പിശാചിനോട് എതിര്‍ത്തുനില്‍ക്കുക അവന്‍ നിന്നെ വിട്ട് ഓടി പോകും – WFTW 25 ഓഗസ്റ്റ്‌ 2013

സാക് പുന്നന്‍

   Read PDF version

വേദപുസ്തകം പറയുന്നു. ‘യേശുവിന്റെ നാമം ,ആ  നാമത്തിങ്കല്‍ സാത്താന്‍ ഓടി പോകും’ .  സാത്താന്‍ അവരുടെ പുറകേ അവരെ നശിപ്പിക്കുവാന്‍ ഓടി വരുന്ന ഒരു ചിത്രമാണ് പല ക്രിസ്ത്യാനികളുടെയും മനസ്സിലുള്ളത്.
നിങ്ങളെന്താണ് കരുതുന്നത് ? സാത്താന് യേശുവിനെ ഭയമായിരുന്നോ അല്ലയൊ ?നമ്മുടെ രക്ഷകന്റെ മുന്‍പില്‍ നില്‍ക്കുവാന്‍ സാത്താന്‍ ഭയപ്പെട്ടിരുന്നു എന്ന് നമുക്കെല്ലാമറിയാം .യേശു ലോകത്തിന്റെ വെളിച്ചമായിരുന്നു. അവിടുത്തെ മുന്പാകെ ഇരുട്ടിന്റെ അധികാരിക്ക് അപ്രത്യക്ഷനാകേണ്ടി വന്നു.

യേശു തന്റെ ശിഷ്യന്മാരോട് സ്വര്‍ഗ്ഗത്തില്‍ നിന്ന് സാത്താന്‍ വീഴുന്നത് താന്‍ കണ്ടു എന്ന് പറയുന്നു. ദൈവം പുറത്താക്കിയപ്പോള്‍ സാത്താന്‍ മിന്നല്‍ പോലെ വീണു. ( ലൂക്കോ 10. 18 ) എന്നാണ് യേശു അവിടെ പറയുന്നത്. മരുഭൂമിയില്‍ വച്ച് യേശു ‘സാത്താനേ കടന്നുപോകൂ ‘ എന്ന് പറഞ്ഞപ്പോള്‍ യേശുവിന്റെ മുന്നില്‍ നിന്നും അവന്‍ മിന്നലിന്റെ വേഗത്തിലാണ് അപ്രത്യക്ഷനായത്.ഇന്നും നാം യേശുവിന്റെ നാമത്തില്‍ സാത്താനെ എതിര്‍ക്കുന്‌പോള്‍ അവന്‍ പ്രകാശവേഗത്തില്‍ നമ്മെ വിട്ടുപോകും.വെളിച്ചത്തിന്റെ മുന്നില്‍ ഇരുട്ട് ഓടിയകലും.

യേശുവിന്റെ നാമത്തെ സാത്താന്‍ ഭയക്കുന്നു. യേശു കര്‍ത്താവാണെന്ന വസ്തുത ഓര്‍മ്മിപ്പിക്കുന്നത് അവനെ ഭയപ്പെടുത്തുന്നു. ഭൂതബാധിതരായ ആളുകള്‍ യേശു കര്‍ത്താവാണെന്നോ സാത്താന്‍ കാല്‍വരിയില്‍ പരാജയപ്പെട്ടുവെന്നോ എറ്റുപറയുകയില്ല. ഏത്  ഭൂതത്തെ പുറത്താക്കുവാനും  ഏതു പിശാചിനെയും ഓടിക്കുവാനും ശക്തിയുള്ളതാണ് യേശുവിന്റെ നാമം. അത് ഒരിക്കലും മറക്കരുത്.

ഞാന്‍ ഒരു കാര്യം പറയട്ടെ .നിങ്ങളുടെ ജീവിതത്തിലെ ഒരു കഷ്ടതയുടെ സമയത്തോ അല്ലെങ്കില്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നത്തെ നേരിടുന്‌പോഴോ മാനുഷികമായ ഒരു പോംവഴി ഇല്ല എന്നു കരുതുന്ന ഏതെങ്കിലും സാഹചര്യത്തില്‍ യേശു എന്ന നാമം വിളിക്കുക. അവിടുത്തോട് പറയുക ‘കര്‍ത്താവായ യേശുവേ , പിശാചിനെതിരേ അവിടുന്നെന്റെ പക്ഷത്തുണ്ട്. ഇപ്പോഴെന്നെ സഹായിക്കേണമെ’. പിന്നീട് സാത്താനെതിരെ തിരിഞ്ഞ് അവനോട് ഇങ്ങനെ പറയുക.’യേശുവിന്റെ നാമത്തില്‍ സാത്താനെ ഞാന്‍ നിന്നെ എതിര്‍ക്കുന്നു’. ഞാന്‍ പറയട്ടെ , സാത്താന്‍ നിങ്ങളെ വിട്ട് ഉടനെ ഓടി പോകും. കാരണം അവന്‍ കാല്‍വരി ക്രൂശില്‍ തോല്പിക്കപ്പെട്ടവനാണ്.നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുകയും യേശുവിന്റെ നാമത്തില്‍ സാത്താനെ എതിര്‍ക്കുകയും ചെയ്‌യുന്‌പോള്‍ അവന് നിങ്ങളെ എതിര്‍ക്കുവാന്‍ ഒട്ടും ശക്തിയുണ്ടാവുകയില്ല

തന്റെ പരാജയം നിങ്ങള്‍ അറിയണമെന്ന് സാത്താന്‍ നിശ്ചയമായും ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണ് അവന്‍ ആ കാര്യം നിങ്ങളെ വളരെ നാള്‍ കേള്‍പ്പിക്കാതിരുന്നത്. അതുകൊണ്ടുതന്നെയാണ് അവന്‍ പല പ്രസംഗകരേയും കൊണ്ട് ഈ കാര്യം പ്രസംഗിപ്പിക്കാതിരിക്കുന്നത്.

സാത്താന്‍ എന്നെന്നേക്കുമായി കാല്‍വരി ക്രൂശില്‍ യേശുക്രിസ്തുവിനാല്‍ തോല്‍പ്പിക്കപ്പെട്ടു കഴിഞ്ഞു എന്ന കാര്യം നിങ്ങള്‍ എല്ലാവരും അറിയണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.നിങ്ങള്‍ ഇനി ഒരിക്കലും സാത്താനെ ഭയപ്പെടേണ്ടതില്ല. അവനു നിങ്ങളെ ബുദ്ധിമുട്ടിക്കുവാന്‍ സാധിക്കില്ല. നിങ്ങളെ ദ്രോഹിക്കുവാന്‍ കഴിയുകയില്ല. അവന്‍ നിങ്ങളെ പരീക്ഷിച്ചേക്കാം. അവന്‍ നിങ്ങളെ ആക്രമിച്ചേക്കാം .എന്നാല്‍ നിങ്ങള്‍ എല്ലായ്‌പോഴും തന്നെത്തന്നെ താഴ്ത്തി ദൈവമുന്പാകെ സമര്‍പ്പിച്ച് വെളിച്ചത്തില്‍ നടക്കുകയാണെങ്കില്‍ ദൈവകൃപ നിങ്ങളെ എപ്പോഴും പിശാചിന്റെ മേല്‍ ജയാളിയാക്കും. വെളിച്ചത്തിനു ഭയങ്കരമായ ശക്തിയുണ്ട്. ഇരുട്ടിന്റെ അധികാരിയായ സാത്താന് ഒരിക്കലും വെളിച്ചത്തിന്റെ സാമ്രാജ്യത്തിലേക്ക് കടക്കുവാന്‍ കഴിയുകയില്ല .സാത്താന് പല വിശ്വാസികളുടെമേലും അധികാരമുണ്ടെങ്കില്‍ അതിനു കാരണം അവര്‍ ഇരുളില്‍ നടക്കുന്നതു കൊണ്ടാണ്. അവര്‍ ഏതെങ്കിലും രഹസ്യ പാപത്തില്‍ ജീവിക്കുകയും , മറ്റുള്ളവരോട് ക്ഷമിക്കാതിരിക്കുകയും ,ആരോടെങ്കിലും അസൂയപ്പെട്ടിരിക്കുകയും അല്ലെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സൂക്ഷിക്കുകയുമൊക്കെ  ചെയ്‌യുന്നതു കൊണ്ടാണ് അത്. അപ്പോള്‍ സാത്താന്‍ അവരുടെ മേല്‍ ശക്തി പ്രാപിക്കുന്നു. അല്ലെങ്കില്‍ അവരെ ഒന്ന് തൊടുവാന്‍ പോലും അവന് കഴിയുകയില്ല.

നിങ്ങളുടെ മനസ്സിനെ ഒരുതരത്തിലും കളങ്കപ്പെടുത്തുവാന്‍ പിശാചിനെ അനുവദിക്കരുത്. നിങ്ങളുടെ മനസ്സ് അശുദ്ധമാണെങ്കില്‍ സാത്താനെതിരെ യേശുവിന്റെ നാമം ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ദുഷ്ടശക്തികളെ അകറ്റുവാനുള്ള മന്ത്രമല്ല യേശുവിന്റെ നാമം എന്നത്. ആദ്യം നിങ്ങള്‍ യേശുവിന് കീഴടങ്ങണം അപ്പോള്‍ മാത്രമേ സാത്താനെ എതിര്‍ക്കുന്‌പോള്‍ അവന്‍ നിങ്ങളെ വിട്ട് ഓടി പോവുകയുള്ളു. എന്നാല്‍ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൈവത്തിനു കീഴടങ്ങിയിരുന്നില്ലെങ്കില്‍ പിശാച് നിങ്ങളെ ഭയപ്പെടുകയില്ല.

നിങ്ങളുടെ ജീവിതം ഇപ്പോള്‍ത്തന്നെ ക്രിസ്തുവിന് സന്പൂര്‍ണ്ണമായി നല്‍കുക . ഇനിമുതല്‍ ക്രിസ്തുവിനായി മാത്രമേ ജീവിക്കൂ എന്ന് നിശ്ചയിക്കുക.