സാക് പുന്നന്‍
Read the PDF Version
നാം ദൈവ വേലയില്‍ ആയിരിക്കുമ്പോള്‍ നമുക്കെതിരെ ദോഷം പറയുന്ന വിശ്വാസികളും നമ്മുടെ ശുശ്രൂഷയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമൊക്കെ നമ്മുടെ മുമ്പില്‍ വരാം. നമ്മെ കുറിച്ച് പലരും ദോഷം പറയുകയും, തെറ്റായ കഥകള്‍ പ്രചരിപ്പിക്കുകയും, ദുരുപദേശക്കൂട്ടമെന്നു ആരോപിക്കുകയും ഒക്കെ ചെയ്യാതെ, നമുക്ക് ദൈവത്തെ ഫലപ്രദമായി സേവിക്കുവാന്‍ കഴിയുകയില്ലെന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ മേല്‍ പ്രതികാരം ചെയ്യുവാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. ആ പ്രലോഭനത്തെ ശക്തിയായി എതിര്‍ക്കുക. അവയെ ദൈവകരങ്ങളിലേക്ക് ഏല്‍പ്പിക്കുക. നശിപ്പിക്കുവാന്‍ അവകാശമുള്ള ഒരു ന്യായാധിപതിയെയുള്ളൂവെന്നു വേദപുസ്തകം പറയുന്നു.
ദൈവം നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെങ്കില്‍, ആര്‍ക്കും നിങ്ങളുടെ ശുശ്രൂഷയെ തകര്‍ക്കാന്‍ കഴിയുകയില്ല, കാരണം അത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളതാണ്. യേശുവിനെയും പൌലോസിനെയും ദുരുപദേഷ്ടാക്കന്മാര് എന്ന് പലരും ആരോപിച്ചിരുന്നു. യേശു ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവന്റെ ശക്തികൊണ്ടാണെന്നു വരെ ആരോപിച്ചു. എന്നാല്‍ യേശു അവരോടു ഉത്തരം പറഞ്ഞു തന്റെ സമയം നഷ്ടപ്പെടുത്തിയില്ല. സത്യസന്ധരായവര്‍ ആരും ഇത്തരം ദുരാരോപണങ്ങള്‍ കേട്ടു ഇടറി പോയില്ല. സത്യസന്ധരല്ലാത്തവര്‍ മാത്രമാണ് ഇടറി പോയത്.
യാക്കോബ് 2:6 ല്‍ ധനികരായ വിശ്വാസികള്‍, ദരിദ്രരായ വിശ്വാസികളെ പീഡിപ്പിക്കുകയും കോടതിയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരുന്നുവെന്ന് നാം വായിക്കുന്നു. ഇത് തികച്ചും അവിശ്വസനീയമാണ്. എന്നാല്‍ ഇന്നും ഇത്തരം പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ധനവും വക്രബുദ്ധിയും ഒരുപോലുള്ള ഒരുവന് മാത്രമേ, മറ്റൊരു വിശ്വാസിയെ കോടതിയിലേക്ക് വലിച്ചിഴക്കുവാന്‍ കഴിയൂ. വിശ്വാസികള്‍ എത്രമാത്രം അന്ധരായി തീരാം എന്നത് ആശ്ചര്യകരമായിരിക്കുന്നു!! 1 കോരി. 6 ല്‍ ഇതേ കാര്യം കൊരിന്തില്‍ നടക്കുന്നതായി പൗലോസ് പറയുന്നുണ്ട്. ന്യായം വിധിക്കുവാനും പ്രതികാരം ചെയ്യുവാനും ഒരു ന്യായാധിപനെയുള്ളുവെന്നു ഈ ധനികരായ വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. അവര്‍ ദൈവസിംഹാസനത്തിലാണ് ഇരിക്കുന്നത് (1 കോരി.6:9 – ആദ്യ എട്ടു വാക്യങ്ങളോട് ചേര്‍ത്ത് വായിക്കുക). നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദൈവം അത് കാണുന്നില്ലേ?!. ആ വ്യക്തിയെ കൈകാര്യം ചെയ്യുവാന്‍ അവിടുത്തേക്ക് കഴിയുകയില്ലേ? നിങ്ങള്‍ സര്‍വ്വ ശക്തനായ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ അയാളെ കൈകാര്യം ചെയ്യുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക.