അധ്യായം 1: ദൈവത്തിന് മനുഷ്യനെക്കുറിച്ചുള്ള ഉദ്ദേശ്യം
ഒരു ദാസനെ ആവശ്യമുണ്ടായിരുന്നതുകൊണ്ടല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. തന്റെ സേവനത്തിനായി അവിടുത്തേക്ക് നേരത്തെ തന്നെ കോടിക്കണക്കിനു ദൂതന്മാരുണ്ടായിരുന്നു. എന്നാല്‍ തന്റെ സ്വഭാവവും പ്രകൃതിയും പ്രകടമാക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തില്‍നിന്നാണ് അവിടുന്നു മനുഷ്യനെ സൃഷ്ടിച്ചത്. ഈ സത്യം മറന്നാല്‍ ക്രിസ്തുവിലുള്ള നമ്മുടെ രക്ഷയുടെ പ്രാഥമിക ഉദ്ദേശ്യം ദൈവസേവനമാണെന്നു നാം ചിന്തിച്ചുപോയേക്കാം. ഇതാണ് പല വിശ്വാസികള്‍ക്കും സംഭവിച്ചിട്ടുള്ള തെറ്റ്. ദൈവം ആദാമിനെ സൃഷ്ടിക്കുവാന്‍ തുടങ്ങുമ്പോള്‍ അവിടുത്തെ വാക്കുകള്‍ ”നമ്മുടെ സാദൃശ്യത്തില്‍ നമുക്കു മനുഷ്യനെ സൃഷ്ടിക്കാം” എന്നായിരുന്നുവല്ലോ (ഉല്‍പ. 1:26).
ആദാം പാപം ചെയ്തപ്പോള്‍, വീണുപോയ പാപക്കുഴിയില്‍നിന്നു മനുഷ്യനെ ഉയര്‍ത്തിയെടുക്കുവാനുള്ള പദ്ധതിയും ദൈവം തന്റെ മുന്നറിവില്‍ നേരത്തെ ഒരുക്കിക്കഴിഞ്ഞിരുന്നു. ആദാം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ ക്രിസ്തുവിന്റെ അവതാരവും ക്രൂശിലെ മരണവും ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നു. ക്രിസ്തുവില്‍ നമുക്കായി ഒരുക്കിയ വീണ്ടെടുപ്പിലെ ദൈവിക ഉദ്ദേശ്യം, ദൈവപ്രകൃതി വെളിപ്പെടുത്തുക എന്ന മനുഷ്യനെ ക്കുറിച്ചുള്ള ആദിമലക്ഷ്യം നിറവേറ്റുവാന്‍ സാധിക്കുന്ന സ്ഥിതിയിലേക്കു നമ്മെ തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു.
ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണു നമുക്കു രക്ഷ ലഭിക്കുന്നത്. എന്നാല്‍ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നതു കിസ്തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ദിവ്യവെളിപ്പാടിലാണ്. അത്തരം വിശ്വാസത്തിലൂടെ മാത്രമേ പരിശുദ്ധാത്മാവിനു നമ്മെ ക്രിസ്തുവിന്റെ സ്വരൂപത്തിലേക്കു നയിക്കുവാന്‍ കഴിയൂ. മറിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള ബുദ്ധിപരമോ ഭാഗികമോ ആയ അറിവ് യേശുവിന്റെ കാലത്തെ വേദപണ്ഡിതന്മാരെപ്പോലെതന്നെ നമ്മെയും അന്ധരാക്കിത്തീര്‍ക്കും. നസറേയനായ യേശുവിനുണ്ടായിരുന്നതില്‍നിന്നു വ്യത്യസ്തസ്വഭാവങ്ങളുള്ള വേറൊരു ക്രിസ്തുവിനെ അന്വേഷിക്കുന്നതിലേക്കാണല്ലോ അവരുടെ വേദപരിജ്ഞാനം അവരെ നയിച്ചത്.
പിതാവിനോടു തുല്യനിലയില്‍ ദൈവമായിരിക്കെ തന്നെത്താന്‍ ഒഴിച്ചു മനുഷ്യനായിത്തീര്‍ന്ന ഒരുവനാണ് ബൈബിളില്‍ കാണുന്ന യേശു (ഫിലി. 2:6,7).
ഇവിടെ സത്യം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. യേശു നമ്മുടെ ജഡത്തില്‍ വന്നപ്പോഴും തന്റെ വ്യക്തിത്വത്തില്‍ ദൈവം തന്നെയായിരുന്നു. ദൈവത്തിന് ഒരിക്കലും ദൈവം അല്ലാതായിത്തീരുവാന്‍ സാധ്യമല്ലല്ലോ. തന്റെ ഐഹിക ജീവിതകാലത്തും യേശു ദൈവമായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവ് അവിടുന്ന് ആരാധന സ്വീകരിച്ചു എന്നതാണ്. മനുഷ്യര്‍ അവിടുത്തേക്കു നല്‍കിയ ആരാധന താന്‍ സ്വീകരിച്ചു എന്നു സുവിശേഷങ്ങളില്‍ ഏഴുപ്രാവശ്യം നാം കാണുന്നുണ്ട് (മത്താ.8:2;9:18;14:33;15:25;20:20; മര്‍ക്കോ. 5:6;യോഹ.9:38). ദൈവദൂതന്മാരും ദൈവഭയമുള്ള മനുഷ്യരും ആരാധന ഒരിക്കലും സ്വീകരിക്കുകയില്ല (അപ്പോ. 10:25,26;വെളി. 22:8,9). എന്നാല്‍ യേശു ദൈവപുത്രനായിരുന്നതുകൊണ്ട് അതു സ്വീകരിച്ചു.
അവിടുന്നു തന്നെത്താന്‍ ഒഴിച്ചത് എന്താണ്? ദൈവമെന്ന നിലയിലുള്ള തന്റെ പ്രത്യേക അവകാശങ്ങള്‍ മാത്രം. രണ്ട് ഉദാഹരണങ്ങള്‍ നോക്കാം: ദൈവത്തിനു പരീക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല എന്നു നമുക്കറിയാം (യാക്കോ. 1:13). എന്നാല്‍ യേശു പരീക്ഷിക്കപ്പെട്ടു എന്ന് ദൈവവചനം പറയുന്നു (മത്താ. 4:1-11). ദൈവം സകലവും അറിയുന്നവനാണ് എന്നും നമുക്കറിയാം. എന്നാല്‍ ഒരിക്കല്‍ ഒരു അത്തിവൃക്ഷത്തിന്റെ അരികില്‍ ചെന്നിട്ടുമാത്രമേ അതില്‍ ഫലമുണ്ടോ എന്നു മനസ്സിലാക്കുവാന്‍ യേശുവിനു സാധിച്ചുള്ളു എന്ന് ദൈവവചനം പറയുന്നുണ്ട് (മര്‍ക്കോ. 11:13). തന്റെ രണ്ടാം വരവിന്റെ സമയം തനിക്കറിവില്ല എന്നു യേശു ഒരിക്കല്‍ പറയുകയുണ്ടായി (മര്‍ക്കോ. 13:32).
നമ്മുടെപോലെയുള്ള ജഡത്തില്‍ ഈ ഭൂമിയില്‍ നടന്നിരുന്ന കാലത്തു ദൈവമെന്ന നിലയിലുള്ള പ്രത്യേക അവകാശങ്ങള്‍ യേശു തന്നെത്താന്‍ ഒഴിച്ചിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമാണ്. ”വചനം ദൈവമായിരുന്നു .. വചനം ജഡമായിത്തീര്‍ന്നു” (യോഹ. 1:1,14). ക്രിസ്തുവെന്ന വ്യക്തിയെ ക്കുറിച്ചുള്ള ഈ രണ്ടു സത്യങ്ങള്‍ – അവിടുത്തെ ദൈവികത്വവും മനുഷ്യത്വവും – ഒരുപോലെ തന്നെ വിശ്വസിച്ചാല്‍ മാത്രമേ ദുരുപദേശം ഒഴിവാക്കുവാന്‍ സാധിക്കുകയുള്ളു.
ദൈവവചനത്തിലെ ഏതെങ്കിലുമൊരു സത്യം അവഗണിച്ചാല്‍ ആത്മീയനഷ്ടം ഒഴിവാക്കുവാന്‍ സാധ്യമല്ല. നമ്മുടെ അറിവിലും ശുശ്രൂഷയിലും ക്രിസ്തുവിന്റെ ദൈവികത്വത്തിനും മനുഷ്യത്വത്തിനും തുല്യപ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ നാം അപൂര്‍ണ്ണനായ ഒരു ക്രിസ്തുവില്‍, അഥവാ തിരുവെഴുത്തില്‍ കാണപ്പെടുന്നതല്ലാത്ത ‘മറ്റൊരു യേശു’വില്‍, വിശ്വസിക്കുന്നവരായിത്തീരും. നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും ഇതിനനുസരിച്ചുള്ള നഷ്ടം ഉണ്ടാകുകയും ചെയ്യും. ക്രിസ്തുവിനെ ദൈവമായി ആരാധിക്കുവാന്‍ മാത്രമല്ല, മനുഷ്യനെന്ന നിലയില്‍ അനുഗമിക്കുവാന്‍ കൂടിയാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്.
യേശു തന്റെ മരണത്തിലൂടെ നമ്മെ വീണ്ടെടുക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നു ദൈവം ഉദ്ദേശിച്ചിരുന്നുവോ അതു തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തു. അവിടുന്നു നമ്മുടെ രക്ഷകന്‍ മാത്രമല്ല, നമ്മുടെ മുന്നോടിയുമാണ് (എബ്രാ. 6:20). എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ പൂര്‍ണ്ണമായി അനുസരിച്ചു ജീവിക്കുന്നതിന്റെ ഒരു മാതൃകയാണ് അവിടുന്നു നമുക്കു നല്‍കിയിരിക്കുന്നത്.
പാപക്ഷമയും ആത്മനിറവും ദൈവം നല്‍കിയിട്ടുള്ള എല്ലാ കൃപകളും ഒരേയൊരു ലക്ഷ്യത്തിലേക്കു നമ്മെ നയിക്കണമെന്നാണ് അവിടുത്തെ ഉദ്ദേശ്യം. നാം അവിടുത്തെ പുത്രന്റെ സ്വരൂപത്തോട് അനുരൂപരായിത്തീരണമെന്നതാണ് ഈ ലക്ഷ്യം. മനുഷ്യനെ യേശുവിനെപ്പോലെയാക്കി ത്തീര്‍ക്കുക എന്ന ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യത്തിന്റെ വെളിച്ചത്തില്‍ മാത്രമേ ദൈവവചനത്തിലുള്ള എല്ലാ ഉപദേശങ്ങളും ശരിയായി മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു.
പരിശുദ്ധാത്മാവിന്റെ മുഖ്യശുശ്രൂഷയെ ദ്വിമുഖമായ വിധത്തില്‍ വിവരിച്ചിരിക്കുന്നു: ”ഒരു കണ്ണാടിയിലെന്നപോലെ നാം കര്‍ത്താവിന്റെ തേജസ്സു കാണുകയും ആത്മാവിനാല്‍ അതേ സ്വരൂപത്തിലേക്കു തേജസ്സില്‍നിന്നു തേജസ്സിലേക്കു രൂപാന്തരപ്പെടുത്തപ്പെടുകയും ചെയ്യുന്നു” (2 കൊരി. 3:18 NASB). പരിശുദ്ധാത്മാവു തുടര്‍ച്ചയായി കര്‍ത്താവായ യേശുവിന്റെ തേജസ്സിനെ നമുക്കു തിരുവെഴുത്തില്‍ (കണ്ണാടി) കാണിച്ചുതരുവാനും ആ സ്വരൂപത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുവാനും ശ്രമിക്കുന്നു.
പിതാവായ ദൈവവും തന്റെ പരമാധികാരമുപയോഗിച്ച് ഇതേ ലക്ഷ്യത്തിലേക്കാണ് നമ്മുടെ എല്ലാ സാഹചര്യങ്ങളേയും ക്രമീകരിച്ചിരിക്കുന്നത്. ”തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ദൈവം എല്ലാം ചേര്‍ത്തു നന്മയ്ക്കായി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. ….നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവരെ തന്റെ പുത്രന്റെ സ്വരൂപത്തിന് അനുരൂപരാകുവാന്‍ മുന്നിയമിക്കുകയും ചെയ്തിരിക്കുന്നു” (റോമര്‍ 8:28,29 NASB). നമ്മുടെ ജീവിതത്തിലെ ഓരോ സംഭവവും സാഹചര്യവും നമ്മെ യേശുവിനോട് അല്പംകൂടി അനുരൂപരാക്കണം എന്നാണു ദൈവോദ്ദേശ്യം. നാം യേശുവിനെപ്പോലെയായിത്തീരണം എന്ന ഒരേ ലക്ഷ്യം വച്ചാണ് സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പിതാവും നമ്മുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു നാം കാണുന്നു.
കര്‍ത്താവിന്റെ സ്വഭാവത്തില്‍ നാം കൂടുതലായി പങ്കാളികളാകുന്തോറും കൂടുതല്‍ അവിടുന്നു ജീവിച്ചതുപോലെ ഈ ഭൂമിയില്‍ നാം ജീവിക്കുവാനിടയാകും. ഇതാണ് ആത്മനിറവുള്ള ജീവിതം.
യേശു ഭൂമിയിലേക്കു വന്നത് ഒരു മാലാഖയെപ്പോലെയല്ല, മറിച്ച് നമ്മെ പ്പോലെയായിരുന്നു. ബൈബിള്‍ പറയുന്നത്, ”സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീര്‍ന്നു” എന്നാണ് (എബ്രാ. 2:17). (തന്റെ സഹോദരന്മാര്‍ തന്റെ ശിഷ്യന്മാരാണ് – മത്താ. 12:50). അവിടുന്നു സകലത്തിലും നമുക്ക് (അവിടുത്തെ ശിഷ്യന്മാര്‍) സദൃശനായിത്തീര്‍ന്നിരുന്നില്ലെങ്കില്‍ നമുക്കൊരു ദൃഷ്ടാന്തമാകുവാന്‍ അവിടുത്തേക്കു സാധിക്കുമായിരുന്നില്ല. ”എന്നെ അനുഗമിക്ക” എന്ന് നമ്മോടു കല്പിക്കുവാനും അവിടുത്തേക്കു കഴിയുമായിരുന്നില്ല. ഭൂമിയുടെ ആകര്‍ഷണശക്തി അനുഭവപ്പെടാത്ത മാലാഖയ്ക്ക് നമ്മെ നീന്തല്‍ പഠിപ്പിക്കുവാന്‍ സാധിക്കാത്തതുപോലെ നമ്മുടെ പരിമിതികളില്ലാത്ത ഒരുവനു നമ്മുടെ മുന്നോടിയായിരിപ്പാന്‍ സാധ്യമല്ലല്ലോ.
താന്‍ പിന്തുടര്‍ന്നതുപോലെ ക്രിസ്തുവിനെ പിന്തുടരുവാന്‍ പൗലോസ് നല്‍കിയ പ്രബോധനവും അങ്ങനെയെങ്കില്‍ അര്‍ത്ഥശൂന്യമായിത്തീരും. കാരണം, യേശു ജീവിച്ചതുപോലെ ജീവിക്കുവാന്‍ പൗലോസിനും സാധിക്കുമായിരുന്നില്ല. ഇപ്രകാരം ക്രിസ്തുവിന്റെ ജീവിതം പിന്തുടരുവാന്‍ സാധിക്കാത്തതും അഭിനന്ദിക്കുവാന്‍ മാത്രം ഉതകുന്നതുമായ ഒന്നായിത്തീരും. എന്നാല്‍ യേശു നമ്മുടേതുപോലെയുള്ള ജഡത്തില്‍ വന്ന് അതിന്റെ എല്ലാ പരിമിതികളും സ്വീകരിച്ചു നമുക്കു പിന്തുടരുവാന്‍ ഒരു മാതൃക വച്ചിട്ടു പോയതിനാല്‍ നമുക്കു ദൈവത്തെ സ്തുതിക്കാം. വിശുദ്ധവും നിര്‍മ്മലവുമായ ഒരു ജീവിതം യേശു മനുഷ്യനെന്ന നിലയില്‍ ജീവിച്ചതിനാല്‍ അവിടുത്തെപ്പോലെ നമുക്കും നടക്കുവാന്‍ കഴിയും. കഴിയാതിരിപ്പാന്‍ യാതൊരു കാരണവുമില്ല (1 യോഹ. 2:6). നാം മനുഷ്യരെന്ന നിലയില്‍ ബലഹീനരാകയാല്‍ മനുഷ്യനെന്ന നിലയില്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ യേശുവിനു കൊടുത്ത അതേ പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കും നല്‍കാന്‍ ദൈവം ഒരുക്കമാണ്.
യേശുവിനെ സ്‌നേഹിച്ചതുപോലെ ദൈവം നമ്മെയും സ്‌നേഹിക്കുന്നതിനാല്‍ അവിടുന്നു യേശുവിനു കൊടുത്തതെല്ലാം നമുക്കും സന്തോഷത്തോടെ തരും (യോഹ. 17:23). എന്നാല്‍ അവിടുത്തെ ശക്തി വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളു (എഫേ. 1:19). അതുകൊണ്ടു ദൈവവചനത്തിലുള്ള വിശ്വാസക്കുറവാണ് ഇന്നത്തെ വിശ്വാസികള്‍ പാപത്തിനും സാത്താനുമെതിരേ കഴിവില്ലാത്തവരും ശക്തിയറ്റവരുമായിരിക്കുന്നതിന്റെ കാരണം.
”പാപം ചെയ്തിട്ടില്ലാത്ത അവിടുത്തെ കാല്‍ച്ചുവടുകള്‍ പിന്തുടരുക” (1പത്രോ. 2:21,22) എന്ന കല്പനയ്‌ക്കെതിരേ സാത്താന്‍ കൊണ്ടുവരുന്ന ഒഴികഴിവ് നാം മനുഷ്യരാകയാല്‍ ഇടയ്ക്കിടെ പാപം ചെയ്യാതിരിപ്പാന്‍ സാധ്യമല്ല എന്നാണ്. എന്നാല്‍ യേശു നമ്മുടെ ജഡത്തില്‍ വരികയും പാപം ചെയ്യാതിരിക്കയും ചെയ്തു എന്നു നാം മനസ്സിലാക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നു:
- പാപത്തെ സംബന്ധിച്ച് നമുക്ക് ഒഴികഴിവില്ലാതെ വരും.
- യേശുവിനെപ്പോലെ നമുക്കും പാപത്തിന്മേലുള്ള ജയത്തില്‍ ജീവിക്കാം
എന്ന വിശ്വാസം നമുക്കു ലഭിക്കും.
നിങ്ങള്‍ ഈ പുസ്തകത്തില്‍ തിരുവെഴുത്തിലുള്ള സത്യങ്ങള്‍ വായിക്കുമ്പോള്‍ പൗലോസിനെപ്പോലെ എന്റെയും പ്രാര്‍ത്ഥന: ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെ (ക്രിസ്തുവിനെ) ക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരട്ടെ” (എഫേ. 1:17;3:16) എന്നാണ്.
ക്രിസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നതിലൂടെ മാത്രമേ നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തി അറിയുവാന്‍ സാധിക്കുകയുള്ളു. ആത്മനിറവുള്ള ഒരു മനുഷ്യന്റെ പരിപൂര്‍ണ്ണദൃഷ്ടാന്തമാണ് യേശു. അവിടുന്ന് ഈ ഭൂമിയില്‍ എങ്ങനെയാണു ജീവിച്ചതെന്നു മനസ്സിലാക്കുമ്പോള്‍ ആത്മനിറവുള്ള ഒരു ജീവിതത്തിന്റെ പ്രത്യേകതകള്‍ എന്താണെന്നു നമുക്കു വ്യക്തമായി അറിയുവാന്‍ കഴിയും.
അധ്യായം 2 : താഴ്മയില്‍ ജീവിക്കുന്നത്
ദൈവം സൃഷ്ടിച്ച വസ്തുക്കളുടെ അനന്തമായ വൈചിത്ര്യത്തില്‍ ഈ ലോകത്ത് ദൈവികമഹത്വം വീക്ഷിക്കുവാന്‍ നമുക്കു സാധിക്കും (സങ്കീ. 19:1). മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവിധം വിസ്തൃതമാണ് പ്രപഞ്ചം. ശൂന്യാകാശത്തിലുടനീളം, കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങളുടെ അകലത്തിലായി നക്ഷത്രവ്യൂഹങ്ങള്‍ ചിതറിക്കിടക്കുന്നു. അതേ സമയം ഈ വിശാലമായ പ്രപഞ്ചത്തിലെ ഓരോ കണികയും നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത അണുക്കളാല്‍ നിര്‍മ്മിതമായിരിക്കുന്നു. ഈ ചെറിയ അണുക്കളിലാകട്ടെ, അനേകം ഇലക്‌ട്രോണുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ ദൈവം എത്ര വലിയവന്‍!
എന്നാല്‍ യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലുള്ള ഈ അദ്ഭുതങ്ങളിലല്ല അവന്‍ പ്രാഥമികമായി ദൈവമഹത്വം ദര്‍ശിക്കുന്നത്. വീണുപോയ നമ്മുടെ വര്‍ഗ്ഗത്തോട് ഏകീഭവിക്കുന്നതിനുവേണ്ടി തന്നെത്താന്‍ ഒഴിച്ചു നമ്മുടെ ജഡത്തില്‍ വന്നവനായ ദൈവപുത്രന്റെ താഴ്മയിലാണ് ഒരു ക്രിസ്തുശിഷ്യന്‍ ദൈവമഹത്വം കാണുന്നത്.
”വചനം ജഡമായിത്തീര്‍ന്നു; കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സു പിതാവില്‍നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” (യോഹ. 1:14). ‘സൃഷ്ടിയില്‍ കാണപ്പെടുന്ന തേജസ്സിനെ നിഷ്പ്രഭമാക്കുന്ന ഒരുജ്ജ്വലതേജസ്സ്’ എന്ന് നമുക്ക് അതിനോട് കൂട്ടിച്ചേര്‍ക്കാം.
സ്വര്‍ഗ്ഗത്തിലെ മഹാരാജാവു നമ്മില്‍ ഒരുവനെപ്പോലെ നമ്മുടെ ജഡത്തില്‍ വന്നു നമ്മുടെയിടയില്‍ വസിച്ചു. ഏതോ ഔദാര്യം കാണിക്കുന്നു, അല്ലെങ്കില്‍ സഹായം ചെയ്യുന്നു എന്ന മനോഭാവത്തോടെയല്ല. മറിച്ച് യഥാര്‍ത്ഥ താഴ്മയില്‍, സകലത്തിലും നമ്മോട് ഏകീഭവിച്ചവനായി, അവിടുന്നു വന്നു.
യേശുക്രിസ്തു ചെയ്ത മഹത്തായ അദ്ഭുതപ്രവൃത്തികളെ അപേക്ഷിച്ച് അവിടുത്തെ മഹത്വം നാം ഏറെക്കാണുന്നത് ഈ താഴ്മയിലാണ്. അവിടുത്തെ താഴ്മയുടെ മഹത്വമാണ് പരിശുദ്ധാത്മാവ് ആദ്യമായി നമ്മെ കാണിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഈ മേഖലയിലാണു നാം യേശുവിന്റെ കാല്‍ച്ചുവടുകള്‍ പ്രാഥമികമായി പിന്‍തുടരേണ്ടതും.
ഭൂമിയില്‍ ഒരു മനുഷ്യനെന്ന നിലയില്‍ വിശുദ്ധിയും സ്‌നേഹവും നിറഞ്ഞ ജീവിതം നയിക്കുന്നതിനു മുമ്പുതന്നെ യേശു തന്നെത്താന്‍ താഴ്ത്തി. അതായിരുന്നു ആദ്യത്തെ പടി. തേജസ്സിലേക്കുള്ള നമ്മുടെ ആദ്യത്തെ ചുവടും അതുതന്നെ.
യേശു ഭൂമിയിലേക്കു വരുന്നതിന് അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പെ, പരിജ്ഞാനത്തിലും സൗന്ദര്യത്തിലും തികഞ്ഞവനായി ദൈവം ഒരു ദൂതനെ സൃഷ്ടിച്ചു – ലൂസിഫര്‍. ദൈവദൂത സമൂഹത്തിന്റെ തലവനായി തന്നെ ദൈവം അവനെ നിയമിച്ചു. അവന്റെ ഉള്ളില്‍ അഹംഭാവം പൊങ്ങിവന്നപ്പോള്‍ തനിക്കു ലഭിച്ച സ്ഥാനംകൊണ്ടു തൃപ്തനാകാതെ ഉന്നതപദവിയിലേക്കു പോകുവാനും തന്നെത്തന്നെ ഉയര്‍ത്തുവാനുമാണ് അവന്‍ ശ്രമിച്ചത് (യെഹെ. 28:11-17; യെശ. 14:12-15). അവന്‍ ഇപ്രകാരം ദൈവത്തിന്റെ സൃഷ്ടിയുടെ ഇടയില്‍ പാപം കൊണ്ടു വന്നു. ദൈവം ഉടന്‍തന്നെ അവനെ താഴേക്ക് എറിഞ്ഞുകളയുകയും അവന്‍ സാത്താനായി മാറുകയും ചെയ്തു. ആകയാല്‍ സര്‍വ്വലോകത്തിലുമുള്ള എല്ലാ പാപത്തിന്റെയും ദുഷ്ടതയുടെയും മൂലകാരണം അഹംഭാവമാണെന്നു തെളിയുന്നു.
ആദാം പാപം ചെയ്തപ്പോള്‍ നരകത്തിലെ നിഗളം അവനെയും ബാധിച്ചു. നിഗളമെന്ന ഈ ബാധയോടുകൂടിയാണ് ആദാമിന്റെ ഓരോ സന്തതിയും ഇപ്പോള്‍ ജനിക്കുന്നത്.
മനുഷ്യനെ ഈ വിഷബാധയില്‍നിന്നു വീണ്ടെടുക്കുവാനായി യേശു തന്നെത്താന്‍ താഴ്ത്തി. പാപം ലൂസിഫറിന്റെ നിഗളത്തില്‍നിന്നുദ്ഭവിച്ചതുപോലെ നമ്മുടെ വീണ്ടെടുപ്പ് യേശു തന്നെത്താന്‍ താഴ്ത്തിയതു നിമിത്തമാണു സാധ്യമായത്. ക്രിസ്തുവിന്റെ താഴ്മ നമുക്കെത്രമാത്രമുണ്ടോ അത്രമാത്രമേ നമുക്ക് അവിടുത്തെ മനസ്സും ലഭിച്ചിട്ടുള്ളു. നമ്മുടെ ആത്മീയവളര്‍ച്ചയുടെ തെറ്റിക്കൂടാത്ത അളവുകോല്‍ ഇതുമാത്രമാണ്.
സ്വര്‍ഗ്ഗീയമഹത്വത്തില്‍നിന്നു ഭൂമിയിലേക്കുള്ള യേശുവിന്റെ ഇറങ്ങിവരവു തന്നെ താഴ്മയുടെ ആശ്ചര്യകരമായ ഒരു പ്രദര്‍ശനമാകുന്നു. എന്നാല്‍ ഇതുകൊണ്ടു തൃപ്തിയാകാതെ ”ഒരു മനുഷ്യനെന്ന നിലയിലും അവിടുന്നു തന്നെത്താന്‍ താഴ്ത്തി” എന്നാണു നാം വായിക്കുന്നതു് (ഫിലി. 2:8). ”സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശ്യനായി”ത്തീര്‍ന്ന ശേഷം (എബ്രാ. 2:17) മറ്റെല്ലാ മനുഷ്യര്‍ക്കും ഒപ്പം ദൈവമുമ്പാകെ യേശു നിലകൊണ്ടു. ദൈവം എല്ലാമായിത്തീരേണ്ടതിന് അവിടുന്ന് ഒന്നുമല്ലാതായിത്തീര്‍ന്നു. ഇതാണ് യഥാര്‍ത്ഥ താഴ്മ.
ലൗകികമായ മഹത്വവും ശ്രേഷ്ഠതയും അളക്കുന്നത് ഒരു വ്യക്തിയുടെ സ്ഥാനം, ധനം, നേട്ടങ്ങള്‍, കുടുംബമഹിമ ആദിയായവ കൊണ്ടാണ്. എന്നാല്‍ യേശുവില്‍ കാണപ്പെട്ട ദൈവമഹത്വം ഇവയില്‍നിന്ന് എത്ര വ്യത്യസ്തമാണ്!
താന്‍ ഏതു കുടുംബത്തില്‍ ജനിക്കണം എന്നു തിരഞ്ഞെടുക്കുവാനുള്ള അവസരമുണ്ടായിരുന്ന ഒരേ ഒരു വ്യക്തി യേശുവായിരുന്നു. നമുക്കാര്‍ക്കും ആ ഒരു തിരഞ്ഞെടുപ്പു സാധ്യമായിരുന്നില്ല. എന്നാല്‍ ഏതു കുടുംബമാണ് യേശു തിരഞ്ഞെടുത്തത്? ”അവിടെനിന്ന് എന്തെങ്കിലും നന്മ വരുമോ” എന്ന് ആളുകള്‍ സംശയിച്ചിരുന്ന ചെറുപട്ടണമായ നസറെത്തിലെ അറിയപ്പെടാത്ത ഒരു ആശാരിയുടെ കുടുംബം! (യോഹ. 1:46). യോസേഫിന്റെയും മറിയയുടെയും ദാരിദ്ര്യം നിമിത്തം ദൈവത്തിന് ഒരു കുഞ്ഞാടിനെ യാഗമായി അര്‍പ്പിക്കുവാന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല (ലൂക്കോ. 2:22-24;ലേവ്യ. 12:8).
മാത്രമല്ല, താന്‍ ഏതു ചുറ്റുപാടില്‍ ജനിക്കണം എന്നു തിരഞ്ഞെടുക്കുവാന്‍ കഴിവുണ്ടായിരുന്ന ഒരേ ഒരു വ്യക്തിയും യേശു മാത്രമായിരുന്നു. താന്‍ ജനിക്കേണ്ട സ്ഥലം കൃത്യമായി തിരഞ്ഞെടുക്കുവാന്‍ അവസരമുണ്ടായിരുന്ന അവിടുന്ന് ഏതു സ്ഥലമാണു തിരഞ്ഞെടുത്തത്? ഒരു എളിയ കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടി!
ഇനിയും യേശു തന്നെത്താന്‍ തിരഞ്ഞെടുത്ത കുടുംബശൃംഖല നോക്കുക. മത്താ. 1:3-6 -ല്‍ നല്‍കിയിരിക്കുന്ന യേശുവിന്റെ കുടുംബ ചരിത്രത്തില്‍ നാലു സ്ത്രീകളുടെ പേരുണ്ട്. അതിലൊന്നു തന്റെ അമ്മാവിയപ്പന്‍ യെഹൂദായുമായുള്ള വ്യഭിചാരത്തിലൂടെ ഒരു മകനുണ്ടായ താമാരാണ്. രണ്ടാമതൊരുവള്‍ യെരീഹോയിലെ കുപ്രസിദ്ധയായ വേശ്യ രഹാബ്. മൂന്നാമത്തവള്‍ ലോത്തും സ്വന്ത മകളും തമ്മിലുണ്ടായ വ്യഭിചാരത്തിന്റെ ഫലമായി ജനിച്ച മോവാബിന്റെ വംശത്തിലുള്ള രൂത്ത്. നാലാമത്തവള്‍ ഊരിയാവിന്റെ ഭാര്യയായിരിക്കെ ദാവീദ് വ്യഭിചാരം ചെയ്ത ബെത്ത്‌ശേബാ.
എന്തുകൊണ്ടാണ് യേശു ഇത്ര മോശമായ ഒരു വംശാവലിയില്‍ ജനിക്കുവാനായി തിരഞ്ഞെടുത്തത്? ആദാമിന്റെ വീണുപോയ വര്‍ഗ്ഗത്തോടു പൂര്‍ണ്ണമായി ഏകീഭവിക്കുവാനാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. ഇവിടെ നാം അവിടുത്തെ താഴ്മ കാണുന്നു. കുടുംബത്തിന്റെയോ കുടുംബ പാരമ്പര്യത്തിന്റെയോ പുകഴ്ചയൊന്നും അവിടുന്ന് ആഗ്രഹിച്ചില്ല.
യേശു സ്വയം മനുഷ്യനുമായി പൂര്‍ണ്ണമായി ഏകീഭവിച്ചു. വര്‍ഗ്ഗം, കുടുംബം, സ്ഥാനമാനങ്ങള്‍ ഇത്യാദികള്‍ക്കതീതമായി സര്‍വമാനവര്‍ക്കുമുള്ള സമത്വത്തില്‍ അവിടുന്നു വിശ്വസിച്ചു. അതുകൊണ്ടു സമൂഹത്തിലെ ഏറ്റവും ചെറിയവരും താണവരും ആയവരില്‍ ഒരുവനായി താന്‍ തീര്‍ന്നു. എല്ലാവരുടെയും ദാസനായിത്തീരേണ്ടതിന് ഏവര്‍ക്കും താഴെയുള്ള സ്ഥാനം അവിടുന്നു സ്വീകരിച്ചു. മറ്റുള്ളവരുടെ താഴ്ന്ന നിലയിലേക്ക് ഇറങ്ങിച്ചെല്ലുന്നവനു മാത്രമേ അവരെ ഉയര്‍ത്തിയെടുക്കുവാന്‍ സാധിക്കൂ. യേശുവും ഇങ്ങനെയായിരുന്നു വന്നത്.
നമ്മുടെ മനസ്സിന്റെ നവീകരണത്തിലൂടെയാണ് പരിശുദ്ധാത്മാവു നമ്മെ രൂപാന്തരപ്പെടുത്തുന്നത് (റോമര്‍ 12:1). ക്രിസ്തുവിലുള്ള യഥാര്‍ത്ഥ താഴ്മയുടെ വിത്തു നമ്മുടെ ചിന്തകളിലാണു വിതയ്ക്കപ്പെടുന്നത്. നമ്മുടെ പ്രവൃത്തികളോ, മറ്റുള്ളവരുടെ മുമ്പാകെയുള്ള പെരുമാറ്റമോ അല്ല, നേരേമറിച്ചു നാം തനിയെ ആയിരിക്കുമ്പോഴുള്ള നമ്മുടെ ചിന്തകളാണ് – നമ്മെക്കുറിച്ചു തന്നെയും, മറ്റുള്ളവരോടു താരതമ്യപ്പെടുത്തിയും ഉള്ള ചിന്തകള്‍ – നാം ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപമായി രൂപാന്തരപ്പെടുന്നുണ്ടോ ഇല്ലയോ എന്നു നിര്‍ണ്ണയിക്കുന്നത്.
നമ്മുടെ ചിന്തകളില്‍ നാം ശരിക്കും ചെറിയവരായി കാണപ്പെടുന്നുണ്ടെ ങ്കില്‍ മാത്രമേ, നമുക്കു ‘മറ്റുള്ളവരെ നമ്മെക്കാളും പ്രധാനപ്പെട്ടവരായും’ (ഫിലി. 2:3 English NASB) നമ്മെത്തന്നെ ‘സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവരായും’ (എഫെ. 3:8) കാണുവാന്‍ കഴിയൂ.
യേശുവിന്റെ ജീവിതം ഇവ്വിധമായിരുന്നു. അവിടുന്നു തന്നെത്തന്നെ ഒരു മനുഷ്യനായും തന്റെ പിതാവിന്റെ മുമ്പാകെ ഒരു ഒഴിഞ്ഞ പാത്രമായും കണക്കാക്കി. തന്നിമിത്തം, പിതാവിന്റെ മഹത്വം യേശുവിലൂടെ അതിന്റെ സകല സമ്പൂര്‍ണ്ണതയിലും വിളങ്ങുവാന്‍ ഇടയായി.
പിതാവിന്റെ മുമ്പാകെ ഒന്നുമില്ലായ്മയുടെ മനോഭാവം സ്വീകരിച്ചിരുന്നതിനാല്‍, പിതാവു തനിക്കായി ഒരുക്കിയ സാഹചര്യങ്ങള്‍ക്കെല്ലാം സന്തോഷത്തോടെ കീഴടങ്ങുവാനും പിതാവിന്റെ കല്പനകളെല്ലാം പൂര്‍ണ്ണഹൃദയത്തോടെ അനുസരിക്കുവാനും അവിടുത്തേക്കു സാധിച്ചു.
”തന്നെത്താന്‍ താഴ്ത്തി മരണത്തോളം…. അനുസരണമുള്ളവനായിത്തീര്‍ന്നു” (ഫിലി. 2:8).
ദൈവത്തോടുള്ള പൂര്‍ണ്ണ അനുസരണമാണു യഥാര്‍ത്ഥ താഴ്മയുടെ ലക്ഷണം. ഇതിനെക്കാള്‍ വ്യക്തമായ മറ്റൊരു അളവുകോലും ഇല്ലതന്നെ.
മുപ്പതുവര്‍ഷം യേശു അപൂര്‍ണ്ണരായിരുന്ന വളര്‍ത്തപ്പനും മാതാവിനും കീഴടങ്ങി ജീവിച്ചു. അതായിരുന്നു തന്റെ പിതാവിന്റെ ഹിതം. അവിടുത്തേക്കു യോസേഫിനെയും മറിയയെയും അപേക്ഷിച്ചു ധാരാളം അറിവുണ്ടായിരുന്നു. എങ്കിലും അവിടുന്ന് അവര്‍ക്കു കീഴടങ്ങി.
തങ്ങളെക്കാള്‍ ബുദ്ധിപരമായും ആത്മീയമായും താണനിലയിലുള്ളവര്‍ക്കു കീഴടങ്ങുവാന്‍ മനുഷ്യര്‍ക്ക് ഒട്ടും എളുപ്പമല്ല. എന്നാല്‍ യഥാര്‍ത്ഥ താഴ്മയ്ക്ക് ഇതൊരു പ്രശ്‌നമേയല്ല. താന്‍ ആരുമല്ല എന്നു സ്വയം ആത്മാര്‍ത്ഥമായി കരുതുന്ന ഒരുവനു ദൈവം തന്റെ മേല്‍ നിയമിച്ചാക്കുന്ന ആര്‍ക്കും കീഴടങ്ങുന്നതിനു യാതൊരു പ്രയാസവുമുണ്ടാവുകയില്ല.
സാധാരണയായി അധികമാരും വിലമതിക്കാത്ത ഒരു തൊഴില്‍ – ആശാരിപ്പണി – ആയിരുന്നു യേശു തിരഞ്ഞെടുത്തത്. അതിനുശേഷം അവിടുന്നു പരസ്യ ശുശ്രൂഷ ആരംഭിക്കുമ്പോള്‍ തന്റെ പേരിനു മുമ്പോ പിമ്പോ ചേര്‍ക്കുവാന്‍ സ്ഥാനപ്പേരുകള്‍ ഒന്നും ഇല്ലായിരുന്നു. അവിടുന്നു ‘പാസ്റ്റര്‍ യേശു’വോ ‘റവറണ്ട് ഡോക്ടര്‍ യേശു’വോ ഒന്നും ആയിരുന്നില്ല. താന്‍ സേവിക്കുവാന്‍ വന്ന സാധാരണ മനുഷ്യരുടെ മുമ്പില്‍ തന്നെ ഉയര്‍ത്തിക്കാണിക്കുന്ന ലൗകികപദവിയോ സ്ഥാനപ്പേരോ ഒന്നും അവിടുന്ന് ആഗ്രഹിച്ചില്ല, അന്വേഷിച്ചതുമില്ല. കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
ഒരിക്കല്‍ ജനം യേശുവിന്റെ ചുറ്റും കൂടിയിട്ടു തന്നെ രാജാവാക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവിടുന്ന് അവരുടെ ഇടയില്‍നിന്നു സാവധാനം ഒഴിഞ്ഞുമാറുകയാണുണ്ടായത് (യോഹ. 6:15). ‘മനുഷ്യപുത്രന്‍’ എന്നുമാത്രം അറിയപ്പെടുവാനായിരുന്നു അവിടുന്ന് ആഗ്രഹിച്ചത്.
മനുഷ്യരുടെ മുമ്പാകെയുള്ള മാനമോ, മതിപ്പോ അവിടുന്ന് അന്വേഷിച്ചില്ല, അവയ്ക്കു വില കല്പിച്ചതുമില്ല. അവിടുന്നു തന്റെ പിതാവിന്റെ മുമ്പാകെ മാത്രം ജീവിക്കുകയും, ജീവിതകാലം മുഴുവനും മനുഷ്യരാല്‍ അവഗണിക്കപ്പെടുന്നതിനും നിന്ദിക്കപ്പെടുന്നതിനും ഒരുക്കമുള്ളവനായിരിക്കുകയും ചെയ്തു. പിതാവിന്റെ അംഗീകാരത്തിനു മാത്രമേ അവിടുന്നു വില കല്പിച്ചിരുന്നുള്ളു.
ആരെയെങ്കിലും സൗഖ്യമാക്കുകയോ, ഏതെങ്കിലും അദ്ഭുതം പ്രവര്‍ത്തിക്കുകയോ ചെയ്തതിനു ശേഷം അത് ആരും അറിയരുത് എന്നായിരുന്നു യേശുവിന്റെ ആഗ്രഹം. അവയൊന്നും തനിക്കു പ്രസിദ്ധിനേടുവാനുള്ള അടവുകളായിരുന്നില്ല. നേരേമറിച്ച് ഓരോരുത്തരുടെ ആവശ്യങ്ങള്‍ കണ്ടു മനസ്സലിഞ്ഞു ചെയ്ത അദ്ഭുതപ്രവൃത്തികളായിരുന്നു അവ. യായീറോസിന്റെ മരിച്ചുപോയ മകളെ ഉയര്‍പ്പിച്ചശേഷം മറ്റാരെയും അറിയിക്കരുത് എന്ന് അവിടുന്നു ഖണ്ഡിതമായി നിര്‍ദ്ദേശം നല്‍കി (മര്‍ക്കോ. 5:43). യേശു ഈ ലോകം വിട്ടുപോയതിനു ശേഷം മാത്രമായിരുന്നു ശിഷ്യന്മാര്‍ അവിടുത്തെ ജീവചരിത്രം പരസ്യമാക്കിയത്.
യേശു ക്രൂശിക്കപ്പെട്ടതിന്റെ തലേരാത്രി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാല്‍ കഴുകുമ്പോള്‍ അതു തന്റെ ജീവിതത്തെ സംബന്ധിച്ചും സത്യമായിരുന്ന ഒരു ഉപമയായിരുന്നു. അവിടുന്ന് എല്ലാ മനുഷ്യര്‍ക്കും ദാസനായിത്തീര്‍ന്നു. തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ മലിനമായിരുന്നു എന്ന് അവിടുന്നു വേഗം കണ്ടറിയുകയും, മറ്റാരെങ്കിലും അവ കഴുകുവാന്‍ മുന്നോട്ടു വരുമോ എന്നു നോക്കിനില്‍ക്കാതെ വേഗം പാത്രമെടുത്ത് ആവശ്യമായ പ്രവൃത്തി ചെയ്യുവാന്‍ തുടങ്ങുകയും ഉണ്ടായി. ആ പ്രവൃത്തിയാകട്ടെ, മറ്റുള്ളവരുടെ സേവനത്തിനായി ഉഴിഞ്ഞുവച്ച ഒരു ജീവിതത്തിന്റെ പ്രതീകാത്മകമായ ശുശ്രൂഷയായിരുന്നു. ഏതെങ്കിലും പ്രവൃത്തി ചെയ്യുവാന്‍ മറ്റുള്ളവര്‍ തന്നോട് ആവശ്യപ്പെടുവാനായി യേശു കാത്തുനിന്നില്ല. ആവശ്യമെന്താണെന്നു കണ്ടറിഞ്ഞ് വേണ്ടതെല്ലാം യഥാസമയം അവിടുന്നു ചെയ്യുകയാണുണ്ടായത്.
യേശു സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവര്‍ക്കു സമനായി അവരോടു ചേര്‍ന്നു നടക്കുകയും ചെയ്തു. അവിടുന്നു പാപരഹിതനും പരിപൂര്‍ണ്ണനും ആയിരുന്നുവെങ്കിലും, തങ്ങളുടെ അപൂര്‍ണ്ണതകള്‍ നിമിത്തം മറ്റുള്ളവര്‍ക്കു തന്റെ സാമീപ്യത്തില്‍ വല്ലായ്മ തോന്നുവാന്‍ അവിടുന്ന് ഒരിക്കലും ഇടകൊടുത്തില്ല. തന്റെ ശിഷ്യന്മാരുടെ മുമ്പില്‍ ഒരു രക്ഷാധികാരി (patron) എന്ന ഭാവവും അവിടുത്തേക്കില്ലായിരുന്നു. വാസ്തവത്തില്‍, തന്നെ ശാസിക്കുവാനോ, ഉപദേശിക്കുവാനോ അവര്‍ക്കു മടി തോന്നാതിരിക്കുമാറ് അവരുടെയിടയില്‍ യേശുവിന്റെ പെരുമാറ്റം അത്ര സ്വതന്ത്രമായിരുന്നു (മത്താ. 16:22; മര്‍ക്കോ. 4:38;9:5).
യേശു പ്രാര്‍ത്ഥനയ്ക്കായി തന്റെ ശിഷ്യന്മാരുടെ കൂട്ടായ്മ അന്വേഷിച്ചതില്‍നിന്ന് അവിടുത്തെ താഴ്മ നമുക്കു കാണുവാന്‍ സാധിക്കും. ഗെത്ത്‌ശെമനയിലെ തോട്ടത്തില്‍വച്ച് അവിടുത്തെ ‘ഉള്ളം മരണവേദനപോലെ അതിദുഃഖിത’മായതിനാല്‍ തന്നോടുചേര്‍ന്നു പ്രാര്‍ത്ഥിക്കുവാന്‍ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരോട് യേശു ആവശ്യപ്പെട്ടു (മത്താ. 26:38). താന്‍ സ്വീകരിച്ചിരുന്ന ജഡത്തിന്റെ തികഞ്ഞ ബലഹീനതയെക്കുറിച്ച് യേശുവിനു നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവിടുന്നു പ്രാര്‍ത്ഥനയില്‍ അവരുടെ കൂട്ടായ്മ ആഗ്രഹിച്ചത്.
ഒന്നുമില്ലായ്മയെ അംഗീകരിക്കുവാന്‍ തക്ക സത്യസന്ധത നമുക്കില്ലാത്തതാണു നമ്മിലൂടെയുള്ള ദൈവശക്തിയുടെ പ്രകടനത്തെ പരിമിതപ്പെടുത്തുന്നത്. എന്നാല്‍ യേശു നമുക്കു താഴ്മയുടെ വഴി കാട്ടിത്തന്നിട്ടുണ്ട്. ജഡത്തിന്റെ ബലഹീനതയും, മനുഷ്യര്‍ എന്ന നിലയിലുള്ള നമ്മുടെ ഒന്നുമില്ലായ്മയും അംഗീകരിക്കുക എന്നതാണത്.
യേശു തന്നെത്താന്‍ താഴ്ത്തിയതുകൊണ്ടായിരുന്നു ദൈവം അവിടുത്തേക്കു സര്‍വലോകത്തിനും മീതേ ഏറ്റവും ഉയര്‍ന്ന സ്ഥാനം നല്‍കിയത് (ഫിലി. 2:9). താഴ്മയുടെ വഴിയില്‍ ഏറ്റവും അധികം സഞ്ചരിച്ചിട്ടുള്ളവരായിരിക്കും മഹത്വത്തില്‍ യേശുവിന്റെ വലത്തും ഇടത്തും ഇരിക്കുന്നത്.
യേശു തന്റെ ജീവിതകാലം മുഴുവന്‍ താഴ്മയിലേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു താഴേക്കിറങ്ങിവന്നപ്പോള്‍ മുതല്‍ കാല്‍വറിയിലെ കുരിശുവരെ താഴ്മയില്‍നിന്നു താഴ്മയിലേക്ക് അവിടുന്നു സഞ്ചരിച്ചു. ഒരിക്കല്‍ പോലും തിരിഞ്ഞു സ്വയം ഉയരുവാന്‍ അവിടുന്നു ശ്രമിച്ചില്ല.
ലോകത്തില്‍ ഇപ്പോള്‍ രണ്ടു ശക്തികള്‍ മാത്രമാണു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്: ഒന്ന്, സാത്താന്റെ, അഥവാ ലൂസിഫറിന്റെ ആത്മാവ്; ലോകത്തിലായാലും ക്രിസ്തീയ സമൂഹത്തിലായാലും സ്വയം ഉയര്‍ത്തുവാനാണ് ഇതു മനുഷ്യരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ക്രിസ്തുവിന്റെ ആത്മാവാകട്ടെ, മനുഷ്യരെ തങ്ങളുടെ യജമാനന്റെ വഴിയിലൂടെ താഴ്മയിലേക്കു നയിക്കുന്നു. നിലത്തുവീണ ഗോതമ്പുമണിപോലെ യേശു താഴേക്കിറങ്ങി. അവിടുത്തെ യഥാര്‍ത്ഥ ശിഷ്യന്മാരെയെല്ലാം ഈ പ്രത്യേക സ്വഭാവ വിശേഷത്താല്‍ നിസ്സംശയം തിരിച്ചറിയുവാന്‍ കഴിയും.
യേശുവിന്റെ താഴ്മയുടെ മഹത്വം ഏറ്റവുമധികം തിളങ്ങിക്കാണുന്നത് അവിടുത്തെ മരണത്തിലാണ്. യേശുവിനുണ്ടായതുപോലെ ഇത്രയും അന്യായമായ ഒരു വിചാരണ ഒരിക്കലും നടന്നിട്ടില്ല. എങ്കിലും ഉപദ്രവം, നിന്ദ, അനീതി, അവഹേളനം, പരിഹാസം എന്നിവയ്‌ക്കെല്ലാം അവിടുന്നു നിശ്ശബ്ദം കീഴടങ്ങി. അവിടുന്നു തന്റെ ശത്രുക്കളുടെമേല്‍ ശാപം വര്‍ഷിക്കുകയോ, പ്രതികാര ഭീഷണി മുഴക്കുകയോ, ദൈവദൂതന്മാരുടെ സഹായം ആവശ്യപ്പെടുകയോ ചെയ്തില്ല. ദൈവപുത്രന്‍ എന്ന നിലയില്‍ തനിക്കുണ്ടായിരുന്ന അവകാശങ്ങളെല്ലാം അവിടുന്നു വേണ്ടെന്നു വച്ചു.
‘ചുരുട്ടിയ മുഷ്ടി’ മനുഷ്യവര്‍ഗ്ഗത്തിനു യോജിച്ച ഒരു ചിഹ്നമാണ്. സ്വന്ത അവകാശങ്ങള്‍, അധികാരങ്ങള്‍, ഉടമസ്ഥത എന്നിവ വിട്ടുകൊടുക്കാതെ പിടിച്ചു കൊള്ളുവാനും, ആക്രമിക്കപ്പെടുമ്പോള്‍ തിരിച്ചാക്രമിക്കുവാനും ഉള്ള ഒരുവന്റെ ആഗ്രഹത്തെയാണ് അതു സൂചിപ്പിക്കുന്നത്.
യേശുവാകട്ടെ, നേരേമറിച്ചു കാല്‍വറിയില്‍ ആണികള്‍ അടിക്കപ്പെടുന്നതിനായി കൈകള്‍ തുറന്നുകൊടുത്തു. അവിടുന്ന് എപ്പോഴും എല്ലാം നല്‍കിക്കൊണ്ടിരുന്നതിനാല്‍ അവിടുത്തെ കൈകള്‍ എപ്പോഴും തുറന്ന നിലയിലായിരുന്നു. അവസാനമായി അവിടുന്നു തന്റെ സ്വന്തജീവനെയും നല്‍കി. ഇതാണു യഥാര്‍ത്ഥ താഴ്മ. മനുഷ്യനെക്കുറിച്ചു ദൈവത്തിനുള്ള ഉദ്ദേശ്യവും ഇതുതന്നെയാണ്.
യേശുവിന്റെ മഹത്വം പ്രസരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ശിഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നതു പരാതികൂടാതെ അന്യായം സഹിക്കുവാനാണ്.
വേദപുസ്തകം പറയുന്നു: ”നിങ്ങള്‍ ശരിയായതു ചെയ്തതിനുശേഷം അര്‍ഹിക്കാത്ത രീതിയില്‍ ക്ലേശം അനുഭവിക്കേണ്ടിവരുമ്പോള്‍ അതു ക്ഷമയോടെ സഹിക്കുകയാണെങ്കില്‍ അതു ദൈവത്തിനു സ്വീകാര്യവും പ്രസാദകരവും ആയിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങള്‍ വിളിക്കപ്പെട്ടി രിക്കുന്നത്. ഇതു നിങ്ങളുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ക്രിസ്തു കഷ്ടതയനുഭവിച്ചപ്പോള്‍, നിങ്ങള്‍ തന്റെ കാല്‍ച്ചുവടുകള്‍ പിന്‍ഗമിക്കുവാനായി തന്റെ വ്യക്തിപരമായ ദൃഷ്ടാന്തം അവിടുന്നു നല്‍കിയിട്ടുണ്ട്. …. പരിഹാസവും നിന്ദയും അനുഭവിച്ചപ്പോള്‍ അവിടുന്നു പ്രതികാരഭീഷണിയൊന്നും മുഴക്കിയില്ല. എന്നാല്‍ എല്ലാം ന്യായമായി വിധിക്കുന്നവന്റെ കൈയില്‍ തന്നെത്തന്നെയും എല്ലാറ്റിനെയും അവിടുന്നു സമര്‍പ്പിച്ചു” (1 പത്രോ. 2:20-23 Amplified Bible).
യേശുവിന്റെ താഴ്മ മറ്റാരെയും വിധിക്കുവാന്‍ തന്നെ അനുവദിച്ചില്ല. ദൈവം മാത്രമാണ് എല്ലാ മനുഷ്യരുടെയും വിധികര്‍ത്താവ്. വിധിക്കുവാന്‍ ആരെങ്കിലും ഒരുമ്പെടുമ്പോള്‍, ദൈവത്തിനു മാത്രം അവകാശമുള്ള സ്ഥാനത്തേക്കാണ് അവന്‍ തന്നെത്തന്നെ ഉയര്‍ത്തുന്നത്. ഭൂമിയിലെ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍, ”ഞാന്‍ ആരെയും വിധിക്കുന്നില്ല” എന്ന് യേശു പറഞ്ഞു (യോഹ. 8:15). അവിടുന്നു ന്യായവിധിയെല്ലാം തന്റെ പിതാവിന്റെ കയ്യില്‍ ഏല്‍പിച്ചുകൊടുത്തു. ഇവിടെയും അവിടുത്തെ താഴ്മയുടെ മഹത്വമാണു നാം കാണുന്നത്.
തന്റെ പിതാവു തനിക്കായി ക്രമീകരിച്ചിരുന്ന നിന്ദ്യമായ മരണത്തിനും യേശു സ്വമേധയാ കീഴ്‌പ്പെട്ടു. തന്റെ ക്രൂശുമരണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത മാനുഷിക ഉപകരണങ്ങള്‍ക്കു പിന്നില്‍ യേശു തന്റെ പിതാവിന്റെ കരം കണ്ടെത്തുകയും, ‘പിതാവു നല്‍കിയ’ പാനപാത്രം മനസ്സോടെ കുടിക്കുകയും ചെയ്തു (യോഹ. 18:11).
”മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ള വനായിത്തീര്‍ന്നു” (ഫിലി. 2:8).
ഇതാണു ദൈവവചനത്തില്‍ കാണപ്പെടുന്ന യഥാര്‍ത്ഥ യേശുവിന്റെ ജീവിതം. ഇക്കാലത്തെ സുവിശേഷകന്മാരെപ്പോലെ, ഒരു പ്രസിദ്ധ വ്യക്തിയോ, സിനിമാ താരമോ എന്ന മട്ടില്‍ തനിക്കു ബഹുമതിയൊന്നും ലഭിച്ചില്ല. നേരേമറിച്ചു, മനുഷ്യരാല്‍ താന്‍ നിന്ദിതനും പരിത്യക്തനും ആയിരുന്നു. അന്നത്തെ ലോകം യേശുവിനെ കുരിശില്‍ തറച്ചു കൊന്ന് ഒഴിവാക്കുകയാണു ചെയ്തത്. ഇന്നത്തെ ലോകവും വ്യത്യസ്തമൊന്നുമല്ല; ശിഷ്യന്‍ ഗുരുവിനു മീതെയുമല്ല. ജനസമ്മതിയും ലോകത്തിന്റെ ബഹുമതിയും നേടുന്ന ഒരു ക്രിസ്തീയത യഥാര്‍ത്ഥവിശ്വാസത്തിന്റെ ഒരു വ്യാജാനുകരണമാണ്. യേശുക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം വെളിവാക്കുന്ന ഒരു വസ്തുത, ”മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ” എന്നാണ് (ലൂക്കോ. 16:15).
യേശു പറഞ്ഞു, ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ …. എന്നില്‍നിന്നു പഠിപ്പിന്‍” (മത്താ. 11:29). യേശു തന്റെ ശിഷ്യന്മാരോടു തന്നില്‍ നിന്നു പഠിക്കുവാന്‍ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം ഇതായിരുന്നു. ഇതുതന്നെയാണു നാമും അവിടുത്തെ ജീവിതത്തില്‍നിന്നും പഠിക്കേണ്ടത്.
അധ്യായം 3 : വിശുദ്ധിയില്‍ ജീവിക്കുന്നത്
ദൈവം വെളിച്ചവും സ്‌നേഹവും ആകുന്നു (1 യോഹ. 1:5;4:8). അവിടുന്ന് ‘അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിക്കുന്നു’ (1 തിമോ. 6:16). അവിടുന്നു വിശുദ്ധനായതുകൊണ്ടു നമ്മെയും വിശുദ്ധരാകുവാന്‍ താന്‍ വിളിക്കുന്നു.
പക്ഷേ പരീക്ഷയില്‍ക്കൂടെ മാത്രമേ മനുഷ്യനു വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുകയുള്ളു. നന്മതിന്മകളെക്കുറിച്ചുള്ള അറിവുപോലും ഇല്ലാതെ, നിര്‍ദ്ദോഷാവസ്ഥയിലായിരുന്നു ആദാം സൃഷ്ടിക്കപ്പെട്ടത്. അവന്‍ വിശുദ്ധി പ്രാപിക്കുമാറു പരീക്ഷിക്കപ്പെടുവാന്‍ ദൈവം അവനെ അനുവദിച്ചു.
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം സൃഷ്ടിച്ചതു ദൈവമായിരുന്നു. അതില്‍ തിന്മയൊന്നുമുണ്ടായിരുന്നില്ലതാനും. ”എത്രയും നല്ലത്” എന്നു ദൈവം പ്രഖ്യാപിച്ച ഒരു ലോകത്തിലായിരുന്നു അതു നിന്നിരുന്നത് (ഉല്‍പ. 1:31). പരീക്ഷയെ എതിര്‍ത്തുനിന്നു വിശുദ്ധി പ്രാപിക്കുവാന്‍ ആദാമിന് അതിലൂടെ അവസരം ലഭിക്കുമായിരുന്നതിനാല്‍ അതു വളരെ നല്ലതായിരുന്നു.
വേദപുസ്തകത്തില്‍ നാം വായിക്കുന്നു: ”നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ …. അത് അശ്ശേഷം സന്തോഷം എന്ന് എണ്ണുവിന്‍” (യാക്കോ. 1:2,3). എന്തെന്നാല്‍ ഈ പരീക്ഷകളിലൂടെ ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുകാരാകുവാനും (എബ്രാ. 12:10) ‘ഒന്നിനും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും’ ആയിത്തീരുവാനും നമുക്ക് അവസരം ലഭിക്കുന്നു (യാക്കോ. 1:4).
യേശുവിന്റെ വിശുദ്ധിയുടെ മഹത്വം നാം വീക്ഷിക്കുമ്പോള്‍ അവിടുത്തേക്കു ദൈവമെന്ന നിലയില്‍ സഹജമായി ഉണ്ടായിരുന്ന വിശുദ്ധിയെയല്ല നാം നോക്കുന്നത്. അതു നമുക്ക് ഒരു മാതൃകയായിത്തീരുവാന്‍ സാധ്യമല്ല. ‘സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുകയും’ ‘സകലത്തിലും നമുക്കു തുല്യനായി പരീക്ഷിക്കപ്പെട്ടിട്ടും പാപം ചെയ്യാതിരിക്കുകയും’ ചെയ്ത ഒരുവനെയാണു നാം നോക്കുന്നത് (എബ്രാ. 4:15 Amplified Bible).
നാം ഓടേണ്ട അതേ മത്സരയോട്ടത്തില്‍ നമുക്കു മുമ്പെ ഓടിക്കൊണ്ടു നമുക്ക് ഓടേണ്ട വഴി ഒരുക്കിത്തന്നിരിക്കുന്നതിനാല്‍ യേശു നമ്മുടെ മുന്നോടിയായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട്, ‘എന്നെ അനുഗമിക്കുക’ എന്നു പറയുവാന്‍ അവിടുത്തേക്കു സാധിക്കും (യോഹ. 12:26). മാത്രമല്ല, നമുക്കുമുമ്പെ ഈ മത്സരയോട്ടത്തില്‍ ഓടിയ യേശുവിനെ നോക്കിക്കൊണ്ടു നമുക്കും സഹിഷ്ണുതയോടെ, ക്ഷീണരാകാതെയും നിരാശരാകാതെയും മുന്നോട്ടോടുവാന്‍ കഴിയും (എബ്രാ. 12:1-4).
ഏതൊരു മനുഷ്യനും അഭിമുഖീകരിക്കേണ്ടിവരാവുന്ന ഏതൊരു പരീക്ഷയും യേശു അഭിമുഖീകരിച്ചു. നമുക്ക് അനുഭവപ്പെടുന്ന അതേ രീതിയിലായിരുന്നു യേശുവിനും പരീക്ഷ അനുഭവപ്പെട്ടത്. അവിടുന്നു സകലത്തിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടു. ഇതാണ് എബ്രാ. 4:15-ലെ തെറ്റിക്കൂടാത്ത ലളിതമായ ഉപദേശം. ഇതു നമ്മുടെ പ്രോത്സാഹത്തിനായി എഴുതപ്പെട്ടിരിക്കുന്നു. (‘പാപം ഒഴികെ’ സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു എന്നു മലയാളത്തില്‍ പരിഭാഷ ചെയ്തിരിക്കുന്നതു ശരിയല്ല. ഗ്രീക്കുഭാഷയിലും ഇംഗ്ലീഷ് പരിഭാഷകളിലും ഇതു വ്യക്തമാണ്.) നമുക്കിന്നു ദൈവം നല്‍കാത്ത മറ്റു യാതൊരു ശക്തിയും യേശു ഉപയോഗിച്ചില്ല. തന്റെ പിതാവു പരിശുദ്ധാത്മാവിലൂടെ നല്‍കിയ ശക്തിയാലായിരുന്നു ഒരു മനുഷ്യന്‍ എന്ന നിലയില്‍ യേശു പരീക്ഷയെ നേരിട്ടതും ജയിച്ചതും.
ദൈവത്തിന്റെ പ്രമാണങ്ങള്‍ ഭാരമേറിയവയും മനുഷ്യനു നിവര്‍ത്തിക്കുവാന്‍ അസാധ്യമായവയും ആകുന്നു എന്നാണു സാത്താന്‍ നൂറ്റാണ്ടുകളായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ യേശു നമ്മുടെ ജഡത്തില്‍ വന്ന്, തന്റെ സമ്പൂര്‍ണ്ണമായ അനുസരണത്തിന്‍ ജീവിതം കൊണ്ട്, സാത്താന്റെ ഈ നുണ തുറന്നു കാട്ടിയിരിക്കുകയാണ്. ഇന്നു നമ്മുടെ ജീവിതത്തില്‍ യേശു പോരാടി ജയിച്ചിട്ടില്ലാത്ത ഏതെങ്കിലും പരീക്ഷയോ അനുസരിച്ചിട്ടില്ലാത്ത ദൈവകല്പനയോ നാം കാണുന്നുണ്ടെങ്കില്‍, അക്കാര്യത്തില്‍ പാപം ചെയ്യുവാന്‍ നമുക്ക് ഒഴികഴിവുണ്ടായിരിക്കും. യേശു പൂര്‍ണ്ണതയുടെ ആ ജീവിതം നയിച്ചതു നമ്മുടെ ജഡത്തിലുള്ള ബലഹീനത കൂടാതെയോ, നമുക്കു ലഭ്യമല്ലാത്ത ഏതെങ്കിലും ശക്തി ഉപയോഗിച്ചോ ആയിരുന്നുവെങ്കില്‍, അവിടുത്തെ ജീവിതം നമുക്കൊരു മാതൃകയോ പരീക്ഷാസമയത്തു പ്രോത്സാഹനമോ ആയിത്തീരുമായിരുന്നില്ല. എന്നാല്‍ ദൈവവചനത്തില്‍ നാം കാണുന്ന പ്രമാണങ്ങള്‍ നിവര്‍ത്തിക്കുവാന്‍ അവിടുത്തെ ശക്തി നമ്മെ പ്രാപ്തരാക്കും എന്ന് ഒരു മനുഷ്യനെന്ന നിലയില്‍ ഭൂമിയില്‍ താന്‍ നയിച്ച ജീവിതം കൊണ്ടു യേശു തെളിയിക്കുകയാണു ചെയ്തത്.
”നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടിട്ടും പാപം ചെയ്യാത്തവനത്രേ നമുക്കുള്ളത്” (എബ്രാ. 4:15, ശരിയായ പരിഭാഷ.) പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പാപത്തിന്മേല്‍ പൂര്‍ണ്ണജയം നേടുകയും ദൈവത്തെ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുവാന്‍ മനുഷ്യനു കഴിയും എന്നതിനുള്ള തെളിവാണു ദൈവം യേശുവിന്റെ പാപരഹിതമായ ജീവിതത്തിലൂടെ നമുക്കു നല്‍കുന്നത്. നാം തന്നില്‍ വസിക്കുമെങ്കില്‍ അവിടുന്നു നടന്നതു പോലെ നടക്കുവാന്‍ സാധിക്കും (1 യോഹ. 2:6).
ദിനംതോറും നാം നേരിടുന്ന അനവധിയായ പാപത്തിന്റെ വശീകരണ ങ്ങളെല്ലാം യേശുവും നേരിട്ടു. മനുഷ്യനു വരാവുന്ന ഓരോ പരീക്ഷയില്‍ ക്കൂടെയും പിതാവു യേശുവിനെ നടത്തി. ഇപ്രകാരം നമ്മുടെ നായകനും മഹാപുരോഹിതനും ആയിത്തീരുവാന്‍ അവിടുന്ന് ഒരുക്കപ്പെട്ടു (എബ്രാ. 2:10,17,18;5:7-9). ആ സന്ദര്‍ഭങ്ങളിലെല്ലാം അവിടുന്നു തന്നെത്താന്‍ ത്യജിച്ച്, പാപം ചെയ്യുവാന്‍ തന്നെ പ്രേരിപ്പിച്ച ജഡികമോഹങ്ങളെയെല്ലാം മരിപ്പിച്ചു. അങ്ങനെ അവിടുന്ന് ഇടവിടാതെ ‘ജഡത്തില്‍ കഷ്ടം അനുഭവിച്ചു.’
ദൈവവചനം നമുക്കു മാതൃകയായി അവിടുത്തെ ജീവിതം ചൂണ്ടിക്കാണിക്കുന്നു. ”ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിന്‍. ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുന്ന കാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനത്രേ ജീവിക്കേണ്ടതിനു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു” (1 പത്രോ. 4:1,2). ഏതെങ്കിലും കാര്യത്തില്‍ നാം ദൈവത്തെ അനുസരിക്കുമ്പോള്‍ തല്‍ഫലമായി നമുക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ തന്നെയും ദൈവത്തെ അനുസരിക്കാതിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതു വളരെ ലഘുവാകുന്നു എന്നാണ് യേശു തന്റെ ജീവിതത്തിലെ ‘മരണത്തോളമുള്ള അനുസരണ’ത്താല്‍ വ്യക്തമാക്കിയത്.
എല്ലാ പാപത്തിന്റെയും അന്തസ്സത്ത സ്വന്ത ഇച്ഛയനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതാണ്. എന്നാല്‍ മനുഷ്യന്റെ വിശുദ്ധിയുടെ അന്തസ്സത്തയാകട്ടെ, ഇച്ഛയെ ത്യജിച്ചു ദൈവഹിതം ചെയ്യുക എന്നതാണ്. യേശു ജീവിച്ചത് ഇപ്രകാരമായിരുന്നു എന്നു താഴെപ്പറയുന്ന വാക്യങ്ങളില്‍നിന്നു കാണാം.
”ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാനിച്ഛിക്കുന്നത് ….ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് …. പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കും പോലെയല്ല, നീ ഇച്ഛിക്കും പോലെ ആകട്ടെ” (യോഹ. 5:30;6:38;മത്താ. 26:39).
വളരെ കഠിനമായ കഷ്ടത സഹിക്കേണ്ടി വന്നപ്പോഴും യേശു തന്റെ മനുഷ്യേച്ഛയെ പിതാവിന്റെ മുമ്പില്‍ ഒരു നിരന്തരയാഗമായി അര്‍പ്പിച്ചു. ”ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത് ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിച്ചു” എന്നു നാം കാണുന്നു (എബ്രാ. 5:7).
മനുഷ്യജഡം ബലഹീനമായതിനാല്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിച്ചു ദൈവത്തിന്റെ സഹായം നേടിയാല്‍ മാത്രമേ പരീക്ഷയെ ജയിക്കുവാന്‍ സാധിക്കുക യുള്ളു എന്നു ഗെത്ത്‌ശെമന തോട്ടത്തില്‍ വച്ച് യേശു തന്റെ മൂന്നു ശിഷ്യന്മാര്‍ ക്കു മുന്നറിയിപ്പു നല്‍കിയതായി നാം വായിക്കുന്നു (മത്താ. 26:41). അവിടുന്നാകട്ടെ അവ്വണ്ണം പ്രാര്‍ത്ഥിക്കുകയും ജയം നേടുകയും ചെയ്തു.
പിതാവു നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനെ ഒരു സഹായിയായി നല്‍കുമ്പോള്‍ ഞാന്‍ ചെയ്ത പ്രവൃത്തികളെല്ലാം നിങ്ങള്‍ക്കും ചെയ്യുവാന്‍ സാധിക്കും എന്നു ഗെത്ത്‌ശെമനയിലേക്കു പോകുന്നതിനു തൊട്ടുമുമ്പെ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു (യോഹ. 14:12,16). യേശു വന്നത് നമ്മെ വീര്യപ്രവൃത്തികള്‍ ചെയ്യുന്നവരാക്കുവാനായിരുന്നില്ല, നമ്മെ വിശുദ്ധരാക്കിത്തീര്‍ക്കുവാനായിരുന്നു. അവിടുത്തെ പ്രവൃത്തികള്‍ തന്റെ പിതാവിനോടുള്ള അനുസരണത്തില്‍ ചെയ്ത വിശുദ്ധിയുടെ പ്രവൃത്തികള്‍ ആയിരുന്നു. ഈ പ്രവൃത്തികളാണ് നമുക്കും ചെയ്‌വാന്‍ കഴിയുമെന്ന് അവിടുന്നു പറഞ്ഞത്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ഒരു മനുഷ്യന്‍ എന്ന നിലയിലായിരുന്നു അവിടുന്ന് അവയെല്ലാം ചെയ്തത്.
പെന്തെക്കൊസ്തുനാളില്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടപ്പോള്‍, യേശു ചെയ്ത അനുസരണപ്രവൃത്തികള്‍ ചെയ്യുവാനുള്ള ശക്തി ശിഷ്യന്മാര്‍ക്കും ലഭിച്ചു. യേശുവിന്റെ ഐഹിക ജീവിതകാലത്തുതന്നെ, രോഗികളെ സൗഖ്യമാക്കുവാനും, മരിച്ചവരെ ഉയിര്‍പ്പിക്കുവാനും, കുഷ്ഠ രോഗികളെ ശുദ്ധരാക്കുവാനും, അശുദ്ധാത്മാക്കളെ പുറത്താക്കുവാനുമുള്ള ശക്തി അവര്‍ക്കു ലഭിച്ചിട്ടുണ്ടായിരുന്നു (മത്താ. 10:8). എന്നാല്‍ പാപത്തെ ജയിക്കുവാനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല. പെന്തെക്കൊസ്തുനാളില്‍ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കുന്നതുവരെ അവര്‍ക്ക് അതിനുവേണ്ടി കാത്തിരിക്കേണ്ടിവന്നു.
‘യേശു ചെയ്ത പ്രവൃത്തികള്‍’ അഥവാ ‘ദൈവഹിതം’ ചെയ്യുവാന്‍ നമ്മെ പ്രാപ്തരാക്കുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണത (യോഹ. 4:34 നോക്കുക.)
പുതിയ ഉടമ്പടിയിന്‍ കീഴില്‍ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന മഹത്വമേറിയ ജീവിതം ഇതാണ്.
”ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ (സാധിപ്പാന്‍) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു (ജയിച്ചു – Amplified Bible). ജഡത്തെയല്ല, ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്റെ നീതി (ദൈവഹിതം) നിവൃത്തിയാകേണ്ടതിനു തന്നെ” (റോമര്‍ 8:3,4).
യേശു പരീക്ഷയെ നേരിടുകയും ജയിക്കുകയും ചെയ്തു എന്നതിനു നമ്മെ സംബന്ധിച്ചുള്ള സാംഗത്യം എന്തെന്നുവച്ചാല്‍, നമുക്കു തന്നെ പിന്‍തുടരുവാനുള്ള വഴി അവിടുന്ന് അവ്വിധം തുറന്നുതന്നിരിക്കുന്നു എന്നതാണ്.
യേശു തുറന്നുതന്ന വഴിയെ ‘ജീവനുള്ള പുതുവഴി’ എന്നാണ് എബ്രാ. 10:19-ല്‍ വിളിച്ചിരിക്കുന്നത്. ”യേശു തന്റെ ദേഹം (ഗ്രീക്ക് – ജഡം) എന്ന തിരശ്ശീലയില്‍ക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിനു ധൈര്യവും …. നമുക്കുള്ളതുകൊണ്ട് ….” (വാ. 19-21).
ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തായിരുന്നു ദൈവത്തിന്റെ അതിമഹത്തായ തേജസ്സു വസിച്ചിരുന്നത്. യേശുവിന്റെ വിശുദ്ധിയുടെ മഹത്വത്തില്‍ ഓഹരിക്കാരാകുമാറു തന്നെ പിന്‍തുടരുന്നതിന് അവിടുന്നു തുറന്നുതന്ന വഴി നമ്മെ അവിടേക്കാണു നയിക്കുന്നത്. ജഡമെന്ന തിരശ്ശീലയിലൂടെ നമ്മുടെ മുന്നോടിയായി അവിടെ ആദ്യം പ്രവേശിച്ചത് അവിടുന്നു തന്നെയായിരുന്നു (എബ്രാ. 6:20). തന്നെ നോക്കിക്കൊണ്ടാണു നാം ഈ ഓട്ടം ഓടേണ്ടത് (എബ്രാ. 12:1,2).
നമ്മുടെ കര്‍ത്താവ് ഒരിക്കലായി തിരശ്ശീല ചീന്തിക്കഴിഞ്ഞിരിക്കയാല്‍ നാം അതു ചീന്തേണ്ട ആവശ്യമില്ല. എന്നാല്‍ ചീന്തിയ തിരശ്ശീലയിലൂടെ – ക്രൂശിന്റെ മാര്‍ഗ്ഗത്തിലൂടെ – അവിടുന്നു പോയ വഴിയെ നാമും പിന്‍തുടരേണ്ടതുണ്ട്. ജഡത്തിനും അതിന്റെ മോഹങ്ങള്‍ക്കും മരണം വരുത്തുന്ന മാര്‍ഗ്ഗമാണ് അത്.
യേശുവിന്റെ ജീവിതത്തില്‍ ദൈവത്തിന്റെ വിശുദ്ധിയുടെ മഹത്വം കാണപ്പെട്ടതു ജഡത്തിന്റെ മരണത്തിലൂടെയായിരുന്നു. നമുക്കും ഇതല്ലാതെ മറ്റൊരു വഴിയുമില്ല. നമ്മുടെ ശരീരത്തില്‍ യേശുവിന്റെ ഈ മരണം വഹിക്കുകയാണെങ്കില്‍ മാത്രമേ യേശുവിന്റെ നിര്‍മ്മലവും വിശുദ്ധവുമായ ജീവിതം നമ്മുടെ ശരീരത്തില്‍ വെളിപ്പെടുകയുള്ളു (2 കൊരി. 4:10).
യേശുവിനെ നയിച്ചതുപോലെ പരിശുദ്ധാത്മാവു നമ്മെയും ക്രൂശിന്റെ വഴിയിലൂടെയായിരിക്കും നയിക്കുന്നത്. ഈ വഴിയിലാണു നമുക്ക് അവിടുത്തെ വിശുദ്ധിയുടെ തേജസ്സു വെളിപ്പെടുത്തുവാന്‍ സാധിക്കുന്നത്. യേശുവിന്റെ കാര്യത്തില്‍ ഇത് ഇവ്വിധമായിരുന്നു. ഈ വഴിയില്‍ പിന്‍ചെല്ലുന്ന എല്ലാവര്‍ക്കും ഇതേ അനുഭവമായിരിക്കും ലഭിക്കുന്നത്.
യേശു വന്നതു നമ്മെ ദിവ്യസ്വഭാവത്തിനു പങ്കാളികളാക്കിത്തീര്‍ക്കുവാനും, തദ്വാരാ തന്നില്‍ വിളങ്ങിയിരുന്ന അതേ തേജസ്സു നമ്മില്‍ വെളിപ്പെടുത്തുവാനും ആയിരുന്നു.
”അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദാനങ്ങളും നല്‍കിയിരിക്കുന്നു. ഇവയാല്‍ …. നാം ദിവ്യ സ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു” (2 പത്രോ. 1:3,4).
പാപരഹിതമായ ഒരു പൂര്‍ണ്ണത ഈ ഭൂമിയില്‍ നമുക്കു ദൈവം വാഗ്ദാനം ചെയ്തിട്ടില്ല. എന്നാല്‍ ബോധപൂര്‍വമായ പാപത്തിന്മേല്‍ ജയാളികളായി ജീവിക്കുവാന്‍ നമുക്കു കഴിയും.
യേശു എല്ലാറ്റിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടു എന്നു നാം കണ്ടുകഴിഞ്ഞു. നമ്മുടെ ചിന്താമണ്ഡലത്തിലാണ് ഏറ്റവും ശക്തമായ ചില പരീക്ഷകള്‍ നമുക്ക് അനുഭവപ്പെടുന്നത്. യേശുവിനും അപ്രകാരം തന്നെ ആയിരുന്നിരിക്കണം. എന്നാല്‍ അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല. നമുക്കും ഈ വഴിയില്‍ നടക്കുവാന്‍ സാധിക്കും.
യേശുവിന്റെ വാക്കുകള്‍ നിര്‍മ്മലമായിരുന്നു. മലിനമായിരുന്ന ഒരു വാക്കുപോലും അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെട്ടില്ല. ഒരു നിസ്സാരവാക്കും അവിടുന്നു സംസാരിച്ചില്ല; എപ്പോഴും സത്യം സംസാരിച്ചു. അവിടുത്തെ വായില്‍ കാപട്യം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. ആവശ്യത്തിലധികം പണം സമ്പാദിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് യേശുവുമായി ഒരു സംഭാഷണത്തിലേര്‍പ്പെടുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. അത്തരം വിഷയങ്ങളില്‍ അവിടുത്തേക്കു യാതൊരു താല്‍പര്യവുമില്ലായിരുന്നു. ഭൂമിയിലെ കാര്യങ്ങളിലല്ല, ഉയരത്തിലുള്ള കാര്യങ്ങളിലായിരുന്നു അവിടുന്നു മനസ്സു വച്ചിരുന്നത്. അവിടുന്നു ഭൗതികവസ്തുക്കള്‍ ഉപയോഗിച്ചിരുന്നു എന്നതിനു സംശയമൊന്നുമില്ല. എന്നാല്‍ അവിടുന്ന് അവയെ സ്‌നേഹിച്ചിരുന്നില്ല, അവയുമായി മാനസികമായി ബന്ധിക്കപ്പെട്ടിരുന്നുമില്ല.
യേശുവിന്റെ വിശുദ്ധി അകമേയുള്ള ഒന്നായിരുന്നു – ഭക്ഷണം, വസ്ര്തം, സമ്പര്‍ക്കം എന്നിവയിലൂടെ കാണപ്പെടുന്ന പുറമേയുള്ള ഒരു ഭക്തിയായിരുന്നില്ല. അവിടുന്ന് ഒരു സര്‍വസംഗപരിത്യാഗിയോ (ascetic) സന്യാസിയോ ആയിരുന്നില്ല. ദിനംപ്രതി തൊഴില്‍ ചെയ്തു ജീവിക്കുന്നവരുടെ ലോകത്തില്‍, തന്റെ സാമൂഹിക നിലവാരത്തിലുള്ളവരുടെ വസ്ര്തധാരണരീതി പിന്‍തുടര്‍ന്നുകൊണ്ട്, സാധാരണരീതിയില്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ടായിരുന്നു അവിടുന്നു ജീവിച്ചത് (ലൂക്കോ. 7:34). ആ നിലയില്‍, ധാരാളമായി അനുഭവിക്കുവാനായി ഈ ലോകത്തില്‍ ദൈവം മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്ന നല്ല കാര്യങ്ങളില്‍ അവിടുന്നും സന്തോഷിച്ചു (1 തിമോ. 6:17). എന്നാല്‍ അവിടുന്ന് ഒരിക്കലും ഭക്ഷണാസക്തിക്കു വഴങ്ങിക്കൊടുത്തില്ല. നാല്‍പതു ദിവസം ഉപവസിച്ചതിനു ശേഷം കല്ല് അപ്പമാക്കി മാറ്റുവാന്‍ തന്റെ അദ്ഭുതശക്തി ഉപയോഗിക്കാതെയിരി ക്കുവാന്‍ തക്ക ശിക്ഷണം അവിടുത്തേക്കുണ്ടായിരുന്നു. അവിടുന്നു മതഭക്തന്മാരോടുകൂടെ മാത്രമല്ല സമയം ചെലവഴിച്ചത്. ഏറ്റവും അധഃപതിച്ച പാപികളോടൊപ്പം ആയിരുന്ന സമയവും തന്നെത്തന്നെ നിര്‍മ്മലനായി സൂക്ഷിക്കുവാന്‍ അവിടുത്തേക്കറിയാമായിരുന്നു. അവിടുത്തെ വിശുദ്ധി തികച്ചും ആന്തരികമായ ഒന്നായിരുന്നു.
പാപം മാത്രമായിരുന്നില്ല യേശു ഒഴിവാക്കിയത്. സന്തോഷദായകമായ അനേകം കാര്യങ്ങള്‍ നിയമാനുസൃതമായിരുന്നെങ്കില്‍ത്തന്നെയും തനിക്ക് ഉപേക്ഷിക്കേണ്ടിവന്നു (1 കൊരി. 6:12). ഒന്നുകില്‍ അവ പ്രയോജനമില്ലാത്ത വയായിരുന്നു. അല്ലെങ്കില്‍ അവ ചെയ്യുന്നപക്ഷം തന്റെ പിതാവിന്റെ പരിപാടിയനുസരിച്ചു തനിക്കു നിവര്‍ത്തിക്കേണ്ടിയിരുന്ന മറ്റു ചില കാര്യങ്ങള്‍ വിട്ടുകളയേണ്ടിവരുമായിരുന്നു.
ദൈവവചനം ധ്യാനിക്കുന്ന ഒരു ജീവിതരീതിയിലൂടെയായിരുന്നു യേശുവിന്റെ വിശുദ്ധി ഉദ്ഭവിച്ചത്. പന്ത്രണ്ടു വയസ്സായപ്പോഴേക്കും യേശുവിനു വചനം നന്നായി അറിയാമായിരുന്നു. സ്ഥിരോത്സാഹത്തോടെ ഉപയോഗിക്കുകയും, മാനസിക അധ്വാനത്തോടെ ദൈവവചനത്തെ ധ്യാനിക്കുകയും ചെയ്തുകൊണ്ട് അവിടുന്നു വചനത്തിന്മേല്‍ ആത്മാവിന്റെ പ്രകാശം അന്വേഷിച്ചു. ആത്മാവിന്റെ വെളിപ്പാട് അന്വേഷിച്ചു കൊണ്ടിരുന്നതിനാല്‍ അവിടുത്തേക്കു മതപണ്ഡിതന്മാരെക്കാളധികം അറിവുണ്ടായിരുന്നു. യേശു ഒരു ബൈബിള്‍ സ്‌കൂളിലും പോയിട്ടില്ല. മോശെ, ഏലിയാവ്, യിരെമ്യാവ്, എലീശാ, യോഹന്നാന്‍സ്‌നാപകന്‍ തുടങ്ങിയ പഴയനിയമകാലത്തെ യഥാര്‍ത്ഥപ്രവാചകന്മാരെപ്പോലെ അവിടുന്നും പഠിച്ചത് തന്റെ പിതാവിന്റെ കൈക്കീഴിലായിരുന്നു. വേദപുസ്തകത്തില്‍ കാണുന്ന യഥാര്‍ത്ഥ പ്രവാചകന്മാര്‍ ആരും തന്നെ വേദപാഠശാലയില്‍നിന്നു വന്നിട്ടുള്ളവരല്ല എന്നതു നാം പ്രത്യേകം ഓര്‍ക്കണം.
വചനം പഠിച്ചശേഷം യേശു അത് അനുസരിച്ചു. ഇപ്രകാരം വചനം തന്റെ കയ്യില്‍ ശക്തിയേറിയ ഒരു ആയുധമായിത്തീര്‍ന്നു. സാത്താനെതി രെയുള്ള തന്റെ പോരാട്ടത്തില്‍ മാത്രമല്ല (മത്താ. 4:1-11), തന്റെ പ്രസംഗശുശ്രൂഷയിലും അതു പ്രയോജനപ്പെട്ടു. അവിടുന്നു സംസാരിച്ചത് അധികാരത്തോടെയായിരുന്നു. അക്കാലത്തെ പണ്ഡിതന്മാരും ന്യായപ്രമാണ ബിരുദധാരികളും പ്രസംഗിച്ചിരുന്ന ജനസമ്മതിയുള്ള സമ്പ്രദായങ്ങള്‍ക്കെതി രെയായിരുന്നു അവിടുത്തെ പ്രഭാഷണം.
പരീശന്മാരുടെ കപടഭക്തിയും ലൗകികത്വവും അവിടുന്നു തുറന്നുകാണിച്ചു. അടിസ്ഥാനപരമായ ഉപദേശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കെത്തന്നെ അവര്‍ നരകത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് അവിടുന്നു പറഞ്ഞു (മത്താ. 23:23). അതേ സമയം, സദൂക്യരുടെ കലര്‍പ്പുള്ള ഉപദേശങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും അവിടുന്നു തുറന്നുകാണിച്ചു (മത്താ. 22:23-33).
യേശു തന്റെ പ്രസംഗ ശുശ്രൂഷയില്‍ ഒരിക്കലും ജനസമ്മതി നേടുവാന്‍ ശ്രമിച്ചില്ല. സത്യം അല്‍പമെങ്കിലും വിട്ടുകൊടുക്കുന്നതിനെക്കാള്‍ പീഡനവും വേദനയും സഹിക്കുന്നതായിരുന്നു തനിക്കു സന്തോഷം. ‘എന്തു വില നല്‍കിയും സമാധാനവും ഐക്യവും നേടുക’ എന്നതില്‍ അവിടുന്നു വിശ്വസിച്ചിരുന്നില്ല. ”താങ്കള്‍ ആരെയും ഭയപ്പെടാതെയും, പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കാതെയും, ഭവിഷ്യത്തിനെക്കുറിച്ചു വിചാരപ്പെടാതെയും സത്യസന്ധത പാലിക്കുകയും സത്യം പഠിപ്പിക്കുകയും ചെയ്യുന്നു എന്നു ഞങ്ങള്‍ക്കറിയാം” എന്ന് അവിടുത്തെ ശത്രുക്കള്‍ക്കുപോലും അംഗീകരിക്കേണ്ടിവന്നു (മത്താ. 22:16 ലിവിംഗ്).
ദൈവാലയത്തിന്റെ പരിശുദ്ധിയെക്കുറിച്ച് യേശുവിനുണ്ടായിരുന്ന എരിവിലും അവിടുത്തെ വിശുദ്ധി നമുക്കു കാണുവാന്‍ കഴിയും (യോഹ. 2:14-17). അവിടുന്നു ദൈവാലയത്തില്‍ ചെന്നപ്പോള്‍ അവിടെ മനുഷ്യര്‍ മതത്തിന്റെ പേരില്‍ പണം സമ്പാദിക്കുന്നതുകണ്ടു ധാര്‍മ്മികരോഷം പൂണ്ട് അവിടുന്ന് അവരെയെല്ലാം ചമ്മട്ടിയുപയോഗിച്ചു പുറത്താക്കി.
പാപം കൂടാതെ കോപിക്കുവാന്‍ വേദപുസ്തകത്തില്‍ കല്പിച്ചിട്ടുണ്ട് (എഫെ. 4:26 English). പീലാത്തോസിന്റെ മുമ്പില്‍ റോമന്‍ ഭടന്മാര്‍ യേശുവിനെ ചമ്മട്ടികൊണ്ട് അടിച്ചപ്പോള്‍ അതെല്ലാം അവിടുന്നു ക്ഷമയോടെ സഹിച്ചു. തന്റെ വ്യക്തിപരമായ യാതൊരു കാര്യവും സംബന്ധിച്ച് അവിടുന്ന് ഒരിക്കലും കോപിച്ചില്ല. അത്തരം കോപം പാപം ആയിരുന്നേനേ. എന്നാല്‍ ദൈവാലയത്തിന്റെ വിശുദ്ധിയെ സംബന്ധിച്ചുള്ള കാര്യം വ്യത്യസ്തമായിരുന്നു. അവിടെ കോപിക്കാതിരുന്നെങ്കില്‍ അതു പാപമായിരുന്നേനേ.
മനുഷ്യര്‍ തന്നെ തെറ്റിദ്ധരിക്കുമോ, താന്‍ നിയന്ത്രണം വിട്ടു ജഡത്തിനു വിധേയനായിപ്പോയി എന്നു ചിന്തിക്കുമോ, എന്നൊന്നും ഭയപ്പെടാതെ അവിടുന്ന് അവിടെ ചമ്മട്ടി ഉപയോഗിച്ചു. മനുഷ്യരുടെ മുമ്പാകെ ആയിരുന്നില്ലല്ലോ അവിടുന്നു ജീവിച്ചിരുന്നത്. ഒരു വാളുമായിട്ടായിരുന്നു അവിടുന്നു വന്നത് (മത്താ. 10:34). വിട്ടുവീഴ്ചയില്ലാതെ അവിടുന്ന് അത് ഉപയോഗിക്കുകയും ചെയ്തു. അതു വെട്ടി മുറിവുണ്ടാക്കി വേദനിപ്പിക്കുകയും ഇവ്വിധം പിതാവിന്റെ തേജസ്സു പ്രകടമാക്കുകയും ചെയ്തു.
യേശുവിന്റെ ജീവിതം ഈ ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മനോഹരവും, ക്രമം, സമാധാനം, ആനന്ദം എന്നിവ നിറഞ്ഞതും ആയിരുന്നു. അതിനു കാരണം, പിതാവിന്റെ വചനത്തോട് അവിടുത്തേക്കുണ്ടായിരുന്ന പൂര്‍ണ്ണാനുസരണമായിരുന്നു.
ഭൗതികലോകത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു ചിന്തിച്ചുനോക്കുക. നക്ഷത്രങ്ങളും ഗ്രഹങ്ങളും ശൂന്യാകാശത്തില്‍ കൃത്യമായ ചിട്ടയോടെ സഞ്ചരിക്കുന്നതിനാല്‍ അവയെ നോക്കി പത്തുലക്ഷത്തിലൊന്നു സെക്കണ്ടിന്റെ സൂക്ഷ്മതയോടെ സമയം കണക്കാക്കുവാന്‍ സാധിക്കും. ഇത് അത്രകണ്ടു വിശ്വസനീയമാകയാല്‍ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ക്കു ഭാവിയില്‍ അവയുടെ സ്ഥാനം എവിടെയായിരിക്കും എന്നു കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ കഴിയും. ഈ സൗന്ദര്യത്തിന്റെയും ചിട്ടയുടെയും രഹസ്യം എന്താണ്? ഒന്നു മാത്രമേയുള്ളു – അവ ദൈവത്തെ അനുസരിച്ചുകൊണ്ടു, സ്രഷ്ടാവു തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന പഥങ്ങളില്‍, നിയതവേഗത്തില്‍ സഞ്ചരിക്കുന്നു എന്നതുതന്നെ.
ദൈവത്തോട് അനുസരണമുള്ള എല്ലായിടത്തും പൂര്‍ണ്ണതയും സൗന്ദര്യ വും ഉണ്ടായിരിക്കും. അതുപോലെതന്നെ, ദൈവത്തോട് അനുസരണക്കേടുള്ള സ്ഥലത്തു കലക്കവും, കുഴപ്പവും, വൈരൂപ്യവും ഉണ്ടായിരിക്കും.
തീര്‍ച്ചയായും, ദൈവത്തിന്റെ കല്പനകള്‍ എല്ലായ്‌പ്പോഴും നമ്മുടെ ഏറ്റവും വലിയ നന്മയ്ക്കാണെന്നും, അവ ഹാനികരമോ ക്ലേശകരമോ അല്ലെന്നും ഉള്ള വസ്തുതയുടെ നിശ്ശബ്ദ സാക്ഷികളാണ് നക്ഷത്രങ്ങള്‍.
എല്ലാറ്റിനെയും അപേക്ഷിച്ചു, ദൈവഭക്തി മാത്രമേ ഈ ജീവിതത്തിനും ഇനിവരുവാനുള്ള ജീവിതത്തിനും പ്രയോജനപ്പെടുകയുള്ളു എന്ന വസ്തുതയ്ക്കും യേശുവിന്റെ ജീവിതം സാക്ഷ്യം വഹിച്ചു (1 തിമോ. 4:8). ദൈവഭക്തനായ ഒരുവനെക്കാള്‍ അധികമായി മറ്റാര്‍ക്കും സന്തോഷമോ, സമാധാനമോ, സംതൃപ്തിയോ അനുഭവിക്കുവാന്‍ കഴിയുകയില്ല. ”യഹോവാഭക്തി ജീവന്റെ ഉറവാകുന്നു” (സദൃ. 14:27). ”നീ എല്ലായ്‌പ്പോഴും യഹോവാഭക്തിയോടിരിക്ക” എന്ന കല്പന യേശു അനുസരിച്ചു (സദൃ. 23:17). അവിടുത്തെ ഭയഭക്തിനിമിത്തം ദൈവം അവിടുത്തെ പ്രാര്‍ത്ഥന കേട്ടു എന്നു നാം വായിക്കുന്നു (എബ്രാ. 5:7). യേശു ഒരു മനുഷ്യനെന്ന നിലയില്‍ എപ്പോഴും ദൈവഭയത്തില്‍ ജീവിച്ചതിനാല്‍ തന്റെമേല്‍ എപ്പോഴും സ്വര്‍ഗ്ഗം തുറന്നതായി കാണപ്പെട്ടു. ”ഞാന്‍ ഭയഭക്തിയോടെ എന്റെ പിതാവിനെ ബഹുമാനിക്കുന്നു” എന്ന് അവിടുന്നു യെഹൂദന്മാരോടു പറഞ്ഞു (യോഹ. 8:49 Amplified Bible). ”യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു” എന്ന ദൈവവചനത്തിന്റെ സത്യം അവിടുന്നു തന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തി (സദൃ. 9:10).
ദൈവം യേശുവിന്റെ പ്രാര്‍ത്ഥന കേട്ടത് അവിടുന്നു ദൈവപുത്രനായിരുന്നതുകൊണ്ട് അല്ല, അവിടുത്തെ ഭയഭക്തിനിമിത്തം ആയിരുന്നു (എബ്രാ. 5:7). അതുപോലെതന്നെ, യേശുവിനു പരിശുദ്ധാത്മാവിന്റെ ആനന്ദത്താലും അധികാരത്താലും – ആനന്ദതൈലത്താല്‍ – അഭിഷേകം ലഭിച്ചത് അവിടുന്നു ദൈവപുത്രന്‍ ആയിരുന്നതിനാലല്ല, മറിച്ച് അവിടുന്നു നീതിയെ സ്‌നേഹിക്കുകയും, ദുഷ്ടതയെ വെറുക്കുകയും ചെയ്തതു മൂലമായിരുന്നു (എബ്രാ. 1:9). യേശുവിനെപ്പോലെ ധാര്‍മ്മികവിശുദ്ധിയുള്ള ഒരുവന്റെ പക്കല്‍ മാത്രമേ സ്വയം പൂര്‍ണ്ണമായി ഏല്‍പിച്ചു കൊടുക്കുവാന്‍ ദൈവത്തിനു കഴിയുകയുള്ളു. ഇതാണ് ആത്മിക അധികാരത്തിന്റെ രഹസ്യം.
ദൈവത്തിനു യേശുവിന്റെ വിശുദ്ധിയെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായം അക്കാലത്തെ മതലോകം സ്വീകരിച്ചില്ല. യേശു തന്നെ പറഞ്ഞതുപോലെ, അവിടുന്ന് അവരുടെ പാപങ്ങള്‍ ഭയം കൂടാതെ ചൂണ്ടിക്കാണിച്ചപ്പോള്‍ തന്റെ വിശുദ്ധി അവരുടെ വിദ്വേഷത്തെ ഇളക്കുകയാണു ചെയ്തത് (യോഹ. 7:7). വിശുദ്ധിയെക്കുറിച്ചു പ്രസംഗിച്ചതിനാല്‍ യേശുവിനു ശത്രുത്വം, തിരസ്‌കരണം, പക, വിമര്‍ശനം, യെഹൂദ മതനേതാക്കന്മാരാലുള്ള പുറംതള്ളല്‍ എന്നിവയും, അവസാനമായി മരണവും അനുഭവിക്കേണ്ടിവന്നു. അവിടുന്ന് ഒരു വിശുദ്ധജീവിതം നയിക്കുക മാത്രമേ ചെയ്തിരുന്നുള്ളുവെങ്കില്‍ അവര്‍ തന്നെ ക്രൂശിക്കുകയില്ലായിരുന്നു. എന്നാല്‍ തന്റെ പ്രസംഗത്തിലൂടെ അവിടുന്ന് അവരുടെ കപടഭക്തിയും പാപവും വെളിപ്പെടുത്തിയതിനാല്‍ തന്നെ നിശ്ശബ്ദനാക്കുവാന്‍ അവര്‍ തീരുമാനിച്ചു.
യേശു പറഞ്ഞു: ”അവര്‍ക്കുള്ള ന്യായവിധിയുടെ അടിസ്ഥാനം ഈ ഒരു വസ്തുതയാണ്. സ്വര്‍ഗ്ഗത്തില്‍നിന്നു വെളിച്ചം ലോകത്തിലേക്കു വന്നിരിക്കുന്നു. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ ദുഷ്ടത നിറഞ്ഞവയായതിനാല്‍ അവര്‍ വെളിച്ചത്തെക്കാളധികം ഇരുളിനെ സ്‌നേഹിച്ചു. അവര്‍ സ്വര്‍ഗ്ഗീയപ്രകാശത്തെ വെറുത്തതിന്റെ കാരണം അവര്‍ ഇരുട്ടിന്റെ മറവില്‍ പാപം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു. അവരുടെ പാപം വെളിപ്പെടും എന്ന ഭയത്താല്‍ അവര്‍ വെളിച്ചത്തില്‍നിന്ന് അകലെമാറി നിന്നു” (യോഹ. 3:19,20 ലിവിംഗ് ).
ഇന്നത്തെ ക്രിസ്തീയ മതലോകവും ഇതുപോലെ തന്നെയാണ്. ശിഷ്യന്‍ ഗുരുവിനെക്കാള്‍ ഉയര്‍ന്നവനല്ല. യേശുവിന്റെ വിശുദ്ധിയുടെ മഹത്വം മന്ദോഷ്ണതയുള്ള ഇന്നത്തെ ക്രിസ്തീയ സമൂഹത്തിന്റെ ബഹുമാനം നമുക്കു നേടിത്തരികയില്ല. ”എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും” – ഏതു രാജ്യത്തിലും, ഏതു സമയത്തും (2 തിമോ. 3:12). യേശുവിനുണ്ടായതുപോലെ, ആ ഉപദ്രവം പ്രാഥമികമായും മതലോകത്തില്‍ നിന്നായിരിക്കും ഉണ്ടാകുന്നത്.
ആരെങ്കിലും കര്‍ത്താവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ ആദ്യം ഇരുന്ന് ആയതിനു നല്‍കേണ്ട വില നിര്‍ണ്ണയിക്കു കയും, അവിടുത്തെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്റെ പുറത്തു തന്റെ അടുക്കല്‍ ചെല്ലുകയും ചെയ്യട്ടെ (എബ്രാ. 13:13).
അധ്യായം 4 : സ്‌നേഹത്തില്‍ ജീവിക്കുന്നത്
ദൈവം വെളിച്ചവും സ്‌നേഹവും ആണെന്നു നാം കണ്ടുകഴിഞ്ഞു. ദൈവത്തിന്റെ തേജസ്സു കര്‍ത്താവായ യേശുവില്‍ കാണപ്പെട്ടതു വെളിച്ചവും സ്‌നേഹവും കൊണ്ടു നിറഞ്ഞ നിലയിലായിരുന്നു. വെളിച്ചം, സ്‌നേഹം എന്നിവയെ വേര്‍പിരിക്കുവാന്‍ സാധ്യമല്ല. യഥാര്‍ത്ഥ വിശുദ്ധി സ്‌നേഹം നിറഞ്ഞതും യഥാര്‍ത്ഥ സ്‌നേഹം വിശുദ്ധിയുള്ളതും ആകുന്നു. നമുക്കു മനസ്സിലാകുന്നതിനുവേണ്ടി മാത്രമാണ് ഇവയെ വേര്‍തിരിച്ചു കാണിക്കുന്നത്.
താന്‍ വിശുദ്ധനാണെന്ന് അവകാശപ്പെടുന്ന ഒരുവനില്‍ ദൈവികസ്‌നേഹം പ്രകടമാകുന്നില്ലെങ്കില്‍ അവനുള്ളത് യഥാര്‍ത്ഥവിശുദ്ധിയല്ല, പരീശന്മാരുടെ നീതി മാത്രമാണ്. അതേസമയം എല്ലാവരെയും ധാരാളമായി സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തികളില്‍ വിശുദ്ധിയും നീതിയും കാണപ്പെടാത്ത പക്ഷം, അവര്‍ വെറും വൈകാരികാനുഭൂതികളെ ദിവ്യസ്‌നേഹമെന്നു തെറ്റിദ്ധരിച്ചു വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.
പരീശന്മാര്‍ക്കു മയമില്ലാത്തതും വരണ്ടതുമായ ഒരു ‘നീതി’ ഉണ്ടായിരുന്നു. അവര്‍ അസ്ഥികൂടങ്ങളെപ്പോലെ കഠിനതയുള്ളവരും, അറപ്പുളവാക്കുന്നവരും ആയിരുന്നു. അവരുടെ കൈവശം അല്പം സത്യം ഉണ്ടായിരുന്നുവെങ്കിലും, അതു തെറ്റായ ദിശയിലും അനുപാതത്തിലും ആയിരുന്നു കാണപ്പെട്ടത്.
യേശുവിന്റെ പക്കല്‍ സകല സത്യവും ഉണ്ടായിരുന്നു. അവിടുന്നു പരീശന്മാരെക്കാള്‍ തീവ്രതയോടെ ദൈവപ്രമാണത്തിന്റെ ഓരോ വള്ളിക്കും പുള്ളിക്കും പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ അവിടുന്ന് അസ്ഥികള്‍ മാത്രമായിരുന്നില്ല. ദൈവം മനുഷ്യരെക്കുറിച്ച് ഉദ്ദേശിച്ചിട്ടുള്ള വിധത്തില്‍ അവിടുത്തെ അസ്ഥികള്‍ മാംസത്താല്‍ പൊതിയപ്പെട്ടിരുന്നു. വെളിച്ചം സ്‌നേഹത്താല്‍ ആവരണം ചെയ്യപ്പെട്ടിരുന്നു. അവിടുന്നു സത്യം സംസാരിച്ച പ്പോള്‍ അതു സ്‌നേഹത്തിലായിരുന്നു സംസാരിച്ചത് (എഫെ. 4:15). അവിടുത്തെ വാക്കുകള്‍ അധികാരമുള്ളവയും, ഒപ്പം കൃപ നിറഞ്ഞവയും ആയിരുന്നു (ലൂക്കോ. 4:22,36).
ഈ മഹത്വമാണു പരിശുദ്ധാത്മാവു നമുക്കു പകര്‍ന്നുതരുവാനും, നമ്മിലൂടെ പ്രകടമാക്കുവാനും ആഗ്രഹിക്കുന്നത്.
ദൈവം സ്‌നേഹം ആകുന്നു. അവിടുന്നു സ്‌നേഹത്തോടുകൂടെ പ്രവര്‍ത്തിക്കുന്നു എന്നു മാത്രമല്ല പറഞ്ഞിരിക്കുന്നത്. തന്റെ അന്തസ്സത്തയില്‍ ത്തന്നെ അവിടുന്നു മുഴുവന്‍ സ്‌നേഹമാകുന്നു. യേശുവില്‍ കാണപ്പെട്ട ദൈവത്തിന്റെ മഹത്വം ഇക്കാര്യം വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. യേശു സ്‌നേഹപ്രവൃത്തികള്‍ മാത്രം ചെയ്തുകൊണ്ടു ചുറ്റി സഞ്ചരിച്ചു എന്നാണു നാം വായിക്കുന്നത് (അപ്പോ. 10:38). എന്നാല്‍ തന്റെ ഉള്ളം മുഴുവന്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞിരുന്നതിനാലാണ് അപ്രകാരം നന്മ ചെയ്യുവാന്‍ കഴിഞ്ഞത്.
ശുദ്ധിയും താഴ്മയും എന്നപോലെ സ്‌നേഹവും പുറപ്പെടുന്നതു നമ്മുടെ അകമേയുള്ള മനുഷ്യനില്‍നിന്നാണ്. ആത്മാവിനാല്‍ നിറഞ്ഞ ഒരുവന്റെ ഉള്ളില്‍ നിന്നാണ് ജീവജലനദികള്‍ ഒഴുകുന്നത് (യോഹ. 7:38). നമ്മുടെ ചിന്തകളും മനോഭാവങ്ങളും (നാം പ്രകടിപ്പിക്കാതിരുന്നാല്‍ പോലും) നല്‍കുന്ന വാസന നമ്മുടെ വാക്കുകളെയും, പ്രവൃത്തികളെയും, നമ്മുടെ വ്യക്തിത്വത്തെത്തന്നെയും ബാധിക്കുന്നുണ്ട്. ആ വാസന മണത്തറിയുവാന്‍ മറ്റുള്ളവര്‍ക്കു പ്രയാസമൊന്നുമില്ല. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകളും മനോഭാവങ്ങളും സ്വാര്‍ത്ഥതയാലും വിമര്‍ശനത്താലും മലിനപ്പെട്ടിട്ടുണ്ടെങ്കില്‍ ‘സ്‌നേഹത്തിന്റെ’ വാക്കുകളും പ്രവൃത്തികളും വിലയില്ലാത്തവയായിത്തീരുന്നു. ദൈവം അന്തര്‍ഭാഗത്തിലെ സത്യമാണ് ഇച്ഛിക്കുന്നത് (സങ്കീ. 51:6).
എല്ലാ മനുഷ്യരെയും വളരെ വിലമതിച്ചിരുന്നതിനാല്‍ എല്ലാവരോടും ആദരവോടെ പെരുമാറുവാന്‍ യേശുവിനു കഴിഞ്ഞു. ദൈവഭക്തന്മാര്‍, ഉയര്‍ന്ന സാംസ്‌കാരിക നിലവാരമുള്ളവര്‍, ബുദ്ധിശാലികള്‍ എന്നിവരെ ബഹുമാനിക്കുവാന്‍ എളുപ്പമാണ്. ക്രിസ്തുവിലുള്ള നമ്മുടെ എല്ലാ സഹവിശ്വാസികളെയും സ്‌നേഹിക്കുമ്പോള്‍ നാം ഏതോ ഒരു ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നു ചിന്തിച്ചേക്കാം. എന്നാല്‍ എല്ലാ മനുഷ്യരോടുമുള്ള യേശുവിന്റെ സ്‌നേഹത്തിലാണ് ദൈവമഹത്വം വെളിപ്പെടുന്നത്. ആരെയെങ്കിലും ദാരിദ്ര്യം, അജ്ഞത, വൈരൂപ്യം, സംസ്‌കാരക്കുറവ് എന്നീ കാരണങ്ങളാല്‍ യേശു ഒരിക്കലും നിന്ദയോടെ വീക്ഷിച്ചില്ല. ഈ ലോകവും അതിലുള്ള സകലവും ചേര്‍ത്തു വെച്ചാലും അതിന്റെ വില ഒരു മനുഷ്യാത്മാവിന്റെ അത്രയും വരികയില്ല എന്ന് അവിടുന്നു പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട് (മര്‍ക്കോ. 8:36). ഇവ്വിധമായിരുന്നു അവിടുന്നു മനുഷ്യനു വിലകല്പിച്ചത്. അതുകൊണ്ട് അവിടുന്ന് എല്ലാവരെക്കുറിച്ചും സന്തോഷിച്ചു. സാത്താന്റെ വഞ്ചനയിലും ബന്ധനത്തിലും പെട്ട മനുഷ്യരെ കണ്ടപ്പോള്‍, അവരെ സ്വതന്ത്രരാക്കണം എന്നതായിരുന്നു അവിടുത്തെ ആഗ്രഹം.
സ്‌നേഹത്തില്‍നിന്നുദ്ഭവിച്ച ഈ ആഗ്രഹം അത്ര ശക്തമായിരുന്ന തിനാല്‍, പാപത്തിനു മനുഷ്യരുടെ ജീവിതത്തിന്മേലുണ്ടായിരുന്ന പിടിയില്‍നിന്ന് അവരെ വിടുവിക്കാനായി എന്തു വില നല്‍കുവാനും അവിടുന്ന് ഒരുക്കമായിരുന്നു. അവരുടെ പാപങ്ങളില്‍നിന്ന് അവരെ രക്ഷിപ്പാനായി മരിക്കുവാന്‍പോലും തയ്യാറായിരുന്നതുകൊണ്ടു പാപത്തിനെതിരായി ശക്തിയോടെ പ്രസംഗിക്കുവാനുള്ള അധികാരം അവിടുത്തേക്കു ലഭിച്ചു. നമ്മുടെ സ്വന്തജഡത്തില്‍ ഏതെങ്കിലും ഒരു പ്രത്യേകപാപത്തെ വിധിച്ചു ജയം നേടിയിട്ടില്ലെങ്കില്‍, അഥവാ മറ്റുള്ളവരെ ആ പാപത്തില്‍നിന്നു രക്ഷിക്കുവാനായി വേണ്ടിവന്നാല്‍ മരിക്കുവാനും നാം തയ്യാറായിട്ടില്ലെങ്കില്‍, ആ പാപത്തിനെതിരായി പ്രസംഗിക്കുവാന്‍ നമുക്ക് അധികാരമില്ല. ‘സ്‌നേഹത്തില്‍ സത്യം സംസാരിക്കുക’ എന്നതിന്റെ അര്‍ത്ഥം ഇതാണ് (എഫേ. 4:15).
നാം സംസാരിക്കുന്ന വാക്കുകളിലുള്ള സ്‌നേഹത്തിന്റെ ഊഷ്മളതയാണു ദൈവമഹത്വത്തിനായുള്ള ഫലം മറ്റുള്ളവരില്‍ പുറപ്പെടുവിക്കുവാന്‍ ഹേതുവാകുന്നത്. ഉത്തര ദക്ഷിണ ധ്രുവ പ്രദേശങ്ങളില്‍ ആവശ്യത്തിലധികം വെളിച്ചമുണ്ടെങ്കിലും ചൂടിന്റെ അഭാവം മൂലം യാതൊന്നും അവിടെ വളരുന്നില്ല.
ഭൗതികവസ്തുക്കളെ അപേക്ഷിച്ചു മനുഷ്യര്‍ക്കുള്ള വില യേശു വ്യക്തമായി ഗ്രഹിച്ചിരുന്നു. സ്‌നേഹിക്കപ്പെടുവാനായി മനുഷ്യരും, ഉപയോഗിക്കപ്പെടുവാനായി വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു തനിക്ക് അറിയാമായിരുന്നു. പാപത്തിന്റെ ദുഷിച്ച സ്വാധീനത്താല്‍ ലോകത്തില്‍ ഈ ക്രമം തലതിരിഞ്ഞുപോയിരിക്കുന്നു. ഇപ്പോള്‍ മനുഷ്യര്‍ വസ്തുക്കളെ സ്‌നേഹിക്കുകയും, മറ്റു മനുഷ്യരെ സ്വാഭിലാഷത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
മനുഷ്യര്‍ക്കു വസ്തുക്കളെക്കാള്‍ വളരെയധികം പ്രാധാന്യമുണ്ടെന്ന് യേശു കണ്ടു. അവിടുന്നു മനുഷ്യരെ അത്രയധികം സ്‌നേഹിച്ചിരുന്നതിനാല്‍ അവരുമായി പൂര്‍ണ്ണമായി ഏകീഭവിക്കുകയും, തങ്ങള്‍ വിലപ്പെട്ടവരും, പ്രയോജനമുള്ളവരുമാണ് എന്ന ബോധ്യം അവര്‍ക്കു നല്‍കുകയും ചെയ്തു. അവിടുന്ന് അവരുടെ ഭാരങ്ങള്‍ പങ്കിടുകയും, ചവുട്ടി മെതിക്കപ്പെട്ടവര്‍ക്കു ദയ നിറഞ്ഞ വാക്കുകളും, ജീവിതത്തിലെ പോരാട്ടങ്ങളില്‍ പരാജയപ്പെട്ട വര്‍ക്കു പ്രോത്സാഹനത്തിന്റെ വാക്കുകളും നല്‍കുകയും ചെയ്തു. ഒരു മനുഷ്യനെക്കുറിച്ചും വിലയില്ലാത്തവന്‍ എന്ന് അവിടുന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവര്‍ പ്രാകൃതരും, സംസ്‌കാര ശൂന്യരും, അജ്ഞരും ആയിരുന്നാല്‍ തന്നെയും നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടിരുന്നതിനാല്‍ അവരെയും വീണ്ടെടുക്കേണ്ട ആവശ്യമുണ്ടെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു.
നേരേമറിച്ചു, വസ്തുക്കള്‍ക്കൊന്നിനും അവിടുന്നു യാതൊരു വിലയും കല്പിച്ചില്ല. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുമാറ് ഉപയോഗിക്കപ്പെടുന്നതിലപ്പുറമായി ഭൗതികവസ്തുക്കള്‍ക്കു യാതൊരു വിലയുമില്ല. അയല്‍പക്കത്തെ ഒരു കുട്ടി യേശുവിന്റെ മരപ്പണിശാലയില്‍ ചെന്ന് ഏതെങ്കിലും വിലപിടിച്ച ഒരു സാധനം ഉടച്ചുകളഞ്ഞു എന്നു സങ്കല്പിക്കുക. യേശു അതിനാല്‍ ഒരു വിധത്തിലും കുലുങ്ങിപ്പോകുമായിരുന്നില്ല. അവിടുത്തെ ദൃഷ്ടിയില്‍ ഉടഞ്ഞുപോയ സാധനത്തെക്കാള്‍ വിലയും പ്രാധാന്യവും ആ കുട്ടിക്കായിരുന്നു. അവിടുന്നു മനുഷ്യരെയാണു സ്‌നേഹിച്ചത്, വസ്തുക്കളെയല്ല. മനുഷ്യരെ സഹായിക്കുവാനായി വസ്തുക്കള്‍ ഉപയോഗിക്കുകയായിരുന്നു അവിടുന്നു ചെയ്തത്.
”ദൈവത്തിന്റെ വീക്ഷണകോണില്‍നിന്നുകൊണ്ട് എല്ലാം കാണുന്ന” നിലയിലേക്കു നമ്മെ എത്തിക്കുവാനായി പരിശുദ്ധാത്മാവു നമ്മുടെ മനസ്സു പുതുക്കിത്തരുന്നു (കൊലോ. 1:10 J B Phillips). ദൈവം ഒരുവനെ വീക്ഷിക്കുന്നതുപോലെ അനുകമ്പയോടെ വീക്ഷിക്കുന്നതാണു സ്‌നേഹം.
ദൈവം തന്റെ ജനത്തെക്കുറിച്ചു ഘോഷത്തോടെ ആനന്ദിക്കുന്നു (സെഫ. 3:17). യേശു ദൈവത്തിന്റെ ആത്മാവിനാല്‍ നിറയപ്പെട്ടിരുന്നതിനാല്‍ പിതാവിനു തന്റെ മക്കളെക്കുറിച്ചുള്ള ആനന്ദത്തില്‍ അവിടുന്നും പങ്കുചേര്‍ന്നു. ദൈവത്തിന്റെ വീക്ഷണത്തിലൂടെ മനുഷ്യരെ കാണുവാന്‍ തക്കവണ്ണം മനസ്സില്‍ പുതുക്കം പ്രാപിച്ചിട്ടുള്ളവരുടെ അനുഭവവും ഇതായിരിക്കും. മറ്റു മനുഷ്യരെക്കുറിച്ചു യേശു ചിന്തിച്ചിരുന്ന ചിന്തകളും നിരന്തരമായി സ്‌നേഹത്തിന്റെ ചിന്തകള്‍ മാത്രമായിരുന്നു. അവ ഒരിക്കലും അവരുടെ വിചിത്രവും പ്രാകൃതവുമായ പെരുമാറ്റത്തെ വിമര്‍ശിക്കുന്ന ചിന്തകള്‍ ആയിരുന്നില്ല. അതുകൊണ്ടു ജനങ്ങള്‍ക്ക് അവിടുത്തെ ആത്മാവിന്റെ സൗരഭ്യം അനുഭവിക്കുവാന്‍ സാധിച്ചിരുന്നു. സാധാരണ മനുഷ്യര്‍ തനിക്കു സന്തോഷത്തോടെ ചെവികൊടുത്തു (മര്‍ക്കോ. 12:37 KJV). നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെ ദൈവം നിറയ്ക്കുന്നത് ഈ സ്‌നേഹം കൊണ്ടാണ് (റോമര്‍ 5:5).
രോഗം, ബുദ്ധിമുട്ട്, വിശപ്പ് എന്നിവയാല്‍ വലഞ്ഞവരെയും, ഇടയനില്ലാതിരുന്നവരെയും യേശു സദാ അനുകമ്പയോടെ വീക്ഷിച്ചു. അവരുടെ ദുരിതങ്ങള്‍ സ്വന്തമെന്നു കണ്ടതുകൊണ്ടാണ് അവരെ ആശ്വസിപ്പിക്കുവാന്‍ തനിക്കു സാധിച്ചത്. നാം മറ്റുള്ളവരുടെ പ്രയാസങ്ങളുമായി ഏകീഭവിക്കുന്ന അളവില്‍ മാത്രമേ അവരെ ആശ്വസിപ്പിക്കുവാനും നമുക്കു സാധിക്കുകയുള്ളു. യേശു തന്റെ ഭാവനയില്‍ മറ്റുള്ളവരുടെ സാഹചര്യങ്ങളിലേക്കു പ്രവേശിച്ചതിനാല്‍, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാനും അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ പറയുന്നതിനു മുമ്പുതന്നെ സൂക്ഷ്മബോധമുള്ളവനായിരിക്കുവാനും തനിക്കു കഴിഞ്ഞു. എന്നാല്‍ ഒരിക്കല്‍ ആവശ്യത്തിലിരുന്ന ഒരു മനുഷ്യനോടു മനസ്സലിവു കാണിക്കാതെ ഹൃദയകാഠിന്യത്തോടെ പെരുമാറിയ മനുഷ്യരെക്കണ്ട് അവിടുന്നു വളരെയധികം ദുഃഖിച്ചു (മര്‍ക്കോ. 3:5).
മറ്റു മനുഷ്യരുമായുള്ള തന്റെ ബന്ധത്തില്‍ യേശു എല്ലായ്‌പ്പോഴും സ്വയം മരിച്ച നില സ്വീകരിച്ചു. ആരെങ്കിലും സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്ത ഒരു കാര്യത്തെപ്പറ്റിയും അവിടുന്നു പരിഭവപ്പെട്ടില്ല. തനിക്കുവേണ്ടി മറ്റുള്ളവര്‍ എന്തെങ്കിലും ചെയ്തുതരണം എന്ന് അവിടുന്നു പ്രതീക്ഷിക്കാതിരുന്നതിനാല്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുവാന്‍ വിട്ടുപോയിരുന്നാല്‍ തന്നെയും തനിക്കു പരിഭവമില്ലായിരുന്നു. അവിടുന്നു വന്നതു മറ്റുള്ളവരാല്‍ സേവിക്കപ്പെടുവാനായിരുന്നില്ല, മറ്റുള്ളവര്‍ക്കു സേവനം ചെയ്യുവാനായിരുന്നു.
അവിടുന്നു ദിനംപ്രതി തന്റെ കുരിശു വഹിച്ചിരുന്നതിനാല്‍, എത്രയും സംസ്‌കാരശൂന്യനോ, മഠയനോ ആയ ഒരുവനോടുപോലും യേശുവിനു ക്ഷോഭിക്കേണ്ടിവന്നില്ല. മറ്റുള്ളവരുടെ മന്ദഗതി, വെടിപ്പില്ലായ്മ, ക്രമമില്ലായ്മ, അശ്രദ്ധ എന്നിവയാല്‍ അവിടുന്ന് ഒരിക്കലും അക്ഷമനായില്ല. പക്വത പ്രാപിച്ച ഒരു മനുഷ്യന് അപൂര്‍ണ്ണരായ മനുഷ്യരെ സഹിക്കുവാന്‍ നിഷ്പ്രയാസം കഴിയും. എന്നാല്‍ അപൂര്‍ണ്ണരായവര്‍ക്കാണു മറ്റുള്ളവരുടെ കുറവുകള്‍ സഹിക്കുവാന്‍ ഒട്ടും കഴിയാതെയിരിക്കുന്നത്. ഒരുപക്ഷേ ക്ഷമയായിരിക്കും മറ്റുള്ളവരോടു നമുക്കുള്ള സ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രകടനം.
അടുത്തതായി, യേശുവിന്റെ സംഭാഷണത്തിലൂടെ വെളിപ്പെട്ട സ്‌നേഹത്തിന്റെ മഹത്വത്തെക്കുറിച്ചു ചിന്തിക്കാം.
യേശു ഒരിക്കലും മറ്റുള്ളവരെ ചെറുതാക്കി സംസാരിക്കുകയോ, അവരെ വേദനിപ്പിക്കുന്ന രീതിയില്‍ അഭിപ്രായം പറയുകയോ അഥവാ ഫലിതം പ്രയോഗിക്കുകയോ ചെയ്തില്ല. അവിടുന്ന് ഒരിക്കലും ഒളിയമ്പുപോലെ അന്യരെ മുറിപ്പെടുത്തുന്ന പ്രസ്താവനകള്‍ ചെയ്തിട്ടില്ല. ഒരിക്കല്‍പോലും തന്റെ ശിഷ്യന്മാരുടെ കുറവുകളെക്കുറിച്ച് അവരുടെ അസാന്നിധ്യത്തില്‍ അവിടുന്നു ചര്‍ച്ച ചെയ്തില്ല. മൂന്നു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും യൂദായുടെ കാപട്യം അവിടുന്നു മറ്റു പതിനൊന്നു ശിഷ്യന്മാരുടെ മുമ്പില്‍ തുറന്നുകാണിച്ചില്ല എന്നത് എത്ര ആശ്ചര്യകര മായിരിക്കുന്നു! അന്ത്യഅത്താഴസമയത്തും തങ്ങളുടെ ഗുരുവിനെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് ആരെന്ന് അവര്‍ക്ക് ഊഹിക്കുവാന്‍പോലും സാധിച്ചില്ല.
യേശു തന്റെ നാവിനെ ഉപയോഗിച്ചതു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും ഗുണദോഷിക്കുവാനും വേണ്ടി ആയിരുന്നു. അപ്രകാരം തന്റെ നാവിനെ ദൈവത്തിന്റെ കൈയില്‍ ഒരു ജീവന്റെ ഉപകരണമായി സമര്‍പ്പിക്കുവാന്‍ തനിക്കു കഴിഞ്ഞു. ക്ഷീണിതര്‍ക്ക് ആശ്വാസവാക്കുകള്‍ നല്‍കുവാനും (യെശ. 50:4), നിഗളികളെയും അഹങ്കാരികളെയും വാള്‍കൊണ്ടെന്നപോലെ വെട്ടിവീഴ്ത്തുവാനും അവിടുന്നു തന്റെ നാവിനെ ഉപയോഗിച്ചു (യെശ. 49:2).
യേശു റോമന്‍ ശതാധിപന്റെയും കനാന്യസ്ത്രീയുടെയും വിശ്വാസത്തെക്കുറിച്ചു പരസ്യമായി പ്രശംസിച്ചപ്പോള്‍ അവര്‍ക്ക് എത്രയധികം പ്രോത്സാഹനം ലഭിച്ചുകാണും! (മത്താ. 8:10;15:28). പാപിനിയായ സ്ത്രീയുടെ സ്‌നേഹത്തെക്കുറിച്ചും ബേഥാന്യയിലെ മറിയയുടെ ത്യാഗപൂര്‍ണ്ണമായ അര്‍പ്പണത്തെക്കുറിച്ചും യേശു പ്രശംസിച്ചു സംസാരിച്ച വാക്കുകള്‍ അവര്‍ ഒരിക്കലും മറന്നിരിക്കയില്ല (ലൂക്കോ. 7:47;മര്‍ക്കോ. 14:6).
യേശു തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കും എന്ന ഉറപ്പില്‍നിന്നു പത്രോസിന് എത്രമാത്രം ശക്തി ലഭിച്ചുകാണും! (ലൂക്കോ. 22:32). ഇവ ചുരുങ്ങിയ ചില വാക്കുകള്‍ മാത്രമായിരുന്നുവെങ്കിലും എത്ര ശക്തിയും പ്രോത്സാഹനവും അവ പകര്‍ന്നുകൊടുത്തു!
മറ്റനേകര്‍ക്കും യേശുവിന്റെ നാവില്‍നിന്നു തങ്ങളുടെ തളര്‍ന്ന ആത്മാക്കള്‍ക്ക് ഉത്തേജനം നല്‍കിയ വാക്കുകള്‍ ലഭിച്ചുകാണും. യെശ. 50:4-ല്‍ കാണുന്നതുപോലെ, തന്റെ പിതാവിന്റെ ശബ്ദം കേള്‍ക്കുവാന്‍ യേശു ദിനംതോറും ശ്രദ്ധിച്ചിരുന്നതിനാല്‍ ഓരോ ദിവസവും തന്റെ മുമ്പില്‍ വന്ന തളര്‍ന്ന ആത്മാക്കള്‍ക്കു വേണ്ട യുക്തമായ വചനം പകര്‍ന്നുകൊടുക്കുവാന്‍ അവിടുത്തേക്കു സാധിച്ചു.
യേശുവിന്റെ നീതി തനിക്ക് ഒരു മ്ലാനഭാവം നല്‍കുന്ന വിധത്തിലുള്ള ഒന്നായിരുന്നില്ല. അവിടുന്ന് ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടിരുന്നു (എബ്രാ. 1:9). ക്രൂശില്‍ മരിക്കുന്നതിന്റെ തലേദിവസം തന്റെ ശിഷ്യന്മാരോട്, ”എന്റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാന്‍ ….” എന്നു പറയുവാന്‍ സാധിക്കത്തക്കവണ്ണം അവിടുന്ന് ആനന്ദത്താല്‍ കവിഞ്ഞൊഴുകു കയായിരുന്നു (യോഹ. 15:11). ആനന്ദരഹിതരും, വരണ്ടുപോയവരുമായ ആത്മാക്കള്‍ക്കു തന്റെ ആനന്ദം പകര്‍ന്നുകൊടുത്തുകൊണ്ട് അവിടുന്നു സഞ്ചരിച്ചു.
ചതഞ്ഞ ഓട ഒടിച്ചുകളയുകയോ, പുകയുന്ന തിരി കെടുത്തുകയോ ചെയ്യാതെ, അവിടുന്ന് എല്ലാ മനുഷ്യരോടും സൗമ്യതയോടെ പെരുമാറി (മത്താ. 12:19). ബലഹീനരും പാപികളുമായ മനുഷ്യരിലും അവിടുന്നു നന്മ കണ്ടെത്തുകയും ഓരോ വ്യക്തിയിലുംനിന്ന് ഏറ്റവും ഉയര്‍ന്ന നന്മ പ്രതീക്ഷിക്കുകയും ചെയ്തു. തന്നില്‍ ധാരാളം മനസ്സലിവും, ദയയും, സൗമ്യതയും ഉണ്ടായിരുന്നതിനാല്‍, അനേകര്‍ അവിടുത്തെ സമീപത്തു ചെല്ലുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ അഹങ്കാരികളും, ജീവിതത്തില്‍ രഹസ്യപാപം ഉണ്ടായിരുന്നവരും മാത്രമായിരുന്നു തന്നില്‍ നിന്ന് അകന്നുനിന്നത്.
യേശുവിന്റെ സ്‌നേഹം കേവലം വൈകാരികമായ ഒന്നായിരുന്നില്ല. അതു മറ്റുള്ളവരുടെ ഏറ്റവും ഉയര്‍ന്ന നന്മയായിരുന്നു ആഗ്രഹിച്ചത്. ആവശ്യമുള്ള പക്ഷം ഗുണദോഷത്തിന്റെ വാക്കുകള്‍ ഉപയോഗിക്കുവാനും അവിടുന്നു മടിച്ചിരുന്നില്ല. കുരിശില്‍നിന്നു തന്നെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ച പത്രോസിനെ, ”സാത്താനേ, എന്നെ വിട്ടു പോ” എന്ന കഠിനവാക്കുകള്‍ ഉപയോഗിച്ച് അവിടുന്നു ശാസിക്കുന്നതായും നാം കാണുന്നു (മത്താ. 16:23).
മാന്യസ്ഥാനങ്ങള്‍ അന്വേഷിച്ചതിനും, ശമര്യാക്കാരോടു പ്രതികാരം ചെയ്യുവാന്‍ ആഗ്രഹിച്ചതിനും അവിടുന്നു യാക്കോബിനെയും യോഹന്നാനെയും ശാസിച്ചു (മത്താ. 20:23;ലൂക്കോ. 9:55). അവിടുന്നു തന്റെ ശിഷ്യന്മാരെ ഏഴുപ്രാവശ്യം അവരുടെ അവിശ്വാസം നിമിത്തം ശാസിച്ചു.
യേശുവിന്റെ ഹൃദയം മറ്റുള്ളവരോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞിരുന്നതിനാല്‍, അവര്‍ക്കു വേദന തോന്നിയാല്‍ത്തന്നെയും സത്യം സംസാരിക്കുന്നതിന് അവിടുന്നു ഭയപ്പെട്ടിരുന്നില്ല. കാര്‍ക്കശ്യമുള്ള വാക്കുകള്‍ ഉപയോഗിക്കുന്ന പക്ഷം ദയയുള്ളവന്‍ എന്നുള്ള തന്റെ സല്‍പേരു നഷ്ടപ്പെട്ടുപോയേക്കുമോ എന്ന് അവിടുന്നു ഭയപ്പെട്ടില്ല. അവിടുന്നു മറ്റുള്ളവരെ സ്വന്ത ജീവനെക്കാളധികം സ്‌നേഹിച്ചിരുന്നതിനാല്‍, അവരെ സഹായിക്കുന്നതിനായി തന്റെ സല്‍പേരു നഷ്ടപ്പെടുത്തുവാനും തയ്യാറായിരുന്നു. അതുകാരണം, മനുഷ്യര്‍ നിത്യമായി നശിച്ചുപോകാതിരിക്കുവാനായി അവിടുന്ന് ഉറപ്പായി സത്യം പ്രസ്താവിച്ചു. അവര്‍ക്കു തന്നെക്കുറിച്ചുള്ള അഭിപ്രായത്തെക്കാള്‍ അവരുടെ നിത്യനന്മയായിരുന്നു അവിടുന്നു വിലമതിച്ചിരുന്നത്.
പത്രോസ് യേശുവിന്റെ ശുശ്രൂഷയെ വിവരിച്ചത്, ”നന്മ ചെയ്തുകൊണ്ടു സഞ്ചരിച്ചു” എന്നായിരുന്നു (അപ്പോ. 10:38). യഥാര്‍ത്ഥമായും ഇതായിരുന്നു അവിടുത്തെ ജീവിതത്തിന്റെ ഒരു സംക്ഷിപ്ത വിവരണം. അവിടുന്ന് ഒരു നല്ല പ്രസംഗകനോ, ‘ആത്മാക്കളെ നേടുന്നതില്‍’ താല്‍പര്യമുണ്ടായിരു ന്നവനോ മാത്രമായിരുന്നില്ല. അവിടുന്നു മനുഷ്യനെ മുഴുവനായും സ്‌നേഹിച്ചിരുന്നതിനാല്‍ താന്‍ പോയിടത്തെല്ലാം മനുഷ്യരുടെ ശരീരത്തിനും അതോടൊപ്പം ആത്മാവിനും നന്മ ചെയ്തുകൊണ്ടിരുന്നു.
അവിടുത്തെ ശത്രുക്കള്‍ തന്നെ അപഹസിച്ചുകൊണ്ടു ‘ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതന്‍’ എന്നു വിളിച്ചു (ലൂക്കോ. 7:34). വാസ്തവമായും അവിടുന്ന് അങ്ങനെ തന്നെയായിരുന്നു. സമൂഹത്തിലെ ഏറ്റവുമധികം നിന്ദിതരായ മനുഷ്യരുടെ സ്‌നേഹിതനായിരുന്നു അവിടുന്ന്.
നന്മ ചെയ്തുകൊണ്ടും, സമൂഹം പുറന്തള്ളിക്കളഞ്ഞവരെ സ്‌നേഹിതരാക്കിക്കൊണ്ടും സഞ്ചരിക്കുക എന്നതു സ്വാഭാവികമായി മനുഷ്യര്‍ ചെയ്യുന്നതല്ല. ആരെങ്കിലും ഇപ്രകാരം ചെയ്താല്‍ത്തന്നെ മിക്കപ്പോഴും അവര്‍ക്കു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ യേശുവിനു പുറന്തള്ളപ്പെട്ടവരോടും, സ്‌നേഹിതരില്ലാത്തവരോടും ഉണ്ടായിരുന്ന സ്‌നേഹം തികച്ചും നിസ്സ്വാര്‍ത്ഥവും നിര്‍മ്മലവും ആയിരുന്നു.
സാംസ്‌കാരിക നവീകരണത്തിലൂടെയല്ല, മറിച്ചു സ്വാഭാവികമായതിനു മരിച്ചിട്ടു പരിശുദ്ധാത്മാവില്‍ നിന്നു ദൈവികമായതു പ്രാപിക്കുന്നതിലൂടെയാണു നാം കര്‍ത്താവിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്നത്.
യേശുവിന്റെ സ്‌നേഹം, സന്തോഷത്തോടെ തന്റെ ശിഷ്യന്മാര്‍ക്കു സേവനം ചെയ്യുവാനും, അവരുടെ കാല്‍ കഴുകുന്നതുപോലെയുള്ള വൃത്തികെട്ട ജോലികള്‍ ചെയ്യുവാനുമെല്ലാം തന്നെ പ്രാപ്തനാക്കി. താഴ്മ പ്രകടിപ്പിച്ചുകൊണ്ട് അവരുടെ ബഹുമാനം നേടുവാനായി കണക്കു കൂട്ടിച്ചെയ്ത ഒരു പ്രവൃത്തിയല്ലായിരുന്നു അത്. എന്നാല്‍ അതു തനിക്ക് അവരോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ സ്വാഭാവികമായ ഒരു കവിഞ്ഞൊഴുക്കു മാത്രമായിരുന്നു.
മാനുഷികമായ നന്മയ്ക്കും സ്‌നേഹത്തിനും സാധാരണയായി ബഹുമാനം അല്ലെങ്കില്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ അന്വേഷിക്കുകയെന്ന ഗൂഢമായ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കും. അവ ഉറവിടത്തില്‍ത്തന്നെ ദുഷിച്ചവയാണ്. ദോഷമില്ലാത്തതായി ദൈവികസ്‌നേഹം മാത്രമേയുള്ളു. യേശു നന്മ ചെയ്തത് എന്തെങ്കിലും സ്വാര്‍ത്ഥോദ്ദേശ്യം വച്ചുകൊണ്ടായി രുന്നില്ല. അവിടുത്തെ നന്മ ”ദുഷ്ടന്മാര്‍ക്കും നല്ലവര്‍ക്കും ഒരുപോലെ സൂര്യന്റെ പ്രകാശം നല്‍കുന്നവനും, നീതിചെയ്യുന്നവര്‍ക്കും അനീതി ചെയ്യുന്നവര്‍ക്കും മഴ നല്‍കുന്നവനും” ആയ തന്റെ പിതാവിന്റെ സ്വഭാവത്തിന്റെ ബഹിര്‍പ്രകടനം മാത്രമായിരുന്നു (മത്താ. 5:45 ലിവിംഗ്).
നന്മ ചെയ്യുന്നതും, വീണ്ടും വീണ്ടും കൊടുത്തുകൊണ്ടേയിരിക്കുന്നതുമാണു ദൈവത്തിന്റെ സ്വഭാവം. സൂര്യനു പ്രകാശിക്കുക എന്നതുപോലെ അവിടുത്തേക്കു തികച്ചും സ്വാഭാവികമായ ഒന്നത്രേ ഇത്. യേശുവിന്റെ ജീവിതത്തില്‍ വെളിപ്പെട്ട മഹത്വവും ഇതായിരുന്നു. അവിടുന്ന് ഇടവിടാതെ നന്മ ചെയ്യുകയും, മറ്റുള്ളവരെ സേവിക്കുകയും, സഹായിക്കുകയും, തനിക്കാവുന്നത്ര എല്ലാം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.
യേശു പണം ചെലവാക്കിയ രീതി തന്റെകൂടെ മൂന്നരവര്‍ഷം ഉണ്ടായിരുന്ന ശിഷ്യന്മാര്‍ കണ്ടതു യോഹ. 13:29-ല്‍ സൂചിപ്പിച്ചിരിക്കുന്നു. രണ്ടു കാര്യങ്ങള്‍ക്കു മാത്രമായിരുന്നു യേശു പണം ചെലവാക്കിയതെന്ന് അവര്‍ കണ്ടു – ആവശ്യമുള്ളതു വാങ്ങുന്നതിനും, ദരിദ്രര്‍ക്കു ദാനം ചെയ്യുന്നതിനും.
”വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം” എന്നു യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (അപ്പോ. 20:15). മറ്റുള്ളവര്‍ക്കായി ജീവിക്കുകയും, ആവശ്യത്തിലിരിക്കുന്നവര്‍ക്കായി തന്നെത്തന്നെയും തനിക്കുള്ളതൊക്കെയും നല്‍കുകയും ചെയ്യുന്ന ഒരു ജീവിതമാണ് ഈ ലോകത്തില്‍ ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും സന്തോഷകരവും അനുഗ്രഹകരവുമായ ജീവിതം എന്ന് അവിടുന്നു സ്വന്ത ജീവിതത്തിലൂടെ വെളിപ്പെടുത്തി.
യേശു ആര്‍ക്കുവേണ്ടി പ്രസംഗിച്ചുവോ, അവര്‍ക്കുവേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. യെരുശലേം നിവാസികള്‍ ദൈവവചനം സ്വീകരിച്ചില്ല എന്നു കണ്ടപ്പോള്‍ അവിടുന്ന് അവരെ ഓര്‍ത്തു വിലപിച്ചു. ദൈവാലയത്തിലെ കപടഭക്തര്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയതിനു ശേഷമായിരുന്നു താന്‍ അവരെ ചമ്മട്ടിയുപയോഗിച്ചു പുറത്താക്കുവാന്‍ ചെന്നത് (ലൂക്കോ. 19:41,45). കണ്ണീരൊഴുക്കുന്നവനു മാത്രമേ ചമ്മട്ടിയുപയോഗിക്കുവാന്‍ യോഗ്യതയുള്ളു.
യേശുവിനു നിറവേറ്റുവാനുണ്ടായിരുന്ന ജോലിയെക്കാള്‍ പ്രാധാന്യമുള്ള ഒന്നു ലോകത്തില്‍ മറ്റാര്‍ക്കും ഒരിക്കലും ലഭിച്ചിട്ടില്ല. മറ്റാരും മൂന്നരവര്‍ഷത്തെ പരസ്യ ശുശ്രൂഷയ്ക്കുള്ളില്‍ ഇത്രയധികം പ്രയോജന കരമായ അധ്വാനം ഉള്‍പ്പെടുത്തിയിട്ടില്ല. തീര്‍ച്ചയായും രാവും പകലും അവിടുന്നു തിരക്കിലായിരുന്നിരിക്കാം. എന്നാല്‍ അദ്ഭുതം എന്നു പറയട്ടെ, തന്നെ കാണുവാന്‍ വന്നവരെ നിയന്ത്രിക്കുവാന്‍ അവിടുന്ന് ഒരു സെക്രട്ടറിയെ നിയമിച്ചിരുന്നില്ല. തന്റെ ശിഷ്യന്മാര്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവിടുന്ന് അവരെ ശാസിക്കുകയാണു ചെയ്തത് (മര്‍ക്കോ. 10:13-15).
അനേകര്‍ തന്റെ സമയത്തെ ആവശ്യപ്പെടുമാറു മറ്റാരെക്കാളും അധികം അദ്ഭുതപ്രവൃത്തികള്‍ നിറഞ്ഞ ശുശ്രൂഷ ഉണ്ടായിരുന്നിട്ടും, എല്ലാവര്‍ക്കും എല്ലാ സമയത്തും തന്റെ അടുത്തു കടന്നുവരുവാനുള്ള സ്വാതന്ത്ര്യം അവിടുന്നു നല്‍കിയിരുന്നു.
ആവശ്യത്തിലിരുന്ന മനുഷ്യര്‍ക്കു ശുശ്രൂഷ ചെയ്യുന്നതിനായി, ഭക്ഷണം പോലും അവഗണിക്കുന്നതുകണ്ട്, അവിടുത്തെ ബന്ധുക്കള്‍ തനിക്കു ബുദ്ധിഭ്രമം സംഭവിച്ചുവോ എന്നു പോലും ചിന്തിച്ചു (മര്‍ക്കോ. 3:20,21).
യേശുവിന്റെ അടുത്തു ചെല്ലുവാന്‍ എളുപ്പമാണ് എന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. ഇക്കാരണത്താലായിരുന്നു പ്രസംഗത്തിന്റെ തിരക്കിലായിരുന്ന ഒരു ദിവസം രാത്രി ഏറെയായിട്ടും നിക്കോദെമോസ് അവിടുത്തെ സന്ദര്‍ശിക്കുവാന്‍ ഒരുമ്പെട്ടത്. തന്നെ സന്തോഷത്തോടെ സ്വീകരിക്കും എന്നു നിക്കോദെമോസിന് ഉറപ്പുണ്ടായിരുന്നു. രാത്രിയായാലും പകലായാലും ഏതു സമയത്തും സഹായത്തിനായി തന്റെ അടുത്തു ചെല്ലുവാന്‍ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു അവിടുന്നു ജനങ്ങള്‍ക്കു നല്‍കിയ ധാരണ.
സൂര്യാസ്തമയം കഴിഞ്ഞായിരുന്നു ഒരു ദിവസം അനേകം രോഗികളെ അവിടുത്തെ മുമ്പാകെ കൊണ്ടുചെന്നത്. എന്നാല്‍ അവരില്‍ ഓരോരുത്തരുടെ മേലും അവിടുന്നു കൈവച്ചു (ലൂക്കോ. 4:40). അതിനു കുറെ മണിക്കൂറുകള്‍ എടുത്തുകാണും. എന്നാല്‍ സമയം ചുരുക്കുവാനായി അവിടുന്ന് ഒരു കൂട്ടപ്രാര്‍ത്ഥന നടത്തിയില്ല. അവരില്‍ ഓരോരുത്തരിലും അവിടുത്തേക്കു താല്‍പര്യമുണ്ടായിരുന്നതുകൊണ്ട് അവര്‍ക്കു വ്യക്തിപരമായ ശ്രദ്ധ നല്‍കുവാന്‍ അവിടുന്ന് ആഗ്രഹിച്ചു. തന്മൂലം തന്റെ അത്താഴവും ചില മണിക്കൂര്‍ നേരത്തെ ഉറക്കവും നഷ്ടപ്പെട്ടുപോകും എന്നതു തന്നെ വിഷമിപ്പിച്ചില്ല.
തന്റെ സമയം തന്റെ സ്വന്തമാണ് എന്ന് യേശു കരുതിയിരുന്നില്ല. അവിടുന്നു തന്നെത്തന്നെ ജനത്തിനായി പൂര്‍ണ്ണമായി വിട്ടുകൊടുത്തു. ആവശ്യത്തിലിരിക്കുന്നവര്‍ക്കു തന്റെ സമയം, സ്വത്ത് എന്നുവേണ്ട, തന്നെ മുഴുവനായും ഉപയോഗിക്കാമായിരുന്നു (യെശ. 58:10). അസൗകര്യങ്ങള്‍ സഹിക്കുവാന്‍ യേശു ഒരുക്കമായിരുന്നു. ആരെങ്കിലും അവിടുത്തേക്ക് അസൗകര്യം ഉണ്ടാക്കുകയോ, തന്റെ സ്വകാര്യജീവിതത്തിലേക്കു ക്ഷണിക്കാതെ കടന്നുചെല്ലുകയോ ചെയ്താല്‍പ്പോലും അവിടുന്നു നീരസപ്പെടുകയില്ലായിരുന്നു.
യേശുവില്‍ക്കൂടെ വെളിപ്പെട്ട ശക്തിയുള്ളതും, അസാധാരണവുമായ പരിശുദ്ധാത്മവരങ്ങള്‍ ജനങ്ങളെ അനുഗ്രഹിച്ചതിന്റെ കാരണം, അവ ദൈവത്തിന്റെ സ്‌നേഹവും അനുകമ്പയും കൊണ്ട് – വൈദ്യുതകമ്പി ഇന്‍സുലേഷന്‍ കൊണ്ടെന്നപോലെ – പൊതിയപ്പെട്ടിരുന്നു എന്നതായിരുന്നു. സ്‌നേഹവും അനുകമ്പയും ഇല്ലാത്ത അദ്ഭുതപ്രവൃത്തികള്‍ കവചിതമല്ലാത്ത വൈദ്യുതകമ്പി എന്നവണ്ണം മരണത്തിനു കാരണമായിത്തീര്‍ന്നേക്കാം.
യേശുവിന്റെ സ്‌നേഹവും താല്‍പര്യവും തന്റെ ജഡപ്രകാരമുള്ള ബന്ധുക്കളോടും പ്രകടമായിരുന്നു. പരീശന്മാര്‍ക്കുണ്ടായിരുന്നതുപോലെ ‘കര്‍ത്താവിന്റെ വേല’യെക്കുറിച്ച് അവിടുത്തേക്കു സമനില വിട്ട ഒരു ധാരണയില്ലായിരുന്നു. അവരാണെങ്കില്‍ പൂര്‍ണ്ണസമയശുശ്രൂഷ ചെയ്യുവാനായി ഇറങ്ങിയവരോടു (full time workers) തങ്ങളുടെ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ടു ‘മാതാപിതാക്കളെ ക്കാളധികമായി ദൈവത്തെ സ്‌നേഹിക്കുവാന്‍’ ആവശ്യപ്പെട്ടിരുന്നു (മര്‍ക്കോ, 7:10-13). എന്നാല്‍ കുരിശില്‍ കിടന്നു വേദനയേറ്റു മരിക്കുമ്പോഴും തന്റെ മാതാവിന്റെ ഭാവിക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ തക്ക കരുതല്‍ യേശുവിനുണ്ടായിരുന്നു (യോഹ. 19:25-27).
യേശു മറ്റുള്ളവര്‍ക്കായി മാത്രം ജീവിച്ചിരുന്നതിനാല്‍, മരിക്കുന്ന സമയത്തുപോലും ഒരു കള്ളനെ രക്ഷയിലേക്കു നയിക്കുവാന്‍ വേണ്ട സമയം കണ്ടെത്തി. കുരിശില്‍ തൂങ്ങിക്കിടക്കുമ്പോഴും, സ്വന്തവേദനകള്‍, മറ്റുള്ളവ രുടെ നിന്ദ, പക എന്നിവയെക്കുറിച്ചൊന്നും ഗൗനിക്കാതെ, തന്നെ ക്രൂശിച്ചവരുടെ പാപം ദൈവം ക്ഷമിക്കണം എന്നതായിരുന്നു അവിടുത്തെ താല്‍പര്യം (ലൂക്കോ. 23:34).
യേശു തിന്മയെ ജയിച്ചത് എപ്പോഴും നന്മയാലായിരുന്നു. മറ്റുള്ളവരുടെ പക എന്ന പ്രളയത്തിനു തന്റെ സ്‌നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നിയെ കെടുത്തി ക്കളയുവാന്‍ സാധിച്ചില്ല (ഉത്ത. 8:7). ഈ സ്‌നേഹമാണ് അവിടുന്നു നമുക്കും പരിശുദ്ധാത്മാവിലൂടെ നല്‍കുന്നത്. തന്മൂലം നമുക്കും അവിടുന്നു നമ്മെ സ്‌നേഹിച്ചതുപോലെ അന്യോന്യം സ്‌നേഹിക്കുവാന്‍ സാധിക്കും (യോഹ. 13:34,35; റോമര്‍ 5:5). ഇപ്രകാരം നമുക്കും അവിടുത്തെ തേജസ്സു പ്രസരിപ്പിക്കുവാന്‍ സാധിക്കും.
അധ്യായം 5 : ആത്മാവില്‍ ജീവിക്കുന്നത്
കഴിഞ്ഞ അധ്യായങ്ങളില്‍ നാം യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ താഴ്മയിലും, വിശുദ്ധിയിലും സ്‌നേഹത്തിലും എങ്ങനെ ജീവിച്ചു എന്നു കണ്ടു.
ഇപ്പോള്‍ നമുക്കു സംഭവിക്കാവുന്ന അപകടം, അനുകരണത്തിലൂടെ ഈ മേഖലകളില്‍ യേശുവിനെപ്പോലെ ആയിത്തീരാമെന്നു നാം കരുതിയേക്കാമെന്നതാണ്. ദൈവതേജസ്സു നമ്മിലൂടെ പ്രസരിക്കേണ്ടത് അനുകരണത്തിലൂടെയല്ല, മറിച്ചു ദൈവസ്വഭാവത്തിനു പങ്കാളികളായിത്തീരു ന്നതിലൂടെയാണ്.
ലോകചരിത്രത്തില്‍ നോക്കിയാല്‍ അക്രൈസ്തവരായ അനേകര്‍ യേശുവിനോടുള്ള ബഹുമാനം മൂലം അവിടുത്തെ താഴ്മ, നിര്‍മ്മലത, സ്‌നേഹം എന്നിവയെ അനുകരിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നു കാണുവാന്‍ കഴിയും. എന്നാല്‍ തീയുടെ ചിത്രത്തിനെന്നതുപോലെ, അതിനു ചൂടുനല്‍കുവാന്‍ കഴിയുകയില്ല.
വ്യാജവജ്രങ്ങള്‍ ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ രത്‌നങ്ങളെപ്പോലെ തന്നെ കാണപ്പെടുന്നതിനാല്‍ ഒരു വിദഗ്ദ്ധനു മാത്രമേ അവയെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍ താരതമ്യേന ഒട്ടും വിലയില്ലാത്ത കണ്ണാടിക്ക ഷണങ്ങള്‍ മാത്രമാണ് അവ. മനുഷ്യന്‍ അനുകരണത്തില്‍ വളരെ വിദഗ്ദ്ധനാണ് – യേശുവിനെ അനുകരിക്കുന്ന മേഖലയിലും.
ഇപ്രകാരമെങ്കില്‍ നമുക്കു വഞ്ചനയില്‍നിന്നു രക്ഷപെടുവാന്‍ എങ്ങനെ സാധിക്കും? നാം യേശുവിനെ അനുകരിക്കുക മാത്രമാണോ ചെയ്യുന്നത്, അതോ വാസ്തവമായും ദൈവസ്വഭാവത്തിനു പങ്കാളിയായിത്തീരുന്നുണ്ടോ എന്ന് എപ്രകാരം അറിയുവാന്‍ സാധിക്കും?
ഇതിന് ഒരു വഴിയേ ഉള്ളു. നമ്മുടെ ജീവിതത്തില്‍ ദേഹിയില്‍നിന്നുള്ള തും (ദേഹീപരം, ീൌഹശവെ), ആത്മികമായതും തമ്മില്‍ വചനം ഉപയോഗിച്ചു വേര്‍തിരിക്കുവാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ് ഈ വഴി (എബ്രാ. 4:12). ദേഹിയില്‍ നിന്നുള്ളതും ആത്മാവില്‍ നിന്നുള്ളതും തമ്മില്‍ വേര്‍തിരിച്ചറിയുന്നില്ലെങ്കില്‍ നാം നിശ്ശേഷം വഞ്ചിക്കപ്പെട്ടുപോകുവാനും, വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത മനസ്സിലാകാതെ തുടരുവാനും ഇടയുണ്ട്.
ഇക്കാലത്തു വിശ്വാസികള്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യം അവരുടെ മനസ്സ്, വികാരങ്ങള്‍, യുക്തി എന്നിവയ്ക്കു പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ തടയുവാന്‍ കഴിയും എന്നതാണ്. ദേഹിയില്‍ നിന്നുള്ളതും ആത്മാവില്‍ നിന്നുള്ളതുമായ പ്രവര്‍ത്തനങ്ങളെ വേര്‍തിരിക്കുന്നില്ലെങ്കില്‍ നമ്മുടെ സ്വന്ത ഹൃദയത്താല്‍ നാം വഞ്ചിക്കപ്പെടുവാന്‍ സാധ്യതയുണ്ട് എന്നു മാത്രമല്ല, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെ വ്യാജമായി അനുകരിക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ടാത്മാക്കളാല്‍ വഞ്ചിക്കപ്പെട്ടു പോകുവാനും സാധ്യതയുണ്ട്.
ഭൂരിഭാഗം വിശ്വാസികള്‍ക്കും ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിവില്ലാത്തതിന്റെ കാരണം, തുടര്‍ന്നുള്ള പുരോഗതിക്ക് ഈ അറിവ് ആവശ്യമാണ് എന്ന നിലയിലേക്കു തങ്ങളുടെ ആത്മീയജീവിതത്തില്‍ അവര്‍ വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതാണ്.
ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കു ഗണിതശാസ്ത്രത്തിലെ ഒരു ഉയര്‍ന്ന വിഷയത്തിന്റെ വിഭാഗങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുവാന്‍ കഴിയുന്നില്ല എന്നു പറയുന്നതു പോലെയാണ് ഇത്. ഈ വിഭാഗങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചു മനസ്സിലാക്കിയാല്‍ മാത്രമേ തുടര്‍ന്നുള്ള പുരോഗതി സാധ്യമാകുകയുള്ളു എന്ന നിലയിലേക്ക് അവന്റെ പഠനം എത്തിയിട്ടില്ല എന്നതാണ് ഇതിന്റെ കാരണം.
ഒരു നല്ല സാക്ഷ്യം പ്രാപിച്ചതുകൊണ്ടോ, ദയ, സൗമ്യത, അനുകമ്പ എന്നിവയുള്ളവന്‍ എന്നു മനുഷ്യരുടെ മുമ്പാകെ അറിയപ്പെടുന്നതുകൊണ്ടോ നിങ്ങള്‍ തൃപ്തിയടയുന്നവനാണെങ്കില്‍, ഒരു ദേഹീപര ക്രിസ്ത്യാനിയെന്ന തിനപ്പുറമോ, യേശുവിന്റെ ഒരു വെറും അനുകരണമെന്നതിനപ്പുറമോ നിങ്ങള്‍ ഒരിക്കലും കടന്നു ചെല്ലുകയില്ല.
ക്രിസ്ത്യാനികളെ മൂന്നു വിഭാഗങ്ങളായിട്ടാണു പൗലോസ് വേര്‍തിരിക്കുന്നത്: ആത്മീയര്‍ (1 കൊരി. 3:1), ദേഹീപരര്‍ (1 കൊരി. 2:14, അക്ഷരാര്‍ത്ഥം). ജഡികര്‍ (1 കൊരി. 3:1).
ഇത് 1 തെസ്സ. 5:23-ല്‍ മനുഷ്യനെ വിഭജിച്ചിരിക്കുന്ന മൂന്നു ഭാഗങ്ങളുമായി യോജിക്കുന്നു: ആത്മാവ്, ദേഹി (പ്രാണന്‍), ശരീരം.
ജഡത്തിന്റെ മോഹങ്ങള്‍ നമ്മെ ഭരിക്കുമ്പോള്‍ നാം ജഡികരാണ്. എന്നാല്‍ ആ മോഹങ്ങളെ ജയിച്ചതിനു ശേഷവും ആത്മികരായില്ലെന്നു വരാം. തുടര്‍ന്നു നാം മനസ്സിന്റെയും വികാരങ്ങളുടെയും മോഹങ്ങളാല്‍ ഭരിക്കപ്പെടുകയാണെങ്കില്‍ നാം ദേഹീപരര്‍ മാത്രമാണ്. ആത്മീയനോ പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവനാണ്. അവന്റെ ദേഹിയും ശരീരവും പരിശുദ്ധാത്മാവിന്റെ അധികാരത്തിന്‍ കീഴില്‍ നില്‍ക്കുന്നു.
ദേഹീപര മനുഷ്യന്‍ ദൈവത്തോടു ശത്രുത്വം പുലര്‍ത്തുന്നില്ല എങ്കിലും ആത്മീയകാര്യങ്ങള്‍ അവനു ഭോഷത്തം എന്നു തോന്നുന്നതിനാല്‍ അവ സ്വീകരിക്കുവാനും ഗ്രഹിക്കുവാനും അവനു കഴിയുന്നില്ല (റോമര്‍ 8:7; 1 കൊരി. 2:14). അവന്റെ മുമ്പില്‍ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം പ്രദര്‍ശിപ്പിച്ചാല്‍ അത് അവനു ഭോഷത്തമായും അനാവശ്യമായി മുടിനാരിനെ വിഭജിക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനമായും തോന്നും. അവനു മനുഷ്യന്റെ മുമ്പില്‍ ഒരു നല്ല സാക്ഷ്യമുള്ളതിനാല്‍ തന്റെ ദേഹീപരനിലയില്‍ അവന്‍ തൃപ്തനായിരിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ മുമ്പാകെ ബഹുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും തന്നെ ദേഹീപര നിലയില്‍ കവിഞ്ഞു പുരോഗമിക്കുവാന്‍ സാധ്യമല്ല.
ഇക്കാലത്തു ദൈവത്തില്‍ നിന്നു പുറപ്പെടുന്നു എന്ന് അവകാശപ്പെടുന്ന അനവധി ശബ്ദങ്ങളും പ്രകടനങ്ങളും ഉള്‍പ്പെടുന്ന വന്‍തോതിലുള്ള വഞ്ചനകള്‍ ക്രിസ്തീയസഭയില്‍ ഉള്ളതിനാല്‍, ദുഷ്ടന്റെ തന്ത്രങ്ങളില്‍നിന്നു നമ്മെത്തന്നെ സൂക്ഷിക്കേണ്ടതിനായി, ദേഹീപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളെ വേര്‍തിരിച്ചറിയേണ്ടതു മുമ്പെന്നത്തെക്കാളുമേറെ ആവശ്യമാണ്.
”ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു …. ഒടുക്ക ത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി” (1 കൊരി. 15:45).
ഒന്നാമത്തെ ആദാമിന്റെ നേതൃത്വത്തില്‍നിന്നു വിടുവിക്കപ്പെട്ടശേഷം ക്രിസ്തുവിന്റെ (ഒടുക്കത്തെ ആദാം) നേതൃത്വത്തിന്‍ കീഴില്‍ വന്ന നാം, ദേഹിയില്‍നിന്നു ജീവിക്കുന്നതു മതിയാക്കി ആത്മാവില്‍ ജീവിക്കുകയെന്നാല്‍ എന്താണെന്നു മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
നമ്മുടെ അധഃപതിച്ച ജീവിതത്തിന്റെ ജഡികമായ അംശം പ്രവര്‍ത്തനരഹിതമായാല്‍ മാത്രം പോരാ. ദേഹീപരമായ അംശം വൈരൂപ്യം കുറഞ്ഞതാണെങ്കി ലും, അത് ആത്മീയ ജീവിതത്തിന് അപകടകരമായതിനാല്‍ നമുക്ക് അതിനെയും നേരിടേണ്ടതുണ്ട്. പാപത്തിന്റെ ശക്തിയില്‍നിന്നു മാത്രമല്ല, നമ്മുടെ ദേഹിയുടെ അതിര്‍ കവിഞ്ഞ പ്രവര്‍ത്തനത്തില്‍നിന്നും ദിനംതോറും നാം അധികമായി രക്ഷ പ്രാപിക്കേണ്ടിയിരിക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍ യേശു സംസാരിച്ചതുപോലെ അവിടുന്ന് എന്തുകൊണ്ടു സംസാരിച്ചു എന്നു ദേഹീപരരായവര്‍ക്കു മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഒരിക്കല്‍ അവിടുന്നു ജനക്കൂട്ടത്തിനിടയിലായിരുന്നപ്പോള്‍ തന്റെ ചില ബന്ധുക്കള്‍ വന്നു തന്നെ കാണാനാവശ്യപ്പെട്ടപ്പോള്‍ യേശു തന്റെ ശിഷ്യന്മാരെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവരാണു തന്റെ ഏറ്റവുമടുത്ത ബന്ധുക്കള്‍ എന്നു പറയുകയുണ്ടായി (മത്താ. 12:49,50).
അവിടുത്തെ ബന്ധുക്കളും മറ്റുള്ളവരും അത് ഒരു കഠിനവും കരുതലില്ലാത്തതുമായ ഒരു പ്രസ്താവനയായി കരുതിയിരുന്നിരിക്കാം. എന്നാല്‍ യേശു തന്റെ ബന്ധുക്കളുമായി ദേഹീപരമായ അടുപ്പം ആഗ്രഹിച്ചിരുന്നില്ല.
”സാത്താനേ, എന്നെ വിട്ടു പോ” എന്ന കഠിന വാക്കുകളാല്‍ യേശു പത്രോസിനെ ശാസിച്ചപ്പോള്‍ അതിന്റെ ആവശ്യം അവിടുത്തെ ശിഷ്യന്മാര്‍തന്നെ മനസ്സിലാക്കി കാണുകയില്ല.
മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു വിചാരിക്കും എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു ദേഹീപരരായവര്‍ ഇതുപോലെ ഒരിക്കലും സംസാരിക്കുകയില്ല.
ജഡത്തില്‍നിന്നുള്ള പാപങ്ങളെ നാം ജയിച്ചിരിക്കാം. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഉദിക്കുന്ന ചോദ്യം, നമ്മുടെ മാനുഷികമായ ദേഹീപര ജീവനില്‍ ഉള്‍ക്കൊള്ളുന്ന കഴിവുകള്‍ ഉപയോഗിച്ചാണോ, അഥവാ ദൈവികജീവന്റെ ശക്തിയാലാണോ നാം യേശുവിനെപ്പോലെ ആയിത്തീരുവാന്‍ ഒരുമ്പെടുന്നത് എന്നതാണ്.
പരിശുദ്ധാത്മാവിനാലാണോ നമ്മുടെ സ്വന്തം കഴിവുകളാലാണോ നാം പൂര്‍ണ്ണരാകുവാന്‍ പോകുന്നത്? (ഗലാ. 3:3).
ദേഹീപരരായിരിക്കുക എന്നത് ആത്മീയവളര്‍ച്ചക്ക് ഒരു തടസ്സമാണ്. പത്രോസ് യേശുവിനെ കുരിശില്‍നിന്നു പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചതു തീവ്ര മായ മാനുഷികസ്‌നേഹത്തോടെയായിരുന്നു. എന്നാല്‍ യേശു അതിനെ പിശാചിന്റെ ശബ്ദമായി തിരിച്ചറിഞ്ഞു. അവിടുന്നു പത്രോസിനോടു പറഞ്ഞു: ”നീ ശ്രദ്ധ വച്ചിരിക്കുന്നതു ദൈവസ്വഭാവത്തിനു പങ്കാളിയായിത്തീരുന്നതു സംബന്ധിച്ച കാര്യത്തിലല്ല (ആത്മികം), മറിച്ചു മനുഷ്യസ്വഭാവത്തിനു പങ്കാളിയായിത്തീരുന്ന ഒന്നിലത്രേ” (ദേഹീപരം) (മത്താ. 16:23 Amplified Bible). ആദാമിന്റെ ജീവനാല്‍ ഏതൊരുവന്റെ ചിന്താഗതികള്‍ നിയന്ത്രിക്കപ്പെടു ന്നുവോ, അവനത്രേ ദേഹീപര ക്രിസ്ത്യാനി. തീവ്രമായ മാനുഷിക സ്‌നേഹവും, നീതിയ്ക്കായുള്ള അഭിവാഞ്ഛയും ഉണ്ടായെന്നു വരികിലും അതു ദൈവികമല്ല.
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവനെ ആത്മാവ്, പ്രാണന്‍ (ദേഹി), ശരീരം എന്നിവയായി സൃഷ്ടിച്ചു (1 തെസ്സ. 5:23). മനുഷ്യന്‍ ദൈവത്തിന്റെ ആലയം അഥവാ വാസസ്ഥലം ആയിരിക്കണം എന്നായിരുന്നു അവിടുത്തെ ഉദ്ദേശ്യം. പഴയനിയമത്തില്‍ ദൈവം മോശെക്കു തിരുനിവാ സത്തിന്റെ മാതൃക കാണിച്ചു കൊടുത്തപ്പോള്‍ അവയ്ക്കു മൂന്നു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതിനു കാരണം, അവ ദൈവത്തിന്റെ വാസസ്ഥലമെന്ന നിലയില്‍ മനുഷ്യനെ ചിത്രീകരിക്കുന്നു എന്നതത്രേ.
തിരുനിവാസത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. ഒരു ഭാഗം തുറന്നിരുന്ന പുറത്തെ പ്രാകാരമായിരുന്നു. ഇതു കാണപ്പെടുന്ന ഭാഗമായ മനുഷ്യന്റെ ശരീരത്തെ സൂചിപ്പിക്കുന്നു. മറ്റു രണ്ടു ഭാഗങ്ങളും – വിശുദ്ധസ്ഥലവും അതിവിശുദ്ധ സ്ഥലവും – മൂടപ്പെട്ടിരുന്നു. ഇവ മനുഷ്യന്റെ അദൃശ്യമായ ഭാഗങ്ങളെ – പ്രാണനെയും ആത്മാവിനെയും സൂചിപ്പിക്കുന്നു.
ദൈവത്തിന്റെ സാന്നിധ്യം അതിവിശുദ്ധസ്ഥലത്തായിരുന്നു. അവിടെനി ന്നായിരുന്നു അവിടുന്നു മനുഷ്യനുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ഒരാള്‍ വീണ്ടും ജനിക്കുമ്പോള്‍ സംഭവിക്കുന്നത്, പരിശുദ്ധാത്മാവു മനുഷ്യന്റെ ആത്മാവിനെ ജീവിപ്പിക്കുകയും ഭാര്യയും ഭര്‍ത്താവും ഒരു ശരീരമായിത്തീരു ന്നതുപോലെ കര്‍ത്താവുമായി ഏകാത്മാവാക്കിത്തീര്‍ക്കുകയും ചെയ്യുന്നു എന്നതാണ് (1 കൊരി. 6:17). ഇതിലൂടെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം തന്റെ പരിശുദ്ധാത്മാവിനാല്‍ മനുഷ്യന്റെ വീണ്ടെടുക്കപ്പെട്ട ദേഹിയുടെയും ശരീരത്തിന്റെയും മേല്‍ ആധിപത്യം നടത്തപ്പെടണം എന്നാണ്. ഈ വസ്തുത മനസ്സിലാക്കിക്കൊണ്ടു തന്നെക്കുറിച്ചുള്ള കര്‍ത്താവിന്റെ ഈ പദ്ധതിക്കു തന്നെത്തന്നെ കീഴ്‌പ്പെടുത്തുന്നവനാണു യഥാര്‍ത്ഥ ആത്മിക മനുഷ്യന്‍.
മനുഷ്യന്റെ ദേഹിയില്‍ അഥവാ പ്രാണനില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അവന്റെ മനസ്സ് (ചിന്തിക്കുവാനുള്ള കഴിവ്), വികാരങ്ങള്‍ (തോന്നലുകള്‍ക്കും വൈകാരിക അനുഭവങ്ങള്‍ക്കുമുള്ള കഴിവ്), ഇച്ഛാശക്തി (തീരുമാനമെടുക്കു വാനുള്ള കഴിവ്) എന്നിവയാണ്. ദൈവം ആത്മാവാകയാല്‍, മനുഷ്യനു ദൈവത്തെ തന്റെ ശരീരംകൊണ്ടു സ്പര്‍ശിക്കുവാന്‍ സാധ്യമല്ലാത്തതു പോലെതന്നെ, ദേഹീമയമായ ഈ കഴിവുകളുപയോഗിച്ചു ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും സാധ്യമല്ല (യോഹ. 4:24).
ഭൗതികലോകത്തെ സ്പര്‍ശിക്കുവാന്‍ ഭൗതികശരീരത്തിനു മാത്രമേ സാധിക്കുകയുള്ളു എന്നതുപോലെതന്നെ, ആത്മീയലോകവുമായി ബന്ധപ്പെടുവാന്‍ നമ്മുടെ ആത്മാവിലൂടെ മാത്രമേ സാധിക്കുകയുള്ളു. ദേഹിയും ആത്മാവും തമ്മില്‍ നാം തിരിച്ചറിയുന്നില്ലെങ്കില്‍ ദേഹീപര മേഖലയിലുള്ള സാത്താന്റെ വ്യാജ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകുമാറു നാം നമ്മെത്തന്നെ തുറന്നുകൊടുക്കുകയാണു ചെയ്യുന്നത്.
ദേഹിയിലൂടെ മാത്രം നമുക്കു ദൈവത്തെ അറിയുവാന്‍ സാധ്യമല്ല. അതായത് ഒരു ബുദ്ധിശാലിക്ക് ഒരു മന്ദബുദ്ധിയെ അപേക്ഷിച്ചു ദൈവത്തെ അറിയുന്ന വിഷയത്തില്‍ ഒരു നേട്ടവും അവകാശപ്പെടാനില്ല. ആത്മാവിലൂടെ സ്വീകരിക്കേണ്ടതു സംബന്ധിച്ചു മനുഷ്യന്റെ ദേഹിയുടെ അളവിനു യാതൊരു പ്രസക്തിയുമില്ലല്ലോ. ആത്മാവും ദേഹിയും തികച്ചും വ്യത്യസ്തങ്ങളായ രണ്ട് അവയവങ്ങളത്രേ. ഒരു മനുഷ്യന്‍ തന്റെ ദേഹിയിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നതു ചെവികൊണ്ടു കാണാന്‍ ശ്രമിക്കുന്നതു പോലെതന്നെ ഭോഷത്തമാകുന്നു!
ഉദാഹരണമായി, ദൈവവചനം പഠിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാം. ദൈവവചനം വായിക്കുമ്പോള്‍ നാം നമ്മുടെ ശരീരവും (കണ്ണ്), പ്രാണനും (മനസ്സ്) ഉപയോഗിക്കുന്നുണ്ടെങ്കിലും, പരിശുദ്ധാത്മാവു വചനത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചു വെളിപ്പാടു നല്‍കുന്നില്ലെങ്കില്‍ നമ്മുടെ ആത്മാവില്‍ അര്‍ദ്ധരാത്രി പോലെയുള്ള അന്ധകാരമായിരിക്കും. ബൈബിള്‍ പരിജ്ഞാനം തെളിയിക്കുന്നതു നിങ്ങള്‍ക്കു നല്ല ബുദ്ധിശക്തി (ശക്തിയുള്ള ദേഹി) ഉണ്ടെന്നു മാത്രമാണ്. നിങ്ങളുടെ ആത്മാവ് അപ്പോഴും അന്ധമായിരിക്കാം. ബുദ്ധിശാലികളും ജ്ഞാനികളും ആയിരിക്കുന്നവരില്‍നിന്നു ദൈവം തന്റെ സത്യം മറച്ചുവയ്ക്കുകയും താഴ്മയുള്ളവര്‍ക്ക് അതു വെളിപ്പെടുത്തിക്കൊടു ക്കുകയും ചെയ്യുന്നു (മത്താ. 11:25). യേശുവിന്റെ കാലത്തെ വേദശാസ്ത്ര പണ്ഡിതന്മാരുടെ അന്ധകാരമാണ് ഇതിന്റെ ഏറ്റവും വ്യക്തമായ തെളിവ് (1 കൊരി. 2:7,8).
നമ്മുടെ വികാരങ്ങളും ദേഹിയുടെ ഒരു ഭാഗമാണ്. ദൈവത്തെ വികാരങ്ങളിലൂടെ അറിയുവാന്‍ സാധ്യമല്ല. വൈകാരികസമൃദ്ധി അഥവാ സന്തോഷം ആത്മീയതയുടെ അടയാളമല്ല. ബുദ്ധികൂര്‍മ്മതയ്ക്കും പാപത്തിനും ഒന്നുചേര്‍ന്നു വസിക്കുവാന്‍ കഴിയുന്നതുപോലെതന്നെ, വൈകാരികമായ വേലിയേറ്റത്തോടു ചേര്‍ന്നുതന്നെ ഏറ്റവും നീചമായ പാപത്തിനും ഒരു വ്യക്തിയില്‍ നിലനില്‍ക്കുവാന്‍ സാധിക്കും.
കര്‍മ്മേല്‍ പര്‍വതത്തിന്റെ മുകളില്‍ ബാലിന്റെ പ്രവാചകന്മാര്‍ വികാരവിവശരായി അട്ടഹസിക്കുകയും, പുലമ്പുകയും, നൃത്തം ചെയ്യുകയും ചെയ്തുവെങ്കി ലും (1 രാജാ. 18:26-29) അവര്‍ ആത്മീയരായിരുന്നില്ല. ഇത്തരം വികാരനിര്‍ഭരമായ പ്രകടനങ്ങള്‍ പല ക്രിസ്തീയ സമൂഹങ്ങളിലും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവയ്ക്കും യഥാര്‍ത്ഥ ആത്മീയതയ്ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല.
ഒരു പക്ഷേ, ശിഷ്യന്മാരുടെയിടയില്‍ ഏറ്റവും ബുദ്ധിശാലിയായിരുന്നത് ഈസ്‌ക്കര്യോത്താ യൂദാ ആയിരുന്നിരിക്കാം. എന്നാല്‍ അവന്റെ ദേഹിയുടെ കഴിവുകള്‍ ദൈവത്തിന്റെ സത്യം മനസ്സിലാക്കുവാന്‍ അവനെ സഹായിക്കുകയുണ്ടായില്ല. അധികം വിദ്യാഭ്യാസമൊന്നുമില്ലാതിരുന്ന ശിമോന്‍ പത്രോസ് ദൈവിക വെളിപ്പാടിനാല്‍ ഗ്രഹിച്ച കാര്യങ്ങള്‍ യെരൂശലേമിലെ പണ്ഡിതന്മാര്‍ക്കു മനസ്സിലായില്ലതാനും (മത്താ. 16:17).
ഇല്ല, ദേഹിയുടെ ശക്തിയുപയോഗിച്ചു നമുക്കു ദൈവത്തെ അറിയുവാന്‍ ഒരിക്കലും സാധ്യമല്ല. ദേഹീപരനായ ക്രിസ്ത്യാനി മാത്രമാണ് അപ്രകാരമുള്ള ശ്രമം നടത്തുന്നത്.
ഒരു ദേഹീപര ക്രിസ്ത്യാനിക്കു താഴ്മയുണ്ട് എന്നു കാഴ്ചയില്‍ നമുക്കു തോന്നിയേക്കാം. എന്നാല്‍ അവന്‍ എപ്പോഴും തന്റെ താഴ്മയെക്കുറിച്ചു ബോധമുള്ളവനാണ്. യഥാര്‍ത്ഥമായ താഴ്മയുള്ളവന് അതിനെക്കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കുകയില്ല. താഴ്മയുള്ളവനായി കാണപ്പെടുന്നതിന് ഒരു ദേഹീപരക്രിസ്ത്യാനിക്കു പ്രത്യേകം ശ്രദ്ധിക്കേണ്ടിവരുന്നു. യഥാര്‍ത്ഥ താഴ്മയാണെങ്കില്‍ ഉള്ളില്‍ നിന്നു പുറപ്പെടുന്നതാകയാല്‍ സ്വാഭാവികവും ആയാസരഹിതവും ആയിരിക്കും.
ഒരു ദേഹീപര ക്രിസ്ത്യാനിക്കു നീതിയെ സംബന്ധിച്ച് ആവേശമു ള്ളതായി കണ്ടെന്നുവരാം. അവനു ചമ്മട്ടിയെടുത്തു ജനങ്ങളെ ദൈവാലയത്തിനു പുറത്താക്കുവാനും, താന്‍ ഒരു പ്രവാചകനാണ് എന്നു ചിന്തിച്ചുകൊണ്ടു പാപത്തിനെതിരായി ഇടിമുഴക്കംപോലെ സംസാരിക്കു വാനും കഴിയും. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവന്‍ ബഹുമാനം ആഗ്രഹിക്കുന്നുണ്ട്. മനുഷ്യരുടെ അഭിപ്രായത്തിന്മേല്‍ അവന്‍ ഒരു ദൃഷ്ടി എപ്പോഴും പതിപ്പിച്ചിട്ടുണ്ട്. കുറെക്കൂടെ കൗശല പൂര്‍ണ്ണമായ ദേഹീമയത്വം നിറഞ്ഞ ഒരാള്‍, ”എന്നെക്കുറിച്ച് ആരെല്ലാം എന്തു ചിന്തിക്കുന്നു എന്ന് എനിക്കു യാതൊരു ചിന്തയുമില്ല” എന്നു പറഞ്ഞേക്കാം. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തെക്കുറിച്ചു തനിക്കു യാതൊരു കൂസലുമില്ല എന്ന് അവര്‍ അറിയണം എന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ട് എന്നതില്‍നിന്നു തന്നെ അവന്റെ ദേഹീമയത്വം വെളിപ്പെടുന്നു.
ഒരു ദേഹീപര ക്രിസ്ത്യാനി വളരെ മനസ്സലിവുള്ളവനായും കാണപ്പെട്ടേക്കാം. എന്നാല്‍ അത് എപ്പോഴും മാനുഷികവും തന്മൂലം വിവേകശൂന്യവും ആയിരിക്കും. ഉദാഹരണമായി, ഒരു ദേഹീപര ക്രിസ്ത്യാനി തന്റെ സ്‌നേഹം പ്രകടിപ്പിക്കുവാനായി ആവശ്യത്തിലിരിക്കുന്ന ഒരാള്‍ക്കു തുടര്‍ച്ചയായി സഹായം ചെയ്യുന്നു എന്നിരിക്കട്ടെ. എന്നാല്‍ വാസ്തവത്തില്‍ ആ മനുഷ്യന്‍ ദൈവത്താല്‍ ശിക്ഷണം നല്‍കപ്പെടുന്ന ഒരു ധാരാളിയായിരിക്കാം. ആ സമയത്തു സഹായം ലഭിക്കുന്നതു ദൈവത്തിലേക്കു തിരിയുന്നതിനു ശരിക്കും അവനൊരു തടസ്സമായിരിക്കും. എന്നാല്‍ ദേഹീപര ക്രിസ്ത്യാനിയാകട്ടെ, താന്‍ ദൈവത്തെ സേവിക്കുകയാണ് എന്നു വിചാരിച്ചു തൃപ്തിയടയുകയാണ്. തന്റെ ‘സ്‌നേഹ’പ്രവൃത്തികളാല്‍ താന്‍ പിശാചിന്റെ ഉദ്ദേശ്യമാണു നിറവേറ്റുന്നതെന്ന് അവന്‍ മനസ്സിലാക്കുന്നുമില്ല.
മേല്‍പ്പറഞ്ഞവ സംഭവ്യമായ ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണ്. എന്നാല്‍ ദേഹീപരവും ആത്മീയവുമായവ തമ്മില്‍ വേര്‍തിരിക്കേണ്ടതിന്റെ പ്രത്യേക ആവശ്യം മനസ്സിലാക്കുവാന്‍ അവ മതിയാകും.
ദേഹീപര ഫലങ്ങളും ആത്മീയ ഫലങ്ങളും കാഴ്ചയില്‍ ഒരുപോലെ തോന്നിയേക്കാം. അതുകൊണ്ട് അനേകരും വഞ്ചിക്കപ്പെടുന്നു. നമുക്കും വഞ്ചനയിലകപ്പെടുവാന്‍ സാധ്യതയുണ്ട്.
ഭക്ഷണമേശയില്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് ഓറഞ്ചും വാഴപ്പഴവും പലരെ യും കബളിപ്പിച്ചിട്ടുണ്ട്. കാണുവാന്‍ ഭംഗിയുണ്ടെങ്കിലും അവയില്‍ പോഷകാംശമൊന്നുമില്ല. അതുപോലെതന്നെയാണു ക്രിസ്തുവിന്റെ സല്‍ഗുണങ്ങള്‍ ദേഹീപരമായി അനുകരിക്കുന്നതും.
ഇപ്പറഞ്ഞതില്‍നിന്നെല്ലാം നമ്മുടെ ദേഹിയെക്കൊണ്ടു യാതൊരു പ്രയോജനവുമില്ല എന്നര്‍ത്ഥമാകുന്നില്ല. ദൈവം തന്നെയാണു ദേഹിയെ സൃഷ്ടിച്ചതും അതിന് ഒരു പ്രവൃത്തി കല്പിച്ചതും. നമ്മുടെ മനസ്സും വികാരങ്ങളും ഉപയോഗിക്കേണ്ട ആവശ്യമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആത്മീയത ആരംഭിക്കുന്നതു നാം ദൈവത്തിന്റെ ശക്തിയുള്ള കൈക്കീഴില്‍ നമ്മെത്തന്നെ താഴ്ത്തിക്കൊണ്ടു നമ്മുടെ ഇച്ഛയെ (ഇതാണ് നമ്മുടെ ആത്മാവിന്റെ വാതില്‍) ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോഴാണ്. ഈ വാതിലിന്റെ പുറമെയാണ് യേശു നിന്നുകൊണ്ട് അകത്തു പ്രവേശനം ആഗ്രഹിച്ചുകൊണ്ടു മുട്ടുന്നത് (വെളി. 3:20).
യേശു ഭൂമിയിലായിരുന്നപ്പോള്‍ ചെയ്തതുപോലെ, ”എന്റെ ഹിതമല്ല, നിന്റെ ഹിതമത്രേ നടക്കേണ്ടത്” എന്നു പറയുവാന്‍ കഴിയുന്ന സ്ഥിതിയില്‍ വരുമ്പോള്‍ മാത്രമേ, യേശു ജീവിച്ചതുപോലെ ജീവിക്കുവാന്‍ നമുക്കു കഴിയുകയുള്ളു. അപ്പോള്‍ ദൈവത്തിനു നമ്മുടെ ആത്മാവിനെ ഭരിക്കുവാനും, നമ്മുടെ ദേഹിക്കു ദൈവത്തിന്റെ ആത്മാവിന്റെ സേവകന്‍ എന്ന സ്ഥാനം കണ്ടെത്തുവാനും കഴിയും. ആ സമയത്തു നമ്മുടെ ശരീരവും പരിശുദ്ധാത്മാവിന്റെ കര്‍ത്തൃത്വത്തിന്‍ കീഴില്‍ ആയിത്തീരും. അപ്രകാരമുള്ള ഒരുവനാണ് ആത്മീയമനുഷ്യന്‍ അഥവാ ആത്മാവിനാല്‍ നിറയപ്പെട്ട മനുഷ്യന്‍.
മാനസ്സാന്തരം, പരിശുദ്ധാത്മസ്‌നാനം, ആത്മീയവരങ്ങള്‍ എന്നിവ ഒരു മനുഷ്യനെ ആത്മീയനാക്കിത്തീര്‍ക്കുന്നില്ല. കൊരിന്തിലെ ക്രിസ്ത്യാനികളുടെ ഉദാഹരണത്തില്‍നിന്ന് ഇതു മനസ്സിലാക്കാം. അവര്‍ ആത്മാവിന്റെ എല്ലാ വരങ്ങളും പ്രയോഗിച്ചിരുന്നുവെങ്കിലും, ജഡത്തില്‍നിന്നുള്ള പാപങ്ങളുടെ ബന്ധനത്തില്‍ തുടരുകയും, തങ്ങളുടെ ബുദ്ധിപരമായ അറിവിലും വൈകാരികാനുഭവങ്ങളുടെ സമൃദ്ധിയിലും പ്രശംസിക്കുകയും ചെയ്തിരുന്നു. അവര്‍ ആത്മികരായിരുന്നില്ല.
സമാഗമനകൂടാരത്തില്‍ ദൈവസാന്നിധ്യം ഉണ്ടായിരുന്നത് അതിവിശുദ്ധ സ്ഥലത്തായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു. അതിവിശുദ്ധസ്ഥലത്തിനും വിശുദ്ധസ്ഥലത്തിനും ഇടയിലായി കട്ടിയുള്ള തിരശ്ശീല ഉണ്ടായിരുന്നു. ഈ തിരശ്ശീലയായിരുന്നു ദൈവതേജസ്സു വിശുദ്ധസ്ഥലത്തേക്കു കടന്നു ചെല്ലുന്നതിനെ തടഞ്ഞത്. ജഡമാണ് ഈ തിരശ്ശീല (എബ്രാ. 10:20). ജഡം ക്രൂശിക്കപ്പെടുമ്പോഴാണ് (തിരശ്ശീല മുറിച്ചുമാറ്റപ്പെടുമ്പോള്‍) ആ തേജസ്സു നമ്മുടെ മുഴുവന്‍ വ്യക്തിത്വത്തിലേക്ക്, അഥവാ നമ്മുടെ ദേഹിയിലേക്ക്, കടന്നുവരുന്നത്.
യേശു തുറന്നുതന്ന ജീവനുള്ളതും പുതിയതുമായ വഴിയിലൂടെ നാം വിശ്വസ്തരായി നടക്കുമെങ്കില്‍ ദൈവത്തിന്റെ മഹത്വം നമ്മുടെ വ്യക്തിത്വത്തിലൂടെ പ്രകാശിക്കുകയും നമ്മിലൂടെ അധികമായി പ്രസരിക്കുകയും ചെയ്യും.
അപ്പോള്‍, ”ഒട്ടും ഒത്തുതീര്‍പ്പില്ലാതെ നീതിമാനായി നില്‍ക്കുന്നവന്റെ പാത പ്രഭാതത്തിലെ വെളിച്ചം കൂടുതലായി പ്രകാശിച്ചു ദിവസത്തിന്റെ പൂര്‍ണ്ണതയില്‍ (ക്രിസ്തു മടങ്ങിവരുമ്പോള്‍) അതിന്റെ പൂര്‍ണ്ണശക്തിയും മഹത്വവും പ്രാപിക്കുന്നതുപോലെയാകുന്നു” എന്ന വചനം നമ്മില്‍ നിറവേറപ്പെടും (സദൃ. 4:18 Amplified Bible).
യേശു മടങ്ങിവരുമ്പോള്‍ നാം അവനെപ്പോലെ ആയിത്തീരും. എന്നാല്‍ അതുവരെ പരിശുദ്ധാത്മാവ് ഈ വിധത്തില്‍ നമ്മെ മഹത്വത്തിന്റെ ഒരു നിലയില്‍ നിന്നു മറ്റൊരു നിലയിലേക്കു രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കും (2 കൊരി. 3:18; 1 യോഹ. 3:2).
യേശു തന്റെ സ്വന്ത ഇച്ഛയനുസരിച്ചു യാതൊന്നും ചെയ്തില്ല എന്നു നാം കണ്ടുകഴിഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവിടുന്ന് ഒരിക്കലും തന്റെ മനസ്സിന്റെയും വികാരങ്ങളുടെയും പ്രേരണയനുസരിച്ചു ജീവിച്ചില്ല. അവിടുന്നു ജീവിച്ചത് ആത്മാവിലായിരുന്നു. അവിടുത്തെ മാനുഷദേഹി പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. യേശു തന്റെ മനസ്സും വികാരങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അവ രണ്ടും അവിടുത്തെ ജീവിതത്തിന്റെ യജമാനനായ പരിശുദ്ധാത്മാവിന്റെ ദാസന്മാരായിരുന്നു. തന്മൂലം ദൈവമഹത്വം തന്നിലൂടെ അതിന്റെ പൂര്‍ണ്ണതയില്‍ തടസ്സമില്ലാതെ വിളങ്ങുവാനിടയായി.
യേശു മടങ്ങിവരുന്ന നാളില്‍ നമ്മുടെ ജീവിതവും പ്രയത്‌നങ്ങളുമെല്ലാം അഗ്നിയാല്‍ പരിശോധിക്കപ്പെടും എന്നു വേദപുസ്തകം പഠിപ്പിക്കുന്നു (1കൊരി. 3:10-14). നമ്മുടെ പ്രവൃത്തികള്‍ ദേഹീപരമോ ആത്മീയമോ എന്ന് അഗ്നിപരിശോധനതന്നെ തീരുമാനിക്കും. അഗ്നിയിലൂടെ കടന്ന് അവശേഷി ക്കുന്ന പൊന്ന്, വെള്ളി, രത്‌നങ്ങള്‍ എന്നിവയുപയോഗിച്ചു പണിയുവാന്‍ നാം പ്രബോധിക്കപ്പെട്ടിരിക്കുന്നു. മരം, പുല്ല്, വൈക്കോല്‍ എന്നിവയാല്‍ പണിയപ്പെടുന്നവയെല്ലാം ഒരുനാള്‍ ചാമ്പലായിത്തീരും.
പൊന്ന്, വെള്ളി, രത്‌നങ്ങള്‍ എന്നിവയുപയോഗിച്ചു പണിയുക എന്നതി ന്റെ അര്‍ത്ഥമെന്താണ്?
അതിന്റെ ഉത്തരം റോമര്‍ 11:36-ല്‍ ലഭിക്കുന്നുണ്ട്. ”സകലവും അവനില്‍ നിന്നും, അവനാലും, അവങ്കലേക്കും ആകുന്നു” എന്നു നാം വായിക്കുന്നു.
സകലസൃഷ്ടിയും ദൈവത്തില്‍നിന്ന് ഉദ്ഭവിക്കുകയും, അവിടുത്തെ ശക്തിയാല്‍ വഹിക്കപ്പെടുകയും ചെയ്യുകയാല്‍ അവിടുത്തെ മഹത്വത്തിനായി ത്തീരേണം എന്നാണ് അവയെക്കുറിച്ചുള്ള ഉദ്ദേശ്യം. എന്നാല്‍ സാത്താനും മനുഷ്യനും ഈ നിയമം ലംഘിച്ചിരിക്കുകയാണ്.
എന്നാല്‍ ദൈവത്തില്‍ന്നിന്നുദ്ഭവിച്ച്, അവിടുത്തെ ശക്തിയാലും അവിടുത്തെ മഹത്വത്തിനായും ചെയ്യപ്പെടുന്ന പ്രവൃത്തികള്‍ മാത്രമാണ് നിത്യമായി നിലനില്‍ക്കുന്നത്. ശേഷിച്ചതെല്ലാം നശിച്ചുപോകും. ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ അഗ്നിയില്‍ അവയെല്ലാം ചാമ്പലായി ത്തീരും.
അതുകൊണ്ടു, മനുഷ്യന്റെ ദേഹിയില്‍ ഉദ്ഭവിക്കുന്നതും (മനുഷ്യനില്‍നിന്ന്), മനുഷ്യശക്തിയിലൂടെ ചെയ്യുന്നതും മനുഷ്യന്റെ ബഹുമതിക്കായി ഉന്നം വച്ചിരിക്കുന്നതുമായതെല്ലാം – അവയുടെ പേര്‍ ക്രിസ്തീയപ്രവര്‍ത്തനം എന്നായിരുന്നാല്‍ തന്നെയും – മരവും, പുല്ലും, വൈക്കോലും ആകുന്നു!
നേരേമറിച്ചു, ദൈവത്തില്‍നിന്ന് ഉദ്ഭവിക്കുന്നതും, അവിടുത്തെ മഹത്വത്തിനായി അവിടുത്തെ ശക്തിയാല്‍ ചെയ്യപ്പെടുന്നതുമായതെല്ലാം ന്യായവിധിയുടെ നാളില്‍ പൊന്ന്, വെള്ളി, രത്‌നങ്ങള്‍ എന്നിവയായി കാണപ്പെടും.
അവസാന പരിശോധന നാളില്‍ പരീക്ഷിക്കപ്പെടുന്നത് ഒരു മനുഷ്യന്റെ പ്രവൃത്തിയുടെ അളവല്ല, മറിച്ചു മേന്മയാണ്. നമ്മുടെ പണിയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന വസ്തുവിനാണു പണിയുടെ വലിപ്പത്തെക്കാള്‍ പ്രാധാന്യം. നമ്മുടെ പ്രയത്‌നങ്ങളുടെ ഉല്‍പത്തി, ശക്തി, ഉദ്ദേശ്യം എന്നിവയ്ക്കായിരിക്കും നാം എത്രമാത്രം ചെയ്തിരിക്കുന്നു അഥവാ ത്യാഗം സഹിച്ചിരിക്കുന്നു എന്നതിനെക്കാള്‍ പ്രാധാന്യം.
പ്രാണനനുസരിച്ചു ജീവിക്കാതെ ആത്മാവില്‍ ജീവിക്കുന്നതില്‍ യേശു നമുക്ക് ഒരു മാതൃകയാണ്. അവിടുന്ന് ഒരിക്കല്‍ പോലും തന്റെ സ്വയത്തില്‍ നിന്ന് എന്തെങ്കിലും ചെയ്യുകയോ, തന്റെ സ്വന്ത മഹത്വത്തിനായി, തന്റെ മാനുഷിക കഴിവുകളാല്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. ദൈവത്തില്‍നിന്ന് ഉദ്ഭവിക്കുകയും, ദൈവത്തിന്റെ ശക്തിയാല്‍ ദൈവമഹത്വത്തിനായി ചെയ്യുകയും ചെയ്തവ മാത്രമായിരുന്നു അവിടുത്തെ പ്രവൃത്തികള്‍.
”തന്റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും” എന്ന് അവിടുന്നു തന്റെ ശിഷ്യന്മാരോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ദേഹീപരജീവനെ വെറുക്കുക (അഥവാ കളയുക) എന്നതിനെക്കുറിച്ച് യേശു പറഞ്ഞ വാക്കുകള്‍ നാലു സുവിശേഷങ്ങളിലായി ഏഴുപ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട് (മത്താ. 10:39;16:25; മര്‍ക്കോ. 8:35; ലൂക്കോ. 9:24;14:26;17:33; യോഹ. 12:25).
ദൈവവചനത്തില്‍ ഏഴുപ്രാവശ്യം ആവര്‍ത്തിക്കുവാന്‍ പരിശുദ്ധാ ത്മാവിനു തോന്നിയെങ്കില്‍ തീര്‍ച്ചയായും ഇതു യേശു പഠിപ്പിച്ചിട്ടുള്ളവയില്‍വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരിക്കണം. എന്നാല്‍ വളരെ ചുരുക്കംപേര്‍ക്കു മാത്രമേ യേശുവിന്റെ ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായിട്ടുള്ളു.
നമ്മുടെ ജീവിതത്തില്‍ ദേഹിയും ആത്മാവും തമ്മില്‍ വേര്‍തിരിക്കേണ്ടത് എപ്രകാരമാണ്? എഴുതപ്പെട്ട വചനമായ വേദപുസ്തകത്തില്‍നിന്നു പരിശുദ്ധാത്മാവു നമുക്കു ജീവിക്കുന്ന വചനമായ യേശുവിനെ വെളിപ്പെടു ത്തിത്തരുമ്പോള്‍ അവിടുത്തെ നോക്കിക്കൊണ്ടു നാം ഈ പ്രവൃത്തി ചെയ്യുക എന്നതാണ് ഉത്തരം.
നാം നമ്മെത്തന്നെ വിധിക്കേണ്ടതു നമ്മുടെ ദേഹിയുടെ വെളിച്ചത്തിലല്ല, ദൈവത്തിന്റെ വെളിച്ചത്തിലാണ് (സങ്കീ. 36:9). ആ വെളിച്ചം യേശുവിലും (യോഹ. 8:12) ദൈവവചനത്തിലുമാണു (സങ്കീ. 119:105) നാം കണ്ടെത്തുന്നത്.
ജഡമായിത്തീര്‍ന്ന വചനമായ യേശു പറയുന്നു: ”എന്റെ ജീവിതദൃഷ്ടാന്തത്തില്‍നിന്നു പഠിക്കുക ….എന്നാല്‍ നിങ്ങള്‍ ദേഹീപര പ്രവൃത്തിയില്‍നിന്നു സ്വസ്ഥത കണ്ടെത്തും” (മത്താ. 11:29 സ്വതന്ത്ര വിവര്‍ത്തനം).
അതുകൊണ്ടു നമ്മുടെ മാതൃകയായ (മുന്നോടി) യേശുവിനോടും നമ്മുടെ വഴികാട്ടിയായ ദൈവവചനത്തോടുമാണു നാം ഇക്കാര്യത്തില്‍ വെളിച്ചം അന്വേഷിക്കേണ്ടത്. യേശുവിന്റെ ഐഹികജീവിതത്തിലും ദൈവവചനത്തിലും പൂര്‍ണ്ണത കണ്ടെത്തുവാന്‍ കഴിയും. അതുകൊണ്ട് ഇവ രണ്ടും നമുക്കു ശ്രദ്ധയോടെ വീക്ഷിക്കാം.
അധ്യായം 6 : ദൈവഹിതത്തില്‍ ജീവിക്കുന്നത്
”സകലവും അവനില്‍നിന്നും” (റോമര്‍ 11:36).
സ്വര്‍ഗ്ഗരാജ്യം ആത്മാവില്‍ ദരിദ്രരായവരുടേതാകുന്നുവെന്നു യേശു പറ ഞ്ഞു (മത്താ. 5:3). പിതാവിന്റെ ഹിതം ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുകയുള്ളവെന്നും അവിടുന്നു പറഞ്ഞു (മത്താ. 7:21). സ്വര്‍ഗ്ഗരാജ്യം നിത്യമായ ഒന്നാണ്. ദൈവഹിതത്തില്‍ ചെയ്യപ്പെട്ടവ മാത്രമേ അവിടെ കാണപ്പെടുകയുള്ളു. ആത്മാവില്‍ ദരിദ്രരായവര്‍ക്കു തങ്ങളുടെ മാനുഷികമായ പോരായ്മയെക്കുറിച്ചു ബോധ്യമുള്ളതുകൊണ്ട് അവര്‍ ദൈവഹിതത്തിനു പരിപൂര്‍ണ്ണമായി കീഴടങ്ങുന്നവരാണ്.
ഈ അര്‍ത്ഥത്തില്‍ യേശുവും നിരന്തരം ആത്മാവില്‍ ദരിദ്രനായിരുന്നു. മനുഷ്യന്‍ എപ്രകാരം ജീവിക്കണമെന്നു ദൈവം കരുതിയിരുന്നുവോ അപ്രകാരം തന്നെയായിരുന്നു യേശു ജീവിച്ചത് – നിരന്തരം ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട്, ദൈവത്തെക്കൂടാതെ സ്വന്ത മനസ്സിന്റെ ശക്തികള്‍ ഉപയോഗിക്കുവാന്‍ വിസമ്മതിച്ചുകൊണ്ട്. അവിടുന്നു സംസാരിച്ച ഈ വചനങ്ങള്‍ ചിന്തിച്ചുനോക്കുക:
”പുത്രനു സ്വയമേ (സ്വയത്തില്‍നിന്ന്) ഒന്നും ചെയ്‌വാന്‍ കഴിവില്ല …. ഞാന്‍ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതരുന്നതു പോലെ സംസാരിക്കുന്നു ….ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു ….ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാന്‍ ഇന്നതു പറയണം എന്നും ഇന്നതു സംസാരിക്കണം എന്നും കല്പന തന്നിരിക്കുന്നു ….ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നില്‍ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു (യോഹ. 5:19,30: 8:28,42; 12:49; 14:10).
നിറവേറ്റപ്പടേണ്ട ഒരു ആവശ്യം കണ്ടതുകൊണ്ടുമാത്രം യേശു ഒരിക്കലും പ്രവര്‍ത്തിച്ചില്ല. ആവശ്യം കണ്ട് അതിനെപ്പറ്റി ബോധവാനായിരുന്നുവെങ്കിലും പിതാവ് ആവശ്യപ്പെട്ടതനുസരിച്ചുമാത്രമേ അവിടുന്നു പ്രവര്‍ത്തിച്ചിരുന്നുള്ളു.
ഒരു രക്ഷകന്റെ അഭാവത്തില്‍ ലോകം ആശയറ്റു കിടന്നിരുന്നപ്പോള്‍ അവിടുന്നു ചുരുങ്ങിയതു നാലായിരം വര്‍ഷമെങ്കിലും സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പിതാവ് അയച്ച ഉടനേതന്നെ അവിടുന്നു ഭൂമിയിലേക്ക് ഇറങ്ങിവന്നു (യോഹ. 8:42). ”ദൈവത്തിന്റെ തീരുമാനപ്രകാരം ശരിയായ സമയമായപ്പോള്‍ അവിടുന്നു തന്റെ പുത്രനെ അയച്ചു” (ഗലാ. 4:4 ലിവിംഗ്). എല്ലാറ്റിനും ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് (സഭാ. 3:1). ആ സമയം ദൈവത്തിനുമാത്രം അറിയാം. യേശു ചെയ്ത തുപോലെ എല്ലാ കാര്യങ്ങളിലും പിതാവിന്റെ ഹിതം അന്വേഷിക്കുന്നപക്ഷം നാമും തെറ്റിപ്പോകുകയില്ല.
ഭൂമിയില്‍ വന്നതിനുശേഷവും യേശു തനിക്കു നല്ലതെന്നു തോന്നിയതെല്ലാം ചെയ്തുകൊണ്ടു ചുറ്റി സഞ്ചരിച്ചില്ല. അവിടുത്തെ മനസ്സു പൂര്‍ണ്ണമായും നിര്‍മ്മലമായിരുന്നുവെങ്കിലും തന്റെ മനസ്സില്‍ ഉയര്‍ന്നുവന്ന സമര്‍ത്ഥമായ പദ്ധതികളനുസരിച്ചൊന്നും അവിടുന്നു പ്രവര്‍ത്തിച്ചില്ല. ഒരിക്കലുമില്ല. അവിടുന്നു മനസ്സിനെ ആത്മാവിന്റെ ദാസനാക്കിത്തീര്‍ത്തിരുന്നു.
പന്ത്രണ്ടു വയസ്സായപ്പോഴേക്കും തനിക്കു ദൈവവചനം നന്നായി അറിയാമായിരുന്നുവെങ്കിലും തുടര്‍ന്നുള്ള തന്റെ പതിനെട്ടു വര്‍ഷങ്ങള്‍ മാതാവിനോടൊപ്പം താമസിച്ചുകൊണ്ടു മേശ, കസേര എന്നിവയെല്ലാം പണിയുന്ന ഒരു മരപ്പണിക്കാരനായി അവിടുന്നു ജീവിച്ചു. ചുറ്റുമുള്ള നശിച്ചുകൊണ്ടിരുന്ന മനുഷ്യര്‍ക്ക് ആവശ്യമുണ്ടായിരുന്ന പ്രത്യേക സന്ദേശം തന്റെ പക്കല്‍ ഉണ്ടായിരുന്നുവെങ്കിലും അവിടുന്ന് ഒരു പ്രസംഗ ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിച്ചില്ല. എന്തുകൊണ്ട്? പിതാവു നിശ്ചയിച്ച സമയമായില്ല എന്നതുതന്നെ കാരണം.
കാത്തിരിക്കുവാന്‍ യേശു തെല്ലും ഭയപ്പെട്ടിരുന്നില്ല.
”വിശ്വസിക്കുന്നവന്‍ ധൃതികാട്ടുകയില്ല” (യെശ. 28:16 മാര്‍ജ്ജിന്‍).
പിതാവു നിശ്ചയിച്ച സമയം വന്നപ്പോള്‍ അവിടുന്ന് ആശാരിപ്പണി മതിയാക്കി പ്രസംഗശുശ്രൂഷ തുടങ്ങി. അതിനുശേഷം പലപ്പോഴും ചില പ്രവൃത്തികളെക്കുറിച്ച് ”എന്റെ നാഴിക വന്നിട്ടില്ല” എന്ന് അവിടുന്നു പറയുമായിരുന്നു (യോഹ. 2:4; 7:6). യേശുവിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിച്ചിരുന്നതു പിതാവിന്റെ ഹിതമായിരുന്നു.
മനുഷ്യരുടെ ആവശ്യങ്ങള്‍, അവയില്‍ത്തന്നെ, തന്റെ പ്രവര്‍ത്തനത്തിനു ള്ള ഒരു വിളിയായിത്തീരുവാന്‍ യേശു അനുവദിച്ചില്ല. അതിനു കാരണം അതു തന്നില്‍നിന്നുതന്നെയുള്ള, അതായതു തന്റെ പ്രാണനില്‍നിന്നുള്ള, പ്രവൃത്തിയായിരുന്നേക്കാം എന്നതായിരുന്നു. മനുഷ്യരുടെ ആവശ്യം കണക്കിലെടുക്കേണ്ടതുണ്ട്; എങ്കിലും ദൈവഹിതം മാത്രമാണു ചെയ്യപ്പെടേണ്ടത്. യേശു ഇത് യോഹ. 4:34,35-ല്‍ വളരെ തെളിവായി വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യരുടെ ആവശ്യം (വാ. 35): ”നിങ്ങളുടെ ചുറ്റും നോക്കുക. മനുഷ്യാത്മാക്കളാകുന്ന വിശാലമായ നിലങ്ങള്‍ നമുക്കുചുറ്റും കൊയ്ത്തിനു തയ്യാറായി വരുന്നു.”
പ്രവൃത്തിയ്ക്കാധാരമായ തത്വം (വാ. 34): ”എന്നെ അയച്ച ദൈവത്തിന്റെ ഹിതം ചെയ്യുന്നതില്‍നിന്നും അവിടുത്തെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍നിന്നുമാണ് എനിക്കു പോഷണം ലഭിക്കുന്നത്” (ലിവിംഗ്).
തന്റെ സുഹൃത്തുക്കളുടെ അഭിപ്രായപ്രകാരമുള്ള പല നല്ല കാര്യങ്ങളും യേശു ചെയ്തില്ല. മനുഷ്യരുടെ അഭിപ്രായങ്ങള്‍ കേട്ടിട്ടു പുറമേ നല്ലതെന്നു തോന്നുന്നതെല്ലാം ചെയ്യുകയാണെങ്കില്‍ പിതാവു തനിക്കായി ഒരുക്കിയിട്ടുള്ള ഏറ്റവും ഉത്തമമായ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് അവിടുത്തേ ക്കറിയാമായിരുന്നു.
ഒരിക്കല്‍ ആളുകള്‍ യേശുവിനെ വിടാതെ പിന്‍തുടരുകയും ഒരു പ്രത്യേക സ്ഥലത്തു തുടര്‍ന്നു താമസിക്കണമെന്നു യാചിക്കുകയും ചെയ്തപ്പോള്‍ അതു സാധ്യമല്ല എന്ന് അവിടുന്ന് അവരോടു പറഞ്ഞു. മറ്റൊരു സ്ഥലത്തേക്കു പോകുവാനായി വിളിക്കുന്ന പിതാവിന്റെ ശബ്ദം അവിടുന്നു കേട്ടതായിരുന്നു കാരണം. മാനുഷികരീതിയില്‍ ചിന്തിച്ചാല്‍, അവിടുന്നിരുന്ന സ്ഥലത്തു തന്റെ സന്ദേശത്തില്‍ ജനങ്ങള്‍ക്കു വളരെയധികം താല്‍പര്യം ഉണ്ടായിരുന്നതുകൊണ്ട് അവിടെത്തന്നെ തുടരുന്നതിനു നല്ല ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ചിന്തകള്‍ മനുഷ്യരുടെ ചിന്തകള്‍ പോലെയോ, ദൈവത്തിന്റെ വഴികള്‍ മനുഷ്യരുടെ വഴികള്‍ പോലെയോ ആയിരുന്നില്ല (യെശ. 55:8). ആ പ്രഭാതത്തില്‍ ഏകനായി വെളിയില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോള്‍ തന്റെ പിതാവിന്റെ ശബ്ദം അവിടുന്നു കേട്ടിരുന്നു (മര്‍ക്കോ. 1:35-39). പത്രോസിന്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനു മുമ്പേ അവിടുന്നു പിതാവിന്റെ ശബ്ദം കേട്ടിരുന്നു. യേശു മാനുഷിക യുക്തിയില്‍ ആശ്രയിച്ചിരുന്നില്ല. ”സ്വന്ത വിവേകത്തില്‍ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചു കൊള്‍ക” എന്ന വാക്ക് അവിടുന്ന് അനുസരിച്ചു (സദൃ. 3:5,6). ഓരോ കാര്യത്തിലും ദൈവിക നടത്തിപ്പിനായി അവിടുന്നു തന്റെ പിതാവിന്മേല്‍ ചാരിയിരുന്നു.
യെശ. 50:4-ല്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള ഒരു പ്രവചനം നാം ഇപ്രകാരം വായിക്കുന്നു: ”അവിടുന്നു (പിതാവ്) രാവിലെ തോറും എന്നെ ഉണര്‍ത്തുന്നു; അവിടുത്തെ ഹിതം ഗ്രഹിക്കുവാന്‍ എന്റെ മനസ്സു തുറന്നുതരുന്നു” (ലിവിംഗ്). ഇതായിരുന്നു യേശുവിന്റെ ശീലം. അതിരാവിലെ മുതല്‍ എല്ലായ്‌പ്പോഴും അവിടുന്നു പിതാവിന്റെ ശബ്ദം ശ്രദ്ധിക്കുകയും, താന്‍ എന്തു ചെയ്യണമെന്നു പിതാവ് ആഗ്രഹിച്ചിരുന്നുവോ കൃത്യമായി അതു ചെയ്യുകയും ചെയ്തിരുന്നു. എന്തു ചെയ്യണമെന്നു തീരുമാനിക്കുവാന്‍ അവിടുന്നു മനു ഷ്യരുമായി ചര്‍ച്ചചെയ്യാതെ പിതാവുമായി പ്രാര്‍ത്ഥനായോഗം കൂടുകയാണു ചെയ്തത്. ദേഹീപര ക്രിസ്ത്യാനികള്‍ മനുഷ്യരുമായുള്ള ചര്‍ച്ചകളിലൂടെയാണു പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ആത്മികരായവരോ ദൈവശബ്ദം കേള്‍ക്കുന്നതിനായി കാത്തിരിക്കുന്നു.
യേശു തന്റെ പിതാവിന്‍മൂലമായിരുന്നു ജീവിച്ചത് (യോഹ. 6:57). ദൈവവചനമായിരിന്നു യേശുവിനു ഭക്ഷണത്തെക്കാള്‍ പ്രധാനം (മത്താ. 4:4). ഓരോ ദിവസവും പലതവണ അതു തന്റെ പിതാവില്‍നിന്നു തനിക്കു നേരിട്ടു ലഭിക്കേണ്ടിയിരുന്നു. ലഭിച്ചതിനു ശേഷമോ അവിടുന്ന് അത് അനുസരിച്ചു. പിതാവിന്റെ ഹിതം അനുസരിക്കുക എന്നതു യേശുവിനു ദിനംപ്രതിയുള്ള ആഹാരത്തെക്കാള്‍ പ്രധാനമായിരുന്നു (യോഹ. 4:34). പിതാവില്‍ ആശ്രയിച്ചുകൊണ്ടായിരുന്നു യേശു ജീവിച്ചത്. ദിവസം മുഴുവനും അവിടുത്തെ മനോഭാവം ഇതായിരുന്നു: ”പിതാവേ സംസാരിച്ചാലും; ഇതാ ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു.”
അവിടുന്നു ദൈവാലയത്തില്‍ പൊന്‍വാണിഭക്കാരെ പുറത്താക്കിയ സന്ദര്‍ഭത്തെക്കുറിച്ചു ചിന്തിച്ചുനോക്കുക. പൊന്‍വാണിഭക്കാര്‍ മുമ്പു ദൈവാലയത്തിലുണ്ടായിരുന്ന പല അവസരങ്ങളിലും യേശു അവിടെ ചെന്നിരുന്നുവെങ്കിലും ഇതിനു മുമ്പൊരിക്കലും അവരെ പുറത്താക്കിയില്ല. പിതാവു പ്രത്യേകം നയിച്ചപ്പോള്‍ മാത്രമേ അവിടുന്ന് അതു ചെയ്തുള്ളു. ദേഹീപര ക്രിസ്ത്യാനിയാണെങ്കില്‍ ഒന്നുകില്‍ എല്ലായ്‌പ്പോഴും പൊന്‍വാണിഭക്കാരെ പുറത്താക്കിക്കൊണ്ടിരിക്കും; അല്ലെങ്കില്‍ അവരെ ഒരിക്കലും പുറത്താക്കുകയില്ല. ദൈവത്താല്‍ നയിക്കപ്പെടുന്നവനാണെങ്കില്‍, എപ്പോള്‍, എവിടെ, എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് അവനറിയാം.
പിതാവിന്റെ ഇഷ്ടത്തിന്റെ പരിധിക്കു പുറത്തായിരുന്നതുകൊണ്ടു തനിക്കു ചെയ്യാമായിരുന്ന പല നല്ല കാര്യങ്ങളും യേശു ചെയ്തില്ല. ഏറ്റവും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലായിരുന്നു യേശു വ്യാപൃതനായിരുന്നത്. അവിടുത്തേക്ക് അതുമാത്രം മതിയായിരുന്നു. അവിടുന്നു ഭൂമിയിലേക്കു വന്നത് അനേകം നല്ല കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാനായിരുന്നില്ല, പിന്നെയോ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്‌വാനായിരുന്നു.
”എനിക്ക് എന്റെ പിതാവിന്റെ കാര്യങ്ങളില്‍ മുഴുകിയിരിക്കേണ്ട ആവശ്യമുണ്ട് എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?” എന്നായിരുന്നു അവിടുന്നു പന്ത്രണ്ടു വയസ്സില്‍ യോസേഫിനോടും മറിയയോടും ചോദിച്ചത് (ലൂക്കോ. 2:49). അവിടുത്തേക്കു നിവര്‍ത്തിക്കുവാന്‍ താല്‍പര്യമുണ്ടായിരുന്നത് അവ മാത്രമായിരുന്നു. ”പിതാവേ, നീ എന്നോടു ചെയ്‌വാന്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തുതീര്‍ത്തിട്ടുണ്ട്” എന്നു ഭൂമിയിലെ 331/2 വര്‍ഷങ്ങളുടെ അവസാനത്തില്‍ അവിടുത്തേക്കു സംതൃപ്തിയോടെ പറയുവാന്‍ കഴിഞ്ഞു (യോഹ. 17:4).
അവിടുന്നു ലോകം ചുറ്റി സഞ്ചരിച്ചിട്ടില്ലായിരുന്നു; ഒരു പുസ്തകം പോലും എഴുതിയിട്ടില്ല; അവിടുത്തെ അനുഗാമികള്‍ ചുരുക്കംപേര്‍ മാത്രമായിരുന്നു; ലോകത്തിന്റെ പല ഭാഗങ്ങളിലും അനേകം പേരുടെ ആവശ്യങ്ങള്‍ സാധിച്ചുകിട്ടാനുണ്ടായിരുന്നു. എങ്കിലും പിതാവു തനിക്കായി നിര്‍ണ്ണയിച്ചിരുന്ന പ്രവൃത്തി അവിടുന്നു പൂര്‍ത്തിയാക്കി. അതിനുമാത്രമേ ആത്യന്തികമായി പ്രാധാന്യം ഉണ്ടായിരുന്നുള്ളു.
യേശു ദൈവമായ യഹോവയുടെ ദാസനായിരുന്നു. ”ദാസനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം അവന്‍ യജമാനന്‍ പറയുന്നതു കൃത്യമായി ചെയ്യുന്നു എന്നതാണ്” (1 കൊരി. 4:2 ലിവിംഗ്). അതുകൊണ്ട് അവിടുന്നു ജീവിത കാലം മുഴുവനും പിതാവു പറയുന്നതു ശ്രദ്ധിക്കുകയും, തന്മൂലം പിതാവിന്റെ ഇഷ്ടമെല്ലാം തളര്‍ച്ച, അപജയബോധം നിറഞ്ഞ പ്രവര്‍ത്തനം എന്നിവ കൂടാതെ നിവര്‍ത്തിക്കുകയും ചെയ്തു. അവിടുന്നു നിരന്തരം തന്റെ സ്വന്ത മാനുഷിക താല്‍പര്യങ്ങളെല്ലാം മരണത്തിന് ഏല്‍പിച്ചുകൊടുത്തു. അവിടുന്നു ദേഹീപരനായിരുന്നില്ല, ആത്മിക നായിരുന്നു.
യേശു ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കു വളരെ പ്രാധാന്യം നല്‍കിയിരുന്നു. പലപ്പോഴും പ്രാര്‍ത്ഥനയ്ക്കായി അവിടുന്നു നിര്‍ജ്ജന സ്ഥലത്തേക്കു പിന്‍വാങ്ങിപ്പോകുമായിരുന്നു (ലൂക്കോ. 5:16). ഒരിക്കല്‍ പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു പിതാവിന്റെ ഹിതം മനസ്സിലാക്കുവാനായി ഒരു രാത്രി മുഴുവനും അവിടുന്നു പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയുണ്ടായി (ലൂക്കോ. 6:12,13). ദേഹീപര ക്രിസ്ത്യാനിയാകട്ടെ, ദൈവമുമ്പാകെ കാത്തുനില്‍ക്കുന്ന സമയം പാഴായി കണക്കാക്കുന്നു. മനസ്സാക്ഷിയെ സമാധാനപ്പെടുത്തുവാന്‍ മാത്രമാണ് അവന്‍ പ്രാര്‍ത്ഥിക്കുന്നത്. അവനു തന്നില്‍ത്തന്നെ ഉറപ്പുള്ളതിനാല്‍ പ്രാര്‍ത്ഥന എന്നത് അത്യാവശ്യമായ സംഗതിയല്ല. എന്നാല്‍ ആത്മിക മനുഷ്യനാകട്ടെ, നിരന്തരം ദൈവത്തില്‍ ആശ്രയിക്കുന്നകാരണം തികഞ്ഞ ആവശ്യബോധത്താല്‍ പ്രാര്‍ത്ഥനയിലേക്കു നയിക്കപ്പെടുന്നു.
നമുക്ക് ആവശ്യമുള്ള ഒരേ ഒരു കാര്യം അവിടുത്തെ കാല്‍ക്കല്‍ ഇരുന്ന് അവിടുത്തെ വചനം കേള്‍ക്കുക എന്നതാണെന്ന് ഒരിക്കല്‍ യേശു പറഞ്ഞു (ലൂക്കോ. 10:39,42). ബേഥാന്യയിലെ മറിയ ഇക്കാര്യത്തില്‍ ഒരു മാതൃക യായിരുന്നു. മാര്‍ത്തയാകട്ടെ, നിസ്സ്വാര്‍ത്ഥ ശുശ്രൂഷയില്‍ വ്യാപൃതയായിരി ക്കുമ്പോള്‍ തന്നെ അസ്വസ്ഥത നിറഞ്ഞവളും, മറിയയെ കുറ്റപ്പെടുത്തു ന്നവളും ആയിരുന്നു. ഈ രണ്ടു സഹോദരിമാരുടെ കാര്യത്തില്‍ ദേഹീപരവും ആത്മികവും ആയ പ്രവൃത്തികളുടെ വ്യത്യാസം സ്പഷ്ടമായി കാണുവാന്‍ കഴിയും. കര്‍ത്താവിനും ശിഷ്യന്മാര്‍ക്കും വേണ്ടി മാര്‍ത്ത ശുശ്രൂഷിച്ചപ്പോള്‍ അവള്‍ പാപം ചെയ്യുകയായിരുന്നില്ല; ഒരിക്കലുമില്ല. എന്നാല്‍ അതിനിടയ്ക്കും അവള്‍ അസ്വസ്ഥത നിറഞ്ഞും മറിയയെ കുറ്റപ്പെടുത്തിക്കൊണ്ടും ഇരുന്നു. ദേഹീപരമായ ശുശ്രൂഷയുടെ വ്യക്തമായ ദൃഷ്ടാന്തമത്രേ ഇത്. ദേഹീപര ക്രിസ്ത്യാനി അസ്വസ്ഥനും ക്ഷുഭിതനും ആയിരിക്കും. അവന്‍ തന്റെ സ്വന്തപ്രവൃത്തികളില്‍നിന്നു വിരമിച്ചിട്ടില്ല. അതു കൊണ്ട് അവനു ദൈവത്തിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കുവാന്‍ കഴിയുന്നി ല്ല (എബ്രാ. 4:10). അവന്റെ ഉദ്ദേശ്യങ്ങള്‍ നല്ലതുതന്നെ. എന്നാല്‍ മാനസാന്തരപ്പെട്ടതിനു ശേഷമാണെങ്കില്‍ത്തന്നെയും തന്റെ സ്വന്ത പ്രവൃത്തികള്‍ എത്ര നല്ലതായിരുന്നാലും ദൈവത്തിന്റെ ദൃഷ്ടിയില്‍ അവ കറപുരണ്ട തുണിപോലെ മാത്രമാണ് എന്ന് അവന്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.
അമാലേക്യരുടെ (ജഡം) വകയായ നല്ല ആടുകള്‍ പോലും മോശമായവയെപ്പോലെ തന്നെ ദൈവത്തിനു സ്വീകാര്യമല്ല (1 ശമു. 15:3, 9-19). എന്നാല്‍ മനുഷ്യ യുക്തിക്ക് ഇതു മനസ്സിലാകുകയില്ല. നല്ല ആടുകളെ ദൈവത്തിനു നല്‍കാമെന്നുള്ളപ്പോള്‍ അവയെ നഷ്ടപ്പെടുത്തുന്നതു ഭോഷത്തരം എന്നു തോന്നിയേക്കാം. എന്നാല്‍ ദൈവം ആവശ്യപ്പെടുന്നത് അനുസരണമാണ്, ബലിയല്ല. ”അനുസരി ക്കുന്നതു യാഗത്തെക്കാള്‍ നല്ലത്” (1 ശമു. 15:22). എന്നാല്‍ ദൈവത്തിനു നമ്മോടു പറയുവാനുള്ളതു നാം കേള്‍ക്കുന്നില്ലെങ്കില്‍ അനുസരിക്കുവാന്‍ എങ്ങനെ സാധിക്കും? കേള്‍ക്കുന്നതാണ് അനുസരണത്തിനു മുമ്പേ വേണ്ടത്. അതുകൊണ്ടാണ് അവിടുത്തെ ശബ്ദം കേള്‍ക്കുകയെന്നതാണു നാം ചെയ്യേണ്ട ഒരേ ഒരു കാര്യം എന്ന് യേശു പറഞ്ഞത്. മറ്റെല്ലാം അതിനെ ആശ്രയിച്ചിരിക്കുന്നു.
മാര്‍ത്തയെപ്പോലെ ശുശ്രൂഷ ചെയ്യുന്നവര്‍ എത്രതന്നെ ആത്മാര്‍ത്ഥതയു ള്ളവരാണെങ്കിലും തങ്ങളെത്തന്നെയാണ് അവര്‍ സേവിക്കുന്നത്. അവരെ കര്‍ത്താവിന്റെ ദാസന്മാര്‍ എന്നു വിളിക്കുവാന്‍ സാധ്യമല്ല. ദാസനാണെങ്കില്‍ യജമാനന്‍ പറയുന്നതു കേള്‍ക്കുവാന്‍ കാത്തിരുന്നതിനു ശേഷമാണു സേവനം ചെയ്യുന്നത്.
നമ്മില്‍നിന്നു സ്വയംപര്യാപ്തതാ ബോധം വാസ്തവത്തില്‍ ഒഴിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ശലോമോനെപ്പോലെ ഇപ്രകാരം നമുക്കും പ്രാര്‍ത്ഥിക്കുവാന്‍ കഴി യും: ”കര്‍ത്താവായ എന്റെ ദൈവമേ, നിന്റെ ദാസനു നന്മയും തിന്മയും തിരിച്ചറിയുവാനായി ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരു ഹൃദയം നല്‍കണമേ” (1 രാജാ. 3:7,9 മാര്‍ജ്ജിന്‍). (ഏറ്റവും ഉത്തമമായ അര്‍ത്ഥത്തില്‍) നല്ലതും നല്ലതല്ലാത്തതും തമ്മില്‍ – അതായതു തന്റെ പിതാവിന്റെ ഇഷ്ടമനുസരിച്ചു ള്ളതും അല്ലാത്തതും തമ്മില്‍ – തിരിച്ചറിയുവാനായി തന്റെ പിതാവിന്റെ ശബ്ദം കേള്‍ക്കേണ്ടതുണ്ട് എന്നു യേശുവിനറിയാമായിരുന്നു.
സുന്ദരം എന്ന ദൈവാലയഗോപുരത്തിനു വെളിയില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനായ മനുഷ്യനെ യേശു പല പ്രാവശ്യം കണ്ടിരുന്നു. എങ്കിലും പിതാവില്‍നിന്നു നടത്തിപ്പൊന്നും ലഭിക്കാഞ്ഞതിനാല്‍ അയാളെ സൗഖ്യമാക്കിയില്ല. എന്നാല്‍ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം പിതാവിന്റെ കൃത്യമായ സമയപദ്ധതി പ്രകാരം പത്രോസും യോഹന്നാനും ആ മനുഷ്യനു സൗഖ്യം പകര്‍ന്നുകൊടുത്തു. അനേകര്‍ കര്‍ത്താവിലേക്കു തിരിയുന്നതിന് ഇതു കാരണമായി ഭവിക്കുകയും ചെയ്തു (അപ്പോ. 3:1;4:4). ഈ മനുഷ്യനെ സൗഖ്യമാക്കുന്നതിനുള്ള പിതാവിന്റെ സമയം ഇതായിരുന്നു, ഇതിനു മുമ്പായിരുന്നില്ല. യേശു ആ മനുഷ്യനെ സൗഖ്യമാക്കിയിരുന്നുവെങ്കില്‍ അതു പിതാവിന്റെ ഹിതത്തിനു തടസ്സമാകുമായിരുന്നു. പിതാവിന്റെ സമയമാണ് ഏറ്റവും ഉത്തമം എന്നു ബോധ്യമായിരുന്നതുകൊണ്ട് എന്തെങ്കിലും ചെയ്യുവാന്‍ അവിടുന്ന് ഒരിക്കലും അക്ഷമനായിരുന്നില്ല.
പരിപൂര്‍ണ്ണ സ്വസ്ഥത നിറഞ്ഞ ഒന്നായിരുന്നു യേശുവിന്റെ ജീവിതം. അവിടുത്തേക്കു പിതാവിന്റെ ഹിതം പൂര്‍ണ്ണമായി നിവര്‍ത്തിക്കുവാന്‍ ദിവസത്തിലുള്ള 24 മണിക്കൂര്‍ മതിയാകുമായിരുന്നു. എന്നാല്‍ തനിക്കു നല്ലതെന്നു തോന്നുന്നതെല്ലാം ചെയ്യുവാന്‍ അവിടുന്നു തീരുമാനിച്ചിരുന്നുവെങ്കില്‍ ദിവസത്തില്‍ 24 മണിക്കൂര്‍ പോരാതെ വരുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ തന്റെ മിക്ക ദിവസങ്ങളും അസ്വസ്ഥത നിറഞ്ഞവ ആകുമായിരുന്നു. പരമാധികാരിയായ സ്വര്‍ഗ്ഗസ്ഥ പിതാവാണു തന്റെ ദൈനംദിന പരിപാടി തയ്യാറാക്കുന്നത് എന്ന വസ്തുത അംഗീകരിച്ചിരുന്നതിനാല്‍ ഓരോ ദിവസവും നേരിടേണ്ടിവന്ന തടസ്സങ്ങളിലെല്ലാം സന്തോഷിക്കുവാന്‍ യേശുവിനു സാധിച്ചു. അതിനാല്‍ തടസ്സങ്ങള്‍ വന്നപ്പോള്‍ അവിടുന്നു ക്ഷുഭിതനായില്ല. യേശുവിന്റെ ജീവന്‍ നമ്മുടെ ആന്തരിക മനുഷ്യനെയും പൂര്‍ണ്ണസ്വസ്ഥതയിലേക്കു നടത്തും. നാം ഒന്നും പ്രവര്‍ത്തിക്കുകയില്ല എന്നല്ല ഇതിന്റെയര്‍ത്ഥം. എന്നാല്‍ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള പിതാവിന്റെ ഇഷ്ടം മാത്രമായിരിക്കും നാം ചെയ്യുന്നത്. നാം മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ നിവര്‍ത്തിക്കുവാനല്ല, പിതാവിന്റെ ഇഷ്ടം ചെയ്‌വാനായിരിക്കും നമ്മുടെ താല്‍പര്യം.
ദേഹീപരക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വന്തകാര്യങ്ങള്‍ ചെയ്യുന്നതില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ അവര്‍ക്കു ക്ഷോഭവും അസ്വസ്ഥതയും അനുഭവപ്പെടുന്നു. അവരില്‍ ചിലര്‍ ഒടുവില്‍ മാനസികമായോ ശാരീരികമായോ ഉള്ള തകര്‍ച്ചയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
തന്റെ അകമേയുള്ള മനുഷ്യനില്‍ പൂര്‍ണ്ണസ്വസ്ഥത ഉണ്ടായിരുന്ന തിനാല്‍ യേശുവിന് ഇവ്വിധമുള്ള തകര്‍ച്ചയുണ്ടാകുകയെന്നത് അസാധ്യ മായിരുന്നു. അവിടുന്നു നമ്മോടു പറയുന്നു: ”എന്റെ നുകം എടുത്തുകൊണ്ട് എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ പ്രാണന് ആശ്വാസം കണ്ടെത്തും” (മത്താ. 11:29 English). ഇതാണു വചനത്തിലൂടെ ദൈവത്തിന്റെ ആത്മാവു നമ്മെ കാണിച്ചുതരുവാനാഗ്രഹിക്കുന്ന യേശുവിന്റെ മഹത്വം. ഈ മഹത്വമാണ് അവിടുന്നു നമുക്കു പകര്‍ന്നു തരുവാനും നമ്മിലൂടെ പ്രസരിപ്പിക്കുവാനും ആഗ്രഹിക്കുന്നത്.
കര്‍ത്താവു നമ്മുടെ ഇടയനാണ്. അവിടുന്നു തന്റെ ആടുകളെ സ്വസ്ഥത യുള്ള പുല്‍പ്പുറങ്ങളിലേക്കു നയിക്കുന്നു. ഇനി ഏതു പുല്‍പ്പുറത്തേക്കു പോകണമെന്നു തീരുമാനിക്കുന്നത് ആടുകളല്ല. അവ ചെയ്യുന്നത് ഇടയനെ പിന്‍തുടരുക മാത്രമാണ്. എന്നാല്‍ ആ വിധത്തില്‍ ഇടയനെ പിന്‍തുടരുവാന്‍ കഴിയണമെങ്കില്‍ ഒരുവന് തന്റെ സ്വയത്തിലുള്ള വിശ്വാസവും സ്വയംപര്യാപ്തതാ ബോധവും ഇല്ലാതെയായിത്തീരണം. യേശുവാണെങ്കില്‍ സൗമ്യതയോടെ പിതാവിനെ പിന്‍തുടരുകയായിരുന്നു ചെയ്തത്. ദേഹീപര ക്രിസ്ത്യാനികള്‍ ആടുകളായിരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. അതുമൂലം സ്വന്തബുദ്ധി തന്നെ അവരെ വഴിതെറ്റിക്കുന്നു. ബുദ്ധിശക്തിയെന്നതു ദൈവം തന്നിരിക്കുന്ന അദ്ഭുതകരവും അത്യന്തം പ്രയോജനകരവുമായ ഒരു ദാനമാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ അതിന് ആധിപത്യം നല്‍കിയാല്‍ അത് ഏറ്റവും അപകടകാരിയായ ഒന്നായിത്തീരുവാന്‍ സാധ്യതയുണ്ട്.
”പിതാവേ, സ്വര്‍ഗ്ഗത്തിലെന്നപോലെ ഭൂമിയിലും നിന്റെ ഹിതം നിവര്‍ത്തിക്കപ്പെടട്ടെ” എന്നിങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. എങ്ങനെയാണു ദൈവത്തിന്റെ ഹിതം സ്വര്‍ഗ്ഗത്തില്‍ നിവര്‍ത്തിക്കപ്പെടുന്നത്? ‘ദൈവത്തിനായി എന്തെങ്കിലും ചെയ്‌വാന്‍’ വേണ്ടി ദൈവദൂതന്മാര്‍ അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുകയല്ല. അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ കുഴപ്പമുണ്ടാകുമായിരുന്നു. എന്നാല്‍ അവര്‍ എന്താണു ചെയ്യുന്നത്? അവര്‍ ദൈവസന്നിധിയില്‍ അവിടുത്തെ കല്പനകള്‍ കേള്‍ക്കുവാനായി കാത്തുനില്‍ക്കുകയും അവിടുന്ന് ഓരോരുത്തര്‍ക്കും നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ചു കൃത്യമായി പ്രവര്‍ത്തിക്കുകയുമാണ്. ദൈവദൂതനായ ഗബ്രിയേല്‍ സെഖര്യാവിനോടു പറഞ്ഞതു ശ്രദ്ധിക്കുക: ”ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആകുന്നു. നിന്നോടു സംസാരിപ്പാന്‍ …. എന്നെ അയച്ചിരിക്കുന്നു” (ലൂക്കോ. 1:19). ഇതേ നിലപാടായിരുന്നു കര്‍ത്താവായ യേശുവും സ്വീകരിച്ചത് – തന്റെ പിതാവിന്റെ സന്നിധിയില്‍ നില്‍ക്കുകയും അവിടുത്തെ ശബ്ദം കേള്‍ക്കുകയും അവിടുത്തെ ഹിതം നിവര്‍ത്തിക്കുകയും ചെയ്യുക.
ദേഹീപരക്രിസ്ത്യാനികള്‍ വളരെ അധ്വാനിക്കുകയും ത്യാഗം സഹിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ”അവര്‍ രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഒന്നും ലഭിച്ചില്ല” എന്നു നിത്യതയുടെ വ്യക്തമായ വെളിച്ചത്തില്‍ കാണുവാന്‍ കഴിയും. എന്നാല്‍ ദിനംപ്രതി തങ്ങളുടെ ക്രൂശെടുത്തു (തങ്ങളുടെ ദേഹീപരജീവനെ ത്യജിക്കുകയും മരണത്തിനേല്‍പ്പിക്കുകയും ചെയ്തു) കര്‍ത്താവിനെ അനുസരിച്ചവരുടെ വല ആ നാളില്‍ മീന്‍കൊണ്ടു നിറത്തിരിക്കും (യോഹ. 21:1-6).
”ഞാന്‍ ഒരുവനുവേണ്ടി ഒരുക്കിയിരിക്കുന്ന വേലയില്‍നിന്നു ശ്രദ്ധ മാറി പ്പോകുവാന്‍ അനുവദിക്കുന്നവന്‍ ദൈവരാജ്യത്തിനു യോഗ്യനല്ല” എന്ന് യേശു പറഞ്ഞു (ലൂക്കോ. 9:62 ലിവിംഗ്). ”കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ നോക്കേണം” (കൊലോ. 4:17).
”സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈയൊക്കെയും വേരോടെ പറിഞ്ഞുപോകും” (മത്താ. 15:13). ചെടി നല്ലതാണോ അല്ലയോ എന്നതല്ല പ്രശ്‌നം. ആരാണു നട്ടത് എന്നതാണു പ്രശ്‌നം. എന്തെങ്കിലും ഉദ്ഭവിപ്പിക്കുവാന്‍ അധികാരമുള്ളവന്‍ ദൈവം മാത്രമാണ്. ”ആദിയില്‍ ദൈവം” എന്ന വാക്കുകളോടെയാണു വേദപുസ്തകം ആരംഭിക്കുന്നത്. നമ്മുടെ സകലപ്രവൃത്തികളും അപ്രകാരം തന്നെയായിരിക്കണം. നിത്യമായി നിലനില്‍ക്കണമെങ്കില്‍ അവ നമ്മുടെ മനസ്സില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ ഉദ്ഭവിച്ചവയായിരിക്കണം.
”ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” (1 യോഹ. 2:17). ബാക്കിയെല്ലാവരും നശിച്ചുപോകും.
അതുകൊണ്ടു നമുക്കു നമ്മോടുതന്നെ ഈ ചോദ്യം ചോദിക്കാം:
‘ദൈവഹിതമനുസരിച്ചാണോ ഞാന്‍ ജീവിക്കുന്നതും അധ്വാനിക്കുന്നതും?’
അധ്യായം 7 : ദൈവശക്തിയാല്‍ ജീവിക്കുന്നത്
”സകലവും അവനാലും …. ആകുന്നു” (റോമര്‍ 11:36).
സങ്കല്പാതീതമായ അപാര കഴിവുകളുള്ള ഒരു ദേഹിയോടു കൂടെയായിരുന്നു ദൈവം ആദാമിനെ സൃഷ്ടിച്ചത്. ദൈവം സൃഷ്ടിച്ച ഓരോ മൃഗത്തിനും പക്ഷിക്കും പേരു നല്‍കുവാന്‍ അവനു കഴിഞ്ഞു (ഉല്‍പ. 2:19). ആയിരക്കണക്കിനുള്ള ആ പേരുകളില്‍ ചിലതെങ്കിലും ഓര്‍ത്തിരിക്കുവാന്‍ നമുക്കു പ്രയാസമാണ്. ആദാമിനാകട്ടെ, ഓരോന്നിനും പ്രത്യേക പേരു നല്‍കുവാന്‍ കഴിഞ്ഞു. ആദാമിന്റെ ദേഹിയുടെ കഴിവുകളുടെ ഒരു ഉദാഹരണം മാത്രമാണിത്. ദൈവം നല്‍കിയ ഈ കഴിവുകളെല്ലാം ദൈവത്തെ ആശ്രയിച്ചുകൊണ്ടു മനുഷ്യന്‍ ഉപയോഗിക്കണം എന്നായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ ദൈവത്തെക്കൂടാതെ അവയെ വളര്‍ത്തിയെടുക്കുവാന്‍ ആദാം തീരുമാനിച്ചു. ഏദനില്‍ എടുത്ത വിനാശകര മായ ആ തീരുമാനത്തിനുശേഷം അവന്‍ തന്റെ ദേഹിയില്‍നിന്നു ജീവിക്കുവാന്‍ തുടങ്ങി.
ദേഹിയുടെയും ആത്മാവിന്റെയും പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിച്ചറിയുക യും, സാത്താന്റെ വ്യാജപ്രവര്‍ത്തനങ്ങളില്‍നിന്നു രക്ഷപെടുകയും ചെയ്യണമെങ്കില്‍, ദേഹിയുടെ ശക്തിയെക്കുറിച്ചു നാം ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇക്കാലത്തു ദേഹിയുടെ ശക്തി ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു മേഖലയെക്കുറിച്ചു ചിന്തിക്കുക – രോഗശാന്തിശുശ്രൂഷകള്‍.
മനുഷ്യമനസ്സിന്റെ അത്യപാരമായ കഴിവുകളെക്കുറിച്ചു പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ശാസ്ത്രം മനസ്സിലാക്കി തുടങ്ങി. മെസ്മരശാസ്ത്രം വളരെ പുരോഗതി പ്രാപിച്ചു. മാനസികശക്തികൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതു വിസ്മയജനകം തന്നെ. മെസ്മരശാസ്ത്രത്തിന്റെ തത്വങ്ങള്‍ പലതും ഇപ്പോള്‍ ‘പരിശുദ്ധാത്മവരങ്ങള്‍’ എന്നപേരില്‍ ക്രൈസ്തവരുടെ ഇടയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സഭയുടെ വളര്‍ച്ചയ്ക്കും, ദൈവമഹത്വത്തിനും ഉതകുന്ന യഥാര്‍ത്ഥ ആത്മീയവരങ്ങളെ നിന്ദിക്കുകയല്ല. എന്നാല്‍ മനുഷ്യവ്യക്തികളെ ഉയര്‍ത്തുന്നതിനും, അവരുടെ ആധിപത്യവും സാമ്പത്തിക സാമ്രാജ്യങ്ങളും സ്ഥാപിക്കുന്നതിനും മാത്രം ഉതകുന്നതും യഥാര്‍ത്ഥ വരങ്ങളെപ്പോലെ കാണപ്പെടുന്നതുമായ വ്യാജാനുകരണങ്ങളെ തുറന്നു കാണിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്.
‘വിശ്വാസത്താല്‍ രോഗശാന്തി നല്‍കുന്ന’ (ക്രിസ്തീയരും ക്രിസ്‌ത്യേതരരുമായ) പലരുടെയും പക്കല്‍നിന്നു ലഭിക്കുന്ന ‘ദൈവികരോഗശാന്തി’ മാനുഷിക മനസ്സിന്റെ കഴിവുകളില്‍ നിന്നു പുറപ്പെടുന്നവ മാത്രമാണ്. രോഗലക്ഷണങ്ങള്‍ തുടരുമ്പോഴും രോഗം സൗഖ്യമായി എന്ന് ഇക്കൂട്ടര്‍ തന്നെത്താന്‍ ഉറപ്പിക്കുന്നു. അനേകം രോഗങ്ങളും മാനസിക പ്രശ്‌നങ്ങളുടെ ഫലമാകയാല്‍ (അതായതു വൈകാരിക പ്രശ്‌നങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്ന ശാരീരികരോഗങ്ങള്‍), ക്രിയാത്മകമായ ചിന്താഗതിയും (positive thinking), രോഗത്തെക്കുറിച്ചു വ്യത്യസ്തമനോഭാവവും ഉണ്ടാകുമ്പോള്‍ പലപ്പോഴും ശരീരത്തിനു സൗഖ്യം ലഭിക്കും. എന്നാല്‍ ഇതു ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനതത്വങ്ങളുടെ ഫലം മാത്രമാണ്. അതു പ്രകൃത്യാതീതമൊന്നുമല്ല.
യേശു ഇന്നും അദ്ഭുതകരമായി മനുഷ്യരെ സൗഖ്യമാക്കുന്നുണ്ട്. എന്നാല്‍ അതു മനശ്ശാസ്ത്ര പ്രയോഗം കൊണ്ടല്ല. രോഗശാന്തിയുടെ യഥാര്‍ത്ഥ വരം വെളിപ്പെടുമ്പോള്‍ വിശ്വസിക്കുവാനായുള്ള മാനസിക ശ്രമത്തിന്റെ ആവശ്യമില്ല. വിശ്വാസം ഒരു ക്രിയാത്മക ചിന്താഗതിയുടെ ഫലമല്ല, മറിച്ചു ദൈവത്തിന്റെ ദാനമാണ് എന്നതാണ് കാരണം.
മെസ്മര ശാസ്ത്രതത്വങ്ങള്‍ ഉപയോഗിച്ചുകൊണ്ട് (മനഃപൂര്‍വമല്ലെങ്കിലും) ദൈവം ഉദ്ദേശിച്ചിട്ടില്ലാത്ത രീതികളില്‍ മറ്റുള്ളവരുടെമേല്‍ അധികാരം സ്ഥാപിക്കുവാന്‍ കഴിയും. പരിശുദ്ധാത്മാവ് ഒരു മനുഷ്യനു നല്‍കുന്ന അധികാരമാണിതെന്നുള്ള തെറ്റിദ്ധാരണയും ക്രൈസ്തവരുടെ യിടയില്‍ ഉണ്ടാകാറുണ്ട്.
ദൈവത്തെക്കൂടാതെ സ്വന്തദേഹിയുടെ കഴിവുകളെ വികസിപ്പിക്കുന്നതില്‍ വലിയ അപകടങ്ങളുണ്ട്. ഈ കഴിവുകളെ ദൈവത്തിന്റെ ഉപയോഗത്തിനായി സമര്‍പ്പിക്കുവാന്‍ വേണ്ടിയാണ് അവിടുന്നു നമുക്കു നല്‍കിയിരിക്കുന്നത്.
യേശു ജീവിച്ചത് അപ്രകാരമായിരുന്നു. അവിടുന്നു തന്റെ പ്രാണനെ മരണത്തിനേല്‍പിക്കുകയും, തന്റെ മാനുഷിക ദേഹിയുടെ ശക്തിയുപയോഗിച്ചു ജീവിക്കാതിരിക്കുകയും ചെയ്തു. അവിടുന്നു ദൈവത്തിലുള്ള പൂര്‍ണ്ണാശ്രയത്തില്‍ ജീവിക്കുകയും, തന്റെ ജീവിതത്തിനും ശുശ്രൂയ്ക്കും വേണ്ടി പരിശുദ്ധാത്മാവിന്റെ ശക്തി അന്വേഷിക്കുകയും ചെയ്തു.
അവിടുന്ന് ഇടയ്ക്കിടെ നിര്‍ജ്ജനസ്ഥലത്തേക്കു വാങ്ങിപ്പോയി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു (ലൂക്കോ. 5:16). ക്രൂശുമരണത്തിനു മുമ്പുള്ള അവസാന നാളുകളില്‍ അവിടുന്നു പകല്‍സമയം ദൈവാലയത്തില്‍ പഠിപ്പിക്കുകയും, രാത്രിസമയം ഒലിവുമലയിലേക്കു പോകുകയും ചെയ്യുമായിരുന്നു (ലൂക്കോ. 21:37,38). അതു കൂടുതല്‍ സമയം തടസ്സം കൂടാതെ പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി ആയിരുന്നു എന്നതില്‍ സംശയമില്ല.
‘വിശ്വാസത്താല്‍ ജീവിക്കുക’ എന്നാല്‍ ഇതുപോലെ നിരന്തരമായി പിതാവില്‍ ആശ്രയിച്ചു ജീവിക്കുക എന്നാണ് അര്‍ത്ഥം.
ദൈവശക്തിയാല്‍ ചെയ്യപ്പെടുന്നവ മാത്രമാണു നിത്യമായത്. മറ്റുള്ളതെ ല്ലാം നശിച്ചുപോകും. ആറ്റരികില്‍നിന്നു പോഷണം വലിച്ചെടുക്കുന്ന ഒരു വൃക്ഷത്തോടാണു ദൈവത്തില്‍ ആശ്രയിച്ചുജീവിക്കുന്ന ഒരു മനുഷ്യനെ വേദപുസ്തകം താരതമ്യപ്പെടുത്തുന്നത് (യിരെ. 17:5-8). അതുപോലെ, ദൈവനദിയായ പരിശുദ്ധാത്മാവില്‍നിന്ന് ഒരു മനുഷ്യനെന്ന നിലയില്‍ തനിക്കാവശ്യമായ ആത്മീയശക്തിയെല്ലാം പ്രാപിച്ചുകൊണ്ടാണ് യേശു ജീവിച്ചത്.
പരീക്ഷയില്‍ യേശു ജയം നേടിയതു മാനുഷികമായ നിശ്ചയ ദാര്‍ഢ്യത്താലായിരുന്നില്ല, നിമിഷംതോറും പിതാവില്‍നിന്നു ബലം പ്രാപിച്ചതു മൂലമായിരുന്നു. യേശു പഠിപ്പിക്കുകയും മാതൃകയായി കാണിച്ചുതരികയും ചെയ്ത സ്വയനിഷേധത്തിന്റെ മാര്‍ഗ്ഗം ദേഹി തന്നെത്താന്‍ ശരിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന മാര്‍ഗ്ഗമായിരുന്നില്ല. അല്ല, അതു ബുദ്ധമതത്തിന്റെയും യോഗികളുടെയും മാര്‍ഗ്ഗമാണ്. വേദ പുസ്തകത്തില്‍ പഠിപ്പിച്ചിരിക്കുന്ന മാര്‍ഗ്ഗവും അതും തമ്മില്‍ സ്വര്‍ഗ്ഗവും നരകവും പോലെ വ്യത്യാസമുണ്ട്.
നാം ജീവിക്കേണ്ടതുപോലെ ജീവിക്കുവാനും, ദൈവത്തെ സേവിക്കേണ്ടതു പോലെ സേവിക്കുവാനും മനുഷ്യരെന്ന നിലയില്‍ നമുക്കു കഴിവില്ല എന്നു യേശു പഠിപ്പിച്ചു. വൃക്ഷത്തിന്റെ വേരുകളില്‍നിന്നു ലഭിക്കുന്ന പോഷകദ്രാവകം കൊണ്ടുമാത്രം ജീവിക്കുവാന്‍ കഴിയുന്ന നിസ്സഹായരായ ശാഖകളെപ്പോലെയാണു നാം എന്നാണ് അവിടുന്നു പറഞ്ഞത്. ”എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല” (യോഹ. 15:5). അതുകൊണ്ടു പരിശുദ്ധാത്മാവിന്റെ സഹായംകൂടാതെ നാം ചെയ്യുന്ന കാര്യങ്ങളെല്ലാംതന്നെ കേവലം പൂജ്യമായേ കണക്കാക്കുവാന്‍ കഴിയൂ.
പരിശുദ്ധാത്മാവിനാല്‍ നിരന്തരം നിറഞ്ഞിരിക്കേണ്ടതിന്റെ അത്യാവശ്യം ഇതില്‍നിന്നു കാണാം (എഫേ. 5:18).
യേശു തന്നെയും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും, അഭിഷേകം പ്രാപിക്കുകയും ചെയ്തിരുന്നു (ലൂക്കോ. 4:1,18). അവിടുന്നു ജീവിച്ചതും, പിതാവിനായി അധ്വാനിച്ചതും പരിശുദ്ധാത്മാവിന്റെ ശക്തിയിലായിരുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ തന്റെ ആത്മാവില്‍ ദരിദ്രനായിരുന്നതുകൊണ്ടു മാത്രമാണ് അവിടുത്തേക്ക് ഇതു സാധ്യമായത്.
താന്‍ സ്വീകരിച്ച മനുഷ്യദേഹത്തിന്റെ ബലഹീനതകളെക്കറിച്ചു യേശു ബോധവാനായിരുന്നു. അതുകൊണ്ടു മിക്കപ്പോഴും തനിയെ പോയിരുന്നു പ്രാര്‍ത്ഥിക്കുവാനായി അവിടുന്ന് അവസരം കാത്തിരിക്കുമായിരുന്നു. വിനോദ യാത്രക്കാര്‍ ഒരു പുതിയ സ്ഥലത്തു ചെല്ലുമ്പോള്‍ നല്ല ഹോട്ടലുകള്‍, പ്രധാനപ്പെട്ട കാഴ്ചസ്ഥലങ്ങള്‍ എന്നിവയ്ക്കായി അന്വേഷിക്കുന്നതുപോലെ, പ്രാര്‍ത്ഥനയ്ക്ക് ഉതകുന്ന ഏകാന്ത സ്ഥലങ്ങള്‍ യേശു കണ്ടു വയ്ക്കുമായിരുന്നു എന്ന് ആരോ ഒരാള്‍ പറഞ്ഞിട്ടുണ്ട്.
പരീക്ഷയെ ജയിക്കുവാനും പ്രാണനെ മരണത്തിനേല്‍പിക്കുവാനുമുള്ള ശക്തിക്കായി അവിടുന്ന് അന്വേഷിച്ചു. ജഡത്തിന്റെ തികഞ്ഞ ബലഹീനതയെക്കുറിച്ചു യേശുവിനുണ്ടായിരുന്നതുപോലെ ബോധ്യം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടുന്നു മറ്റെല്ലാവരെ ക്കാളുമധികമായി പിതാവിനോടു സഹായത്തിനായി പ്രാര്‍ത്ഥിച്ചു. അവിടുന്നു തന്റെ ഐഹികകാലത്ത് ”ഉറച്ച നിലവിളിയോടും കണ്ണീരോടും” കൂടെ പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമോ, മറ്റെല്ലാവരിലും അധികമായി പിതാവ് അവിടുത്തെ ബലപ്പെടുത്തി. അതുകൊണ്ട് യേശു ഒരിക്കല്‍പ്പോലും പാപം ചെയ്യുകയോ, തന്റെ ദേഹിയില്‍നിന്നു ജീവിക്കുകയോ ചെയ്തില്ല (എബ്രാ. 4:15;5:7-9).
‘പ്രാര്‍ത്ഥന’, ‘പ്രാര്‍ത്ഥിക്കുക’ എന്നീ വാക്കുകള്‍ യേശുവിനെ സംബന്ധിച്ചു നാലു സുവിശേഷങ്ങളിലായി 25 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു എന്നതു പ്രാധാന്യമര്‍ഹിക്കുന്നില്ലേ?
അവിടെയാണ് അവിടുത്തെ ജീവിതത്തിന്റെയും, പ്രവൃത്തിയുടെയും രഹസ്യം നാം കണ്ടെത്തുന്നത്.
യേശു തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്കു മുമ്പു മാത്രമല്ല, ചില മഹത്തായ നേട്ടങ്ങള്‍ക്കുശേഷവും പ്രാര്‍ത്ഥിച്ചിരുന്നു. അയ്യായിരം പേര്‍ക്ക് അദ്ഭുതകരമായി ഭക്ഷണം നല്‍കിയതിനുശേഷം അവിടുന്നു മലയിലേക്കു കയറിച്ചെന്നു പ്രാര്‍ത്ഥിച്ചു. തീര്‍ച്ചയായും ഇതു നിഗളത്തിന്റെ പരീക്ഷകളെ ചെറുത്തു നില്‍ക്കുവാനും, ചെയ്തുതീര്‍ത്ത പ്രവൃത്തിയെ ക്കുറിച്ചു സംതൃപ്തിയടയാതിരിക്കുവാനും, പിതാവിന്റെ മുമ്പില്‍ കാത്തുനിന്നു ശക്തി പുതുക്കുവാനും ആയിരുന്നിരിക്കണം (യെശ. 40:31). നാം സാധാരണയായി കര്‍ത്താവിനുവേണ്ടി എന്തെങ്കിലും പ്രധാന കര്‍ത്തവ്യം നിവര്‍ത്തിക്കുന്നതിനു മുമ്പാണു പ്രാര്‍ത്ഥിക്കാറുള്ളത്. എന്നാല്‍ യേശു ചെയ്തതുപോലെ കര്‍ത്തവ്യം നിവര്‍ത്തിച്ചുകഴിഞ്ഞതിനുശേഷം പ്രാര്‍ത്ഥിക്കുന്ന ശീലം നാം പഠിക്കുമെങ്കില്‍ നമ്മെത്തന്നെ നിഗളത്തില്‍ നിന്നു സംരക്ഷിക്കുകയും, കര്‍ത്താവിനായി കൂടുതല്‍ മഹത്തായ കാര്യങ്ങള്‍ നിവര്‍ത്തിക്കുവാനായുള്ള ഒരുക്കം പ്രാപിക്കുകയും ചെയ്‌വാന്‍ കഴിയും.
യേശുവിന്റെ ജീവിതത്തില്‍ തിരക്കു വര്‍ദ്ധിക്കുന്തോറും അവിടുന്നു കൂടുതലായി പ്രാര്‍ത്ഥിച്ചു. ചില സന്ദര്‍ഭങ്ങളില്‍ തനിക്കു ഭക്ഷണം കഴിക്കുവാന്‍പോലും സമയം ലഭിച്ചില്ല (മര്‍ക്കോ. 3:20;6:31,33,46). എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് അവിടുന്ന് എപ്പോഴും സമയം കണ്ടെത്തി. പരിശുദ്ധാത്മാവിന്റെ മന്ദ സ്വരത്തിനു ചെവി കൊടുത്തിരുന്നതുകൊണ്ട് എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ പ്രാര്‍ത്ഥിക്കണം എന്നെല്ലാം യേശു വ്യക്തമായി അറിഞ്ഞിരുന്നു.
ആത്മാവിലുള്ള ദാരിദ്ര്യമെന്നതു ഫലപ്രദമായ പ്രാര്‍ത്ഥനയ്ക്കു പിന്നിലുണ്ടായിരിക്കേണ്ട ഒരു അനുപേക്ഷണീയമായ ഘടകമത്രേ. മാനുഷികമായ നിസ്സഹായതയുടെ ഒരു പ്രകടനമാണു പ്രാര്‍ത്ഥന. അത് ഒരു ചടങ്ങു മാത്രമാകാതെ അര്‍ത്ഥവത്തായിത്തീരണമെങ്കില്‍ ക്രിസ്തീയജീവിതം നയിക്കുവാനും, ദൈവത്തെ സേവിക്കുവാനും മാനുഷിക ശക്തിസ്രോതസ്സുകള്‍ തികച്ചും അപര്യാപ്തമായിരിക്കുന്നുവെന്നു നമുക്കു നിരന്തരമായ ഒരു ബോധ്യമുണ്ടായിരിക്കണം.
യേശു ദൈവശക്തിക്കായി ഇടവിടാതെ പ്രാര്‍ത്ഥിച്ചിരുന്നു. അത് അവി ടുത്തേക്ക് ഒരിക്കലും ലഭിക്കാതെവന്നില്ല. അങ്ങനെ തനിക്കു മറ്റു യാതൊരുവിധത്തിലും നേടിയെടുക്കുവാന്‍ അസാധ്യമായിരുന്ന കാര്യങ്ങള്‍ അവിടുന്നു പ്രാര്‍ത്ഥനയിലൂടെ നേടിയെടുത്തു.
സ്വന്തകഴിവുകളില്‍ ദൃഢമായി വിശ്വാസം ഉറപ്പിച്ചിട്ടുള്ളവര്‍ പാപത്തിന്മേല്‍ ജയം നേടുന്നതിനു ജഡത്തിന്റെ ശക്തിയില്‍ വീണ്ടും വീണ്ടും ആശ്രയിക്കുന്നു. ശരിക്കും തകര്‍ന്നതിനുശേഷമേ ഇക്കൂട്ടര്‍ക്കു ജയത്തിനാ യുള്ള ദൈവികശക്തി അനുഭവിച്ചറിയുവാന്‍ സാധിക്കുകയുള്ളു. സ്വന്ത മതിപ്പില്‍ ഒരു ‘പൂജ്യം’ ആയിത്തീരുന്നതുവരെ മാസങ്ങളോളം വീണ്ടും വീണ്ടും പരാജയപ്പെടുവാന്‍ ദൈവം അവരെ അനുവദിക്കുന്നു. അവസാനം അവര്‍ തങ്ങളുടെ ബലഹീനത അംഗീകരിക്കുന്നു. അപ്പോള്‍ ദൈവം അവരുടെമേല്‍ കൃപയുടെ ആത്മാവിനെ പകരുകയും, അവരെ ജയജീവിതത്തിലേക്കു നയിക്കുകയും, അവരുടെ ജീവിതത്തിലൂടെ ദൈവ മഹത്വം പ്രസരിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു.
നാം ബലഹീനരാകുമ്പോഴാണു നാം ശക്തരാകുന്നത് (1 കൊരി. 12:10).
അബ്രഹാം യിശ്മായേലിനെ ഉദ്പാദിപ്പിച്ചതു തന്റെ സ്വാഭാവിക ബലത്തി ന്റെ ശക്തിയാലായിരുന്നു. എന്നാല്‍ ദൈവം യിശ്മായേലിനെ സ്വീകരിച്ചില്ല. അവനെ പറഞ്ഞയയ്ക്കുവാന്‍ ദൈവം അബ്രഹാമിനോട് ആവശ്യപ്പെട്ടു (ഉല്‍പ. 17:18-21; 21:10-14). പ്രാര്‍ത്ഥനയും ദൈവാശ്രയവും കൂടാതെ മാനുഷിക കഴിവുകള്‍ ഉപയോഗിച്ചു നാം ചെയ്ത പ്രവൃത്തികള്‍ ഒക്കെയും (നല്ല ഉദ്ദേശ്യത്തോടെ ചെയ്തവയാണെങ്കില്‍ത്തന്നെയും) ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പില്‍ നാം കൊണ്ടുവരുമ്പോള്‍ അവ സ്വീകാര്യമല്ല എന്ന് അവിടുന്നു നമ്മോടു പറയും. മരവും, പുല്ലും, വൈക്കോലും കൊണ്ടുള്ള ആ പ്രവൃത്തികള്‍ എല്ലാം ചാമ്പലായിത്തീരും.
ദൈവത്തിലൂടെ ചെയ്യപ്പെട്ട പ്രവൃത്തികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളു.
അബ്രഹാം തികച്ചും ബലഹീനനായിത്തീര്‍ന്നശേഷമാണ് – മക്കളെ ഉദ്പാദിപ്പിക്കുവാനുള്ള സ്വാഭാവികമായ കഴിവ് ഇല്ലാതായപ്പോള്‍ – യിസ്ഹാക്ക് ജനിച്ചത്. ഇതു ദൈവികശക്തിയിലൂടെയായിരുന്നു. ഈ പുത്രനെ ദൈവം അംഗീകരിക്കുകയും ചെയ്തു.
ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒരു യിസ്ഹാക്കിന് ആയിരം യിശ്മായേലുകളെക്കാള്‍ വിലയുണ്ട്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഒരു കിലോഗ്രാം മരത്തെക്കാള്‍ വിലയുണ്ട് – രണ്ടും തീയിലൂടെ കടന്നതിനുശേഷം. പരിശുദ്ധാത്മശക്തിയാല്‍ ചെയ്യപ്പെടുന്ന ഒരു ചെറിയ പ്രവൃത്തിക്കു നമ്മുടെ സ്വന്തശക്തിയാല്‍ ചെയ്യപ്പെടുന്ന അനേകം പ്രവൃത്തികളെക്കാള്‍ വിലയുണ്ട്.
മാനസാന്തരത്തിനുമുമ്പും പിമ്പും ഉള്ള നമ്മുടെ നന്മപ്രവൃത്തികള്‍ എപ്പോഴും കറപുരണ്ട തുണിതന്നെയായിരിക്കും. എന്നാല്‍ പരിശുദ്ധാത്മാ വില്‍ ആശ്രയിച്ചുകൊണ്ടു വിശ്വാസത്താല്‍ ഉദ്പാദിപ്പിക്കപ്പെടുന്ന നീതിയാകട്ടെ, കുഞ്ഞാടിന്റെ കല്യാണ ദിവസത്തില്‍ നമ്മുടെ കല്യാണ വസ്ത്രമായിത്തീരും (വെളി. 19:8). എത്ര വ്യത്യസ്തമായിരിക്കുന്നു – കറപുരണ്ട തുണിയും അതിമനോഹരമായ കല്യാണ വസ്ത്രവും! എന്നാല്‍ നമ്മുടെ ജീവിതം ദേഹിയുടെ ശക്തിയാലാണോ അതോ ദൈവത്തിന്റെ ശക്തിയാലാണോ നയിക്കപ്പെടുന്നത് എന്ന ഒറ്റ വസ്തുതയിലാണ് ഇതെല്ലാം അധിഷ്ഠിതമായിരിക്കുന്നത്.
തന്റെ ശുശ്രൂഷയ്ക്കായും യേശു പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ചു. പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനാകുന്നതിനുമുമ്പേ അവിടുന്നു തന്റെ പ്രസംഗ ശുശ്രൂഷ ആരംഭിക്കുവാന്‍ ധൈര്യപ്പെട്ടില്ല. ”ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നിങ്ങനെ പിതാവിന്റെ സാക്ഷ്യം ലഭിക്കത്തക്ക രീതിയില്‍ മുപ്പതുവര്‍ഷം അവിടുന്നു പരിശുദ്ധാത്മശക്തിയില്‍ പൂര്‍ണ്ണവിശുദ്ധിയില്‍ ജീവിച്ചുകഴിഞ്ഞിരുന്നു (മത്താ. 3:17). എങ്കിലും ശുശ്രൂഷയ്ക്കായി അവിടുത്തേക്കു പരിശുദ്ധാത്മാവിന്റെ അഭിഷേകം അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ട് അവിടുന്ന് അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുകയും, അതു ലഭിക്കുകയും ചെയ്തു (ലൂക്കോ. 3:21). അന്നുവരെ ജീവിച്ചിരുന്നിട്ടുള്ള ഏതു മനുഷ്യനെക്കാളും അധികമായി അവിടുന്നു നീതിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തതിനാല്‍ അവിടുത്തേക്ക് എല്ലാവരെക്കാളും അധികമായി അഭിഷേകം ലഭിച്ചു (എബ്രാ. 1:9). തല്‍ഫലമായി അവിടുത്തെ ശുശ്രൂഷയിലൂടെ ജനങ്ങള്‍ സാത്താന്റെ അധീനതയില്‍നിന്നു വിടുവിക്കപ്പെട്ടു. ഇതായിരുന്നു അഭിഷേകത്തിന്റെ മുഖ്യമായ ഉദ്ദേശ്യവും പ്രാഥമികമായ തെളിവും (ലൂക്കോ. 4:18:അപ്പോ. 10:38).
മനുഷ്യന്റെ സ്വതസിദ്ധമായ ചാതുര്യവും കഴിവുംകൊണ്ടല്ല ദൈവവേല നടത്തപ്പെടുന്നത്. സ്വതസിദ്ധമായ കഴിവുകളുള്ള മനുഷ്യര്‍ മാനസാന്തരപ്പെട്ടു കഴിയുമ്പോള്‍, തങ്ങളുടെ ബൗദ്ധികവും വൈകാരികവുമായ ശക്തികളുപയോഗിച്ചു മറ്റുള്ളവരെ ദൈവത്തിനായി സ്വാധീനിക്കാമെന്നു ചിന്തിക്കാറുണ്ട്.
പല ക്രിസ്ത്യാനികളും തങ്ങളുടെ വാക്ചാതുര്യം, യുക്തി, സ്പഷ്ടമായ ഉച്ചാരണം എന്നിവയെല്ലാം പരിശുദ്ധാത്മാവിന്റെ ശക്തിയാണെന്നു തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇവയെല്ലാം ദേഹിയുടെ ശക്തി മാത്രമാണ്. അവയെ ആശ്രയിക്കുന്നപക്ഷം അതു ദൈവത്തെ സേവിക്കുന്നതിനു തടസ്സമായെന്നും വരാം. ദേഹിയുടെ ശക്തിയിലൂടെ ചെയ്യുന്ന പ്രവൃത്തികളൊന്നും നിത്യത വരെ നിലനില്‍ക്കുകയില്ല. അവ ഈ നാളുകളില്‍ത്തന്നെ നശിക്കുന്നില്ലെങ്കില്‍ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ തീര്‍ച്ചയായും നശിച്ചുപോകും.
ജനങ്ങളെ ദൈവത്തിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി യേശു ഒരിക്ക ലും വാക്ചാതുര്യത്തിന്റെയോ, വികാരങ്ങളുടെയോ ശക്തിയില്‍ ആശ്രയിച്ചില്ല. ദേഹിയുടെ ശക്തിയാല്‍ ചെയ്യപ്പെടുന്ന അത്തരം പ്രവൃത്തികള്‍ കേള്‍ക്കുന്നവരുടെ ദേഹിയെ മാത്രമേ സ്പര്‍ശിക്കുകയുള്ളു എന്നും, അതവരെ ആത്മീയമായി സഹായിക്കുകയില്ലെന്നും തനിക്കറിയാമായിരുന്നു. ഇക്കാരണത്താല്‍ ആളുകളെ ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കുവാന്‍ അവിടുന്ന് ഏതെങ്കിലും വിധത്തിലുള്ള സംഗീത പരിപാടിയും ഉപയോഗിച്ചില്ല.
ശ്രോതാക്കളുടെ വികാരങ്ങളെ ഉണര്‍ത്തിക്കൊണ്ടുവന്നശേഷം തങ്ങളെ ത്തന്നെ ദൈവത്തിനായി സമര്‍പ്പിക്കുവാനായി അവിടുന്നു പ്രേരിപ്പിച്ചില്ല. ഇക്കാലത്തെ സുവിശേഷകന്മാരും പ്രസംഗകരും സാധാരണയായി ഉപയോഗിക്കുന്ന ഇമ്മാതിരിയുള്ള ദേഹീപരമായ രീതികള്‍ ഒന്നുംതന്നെ അവിടുന്ന് ഉപയോഗിച്ചില്ല. മറ്റുള്ളവരെ സ്വാധീനിക്കുവാനായി വികാരാവേശമോ ദേഹീപരമായ തീക്ഷ്ണതയോ അവിടുന്ന് പ്രയോഗിച്ചില്ല. ഇവയെല്ലാം രാഷ്ട്രീയ നേതാവിന്റെയും കച്ചവടക്കാരന്റെയും രീതികളാണ്. എന്നാല്‍ അവിടുന്ന് ഈ രണ്ടു വിഭാഗത്തിലും പെട്ടിരുന്നില്ലല്ലോ.
യഹോവയുടെ ദാസനെന്ന നിലയില്‍ അവിടുന്നു തന്റെ അധ്വാനങ്ങളിലെല്ലാം പരിശുദ്ധാത്മാവില്‍ മാത്രമായിരുന്നു ആശ്രയിച്ചത്. തല്‍ഫലമായി, അവിടുത്തെ അനുഗമിച്ചവരെല്ലാം ദൈവത്തില്‍ ആഴമായി ഉറച്ച ജീവിതത്തില്‍ എത്തിച്ചേരുകയും ചെയ്തു.
തന്റെ ചിന്താഗതിയിലേക്കു മറ്റുള്ളവരെ കൊണ്ടുവരുന്നതിനു യേശു ദേഹീപരമായ ശക്തി ഉപയോഗിച്ചില്ല. അവിടുന്ന് ഒരിക്കലും തന്നെത്തന്നെ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിച്ചില്ല. അവര്‍ക്കു വേണമെങ്കില്‍ തന്നെ ഉപേക്ഷിക്കുവാനുള്ള സ്വാതന്ത്ര്യവും അവിടുന്നു നല്‍കി. ദേഹീപരരായ ക്രിസ്തീയ നേതാക്കളാകട്ടെ, തങ്ങളുടെ ആടുകളെയും സഹപ്രവര്‍ത്തക രെയും തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവത്താല്‍ അടക്കി ഭരിക്കുകയാണ്. ജനങ്ങള്‍ ഭയാദരങ്ങളോടെ ഇത്തരം നേതാക്കള്‍ക്കു കീഴടങ്ങുകയും അവരുടെ ഓരോ വാക്കും അനുസരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ഒരു നേതാവിന്റെ ചുറ്റും അനേകര്‍ കൂടിവരുന്നുവെന്നു വരാം. അവര്‍ക്കിടയില്‍ ഒരുതരം ഐക്യം കാണപ്പെടുന്നുണ്ട് എന്നും വരാം. എന്നാല്‍ നേതാവിനോടുള്ള വിശ്വസ്തത മാത്രമാണ് ഈ ഐക്യത്തിന്റെ പിന്നിലുള്ളത്. തങ്ങള്‍ക്കുള്ളതു പരിശുദ്ധാത്മ ശക്തിയാണെന്നു ദേഹിയും ആത്മാവും തമ്മില്‍ തിരിച്ചറിയുവാന്‍ കഴിവില്ലാത്ത ഇത്തരം നേതാക്കള്‍ ചിന്തിച്ചേക്കാം. അവരുടെ അനുഗാമികളും അപ്രകാരം തന്നെ വഞ്ചിക്ക പ്പെടുന്നു. എന്നാല്‍ ഇതെല്ലാം മാനുഷികവും ദേഹീപരവുമായ ശക്തി മാത്രമാ യിരുന്നു എന്നും, അവ ദൈവത്തിന്റെ വേലയെ തടസ്സപ്പെടുത്തുകയായിരുന്നു വെന്നും ദൈവിക ന്യായാസനത്തിനു മുമ്പിലെ പ്രകാശത്തില്‍ ഒടുവില്‍ വ്യക്തമാകും.
രാഷ്ട്രീയനേതാക്കളും മറ്റ് അക്രൈസ്തവ നേതാക്കളും തങ്ങള്‍ക്കുള്ള മാനുഷികമായ വ്യക്തി പ്രഭാവത്താല്‍, വ്യക്തിത്വത്തിന്റെ ശക്തി, പ്രസംഗ ചാതുര്യം എന്നിവയുപയോഗിച്ചു വലിയ ജനക്കൂട്ടത്തെ തങ്ങളിലേക്കാകര്‍ഷി ക്കുന്നുണ്ട്.
യേശു അത്തരത്തിലുള്ള നേതാവായിരുന്നില്ല. ഒരു ക്രിസ്ത്യാനിയും അപ്ര കാരം ആയിക്കൂടാ. ദേഹിയുടെ ശക്തിയുപയോഗിക്കുന്നതു മനുഷ്യനെ സംബന്ധിച്ചുള്ള ദൈവകല്പനയ്‌ക്കെതിരായിരിക്കുന്നതിനാലും, ദൈവ വേലയ്ക്ക് അതൊരു തടസ്സമായിത്തീരുമെന്നതിനാലും നാം അതിനെ ഭയപ്പെടേണ്ടിയിരിക്കുന്നു.
ദേഹിയുടെ ശക്തിയാലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മറ്റുള്ളവരില്‍ ഉപരിപ്ലവമായ ഒരു വ്യത്യാസവും, ദൈവഭക്തിയുടെ ഒരു രൂപവും ഉളവാക്കുവാന്‍ കഴിയുമെങ്കിലും, അവരുടെയുള്ളില്‍ ദൈവത്തോടുള്ള ആഴമുള്ള സ്‌നേഹമോ, അവരുടെ സ്വകാര്യ ജീവിതത്തില്‍ പാപത്തിന്മേല്‍ ജയമോ നല്‍കുവാന്‍ കഴിയുകയില്ല.
മനുഷ്യന്റെ ദേഹിയുടെ ശക്തിയുപയോഗിച്ചു യഥാര്‍ത്ഥത്തില്‍ ആത്മീയമായ ഒരു പ്രവൃത്തി ചെയ്യുവാന്‍ ഒരിക്കലും സാധ്യമല്ല. അതു പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടുമാത്രമേ സാധിക്കുകയുള്ളു. ഈ വസ്തുത അറിഞ്ഞിരുന്നതു നിമിത്തം യേശു നിരന്തരമായി തന്റെ പ്രാണനെ മരണത്തിന് ഏല്‍പിച്ചു കൊടുത്തിരുന്നു. തല്‍ഫലമായി അല്‍പസമയം കൊണ്ടുതന്നെ, തന്നെ അനുഗമിച്ചിരുന്നവരുടെയുള്ളില്‍ ആഴമായതും, നിലനില്‍ക്കുന്നതുമായ ഒരു പ്രവൃത്തി ചെയ്യുവാന്‍ അവിടുത്തേക്കു സാധിച്ചു.
അവിടുന്നു തന്റെ വ്യക്തിത്വത്തെ ആരുടെമേലും അടിച്ചേല്‍പിക്കു കയോ, ആരെയും അടക്കിഭരിക്കുകയോ, തന്റെ ഭാഷയോ ബുദ്ധിശക്തിയോ ഉപയോഗിച്ചു തന്നെ ആദരിക്കുവാന്‍ ആരെയും പ്രേരിപ്പിക്കുകയോ ചെയ്തില്ല. മനുഷ്യരുടെ മുമ്പാകെ തന്റെ മഹത്വം പ്രദര്‍ശിപ്പിക്കുവാനായിരുന്നില്ല, അവരെ സഹായിക്കുവാനായിരുന്നു അവിടുന്ന് ആഗ്രഹിച്ചത്.
ദേഹീപരരായ ക്രിസ്ത്യാനികള്‍ക്കു മറ്റുള്ളവരെ സഹായിക്കുന്ന തിലധികമായി അവരുടെ ബഹുമാനം നേടുന്നതിലാണു താല്‍പര്യം. ശിരസ്സായ ക്രിസ്തുവിലേക്കു നയിക്കുന്നതിനുപകരം ജനങ്ങളെ തങ്ങളോടു ചേര്‍ക്കുന്നതുകൊണ്ടു ദേഹീപര ക്രിസ്തീയനേതാക്കള്‍ക്കു യഥാര്‍ത്ഥ സഭ പണിയുവാന്‍ കഴിയുകയില്ല.
പ്രബലമായ മാനുഷിക ശക്തിയുള്ളവര്‍ വചനം ശുശ്രൂഷിക്കുമ്പോള്‍ പൗലോസ് ചെയ്തതുപോലെ ഭയത്തോടും വിറയലോടുംകൂടെ അതു ചെയ്യേണ്ടതാണ് (1 കൊരി. 2:1-5). അല്ലാത്തപക്ഷം ശ്രോതാക്കളുടെ വിശ്വാസം ദൈവശക്തിയില്‍ ആയിരിക്കുന്നതിനുപകരം പ്രസംഗകന്റെ മാനുഷിക ജ്ഞാനത്തിലായിരിക്കും നിലകൊള്ളുന്നത്.
യേശു എപ്പോഴും തന്റെ മാനുഷിക ബലഹീനതയെക്കുറിച്ചു ബോധവാനായിരുന്നു. അവിടുന്നു പറഞ്ഞു: ”പുത്രനു സ്വതവേ ഒന്നും ചെയ്‌വാന്‍ കഴികയില്ല” (യോഹ. 5:19). ഇക്കാരണത്താലായിരുന്നു അവിടുന്നു തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചിരുന്നത്. അതുകൊണ്ടു പിതാവിനു തന്റെ എല്ലാ പ്രവൃത്തികളും യേശുവില്‍ ചെയ്തുതീര്‍ക്കുവാന്‍ സാധിച്ചു (യോഹ. 14:10).
ദൈവം നിഷേധിച്ചിട്ടുള്ളതും, നാം വെറുക്കുവാന്‍ യേശു ആവശ്യപ്പെട്ടിട്ടുള്ളതുമായ നമ്മുടെ മാനുഷിക ജീവനെയും അതില്‍ മറഞ്ഞിരിക്കുന്ന ശക്തികളെയും ഉപയോഗിക്കാതെ നമ്മെ കാത്തുസൂക്ഷിക്കുന്നത് ഇപ്രകാരം ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു മനോഭാവമാണ്. അപ്പോള്‍ കര്‍ത്താവിന്റെ തേജസ്സു നമ്മിലൂടെ അതിന്റെ പൂര്‍ണ്ണതയില്‍ പ്രസരിപ്പിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും.
നാം (കര്‍ത്താവിലാശ്രയിച്ചുകൊണ്ട്) വിശ്വാസത്താല്‍ ജീവിക്കുകയും, നമ്മുടെ പ്രവൃത്തികള്‍ വിശ്വാസത്തിന്റെ പ്രവൃത്തികളായിരിക്കുകയും ചെയ്താല്‍ നാം പണിയുന്നതു പൊന്ന്, വെള്ളി, വിലയേറിയ കല്ല് എന്നിവകൊണ്ടുതന്നെയായിരിക്കും.
അതുകൊണ്ടു നമുക്കു നമ്മോടുതന്നെ രണ്ടാമതായി ഈ ഒരു ചോദ്യം ചോദിക്കാം:
”ഞാന്‍ ജീവിക്കുന്നതും അധ്വാനിക്കുന്നതും ദൈവശക്തിയിലാണോ?”
അധ്യായം 8 : ദൈവമഹത്വത്തിനായി ജീവിക്കുന്നത്
”സകലവും …. അവങ്കലേക്കും ആകുന്നു” (റോമര്‍ 11:36).
ദൈവം അല്‍ഫയും, ഓമേഗയും, ആദിയും, അന്തവും, ഒന്നാമത്തവനും, ഒടുക്കത്തവനും ആകുന്നു. അതിനാല്‍ നിത്യതയുടെ സ്വഭാവമുള്ളതെല്ലാം തന്നില്‍നിന്നു പുറപ്പെടുന്നതുപോലെതന്നെ അവയുടെ പൂര്‍ത്തീകരണവും ദൈവത്തില്‍ തന്നെയാണ്.
ദൈവം സകലത്തെയും സൃഷ്ടിച്ചതു തനിക്കു മഹത്വം വരുത്തുവാനായി രുന്നു. ഇതിന്റെയര്‍ത്ഥം ദൈവം സ്വാര്‍ത്ഥതയോടെ നമ്മില്‍നിന്നു മഹത്വം ആഗ്രഹിക്കുന്നു എന്നല്ല. അവിടുന്നു തന്നില്‍ത്തന്നെ സര്‍വസമ്പൂര്‍ണ്ണനാണ്. അവിടുത്തേക്കുള്ളതില്‍ അധികമായി നല്‍കുവാന്‍ തക്കവണ്ണം നമ്മുടെ പക്കല്‍ യാതൊന്നുമില്ല. അവിടുത്തെ മഹത്വം അന്വേഷിക്കുവാന്‍ അവിടുന്നു നമ്മോട് ആവശ്യപ്പെടുന്നതിന്റെ കാരണം, നമ്മുടെ ഏറ്റവും ഉയര്‍ന്ന നന്മയിലേക്കുള്ള വഴിയതാണ് എന്നതത്രേ. അല്ലാത്തപക്ഷം നാം നമ്മില്‍ ത്തന്നെ കേന്ദ്രീകരിക്കുകയും തല്‍ഫലമായി ദുരിതപൂര്‍ണ്ണരായിത്തീരുകയും ചെയ്യും.
സകലത്തിന്റെയും കേന്ദ്രം താന്‍ തന്നെയായിരിക്കണം എന്നതു ദൈവം സൃഷ്ടിയില്‍ത്തന്നെ നിയമിച്ചിരിക്കുന്ന ഒരു പ്രമാണമാണ്. സ്വതന്ത്രമായ ഇച്ഛാശക്തിയുള്ളവയും, ധാര്‍മ്മികബോധമുള്ളവയുമായ ജീവികള്‍ക്കു മാത്രമേ ഈ പ്രമാണം ലംഘിക്കുവാന്‍ കഴിയുകയുള്ളു. ജീവനില്ലാത്ത സൃഷ്ടിയെല്ലാം സ്രഷ്ടാവിനെ സന്തോഷത്തോടെ അനുസരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ആദാം ആ നിയമത്തെ ലംഘിച്ചു. അതിന്റെ അനന്തരഫലമാണു മനുഷ്യവര്‍ഗ്ഗം അനുഭവിക്കുന്ന ദുരിതങ്ങളില്‍ നാം കാണുന്നത്.
കര്‍ത്താവു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ആദ്യത്തെ അപേക്ഷതന്നെ, ”നിന്റെ നാമം മഹത്വപ്പെടട്ടെ” എന്നത്രേ. കര്‍ത്താവായ യേശുവിന്റെ ഹൃദയത്തിലെ മുഖ്യമായ വാഞ്ഛ ഇതായിരുന്നു. ”പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ” എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവിടുന്നു കുരിശിന്റെ വഴി തിരഞ്ഞെടുത്തു. കാരണം, ആ വിധത്തിലായിരുന്നു പിതാവു മഹത്വപ്പെടേണ്ടിയിരുന്നത് (യോഹ. 12:27,28). പിതാവിന്റെ മഹത്വമായിരുന്നു കര്‍ത്താവായ യേശുവിന്റെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യം.
അവിടുന്നു ചെയ്തതെല്ലാം പിതാവിന്റെ മഹത്വത്തിനു വേണ്ടിയാ യിരുന്നു. അവിടുത്തെ ജീവിതത്തില്‍ വിശുദ്ധമായത്, ഭൗമികമായത് എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാം വിശുദ്ധമായിരുന്നു. ദൈവത്തിന്റെ മഹത്വത്തിനായി അവിടുന്നു പ്രസംഗിച്ചതും രോഗികളെ സൗഖ്യമാക്കിയതും പോലെ തന്നെയായിരുന്നു അവിടുന്നു ദൈവമഹത്വത്തിനായി സ്റ്റൂളുകളും ബെഞ്ചുകളും ഉണ്ടാ ക്കിയതും. എല്ലാ ദിവസവും അവിടുത്തേക്ക് ഒരുപോലെ വിശുദ്ധമായിരുന്നു. ദരിദ്രര്‍ക്കു നല്‍കിയ പണംപോലെതന്നെ പവിത്രമായിരുന്നു അനുദിനാ വശ്യങ്ങള്‍ക്കായി ചെലവഴിച്ച പണവും.
തന്റെ പിതാവിന്റെ മഹത്വം മാത്രമാഗ്രഹിക്കുകയും, അവിടുത്തെ അംഗീകാരം മാത്രം വിലമതിക്കുകയും ചെയ്തതു കാരണം പൂര്‍ണ്ണ സ്വസ്ഥതയുള്ള ഒരു ഹൃദയത്തോടെയായിരുന്നു യേശു എപ്പോഴും ജീവിച്ചത്. അവിടുന്നു തന്റെ പിതാവിന്റെ മുമ്പാകെ ജീവിക്കുകയും, മനുഷ്യരുടെ ബഹുമാനത്തിനും അഭിനന്ദനത്തിനും വിലകല്പിക്കാതിരിക്കുകയും ചെയ്തു.
”സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു” (യോഹ. 7:18).
ദേഹീപരനായ ഒരു ക്രിസ്ത്യാനി ദൈവമഹത്വമന്വേഷിക്കുകയാണെന്ന് എത്രയധികം ഭാവിച്ചാലും, കാഴ്ചയില്‍ നമുക്കപ്രകാരം തോന്നിയാലും, തന്റെ സ്വന്തമഹത്വം മാത്രമാണ് അവന്‍ ഉള്ളിന്റെയുള്ളില്‍ യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. യേശു തനിക്കുവേണ്ടിത്തന്നെ യാതൊരു മാനവും ആഗ്രഹിച്ചില്ല.
മനുഷ്യന്റെ ബുദ്ധിവൈഭവത്തില്‍നിന്നുദ്ഭവിക്കുന്നതും, മനുഷ്യസാമര്‍ ത്ഥ്യത്താലും കഴിവുകളാലും നിറവേറ്റപ്പെടുന്നതുമായതെല്ലാം ഒടുവില്‍ മനുഷ്യനെയാണു മഹത്വപ്പെടുത്തുന്നത്. ദേഹിയില്‍ നിന്നുദ്ഭവിക്കുന്ന തെല്ലാം സൃഷ്ടിയെയാണു മഹത്വപ്പെടുത്തുന്നത്.
ഏതെങ്കിലും ഒരു മനുഷ്യനു ബഹുമാനമോ മഹത്വമോ നല്‍കുന്ന യാതൊന്നും സ്വര്‍ഗ്ഗത്തിലോ, ഭൂമിയിലോ നിത്യതയുടെ യുഗങ്ങളില്‍ ഉണ്ടായിരിക്കുകയില്ല.
സമയത്തെ അതിജീവിച്ചു നിത്യതയുടെ വാതിലിനുള്ളില്‍ പ്രവേശിക്കുന്നതെല്ലാംതന്നെ ദൈവത്തില്‍നിന്നും, ദൈവത്താലും, ദൈവത്തിനായും ഉള്ളവയായിരിക്കും.
ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രവൃത്തിക്കു വിലയും വൈശി ഷ്ട്യവും നല്‍കുന്നത് അതിന്റെ പിന്നിലുള്ള ഉദ്ദേശ്യമാണ്.
നാം ചെയ്യുന്നത് എന്താണ് എന്നതിനു വിലയുണ്ട്. എന്നാല്‍ എന്തുദ്ദേ ശ്യത്തോടെയാണു ചെയ്തത് എന്നതാണ് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നത്.
പിതാവിന്റെ ഹിതം അറിയുവാനായും അതു നിര്‍വഹിക്കുവാനുള്ള ശക്തിക്കായും പിതാവിന്റെ മുമ്പില്‍ യേശു കാത്തിരുന്നുവെന്നു നാം കണ്ടു. അപ്രകാരം അവിടുന്നു തന്റെ പിതാവിന്റെ ഹിതമെല്ലാം ദൈവശക്തിയാല്‍ നിറവേറ്റി. അതുമാത്രമല്ല, കഴിഞ്ഞ അധ്യായത്തില്‍ നാം കണ്ടതുപോലെ, തന്റെ ഏറ്റവും മഹത്തായ ചില പ്രവര്‍ത്തനങ്ങള്‍ക്കുശേഷം യേശു പ്രാര്‍ത്ഥനയ്ക്കായി സമയം അന്വേഷിച്ചു – മഹത്വം തന്റെ പിതാവിനു നല്‍കുവാനായി. തന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം പിതാവിന് ഒരു ബലിയായി അവിടുന്ന് അര്‍പ്പിച്ചു. അവിടുന്നു സ്വന്തമായി ബഹുമാനമന്വേഷിച്ചില്ല എന്നുമാത്രമല്ല, തനിക്കതു നല്‍കപ്പെട്ടപ്പോള്‍ അതു സ്വീകരിച്ചതുമില്ല (യോഹ. 5:41;8:50). തന്റെ പ്രസിദ്ധി ചുറ്റുപാടും പരന്നപ്പോള്‍ അവിടുന്നു മലയിലേക്കു വാങ്ങിപ്പോയി പിതാവിനു മഹത്വംനല്‍കി (ലൂക്കോ. 5:15,16). പിതാവിനുള്ള മഹത്വം താന്‍ തൊടുകപോലുമില്ല എന്ന് അവിടുന്നു തീരുമാനിച്ചിരുന്നു.
ഈ തീരുമാനം നിരന്തരം മുറുകിപ്പിടിച്ചിരുന്നതിന്റെ ഫലമായി തന്റെ ഐഹികജീവിതത്തിന്റെ അവസാനത്തില്‍ യേശുവിനു സത്യസന്ധതയോടെ ഇപ്രകാരം പറയുവാന്‍ കഴിഞ്ഞു: ”പിതാവേ, ഞാന്‍ നിന്നെ ഭൂമിയില്‍ മഹത്വപ്പെടുത്തി” (യോഹ. 17:4).
അവിടുന്നു ഭൂമിയിലേക്കു വന്നതുതന്നെ ഒരു മനുഷ്യനെന്ന നിലയില്‍ പിതാവിനെ മഹത്വപ്പെടുത്തുവാനായിരുന്നു. ഓരോ ദിവസവും അവിടുന്നു ജീവിച്ചത് ആ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു. തനിക്ക് എന്തു വില നല്‍കേണ്ടിവന്നാലും പിതാവു മാത്രം മഹത്വപ്പെടണം എന്ന് അവിടുന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. സ്വര്‍ഗ്ഗത്തിലെന്നപോലെ ഭൂമിയിലും പിതാവു ബഹുമാനിക്ക പ്പെടേണ്ടതിനും, ഉയര്‍ത്തപ്പെടേണ്ടതിനും, മഹത്വപ്പെടേണ്ടതിനുമായി അവിടുന്ന് അവസാനം മരണം വരിക്കുകയും ചെയ്തു.
അഗ്നിയാല്‍ ശോധന ചെയ്യപ്പെടുന്ന നാളില്‍ ‘നാം എന്തുദ്ദേശ്യ ത്തോടെയാണു കര്‍ത്താവിന്റെ വേല ചെയ്തുകൊണ്ടിരുന്നത്’ എന്ന് ഏവര്‍ക്കും വെളിവാകും എന്നു പൗലോസ് പറയുന്നു (1 കൊരി. 3:13;4:15 ലിവിംഗ്). ആ ദിവസത്തില്‍ ഉദ്ദേശ്യങ്ങള്‍ തുറന്നുകാണിക്കപ്പെടുകയും കര്‍ത്താവിനാല്‍ പരിശോധിക്കപ്പെടുകയും ചെയ്യും.
ദേഹീപരമായ ശുശ്രൂഷ സ്വയത്തെ ഉയര്‍ത്തുകയും, ദൈവത്തിനു പകരം നമ്മിലേക്കു മനുഷ്യരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. നാം പറയുന്നതു കേള്‍ക്കുവാന്‍ ജനക്കൂട്ടം വരികയും, നമ്മെ ബഹുമാനിക്കുകയും, നമ്മെക്കുറിച്ചു നല്ല അഭിപ്രായം പറയുകയും ചെയ്യുന്നു. നാം ആ സ്ഥലം വിട്ടുപോയിക്കഴിയുമ്പോള്‍ അവര്‍ തങ്ങളുടെ പഴയ ആത്മീയ നിലയിലേക്കു മടങ്ങിപ്പോകുകയും തങ്ങള്‍ കേട്ട പ്രസംഗങ്ങള്‍കൊണ്ടൊന്നും പ്രയോജന മുണ്ടായില്ല എന്നു സ്വയം തെളിയിക്കുകയും ചെയ്യുന്നു. ഒരാളുടെ അധ്വാനത്തിന്റെ വില മനസ്സിലാക്കേണ്ടതു താന്‍ മരിച്ചു മണ്‍മറഞ്ഞശേഷം താന്‍ ശുശ്രൂഷിച്ചിരുന്നവരുടെ സ്ഥിതി നോക്കിയിട്ടാണ്. അവന്റെ ശുശ്രൂഷ ദേഹീപരമായിരുന്നോ, ആത്മീയമായിരുന്നോ എന്ന് അപ്പോള്‍ വെളിവാകും.
മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കുവാനുതകുന്ന അധ്വാനമെല്ലാം മരം, പുല്ല്, വൈക്കോല്‍ എന്നിവയായിരുന്നുവെന്ന് അന്ത്യനാളില്‍ കാണുവാന്‍ കഴിയും. എന്തെന്നാല്‍ അവയെല്ലാം മനുഷ്യനെ മാത്രമാണു മഹത്വപ്പെടുത്തിയിരുന്നത്.
യേശുവിന്റെ ശുശ്രൂഷ ആത്മീയമായിരുന്നു. അതിന്റെ തെളിവ്, അവിടു ത്തെ അനുഗാമികളായിരുന്ന ചെറിയൊരു കൂട്ടമാളുകള്‍ (ചുരുക്കം ചിലര്‍ മാത്രമായിരുന്നുവെങ്കിലും) ദേഹീപരരാകാതെ ആത്മീയരായിത്തീര്‍ന്നു എന്നതാണ്. അവിടുത്തെ തേജസ്സു നാം പ്രസരിപ്പിക്കണമെങ്കില്‍ അവിടുത്തെ കാല്‍ച്ചുവടുകള്‍ തന്നെ നാം പിന്‍തുടരണം.
പൂര്‍ണ്ണമായും ദേഹീപര മനുഷ്യനായ എതിര്‍ക്രിസ്തുവിന്റെ വരവിനും, ലോകമെമ്പാടുമുള്ള അംഗീകാരത്തിനും വഴിയൊരുക്കുകയാണു ദേഹീപരശുശ്രൂഷയും ജീവിതവും ചെയ്യുന്നത്. അവന്‍ മറ്റുള്ളവരുടെമേല്‍ തന്നെത്താന്‍ ഉയര്‍ത്തുകയും, ജനക്കൂട്ടത്തെ തന്നിലേക്ക് ആകര്‍ഷിക്കുകയും, അതിനായി അദ്ഭുതശക്തി പ്രയോഗിക്കുകയും ചെയ്യും (2 തെസ്സ. 2:3-10).
ആകയാല്‍ മനുഷ്യരുടെ ശ്രദ്ധ നമ്മിലേക്കും, നമ്മുടെ പ്രവൃത്തി യിലേക്കും ആകര്‍ഷിക്കുകയെന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവിന്റെ സാരാംശമത്രേ. മനുഷ്യര്‍ എന്തുചെയ്യണം, എവിടെപ്പോകണം എന്നെല്ലാം നിര്‍ദ്ദേശിച്ച് അവരുടെ മനസ്സാക്ഷിയുടെമേല്‍ അധികാരം ചെലുത്തുന്നതു ദേഹീപരമാണ്. മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുകയെന്നത് ഒരു ആത്മീയ കാര്യം തന്നെ. എന്നാല്‍ അവരുടെ മേല്‍ അധികാരം ചെലുത്തുന്നതു ദേഹീപരം തന്നെയാണ്.
തന്നെ അനുഗമിച്ച ആരെയും തന്നെ, എന്തെങ്കിലും ചെയ്യുവാന്‍ യേശു നിര്‍ബ്ബന്ധിച്ചില്ല. സ്വതന്ത്രമായി തിരഞ്ഞെടുക്കുവാന്‍ ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന അവകാശത്തെ അവിടുന്നു ബഹുമാനിച്ചിരുന്നു.
അതുകൊണ്ട് അവിടുന്ന് എല്ലാവരുടെയും ദാസനായിരിക്കുകയും, അവ രോട് ആജ്ഞാപിക്കുന്നതിനുപകരം അവരെ ശുശ്രൂഷിക്കുകയും ചെയ്തു.
ഒരു ദാസന്റെ ആത്മാവിനു പകരം ഭരണാധികാരിയുടെ ആത്മാവില്‍ പ്രസംഗിക്കുവാന്‍ വളരെ എളുപ്പമാണ് (2 കൊരി. 4:5). നമ്മുടെ ദേഹീപരമായ ശക്തിയുപയോഗിച്ച് അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പി ക്കുവാന്‍ നമുക്കു കഴിയും. മറ്റുള്ളവരെ നമ്മോടുള്ള ഒരു ബന്ധനത്തിലേക്കു നയിക്കുകയായിരിക്കും അതിന്റെ ഫലം.
തന്റെ ദേഹീപരശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കെത്തന്നെ വളരെ ആവേശത്തോടെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ക്രിസ്തുവിനുപകരം തന്നിലേക്കുത ന്നെയാണ് ആളുകളെ നയിക്കുന്നതെന്നു മനസ്സിലാക്കുകപോലുമില്ല. ദൈവ ത്തിന്റെ പ്രവൃത്തി മനുഷ്യശക്തിയാലോ ബലത്താലോ അല്ല, പരിശുദ്ധാത്മ ശക്തിയാലത്രേ നടത്തപ്പെടുന്നത്. ആത്മാവിന്റെ പ്രവൃത്തിയുടെ ഒരടയാളം ഓരോ വ്യക്തിക്കും നല്‍കപ്പെടുന്ന സ്വാതന്ത്ര്യമാണ് (2 കൊരി. 3:17).
ഭൃത്യന്‍ ഒരു ഭവനത്തില്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നു ചിന്തിച്ചു നോക്കുക. അവന്‍ മേശയരികില്‍ താന്‍ ചെയ്യേണ്ട വേല നിശ്ശബ്ദം ചെയ്തശേഷം അടുക്കളയിലേക്കു പിന്മാറുന്നു. അവന്‍ മുറിയിലേക്കു വരുന്നത് ആര്‍ഭാടത്തോടും പ്രദര്‍ശനത്തോടുമല്ല. മേശയരികിലിരിക്കുന്നവര്‍ എന്തുചെയ്യണമെന്ന് അവന്‍ നിര്‍ദ്ദേശിക്കുന്നുമില്ല. ഇവ്വിധം കര്‍ത്താവിനെ സേവിക്കുവാനൊരുക്കമുള്ളവര്‍ എത്രപേരുണ്ട്?
ഒരാള്‍ പറഞ്ഞതുപോലെ, ”ഒരു ദാസനു ഭരിക്കുവാനവകാശമുള്ള ഒരു മേഖല മാത്രമേയുള്ളു – അത് അവന്റെ ജഡമാണ്. അവന്‍ സ്വന്തം ജഡത്തിന്റെ മേല്‍ ഭരണം നടത്തുന്ന അളവില്‍ മറ്റുള്ളവരെ ആത്മീയ ജീവിതത്തില്‍ മുമ്പോട്ടു നടത്താന്‍ അവനു കഴിയും. ആത്മീയനായ ഒരു ദാസന്‍ ദൈവം നല്‍കുന്ന ശക്തിയുപയോഗിച്ചു മാത്രമേ ശുശ്രൂഷ ചെയ്യുന്നുള്ളു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി മാത്രമാണ് ഈ ശക്തി അവനു നല്‍കപ്പെടുന്നത്. എന്നാല്‍ ഈ ശക്തിയുപയോഗിച്ചു നാം ഒരുവന്റെ മേല്‍ അധികാരം ചെലുത്തുകയോ, ഏതെങ്കിലും രീതിയില്‍ നിര്‍ബ്ബന്ധിക്കുകയോ ചെയ്താല്‍ അവന്‍ നിരാശ നാകുകയും അവസാനം സ്വന്തവഴിയില്‍ത്തന്നെ പോകുകയും ചെയ്‌തെന്നുവരാം. താന്‍ ഇടപെടുന്ന വ്യക്തികള്‍ എല്ലാറ്റിലുമെല്ലാം പ്രവര്‍ത്തിക്കുന്ന ദൈവവുമായി ബന്ധപ്പെടണം, താനുമായുള്ള ഒരു ബന്ധത്തിലേക്കല്ല വരേണ്ടത് എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ദാസന്റെ കര്‍ത്തവ്യം (1 കൊരി. 12:6).”
യേശു ദൈവത്തിന്റെ മഹത്വം വളരെയധികമായി അന്വേഷിച്ചിരുന്നു. തന്നിമിത്തം തനിക്കുശേഷം തന്റെ അപ്പോസ്തലന്മാര്‍ താന്‍ ചെയ്തിട്ടുള്ളതിനെക്കാള്‍ മഹത്തായ പ്രവൃത്തികള്‍ ചെയ്യുമാറ് അവര്‍ക്കായി വഴിയൊരുക്കുവാനും അവിടുന്ന് ഒരുക്കമുള്ളവനായിരുന്നു (യോഹ. 14:12). പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ അംഗങ്ങള്‍ തമ്മില്‍ ഒന്നായിരിക്കുന്ന ഒരു സഭ പണിയുക എന്നതായിരുന്നു ഈ ഏറെ മഹത്തായ പ്രവൃത്തി എന്നതിനു സംശയമില്ല (യോഹ. 17: 21-23). യേശുവിന്റെ ഐഹിക ജീവിതകാലത്ത് അവിടുത്തെ ശിഷ്യന്മാരില്‍ രണ്ടു പേര്‍ പോലും പിതാവും പുത്രനുമെന്നപോലെ ഒന്നായിരുന്നില്ല. അവരെല്ലാവരും തങ്ങളുടെ സ്വന്തകാര്യം നോക്കിയിരുന്നു. എന്നാല്‍ പെന്തെക്കൊസ്തുനാളിനു ശേഷം തന്റെ ശിഷ്യന്മാരിലനേകരും അവിടുന്ന് ആഗ്രഹിച്ചതുപോലെ ഒന്നായി ത്തീരുകയുണ്ടായി. ഇതായിരുന്നു അധികം മഹത്തായ പ്രവൃത്തി.
അധികം മഹത്തായ ഒരു പ്രവൃത്തി ചെയ്യുന്നതിനായി യേശു മറ്റുള്ളവര്‍ ക്കു വഴിയൊരുക്കിക്കൊടുത്തു. അവിടുത്തെ മരണംകൊണ്ട് അതിന്റെ അടിസ്ഥാനമിടുകയും, അവിടുത്തെ ശിഷ്യന്മാര്‍ അതിന്മേല്‍ പണിയുകയും ചെയ്തു.
യേശുവിന് ഉള്ളില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പിതാവു മഹത്വപ്പെടണം എന്നുമാത്രമായിരുന്നു അവിടുത്തെ ആഗ്രഹം. താന്‍ ചെയ്ത പ്രവൃത്തികള്‍ക്കുള്ള പ്രശംസ വേറേ ആര്‍ക്കെങ്കിലും ലഭിച്ചാല്‍പോലും അവിടുത്തേക്കു പ്രയാസമൊന്നുമില്ലായിരുന്നു.
ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്കു ജീവന്‍ പകരുമാറു ശുശ്രൂഷിക്കുകയും, ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവു പ്രാപിക്കുമാറ് അതിനെ പണിയുകയും ചെയ്യണമെങ്കില്‍ നാമും ഇതേ ആത്മാവിനാല്‍ത്തന്നെ ജീവിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.
സമ്പൂര്‍ണ്ണമായും പിതാവിന്റെ മുമ്പാകെ മാത്രം ജീവിച്ചിരുന്നതിനാല്‍, ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷവും തന്നെ ക്രൂശിച്ചവരുടെ മുമ്പില്‍ തന്നെത്തന്നെ ന്യായീകരിക്കുവാന്‍ യേശു ഒട്ടുംതന്നെ താല്‍പര്യപ്പെട്ടില്ല.
ലോകത്തിന്റെയും യെഹൂദനേതാക്കളുടെയും ദൃഷ്ടിയില്‍ യേശുവിന്റെ ശുശ്രൂഷ തികച്ചും പരാജയമായിരുന്നു. യേശു ദേഹീപരനായിരുന്നെങ്കില്‍, തന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുശേഷം തന്നെത്തന്നെ ആ നേതാക്കളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനും, അവരെ ലജ്ജിപ്പിക്കുവാനും, സ്വയം ന്യായീകരിക്കുവാനും വാഞ്ഛിക്കുമായിരുന്നു. പക്ഷേ അവിടുന്ന് അതൊന്നും ചെയ്തില്ല. ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം തന്നില്‍ വിശ്വസിച്ചിരുന്നവരുടെ മുമ്പില്‍ മാത്രമേ അവിടുന്നു സ്വയം വെളിപ്പെടുത്തിയുള്ളു.
യേശുവിനെ ന്യായീകരിക്കുവാനുള്ള പിതാവിന്റെ സമയം സമാഗതമായിരുന്നില്ല. എന്നാല്‍ അതിനായി കാത്തിരിക്കുവാന്‍ യേശു തയ്യാറായിരുന്നു. ഇന്നും അതിനു സമയമായിട്ടില്ല.
ലോകം ഇപ്പോഴും യേശുവിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഭൂരിഭാഗം മനുഷ്യരും അവിടുത്തെ ജീവിതം ഒരു പരാജയമായിരുന്നുവെന്നാണു കരുതുന്നത്. അവിടുത്തെ മനുഷ്യജീവിതം ആരംഭിക്കുന്നതു കന്നുകാലികളുടെ പുല്‍ത്തൊട്ടിയുടെ അപമാനത്തിലായിരുന്നു. ജീവിതം അവസാനിച്ചതാകട്ടെ, ഏറ്റവും നീചരായ രണ്ടു കുറ്റവാളികളുടെ മധ്യത്തില്‍ ക്രൂശിലെ അത്യന്തം നിന്ദ്യമായ മരണത്തി ലും. അപ്രകാരമായിരുന്നു ലോകം യേശുവിനെ അവസാനമായി കണ്ടത്.
പിതാവു മഹത്വപ്പെടുമെന്നുണ്ടെങ്കില്‍ ആയതിനുവേണ്ടി മനുഷ്യരുടെ മുമ്പില്‍ താന്‍ ഒരു പരാജയമായി കാണപ്പെടുവാനും യേശു തയ്യാറായിരുന്നു. അവിടുന്നു ജീവിച്ചതും ശുശ്രൂഷ ചെയ്തതും മനുഷ്യന്റെ പ്രശംസയ്ക്കു വേണ്ടിയായിരുന്നില്ല. അതുകൊണ്ട് ഒരുദിവസം പിതാവു തന്നെ വലിയ മഹത്വത്തോടും, ബഹുമതിയോടുംകൂടെ പരസ്യമായി ന്യായീകരിക്കും. ആ ദിവസം എല്ലാ മുഴങ്കാലും മടങ്ങുകയും, എല്ലാ നാവും യേശുക്രിസ്തു കര്‍ത്താവെന്ന് ഏറ്റുപറയുകയും ചെയ്യും. എന്നാല്‍ അതുപോലും പിതാവായ ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയായിരിക്കും (ഫിലി. 2:11).
അതുകൊണ്ടു നാം നമ്മോടുതന്നെ ചോദിക്കേണ്ട മൂന്നാമത്തെ ചോദ്യം ഇതാണ്:
”ഞാന്‍ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ മഹത്വത്തിനായി മാത്രമാണോ?”
അധ്യായം 9 : ക്രിസ്തുവിന്റെ കാന്ത
തിരുവെഴുത്തിന്റെ സമാപന പേജുകളില്‍ നിന്നു പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ അന്ത്യഫലം ക്രിസ്തുവിന്റെ കാന്തയാണെന്നു നാം കാണുന്നു. പിശാചിന്റെ കപട പ്രവര്‍ത്തനത്തിന്റെ അന്ത്യഫലമായ വേശ്യാസഭയെയും നാം അവിടെ കാണുന്നു.
യോഹന്നാന്‍ പറയുന്നു: ”പുതിയ യെരൂശലേമെന്ന വിശുദ്ധനഗരം…. ഒരു മണവാട്ടിയെപ്പോലെ…. ദൈവസന്നിധിയില്‍നിന്ന് ഇറങ്ങുന്നതു ഞാന്‍ കണ്ടു. അതു ദൈവതേജസ്സുള്ളതായി, ഏറ്റവും വിലയേറിയ രത്‌നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു” (വെളി. 21:2,10,11 ലിവിംഗ്).
എന്നാല്‍ ക്രിസ്തുവിന്റെ മണവാട്ടിയുടെ മഹത്തേറിയ ഈ ദര്‍ശനം കാണുന്നതിനുമുമ്പേ യോഹന്നാന്‍ കണ്ടതു ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുകയും, യഥാര്‍ത്ഥത്തില്‍ ലോകത്തെ സ്‌നേഹിക്കുകയും ചെയ്തിരുന്ന ആത്മീയവ്യഭിചാരിണിയെ – വേശ്യയെ – ആയിരുന്നു (യാക്കോ. 4:4). ഇതു ദൈവഭക്തിയുടെ വേഷമുള്ളതും (ശരിയായ ഉപദേശം), എന്നാല്‍ അതിന്റെ ശക്തി (ദൈവികസ്വഭാവം) ഇല്ലാത്തതുമായ വ്യാജമായിട്ടുള്ള ക്രിസ്തീയമതമത്രേ (2 തിമോ. 3:5).
യോഹന്നാന്‍ പറയുകയാണ്: ”ഞാന്‍ ഒരു സ്ത്രീയെ കണ്ടു….. മഹതിയാം ബാബിലോണ്‍, വേശ്യമാരുടെ മാതാവ്…. ഉറക്കെ വിളിച്ചുപറഞ്ഞുകേട്ടത്, ‘മഹതിയാം ബാബിലോണ്‍ വീണുപോയി’ …. അവളുടെ ദഹനത്തിന്റെ പുക ഉയരുന്നതു കാണുക …. അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു” (വെളി. 17:3,5; 18:2,9; 19:3).
ഇവ തമ്മിലുള്ള അന്തരം ശ്രദ്ധേയമാണ്. ന്യായവിധിയുടെ അഗ്നിയിലൂടെ കടന്നുവരുന്ന മണവാട്ടി ഏറ്റവും വിലയേറിയ രത്‌നംപോലെ തിളങ്ങുമ്പോള്‍ വേശ്യയാകട്ടെ, മുഴുവനായി ചാമ്പലായിത്തീരുകയും അവളുടെ പുക ആകാശത്തോളം ഉയരുകയും ചെയ്യുന്നു. അവള്‍ കേവലം നശ്വരമായ വസ്തുക്കളാലായിരുന്നു പണിയപ്പെട്ടിരുന്നത്.
മണവാട്ടിയാകുന്ന യെരൂശലേം, വേശ്യയാകുന്ന ബാബിലോണ്‍ – ഇവ വ്യത്യസ്തങ്ങളായ രണ്ടു വ്യവസ്ഥകളെക്കുറിക്കുന്നു. ആദ്യത്തേതു ദൈവത്തില്‍ നിന്നുള്ളതും മറ്റേതു ‘ഭൗമികവും, ദേഹീപരവും, പൈശാചി കവും’ അത്രേ (യാക്കോ. 3:15 മാര്‍ജ്ജിന്‍).
ആദ്യമായി നമുക്കു ബാബിലോണിനെ നോക്കാം.
ബാബേല്‍ ഗോപുരത്തില്‍നിന്നായിരുന്നു ബാബിലോണ്‍ ഉദ്ഭവിച്ചത്. അതു മനുഷ്യന്റെ പദ്ധതിയനുസരിച്ചും, മനുഷ്യന്റെ ശക്തിയാലും, മനുഷ്യന്റെ മഹത്വത്തിനായും പണിയപ്പെട്ടതായിരുന്നു.
”അവര്‍ അന്യോന്യം സംസാരിച്ചു” (മനുഷ്യനില്‍നിന്ന്), ”നമുക്കുവേണ്ടി തന്നെ ഒരു നഗരം നമുക്കു പണിയാം” (മനുഷ്യനാല്‍), ”നമുക്കായി ഒരു പേരുണ്ടാക്കാം” (മനുഷ്യനുവേണ്ടി) (ഉല്‍പ. 11:3,4).
വര്‍ഷങ്ങള്‍ക്കുശേഷം നെബൂഖദ്‌നേസര്‍ രാജാവു താന്‍ സ്ഥാപിച്ച ലോക സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ബാബിലോണ്‍ എന്ന മഹാനഗരം പണിതശേഷം ആ നഗരത്തിനു ചുറ്റും നോക്കിക്കൊണ്ട് അപ്രകാരം തന്നെ പറഞ്ഞു: ”ഇതു ഞാന്‍ പണിത മഹതിയാം ബാബിലോണ്‍ അല്ലയോ? (മനുഷ്യനില്‍നിന്ന്), എന്റെ ധനമാഹാത്മ്യത്താല്‍ (മനുഷ്യനാല്‍), എന്റെ പ്രതാപമഹത്വത്തിനായി (മനുഷ്യനു വേണ്ടി) ….” (ദാനി. 4:30).
മാനുഷിക ജ്ഞാനത്താലും, ശക്തിയാലും, മനുഷ്യന്റെ മഹത്വത്തി നായും ചെയ്യപ്പെടുന്ന എല്ലാറ്റിന്റേയും അന്ത്യം ദൈവത്തിന്റെ ശിക്ഷാവിധി യായിരിക്കും. ക്രിസ്തീയ പ്രവര്‍ത്തനമെന്ന പേരുണ്ടെങ്കിലും മനുഷ്യന്റെ ദേഹീപര ശക്തിയാല്‍ ചെയ്യപ്പെടുന്നവയെല്ലാം നശിച്ചുപോകും.
”ബാബിലോണിന്റെ വീതിയുള്ള മതിലുകള്‍ നിലത്തോളം നിരപ്പാക്ക പ്പെടുകയും, അവളുടെ ഉയര്‍ന്ന വാതിലുകള്‍ എരിഞ്ഞുപോകുകയും ചെയ്യും; അനേക രാജ്യങ്ങളില്‍നിന്നുള്ള പണിക്കാര്‍ (ക്രിസ്തീയപ്രവര്‍ത്തകര്‍?) വൃഥാ വേലചെയ്തു. അവരുടെ പണിയെല്ലാം അഗ്നിയില്‍ വെന്തുപോകും” (യിരെ. 51:8 ലിവിംഗ്).
നേരേമറിച്ചു യെരൂശലേം ദൈവത്തിന്റെ നഗരമാകുന്നു (എബ്രാ. 12:22). പഴയനിയമകാലത്ത് ഇവിടെയായിരുന്നു ദൈവത്തിന്റെ ആലയം. ദൈവത്തിന്റെ വാസസ്ഥലമായ യെരൂശലേമിന്റെ ഉല്‍പത്തി മോശ നിര്‍മ്മിച്ച തിരുനിവാസത്തിലായിരുന്നു (സമാഗമനകൂടാരം) (പുറ. 25:8).
ദൈവത്തിന്റെ പ്ലാന്‍പ്രകാരം തന്നെയായിരുന്നു തിരുനിവാസം പണിയപ്പെട്ടത്:
”യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും” (പുറ. 40:16) (ദൈവ ത്തില്‍നിന്ന്).
ദൈവശക്തിപ്രാപിച്ച മനുഷ്യരായിരുന്നു അതു പണിതത്.
”ബെസലേലിനെ …. ഞാന്‍ ദിവ്യാത്മാവാല്‍ നിറച്ചിരിക്കുന്നു” (പുറ. 31:1-5) (ദൈവത്താല്‍).
ദൈവമഹത്വത്തിനായിട്ടായിരുന്നു അതു പണിയപ്പെട്ടത്.
”യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറച്ചു” (പുറ. 40:34) ദൈവ ത്തിനുവേണ്ടി).
ദൈവത്തില്‍നിന്ന് ഉദ്ഭവിക്കുകയും, ദൈവിക ശക്തിയാല്‍ ദൈവമഹത്വ ത്തിനായി നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നവ മാത്രമേ എന്നെന്നേക്കും നിലനില്‍ക്കുകയുള്ളു. പൊന്നും, വെള്ളിയും, രത്‌നങ്ങളും ഉപയോഗിച്ചു പണിയപ്പെടുന്നതിനാല്‍ തീയിലൂടെ കടന്നുവരുമ്പോള്‍ അതൊരു രത്‌നംപോലെ തിളങ്ങും.
തിരുവെഴുത്തിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകളെ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ നാം കാണുന്നത്, ജീവന്റെ വൃക്ഷവും നന്മതിന്മകളുടെ അറിവിന്റെ വൃക്ഷവും കാലാന്ത്യത്തില്‍ രണ്ടുതരം വ്യവസ്ഥകളെ – യെരൂശലേമിനെയും ബാബിലോണിനെയും – ഉദ്പാദിപ്പിച്ചി രിക്കുന്നു എന്നാണ്.
യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവില്‍നിന്ന് – ദൈവത്തില്‍നിന്നും, ദൈവ ത്താലും, ദൈവത്തിനായും – ജനിച്ചിട്ടുള്ളത് എന്നെന്നേക്കും നിലനില്‍ക്കുന്നു. എന്നാല്‍ ജഡത്തില്‍നിന്ന് – മനുഷ്യനില്‍നിന്നും, മനുഷ്യനാലും, മനുഷ്യനായും – ജനിച്ചിട്ടുള്ളത് നശിച്ചുപോകുന്നു.
ഇന്നു നാം ഉല്‍പത്തിപ്പുസ്തകത്തിന്റെയും വെളിപ്പാടു പുസ്തകത്തിന്റെ യും പേജുകള്‍ക്കിടയിലാണു ജീവിക്കുന്നത്. നാം ഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഈ രണ്ടു വ്യവസ്ഥകളിലൊന്നില്‍ നാമും ചേര്‍ന്നുപോകുന്നുണ്ട്. ഒന്നു ദൈവത്തെയും മറ്റേതു മനുഷ്യനെയും ഉയര്‍ത്തുവാനും മഹത്വ പ്പെടുത്തുവാനും നിശ്ചയിച്ചിട്ടുള്ളത്; ഒന്നു ക്രിസ്തുവിനെയും മറ്റേതു ആദാമിനെയും പിന്‍തുടരുന്നത്; ഒന്നു പരിശുദ്ധാത്മാവിലും മറ്റേതു ജഡത്തിലും പ്രാണനിലും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
യേശുവും ആദാമും ഇരുവരും ദൈവശബ്ദം കേട്ടു – ഒരാള്‍ അനുസരിച്ചു, മറ്റേയാള്‍ അനുസരിച്ചില്ല എന്നതു മാത്രമായിരുന്നു വ്യത്യാസം. തന്റെ ശബ്ദം കേള്‍ക്കുന്നവരും അവ്വണ്ണം തന്നെയായിരിക്കുമെന്നു യേശു പറഞ്ഞു. ഒരാള്‍ അനുസരിക്കുകയും നിത്യതയിലും ഇളകിപ്പോകാത്തവിധം പാറമേല്‍ പണിയുകയും ചെയ്യുന്നു: മറ്റേയാള്‍ കേള്‍ക്കുന്നെങ്കിലും അനുസരിക്കാതെ ഒടുവില്‍ നശിച്ചുപോകുമാറ് മണലിന്മേല്‍ പണിയുന്നു (മത്താ. 7:24-27).
യേശു ചിത്രീകരിച്ച ഈ രണ്ടു വീടുകള്‍ യെരൂശലേമും ബാബിലോണും ആകുന്നു.
വാസ്തവമായും വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടു പുതിയ ഉടമ്പടിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ ഇന്നുണ്ട്. അവര്‍ യേശുവിന്റെ രക്തത്താല്‍ മുദ്രയടിക്കപ്പെട്ടവരും ദൈവഹിതം അനുസരിച്ചുകൊണ്ട് (പ്രത്യേകിച്ചും മത്താ. 5-7 അധ്യായങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നതുപോലെ) യേശുവിനെ അനുഗമിക്കുന്നവരുമത്രേ. അവര്‍ പാറമേല്‍ പണിയുന്നവരും യെരൂശലേമില്‍ പങ്കുള്ളവരും ആകുന്നു. ഇക്കൂട്ടത്തില്‍ താനും ഉള്‍പ്പെടുമോ എന്ന് ഒരുവന് അറിയണമെങ്കില്‍ മത്താ. 5-7 വായിച്ചുനോക്കിയാല്‍ മാത്രം മതി.
അതുപോലെതന്നെ മറ്റൊരു കൂട്ടര്‍ (ഇവരാണു ഭൂരിപക്ഷം) മത്താ. 5-7 അധ്യായങ്ങളില്‍ യേശു പ്രസ്താവിച്ചതു കേട്ടിട്ടും നീതീകരണം, വിശ്വാസം, കൃപ എന്നിവയെക്കുറിച്ചു തെറ്റായി ഗ്രഹിക്കുകയും, തല്‍ഫലമായി വ്യാജമായ ഒരു സുരക്ഷിതത്വ ബോധത്തില്‍ കഴിയുകയും ചെയ്യുന്നു. ഇവര്‍ യേശുവിന്റെ വാക്കുകള്‍ അനുസരിക്കുവാന്‍ കൂട്ടാക്കാതെ മണലിന്മേല്‍ – ബാബിലോണ്‍ – പണിയുകയും ഒടുവില്‍ എന്നെന്നേക്കുമായി നശിച്ചുപോകുകയും ചെയ്യുന്നു.
ഇവരുടെ സ്വന്തദൃഷ്ടിയില്‍ തങ്ങള്‍ ‘ക്രിസ്ത്യാനി’കളാണ്. മണലിന്മേല്‍ വീടു പണിത മനുഷ്യനും തന്റെ ശബ്ദം കേട്ട ഒരാളാണെന്നാണ് യേശു പറഞ്ഞത്. അതിനാല്‍ അയാള്‍ ബൈബിള്‍ വായിക്കുകയും, ആരാധനയ്ക്കു പോകുകയും ചെയ്യുന്നവനാണ്, ദൈവത്തെ അറിയാത്തവനല്ല. അനുസരി ച്ചില്ല എന്നതുമാത്രമായിരുന്നു അയാളുടെ ന്യൂനത. തന്നിമിത്തം യേശുവിനെ അനുസരിക്കുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നിത്യരക്ഷയ്ക്കു പങ്കാളിയായിത്തീരുവാന്‍ അയാള്‍ക്കു കഴിഞ്ഞതുമില്ല (എബ്രാ. 5:9). അയാളുടെ വിശ്വാസം യഥാര്‍ത്ഥമായ ഒന്നായിരുന്നില്ല. എന്തെന്നാല്‍ അതിനെ പൂര്‍ണ്ണമാക്കുന്നതിനുള്ള അനുസരണ പ്രവൃത്തികള്‍ അതിനില്ലാ യിരുന്നു (യാക്കോ. 2:22,26).
ആദാമിന്റെ നേതൃത്വത്തിന്‍ കീഴിലുള്ളവര്‍ ദൈവത്തിന്റെ വെളിപ്പെടു ത്തപ്പെട്ട ഹിതം അനുസരിക്കാതെ തങ്ങളുടെ നേതാവിനെ പിന്‍തുടരുന്നു. ‘ക്രിസ്തുവിനെ സ്വീകരിച്ചിട്ടുള്ളതിനാല്‍ നിങ്ങള്‍ മരിക്കുകയില്ല’ എന്നു സാത്താന്‍ അവരെ വിശ്വസിപ്പിച്ചിട്ടുണ്ട് (ഉല്‍പ. 3:4). അതിനാല്‍ വ്യാജമായ സുരക്ഷിതത്വബോധത്തോടെ അവര്‍ ബാബിലോണില്‍ വസിക്കുന്നു.
അതുപോലെതന്നെ, ക്രിസ്തുവിന്റെ നേതൃത്വം സ്വീകരിക്കുന്നവരുടെ അടയാളം അവര്‍ ‘യേശു നടന്നതുപോലെ’ ദൈവഹിതം അനുസരിച്ചുകൊണ്ടു നടക്കുന്നു എന്നതാണ് (1 യോഹ. 2:6). അവരാണു ക്രിസ്തുവിന്റെ സഹോദരന്മാരും സഹോദരിമാരും. അവര്‍ യെരൂശലേമിന്റെ ഒരു ഭാഗമാണ്.
മത്താ. 5-7 അധ്യായങ്ങളുടെ ഒടുവിലായി യേശു പറഞ്ഞ ഉപമയില്‍ ശ്രദ്ധേയമായ കാര്യം, ബുദ്ധിയുള്ള മനുഷ്യന്റെ വീടും, ബുദ്ധിയില്ലാത്ത മനുഷ്യന്റെ വീടും അല്‍പകാലത്തേക്ക് – പ്രളയം വരുന്നതുവരെ – ഒരുപോലെ നിലനിന്നു എന്നതാണ്. അതുപോലെയാണു ബാബിലോണും യെരൂശലേമും ഇന്നും നിലനില്‍ക്കുന്നത്. ബുദ്ധിയില്ലാത്ത മനുഷ്യന്‍ വീടിന്റെ ബാഹ്യരൂപത്തെക്കുറിച്ചു മാത്രം ശ്രദ്ധിച്ചപ്പോള്‍ (മനുഷ്യന്റെ മുമ്പാകെയുള്ള സാക്ഷ്യം) ബുദ്ധിയുള്ള മനുഷ്യനാകട്ടെ, അടിസ്ഥാനത്തെക്കുറിച്ചായിരുന്നു (ദൈവമുമ്പാകെ ഹൃദയത്തിലുള്ള രഹസ്യജീവിതം) പ്രധാനമായി ചിന്തിച്ചത്.
എന്നാല്‍ മഴയും പ്രളയവും വന്നപ്പോള്‍ (ദൈവത്തിന്റെ ന്യായവിധി) അടിസ്ഥാനമായിരുന്നു ആദ്യമായി പരിശോധിക്കപ്പെട്ടത്.
”ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാന്‍ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കില്‍ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?” (1 പത്രോ. 4:17,18).
”എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യ ത്തില്‍കടക്കുന്നത്. ‘കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും, നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും, നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോടു: ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല. (പാപം ചെയ്യുന്നവന്‍ ആരും അവനെ അറിഞ്ഞിട്ടി ല്ല – 1 യോഹ. 3:6). അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ (ദൈവത്തെ അനുസരിക്കാതെയിരിക്കുന്നവര്‍), എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും” (മത്താ. 7:21-23).
തങ്ങളുടെ മനസ്സില്‍ ക്രിസ്ത്യാനികളായിരിക്കുന്നവരും (യേശുവിനെ കര്‍ത്താവെന്നു വിളിക്കുന്നവര്‍), വികാരങ്ങളില്‍ ക്രിസ്ത്യാനികളായിരി ക്കുന്നവരും (യേശുവിനെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവര്‍) അവിടെയും ഇവിടെയും ധാരാളം ഉണ്ടായിരിക്കുമെങ്കിലും, ദൈവഹിതം തങ്ങളുടെ ജീവിതത്തില്‍ ചെയ്‌വാനായി സ്വന്തം ഇച്ഛയെ അവര്‍ സമര്‍പ്പിക്കുന്നില്ല എന്ന് ഇവിടെ ശ്രദ്ധിക്കുക. താന്‍ അറിയാത്തവരായി കര്‍ത്താവ് അവരെ തള്ളിക്കളയുന്നു.
യെരൂശലേമിന്റെ വ്യക്തവും പ്രകടവുമായ ലക്ഷണം വിശുദ്ധിയാണ്. ‘വിശുദ്ധനഗരം’ എന്നാണ് അതു വിളിക്കപ്പെടുന്നത് (വെളി. 21:2). എന്നാല്‍ ബാബിലോണിന്റെ പ്രത്യക്ഷമായ ലക്ഷണം അതിന്റെ പ്രതാപമാണ്. ‘മഹാനഗരം’ എന്നാണ് അതിന്റെ പേര്‍ (വെളി. 18:10). വെളിപ്പാടു പുസ്തകത്തില്‍ പതിനൊന്നു പ്രാവശ്യം അതിനെ ‘മഹതി’ എന്നു വിളിച്ചിരിക്കുന്നു.
ദൈവത്തെ അനുസരിച്ചുകൊണ്ടു യഥാര്‍ത്ഥ വിശുദ്ധിയില്‍ ജീവിക്കുകയും, വിശ്വാസത്താല്‍ കൃപ ലഭിച്ചിട്ടു ക്രിസ്തുവിന്റെ സ്വഭാവത്തിനു പങ്കാളികളായിത്തീരുകയും ചെയ്യുന്നവര്‍ യെരൂശലേമിന്റെ ഭാഗമായി പണിയപ്പെടുന്നു. എന്നാല്‍ ഈ ഭൂമിയിലുള്ള മഹത്വം (മനുഷ്യന്റെ സാക്ഷ്യവും ബഹുമാനവും) അന്വേഷിക്കുന്നവരാകട്ടെ, ബാബിലോണിന്റെ ഭാഗമായും പണിയപ്പെടുന്നു.
കഴിഞ്ഞ പത്തൊന്‍പതു നൂറ്റാണ്ടുകളായി ദൈവജനത്തോടുള്ള ദൈവിക സന്ദേശം ഇതായിരുന്നു: ”എന്റെ ജനമേ, അവളെ (ബാബിലോണ്‍) വിട്ടു പുറത്തു വരിക. അവളുടെ പാപങ്ങളില്‍ പങ്കാളികളാകരുത്. അല്ലാത്തപക്ഷം അവളോടു കൂടെ നിങ്ങളും ശിക്ഷിക്കപ്പെടും” (വെളി. 18:4 ലിവിംഗ്).
ഈ യുഗത്തിന്റെ അന്ത്യത്തിലേക്കു നാം അടുത്തുവരുന്തോറും ഈ വിളി കൂടുതല്‍ പ്രസക്തവും പ്രാധാന്യമുള്ളതുമായിത്തീരുന്നു. ദൈവജനം ദൈവത്തി ന്റെ വ്യക്തമായ ഈ വിളി കേള്‍ക്കുന്നില്ലെങ്കില്‍ ബാബിലോണിന്റെ കൂടെ ഇടകലര്‍ന്നിട്ട് അവളുടെ ശിക്ഷയ്ക്ക് ഓഹരിക്കാരാകുവാന്‍ സാധ്യതയുണ്ട് എന്നതു തികച്ചും നിര്‍ഭാഗ്യകരമാണ്. സുവിശേഷവിഹിതമായ ഉപദേശങ്ങള്‍ മുറുകെപ്പിടിക്കുകയും, ‘ക്രിസ്തുവിനായി തീരുമാനമെടുക്കു കയും’ ചെയ്തശേഷവും ശരിയായ ഉപദേശമനുസരിച്ചു ജീവിക്കുന്നില്ലെങ്കില്‍, അഥവാ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്ന് ഉളവാകുന്ന അനുസരണ പ്രവൃത്തികള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍, ആ ദിവസത്തില്‍ ഇവയൊന്നും ആര്‍ക്കും പ്രയോജനപ്പെടുകയില്ല.
തന്റെ സ്വരൂപത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍ ദിവ്യസ്വഭാവത്തിനു പങ്കാളിയാകണമെന്നും തന്റെ മഹത്വം പ്രകടിപ്പിക്കണ മെന്നും അവിടുന്ന് എത്ര തീവ്രമായി ആഗ്രഹിച്ചിരുന്നു!
എന്നാല്‍ മനുഷ്യന്‍ വീണുപോയപ്പോള്‍ ദൈവത്തിന്റെ ഉദ്ദേശ്യ നിര്‍വഹണത്തിലേക്ക് അവനെ വീണ്ടും കൊണ്ടുവരുന്നതിനുള്ള വഴി ഒരുക്കുവാനായി വളരെ വലിയ ഒരു വില നല്‍കുവാനും അവിടുന്ന് ഒരുക്കമുള്ളവനായിരുന്നു. അവിടുന്നു തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും, പാപപരിഹാരബലിയായും അയയ്ക്കുകയും, പാപത്തിനു ജഡത്തില്‍ ശിക്ഷവിധിക്കുകയും ചെയ്തു (റോമര്‍ 8:3).
മനുഷ്യനെ വീണ്ടെടുക്കുകയും, രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഈ പ്രവൃത്തിയില്‍ പിതാവും, പുത്രനും, പരിശുദ്ധാത്മാവും ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അനേകം സ്ത്രീപുരുഷന്മാരും തങ്ങളുടെ ഭോഷത്തം നിമിത്തം ദൈവത്തിനു ചെവികൊടുക്കുന്നില്ലെങ്കിലും, ചെറിയൊരു ശേഷിപ്പില്‍ (ജീവനിലേക്കുള്ള ഇടുങ്ങിയ വഴി കണ്ടെത്തുന്ന ചുരുക്കം ചിലര്‍) ദൈവോദ്ദേശ്യം നിവൃത്തിയാകും. അവര്‍ യേശുവിനെപ്പോലെ ദൈവത്തിനു കീഴടങ്ങുകയും, അവരിലൂടെ ദൈവത്തിന്റെ തേജസ്സ് ഇക്കാലത്തുമാത്രമല്ല, നിത്യതയുടെ യുഗങ്ങളിലുടനീളം പ്രസരിക്കുകയും ചെയ്യും. ക്രിസ്തുവിലൂടെ അവര്‍ പങ്കിട്ടനുഭവിച്ച ദൈവത്തിന്റെ അളവറ്റ കൃപയുടെ മഹിമാധനം എന്താണെന്ന് അവരിലൂടെ ദൈവം അന്നു വെളിപ്പെടുത്തുകയും ചെയ്യും.
സര്‍വമഹത്വവും ഇപ്പോഴും, എന്നെന്നേക്കും അവിടുത്തേക്കുതന്നെ ആയിരിക്കട്ടെ.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
You must be logged in to post a comment.