ദൈവത്തിന്റെ വക്താവാകുവാനുള്ള മൂന്നു വ്യവസ്ഥകള്‍ – WFTW 24 മാര്‍ച്ച്‌ 2013

സാക് പുന്നന്‍

   Read PDF version

യിരമ്യാവ് 15:16  മുതല്‍ 21 വരെയുള്ള വാക്യങ്ങളില്‍ ദൈവത്തിന്റെ വക്താവാകുന്നതിനുള്ള മൂന്നു വ്യവസ്ഥകള്‍ നാം കാണുന്നു.

ഒന്നാമതായി : ‘ഞാന്‍ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ സന്തോഷവും, എന്റെ ഹൃദയത്തിന്റെ പ്രമോദവുമായി തീര്‍ന്നു’ (യിരെ:15:16). ദൈവവചനം നിങ്ങളുടെ ഹൃദയത്തിന്റെ സന്തോഷവും, ആനന്ദവും ആയിരിക്കണം. ഒരു വ്യവസായി പണം സമ്പാദിക്കുന്നതില്‍ എത്രമാത്രം സന്തോഷിക്കുമോ അതുപോലെ ആയിരിക്കണം  ദൈവവചനത്തിലുള്ള നിങ്ങളുടെ സന്തോഷം. ദൈവവചനം ആഴത്തില്‍ അറിയാന്‍ ശ്രമിക്കാതെയും, ദൈവവചനം അവരുടെ ഹൃദയത്തിന്റെ സന്തോഷവും പ്രമോദവും ആകാതിരിക്കുകയും ചെയ്യുന്ന അനേകര്‍ ഇന്ന് പ്രസംഗകരാകാന്‍ ആഗ്രഹിക്കുന്നു.

രണ്ടാമതായി: ‘പരിഹാസികളുടെ സഭയില്‍ ഞാന്‍ ഇരിക്കുകയോ,സന്തോഷിക്കുകയോ ഞാന്‍ ചെയ്തിട്ടില്ല’ (യിരെ. 15:17). യഹൂദയിലെ മറ്റു ജനങ്ങള്‍ വിരുന്നുകള്‍ നടത്തി സന്തോഷിച്ചുല്ലസിച്ചപ്പോള്‍ യിരെമ്യാവ് മാത്രം ഒറ്റയ്ക്ക് ദൈവത്തോട് കൂടെയിരുന്നു. ഈ ലോകത്തിലെ പരിഹാസികളില്‍ നിന്ന് വിട്ടു നില്‍ക്കുവാനുള്ള അച്ചടക്കം നിങ്ങള്‍ക്കില്ലെങ്കില്‍ ദൈവത്തിന്റെ വക്താവാകുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. തമാശകളും ശുദ്ധഹാസ്യവും തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ പല ക്രിസ്ത്യാനികള്‍ക്കും ഈ കാര്യങ്ങളില്‍ എവിടെ നിര്‍ത്തണമെന്ന് അറയില്ല. അവര്‍ എപ്പോഴും തമാശക്കാരായിട്ടിരിക്കുന്നു. അത്തരം ആളുകളോടുകൂടി താന്‍ സമയം  ചെലവഴിക്കുന്നില്ല  എന്ന കാര്യം യിരെമ്യാവ് ഉറപ്പാക്കിയിരുന്നു.

മൂന്നാമതായി: വാക്യം 18 ല്‍ യിരെമ്യാവ് ദൈവത്തോട് ഒരു പരാതി പറയുന്നു; ‘ദൈവമേ എന്നെ തള്ളിക്കളഞ്ഞതെന്ത്? അങ്ങ് എനിക്ക് വഞ്ചിക്കുന്ന ഉറവും വറ്റിപ്പോകുന്ന തോടും പോലെയായിരിക്കുന്നു. വെള്ളമുണ്ടെന്നു കരുതി ഞാന്‍ ഉറവയിലേക്കുവന്നു, എന്നാല്‍ അവിടെ വെള്ളമില്ലായിരുന്നു. അവിടുന്ന് എന്നെ തള്ളിക്കളഞ്ഞു’. ദൈവം പറഞ്ഞു; ‘അത്തരം കാര്യങ്ങള്‍ ഒരിക്കലും എന്നോട് പറയരുത്’. അവിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിച്ചതിന് ദൈവം യിരെമ്യാവിനെ ശാസിച്ചു (യിരെ. 15:19). ദൈവം ഒരിക്കലും നമ്മെ തള്ളിക്കളയുന്നില്ല. അവിടുന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത ഒരു ഉറവപോലെയല്ല. യിരെമ്യാവ് തന്റെ സാഹചര്യങ്ങളെയും തന്റെ തോന്നലുകളേയും ആണ് ആശ്രയിച്ചത്. ദൈവം അവനോട് പറഞ്ഞു; ‘നീ എന്റെ അടുക്കലേക്കു മടങ്ങി വന്ന് വ്യര്‍ത്ഥ വാക്കുകള്‍ സംസാരിക്കുന്ന (ഇപ്പോള്‍ പറഞ്ഞതുപോലുള്ള പ്രയോജനമില്ലാത്ത അവിശ്വാസത്തിന്റെ വാക്കുകള്‍) സ്വഭാവം വിട്ടുകളയുകയും ഉല്‍കൃഷ്ടമായത് മാത്രമേ സംസാരിക്കുകയുള്ളൂവെന്ന് (വിശ്വാസത്തിന്റെയും നന്മയുടെയും വാക്കുകള്‍) ഉറപ്പാക്കുകയും ചെയ്താല്‍ നീ എന്റെ വക്താവായിത്തീരും’.

നിങ്ങളില്‍ എത്ര പേര്‍ക്ക് ദൈവത്തിന്റെ വക്താവാകുവാന്‍ ആഗ്രഹമുണ്ട്? നിങ്ങള്‍ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ജ്ജീവമായൊരു പ്രസംഗം നടത്തുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ദൈവത്തിന്റെ വക്താവാകുന്നതിനെക്കുച്ചാണ്. അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പ്രയോജനമില്ലാത്ത കൂട്ടുകെട്ടുകളില്‍ സമയം ചെലവഴിക്കാതെ ദൈവവചനം ആഴത്തില്‍ പഠിക്കുന്നതിനു സമയം ചെലവഴിക്കുക. അത് നിങ്ങളുടെ പ്രമോദമാകട്ടെ. പ്രയോജനമില്ലാത്ത സംഭാഷണങ്ങള്‍ ഒഴിവാക്കി എപ്പോഴും വിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിക്കുക. നല്ല വാക്കുകള അല്ലാതെ നിങ്ങളുടെ ഒരു സംഭാഷണത്തിലും ഉണ്ടാകരുത്. അപ്പോള്‍ അവിടുന്ന് നിങ്ങളെ അവിടുത്തെ നാവാക്കും. ദൈവത്തിനു പക്ഷാഭേദമില്ല.