ഒരു ദൈവമനുഷ്യന്റെ ചുറ്റും മൂന്നു തരം വേലികള്‍ WFTW 09 സെപ്റ്റംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

സാത്താന്‍ ദൈവത്തോട് പറഞ്ഞു, “അങ്ങ് അവനും അവന്റെ കുടുംബത്തിനും, അവന്റെ എല്ലാ വസ്തുവകകള്‍ക്കും ചുറ്റുമായി വേലി കെട്ടിയിട്ടില്ലേ?” (ഇയ്യോബ്.1:10). സാത്താന്‍ പറഞ്ഞ ഈ കാര്യത്തില്‍ നിന്നും നാം മൂന്നു വലിയ സത്യങ്ങള്‍ പഠിക്കുന്നു. ഒരു ദൈവീക മനുഷ്യന് ചുറ്റുമായി ദൈവം മൂന്നു വേലികള്‍ കെട്ടുന്നു. ആദ്യം ആ വ്യക്തിക്ക് ചുറ്റും, രണ്ടാമത് അവന്റെ കുടുംബത്തിനു ചുറ്റും, മൂന്നാമത് അവന്റെ വസ്തുവകകള്‍ക്ക് ചുറ്റും. സാത്താന്‍ ആത്മാവിന്റെ തലത്തില്‍ അത് കാണുകയും അറിയുകയും ചെയ്യുന്നു. നമുക്കീ വേലികള്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും അത് അവിടെയുണ്ട്. സാത്താന്‍ ഒരു ആത്മാവാണ്. ഇയ്യോബിന്റെ മേലോ, അവന്റെ കുടുംബത്തിന്റെ മേലൊ, അവന്റെ വസ്തുവകകളുടെ മേലോ കടന്നു ചെന്ന് ആക്രമിക്കുവാന്‍ തനിക്കു കഴിയുകയില്ല എന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ ദൈവഭക്തിയോടെ ജീവിച്ചാല്‍ എനിക്ക് ചുറ്റും മൂന്നു വേലികള്‍ ഉണ്ടെന്ന കാര്യം അറിയുന്നത് വലിയ ആശ്വാസം തരുന്ന കാര്യമാണ്. ദൈവത്തിന്റെ അനുവാദമില്ലാതെ അതിലൊരു വേലിപോലും തുറക്കുന്നില്ല. ഇവിടെ ഇയ്യോബിന്റെ പുസ്തകത്തില്‍ നാം വായിക്കുന്നത്, ആ വേലികള്‍ കടന്നു പോകാന്‍ സാത്താന്‍ ദൈവത്തിന്റെ അനുവാദം ചോദിക്കുന്നതാണ്.
പല വര്‍ഷങ്ങള്‍ക്കു ശേഷം കര്‍ത്താവായ യേശു പത്രോസിനോട് സമാനമായ ചിലത് പറഞ്ഞു,” സാത്താന്‍ നിന്നെ പാറ്റേണ്ടതിനു  അനുവാദം  ചോദിച്ചു.” (ലൂക്കോ. 22:31).  ഒരു സമയം ഒരു വേലി മാത്രം കടക്കുവാനാണ് ദൈവം സാത്താനെ അനുവദിച്ചത്. എല്ലാ വേലികളും ഒരേ സമയം ദൈവം തുറന്നില്ല. ആദ്യം ഇയ്യോബിന്റെ വസ്തുവകകളെയും, കുടുംബത്തെയും മാത്രം ആക്രമിക്കുവാനാണ് അനുവാദം കൊടുത്തത്. പിന്നീട് ഇയ്യോബിന്റെ ശരീരത്തെ ആക്രമിക്കുവാന്‍ സാത്താനെ അനുവദിച്ചു. എന്നാല്‍ അപ്പോഴും ഇയ്യോബിന്റെ ജീവനെ തൊടരുതെന്ന് അവിടുന്ന് സാത്താനോട് പറഞ്ഞു. അതുകൊണ്ട് ഇയ്യോബിനെ കൊല്ലുവാന്‍ സാത്താന് കഴിഞ്ഞില്ല. ഇയ്യോബിനെ കൊല്ലുവാന്‍ സാത്താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും  അവന്റെ ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമേ അവനു കഴിഞ്ഞുള്ളൂ.

ഒന്നാമത്തെ വേലി തുറന്നപ്പോള്‍ സാത്താന്‍ കടന്നു ചെന്ന് ഇയ്യോബിന്റെ വസ്തുവകകള്‍ നശിപ്പിച്ചു. ഇയ്യോബിന്റെ കോടികളുടെ ആസ്തി ഒറ്റ ദിവസം കൊണ്ട് “പൂജ്യം” ആയി. പിന്നീട് രണ്ടാമത്തെ വേലി തുറന്നു. ഈ വേലിക്കകത്തായിരുന്നു ഇയ്യോബിന്റെ ഭാര്യയും മക്കളും. അതിനാല്‍ സാത്താന്‍ ഇയ്യോബിന്റെ പത്തു മക്കളെയും കൊന്നു. പിന്നീട് അവന്റെ ഭാര്യയെ അവനു കൊല്ലാമായിരുന്നു. എങ്കിലും അവനതു ചെയ്തില്ല. കാരണം അവള്‍ ജീവിച്ചിരിക്കുന്നതായിരുന്നു സാത്താന് കൂടുതല്‍ ഉപയോഗപ്രദം. ഇയ്യോബിനെ അവളുടെ വാക്കുകള്‍ കൊണ്ട് അസഹ്യപ്പെടുത്തുവാന്‍ അവനു സാധിച്ചു. അസഹ്യപ്പെടുത്തുന്ന ഒരു ഭാര്യയെ എവിടെ കണ്ടാലും അവളെ സാത്താന്‍ എന്തിനു ജീവനോടെ നിര്‍ത്തിയിരിക്കുന്നുവെന്നു ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. ചിലര്‍ മരിക്കുന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്നതാണ് സാത്താന് കൂടുതല്‍ പ്രയോജനം.

ദൈവനിശ്വാസീയമായി  എഴുതപ്പെട്ട വചനങ്ങളുടെ ആദ്യ താളുകളില്‍നിന്നും സാത്താനെ കുറിച്ചും ചില കാര്യങ്ങള്‍ നമുക്ക് പഠിക്കാം. ഒന്നാമത്, സാത്താന് ഒരു സമയം ഒരു സ്ഥലത്ത് മാത്രമേ ആയിരിക്കുവാന്‍ കഴിയുകയുള്ളൂ. ദൈവം എല്ലായിടത്തുമുണ്ട്. എന്നാല്‍ സാത്താന് ഒരു സ്ഥലത്തിരുന്നാല്‍ അതേ സമയം മറ്റൊരു സ്ഥലത്ത് ഉണ്ടായിരിക്കുവാന്‍ സാധിക്കുകയില്ല, കാരണം, അവനൊരു സൃഷ്ടിയാണ്. എന്നാല്‍ അവനെ സഹായിക്കുന്നതിനു അനേകം ദുരാത്മാക്കള്‍ ഈ ഭൂമിയില്‍ അങ്ങോളമിങ്ങോളം ഊടാടി നടക്കുന്നുണ്ട്. രണ്ടാമത്, സാത്താന് ഭാവി കാര്യങ്ങള്‍ കാണാന്‍ കഴിയുകയില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ഇയ്യോബ് ഒടുവില്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടുവാന്‍ പോവുകയാണെന്നറിഞ്ഞു അവനെ വിട്ടു പോയേനെ. ക്രിസ്തുവിന്റെ കാല്‍വരി ക്രൂശിലെ മരണം വഴി താന്‍ തന്നെ പരാജയപ്പെടുവാന്‍ പോവുകയാണെന്നറിഞ്ഞിരുന്നുവെങ്കില്‍, അവന്‍ ക്രിസ്തുവിനെ ക്രൂശിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുമായിരുന്നുവോ? തീര്‍ച്ചയായും ഇല്ല. ഹാമാന്‍ തന്നെയാണ് കഴുമരത്തില്‍ തൂങ്ങാന്‍ പോകുന്നതെന്ന് സാത്താന്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവന്‍ ആ കഴുമരം ഉണ്ടാക്കുവാന്‍ ഹാമാനെ സഹായിക്കുമായിരുന്നുവോ?  ലോകമെമ്പാടുമുള്ള ആളുകള്‍ എന്താണ് ചെയ്യുന്നതെന്ന് അവന്‍ അറിയുന്നു. അതിന്റെ ഫലമായി എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് അവന്‍ അനുമാനിക്കുന്നു (നാം ചെയ്യുന്നതുപോലെ). എന്നാല്‍ ഭാവിയെ കുറിച്ചു പ്രവചിക്കുവാന്‍ അവനു കഴിയുകയില്ല. മൂന്നാമത്, സാത്താന് നിങ്ങളുടെ ചിന്തകളെ അറിയുവാന്‍ സാധിക്കുകയില്ല. നിങ്ങള്‍ പുറമേ എന്ത് ചെയ്യുന്നുവെന്ന്  അവനു കാണാം. ഇയ്യോബിനെക്കുറിച്ച്  അവന്‍ അറിഞ്ഞതെല്ലാം പുറമേയുള്ളതായിരുന്നു.  ഇയ്യോബിന്റെ ചിന്തകളെ കാണുവാന്‍ അവനു കഴിഞ്ഞില്ല. നാലാമത്, ദൈവമക്കളെ ആക്രമിക്കുവാന്‍ സാത്താന് ദൈവത്തിന്റെ അനുവാദം വേണം.

ഞാന്‍ പോരാടിക്കൊണ്ടിരിക്കുന്ന എന്റെ ശത്രുവിനു ഭാവിയെ സംബന്ധിച്ചോ, എന്റെ ഹൃദയവിചാരങ്ങള്‍ സംബന്ധിച്ചോ യാതൊന്നും അറിയുന്നില്ലയെന്നതും, അവന്‍ ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നതും എനിക്ക് വലിയ ആശ്വാസം തരുന്ന കാര്യമാണ്. അതിനെല്ലാമുപരി അവനിപ്പോള്‍ ക്രൂശിന്മേല്‍ തോല്പ്പിക്കപ്പെട്ടവനുമാണ്. അത് സാത്താനെ കുറിച്ചുള്ള എല്ലാ ഭയവും നീക്കിക്കളയുന്നു. രണ്ടാമത്തെ വേലി തുറന്നപ്പോള്‍ ഇയ്യോബിന് തന്റെ പത്തു മക്കളെയും നഷ്ടപ്പെട്ടു. ഒരു ദൈവീക മനുഷ്യന്റെ മക്കള്‍ കഷ്ടപ്പെടുകയും,പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നത് കാണുമ്പോള്‍, ഒരിക്കലും വിമര്‍ശിക്കരുത്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അയാളുടെ മക്കളെ സാത്താന്‍ ലക്ഷ്യം വെച്ചിട്ടുള്ളവരാണ്. നിങ്ങളുടെ മക്കള്‍ അങ്ങനെയാകണമെന്നില്ല, കാരണം, സാത്താനൊരു പക്ഷെ അറിയുന്നുണ്ടാകും, നിങ്ങളൊരു ഒത്തുതീര്‍പ്പുകാരനാണെന്നു.  അതുകൊണ്ട് തന്നെയായിരിക്കും നിന്നെയും നിന്റെ കുടുംബത്തെയും അവന്‍ വെറുതെ വിട്ടിരിക്കുന്നത്.

ഇയ്യോബ് ഇതിനോടെല്ലാം എങ്ങനെയാണ് പ്രതികരിച്ചതെന്ന് കാണുക. എല്ലാം നഷ്ടപ്പെട്ടു എന്നവന്‍ കേട്ടു. ഒന്നിന് പുറകെ ഒന്നായി അവന്റെ ദാസന്മാര്‍ വന്നു അവനുള്ളതെല്ലാം പോയി എന്നറിയിച്ചു. അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി, തല മുണ്ട്ധനം ചെയ്തു, സാഷ്ടാംഗം വീണു ദൈവത്തെ നമസ്ക്കരിച്ചു (1:20). ദൈവവചനത്തിന്റെ ആദ്യ താളുകളില്‍ നാം കാണുന്ന മറ്റൊരു കാര്യമാണിത്. ഒരു ദൈവമനുഷ്യന്‍ ഒരു ആരാധകനായിരിക്കും.  വേദ പുസ്തകം അറിയുന്നതിനെക്കാളും, ദൈവത്തെ സേവിക്കുന്നതിനെക്കാളും എല്ലാമുപരിയായി ഒരു ദൈവമനുഷ്യന്‍ പ്രാഥമീകമായും  ഒരു ആരാധകനായിരിക്കും. എല്ലാം ഉള്ളപ്പോഴും, എല്ലാം നഷ്ടപ്പെടുമ്പോഴും നിങ്ങളൊരു ആരാധകനായിരിക്കണം. യേശു പറഞ്ഞു, “ദൈവം ആത്മാവാകുന്നു, അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം. പിതാവ് അങ്ങനെയുള്ള ആരാധകരെ അന്വേഷിക്കുന്നു” (യോഹ.4:24).  ദൈവത്തെ ആരാധിക്കുകയെന്നാല്‍ എല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയെന്നാണ്. ഇയ്യോബ് പറഞ്ഞു, “എന്റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നു ഞാന്‍ നഗ്നനായി പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ ഞാന്‍ മടങ്ങിപ്പോകും, യഹോവയുടെ നാമം മഹത്വപ്പെടുമാറാകട്ടെ”. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ, ദൈവത്തെ പഴിക്കുകയോ ചെയ്തില്ല (1:21). ദൈവം തന്റെ ജീവിതത്തില്‍ അനുവദിക്കുന്നതെല്ലാം സ്വമനസ്സാലെ അവന്‍ സ്വീകരിച്ചു.

ദൈവത്തിലുള്ള ഇയ്യോബിന്റെ സമര്‍പ്പണത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍, ഞാന്‍ ആശ്ചര്യപ്പെടുന്നു. നമുക്കിന്നുള്ളതുപോലെ   യേശുവിന്റെയോ അപ്പോസ്തോലന്മാരുടെയോ ഉദാഹരണം അവന്റെ മുമ്പില്‍ ഇല്ലായിരുന്നു. അവനു പിന്തുടരുവാന്‍ തക്ക ഒരു മാതൃകയും ഇല്ലായിരുന്നു. നമുക്കിന്നുള്ളതുപോലെ പരിശുദ്ധാത്മശക്തിയും അവനില്ലായിരുന്നു. നമുക്കിന്നുള്ളതുപോലെ വേദ പുസ്തകം അവനില്ലായിരുന്നു. അവനെ ഉത്സാഹിപ്പിക്കുവാനും, പിന്തുണക്കുവാനും ആയി സഹ വിശ്വാസികളോ സ്വന്തം ഭാര്യയോ ഉണ്ടായിരുന്നില്ല. ഇയ്യോബിനുണ്ടായിരുന്നത് ദൈവം മാത്രമാണ്.  ഇയ്യോബിന് തേജസ്സുള്ള ഒരു ജീവിതത്തിലേക്ക് വരാന്‍ കഴിഞ്ഞെങ്കില്‍, നമുക്കെന്തുകൊണ്ട് ആയിക്കൂടാ.

(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)

What’s New?