സാക് പുന്നന്‍
Read PDF version
സാത്താനെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു, “അരുണോദയ പുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തു നിന്ന് വീണു!” (യെശ.14:12).
മാലാഖമാരുടെ തലവന്‍ എന്ന നിലയില്‍ ലൂസിഫര്‍ എല്ലായ്പ്പോഴും ദൈവ സന്നിധിയില്‍ തന്നെയായിരുന്നു. പിന്നെ എങ്ങനെ അവന്‍ വീണുപോയി?. അതിന്‍റെ കാരണം അടുത്ത രണ്ടു വാക്യങ്ങളില്‍ കൊടുത്തിട്ടുണ്ട്. “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും, എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്ക് മീതെ വയ്ക്കും; …..ഞാന്‍ മേഘോന്നതങ്ങള്‍ക്ക് മീതെ കയറും, ഞാന്‍ അത്യുന്നതനോട് സമനാകും എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞത്” (യെശ.14:13,14).
ലൂസിഫര്‍ വളരെ വരങ്ങളുള്ളവനും, വളരെ സുന്ദരനും മറ്റു മാലാഖമാരേക്കാള്‍ വളരെയധികം കഴിവുകള്‍ ഉള്ളവനും ആയിരുന്നു. അവന്‍റെ ഹൃദയത്തില്‍ നിഗളം പ്രവേശിക്കുന്നതിന് മുമ്പ് വരെ ദൈവത്തെ ആരാധിക്കുവാന്‍ നേതൃത്വം നല്‍കിയവനാണ്. അപ്പോള്‍ അവന്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി, “ഒരാള്‍ മാത്രമേ എനിക്ക് മുകളിലായിട്ടുള്ളൂ. അത് ദൈവമാണ്. ഞാന്‍ ദൈവത്തെക്കൂടി ഭരിക്കാന്‍ പോവുകയാണ്”.
തീര്‍ത്തും ഭോഷത്തരമായൊരു ചിന്തയാണ് അവന്‍റെ ഹൃദയത്തിലേയ്ക്ക് അപ്പോള്‍ വന്നത്. എങ്ങനെയാണ് അവനു തന്‍റെ സൃഷ്ടാവിനേക്കാള്‍ ഉന്നതിയിലേയ്ക്കു കയറുവാന്‍ കഴിയുക?. എന്നാല്‍ സാത്താന്‍ അങ്ങനെയാണ്. അവന്‍ വലിയ കഴിവുള്ളവനാണെങ്കിലും ഒരു ഭോഷനെപ്പോലെയാണ് പല കാര്യങ്ങളിലും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ആത്മീയമായി നോക്കുമ്പോള്‍ ലോകപ്രകാരം വളരെ സമര്‍ത്ഥരായ പലരും അങ്ങേയറ്റം ഭോഷത്തമായ പലതും ചെയ്യുന്നു. സാത്താനെകുറിച്ചു കൂടുതല്‍ നാം പഠിച്ചുവരുമ്പോള്‍ പല കാര്യങ്ങളിലും അവന്‍ എത്രമാത്രം ഭോഷനാണെന്ന് നാം കാണും. തന്നെ ദൈവം ആക്കിയിടത്ത് സാത്താന്‍ സന്തുഷ്ടനായിരുന്നില്ല. തന്നെ എല്ലാവരും ആരാധിക്കുന്ന ഒരു സ്ഥാനത്തേക്ക് ഉയരുവാന്‍ അവന്‍ ആഗ്രഹിച്ചു. അവന്‍ അങ്ങനെയൊന്നും പരസ്യമായി പറഞ്ഞില്ല. അത്തരമൊരു ചിന്ത അവന്‍റെ ഉള്ളില്‍ ആരംഭിച്ചതെയുള്ളൂ. പതിമൂന്നാം വാക്യത്തില്‍ നാം അങ്ങനെയാണ് വായിക്കുന്നത്. എന്നാല്‍ ദൈവം നമ്മുടെ ഹൃദയങ്ങളെ നോക്കുന്നു. അവിടുന്ന് ലൂസിഫറിന്‍റെ ഹൃദയത്തെ നോക്കി അവന്‍റെ ലക്ഷ്യമെന്താണെന്നു കണ്ടു.
മാലാഖമാരില്‍ ഏറ്റവും ഉന്നതനായവന്‍ പിശാചായി മാറുവാന്‍ പല വര്‍ഷങ്ങളൊന്നും എടുത്തില്ല. ഒരു നിമിഷം മാത്രം. അവന്‍റെ വീഴ്ച പടിപടിയായിട്ടുള്ളതായിരുന്നില്ല. അവന്‍ മിന്നല്‍പോലെ താഴേയ്ക്ക് വീണു, യേശു പറഞ്ഞതുപോലെ ഒരു നിമിഷം കൊണ്ട് (ലൂക്കോ.10:18). ദൈവത്തെപ്പോലെയാകുക എന്ന ചിന്ത മനസ്സിലിട്ടു താലോലിക്കാന്‍ തുടങ്ങിയ ആ നിമിഷം അവന്‍ പിശാചായി മാറി.
ഒരു മാലാഖ പിശാചായി മാറാന്‍ എത്ര സമയം വേണം? ഒരു നിമിഷം മാത്രം മതി. വളരെ നല്ല ഒരു വ്യക്തി പിശാചിനെപ്പോലെയാകുവാന്‍ എത്ര സമയം വേണം? ഒരു നിമിഷം മതി. അത്രേയുള്ളൂ . അത് എപ്പോഴും ഓര്‍ക്കുക.