ദൈവ ഭക്തനായ ഒരു മനുഷ്യന്റെ മഹത്തായ ഉദാഹരണം – WFTW 06 ഒക്ടോബര്‍ 2013

സാക് പുന്നന്‍

ദൈവവചനങ്ങള്‍ എഴുതുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍ അവിടുന്നു ആദ്യം എഴുതുവാന്‍ പ്രേരണ നല്കിയ പുസ്തകം ഒരു മനുഷ്യനെ കുറിച്ചായിരുന്നത് വളരെ രസകരമായ ഒരു കാര്യമായി നാം കാണുന്നു. ദൈവം എല്ലായ്പ്പോഴും നോക്കുന്നത് എന്താണെന്നാണ് അതു കാണിക്കുന്നത് . അവിടുന്ന് ഹാനോക്കിന്റെ കാലത്തും നോഹയുടെ കാലത്തും ഇയ്യോബിന്റെ കാലത്തും എല്ലാം ദൈവഭക്തനായ ഒരു മനുഷ്യനെ അന്വേഷിക്കുന്നു. ദൈവ വചനമായി 66 പുസ്തകങ്ങള്‍ നമുക്ക്  നല്‍കുവാനാണ് ദൈവം പദ്ധതിയിട്ടിരുന്നത് . അതിലെ ആദ്യ പുസ്തകം തന്നെ അവിടുത്തെ ഹൃദയത്തില്‍ ആദ്യം വരുന്ന കാര്യം സംബന്ധിച്ചാണ്. ദൈവഭക്തനായ ഒരു മനുഷ്യനെ കുറിച്ചുള്ള കാര്യങ്ങളാണത് .

ഇപ്പോള്‍ ശ്രദ്ധിക്കുക ദൈവശ്വാസീയമായ ദൈവവചനത്തിലെ  ആദ്യ വാചകം തന്നെ ഇങ്ങനെയാണ്  ‘ഊസ്  ദേശത്ത് ഇയ്യോബ്  എന്നു പേരായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ നിഷ്‌കളങ്കനും നേരുള്ളവനും ദൈവത്തെ ഭയപ്പെടുന്നവനും  തിന്മ വിട്ടു അകലുന്നവനുമായിരുന്നു.’ (ഇയ്യോബ് 1:1 ). ദൈവ വചനത്തിലെ ആദ്യ വാചകത്തില്‍ തന്നെ ദൈവത്തിന്റെ ഹൃദയം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നുണ്ടോ? അത് ഒരു മനുഷ്യനെ കുറിച്ചായിരുന്നു . ഇയ്യോബ് എന്ന പേരുകൊണ്ട്  അറിയപ്പെട്ടവന്‍ ഊസ് ദേശത്ത്  താമസിക്കുന്നവനെന്നതു കൊണ്ടു തിരിച്ചറിയപ്പെട്ട ഒരു മനുഷ്യന്‍ (മറ്റെവിടെങ്കിലും താമസിക്കുന്ന ഇയ്യോബുമായി തെറ്റിദ്ധരിക്കാതിരിക്കുനതിനു വേണ്ടി). ദൈവം ആ മനുഷ്യനെ കുറിച്ചുള്ള തന്റെ സാക്ഷ്യം ഇവിടെ പറയുന്നു. അത് അവന്റെ കഴിവുകളെ കുറിച്ചോ സന്പത്തിനെകുറിച്ചോ അവന്റെ പ്രശസ്തിയെ കുറിച്ചോ ഒന്നുമല്ല എന്നാല്‍ അവന്റെ സ്വഭാവത്തെ കുറിച്ച് മാത്രമാണ്. നേരുള്ളതും ദൈവത്തെ ഭയപ്പെടുന്നതും തിന്മ വിട്ടകലുന്നതുമായ ഒരു ജീവിതത്തെയാണ് ദൈവം വിലമതിക്കുന്നതെന്നു നാം ഇവടെ കാണുന്നു.

വേദപുസ്തക പരിജ്ഞാനമുള്ളവരെയല്ല ദൈവം നോക്കുന്നത്. ഇയ്യൊബിനു വേദപുസ്തക പരിജ്ഞാനം ഒട്ടും ഇല്ലായിരുന്നു.കാരണം അന്ന് വേദപുസ്തകം തന്നെ ഉണ്ടായിരുന്നില്ല.ദൈവഭക്തിയുടെ ഒരു ജീവിതത്തിലേയ്ക്ക്  അവനെ ഉത്സാഹിപ്പിക്കുവാന്‍ ആരും അവന്റെ ചുറ്റിലുമില്ലയിരുന്നു. ആ കാലത്തുണ്ടായിരുന്ന ചില പ്രസംഗകരാകട്ടെ അവനെ യഥാര്‍ത്ഥത്തില്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ ഇതിന്റെയെല്ലാം നടുവില്‍  അവന്‍ നേരുള്ള ഒരു ജീവിതമാണ് ജീവിച്ചത്.

ദൈവം സാത്താനോട് ഇയ്യോബിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ എന്തൊക്കെയാണെന്നു പറയുന്നു ‘അവനെ പോലെ നിഷ്‌കളങ്കനും നേരുള്ളവന്നും ദൈവത്തെ ഭയപ്പെടുന്നവന്നും തിന്മ വിട്ടകലുന്നവനുമായി ഭൂമിയില്‍ ഒരുത്തനുമില്ലല്ലോ (ഇയ്യോബ് 1:8). ദൈവഭയം അല്ലെങ്കില്‍ ദൈവഭക്തി  എന്നതാണ് ദൈവശ്വാസീയമായ ദൈവവചനത്തിലെ ആദ്യ  പുസ്തകത്തില്‍ പല തവണ പരാമര്‍ശിച്ചിരിക്കുന്ന വിഷയം ദൈവം ഇയ്യോബിനെ ഭൂമിയിലുള്ള മറ്റ് മനുഷ്യരുമായി താരതമ്യം ചെയ്യുന്നത് നാം കാണുന്നു. ദൈവം അത് ഇന്നും ചെയ്യുന്നു

സാത്താന്‍ ഇയ്യോബിനെ ലക്ഷ്യം വെച്ചതില്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല കാരണം നേരോടെ നടക്കുന്ന എല്ലാ മനുഷ്യരേയ്യും സാത്താന്‍ വെറുക്കുന്നു. ആ കാലഘട്ടത്തില്‍ ഇയ്യോബിനെ അവന്‍ വെറുത്തു. അത്തരത്തില്‍ നേരുള്ളവരെ അവന്‍ ഇന്നും വെറുക്കുന്നു. അതിനാലാണ് അവന്‍ തന്റെ മുഴുവന്‍ ശക്തിയുമെടുത്ത് നാം ദൈവഭക്തരാകാതിരിക്കുന്നതിനു വേണ്ടി പലതും ചെയ്യുന്നത്. സാത്താന്‍ ഇയ്യോബിനെ അവന്റെ ഭാര്യയിലൂടെയും ജഡികരായ ചില പ്രസംഗകരിലൂടെയും പീഡിപ്പിച്ചു. പക്ഷെ ഇതൊന്നും ഇയ്യൊബിനു ദൈവത്തോടുണ്ടായിരുന്ന ഭക്തിക്കു ഒരു കുറവും വരുത്തിയില്ല. എത്ര മഹത്തായ ഒരു മനുഷ്യനായിരുന്നു ഇയ്യോബ്. എത്ര വലിയ വെല്ലുവിളിയാണ് അവന്‍ നമുക്കു നല്‍ക്കുന്നത്. നമുക്കും അവനെപ്പോലെയാകാം.

ഇനി ഇയ്യോബ് ഓരോ ശോധനകളോടും എങ്ങനെയാണ് പ്രതികരിച്ചതെന്നു കാണുക. അവനുള്ളതെല്ലാം നഷ്ടപ്പെട്ടതായി അവന്‍ കേള്‍ക്കുന്നു. ഒന്നിനു  പുറകെ ഒന്നായി ദാസന്മാര്‍  വന്നു എല്ലാം നഷ്ടപ്പെട്ടെന്നു അറിയിക്കുന്നു. ‘അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു. അദ്ദേഹം വസ്ത്രം കീറി തല മുണ്ഡനം ചെയ്തു അദ്ദേഹം സാഷ്ടാംഗം വീണു നമസ്‌കരിച്ചു.’ (ഇയ്യോബ് 1:20). ദൈവശ്വാസീയമായ വേദപുസ്തകത്തിന്റെ ആദ്യ താളുകളില്‍ തന്നെ നാം കാണുന്ന മറ്റൊരു കാര്യമിതാണ്. ദൈവഭാക്തരായ മനുഷ്യന്‍ ഒരു ആരാധകനാണ്. വേദപുസ്തക പരിജ്ഞാനമുണ്ടാക്കുന്നതിനെക്കാളും ദൈവത്തെ സേവിക്കുന്നതിനേക്കാളും അധികമായി ദൈവഭക്തനായ ഒരു മനുഷ്യന്‍ ഒന്നാമത് ഒരു ആരാധകനായിരിക്കും.എല്ലാമുള്ളപ്പോള്‍ നിങ്ങള്‍ ഒരു ആരാധകനായിരിക്കണം. നിങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെടുന്പോഴും ഒരു ആരാധകനായിരിക്കണം. യേശു പറഞ്ഞു  ‘ദൈവം ആത്മാവാകുന്നു ദൈവത്തെ  ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും ആരാധിക്കണം. ഇങ്ങനെയുള്ള ആരാധകരെയത്രെ പിതാവ് അന്വേഷിക്കുന്നത് ‘ (യോഹന്നാന്‍ 4:23,24). ദൈവത്തെ ആരാധിക്കുകയെന്നാല്‍ എല്ലാം ദൈവത്തിനു നല്‍കുക എന്നതാണ് .

ഇയ്യോബ് പറഞ്ഞു ‘എന്റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്നും ഞാന്‍ നഗ്‌നനായി പുറപെട്ടു വന്നു, നഗ്‌നനായിത്തന്നെ ഞാന്‍ മടങ്ങി പോകും. യെഹോവ തന്നു യഹോവ എടുത്തു. യഹോവയുടെ നാമം മഹാത്വപ്പെടുമാറാകട്ടെ’. ഇതിലൊന്നും ഇയ്യോബ് പാപം ചെയ്കയൊ ദൈവത്തെ പഴിക്കുകയൊ ചെയ്തില്ല’ (ഇയ്യോബ്  1:21,22). ഇയ്യോബ് ഇവിടെ താന്‍ നഗ്‌നനായി വന്നു നഗ്‌നനായി മണ്ണിലേയ്ക്കു മടങ്ങി പോകും എന്നത് കൊണ്ട് ഭൂമി മാതാവിലേയ്ക്കു മടങ്ങുന്നതിനെയാകാം സുചിപ്പിക്കുന്നത് . ദൈവം തന്റെ ജീവിതത്തില്‍ അനുവദിച്ചതെല്ലാം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

ദൈവത്തോടുള്ള ഇയ്യോബിന്റെ സമര്‍പ്പണത്തെ  കുറിച്ച് ചിന്തിക്കുന്പോൾ എനിക്കു അത്ഭുതം തോന്നുകയാണ്. നമുക്കിന്നുള്ളതു പോലെ യേശുവിന്റെയോ അപ്പസ്‌തോലന്മാരുടെയോ ഉദാഹരണങ്ങള്‍  അദ്ദേഹത്തിനുണ്ടായിരുന്നില്ല. തനിക്കു പിന്തുടരുവാന്‍ ഒരു മാതൃകയും അദ്ദേഹത്തിനില്ലായിരുന്നു. നമ്മുക്കുള്ളതു പോലെ പരിശുദ്ധാത്മാവിന്റെ ശക്തിയും അദ്ദേഹത്തിനില്ലായിരുന്നു.നമുക്കുള്ളതുപോലെ  വേദപുസ്തകവും ഇല്ലായിരുന്നു. ഉത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കാനുമായി സഹവിശ്വാസികളൊ  സ്വന്തം ഭാര്യപോലുമോ അദ്ദേഹത്തിനില്ലായിരുന്നു. ഇയ്യോബിനുണ്ടായിരുന്നത് ദൈവം മാത്രമായിരുന്നു. അദ്ദേഹത്തിനു ദൈവം മാത്രം മതിയായിരുന്നു. ഇയ്യൊബിനു അത്ര മഹത്തായ ഒരു ജീവിതത്തിലേയ്ക്കു കടക്കാമെങ്കില്‍ പിന്നെ എന്തു കൊണ്ട് നമുക്കും കടന്നുകൂട?

What’s New?