പടിപടിയായുള്ള പിന്മാറ്റത്തെ സൂക്ഷിക്കുക WFTW 14 ഒക്ടോബര്‍ 2012

സാക് പുന്നന്‍

Read the PDF Version

1 രാജാക്കന്മാര്‍ രണ്ടാം അദ്ധ്യായത്തില്‍ നാം വായിക്കുന്നത്, ശലോമോന്‍ അദോനിയാവിനെയും (19 – 27 വാക്യങ്ങള്‍) തന്‍റെ പിതൃ സഹോദരീ പുത്രനായ യോവാബിനെയും (28-35 വാക്യങ്ങള്‍) ശിമയിയെയും (36-46 വാക്യങ്ങള്‍) വധിച്ചുകൊണ്ടാണ് തന്‍റെ വാഴ്ച തുടങ്ങിയത് എന്നാണ്. എന്തൊരു തുടക്കം ! ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ശലോമോന്‍ ഇതൊക്കെ ചെയ്ത്  നാശത്തിന്‍റെ വഴിയിലായതെന്നു ഓര്‍ക്കുക. കഴുകപ്പെടാത്ത കൈപ്പു ഹൃദയത്തിലിരിക്കുന്നതിന്‍റെ ഫലം ദീര്‍ഘകാലം കഴിഞ്ഞായിരിക്കും ഉണ്ടാകുക. അങ്ങനെ അനേകര്‍ കളങ്കപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവം തന്നെ അനുഗ്രഹിക്കും എന്നാണു ശലോമോന്‍ കരുതിയത്‌ (വാക്യം 45). ഒരു മനുഷ്യന്‍ എത്രമാത്രം ചതിക്കപ്പെടാം !!മൂന്നാം അദ്ധ്യായത്തില്‍ – ഒരിക്കല്‍ തെറ്റായ വഴിയില്‍ ആയി കഴിഞ്ഞാല്‍ നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദൈവത്തില്‍ നിന്ന് അകന്നു പോകും – അടുത്ത പടിയായി ശലോമോന്‍ ചെയ്തത്, ഫറവോന്‍റെ പുത്രിയെ – ഒരു പുറജാതി സ്ത്രീയെ – വിവാഹം കഴിച്ചു എന്നതാണ്. ദാവീദ് തന്‍റെ അവസാന കാലത്ത് പ്രതികാരം ചെയ്യുന്നതിനെ കുറിച്ച് പഠിപ്പിക്കുന്നതിന് പകരം, വിവാഹത്തെ കുറിച്ച് ശലോമോനെ ഉപദേശിച്ചിരുന്നെങ്കില്‍ ശലോമോന്‍റെ ജീവിതം എത്ര വ്യത്യസ്ത മായിരുന്നേനെ ! നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക്‌ എന്തുപദേശമാണ് കൊടുക്കുന്നത്? നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങള്‍ എന്തെല്ലാമാണ്?നാം വായിക്കുന്നു, “ശലോമോന്‍ പൂജാഗിരികളില്‍ യാഗം കഴിക്കുകയും ധൂപാര്‍ചന നടത്തുകയും ചെയ്തിരുന്നു. അതൊഴികെ എല്ലാ കാര്യത്തിലും യഹോവയോടു തനിക്കുള്ള സ്നേഹം പ്രകടമാക്കി” (3:3). എന്തൊരു വൈരുദ്ധ്യം!!  ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകളിലൂടെയാണ് ശലോമോന്‍ ഒടുവില്‍ തന്നെത്തന്നെ നശിപ്പിച്ചത്. അവനൊരു ഇരട്ടജീവിതമാണ് ജീവിച്ചത്. ആലയത്തില്‍ ഒന്നും, സ്വകാര്യതയില്‍ മറ്റൊന്നും. നിര്‍ഭാഗ്യവശാല്‍ ഇന്നുള്ള പല ക്രിസ്ത്യാനികളും അതുപോലെയാണ്. ദൈവത്തോടുള്ള സ്നേഹത്തെ ഉച്ചത്തില്‍ പ്രകടിപ്പിക്കും, എന്നാല്‍ സ്വകാര്യജീവിതത്തില്‍ അവര്‍ അനീതിയിലും പാപത്തിലും ജീവിക്കുന്നു. ഒടുവില്‍ അവരുടെ ചെറിയ പിന്മാറ്റങ്ങള്‍ വലിയ വീഴ്ചയായി മാറി അവരെ നശിപ്പിക്കുന്നു.

ദൈവത്തിന്‍റെ ആലയം പണിയുവാന്‍ ശലോമോന്‍ ഏഴു വര്‍ഷമെടുത്തു (6:38). എന്നാല്‍ തന്‍റെ കൊട്ടാരം പണിയുവാന്‍ 13 വര്‍ഷമെടുത്തു (7:1). ഇതില്‍നിന്നും എന്തിനാണ് അവന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കാം. ഇന്ന് ക്രിസ്തീയ വേല ചെയ്യുന്ന പലരുടേയും കാര്യം ഇതുപോലെയാണ്. അവര്‍ “ക്രിസ്തീയ” വേല ചെയ്യുന്നുണ്ടെന്നതു ശരിയാണ് എന്നാല്‍ അവരുടെ പ്രഥമ താല്‍പര്യം അവരുടെ വീടും, സ്വന്തകുടുംബത്തിന്‍റെ സുഖസൗകര്യങ്ങളുമാണ്. ദൈവഭവനവും ദൈവവേലയും അവര്‍ക്ക് രണ്ടാം സ്ഥാനത്തെ വരൂ. സുവിശേഷ പ്രസംഗം അവരെ ധനികരാക്കിയിരിക്കുന്നു.

എല്ലാ പിന്മാറ്റങ്ങളും പോലെ, ശലോമോന്‍റെ പിന്മാറ്റവും ക്രമേണയുള്ളതായിരുന്നു. ആളുകളെ കൊന്നുകൊണ്ടാണ്‌ അവന്‍റെ വാഴ്ച തുടങ്ങിയത്. അവനു വേണമെങ്കില്‍ തന്‍റെ പിതാവായ ദാവീദിനോടു വിയോജിച്ചുകൊണ്ട് ശിമയിയെയും, യോവാബിനെയും കൊല്ലുന്നതിനു വിസമ്മതിക്കാമായിരുന്നു. അദോനിയാവിനോട് ക്ഷമിച്ച്‌ അവനെ കൊല്ലാതിരിക്കാമായിരുന്നു. ഒരിക്കല്‍ താഴോട്ട് ഇറക്കം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് വളരെ കുത്തനെയുള്ളതായിത്തീരും. പിന്നീട് അവന്‍ ഫറവോന്‍റെ പുത്രിയെ വിവാഹം കഴിച്ചു. തീര്‍ച്ചയായും അത് അവളുടെ സമ്പത്തിനു വേണ്ടിയായിരുന്നു. പിന്നീട് തന്‍റെ ഭവനം പണിയുവാന്‍ പതിമൂന്നു വര്‍ഷം ചെലവഴിച്ചു. ദൈവം അവനു വലിയ ജ്ഞാനം നല്‍കിയിരിക്കെയാണ് ഇതെല്ലാം നടന്നത്. പല ക്രിസ്തീയ പ്രവര്‍ത്തകരുടെയും ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ലോകത്തോട്‌ ഒരു ചായ് വുള്ളതായി പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ശുശ്രൂഷയുടെ തുടക്കം മുതല്‍ അവരുടെ സ്വന്ത അവകാശങ്ങള്‍ അന്വേഷിക്കുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തകാര്യം അന്വേഷിക്കുന്നതില്‍ അവര്‍ വിദഗ്ദരായി തീരുന്നു.

എങ്കിലും ദൈവം തന്‍റെ ജനത്തെ – അവരുടെ രാജാവ് പിന്മാറ്റത്തില്‍ ആയിരുന്നിട്ടും – സ്നേഹിക്കുന്നു. അതുകൊണ്ട് ആലയത്തിന്‍റെ പണി പൂര്‍ത്തിയായപ്പോള്‍ അവിടുന്ന് തന്‍റെ മഹത്വം കൊണ്ട് അതിനെ നിറച്ചു (8:10). മോശെ സമാഗമനകൂടാരത്തിന്‍റെ പണി പൂര്‍ത്തിയാക്കിയ ദിവസം പോലെ തന്നെ. സമാഗമനകൂടാരത്തിന്‍റെ മാതൃകയില്‍ തന്നെയാണ് ആലയവും പണിതത്, എന്നാല്‍ വളരെ വലിപ്പത്തിലും, മഹത്വത്തിലും.

ശലോമോന്‍ മനോഹരമായൊരു സമര്‍പ്പണ പ്രാര്‍ത്ഥന നടത്തുന്നു (8:22-61). അവിടുന്ന് അവന്‍റെ പ്രാര്‍ത്ഥന കേട്ടുവെന്നും അവന്‍റെ രാജത്വം സ്ഥിരപ്പെടുന്നതിനു ഹൃദയ നിര്‍മ്മലതയോടും പരമാര്‍ത്ഥതയോടും കൂടെ അവന്‍ നടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവന്‍ ദൈവത്തില്‍നിന്നും അകന്നു മാറിയാല്‍ യിസ്രായേല്‍ ഭൂമുഖത്തുനിന്നും, ദേവാലയം അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറുമെന്നും ശലോമോന് ദൈവം മുന്നറിയിപ്പ് നല്‍കുന്നു (9:3-9).

ബാബിലോന്യര്‍ വന്നു യൂദാ കീഴടക്കി ദേവാലയം നശിപ്പിച്ചപ്പോള്‍ കൃത്യമായിട്ട്‌ അതാണ്‌ നടന്നത്. ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും, ഞാന്‍ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുമെന്നും നിങ്ങള്‍ കരുതരുത്. നാം വഴി തെറ്റിപ്പോകുന്നതിനു വളരെ മുമ്പുതന്നെ ദൈവം നമുക്ക് മുന്നറിയിപ്പ് തരുന്നു.

പത്താം അദ്ധ്യായത്തില്‍ ശലോമോന്‍റെ മഹത്തായ ജ്ഞാനത്തെ കുറിച്ച് കേട്ടിട്ട് ശേബാ രാജ്ഞി അവനെ കാണാന്‍ വരുന്നതായി നാം വായിക്കുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന ജ്ഞാനി ആയിരുന്നുവെങ്കിലും ശലോമോന്‍ വ്യത്യസ്ത സ്വഭാവങ്ങളുള്ള മനുഷ്യനായിരുന്നു. പല ക്രിസ്ത്യാനികളേയും പോലെ അവന്‍ പരസ്യമായി ദൈവത്തോട് മനോഹരമായി പ്രാര്‍ത്ഥിക്കും. എന്നാല്‍ സ്വകാര്യജീവിതത്തില്‍ മറ്റാരെയും പോലെ ദൈവമില്ലാത്തവനായിരുന്നു. ലൈംഗീക ദുര്‍മോഹത്തില്‍ അവന്‍ ശിംശോനെ തോല്‍പ്പിച്ചു. 700 ഭാര്യമാരാണ് അവനുണ്ടായിരുന്നത്. അതുപോരാഞ്ഞിട്ടു 300 വെപ്പാട്ടികളും. അവരില്‍ ഭൂരിഭാഗവും ചുറ്റുമുള്ള പുറജാതിയില്‍ പെട്ടവരായിരുന്നു. മൂന്നു വര്‍ഷത്തില്‍ ഒരിക്കലാകണം അവന്‍ അവരില്‍ ഓരോരുത്തരെയും കണ്ടിരുന്നത്‌. ഒടുവില്‍ ഈ ഭാര്യമാര്‍ അവനെ ദൈവത്തില്‍ നിന്നകറ്റി ഒരു വിഗ്രഹാരാധി ആക്കി തീര്‍ത്തു.

ശലോമോന്‍ വഴിപിഴച്ചു പോയപ്പോള്‍ ദൈവം അവനോടു വളരെ കോപിച്ചു. അവന്‍റെ രാജ്യത്തെ താന്‍ ഭിന്നിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു (11:9). എന്നാല്‍ ദാവീദ് ഒരു ദൈവമനുഷ്യന്‍ ആയിരുന്നതിനാല്‍ ദൈവം ശലോമോന്‍റെ കാലത്ത് അത് ചെയ്തില്ല. പിതാവിന്‍റെ ദൈവ ഭക്തി നിമിത്തം മക്കള്‍ എത്രമാത്രം അനുഗ്രഹിക്കപ്പെടുന്നു എന്ന് നാം ഇവിടെ കാണുന്നു. ശലോമോനെ ബുദ്ധിമുട്ടിക്കുവാന്‍ ദൈവം ശത്രുക്കളെ എഴുന്നേല്‍പ്പിച്ചുവെങ്കിലും അവന്‍ അനുതപിച്ചില്ല (11:14). ജെരോബയാം തനിക്കെതിരായി വരുമെന്ന് ഭയന്ന ശലോമോന്‍ അവനെ കൊല്ലുവാന്‍ ശ്രമിച്ചു (11:26). പിന്നീട് ജെരോബയാം, ഭിന്നിച്ചു രണ്ടായ രാജ്യങ്ങളില്‍ ഒന്നിന്‍റെ രാജാവായി. അങ്ങനെ ശലോമോന്‍ മരിച്ചു (11:43).

(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)