ആമുഖം
സ്രഷ്ടാവായ ദൈവം, സ്ത്രീക്ക് സംവേദനക്ഷമതയുള്ള സ്വഭാവം നല്കി അവളെ അനുഗ്രഹിച്ചിരിക്കുന്നു. വികാരങ്ങള്‍ അവളെ ആഴത്തില്‍ ബാധിക്കും. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവള്‍ക്ക് അസാധാരണ കഴിവുണ്ട്. അതുകൊണ്ട് സഹതാപത്തോടും കരുതലോടും കൂടെ ആളുകളുടെ വേദന ലഘൂകരിക്കുവാന്‍ അവള്‍ക്കു കഴിയുന്നു.
പക്ഷേ ഈ സംവേദനക്ഷമത മൂലം അവള്‍ക്ക് അനേകം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്നപോലെ അവളുടെ ജീവിതത്തിലും ദുരന്തങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ അവള്‍ക്ക് സഹായം ആവശ്യമായി വരുന്നു!
ദുരന്തങ്ങള്‍ വരുമ്പോള്‍ ചില സ്ത്രീകള്‍ ആഴ്ചകളോളം കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കുന്നു. അവരുടെ ദുഃഖം കണ്ണുനീരാകുന്ന സമുദ്രത്തില്‍ മുക്കിക്കളയുവാന്‍ ശ്രമിക്കുന്നതുപോലെയാണ് അത്. ചില സ്ത്രീകള്‍ കരച്ചില്‍ ഉള്ളില്‍ അമര്‍ത്തുന്നു. ദുഃഖഭാരംകൊണ്ട് അവര്‍ തകര്‍ന്നുപോകുന്നു. അനേക സ്ത്രീകളും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടശേഷവും വളരെ നാളുകള്‍ മനസ്സില്‍ വേദനയുടെ വ്രണങ്ങള്‍ കൊണ്ടുനടക്കുന്നവരാണ്.
എന്നാല്‍ നമ്മെ വളരെയേറെ സ്‌നേഹിക്കുന്ന സര്‍വ്വശക്തനായ ദൈവം ദുഃഖങ്ങളും പരിശോധനകളും നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്നത് ഒരു നല്ല ഉദ്ദേശ്യത്തോടുകൂടിയാണ്. ആ ഉദ്ദേശ്യം നിറവേറണം. ശോധനകള്‍ സ്വഭാവരൂപീകരണത്തിന് കാരണമാകും. ചന്ദനമരം അതിനെ മുറിക്കുന്ന കോടാലിക്ക് സൗരഭ്യം നല്കുന്നതുപോലെ ഒരു സ്ത്രീക്ക് ദുഃഖങ്ങളിലൂടെ ദൈവത്തെ അറിയുവാനും, അതുമൂലം അനേകര്‍ക്ക് – തനിക്കു ദോഷംചെയ്ത വ്യക്തിക്കുപോലും – ഒരനുഗ്രഹമായിത്തീരുവാനും കഴിയും! ദൈവത്തെ അറിയുന്ന ഒരു സ്ത്രീയായിത്തീരുവാന്‍ ഒരാള്‍ അനേക ശോധനകളിലൂടെ കടന്നുപോകുവാന്‍ തയ്യാറായിരിക്കണം. ശോധനകള്‍ നമ്മെ അടിപ്പെടുത്തരുത്.
എന്റെ ഒട്ടേറെ സ്‌നേഹിതകള്‍ ആഴമേറിയ ദുഃഖാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അവരില്‍ ചിലരുടെ കഷ്ടപ്പാടിന്റെ ആഴമളക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ദുഃഖങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നതും അവരോടു സംസാരിക്കുന്നതും അവര്‍ക്കു കത്തെഴുതുന്നതും അവരോട് സുഹൃദ്ബന്ധം പുലര്‍ത്തുന്നതും എന്നെ അനുഭവസമ്പന്നയാക്കിയിട്ടുണ്ട്. ശോധനകളെ ശരിയായ വിധത്തില്‍ നേരിട്ടാല്‍ അതു നമ്മെ മെച്ചപ്പെട്ട വ്യക്തികളാക്കിമാറ്റുമെന്ന് എനിക്കു മനസ്സിലായി. കഷ്ടതയുടെ പാഠശാലയില്‍ നമുക്ക് അതുല്യമായ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. അന്തിമമായി നമുക്കു ലഭിക്കുന്ന പ്രതിഫലം ക്രിസ്തുവിന്റെ സ്വഭാവത്തോടുള്ള സാദൃശ്യമാണ്.
”അവന്‍ എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തുവരും.” (ഇയ്യോ. 23:10)
സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന തീ തന്നെ കളിമണ്ണിനെ കാഠിന്യമേറിയതാക്കിത്തീര്‍ക്കുന്നു. കഷ്ടങ്ങളിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി ഒരു സ്ത്രീക്ക് കഠിനപ്പെടുവാനും, ദൈവത്തേയും, ആളുകളേയും കുറിച്ച് അന്തമറ്റ പരാതികള്‍ പറഞ്ഞുകൊണ്ട് ജീവിതം കഴിച്ചുകൂട്ടുവാനും കഴിയും!
നമ്മുടെ നിയന്ത്രണത്തിന് അപ്പുറമാണ് മിക്കവാറും എല്ലാ പരിശോധനകളും കഷ്ടപ്പാടുകളും. പക്ഷേ, നമ്മുടെ ഉള്ളില്‍ നല്ലൊരു കാര്യം സംഭവിക്കുവാന്‍ ഇടവരുത്തുക വഴി അതിനെ നമുക്ക് ലാഭമാക്കിത്തീര്‍ക്കുവാന്‍ കര്‍ത്താവിനു കഴിയും. ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.’ (റോമ. 8:28)
യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസം രാവിലെ കല്ലറയ്ക്കല്‍ കരഞ്ഞുകൊണ്ടിരുന്ന മഗ്ദലക്കാരി മറിയയോട് സംസാരിച്ചതുപോലെ അവിടുന്ന് ഇന്നും സ്ത്രീകളായ നമ്മോട് സംസാരിക്കുന്നു. മറിയയോടു ചോദിച്ച അതേ ചോദ്യം ഇന്നും ചോദിക്കുന്നു. ”സ്ത്രീയേ, നീ കരയുന്നത് എന്ത്?”
”നാം അഭിമുഖീകരിക്കുന്ന സാഹചര്യത്തിന്റെ എല്ലാ വിശദാംശങ്ങളും അവന്‍ അറിയുന്നു.” (ഇയ്യോ. 23:10 ലിവിങ് ബൈബിള്‍) അവയെക്കുറിച്ച് അവിടുന്ന് അറിവില്ലാത്തവനല്ല.
യേശു ചോദിക്കുന്ന അടുത്ത ചോദ്യം, ”നീ ആരെ തിരയുന്നു?” എന്നതാണ്.
നമ്മുടെ ഉത്തരം എന്തായിരിക്കും? ”കര്‍ത്താവേ, എന്റെ ശോധനകളുടെ മധ്യേ ഞാന്‍ അങ്ങയെയാണ് തിരയുന്നത്. എന്റെ കണ്ണീര്‍ക്കണങ്ങളുടെ ഇടയിലൂടെ അവിടുത്തെ മുഖം മാത്രം കാണുവാനാണ് ഞാന്‍ വാഞ്ഛിക്കുന്നത്” എന്നു സത്യസന്ധമായി പറയുവാന്‍ നമുക്കു കഴിയുമോ?
മനുഷ്യരില്‍നിന്നും ലഭിക്കുന്ന ആശ്വാസം എത്ര പരിമിതിയുള്ളതാണ്! പകരം യേശുവിങ്കലേക്കു നോക്കുക.
യേശു ക്രൂശിതനായി കിടക്കുമ്പോള്‍, വിലപിച്ചുകൊണ്ടിരുന്ന അമ്മയ്ക്കുപോലും തന്നില്‍നിന്ന് ആശ്വാസം ലഭിച്ചു. അവള്‍ക്ക് താമസിക്കാനൊരു ഇടം അവിടുന്നു ക്രമീകരിച്ചുകൊടുത്തു. യോഹന്നാനോട് അവളെ സംരക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു.
ഇന്നും സ്ത്രീകളായ നാമോരോരുത്തരോടും അവിടുത്തേക്ക് ഇതു പോലെ കരുതലുണ്ട്. നമുക്ക് ആ കരുതലില്‍ സമാധാനം കണ്ടെത്താം.
അധ്യായം ഒന്ന്:
ദൈവം നിങ്ങളുടെ പിതാവ്
”എന്റെ പിതാവും നിങ്ങളുടെ പിതാവും…….. ആയവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു.” (യോഹ. 20:17)
ഞാനൊരു ഡോക്ടറായി ജോലിനോക്കിയിരുന്ന അവസരത്തില്‍ തമിഴ്‌നാട്ടില്‍ ചില സ്ത്രീകള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ട് കടന്നുകളയുമായിരുന്നു. ദരിദ്രരായ അവര്‍ ആശുപത്രിബില്ലുകള്‍ കെട്ടാതെയും പൊയ്ക്കളയുമായിരുന്നു. അവര്‍ ക്കുണ്ടായ കുഞ്ഞുങ്ങള്‍ പെണ്‍കുട്ടികളായതുകൊണ്ട് അവര്‍ക്കു നൈരാശ്യം തോന്നി. ഈ കുഞ്ഞുങ്ങള്‍ ജീവിതകാലം മുഴുവന്‍ ഭാരമായിത്തീരും എന്ന് അവര്‍ കരുതി. ദുഷിച്ച സ്ത്രീധനവ്യവസ്ഥിതി മൂലം ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീകള്‍ക്ക് അനേകം പ്രശ്‌നങ്ങളുണ്ടാകുന്നു. പ്രത്യേകിച്ച് ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക്.
തങ്ങള്‍ക്കുണ്ടായ പെണ്‍കുഞ്ഞുങ്ങളെ വീടുകളിലേക്കു കൊണ്ടുപോകുന്നതിനു പകരം അവരെ ഏതെങ്കിലുമൊരു ക്രിസ്തീയ ആശുപത്രിയിലോ, അനാഥാലയത്തിലോ ഉപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്കു മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നായിരുന്നിരിക്കാം ആ അമ്മമാരുടെ ചിന്ത. ഒരു പക്ഷേ ധനികനായ ഏതെങ്കിലുമൊരു വ്യക്തി ഇത്തരത്തിലുള്ള ഒരു കുട്ടിയെ ദത്തെടുത്തെന്നു വരാം! ഒരു ക്രിസ്തീയ അനാഥാലയത്തില്‍ വളരുന്ന കുട്ടിയെ പുരുഷന്മാര്‍ ഉപദ്രവിക്കുന്നതിനുള്ള സാധ്യതയും കുറവായിരിക്കും.
ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ സര്‍ജറി വാര്‍ഡില്‍ രണ്ടു വയസ്സുള്ള ഒരു നല്ല പെണ്‍കുഞ്ഞ് ഉണ്ടായിരുന്നു. ഒരു സാമൂഹികപ്രവര്‍ത്തകന് അവളെ ആശുപത്രിയുടെ ഗേറ്റിങ്കല്‍നിന്നു കിട്ടിയതായിരുന്നു. അവളുടെ പേരെന്താണെന്ന് അറിയില്ല. അവള്‍ പുഞ്ചിരിക്കുകയോ, സംസാരിക്കുകയോ ചെയ്യാറില്ല; അവള്‍ കരയാറില്ല; ഭക്ഷണം കൊടുത്താല്‍ അതു കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. അവളെ കണ്ടാല്‍ ബുദ്ധിയുള്ള കുട്ടിയാണെന്നു തോന്നും. പക്ഷേ അവളുടെ കണ്ണുകളിലേക്കു നോക്കിയാല്‍ അവളുടെ ചുരുങ്ങിയ ജീവിതകാലത്ത് ഭയാനകമായ ഏതോ ചില അനുഭവങ്ങളിലൂടെ അവള്‍ കടന്നുപോയിക്കാണുമെന്ന് നമുക്ക് ഊഹിക്കുവാന്‍ കഴിയും. ആ വാര്‍ഡിലെ ജീവനക്കാര്‍ക്കെല്ലാം അവളെ ഇഷ്ടമായിരുന്നു. അവളെ സന്തോഷിപ്പിക്കുവാന്‍ ചെയ്യാവുന്നതൊക്കെ ഞങ്ങള്‍ ചെയ്തു. ഇത്തരം പെണ്‍കുട്ടികളെ ഏതെങ്കിലും ക്രിസ്തീയ അനാഥാലയത്തിലേക്കു വിടുകയാണ് സാധാരണപതിവ്. ഈ കുട്ടിയെ ചികിത്സിച്ചിരുന്നത് ഞാനായിരുന്നു. അവളുടെ അസുഖം ഭേദമായശേഷം ഞാനും ചില ക്രിസ്തീയ സുഹൃത്തുക്കളും കൂടി അവളെ അറിയപ്പെട്ട ഒരു ക്രിസ്തീയ അനാഥാലയത്തിലേക്ക് അയയ്ക്കുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി.
അതിനുശേഷം വല്ലപ്പോഴുമൊക്കെ ഞാന്‍ അവളെപ്പറ്റി അന്വേഷിക്കുമായിരുന്നു; ഇടയ്‌ക്കൊക്കെ ഞാന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഞാനവളെ കണ്ടുമുട്ടി. അവള്‍ വിവാഹിതയായിരുന്നു; അവള്‍ക്ക് മക്കളുമുണ്ടായിരുന്നു. എന്നാല്‍ അവള്‍ എന്നോടു ചോദിച്ച ആദ്യത്തെ ചോദ്യം ”ആരാണ് എന്റെ മാതാപിതാക്കള്‍?” എന്നായിരുന്നു.
കഴിഞ്ഞുപോയ മുപ്പതുവര്‍ഷവും ഈ ചോദ്യം അവളെ അലട്ടിയിരുന്നു. ഒരപ്പന്റേയും, അമ്മയുടെയും സ്‌നേഹത്തിനായി കൊതിച്ചിരുന്ന അവളുടെ ഹൃദയത്തിലെ ശൂന്യതയെ നിറയ്ക്കുവാന്‍ അനാഥാലയത്തിലെ വ്യക്തികള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല.
ഒരു സ്ത്രീക്കു വേണ്ടതെല്ലാം അവള്‍ക്കുണ്ടായിരുന്നു – ഒരു നല്ല ഭര്‍ത്താവ്, മക്കള്‍, വിദ്യാഭ്യാസം, നല്ല ജോലി. പക്ഷേ എന്നെ കണ്ടമാത്രയില്‍ കരയത്തക്കവിധമുള്ള ഹൃദയവേദന അവളുടെ ഉള്ളില്‍ ഉണ്ടായിരുന്നു!
അവളുടെ മാതാപിതാക്കള്‍ ആരാണെന്നു പറയുവാന്‍ എനിക്കു കഴിഞ്ഞില്ല; എനിക്കവരെ അറിയില്ലായിരുന്നു. എന്നാല്‍ ഭൂമിയിലെ ഏതൊരു രക്ഷാകര്‍ത്താവിനേക്കാളും അധികമായി അവളെ സ്‌നേഹിക്കുന്നവനായ സ്വര്‍ഗ്ഗീയപിതാവിന്റെ കാര്യം ഞാന്‍ അവളോടു പറഞ്ഞു. അവളൊരു കുഞ്ഞായിരുന്ന സമയത്ത് അവളെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളോടു ക്ഷമിക്കുവാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ‘പരിത്യജിക്കപ്പെട്ടു’ എന്ന തോന്നല്‍ അവളുടെ പ്രാണനെ നശിപ്പിക്കുന്നത് എനിക്കു കാണുവാന്‍ കഴിഞ്ഞു.
ആഗ്രഹിച്ച സ്‌നേഹവും ശ്രദ്ധയും മാതാപിതാക്കളില്‍നിന്ന് ലഭിക്കാതിരുന്ന വേറെ ചില പെണ്‍കുട്ടികളുടെ കാര്യവും എനിക്കറിയാം. ക്രൂരതയുള്ള ഈ ലോകത്ത് അരക്ഷിതബോധത്തോടെ ഏകാകികളും, അസന്തുഷ്ടരുമായിട്ടാണ് അവര്‍ വളര്‍ന്നുവന്നത്.
തകര്‍ന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളും അവിവാഹിതരായ സ്ത്രീകള്‍ക്കുണ്ടായ പെണ്‍കുഞ്ഞുങ്ങളുമെല്ലാം ദുഃഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഇത്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന അനേകം പെണ്‍കുട്ടികളും വിചാരിക്കുന്നത് മാതാപിതാക്കന്മാര്‍ക്ക് തങ്ങളെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എന്നാണ്.
ഇത്തരത്തിലുള്ള ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ സ്വര്‍ഗ്ഗീയപിതാവിന്റെ മടിയിലേക്കു കടന്നുവന്നിരുന്നുവെങ്കില്‍ തങ്ങളാഗ്രഹിക്കുന്ന സുരക്ഷിതത്വവും സ്‌നേഹവും ശ്രദ്ധയുമെല്ലാം അവര്‍ക്ക് അവിടെ നിന്നു ലഭിക്കുമായിരുന്നു.
ഒരു പക്ഷേ ആരോടും പറയുവാന്‍ സാധിക്കാത്ത ആഴമേറിയ ഒരു മുറിവ് നിങ്ങളില്‍ ഒരാളുടെ ഓര്‍മ്മയില്‍ ഉണ്ടായിരിക്കാം. ഭൂതകാലത്തില്‍ ആരെങ്കിലും നിങ്ങളെ ഉപദ്രവിച്ചതിന്റെ ഓര്‍മ്മകളാവാം അവ. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടി. അവളുടെ കന്യകാത്വം അപഹരിക്കപ്പെട്ടതോര്‍ത്ത് അവള്‍ക്കു ദേഷ്യവും, വെറുപ്പുമുണ്ടായിരുന്നു. ഒരിക്കലും ഒരു പുരുഷനെ വിശ്വസിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കഴിഞ്ഞുപോയ സംഭവത്തില്‍ അവള്‍ക്കൊരു ഉത്തരവാദിത്തവും ഇല്ലെന്നും, ആ സംഭവത്തെ ‘ഒരു ആകസ്മികസംഭവം’ മാത്രമായി കരുതണമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്കു വളരെ ആശ്വാസം തോന്നി.
ഓരോ മുറിവും സുഖപ്പെടുത്തുവാനും കുറ്റബോധവും ലജ്ജയും കഴുകിക്കളയുവാനും യേശുവിനു മാത്രമേ സാധിക്കുകയുള്ളു. നിനക്കു ദോഷം ചെയ്ത വ്യക്തിയോടു ക്ഷമിക്കുവാനായി നിന്നെ സഹായിക്കുവാന്‍ അവനു കഴിയും. ഇത്തരം അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നതുകൊണ്ട് ഇതുപോലെ കഷ്ടമനുഭവിക്കുന്ന മറ്റു സ്ത്രീ കളോട് കരുണ കാട്ടുവാനും അവരെ സഹായിക്കുവാനും നിനക്കു കഴിയും.
ഒരു പക്ഷേ മാതാപിതാക്കളുടെ കര്‍ശനമായ നിബന്ധനകളെ നീ വെറുക്കുന്നുണ്ടാകും. നിന്റെ വേഷവിധാനം, പെരുമാറ്റം തുടങ്ങിയവ യുടെമേല്‍ അവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ചില പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ നിന്നിറങ്ങിപ്പോയി ജീവിതം അവസാനിപ്പിക്കുവാന്‍ തോന്നാറുണ്ട്. എന്നാല്‍ ഭാവി മുഴുവന്‍ ഇരുളടഞ്ഞതായി തോന്നുന്ന ഒരു പെണ്‍കുട്ടിയും ഇല്ല തന്നെ. ഓരോ ഇരുണ്ട കാര്‍മേഘത്തിലും ഒരു വെള്ളിവരയുണ്ട്. നിനക്കു വന്നു ഭവിക്കാന്‍ സാധ്യതയുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പഠിക്കുക.
നീ ഇന്നു ജീവിച്ചിരിക്കാന്‍ തക്കവണ്ണം മാതാപിതാക്കള്‍ നിനക്കു ചെയ്തു തന്ന കാര്യങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുക. ജീവിതത്തിലെ പ്രയാസങ്ങളും ശോധനകളുമായി ഇണങ്ങിപ്പോകുവാനായി നിന്നെ സഹായിക്കുവാന്‍ ദൈവത്തിനു കഴിയും. അതുകൊണ്ട് ഒരുനാളും നീ ആശ കൈവിടരുത്.
നിന്നെക്കാള്‍ മെച്ചമായ തരത്തില്‍ ജീവിക്കുന്നവരോട് നീ അസൂയപ്പെടരുത്. നിന്നെ സൃഷ്ടിച്ചതിലോ നിനക്കുവേണ്ടി സാഹചര്യങ്ങളെ ക്രമീകരിച്ചതിലോ ദൈവം ഒരു തെറ്റും വരുത്തിയിട്ടില്ല. നിന്നെക്കാള്‍ സങ്കടകരമായ അനുഭവത്തിലൂടെ കടന്നു പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഈ ലോകത്തുണ്ട്. നന്ദിപൂര്‍വം സ്മരിക്കുവാനുള്ള പല കാര്യങ്ങളും നിനക്കുണ്ട്.
ഒരു പക്ഷേ വിവാഹത്തിനു മുന്‍പായി നിങ്ങളിലൊരാള്‍ പാപം ചെയ്ത് ഗര്‍ഭിണി ആയിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ശരിയായ തീരുമാനം എടുത്ത് കുഞ്ഞുങ്ങളെ ജീവനോടെ സൂക്ഷിച്ച അനേകം പെണ്‍കുട്ടികളെ എനിക്കറിയാം. ചിലര്‍ കുഞ്ഞുങ്ങളെ അവരുടെ കൂടെത്തന്നെ സൂക്ഷിച്ചു.മറ്റു ചിലര്‍ അവരെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്ക് കൊടുത്തു. ആ അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞില്ല. അവര്‍ ദൈവമുന്‍പാകെ തങ്ങളെത്തന്നെ താഴ്ത്തി മാനസാന്തരപ്പെട്ടപ്പോള്‍ അവരെ മനസ്സിലാക്കുവാന്‍ കഴിയുന്ന ഭര്‍ത്താക്കന്മാരെ ദൈവം അവര്‍ക്കു നല്കി. അവരുടെ കുറ്റബോധവും ലജ്ജയും കര്‍ത്താവ് നീക്കിക്കളഞ്ഞു. മറ്റുള്ളവര്‍ നിന്നെ കുറ്റപ്പെടുത്തിയാലും ഇത്തരം ഇരുളടഞ്ഞ അവസരങ്ങളില്‍ നിനക്ക് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ കഴിയും.
നിന്നെ സ്വീകരിക്കുവാനും നിനക്കൊരു പുതുജീവിതം നല്‍കുവാനും കര്‍ത്താവ് കാത്തിരിക്കുന്നു.
കുറച്ചുകാലം മുമ്പ് ഒരു കുടുംബത്തിലെ വിവാഹപ്രായമെത്തിയ മുന്നു സഹോദരിമാര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തതിനെക്കുറിച്ച് നാം ഇന്ത്യയിലെ ദിനപത്രങ്ങളില്‍ വായിക്കുകയുണ്ടായി. അവര്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയാണ് ചെയ്തത്. അവരെ വിവാഹം അന്വേഷിച്ചു വന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ ചോദിക്കുന്ന വലിയ സ്ത്രീധനത്തുക കൊടുക്കുവാന്‍ സാധിക്കാതെ അവരുടെ പിതാവ് കുഴങ്ങി ഹതാശനായി കഴിയുകയായിരുന്നു. തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നതിലൂടെ പിതാവിന്റെ വിഷമത്തിന് ഒരറുതി വരുത്തുവാന്‍ ആ പെണ്‍കുട്ടികള്‍ തീരുമാനിച്ചു!! എത്ര ദാരുണമായ സംഭവം!
ഒരുപക്ഷേ നിങ്ങള്‍ ഇതുപോലെയൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നുണ്ടാകാം. വലിയ സ്ത്രീധനത്തുക കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ക്കു വരുന്ന എല്ലാ വിവാഹാലോചനകളും തള്ളിപ്പോകുന്നുണ്ടാവാം. നിരാശപ്പെടരുത്. ദൈവം നിങ്ങളുടെ പിതാവാണ്. അവന്‍ നിങ്ങളുടെ ആവശ്യം അറിയുന്നു; അവന്‍ നിങ്ങള്‍ക്കായി കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ കാര്യം വിവാഹം കഴിക്കുക എന്നതല്ല. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി നിറവേറ്റുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് പൂര്‍ണ്ണമായും ദൈവത്തോടു ചേര്‍ന്നിരിക്കുക. നിന്റെ ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രം ചെയ്യുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ വിവാഹിതയായാലും, ഇല്ലെങ്കിലും ഫലപ്രദമായ ഒരു ജീവിതം നയിച്ചു എന്ന് ജീവിതാവസാനത്തില്‍ ആശ്വസിക്കാന്‍ നിനക്കു കഴിയും! ലോകത്തിലെ ഏറ്റവും വലിയ മിഷനറിമാരില്‍ ചിലര്‍ അവിവാഹിതരായ സ്ത്രീകളായിരുന്നു.
നന്നായി പരിശ്രമിച്ചിട്ടും നിങ്ങള്‍ പരീക്ഷയില്‍ തോറ്റു പോയിട്ടുണ്ടാവാം. മറ്റുള്ളവര്‍ നിങ്ങളോടു സഹതാപം കാട്ടുന്നില്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? നിങ്ങളുടെ ജീവിതം മുഴുവന്‍ ഒരു പരാജയമാണ് എന്നു പിശാച് നിങ്ങളോട് മന്ത്രിക്കുന്നുണ്ടോ? ഇത്തരം പൈശാചിക ചിന്തകളെ താലോലിക്കരുത്. നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാനുള്ള നിലയിലേക്ക് ആ ചിന്തകള്‍ നിങ്ങളെ കൊണ്ടെത്തിച്ചെന്നുവരാം.
പ്രിയ സഹോദരീ, കരയേണ്ട. ഒരു പരീക്ഷയിലോ, അനേകം പരീക്ഷകളിലോ തോറ്റുപോയി എന്നു വച്ച് നിന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിന്നുപോകണമെന്നില്ല. ആ പരീക്ഷകള്‍ ഒന്നുകൂടി എഴുതിനോക്കുക. ഒരുനാള്‍ നീ ജയിക്കും. പരിശ്രമിക്കുന്നത് നിര്‍ത്തിക്കളയരുത്. ഒരു പക്ഷേ വീണ്ടും നീ തോറ്റുപോയെന്നു വരാം. പഠിച്ചു ജയിക്കുവാനാവശ്യമായ ബുദ്ധിശക്തിയോ തുടര്‍ന്നു പഠിക്കുവാന്‍ ആവശ്യമായ സാമ്പത്തികനിലയോ ഇല്ലെങ്കില്‍പ്പോലും നിരാശപ്പെടരുത്. ഈ ലോകത്തിലെ ബുദ്ധിമാന്മാരേയും, ധനവാന്മാരേയും ലജ്ജിപ്പിക്കുവാന്‍ ദൈവം ദരിദ്രരേയും ബലഹീനരേയും തിരഞ്ഞെടുത്തിരിക്കുന്നു എന്ന കാര്യം ഓര്‍ക്കുക.
നീ പരീക്ഷയില്‍ ജയം വരിച്ചാലും, ഇല്ലെങ്കിലും നീ ആയിരിക്കുന്നതുപോലെ തന്നെ ദൈവം നിന്നെ സ്‌നേഹിക്കുന്നു! നിന്നെ സ്വീകരിക്കുന്നതിനു മുന്‍പായി നിന്റെ മാര്‍ക്ക്ഷീറ്റ് വിലയിരുത്തേണ്ട ആവശ്യം ദൈവത്തിനില്ല!
ഒരുപക്ഷേ പ്രേമനൈരാശ്യം നിന്നെ പിടികൂടിയിട്ടുണ്ടാകും! നീ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകാണും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാര്‍ കരയുന്നതുപോലെ തന്നെ നീയും കരയുകയാണ്.
നീ സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരന്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെങ്കില്‍ നിന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയില്‍ അവന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ദൈവം നിനക്കായി മെച്ചപ്പെട്ട വേറൊരു വ്യക്തിയെ കരുതിയിട്ടുണ്ട്. ഒരുപക്ഷേ ദൈവത്തെ സേവിച്ചുകൊണ്ട് അവിവാഹിതയായി നീ ജീവിക്കണം എന്നതാവാം ദൈവത്തിന്റെ പദ്ധതി.
ലോകത്തിലുള്ള ആരേക്കാളും എന്തിനെക്കാളും അധികം വിലപ്പെട്ടതായി ദൈവത്തെ നാം കരുതണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതിനുവേണ്ടി പല കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുവാന്‍ ദൈവം ഇട വരുത്തുന്നു. അതുകൊണ്ട് ഈ സമയം മുതല്‍ എല്ലാവരെക്കാളും സുന്ദരനായ വ്യക്തി നിനക്ക് അവിടുന്നു തന്നെയായിരിക്കട്ടെ.
മാതാപിതാക്കളാല്‍ പരിത്യജിക്കപ്പെട്ടവരോട് ഒരു വാക്കു പറയട്ടെ. മാതാപിതാക്കള്‍ നിങ്ങളെ എന്തുകൊണ്ടാണ് ഉപേക്ഷിച്ചതെന്നു കണ്ടുപിടിക്കേണ്ട ആവശ്യമേ ഇനിയില്ല. നിങ്ങള്‍ അബദ്ധവശാല്‍ ഉണ്ടായതല്ല. നിത്യകാലം മുതല്‍ തന്നെ നിങ്ങളുടെ നാളുകളെല്ലാം ദൈവത്തിന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. (സങ്കീ. 139:15, 16)
ലോകസ്ഥാപനത്തിനു മുമ്പുതന്നെ ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരുന്നു. (എഫെ. 1:4, 11) മാതാപിതാക്കള്‍ വരുത്തിയ അബദ്ധങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരവാദിയല്ല.
നിങ്ങള്‍ ദീര്‍ഘനാളുകളായി ഒരു കുടുംബത്തിനുവേണ്ടി ആഗ്രഹിച്ചുകാണും. നിങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗീയപിതാവുണ്ട് എന്നതില്‍ സന്തോഷിക്കുക. നിങ്ങളെ അവിടുത്തെ കുടുംബാംഗങ്ങളില്‍ ഒരാളാക്കിത്തീര്‍ക്കുവാന്‍ അവിടുത്തേക്കു മനസ്സാണ്. ദൈവം ഒരിക്കലും തന്റെ മക്കളെ പരിത്യജിക്കുകയില്ല.
നിത്യസ്‌നേഹത്താല്‍ അവിടുന്നു നിന്നെ സ്‌നേഹിക്കുന്നു; അവിടുന്നു നിന്റെ മേല്‍ സ്‌നേഹം വര്‍ഷിപ്പിക്കുന്നു. സ്വര്‍ഗ്ഗീയപിതാവിന്റെ സ്‌നേഹം നിറഞ്ഞ കരങ്ങളില്‍ സുരക്ഷിതയായിരിക്കുന്ന ഒരു കുട്ടിയായി എപ്പോഴും നിങ്ങള്‍ സ്വയം കരുതുക. അവിടുത്തെ സാദൃശ്യത്തില്‍ നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിങ്ങളെ അനുഗ്രഹിക്കുവാനും എപ്പോഴും നിങ്ങള്‍ക്കു സമീപസ്ഥനായിരിക്കുവാനും അവിടുന്ന് ആഗ്രഹിക്കുന്നു.
നിങ്ങള്‍ക്കുവേണ്ടി കരുതിവെച്ചതെല്ലാം നിങ്ങളെ കാണിക്കുവാന്‍ അവിടുന്നു കാത്തിരിക്കുന്നു. നിങ്ങള്‍ക്കായി ഒരുക്കിയ ഭവനത്തിലേക്ക് അവിടുന്ന് ഒരുനാള്‍ നിങ്ങളെ കൊണ്ടുപോകും. ഭൂമിയിലെ ഏതു വീടിനേക്കാളും, ഏതൊരു അവകാശത്തേക്കാളും വളരെ മെച്ചപ്പെട്ട സ്ഥലമാണ് അത്. അതു ലഭിക്കുവാന്‍ വേണ്ടി നിങ്ങള്‍ അവിടുത്തെ മകളും, അവിടുത്തെ കുടുംബത്തിന്റെ ഭാഗവും ആയിത്തീരണം. അപ്പോള്‍ ആര്‍ക്കും നിങ്ങളെ തന്റെ കയ്യില്‍നിന്നു പറിച്ചെടുക്കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ നിങ്ങളുടെ ജീവിതം മുഴുവനായി അവിടുത്തേക്കു നല്‍കുക. ”അവനെ (യേശുവിനെ) കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹ. 1:12)
നിങ്ങള്‍ ഒരു പാപിയാണെന്നു സമ്മതിക്കുകയും നിങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടിയുള്ള യേശുവിന്റെ മരണത്തെ അംഗീകരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയപിതാവിന്റെ മകളായിത്തീരുവാന്‍ കഴിയും.
നിങ്ങള്‍ എല്ലാ പാപങ്ങളെക്കുറിച്ചും അനുതപിച്ച് അവയെ ഉപേക്ഷിക്കുക. നിങ്ങള്‍ക്കുവേണ്ടി ചൊരിഞ്ഞ രക്തംകൊണ്ട് അവിടുന്നു നിങ്ങളെ മുഴുവനായി ശുദ്ധീകരിക്കും. നിങ്ങളോടു തെറ്റു ചെയ്ത എല്ലാവരോടും ക്ഷമിക്കുക. നിങ്ങളുടെ മാതാപിതാക്കളോടും ക്ഷമിക്കുക.
ഭൂതകാലഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാന്‍ അനുവദിക്കരുത്. കുറ്റബോധം കൊണ്ട് ഭാരപ്പെട്ടിരുന്നാല്‍ ദൈവത്തിനു നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള പദ്ധതി നിറവേറ്റുവാന്‍ നിങ്ങള്‍ക്കു കഴിയാതെ വരാം. എന്നന്നേക്കുമായി കഴിഞ്ഞകാലപാപങ്ങളെ നിങ്ങള്‍ പുറകിലേക്ക് എറിഞ്ഞു കളയണം. അവയെ യേശുവിന്റെ രക്തത്തിന്റെ കീഴില്‍ കൊണ്ടുവരിക. അതിനുശേഷം മുന്നോട്ട് ഉത്സാഹപൂര്‍വ്വം മുന്നേറുക.
നിങ്ങളെ വെടിപ്പാക്കുവാന്‍വേണ്ടി മാത്രമല്ല യേശു കഷ്ടമനുഭവിക്കുകയും മരിക്കുകയും ചെയ്തത്. പിന്നെയോ, നിങ്ങള്‍ വെടിപ്പായി എന്നു നിങ്ങള്‍ക്കു തോന്നാന്‍വേണ്ടിക്കൂടിയാണ് അവന്‍ കഷ്ടമനുഭവിച്ചത്. ക്രിസ്തു നിങ്ങളുടെ ജീവിതത്തിലേക്കു വരുമ്പോള്‍ നിങ്ങള്‍ ദൈവമുമ്പാകെ നീതികരിക്കപ്പെടുന്നു. ഇപ്പോള്‍ ദൈവം നിങ്ങളെ നോക്കുന്നത് നിങ്ങളുടെ മുഴുജീവിതത്തിലും നിങ്ങള്‍ ഒരിക്കലും പാപം ചെയ്തിട്ടേയില്ല എന്ന മട്ടിലാണ്. ആ തിരിച്ചറിവ് നിങ്ങളുടെ ഹൃദയത്തെ എല്ലായ്‌പോഴും സന്തോഷിപ്പിക്കട്ടെ. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റിയ ഞങ്ങളില്‍ അനേകരെപ്പോലെ നിങ്ങളും ഇപ്രകാരം ദൈവത്തിന്റെ അത്ഭുതകരമായ ഭവനത്തിലെ ഒരംഗം ആയിത്തീരും.
വേദപുസ്തകം വായിക്കുമ്പോള്‍ ദൈവം നിങ്ങളുടെ ഹൃദയത്തോടു സംസാരിക്കുന്നതു നിങ്ങള്‍ക്കു ശ്രവിക്കുവാന്‍ കഴിയും. പ്രാര്‍ത്ഥനയില്‍ ദൈവത്തോടു സംസാരിക്കുമ്പോള്‍ അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്ന് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്നും ഉത്തരമരുളുന്നു എന്നുമുള്ള ഉറപ്പ് നിങ്ങള്‍ക്കുണ്ടാകും.
പിതാവായ ദൈവം യേശുവിനോട് പറഞ്ഞു, ”നീ എന്റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” ഒരുനാള്‍ അവിടുന്നു നിന്നേയും താന്‍ പ്രസാദിക്കുന്ന തന്റെ പ്രിയപുത്രി എന്നു വിളിക്കും. ഇനി നിങ്ങള്‍ വിലപിക്കരുത്.
നീ ഒരനാഥയല്ല. നി രാജാവിന്റെ മകളാണ്. ഞാന്‍ പറയുവാന്‍ ശ്രമിക്കുന്ന കാര്യം ഭംഗിയായി പ്രതിപാദിക്കുന്ന ഒരു എഴുത്ത് ഞാന്‍ കുറച്ചുകാലം മുമ്പ് വായിക്കുകയുണ്ടായി. അത് ബാരി ആംഡസ് എഴുതിയതാണ്. അദ്ദേഹം സമാഹരിച്ചുവച്ച പ്രചോദനം നല്‍കുന്ന ഉദ്ധരണികള്‍ മുഴുവനും ഇവിടെ എഴുതുവാന്‍ അദ്ദേഹം എനിക്ക് സദയം അനുവാദം നല്‍കി. അത് ഇവിടെ കൊടുത്തിരിക്കുന്നു.
പിതാവിന്റെ സ്‌നേഹം തുളുമ്പുന്ന കത്ത്:
താഴെക്കൊടുത്തിരിക്കുന്ന വരികള്‍ സത്യമാണ്. നീ അനുവദിച്ചാല്‍ അവ നിന്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തും. ഈ വരികള്‍ ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നു വരുന്നു. അവന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ ജീവിതകാലം മുഴുവന്‍ തിരഞ്ഞ പിതാവ് അവനാണ്. അവന്റെ സ്‌നേഹം നിറഞ്ഞൊഴുകുന്ന കത്താണ് ഇത്:
എന്റെ കുഞ്ഞേ,
നീ എന്നെ അറിയുന്നില്ലായിരിക്കും. എന്നാല്‍ നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. (സങ്കീ. 139:1)
നീ ഇരിക്കുന്നതും, എഴുന്നേല്‍ക്കുന്നതും ഞാന്‍ അറിയുന്നു. (സങ്കീ. 139:2)
നിന്റെ വഴികളൊക്കെയും എനിക്കു മനസ്സിലായിരിക്കുന്നു. (സങ്കീ. 139:3)
നിന്റെ തലയിലെ മുടികളെല്ലാം എണ്ണപ്പെട്ടിരിക്കുന്നു (മത്താ. 10:29-31)
നീ എന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (ഉല്പ. 1:27)
എന്നില്‍ നീ ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു. (അപ്പോ. പ്രവൃ. 17:28)
നീ എന്റെ സന്താനമല്ലോ (അപ്പോ. പ്രവൃ. 17:28)
നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു (യിരെ. 1:4,5)
ലോകസ്ഥാപനത്തിനു മുമ്പെ ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. (എഫെ. 1:4)
നീ അബദ്ധവശാല്‍ ഉണ്ടായതല്ല.
നിന്റെ നാളുകളെല്ലാം എന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. (സങ്കീ. 139:15,16)
നിന്റെ ജനനസമയവും നീ എവിടെ ജീവിക്കണം എന്നതും ഞാന്‍ നിശ്ചയിച്ചു. (അപ്പോ. പ്രവൃ. 17:26)
ഭയങ്കരവും, അതിശയകരവുമായി നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (സങ്കീ. 139:14)
നിന്റെ അമ്മയുടെ ഉദരത്തില്‍ ഞാന്‍ നിന്നെ മെടഞ്ഞു. (സങ്കീ. 139:13)
നിന്റെ അമ്മയുടെ ഉദരത്തില്‍ നിന്ന് നിന്നെ എടുത്തവന്‍ ഞാന്‍ തന്നേ. (സങ്കീ. 71:6)
എന്നെ അറിയാത്തവര്‍ എന്നെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ നിനക്കു തന്നു. (യോഹ. 8:41-44)
ഞാന്‍ ദൂരസ്ഥനും കോപിച്ചിരിക്കുന്നവും അല്ല.
ഞാന്‍ സ്‌നേഹത്തിന്റെ പൂര്‍ണ്ണപ്രകാശനമാണ്. (1 യോഹ. 4:16)
എന്റെ സ്‌നേഹം നിന്റെ മേല്‍ ചൊരിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. (1 യോഹ. 3:1)
കാരണം നീ എന്റെ മകളും ഞാന്‍ നിന്റെ പിതാവുമാണ്. (1 യോഹ. 3:1)
ഭൂമിയിലെ നിന്റെ പിതാവിനു തരാന്‍ കഴിയുന്നതിലുമധികം ഞാന്‍ നിനക്കു വാഗ്ദാനം ചെയ്യുന്നു (മത്താ. 7:11)
ഞാനാണ് തികവുള്ള പിതാവ്. (മത്താ. 5:48)
നിനക്കു ലഭിക്കുന്ന എല്ലാ നല്ല ദാനവും എന്റെ പക്കല്‍ നിന്നു വരുന്നു. (യാക്കോ. 1:17)
ഞാനാണ് നിന്റെ ദാതാവ്; നിന്റെ എല്ലാ ആവശ്യങ്ങളും ഞാന്‍ സാധിച്ചുതരുന്നു. (മത്താ. 6:31-33)
നിന്റെ ഭാവിയെക്കുറിച്ച് എനിക്കുള്ള പദ്ധതികള്‍ എല്ലായ്‌പോഴും പ്രത്യാശ നിറഞ്ഞവയാണ്. (യിരെ. 29:11)
കാരണമെന്തെന്നാല്‍ നിത്യസ്‌നേഹം കൊണ്ട് ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു. (യിരെ. 31:3)
നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ കടല്‍ത്തീരത്തെ മണല്‍പോലെ എണ്ണിയാല്‍ തീരാത്തതാണ്. (സങ്കീ. 139:17,18)
സംഗീതത്തോടെ ഞാന്‍ നിന്നില്‍ സന്തോഷിക്കുന്നു. (സെഫ. 3:17)
നിനക്കു നന്മ ചെയ്യുന്നതു ഞാന്‍ ഒരിക്കലും നിര്‍ത്തിക്കളയുകയില്ല. (യിരെ. 32:40)
കാരണം നിങ്ങള്‍ എനിക്കു പ്രത്യേക സമ്പത്താണ്. (പുറ. 19:5)
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണമനസ്സോടും കൂടെ നിന്നെ ഈ ദേശത്തു നടും. (യിരെ. 32:41)
വലുതും, അത്ഭുതകരവുമായ കാര്യങ്ങളെ നിനക്കു കാണിച്ചുതരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. (യിരെ. 33:3)
നീ പൂര്‍ണ്ണഹൃദയത്തോടെ എന്നെ അന്വേഷിച്ചാല്‍ എന്നെ കണ്ടെത്തും. (ആവ. 4:29)
എന്നില്‍ രസിച്ചുകൊള്‍ക; ഞാന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. (സങ്കീ. 37:4)
ഞാനാണ് ആ ആഗ്രഹങ്ങളെ നിന്റെ ഉള്ളില്‍ തന്നത്. (ഫിലി. 2:13)
നിനക്കു സങ്കല്പിക്കുവാന്‍ കഴിയുന്നതിലധികമായി നിനക്കു ചെയ്തുതരുവാന്‍ ഞാന്‍ ശക്തനാണ്. (എഫെ. 3:20)
ഞാനാണ് നിന്റെ ഏറ്റവും വലിയ ഉത്സാഹദായകന്‍ (2 തെസ്സ. 2:16, 17)
നിന്റെ കഷ്ടങ്ങളില്‍ നിന്നെ ആശ്വസിപ്പിക്കുന്ന പിതാവും ഞാന്‍ തന്നെയാണ്. (2 കൊരി. 1:3, 4)
നിന്റെ ഹൃദയം തകര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ നിനക്കു സമീപസ്ഥനാണ്(സങ്കീ. 34:18)
ഒരിടയന്‍ കുഞ്ഞാടിനെ എടുക്കുന്നതുപോലെ ഞാന്‍ നിന്നെ എന്റെ ഹൃദയത്തോടു ചേര്‍ത്ത് വഹിക്കുന്നു. (യെശ. 40:11)
ഒരുനാള്‍ ഞാന്‍ നിന്റെ കണ്ണില്‍നിന്നും കണ്ണുനീര്‍ എല്ലാം തുടച്ചുകളയും. (വെളി. 21:3, 4)
ഭൂമിയില്‍ നീ സഹിച്ച വേദനകളെല്ലാം ഒരുനാള്‍ ഞാന്‍ നീക്കിക്കളയും. (വെളി. 21:4, 5)
ഞാന്‍ നിന്റെ പിതാവാണ്; ഞാന്‍ എന്റെ പുത്രനായ യേശുവിനെ സ്‌നേഹിക്കുന്നതുപോലെ നിന്നേയും സ്‌നേഹിക്കുന്നു. (യോഹ. 17:23)
എന്തുകൊണ്ടെന്നാല്‍ എനിക്കു നിന്നോടുള്ള സ്‌നേഹം യേശുവില്‍ വെളിപ്പെട്ടിരിക്കുന്നു. (യോഹ. 17:26)
അവന്‍ എന്നെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നു. (എബ്രാ. 1:3)
ഞാന്‍ നിനക്കെതിരല്ല, ഞാന്‍ നിന്റെ വശത്താണ് എന്നു വെളിപ്പെടുത്താനാണ് അവന്‍ വന്നത്. (റോമ. 8:31)
ഞാന്‍ നിന്റെ പാപങ്ങളെ കണക്കിടുന്നില്ല എന്നു നിന്നോടു പറയുവാനാണ് അവന്‍ വന്നത്. (2 കൊരി. 5:18-19)
യേശു മരിച്ചത് ഞാനും, നീയും തമ്മില്‍ നിരപ്പ് ഉണ്ടാകുവാന്‍ വേണ്ടിയാണ്. (2 കൊരി. 5:18-19)
എനിക്കു നിന്നോടുള്ള സ്‌നേഹത്തിന്റെ ആത്യന്തികമായ പ്രകാശനമാണ് അവന്റെ മരണം (1 യോഹ. 4:10)
നിന്റെ സ്‌നേഹം നേടുവാനായി ഞാന്‍ സ്‌നേഹിക്കുന്നതെല്ലാം ഞാന്‍ വിട്ടുകളഞ്ഞു. (റോമ. 8:31, 32)
എന്റെ പുത്രനായ യേശു എന്ന ദാനത്തെ നീ സ്വീകരിക്കുമെങ്കില്‍ നീ എന്നെ സ്വീകരിക്കുന്നു. (1 യോഹ. 2:23)
എന്റെ സ്‌നേഹത്തില്‍നിന്നും ഒന്നുംതന്നെ നിന്നെ ഒരിക്കലും വേര്‍പിരിക്കുകയില്ല. (റോമ. 8:38, 39)
വീട്ടിലേക്കു വരിക; സ്വര്‍ഗ്ഗം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പാര്‍ട്ടി ഞാന്‍ നടത്താം. (ലൂക്കോ. 15:7)
ഞാന്‍ എല്ലായ്‌പോഴും പിതാവായിരുന്നു; ഞാന്‍ എന്നും പിതാവായിരിക്കും. (എഫെ. 3:14, 15)
”നീ എന്റെ കുട്ടിയായിത്തീരുമോ?” എന്നാണ് എന്റെ ചോദ്യം (യോഹ. 1:12, 13)
ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. (ലൂക്കോ. 15:11-32)
സ്‌നേഹത്തോടെ,
നിന്റെ ഡാഡി
സര്‍വ്വശക്തനായ ദൈവം
അദ്ധ്യായം രണ്ട്: നിങ്ങളുടെ കാന്തനായ ദൈവം
‘നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭര്‍ത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വിണ്ടെടുപ്പുകാരന്‍; സര്‍വ്വഭൂമിയുടെയും ദൈവം എന്ന് അവന്‍ വിളിക്കപ്പെടുന്നു’ (യെശ. 54:5).
എന്റെ ഒരു സ്‌നേഹിതയുടെ ഭര്‍ത്താവ് പെട്ടെന്നുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ചുപോയി. മദ്യപിച്ച് വാഹനമോടിച്ച ഒരു ഡ്രൈവറുടെ അശ്രദ്ധ കാരണം ആ വാഹനം അയാളെ ഇടിച്ചുവീഴ്ത്തുകയാണ് ഉണ്ടായത്. അയാള്‍ ഒരു പ്രാര്‍ത്ഥനായോഗത്തിനു പോകുമ്പോഴാണ് ഈ സംഭവമുണ്ടായത്. ചെറുപ്പക്കാരിയായ തന്റെ ഭാര്യയോട് ഒന്നു വിടപറയുവാന്‍പോലും അയാള്‍ക്കു കഴിഞ്ഞില്ല.
എന്റെ വേറൊരു സ്‌നേഹിതയുടെ ഭര്‍ത്താവ് ചുരുക്കം ചില നാളുകള്‍ രോഗബാധിതനായിക്കഴിഞ്ഞശേഷം മരിച്ചുപോയി. മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓരോ വീട്ടിലേക്കും കടന്നുവരുന്നു. തനിക്കു പ്രിയപ്പെട്ട വ്യക്തിയുടെ മരണത്തില്‍ ദുഃഖിക്കുന്ന ആള്‍ക്കു മാത്രമേ താന്‍ അനുഭവിക്കുന്ന മനോവേദനയും, ഏകാന്തതയും എത്ര കഠിനമാണെന്നു മനസ്സിലാകുകയുള്ളു. ഉദാഹരണത്തിനു മരിച്ചുപോയ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഭാര്യയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. സന്തോഷപ്രദമായിരുന്ന അവരുടെ ജീവിതം ഒരിക്കല്‍കൂടി ഭര്‍ത്താവിനോടൊപ്പം ആസ്വദിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു അവള്‍ ആശിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ അതിനിയും ഒരിക്കലും തിരിച്ചുകിട്ടുകയില്ലല്ലോ. പകല്‍ സമയങ്ങളില്‍ പൊഴിക്കുന്ന കണ്ണീരും, രാത്രികളില്‍ അണപൊട്ടി ഒഴുകുന്ന ദുഃഖവും ആണ് അവളുടെ കഠിനവ്യഥയ്ക്ക് ഒരാശ്വാസം പകരുന്നത്.
നാം പൊഴിക്കുന്ന കണ്ണീര്‍ക്കണങ്ങളെ കര്‍ത്താവ് ശ്രദ്ധിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു. ‘രാത്രിയില്‍ ഞാന്‍ അസ്വസ്ഥനായി കിടക്കയില്‍ കിടന്നുരുളുന്നത് നീ കാണുന്നു. എന്റെ കണ്ണുനീരെല്ലാം നീ ശേഖരിച്ചു നിന്റെ തുരുത്തിയില്‍ സൂക്ഷിച്ചിരിക്കുന്നു! എന്റെ ഓരോ കണ്ണുനീര്‍ത്തുള്ളിയും നിന്റെ പുസ്തകത്തില്‍ നീ രേഖപ്പെടുത്തിയിരിക്കുന്നു.’ (സങ്കീ. 56: 8-ലിവിങ് ബൈബിള്‍ പരിഭാഷ)
ഒരു ദൈവമകളുടെ ഭര്‍ത്താവ് കര്‍ത്തൃസന്നിധിയിലേക്കു കടന്നുപോയ അതേ മാസം തന്നെ അവള്‍ താഴെക്കൊടുത്തിരിക്കുന്ന ലേഖനം വായിക്കുവാന്‍ ഇടയായി. ഞാന്‍ അവളെ കണ്ടുമുട്ടിയ വേളയില്‍ ആ ലേഖനം മുഖാന്തരം അവള്‍ ദൈവത്തില്‍ എത്ര വലിയ സമാധാനം കണ്ടെത്തിയിരിക്കുന്നു എന്നെനിക്കു മനസ്സിലായി.
”കുറച്ചു ദിവസങ്ങളോ, മാസങ്ങളോ മുന്‍പുവരെ ബലവാനും, ജ്ഞാനിയുമായ ഒരു ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിച്ചിരുന്ന ഒരു സ്ത്രീ ഇന്ന് ഇവിടെ ഉണ്ടായിരിക്കാം. അന്ന് അവള്‍ ഉത്തരവാദിത്തബോധത്തില്‍നിന്നും ചിന്താകുലങ്ങളില്‍നിന്നും സ്വതന്ത്രയായിരുന്നു. കഴിഞ്ഞ കാലമത്രയും അദ്ദേഹം അവളുടെ എല്ലാ ഭാരങ്ങളും വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹവാസംമൂലം ജീവിതം വളരെ തെളിമയും സന്തോഷവും ഉള്ളതായിരുന്നു. പക്ഷേ ഒരു ഇരുണ്ടദിനത്തില്‍ ആ പ്രിയപ്പെട്ടവന്‍ കടന്നുപോയി. ഇന്ന് ജീവിതം എത്ര ഏകാന്തവും, ഫലശൂന്യവും, ഭാരമേറിയതും, ഉത്കണ്ഠ നിറഞ്ഞതും ആയിത്തീര്‍ന്നിരിക്കുന്നു!
നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു സ്ത്രീയാണെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക. ”ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരില്‍വച്ച് ജ്ഞാനം, ശക്തി, സ്‌നേഹം എന്നിവയില്‍ ഏറ്റവും മുന്തിനില്ക്കുന്ന ഒരുവനെ ഓര്‍ത്തുനോക്കുക. അവനെക്കാളും അധികമായി ജ്ഞാനവും ശക്തിയും സ്‌നേഹവും ഉള്ള ഒരുവന്‍ ഇതാ, ഇന്ന് നിന്റെ അടുക്കല്‍ നില്ക്കുന്നുണ്ട്. നിന്നെ നയിക്കുവാനും, സഹായിക്കുവാനും അവന്‍ പ്രാപ്തനാണ്. നിന്റെ ജീവിതത്തിലെ സകല ഭാരങ്ങളും, ഉത്തരവാദിത്തങ്ങളും വഹിക്കുവാന്‍ അവന്‍ സന്നദ്ധനാണ്. അതേ, അതിലധികവും അവന്‍ ചെയ്യും. അവന്‍ നിന്റെ ഹൃദയത്തില്‍ കടന്നുവന്ന് അവിടെ വസിക്കുവാന്‍ തയ്യാറാണ്. നിന്റെ ഹൃദയത്തിലെ ശൂന്യമായ, വേദന നിറഞ്ഞ എല്ലാ മൂലകളും നിറയ്ക്കുവാന്‍ അവനു കഴിയും. നിന്റെ ഏകാന്തതയും, മനോവേദനയും എന്നേക്കുമായി നീക്കിക്കളയുവാന്‍ അവന്‍ സന്നദ്ധനാണ്.” (എ. ഡബ്ലിയു. ടോസര്‍)
മറ്റൊരു സ്ത്രീയുടെ അനുഭവത്തെക്കുറിച്ച് പറയാം. മദ്യപനായ തന്റെ ഭര്‍ത്താവിനോടുകൂടെയുള്ള ജീവിതം അവള്‍ക്ക് അസഹ്യമായിത്തീര്‍ന്നു. അവള്‍ തന്റെ സഹനശക്തിയുടെ നെല്ലിപ്പലക കണ്ടു. വിവാഹബന്ധം വേര്‍പെടുത്തുവാന്‍ എല്ലാ സുഹൃത്തുക്കളും അവളെ ഉപദേശിച്ചു. താന്‍ എന്തുചെയ്യണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അവള്‍ക്കു പോകുവാന്‍ വേറൊരു ഇടമില്ലായിരുന്നു. തനിക്ക് എന്നെങ്കിലും ഒറ്റയ്ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്ന് അവള്‍ സംശയിച്ചു.
നിങ്ങള്‍ ഇതുപോലെയുള്ള ഒരു സാഹചര്യം അഭിമുഖീകരിക്കുന്നുണ്ടോ? ഭര്‍ത്താവുമായി വേര്‍പെടേണ്ടിവന്നതു മൂലമുള്ള ഏകാന്തത നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? പശ്ചാത്താപവും മനപ്രയാസവും കലര്‍ന്ന ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടുന്നുണ്ടോ? നിങ്ങളുടെ ഭാഗത്തുനിന്ന് കോപത്തോടുകൂടിയുള്ള പ്രതികരണങ്ങള്‍ ഒരിക്കലും ഉണ്ടാകാതിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടോ?
നിങ്ങളുടെ മക്കളുടെ രക്ഷാകര്‍ത്താവായി നിങ്ങള്‍ ഒരാള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചട്ടുള്ളു എങ്കില്‍പ്പോലും, കുഴപ്പം പിടിച്ച നൂലാമാലകളില്‍പ്പെട്ട് നിങ്ങള്‍ വലയുകയാണെങ്കിലും, സഹായിക്കുവാന്‍ തയ്യാറല്ലാത്ത ബന്ധുക്കള്‍ മാത്രമേ നിങ്ങളുടെ ചുറ്റും ഉള്ളു എന്നിരുന്നാലും കര്‍ത്താവിന് ഈ സാഹചര്യം പ്രയാസകരമല്ല എന്നു നിങ്ങള്‍ ഓര്‍ക്കുക.
ഈ സാഹചര്യത്തെ അതിജീവിക്കുവാന്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാമോ? വ്യവസ്ഥകള്‍ ഇല്ലാതെ നിങ്ങള്‍ സര്‍വ്വവും കര്‍ത്താവിനു മുമ്പില്‍ സമര്‍പ്പിക്കുമെങ്കില്‍ അവിടുന്നു നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരും; സാത്താന്‍ കെട്ടിയ കെട്ടുകളെല്ലാം അഴിച്ചുകളയും; നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളേയും അവിടുന്നു പരിഹരിക്കും.
അതുകൊണ്ട് നിങ്ങള്‍ ഇനിയും കരയരുത്. നിങ്ങളുടെ ജീവിതത്തിന്റെ പൊട്ടിയതായ നുറുങ്ങുകഷണങ്ങളെ കര്‍ത്താവിന്റെ കയ്യിലേക്കു കൊടുക്കുക മാത്രം ചെയ്യുക. പൊട്ടിയ പാത്രത്തെ വീണ്ടും മെനയുവാന്‍ കഴിയുന്ന വിദഗ്ദ്ധനായ ഒരു കുശവനാണ് അദ്ദേഹം. ആ കുശവന്റെ കയ്യിലെ വെറും കളിമണ്ണു മാത്രമാണ് നാം! (യിരെ. 18:6)
നിങ്ങളുടെ ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കു ഒരു കൊടുങ്കാറ്റായി കടന്നുവന്ന് അവിടെ മരവിപ്പു സൃഷ്ടിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടോ? അവരോട് ഇരുവരോടും ക്ഷമിക്കുവാന്‍ നിങ്ങളെ സഹായിക്കുവാന്‍ കര്‍ത്താവിനു കഴിയും. അതുമൂലം നിങ്ങളുടെ ജീവിതം തകര്‍ക്കപ്പെടേണ്ട കാര്യമില്ല.
നിങ്ങള്‍ ഈ അവസരത്തില്‍ കോപിക്കുകയോ, കരയുകയോ അല്ല ചെയ്യേണ്ടത്. നിങ്ങള്‍ക്ക് ജീവിതപങ്കാളിയെ നഷ്ടപ്പെട്ടുവെങ്കില്‍ കര്‍ത്താവ് അതു നികത്തിത്തരും. അഥവാ അയാളുടെ ഹൃദയം ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്ക് അനുകൂലമാക്കി തിരിക്കുവാന്‍ കര്‍ത്താവിനു കഴിയും. നമ്മുടെ കര്‍ത്താവ് അത്ഭുതങ്ങളുടെ ദൈവമാണ്.
നിങ്ങള്‍ ഇപ്പോള്‍ വിദ്വേഷപൂര്‍വ്വം പദ്ധതികള്‍ ഒന്നുംതന്നെ ആസൂത്രണം ചെയ്യേണ്ട. അതിനു പകരം ദൈവസ്‌നേഹത്താല്‍ നിങ്ങളുടെ ഹൃദയം നിറയ്ക്കുവാനായി ദൈവത്തോട് അപേക്ഷിക്കുക. ഭര്‍ത്താവിനോടു കയ്പുനിറഞ്ഞ വാക്കുകള്‍ക്കു പകരം സ്‌നേഹമുള്ള വാക്കുകള്‍ സംസാരിക്കുവാനുള്ള കൃപ ലഭിക്കുവാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ഹൃദയം നുറുങ്ങിയവര്‍ക്കു സമീപസ്ഥനാണ് ദൈവം.
ഒരുപക്ഷേ നിങ്ങള്‍ അവിവാഹിതയായ സ്ത്രീ ആയിരിക്കാം. വിവാഹിതയാകുവാന്‍ നിങ്ങള്‍ വാഞ്ഛിക്കുന്നുണ്ടാകാം. പക്ഷേ ഇതുവരെ ഒന്നുംതന്നെ ശരിയായി വന്നിട്ടില്ല. ആകട്ടെ, നിങ്ങള്‍ യേശുവില്‍ മാത്രം ആശ്വാസം കണ്ടെത്തുക. പിതാവ് നമുക്കു നല്കിയിരിക്കുന്ന പരിശുദ്ധാത്മാവ് ഏറ്റവും ഉത്തമനായ ഒരു സഹായകന്‍ ആണ്. (യോഹ. 14:16) ആ സഹായകന്‍ നമ്മെ ആശ്വാസമറ്റ നിലയില്‍ കൈയൊഴിയുകയില്ല.
ഒരുപക്ഷേ നിങ്ങളുടെ ഒരു സ്‌നേഹിത വിവാഹിതയാകുവാന്‍ പോകുന്നു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ആയിരിക്കും ഉണ്ടാകുന്നത്. അവളെ അഭിനന്ദിക്കുവാന്‍ നിങ്ങള്‍ക്കു താത്പര്യം തോന്നുന്നില്ല. അതിനുപകരം സ്വന്തം മുറിക്കകത്തു കയറി കരയുവാനാണ് നിങ്ങള്‍ക്കു തോന്നുന്നത്. യേശു നിങ്ങളുടെ സമീപത്തായുണ്ട് എന്നോര്‍ക്കുക. നിങ്ങള്‍ അനുഭവിക്കുന്ന മനപ്രയാസം അവിടുന്നു മനസ്സിലാക്കുന്നുണ്ട്.
പകല്‍സമയത്തെ നിങ്ങളുടെ ബാഹ്യമായ ശാന്തതയും രാത്രികാലങ്ങളിലെ നിങ്ങളുടെ തേങ്ങലുകളും എല്ലാം യേശുവിന് അറിയാം. തന്റെ പ്രിയമകള്‍ ദുഃഖത്തിലൂടെ കടന്നുപോകുമ്പോള്‍ അവിടുന്നു മാറിനില്ക്കുന്നില്ല. അവിടുന്നു നമുക്കുവേണ്ടി സ്വന്തരക്തം ചൊരിഞ്ഞവന്‍ ആണ്. അവിടുന്നു കനിഞ്ഞുവന്ന് നിങ്ങളെ സ്പര്‍ശിച്ച് തന്റെ സൗഖ്യതൈലം നിങ്ങളുടെ ഹൃദയത്തിലേക്കു പകര്‍ന്നുതരും. അപ്പോള്‍ നിങ്ങളുടെ ദുഃഖം സഹിക്കാവുന്നതായിത്തീരും.
യേശുവിന്റെ നുകം മൃദുവും, അവന്റെ ചുമട് ലഘുവും ആകുന്നു. ഈ പരീക്ഷാകാലഘട്ടത്തില്‍ വിശ്വസ്തയായി നില്ക്കുക. അതുമൂലം തേജസ്സിന്റെ നിത്യഘനം നിങ്ങള്‍ക്കു ലഭിക്കും.
കര്‍ത്താവിനുവേണ്ടി രക്തസാക്ഷികളായിത്തീര്‍ന്ന ചില ആളുകളുടെ വിധവമാര്‍ സാക്ഷ്യം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അവരുടെ വാക്കുകളില്‍ ജയത്തിന്റെ ധ്വനിയാണ് മുഴങ്ങിക്കേട്ടിട്ടുള്ളത്!
തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊന്നയാളുകള്‍ക്കു മാപ്പു നല്കുവാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു? ഇതോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു. യേശു തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി ”പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിച്ചു. യേശുവിനു മാത്രമേ നമ്മെ ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ സഹായിക്കുവാന്‍ കഴിയുകയുള്ളു.
വടക്കെ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചതിന്റെ ഫലമായി മഴുകൊണ്ട് കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ വിധവയെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവള്‍ ചെറുപ്പക്കാരിയും ദരിദ്രയും ആയിരുന്നു. അവള്‍ക്ക് മക്കളായി ചെറിയ കുട്ടികള്‍ ഉണ്ടായിരുന്നു. അവളുടെ സാക്ഷ്യം എന്നെ വളരെയധികം സ്പര്‍ശിച്ചു. തന്റെ ഭര്‍ത്താവിന്റെ രക്തം വീണ സ്ഥ ലത്തു തന്നെ ഒരു സഭ ഉടലെടുക്കണം എന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന. വിലപിക്കുന്നവള്‍ ആണെങ്കിലും അവള്‍ തീര്‍ച്ചയായും ഒരു ജയാളിയാണ്.
ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിക്കുന്നു. അതിനു വിരുദ്ധമായി യേശുവിന്റെ രക്തം കരുണയ്ക്കുവേണ്ടിയാണ് നിലവിളിക്കുന്നത്.
ഒരു യഥാര്‍ത്ഥ ദൈവപൈതലിന് കര്‍ത്താവ് ഗിരിപ്രഭാഷണത്തില്‍ പഠിപ്പിച്ചതുപോലെതന്നെ ജീവിക്കുവാന്‍ സാധിക്കും. (മത്തായി 5, 6, 7 അധ്യായങ്ങള്‍)
നമ്മുടെ ദൈവം അനാഥരുടെയും വിധവമാരുടെയും ദൈവമാണ്. അവിടുന്നു പിതാവില്ലാത്തവരുടെ ദൈവമാണ്.
യേശു പഠിപ്പിച്ച ഒരു ഉപമയില്‍ അനീതിയുള്ള ന്യായാധിപനെ സമീപിച്ച ഒരു വിധവയെക്കുറിച്ച് പരാമര്‍ശിക്കുന്നു. തന്റെ എതിരാളിയില്‍നിന്നുള്ള സംരക്ഷണത്തിനായി ന്യായാധിപനെ തുടര്‍ച്ചയായി സമീപിക്കുന്ന ആ വിധവയെപ്പോലെയാണ് നാം. അവള്‍ വീണ്ടും വീണ്ടും കാര്യസാധ്യത്തിനായി ചെന്നതുകൊണ്ട് ഒടുവില്‍ തനിക്കാവശ്യമായതു നേടിയെടുക്കുവാന്‍ കഴിഞ്ഞു.
രണ്ടു കാശ് ദൈവത്തിന് അര്‍പ്പിച്ച ഒരു വിധവയെ യേശു പരസ്യമായി പ്രശംസിക്കുകയുണ്ടായി. അത് ഒരു നിസ്സാര തുകയേ ഉള്ളൂ എന്ന് ആളുകള്‍ ചിന്തിക്കും. പക്ഷേ അവള്‍ ഇല്ലായ്മയില്‍നിന്ന് തന്റെ ഉപജീവനം മുഴുവനും അര്‍പ്പിച്ചതിനാല്‍ അവള്‍ക്ക് അത് വിലയുള്ളതായിരുന്നു.
ഇതില്‍നിന്ന് നമുക്കെന്താണ് പഠിക്കുവാന്‍ കഴിയുന്നത്? നാം യേശുവിനായി ചെയ്യുന്ന ഓരോ ചെറിയ ത്യാഗത്തേയും കര്‍ത്താവ് ശ്രദ്ധിക്കുന്നുണ്ട്. ദുഃഖം സഹിച്ചും കണ്ണുനീര്‍ പൊഴിച്ചും നാം നടത്തുന്ന ത്യാഗങ്ങളെ അവിടുന്നു പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
വേദപുസ്തകം പറയുന്നത് ദൈവഭക്തിയുള്ള വിധവ ”വിശുദ്ധന്മാരുടെ കാലുകളെ കഴുകും” എന്നാണ്. (1 തിമൊ. 5:10) വേറൊരു തരത്തില്‍ പറഞ്ഞാല്‍, തന്റെ ശുശ്രൂഷയില്‍ അവള്‍ ദൈവജനത്തിന്റെ ഹൃദയത്തെ തണുപ്പിക്കും.
തന്റെ ഭാരങ്ങളേയും, ദുഃഖത്തേയും, കണ്ണുനീരിനേയും ഒരു വിധവ ആദ്യം കര്‍ത്താവിന്റെ കാല്ക്കല്‍ വയ്ക്കണം. എങ്കില്‍ മാത്രമേ, അവള്‍ക്ക് മേല്‍പ്പറഞ്ഞ പ്രകാരമുള്ള ശുശ്രൂഷ ചെയ്യുവാന്‍ സാധിക്കുകയുള്ളു.
അധ്യായം മൂന്ന് : ദൈവം നിങ്ങളുടെ മക്കളെ രക്ഷിക്കും
നിങ്ങളുടെ കുട്ടി കടന്നുപോകുന്ന പ്രതിസന്ധി എന്തുതന്നെ ആയാലും അവനെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കണം. യായിറോസിന്റെ മകളെ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചവനാണ് അവിടുന്ന്. നിങ്ങള്‍ ആ രംഗം മനസ്സില്‍ ഒന്നു സങ്കല്പിച്ചുനോക്കുക.യേശു തന്റെ ശിഷ്യന്മാരില്‍ ചുരുക്കം ചിലരെയും, ആ കുട്ടിയുടെ മാതാപിതാക്കളേയും കൂട്ടി അവളുടെ മുറിയില്‍ക്കയറി വാതില്‍ അടച്ചു. എന്നിട്ട് യേശു അവളെ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു. അവളെ മാതാപിതാക്കളുടെ കയ്യിലേക്ക് തിരികെ കൊടുത്തു. അവള്‍ക്ക് കഴിക്കുവാന്‍ ആഹാരം കൊടുക്കുവാന്‍ യേശു അവരോടു പറഞ്ഞു.
ഇന്ന് യേശു നിങ്ങള്‍ക്കുവേണ്ടി ഇതേ കാര്യം തന്നെ ചെയ്യട്ടെ. നീ വിലപിക്കുമ്പോള്‍ നിന്റെ മുറിയുടെ സ്വകാര്യതയിലേക്ക് യേശു നിന്നോടൊപ്പം വരട്ടെ. മേല്‍പ്പറഞ്ഞ പ്രകാരം തന്നെ അത്ഭുതകരമായ ഒരു കാര്യം അവന്‍ നിന്റെ കുട്ടിക്കുവേണ്ടി ചെയ്യും. നീ നിരാശപ്പെടരുത്.
സ്വന്തമക്കള്‍ക്കുവേണ്ടി സ്ഥിരമായി പ്രാര്‍ത്ഥിക്കുന്ന അമ്മമാര്‍ക്ക് താഴെപ്പറയുന്ന പ്രകാരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകും. ഒരു കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അതിയായ ഭാരം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ കുറച്ചുസമയം ആ കുട്ടിക്കുവേണ്ടി ചെലവഴിക്കുന്നു. അതിനുശേഷം ആ ഭാരം പൊയ്‌പോയതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. നിങ്ങള്‍ക്കു ഭാരം തോന്നിയ ആ സമയത്തുതന്നെ കുട്ടി ഏതോ അപകടാവസ്ഥ അഭിമുഖീകരിക്കുകയായിരുന്നു എന്ന് പിന്നീട് നിങ്ങള്‍ തിരിച്ചറിയുന്നു. ഇപ്രകാരം മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാവീരരായി നിങ്ങള്‍ നിലകൊള്ളുന്നു. പ്രാര്‍ത്ഥന എന്നത് ഒടുവിലത്തെ ഒരു പരിഹാരമാര്‍ഗ്ഗമല്ല. എന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമാണ് പ്രാര്‍ത്ഥന.
നയീനിലെ വിധവയ്ക്ക് സ്വന്തമകനെ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനായി തിരികെ ലഭിച്ചു. ഒരുപക്ഷേ നിങ്ങളുടെ കുട്ടി ആത്മീയമായി മരിച്ചവനാകാം. അവന്‍ ലാസറിനെപ്പോലെ നാറ്റം വച്ചിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കാം. പക്ഷേ അവന്‍ യേശുവിന്റെ വിളി കേട്ട് ജീവനുള്ളവനായി പുറത്തുവരും. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്കുവേണ്ടി രാവും, പകലും കര്‍ത്താവിനോട് നിലവിളിക്കുക. ദൈവം നമുക്ക് അനേക വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ട്. അവന്‍ അവയെല്ലാം നിറവേറ്റിത്തരും. അവന്‍ നിങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരമരുളും. നിങ്ങള്‍ കര്‍ത്താവിനായി കാത്തിരിക്കുക. അവന്‍ നിങ്ങള്‍ക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്നത് എന്താണെന്നു നിങ്ങളുടെ കണ്ണു കണ്ടിട്ടില്ല. നിങ്ങളുടെ ചെവി ഇതുവരെ കേട്ടിട്ടുമില്ല. ”മനുഷ്യനാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യം.”
എന്റെ പരീക്ഷാസന്ദര്‍ഭങ്ങളില്‍ എന്നെ അനേക തവണ ശക്തീകരിച്ച ഒരു അദൃശ്യമായ നീരുറവയായിരുന്നു മേല്‍ ഉദ്ധരിച്ച വാക്യം. വ്യത്യസ്തങ്ങളായ അനേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ എന്റെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അനേക തവണ ദൈവം ഉത്തരമരുളി എന്ന് എനിക്കു സാക്ഷിക്കുവാന്‍ കഴിയും. എന്റെ നാല് ആണ്‍മക്കള്‍ക്കുവേണ്ടി ദൈവം ചെയ്തു തന്ന കാര്യങ്ങള്‍ക്കായി ഞാന്‍ എല്ലാ മഹത്വവും ദൈവത്തിനു കരേറ്റുന്നു. പ്രാര്‍ത്ഥന, കാര്യങ്ങളെ വ്യത്യാസപ്പെടുത്തുന്നു എന്ന് എനിക്കറിയാം. അതുപോലെ നിങ്ങളുടെ ജീവിതത്തിലും, നിങ്ങളുടെ മക്കളുടെ ജീവിതത്തിലും പ്രാര്‍ത്ഥന മൂലം കാര്യങ്ങള്‍ വ്യത്യാസപ്പെടും. നാം ചോദിക്കുന്നതിലോ സങ്കല്പിക്കുന്നതിലോ വളരെയധികമായി നമുക്കുവേണ്ടിയും നമ്മുടെ മക്കള്‍ക്കുവേണ്ടിയും ചെയ്തുതരുവാന്‍ ദൈവത്തിനു കഴിയും (എഫെ. 3:20).
നിങ്ങളുടെ കുട്ടി ഒരു ദുസ്സ്വഭാവത്തിന് അടിമയാണെങ്കില്‍ ഒരിക്കലും അവനെ കുറ്റപ്പെടുത്തരുത്. അവന് ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് പ്രയാസമുണ്ട്. ആ സ്വഭാവത്തില്‍നിന്നു വിടുതല്‍ കിട്ടുവാന്‍ അവന് ആഗ്രഹമുണ്ടെങ്കിലും അത് അവനെക്കൊണ്ട് സാധിക്കുന്നില്ല. ഒരിക്കലും നിങ്ങള്‍ തന്നെത്താന്‍ കുറ്റപ്പെടുത്തരുത്. ”ഞാന്‍ ഒരു നല്ല അമ്മ ആയിരുന്നെങ്കില്‍” എന്നു ചിന്തിക്കുവാനുള്ള സമയം ഇതല്ല. ഒരു അമ്മയും തികഞ്ഞവള്‍ അല്ല. നാമെല്ലാവരും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു; പക്ഷേ നാം അനേക അബദ്ധങ്ങളും ചെയ്തുപോകുന്നു.
നീ ചെയ്തുപോയ തെറ്റോര്‍ത്ത് വിഷമം തോന്നുന്നുണ്ടെങ്കില്‍ അതു കര്‍ത്താവിനോട് ഏറ്റുപറയുക. അങ്ങനെ ആ കാര്യം അവിടെ അവസാനിപ്പിക്കുക. പശ്ചാത്താപത്തിന്റെയും കുറ്റബോധത്തിന്റെയും ചിന്തകളില്‍നിന്ന് കരകയറുക. പിശാചിന്റെ ഏറ്റവും മൂര്‍ച്ചയുള്ള അമ്പുകളില്‍ ഒന്നാണ് ‘കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുക’ എന്നത്. ആ അമ്പ് ഉപയോഗിച്ച് അവന്‍ അനേകം ദൈവമക്കളെ മുറിവേല്പിക്കുകയും, തളര്‍ത്തുകയും, അവരുടെ പ്രാര്‍ത്ഥന നിര്‍ത്തിക്കളയുകയും ചെയ്യുന്നു. നാം യുദ്ധക്കളത്തിലാണ് എന്ന കാര്യം മറന്നുപോകരുത്. അതിനാല്‍ വിലപിച്ചുകൊണ്ട് നമ്മുടെ ഉര്‍ജ്ജം നാം പാഴാക്കിക്കളയരുത്. നമുക്ക് പ്രവര്‍ത്തിക്കുവാനുണ്ട്. അതു നാം ഇപ്പോള്‍ത്തന്നെ ചെയ്യണം. നിന്റെ മകനോട് നീ സംസാരിക്കുന്ന വേളയില്‍ നിന്നെ സഹായിക്കുവാനായി നീ ദൈവത്തോട് അപേക്ഷിക്കുക. വര്‍ഷങ്ങള്‍കൊണ്ടു പടുത്തുയര്‍ ത്തിയ മതിലുകള്‍ (തടസ്സങ്ങള്‍) ദൈവം തകര്‍ത്തുകളയട്ടെ. കണ്ണീരോടുകൂടി നീ കഴിക്കുന്ന അപേക്ഷകള്‍ മൂലം അത്ഭുതങ്ങള്‍ സംഭവിക്കും – ദൈവത്തിന്റെ ഹൃദയത്തില്‍ മാത്രമല്ല, നിന്റെ മകന്റെയും മകളുടെയും ഹൃദയത്തിലും.
നിങ്ങളുടെ കുട്ടി നിസ്സഹായന്‍ ആകയാല്‍ കുട്ടിക്കുവേണ്ടി നിങ്ങള്‍ തന്നെ യുദ്ധം ചെയ്യണം. ഇതിനായി നിങ്ങള്‍ ശക്തയായിത്തീരണം. ദാവീദ് ഒരു സിംഹത്തിന്റെ വായില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ വലിച്ചെ ടുത്ത് രക്ഷിച്ചത് ഓര്‍ക്കുക. അതുപോലെ നാമും നമ്മുടെ മക്കളെ പിശാചിന്റെ വായില്‍നിന്ന് വിടുവിക്കേണ്ടതാണ്.
ഇതുവരെ നിങ്ങള്‍ക്ക് ബലവും, ധൈര്യവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഉണര്‍ന്നെഴുന്നേല്ക്കുക. കണ്ണുനീര്‍ തുടച്ചുകളഞ്ഞശേഷം സ്വര്‍ലോകങ്ങളിലെ യുദ്ധത്തില്‍ പങ്കു ചേരുക. ജീവന്റെ അപ്പം ഭക്ഷിക്കുക. ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ ഉപയോഗിച്ച് പിശാചിനോടു യുദ്ധം ചെയ്യുക. അവനെ നിങ്ങളുടെ ഭവനത്തില്‍നിന്ന് പുറത്താക്കുക. യേശുവിന്റെ നാമത്തില്‍ അവനെ ശാസിക്കുക. കര്‍ത്താവ് വാഗ്ദാനം ചെയ്തതുപോലെ മിന്നലിന്റെ വേഗത്തില്‍ അവന്‍ നിന്നെ വിട്ട് ഓടിപ്പോകും. (യാക്കോ. 4:7, ലൂക്കോ. 10:18)
ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവവചനം നിങ്ങള്‍ക്കു വിലയേറിയതായിത്തീരട്ടെ. നിങ്ങളുടെ കുട്ടിയെ സംബന്ധിക്കുന്ന ഈ ശോധനാഘട്ടം നിങ്ങളുടെ ആത്മീയചൈതന്യത്തെ കെടുത്തിക്കളയരുത്. കഠിനമായ വ്യസനത്തിന്റെ വേളകളില്‍ ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദാനങ്ങള്‍ക്ക് നിങ്ങളെ നിലനിര്‍ത്തുവാന്‍ കഴിയും. ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍ വായിച്ചുനോക്കുക. പരിശോധനയുടെയും ദുഃഖത്തിന്റെയും സമയങ്ങളില്‍ നമ്മുടെ ആത്മാവിനെ ഉത്സാഹിപ്പിക്കുവാനുള്ള പ്രത്യേക കഴിവ് ആ സങ്കീര്‍ത്തനങ്ങള്‍ക്കുണ്ട്. ദൈവസന്നിധിയില്‍ ചെന്ന് ”ദൈവപ്രസാദത്തിന്റെ ഒരു അടയാളം എനിക്കു തരേണമേ” എന്നു പ്രാര്‍ത്ഥിക്കുക. (സങ്കീ. 86:17). താഴെപ്പറയുന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ അവകാശമായി ചോദിക്കുക:
”വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങള്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്കു പകരം നല്കും.” (യോവേ. 2:25) ”വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനല്ലോ…….. താന്‍ അരുളിച്ചെയ്തത് അവിടുന്ന് നിറവേറ്റാതിരിക്കുമോ?” (എബ്രാ. 10:23, സംഖ്യ. 23:19)
”പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും” (ഹഗ്ഗാ. 2:9).
”ഞങ്ങള്‍ വിചാരിച്ചിട്ടില്ലാത്ത ഭയങ്കര കാര്യങ്ങളെ നീ പ്രവര്‍ത്തിച്ചു” (യെശ. 64:3)
”നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്‍ണ്ണതൃപ്തിയുള്ളവരായി സകല സല്‍പ്രവൃത്തിയിലും പെരുകിവരുമാറു നിങ്ങളില്‍ സകല കൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആകുന്നു.” (2 കൊരി. 9:8)
ഇത്തരം വചനങ്ങള്‍ ശക്തിയുള്ള പ്രവചനങ്ങളാണ്. അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും.
”അത്ഭുതകരമാം വേദവചനങ്ങള്‍
ജ്ഞാനം വെളിപ്പെടുത്തീടും പുറങ്ങള്‍
ആയിരം വട്ടം നാം വായിച്ചീടുകിലും
പഴയതായ് തീരുകില്ലൊരിക്കലും
ഓരോ വരിയിലുമുണ്ടൊരു നിധി
തന്‍ വാഗ്ദാനമോരോന്നും ഓരോ മുത്തുതാന്‍
വേണമെന്നുണ്ടെങ്കില്‍ നേടിയെടുക്കാം
കാലവും, ഉലകവും മാറീടും വേളയില്‍
എന്നും നില്ക്കുന്നതു ദേവവചനമാം”
(ജൂലിയ സ്റ്റെര്‍ലിങ്)
ശത്രുക്കള്‍ ഒരുക്കിവെച്ച കെണികളില്‍നിന്ന് ദാവീദിനെ വിടുവിച്ച കര്‍ത്താവ് നിങ്ങളുടെ കുട്ടിയെ വിടുവിക്കുവാനും പ്രാപ്തനാണ്. (സങ്കീ. 124:6-8. ഈ ഭാഗം വായിച്ച് കര്‍ത്താവിനോട് ഇത് അവകാശപ്പെടുക.)
നിങ്ങളുടെ മകനെ ഒരു കുറ്റവാളിയായി കണക്കാക്കരുത്. മറിച്ച് അവനെ ഒരു രോഗിയായി കരുതുക, ”ഇത്തരത്തില്‍ ഞങ്ങളോടു പെരുമാറുവാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു?” എന്ന തരത്തിലുള്ള വാക്കുകളൊന്നും തന്നെ അവനോട് പറയരുത്.
മറ്റുള്ളവര്‍ നിങ്ങളുടെ കുട്ടിയെക്കുറിച്ച് എന്തു പറയും എന്നോര്‍ത്ത് നിങ്ങള്‍ക്ക് ഒരുപക്ഷേ നാണക്കേടു തോന്നുന്നുണ്ടാവാം. മനുഷ്യന്റെ അഭിപ്രായങ്ങളെ നിങ്ങള്‍ പരിഗണിക്കരുത്. മനുഷ്യരുടെ അഭിപ്രായങ്ങളെ ചവറ്റുകുട്ടയില്‍ ഇട്ടുകളയണം എന്ന് എന്റെ ഭര്‍ത്താവ് എപ്പോഴും പറയാറുണ്ട്! ഭൂമിയിലെ ഏതു വ്യക്തിയേക്കാളും നിങ്ങള്‍ക്കു വിലപ്പെട്ടത് നിങ്ങളുടെ കുട്ടിയാണ്. അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിനു മാനഹാനി വന്നതോര്‍ത്ത് വിലപിച്ച് വെറുതെ സമയം കളയരുത്. നിങ്ങളുടെ കുട്ടി ദൈവത്തിങ്കലേക്ക് മടങ്ങിവരുവാന്‍ വേണ്ടി നിങ്ങള്‍ കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുക. അതു മാത്രമാണ് ഇപ്പോള്‍ ചെയ്യേണ്ടത്.
സൗഖ്യദായകവും, പരസ്പരം നിരപ്പിക്കുന്നതുമായ ക്ഷമയുടെയും, വിശ്വാസത്തിന്റെയും വചനങ്ങള്‍ നിങ്ങള്‍ മകനോടു സംസാരിക്കുക, പക്വതയുള്ള ഒര വ്യക്തിയെപ്പോലെ അവനെ കരുതുക. കാരണം, അവന്‍ ഭാവിയില്‍ അങ്ങനെയുള്ള ഒരു വ്യക്തിയായിത്തീരുവാന്‍ പോകുകയാണ്.
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. പിശാചിന്റെ കെണിയില്‍നിന്ന് മകനെ രക്ഷിക്കുക. ക്രിസ്തീയ സ്‌നേഹിതരോട് പ്രാര്‍ത്ഥനയ്ക്കായി ആവശ്യപ്പെടുക. മുടിയനായ പുത്രനെ പിതാവും സ്വീകരിച്ചതുപോലെ തന്നെ നിങ്ങളുടെ കുട്ടിയെ വ്യവസ്ഥകളില്ലാതെ സ്വീകരിക്കുവാന്‍ ഒരുങ്ങിയിരിക്കുക. ആവശ്യമാണെങ്കില്‍ അവനു വൈദ്യസഹായമോ, വിദഗ്ദ്ധ സഹായമോ ലഭ്യമാക്കുക. ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പരിശീലനം സിദ്ധിച്ച ആളുകളുണ്ട്. നിങ്ങള്‍ക്ക് അവരുടെ സഹായം തേടാം. അല്ലെങ്കില്‍ നിങ്ങള്‍ തന്നെത്താന്‍ കുട്ടിയുടെ പ്രശ്‌നമെന്താണെന്നു നിരീക്ഷിച്ചു മനസ്സിലാക്കി അവനെ സഹായിക്കു. എല്ലാറ്റിലും ഉപരിയായി, നിങ്ങളുടെ ഭര്‍ത്താവുമായി ഐക്യത്തില്‍ ജീവിച്ചുകൊണ്ട് കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഭവനത്തില്‍ ഭിന്നതയുണ്ടെങ്കില്‍ പിശാചിന് അവിടെ കാലുറപ്പിക്കാന്‍ ഇടമുണ്ട്. രണ്ടുപേര്‍ യേശുവിന്റെ നാമത്തില്‍ ഐക്യപ്പെട്ടു പിതാവിനോട് എന്തെങ്കിലും അപേക്ഷിച്ചാല്‍ അത് അവര്‍ക്കു ലഭിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ഇപ്പോള്‍ ആരേയും കുറ്റപ്പെടുത്തരുത്. നിങ്ങളുടെ കുട്ടി തോന്ന്യാസമായ ജീവിതം നയിച്ചതിന്റെ പരിണതഫലം അനുഭവിക്കുകയാണെങ്കില്‍പ്പോലും എല്ലാവര്‍ക്കും പ്രത്യാശ ശേഷിച്ചിരിക്കുന്നു എന്ന് ഓര്‍ക്കുക. സങ്കീ. 119:15-ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ”ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും, നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.” മുടിയനായ പുത്രന്‍ ഒടുവില്‍ തന്റെ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങി വന്നുവല്ലോ. അവന്റെ മാതാപിതാക്കള്‍ അവനെ ഓര്‍ത്ത് വളരെ കരഞ്ഞുകാണും എന്ന് എനിക്കു തീര്‍ച്ചയാണ്. പക്ഷേ ഒരുനാള്‍ അവരുടെ ദുഃഖത്തിന്റെ കണ്ണീര്‍ സന്തോഷാശ്രുക്കളായിത്തീര്‍ന്നു.
ഒരുപക്ഷേ നിങ്ങളുടെ കുട്ടിയുടെ അവസ്ഥ അറിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ആദ്യം അമ്പരപ്പുണ്ടായിക്കാണും. പക്ഷേ ദൈവത്തിന് അമ്പരപ്പ് ഉണ്ടായിട്ടില്ല എന്നോര്‍ക്കുക. എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. അതിനൊരു പരിഹാരമാര്‍ഗ്ഗവും അവിടുത്തെ പക്കല്‍ ഉണ്ട്. നാം കാട്ടുന്ന ഓരോ അബദ്ധത്തിനുമുള്ള പരിഹാരമാര്‍ഗ്ഗം ദൈവത്തിന്റെ പക്കല്‍ ഉണ്ട്. അതുകൊണ്ട് ഓരോ വിഷമസന്ധിയില്‍ നിന്നും ദൈവം നമ്മുടെ മക്കളെ രക്ഷിക്കും. തികഞ്ഞ ധൈര്യത്തോടും, പൂര്‍ണ്ണനിശ്ചയത്തോടുംകൂടി നമുക്ക് അവങ്കലേക്കു തിരിയാം.
”ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കുകയും, എന്റെ അന്തരംഗത്തില്‍ കുത്തുകൊള്ളുകയും ചെയ്തപ്പോള്‍ ഞാന്‍ പൊട്ടനും, ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പില്‍ മൃഗം പോലെ ആയിരുന്നു. എന്നിട്ടും ഞാന്‍ എപ്പോഴും നിന്റെ അടുക്കല്‍ ഇരിക്കുന്നു: നീ എന്നെ വലംകൈയ്ക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാല്‍ നീ എന്നെ നടത്തും; പിന്നത്തേതില്‍ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.” (സങ്കീ. 73:21-24). മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിക്കുവാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരി. 10:13)
നിങ്ങള്‍ക്കു സഹിക്കാവുന്നതില്‍ അധികമായി ദൈവം നിങ്ങളെ ഒരിക്കലും പരീക്ഷിക്കുകയില്ല. വിലാപം ഒരു രാത്രി മുഴുവന്‍ നീണ്ടുപോയേക്കും. പ്രഭാതമാകുമ്പോള്‍ സന്തോഷമുണ്ടാകും. ”ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.” (സങ്കീ. 34:18).
നമ്മെ തകര്‍ത്തുകളയുന്ന ഇത്തരം അനുഭവങ്ങള്‍ നമ്മെ സമര്‍പ്പണജീവിതത്തിലേക്കു നയിക്കുന്നു. നാം വലിയ അളവില്‍ ദൈവത്തിനു കീഴടങ്ങുന്നു. കര്‍ത്താവ് നമുക്കുവേണ്ടിയും, നമ്മിലും പ്രവര്‍ത്തിക്കുവാനായി നാം കാത്തിരിക്കുന്നു. ഒരുനാള്‍ ഈ പ്രതിസന്ധി ഇല്ലാതാകും. എന്നാല്‍ നിങ്ങള്‍ നിഷ്‌ക്രിയരായി കാത്തിരിക്കരുത്. പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധയായിരിക്കുക. എന്തുചെയ്യണമെന്ന കാര്യത്തില്‍ ദൈവം നിങ്ങള്‍ക്കു ജ്ഞാനം തരും. സഹിഷ്ണുതയോടെ ഈ തകര്‍ച്ചയെ നേരിടുക. വിലപിക്കുന്നതിനോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുക.
നാമെല്ലാവരും സ്വാശ്രയശീലരും, സ്വയം പര്യാപ്തതയുള്ളവരുമാണ്. നമ്മുടെ ജീവിതത്തില്‍ വിഷമസന്ധികള്‍ വന്നെങ്കില്‍ മാത്രമേ നാം പ്രാര്‍ത്ഥിക്കുവാനും, കര്‍ത്താവില്‍ ആശ്രയിക്കുവാനും പഠിക്കുകയുള്ളു. ”കഷ്ടത സഹിഷ്ണുതയെ……. ഉളവാക്കുന്നു.”
ഉപവസിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും കര്‍ത്താവ് പഠിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ നിങ്ങള്‍ ലജ്ജാലുവും, ബലഹീനയും ആയിരിക്കാം. എങ്കില്‍പ്പോലും നിങ്ങള്‍ സ്വര്‍ഗ്ഗകവാടത്തില്‍ മുട്ടിവിളിക്കുക. അതു നിങ്ങള്‍ക്കായി തുറക്കപ്പെടും. രാത്രിയുടെ രഹസ്യയാമങ്ങളില്‍ നിങ്ങള്‍ ഹൃദയം ദൈവസന്നിധിയില്‍ പകരുക. സ്വര്‍ഗ്ഗം തുറക്കുന്നതും, വേഗത്തില്‍ നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതും നിങ്ങള്‍ക്കു കാണുവാന്‍ കഴിയും. ജീവിതത്തിലെ ഇരുണ്ട ദിനങ്ങളില്‍ ദൈവം നല്കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ എഴുതിയിടുക. ആ വാഗ്ദാനങ്ങള്‍ ഓരോന്നും മഴവില്ലോ, വിലയേറിയ രത്‌നമോ പോലെ നിങ്ങളുടെ മുമ്പില്‍ ശോഭിക്കും. ഒരുനാള്‍ ഈ വാഗ്ദാനങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുത്ത് അവരെ ഉത്സാഹിപ്പിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളുടെ രഹസ്യപ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം നിങ്ങള്‍ക്കു പരസ്യമായി പ്രതിഫലം നല്കും. താന്‍ വേഗത്തില്‍ ഉത്തരമരുളുമെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉത്തരം ലഭിക്കുന്നതുവരെ പ്രാര്‍ത്ഥനയില്‍ തുടരുക. നിങ്ങളുടെ മകന്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകുന്നത് ദൈവഹിതമല്ല. ദൈവരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നവര്‍ക്ക് അതു ലഭിക്കും. ദൈവരാജ്യം അവകാശമാക്കുവാന്‍ യേശു നമ്മെ വെല്ലുവിളിക്കുന്നു.
”യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.” (സങ്കീ. 34:7). ”നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാന്‍” ദൈവത്തിനു കഴിയും. (എഫെ. 3:20).
അതുകൊണ്ട് വിശ്വാസത്തോടുകൂടി ദൈവത്തോട് അപേക്ഷിക്കുക. കൃപാസനത്തിന്റെ സമീപത്തേക്ക് ധൈര്യപൂര്‍വ്വം ചെല്ലുക. പ്രാര്‍ത്ഥനയില്‍ തുടരുക. ”രാത്രിയില്‍………. എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയില്‍ പകരുക; …… നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി……. കൈ മലര്‍ത്തുക.”
നാം ഉപവസിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ജീവിതത്തിന്റെ പൊള്ളത്തരങ്ങളില്‍നിന്നും, സന്തോഷത്തിനുവേണ്ടി മാത്രം ജീവിക്കുന്നതില്‍നിന്നും നാം ഉപവസിക്കണം. സ്വാര്‍ത്ഥമോഹങ്ങളെ അനുസരിച്ച് ജീവിക്കുന്നതില്‍ നിന്ന് നാം ഉപവസിക്കണം. ഒരു വിഷമസന്ധിയില്‍ നാം പെട്ടുപോകുമ്പോള്‍ ഉപവസിക്കുവാന്‍ പ്രയാസമില്ല. കാരണം, ആ സമയത്ത് നമ്മുടെ വിശപ്പ് കെട്ടുപോകുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപവസിക്കണമെന്ന് നാം തീരുമാനിക്കണം. ഉപവാസത്താലും, പ്രാര്‍ത്ഥനയാലും മാത്രമേ ചില ഭൂതങ്ങളെ പുറത്താക്കുവാന്‍ സാധിക്കുകയുള്ളു എന്ന് യേശു പറഞ്ഞു.
നാം പോരാടുന്നത് മനുഷ്യരോടല്ല, പൈശാചികശക്തികളോടാണ്. പിശാചിന്റെ അവസാനം അടുത്തിരിക്കുകയാല്‍ അവന്‍ കോപത്തോടെ ദൈവജനത്തിനു നേരെ കൂടുതല്‍ തന്ത്രപരമായ പുതിയതരം മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. യേശു കാല്‍വറിയില്‍വച്ച് പിശാചിനെയും, അവന്റെ ദുതന്മാരേയും തോല്പിച്ചു. വെളിപാടുപുസ്തകത്തില്‍ അവരുടെ അന്ത്യത്തെക്കുറിച്ച് നാം വായിക്കുന്നു. വിശ്വാസത്താല്‍ സാത്താന്‍ തീപ്പൊയ്കയില്‍ കിടക്കുന്നതായി നമുക്ക് ഇപ്പോഴേ കാണാം. ദൈവത്തിനു സ്‌തോത്രം!
നമ്മുടെ മക്കളെ ദൈവത്തിങ്കലേക്കു തിരികെ വലിച്ചുകൊണ്ടുവരുവാനുള്ള ഒരു കയറാണ് നമ്മുടെ പ്രാര്‍ത്ഥന എന്ന് ഒരു ദൈവികമനുഷ്യന്‍ ഒരിക്കല്‍ പറയുകയുണ്ടായി.
2 രാജാ. 4:1-7. പാവപ്പെട്ട ഒരു വിധവയ്ക്ക് കടം വീട്ടുവാന്‍ വകയില്ലായിരുന്നു. അതിനാല്‍ കടം കൊടുത്തയാള്‍ അവരുടെ ആണ്‍മക്കളെ അടിമകളായി പിടിച്ചുകൊണ്ടുപോകാനായി വന്നു. അയാള്‍ ഇവിടെ പിശാചിനെ പ്രതിനിധീകരിക്കുന്നു. ഏലിശാപ്രവാചകന്‍ വിധവയോട് വീട്ടില്‍ ചെന്ന് അയല്‍വാസികളുടെ കയ്യില്‍നിന്ന് ഒഴിഞ്ഞ പാത്രങ്ങള്‍ കടം വാങ്ങുവാന്‍ ആവശ്യപ്പെടുന്നു. അതിനുശേഷം വീട്ടില്‍ കയറി വാതില്‍ അടച്ച് മക്കളോടുകൂടി ഓരോ പാത്രത്തിലും എണ്ണ പകരുവാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. അമ്മയും, മക്കളും വീട്ടില്‍ കയറി വാതില്‍ അടയ്ക്കുന്നത് പ്രാര്‍ത്ഥനയെ സൂചിപ്പിക്കുന്നു. പാത്രങ്ങളില്‍ നിറഞ്ഞുവരുന്ന എണ്ണ പരിശുദ്ധാത്മാവിന്റെ പര്യാപ്തതയെ സൂചിപ്പിക്കുന്നു. പ്രവാചകന്‍ പറഞ്ഞതുപോലെ അവള്‍ ചെയ്തു; അവള്‍ തന്റെ കടം വീട്ടി. അവളുടെ ആണ്‍മക്കള്‍ കടം കൊടുത്തയാളുടെ കയ്യില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. തന്റെ ആണ്‍മക്കള്‍ നഷ്ട പ്പെട്ടുപോകുന്നതു കാണാന്‍ കഴിയാത്തതുകൊണ്ട് ആ വിധവ ഹതാശയായി ദൈവത്തോടു കരഞ്ഞു പ്രാര്‍ത്ഥിച്ചുകാണും. ദൈവം അവളുടെ പ്രാര്‍ത്ഥനയ്ക്കും, വിലാപത്തിനും മറുപടി നല്കി.
പ്രിയ സഹോദരീ, അതേകാര്യം തന്നെ ദൈവം നിനക്കും ചെയ്തുതരും. നിന്റെ മക്കളെയോര്‍ത്ത് നീ ഇന്ന് വിലപിക്കുകയാണോ? ദൈവത്തിന്റെ ഒരു വാഗ്ദാനം ഞാന്‍ നിനക്കു കാണിച്ചുതരാം. എബ്രാ. 11:35 നോക്കുക. ”സ്ത്രീകള്‍ക്ക് തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ തിരികെ കിട്ടി.”
ആത്മീയമായി മരിച്ചിരിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി ഈ വാഗ്ദാനം ദൈവത്തോട് അവകാശമായി ചോദിക്കുക. ദൈവം ആ വ്യക്തിക്കു ജീവന്‍ നല്‍കും. പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി വലുതും അത്ഭുതകരവുമായ കാര്യങ്ങള്‍ നിനക്കു കാണിച്ചുതരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. (യിരെ. 33:3)
നിനക്കു നന്മ ചെയ്യുവാനായി ദൈവം എപ്പോഴും പദ്ധതിയിടുന്നു (യിരെ. 29:11, 32:40).
”ആശയില്‍ സന്തോഷിപ്പിന്‍, കഷ്ടതയില്‍ സഹിഷ്ണുത കാണി പ്പിന്‍, പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍……” (റോമ. 12:12, 13)
”ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ” (1 യോഹ. 5:4)
അധ്യായം നാല് : മരണത്തിന്റെ താഴ്‌വരയില്‍ ദൈവം നിങ്ങളോടുകൂടെ
”എന്നാല്‍ മറിയ കല്ലറയ്ക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു.” (യോഹ. 20:11) യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്?…….” എന്നു ചോദിച്ചു. (20:15)
മറിയ എന്തിനാണ് വിലപിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. നാം മക്കളോടു ചോദിക്കുന്നതുപോലെ ഒരുപക്ഷേ ”നീ കരയേണ്ടതിന്റെ ആവശ്യമെന്ത്?” എന്നാകാം യേശു അവളോടു ചോദിച്ചത്. യേശു സമീപത്തുള്ളപ്പോള്‍ നാം വിലപിക്കേണ്ട ആവശ്യമേയില്ല.
യേശു ലാസറിന്റെ കല്ലറയ്ക്കല്‍ ചെന്നു കരഞ്ഞു. ലാസര്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ പാപത്തിന്റെ ഫലമായി മനുഷ്യനു വന്നുഭവിച്ച ഭയാനകമായ സ്ഥിതിയോര്‍ത്ത് അദ്ദേഹം കരഞ്ഞു. യേശു തന്നെയും മരിച്ചിട്ട് ഉയര്‍ത്തെഴുന്നേറ്റല്ലോ. അതിനാല്‍ മരണത്തിന് അതിന്റെ വിഷപ്പല്ല് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
എന്റെ ശൈശവകാലത്തു നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ ഒരു ചിത്രം പോലെ തെളിഞ്ഞു നില്ക്കുന്നു. മരണമടഞ്ഞ തന്റെ മക്കളെയോര്‍ത്ത് ഒരമ്മ കരയുന്ന ഒരു കാഴ്ചയായിരുന്നു അത്. ഞാന്‍ വളര്‍ന്നുവന്ന പട്ടണത്തില്‍ ദരിദ്രയായ ഒരു സ്ത്രീ കൗമാരപ്രായക്കാരായ തന്റെ രണ്ട് ആണ്‍മക്കളോടു കൂടെ താമസിച്ചിരുന്നു. തകര്‍ത്തുപെയ്ത പേമാരിയില്‍ അവളുടെ കുടില്‍ തകര്‍ന്നുപോയി. അവളുടെ മക്കള്‍ രണ്ടുപേരും മരിച്ചുപോയി. ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന വഴി തകര്‍ന്ന ആ ചെറുകുടിലിന്റെ സമീപത്തുകൂടി കടന്നുപോയി. ആ കുട്ടികളുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു. ദുഃഖാര്‍ത്തയായ അമ്മ അവരെ ഉണര്‍ത്താനെന്നവണ്ണം നിയന്ത്രണം വിട്ട് മനോവ്യഥയോടെ അവരെ വിളിക്കുന്നതു ഞങ്ങള്‍ കണ്ടു. പക്ഷേ അതു നിഷ്ഫലമായിരുന്നു. അവര്‍ മരിച്ചുപോയി എന്ന് അവള്‍ അറിഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. എല്ലാ ആശയും നഷ്ടപ്പെട്ട ഇതുപോലെയുള്ള അമ്മമാര്‍ക്കുവേണ്ടി ദൈവം കരുതുന്നു.
ഈയടുത്ത് കാലത്ത് നമ്മുടെ ഒരു ദേശീയ അവധി ദിനത്തില്‍ ഗുജറാത്തില്‍ ഒരു ഭീകരമായ ഭുകമ്പമുണ്ടായി. അതുമൂലം ഗുജറാത്തിലെ പട്ടണങ്ങള്‍ തകര്‍ന്നുപോയി. ആ സ്ഥലങ്ങളില്‍ എത്രയധികം വിലാപങ്ങള്‍ ഉണ്ടായിക്കാണും! നിമിഷങ്ങള്‍ക്കകം എത്രയോ ആളുകള്‍ അനാഥരും, ഭവനരഹിതരും ആയിത്തീര്‍ന്നു. ഭൂകമ്പങ്ങള്‍ ദൈവശിക്ഷയുടെ ഫലമാകണമെന്നില്ല. യേശുവിന്റെ കാലഘട്ടത്തില്‍ ശീലോഹാമില്‍ ഒരു ഗോപുരം മറിഞ്ഞുവീണു. അതുമൂലം മരണമടഞ്ഞവര്‍ മറ്റുള്ള മനുഷ്യരേക്കാള്‍ വലിയ പാപികള്‍ അല്ല എന്ന് യേശു പറഞ്ഞു.അവസാനനാളുകളില്‍ യുദ്ധം, ക്ഷാമം, ഭൂകമ്പം എന്നിവ ഉണ്ടാകുമെന്ന് യേശു താക്കീതു നല്കി. അതുകൊണ്ട് കര്‍ത്താവിന്റെ വരവ് അടുത്തിരിക്കുന്നു എന്ന് ഭൂകമ്പങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നാം മാനസാന്തരപ്പെടുകയും ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യണം. നമ്മുടെ രാജ്യമായ ഇന്ത്യ, വിഗ്രഹാരാധനയില്‍ മുങ്ങിക്കിടക്കുകയാണ്. ഈ രാജ്യത്തോട് കര്‍ത്താവ് കരുണ കാട്ടുവാന്‍വേണ്ടി നാം താത്പര്യപൂര്‍വ്വം പ്രാര്‍ത്ഥിക്കേണ്ടതാണ്.
യേശുവിനെ ക്രൂശിലേറ്റിയപ്പോള്‍ യേശുവിനെ സ്‌നേഹിച്ച മറ്റെല്ലാവരേയും പോലെ മഗ്ദലക്കാരി മറിയയും ദുഃഖിച്ചു. ശബ്ബത്തുദിവസത്തിനുശേഷം ഞായറാഴ്ച അതികാലത്തുതന്നെ അവള്‍ യേശുവിന്റെ ശരീരം കാണുവാനും അതില്‍ സുഗന്ധവര്‍ഗ്ഗം ഇടുവാനുമായി കല്ലറയിലേക്കു പോയി.
ദുഃഖത്തെ അതിജീവിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കരയുക എന്നതാണ്. കണ്ണുനീരിനെ നാം അടക്കിവയ്ക്കരുത്.
കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നേല്പിനുശേഷം അവനെ ആദ്യമായി കണ്ടത് മഗ്ദലക്കാരി മറിയ ആയിരുന്നു. യേശുവിനെ തിരിച്ചറിഞ്ഞ് അവനോടു സംസാരിച്ചപ്പോള്‍ അവള്‍ എത്രമാത്രം സന്തോഷവതിയായിരുന്നു! അതിനുശേഷം അവള്‍ക്ക് വിലാപത്തിന്റെ കണ്ണീര്‍ ഇല്ലായിരുന്നു! യേശു ജീവിച്ചിരിക്കുന്നു എന്നും, ശിഷ്യന്മാരെ ചെന്നു കാണുമെന്നും അവരോടു പറയുവാന്‍ യേശു അവളെ ചുമതലപ്പെടുത്തി. അതിനുശേഷവും താഴ്മയുള്ള സാധാരണ സഹോദരിയായി അവള്‍ ആദിമസഭയില്‍ തുടര്‍ന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കണ്ട ആദ്യവ്യക്തിയാണു താനെന്ന് അഭിമാനിച്ച് അവള്‍ തന്നെത്താന്‍ ഉയിര്‍ത്തി യില്ല. അവള്‍ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്ക്കുകതന്നെ ചെയ്തു. ഒരിക്കല്‍ ഭീരുക്കളായിരുന്ന അപ്പൊസ്തലന്മാരെയാണ് സഭയിലെ പരസ്യശുശ്രൂഷയ്ക്കായിട്ട് കര്‍ത്താവ് ഉപയോഗിച്ചത്. സഹോദരിമാരായ നമുക്ക് മഗ്ദലക്കാരി മറിയ എന്തൊരു മാതൃകയാണ് കാട്ടിത്തന്നത്! കര്‍ത്താവ് നമുക്ക് അത്ഭുതകരമായ വെളിപ്പാടു നല്കുമ്പോഴും സകല മഹത്വവും കര്‍ത്താവിനും സഭയ്ക്കും ലഭിക്കട്ടെ.
പ്രിയ സഹോദരീ, നിങ്ങള്‍ ദുഃഖിതയാണോ? എങ്കില്‍ ലാസറിന്റെ കല്ലറയ്ക്കല്‍ കണ്ണുനീര്‍ വാര്‍ത്ത യേശുവിനെ ധ്യാനിക്കുക. മറിയയുടെ വിലാപത്തെക്കുറിച്ച് ഓര്‍ക്കുക. നമുക്കു പ്രിയപ്പെട്ട ആരെങ്കിലും ഇഹലോകവാസം വെടിയുമ്പോള്‍ നാം കരയുന്നത് സ്വാഭാവികമാണ്.
കഠിനവ്യഥയെ അതിജീവിക്കണമെങ്കില്‍ അതിനു സമയം വേണ്ടിവരും. പക്ഷേ ഈ ലോകത്തിലെ അഭക്തരായ മനുഷ്യരെപ്പോലെ നാം ദുഃഖിക്കരുത്. അലറിക്കരയുക, ദൈവനാമത്തിന് അപമാനം വരുത്തുന്ന വാക്കുകള്‍ സംസാരിക്കുക, ദൈവത്തെ ചോദ്യം ചെയ്യുക ഇവയൊന്നും നമ്മുടെ ഇടയില്‍ ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ല.
ശവസംസ്‌ക്കാരവേളയില്‍ ആളുകള്‍ ദൈവത്തെ ശപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതു കേള്‍ക്കുമ്പോള്‍ ആ സ്ഥലം വിട്ടുപോകുവാന്‍ എനിക്കു തോന്നിയിട്ടുണ്ട്. എന്നാല്‍ ജീവിക്കുന്ന ഒരു പ്രത്യാശ നമുക്കുണ്ട് എന്നു ജാതികള്‍ അറിയണം.
കര്‍ത്താവില്‍ മരിക്കുന്നവര്‍ ഉടന്‍തന്നെ കര്‍ത്തൃസന്നിധിയിലേക്ക് കടന്നുപോകുന്നു. യേശു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാം ഒരു മഹത്തായ പ്രത്യാശയുടെ ഉടമകളാണ്.
മരിച്ചുപോയ പ്രിയപ്പെട്ട വ്യക്തി നിത്യനാശത്തിലേക്കു കടന്നുപോയോ ഇല്ലയോ എന്ന ചോദ്യമാണ് ചിലര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും കഠിനമായ പ്രശ്‌നം. അന്തിമമായി ഈ ചോദ്യം നാം കര്‍ത്താവിനു വിട്ടുകൊടുക്കണം. കാരണം, രഹസ്യകാര്യങ്ങള്‍ കര്‍ത്താവിനുള്ളതാണല്ലോ.
ഒരു മനുഷ്യവ്യക്തിക്കും ഈ ചോദ്യത്തിന് ഉത്തരം നല്കുവാന്‍ സാധ്യമല്ല. ഇതിന്റെ ഉത്തരം തേടി നിങ്ങള്‍ ഭാവി പറയുന്ന ആളുകളേയോ, ”പ്രവാചകന്മാര്‍” എന്നു വിളിക്കപ്പെടുന്നവരേയോ ഒരിക്കലും സമീപിക്കരുത്. ഇപ്രകാരമുള്ള കാര്യം ഒരിക്കലും ചെയ്യരുതെന്ന് കര്‍ത്താവ് നമുക്ക് താക്കീതു നല്കിയിട്ടുണ്ട് (ആവര്‍. 18:10-12). ദുഃഖത്തെ അതിജീവിക്കുവാനായി നമ്മെ സഹായിക്കുവാന്‍ കര്‍ത്താവിനു മാത്രമേ കഴിയുകയുള്ളു.
നിരാശയുടെ ചെളിക്കുഴിയില്‍ വീണുപോകാതിരിക്കുവാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. അതില്‍ വീണുപോയാല്‍ അതു നിങ്ങള്‍ക്കു വൈകാരികമായും, മാനസികമായും, ആത്മീയമായും ദോഷം വരുത്തും. നിങ്ങളുടെ ഊഹാപോഹങ്ങള്‍കൊണ്ട് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച വരുത്തുവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍വച്ച് കണ്ടുമുട്ടുകയാണെങ്കില്‍ നിങ്ങള്‍ക്കു കര്‍ത്താവിനോടുകൂടെ നടക്കാമായിരുന്ന സമയമെല്ലാം പാഴാക്കിക്കളഞ്ഞല്ലോ എന്നോര്‍ത്തു നിങ്ങള്‍ കുണ്ഠിതപ്പെടേണ്ടിവരും.
നമ്മെ പിരിഞ്ഞുപോയ പ്രിയവ്യക്തിയെ ഓര്‍ത്തു വിലപിക്കുന്ന വേളയില്‍ നമുക്കു സമാധാനം പകര്‍ന്നു തരുന്ന ഒരു നല്ല വേദഭാഗമാണ് കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലെ പതിനഞ്ചാം അധ്യായം.
മറ്റുള്ളവര്‍ വ്യസനിക്കുന്നതുപോലെ നാം വ്യസനിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന വേദഭാഗമാണ് 1 തെസ്സ. 4:13-17. ”സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്ര കൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കയും, ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നുവെങ്കില്‍ അങ്ങനെതന്നെ ദൈവം നിദ്ര കൊണ്ടവരേയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്ര കൊണ്ടവര്‍ക്കു മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്‍ത്താവിന്റെ വചനത്താല്‍ നിങ്ങളോടു പറയുന്നു. കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും, പ്രധാനദൂതന്റെ ശബ്ദത്തോടും, ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരികയും, ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പേ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും.”
യേശു അവളോട്: ”ഞാന്‍ തന്നെ പുനരുത്ഥാനവും, ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല;….. എന്നു പറഞ്ഞു.” (യോഹ. 11:25, 26)
ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് യോഹന്നാനോട് ഇപ്രകാരം പറഞ്ഞു, ”ഭയപ്പെടേണ്ട. ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെ………. താക്കോല്‍ എന്റെ കൈവശമുണ്ട്.” (വെളി. 1:17, 18)
”മരണനിഴലില്‍ താഴ്‌വരയില്‍കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നിയെന്നോടുകൂടെ ഇരിക്കുന്നുവല്ലോ.” (സങ്കീ. 23:4)
റോമര്‍ എട്ടാം അധ്യായം മുപ്പത്തിയെട്ടും, മുപ്പത്തിയൊന്‍പതും വാക്യങ്ങളില്‍ മരണത്തിനു പോലും ദൈവസ്‌നേഹത്തില്‍ നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ സാധ്യമല്ല എന്നു പറയുന്നു.
പ്രിയ മാതാവേ, നിങ്ങള്‍ക്കു മുന്‍പായി സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയ നിങ്ങളുടെ മക്കളില്‍ ഒരാളെയോര്‍ത്ത് നിങ്ങള്‍ വിലപിക്കുന്നുണ്ടാകാം.പക്ഷേ ഇന്ന് അവന്‍ എല്ലാ വൈകല്യങ്ങളില്‍നിന്നും സ്വതന്ത്രനായി യേശുവിന്റെയും, ദൂതന്മാരുടെയും കൂടെ ആനന്ദിച്ചുകൊണ്ട് എത്ര സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് ഓര്‍ത്തുനോക്കുക. ഒരുനാള്‍ നിങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്യുവാനായി ആ കുട്ടി കാത്തിരിക്കുകയാണ്. അതിനാല്‍ ഇനി വിലപിക്കരുത്.കര്‍ത്താവിനോടൊപ്പം ആയിരിക്കുവാന്‍വേണ്ടി കടന്നുപോയ ഒരു ദൈവപൈതല്‍ ഭൂമിയിലെ തന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്ന ഒരു കവിത ഇതാ, താഴെക്കൊടുത്തിരിക്കുന്നു:
ഞാന്‍ പോയതെവിടേക്കെന്നറിഞ്ഞീടുകില്‍
ഞാന്‍ വസിക്കുന്നതെവിടെയെന്നു കാണുകില്‍ നീ
എത്ര മോഹനം ഞാന്‍ പാര്‍ത്തിടും വസതി
ഇതെന്‍ ഗേഹം, രക്ഷകന്‍ മുഖം കാണാം
ഭീതിയെന്യേ ശാന്തിയും, അളവില്ലാ മോദവും
ഉലകില്‍ എന്‍ അഭാവം ദുഃഖമുളവാക്കും എന്നാകിലും
ഇനി എന്‍ ആവശ്യം അവിടെയില്ലോര്‍ക്ക നീ
ഞാന്‍ വന്നതെവിടേക്കെന്നറിഞ്ഞീടുകില്‍ നീ
എന്‍ കൂടെ യാത്ര ചെയ്തിരുന്നുവെങ്കില്‍
രക്ഷകന്‍ എന്‍കൂടെ ഗമിച്ചിരുന്നു.
ഞാന്‍ ഏകാന്തപഥികനല്ലായിരുന്നു.
കരം പിടിച്ചെന്നെ മഹത്തായ നാട്ടിലേക്കു
അത്ഭുതമന്ദിരത്തിലേക്കെത്തിച്ചിതാ
ഞാന്‍ വസിക്കുന്നിടം കാണുകില്‍ നീ
ഞാന്‍ കണ്ടതെന്തെന്നറിഞ്ഞീടുകില്‍ നീ നിന്‍
ഭയം, ഏകാന്തത എന്നേക്കുമായി മാറും
അപാരം തന്‍ സ്‌നേഹം എന്നു നീയറിഞ്ഞീടും
തന്‍ കരത്താല്‍ നയിക്കും ശോധനയിന്‍ വേളയില്‍
വഹിക്കും, കരുതുമവന്‍ എന്നു നീ ഗ്രഹിച്ചീടും
ഞാന്‍ വസിപ്പതെവിടെയെന്നു കാണുകില്‍ നീ
എപ്പോഴും അടുത്തിരിപ്പവന്‍ ദേവന്‍
എല്ലാവരും സമീപേ വരണമെന്നാശിപ്പു താന്‍
ഒരുവന്‍ നഷ്ടമാകില്‍ അവന്‍ വ്യഥ പൂണ്ടിടും
വേദന നിറയും പരന്‍ ഹൃദയേ
ഒടുവില്‍ അവന്‍ തിരികെ വന്നീടും വേളയില്‍
എന്തൊരാഹ്‌ളാദം ദേവനെന്നറിഞ്ഞിടും നീ
ഞാന്‍ വസിപ്പതെവിടെയെന്നു കാണുകില്‍ നീ
എന്നോടൊപ്പം ഒന്നു പാര്‍ക്കുമെങ്കില്‍
പരനേകിയ കൃപയൊന്നു പങ്കിടുകില്‍
സ്വര്‍ഗ്ഗസുഖമനുഭവിക്കില്‍ തിരികെപ്പോകണമെന്നോ
ഭൂമി തന്‍ പന്ഥാവില്‍ ചരിക്കണമെന്നോ
ഒരുനാളും ഒരുനാളും നീ ആശിക്കയില്ലിനി
ഞാന്‍ വസിക്കുന്നിടം കാണുകില്‍ നീ
നാമൊരുനാള്‍ കണ്ടുമുട്ടുമെന്നറിഞ്ഞിടും നീ
വേറിട്ടിരുന്നാലും ഞാന്‍ അകലെ മാത്രം
രക്ഷകന്‍ കൂടെ സുരക്ഷിതയായി
ഭവനേ മേവുന്നു; നിന്നെ കാത്തുനില്പൂ.
ഒരു നാള്‍ സ്വാഗതമോതാന്‍ നാകകവാടേ
(അജ്ഞാതകര്‍ത്തൃകം)
ക്രിസ്ത്യാനികളായ നമുക്ക് എത്ര മഹത്തരമായ പ്രത്യാശയാണുള്ളത്.
അധ്യായം അഞ്ച് : പീഡനവേളകളില്‍ ദൈവനാമം മഹത്വപ്പെടും
എന്റെ ഒട്ടേറെ സ്‌നേഹിതകള്‍ കര്‍ത്താവായ യേശുവിനെ സ്വന്തം രക്ഷകനായി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരുടെയും ഭര്‍ത്താക്കന്മാര്‍ രക്ഷിക്കപ്പെട്ടിട്ടില്ല. ആ ഭര്‍ത്താക്കന്മാര്‍ അവരെ പീഡിപ്പിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്യുന്നു. അവരെ ശാരീരികമായി ഉപദ്രവിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്യുന്നു, മറ്റ് അനേക വഴികളിലൂടെ അവരെ പീഡിപ്പിക്കുന്നു. ഈ സ്ത്രീകൡ ചിലര്‍ സ്വന്ത ഇഷ്ടത്തിനെതിരായി വിവാഹമോചിതര്‍ ആകേണ്ടിവന്നു. മറ്റു ചിലര്‍ സ്വന്തകുടുംബം നിലനിന്നുപോകുവാനും മക്കളോടൊപ്പം താമസിക്കുവാനുംവേണ്ടി നിശ്ശബ്ദമായി എല്ലാ അവഹേളനങ്ങളും സഹിക്കുന്നു.
ഇത്തരം ഭവനങ്ങളില്‍നിന്ന് വളരെയധികം ഹൃദയഭേദകമായ വിലാപങ്ങള്‍ ഉയരുന്നുണ്ട്. ക്രിസ്തുവിനോടു വിശ്വസ്തരായിരിക്കുവാനും തന്റെ സ്വഭാവ ഗുണങ്ങളായ ക്ഷമ, സൗമ്യത, കീഴടക്കം എന്നിവയ്ക്കു സാക്ഷികളായിരിക്കുവാനുമായി കര്‍ത്താവ് ഇവര്‍ക്കു കൃപ നല്കിയിരിക്കുന്നു. കര്‍ത്താവിനുവേണ്ടി ഇവര്‍ ക്ഷമാപൂര്‍വ്വം കഷ്ടം സഹിക്കുന്നതു ദര്‍ശിച്ച ഇവരുടെ മക്കളില്‍ ചിലര്‍ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ ഇടയായിട്ടുണ്ട്. ദൈവം തിന്മയായ ഒന്നിനെ നന്മയാക്കി മാറ്റുന്നതെങ്ങനെ എന്നു കാണുക. ഒടുവില്‍ ഇവരുടെ ഭര്‍ത്താക്കന്മാരില്‍ ചിലര്‍ കര്‍ത്താവിന്റെ പക്ഷത്തേക്കു തിരിയുവാനും ഇടയായിട്ടുണ്ട്.
തന്റെ ഭര്‍ത്താവ് ഒരു രഹസ്യസംഘടനയുടെ അംഗമായിരുന്നതുകൊണ്ട് തനിക്കു നേരിടേണ്ടിവന്ന കഠിനമായ കഷ്ടതകളെപ്പറ്റി എന്റെ ഒരു സ്‌നേഹിത എന്നോടു പറഞ്ഞു. അനേക വര്‍ഷങ്ങള്‍ അവരുടെ ഭവനം കുഴപ്പം പിടിച്ച അവസ്ഥയിലായിരുന്നു. ആ ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ ഫലമായി കുടുംബത്തിനു വരുന്ന കഷ്ടത ഒഴിവാക്കുവാനായി അവള്‍ ഭര്‍ത്താവിനോട് കരഞ്ഞ് അപേക്ഷിച്ചു. പക്ഷേ അയാള്‍ക്ക് അവരുമായുള്ള ബന്ധം ഉപേക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ആ സംഘടനയിലെ ബിസിനസ്സുകാരുമായുള്ള ഇടപാടിന്റെ ഫലമായി അയാള്‍ ധനികനായിത്തീര്‍ന്നു.
യേശുവിനെ പരീക്ഷിക്കുവാന്‍ ഇതുപോലെയുള്ള ഒരു ഉപായമാണ് പിശാച് കൊണ്ടുവന്നത്: ”നീ എന്നെ നമസ്‌കരിച്ചാല്‍ ഭൂമിയിലെ സകല രാജ്യങ്ങളും അവയുടെ മഹത്വവും ഞാന്‍ നിനക്കു തരാം.” (അവിടെയുള്ള സമ്പത്തും അതില്‍ ഉള്‍പ്പെടും.) പക്ഷേ യേശു പിശാചിനെ ശാസിക്കുകയും, തന്നെ വിട്ടുപോകുവാന്‍ അവനോടു കല്പിക്കുകയും ചെയ്തു.
മേല്‍പ്പറഞ്ഞതരം രഹസ്യസംഘടനകള്‍ ഉപേക്ഷിച്ച് ക്രിസ്ത്യാനികള്‍ ആയിത്തീര്‍ന്ന ചിലര്‍ വെളിപ്പെടുത്തിയ ഒരു സംഗതി താഴെക്കൊടുത്തിരിക്കുന്നു. ആ സംഘടനയില്‍ പുതുതായി ചേരുന്ന അംഗങ്ങള്‍ തങ്ങള്‍ സംഘത്തിന്റെ നിയമങ്ങള്‍ എന്നെങ്കിലും ലംഘിക്കുകയാണെങ്കില്‍ തങ്ങളുടെയും കുടുംബത്തിന്റെയും മേല്‍ ശാപങ്ങള്‍ വന്നോട്ടെയെന്ന് നിര്‍ബന്ധമായും പറയണമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റു ചില ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് അവരുടെ സ്വന്തരക്തത്തില്‍ എഴുതി പ്രതിജ്ഞ എടുക്കേണ്ടതായിട്ടുണ്ട്. തങ്ങള്‍ പറയുന്ന വാക്കുകളുടെ ഗൗരവം എന്താണെന്നു മനസ്സിലാക്കാതെയാണ് അനേകം പേരും പ്രതിജ്ഞയെടുത്ത് ഇത്തരം സംഘടനകളുടെ അംഗങ്ങളായിത്തീരുന്നത്. രഹസ്യമായി സാത്താനെ ആരാധിക്കുന്ന ചില ഗ്രൂപ്പുകള്‍ ഉണ്ട്. തങ്ങള്‍ മനപ്പൂര്‍വ്വമായി തിരഞ്ഞെടുത്ത ഇത്തരം ചങ്ങലകള്‍ എളുപ്പത്തില്‍ പൊട്ടിപ്പോകുകയില്ല. പക്ഷേ കഴിഞ്ഞകാലത്ത് പ്രതിജ്ഞയെടുത്ത് തന്റെമേല്‍ത്തന്നെ വരുത്തിവച്ച ഏതു ദോഷത്തേയും അസാധുവാക്കാനായി ഒരുവനെ സഹായിക്കുവാന്‍ ദൈവത്തിനു കഴിയും. ഇത്തരം ഗ്രൂപ്പുകളില്‍നിന്ന് കര്‍ത്താവ് പലരേയും സ്വതന്ത്രരാക്കിയിട്ടുണ്ട്. ഒരു സമയത്ത് ഇത്തരം സംഘടനകളുടെ നേതാക്കന്മാരായിരുന്ന ചില ആളുകള്‍ പോലും അവയില്‍നിന്ന് സ്വതന്ത്രരായിട്ടുണ്ട്.
അതുകൊണ്ട് നിങ്ങളുടെ ഭര്‍ത്താവ് അകപ്പെട്ടിരിക്കുന്നത് ഏതു കുരുക്കിലും ആയിക്കൊള്ളട്ടെ, നിങ്ങള്‍ ഭര്‍ത്താവിനായി പ്രാര്‍ത്ഥിക്കുന്നത് നിര്‍ത്തിക്കളയരുത്. വിശ്വാസത്തോടെ കരഞ്ഞുപ്രാര്‍ത്ഥിക്കുക. ഏകജാതനായ മകനുവേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നതുപോലെ നിങ്ങളുടെ ഭര്‍ത്താവിനെ കര്‍ത്താവ് സംരക്ഷിക്കാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ക്രിസ്തു ക്രൂശില്‍ മരിച്ചപ്പോള്‍ എല്ലാ ബന്ധനങ്ങളേയും തകര്‍ത്തുകളഞ്ഞു. എല്ലാ തടവുകാരേയും സ്വതന്ത്രരാക്കുവാന്‍വേണ്ടിയാണ് അവിടുന്നു വന്നത്.
ക്രിസ്തുവിനെ സ്വീകരിച്ച അവിവാഹിതരായ ചില പെണ്‍കുട്ടികള്‍ക്ക് അവരുടെ ബന്ധുജനങ്ങളില്‍ നിന്ന് ഭയങ്കരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്. തന്റെ മകള്‍ യേശുവിനെ സ്വീകരിച്ചതിനാല്‍ ഒരമ്മ ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കി. നിങ്ങളെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ പ്രയത്‌നിച്ച നിങ്ങളുടെ അമ്മയെക്കുറിച്ചുള്ള ഹൃദയവേദന കര്‍ത്താവിനു മനസ്സിലാകും.പക്ഷേ മാതാപിതാക്കളേക്കാള്‍ അധികം കര്‍ത്താവിനെ സ്‌നേഹിക്കുവാനും മരണപര്യന്തം ദൈവത്തോട് വിശ്വസ്തരാകുവാനുമായി നമ്മെ വിളിച്ചിരിക്കുന്നു. മാതാപിതാക്കളുടെ രക്ഷയ്ക്കായി നിങ്ങള്‍ കരഞ്ഞുപ്രാര്‍ത്ഥിക്കുന്നത് വൃഥാവായിപ്പോകുകയില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ആ അമ്മ വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മകള്‍ ഒരു നല്ല ക്രിസ്ത്യാനിയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ആ വിവാഹത്തില്‍ പങ്കെടുക്കുകതന്നെ ചെയ്തു.
ക്രിസ്തുവിനെ സ്വീകരിച്ചതു നിമിത്തമോ, ജലസ്‌നാനത്തില്‍ അവനെ അനുസരിച്ചതു നിമിത്തമോ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ എനിക്കറിയാം. കര്‍ത്താവ് അവരെ ആദരിക്കുമെന്നും അവര്‍ക്കായി അവിടുന്ന് മഹത്തായ ഒരു ഭാവി ഒരുക്കിയിട്ടുണ്ടെന്നും എനിക്കു തീര്‍ച്ചയാണ്. അന്ത്യനാളില്‍ പിതാവ് അവരില്‍ ഓരോരുത്തരോടും ”ഇവള്‍ എന്റെ പ്രിയപുത്രി; ഇവളില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നു പറയും.
സാമ്പത്തികപ്രതിസന്ധികള്‍ മൂലം ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പം നിരന്തരം ജീവിക്കേണ്ടിവരുന്ന സ്ത്രീകള്‍ ഉണ്ട്. ആ മാതാപിതാക്കള്‍ നല്ലവരായിരിക്കാം.എങ്കില്‍പ്പോലും ഒരു കൂട്ടുകുടുംബത്തില്‍, സ്വന്തഭവനം ഭര്‍ത്താവിന്റെ ബന്ധുക്കളുമായി പങ്കിട്ടുകൊണ്ട് അവര്‍ക്കു ജീവിക്കേണ്ടിവരുന്നു. ഇതു നിങ്ങളുടെ അനുഭവമാണോ? അമ്മായിയമ്മ ഭവനം നടത്തിക്കൊണ്ടുപോകുന്നു. വീട്ടിലുള്ളതെല്ലാം തന്നെ പൊതുവസ്തുവായി കരുതപ്പെടുന്നു. ചില അവസരങ്ങളില്‍ നിങ്ങളുടെ ചിന്തകള്‍ പോലും പൊതുവകയാണെന്നു തോന്നിപ്പോകുന്നു! ഇത് നിങ്ങള്‍ക്ക് അനിഷ്ടമായതുകൊണ്ട് നിങ്ങള്‍ മനസ്സില്‍ വിലപിക്കുന്നു. സ്വന്തമായ ഒരു ഭവനം നിങ്ങളില്‍നിന്നു തട്ടിയെടുത്തുമാറ്റിയതായി നിങ്ങള്‍ക്കു തോന്നുന്നു. നിങ്ങളുടെ വികാരങ്ങള്‍ ഭര്‍ത്താവുമായി പങ്കിടുവാന്‍ നിങ്ങള്‍ കൊതിക്കുന്നു. പക്ഷേ ഭര്‍ത്താവിന്റെ ബന്ധുക്കളെപ്പറ്റി ഒന്നുംതന്നെ അദ്ദേഹത്തോടു പറയുവാന്‍ സാധിക്കുന്നില്ല. കാരണം, അത് അദ്ദേഹത്തെ മുറിപ്പെടുത്തിയെന്നു വരാം. ഇന്ത്യയിലെ വിവാഹിതരായ അനേക സ്ത്രീകളെപ്പോലെ ഈ ശോചനീയമായ അവസ്ഥ സ്വീകരിച്ചുകൊണ്ട് നിങ്ങള്‍ ജീവിക്കുന്നു. ‘ഒരു സമയത്ത് ഒരു ദിവസത്തെ കാര്യം’ എന്ന മട്ടില്‍ നിങ്ങള്‍ ഒരുവിധത്തില്‍ ജീവിതം മുന്നോട്ടു തള്ളിനീക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കാത്തതുമൂലം ചില അവസരങ്ങളില്‍ നിങ്ങള്‍ പൊട്ടിക്കരയുകയും മറ്റു ചിലപ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സും, ജീവിതവും കുഴഞ്ഞ അവസ്ഥയില്‍ ആയിത്തീരുന്നു.
നിങ്ങള്‍ക്ക് ഇന്ത്യന്‍സംസ്‌ക്കാരം മാറ്റിമറിക്കുവാന്‍ സധ്യമല്ല. പക്ഷേ ദൈവത്തിനു നിങ്ങളെ മാറ്റുവാന്‍ സാധിക്കും! മറ്റുള്ളവരോടു ക്ഷമിക്കുവാന്‍ നിങ്ങള്‍ പഠിക്കണം. അവര്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ നിമിത്തം പരിഭവിക്കാതെയിരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയണം. ഇന്നേക്ക് ഒരു നൂറു കൊല്ലത്തിനപ്പുറം ആ വാക്കുകള്‍ക്ക് ഒരു പ്രസക്തിയും ഉണ്ടാകുവാന്‍ പോകുന്നില്ല എന്നോര്‍ക്കുക. നിങ്ങളുടെ സാഹചര്യത്തിന്റെ മെച്ചപ്പെട്ട വശങ്ങളെക്കുറിച്ച് ക്രിയാത്മകമായി ഒന്നു ചിന്തിച്ചുനോക്കുക. വീട്ടിലെ പ്രായോഗിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍നിന്ന് സഹായം ലഭിക്കും.നിങ്ങളുടെ കുട്ടികള്‍ക്ക് വല്യച്ഛന്റെയും, വലിയമ്മയുടെയും സാമീപ്യവും സ്‌നേഹവും ലഭിക്കും. ബന്ധുക്കളില്‍നിന്ന് വളരെയകലെ താമസിക്കുന്ന സ്ത്രീകളുടെ ബുദ്ധിമുട്ട് ഓര്‍ത്തുനോക്കുക. പലതരം ഒച്ചപ്പാടുകള്‍ ഉള്ളപ്പോള്‍ത്തന്നെ നിങ്ങള്‍ക്കു ഹൃദയാന്തര്‍ഭാഗത്ത് കര്‍ത്താവുമായി ഒരു രഹസ്യ കൂട്ടായ്മയുണ്ടാകുവാന്‍ സാധ്യമാണ് എന്നോര്‍ക്കുക.
ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ഇതരസ്ത്രീകള്‍ക്ക് ആശ്വാസവും ശക്തിയും പകര്‍ന്നുനല്കുവാന്‍ നിങ്ങള്‍ക്കു കഴിയും. നാം കടന്നുപോകുന്ന ഓരോ തകര്‍ച്ചയുടെ അനുഭവവും ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ പങ്കാളികളായിത്തീരുവാന്‍ നമ്മെ സഹായിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ക്രിസ്തുവിന്റെ സ്വഭാവത്തിനു പങ്കാളികളായിത്തീരുവാന്‍ കഴിയും. അങ്ങനെ സമാനമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന, ചുറ്റുപാടുമുള്ള ആളുകള്‍ക്ക് ഒരനുഗ്രഹമായിത്തീരുവാന്‍ നമുക്കു കഴിയും.
”സ്ത്രീധനത്തിന്റെ കുറവ്” നിമിത്തം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? അവരുടെ വാക്കുകളും, പ്രവൃത്തികളും നിമിത്തം നിങ്ങള്‍ മനസ്സു മടുത്ത് നിരാശപ്പെട്ട് ഒരിക്കലും വിവാഹബന്ധത്തില്‍ ഏര്‍പ്പെടേണ്ടായിരുന്നു എന്നു ചിന്തിക്കുന്നുണ്ടോ? നാം പത്രങ്ങളില്‍ മിക്കവാറും എല്ലാ ദിവസവും ”സ്ത്രീധനമരണങ്ങളെ”ക്കുറിച്ച് വായിക്കുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കു സ്വന്തമല്ല എന്നോര്‍ക്കുക. അതു ദൈവത്തിന്റേതാണ്. ഈ പരിശോധനയെ സഹിച്ചുനില്ക്കുവാന്‍ ആവശ്യമായ കൃപയ്ക്കായി ദൈവത്തോട് അപേക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിനു ദുരന്തം വരുത്തിവയ്ക്കുന്ന യാതൊന്നും നിങ്ങള്‍ ചെയ്യരുത്. കര്‍ത്താവില്‍ നിങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുക. നിങ്ങള്‍ക്കു സഹിക്കാവുന്നതില്‍ കൂടുതലായ ഒരു പരീക്ഷയും കര്‍ത്താവ് അനുവദിക്കുകയില്ല എന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട് (1 കോരി 10:13). നിങ്ങളെ ബുദ്ധിമുട്ടിക്കുന്നവരെക്കുറിച്ച് അപവാദം പറഞ്ഞും അവരെ പഴിച്ചുംകൊണ്ട് ജീവിക്കുന്നത് നിരര്‍ത്ഥകമാണ്. കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനായി വിശ്വാസത്തോടെ കാത്തിരിക്കുക. അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ ഒരിക്കലും നിരാശപ്പെട്ടുപോകുകയില്ല. (യെശ. 49:23). അവനെ കാത്തിരിക്കുന്നവര്‍ ഒരുനാള്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. (യെശ. 40:31).
നിങ്ങളുടെ സാഹചര്യത്തില്‍ ആവശ്യമായ ജ്ഞാനത്തിനുവേണ്ടി കര്‍ത്താവിനോട് അപേക്ഷിക്കുക.
ചില വിശ്വാസികള്‍ കര്‍ത്താവിനുവേണ്ടി കോടതിയിലേക്കു വലിച്ചിഴക്കപ്പെടുന്നുണ്ട്. ഇതൊരു നിസ്തുല്യപദവി തന്നെ. കര്‍ത്താവിന്റെ ശത്രുക്കള്‍ അവനെ കോടതിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് ഇതു തീര്‍ച്ചയായും ഒരു നേട്ടവും ബഹുമതിയും ആണ്. നിങ്ങള്‍ക്കെതിരായിട്ടുള്ള ആരോപണങ്ങളെല്ലാം ഭോഷ്‌ക്ക് ആയിരിക്കും. പക്ഷേ അതുപോലും കര്‍ത്താവ് ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടിയാണ് അനുവദിച്ചുതരുന്നത്. ന്യായാധിപന്മാരുടെ മുന്‍പില്‍ നില്ക്കുമ്പോള്‍ നാം എന്തു പറയണമെന്ന് വ്യാകുലപ്പെടേണ്ട എന്നു കര്‍ത്താവ് പറഞ്ഞിട്ടുണ്ട്. നാം പറയേണ്ട കാര്യം കര്‍ത്താവുതന്നെ പറഞ്ഞുതരും. അതുകൊണ്ട് ശിശുസഹജമായ വിശ്വാസത്തോടെ നമുക്ക് അവനില്‍ വിശ്രമിക്കുവാന്‍ സാധിക്കും.
അന്യായമായി കോടതി കയറേണ്ടിവരുന്നവര്‍ക്കു പ്രയോജനപ്പെടുന്ന ചില വേദഭാഗങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. ദൈവം നമുക്കു തന്നിരിക്കുന്ന ചില അത്ഭുതകരമായ വാഗ്ദാനങ്ങളാണ് അവ. യേശുവിന്റെ നാമത്തില്‍ അവയെ അവകാശമായി ചോദിക്കാം. (ഉദ്ധരണികള്‍ ലിവിങ്‌ബൈബിളില്‍നിന്ന് എടുത്തിരിക്കുന്നു.) ”കര്‍ത്താവ് എന്റെ വക്കീലും, എനിക്കുവേണ്ടി വാദിക്കുന്നവനും ആകുന്നു; അവന്‍ എന്നെ രക്ഷിക്കും.” (1 ശമു. 24:15) ”കര്‍ത്താവ് അരുളിച്ചെയ്യുന്നു, ‘ഭയപ്പെടരുത്! തളര്‍ന്നു പോകരുത്! കാരണം യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതത്രേ! നിങ്ങള്‍ യുദ്ധം ചെയ്യേണ്ട ആവശ്യമില്ല! മിണ്ടാതെ നിന്ന് ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ പോകുന്ന അവിശ്വസനീയമായ രക്ഷാപ്രവൃത്തി Rescue Operation) കണ്ടുകൊള്ളുക. കര്‍ത്താവ് നിങ്ങളോടൊപ്പം ഉണ്ട്.” (2 ദിനവൃ. 20:15-17)
”ഭക്തരായ ആളുകളെ ന്യായാധിപന്റെ മുന്‍പില്‍ കൊണ്ടുവരുമ്പോള്‍ അവരെ കുറ്റം വിധിക്കുവാന്‍ കര്‍ത്താവ് അനുവദിക്കുകയില്ല.” (സങ്കീ. 37:33)
”കിഴക്കോ, പടിഞ്ഞാറോ, വടക്കോ, തെക്കോ നിന്നല്ല ന്യായവിധി വരുന്നത്. (ഒരു മനുഷ്യനില്‍ നിന്നുമല്ല ന്യായവിധി വരുന്നത്). ചിലരെ ശിക്ഷ വിധിക്കുകയും, ചിലരെ നിരപരാധികളായി വിടുകയും ചെയ്യുന്ന ന്യായാധിപന്‍ ദൈവം തന്നെയാണ്. അവന്‍ ദുഷ്ടന്മാരുടെ ശക്തിയെ തകര്‍ക്കും. നീതിന്മാരുടെ ശക്തിയോ വര്‍ദ്ധിച്ചുവരും.” (സങ്കീ. 75:6,7,10)
”കര്‍ത്താവു കാഴ്ചയാലോ, കേട്ടുകേള്‍വിയാലോ, തെറ്റായ തെളിവു മൂലമോ ന്യായം വിധിക്കുകയില്ല. പക്ഷേ അവന്‍ ദരിദ്രരേയും, ചൂഷണം ചെയ്യപ്പെടുന്നവരേയും സഹായിക്കും. അവരെ അടിച്ചമര്‍ത്തുന്ന ദുഷ്ടന്മാര്‍ക്കെതിരായി അവന്‍ ഭരണം നടത്തും.” (യെശ. 11:3-5 ലിവിംഗ്)
”അവരുടെ മുറിപ്പെടുത്തുന്ന വാക്കുകള്‍ എനിക്കു ദോഷം ചെയ്യുന്നില്ല. കാരണം പരമാധികാരിയായ കര്‍ത്താവ് എനിക്കു സഹായം നല്കുന്നു. അവ സഹിക്കുവാന്‍ ഞാന്‍ തീരുമാനിക്കുന്നു. ഞാന്‍ ലജ്ജിച്ചുപോകുകയില്ല എന്നു ഞാന്‍ അറിയുന്നു. കാരണം ദൈവം സമീപസ്ഥനാണ്. ഞാന്‍ നിരപരാധിയാണെന്ന് അവന്‍ തെളിയിക്കും. എനിക്കെതിരെ കുറ്റം ആരോപിക്കുവാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ? നമുക്കൊരുമിച്ച് കോടതിയില്‍ പോകാം! അവന്‍ കുറ്റാരോപണം ഉന്നയിക്കട്ടെ! പരമാധികാരിയായ കര്‍ത്താവ് എന്നെ ന്യായീകരിക്കുന്നു. ഞാന്‍ കുറ്റക്കാരനാണെന്നു തെളിയിക്കുവാന്‍ ആര്‍ക്കു കഴിയും? എന്നെ കുറ്റം ചുമത്തുന്നവരെല്ലാം അപ്രത്യക്ഷരാകും; കീടങ്ങള്‍ തിന്നുകളഞ്ഞ വസ്ത്രത്തെപ്പോലെ അവര്‍ ഇല്ലാതെയാകും. മറ്റുള്ളവരെ നശിപ്പിക്കുവാന്‍ പദ്ധതിയിടുന്ന നിങ്ങളെല്ലാവരും നിങ്ങളുടെ ഗൂഢാലോചനകളാല്‍ത്തന്നെ നശിക്കും. അതു സംഭവിക്കുവാന്‍ കര്‍ത്താവുതന്നെ ഇടയാക്കും. ദുഃഖകരമായ ഒരു ഭാവി നിങ്ങള്‍ക്കുണ്ടാകും.” (യെശ. 50:7-11)
”കര്‍ത്താവ് അരുളിച്ചെയ്യുന്നു, ‘നിന്റെ ശത്രുക്കള്‍ നിന്നോട് അകന്നിരിക്കും; നീ സമാധാനത്തോടെ വസിക്കും. ഭീതി നിന്റെ അടുത്തു വരികയില്ല. കാരണം ഞാന്‍ നിന്റെ വശത്തുണ്ട്. നിന്റെ ശത്രുക്കള്‍ തോറ്റോടിപ്പോകും. ഞാന്‍ നിന്നോടുകൂടെ ഇരിക്കുന്നു. നിനക്കെതിരായി വരുന്ന ഒരു ആയുധവും ഫലിക്കയില്ല. കോടതിമുറിയിലെ ഓരോ ഭോഷ്‌ക്കിനും എതിരായി നിനക്കു നീതി ലഭിക്കും’.” (യെശ. 54:14-17)
”കര്‍ത്താവ് അരുളിച്ചെയ്യുന്നു, ‘ഞാന്‍ നിന്റെ വക്കീല്‍ ആയിരിക്കും; ഞാന്‍ നിന്റെ കേസു വാദിക്കും’.” (യിരെ. 51:36 ലിവിംഗ് ബൈബിള്‍)
”കര്‍ത്താവേ, നീ എന്റെ വക്കീല്‍ ആകുന്നു! എന്റെ കേസു വാദിക്കേണമേ! കാരണം നീ എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. അവര്‍ എന്നോടു ചെയ്ത അന്യായം നീ കണ്ടിരിക്കുന്നു; എന്റെ ന്യായാധിപനായി എന്നെ ന്യായീകരിക്കണമേ. എന്റെ ശത്രുക്കള്‍ എനിക്കു വിരോധമായി ഉണ്ടാക്കിയ പദ്ധതികള്‍ നീ കണ്ടിരിക്കുന്നു. അവര്‍ എന്നെ വിളിച്ച ദുഷ്‌പ്പേരുകളും എനിക്കെതിരായി പറഞ്ഞ എല്ലാ വാക്കുകളും അവര്‍ ചെയ്ത ഗൂഢാലോചനകളും നീ കേട്ടിരിക്കുന്നു. എന്റെ നാശത്തിനായി അവര്‍ ഒത്തുകൂടി ചിരിക്കുകയും പാട്ടു പാടുകയും ചെയ്യുന്നതു കാണേണമേ.” (വിലാപ. 3:58-63)
”ദൈവത്തോടു രാപ്പകല്‍ നിലവിളിക്കുന്നവരും ദൈവം തിരഞ്ഞെടുത്തവരുമായ ആളുകള്‍ക്ക് അവന്‍ നീതി നടത്തി കൊടുക്കയില്ലയോ? ദൈവം അവരുടെ കാര്യം മാറ്റിവക്കുമോ? അവര്‍ക്കു വേഗം നീതി ലഭിക്കുമെന്ന് അവന്‍ ഉറപ്പാക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കോ. 18:7, 8)
”അവന്റെ സമയം അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആര്‍ക്കും അവനെ അറസ്റ്റു ചെയ്യുവാന്‍ കഴിഞ്ഞില്ല.” (യോഹ. 7:30, 8:20)
കര്‍ത്താവിനുവേണ്ടി നിങ്ങള്‍ക്കോ, നിങ്ങളുടെ ഭര്‍ത്താവിനോ കോടതിയില്‍ നില്‌ക്കേണ്ടിവന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിലപിക്കരുത്. കണ്ണുനീര്‍ അടക്കിവയ്ക്കുക. അതിനുപകരം നിങ്ങളുടെ എതിരാളികളുടെ കാര്യം ഓര്‍ത്ത് സങ്കടപ്പെടുക. ന്യായവിധിദിവസത്തില്‍ സര്‍വ്വഭൂമിയുടെയും ന്യായാധിപതി അവരെ വിധിക്കുമ്പോള്‍ അത് എത്ര ഭയാനകമായിരിക്കും!
യേശുവിനു തന്നെ പരിത്യജിക്കപ്പെട്ടവനായി കോടതിയിലേക്കു പോകേണ്ടിവന്നു. പരിഹാസികളായ ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ അവി ടുന്നു നിന്നു. കോടതിയില്‍ പോകേണ്ടിവരുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് അമ്പരന്നുപോകരുത്. നിങ്ങള്‍ യേശുവിന്റെ ശിഷ്യയല്ലേ? ഈ മേഖലയില്‍ അവിടുത്തെ കാല്‍ച്ചുവട് പിന്തുടരുവാന്‍ അവിടുന്നു നിനക്കു നല്കിയ അപൂര്‍വ്വപദവിയാണ് ഇത്. ധൈര്യമായിരിക്കുക. ഇതു വിലപിക്കാനുള്ള അവസരമല്ല. അതിനു പകരം സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും എന്നതിനാല്‍ സന്തോഷിച്ചു തുള്ളിച്ചാടുക. യേശു നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഒരുനാള്‍ നീ നിരപരാധിയാണെന്ന് അവന്‍ തെളിയിക്കുകയും നിനക്കു മാനം ഉണ്ടാകുകയും ചെയ്യും.
ഭൂമിയില്‍ നമ്മുടെ ജീവിതം കഷ്ടതയുടെ ജീവിതമാണ്. നാം അവിടുത്തെ കഷ്ടതകളില്‍ പങ്കാളികളാണ്. പക്ഷേ ഓരോ പരീക്ഷാവേളയിലും അവിടുന്നു നമുക്കു തന്റെ കവിഞ്ഞൊഴുകുന്ന സന്തോഷം നല്കുന്നു. യേശുവിനെ തന്റെ അടുത്ത സുഹൃത്താണ് ഒറ്റിക്കൊടുത്തത്. ഒരു കപടന്യായവിസ്താരത്തിലൂടെ അവിടുത്തേക്കു കടന്നുപോകേണ്ടിവന്നു. വളരെ അടിച്ചതിനാല്‍ തന്റെ പുറം ഉഴുതതുപോലെയായി. ഇന്നത്തെ കാലത്താണെങ്കില്‍ നമുക്ക് ഒരു വക്കീലിനെ നിയമിക്കുവാന്‍ കഴിയും. അങ്ങനെ നമുക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ യേശുവിനു ന്യായമായ ഒരു വിസ്താരംപോലും ലഭിച്ചില്ല. തന്നെ അന്യായമായി മരണശിക്ഷയ്ക്കു വിധിച്ചു. മനുഷ്യരില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളതിനെക്കാള്‍ ഏറ്റവും ക്രൂരമായ മരണമാണ് അവിടുത്തേക്കു ലഭിച്ചത്. പക്ഷേ ആ കഷ്ടതകള്‍ക്കുശേഷം കിട്ടാന്‍ പോകുന്ന പ്രതിഫലത്തെക്കുറിച്ച് യേശു ചിന്തിച്ചതു നിമിത്തം അവിടുത്തേക്കു സന്തോഷമുണ്ടായിരുന്നു. ആ പ്രതിഫലമെന്നത്, എന്നെയും നിന്നെയും പാപത്തിന്റെ പിടിയില്‍നിന്ന് രക്ഷിച്ച് തന്റെ കാന്തയാക്കിത്തീര്‍ക്കുക എന്നതാണ്. നമുക്ക് സന്തോഷം പകര്‍ന്നുനല്കുവാനും അവിടുത്തേക്കു കഴിയും.
യെശ. 53:7-9 തിരുവെഴുത്തിലെ ഈ ഭാഗം എന്നെ എപ്പോഴും ചിന്തിപ്പിക്കുന്ന ഒരു ഭാഗമാണ്.
”അവനെ നിര്‍ദ്ദയമായി പീഡിപ്പിച്ചുവെങ്കിലും അവന്‍ ഒരക്ഷരം പോലും ഉരിയാടിയില്ല. കൊല്ലുവാനുള്ള കുഞ്ഞാടിനെപ്പോലെ അവനെ കൊണ്ടുവന്നു; രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതിരിക്കുന്ന ആടിനെപ്പോലെ അവനെ കുറ്റപ്പെടുത്തിയവരുടെ മുമ്പാകെ അവന്‍ നിശ്ശബ്ദനായി നിന്നു. ജയിലിനും ന്യായവിസ്താരത്തിനും ശേഷം അവര്‍ അവനെ കൊല്ലുവാനായി കൊണ്ടുപോയി. പക്ഷേ തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയായിരുന്നു അവന്‍ മരിക്കുന്നതെന്നും തങ്ങള്‍ക്കുള്ള ശിക്ഷയായിരുന്നു അവന്‍ അനുഭവിച്ചതെന്നും അന്നത്തെ തലമുറയില്‍ ആര്‍ തിരിച്ചറിഞ്ഞു? ഒരു കുറ്റവാളിയെപ്പോലെ അവനെ സംസ്‌ക്കരിച്ചു; ഒരു ധനവാന്റെ കല്ലറയില്‍ ആയിരുന്നു അവനെ അടക്കിയത്. എങ്കിലും അവനൊരു തെറ്റും ചെയ്തിരുന്നില്ല; നീചമായ ഒരു വാക്ക് അവന്‍ ഒരിക്കലും സംസാരിച്ചിട്ടില്ല” (ലിവിംഗ് ബൈബിള്‍)
അപ്പൊസ്തലനായ പൗലോസിന് സുവിശേഷത്തിനുവേണ്ടി വളരെ കഷ്ടമനുഭവിക്കേണ്ടിവന്നു. എന്നാല്‍ ജയിലില്‍ കിടന്നുകൊണ്ട് അവന്‍ ഏറ്റവും ഉത്തമമായ ചില ലേഖനങ്ങള്‍ എഴുതി. അവയില്‍ ഒന്നാണ് ‘കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍’ എന്നു നമ്മോട് ഉദ്‌ഘോഷിക്കുന്ന ഫിലിപ്പിയര്‍ക്കുള്ള ലേഖനം.
ക്രിസ്തുവില്‍ ഭക്തിയുള്ള ജീവിതം നയിക്കുവാന്‍ വാഞ്ഛിക്കുന്ന എല്ലാവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള പീഡനം സഹിക്കേണ്ടിവരും. അതുകൊണ്ട് അപ്രകാരം സംഭവിക്കുമ്പോള്‍ ഏതോ ഒരു അപൂര്‍വ്വകാര്യം നിങ്ങള്‍ക്കു വന്നുഭവിക്കുന്നു എന്നുവച്ച് അതിശയിച്ചുപോകരുത്. (1 പത്രൊ. 4:12) കര്‍ത്താവ് തന്റെ വചനത്തിലൂടെ ഓരോ പ്രാവശ്യവും നമ്മെ ശക്തീകരിക്കും.
”നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്.” (മത്താ. 5:10)
നമ്മെ ഉപദ്രവിക്കുന്നവരോടു ക്ഷമിക്കുവാനും അവരെ സ്‌നേഹിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും കര്‍ത്താവു നമ്മെ പഠിപ്പിച്ചു. നമുക്ക് ദോഷം ചെയ്യുന്നവര്‍ക്ക് നാം അതിനു പകരം നന്മ ചെയ്യുമ്പോള്‍ സ്‌നേഹനിധിയായ പിതാവിന്റെ മക്കളാണ് നാം എന്നു തെളിയിക്കുകയാണു നാം ചെയ്യുന്നത്. ദൈവം എല്ലാവര്‍ക്കും നല്ലവനാണ്. ഒരുപക്ഷേ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ നിങ്ങളെ മുറിവേല്പിച്ചുകാണും. വിലപിക്കരുത്. യേശുവിന്റെ കാല്‍ച്ചുവട് പിന്‍ഗമിക്കുവാന്‍ നിങ്ങള്‍ക്കു പദവി ലഭിച്ചല്ലോ എന്നോര്‍ത്ത് സന്തോഷിക്കുക.അത്തരം സന്ദര്‍ഭങ്ങളില്‍ ക്രിസ്തുവിന്റെ മനസ്സ് നിങ്ങളെ ഭരിക്കട്ടെ.
കര്‍ത്താവിനുവേണ്ടി നീണ്ട അനേക വര്‍ഷത്തേക്കു കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ട ദൈവദാസന്‍മാരെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അവരുടെ ഭാര്യമാര്‍ക്ക് എന്തു പ്രയാസമുണ്ടായിക്കാണണം! ഇന്നും അനേക രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഒരു സമയത്ത് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കും പീഡനം അനുഭവിക്കേണ്ടതായിവരും. ആ സമയത്ത് ദൈവം നമ്മെ വിശ്വാസത്തില്‍ ശക്തരായി സൂക്ഷിക്കണമെന്ന് നമുക്ക് ഇപ്പോഴേ പ്രാര്‍ത്ഥിക്കാം. കര്‍ത്താവിനുവേണ്ടി പീഡിപ്പിക്കപ്പെട്ടവരുടെയും രക്തസാക്ഷികളായവരുടേയും കഥകള്‍ വായിക്കുന്നത് നമുക്കെല്ലാവര്‍ക്കും പ്രയോജനകരമാണ്. നമുക്കു പീഡനം വരുന്ന സമയത്ത് അതു നമ്മെ ശക്തീകരിക്കും.
”നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു.” (റോമ. 8:18)
”നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം….. തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.” (2 കൊരി. 4:17)
”നീ നദികളില്‍ക്കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവിയുകയില്ല.” (യെശ. 43:2)
”ഞങ്ങള്‍ ഏതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാന്‍ (ഉത്സാഹിപ്പിക്കുവാന്‍) ശക്തരാകേണ്ടതിനു ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. (ഞങ്ങള്‍ക്ക് ഉത്സാഹം പകര്‍ന്നുതരുന്നു.) (2 കൊരി. 1:4)
”…… പക്ഷവാദം ചെയ്‌വാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിക്കുവാന്‍ അവന്‍ പ്രാപ്തനാകുന്നു.” (എബ്രാ. 7:25)
”യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്ക് ഉണ്ട്”(1 യോഹ.2:1).
”ദുര്‍വര്‍ത്തമാനം നിമിത്തം അവന്‍ (നീതിമാന്‍) ഭയപ്പെടുകയില്ല.” (സങ്കീ. 112:7)
”നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ ……… പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള്‍ ഉണ്ട്.” (ആവര്‍ത്ത. 33:25, 27).
”ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.” (സെഫ. 3:17).
”എന്നാല്‍ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു……” (റോമ. 8:28)
”ദൈവം നമ്മുടെ സങ്കേതവും, ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീ. 46:1)
നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന അഗ്നിശോധനകളെപ്പറ്റി പത്രോസ് തന്റെ ലേഖനത്തില്‍ സംസാരിക്കുന്നുണ്ട്. യെശ. 43:2 നോക്കുക. ഇവിടെ തീയില്‍ക്കൂടി നടന്നാല്‍ നാം വെന്തുപോകുകയില്ല എന്ന് കര്‍ത്താവ് നമുക്ക് ഉറപ്പുതരുന്നു. നാം പീഡനത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ പ്രാണന്‍ (soul) നശിച്ചുപോകുകയില്ല.
യേശു നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു. ഉച്ചരിക്കുവാന്‍ സാധ്യമല്ലാത്തവിധത്തിലുള്ള ഞരക്കങ്ങളാല്‍ പരിശുദ്ധാത്മാവ് നമുക്കുവേണ്ടി പക്ഷവാദം നടത്തുന്നു.നമ്മുടെ വ്യഥയെ വാക്കുകള്‍കൊണ്ട് വിശദീകരിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മുടെ സഹായത്തിനായി വരുന്നു. അതുകൊണ്ട് നമുക്ക് പരിശുദ്ധാത്മാവിനു വിധേയപ്പെടാം. അവിടുന്നു നമ്മുടെ ഉള്ളില്‍ ഇരുന്നുകൊണ്ട് ദൈവത്തോടു നിലവിളിക്കും.
അധ്യായം ആറ് : ലൗകിക ദുഃഖത്തില്‍നിന്നു ദൈവം രക്ഷിക്കുന്നു
”ലൗകിക ദുഃഖം മരണത്തിലേക്കു നയിക്കുന്നു” (2 കൊരിന്ത്യര്‍ 7:10)
സ്ത്രീകള്‍ ദുഃഖിക്കുകയും വിലപിക്കുകയും ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങള്‍ സ്വയസഹതാപമോ, മുറിപ്പെടുന്നതോ അവഗണിക്കപ്പെടുന്നതോ ആകാം. അല്ലെങ്കില്‍ ആഗ്രഹിച്ച ഏതെങ്കിലും ഭൗതിക വസ്തു കിട്ടാതെ പോകുന്നതും അതിന്റെ കാരണാകാം.
ചില സ്ത്രീകള്‍ വേഗത്തില്‍ വ്രണപ്പെടുകയും പിണങ്ങുകയും ചെയ്യുന്നു. അവര്‍ പെട്ടെന്ന് കോപാകുലരായിത്തീരുന്നു. യാക്കോബ് 1:19-ല്‍ പറയുന്നത്, നാം ”കോപത്തിനു താമസം” ഉള്ളവരാകണം എന്നാണ്.കാരണം ”മൂഢന്മാരുടെ മാര്‍വ്വിലല്ലോ നീരസം വസിക്കുന്നത്.” (സഭാപ്ര. 7:9). സാത്താന്‍ പലപ്പോഴും ആളുകളെ ക്ഷോഭിപ്പിക്കുകയും, അതിനുശേഷം കുറ്റബോധത്തില്‍ അവരെ ഇട്ടുവലയ്ക്കുകയും ചെയ്യുന്നു. സാത്താന്റെ ഇത്തരം തന്ത്രങ്ങളെ സൂക്ഷിച്ചൊഴിയുക! കുറ്റബോധത്തിന്റെ ചെളിക്കുണ്ടില്‍നിന്ന് പെട്ടെന്നുതന്നെ എഴുന്നേറ്റ് നിങ്ങളുടെ പാപത്തെക്കുറിച്ച് മാനസാന്തരപ്പെടുക; കര്‍ത്താവിങ്കലേക്കു തിരിയുക.
ചില സ്ത്രീകള്‍ എപ്പോഴും തങ്ങളെക്കാള്‍ മെച്ചപ്പെട്ട ആളുകളുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്തുകൊണ്ടിരിക്കും. ഇത് അവരെ എല്ലായ്‌പ്പോഴും നിരാശരും ഖിന്നരും അരിഷ്ടരും ആക്കിത്തീര്‍ക്കുന്നു. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളെക്കാള്‍ താഴ്ന്ന സാഹചര്യത്തിലുള്ള ആളുകളുമായി താരതമ്യം ചെയ്യുക. ഉദാഹരണത്തിന് ചേരിപ്രദേശത്തു ജീവിക്കുന്ന ആളുകളുമായി നിങ്ങളെ തട്ടിച്ചുനോക്കുക.
ചില സ്ത്രീകള്‍ സ്വാഭാവികമായി ഏകാകികളാണ്. അവര്‍ മറ്റുള്ളവരുെട മേല്‍ തങ്ങളെത്തന്നെ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ തങ്ങള്‍ക്കാവശ്യമായ ആശ്വാസം ഒരിടത്തുനിന്നും ആ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല. അതിനു പകരം അവര്‍ക്കു കര്‍ത്താവുമായി ഒരു ആത്മബന്ധം വളര്‍ത്തിയെടുക്കാവുന്നതാണ്.
മധ്യവയസ്‌ക്കരായ ചില സ്ത്രീകള്‍ ശാരീരികമായി ബലഹീനരാണ്. അവര്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിമിത്തം പെട്ടെന്നു കരയും. ഇത്തമൊരു അവസ്ഥയില്‍ വൈദ്യശാസ്ത്രപരമായി അവര്‍ക്കു ചികിത്സ ലഭ്യമാക്കുവാന്‍ കഴിയുന്നതാണ്. അതുകൊണ്ട് ഇത്തരക്കാര്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. നമ്മുടെ സ്രഷ്ടാവ് ദൈവമാണ്. അവിടുന്നു നമ്മുടെ പ്രകൃതി അറിയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ആവശ്യപ്പെട്ടാല്‍ നമ്മെ സഹായിക്കുവാന്‍ അവിടുന്ന് അതീവതല്‍പരനാണ്.
നിങ്ങളുടെ വിലാപം ലൗകികമായ ദുഃഖത്തിന്റെ ഫലമാണോ? എങ്കില്‍ താഴെപ്പറയുന്ന പരിശോധനാലിസ്റ്റില്‍കൂടി കടന്നുപോകുക.
- നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചുതന്നിരുന്നുവോ? അതുനിമിത്തം ഇപ്പോള്‍ പെട്ടെന്ന് അസ്വസ്ഥയാകുകയും, ചെറിയ അസൗകര്യങ്ങളോ, താമസമോ പോലും സഹിക്കുവാന്‍ കഴിയാതെയിരിക്കയും ചെയ്യുന്ന ഒരവസ്ഥയിലാണോ നിങ്ങള്‍? ഇതുകൊണ്ടാണോ നിങ്ങള്‍ ഇപ്പോള്‍ കരയുന്നത്? അങ്ങനെയെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ട. ഈ അസ്വസ്ഥതയെ അതിന്റെ പ്രാരംഭദശയില്‍തന്നെ നശിപ്പിച്ചുകളയുക. അതു വിരിഞ്ഞ് വിഷസര്‍പ്പമായിത്തീര്‍ന്നാല്‍ അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഹാനികരമായിത്തീരും. നിങ്ങളെ വളര്‍ത്തിയ രീതിമൂലമുള്ള വൈകാരികപ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ ദൈവത്തോട് സഹായം അഭ്യര്‍ത്ഥിക്കുക.
- ഭൗതികവസ്തുക്കളേയും, വസ്ത്രം, സംഗീതം, ആഭരണങ്ങള്‍ തുടങ്ങിയവയേയും നിങ്ങള്‍ വളരെയേറെ സ്‌നേഹിക്കുന്നുണ്ടോ? അവ കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ അസന്തുഷ്ടയായി കരയുവാന്‍ തുടങ്ങുമോ? അവ വാങ്ങിത്തരാത്തതു നിമിത്തം നിങ്ങള്‍ മാതാപിതാക്കളോടോ, ഭര്‍ത്താവിനോടോ കലഹിക്കുവാന്‍ തുടങ്ങുമോ? എങ്കില്‍ നിങ്ങളുടെ ഈ ലൗകികമനോഭാവം നിങ്ങള്‍ കര്‍ത്താവിനോട് ഏറ്റുപറയുക. അതില്‍നിന്ന് വിടുതല്‍ ലഭിക്കുവാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.
- നിങ്ങള്‍ക്കോ നിങ്ങളുടെ ഭര്‍ത്താവിനോ മകനോ ഒരു ജോലി ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ കരയുന്നത്? അതോ ജോലിയില്‍ സ്ഥാനക്കയറ്റമോ, മകന് കോളജില്‍ പ്രവേശനമോ കിട്ടാത്തതുകൊണ്ടാണോ നിങ്ങള്‍ കരയുന്നത്? നിങ്ങളുടെ കുടുംബത്തിന് ഏറ്റവും ഉത്തമമായത് എന്താണെന്ന് ദൈവത്തിനറിയാം. നിങ്ങളുടെ സാഹചര്യങ്ങളെല്ലാം അവിടുത്തെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് എല്ലാ സാഹചര്യത്തിലും കര്‍ത്താവിനു നന്ദി കരേറ്റുക.
- ആരെങ്കിലും നിങ്ങളെ മനപ്പൂര്‍വ്വമായി വേദനിപ്പിച്ചുവോ? അവരോടു ക്ഷമിക്കുവാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവോ? കോപമോ, പകയോ ഉള്ളില്‍ വച്ചുകൊണ്ട് നിങ്ങള്‍ കരയുകയാണോ? അവരെപ്പറ്റി മോശമായി സംസാരിക്കുവാന്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് പ്രതികാരമനോഭാവമുണ്ട്. അത്തരം കാര്യങ്ങളെ കര്‍ത്താവിന്റെ അടുക്കലേക്കു കൊണ്ടുചെല്ലുക. നിങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനായി അവിടുത്തെ സഹായം തേടുക. നിങ്ങളുടെ മനസ്സില്‍നിന്ന് അവരെ മോചിതരാക്കുക; അവരോടു ക്ഷമിക്കുക. അങ്ങനെ ചെയ്താല്‍ അവരെ നേരില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ ഒരു പുഞ്ചിരിയോടുകൂടി അവരെ അഭിമുഖീകരിക്കുവാന്‍ കഴിയും.
- ആരെങ്കിലും നിങ്ങളോട് വഞ്ചന കാട്ടുകയോ, അന്യായമായി പെരുമാറുകയോ ചെയ്തുവോ? അതുമൂലം നിങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടമോര്‍ത്ത് നിങ്ങള്‍ വിലപിക്കുകയാണോ? നിങ്ങളെ പണസ്‌നേഹത്തില്‍നിന്ന് വിമുക്തയാക്കുവാനായി ഈ സാഹചര്യത്തെ ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും. അതുമൂലം നിങ്ങള്‍ക്ക് അല്പംകൂടി യേശുവിനെപ്പോലെ ആയിത്തീരുവാന്‍ കഴിയും. അതുകൊണ്ട് ആ സാമ്പത്തികനഷ്ടത്തിനുവേണ്ടി കര്‍ത്താവിനെ സ്തുതിക്കുക. എല്ലാ നല്ല ദാനങ്ങളുടെയും ദാതാവായ കര്‍ത്താവിന് ഇത്തരം നഷ്ടങ്ങള്‍ക്കു പകരമായി നമ്മെ അനുഗ്രഹിക്കുവാന്‍ കഴിയും. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം കര്‍ത്താവ് ഒരുനാള്‍ പകരം കൊടുക്കും. അവിടുന്നു ന്യായാധിപനാണ്. അതുകൊണ്ട് ഇത്തരം സംഗതികള്‍ അവിടുത്തെ കയ്യിലേക്കു വിട്ടുകൊടുക്കുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. നിങ്ങളെ വഞ്ചിച്ചവരെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ ജീവിതം ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം ചോദിക്കാവുന്ന നല്ല ചോദ്യം ഇതാണ്: ”ഒരന്‍പതു വര്‍ഷത്തിനുശേഷം ഇക്കാര്യത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടാകുമോ?”
- നിങ്ങളുടെ ഭര്‍ത്താവുമായുള്ള ചില പ്രശ്‌നങ്ങളെച്ചൊല്ലിയാണോ നിങ്ങള്‍ വിലപിക്കുന്നത്? ഒരുപക്ഷേ ആരോടും നിങ്ങള്‍ക്ക് അക്കാര്യം തുറന്നുപറയുവാന്‍ സാധിക്കുകയില്ലായിരിക്കാം. പിശാച് വിവാഹബന്ധങ്ങളെ നശിപ്പിക്കുവാനായി കറങ്ങിനടക്കുകയാണ്. അസൂയയാല്‍ ഉണ്ടാകുന്ന ചിന്തകളെ നിങ്ങള്‍ നിരസിക്കുക. വിവാഹം മനോഹരമായിത്തീരണമെന്നതാണ് ദൈവികപദ്ധതി. ഒരു തോട്ടത്തെ പരിപാലിക്കുന്നതുപോലെ നിങ്ങളുടെ വിവാഹജീവിതത്തെ പരിപാലിക്കുക. ആ തോട്ടം തുടര്‍ച്ചയായി നനച്ചുകൊടുക്കുക. അവിടെ ശത്രു വിതയ്ക്കുന്നതായ അഭിപ്രായഭിന്നത, സംശയം എന്നീ കളകളെ പറിച്ചുമാറ്റുക. അതിനു പകരം സ്‌നേഹത്തിന്റെയും, ക്ഷമയുടെയും ദൈവിക വിത്തുകള്‍ തോട്ടത്തില്‍ വിതയ്ക്കുക.
- വീണ്ടും ഗര്‍ഭിണിയായിത്തീര്‍ന്നതുകൊണ്ടാണോ നിങ്ങള്‍ വിലപിക്കുന്നത്? ഒരുപക്ഷേ ഇനിയുമൊരു കുട്ടികൂടി വേണ്ട എന്നാകാം നിങ്ങളുടെ ചിന്ത. വീണ്ടും ഗര്‍ഭിണിയായല്ലോ എന്നോര്‍ത്ത് നിങ്ങള്‍ക്കു നിരാശ തോന്നുന്നുണ്ടാവാം. ഈ ഘട്ടത്തില്‍ ഓരോ പൈതലും ദൈവത്തിന്റെ ദാനമാണ് എന്നോര്‍ക്കുക. ഒരു കുഞ്ഞിനെ നിരസിക്കുന്ന ചിന്ത അതിനെ കൊല്ലുന്നതുപോലെതന്നെയാണ്. ദൈവം നിങ്ങള്‍ക്കു തരുന്ന ഓരോ കുഞ്ഞിനേയും, യേശുവിന്റെ നാമത്തില്‍ സ്വീകരിക്കുക. നിങ്ങള്‍ക്കുവേണ്ട എന്നു തോന്നുന്ന കുഞ്ഞ് മറ്റെല്ലാ മക്കളേക്കാളും കൂടുതല്‍ സന്തോഷം നിങ്ങള്‍ക്കു നല്കിയെന്നു വരാം. പിന്നീട് നിങ്ങള്‍ക്കു കുടുംബസംവിധാനം ചെയ്യുകയുമാവാം.
- ഭര്‍ത്താവിന്റെയോ, മാതാപിതാക്കളുടെയോ ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടിയാണോ നിങ്ങള്‍ കരയുന്നത്? വേണ്ടത്ര കരഞ്ഞാല്‍ കാര്യം സാധിച്ചുകിട്ടുമെന്ന് നിങ്ങള്‍ മനസ്സിലാക്കിക്കാണും. ഇത്തരം സ്വാര്‍ത്ഥതയില്‍നിന്നുള്ള വിടുതലിനായി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക.
- നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകാത്തതുകൊണ്ടാണോ നിങ്ങള്‍ വിലപിക്കുന്നത്? നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്കാത്തതുകൊണ്ട് നിങ്ങള്‍ക്കു അസ്വസ്ഥതയുണ്ടോ? തന്റെതന്നെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധത്തില്‍നിന്നാണ് ഇത്തരമൊരു മനോഭാവം ഉളവാകുന്നത്. നിങ്ങള്‍ക്കു സഹിഷ്ണുത ലഭിക്കുവാനായി ദൈവത്തോട് അപേക്ഷിക്കുക.
- സുഹൃത്തുക്കളില്‍നിന്നുള്ള ആശ്വാസവും സഹതാപവും ലഭിക്കുവാന്‍വേണ്ടി ദുഃഖാനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുകയാണോ? (‘ഈജിപ്റ്റിലെ മമ്മികള്‍’ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുപോലെ). കഴിഞ്ഞകാലത്തിലെ ദുഃഖം നിറഞ്ഞ സംഭവങ്ങളെക്കുറിച്ച് ഓര്‍ക്കുവാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നു എന്നിരിക്കട്ടെ. അപ്പോള്‍ത്തന്നെ ആ ചിന്തകളെ തിരസ്‌ക്കരിക്കുവാനുള്ള സഹായത്തിനായി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ ഇപ്രകാരം സ്ഥിരമായി ചെയ്യുകയാണെങ്കില്‍, ഒരു കാലഘട്ടംകൊണ്ട് അത്തരം കദനകഥകള്‍ അപ്പാടെ നിങ്ങളുടെ ഓര്‍മ്മയില്‍നിന്ന് മാഞ്ഞുപോകുന്നതായി കാണുവാന്‍ കഴിയും. അങ്ങനെ നിങ്ങളുടെ മനസ്സിന് സൗഖ്യം ലഭിക്കും. നിങ്ങളുടെ ഭൂതകാല അനുഭവങ്ങള്‍ എന്നേക്കുമായി മറവു ചെയ്യപ്പെടേണ്ട അഴുകിയ ഒരു ശവശരീരം പോലെയാണ്. അവയെ മറവു ചെയ്യുമ്പോള്‍ നിങ്ങള്‍ വിടുതല്‍ പ്രാപിക്കുന്നു. അപ്രകാരം ഈ ഭൂമിയില്‍വച്ചുതന്നെ സ്വര്‍ഗ്ഗത്തിന്റെ ഒരു ചെറിയ സ്വാദ് നിങ്ങള്‍ അനുഭവിക്കുവാന്‍ തുടങ്ങും. അങ്ങനെ നിങ്ങള്‍ക്കും, നിങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും അല്പംകൂടി മെച്ചമായ രീതിയില്‍ ജീവിക്കുവാന്‍ സാധിക്കും.
ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിക്കുക. നിങ്ങളുടെ സ്വാര്‍ ത്ഥതയെക്കുറിച്ച് അനുതപിക്കുക. നിങ്ങള്‍ക്കുള്ളതെല്ലാം കര്‍ത്താവായ യേശുവിനു മുമ്പില്‍ സമര്‍പ്പിക്കുക. നിങ്ങളുടെ സഹിഷ്ണുതയുടെ നെല്ലിപ്പലക കണ്ടുതുടങ്ങി എന്നു നിങ്ങള്‍ക്ക് ചില അവസരങ്ങളില്‍ തോന്നിയെന്നു വരാം. എന്നാല്‍ നിങ്ങള്‍ അനാവശ്യമായി വ്യാകുലപ്പെടുകയായിരുന്നു എന്ന് പിന്നീട് നിങ്ങള്‍ക്കു മനസ്സിലാകും. ദൈവകൃപ നിങ്ങള്‍ക്കു മതിയാകുംവണ്ണം ഉണ്ടായിരുന്നു. നിങ്ങളുടെ കഴിവിനപ്പുറമായി പരീക്ഷിക്കപ്പെടുവാന്‍ ദൈവം ഒരിക്കലും അനുവദിക്കുകയില്ല.
അനേക വിശുദ്ധസ്ത്രീകളും കര്‍ത്താവിനുവേണ്ടി അനേകം കഷ്ടങ്ങള്‍ സഹിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന മാഡം ഗയോണ്‍ എന്ന വിശുദ്ധ സ്ത്രീ വിശ്വാസം ഹേതുവായി നീണ്ട കാലഘട്ടത്തേക്കു തണുത്ത തടവറയില്‍ അടയ്ക്കപ്പെട്ടിരുന്നു. ആ ജയിലറയില്‍ കിടന്നുകൊണ്ട് അവര്‍ ജയത്തിന്റെ ധ്വനി മുഴങ്ങുന്ന പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി. അവള്‍ കര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ നിലനിന്നതിനാല്‍ ആ ഗ്രന്ഥങ്ങള്‍ ഇന്നും ആളുകള്‍ക്ക് അനുഗ്രഹപ്രദമാണ്.
സ്ത്രീകളായ നാം ഉറപ്പുള്ളവര്‍ ആയിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നാം മനഃക്ഷോഭത്താലോ, ഭയാശങ്കകളാലോ തകര്‍ന്നു തരിപ്പണമാകുകയല്ല വേണ്ടത്. നാം കഷ്ടപ്പെടുന്നവരായ ആളുകളെ സഹായിക്കണമെന്നാണ് ദൈവം പ്രതീക്ഷിക്കുന്നത്. ദൈവത്തിന്റെ ശക്തി എല്ലാ സമയത്തും നമുക്കു ലഭ്യമാണ്. നമ്മെ ശക്തരാക്കുവാന്‍ ദൈവത്തിനു കഴിയും. അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയം പോലും കര്‍ത്താവിന്റെ സഹായത്താല്‍ ഏറ്റവും ഉത്തമമായ സമയമായിമാറുന്നതു നമുക്കു കാണുവാന്‍ കഴിയും.
നിങ്ങളുടെ ജീവിതവും ഭാവിയും മുഴുവനായി കര്‍ത്താവിന്റെ കരങ്ങളില്‍ കൊടുക്കുക. നിങ്ങളുെട ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ അവസരങ്ങളില്‍ അവിടുന്നു നിങ്ങളെ സഹായിക്കും. കൂടുതല്‍ കഠിനമായ പരിശോധനകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടായെന്നിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവയെ എല്ലാം അതിജീവിക്കാന്‍ കഴിയും. നിങ്ങളുടെ സ്വഭാവത്തിലെ മല്ലന്മാരെ കീഴടക്കുവാന്‍ അവിടുന്നു നിങ്ങളെ പ്രാപ്തയാക്കും. അവിടുത്തേക്കു പ്രസാദമുള്ള ഒരു ജീവിതം നയിക്കുവാന്‍ ആവശ്യമായ ശക്തി അവിടുന്നു തരും. അങ്ങനെ നിങ്ങള്‍ അനേകര്‍ക്ക് അനുഗ്രഹമായിത്തീരും.
അദ്ധ്യായം ഏഴ് : ദൈവഹിതപ്രകാരുള്ള ദുഃഖം
”ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉളവാക്കുന്നു.” (2 കൊരി.7:10)
”ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് ആശ്വാസം ലഭിക്കും”. (മത്താ. 5:4)
”ദൈവഹിതപ്രകാരമുള്ള ദുഃഖം നമ്മില്‍ പരിശുദ്ധാത്മാവാണ് ഉളവാക്കുന്നത്. മനുഷ്യന് വാക്കുകള്‍കൊണ്ടു പ്രകടിപ്പിക്കുവാന്‍ കഴിയാത്ത വിധത്തിലുള്ള ഞരക്കങ്ങളാല്‍ പരിശുദ്ധാത്മാവ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.” (റോമ. 8:26)
ഇത്തരത്തിലുള്ള ദുഃഖമാണ് ആദ്യം നാം മാനസാന്തരപ്പെടുവാനും, കര്‍ത്താവിന്റെ അടുക്കലേക്കു വരുവാനും കാരണമായത്. ജീവിതത്തില്‍ ഉടനീളം പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്നതിനോട് നാം സഹകരിക്കുന്നത് ഉത്തമമാണ്.
ഉത്തമഗീതം 3:1-4. ഇവിടെ മണവാട്ടിക്ക് തന്റെ പ്രിയനുമായുള്ള കൂട്ടായ്മ നഷ്ടപ്പെട്ടപ്പോള്‍ അവള്‍ ചെയ്തതെന്താണെന്നു നോക്കുക. കര്‍ത്താവുമായുള്ള കൂട്ടായ്മ നഷ്ടപ്പെടുകയോ ആത്മീയമായ വീഴ്ച സംഭവിക്കുകയോ ചെയ്യുമ്പോഴൊക്കെ നാം വിലപിക്കേണ്ടതാണ്. അത്തരം വിലാപം നമ്മുടെ പ്രാണന് നല്ലതാണ്. മാനസാന്തരത്തിന്റെ കണ്ണുനീര്‍ക്കണങ്ങള്‍ ഒരിക്കലും വൃഥാവിലാവുന്നില്ല. കര്‍ത്താവിന്റെ വെളിച്ചത്തില്‍ നാം നമ്മുടെ ജീവിതത്തെ കാണുമ്പോള്‍ പെട്ടെന്നുള്ള പിണക്കം, മോഹം, അഹങ്കാരം, സ്വാര്‍ത്ഥത, സ്വയസഹതാപം എന്നിവയുടെ ചിലന്തിവലകള്‍ നമ്മുടെ ഹൃദയത്തെ ദുഷിപ്പിച്ച് നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും ജീവിതം എപ്രകാരം വിഷമകരമാക്കിത്തീര്‍ത്തു എന്നു കണ്ടുപിടിക്കുവാന്‍ നമുക്കു കഴിയും. നമ്മുടെ വിലാപം മൂലം നാം തകര്‍ച്ചയും താഴ്മയും ഉള്ളവരായിത്തീരും. അതുവഴി നാം ദൈവകൃപ തുടര്‍ച്ചയായി ലഭിക്കുവാന്‍ പ്രാപ്തരായിത്തീരും.
പത്രോസ് വിചാരിച്ചത് താന്‍ പാറപോലെ ഉറച്ചുനില്ക്കുകയും കര്‍ത്താവിനെ ഒരിക്കലും തള്ളിപ്പറയാതിരിക്കുകയും ചെയ്യുമെന്നാണ്. അവന് അക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ഗെത്ത്‌ശെമന തോട്ടത്തില്‍ വച്ച് തന്റെ യജമാനനെ പരിരക്ഷിക്കുവാന്‍ അവന്‍ വാള്‍ കയ്യിലെടുത്തു. എന്നാല്‍ കര്‍ത്താവു പറഞ്ഞതുപോലെ തന്നെ അവന്‍ ശോധനയുടെ അവസരത്തില്‍ വീണുപോയി. പക്ഷേ അനുകമ്പയും ക്ഷമയും നിറഞ്ഞ കര്‍ത്താവിന്റെ നോട്ടം അവനെ തകര്‍ത്തുകളഞ്ഞു. അവന്‍ ദുഃഖത്തോടെ കരഞ്ഞു.തന്റെ തോല്‍വിയെക്കുറിച്ച് തനിക്ക് എത്രമാത്രം ദുഃഖമുണ്ടെന്നും താന്‍ എത്രമാത്രം കര്‍ത്താവിനെ സ്‌നേഹിക്കുന്നുവെന്നും അവനോടു പറയുവാന്‍ തനിക്ക് ഇനി എന്നെങ്കിലുമൊരു അവസരം ലഭിക്കുമോ എന്ന് പത്രോസ് ഓര്‍ത്തു.
കര്‍ത്താവിനോടുള്ള ബന്ധത്തില്‍ വീഴ്ച സംഭവിച്ചിട്ടുള്ള അനേക ദൈവമക്കളുടെയും അനുഭവം ഇതായിരുന്നു. പ്രിയ സഹോദരി, ഇതു നിങ്ങളുടെ അനുഭവമാണെങ്കില്‍ നിങ്ങള്‍ക്കു പ്രത്യാശയ്ക്കു വകയുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കട്ടെ.
പത്രോസിനെ പാറ്റുന്നതിനുമുമ്പ് സാത്താന് ദൈവത്തില്‍നിന്ന് അനുവാദം ലഭിക്കേണ്ടതുണ്ടായിരുന്നു. അതുപോലെ നിങ്ങളെ പാറ്റുന്നതിനു മുന്‍പും പിശാചിന് ദൈവത്തില്‍നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്.
പത്രോസിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാനായി യേശു പ്രാര്‍ത്ഥിച്ചു. അതുപോലെ യേശു ഇന്ന് നിനക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്. പത്രോസ് ശോധനയില്‍ക്കൂടി കടന്നുപോകുകയും തിരികെ വരികയും ചെയ്യുമെന്ന് കര്‍ത്താവിനു വിശ്വാസം ഉണ്ടായിരുന്നു.അതുപോലെ അവന്‍ നിന്നിലും വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. പത്രോസ് തിരിഞ്ഞുവന്നതിനുശേഷം അവന്‍ സഹവിശ്വാസികളെ ശക്തിപ്പെടുത്തുകയും കര്‍ത്താവിനുവേണ്ടി വലിയൊരു വേല പൂര്‍ത്തിയാക്കുകയും ചെയ്തു. നിന്റെ കാര്യത്തിലും അത് അപ്രകാരം ആയിത്തീരും.
ഗെത്ത്‌ശെമനയില്‍ കര്‍ത്താവു നല്‍കിയ മുന്നറിയിപ്പ് പത്രോസ് ഗൗരവമായി എടുത്തിരുന്നുവെങ്കില്‍ അവന് ഒരിക്കലും വീഴ്ച സംഭവിക്കുകയില്ലായിരുന്നു. പത്രോസിന്റെ ആത്മവിശ്വാസം മൂലം അവനു വീഴ്ച സംഭവിച്ചു. യേശു ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം അവനു പ്രത്യക്ഷനായി അവനെ ഉത്സാഹിപ്പിച്ചു. താന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു എന്ന് തന്നോടു പറയുവാന്‍ പത്രോസിന് അവസരം ലഭിച്ചു. ആ സന്ദര്‍ഭത്തില്‍ കര്‍ത്താവ് അവനെ അപ്പോസ്തലനായി വീണ്ടും നിയോഗിച്ചു.
ദൈവം നല്ലവനാണ്. നമ്മുടെ യഥാര്‍ത്ഥ സ്വഭാവം എന്തെന്ന് നാം തന്നെ മനസ്സിലാക്കുന്നതിനായി എതിര്‍പ്പുകളും പരിശോധനകളും ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുന്നു. നമ്മെ ദൈവത്തിന്റെ സാദൃശ്യത്തോട് അനുരൂപരാക്കിത്തീര്‍ക്കുവാനായി അവിടുന്ന് ഇപ്രകാരം നമ്മെ താഴ്ത്തുകയും നുറുക്കുകയും ചെയ്യുന്നു. നമ്മെ ദൈവസ്‌നേഹത്തില്‍ നിന്നും വേര്‍പിരിക്കുവാന്‍ ഒന്നിനും കഴിയുകയില്ല.
വ്യക്തിപരമായ ദുഃഖങ്ങളുടെ സമയത്ത് മറ്റുള്ള ആളുകളെപ്പറ്റി യാതൊരു കരുതലുമില്ലാതെ സ്വന്തം പ്രശ്‌നങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരായി നാം തീരരുത്. ”ദുഃഖപുരുഷനായ” നമ്മുടെ കര്‍ത്താവ് ”നമ്മുടെ ദുഃഖങ്ങള്‍ ശീലിച്ചവന്‍” ആയിരുന്നു. അവനെ തള്ളിക്കളഞ്ഞ യെരുശലേം നിവാസികളെ നോക്കി അവന്‍ കരഞ്ഞു.
”സ്വന്തദുഃഖങ്ങള്‍ക്കായ് കണ്ണീര്‍ ചൊരിഞ്ഞില്ല
എന്‍ ദുഃഖങ്ങള്‍ക്കായ് രക്തം വിയര്‍ത്തു.”
നമ്മുടെ കര്‍ത്താവ് മറ്റുള്ളവരെ ഓര്‍ത്ത് കരഞ്ഞു. ഇപ്പോള്‍ യേശുവിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി വിലപിക്കേണ്ടത് നാമാണ്.
യോസഫിനെ അന്യായമായി ജയിലില്‍ അടച്ചു. ജയിലില്‍ അവന്‍ സ്വന്തദുഃഖങ്ങള്‍ മറക്കുകയും സഹതടവുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കരുതല്‍ ഉള്ളവനായിരിക്കുകയും ചെയ്തു.
ഫറവോന്റെ പാനപാത്രവാഹകനെക്കുറിച്ചുള്ള യോസഫിന്റെ കരുതല്‍ അന്തിമമായി അവനെ ജയിലില്‍നിന്ന് വിടുവിച്ചു. മറ്റുള്ളവരെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ കരുതല്‍ നിങ്ങളുടെ വിടുതലിനുള്ള ആദ്യപടിയായിത്തീരുവാന്‍ കഴിയും. (ഉല്. 40:7)
”വിത്തു ചുമന്ന് കരഞ്ഞും വിതച്ചും കൊണ്ടു നടക്കുന്നു; കറ്റ ചുമന്നും, ആര്‍ത്തുംകൊണ്ട് വരുന്നു.” (സങ്കീ. 126:6)
ദൈവഹിതപ്രകാരം ദുഃഖിച്ച ചിലവ്യക്തികളുടെ ഉദാഹരണം നമുക്കു നോക്കാം:
- ദൈവമഹത്വവും, സ്വന്തസ്വഭാവത്തിലെ അശുദ്ധിയും കണ്ട യെശയ്യാവ് ദുഃഖിച്ചുകൊണ്ടു പറഞ്ഞു, ”എനിക്ക് അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത മനുഷ്യന്‍.” (യെശ. 6:5)
- പിന്മാറ്റം സംഭവിച്ച ദൈവജനത്തെ ഓര്‍ത്ത് യിരെമ്യാവ് വിലപിച്ചു. അവര്‍ക്കുവേണ്ടി തുടര്‍ച്ചയായി കരയത്തക്കവിധം അവന്റെ കണ്ണുകള്‍ കണ്ണുനീരുറവ ആയിത്തീര്‍ന്നിരുന്നെങ്കില്‍ എന്നുപോലും അവന്‍ ആശിച്ചു. (യിരെ. 9:1; 13:17)
- ദൈവജനത്തിന്റെ പാപങ്ങളോര്‍ത്ത് ദാനിയേല്‍ വിലപിച്ചു. (ദാനി. 9:20,21)
- ദൈവജനത്തിന്റെ അവസ്ഥ ഓര്‍ത്ത് എസ്രായും, നെഹമ്യാവും വിലപിച്ചു. (എസ്രാ. 10:1; നെഹെ 1:4)
- തന്റെ സ്വന്തജനമായ യഹൂദന്മാര്‍ രക്ഷിക്കപ്പെടാതിരിക്കുന്നത് ഓര്‍ത്ത് പൗലൊസിന്റെ ഹൃദയത്തില്‍ തുടര്‍മാനമായി വലിയ ദുഃഖമുണ്ടായിരുന്നു. (റോമ. 9:1-3)
ദൈവഹിതപ്രകാരമുള്ള ദു:ഖം എന്നത് കര്‍ത്താവിനെ ദുഃഖിപ്പിക്കുന്ന കാര്യങ്ങളോര്‍ത്ത് നാം ദുഃഖിക്കുന്നതാണ്.
നമ്മുടെ രാജ്യത്തെ വിഗ്രഹാരാധനയെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുനോക്കുക. അത് എത്രമാത്രം കര്‍ത്താവിനെ ദുഃഖിപ്പിക്കുന്നുണ്ടാവും? നാം അനേകപ്രാവശ്യം അമ്പലങ്ങളും വിഗ്രഹങ്ങളും കണ്ട് ശീലിച്ചുപോയിരിക്കുന്നു. അതിനാല്‍ അതു നമുക്കു പ്രയാസമുളവാക്കുന്നില്ല. (അപ്പോ. പ്രവൃ. 17:16). നാം വസിക്കുന്ന ഈ ദേശത്തിനുവേണ്ടി കര്‍ത്താവിന്റെ മുമ്പില്‍ നമുക്കൊരു ഉത്തരവാദിത്തമുണ്ട്.
”എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തെന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ച് എന്റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും”. (2 ദിനവൃ. 7:14)
മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞ കാലത്തില്‍ ദൈവം എന്റെ ഹൃദയത്തില്‍ ഭാരം തന്ന അവസരങ്ങളെ ഓര്‍ക്കുവാന്‍ എനിക്കു കഴിയും.
നിദ്രയില്ലാതെ വലഞ്ഞ തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരിക്കല്‍ ഒരു അമ്മ എന്നോട് ആവശ്യപ്പെടുകയുണ്ടായി. അവന്‍ റോക്ക് സംഗീതത്തോട് ആസക്തിയുള്ളവനായിരുന്നു; അവനു ദൈവത്തോട് ഒരു താത്പര്യവും ഇല്ലായിരുന്നു. അവനു മനോരോഗചികിത്സ പ്രയോജനരഹിതമായിരുന്നു. അവന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന സംഗീതത്തിലെ ചെണ്ടയുടെ താളത്തിനനുസൃതമായി അവന്റെ ശിരസ്സ് വേഗത്തില്‍ സ്പന്ദിച്ചുകൊണ്ടിരുന്നു. ദൈവം തന്റെ കരുണയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളി. ഇപ്പോള്‍ അവന്‍ സുഖമായിരിക്കുന്നു. റോക്ക് സംഗീതം ശ്രദ്ധിക്കുക വഴി തങ്ങളുടെ മക്കള്‍ക്കുണ്ടാകാവുന്ന അപകടങ്ങളെപ്പറ്റി അനേക അമ്മമാരും അജ്ഞരാണ്.
ഞാന്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരവസരത്തില്‍ ഞാന്‍ ഒരു കൂട്ടം സ്ത്രീപുരുഷന്മാരേയും അവരോടൊപ്പം രണ്ടോ, മൂന്നോ വയസ്സു പ്രായം വരുന്ന കുറച്ചു പെണ്‍കുഞ്ഞുങ്ങളേയും കണ്ടു. അവര്‍ കുട്ടികളോടു പെരുമാറുന്ന രീതിയില്‍ എന്തോ ഒരു അസ്വാഭാവികതയുള്ളതായി എനിക്കു തോന്നി. ആ പെണ്‍കുഞ്ഞുങ്ങള്‍ സ്തബ്ധരായും, സംഭീതരായും കാണപ്പെട്ടു. ഒരുപക്ഷേ അവര്‍ മയക്കുമരുന്ന് കഴിച്ചതായിരിക്കാം. ഒരുവേള അവര്‍ ആ കുട്ടികളെ തട്ടിയെടുത്തതായിരിക്കാം. എന്നാല്‍ അതു തെളിയിക്കുവാനൊരു വഴിയുമില്ലാഞ്ഞതിനാല്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുവാന്‍ എനിക്കു കഴിഞ്ഞില്ല. ആ പാവം കുട്ടികളെ കണ്ടിട്ട് എനിക്കു ദുഃഖം തോന്നിയതുമൂലം നമ്മുടെ രാജ്യത്ത് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായി ഞാന്‍ പ്രാര്‍ത്ഥിച്ചു.
മറ്റൊരവസരത്തില്‍ പാശ്ചാത്യ നാട്ടില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടുമുട്ടുകയുണ്ടായി. അവള്‍ ഇന്ത്യയില്‍ വന്നത് ഗുരുക്കന്മാരിലൂടെയും ധ്യാനത്തിലൂടെയും പൗരസ്ത്യമതങ്ങളിലൂടെയും സമാധാനം കണ്ടെത്തുവാന്‍വേണ്ടി ആയിരുന്നു. സത്യഗുരുവായ യേശുകര്‍ത്താവിനെപ്പറ്റി അവളോടു പറയുവാന്‍ എനിക്കൊരവസരം ലഭിച്ചു. അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഭാരം എനിക്കുണ്ടായി. പാശ്ചാത്യരായ ചില വ്യക്തികള്‍ ഇന്ത്യയില്‍വച്ച് കര്‍ത്താവിനെ കണ്ടുമുട്ടിയിട്ടുണ്ട്. ഇതുപോലെ ആവശ്യത്തില്‍ ഇരിക്കുന്നവരും സത്യം അന്വേഷിക്കുന്നവരുമായ ആളുകളുടെ മുന്‍പില്‍ കര്‍ത്താവിനെ സാക്ഷിക്കുവാനോ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനോവേണ്ടി നിങ്ങളെ ഉപയോഗിക്കുവാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക.
യെരുശലേമില്‍ക്കൂടി ക്രൂശു ചുമന്നുകൊണ്ട് യേശു പോകുമ്പോള്‍ അവനെച്ചൊല്ലി വിലപിക്കുന്ന ചില സ്ത്രീകളെ അവന്‍ കണ്ടു. യേശു അവരെ നോക്കിയിട്ട് തന്നെച്ചൊല്ലി കരയേണ്ടെന്നും അവര്‍ക്കും, അവരുടെ മക്കള്‍ക്കുംവേണ്ടി കരയുവീന്‍ എന്നും അവരോടു പറഞ്ഞു. ”യെരുശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ട. നിങ്ങളേയും, നിങ്ങളുടെ മക്കളേയും ചൊല്ലി കരയുവിന്‍” എന്ന് അവന്‍ പറഞ്ഞു. ഇന്ത്യന്‍ പുത്രിമാരേ, അവന്‍ ഇന്നു നമ്മോടു പറയുന്നതെന്താണെന്ന് നാം കേള്‍ക്കുന്നുണ്ടോ?
അദ്ധ്യായം എട്ട് : ശാരീരികവേദനയിലെ ദൈവികപദ്ധതി
ദീര്‍ഘനാളുകളായി രോഗങ്ങളാല്‍ വലയുന്ന അനേക സ്തീകള്‍ ഉണ്ട്. തുടര്‍ച്ചയായി വേദന സഹിച്ചും ഉറക്കമില്ലാതെ രാത്രികള്‍ തള്ളിനീക്കിയും അവര്‍ കഷ്ടപ്പെടുന്നു. ഭാവിയെക്കുറിച്ച് അവര്‍ വളരെയധികം വ്യാകുലപ്പെടുന്നു. അവരുടെ മക്കള്‍ അമ്മയില്ലാത്തവരായി ജീവിക്കേണ്ടി വരും എന്നോര്‍ത്ത് അവര്‍ ഭാരപ്പെടുന്നു. അത്തരം ചിന്തകള്‍ ഭീതിജനകങ്ങളാണ്. താല്‍ക്കാലികമായി വേദനകളില്‍നിന്ന് ഒരാശ്വാസം കിട്ടുവാന്‍ അനേകസ്ത്രീകളും ആഗ്രഹിക്കുന്നു. ഏറ്റവും ശക്തിയേറിയ ഔഷധമാണെങ്കില്‍പ്പോലും കുറച്ചുകാലം ഉപയോഗിച്ചു കഴിയുമ്പോള്‍ അതിന്റെ വേദനനിവാരണശേഷി നഷ്ടപ്പെട്ടുപോകുന്നു.
വേറാര്‍ക്കെങ്കിലും കാന്‍സര്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇനി അടുത്ത കാന്‍സര്‍ രോഗി താനായിരിക്കുമോ എന്ന് ചില സ്ത്രീകള്‍ ഭയപ്പെടുന്നു.
യേശു വേദന അനുഭവിച്ചവനാണ്. നമ്മോടു സഹതാപം കാട്ടുവാനും, നമ്മെ ആശ്വസിപ്പിക്കുവാനും അവനു കഴിയും. അവന്‍ ക്രൂശു സഹിച്ചു. അവസാനംവരെ വേദന സഹിച്ചുനില്‍ക്കുവാനായി നമ്മെ സഹായിക്കുവാന്‍ അവനു മാത്രമേ കഴിയുകയുള്ളു. ജീവിതം അവസാനിപ്പിക്കുവാനുള്ള പരീക്ഷ നിനക്കുണ്ടായാല്‍ നീ ഒരിക്കലും അതിന് വഴങ്ങിക്കൊടുക്കരുത്. യേശുവിന്റെ കൈകളിലാണ് മരണത്തിന്റെ താക്കോല്‍. (വെളി. 1.18) അത് യേശുവിന്റെ കയ്യില്‍നിന്ന് തട്ടിയെടുക്കുവാന്‍ നീ ഒരിക്കലും ശ്രമിക്കരുത്. എത്രമാത്രം സഹിക്കേണ്ടി വന്നാലും ദൈവത്തിന്റെ സമയമാകുന്നതുവരെ നീ കാത്തിരിക്കുക. നിന്റെ കഷ്ടതയെ ശുദ്ധികരിക്കുവാന്‍ ദൈവത്തിനു കഴിയും. ജനിക്കുവാന്‍ ഒരു കാലം, മരിക്കുവാന്‍ ഒരു കാലം എന്ന് സഭാപ്രസംഗി 3:2ല്‍ പറയുന്നുണ്ട്.
ആമോസ് 4:12ല്‍ നിന്റെ ദൈവത്തെ എതിരേല്‍പ്പാന്‍ ഒരുങ്ങിക്കൊള്‍ക എന്നു പറയുന്നു.
മരിക്കാനായി തയ്യാറായിക്കൊള്ളുക എന്ന തരത്തിലുള്ള ഒരു ഭീഷണിയായി നാം ഈ വാക്യങ്ങളെ കാണേണ്ടതില്ല. മറിച്ച്, സ്രഷ്ടാവിനെ കണ്ടുമുട്ടുവാനുള്ള അവന്റെ സ്‌നേഹം നിറഞ്ഞ ഒരു ക്ഷണമായി നമുക്കിതിനെ കാണാം. ഒരു സത്യക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന്റെ താമസസ്ഥലം ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതാണ് മരണം എന്നത്. വളരെ മെച്ചപ്പെട്ട ഒരു ഭവനത്തിലേക്ക് താമസം മാറുന്നതുപോലെയാണത്. നമ്മുടെ അന്തിമ ഭവനം സ്വര്‍ഗ്ഗമാണ്.
കാന്‍സര്‍ പിടിപെട്ടു മരിക്കാറായ ഒരമ്മയെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. വേദന അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവള്‍ സ്വന്തം മക്കളില്‍ ഓരോരുത്തര്‍ക്കുമായി ഒരു സന്ദശം ടേപ്പു ചെയ്തു റെക്കോര്‍ഡു ചെയ്യുകയുണ്ടായി. അവര്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ അവര്‍ക്കാവശ്യമായ ഉപദേശങ്ങളും, വിവാഹപങ്കാളിയെ തിരഞ്ഞടുക്കേണ്ട കാര്യവും ഒക്കെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവള്‍ അവര്‍ക്കു കൊടുത്ത മറ്റൊരു ഉപദേശം അവളുടെ മരണശേഷം അവരുടെ പിതാവ് പുതിയൊരു അമ്മയെ വീട്ടിലേക്കു കൊണ്ടുവരുവാന്‍ തീരുമാനിച്ചാല്‍ അവര്‍ അവളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അവള്‍ക്ക് സന്തോഷം ഉണ്ടാകത്തക്കവിധം പെരുമാറുകയും ചെയ്യണമെന്നതായിരുന്നു. അവള്‍ തന്റെ രോഗാവസ്ഥയില്‍ സ്വന്തം വേദന കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. ഭൂമിയില്‍ അവള്‍ക്കിനി കുറച്ചു സമയമേ ഉള്ളു എന്നറിഞ്ഞുകൊണ്ട് അവള്‍ സ്വന്ത കുടുംബത്തിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തുവച്ചു. നിന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞ ദുഃഖവാര്‍ത്ത ഓര്‍ത്തു നീ കരയുകയാണോ? നിന്റെ വേദന മാറുവാനുള്ള മോര്‍ഫിയയുടെ അടുത്ത കുത്തിവയ്പിനുവേണ്ടി നീ നോക്കിക്കൊണ്ടിരിക്കുകയാണോ? എങ്കില്‍ നീ യേശുവിനെ നോക്കി കരയുക. അവന്‍ കഠിനമായ വേദനയിലൂടെ കടന്നുപോയവനാണ്. ജീവിതം നിനക്കു സഹ്യമാക്കിത്തീര്‍ക്കുവാന്‍ അവനു കഴിയും. നിന്റെ കഴിവിനപ്പുറമായി നീ പരീക്ഷിക്കപ്പെടുവാന്‍ അവന്‍ ഒരിക്കലും അനുവദിക്കുകയില്ല. ഓരോ ശോധനയും സഹിക്കുവാനാവശ്യമായ കൃപയും ശക്തിയും അവന്‍ നിനക്കു നല്‍കും. വേദനയോ ദുഃഖമോ ഇല്ലാത്ത മെച്ചപ്പെട്ട ഒരു വാസസ്ഥാനത്തിനുവേണ്ടി പ്രതീക്ഷയോടുകൂടി നോക്കിപ്പാര്‍ക്കുവാന്‍ ഇഹലോക ജീവിതത്തിലെ വേദന നമ്മെ പ്രേരിപ്പിക്കുന്നു.
ഞങ്ങളുടെ സഭായോഗങ്ങളില്‍ ഞങ്ങള്‍ പലപ്പോഴും പാടുന്ന ഒരു പല്ലവി താഴെ പരാവര്‍ത്തനം ചെയ്തിരിക്കുന്നു.
കര്‍ത്താവിന്‍ സന്നിധിയില്‍ സന്തോഷമുണ്ട് (2)
കണ്ണീരും ദുഖവുമെല്ലാം മാറിടും
കര്‍ത്താവിന്‍ സന്നിധിയില്‍ സന്തോഷമുണ്ട്.
ആ പാട്ടിന്റെ ഇതരഭാഗങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലുള്ള സമാധാനം, ശക്തി, ജയം എന്നിവയെപ്പറ്റി സംസാരിക്കുന്നു. വേദന, ദുഃഖാനുഭവം എന്നിവയിലൂടെ കടന്നുപോകുമ്പോള്‍ ഗീതങ്ങള്‍ക്ക് നമ്മെ വളരെയധികം ആശ്വസിപ്പിക്കുവാന്‍ കഴിയും.
നിന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളും നീ കര്‍ത്താവിന്റെ മുമ്പില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിനക്ക് ശാരീരികമായ വേദന വരുന്ന അവസരത്തില്‍ കാര്യങ്ങള്‍ എളുപ്പമായിത്തീരും. കഴിഞ്ഞകാല ജീവിതത്തില്‍ ഒരു തലവേദനപോലും അസഹ്യമായി അനുഭവപ്പെട്ടുകാണും. പക്ഷേ ജീവനു ഭീഷണിയായിത്തീരാവുന്ന ഒരു രോഗം വന്നാല്‍പ്പോലും നിനക്കു പ്രാര്‍ത്ഥിക്കുവാനും കര്‍ത്താവില്‍ സന്തോഷിക്കുവാനും കഴിയും. വെള്ളത്തില്‍ കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടു കൂടെ ഇരിക്കും എന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം പോലും നിന്റെ മീതെ കവിയുകയില്ല എന്നു കര്‍ത്താവ് ഉറപ്പു നല്‍കിയിട്ടുണ്ട്.
നീ ആഴമേറിയ വെള്ളത്തില്‍ കൂടിയും വലിയ പ്രയാസത്തിലൂടെയും കടന്നു പോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും. പ്രയാസമാകുന്ന നദികളിലൂടെ നീ കടക്കുമ്പോള്‍ നീ മുങ്ങിപ്പോകുകയില്ല. പീഡനത്തിന്റെ തീയിലൂടെ നടന്നാല്‍ നീ വെന്തുപോകില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയില്ല. ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെയുണ്ട്. (യെശ 43:2,5 ലിവിങ്)
എല്ലാ സാഹചര്യങ്ങളിലും അവന്റെ കൃപ നമുക്ക് മതിയായതാണ്. ശോധനകള്‍ കൂടുതല്‍ ശക്തമായിത്തീരുമ്പോള്‍ നമുക്ക് അവന്റെ കൃപ വര്‍ദ്ധിച്ച അളവില്‍ ലഭിക്കും. ദൈവത്തിന് സ്‌തോത്രം.
സങ്കല്‍പ്പത്തിനപ്പുറമുള്ള ആഴമേറിയ കഷ്ടതകളില്‍കൂടി കടന്നുവന്നവരായ ദൈവമക്കള്‍ ദൈവത്തിന്റെ വിലയേറിയ രത്‌നങ്ങളാണ്. ഭൂമിയുടെ ആഴമുള്ള തലങ്ങളില്‍ രത്‌നങ്ങള്‍ രൂപപ്പെടുന്നതുപോലെ മനുഷ്യരാരും കാണാതെ ആ ദൈവമക്കള്‍ പരീക്ഷയുടെ ഭയങ്കരചൂടും, സമ്മര്‍ദ്ദവും സഹിച്ച് വിലപ്പെട്ടവരായിത്തീരുന്നു. ദൈവത്തിനു വിലപ്പെട്ട ഒരു മുത്തായിത്തീരുവാന്‍ നിനക്കും കഴിയും. ദൈവത്തിന്റെ ഇടപെടലുകള്‍ക്കു മുന്‍പില്‍ നീ സന്തോഷപൂര്‍വ്വം കീഴടങ്ങുമെങ്കില്‍, സ്വയസഹതാപം കലര്‍ന്ന കണ്ണുനീര്‍ നീ ചൊരിയാതെയിരിക്കുമെങ്കില്‍ അവനു നിന്നെ രൂപാന്തരപ്പെടുത്തുവാന്‍ കഴിയും. ക്രിസ്തുവിന്റെ രൂപത്തോട് അനുരൂപപ്പെടുന്ന പ്രക്രിയയുടെ ഒരു ഭാഗം തന്നെയാണ് വേദന നിനക്കു ലാഭകരമാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയും.
എന്റെ അടുത്ത ഒരു സുഹൃത്തിന് ഡോക്ടറുടെ ചികിത്സയില്‍ വന്ന പിഴവുമൂലം പിന്നീടുള്ള കാലം മുഴുവന്‍ കഷ്ടപ്പെടേണ്ടതായി വന്നു. എന്നാല്‍ ആ ഡോക്ടറോടു ക്ഷമിക്കുവാന്‍ സാധിക്കാതെ പോയതിനാല്‍ അവള്‍ കൂടുതലായി കഷ്ടപ്പെട്ടു. (ഡോക്ടര്‍മാര്‍ തെറ്റു പറ്റാവുന്ന വെറും മനുഷ്യര്‍ മാത്രമാണെന്ന് നാം മറന്നുപോകരുത്.) ദീര്‍ഘ സമയം കഴിഞ്ഞശേഷം മാത്രമേ അവള്‍ക്ക് ആ ഡോക്ടറോട് ക്ഷമി ക്കാനും, അവളുടെ വിധിയെ സ്വീകരിക്കുവാനും കഴിഞ്ഞുള്ളു. നമ്മുടെ മനസ്സിലെ മുറിവുകള്‍ സൗഖ്യമാക്കുവാന്‍ കഴിയുന്ന വലിയ ഡോക്ടറാണ് യേശു.
അക്രൈസ്തവയായ ഒരു യുവതി ഒരിക്കല്‍ ഒരു ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കവേ, അവളുടെ മേലധികാരി ഒരു സ്ത്രീയായി അഭിനയിച്ച് പര്‍ദ്ദ ധരിച്ചുകൊണ്ട് അവളുടെ അടത്തു വന്നു. അവനു കുറച്ചുനാളുകളായി അവളോടു വിരോധമുണ്ടായിരുന്നു. പ്രതികാരം ചെയ്യുവാനായി അവന്‍ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഓടിപ്പോയി.അവള്‍ എന്നേക്കുമായി അന്ധയായിത്തീരുകയും, അവളുടെ മുഖത്തു പാടുണ്ടാകുകയും ചെയ്തു. അവള്‍ മുമ്പേ സുന്ദരിയായിരുന്നു. അവളുടെ സൗന്ദര്യം എന്നേക്കുമായി നഷ്ടപ്പെട്ടുപോയി. അവള്‍ അസഹനീയമായ വേദനയോടെ ആശുപത്രി വാര്‍ഡില്‍ കിടന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവിടെവച്ച് ആരോ ഒരാള്‍ അവളോട് യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചു. യേശുവിനെ അവളുടെ രക്ഷകനായി കാണത്തക്കവിധം അവളുടെ ആത്മീയനേത്രങ്ങള്‍ തുറക്കപ്പെട്ടു. ദീര്‍ഘമായ ചികിത്സമൂലം അവളുടെ കുടുംബം ദരിദ്രമായി. എന്നാല്‍ അവരും യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് അറിയുവാനും രക്ഷിക്കപ്പെടുവാനും ഇടയായി. ആസിഡുകൊണ്ടുള്ള പൊള്ളലിനു മുന്‍പുള്ള അവളുടെ സുന്ദരമായ ഫോട്ടോ ഞാന്‍ കാണുവാന്‍ ഇടയായി. സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ അവളെ അതിലും സുന്ദരിയായി കാണുവാന്‍ കഴിയുമെന്ന് എനിക്കറിയാം.
ശരീരത്തില്‍ ഒരു ഭാഗത്ത് തളര്‍വാതം പിടിപെട്ട ഭര്‍ത്താവിനെ അനേക വര്‍ഷം ശുശ്രൂഷിക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരിയെ ഞാന്‍ കാണുവാന്‍ ഇടയായി. ഒരു വീഴ്ചയ്ക്കുശേഷമാണ് അയാള്‍ക്ക് തളര്‍ച്ചയുണ്ടായത്. അവര്‍ യേശുവിനെപ്പറ്റി ഒരിക്കലും കേട്ടിട്ടില്ലായിരുന്നു. ഈ ദുരന്ത സംഭവത്തിനു ശേഷം അവരുടെ ബന്ധുക്കളെല്ലാം അവരെ കൈവെടിഞ്ഞു. അവര്‍ നിസ്സഹായരും, ദുഃഖിതരുമായിത്തീര്‍ന്നു. എന്നാല്‍ കര്‍ത്താവായ യേശു അവരെ സന്ദര്‍ശിച്ചു. അവര്‍ അവനെ രക്ഷകനായി സ്വീകരിച്ചു. ഇപ്പോള്‍ ദൈവം അവരെ മുടന്തരായ ആളുകളുടെ ഇടയില്‍ ഒരു ശുശ്രൂഷ ചെയ്യുവാനായി ഉപയോഗിക്കുന്നു. അതുമൂലം അനേകര്‍ കര്‍ത്താവായ യേശുവിനെ അറിയുവാന്‍ ഇടയാകുന്നുണ്ട്. അവരുടെ കഠിന ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും മധ്യേ അവരുടെ മുഖം ശോഭിതമാണ്. ഇവരെ സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുന്നു. ആ ദമ്പതികളുടെ മുഖത്തു കണ്ട ജയത്തിന്റെ തിളക്കം സന്ദര്‍ശകര്‍ക്ക് ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ല. അവര്‍ നവദമ്പതികള്‍ ആയിരുന്ന സമയത്താണ് അയാള്‍ക്ക് ആ അപകടം സംഭവിച്ചത്; ആ യുവതി ഗര്‍ഭിണിയും ആയിരുന്നു. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ മാസങ്ങളോളം രാപ്പകല്‍ കരഞ്ഞുകൊണ്ട് ദൈവം എന്തുകൊണ്ടാണ് ഈ ദുരന്തം സംഭവിക്കുവാന്‍ അനുവദിച്ചത് എന്നു ചോദിച്ചുകൊണ്ടിരുന്നു. അതിനു ശേഷമാണ് യേശു അവരെ സമാധാനം കൊണ്ടും, ശക്തികൊണ്ടും നിറച്ചത്. നമ്മുടെ രാജ്യത്തുതന്നെ വിദൂരമായ, ആള്‍പ്പാര്‍പ്പ് അധികമില്ലാത്ത, ഒരു ഭാഗത്ത് ദൈവം അവരെ ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവരെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാന്‍ ഓര്‍ക്കുന്ന വാക്യം സങ്കീ. 35:5 ആണ്. അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി.” അവരുടെ ശക്തിയേറിയ സാക്ഷ്യം എന്നെ വളരെയധികം വെല്ലുവിളിച്ചിട്ടുണ്ട്.
എനിക്കറിയാവുന്ന ചെറുപ്പക്കാരിയായ വേറൊരു യുവതിയെക്കുറിച്ചു പറയട്ടെ. ഭര്‍ത്താവിന്റെയും അയാളുടെ മാതാപിതാക്കളുടെയും പീഡനം സഹിക്കാന്‍ വയ്യാതെ അവള്‍ ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ച് ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ചു. സ്ത്രീധനത്തിനു വേണ്ടി ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും പീഡിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും സാധാരണമായ ആത്മഹത്യയുടെ മാര്‍ഗ്ഗമാണിത്. എന്നാല്‍ ആ യുവതി മരിച്ചില്ല. ദൈവം അവളെ അഗ്നിജ്വാലയില്‍ നിന്നു മാത്രമല്ല, നരകത്തിന്റെ ജ്വാലയില്‍ നിന്നു കൂടി രക്ഷിച്ചു. ഇന്ന് അവള്‍ ഞങ്ങളുടെ ഗ്രാമീണ സഭകളില്‍ ഒന്നിലുള്ള ഒരു സഹോദരിയാണ്. അവള്‍ ദൈവത്തിന്റെ സ്‌നേഹത്തിനും, കരുണയ്ക്കും സാക്ഷിയായിട്ടായിരിക്കുന്നു.
വലിയ അപകടങ്ങളിലൂടെ കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടിയ സ്ത്രീകളുടെ ഉദാഹരണങ്ങളാണ് ഇവ. അവരെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിക്കികയും ചിലപ്പോള്‍ ദൈവമുമ്പാകെ കരയുകയും ചെയ്യുന്നു. തുടര്‍മാനമായ കഷ്ടപ്പാടിലൂടെയാണ് ഇവര്‍ പോകുന്നത്.
അത്ഭുതരോഗസൗഖ്യം ലഭിച്ച സ്ത്രീകളെക്കുറിച്ച് എനിക്കറിയാം. ചിലര്‍ സൗഖ്യം ലഭിച്ചശേഷം യേശുവിന്റെ ശിഷ്യരായിത്തീരുന്നു. ചിലര്‍ക്ക് ഭൂതങ്ങളില്‍നിന്നുള്ള വിടുതല്‍ ലഭിച്ചു. അവര്‍ ഇപ്പോള്‍ ദൈവനാമമഹത്വത്തിനായി ജീവിക്കുന്നു.
യേശുവിന്റെ ജീവിതകാലത്ത് അവന്റെ അടുത്തുവന്ന രോഗികളെയെല്ലാം അവന്‍ സൗഖ്യമാക്കി. സൗഖ്യത്തിനായി നീ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുക. നാം ദീനമായി കിടക്കുമ്പോള്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ എന്നും, അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ നമ്മെ എണ്ണ പൂശി നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ എന്നും വേദപുസ്തകം പറയുന്നു. (യാക്കോ 5:14) വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥന രോഗിയെ രക്ഷിക്കും.
രോഗത്തിനു പാപവുമായി ബന്ധമുണ്ടാകാന്‍ കഴിയും. കര്‍ത്താവ് രോഗികളെ സൗഖ്യമാക്കിയപ്പോള്‍ അവന്‍ ഒരു വ്യക്തിയോടു പറഞ്ഞു: ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഇനിയും പാപം ചെയ്യരുത്.’ സന്ധിവീക്കം, അലര്‍ജി, ഉയര്‍ന്നരക്തസമ്മര്‍ദ്ദം, ആമാശയവീക്കം മുതലായ രോഗങ്ങള്‍ ചില വേളകളില്‍ മാനസിക സമ്മര്‍ദ്ദം, പക, മുറിവേറ്റ മനസ്സ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നാം ആദ്യം തന്നെ ചെയ്യേണ്ടത് പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവിനോട് ക്ഷമ ചോദിക്കുക എന്നതാണ്. നാം മുറിവേല്‍പ്പിച്ച ആളുകളുമായുള്ള ബന്ധത്തില്‍ കാര്യങ്ങള്‍ നേരെയാക്കുകയും ചെയ്യണം.നിനക്കെതിരെ ഒരു വ്യക്തി ചെയ്ത അതിക്രമം എത്ര വലുതായിരുന്നാലും ശരി, അയാളോടു ക്ഷമിക്കുവാന്‍ കഴിയാത്ത ഒരു മനോഭാവം നിന്നിലില്ല എന്നു നീ ഉറപ്പാക്കുക. നിന്റെ രോഗത്തിനു ചികിത്സകൊണ്ടോ,ഇതര വഴികളിലൂടെയോ സൗഖ്യം തരുന്നത് ദൈവമാണ്. നീ സൗഖ്യം പ്രാപിക്കുമ്പോള്‍ ദൈവത്തിനു നന്ദി കരേറ്റുവാനും എല്ലാ മഹത്വവും അവനു കൊടുക്കുവാനും മറക്കരുത്.
നീ ദൈവത്തിനു പൂര്‍ണ്ണമായും കീഴ്‌പ്പെടുക. അതിനുശേഷം സൗഖ്യത്തിനുവേണ്ടി നീ വിശ്വാസത്തോടുകൂടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവാണ് നിന്റെ സൗഖ്യദായകന്‍. ദൈവത്തില്‍നിന്നു സൗഖ്യം ലഭിച്ചശേഷം ആരോഗ്യമുള്ള നിന്റെ ജീവിതം തിരികെ ദൈവത്തിനു നല്‍കുക. അവന്റെ ശുശ്രൂഷ ചെയ്തുകൊണ്ട് മറ്റുള്ളവരെ സഹായിക്കുവാനും അനുഗ്രഹിക്കുവാനുമായി നിന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുക.
ദൈവം ചിലര്‍ക്ക് സൗഖ്യം നല്‍കുമ്പോള്‍ തന്നെ അവന്റെ ഏറ്റവും വിശ്വസ്തരായ മക്കളില്‍ ചിലരെ രോഗികളായി തുടരുവാന്‍ അവന്‍ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിഞ്ഞുകൂടാ. ദൈവം പരമാധികാരിയാണ്. യാക്കോബിനെ കൊല്ലപ്പെടുവാന്‍ ദൈവം അനുവദിച്ചു. എന്നാല്‍ അവന്‍ പത്രോസിനെ അത്ഭുതകരമായ വിധത്തില്‍ ജയിലില്‍നിന്ന് വിടുവിച്ചു. (അപ്പൊ. പ്രവൃ. 12). നാം മുന്‍പു ചിന്തിച്ച വിധത്തില്‍ കര്‍ത്താവിന്റെ കയ്യിലാണ് മരണത്തിന്റെ താക്കോല്‍. അവനു മാത്രമേ നിന്റെ മുമ്പില്‍ മരണവാതില്‍ തുറക്കുവാന്‍ കഴിയുകയുള്ളു. അതുകൊണ്ട് നാം ദൈവേഷ്ടപ്രകാരം ജീവിക്കുകയാണെങ്കില്‍ സമയമാകുന്നതിനു മുന്‍പേ നാം മരിക്കുകയില്ല. മരണത്തെ നാം ഭയപ്പെടേണ്ട ആവശ്യമില്ല. ആദ്യകാലങ്ങളിലെ ക്രിസ്തീയ രക്തസാക്ഷികള്‍ പാട്ടു പാടിക്കൊണ്ടാണ് മരണത്തെ അഭിമുഖീകരിച്ചത്.
ദക്ഷിണേന്ത്യയിലെ ഡോണാവൂരിലുള്ള എമി കാര്‍മൈക്കിള്‍ എന്ന സ്ത്രീ ശയ്യാവലംബി ആയിരുന്നിട്ടും അത്ഭുതകരമായ ഗ്രന്ഥങ്ങളും കവിതകളും രചിച്ചു. അവള്‍ ആരോഗ്യവതിയായിരുന്നു എങ്കില്‍, ഒരുപക്ഷേ ഒരിക്കലും അവയൊന്നും രചിക്കുമായിരുന്നില്ല.
ആരോഗ്യമുള്ളപ്പോള്‍ മാത്രമല്ല, ജഡത്തില്‍ തുടര്‍മാനമായി ഒരു മുള്ള് ഉള്ള സമയത്തും നമ്മുടെ ശരീരത്തില്‍കൂടി ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാന്‍ നമുക്ക് കഴിയും. (ഫിലി. 1:20). അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ ദുഃഖങ്ങളും, പരിശോധനകളും വരുമ്പോള്‍ ദൈവത്തിനും മനുഷ്യര്‍ക്കും മുമ്പില്‍ നമ്മെത്തന്നെ താഴ്ത്തുവാനുള്ള അവസരങ്ങളാണ് അവ എന്നു നമുക്ക് ചിന്തിക്കാം. നാമൊരിക്കലും നമുക്കുവേണ്ടിത്തന്നെ കരയുവാന്‍ പാടില്ല.
‘ജനമേ, എല്ലാക്കാലത്തും അവനില്‍ ആശ്രയിപ്പിന്‍, നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍ പകരുവിന്‍. ദൈവം നമുക്ക് സങ്കേതമാകുന്നു.’ (സങ്കീ. 62:8)
നിന്റെ ഹൃദയം നുറുങ്ങിപ്പോകുമെന്ന് തോന്നുമ്പോള്‍ കര്‍ത്താവ് നിനക്ക് സമീപസ്ഥനാകുന്നു. (സങ്കീ. 34:18).
കണ്ണുനീര്‍ താഴ്‌വര(ബാഖ)യില്‍ക്കൂടി നാം കടന്നുപോകുമ്പോള്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുവാനും മറ്റുള്ളവര്‍ക്ക് അതില്‍നിന്ന് അനുഗ്രഹത്തിന്റെ ഒരൊഴുക്ക് ഉണ്ടാക്കിക്കൊടുക്കുവാനും ദൈവത്തിനു കഴിയും. (സങ്കീ. 84:6). സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ജീവജലംകൊണ്ട് ദൈവം ദുഃഖിതരായ നമ്മെ ആശ്വസിപ്പിക്കുകയും ഉന്മേഷം പകര്‍ന്നു നല്‍കുകയും ചെയ്യുമ്പോള്‍ നമ്മുടെ ചുറ്റുമുള്ളവരുമായി ഈ ജീവജലം പങ്കിടുവാന്‍ നമുക്കു സാധിക്കും.
ഒരുനാള്‍ നമ്മുടെ കണ്ണില്‍നിന്നും കണ്ണുനീരെല്ലാം തുടച്ചുകളയുമെന്നുള്ള വാഗ്ദാനം ദൈവം നല്‍കിയിട്ടുണ്ട്. (വെളി. 21: 1-4). പിന്നീട് ദുഃഖമോ, മരണമോ, ശോധനകളോ, ഉണ്ടാകുകയില്ല, വേദനയോ, വിലാപമോ ഉണ്ടാകുകയില്ല. അവയെല്ലാം നീങ്ങിപ്പോകും. പിതാവ് നമ്മോടൊത്ത് എന്നേക്കും വസിക്കുന്ന പുതിയ ആകാശത്തിനും, പുതിയ ഭൂമിക്കുംവേണ്ടി നാം താല്‍പര്യപൂര്‍വ്വം കാത്തിരിക്കുന്നു.
അതുകൊണ്ട് നാം ഹൃദയപൂര്‍വ്വം പറയുന്നു:
കര്‍ത്താവായ യേശുവേ, വേഗം വരണമേ.
അദ്ധ്യായം ഒന്‍പത് : വിലപിക്കുന്ന സ്ത്രീകള്‍ക്കായി ദൈവം കരുതുന്നു
പിതാവായ ദൈവം നമ്മെ കോപത്തോടു കൂടിയല്ല കാണുന്നത്. മറിച്ച് അവിടുന്നു നമ്മെ സ്‌നേഹിക്കുന്നവനാണ്. ഇതു നമുക്കു തെളിയിച്ചു തരുവാനാണ് ദൈവപുത്രന്‍ ലോകത്തിലേക്കു വന്നത്.
സമൂഹം തരം താഴ്ത്തിയിരുന്ന സ്ത്രീകള്‍ക്ക് യേശു മാന്യത നല്‍കി. വ്യത്യസ്തങ്ങളായ ആവശ്യങ്ങളുമായി പല സന്ദര്‍ഭങ്ങളില്‍ അനേകം സ്ത്രീകള്‍ യേശുവിനെ സമീപിച്ചതായി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു. അവരുടെ കണ്ണുനീരിനെ അവിടുന്ന് ഒരിക്കലും അവഗണിച്ചില്ല. കരയുന്ന സ്ത്രീകളോട് പറയുവാന്‍ കരുണയുളള ഒരു വാക്ക് എപ്പോഴും യേശുവിനുണ്ടായിരുന്നു.
‘സ്ത്രീയേ, നീ കരയുന്നതെന്ത്?’ എന്ന് അവിടുന്ന് അവരോട് എപ്പോഴും നിശ്ശബ്ദമായി ചോദിച്ചിരുന്നു എന്നു നമുക്കു കാണാം.
മഗ്ദലക്കാരി മറിയ അവളുടെ ജീവിതത്തില്‍ വളരെയേറെ വിലപിച്ചിരുന്നു. ഒരു സമയത്ത് ഏഴു ദുരാത്മാക്കള്‍ അവളെ ബാധിച്ചിരുന്നു. യേശുവാണ് അവളെ വിടുവിച്ചത്. യേശുവിനോടുളള ആ കടപ്പാട് അവള്‍ ഒരിക്കലും മറന്നുപോയില്ല. അതിന്റെ ഫലമായി അവള്‍ യേശുവിനോട് സ്‌നേഹവും തീവ്രമായ ഭക്തിയും ഉള്ളവള്‍ ആയിത്തീര്‍ന്നു. ഒരിക്കല്‍ പിശാച് അവളെ നശിപ്പിച്ചിരുന്നു; ഭൂതങ്ങള്‍ അവളെ ബാധിച്ചിരുന്നു; അക്രമാസക്തയായി അവള്‍ ആ നഗരത്തില്‍ അറിയപ്പെട്ടിരുന്നു. ആളുകള്‍ അവളെ ഒഴിവാക്കാന്‍ ആഗ്രഹിച്ചു. നിരാശാഗര്‍ത്തത്തിലും ആഴമുളള പാപകൂപത്തിലും അകപ്പെട്ടുപോയ വ്യക്തികളെ ഉയര്‍ത്തി ആത്മീയസിംഹാസനങ്ങളില്‍ ഇരുത്തുവാന്‍ യേശുവിന് എപ്രകാരം കഴിയുമെന്ന് തെളിയിച്ചുതരുന്നതാണ് അവളുടെ ജീവിതം. ഹല്ലേലുയ്യ!
വിലപിക്കുന്നതായി നാം കാണുന്ന മറ്റു രണ്ടു സ്ത്രീകള്‍ മാര്‍ത്തയും മറിയയുമാണ്. യേശുവിനായി വീടു തുറന്നുകൊടുത്ത സഹോദരിമാരായിരുന്നു അവര്‍. കര്‍ത്താവിന് അവിടെനിന്ന് പലപ്പോഴും ഭക്ഷണവും പാനീയവും ലഭിച്ചിരുന്നു. കര്‍ത്താവിനുവേണ്ടി ക്ഷീണമെന്യേ പണി ചെയ്യുവാന്‍ അവര്‍ എപ്പോഴും സന്നദ്ധരായിരുന്നു. ഒരുനാള്‍ അവരുടെ സഹോദരനായ ലാസറിന് കടുത്ത ദീനം പിടിപെട്ടു. അടിയന്തരമായ യേശുവിനെ വിളിക്കുവാന്‍ അവര്‍ ആളയച്ചു. യേശു അവരുടെ വീട്ടിലെത്താന്‍ മനഃപൂര്‍വ്വം വൈകി എന്ന കാര്യം നാം യോഹന്നാന്‍ പതിനൊന്നാം അദ്ധ്യായത്തില്‍ വായിക്കുന്നു. അതെന്തുകൊണ്ടാണെന്ന് ആ സഹോദരിമാര്‍ക്ക് മനസ്സിലായില്ല. അവിടുന്ന് എന്തുകൊണ്ടാണ് വരാഞ്ഞത്? നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം വൈകി മാത്രം ഉത്തരം തരുന്ന ഓരോ സന്ദര്‍ഭത്തിലും നാം ചോദിച്ചതിലും ഉത്തമമായതൊന്ന് നമുക്കു നല്കുവാന്‍ വേണ്ടിയാണ് ദൈവം പദ്ധതിയിട്ടിരിക്കുന്നത് എന്നോര്‍ക്കുക. ഇവിടെ ലാസര്‍ മരിച്ചുപോയി എന്നു നാം കാണുന്നു.അതിനുശേഷമാണ് യേശു വന്നത്. മാര്‍ത്തയും മറിയയും വിഭിന്നമായ രീതികളില്‍ പ്രതികരിച്ചു. ഒരാള്‍ ദുഃഖത്തോടെ, കയ്‌പോടെ പരാതിപ്പെട്ടു; മറ്റേയാള്‍ ഉളളില്‍ വേദനയൊതുക്കി നിശ്ശബ്ദയായിരുന്നു. എന്നാല്‍ യേശു അവരുടെ ദുഃഖം മനസ്സിലാക്കി. അവിടുന്ന് അവരോട് സഹതപിക്കുകയും, കരയുകയും ചെയ്തു. അവരുടെ പരാതിയും, കയ്പും അവിടുന്നു ക്ഷമിച്ചു. അവരുടെ സഹോദരനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അവര്‍ യേശുവില്‍നിന്ന് സൗഖ്യമേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ അവിടുന്ന് ഉയിര്‍പ്പാണു നല്കിയത്. അവരുടെ വിലാപം സന്തോഷത്തിനു വഴിമാറി. യേശു ഇന്നലെയും, ഇന്നും, എന്നെന്നേക്കും മാറ്റമില്ലാത്തവനാണ്. നാം ചോദിക്കുന്നതിലും, നിനയ്ക്കുന്നതിലും വളരെയധികമായി ചെയ്തുതരുവാന്‍ അവിടുത്തേക്കു കഴിയും. ഇന്നും അവിടുന്നു സ്ത്രീകളോടൊപ്പം വിലപിക്കുകയും അവരുടെ കണ്ണീര്‍ തുടയ്ക്കുകയും ചെയ്യുന്നു.
പന്ത്രണ്ടു വര്‍ഷം തുടര്‍ച്ചയായി രക്തസ്രവം ഉണ്ടായിരുന്ന അജ്ഞാതയായ ഒരു സ്ത്രീയെപ്പറ്റി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു. അവള്‍ ചികിത്സയ്ക്കായി പല വൈദ്യന്മാരുടെയും അടുത്തുപോയി. അവളുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം അവരുടെ കയ്യിലായി. അവളുടെ രോഗം അപമാനകരമായ ഒന്നായിരുന്നു. രക്തം അധികമായി നഷ്ടമായതുമൂലം അവള്‍ ബലഹീനയും വിളര്‍ച്ച ബാധിച്ചവളും ആയിത്തീര്‍ന്നുകാണും. സൗഖ്യത്തിനായി ദൈവത്തോട് കരഞ്ഞപേക്ഷിച്ച് അവള്‍ അനേക രാത്രികള്‍ തലയിണ നനച്ചു. യിസ്രായേല്‍മക്കളെ അവരുടെ എല്ലാ സങ്കടങ്ങളില്‍നിന്നും രക്ഷിക്കുവാന്‍വേണ്ടി മശിഹ വരുമെന്നു വിചാരിച്ച് അവള്‍ അതിനായി താത്പര്യപൂര്‍വ്വം നോക്കിപ്പാര്‍ത്തിരുന്നു. പന്ത്രണ്ടുവര്‍ഷങ്ങള്‍ അവള്‍ക്ക് ഉത്തരമൊന്നും ലഭിച്ചില്ല. ഒരു ദിവസം മശിഹാ വന്നു എന്നും തങ്ങളുടെ പട്ടണം സന്ദര്‍ശിക്കുന്നു എന്നും അവള്‍ അറിയുവാന്‍ ഇടയായി. അന്ന് യേശുവിനു ചുറ്റും അനേകം ആളുകള്‍ കൂടിയതു കാരണം വലിയ തിരക്കായിരുന്നു. അവള്‍ തിക്കിനിടയ്ക്കു കയറിക്കൂടിയിട്ട് യേശുവിന്റെ വസ്ത്രമെങ്കിലും തൊടുവാന്‍ തീരുമാനിച്ചു. ബലഹീനയായ അവള്‍ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ഇടയിലൂടെ കയറി യേശുവിനടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അഗ്രത്തില്‍ വിരല്‍ത്തുമ്പുകൊണ്ടു തൊട്ടു. ഉടന്‍ തന്നെ അവള്‍ക്കു സൗഖ്യം ലഭിച്ചു. യേശു അവിടെ നിന്ന ശേഷം അവളെ വിളിച്ചു. ആള്‍ക്കൂട്ടത്തിനു മുമ്പില്‍ ലജ്ജയോടുകൂടി അവള്‍ തന്റെ സാക്ഷ്യം പറഞ്ഞു. അവളുടെ സാക്ഷ്യം കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി എല്ലാ രാജ്യക്കാര്‍ക്കും അനുഗ്രഹപ്രദമായിത്തീര്‍ന്നിരിക്കുന്നു.
ഒരുപക്ഷേ നിങ്ങളും വളരെയധികം കണ്ണുനീര്‍ ചൊരിഞ്ഞ അജ്ഞാതയായ സ്ത്രീയായിരിക്കാം. നിങ്ങളെ കഷ്ടപ്പെടുത്തുന്ന ഒരു രോഗത്താല്‍ നിങ്ങള്‍ വലയുകയായിരിക്കാം. കര്‍ത്താവ് നിങ്ങളെ നിരാശപ്പെടുത്തുകയില്ല. അവിടുത്തെ സമീപത്തേക്കു വരിക. ഇന്ന് വിശ്വാസത്തോടുകൂടി തന്നെ സ്പര്‍ശിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. അവിടുന്നു നമ്മുടെ രോഗങ്ങളെ വഹിച്ചവനാണ്. അവിടുത്തെ അടിപ്പിണരുകളാല്‍ നമുക്ക് സൗഖ്യം വന്നിരിക്കുന്നു.
യോഹന്നാന്‍ നാലാം അധ്യായത്തില്‍ നാം വേറൊരു സ്ത്രീയുടെ (ശമര്യസ്ത്രീയുടെ) ദയനീയാവസ്ഥ കാണുന്നു. അവള്‍ ജീവിതത്തില്‍ ത്യജിക്കപ്പെട്ടവള്‍ ആയിരുന്നു. അവള്‍ വീണ്ടും, വീണ്ടും വിവാഹിതയായി. അഞ്ചു പ്രാവശ്യം വിവാഹിതയായവള്‍. ഒടുവില്‍ അവളുടെ കൂടെ ജീവിച്ചിരുന്ന വ്യക്തി അവളുടെ ഭര്‍ത്താവുപോലും ആയിരുന്നില്ല. അവള്‍ക്കു ജീവിതം മടുത്തുകാണും. യഹൂദന്മാര്‍ ശമര്യക്കാരെ താഴ്ന്നവിഭാഗക്കാരായി കരുതിയിരുന്നു. സാധാരണയായി ശമര്യയിലെ സ്ത്രീകള്‍ രാവിലെ വെള്ളം കോരുവാന്‍ കിണറ്റിനരികെ വരും. എന്നാല്‍ കഴിഞ്ഞ കാലത്ത് അവിടെയുളള സ്ത്രീകളുമായി ഇടപെട്ടപ്പോഴൊക്കെ അനേകം മോശമായ അനുഭവങ്ങള്‍ ഈ ശമര്യസ്ത്രീക്ക് ഉണ്ടായിക്കാണണം. അവര്‍ അവളെ നിന്ദിക്കുകയോ, കളിയാക്കുകയോ, ഒഴിവാക്കുകയോ ചെയ്തുകാണും. ദുഃഖത്തോടും ലജ്ജയോടുംകൂടി താന്‍ തിരസ്‌കരിക്കപ്പെട്ടവളാണെന്ന് മനസ്സിലാക്കി അവള്‍ ശമര്യയില്‍ കഴിഞ്ഞുകൂടി. കിണറ്റിനരികെ ആരുമില്ലാത്ത ഉച്ചസമയത്ത് വെളളം കോരിയെടുക്കുവാന്‍ അവള്‍ വന്നത് അതുകൊണ്ടാവാം. ഒരു മനുഷ്യനെ കിണറ്റിനരികെ കണ്ടതോടെ അവള്‍ക്കുണ്ടായ അമ്പരപ്പ് ഒന്നു സങ്കല്പിച്ചുനോക്കുക. കര്‍ത്താവ് അവളെ കാണുവാനായി മനഃപൂര്‍വ്വം ശമര്യയിലൂടെ സഞ്ചരിച്ച് അവിടെ വന്നു. ഉച്ചതിരിഞ്ഞ സമയത്ത് അവളോടു സംസാരിക്കുവാനായി അദ്ദേഹം കിണറ്റിനരികെ കാത്തിരുന്നു. സംസാരം തുടങ്ങുവാനായി ആദ്യം തന്റെ ദാഹത്തെക്കുറിച്ച് യേശു അവളോടു പറഞ്ഞു. ക്രമേണ അദ്ദേഹം അവള്‍ക്കു ജീവജലം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അന്തിമമായി ഗ്രാമമൊട്ടാകെ മാനസാന്തരം കൊണ്ടുവരുവാന്‍വേണ്ടി കര്‍ത്താവ് അവളെ ഉപയോഗിച്ചു.
സമൂഹം ഒഴിവാക്കിയിരുന്ന നിന്ദിതരായ സ്ത്രീകള്‍ക്ക് കര്‍ത്താവു നല്കുന്ന പ്രത്യാശയെക്കുറിച്ച് ഓര്‍ക്കുക. ഒരുപക്ഷേ നിങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ട നിന്ദ്യമായ ഒരു ജാതിയില്‍പ്പെട്ട വ്യക്തിയായിരിക്കാം. നിങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ ആരും നിങ്ങളോടൊപ്പം ഇല്ലായിരിക്കാം. സ്ത്രീയേ, നീ ഇനിയും വിലപിക്കേണ്ട ആവശ്യമില്ല. നിന്റെ വീണ്ടെടുപ്പുകാരന്‍ നിനക്കായിതാ വന്നിരിക്കുന്നു.
മത്താ. 15:22 ല്‍ മുട്ടിപ്പായി യാചിക്കയും നിലവിളിക്കുകയും ചെയ്യുന്ന ഒരു കനാന്യസ്ത്രീയെക്കുറിച്ച് നാം വായിക്കുന്നു. ദൈവം തിരഞ്ഞടുത്ത വംശത്തില്‍ അവള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നിരുന്നാലും ദൈവം അവള്‍ക്കുവേണ്ടി കരുതി. അവളുടെ മകള്‍ അനേകവര്‍ഷം ഭൂതബാധിതയായിരുന്നു. സഹായത്തിനായി എങ്ങോട്ടാണ് തിരിയേണ്ടതെന്ന് അവള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഭൂതങ്ങളെ പുറത്താക്കുവാന്‍ കഴിയുന്ന ഒരു പ്രവാചകന്‍ യിസ്രായേലില്‍ വന്നിരിക്കുന്നു എന്ന് അവള്‍ കേട്ടു. പക്ഷേ അവിടെവരെ പോകുവാന്‍ അവള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരുപക്ഷേ അവിടെവരെയുളള യാത്രാചെലവ് വഹിക്കുവാന്‍ അവള്‍ക്ക് കഴിവില്ലായിരിക്കാം. മാത്രമല്ല, അവള്‍ ഒരു യിസ്രായേല്യ സ്ത്രീ അല്ലാതിരുന്നതിനാല്‍ അവളെ ശ്രദ്ധിക്കുവാനോ, സഹായിക്കുവാനോ യേശുവിന് സമയം കാണുമോ എന്നും അവള്‍ സംശയിച്ചു. അവളുടെ മകള്‍ക്ക് എന്നെങ്കിലും സൗഖ്യം കിട്ടുമെന്നുളള പ്രതീക്ഷ അവള്‍ കൈവെടിഞ്ഞു. ദൈവം അവളെ എത്രമാത്രം സ്‌നേഹിച്ചുവെന്നും, അവിടുന്ന് അവളുടെ കണ്ണുനീര്‍ കണ്ടു എന്നും അവള്‍ അറിഞ്ഞതേയില്ല. ദൈവം യേശുവിനെ അവളുടെ സമീപത്തേക്കയച്ചു. യേശു അവളെ സഹായിക്കുവാനായി ഗലീലയില്‍നിന്ന് അവളുടെ പട്ടണം വരെ അന്‍പതുെമൈല്‍ ദൂരം നടന്നുവന്നു; തിരിച്ചും അവിടുന്നു നടന്നുപോയി. യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ താനൊരു അന്യജാതിക്കാരിയാണെന്നും തനിക്ക് ദൈവത്തില്‍ നിന്നൊന്നും തന്നെ ലഭിക്കുവാന്‍ അര്‍ഹതയില്ലെന്നും ആ സ്ത്രീ അറിഞ്ഞിരുന്നു. കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായയുടെ സ്ഥാനം അവള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. മക്കളുടെ മേശയില്‍നിന്നു വീഴുന്ന ഒരു അപ്പനുറുക്കെങ്കിലും അവള്‍ക്കു ലഭിക്കുമോ എന്നവള്‍ ചോദിച്ചു. അവളുടെ മകളിലുളള ഭൂതത്തെ പുറത്താക്കുവാന്‍ കര്‍ത്താവിന്റെ കയ്യില്‍നിന്നുള്ള ഒരു നുറുക്ക് മതിയായതാണെന്ന് അവള്‍ വിശ്വസിച്ചു. എന്തൊരു വിശ്വാസമാണ് അവള്‍ക്കുണ്ടായിരുന്നത്!!
യേശു അവളുടെ യാചന കൈക്കൊണ്ടു. മൈലുകള്‍ അകലെയായിരുന്ന അവളുടെ മകള്‍ക്ക് ഉടന്‍തന്നെ വിടുതല്‍ ലഭിച്ചു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ കണ്ണുനീര്‍ ആ സുദിനത്തില്‍ സന്തോഷത്തിനും ചിരിക്കും വഴിമാറി.
പ്രിയ മാതാവേ, അത്ഭുതവാനായ കര്‍ത്താവിനെ അന്വേഷിച്ചാല്‍ നമുക്ക് പ്രതിഫലമുണ്ട് എന്നതിന്റെ ഒരുദാഹരണമാണ് ഈ സംഭവം. നിന്റെ കണ്ണുനീര്‍ അവിടുന്നു കാണുന്നുണ്ട്. നിന്റെ ആവശ്യമെന്താണെന്ന് അവിടുത്തേക്കറിയാം. നിന്റെ കുട്ടി വളരെ അകലെയായിരിക്കാം താമസിക്കുന്നത്. എന്നാല്‍ നിനക്കവളെ കര്‍ത്താവിന്റെ കാല്‍ക്കലേക്കു കൊണ്ടുവരുവാന്‍ സാധിക്കും. അപ്രകാരം അവള്‍ക്ക് വിടുതല്‍ ലഭിക്കും. നിന്റെ കണ്ണുനീര്‍ തുടയ്ക്കുവാനും, നിന്റെ വിലാപം ചിരിയാക്കിത്തീര്‍ക്കുവാനുമായി അവിടുന്ന് എത്രദൂരം വേണമെങ്കിലും സഞ്ചരിക്കും. നീ ഒരു നായയല്ല, ദൈവത്തിന്റെ മകളാണ് എന്നോര്‍ക്കുക. മേശയില്‍നിന്നു വീഴുന്ന നുറുക്കുകളല്ല, മക്കളുടെ അപ്പം തന്നെ നിനക്കു ലഭിക്കും! വിശ്വാസത്തോടെ കര്‍ത്താവിനു സമീപത്തേക്കു ചെല്ലുക. പിശാചു ബാധിച്ചവരും വഞ്ചിക്കപ്പെട്ടവരുമായ നിന്റെ പുത്രീപുത്രന്മാര്‍ക്കുവേണ്ടി നീ ആഗ്രഹിക്കുന്നതെന്താണോ അത് കര്‍ത്താവിനോട് ചോദിക്കുക. അവരില്‍ ഓരോരുത്തരേയും കര്‍ത്താവ് വിടുവിക്കും.
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളും, വിലപിക്കുന്നവളുമായ ഒരു സ്ത്രീയെ പരീശന്മാര്‍ യേശുവിന്റെ അടുക്കലേക്ക് ഒരിക്കല്‍ കൊണ്ടുവരികയുണ്ടായി. (യോഹന്നാന്‍ 8.) യെഹൂദനിയമപ്രകാരം അവര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. റബ്ബിമാരുടെ റബ്ബിയായ യേശുവിന്റെ അടുത്തേക്ക് അവര്‍ അവളെ കൊണ്ടുവന്നത് യേശുവിനെ കുടുക്കുവാന്‍ വേണ്ടിയായിരുന്നു. യേശു അവളെ സ്വതന്ത്രയാക്കിയാല്‍ യെഹൂദപ്രമാണത്തെ അവിടുന്നു മാനിക്കുന്നില്ലെന്ന് അവര്‍ക്ക് കുറ്റപ്പെടുത്തുവാന്‍ സാധിക്കും. അവളെ കല്ലെറിയുവാന്‍ യേശു കല്പിച്ചാല്‍ അവന്‍ ദയാലുവാണെന്നുളള കീര്‍ത്തി അവനു നഷ്ടമാകും. ജയിക്കുവാന്‍ സാധ്യമല്ലാത്ത ഒരു സ്ഥിതിവിശേഷമായിരുന്നു അത്. ”തലഭാഗം അവര്‍ക്കു കിട്ടിയാല്‍ വാല്‍ഭാഗം നിനക്കു നഷ്ടമാകും” എന്നതാണ് സ്ഥിതി. യേശു എല്ലാ സാഹചര്യങ്ങളിലും ജ്ഞാനപൂര്‍വം പെരുമാറിയിരുന്നു. ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാള്‍ ജ്ഞാനമേറിയതാണ്. (1 കൊരി. 1:25) അവള്‍ ഇത്തരത്തില്‍ എന്തുകൊണ്ടു ജീവിക്കുവാന്‍ ഇടയായി എന്ന് യേശുവിന് അറിയാവുന്നതുകൊണ്ട് അവന്‍ അവളോടു കരുണ കാണിച്ചു. ഇത്തരമൊരു ജീവിതമാര്‍ഗ്ഗം അവള്‍ സ്വയം തിരഞ്ഞെടുത്തതാവണമെന്നില്ല. ഒരുപക്ഷേ ഒരു പുരുഷന്‍ വ്യാജവാഗ്ദാനങ്ങള്‍ കൊടുത്ത് അവളെ വശീകരിച്ചശേഷം അവളെ ഉപേക്ഷിച്ചുകാണും. അതിനുശേഷം പലര്‍ അവളെ ഉപയോഗിക്കുകയും പിന്നീട് അവഗണിക്കുകയും ചെയ്തുകാണും. അവള്‍ക്ക് ഈ ജീവിതത്തോട് വെറുപ്പു തോന്നി. പക്ഷേ അവള്‍ക്ക് എന്തെങ്കിലുമൊരു ജീവിതമാര്‍ഗ്ഗം വേണ്ടേ? അവള്‍ കണ്ണീരൊഴുക്കാത്ത ഒരു ദിനം പോലുമില്ല. എന്നാല്‍ ആര്‍ക്കാണ് അവളുടെ ദുഃഖം മനസ്സിലാവുന്നത്? ആര് അവളെ സഹായിക്കും? യേശുവിന് ഇതു രണ്ടും ചെയ്യുവാന്‍ സാധിക്കും. യേശുവിന് അവളെ മനസ്സിലാക്കുവാനും സഹായിക്കുവാനും സാധിക്കും.
ഇത്തരമൊരു ജീവിതത്തില്‍നിന്ന് യേശുവിന്റെ ധീരയായ ശിഷ്യര്‍ രക്ഷപ്പെടുത്തിയിട്ടുളള അനേക സ്ത്രീകളെ ഇന്ന് എനിക്കറിയാം. വേശ്യാലയം നടത്തുന്ന മാഫിയക്കാരെ എതിരിടേണ്ടിവരുമെന്ന സാദ്ധ്യത കണക്കിലെടുത്തുകൊണ്ടാണ് അവര്‍ ഇതു ചെയ്യുന്നത്. അത്തരം വേശ്യാലയങ്ങളിലെ വിലപിക്കുന്നവരായ സ്ത്രീകള്‍ ഒരു സാധാരണ ജീവിതം നയിക്കുവാനുളള എല്ലാ ആശയും നഷ്ടപ്പെട്ടുപോയവരാണ്. അവരില്‍ ചിലര്‍ കുട്ടികളായിരുന്നപ്പോള്‍ത്തന്നെ ഈ കച്ചവടത്തിനുവേണ്ടി ഏജന്റുമാര്‍ തട്ടിയെടുത്തു കൊണ്ടുവന്നതായിരുന്നു. അവരുടെ മാതാപിതാക്കള്‍ ആരാണെന്നോ, അവര്‍ എവിടെനിന്നാണു വന്നതെന്നോ അവര്‍ക്കറിയില്ല.അവരില്‍ അനേകരും ഇപ്പോള്‍ മയക്കുമരുന്നിന് അടിമകളായിത്തീര്‍ന്നതിനാല്‍ മയക്കുമരുന്നിനുവേണ്ടിയുളള അവരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുവാനായി വേശ്യാവൃത്തികൊണ്ടു കിട്ടുന്ന പൈസ ചെലവഴിക്കുന്നു. മറ്റനേകരും എച്ച്‌ഐവി ബാധിതരായി സാവധാനമായുളള മരണത്തെ നേരിടുന്നു. വിലപിക്കുന്ന ഇത്തരം സ്ത്രീകളോട് യേശുവിന് കരുണയുണ്ട്. അവരെ വിടുവിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഈയൊരു ശുശ്രൂഷയ്ക്കായി അവിടുത്തേക്ക് എന്നേയും, നിന്നേയും ആവശ്യമുണ്ട്.
യോഹന്നാന്‍ എട്ടാം അധ്യായത്തില്‍ പരാമര്‍ശിക്കുന്ന സ്ത്രീയെപ്പറ്റി ചിന്തിക്കാം. യേശുവിന്റെ മുമ്പാകെ നിന്നപ്പോള്‍ ഇനിയൊരു ദിനം കൂടി ജീവിക്കുമെന്ന് അവള്‍ വിചാരിച്ചതല്ല. ഏതു നിമിഷവും തന്റെ മേല്‍ കല്ലു വന്നുവീഴാമെന്നു പ്രതീക്ഷിച്ചുകൊണ്ട് അവളെ കുറ്റം ചുമത്തുന്നവരുടെ മുമ്പില്‍ അവള്‍ നിന്നു. അപ്പോള്‍ അവള്‍ കരയുകയായിരുന്നിരിക്കാം. യേശുവിന്റെ മുഖത്തെ കരുണാഭാവം അവള്‍ ദര്‍ശിച്ചു. അവിടുത്തെനേരേ ദയനീയമായി നോക്കിക്കൊണ്ട് അവിടുത്തേക്കു തന്നെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ആ സ്ത്രീ ആശിച്ചു.
യേശുവിന് അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞു. അവിടുന്ന് അവളോടു ക്ഷമിച്ചു; ശിഷ്യത്വത്തിന്റെ പുതിയ ജീവിതമാര്‍ഗ്ഗത്തിലേക്ക് അവിടുന്ന് അവളെ നയിച്ചു. നീ എത്രമാത്രം ആഴത്തിലേക്ക് വീണുപോയിട്ടുണ്ടെങ്കിലും നിനക്കുവേണ്ടി ഇതേ കാര്യംതന്നെ ചെയ്തുതരുവാന്‍ യേശുവിനു കഴിയും. അവിടുന്ന് നിന്നോട് ഇന്ന് പ്രസ്താവിക്കുന്ന വചനങ്ങള്‍ ഇതാണ്: ”ഞാന്‍ നിനക്കു ശിക്ഷ വിധിക്കുന്നില്ല, പോകുക. ഇനി പാപം ചെയ്യരുത്.”
ദൈവത്തില്‍നിന്നു കരുണ ലഭിച്ച മറ്റൊരു വേശ്യാസ്ത്രീയെപ്പറ്റി നാം പഴയനിയമത്തില്‍ വായിക്കുന്നുണ്ട്. അത് രാഹാബാണ്. അവള്‍ തന്റെ മക്കളോടൊത്ത് യെരീഹോ പട്ടണത്തില്‍ പാര്‍ത്തിരുന്നു. അസാന്മാര്‍ഗ്ഗിക ജീവിതം ഉണ്ടായിരുന്നിട്ടും അവള്‍ക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. തന്റെ ഭൂതകാല ജീവിതമോര്‍ത്ത് അവള്‍ വളരെ കരഞ്ഞുകാണും. തന്റെ മക്കള്‍ക്കുവേണ്ടി മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. ദൈവം അവളുടെ ആഗ്രഹം അറിഞ്ഞ് അവളുടെ വീട്ടിലേക്ക് യിസ്രായേല്‍ചാരന്മാരെ അയച്ചു. അവള്‍ അവരെ സഹായിച്ചതു നിമിത്തം യെരീഹോനിവാസികളെല്ലാം നശിച്ചുപോയപ്പോള്‍ അവള്‍ രക്ഷപ്പെടുവാന്‍ ഇടയായി.
സല്‌മോന്‍ എന്ന യിസ്രായേല്യനുമായി അവള്‍ പിന്നീടു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും യേശുവിന്റെ വംശാവലിയുടെ ഒരു ഭാഗമായിത്തീരുകയും ചെയ്തു!! അബ്രഹാം, മോശെ, യോശുവ മുതലായവരോടൊപ്പം അവളുടെ പേരും ”വിശ്വാസവീരന്മാരു”ടെ പട്ടികയില്‍ (എബ്രായര്‍ 11) കാണുന്നു! ഇത് അത്ഭുതകരമല്ലേ? അന്നത്തെ തലമുറയില്‍ ഉണ്ടായിരുന്നവരില്‍ യോശുവ, രാഹാബ് എന്നിവരുടെ പേരുകള്‍ മാത്രമേ എബ്രായര്‍ 11 ല്‍ പരാമര്‍ശിച്ചിട്ടുളളു!! ദൈവത്തിന്റെ വഴികള്‍ അത്ഭുതകരം തന്നെ. തെറ്റിപ്പോയ പ്രിയപ്പെട്ട സഹോദരീ, നിനക്കു വേണ്ടിയും ദൈവത്തിന് ഇതുപോലൊരു കാര്യം ചെയ്തു തരുവാന്‍ സാധിക്കും.
നയിന്‍ എന്ന പട്ടണത്തില്‍ നാം വിലപിക്കുന്ന ഒരു വിധവയെ കാണുന്നു. വാര്‍ദ്ധക്യത്തില്‍ അവളെ പരിരക്ഷിച്ചുപോന്നിരുന്ന അവളുടെ ചെറുപ്പക്കാരനായ ഏകപുത്രന്‍ പെട്ടെന്നു മരിച്ചുപോയി. അവള്‍ നിയന്ത്രണം വിട്ടു കരഞ്ഞു. ശവപ്പെട്ടിയില്‍ കിടക്കുന്ന പ്രിയമകന്റെ മുഖത്തേക്കു നോക്കിക്കൊണ്ട് ശവസംസ്‌കാരം ആകാവുന്നിടത്തോളം താമസിപ്പിക്കുവാന്‍ അവള്‍ ശ്രമിച്ചു. ഒടുവില്‍ വിലപിക്കുന്നവരായ ആളുകള്‍ ശവപ്പെട്ടിയും എടുത്തുകൊണ്ട് പുറത്തേക്കു പോകാന്‍ അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതം നല്‍കി. കരഞ്ഞുകൊണ്ട് അവള്‍ അവരെ അനുഗമിച്ചു. ശവസംസ്‌കാരത്തിനുശേഷം ഏകയും ദുഃഖാര്‍ത്തയുമായി അന്നു രാത്രി വീട്ടില്‍ കഴിഞ്ഞുകൂടേണ്ടിവരുമെന്നാണ് അവള്‍ വിചാരിച്ചത്. സ്‌നേഹവാനായ സ്വര്‍ഗ്ഗീയപിതാവ് തനിക്കുവേണ്ടി എന്താനന്ദമാണ് കരുതിവച്ചിട്ടുള്ളതെന്ന് അവള്‍ അപ്പോള്‍ അറിഞ്ഞില്ല. ആ സമയത്ത് യേശു നയിന്‍ വഴി യാത്ര ചെയ്യുവാനാണ് പദ്ധതിയിട്ടത്. അവിടുന്ന് ഒരിക്കലും വൈകിപ്പോകുന്നില്ല. അവിടുന്ന് ആ വിലാപയാത്രയെ തടഞ്ഞു; ശവപ്പെട്ടി തുറപ്പിച്ചു; മരിച്ചുപോയ ചെറുപ്പക്കാരനെ എഴുന്നേല്പിച്ചു. അവന്റെ അമ്മയ്ക്ക് അവനെ തിരികെകിട്ടി. നിസ്സഹായയും, വിധവയുമായ പ്രിയസഹോദരീ, ദൈവം നിനക്കുവേണ്ടിയും കരുതുന്നുണ്ട്. നിന്റെ ദുഃഖവേളയില്‍ അവിടുന്നു നിന്റെ അരികിലേക്കു വരും.
എല്ലാ വിധവമാര്‍ക്കും ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേകമായ സ്ഥാനമുണ്ട്. സാധാരണയായി അവര്‍ക്കുവേണ്ടി കരുതുവാന്‍ ഈ ലോകത്തില്‍ ആരും തന്നെ ഉണ്ടാകില്ല. നിസ്സഹായരായ അവരെ അനേകര്‍ ചൂഷണം ചെയ്യുന്നു. എന്നാല്‍ ദൈവം വിധവമാരുടേയും, അനാഥരുടേയും ദൈവമാണ്. ”നിന്റെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ” എന്നു ദൈവം പറയുന്നു (യിരെ. 49:11). വിധവയായ പ്രിയ സഹോദരീ നീ അത് അവകാശപ്പെടുക. ദിവ്യനായ ഭര്‍ത്താവിന്റെയും, സ്വര്‍ഗ്ഗീയപിതാവിന്റെയും അരികിലേക്ക് നീ സ്വതന്ത്രമായി കടന്നുചെല്ലുക.
മകന്‍ മരിച്ചുപോയ ഒരു സ്ത്രീയെപ്പറ്റി നാം പഴയനിയമത്തില്‍ വായിക്കുന്നുണ്ട്. (2 രാജാ. 4) ദൈവത്തിന്റെ പ്രവാചകനായ ഏലിശയ്ക്കു മാത്രമേ അവളെ സഹായിക്കുവാന്‍ കഴിയുകയൂള്ളൂ എന്നു മനസ്സിലാക്കിയിട്ട് ആ സ്ത്രീ അവനെ കാണുവാനായി പോകുന്നു. ദീര്‍ഘദൂരം യാത്ര ചെയ്തു പോകുന്ന അവളെ കണ്ടവരാരും തന്നെ അവള്‍ അന്തരംഗത്തില്‍ വിലപിക്കുകയായിരുന്നു എന്നു മനസ്സിലാക്കിയില്ല. ഏലിശയെ കണ്ടുമുട്ടിയപ്പോള്‍ അവള്‍ അവനോട് വിശ്വാസത്തിന്റെ ഭാഷയില്‍ ”ബാലനു സുഖം തന്നെ” എന്നാണു പറഞ്ഞത്. (2 രാജാ. 4:26). അവള്‍ക്കു സ്വന്തം മകനെ മരിച്ചവരുടെ ഇടയില്‍നിന്ന് തിരികെ കിട്ടിയതില്‍ ഒരത്ഭുതവും ഇല്ല. ഇത്തരത്തിലുള്ള വിശ്വാസത്തെ ദൈവം മാനിക്കുന്നു.
ലൂക്കോസ് പതിമൂന്നാം അധ്യായത്തില്‍ കൂനിയായ ഒരു സ്ത്രീയെക്കുറിച്ച് നാം വായിക്കുന്നു. അവള്‍ ഏതോ ഒരു കഠിന രോഗം ബാധിച്ച് പതിനെട്ടു വര്‍ഷമായി കഷ്ടപ്പെട്ടിരുന്നു. അവള്‍ നേരെ നടക്കാന്‍ കഴിവില്ലാതെ കൂനിയവളായി ജീവിച്ചുപോന്നു. എന്നാല്‍ അവള്‍ സ്വന്തം വേദനയും വൈകല്യവും അവഗണിച്ച് വിശ്വസ്തയായി എല്ലാ ആഴ്ചയും പ്രാര്‍ത്ഥനയ്ക്കു പോയിരുന്നു. ആ പ്രത്യേക ശബ്ബത്തു ദിവസത്തെ പ്രാര്‍ത്ഥന അവള്‍ മുടക്കാതിരുന്നത് നന്നായി. കാരണം ഈ ദിനമായിരുന്നു ദൈവം അവളെ സൗഖ്യമാക്കുവാനായി പദ്ധതിയിട്ടിരുന്നത്. ദീര്‍ഘമായ അനേക വര്‍ഷങ്ങള്‍ അവളെ പിശാച് ബന്ധിച്ചിരുന്നു. ആശയറ്റ, പരിതാപകരമായ അവളുടെ അവസ്ഥ കാരണം അവള്‍ ഒരു മൃഗത്തെപ്പോലെയാണ് ഗമിച്ചിരുന്നത്. പിശാച് അവന്റെ ഇരകളെ ഇപ്രകാരമാണ് ആക്കിത്തീര്‍ക്കുന്നത്. (ലൂക്കോ. 13:11-13). പതിനെട്ടു വര്‍ഷമായി ഈ തെരുവിലൂടെ നടന്നുപോയപ്പോഴൊക്കെ കുട്ടികളുടെ പരിഹാസം അനുഭവിച്ച് അവള്‍ വിലപിച്ചുകാണും. അവള്‍ക്ക് മുകളിലേക്ക് നോക്കുവാന്‍ കഴിവില്ലായിരുന്നു. പക്ഷേ ഒരു വിടുതലിനായി ഹൃദയംകൊണ്ട് അവള്‍ ദൈവത്തെ കാത്തിരുന്നു. മറ്റുളളവര്‍ സഹതാപം കാട്ടുന്ന ഒരുവളായിത്തീര്‍ന്നിരിക്കാം അവള്‍. എന്നാല്‍ ഇതു മൂലവും ഒരാള്‍ക്ക് കരച്ചില്‍ വന്നുപോകും. ചില കുട്ടികള്‍ അവളുടെ വളഞ്ഞു മടങ്ങിയ രൂപം കണ്ട് ഭയന്നുകാണും. പിശാച് അവളുടെ മേല്‍ വരുത്തിവച്ച ഈ ദുഷിച്ച ശാപത്തില്‍നിന്ന് സ്വാതന്ത്ര്യം ലഭിക്കുവാനായി അവള്‍ അനേക രാത്രികള്‍ ദൈവത്തോടു നിലവിളിച്ചുകാണും. ഒടുവില്‍ യേശു വന്ന് അവളെ സ്വതന്ത്രയാക്കിത്തീര്‍ത്തു. പള്ളിയില്‍ വച്ച് യേശു അവളെ കണ്ടിട്ട് മുമ്പിലേക്ക് വിളിക്കുകയും, അത്ഭുതകരമായ വിടുതലിന്റെ വചനം അവളോടു സംസാരിക്കുകയും ചെയ്തു- ”സ്ത്രീയേ, നിന്റെ ബന്ധനം അഴിഞ്ഞിരിക്കുന്നു”. അപ്പോള്‍ അവള്‍ക്ക് നേരെ സ്വര്‍ഗ്ഗത്തിലേക്കു ദൃഷ്ടിയുയര്‍ത്തി അവളെ സ്വതന്ത്രയാക്കിയ പിതാവിനെ സ്തുതിക്കുവാന്‍ സാധിച്ചു.
ഇരുപത് നൂറ്റാണ്ടുകള്‍ കടന്ന് ആ വചനം ഇതാ, നിന്റെ സമീപത്തേക്കും വന്നിരിക്കുന്നു: ”സ്ത്രീയേ, നിന്റെ ബന്ധനം അഴിഞ്ഞിരിക്കുന്നു.” (ലൂക്കോ. 13:12)
പ്രിയ സഹോദരീ, കര്‍ത്താവ് വ്യക്തിപരമായി സംസാരിക്കുന്ന വചനമായി നീ ഇന്ന് ഈ വചനം ഏറ്റെടുക്കുകയില്ലേ? എല്ലാ ബന്ധനങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും നിരാശ, ചീത്ത മനഃസ്ഥിതികള്‍, വൈകാരിക പ്രശ്‌നങ്ങള്‍, ദൂഷ്യഫലങ്ങള്‍ എന്നിവയില്‍നിന്നും നീ ഇപ്പോള്‍ സ്വതന്ത്രയായിരിക്കുന്നു. പിശാച് സ്ത്രീകളെ പീഡിപ്പിക്കുവാനായി യുഗങ്ങളായി കണ്ടുപിടിച്ചുവച്ചിരിക്കുന്ന എല്ലാറ്റില്‍നിന്നും നീ സ്വതന്ത്രയായിരിക്കുന്നു. നിനക്കു ദൈവത്തെ മഹത്വപ്പെടുത്താം. പാരമ്പര്യങ്ങളുടെ ബന്ധനത്തില്‍നിന്നു നീ സ്വതന്ത്രയായിരിക്കുന്നു. നിന്റെ കോപം, കയ്പ്, ക്ഷമിക്കാന്‍ സാധിക്കാത്ത മനോഭാവം, നീരസം എന്നിവയില്‍നിന്ന് നീ സ്വതന്ത്രയായിരിക്കുന്നു. നിയന്ത്രണം വിട്ടുപോകുന്ന നാവില്‍നിന്ന് നീ സ്വതന്ത്രയായിരിക്കുന്നു. ഇത്രകാലം നിന്നെ ബന്ധിച്ച് പീഡിപ്പിച്ചിരുന്ന എല്ലാ പൈശാചിക ശക്തികളില്‍നിന്നും നീ സ്വതന്ത്രയായിരിക്കുന്നു. നീ ഇപ്പോള്‍ നിവര്‍ന്നുനിന്ന് ദൈവത്തെ മഹത്വപ്പെടുത്തുക.
കര്‍ത്താവിനെ ശുശ്രൂഷിക്കുക. സ്വയം തരംതാഴ്ത്തി ചിന്തിച്ചുകൊണ്ട് ഇനി നടക്കേണ്ട കാര്യമില്ല. മറ്റുള്ളവര്‍ നിന്നെ നിന്ദിച്ചാലും അവര്‍ നിന്റെ വില മനസ്സിലാക്കാതിരുന്നാലും നീ ദൈവത്തിനു വിലപ്പെട്ടവളാണ്. ഇന്നു മുതല്‍ നിന്റെ ജീവിതത്തിനുമേല്‍ ദൈവത്തിന്റെ കരമുണ്ട്.
”പിശാച് നിന്റെ മേല്‍ കെട്ടിയ ഓരോ കെട്ടും അഴിക്കാനാണ് ദൈവപുത്രന്‍ വന്നത്.” (1 യോഹ. 3:8 പരാവര്‍ത്തനം)
”പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും” (യോഹ. 8:36)
കൂനിയായ സ്ത്രീയെപ്പറ്റി ” അബ്രഹാമിന്റെ മകള്‍” എന്നാണ് യേശു പറഞ്ഞത്. 1 പത്രൊ. 3:6-ാം വാക്യത്തിന്‍ പ്രകാരം നാമും അബ്രഹാമിന്റെ പുത്രിമാരാണ് – സാറായുടെ പുത്രിമാര്‍ ആണ്. വിശ്വസിച്ച സാറാ നമുക്കൊരു മാതൃകയായിരിക്കുന്നു. ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവള്‍ക്ക് അത്ഭുതകരമായ വിധത്തില്‍ ലഭിച്ചു. വിവാഹാനന്തരം വന്ധ്യയായിക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അവള്‍ വിലപിച്ചുകാണും. വാഗ്ദത്തസന്തതിക്കായി അവള്‍ കാത്തുകാത്തിരുന്നു.ആശ കൈവിട്ടുകളയുവാനുള്ള പരീക്ഷ അനേകതവണ അവള്‍ക്ക് ഉണ്ടായിക്കാണും. ഇന്ന് ഇന്ത്യയിലെ അനേക സ്ഥലങ്ങളില്‍ കാണുന്നതുപോലെ അന്ന് മച്ചിയായിരിക്കുക എന്നത് നാണക്കേടുള്ള കാര്യമായിരുന്നു. അനേകം അമ്മമാര്‍ ഗര്‍വ്വത്തോടെ സാറയെ കളിയാക്കിക്കാണും. മറ്റുള്ളവരില്‍ നിന്നുള്ള വിമര്‍ശനങ്ങളും, കുത്തുവാക്കുകളും അവര്‍ക്കു കേള്‍ക്കേണ്ടിവന്നു. അവള്‍ കൂടാരത്തില്‍ ചെന്ന് ദൈവമുമ്പാകെ കരയുമായിരുന്നു. ദൈവം അവളുടെ കണ്ണുനീര്‍ കണ്ടിട്ട് ഉത്തരമരുളി. അതുകൊണ്ട് കണ്ണീരോടെ അപേക്ഷിക്കുന്നത് നിര്‍ത്തിക്കളയരുത്. ഒരിക്കലും വിശ്വാസം കൈവിട്ടുകളയരുത്, വിശ്വാസിയായ സ്ത്രീയേ, ദൈവം നിനക്കു വേഗത്തില്‍ ഉത്തരമരുളും.
യേശുവിന്റെ കാലില്‍ പരിമളതൈലം പൂശിയ സ്ത്രീയുടെ മനോഹരമായ ഉദാഹരണം എടുത്തുകാണിച്ചുകൊണ്ട് ഉപസംഹരിക്കുന്നതാണ് ഉത്തമം എന്ന് എനിക്കു തോന്നുന്നു. പാപിനിയായ ആ സ്ത്രീ തന്റെ കണ്ണീരുകൊണ്ട് യേശുവിന്റെ പൊടി പിടിച്ച കാലുകള്‍ കഴുകിയിട്ട് താന്‍ കൊണ്ടുവന്ന വെണ്‍കല്‍ ഭരണിയിലെ വില കൂടിയ തൈലം ആ കാലുകളില്‍ പൂശി. (പലസ്തീന്‍ നാട്ടിലെ തെരുവുകളിലൂടെ എനിക്കും നിനക്കുംവേണ്ടി നടന്നു ക്ഷീണിച്ച പാദങ്ങളായിരുന്നു അവ). യേശു അവളുടെ കണ്ണുനീരും മാനസാന്തരവും കണ്ടു. പാപകരമായ ജീവിതം ഉപേക്ഷിക്കുവാനും ദൈവത്താല്‍ സ്വീകരിക്കപ്പെടുവാനുമുള്ള അവളുടെ ആഗ്രഹം യേശു മനസ്സിലാക്കി. അവളുടെ കണ്ണുനീരിനു പിമ്പിലുള്ള കാരണങ്ങള്‍ അവനു മനസ്സിലായി. അത്താഴത്തിനിരുന്ന മതനേതാക്കള്‍ പാപിനിയായി മാത്രമേ അവളെ കണ്ടുള്ളു. അവര്‍ പുറമേയുള്ള കാര്യങ്ങള്‍ മാത്രം കണ്ടു. യേശുവാകട്ടെ അവളുടെ ഹൃദയം കണ്ടു. അവള്‍ക്ക് വളരെയേറെ പാപങ്ങള്‍ ക്ഷമിച്ചുകിട്ടി. അതുകൊണ്ട് അവള്‍ വളരെയധികം സ്‌നേഹിച്ചു. അവളുടെ സ്‌നേഹത്തിന്റെ തെളിവായിരുന്നു അവള്‍ കൊണ്ടുവന്ന വെണ്‍കല്‍ഭരണി. (അവളുടെ ജീവിതത്തിലെ സമ്പാദ്യം കൊണ്ടായിരിക്കും അവള്‍ ആ തൈലം വാങ്ങിയത്). അവള്‍ പരിമളതൈലത്തിന്റെ സൗരഭ്യം പരത്തിയത് ആ ഒരു വീട്ടില്‍ മാത്രമല്ല; സ്വന്തം കഥയിലൂടെ അവള്‍ ഇരുപത് നൂറ്റാണ്ടുകളായി നമ്മെപ്പോലെയുള്ള അനേക സ്ത്രീകളുടെ ഹൃദയങ്ങളിലും സൗരഭ്യം പരത്തിക്കൊണ്ടിരിക്കുകയാണ്.
യേശു അവള്‍ക്ക് പാപക്ഷമയും രക്ഷയും സമാധാനവും നല്കി. അവിടെ അത്താഴവിരുന്നില്‍ അതിഥികളായി വന്നവരോട് അവിടുന്നു പണം കടം കൊടുത്തിരുന്ന ഒരു മനുഷ്യന്റെ കഥ പറഞ്ഞു. ഒരാള്‍ അവനോട് ചെറിയൊരു തുക കടപ്പെട്ടിരുന്നു. മറ്റൊരാള്‍ അവനോടു വലിയ തുക കടംപെട്ടിരുന്നു. അവന്‍ ഇരുവരോടും ക്ഷമിച്ചു.എന്നാല്‍ ”ഈ രണ്ടുപേരില്‍ ആര്‍ കടം കൊടുത്ത മനുഷ്യനെ അധികം സ്‌നേഹിക്കും?” എന്ന് യേശു ചോദിച്ചു. അതിനുശേഷം സ്ത്രീയുടെ നേരെ തിരിഞ്ഞ് അവള്‍ അവിടെയുള്ള ആരേക്കാളും അധികം അവനെ സ്‌നേഹിച്ചു എന്ന് യേശു പറഞ്ഞു. കാരണമെന്തെന്നാല്‍, ”ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു.”
ദൈവരാജ്യം സംബന്ധിച്ച അനേക അത്ഭുതസത്യങ്ങള്‍ ആളുകളെ പഠിപ്പിക്കുവാനായി യേശു പാപികളും കഷ്ടമനുഭവിക്കുന്നവരുമായ സ്ത്രീകളെ ഉപയോഗിച്ചു. ഇന്ന് ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ യേശു മനസ്സിലാക്കുന്നു. നമ്മെ ഉയര്‍ത്തിക്കൊണ്ടുവരുവാനും ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം വിലയേറിയവരാണെന്നുള്ള ബോധവും പ്രത്യാശയും നമുക്കു നല്കുവാനുമായി അവിടുന്നു വന്നിരിക്കുന്നു. അവിടുത്തെ അടുക്കലേക്കു വരുന്ന ആരും ഒരിക്കലും പരിത്യജിക്കപ്പെടുകയില്ല. അവിടുന്നു ഭൂമിയില്‍ ജീവിച്ച കാലത്ത് അവിടുത്തെ അടുത്ത് എന്തെങ്കിലും ആവശ്യവുമായി വന്ന എല്ലാ സ്ത്രീകളേയും അവിടുന്ന് അനുഗ്രഹിച്ചു. അവിടുന്ന് ഇന്നും അങ്ങനെതന്നെയാണ്.
പ്രിയപ്പെട്ട സ്ത്രീജനങ്ങളേ, നാമെല്ലാവരും അധികം ക്ഷമിച്ചുകിട്ടിയവരാണ്. അതുകൊണ്ട് നാം തന്നെ അധികമായി സ്‌നേഹിക്കണം. അവിടുത്തെ അത്ഭുതസത്യങ്ങള്‍ ചുറ്റുപാടുമുള്ള അനേകര്‍ക്ക് കാണിച്ചു കൊടുക്കുവാനായി നമ്മെ ഉപയോഗിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.
അതിനാല്‍, ”(ഇന്ത്യയിലെ) സീയോന്‍പുത്രിയേ, ഉണരുക; നീ ബലം ധരിച്ചുകൊള്‍ക; നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്‍ക. പൊടിയില്‍ നിന്ന് എഴുന്നേല്ക്ക. നിന്റെ കഴുത്തില്‍നിന്ന് അടിമയുടെ ബന്ധനങ്ങളെ അഴിച്ചുകളക. നിന്റെ വെളിച്ചം പ്രകാശിക്കട്ടെ. കര്‍ത്താവിന്റെ തേജസ്സ് നിന്റെമേല്‍ ഉദിച്ചിരിക്കുന്നു.” (യെശ. 52:12; 60:1-ലിവിങ്).