ഒരു ശേഷിപ്പ് – WFTW 24 നവംബര്‍ 2013

സാക് പുന്നന്‍

   Read PDF version

പഴയ നിയമത്തിലെ ചെറിയ പ്രവാചകന്മാരെക്കുറിച്ച് പഠിക്കുന്‌പോള്‍ അവരില്‍ പലരും ചില വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതായി കാണാം. പാപത്തിനെതിരേയുള്ള ദൈവകോപം, ന്യായവിധിയെക്കുറിച്ചുള്ള നിശ്ചയം, നിഗളത്തിന്റെ ദുഷ്ടത,ദരിദ്രരെ ചൂഷണം ചെയ്യുന്നത്. പണസ്‌നേഹം, നേതാക്കന്മാരുടെ അസന്മാര്‍ഗ്ഗികത,ദൈവം തന്റെ ജനത്തെ ജാതികളെ ഉപയോഗിച്ച് ശിക്ഷിച്ച്  നന്നാക്കുന്നത്, പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം ദൈവം ഉടനെ നല്കിയില്ലെങ്കിലും ക്ഷമയോടെ കാത്തിരിക്കുന്നതിനുള്ള വിശ്വാസം , പുറമേ കാണപ്പെടുന്ന ഉണര്‍വില്‍ ചതിക്കപ്പെടാതിരിക്കുക , ശേഷിപ്പായിട്ടുള്ളവര്‍ക്കുള്ള വാഗ്ദാനങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത് .

എല്ലാ പ്രവാചകന്മാരും ദൈവജനത്തിന്റെ ഒരു ശേഷിപ്പിനെക്കുറിച്ച് പറയുന്നുണ്ട് . ദൈവജനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദൈവത്തോട് വിശ്വസ്തരായ ഒരു ശേഷിപ്പ് എങ്ങനെ ഉണ്ടാവും എന്നവര്‍ പറഞ്ഞു.

പഴയ നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പ്രബോധനത്തിന് വേണ്ടിയാണ് ( 1 കോരി 10:11). മുന്‍പ് യിസ്രായേല്‍ ക്ഷയിച്ചതുപോലെ ഇന്ന് ക്രിസ്ത്യാനികളും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. യിസ്രായേലും യെഹൂദയും എന്നിങ്ങനെ രണ്ടു രാജവംശങ്ങള്‍ രണ്ടു ക്രിസ്തീയ വിഭാഗങ്ങളുടെ ഒരു ചിത്രമാണ് . 10 ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന യിസ്രായേല്‍ മുഖ്യധാര സഭകളേയും 2 ഗോത്രങ്ങള്‍ മാത്രമുള്ള യെഹൂദ സംഘടിതമല്ലാത്ത ചെറുകൂട്ടങ്ങളേയും സൂചിപ്പിക്കുന്നു. ഈ രണ്ടു വിഭാഗങ്ങളും ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പഴയ നിയമത്തില്‍ യെഹൂദ യിസ്രായേലിന്റെ തെറ്റുകളില്‍ നിന്നും പഠിച്ചില്ല. അതുപോലെ ഇന്നും മുഖ്യധാര സഭകളുടെ തെറ്റുകളില്‍ നിന്നും ചെറുകൂട്ടങ്ങള്‍ പഠിക്കുന്നില്ല. രണ്ടു കൂട്ടരും ഒരേ തെറ്റ് ആവര്‍ത്തിക്കുന്നു. ഒടുവില്‍ രണ്ടു കൂട്ടരില്‍ നിന്നുമായി ദൈവം ഒരു ശേഷിപ്പിനെ തിരഞ്ഞെടുക്കുന്നു.

ആത്മീയ ശോഷണം ഇന്ന് രണ്ട് കൂട്ടര്‍ക്കും  പാരന്പര്യ ആചാരങ്ങളുള്ള കൂട്ടര്‍ക്കും സ്വതന്ത്ര ചിന്താഗതിക്കാരായ കൂട്ടര്‍ക്കും ഒരു പോലെ ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇതിന്റെയെല്ലാം നടുവില്‍ ദൈവത്തിനായി ഹൃദയം വച്ച ചിലരുണ്ട്. അവരെല്ലാം ഒരു കൂട്ടത്തില്‍ തന്നെ കാണണമെന്നില്ല. ദൈവത്തെ സ്‌നേഹിക്കുകയും എല്ലാ കാര്യത്തിലും ദൈവത്തിന്റെ മാനം മാത്രം അന്വേഷിക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ടാകും. അവര്‍ ഒരു വിഭാഗങ്ങളിലും ഉള്‍പ്പെടാതെ യഥാര്‍ത്ഥമായി പരിശുദ്ധാത്മാവില്‍ നിറഞ്ഞവര്‍ ആയിരിക്കും. അവര്‍ തങ്ങളുടെ നാവിനെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധയുള്ളവരും പണം കൈകാര്യം ചെയ്യുന്നതില്‍ വിശ്വസ്തരും ആയിരിക്കും. ദൈവം തനിക്കൊരു ശേഷിപ്പായി ഇങ്ങനെയുള്ളവരെ ഇന്നും കൂട്ടിച്ചേര്‍ക്കുന്നു.

പ്രവാചകന്മാരുടെ വിഷയം എപ്പോഴും ‘യഥാസ്ഥാനപ്പെടുത്തല്‍’ എന്നതായിരുന്നു. കര്‍ത്താവായ യേശുവിന്റെ വരവിനു വഴിയൊരുക്കുന്നത് ഒരു ശേഷിപ്പാണ്. കര്‍ത്താവ് ജനിച്ചപ്പോള്‍ അവിടെയൊരു ചെറിയ ശേഷിപ്പുണ്ടായിരുന്നു. ദേവാലയത്തിലുണ്ടായിരുന്ന ശിമയോനും ഹന്നായും, യോഹന്നാന്‍ സ്‌നാപകന്‍ , ആട്ടിടയന്മാര്‍, കിഴക്കുനിന്നുള്ള ചില വിദ്വാന്മാര്‍ എന്നിങ്ങനെ ചിലര്‍ .ഇന്നു കര്‍ത്താവിന്റെ വരവിനു വഴിയൊരുക്കുവാന്‍ ഒരു ശേഷിപ്പ് ക്രിസ്തീയ ഗോളത്തില്‍ ഉണ്ട്.

സെഫന്യാവ് ആദ്യം വരുവാന്‍ പോകുന്ന ന്യായവിധിദിവസത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റേതൊരു പ്രവാചകനേക്കാളും അധികം ‘കര്‍ത്താവിന്റെ ദിവസം’ എന്നതിനേക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. യോശിയാവ് യെഹൂദയുടെ രാജാവായിരുന്ന സമയത്ത് അവിടെ ഒരു ഉണര്‍വ്വുണ്ടായി. നെബുക്കദ്‌നേസര്‍ യെഹൂദ പിടിച്ചടക്കി അവരെ തടവുകാരായി കൊണ്ടുപോകുന്നതിനും 4 വര്‍ഷം മുന്‍പായിരുന്നു ഇത്. എന്നാല്‍ അത് ഉപരിപ്ലവമായ ഒരു ഉണര്‍വ്വായിരുന്നു. സെഫന്യാവിനേയും, യിരെമ്യാവിനേയും പോലുള്ള പ്രവാചകന്മാര്‍ അത് തിരിച്ചറിഞ്ഞിരുന്നതിനാല്‍ ചതിക്കപ്പെട്ടില്ല. എന്നാല്‍ അവിടെയുണ്ടായിരുന്ന പലരും ചതിക്കപ്പെട്ടു. അതുപോലെ തന്നെ ഇന്നും പല ക്രിസ്ത്യാനികളും ‘ഉണര്‍വ്വ്’ എന്നു വിളിക്കുന്നതിലെ പൊള്ളത്തരവും ഉപരിപ്ലവതയും കാണാതെ ചതിക്കപ്പെടുന്നു. ബുദ്ധിമാന്മാരും പണസ്‌നേഹികളുമായ പ്രസംഗകര്‍ വികാരപ്രകടനങ്ങള്‍ കൊണ്ടും മനശാസ്ത്രപരമായ അടവുകള്‍ കൊണ്ടും ആളുകളുടെമേല്‍ അടിച്ചേല്പിക്കുന്നതാണ് ക്രിസ്തിയഗോളത്തില്‍ ഇന്നു കാണുന്ന പല ഉണര്‍വ്വുകളും. വിശുദ്ധിയിലേക്കും താഴ്മയിലേക്കും പണസ്‌നേഹത്തില്‍ നിന്നുള്ള വിടുതലിലേക്കും ആത്മാവിന്റെ ദാരിദ്ര്യത്തിലേക്കും  നടത്താത്തതൊന്നും യഥാര്‍ത്ഥ ഉണര്‍വ്വല്ല. ഗിരിപ്രഭാഷണത്തിന്റെ ഉപദേശങ്ങള്‍ അനുസരിക്കുന്നതിലേക്ക് നയിക്കാത്തതും യഥാര്‍ത്ഥ ഉണര്‍വ്വല്ല. ഇന്ന് ‘ഉണര്‍വ്വ്’ എന്ന് വിളിക്കുന്ന പലതും കണ്ട് ചതിക്കപ്പെടരുത്. കാരണം അവയില്‍ പലതും യഥാര്‍ത്ഥ ഉണര്‍വ്വല്ല.