സാക് പുന്നന്‍
സമ്പൂര്‍ണ്ണ സുവിശേഷം എന്ന പുസ്കത്തില്‍ നിന്ന് (പകര്‍പ്പവകാശം -1996)
നമ്മുടെ കാലത്ത് പ്രസക്തിയുളള വ്യത്യസ്തമായ രണ്ടു ശുശ്രൂഷകളെക്കുറിച്ച് വേദ പുസ്തകത്തില്‍ നാം വായിക്കുന്നു.
ദാനിയേല്‍ ശുശ്രൂഷ:
തന്‍റെ തലമുറയില്‍ ഒരുവിജാതീയ ദേശത്ത് ദൈവത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനാണ് ദാനിയേല്‍. ഒരു യുവാവായിരുന്നപ്പോള്‍, മറ്റു യഹൂദന്മാരോടൊപ്പം തടവുകാരനായി പിടിക്കപ്പെട്ട് ബാബിലോണിലായിരുന്ന അവന്‍ ” തന്നെത്താന്‍ അശുദ്ധമാക്കുകയില്ലെന്ന് തന്‍റെ ഹൃദയത്തില്‍ നിശ്ചയിച്ചു”.(ദാനിയേല്‍ 1:8).
യഹൂദതടവുകാരുടെ ഇടയിലുണ്ടായിരുന്ന മറ്റു 3 ചെറുപ്പക്കാര്‍ – ഹനന്യാവ്, മിശായേല്‍, അസര്യാവ് – കര്‍ത്താവിനുവേണ്ടി ദാനിയേല്‍ ഈ നിലപാടെടുക്കുന്നതു കണ്ടു. ഇത് അവരെയും ധൈര്യമുളളവരായി കര്‍ത്താവിനുവേണ്ടി നില്‍ക്കുവാനും ദാനിയേലിനോടു ചേരുവാനും പ്രോത്സാഹിപ്പിച്ചു ( ദാനിയേല്‍ 1:11). അവര്‍ക്കു തന്നെ കര്‍ത്താവിനുവേണ്ടി ഒരു നിലപാടെടുക്കുവാനുളള ധൈര്യം ഇല്ലായിരുന്നു. എന്നാല്‍ ദാനിയേല്‍ ഒരു നിലപാടെടുക്കുന്നതു കണ്ടപ്പോള്‍ അവര്‍ ധൈര്യമുളളവരായി തീര്‍ന്നു. അതുപോലെ കര്‍ത്താവിനു വേണ്ടി തനിയെ നില്‍ക്കുവാന്‍ ധൈര്യമില്ലാത്ത അനേക ക്രിസ്ത്യാനികള്‍ ഇന്ന് ലോകത്തിലുണ്ട്. എന്നാല്‍ എവിടെയെങ്കിലും ഒരു ദാനിയേല്‍ കര്‍ത്താവിനുവേണ്ടി ഒരു നിലപാടെടുക്കുന്നത് അവര്‍ കാണുമ്പോള്‍, അവര്‍ അവനോട് ചേരും. അതുകൊണ്ട് ദൈവം ഇന്ന് ദാനിയേല്‍മാര്‍ക്കായി അന്വേഷിക്കുന്നു.
നിങ്ങള്‍ അത്തരത്തില്‍ – കര്‍ത്താവിനുവേണ്ടി ഒരു ദാനിയേല്‍ ആയിരിക്കുമോ? നിങ്ങള്‍ ഇപ്രകാരം പറയുമോ, “ശിഷ്യത്വത്തെക്കുറിച്ചു ദൈവവചനത്തിലുളള ഉപദേശങ്ങളെയോ (ലൂക്കോ 14:26-33), ഗിരി പ്രഭാഷണത്തില്‍ യേശു പഠിപ്പിച്ച കാര്യങ്ങളെയോ ( മത്തായി 5 മുതല്‍ 7 വരെയുളള അദ്ധ്യായങ്ങള്‍), പുതിയ ഉടമ്പടിയെക്കുറിച്ചോ (റോമര്‍ 6:14), ക്രസ്തുവിന്‍റെ ശരീരത്തെക്കുറിച്ചോ (എഫെ 4:11-16) വേറെ എന്തെങ്കിലുമോ ഞാന്‍ വിട്ടുവീഴ്ച ചെയ്യുകയില്ല. ഒത്തു തീര്‍പ്പുകാരനായ പാസ്റ്ററെയോ, മൂപ്പനെയോ, ഏതെങ്കിലും വിശ്വാസിയെയോ പ്രസാദിപ്പിക്കുന്ന കാര്യം ഞാന്‍ അന്വേഷിക്കുകയില്ല. ദൈവത്തിന്‍റെ വചനം പറയുന്ന കാര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ 100% നിലകൊളളും”.
അത്തരം ഒരു ദാനിയേല്‍ – ശുശ്രൂഷയുടെ വലിയ ഒരാവശ്യം ഇന്ന് ലോകത്തിലുണ്ട് – “അനേകരെ നീതിയിലേക്കു തിരിക്കുന്ന” പുരുഷന്മാരുടെയും സ്ത്രീകളുടെയും ( ദാനി 12:4). ഈ വാക്യം, നീതിയെക്കുറിച്ചു പ്രസംഗിക്കുന്ന പ്രസംഗകരെ അല്ല പരാമര്‍ശിക്കുന്നത്, എന്നാല്‍ മറ്റുളളവരെ നീതിയിലേക്കു നയിക്കുന്ന സാധാരണ വിശ്വാസികളെയാണ് – അവരുടെ വാക്കിനാലും ജീവിതം കൊണ്ടും.
ലൂസിഫര്‍ – ശുശ്രൂഷ
ഈ ദാനിയേല്‍ – ശുശ്രൂഷയ്ക്ക് നേരെ വിപരീതമായ മറ്റൊരു ശുശ്രൂഷയെപ്പറ്റി നാം തിരുവചനത്തില്‍ വായിക്കുന്നു.
അതാണ് ലൂസിഫര്‍ – ശുശ്രൂഷ
വെളിപ്പാട് 12:4ല്‍, നാം വായിക്കുന്നത്, ലൂസിഫര്‍ ( യെശ.14:12-കെ ജെ വി – സാത്താനായി തീര്‍ന്നവന്‍) സ്വര്‍ഗ്ഗത്തിലെ മൂന്നിലൊന്ന് ദൂതന്മാരെ ( നക്ഷത്രങ്ങളെ) അവന്‍റെ കൂടെ അവന്‍ താഴോട്ടു വലിച്ചിട്ടു എന്നാണ്. (ഇയ്യോബ്ബ് 38:7ല്‍ ദൂതന്മാര്‍ നക്ഷത്രങ്ങളെന്നാണ് വിളിക്കപ്പെട്ടിരിക്കുന്നത്. യെശ.14:12ല്‍ ലൂസിഫറിനെ ” ഉദയനക്ഷത്രം” എന്നാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തോടുളള അവന്‍റെ മത്സരത്തില്‍ അവനോടു ചേരുവാന്‍ ലക്ഷക്കണക്കിനു ദൂതന്മാരില്‍ മൂന്നിലൊന്നു പേരെ നേടിയെടുക്കുന്നതില്‍ ലൂസിഫര്‍ വിജയിച്ചു. മത്സരികളായ എല്ലാ ദൂതന്മാരും ലൂസിഫറിനാല്‍ ഒരുമിച്ചു കൂട്ടി ചേര്‍ക്കപ്പെടുന്നതു വരെ ദൈവം കാത്തിരുന്നു. അതിനുശേഷം അവിടുന്ന് അവരെയെല്ലാം ഉടനെതന്നെ അവിടുത്തെ സന്നിധിയില്‍ നിന്നു പുറത്താക്കി. ഇവരാണ് ഇന്ന് മനുഷ്യരെ ബാധിച്ചുകൊണ്ട് ഭൂമിയില്‍ ഊടാടിസഞ്ചരിക്കുന്ന പിശാചുക്കള്‍ ( ഭൂതങ്ങള്‍).
എന്തുകൊണ്ടാണ് ഇത്രയധികം ദൂതന്മാരെ വഴിതെറ്റിക്കുവാന്‍ ലൂസിഫറിനെ ദൈവം അനുവദിച്ചത്? അത് അസംതൃപ്തരും, മത്സരികളുമായ എല്ലാ ദൂതന്മാരില്‍ നിന്നും സ്വര്‍ഗ്ഗത്തെ ശുദ്ധീകരിക്കുന്നതിനു വേണ്ടി ആയിരുന്നു. ലൂസിഫര്‍ എഴുന്നേറ്റ് അവരോട് സംസാരിക്കുകയും ദൈവത്തിനെതിരായുളള മത്സരത്തിലേക്ക് അവരെ നയിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍, ആ ദൂതന്മാരിലുളള മത്സരത്തിന്‍റെ ആത്മാവ് പുറത്തു കൊണ്ടുവരപ്പെടുകയില്ലായിരുന്നു.
അതു പോലെ, സഭയില്‍ ലൂസിഫര്‍ – ശുശ്രൂഷ ഉളളവരായിരിക്കുവാന്‍ സഹോദരീ സഹോദരന്മാരെ ദൈവം ഇന്നും അനുവദിക്കുന്നു. (പണ്ടത്തെ ലൂസിഫറിനെ പോലെ) സഭയിലെ അധികാരികള്‍ക്കെതിരായി മത്സരത്തിന്‍റെ ആത്മാവുളളവരെ , വ്യത്യസ്തരായ വിശ്വാസികളെ കണ്ടുമുട്ടിയും, ഇ- മെയില്‍ അയച്ചും, ദൂഷണം പറഞ്ഞും, കുറ്റപ്പെടുത്തിയും കളളം പറഞ്ഞും, ദോഷം സംസാരിച്ചും കൊണ്ട് ചുറ്റിനടക്കുവാന്‍ ദൈവം അനുവദിക്കുന്നു, അത് സഭയിലുളള അസംതൃപ്തരും , മത്സരികളും ലൗകികന്മാരുമായ വിശ്വാസികളെ തിരിച്ചറിയുവാനും തുറന്നു കാട്ടുവാനും വേണ്ടിയാണ്. പിന്നീട് അവര്‍ ഓരോരുത്തരായോ ഒരുമിച്ചോ സഭ വിട്ടുപോകും. അങ്ങനെ പ്രാദേശിക സഭ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ നിര്‍മ്മലമായ ഒരു പ്രകാശനം ആകത്തക്കവിധം ശുദ്ധീകരിക്കപ്പെടുന്നു (സ്വര്‍ഗ്ഗം ശുദ്ധീകരിക്കപ്പെട്ടതു പോലെ).
ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് യഥാര്‍ത്ഥ ലൂസിഫറിനെ സ്വര്‍ഗ്ഗത്തില്‍ ചുറ്റി നടക്കുന്നതില്‍ നിന്ന് തടയാതിരുന്നതു പോലെ തന്നെ ഇന്ന് അത്തരം ലൂസിഫര്‍ -ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഭയില്‍ ചുറ്റി നടക്കുന്നതില്‍ നിന്ന് ദൈവം തടയുന്നില്ല. സഭയെ ശുദ്ധീകരിക്കുന്നതിനുളള ദൈവത്തിന്‍റെ മാര്‍ഗ്ഗം അതാണ്.
എന്നാല്‍ അത്തരം ഒരു ലൂസിഫര്‍ -ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരായി വിശ്വാസികള്‍ക്കു നാം മുന്നറിയിപ്പു നല്‍കണം. പൗലൊസ് ഇപ്രകാരം പറഞ്ഞു കൊണ്ട് വിശ്വാസികള്‍ക്കു മുന്നറിയിപ്പു നല്‍കി, ” സഹോദരന്മാരെ, നിങ്ങള്‍ പഠിച്ച ഉപദേശത്തിനു വിപരീതമായി പഠിപ്പിച്ചുകൊണ്ട് ഭിന്നത ഉണ്ടാക്കുന്നവരെ സൂക്ഷിച്ചു കൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നുമാറുവിന്‍, അങ്ങനെയുളളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെ അത്രെ സേവിക്കുന്നത്. അവര്‍ ചക്കരവാക്കും മുഖസ്തുതുയും പറഞ്ഞുകൊണ്ട് സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു”. (റോമര്‍ 16: 17,18- എന്‍.എല്‍ റ്റി).
അങ്ങനെയുളളവര്‍ക്കു എന്തു ചെയ്യാന്‍ കഴിയും എന്നതിനെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ അവരോടു പോരാടുന്നില്ല. അവര്‍ക്കു സഭയെ മലിനപ്പെടുത്തുവാന്‍ കഴിയുകയില്ല. ദൈവത്തിന്‍റെ തോട്ടത്തില്‍ നിന്ന് കളകള്‍ എടുത്തുമാറ്റിക്കളയുക മാത്രമെ അവര്‍ക്കു ചെയ്യാന്‍ കഴിയുകയുളളു. അതുകൊണ്ട് അവര്‍ വാസ്തവത്തില്‍ സഭയെ ശുദ്ധീകരിക്കുന്നതിലൂടെ നമ്മെ സേവിക്കുകയാണ് ചെയ്യുന്നത്! ദൈവം തന്നെ അവിടുത്തെ സഭയെ സംരക്ഷിക്കുന്നു.
അപ്പൊസ്തലനായ യോഹന്നാന്‍ പറഞ്ഞതുപോലെ, ” ഇവര്‍ വാസ്തവത്തില്‍ നമ്മുടെ കൂട്ടായ്മയിലുളളവര്‍ ആയിരുന്നില്ല, അതുകൊണ്ടാണ് അവര്‍ നമ്മെ വിട്ടുപോയത്. അവര്‍ നമ്മുടെ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍, അവര്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു. എന്നാല്‍ അവരില്‍ ആരും യഥാര്‍ത്ഥമായി നമ്മുടെ കൂടെയുളളവരല്ല എന്നു വ്യക്തമാകേണ്ടതിനാണ് അവര്‍ നമ്മെ വിട്ടുപോയത്” (1 യോഹന്നാന്‍ 2:19 – റ്റി ഇ വി.
അവിടുത്തെ സഭയെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ എല്ലാം ദൈവം നശിപ്പിക്കും ( 1 കൊരി 3:17). എന്നാല്‍ ദൈവം ആരുടെയും നാശം ആഗ്രഹിക്കുന്നില്ല. നാമും അതാഗ്രഹിക്കുന്നില്ല. ദൈവം ദീര്‍ഘക്ഷമയുളളവനായി, അവിടുന്നു ന്യായം വിധിക്കുന്നതിനു മുമ്പ് അനേകം വര്‍ഷങ്ങള്‍ കാത്തിരിക്കുന്നു -കാരണം ആരും നശിച്ചു പോകുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടുന്നാഗ്രഹിക്കുന്നു. നാമും അതാഗ്രഹിക്കുന്നു.
നോഹയുടെ കാലത്ത് ദൈവം 120 വര്‍ഷം കാത്തിരുന്നു. എന്നാല്‍ ദൈവം വിധിക്കുമ്പോള്‍, അവിടുത്തെ ന്യായവിധി കഠിനമായിരിക്കും.
വിഭാഗീയതകളില്‍ ദൈവത്തിന്‍റെ ഉദ്ദേശ്യം
ഒരിക്കലും ഒരു ഛിദ്രവും ഉണ്ടായിട്ടില്ല എന്ന് ഏതെങ്കിലും സഭ പുകഴുന്നെങ്കില്‍ അതു ഭോഷത്തമാണ്. നാം കണ്ടതുപോലെ, സ്വര്‍ഗ്ഗത്തില്‍ തുടക്കത്തില്‍ത്തന്നെ ദൂതന്മാരുടെ ഇടയില്‍ ഒരു വിഭജനം ഉണ്ടായി. അത്തരം വിഭജനങ്ങള്‍ ആവശ്യമാണ്. പരിശുദ്ധാത്മാവു പറയുന്നു, “നിങ്ങളില്‍ അംഗീകരിക്കപ്പെട്ടവര്‍ ( ദൈവത്താല്‍) വെളിവാകേണ്ടതിന് നിങ്ങളുടെ ഇടയില്‍ ( സഭയില്‍) ഭിന്നത ഉണ്ടാകേണ്ടതുണ്ട്. (1 കൊരി 11.19).
ദൈവം ആദ്യം വെളിച്ചം സൃഷ്ടിച്ചപ്പോള്‍, ” വെളിച്ചം നല്ലതെന്ന് അവിടുന്നു കണ്ടു”. അടുത്തപടിയായി അവിടുന്നു ചെയ്തത് ഉടനെതന്നെ “അവിടുന്നു വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിച്ചു” എന്നതാണ് (ഉല്‍പത്തി 1:4). അന്നു മുതല്‍ എക്കാലവും ദൈവം അവിടുത്തെ സഭയില്‍ അതു ചെയ്തു കൊണ്ടിരിക്കുന്നു – കാരണം വെളിച്ചത്തിന് ഇരുളിനോട് ഒരു കൂട്ടായ്മയുമില്ല. അത്തരം ഒരു വേര്‍തിരിവ് ഇല്ലെങ്കില്‍ ഭൂമിയിലെ സഭയില്‍ ദൈവത്തിന്‍റെ സാക്ഷ്യം ദൂഷിതമാകും. അതു കൊണ്ട് നമുക്ക് നിര്‍മ്മലമായ ഒരു സഭ ഉണ്ടാകേണ്ടതിന് നാം പിന്നിലേക്കു മാറി നിന്ന് ആളുകളെ തങ്ങളുടെ ലൂസിഫര്‍ – ശുശ്രൂഷ ചെയ്യുന്നതിന് അനുവദിക്കും! സത്യത്തില്‍ ദൈവത്തിന്‍റെ വഴികള്‍ വളരെ അതിശയകരമാണ്.
നമുക്കെല്ലാവര്‍ക്കും ഒന്നുകില്‍ ഒരു ദാനിയേല്‍ – ശുശ്രൂഷ (സഭയില്‍ ഐക്യതയും കൂട്ടായ്മയും പണിയുന്ന ശുശ്രൂഷ) അല്ലെങ്കില്‍ ഒരു ലൂസിഫര്‍ -ശുശ്രൂഷ (ഭിന്നിപ്പ് വിതയ്ക്കുന്ന ശുശ്രൂഷ) ഉണ്ടാകാം. ഭിന്നത വിതയ്ക്കുന്നവരെ ദൈവം വെറുക്കുന്നു.(സദൃശ:6 :16 -19). ഈ കാര്യത്തില്‍ നമുക്ക് നിഷ്പക്ഷമായി നില്‍ക്കാന്‍ കഴിയില്ല, കാരണം അവിടുത്തോടു ചേര്‍ക്കാത്തവന്‍ തന്നില്‍ നിന്നു ദൂരെ ചിതറിക്കുന്നു എന്ന് യേശു പറഞ്ഞു. സഭയില്‍ രണ്ടു ശുശ്രൂഷകള്‍ മാത്രമെ ഉളളൂ- കൂട്ടിചേര്‍ക്കുന്നതും ചിതറിക്കുന്നതും (മത്തായി .12:30).
ഞങ്ങളുടെ സഭകളില്‍, സ്ഥാനമാനങ്ങള്‍ അന്വേഷിക്കുന്നവരെ, അല്ലെങ്കില്‍ തര്‍ക്കത്തിന്‍റെ ആത്മാവുളളവരെ, അല്ലെങ്കില്‍ ആത്മീയമായി തങ്ങളെക്കാള്‍ മുന്നില്‍ പോകുന്ന ഇളയ സഹോദരങ്ങളോട് അസൂയാലുക്കളായവരെ തുറന്നു കാട്ടുന്നതിനും ഞങ്ങളുടെ ഇടയില്‍ നിന്നു നീക്കി കളയുന്നതിനും വേണ്ടി കര്‍ത്താവ് അതിശയകരമായും വിദഗ്ധമായും സാഹചര്യങ്ങളെ ക്രമീകരിച്ചിട്ടുണ്ട്. അത്തരത്തിലുളള ” കൗശലക്കാരെ” ദൈവം “അവരുടെ കൗശലത്തില്‍ “പിടിച്ചിട്ടുണ്ട് ( 1 കൊരി 3:19). അതുവഴി സഭയെ ” ഹൈജാക്ക്” ചെയ്യാനുളള അവരുടെ ആലോചനകളെ വിഫലമാക്കിയിട്ടുണ്ട്. ഇത് നമ്മോടുളള കര്‍ത്താവിന്‍റെ കരുതലിന്‍റെയും, നമ്മുടെ സഭകളില്‍ അവിടുത്തെ നാമത്തിനുവേണ്ടി നിര്‍മ്മലമായ ഒരു സാക്ഷ്യം ഉണ്ടാകണമെന്നുളള അവിടുത്തെ തീവ്രമായ ആഗ്രഹത്തിന്‍റെയും ഒരു തെളിവാണ്.
അത്തരം സാത്താന്യമായ ആക്രമണങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കേണ്ടതിന് അവിടുന്ന് സ്ഥിരമായി നമ്മുടെ മേല്‍ ദൃഷ്ടിവച്ചിരിക്കുന്നതിനാല്‍ നാം കര്‍ത്താവിനെ സ്തുതിക്കുന്നു. ” യഹോവ പട്ടണം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ വൃഥാജാഗരിക്കുന്നു” (സങ്കീ 127:1). സഹോദരന്മാര്‍ ഐക്യതയില്‍ ഒരുമിച്ചുവസിക്കുന്നിടത്തു മാത്രമെ കര്‍ത്താവിന് അവിടുത്തെ അനുഗ്രഹം കല്പിക്കുവാന്‍ കഴിയൂ. (സങ്കീ 133:1,3). ഐക്യതയുളള ഒരു സഭയ്ക്കു മാത്രമെ പാതാള ഗോപുരങ്ങളെ ജയിക്കാന്‍ കഴിയൂ. അതു കൊണ്ട് ഞങ്ങളെ ഐക്യതയുളള ഒരു ശരീരമായി സംരക്ഷിക്കേണ്ടതിന്, ഞങ്ങളുടെ എല്ലാ സഭകളില്‍ നിന്നും ഐക്യതയെ തടസ്സപ്പെടുത്തുന്ന എല്ലാവരെയും നീക്കുവാനായി, പരിശുദ്ധാത്മാവ് ശക്തിയോടെ ഞങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു.
നമ്മുടെ ഇടയില്‍ ഭാവിയിലും കര്‍ത്താവ് ഈ പ്രവൃത്തി തുടരേണ്ടതിനായി നാം പ്രാര്‍ത്ഥിക്കണം – കാരണം നമ്മുടെ മദ്ധ്യത്തില്‍, ഏതു സമയത്തും, ആളുകള്‍ നിഗളികളായി സ്വന്തം അന്വേഷിക്കുവാനുളള സാധ്യത എല്ലായ്പോഴും ഉണ്ട്. ഏതുവിധത്തിലും നമ്മോടുളള ദൈവത്തിന്‍റെ വാഗ്ദത്തം ഇതാണ്: ” അന്നാളില്‍ ഞാന്‍ നിന്‍റെ മധ്യേ നിന്നു നിന്‍റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കി കളയുംٹ.. ഞാന്‍ നിന്‍റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉളെളാരു ജനത്തെ ശേഷിപ്പിക്കും. അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും”. (സെഫ. 3:11,12).അത്തരത്തില്‍ താഴ്മയും വിനയവും ഉളളവരെ കൊണ്ടു മാത്രമെ സഭയെ ഐക്യതയില്‍ പണിയുവാന്‍ സാധിക്കുകയുളളൂ.
കര്‍ത്താവ് അവിടുത്തെ സഭയെ നിര്‍മ്മലതയില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ആസൂയാലുവാണ്, അതുകൊണ്ട് ദൈവാലയത്തില്‍ നിന്ന് നാണയം ക്രയവിക്രയം ചെയ്യുന്നവരെ ശരിയായ സമയത്ത് പുറത്താക്കിയതു പോലെ, അവിടുന്നു തന്നെ സ്വന്തം അന്വേഷിക്കുന്നവരെ, അവിടുത്തെ വഴിയില്‍ അവിടുത്തെ സമയത്തു വെളിച്ചത്തു കൊണ്ടുവരികയും നീക്കികളയുകയും ചെയ്യും.
നമുക്കൊല്ലാവര്‍ക്കും ഈ അന്ത്യനാളുകളില്‍, നാം എങ്ങനെ ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നോ അതുപോലെ ജീവിക്കുവാനുളള കൃപയും ജ്ഞാനവും ഉണ്ടായിട്ട് – ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലായിടത്തും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സഭ ഒരു നിര്‍മ്മല സാക്ഷ്യമായി പണിയപ്പെടുവാന്‍ ഇടയാകട്ടെ ആമേന്‍.