സുവിശേഷീകരണം ശിഷ്യത്വത്തിലേക്ക് നയിക്കണം – WFTW 2 ഡിസംബര്‍ , 2012

സാക് പുന്നന്‍ 

   Read PDF version

സുവിശേഷീകരണത്തിന്‍റെ (മര്‍ക്കോസ് 16:15 ല്‍ കല്‍പ്പിച്ചിരിക്കുന്നതുപോലെ) ലക്ഷ്യം ശരിക്കറിയണമെങ്കില്‍ ലോകമെമ്പാടും പോയി ആളുകളെ ശിഷ്യന്മാരാക്കുക എന്ന ദൌത്യത്തിന്‍റെ വെളിച്ചത്തില്‍ കാണണം (മത്തായി 28:19,20). മാനസാന്തരപ്പെടാത്തവര്‍ക്കു വേണ്ടിയുള്ള ദൈവത്തിന്‍റെ പൂര്‍ണ പദ്ധതിയിതാണ്.
മാനസാന്തരപ്പെട്ട ഒരാള്‍ ഒരു ശിഷ്യനായി തീരണം. നിര്‍ഭാഗ്യവശാല്‍ ഇന്ന് മാനസാന്തരപ്പെട്ടവര്‍ എന്ന് വിളിക്കപ്പെടുന്ന പലരും യഥാര്‍ത്ഥത്തില്‍ മാനസാന്തരപ്പെട്ടിട്ടില്ല. പലരും ശരിയായ രീതിയില്‍ അനുതപിക്കുക പോലും ചെയ്തിട്ടില്ല. ഏതോ സുവിശേഷ യോഗത്തില്‍ വച്ച് അനുതാപത്തെ കുറിച്ച് ഒരു വാക്കുപോലും പറയാതെ വിശ്വസിക്കുക എന്ന് മാത്രം അവരോടു പറഞ്ഞു. ഇന്നുള്ള പല മാനസാന്തരപ്പെട്ടവരും ക്ഷമയില്ലാത്ത സൂതികര്‍മ്മിണികളാല്‍ (സുവിശേഷകന്മാര്‍’) ഗര്‍ഭപാത്രത്തില്‍ നിന്നും വലിച്ചെടുക്കപ്പെട്ട പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങളാണ്. എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അത്യാഗ്രഹമാണ് അവരെകൊണ്ടിത് ചെയ്യിച്ചത്. ഇത്തരത്തില്‍ പ്രായം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ ഒന്നുകില്‍ മരണമടയും, അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഏതെങ്കിലും പ്രശ്നങ്ങളോടുകൂടിയായിരിക്കും ജീവിക്കുന്നത്. പാപികളുടെ അനുതാപത്തിലാണ് ദൂതന്മാര്‍ സന്തോഷിക്കുന്നത്, അല്ലാതെ കേവലം വിശ്വസിച്ചു എന്നതുകൊണ്ടല്ല (ലൂക്കോസ്.15:7,10).
എന്നാല്‍ എവിടെയെങ്കിലും ഒരുവന്‍ ആഴത്തില്‍ അനുതപിച്ച് മാനസാന്തരപ്പെട്ടാല്‍ അവനെ ശിഷ്യത്വത്തിലേക്ക് നടത്തണം, എങ്കില്‍ മാത്രമേ ദൈവഹിതം നിവര്‍ത്തിയാവുകയുള്ളൂ. ശിഷ്യത്വത്തിലേക്ക് നടത്താത്ത സുവിശേഷീകരണം ഒരു അപൂര്‍ണ പ്രവൃത്തിയാണ്‌..,. പലപ്പോഴും സ്വന്തം സാമ്രാജ്യം പണിയുവാനുള്ള സുവിശേഷകന്‍റെ ആഗ്രഹമാണ്, മാനസാന്തരപ്പെട്ടയാളെ ശിഷ്യത്വത്തിലേക്ക് നടത്തുവാന്‍ കഴിയുന്നവരോടൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും അയാളെ തടയുന്നത്. ആരെയും വിധിക്കുവാന്‍ നമ്മോട് ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍  നാം അത്തരം പ്രസംഗികരെ വിധിക്കുന്നില്ല. എന്നാല്‍ അവരുടെ കൂടെയുള്ള മാനസാന്തരപ്പെട്ടവരെ   ശിഷ്യത്വത്തിലേക്ക് നടത്താന്‍ തടസ്സമായി നിന്നതിനുള്ള ഉത്തരം ദൈവമുമ്പാകെ നല്‍കേണ്ടിവരും.
മര്‍ക്കോസ് 16:5 ല്‍ പറയുന്ന ദൌത്യത്തെ, മത്തായി 28:19,20 വാക്യങ്ങളോട് ചേര്‍ത്ത് നമുക്ക് നോക്കാം.അങ്ങനെ ദൈവഹിതം പൂര്‍ണമായി മനസ്സിലാക്കാന്‍ ശ്രമിക്കാം.
അനുതാപത്തിലേക്കും വിശ്വാസത്തിലേക്കും ആളുകളെ നയിക്കേണ്ടതിന്‍റെ ആദ്യപടി ജലസ്നാനത്തിലേക്കാണ് എത്തേണ്ടത്. (മര്‍ക്കോസ് 16:16 ല്‍ യേശു വ്യക്തമായി പറഞ്ഞിരിക്കുന്നതുപോലെ). മാനസാന്തരപ്പെടാത്ത മെത്രാന്മാരെയും മറ്റും ഭയന്ന് ജലസ്നാനത്തെ കുറിച്ച് പ്രസംഗിക്കാത്ത സുവിശേഷകന്മാര്‍, പെന്തക്കോസ്തു നാളില്‍ പത്രോസ്  പ്രസംഗിച്ചതുപോലെയല്ല പ്രസംഗിക്കുന്നത് (അപ്പോ. പ്രവൃ.2:38).
തുടര്‍ന്ന് മത്തായി 28:19 ല്‍ ശിഷ്യന്മാരാക്കുക എന്നതാണ് ദൈവകല്‍പന. മാനസാന്തരപ്പെട്ട ഈയാളുകള്‍ ദൈവത്തെ അനുഗമിക്കുന്നതില്‍ നിന്ന് തടയുന്ന ബന്ധുജനങ്ങളോടുള്ള  അതിരുകവിഞ്ഞ സ്നേഹത്തില്‍ നിന്നും (ലൂക്കോസ് 14:26), എല്ലാ ഭൌതീക സ്വത്തില്‍ നിന്നും (ലൂക്കോ.14:33), അവരെ വിടുവിക്കുന്നതിലേക്കും തുടര്‍ന്നുള്ള അവരുടെ ജീവിതകാലം മുഴുവന്‍ ദിനംതോറും ക്രൂശ് എടുത്തു നടക്കുന്നതിലേക്കും (ലൂക്കോ.14:27) നയിക്കുന്നതാണ് ഈ കല്‍പന. ഒരു ശിഷ്യനാകുന്നതിനുള്ള  ഏറ്റവും കുറഞ്ഞ മൂന്നു നിബന്ധനകളാണ് ഈ കാര്യങ്ങള്‍.,.
മത്തായി 28:19 ല്‍ ജലസ്നാനത്തിന്‍റെ ആവശ്യകത ആവര്‍ത്തിക്കുന്നുണ്ട്. ദൌത്യം ഏല്‍പ്പിക്കുന്ന രണ്ടു സന്ദര്‍ഭത്തിലും ജലസ്നാനത്തെ കുറിച്ച് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ കാര്യം പറയുവാന്‍ ധൈര്യമുള്ള സുവിശേഷകര്‍ ഇന്ന് കുറവാണ്. അവര്‍ ദൈവത്തേക്കാള്‍ അധികം മനുഷ്യരെ ഭയപ്പെടുന്നു. അതിനാല്‍ ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും പ്രസംഗിച്ച് ദൈവത്തില്‍ നിന്നുള്ള മഹത്വം അന്വേഷിക്കുന്നതിനു പകരം മനുഷ്യരില്‍ നിന്നുള്ള മഹത്വം തേടി എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
മത്തായി 28:20 ല്‍ യേശു കല്‍പ്പിച്ച എല്ലാ കാര്യങ്ങളും ശിഷ്യന്മാരെ പഠിപ്പിക്കണമെന്നു മാത്രമല്ല, എല്ലാ കല്‍പ്പനകളും അനുസരിക്കുവാന്‍ കൂടി പഠിപ്പിക്കണമെന്നാണ് പറയുന്നത്. മത്തായി 5,6,7 അദ്ധ്യായങ്ങളില്‍ യേശു പഠിപ്പിച്ച കല്‍പ്പനകള്‍ കാണുന്നു. എന്നാല്‍ ഇന്നുള്ള പല ക്രിസ്ത്യാനികളും ഇതറിയുവാന്‍ മെനക്കെടുന്നില്ല.
രണ്ടു ദൌത്യങ്ങളും ഒരുമിച്ചു നിവര്‍ത്തിക്കുകയെന്നത് വലിയൊരു പ്രശ്നമായി നാം കാണുന്നു. ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും പ്രഘോഷിക്കേണ്ടതിന്‍റെ ആവശ്യം ഉള്ളില്‍ പിടിക്കപ്പെട്ടവരും മുഴു ഹൃദയത്തോടെ ദൈവം കല്‍പ്പിച്ച കാര്യങ്ങളൊക്കെ അനുസരിക്കുന്നവരും (അവര്‍ക്ക് ലഭിച്ച വെളിച്ചത്തിനനുസരിച്ചു) ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭ പണിയുന്നതില്‍ എരിവുള്ളവരും ആയ ആളുകളെയാണ് ഇന്നാവശ്യം.
യേശു പറഞ്ഞു തന്‍റെ ശിഷ്യന്മാരെ തിരിച്ചറിയുന്നതിനുള്ള ഒറ്റ അടയാളം, അവര്‍ തമ്മില്‍ തമ്മിലുള്ള സ്നേഹമാണെന്ന്. അടയാളം ശ്രദ്ധിക്കുക – ശിഷ്യന്മാരുടെ എണ്ണത്തിലുള്ള പെരുപ്പമല്ല, അവരുടെ സമ്പത്തുമല്ല, എന്നാല്‍ അവര്‍ തമ്മിലുള്ള സ്നേഹം.  ആയിരങ്ങളെ ആകര്‍ഷിക്കുന്ന രോഗശാന്തി ശുശ്രൂഷയോടു കൂടിയുള്ള സുവിശേഷയോഗങ്ങള്‍, തമ്മില്‍ തമ്മില്‍ സ്നേഹമുള്ള ശിഷ്യന്മാരുടെ ഒരു പ്രാദേശീകസഭയുടെ രൂപീകരണത്തിലേക്കാണ് നയിക്കേണ്ടത്.
എന്നാല്‍ ആവര്‍ത്തിച്ചുള്ള സുവിശേഷീകരണ യോഗങ്ങള്‍ക്കും രോഗശാന്തി ശുശ്രൂഷകള്‍ക്കും ശേഷവും ഇത്തരത്തില്‍ പരസ്പരം സ്നേഹിക്കുന്നതുപോകട്ടെ, പരസ്പരം ശണ്ഠ കൂടാതെയും, ദൂഷണം പറയാതേയും ഇരിക്കുന്ന ഒരു സഭ കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. പുതിയതായി മാനസാന്തരപ്പെട്ടവര്‍ക്ക് വിജയകരമായ ഒരു ജീവിതത്തിലേക്ക് പോകുവാന്‍ സാധിച്ചില്ലെന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ മത്സരവും പക്വതയില്ലയ്മയുമാണ് നമ്മുടെ നാട്ടിലെ സഭകളിലുള്ള മൂപ്പന്മാരുടെ സ്വഭാവമെങ്കില്‍ നാം എന്താണ് പറയേണ്ടത്?.
മത്തായി 28:19,20 ല്‍ പറയുന്ന മഹത്തായ ദൌത്യം – ശിഷ്യത്വവും യേശുവിന്‍റെ കല്‍പ്പനകളോടുള്ള പൂര്‍ണ അനുസരണവും – പൂര്‍ണ്ണമായി അവഗണിച്ചിരിക്കുന്നുവെന്നതിന്‍റെ  വ്യക്തമായ സൂചനയാണിത്. മര്‍ക്കോസ് 16:15 ല്‍ കാണുന്ന ദൌത്യം (വിശ്വാസവും ജലസ്നാനവും) മാത്രം അനുസരിക്കുന്നു. അതുതന്നെ പലരും ഭാഗീകമായി (ജലസ്നാനം ഒഴിവാക്കികൊണ്ട്).   
മര്‍ക്കോസ് 16:15-20 വാക്യങ്ങളില്‍ സുവിശേഷീകരണത്തിനാണ് ഊന്നല്‍,.  ദൈവം അത്ഭുതങ്ങളാലും അടയാളങ്ങളാലും ഈ സന്ദേശത്തെ ഉറപ്പിക്കുന്നു. മത്തായി 28: 19,20 വാക്യങ്ങളില്‍ ശിഷ്യത്വത്തിനാണ് ഊന്നല്‍., യേശുവിന്‍റെ കല്‍പ്പനകളുടെ പൂര്‍ണ്ണ അനുസരണം ശിഷ്യന്മാരുടെ ജീവിതത്തിലൂടെ വെളിവാക്കുന്നു. ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ആദ്യത്തേതിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നു. വളരെ കുറച്ചു പേര്‍ മാത്രമേ രണ്ടാമത്തേതിനാല്‍ പിടിക്കപ്പെട്ടിട്ടുള്ളൂ. രണ്ടാമത്തെതില്ലാതെ ആദ്യത്തേത് മാത്രമുള്ളത് ഒരു പാതി മനുഷ്യശരീരം പോലെ പ്രയോജനമില്ലാത്തതാണ്. എന്നാല്‍ ഇത് കാണാനുള്ള കണ്ണ് ആര്‍ക്കാണ് ഉള്ളത്?
യേശുവിന്‍റെ ശുശ്രൂഷയിലും ഏറിയ പുരുഷാരം സുവിശേഷത്താലും, രോഗശാന്തി ശുശ്രൂഷയാലും അവിടുത്തോടുകൂടെ അനുഗമിച്ചതായി നാം വായിക്കുന്നു. അപ്പോള്‍ അവിടുന്ന് തിരിഞ്ഞു അവരെ ശിഷ്യത്വത്തെ സംബന്ധിച്ച് പഠിപ്പിക്കുവാന്‍ ആരംഭിച്ചു (ലൂക്കോ.14:25,26). ഇന്നത്തെ സുവിശേഷകന്മാര്‍ ഇതുപോലെ ചെയ്യുമോ?. അവര്‍ സ്വയമായിട്ടോ, അതല്ലെങ്കില്‍ അവര്‍ തുടങ്ങിയ വേല തികയ്ക്കുവാന്‍ പ്രാപ്തരായ അപ്പോസ്തോലന്മാര്‍, പ്രവാചകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍, ഇടയന്മാര്‍ എന്നിവരോട് ചേര്‍ന്ന് അത് ചെയ്യുമോ?.
യേശു ശിഷ്യത്വത്തെ കുറിച്ച് പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ പുരുഷാരത്തിന്‍റെ എണ്ണം ചുരുങ്ങി, പതിനൊന്നു ശിഷ്യന്മാരില്‍  എത്തിച്ചേര്‍ന്നു (യോഹ.6:2, 70 വാക്യങ്ങള്‍ ഒത്തു നോക്കുക). മറ്റുള്ളവര്‍ക്ക് ഈ സന്ദേശം കഠിന വാക്കായി തോന്നി അവര്‍ വിട്ടു പോയി (യോഹ.6: 60, 66). എന്നാല്‍ ആ പതിനൊന്നു പേരിലൂടെയാണ് യേശു തന്‍റെ ഭൂമിയിലെ വേല തികച്ചത്. യേശു തുടങ്ങിയ വേല മുന്നോട്ടു കൊണ്ടുപോയതും അവര്‍തന്നെയാണ്.
ഭൂമിയിലെ അവിടുത്തെ ശരീരം എന്ന നിലയില്‍ അതേ ശുശ്രൂഷ ചെയ്യുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  സുവിശേഷകന്മാര്‍ കൂട്ടിച്ചേര്‍ത്ത പുരുഷാരത്തില്‍ നിന്നും മാനസാന്തരപ്പെടുന്നവരെ ശിഷ്യത്വത്തിലേക്കും, അനുസരണത്തിലേക്കും നാം നടത്തണം. അങ്ങനെ, അങ്ങനെ മാത്രമേ ക്രിസ്തുവിന്‍റെ ശരീരം പണിയപ്പെടുകയുള്ളൂ.

What’s New?