ദൈവം നമ്മുടെ ജീവിതത്തില്‍ പലതും അനുവദിക്കുന്നത് നാം അവങ്കലേക്ക്‌ തിരിയുന്നതിന് വേണ്ടിയാണ് – WFTW 30 ഡിസംബര്‍ 2012

സാക് പുന്നന്‍ 

   Read PDF version

ലോകത്തില്‍ ഇത്രമാത്രം ദുഷ്ടതയും നാശനഷ്ടങ്ങളും കഷ്ടതകളും ഉണ്ടാക്കുവാന്‍ സാത്താനെ ദൈവം അനുവദിക്കുന്നതിനുള്ള ഒരു കാരണം, അതിനാല്‍ ആളുകള്‍ ദൈവത്തിങ്കലേയ്ക്കു തിരിയും എന്നുള്ളതാണ്.

ഈ ലോക ജീവിതം രോഗങ്ങളും, കഷ്ടതകളും, ദാരിദ്ര്യവും ഒന്നുമില്ലാതെ വളരെ സുഖപ്രദമായിരുന്നെങ്കില്‍, ആരെങ്കിലും ദൈവത്തെക്കുറിച്ചു ചിന്തിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?.

ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് ദൈവം അനുവദിക്കുന്നതെല്ലാം. മരുഭൂമിയില്‍ യിസ്രായേല്‍ ജനം ദൈവത്തെ മറന്നപ്പോള്‍ അവര്‍ വിഷപ്പാമ്പുകളുടെ കടിയേറ്റു എന്ന് പഴയ നിയമത്തില്‍ നാം വായിക്കുന്നു. ഉടനെ അവര്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞു. ദൈവം അവരെ സൗഖ്യമാക്കി. ആ ജനത്തെ ദൈവത്തിങ്കലേക്കു തിരിക്കുന്നതിനുവേണ്ടി കുറച്ചു വിഷപ്പാമ്പുകള്‍ അവിടെയുണ്ടായിരുന്നു എന്നത് അപ്പോള്‍ ഒരു നല്ല കാര്യമല്ലേ?.

ഒരിക്കല്‍ ദൈവത്തോട് വളരെ അടുത്തുനിന്നിരുന്ന ഒരു വ്യാപാരിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. അവന്‍റെ വ്യാപാരം മെച്ചപ്പെട്ടപ്പോള്‍ അവന്‍ ദൈവത്തില്‍ നിന്നും പതുക്കെ അകന്നു പോയി. സഭയിലെ മൂപ്പന്മാര്‍ അവനെ ദൈവത്തിങ്കലേക്കു മടക്കിക്കൊണ്ടുവരുവാന്‍ പലവട്ടം ശ്രമിച്ചു. എന്നാല്‍ അവന്‍ തന്‍റെ വ്യാപാരത്തില്‍ വല്ലാതെ മുഴുകി പോയിരുന്നതിനാല്‍ അതിനു കഴിഞ്ഞില്ല. ഒരു ദിവസം അയാളുടെ മൂന്നു ആണ്മക്കളില്‍ ഇളയ ആളെ ഒരു വിഷപ്പാമ്പ് കടിച്ചു ഗുരുതരാവസ്ഥയിലായി. ചികിത്സിച്ച വൈദ്യന്മാര്‍ എല്ലാ പ്രതീക്ഷയും വിട്ടു. അപ്പോള്‍ ആ പിതാവ് വളരെ ഉത്കണ്ഠ നിറഞ്ഞവനായി, സഭയിലെ മൂപ്പന്മാരെ തന്‍റെ കുഞ്ഞിനുവേണ്ടി പ്രാര്‍ഥിക്കുവാന്‍ വിളിച്ചു.

ആ മൂപ്പന്‍ വളരെ ജ്ഞാനമുള്ള ആളായിരുന്നു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു, ” ദൈവമേ ഈ കുഞ്ഞിനെ കടിക്കാന്‍ ഒരു പാമ്പിനെ അയച്ചതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. കാരണം, അങ്ങേക്കുറിച്ചു ചിന്തിക്കുന്നതിലേക്ക് ഈ കുടുംബത്തെ നയിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. ആറു വര്‍ഷമായി എനിക്ക് സാധിക്കാതിരുന്നത് ഈ പാമ്പ് ഒരു നിമിഷം കൊണ്ട് ചെയ്തല്ലോ. ഇപ്പോള്‍ അവര്‍ അവരുടെ പാഠം പഠിച്ചിരിക്കുന്നു. ദൈവമേ ഈ കുഞ്ഞിനെ സൗഖ്യമാക്കേണമേ. ഇനിയൊരിക്കലും അങ്ങയെ ഓര്‍ക്കുവാന്‍ കൂടുതല്‍ പാമ്പുകളെ അവര്‍ക്കാവശ്യമായി  വരരുതേ!!”.

ഒരു നാള്‍ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ആകുന്നതുവരെ ദൈവത്തെ കുറിച്ച് ചിന്തിക്കാത്ത ചിലരുണ്ട്. അപ്പോള്‍ അവര്‍ പെട്ടെന്ന് ദൈവത്തെ കുറിച്ച് ചിന്തിച്ച് ക്രിസ്തുവിങ്കലേക്ക് തിരിയുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു.

മാറാരോഗങ്ങളും, അസുഖങ്ങളും, ദാരിദ്ര്യവും, അങ്ങനെ ലോകത്തിലുള്ള എല്ലാ കഷ്ടതകളും ആളുകളെ അവരുടെ പാപത്തില്‍നിന്നും തിരിച്ചു നിത്യമായ സ്വര്‍ഗ്ഗീയ ഭവനത്തില്‍ എത്തിക്കുന്നതിനായി ദൈവം ഉപയോഗിക്കുന്നു. അങ്ങനെയാണ് ദൈവം സാത്താന്‍ കൊണ്ടുവരുന്ന എല്ലാ കാര്യങ്ങളും ഉപയോഗിച്ച് ആളുകളെ നിത്യതയിലേക്ക് നടത്തുന്നത്. അങ്ങനെ ദൈവം സാത്താനെ വീണ്ടും വീണ്ടും വിഡ്ഢിയാക്കുന്നു.

                                (മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)

 

What’s New?