2012-ല്‍ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് പരിശോധിക്കുക – WFTW 06 ജനുവരി 2013

curious ethnic child examining chemical instruments in studio

സാക് പുന്നന്‍ 

  ഒരു വര്‍ഷത്തിന്‍റെ അവസാന ദിവസങ്ങളിലേക്ക് വരുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് പരിശോധിക്കുന്നതു നല്ലതാണ്.

പ്രവാചകനായ ഹഗ്ഗായി തന്‍റെ കാലഘട്ടത്തിലുള്ളവരെ പ്രബോധിപ്പിക്കുന്നത് ഇങ്ങനെയാണ്, “നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിന്‍”.

ഹഗ്ഗായി 1:5,6 ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; “ആകയാല്‍ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിന്‍. നിങ്ങള്‍ വളരെ വിതച്ചിട്ട് അല്‌പ്പമെ കൊണ്ടുവരുന്നുള്ളൂ. നിങ്ങള്‍ ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല. നിങ്ങള്‍ പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടു ആര്‍ക്കും കുളിര്‍ മാറുന്നില്ല. കൂലിക്കാര്‍ ഓട്ടസഞ്ചിയില്‍ ഇടുവാന്‍ കൂലി വാങ്ങുന്നു.”

ഈ ചോദ്യങ്ങള്‍ നമുക്ക് നമ്മോടു തന്നെ ഇപ്രകാരം ചോദിക്കാം,” നിങ്ങളുടെ ജീവിതത്തില്‍ കാര്യങ്ങള്‍ എങ്ങനെ പോകുന്നു എന്ന് വിചാരിച്ചു നോക്കുവിന്‍.”

അവിടെ ആത്മീയതയുടെ ഫലം ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ വളരെ വിതച്ചിട്ടുണ്ട്, എന്നാല്‍ അല്പമേ കൊയ്യുന്നുള്ളൂ. നിങ്ങള്‍ ധാരാളം ക്രിസ്തീയ യോഗങ്ങള്‍ക്ക് പോയി, ക്രിസ്തീയ പുസ്തകങ്ങള്‍ വായിച്ചു, ടേപ്പുകള്‍ കേട്ടു. എന്നാല്‍ നിങ്ങളുടെ ഭവനം ഒരു ദൈവീക ഭവനമോ, സമാധാനത്തിന്‍റെ  ഭവനമോ ആയിട്ടുണ്ടോ?. നിങ്ങള്‍ നിങ്ങളുടെ ഭാര്യക്ക് / ഭര്‍ത്താവിനു നേരെ ഉച്ചത്തില്‍ സംസാരിക്കുന്നത് നിര്‍ത്തിയിട്ടുണ്ടോ?. ഇല്ലെങ്കില്‍ നിങ്ങള്‍ വളരെ വിതച്ചു അല്പം മാത്രം കൊയ്യുന്നു. നിങ്ങള്‍ വസ്ത്രം ധരിക്കുന്നു എങ്കിലും ചൂട് ലഭിക്കുന്നില്ല. നിങ്ങള്‍ ധാരാളം പണം നേടുന്നു എങ്കിലും നിങ്ങളുടെ കീശയ്ക്ക്  ദ്വാരങ്ങള്‍ ഉള്ളതുകൊണ്ട് അധികവും പാഴായി പോകുന്നു.

നിങ്ങളെ ആത്മാവില്‍ നിറയ്ക്കുവാന്‍ ദൈവത്തോട് ആവശ്യപ്പെടുന്നുവെങ്കിലും ചോര്‍ച്ചയുള്ളതുകൊണ്ട് ശക്തിയെല്ലാം പുറത്തേയ്ക്ക് പോകുന്നു. എന്തോ കുഴപ്പമുണ്ട്.”  ദ്വാരങ്ങളുള്ള പാത്രത്തില്‍ ആരെങ്കിലും വെള്ളം ഒഴിച്ച് വയ്ക്കുമോ? പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദൈവത്തിന്‍റെ അടുക്കല്‍ വരുന്ന പല വിശ്വാസികളും നിറയെ ദ്വാരങ്ങളുള്ള പാത്രവുമായിട്ടാണ് വരുന്നത്. ദൈവം പറയുന്നു, ” ആദ്യം ദ്വാരങ്ങള്‍ അടയ്ക്കുക.” നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുവാന്‍ ദൈവത്തിനു അതിയായ താല്പര്യമുണ്ട്. എന്നാല്‍ ഇനിയും ശരിയാകേണ്ട പലതും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ട്. ദ്വാരമുള്ള കീശയില്‍ നിങ്ങള്‍ ഒരിക്കലും പണം ഇടാറില്ലല്ലോ. അതുപോലെ തന്നെ ദൈവവും ജീവിതത്തിന്‍റെ പല മേഖലകളിലും ചോര്‍ച്ചയുള്ളവരേയും തന്‍റെ ആത്മാവിനാല്‍ നിറയ്ക്കുന്നില്ല. അവര്‍ തെറ്റ് ചെയ്തവരോട്‌ ക്ഷമ ചോദിക്കുന്നില്ല. തെറ്റായി കൈവശപ്പെടുത്തിയ പണം തിരികെ നല്‍കുന്നില്ല. അങ്ങനെയുള്ള വലിയ ചില ദ്വാരങ്ങള്‍. അത്തരം വലിയ വിടവ് ജീവിതത്തില്‍ ഉള്ളപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ നിറവിനായി രാത്രി മുഴുവന്‍ പ്രാര്‍ഥിച്ചിട്ട്‌ യാതൊരു കാര്യവുമില്ല. ഒന്നും സംഭവിക്കുകയില്ല. അതിനു പകരം രാത്രി മുഴുവന്‍ ആ ദ്വാരങ്ങള്‍ അടയ്ക്കുവാന്‍ ചെലവഴിക്കുക. അപ്പോള്‍ വേഗത്തില്‍ ഉത്തരം ലഭിക്കും.

ദൈവത്തിന്‍റെ താല്പര്യത്തെക്കാള്‍ അവരുടെ സ്വന്ത താല്പര്യങ്ങളും അവരുടെ കുടുംബത്തിന്‍റെ താല്പര്യവും ആദ്യം അന്വേഷിക്കുന്ന പതിനായിരക്കണക്കിനു വിശ്വാസികള്‍ ഇന്നുണ്ട്. തങ്ങളുടെ സ്വന്തം വസ്തു ആരെങ്കിലും കൈയ്യേറിയാല്‍ അതില്‍ വളരെ ഭാരപ്പെടുന്ന ചിലര്‍ക്ക് ദൈവത്തിന്‍റെ വസ്തുവകകള്‍ സാത്താന്‍ കൈയ്യേറിയാല്‍ ഒരു പ്രയാസവുമില്ല. മുമ്പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിച്ചാല്‍ നമ്മുടെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം അതോടുകൂടെ ചേര്‍ക്കപ്പെടും എന്നാണു യേശു പറഞ്ഞത്. അതിനായി നാം അന്വേഷിച്ചു പോകേണ്ട കാര്യമില്ല. നാം ദൈവഭവനത്തിന്‍റെ കാര്യം നോക്കിയാല്‍ അവിടുന്ന് നമ്മുടെ ഭവനത്തിന്‍റെ കാര്യവും നോക്കിക്കൊള്ളും. അവിശ്വാസം നിറഞ്ഞ ഈ ലോകത്തില്‍, “ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും” എന്നതിന്‍റെ ജീവിക്കുന്ന സാക്ഷികളായി നാം മാറണം. ദൈവകുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കിയതിനാല്‍ ദൈവം ഞങ്ങളെ മാനിച്ചു. നിങ്ങളുടെയും ജീവിതസാക്ഷ്യം ഇതുതന്നെയാണോ?.ഹഗ്ഗായിയുടെ പ്രധാന വിഷയങ്ങളിലൊന്നു,”നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍” എന്നാണ്.