ഒന്നാം മിഷനറി യാത്ര- WFTW 7 ആഗസ്റ്റ് 2016

സാക് പുന്നന്‍

   Read PDF version

അപ്പൊ പ്ര 13 ല്‍, അന്ത്യോക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ വലിയ മിഷനറി പ്രസ്ഥാനത്തെക്കുറിച്ച് വായിക്കുന്നു. അന്ത്യോക്യതയില്‍ നിന്നും പണവുമായി യെരുശലേമിലേക്ക് പോയ ബര്‍ണബാസും ശൗലും പത്രൊസിന്റെ അത്ഭുതകരമായ മോചനം കണ്ട് വെല്ലുവിളിക്കപ്പെട്ടു. അവര്‍ യെരുശലേമിലേക്കു പോയത് അവിടെയുള്ള ആളുകളെ ഭൗതികമായി അനുഗ്രഹിക്കുവാനാണ്, എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് എന്തു ചെയ്യുവാന്‍ കഴിയുമെന്ന് കണ്ട് അതിനു പകരമായി അവര്‍ക്ക് ആത്മീയ അനുഗ്രഹം ലഭിച്ചു. ‘വെള്ളം ഒഴിച്ചു കൊടുക്കുന്നവനു വെള്ളം കിട്ടും’. (സദൃശ്യ വാക്യങ്ങള്‍ 11:25) അവര്‍ അന്ത്യോക്യയയിലേക്ക് മടങ്ങി ചെന്നപ്പോള്‍, പ്രാര്‍ത്ഥനയെക്കുറിച്ച് അവര്‍ പഠിച്ച കാര്യങ്ങള്‍ അവിടെയുള്ള മൂപ്പന്മാരെ പഠിപ്പിച്ചു. (അപ്പോപ്ര 13:12 ) അങ്ങനെ അവര്‍ എല്ലാവരും ഉപവസിക്കുവാനും ദൈവത്തെ ആരാധിക്കുവാനും തീരുമാനിച്ചു. അവര്‍ ഒന്നിനും വേണ്ടി ചോദിക്കാതെ ദൈവത്തെ ആരാധിക്കുകയായിരുന്നു. ഉപവസിക്കുകയും ആരാധിക്കുകയും മാത്രം ചെയ്യുന്നത് വളരെ അത്ഭുതകരമായ ഒരു അനുഭവം ആണ്. ഇപ്രകാരം അരുളി ചെയ്തുകൊണ്ട് ദൈവം അവരോട് സംസാരിച്ചു., ‘ബര്‍ണബാസിനെയും ശൗലിനെയും ഞാന്‍ (മുന്നമെ) വിളിച്ചിരിക്കുന്ന പ്രവര്‍ത്തനത്തിനായി വേര്‍തിരിക്കുവിന്‍’. (അപ്പോപ്ര 13:2). ദൈവം അവരോട് എങ്ങനെയാണ് സംസാരിച്ചത് എന്ന് ഇവിടെ സൂചിപ്പിച്ചിട്ടില്ല. ഇതാണ് ദൈവം പറയുന്നത് എന്ന് അവരുടെ ആത്മാവില്‍ ആഴത്തിലുള്ള ഒരു ബോധ്യം അവര്‍ക്ക് ഉണ്ടായിക്കാണും.

ദൈവം ശൗലിനെയും ബര്‍ണബാസിനേയും വിളിച്ച സമയം ഇതായിരുന്നില്ല. അവിടുന്ന് അവരെ നേരത്തെതന്നെ വിളിച്ചിട്ടുണ്ട്. എപ്പെഴെല്ലാം ദൈവം ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ, അതെപ്പോഴും വ്യക്തിപരമായും രഹസ്യമായും ആണ്. ഇവിടെ നടന്നതുപോലെ അതു പരസ്യമായി സ്ഥിരീകരിക്കുന്നത് പിന്നീടാണ്. ‘ദൈവം ഇപ്രകാരം അരുളിചെയ്യുന്നു’, ‘അവിടെ പോകുക’, അല്ലെങ്കില്‍ ‘ഈ വ്യക്തിയെ വിവാഹം ചെയ്യുക’ എന്നിങ്ങനെ ആരെങ്കിലും പറയുമ്പോള്‍, അതു ദൈവം സംസാരിക്കുന്നതാണെന്ന് ഒരിക്കലും ചിന്തിക്കരുത്. അങ്ങനെയുളള വാക്കുകളെ, അവ ഏതു ചവറ്റുകൊട്ടയിലുള്‍പ്പെട്ടതാണോ അതിലേക്കു തന്നെ, വലിച്ചെറിയുക. നിങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നെങ്കില്‍ അവിടുന്ന് നിങ്ങളോട് സ്വകാര്യമായി അതു പറയും. മറ്റ് മൂപ്പന്മാരിലൂടെ അവിടുന്ന അതിനെ പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്യും. എന്നാല്‍ അത് എല്ലായ്‌പോഴും ദൈവം നിങ്ങളോട് നേരത്തെതന്നെ ചെയ്യുവാന്‍ പറഞ്ഞു കഴിഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യമായിരിക്കും. ശൗലും ബര്‍ണബാസും നേരത്തെതന്നെ ഈ വിളി കേട്ടിട്ടുണ്ട്. ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ച് ‘ശൗലിനേയും ബര്‍ണബാസിനേയും ഞാന്‍ (നേരത്തെ തന്നെ) അവരെ വിളിച്ചിട്ടുള്ള പ്രവര്‍ത്തനത്തിനായി എനിക്കു വേണ്ടി വേര്‍തിരിപ്പിന്‍’ എന്ന് ദൈവം അരുളി ചെയ്യുന്നത് മൂപ്പന്മാര്‍ കേട്ടപ്പോള്‍, അവര്‍ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശൗലും ബര്‍ണബാസും തങ്ങളോടു കൂടെയുള്ള മൂപ്പന്മാരും കൂടി ദൈവം പറയുന്നതു കേള്‍ക്കുന്നതു വരെ, ക്ഷമയോടെ കാത്തിരുന്നു അതിനു ശേഷം അവരുടെ കൂടെയുള്ള മൂപ്പന്മാരാല്‍ അയക്കപ്പെട്ടവരായി അവര്‍ പോയി. പുതിയ ഉടമ്പടിയുടെ കീഴിലുള്ള ക്രിസ്തുവിന്റെ ശരീരത്തിലെ ശുശ്രൂഷ ഇപ്രകാരമാണ് പഴയ ഉടമ്പടിയുടെ കീഴിലുള്ള പ്രവാചകന്മാര്‍ ദൈവം അവരെ അയക്കുന്നു എന്ന് അവര്‍ക്ക് തോന്നിയ ഇടത്തെല്ലാം അവര്‍ സ്വയമായി പുറപ്പെട്ടു പോയതുപോലെ അല്ല.

കര്‍ത്താവ് എന്നെ പൂര്‍ണ്ണ സമയ ക്രിസ്തീയ വേലക്കായി വിളിച്ചത് 1964 മേയ് 6 ന് ആയിരുന്നു. ഇന്‍ഡ്യന്‍ നേവിയില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍, അവധിക്കാലമായിരുന്നതിനാല്‍ ഒരു സുവിശേഷക സംഘത്തോടൊപ്പം യോഗങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. ഞാന്‍ ദൈവ വചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍, യെശയ്യാവ് 49 ല്‍ നിന്ന് ദൈവം എന്നെ വളരെ വ്യക്തമായി വിളിച്ചു. എന്നാല്‍ എന്റെ അടുത്തിരുന്നവരാരും ദൈവം എന്നോട് സംസാരിച്ചതെന്താണെന്ന് കേട്ടില്ല. അത് രഹസ്യവും വ്യക്തിപരവുമായ ഒരു വിളി ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ ദൈവത്തിന്റെ വിളിയെക്കുറിച്ച് ധ്യാനിക്കുകയും നേവിയില്‍ നിന്ന് രാജി വയ്ക്കുന്നതിനെപ്പറ്റി വിചാരിക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ കൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ദൈവ പുരുഷന്‍ (ഇന്‍ഡ്യയില്‍ മറ്റാരെക്കാളും അധികം ഞാന്‍ ബഹുമാനിച്ചിരുന്ന ഒരാള്‍ ) എന്റെ അടുത്ത് വന്ന് എന്നോടു ചോദിച്ചു, ‘നിങ്ങള്‍ എപ്പോള്‍ നേവി വിട്ടു പോകുമെന്നാണ് ചിന്തിക്കുന്നത്’. അത് എന്നെ വിസ്മയിപ്പിച്ച ഒരു പ്രവചന ശബ്ദം ആയിരുന്നു. എന്നാല്‍ അത് ദൈവം ആന്തരികമായി എന്നോട് പറഞ്ഞ കാര്യങ്ങളുടെ ബാഹ്യമായ സ്ഥിരീകരണം ആയിരുന്നു. ദൈവം നിങ്ങലെ വിളിക്കുകയാണെങ്കില്‍ ആദ്യം അവിടുന്ന് നിങ്ങളെ വ്യക്തി പരമായി വിളിക്കും . അതിനുശേഷം അതിന്റെ സ്ഥിരീകരണം മറ്റു ദൈവ പുരുഷന്മാരില്‍ നിന്നു വരും. എന്നാല്‍ ആ വിളി ആദ്യം നിങ്ങള്‍ തന്നെ കേള്‍ക്കണം. പുതിയ നിയമത്തില്‍ ഇതു നാം കാണുന്നത് ഈ വിധത്തിലാണ്.

അപ്പൊ പ്ര 13:36 ല്‍ നാം വായിക്കുന്നത് ‘ദാവീദ് തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചന പ്രകാരം ശുശ്രൂഷ ചെയ്ത ശേഷം നിദ്ര പ്രാപിച്ചു’ എന്നാണ്. നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് ദൈവഹിതം നിവര്‍ത്തിച്ചുകൊണ്ട് നമ്മുടെ തലമുറയെ ശുശ്രൂഷിക്കുവാനാണ്. അതുകൊണ്ട് നാം ഈ ഭൂമി വിട്ടു പോകുന്നതിനു മുമ്പ് ദൈവത്തിന്റെ ഹിതമെല്ലാം നിറവേറ്റി എന്ന് ഉറപ്പു വരുത്തുക. അതു ചെയ്യുവാന്‍, ‘ഞാന്‍ ദാവീദിനെ എന്റെ ഹൃദയത്തിനു ചേര്‍ന്ന ഒരു മനുഷ്യനായി കണ്ടിരിക്കുന്നു., അവന്‍ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് ദൈവത്തിനു പറയാന്‍ കഴിഞ്ഞ ദാവീദിനെപ്പോലെ നിങ്ങള്‍ ആയിത്തീരണം.