സദ്ഗുണമുള്ള ഒരു ഭാര്യയുടെ സ്വഭാവ വിശേഷങ്ങള്‍ – WFTW 04 മെയ് 2014

സാക് പുന്നന്‍

   Read PDF version

 ദൈവം ഹവ്വയെ സൃഷ്ടിച്ചത് അവള്‍ പുരുഷന് തക്ക തുണയായിരിക്കേണ്ടതിനാണ് (ഉല്‍പ. 2:18). അവളുടെ ഈ ശുശ്രൂഷയുടെ മഹത്വം നമുക്ക് ബോദ്ധ്യമാകുന്നത് യേശു പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുമ്പോഴും `സഹായകന്‍’ എന്ന പേര് ഉപയോഗിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കുമ്പോഴാണ് (യോഹ. 14:16). പരിശുദ്ധാത്മാവ് അദൃശ്യനായി, നിശ്ശബ്ദനായി, എന്നാല്‍ ശക്തി നിറഞ്ഞവനായി ഒരു വിശ്വാസിയെ സഹായിക്കുന്നത് എങ്ങനെയാണോ അതുപോലെ തന്നെ പുരുഷനെ സഹായിക്കുന്നതിനാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. `പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ അണിയറയിലാണ്. ഇങ്ങനെ തന്നെയായിരിക്കണം ഒരു സ്ത്രീയുടെ ശുശ്രൂഷയും.

യേശുവിന്റെ ജീവിതവും സ്ത്രീക്ക് ഒരു മാതൃകയാണ്. കാരണം ദൈവം (പിതാവ്), ക്രിസ്തുവിന്റെ തലയാകുന്നതുപോലെ തന്നെ പുരുഷന്‍ സ്ത്രീയുടെ തലയാകുന്നു എന്ന് ദൈവവചനം പറയുന്നു (1കൊരി. 11:3). യേശു എല്ലായ്‌പോഴും തന്റെ പിതാവിനു വിധേയപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. ദൈവഭയമുള്ള ഒരു സഹോദരിയും തന്റെ ഭര്‍ത്താവിനോടുള്ള ബന്ധത്തില്‍ അങ്ങനെ തന്നെ ആയിരിക്കും. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിനോട് ആലോചിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു എന്നതാണ് ഏദന്‍ തോട്ടത്തില്‍ ഹവ്വയ്ക്ക് പറ്റിയ തെറ്റ്. അങ്ങനെ സാത്തന്‍ അവളെ വഞ്ചിച്ചു (1 തിമൊ. 2:14). ഹവ്വ പരാജയപ്പെട്ട സ്ഥാനത്ത്, യേശു തന്റെ പിതാവിനും സഭ ക്രിസ്തുവിനും എന്നപോലെ തങ്ങളുടെ ഭര്‍ത്താക്കത്താര്‍ക്കു വിധേയപ്പെടുന്നതിലുള്ള തേജസ് വെളിപ്പെടുത്തുവാന്‍ ദൈവം ഇന്ന് ക്രിസ്ത്യാനികളായ ഭാര്യമാരെ വിളിക്കുന്നു (എഫെ. 5:24).

പാപം ഈ പ്രപഞ്ചത്തില്‍ പ്രവേശിച്ചത് ലൂസിഫറിന്റെ മത്സരത്തിലൂടെയാണ്. രക്ഷ വന്നത് ക്രിസ്തുവിന്റെ കീഴടങ്ങളിലൂടെയും. ദൈവത്തിന്റെ അധികാരത്തിന് താഴ്മയോടെ കീഴടങ്ങുന്ന ആത്മാവാണ് ഈ പ്രപഞ്ചത്തിലുള്ള ഏറ്റവും വലിയ ശക്തി- കാരണം ഇതു ക്രിസ്തുവിന്റെ ആത്മാവാണ്. ആ അത്മാവ് എല്ലാ മത്സരത്തിന്റെ ആത്മാക്കളെയും ക്രൂശില്‍ പിടിച്ചടക്കി. ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനു കീഴടങ്ങുമ്പോള്‍, വാസ്തവത്തില്‍ അങ്ങനെ ചെയ്യാന്‍ അവളോട് കല്പിക്കുന്ന ദൈവവചനത്തിന്റെ അധികാരത്തിനു കീഴ്‌പ്പെടുകയാണ്. അപ്പോള്‍ അവള്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാല്‍ സ്വാധീനിക്കപ്പെടുകയുമാണ്. അവിശ്വാസിയായ ഭര്‍ത്താവിനെപ്പോലും നേടുവാന്‍ ആ വലിയ ശക്തിയാല്‍ അവള്‍ക്കു സാധ്യമാകുന്നു (1 പത്രൊ. 3:1,2). ഭൌമിക ജീവിതത്തില്‍ ഇങ്ങനെ വിധേയത്വമുള്ള ഒരാത്മാവില്‍ ജീവിച്ചാല്‍ അവള്‍ ഒരു ജയാളിയായിത്തീരുകയും യേശുവിനോടുകൂടെ നിത്യയുഗം വാഴുവാനുള്ള യോഗ്യത നേടുകയും ചെയ്യും (വെളി. 3:21).

ഇവിടെയാണ് സാത്താന്‍ വീണ്ടും സ്ത്രീയെ വഞ്ചിക്കുന്നത്. മത്സരത്തിന്റെ ആത്മാവിലൂടെ ദുതത്താരെ വഴി തെറ്റിച്ചതുപോലെ അവന്‍ സ്ത്രീയെയും വഴി തെറ്റിക്കുന്നു. മത്സരിക്കാരിയായ ഒരു ഭാര്യ അവളുടെ ഭവനത്തെ, ഏതു മരുഭൂമിയെക്കാളും വഷളായ ശൂന്യവും പാഴുമായ തരിശു ഭൂമിയാക്കി മാറ്റുന്നു (സദൃ. 21:19).മറിച്ച് സദ്ഗുണമുള്ള, വിധേയത്വമുള്ള ഭാര്യ അവളുടെ ഭര്‍ത്താവിനെ രാജാവായി കിരീടം ധരിപ്പിക്കുകയും അങ്ങനെ അവളുടെ ഭവനത്തെ ഒരു കൊട്ടാരമാക്കി മാറ്റുകയും ചെയ്യുന്നു (സദൃ. 12:14). ആത്മീയമായി പറഞ്ഞാല്‍ നിങ്ങളുടെ ഭവനം ഒന്നുകില്‍ ഒരു കൊട്ടാരമായിത്തീരാം അല്ലെങ്കില്‍ ഒരു മരുഭൂമിയായിത്തീരാം. നിങ്ങള്‍ ഏതു തരത്തിലുള്ള ഭാര്യയാണ് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. ദൈവം ഏറ്റവും ഉന്നതമായി വിലമതിക്കുന്നത് സൌമ്യതയും സാവധാനതയുമുള്ള ആത്മാവിനെയാണ് എന്നതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല (1 പത്രൊ. 3:4).

സദൃ. 31:10-31 വരെയുള്ള വാക്യങ്ങളില്‍ ഈ സദ്ഗുണമുള്ള ഭാര്യയുടെ സ്വാഭാവ വിശേഷങ്ങള്‍ വിവരിക്കുന്നു. അവളുടെ ഹൃദയം, കൈകള്‍, നാവ് ഇവ വളരെ മഹത്തരമാണെന്ന് വിവരിക്കപ്പെട്ടിരിക്കുന്നു. അവളുടെ ശരീര സൌന്ദര്യം സ്‌ത്രൈണ ലാവണ്യം ഇവയെക്കുറിച്ചൊന്നും എടുത്തു പറഞ്ഞിട്ടില്ല. കാരണം ഇവയെല്ലാം വിലയില്ലാത്തതും വഞ്ചനാത്മകവുമാണെന്ന് പറഞ്ഞിരിക്കുന്നു (വാ. 30). എല്ലാ സ്ത്രീകളും, യുവതികളായ പെണ്‍കുട്ടികളും പ്രത്യേകിച്ച വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന യുവാക്കന്‍മാരും ഈ വസ്തുത മനസ്സിലാക്കിയിരുന്നെങ്കില്‍ അതുവളരെ ശ്രേഷ്ഠകരമായിരുന്നേനെ.

ഇവിടെ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്ന സദ്ഗുണമുള്ള സ്ത്രീക്ക് ദൈവത്തെ ഭയപ്പെടുന്ന ഒരു ഹൃദയമുണ്ട് (വാക്യം 30). അതാണു അവളുടെ മുഴുജീവിതത്തിന്റെയും അടിസ്ഥാനം. അവള്‍ അതുകൊണ്ടു വേല ചെയ്യുന്നു, വസ്ത്രങ്ങള്‍ തുന്നുകയും ആഹാരം പാകം ചെയ്യുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുന്നു (വാ. 13-22). അവള്‍ തന്റെ നാവിനെ എല്ലാ സമയത്തും ദയയോടും ജ്ഞാനത്തോടുംകൂടെ ഉപയോഗിക്കുന്നു (വാ.26). സൌന്ദര്യമുള്ളവള്‍ അല്ലെങ്കിലും അവള്‍ ദൈവഭയമുള്ള നിര്‍മ്മല ഹൃദയത്തിലൂടെയും പരുപരുത്ത കൈകളിലൂടെയും മൃദുവായ നാവിലൂടെയും ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു (ലോകസ്ത്രീകള്‍ക്ക് ഇതിനു വിരുദ്ധമായി ഒരു അശുദ്ധഹൃദയവും മൃദുവായ കൈകളും പരുക്കന്‍ നാവുമാണുള്ളത്). ഈ മേഖലകളില്‍ തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനാണു ദൈവം സ്ത്രീകളെ അന്വേഷിക്കുന്നത്.

ഒരു ഭാര്യ എന്ന നിലയില്‍, ഈ സ്ദഗുണപൂര്‍ണ്ണയായ സ്ത്രീ അവളുടെ ഭര്‍ത്താവിന് ഒരു യഥാര്‍ത്ഥ സഹായി ആണ്. അവള്‍ തന്റെ ആയുഷ്‌കാലം മുഴുവനും അവന് തിന്‍മയല്ല നന്‍മ തന്നെ ചെയ്യുന്നു (വാക്യം 12). മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അവള്‍ക്ക് അദ്ദേഹത്തോടുള്ള ആദ്യസ്‌നേഹം ഒരിക്കലും നഷ്ടപ്പെടുന്നില്ല. തന്റെ ഭര്‍ത്താവിന്റെ തൊഴില്‍, ജീവിതത്തില്‍ അയാള്‍ക്കുള്ള ദൈവവിളി എന്നിവയുമായി അവള്‍ തന്നെത്തന്നെ ക്രമപ്പെടുത്തുന്നു. പണം ഒട്ടും പാഴായി പോകാതിരിക്കുന്നതിനായി മിതവ്യയം ചെയ്യുകയും സൂക്ഷ്മതയോടെ ചെലവാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് തന്റെ ദേശത്തു കര്‍ത്താവിനുവേണ്ടി ഒരു ശുശ്രൂഷ ഉണ്ടാകേണ്ടതിന് ഭവനത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് അവള്‍ അയാളെ ഒഴിവാക്കുന്നു (വാ. 23-27). ലോകത്തിലുള്ള എല്ലാ സ്ത്രീകളെക്കാളും (വനിതാ പ്രധാന മന്ത്രിമാരും വനിതാ മതപ്രഭാഷകരും ഉള്‍പ്പെടെ) ശ്രേഷ്ഠയായിരിക്കുന്നു എന്നു പറഞ്ഞ് ഭര്‍ത്താവ് അവളെ പ്രശംസിക്കുന്നതില്‍ അത്ഭുതപ്പെടുവാനൊന്നുമില്ല (വാ.29). ഇത്തരത്തിലുള്ള സ്ത്രീ പരസ്യമായും പ്രശംസിക്കപ്പെടാന്‍ അര്‍ഹതയുള്ളവളാണ്. കാരണം ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ വിളിയുടെ മഹത്വം അവള്‍ മനസ്സിലാക്കിയിട്ടുണ്ട്.