വഴികള്‍ കാണിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ കേട്ടേക്കാം. നിങ്ങളില്‍ ചിലര്‍ ഇപ്പോള്‍ തന്നെ ആ തിരഞ്ഞടുപ്പ് അഭിമുഖീകരിക്കുന്നുണ്ടാകും. വഴിത്തിരിവുകള്‍ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. കാരണം നിങ്ങള്‍ ഒരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. രൂത്ത് നൊവൊമിയോട് ഇപ്രകാരം പറഞ്ഞു: ”നിന്നെ വിട്ടു പിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” (വാക്യം 16). ആ ദിവസം അവള്‍ ഒരു ഉറച്ച തീരുമാനം എടുത്തു. അതുകൊണ്ട് ഇന്ന്, ദൈവത്തിന്റെ സന്നിധിയില്‍, അവള്‍ക്ക് ഒരു ദുഃഖവുമില്ല.

രൂത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നു നൊവൊമി കണ്ടപ്പോള്‍ തന്റെ കൂടെ യിസ്രായേലിലേക്കു മടങ്ങിപ്പോരുവാന്‍ നൊവൊമി രൂത്തിനെ അനുവദിച്ചു (1:18). അങ്ങനെ അവര്‍ എലീമേലെക്കിന്റെ ബേത്‌ലഹേം എന്ന ജന്മ പട്ടണത്തിലേക്കു വന്നു. അപ്പോള്‍ നൊവൊമി പറഞ്ഞു: ”നിറഞ്ഞവളായി ഞാന്‍ പോയി, എന്നാല്‍ ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു.” തന്റെ മുന്നില്‍ വരാനിരിക്കുന്നതെന്താണെന്നു നൊവൊമി അറിഞ്ഞിരുന്നെങ്കില്‍! ചിലപ്പോള്‍ നാമും നൊവൊമിയെപ്പോലെ, യഹോവ ഞങ്ങളെ ഒഴിഞ്ഞവരായി മടക്കിവരുത്തി, അല്ലെങ്കില്‍, കര്‍ത്താവു ഞങ്ങള്‍ക്കെതിരാണ്, അല്ലെങ്കില്‍ സര്‍വ്വശക്തനായ കര്‍ത്താവു കഷ്ടപ്പെടുത്തുന്നു എന്നൊക്കെ പരാതിപ്പെടാറുണ്ട് (വാക്യം 21). ദൈവത്തെക്കുറിച്ച് അങ്ങനെ പരാതിപ്പെട്ടത് വാസ്തവത്തില്‍ നൊവൊമിയുടെ എത്ര വലിയ വിവേക ശൂന്യതയായിരുന്നു! എന്നാല്‍ അമ്മാവിയമ്മ വിവേകശൂന്യ ആയിരുന്നെങ്കിലും, രൂത്ത് സ്വയമായി പരാതിപ്പെട്ടില്ല. അവള്‍ സത്യദൈവത്തെ കണ്ടുമുട്ടിയതില്‍ ദൈവത്തോടു നന്ദിയുള്ളവളായിരുന്നു. വളരെ നല്ല ഒരു മരുമകള്‍ ആയതുകൊണ്ട് അവള്‍ തന്റെ അമ്മാവിയമ്മയെ സംരക്ഷിച്ചു. ആളുകള്‍ അതു കണ്ടു, ദൈവവും അതു കണ്ടു. ഈ വിജാതീയ പെണ്‍കുട്ടി പരാതിപ്പെടാത്തവളും ശുശ്രൂഷ ചെയ്യുവാന്‍ താഴ്മയുള്ള ആത്മാവോടു കൂടിയവളും ആണെന്നു ദൈവം കണ്ടു. വിശ്വാസികളുടെ കുടുംബത്തില്‍ ജനിച്ചവരെക്കാള്‍ വിജാതിയരില്‍ നിന്നും ക്രിസ്തുവിലേക്കു വന്നവരില്‍ അനേകം മടങ്ങു നല്ല വിശ്വാസികളുണ്ട്. വിജാതീയ പശ്ചാത്തലത്തില്‍ നിന്നും വന്ന, രൂത്തെന്ന ഈ പെണ്‍കുട്ടി നമുക്കേവര്‍ക്കും ഒരു വെല്ലുവിളിയാണ്. ലൗകികരായ മരുമക്കള്‍ക്ക് അമ്മാവിയമ്മമാരോടുള്ള സാധാരണ മനോഭാവമൊന്നും അവള്‍ക്കില്ലായിരുന്നു. അവള്‍ തന്റെ അമ്മാവിയമ്മയെ വളരെ സ്‌നേഹിക്കുകയും അവരെ വളരെ നല്ലവണ്ണം സംരക്ഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം അവള്‍ക്കു പ്രതിഫലം കൊടുത്തത്.

ബോവസിന്റെ വയല്‍

ഇക്കാലത്ത് നൊവൊമിക്ക്, ബോവസ് എന്നു പേരുള്ള, വളരെ ധനികനായ ഒരു ബന്ധു ഉണ്ടായിരുന്നു (2:1). വിവാഹിതനായ ഒരു മനുഷ്യന്‍ മരിച്ചാല്‍, അവന്റെ ഏറ്റവും അടുത്ത ബന്ധു അവന്റെ ഭാര്യയെ വിവാഹം കഴിക്കുകയും, അവന്റെ മക്കളെ മരിച്ചവന്റെ പേരില്‍ വളര്‍ത്തുകയും വേണം എന്ന് യിസ്രായേലില്‍ ഒരു നിയമം ഉണ്ടായിരുന്നു (ആവര്‍ത്തനം 25:5-9). അതുകൊണ്ട് നൊവൊമി ചിന്തിച്ചു: ‘കൊള്ളാം, ബോവസ് എന്റെ ഒരു അടുത്ത ചാര്‍ച്ചക്കാരനാണ്. അവന്‍ ഇപ്പോഴും ഏകനുമാണ്. ഒരുപക്ഷേ അവനു രൂത്തിനെ വിവാഹം ചെയ്യാന്‍ കഴിഞ്ഞേക്കും.’

എന്നാല്‍ രൂത്തിന് ഈ നിയമം അറിയില്ലായിരുന്നു (ഒരു മോവാബ്യ സ്ത്രീ ആയിരുന്നതുകൊണ്ട്). നൊവൊമി ഒരിക്കലും അവളോടു പറഞ്ഞതുമില്ല- അവളുടെ പ്രതീക്ഷകള്‍ ഉണര്‍ത്തപ്പെടാതിരിക്കേണ്ടതിന്. ഒരു തരത്തിലും, വീണ്ടും വിവാഹിതയാകുവാന്‍ രൂത്ത് താല്‍പര്യപ്പെട്ടിരുന്നില്ല. ഒരു ഭര്‍ത്താവിനെ അന്വേഷിച്ചല്ല അവള്‍ യിസ്രായേലിലേക്കു വന്നത്. അവള്‍ സത്യദൈവത്തെ അന്വേഷിച്ചാണു വന്നത്. ഭര്‍ത്താവിനെ കണ്ടുപിടിക്കുവാന്‍ വേണ്ടി മോവാബിലേക്കു പോയത് ഓര്‍പ്പ ആയിരു ന്നു. എന്നാല്‍ രൂത്ത് മുമ്പെ ദൈവത്തെ അന്വേഷിച്ചതു കൊണ്ട്, അവള്‍ ദൈവത്തെ മാത്രമല്ല കണ്ടെത്തിയത്. ഒരു നല്ല ഭര്‍ത്താവിനെയും ഭാവിയിലേക്ക് ഒരു നല്ല പിതൃ പാരമ്പര്യവും അവള്‍ കണ്ടെത്തി. ദൈവത്തെ മാനിക്കുന്നവരെ അവിടുന്നു മാനിക്കും. മുമ്പെ ദൈവത്തിന്റ രാജ്യം അന്വേഷിക്കുന്നവര്‍ക്ക് ഭൂമിയിലെ ജീവിതത്തിന് ആവശ്യമായ മറ്റെല്ലാ കാര്യങ്ങളും, അവര്‍ അതിനു വേണ്ടി അന്വേഷിക്കുന്നതിനു മുമ്പെ തന്നെ, സ്വയമേവ ദൈവം അവര്‍ക്കു ചേര്‍ത്തു കൊടുക്കുന്നതായാണ് കാണുന്നത്. അങ്ങനെയുള്ള കാര്യങ്ങള്‍ അവരുടെ മടിയില്‍ വന്നു വീഴുന്നു.

നൊവൊമിയും രൂത്തും ദരിദ്രരായിരുന്നു. എന്നാല്‍ നിത്യവൃത്തിക്കുവേണ്ടി താഴ്ന്ന ജോലികള്‍ ചെയ്യുന്നതിന് ലജ്ജയില്ലാത്ത കഠിനാദ്ധ്വാനിയായ ഒരു പെണ്‍കുട്ടിയായിരുന്നു രൂത്ത്. അതുകൊണ്ട് അവള്‍ ഒരു ദിവസം അവളുടെ അമ്മാവിയമ്മയോട്, ധനികരായ ആളുകളുടെ വയലില്‍ പോയി കാലാ പെറുക്കാം എന്നു പറഞ്ഞു. ഈ സമയം, ദൈവം യിസ്രായേലില്‍ ഉണ്ടാക്കിയിട്ടുള്ള ഒരു നിയമം ഉണ്ടായിരുന്നത് അവരുടെ നിലത്തിലെ വിള കൊയ്യുമ്പോള്‍ വയലിന്റെ മൂലകള്‍ തീര്‍ത്തു കൊയ്യാതെ വിട്ടേക്കണമെന്നും, കൊയ്ത്തു കഴിഞ്ഞ് ശേഷിച്ചതു പെറുക്കുവാനായി രണ്ടാം തവണ വയലിലേക്കു പോകരുത് എന്നും ആയിരുന്നു. അങ്ങനെ മിച്ചം കിടക്കുന്ന ധാന്യങ്ങള്‍ ദരിദ്രര്‍ക്കുവേണ്ടി വിട്ടേക്കണം (ലേവ്യ 19:9,10). അങ്ങനെയുള്ള കാലാ പെറുക്കുവാനാണ് രൂത്ത് പോയത്. അവളൊരു സാധു പെണ്‍കുട്ടി ആയിരുന്നതിനാല്‍, അവളുടെയും അവളുടെ അമ്മാവിയമ്മയുടെയും സംരക്ഷണാര്‍ത്ഥം അവളാല്‍ കഴിയുന്നതു ചെയ്യുവാന്‍ അവള്‍ അഗ്രഹിച്ചു.

ദൈവത്തിന്റെ പരമാധികാരം അവളെ അത്ഭുതകരമായി ബോവസിന്റെ വയലിലേക്കു നയിച്ചു. ദൈവം എങ്ങനെയാണ് അവിടുത്തെ പരമാധികാരത്തില്‍ നിത്യത മുതല്‍ ഭാര്യയും ഭര്‍ത്താവുമായി ഒന്നിപ്പിക്കുവാന്‍ അവിടുന്നു പദ്ധതിയിട്ടിരുന്ന ഈ രണ്ടുപേരെ ഒരുമിച്ചു കൂട്ടിക്കൊണ്ടു വന്നത് എന്നു കാണുന്നത് അത്ഭുതകരമാണ്. അവള്‍ കതിര്‍ പെറുക്കുന്നത് ബോവസ് കണ്ടിട്ട് ജോലിക്കാരോട് അവള്‍ ആരാണെന്നു ചോദിച്ചു. ”നൊവൊമിയോടൊപ്പം മടങ്ങിവന്ന മൊവാബ്യ സ്ത്രീയാണവള്‍” എന്ന് അവര്‍ മറുപടി പറഞ്ഞു. ബോവസ് വളരെ ദയാലുവും ദൈവ ഭക്തനുമായ ഒരു മനുഷ്യന്‍ ആയിരുന്നു. രൂത്ത് ഒരു പുരുഷനാലും ഉപദ്രവിക്കപ്പെടരുത് എന്ന കാര്യത്തില്‍ ബോവസിന് കരുതല്‍ ഉണ്ടായിട്ട് അയാള്‍ അവളോട് മറ്റൊരു വയലിലും പെറുക്കുവാന്‍ പോകരുത്, കാരണം അത് അപകടകരമാണ് എന്നു പറഞ്ഞു. ഇതിനാല്‍ രൂത്ത് സ്പര്‍ശിക്കപ്പെട്ടിട്ട് അവള്‍ അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണ്, താന്‍ നിന്ദിക്കപ്പെട്ട മോവാബ്യ സ്ത്രീ ആയിരിക്കെ എന്തുകൊണ്ട് തന്നോട് ഇത്ര കരുണ കാണിച്ചു എന്നു ചോദിച്ചു. അവള്‍ തന്റെ അമ്മാവിയമ്മയോടു കാണിച്ച എല്ലാ കരുണയെക്കുറിച്ചും അവള്‍ മൊവാബ്യ വിഗ്രഹങ്ങള്‍ ഉപേക്ഷിച്ച് യഹോവയെ പിന്‍തുടരുന്നതു തിരഞ്ഞെടുത്തതും എല്ലാം അവന്‍ കേട്ടിരിക്കുന്നു എന്ന് ബോവസ് മറുപടി പറഞ്ഞു. അതിനുശേഷം ബോവസ് തന്റെ വേലക്കാരോട് അവള്‍ക്കു പെറുക്കേണ്ടതിന് കറ്റകളില്‍ നിന്നു വലിച്ചിട്ടേക്കണം എന്നും നിര്‍ദ്ദേശിച്ചു.

ദൈവം എന്തുകൊണ്ട് രൂത്തിനെ തിരഞ്ഞെടുത്തു?

എന്തുകൊണ്ടു ദൈവം ഇതുപോലൊരു പെണ്‍കുട്ടിയെ ബോവസിന്റെ ഭാര്യയും ദാവീദിന്റെ പൂര്‍വ്വികയും കര്‍ത്താവിന്റെ വംശാവലിയില്‍ ഉള്‍പെട്ടവളും ആയിരിക്കുവാന്‍ വേണ്ടി തിരഞ്ഞെടുത്തു? ഒന്നാമതായി അവള്‍ തന്നെക്കുറിച്ചു തന്നെ ഉന്നത ചിന്തയില്ലാത്ത വളരെ താഴ്മയുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു. കൂടാതെ അവള്‍ കഠിനാദ്ധ്വാനിയും കൃപയുള്ളവളും, ഉറച്ച വിശ്വാസം ഉള്ളവളും, യഹോവയെ പിന്‍തുടരുവാന്‍ വേണ്ടി അവളുടെ ഭവനത്തെയും ചാര്‍ച്ചക്കാരെയും ഉപേക്ഷിച്ചവളും, തന്റെ അമ്മാവിയമ്മയെ ബഹുമാനത്തോടും, ദയയോടും സ്‌നേഹത്തോടും കൂടെ കരുതിയവളും ആയിരുന്നു. ഇന്നായാലും യുവതികളില്‍ ദൈവം അന്വേഷിക്കുന്ന സ്വഭാവ ഗുണങ്ങള്‍ ഇവയാണ്.

രൂത്ത് ഭവനത്തില്‍ വന്നപ്പോള്‍, അവളുടെ അമ്മാവിയമ്മ അവളോട് എവിടെയാണ് കാലാ പെറുക്കിയത് എന്നു ചോദിച്ചു. അവള്‍ ഉത്തരം പറഞ്ഞു. അതു കേട്ടപ്പോള്‍ നൊവൊമി രൂത്തിനോട് അവള്‍ രൂത്തിനൊരു സുരക്ഷിത സ്ഥാനം കണ്ടെത്താന്‍ പരിശ്രമിക്കും എന്നും ബോവസ് തന്റെ അടുത്ത ചാര്‍ച്ചക്കാരനാണെന്നും പറഞ്ഞു. ഒരു വിധവയുടെ വസ്തുവകകള്‍ അവളുടെ അടുത്ത ബന്ധു വീണ്ടെടുത്തിട്ട് അവളെ വിവാഹം ചെയ്യണം എന്നുള്ള ദൈവത്തിന്റെ നിയമത്തെക്കുറിച്ച് നൊവൊമി രൂത്തിനോടു പറഞ്ഞിട്ടുണ്ടാകണം.

അതുകൊണ്ട് ബോവസ് അവളെ കണ്ടുമുട്ടിയപ്പോള്‍, അവന്‍ അടുത്ത ചാര്‍ച്ചക്കാരനാക കൊണ്ട് അവളെ വീണ്ടെടുത്ത് വിവാഹം ചെയ്യുവാന്‍ അവള്‍ അവനോടു യാചിച്ചു (3:9). അവിടെ ഉണ്ടായിരുന്ന കൂടുതല്‍ കോമളന്മാരായ ചെറുപ്പക്കാരെ അവള്‍ തിരഞ്ഞെടുക്കാതിരുന്നതു കണ്ടതില്‍ ബോവസ് സന്തുഷ്ടനായി. ബോവസ് പ്രായം കൂടിയവനായിരുന്നു. സാധാരണ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ പ്രായം കൂടിയവരിലേക്ക് ആകര്‍ഷിക്കപ്പെടാറില്ല. എന്നാല്‍ അവന്‍ അവളോട് തന്നെക്കാള്‍ അടുത്ത മറ്റൊരു ബന്ധു അവിടെ ഉണ്ട് എന്നു പറഞ്ഞു. ബോവസ് നീതിമാനായിരുന്നതുകൊണ്ട്, ആദ്യം ആ പുരുഷനോട് അയാള്‍ നിന്നെ വീണ്ടെടുത്ത് വിവാഹം ചെയ്യുമോ എന്ന് ചോദിക്കേണ്ടതുണ്ട് എന്നു രൂത്തിനോട് പറഞ്ഞു (3:12,13).

ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുകാരന്‍

അടുത്ത ദിവസം, ബോവസ് പെട്ടെന്നു തന്നെ പട്ടണവാതില്‍ക്കല്‍ ചെന്ന് മറ്റേ ചാര്‍ച്ചക്കാരനോട് അയാള്‍ നൊവൊമിയുടെ അടുത്ത ബന്ധു എന്ന നിലയില്‍ നൊവൊമിയുടെ വസ്തു വീണ്ടെടുക്കുമോ എന്നു ചോദിച്ചു (4:3,4). ഉടനെ തന്നെ അയാള്‍ പറഞ്ഞു: ”ഉവ്വ്, ഞാന്‍ വീണ്ടെടുക്കാം.” എന്നാല്‍ അയാള്‍ രൂത്തിനെ കൂടെ വിവാഹം ചെയ്യുകയും അവളുടെ മക്കളെ അവളുടെ മരിച്ചുപോയ ഭര്‍ത്താവിന്റെ പേര്‍ക്ക് വളര്‍ത്തുകയും വേണം എന്ന് ബോവസ് അയാളെ ഓര്‍പ്പിച്ചു. അയാള്‍ ഇതു കേട്ടപ്പോള്‍, അയാളുടെ വാഗ്ദാനം പിന്‍വിലിച്ചിട്ട് തനിക്കതു ചെയ്യുവാന്‍ കഴിയുകയില്ല, കാരണം പിന്നീട് അവളുടെ മക്കള്‍ അയാളുടെ മക്കളോടൊപ്പം പിന്‍തുടര്‍ച്ച അവകാശപ്പെടും. അതുകൊണ്ട് സ്വത്ത് വീണ്ടെടുക്കുന്ന കാര്യം അയാള്‍ നിരസിച്ചു. അങ്ങനെ സ്വത്തു വീണ്ടെടുക്കുവാനും രൂത്തിനെ വിവാഹം ചെയ്യുവാനുമുള്ളവരുടെ നിരയില്‍ ബോവസ് ഒന്നാമനായി വന്നു. അവന്‍ പെട്ടെന്ന് അതു ചെയ്യുന്നതിനു സമ്മതിച്ചു.

ബോവസിനെ പോലെയുള്ള ഒരു പ്രമുഖ വ്യക്തിക്ക് എടുക്കുവാനുള്ള ഒരു ധീരമായ ചുവടായിരുന്നു ഒരു മൊവാബ്യ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക എന്നത്. എന്നാല്‍ അദ്ദേഹം രൂത്തില്‍ ശ്രദ്ധേയമായ ചില സ്വഭാവ വിശേഷങ്ങള്‍ കണ്ടിരുന്നു. കൂടാതെ അവളുടെ വിജാതീയ കുടുംബത്തില്‍ നിന്നു പുറത്തു വന്നതിന് അദ്ദേഹം അവളെ ബഹുമാനിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികളായ ആണ്‍ കുട്ടികള്‍ മിക്കപ്പോഴും അക്രൈസ്തവ കുടുംബത്തില്‍ നിന്നു രക്ഷിക്കപ്പെട്ടു വന്നിട്ടുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനു മടിക്കാറുണ്ട്. എന്നാല്‍ മിക്ക സംഭവങ്ങളിലും ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ വിശ്വാസി കുടുംബങ്ങളില്‍ ജനിച്ചവരെക്കാള്‍ കൂടുതല്‍ കരുത്തരായ വിശ്വാസികളും കൂടുതല്‍ ദൈവഭക്തിയുള്ളവരുമാണ്.

ബോവസ് രൂത്തിനെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഓബേദ് എന്നു പേര്‍ വിളിക്കപ്പെട്ട ഒരു മകന്‍ ജനിക്കുകയും ചെയ്തു. അവനാണ് ദാവീദിന്റെ പിതാവായ യിശ്ശായിയുടെ അപ്പനായി തീര്‍ന്നത് (4:17).

അങ്ങനെ നിഷിദ്ധ ബന്ധമുള്ള വിജാതീയ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ ദൈവം മാനിച്ചു. കാരണം അവള്‍ ദൈവത്തെ മാനിച്ചു. നാം രൂത്തിന്റെ പുസ്തകത്തില്‍ നിന്നുപഠിക്കുന്നത് 1 ശമുവേല്‍ 2:30-ല്‍ ഉള്ള സത്യമാണ്. ”എന്നെ മാനിക്കുന്നവനെ ഞാന്‍ മാനിക്കും.” ദൈവത്തിനു മുഖപക്ഷമില്ല.

നല്ല വിവാഹ പങ്കാളികളെ കണ്ടെത്തുന്ന കാര്യത്തില്‍ മറ്റുള്ളവരാല്‍ നിന്ദിക്കപ്പെടാവുന്ന തന്റെ മക്കള്‍ക്കുവേണ്ടി ദൈവം എങ്ങനെ കരുതുന്നു എന്ന് ഈ കഥ നമ്മെ കാണിക്കുന്നു. അതുകൊണ്ട് അപ്രകാരമുള്ള ഐഹിക കാര്യങ്ങളില്‍ പോലും നമുക്ക് കര്‍ത്താവിനെ ആശ്രയിക്കാം. ദൈവം നമുക്കുവേണ്ടി കരുതുകയും നമ്മുടെ എല്ലാ ഐഹിക ആവശ്യങ്ങളും നിര്‍വ്വഹിക്കുവാന്‍ അവിടുന്നാഗ്രഹിക്കുകയും ചെയ്യുന്നു- അവ എന്തു തന്നെ ആയാലും.

ഈ കഥ ക്രിസ്തുവുമായുള്ള നമ്മുടെ പുനഃസമാഗമത്തിന്റെ മനോഹരമായ ഒരു ചിത്രം കൂടിയാണ്. നാം നമ്മുടെ പാപകരമായ അവസ്ഥയിലായിരിക്കുമ്പോഴുള്ള തിന്റെ ഒരു പൂര്‍ണ്ണ പ്രതീകമാണ് രൂത്ത്. നമ്മെ വീണ്ടെടുക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മുമ്പെ യേശുക്രിസ്തുവിന് നമ്മുടെ ”അടുത്ത ചാര്‍ച്ചക്കാരന്‍” ആകേണ്ടിയിരുന്നു. അതുകൊണ്ടാണ് അവിടുന്ന് നമ്മെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനാകുകയും ”സകലത്തിലും അവിടുത്തെ സഹോദരന്മാരായ നമ്മോടു സദൃശനായി”ത്തീരുകയും ചെയ്തത് (എബ്രാ. 2:17). അങ്ങനെ അവിടുന്ന് നമ്മുടെ അടുത്ത ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുകാരനായി തീര്‍ന്നു. രൂത്തും ബോവസും തമ്മിലുള്ള കൂടിച്ചേരലിന് പദ്ധതി തയ്യാറാക്കിയത് ദൈവമായിരുന്നു. അതുപോലെ ക്രിസ്തുവും നാമും തമ്മിലുള്ള കൂടിച്ചേരല്‍ പദ്ധതി തയ്യാറാക്കിയതും ദൈവം തന്നെ, ലോകസ്ഥാപനത്തിനു മുമ്പെ തന്നെ!
ഹാലേലുയ്യാ!