2013 – പുതിയ വര്‍ഷത്തില്‍ എല്ലാ ദിവസവും ആത്മാവില്‍ ആയിരിക്കുക – WFTW 13 ജനുവരി 2013

സാക് പുന്നന്‍ 

 

  കര്‍ത്താവിന്‍റെ ദിവസം യോഹന്നാനു ഒരു വെളിപ്പാട് ലഭിച്ചു (വെളി. 1:10). ആഴ്ചയുടെ ഒന്നാം ദിവസത്തെയാണ്‌ “കര്‍ത്താവിന്‍റെ ദിവസം” എന്ന് വിളിക്കുന്നത്. കാരണം ആ ദിവസമാണ് യേശു പാപത്തെയും, സാത്താനെയും, മരണത്തേയും ജയിച്ച് ഉയര്‍ത്തെഴുന്നേറ്റത്. ആദ്യകാല ശിഷ്യന്മാര്‍ ആഴ്ചയുടെ ഒന്നാം ദിവസം ഒരുമിച്ചു കൂടുകയും പരസ്പരം ഉത്സാഹിപ്പിക്കുകയും, അപ്പം നുറുക്കുകയും ചെയ്തു (അപ്പൊ. പ്ര. 20:7, 1കോരി.16:2). അവര്‍ക്ക് പ്രത്യേകതകളുള്ള വേറെ ദിവസങ്ങളില്ല. അവര്‍ക്ക് “ദുഃഖ വെള്ളിയാഴ്ചയോ”, “ഈസ്റ്ററോ”, “ക്രിസ്തുമസ്സോ” ഉണ്ടായിരുന്നില്ല. അവര്‍ പുതിയ ഉടമ്പടിക്ക് കീഴില്‍ വന്നു കഴിഞ്ഞിരുന്നതിനാല്‍ ദിവസങ്ങളും, കാലങ്ങളും നോക്കുന്നതില്‍നിന്നു അവര്‍ സ്വതന്ത്രരായിരുന്നു (കൊലോസ്യര്‍ 2:16,17).

യോഹന്നാന്‍ ആത്മാവില്‍ ആയിരുന്നു, അതിനാലാണ് അവന്‍ ദൈവശബ്ദം കേട്ടത്. നമ്മളും ആത്മാവില്‍ ആണെങ്കില്‍ ദൈവശബ്ദം കേള്‍ക്കും. നമ്മുടെ മനസ്സ് എവിടെയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. നമ്മുടെ മനസ്സ് ഈ ഭൂമിയിലുള്ളതിലാണ് ഇരിക്കുന്നതെങ്കില്‍ നാം കേള്‍ക്കുന്നത് ഭൂമിയിലെ ശബ്ദമായിരിക്കും.

നമുക്കറിയാം, ഉദാഹരണത്തിന്: റേഡിയോ തരംഗങ്ങളില്‍ പലവിധ ശബ്ദങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ റേഡിയോ ഏതു ശബ്ദത്തിനായി റ്റ്യൂണ്‍ ചെയ്തിരിക്കുന്നുവോ അതായിരിക്കും നമുക്ക് ലഭിക്കുന്നത്. നിങ്ങള്‍ക്ക് റേഡിയോയിലൂടെ ദൈവവചനവും, സാത്താന്‍റെ റോക്ക് സംഗീതവും കേള്‍ക്കാം. ഏതുവേണമെന്നുള്ള തിരഞ്ഞെടുപ്പ് നിങ്ങളുടെതാണ്.

അതുപോലെ തന്നെയാണ് നമ്മുടെ മനസ്സും. നാം ആത്മാവില്‍ ആണെങ്കില്‍ – അതായത് ആത്മാവിന്‍ നിറവില്‍ നമ്മുടെ മനസ്സ് ഉയരത്തിലുള്ളതാണ് ചിന്തിക്കുന്നതെങ്കില്‍ (കൊലോ. 3:2) നമുക്ക് ദൈവശബ്ദം കേള്‍ക്കുവാന്‍ സാധിക്കും.  എന്നാല്‍ നമ്മുടെ ശ്രദ്ധ നേടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേറെയും പല ശബ്ദങ്ങള്‍ വായുവില്‍ ഉണ്ട്. എങ്ങനെ കൂടുതല്‍ പണമുണ്ടാക്കാം എന്ന് പറയുന്ന ശബ്ദം, എങ്ങനെ കുടുംബ സ്വത്തിന്‍റെ വീതം നേടിയെടുക്കാം എന്ന് പറയുന്ന ശബ്ദം, നിങ്ങളെ ചതിച്ചവരോട് എങ്ങനെ പകരം വീട്ടാം എന്ന് പറയുന്ന ശബ്ദം, നിങ്ങള്‍ക്ക് എതിരെയുള്ള ദുഷ്പ്രചരണത്തെ എങ്ങനെ നേരിടാം എന്ന് പറയുന്ന ശബ്ദം, അങ്ങനെയങ്ങനെ പലതും. സാത്താന്‍റെ റേഡിയോ നിലയത്തില്‍നിന്നും ഭോഷ്ക്ക്, കൈപ്പ്, ഉത്കണ്‌ഠ തുടങ്ങിയവയാണ് ഇരുപത്തിനാലു മണിക്കൂറും സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഒന്നേയുള്ളൂ, ട്യൂണ്‍ ചെയ്തു നിങ്ങള്‍ക്ക് ആവശ്യമുള്ളത് എടുക്കുക.

ദൈവം അവരോടു സംസാരിക്കുന്നില്ലയെന്നു പല വിശ്വാസികളും പരാതിപ്പെടുമ്പോള്‍ അത് ദൈവം സംസാരിക്കാഞ്ഞിട്ടല്ല, അവിടുന്ന് എപ്പോഴും സംസാരിക്കുന്നു, എന്നാല്‍ അവരുടെ മനസ്സ് ലോകത്തിനും ലോകത്തിന്‍റെ താല്പ്പര്യങ്ങള്‍ക്കുമായി ട്യൂണ്‍ ചെയ്തിരിക്കുന്നതിനാല്‍ ദൈവശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ല. ആത്മാവ്‌ കഴിഞ്ഞ നാളുകളില്‍ നമുക്കാവശ്യമുള്ളത് വളരെ സംസാരിച്ചിട്ടുണ്ടെന്നു എനിക്ക് ബോദ്ധ്യമുണ്ട്. എന്നാല്‍ നാം ആത്മാവില്‍ അല്ലാതിരുന്നതിനാല്‍ അതില്‍ നിന്നൊന്നും “എടുത്തില്ല.”

നിങ്ങളൊരു സഭായോഗത്തിലിരുന്നു പ്രസംഗകന്‍ പറയുന്നത് മുഴുവന്‍ മനസ്സിലാക്കിയാലും, ആത്മാവ്‌ പറയുന്നതൊന്നും കേള്‍ക്കാതെയിരിക്കാം. എന്നാല്‍ നിങ്ങളുടെ അടുത്തിരിക്കുന്ന “ആത്മാവിലുള്ള” ഒരുവന്‍ യോഹന്നാന്‍ കേട്ടതുപോലെ ദൈവശബ്ദം കേള്‍ക്കും.

യോഹന്നാന്‍ ദൈവശബ്ദം വളരെ വ്യക്തമായി കേട്ടു. കാഹളം മുഴങ്ങുന്നതുപോലെയുള്ള ശബ്ദം എന്നാണു അവന്‍ പറയുന്നത്. അത്ര ശബ്ദത്തോടെയാണ് ദൈവം സംസാരിക്കുന്നത്. എന്നാല്‍ ചെകിടനായ ഒരാള്‍ കാഹള ശബ്ദം പോലും കേള്‍ക്കുന്നില്ല.

ദിനം തോറും ആത്മാവില്‍ ആയിരിക്കുവാന്‍ നിങ്ങളെ ഓരോരുത്തരേയും ഞാന്‍ പ്രബോധിപ്പിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഈ അന്ത്യനാളുകളില്‍ പാപത്തെ വേഗം തിരിച്ചറിയുന്നവരായി ദൈവ മുമ്പാകെ എപ്പോഴും താഴ്മയില്‍ നടപ്പിന്‍. അങ്ങനെയെങ്കില്‍ ദൈവ ശബ്ദം കേള്‍ക്കുവാന്‍ തക്കവണ്ണം നിങ്ങളുടെ ചെവി എപ്പോഴും തുറന്നിരിക്കും.

എല്ലാവര്‍ക്കും ഒരു നല്ല പുതുവത്സരം നേരുന്നു.