ദൈവഭക്തി ഒന്നാമതു ഭവനത്തില്‍
സാക് പുന്നന്‍
ആമുഖം
‘വിവാഹം’ എന്നതു മനുഷ്യന്‍റെയല്ല, ദൈവത്തിന്‍റെ ആശയമാണെന്ന് ഓര്‍ക്കുക. ആ ‘ഉല്പന്ന’ത്തിന്‍റെ ‘നിര്‍മാതാവ്’ ദൈവമാണെന്നു പറയാം. അതു കൊണ്ട് ആ ‘ഉല്‍പ്പന്നം’ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതു സംബന്ധിച്ച നമ്മുടെ ആശയമല്ല മറിച്ച് അതു സംബന്ധിച്ച നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങളാണു പ്രധാനം.
‘നിര്‍മാതാവി’ന്‍റെ നിര്‍ദ്ദശങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇതാ:
“ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പ്പെട്ടിരിപ്പിന്‍
ഭാര്യമാരേ, കര്‍ത്താവിന് എന്നപോലെ സ്വന്തഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങുവിന്‍. ക്രിസ്തു ശരീരത്തിന്‍റെ രക്ഷിതാവായി സഭയ്ക്കു തലയാകുന്നതുപോലെ ഭര്‍ത്താവു ഭാര്യയ്ക്കു തലയാകുന്നു.
ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചു തന്നെത്താന്‍ ഏല്‍പ്പിച്ചുകൊടുത്തതു പോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍.
അവ്വണ്ണം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. (അപ്പോള്‍) ഇരുവര്‍ ഒന്നാകും” (എഫേസ്യര്‍ 5:21-31)
ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പദ്ധതികള്‍ക്കു കീഴടങ്ങിയിരിപ്പിന്‍. ആന്തരികമായി, ഹൃദയത്തില്‍ സൗന്ദര്യമുള്ളവരായിരിപ്പിന്‍. ദൈവത്തിനു വിലയേറിയതായ സൗമ്യതയും സാവധാനതയുമുള്ള ആത്മാവോടെ ആയിരിക്കുക.
നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ നിങ്ങളുടെ ഭാര്യമാരെക്കുറിച്ചു കരുതലുള്ളവരായിരിക്കണം. അവരുടെ ആവശ്യങ്ങളെക്കുറിച്ചു ചിന്തിക്കണം. ബലഹീനപാത്രം എന്നു ചിന്തിച്ച് അവര്‍ക്കു ബഹുമാനം കൊടുക്കണം. നിങ്ങളും നിങ്ങളുടെ ഭാര്യയും കര്‍ത്താവിന്‍റെ അനുഗ്രഹങ്ങള്‍ക്കു കൂട്ടവകാശികളാണെന്ന് ഓര്‍ക്കുക. അവളോട് വേണ്ടവിധത്തില്‍ പെരുമാറിയില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കു മറുപടി കിട്ടാതെ പോകും.
ഇനിയുള്ള വാക്കുകള്‍ നിങ്ങള്‍ രണ്ടുകൂട്ടര്‍ക്കും വേണ്ടിയുള്ളതാണ്: അന്യോന്യം സഹതാപം ഉള്ള ഒരു സന്തുഷ്ടകുടുംബം ആയിരിക്കണം നിങ്ങളുടേത്. സരളമായ ഹൃദയത്തോടെ, താഴ്മയുള്ള മനസ്സോടെ അന്യോന്യം സ്നേഹിക്കുക” (1 പത്രോസ് 3: 1-8 പരാവര്‍ത്തനം)
“അന്യോന്യം ക്ഷമിക്കുക. ജീവിതപങ്കാളിയുടെ തെറ്റുകള്‍ക്ക് സ്നേഹത്തില്‍ ഇളവുകൊടുക്കുക” (എഫേസ്യര്‍ 4:2 പരാവര്‍ത്തനം)
നിര്‍മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഉല്‍പ്പന്നം നന്നായി പ്രവര്‍ത്തിക്കും എന്നോര്‍ക്കുക.
തുടര്‍ന്നു വായിക്കുക…..
1. സ്വർഗ്ഗീയ ഭവനം ഭൂമിയിൽ
(ഞങ്ങളുടെ മൂത്ത പുത്രൻ സഞ്ജയുടെയും കാത്തിയുടെയും വിവാഹ വേളയിൽ നൽകിയ സന്ദേശം)
എന്റെ മൂത്ത മകന്‍റെ വിവാഹത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞത് എനിക്കു വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ദീര്‍ഘ വര്‍ഷങ്ങളായി ഈ ദിവസത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
ആവര്‍ത്തന പുസ്തകം 11:18-21 വാക്യങ്ങള്‍, കിങ് ജെയിംസ് വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിട്ടുള്ള ഒരു പ്രയോഗം ഇന്നു സഞ്ജയോടും കാത്തിയോടും പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ ദൈവം ഇപ്രകാരം അരുള്‍ ചെയ്യുന്നു: “എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും പതിച്ചുകൊണ്ടാല്‍… നിങ്ങളുടെ നാളുകള്‍ ഈ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ ആയിത്തീരും”.
എത്ര മനോഹരമായ പദപ്രയോഗമാണിത്. നിങ്ങളുടെ നാളുകള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ ആയിത്തീരും.
ഈ സ്വര്‍ഗ്ഗത്തിലെ നാളുകളെക്കുറിച്ചു നമുക്കു സങ്കല്‍പിക്കുവാന്‍ കഴിയുമോ? വഴക്കും പിണക്കവും സംഘര്‍ഷങ്ങളുമില്ലാത്ത നാളുകള്‍. സമാധാനവും സന്തോഷവും മാത്രമുള്ള നാളുകള്‍. എല്ലായിടത്തും സ്നേഹം മാത്രം. അപ്രകാരമുള്ള ഒരു ഭവനം നിങ്ങള്‍ക്കും സാദ്ധ്യമാണ് എല്ലാ ദിവസവും സ്വര്‍ഗ്ഗം ഭൂമിയിലായിരിക്കുന്ന അനുഭവമുള്ള കുടുംബം. ഭൂമിയിലെ എല്ലാ കുടുംബങ്ങളും അങ്ങനെ ആയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു.
ബൈബിള്‍ ആരംഭിക്കുന്നതു ആദമിന്റെയും ഹവ്വയുടെയും വിവാഹത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. അവസാനിക്കുന്നതു ക്രിസ്തുവിന്റെയും സഭയുടെയും വിവാഹത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുമാണ്.
ദൈവം, ആദ്യ വിവാഹം (ആദം ഹവ്വമാരുടെ) ആശീര്‍വദിക്കുമ്പോള്‍ അവരുടെ നാളുകള്‍ സ്വര്‍ഗ്ഗീയ ദിനങ്ങളാകണമെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ ആദ്യഭവനം പറുദീസയായിരുന്നു-ഏദന്‍ പറുദീസ. എന്നാല്‍ സാത്താന്‍ കടന്നു വന്ന് അതിനെ ഒരു നരകമാക്കി. ഇന്നും ലോകത്ത് ഒട്ടേറെ ഭവനങ്ങളും ഇപ്രകാരമുള്ള നരകങ്ങളായിത്തീര്‍ന്നിരിക്കുന്നു.
എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല എന്നതില്‍ നമുക്കു ദൈവത്തെ സ്തുതിക്കാം. അവിടെ ഏദനില്‍ ആദം പാപം ചെയ്തപ്പോള്‍ തന്നെ ദൈവം തന്റെ പുത്രനെ അയച്ചു സാത്താന്റെ പ്രവൃത്തികളെ അഴിക്കും എന്നു സൂചിപ്പിക്കുന്ന വാഗ്ദാനം നല്‍കിയതായി ബൈബിള്‍ വ്യക്തമാക്കുന്നു. അവിടെനിന്നും ഈ മഹാസത്യം നാം ഗ്രഹിക്കുന്നു-പിശാചിനെതിരെ ദൈവം എല്ലായ്പോഴും നമുക്ക് അനുകൂലമായി നമ്മോടൊപ്പമുണ്ട്. ആദമിന്റെ പാപം കാരണമായി ദൈവം ഭൂമിയെ ശപിക്കുന്നതിനു മുമ്പു തന്നെ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ കഴിയുന്ന ഒരു സന്തതി സ്ത്രീയില്‍ നിന്നു ജന്മമെടുക്കുമെന്നു ദൈവം വാഗ്ദാനം നല്‍കി. അതിനു ശേഷമാണു ദൈവം ശാപ വചനങ്ങള്‍ കല്പിച്ചത്.
പിശാചു കടന്നു വന്നു കാര്യങ്ങളെയെല്ലാം തകിടം മറിച്ചു എങ്കിലും പിശാചിനെതിരായി ദൈവം തങ്ങളുടെ പക്ഷത്തുണ്ട് എന്ന കാര്യം ആദമും ഹവ്വയും അറിയണമെന്നു ദൈവം ആഗ്രഹിച്ചിരുന്നു. ഏതു കുടുംബത്തെ സാത്താന്‍ കലക്കിയാലും അതിനെതിരെ ആ കുടുംബങ്ങളെ ആ കലക്കത്തില്‍ നിന്നും വീണ്ടുകൊള്‍വാന്‍ ദൈവം നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. നമ്മെ തന്‍റെ യഥാര്‍ത്ഥ പദ്ധതിയിലേക്കു മടക്കിക്കൊണ്ടു വരുവാനും സ്വര്‍ഗ്ഗീയ ദിനങ്ങള്‍ നമ്മുടെ ജീവിതത്തിലാകുവാനും ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു. ഇപ്പോള്‍ ക്രിസ്തു ലോകത്തിലേക്കു വരികയും വീണ്ടെടുപ്പിന്‍റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇതു നമുക്കോരോരുത്തര്‍ക്കും ഒരു വലിയ സാദ്ധ്യതയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു.
നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ
കുറച്ചു നാളുകള്‍ക്കു മുമ്പ് ഞാന്‍ ഒരു ഡിജിറ്റില്‍ ക്യാമറ വാങ്ങുവാനിടയായി. അതിനു മുമ്പു ഫിലിം റോളുകള്‍ ഉപയോഗിക്കുന്ന സാധാരണ ക്യാമറയായിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ വില കൂടിയ ഈ ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ നന്നാവുകയല്ല, മോശമാവുകയാണെന്നു ഞാന്‍ കണ്ടെത്തി. അവ മങ്ങിയതും അവ്യക്തവുമായിരുന്നു. അത്രയും പണം ചെലവഴിച്ചതിനു ശേഷം ചവറ്റു കൊട്ടയില്‍ എറിയുവാന്‍ മാത്രം കൊള്ളാവുന്ന ചിത്രങ്ങളായിരുന്നു അതില്‍ നിന്നു പുറത്തു വന്നിരുന്നത്-ഇന്നത്തെ പല കുടുംബ ജീവിതങ്ങളെപ്പോലെ.
എന്തുകൊണ്ടായിരുന്നു അത്? അതിന്റെ കാരണം അതിനോടൊപ്പം ലഭിച്ച ചെറുപുസ്തകത്തിലെ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ വായിച്ചിരുന്നില്ല എന്നതാണ്. വിലപിടിപ്പുള്ള എല്ലാ ഉപകരണങ്ങളോടൊപ്പവും നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ചെറു പുസ്തകവും നമുക്കു ലഭിക്കാറുണ്ട്. കുടുംബം എന്ന സംവിധാനം ഉണ്ടാക്കിയ ദൈവം അതിനു വേണ്ട മാര്‍ഗ്ഗരേഖ നല്‍കാതെയിരിക്കുമോ? ഒരിക്കലുമില്ല. നമുക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ അവിടുന്നു നല്‍കിയിട്ടുണ്ട്. ഞാന്‍ എന്‍റെ ഡിജിറ്റല്‍ ക്യാമറയുടെ കാര്യത്തില്‍ ചെയ്തതുപോലെ നാം ആ നിര്‍ദ്ദേശങ്ങളെ അവഗണിച്ചതുകൊണ്ടാണ് നമ്മുടെ വിവാഹബന്ധങ്ങള്‍ ശിഥിലവും വ്യക്തതയില്ലാത്തതുമായിത്തീരുന്നത്.
എന്‍റെ ഡിജിറ്റല്‍ ക്യാമറയുടെ കാര്യത്തില്‍ ഞാന്‍ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ചു. കൃത്യതയോടെ അതനുസരിച്ചു. നിര്‍മ്മാതാവിനേക്കാള്‍ വൈദഗദ്ധ്യം എനിക്കുണ്ടെന്നു ചിന്തിക്കുവാന്‍ ഉള്ള ധൈര്യം ഞാന്‍ എടുത്തില്ല. അപ്രകാരം ഞാന്‍ ചിന്തിക്കുന്നതു ഭോഷത്തമാണ്. എന്നാല്‍ വിവാഹത്തില്‍ ആളുകള്‍ക്കു സംഭവിക്കുന്നത് ഇപ്രകാരമുള്ള ഭോഷത്തമാണ്. അവര്‍ നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നു. അവര്‍ വിചാരിക്കുന്നത് പാരമ്പര്യ വിശ്വാസങ്ങളുടെയോ മനഃശാസ്ത്രജ്ഞന്മാരുടെ ഉപദേശങ്ങളുടെയോ അടിസ്ഥാനത്തില്‍ ദൈവം വച്ചിരിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട കുടുംബ ബന്ധങ്ങളുണ്ടാക്കാമെന്നാണ്.
വിവാഹ ബന്ധത്തെ സംബന്ധിച്ചു സുവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ദൈവം നല്‍കിത്തന്നിരിക്കുന്നു. ക്യാമറാ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ കൃത്യമായി അനുസരിച്ചപ്പോള്‍ ചിത്രങ്ങള്‍ മിഴിവും പൂര്‍ണ്ണതയുള്ളതുമായി. ഇപ്രകാരം ഭാര്യാഭര്‍ത്താക്കന്മാര്‍ ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമ്പോള്‍ വിവാഹ ജീവിതവും മിഴിവുള്ളതാകും.
കുടുംബ ജീവിതത്തിനാവശ്യമായ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയ ഒരേ ഒരു പുസ്തകം മാത്രമേ ലോകത്തിലുള്ളു. അതു ബൈബിളാണ്. ഞാന്‍ വിവാഹിതനാകുന്നതിനു വളരെ മുമ്പു മുതലേ അതു പഠിക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ വിവാഹശേഷം ഞാനും എന്റെ ഭാര്യയും ഒരുമിച്ചിരുന്നു പഠിക്കുവാന്‍ തുടങ്ങി. അതുകൊണ്ട് 37 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തില്‍ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ എന്തെന്ന് അല്പമായിട്ടെങ്കിലും ഞങ്ങള്‍ക്ക് ആസ്വദിക്കുവാന്‍ കഴിഞ്ഞു.
സുവിശേഷം ഇങ്ങനെയാണ്, നമുക്കു രണ്ടു സ്വര്‍ഗ്ഗങ്ങള്‍ അനുഭവിക്കുവാന്‍ കഴിയും. ഒന്ന്. ഈ ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗത്തിന്‍റെ നാളുകള്‍. ഒടുവില്‍ യഥാര്‍ത്ഥ സ്വര്‍ഗ്ഗം കര്‍ത്താവായ യേശു വരുമ്പോള്‍ അവിടുത്തോടൊപ്പം.
അതല്ലെങ്കില്‍ രണ്ടു നരകങ്ങള്‍ – ഒന്ന് ഇപ്പോള്‍. മറ്റേത് ഒടുവില്‍ നിത്യ നരകവും. അവയില്‍ നിന്നും നമ്മെ രക്ഷിക്കുവാനാണ് കര്‍ത്താവു ഭൂമിയില്‍ വന്നത്.
അടിസ്ഥാനം
ഒരു രണ്ടു നിലക്കെട്ടിടത്തിലാണ് സഞ്ജയും കാത്തിയും താമസിക്കുവാന്‍ പോകുന്നത്. എന്നു വച്ചാല്‍ ഒരു കുടുംബജീവിതം അപ്രകാരമാണ്. ഒന്നാമതായി ആ കെട്ടിടത്തിന് ഒരു അടിസ്ഥാനമുണ്ട്. അതിന്മേലാണ് ഒന്നാം നിലയും രണ്ടാം നിലയും കെട്ടിപ്പൊക്കുന്നത്.
ഏതൊരു വീടിന്റെയും ഏറ്റവും പ്രധാന ഭാഗം അതിന്റെ അടിസ്ഥാനം തന്നെയാണ്. എല്ലാ വിവാഹത്തിനും ആവശ്യമുള്ളതു നല്ല അടിസ്ഥാനം തന്നെയാണ്. നല്ല വിവാഹത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ ഉപാധികളില്ലാത്ത പൂര്‍ണ്ണതയുള്ള സ്നേഹമാണ്. ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചുള്ള സത്യമാണ് ബൈബിളില്‍ നാം കണ്ടെത്തുന്ന ഏറ്റവും വലിയ സത്യം. നാം തെറ്റുമ്പോഴും ഭോഷത്തം കാണിക്കുമ്പോഴും പരാജയപ്പെടുമ്പോഴും നമ്മുടെ ജീവിതം ആകെ കുഴഞ്ഞു മറിഞ്ഞ് അവശതയിലാകുമ്പോഴും ദൈവത്തിന്റെ നമ്മോടുള്ള സ്നേഹം മാറ്റമില്ലാതെ തുടരുന്നു.
കുഞ്ഞിനോടു പെറ്റമ്മയ്ക്കുള്ള സ്നേഹത്തോടു ദൈവം അതിനെ ഉപമിക്കുന്നു. ആ സ്നേഹത്തിനു പ്രതിഫലമായി അമ്മ ഒന്നും തന്നെ കുഞ്ഞില്‍ നിന്നും ആഗ്രഹിക്കുന്നില്ല.
അതേസമയം നാം ടെലിവിഷനുകളിലും സിനിമകളിലും കാണുന്ന സ്നേഹവും പ്രേമവും ഒക്കെ സ്വാര്‍ത്ഥതയാണ്. ഒരു ചെറുപ്പക്കാരന്‍ ഒരു പെണ്‍കുട്ടിയോടു സ്നേഹമാണെന്നു പറയുമ്പോള്‍ അവന്‍ സ്വന്തം സന്തോഷത്തിനു വേണ്ടി അവളില്‍ നിന്നു ചിലതു പ്രതീക്ഷിക്കുന്നു. ആ പെണ്‍കുട്ടിയും അയാളില്‍ നിന്നു ചിലതു പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ സ്നേഹം തികച്ചും വ്യത്യസ്തമാണ്. അത് ഒരു കുഞ്ഞിനോട് അമ്മയ്ക്കുള്ള സ്നേഹം പോലെയാണ്. അവള്‍ തന്‍റെ കുഞ്ഞില്‍ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. തന്നെയുമല്ല കുഞ്ഞിന് അമ്മയ്ക്ക് ഒന്നും നല്‍കാനുള്ള കഴിവുമില്ല. ഭൂമിയില്‍ നിസ്വാര്‍ത്ഥ സ്നേഹത്തിന് ഏറ്റവും നല്ല ഉദാഹരണം അമ്മയുടെ സ്നേഹമാണ്. യെശയ്യാവ് 49:15ല്‍ കാണുന്ന ഉദാഹരണം ഈ മാതൃ സ്നേഹമാണ്. തിരികെ ഒന്നും പ്രതീക്ഷിക്കാത്ത തന്റെ സ്നേഹം, ദൈവം വരച്ചു കാണിക്കുന്നു. ഒരു അമ്മയെപ്പോലെ സഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈവം. രോഗിയായ ഒരു കുഞ്ഞിനെ അമ്മ എങ്ങനെയാണ് ശുശ്രൂഷിക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അപ്രകാരമാണു ദൈവം നമ്മെ സ്നേഹിക്കുന്നത്.
ഒരു പുതിയ കുടുംബം പണിയുവാന്‍ നിങ്ങളുടെ രണ്ടു പേരുടെയും അവബോധത്തില്‍ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ടത് ദൈവത്തിന്റെ ഈ പൂര്‍ണ്ണതയുള്ള സ്നേഹമാണ്. അതിനു മുകളിലാണ് രണ്ടു നിലകളുള്ള വീടു നിങ്ങള്‍ കെട്ടിപ്പടുക്കേണ്ടത്. നിങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായി ദൈവത്തിന്‍റെ ഈ സ്നേഹത്തില്‍ സുരക്ഷിതത്വം കണ്ടെത്തുന്നില്ല എങ്കില്‍ നിങ്ങളുടെ ഇടയില്‍ പല പ്രശ്നങ്ങളും ക്രമേണ സംജാതമാകും.
നമ്മുടെ ഒട്ടേറെ പ്രശ്നങ്ങളുടെയും വേരു നമ്മുടെ അരക്ഷിത ബോധത്തിലാണെന്നു ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഉപാധികളില്ലാത്ത സ്നേഹത്തില്‍ സുരക്ഷിതത്വം കണ്ടെത്തിയിട്ടില്ലെങ്കില്‍ സ്നേഹിക്കേണ്ട വിധത്തില്‍ ആരെയും സ്നേഹിക്കാന്‍ നമുക്കു കഴിയില്ല. നമുക്കു പരസ്പര ബന്ധത്തില്‍ അസൂയയും മത്സര മനോഭാവവും ഉണ്ടാകും. ഒരിക്കല്‍ നാം ആ സ്നേഹത്തില്‍ സുരക്ഷിതരാണങ്കില്‍ നാം സ്വതന്ത്രരാകും. അപ്പോള്‍ നമുക്കു ബന്ധങ്ങള്‍ പണിതുറപ്പിക്കാന്‍ കഴിയും.
ഒന്നാം നില
ഏറ്റവും വലിയ കല്പന ഏതെന്ന ചോദ്യത്തിന് ഉത്തരമായി യേശു പറഞ്ഞു: ഏറ്റവും വലുതായി രണ്ടു കല്പനകള്‍ ഉണ്ടെന്ന്. ഒന്ന്: ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണശക്തിയോടും സ്നേഹിക്കുക. രണ്ടാമത്തേത്: അവിടുന്നു നമ്മ സ്നേഹിച്ചതു പോലെ മറ്റുള്ളവരെ സ്നേഹിക്കുക.
അതു രണ്ടുമാണ് കെട്ടിടത്തിന്റെ രണ്ടു നിലകള്‍. ഒന്നാം നില പണിയാതെ രണ്ടാം നില പണിയാന്‍ നിങ്ങള്‍ക്കു കഴികയില്ല. ഒരു പാടു പേര്‍ക്കു സംഭവിക്കുന്ന ഒരു തെറ്റാണ് അത്. തങ്ങളുടെ മുഴുഹൃദയത്തോടെയും ദൈവത്തെ സ്നേഹിക്കാതെ മറ്റുള്ളവരെ സ്നേഹിക്കുവാന്‍ ശ്രമിക്കുക. അവര്‍ നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ വായിച്ചിട്ടുള്ളവരല്ല. അതു മൂലം അവരുടെ സ്നേഹം ഉതിര്‍ന്നു പോകുന്നു. നീണ്ടു നില്ക്കുന്നില്ല.
ഒന്നാമതായി ദൈവത്തെ സ്നേഹിക്കുന്നു എങ്കില്‍ മാത്രമേ നമുക്കു മറ്റുള്ളവരെ സ്നേഹിക്കേണ്ടതു പോലെ സ്നേഹിക്കുവാന്‍ കഴിയൂ.
ദൈവം ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചപ്പോള്‍ അവരെ ഒരുമിച്ചല്ല സൃഷ്ടിച്ചത്. ദൈവം വിചാരിച്ചിരുന്നെങ്കില്‍ നിഷ്പ്രയാസം അങ്ങനെ തന്നെ ഒരേസമയം അവരെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. രണ്ടു രൂപങ്ങളുണ്ടാക്കി രണ്ടിന്‍റേയും മൂക്കില്‍ ശ്വാസം ഊതിയാല്‍ മതിയായിരുന്നു. എങ്കില്‍ പിന്നെ എന്തുകൊണ്ടായിരിക്കാം ദൈവം ആദമിനെ മാത്രമായി ആദ്യം ഉണ്ടാക്കിയത്? കാരണം ആദം കണ്ണു തുറക്കുമ്പോള്‍ ആദ്യം കാണേണ്ടതു ദൈവത്തെ തന്നെ ആയിരുന്നു – ഹവ്വയെ അല്ല. അതിനു ശേഷം ദൈവം ആദമിന് ഒരു ഗാഢനിദ്ര വരുത്തി. എന്തിന്? അവന്റെ വാരിയെല്ല് എടുക്കുന്നതിനു വേണ്ടി ആയിരുന്നില്ല. തോട്ടത്തിന്റെ മറ്റൊരു ഭാഗത്തു ഹവ്വയ്ക്ക് രൂപം കൊടുത്ത ശേഷം അവള്‍ കണ്ണു തുറക്കുമ്പോള്‍ ആദ്യം കാണേണ്ട വ്യക്തി ദൈവംതന്നെ ആകണമായിരുന്നു. ആദം എന്നൊരാള്‍ ഉണ്ടെന്നു പോലും അവള്‍ അപ്പോള്‍ അറിഞ്ഞില്ല. അവള്‍ ദൈവത്തെ ആയിരുന്നു ആദ്യം കണ്ടത്.
ആദമിനെയും ഹവ്വയെയും ദൈവം പഠിപ്പിക്കാന്‍ ആഗ്രഹിച്ച ആദ്യ പാഠം അതായിരുന്നു. “നിങ്ങളുടെ ദൈവമാകുന്ന ഞാന്‍ തന്നെ ആയിരിക്കണം എല്ലായ്പ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കേണ്ടത്”. നാമും പഠിക്കേണ്ട സുപ്രധാന പാഠം അതു തന്നെയാണ്.
ഫെവിക്കോള്‍ എന്ന പേരിലുള്ള പ്രശസ്തമായ പശയെക്കുറിച്ചു നിങ്ങള്‍ക്കറിവുണ്ടല്ലോ. തടി ഉരുപ്പടികളെ തമ്മില്‍ ഒട്ടിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണത്. ഒരിക്കല്‍ ഞാനതിന്‍റെ ഒരു പരസ്യം കണ്ടു. ഫെവിക്കോള്‍ കൊണ്ടു ചേര്‍ത്തു വച്ച രണ്ടു തടിക്കഷണങ്ങള്‍ രണ്ട് ആനകള്‍ എതിര്‍ ദിശകളിലേക്കു വലിച്ച് വേര്‍പെടുത്താന്‍ ശ്രമിക്കുന്നതാണത്. അവയ്ക്കതു കഴിഞ്ഞില്ല. ഒരു യഥാര്‍ത്ഥ ക്രിസ്തീയ വിവാഹ ബന്ധം അപ്രകാരമായിരിക്കണം. ക്രിസ്തു നടുവില്‍ ഉണ്ടായിരിക്കുമ്പോള്‍ അതങ്ങനെ തന്നെ ആയിരിക്കും. ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍, അവരുടെ ബന്ധത്തിന്റെ കേന്ദ്രം ക്രിസ്തു ആയിരിക്കുമ്പോള്‍, അവിടുന്ന് അവരെ തന്റെ ബലമുള്ള കരങ്ങളാല്‍ ചേര്‍ത്തു പിടിക്കും. അപ്രകാരമുള്ള ഭാര്യഭര്‍ത്താക്കന്മാരെ ഭൂമിയിലോ ആകാശത്തിലോ ഉള്ള ഒരു ശക്തിക്കും വേര്‍പെടുത്താന്‍ കഴിയില്ല. ക്രിസ്തുവിനു പ്രഥമ സ്ഥാനമില്ലാത്ത, ക്രിസ്തുവില്‍ കേന്ദ്രീകൃതമല്ലാത്ത എല്ലാ ബന്ധങ്ങളും പശയില്ലാതെ ചേര്‍ത്തു വയ്ക്കുന്ന തടിക്കഷണങ്ങള്‍ പോലെയാണ്. വലിച്ചു മാറ്റാതെ തന്നെ അവ ഇരുവശങ്ങളിലേക്കും അകന്നു പോകും. ഇന്നു നടക്കുന്ന എണ്ണ മറ്റ വിവാഹമോചനങ്ങള്‍ കണ്ട് നാം അത്ഭുതപ്പെടേണ്ടതില്ല. വിവാഹദിവസത്തില്‍ തങ്ങള്‍ക്ക് അന്യോന്യമുള്ള സ്നേഹം വളരെ ആഴമുള്ളതാണെന്നു സങ്കല്പിക്കുന്ന ആ ദമ്പതികള്‍ അറിയുന്നില്ല അതു സ്വാര്‍ത്ഥതയില്‍ കേന്ദ്രീകൃതമായ സ്നേഹമാണെന്നും ക്രിസ്തു തങ്ങളുടെ നടുവിലില്ല എന്നും. ചില മാസങ്ങള്‍ക്കു ശേഷം അവര്‍ പരസ്പരം കലഹിച്ചു തുടങ്ങുന്നു.
“തമ്മില്‍ സ്നേഹിക്കുക” എന്നതു മനോഹരമായതും വളരെ ഉപയോഗിച്ചു പഴകിയതുമായ ഒരു പ്രയോഗമാണ്. ദൈവത്തെ സ്നേഹിക്കുന്നില്ലയെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്കു തമ്മില്‍ സ്നേഹിക്കുവാന്‍ സാദ്ധ്യമല്ല. ക്രിസ്തു നിങ്ങളുടെ വ്യക്തിജീവിതത്തിന്‍റെ കര്‍ത്താവാകുന്നില്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയോടുള്ള സ്നേഹം അവസാനം വരെ മുറുകെ പിടിക്കുവാന്‍ നിങ്ങള്‍ക്കു കഴികയില്ല.
ദൈവത്തെ സ്നേഹിക്കുക എന്ന ഒന്നാം നില നിങ്ങള്‍ പണിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ സ്നേഹിക്കുക എന്ന രണ്ടാം നില പണിയുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
രണ്ടാം നില
തമ്മില്‍ സ്നേഹിക്കുന്നതിനെ സംബന്ധിച്ചു മൂന്നു കാര്യങ്ങള്‍ എനിക്കു പറയുവാനുണ്ട്.
ഒന്നാമതായി, സ്നേഹം അഭിനന്ദനം പ്രകടിപ്പിക്കുന്നു. ദാമ്പത്യ സ്നേഹത്തെക്കുറിച്ചു ഒരു പുസ്തകം തന്നെ-‘ഉത്തമഗീതം’- ദൈവം ബൈബിളില്‍ ചേര്‍ത്തിരിക്കുന്നു. എല്ലാ ദമ്പതികളും ഈ പുസ്തകം പരസ്പരം വായിച്ചു കേള്‍പ്പിക്കേണ്ടതാണ്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം എങ്ങനെ സംസാരിക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു എന്നത് അത്ഭുതകരമല്ലേ! ആ പുസ്തകവും മറ്റു പുസ്തകങ്ങളെപ്പോലെ പരിശുദ്ധാത്മ നിശ്വാസീയമായ തിരുവെഴുത്തു തന്നെ!
നമുക്കു ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പരസ്പരം അഭിനന്ദിക്കേണ്ടതെങ്ങനെയെന്നു കാണുവാന്‍ അതില്‍ നിന്നും ചില ഭാഗങ്ങള്‍ ഞാന്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്നു. നാം സ്വാഭാവികമായി കുറ്റങ്ങള്‍ കണ്ടെത്തുന്നതിലും പറയുന്നതിലും വേഗതയുള്ളവരും അഭിനന്ദിക്കുന്നതില്‍ മാന്ദ്യമുള്ളവരുമാണ്. അതു മനുഷ്യ സഹജമാണ്. അങ്ങനെയാണ് പിശാചു നമ്മില്‍ ഇടം കണ്ടത്തുന്നത്. നമുക്കു മറ്റുള്ളവരെ അഭിനന്ദിക്കുവാന്‍ നാം വക കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോഴാണ് ദൈവം നമ്മില്‍ ഇടം കണ്ടെത്തുന്നത്. നാം നമ്മെത്തന്നെ ഇവിടെ ഒരു പരിശോധനയ്ക്കു വിധേയമാക്കുന്നത് നല്ലതാണ്.
ഭര്‍ത്താവ് ഭാര്യയോടു ശലോമോന്‍റെ ഉത്തമഗീതത്തില്‍ സംസാരിക്കുന്നതെങ്ങനെയെന്നു നോക്കുക (മെസേജ് ബൈബിള്‍ വിവര്‍ത്തനം):
“എന്‍റെ പ്രിയയേ, നീയെത്ര മനോഹരിയാണ്. ഉള്ളംകാല്‍ മുതല്‍ ശിരസ് വരെയും ഊനമില്ലാതെ അഴകിന്റെ നിറകുടം. താരതമ്യത്തിന് അതീതം. എന്‍റെ സ്വപ്നങ്ങളിലെ വശ്യ സൗന്ദര്യങ്ങളെപ്പോലെ സുന്ദരിയാണു നീ. കുളിര്‍മ്മയുള്ള ശബ്ദവും കീഴടക്കുന്ന മുഖലാവണ്യവുമാണ് നിന്റേത്. എന്റെ സ്നേഹിതേ, അകത്തും പുറത്തും ഒന്നു പോലെ നീ സൗന്ദര്യത്തിന്‍റെ പൂര്‍ണതയാണ്. നീ ഒരു പറുദീസാ തന്നെ.’ (ഇതൊന്നും ഞാന്‍ കണ്ടു പിടിച്ചതല്ല, തിരുവെഴുത്തുകളിലേതാണ്).
“നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. നിന്‍റെ മിഴികള്‍ എന്നെ പ്രേമത്തില്‍ വീഴ്ത്തിക്കളഞ്ഞു. എന്റെ നേരെയുള്ള നിന്‍റെ നോട്ടത്തില്‍ ഞാന്‍ വിവശനായിപ്പോയി. എന്റെ ഹൃദയം ഹര്‍ഷോന്മാദത്തിലായി. നിന്‍റെ സാമീപ്യം എന്നിലുളവാക്കുന്ന അനുഭൂതിയും എന്നിലുണര്‍ത്തുന്ന അഭിലാഷങ്ങളും അവാച്യം! എന്റെ ഹൃദയം കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. മറ്റൊരു സ്ത്രീയും എന്നെ ആകര്‍ഷിക്കുന്നില്ല.” (ഏതൊരു ഭര്‍ത്താവിനെ സംബന്ധിച്ചും ഇതു സത്യമായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു).
“ഈ ഭൂമിയില്‍ നിന്നെപ്പോലെ മറ്റാരുമില്ല. ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. നീ താരതമ്യങ്ങള്‍ക്കതീതയാണ്.” (ഇവിടെ ദൈവം കാവ്യാത്മകത അനുവദിച്ചിരിക്കുന്നു. ഭര്‍ത്താവിന്‍റെ തോന്നലുകള്‍ക്ക്, അനുഭൂതികള്‍ക്കു ശാസ്ത്രീയമായ കൃത്യതയൊന്നും ഇവിടെ ബാധകമായിരിക്കുന്നില്ല).
ഇതേ സമയം ഭാര്യ, ഭര്‍ത്താവിനോടു പറയുന്നതു ശ്രദ്ധിക്കുക: അവളുടെ പ്രതികരണം:
“എന്റെ പ്രിയാ, നീ സുന്ദരന്‍ തന്നെ. നീ പതിനായിരങ്ങളിലും ശ്രേഷ്ഠനാണ്. നിന്നെപ്പോലെ ആരുമില്ല. നീ തങ്കമാണ്. പുരുഷന്മാരില്‍ കീഴടക്കാന്‍ പ്രയാസമുള്ള ഒരു കൊടുമുടി കണക്കെയാണു നീ. നിന്‍റെ വാക്കുകള്‍ ഊഷ്മളവും ധൈര്യം നല്‍കുന്നതുമാണ്. നിന്‍റെ വാക്കുകള്‍ ചുംബനം പോലെയും നിന്‍റെ ചുംബനങ്ങള്‍ വാക്കുകള്‍ പോലെയുമാണ് . നിന്നെക്കുറിച്ചുള്ളതെല്ലാം എനിക്കു പ്രമോദമായിരിക്കുന്നു. നീ എന്നെ പേര്‍ത്തും പേര്‍ത്തും പുളകിതയാക്കുന്നു. ഞാന്‍ നിന്നെ വാഞ്ഛിക്കുന്നു. ഉത്ക്കടമായി നിനക്കുവേണ്ടി ദാഹിക്കുന്നു. നിന്റെ അസാന്നിദ്ധ്യം നോവിക്കുന്നു. നിന്നെ കാണുമ്പോള്‍ തന്നെ നിന്നെ എന്‍റെ കരവലയത്തിലമര്‍ത്തി മുറുകെ പിടിക്കും – വിട്ടു പോകാതെ വണ്ണം. ഞാന്‍ നിന്‍റേതാണ്. നിന്റേതുമാത്രം. നീയാണ് എന്‍റെ പ്രാണപ്രിയന്‍. നീ മാത്രം.”
എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ദൈവം തിരുവെഴുത്തുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? കാരണം ദൈവം തന്നെ ഒരു പ്രണയേശ്വരനാണ്.
സഞ്ജയും കാത്തിയും അപ്രകാരമുള്ള പ്രാണ സഖികളായിത്തീരട്ടെ. നിങ്ങള്‍ അപ്രകാരം പരസ്പരം സ്നേഹിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ നാളുകള്‍ സ്വര്‍ഗ്ഗീയ ദിനങ്ങള്‍ ആയിത്തീരും, നിങ്ങള്‍ പരസ്പരം അഭിന്ദിക്കുന്നു എങ്കില്‍.
യേശുവാണ് ഇക്കാര്യത്തില്‍ നമ്മുടെ മാതൃക. എത്ര നിര്‍ലോഭമായിട്ടാണ് അവിടുന്ന് ആളുകളെ ശ്ലാഘിച്ചത്.
യഥാര്‍ത്ഥ സ്നേഹത്തെ സംബന്ധിച്ച രണ്ടാമത്തെ സത്യം: സ്നേഹം വേഗത്തില്‍ ക്ഷമിക്കുന്നു. സ്നേഹം കുറ്റപ്പെടുത്തുന്നതു സാവധാനത്തിലും, ക്ഷമിക്കുന്നതു വേഗത്തിലും ആയിരിക്കും. എല്ലാ ദാമ്പത്യ ബന്ധങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങളെ അടുപ്പത്തു തന്നെ വച്ചാല്‍ അതു തിളച്ചു കൊണ്ടേയിരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ വേഗത്തില്‍ ക്ഷമിക്കുകയും വേഗത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്യുക. സൂര്യാസ്തമയം വരെ അതിനു വേണ്ടി കാക്കരുത്. രാവിലെ കാലില്‍ തറയ്ക്കുന്ന മുള്ളിനെ തീര്‍ച്ചയായും അപ്പോള്‍ തന്നെ നിങ്ങള്‍ എടുത്തു മാറ്റും. പങ്കാളിയെ മുറിവേല്‍പിക്കുമ്പോഴും ഒരു മുള്ളു തറയ്ക്കുന്നതു പോലെയാണ്. പെട്ടെന്നു തന്നെ അത് എടുത്തു കളയുക. വേഗത്തില്‍ ക്ഷമിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുക.
അവസാനമായി, സ്നേഹം എല്ലാ കാര്യങ്ങളും ഒരുമിച്ചു ചെയ്യുന്നു. ഒറ്റയ്ക്കല്ല. പിശാച് ഏദന്‍ തോട്ടത്തില്‍ വച്ചു ഹവ്വയെ പ്രലോഭിപ്പിച്ചപ്പോള്‍ “ഞാന്‍ എന്‍റെ ഭര്‍ത്താവിനോടു ചോദിച്ചിട്ട് ഒരു തീരുമാനമെടുക്കാം” എന്ന് ഹവ്വ പറഞ്ഞിരുന്നെങ്കില്‍ മനുഷ്യന്‍റെ ചരിത്രം തന്നെ എത്ര വ്യത്യസ്തമായ ഒന്നാകുമായിരുന്നു എന്ന് ആലോചിച്ചു നോക്കുക. കഥകള്‍ എത്ര വ്യത്യസ്തമാകുമായിരുന്നു! ലോകത്തിലെ സകല പ്രശ്നങ്ങളുടെയും ഉറവിടം, തനിക്ക് ആലോചന ചോദിക്കുവാന്‍ ഒരു ഭര്‍ത്താവുണ്ടായിരിക്കെ ഒരു സ്ത്രീ ഒറ്റയ്ക്ക് എടുത്ത ആ തീരുമാനത്തില്‍ നിന്നാണ്. യഥാര്‍ത്ഥ സ്നേഹം എല്ലാം കൂട്ടായി ചെയ്യുന്നു. ഒരാളെക്കാള്‍ രണ്ടുപേര്‍ ഏറെ നല്ലത്.
ഉപസംഹാരമായി ഉത്തമ ഗീതം 8-ാം അധ്യായത്തിലെ 6,7 വാക്യങ്ങള്‍ (മെസേജ് ബൈബിള്‍) ഉദ്ധരിക്കട്ടെ. “സ്നേഹത്തിന്റെ അഗ്നി തന്‍റെ മുമ്പില്‍ വരുന്ന എല്ലാറ്റിനെയും ശുദ്ധീകരിക്കുന്നു. പ്രളയജലത്തിന് അതിനെ മുക്കിക്കളവാന്‍ കഴികയില്ല. യഥാര്‍ത്ഥ സ്നേഹം വിലകൊടത്തു വാങ്ങാന്‍ കഴിയില്ല. അതു ചന്തസ്ഥലങ്ങളില്‍ ലഭ്യമല്ല.”
ദൈവത്തിന്റെ സ്നേഹം മാത്രമേ അപ്രകാരം കാണുന്നുള്ളു. അതു കൊണ്ടാണ് ആറാം വാക്യത്തില്‍ അതിനെ “ദിവ്യജ്വാല” എന്നു വിശേഷിപ്പിക്കുന്നത്.
ദൈവത്തിനു മാത്രമേ അത്തരം സ്നേഹം നമുക്കു നല്‍കാന്‍ കഴികയുള്ളു.
അത്തരത്തിലുള്ള സ്നേഹത്താല്‍ ദൈവം നിങ്ങളെ നിറയ്ക്കുവാന്‍ വേണ്ടി സഞ്ജയ്, കാത്തീ നിങ്ങള്‍ ദൈവത്തോടപേക്ഷിക്കുക-പരസ്പരം സ്നേഹിക്കേണ്ടതിനായി.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
2. വിവാഹത്തില്‍ മൂന്നു തിരഞ്ഞെടുപ്പുകൾ നടത്തുക
(എന്റെ രണ്ടാമത്തെ മകൻ സന്തോഷിന്റെയും ഭാര്യ മെഗന്റെയും വിവാഹ വേളയിലെ നൽകിയ സന്ദേശം)
ദൈവം നമുക്ക് ഒരു പുസ്തകം നല്‍കിത്തന്നിരിക്കുന്നു. നാം അത് അങ്ങനെ തന്നെ വിശ്വസിക്കുന്നു. എങ്കില്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കായി നാം അതിലേക്കു തന്നെ നോക്കും. മനുഷ്യനു വിവാഹം എന്ന വ്യവസ്ഥ നിയമിച്ചതു ദൈവമാണെന്നു നാം ബൈബിളില്‍ കണ്ടത്തുന്നു. അതേക്കുറിച്ചു ആദ്യം ചിന്തിച്ചതു ദൈവം തന്നെ ആയിരുന്നു. പരസ്പരം ഒത്തു ചേരണമെന്ന ഉദ്ദേശ്യത്തോടെ പുരുഷനേയും സ്ത്രീയേയും ഉണ്ടാക്കിയതും ദൈവം തന്നെ ആയിരുന്നു. എങ്ങനെയാണു വിവാഹിതരായ ദമ്പതികള്‍ ജീവിക്കേണ്ടത് എന്നതിനു നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും അവിടുന്നു തന്റെ പുസ്തകത്തിലൂടെ നല്‍കുകയും ചെയ്തു.
ഉല്പത്തി മൂന്നാം അദ്ധ്യായത്തില്‍ ആദമിന്‍റെയും ഹവ്വയുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ചു നാം വായിക്കുന്നു. അവരുടെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദൈവം അവരെ മനോഹരമായ ഒരു തോട്ടത്തിലേക്ക് അയയ്ക്കുന്നു. ആ തോട്ടത്തില്‍ സംഭവിച്ച മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടു മൂന്നു തിരഞ്ഞടുപ്പുകള്‍ സന്തോഷും മെഗനും എല്ലാ വിവാഹിതരായ ദമ്പതികളും നടത്തേണ്ടിയിരിക്കുന്നു. ദൈവം നിയമിച്ച സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അപ്രകാരം ചെയ്യേണ്ടതുണ്ട്.
അത്തരം സന്തുഷ്ടമായ കുടുംബ ജീവിതങ്ങള്‍ ഭൂമിയില്‍ തുലോം വിരളമാണ്. ഇതിന്റെ കാരണം ആളുകള്‍ തിരുവെഴുത്തുകളെ വായിക്കുവാന്‍ സമയം കണ്ടെത്തുന്നില്ല എന്നതാണ്. വായിക്കുന്നവരാകട്ടെ അതിനെക്കുറിച്ചു ധ്യാനിക്കുവാന്‍ സമയം എടുക്കുന്നില്ല. അതുകൊണ്ടു ദാമ്പത്യ ജീവിതത്തില്‍ തങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നാണു ദൈവം ആഗ്രഹിക്കുന്നതെന്നു കണ്ടെത്തുവാന്‍ അവര്‍ക്കു കഴിയുന്നില്ല.
ദൈവം തികഞ്ഞ സ്വാതന്ത്ര്യം നല്‍കിയാണ് ആദമിനെയും ഹവ്വയെയും തോട്ടത്തിലേക്ക് അയച്ചതെങ്കിലും ഒരു നിയന്ത്രണം വച്ചിരുന്നു. ഒരു വൃക്ഷത്തിന്റെ ഫലം തിന്നുകൂടാ എന്ന് ഒരു വിലക്കു കല്പിച്ചിരുന്നു. ഇതിനൊരു കാരണവും ഉണ്ടായിരുന്നു- ഒരു തിരഞ്ഞെടുപ്പു കൂടാതെ ആര്‍ക്കും ദൈവപുത്രന്‍ ആകുവാന്‍ സാധ്യമല്ലായിരുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പു കൂടാതെ ആര്‍ക്കും വിശുദ്ധരാകുവാന്‍ സാധ്യമല്ല. അതു കൊണ്ട് ഒരു തിരഞ്ഞെടുപ്പിന് അവസരം നല്‍കാതിരുന്നാല്‍ ആദാമിനും ദൈവപുത്രനാകുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അവന്‍ ദൈവപുത്രനാകണമെന്നു ദൈവം ആഗ്രഹിച്ചിരുന്നു. ഭൗമിക ജീവിതത്തെ സംബന്ധിച്ചും നമ്മുടെ നിത്യതയെ സംബന്ധിച്ചും നമ്മുടെ തിരഞ്ഞെടുപ്പുകള്‍ എത്ര പ്രാധാന്യമേറിയതാണെന്നു നാം അറിഞ്ഞിരുന്നെങ്കില്‍!
ദൈവം നമുക്കു നല്‍കിയിരിക്കുന്ന സുപ്രധാനമായ വരദാനമാണ് തിരഞ്ഞെടുപ്പിനുള്ള അധികാരം. അതു ദൈവം ആരില്‍ നിന്നും എടുത്തു മാറ്റുന്നില്ല. നിങ്ങള്‍ക്ക് ഒരു ദൈവപുത്രനായിത്തീരുവാനുള്ള തിരഞ്ഞടുപ്പും ആകാം; സ്വയമായി ജീവിക്കുവാനുള്ള തിരഞ്ഞെടുപ്പും ആകാം. എന്നാല്‍ നിങ്ങള്‍ എന്തു തിരഞ്ഞടുത്താലും അതിന്റെ ഫലം ഒടുവില്‍ നിങ്ങള്‍തന്നെ അനുഭവിക്കേണ്ടി വരും.
‘മനുഷ്യന്‍ വിതയ്ക്കുന്നതു കൊയ്യും’ എന്നു ബൈബിള്‍ പറയുന്നു. ‘ഒരിക്കല്‍ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യര്‍ക്കു നിയമിച്ചിരിക്കുന്നു’ എന്നും ബൈബിള്‍ പറയുന്നു. എന്നാല്‍ എഴുതപ്പെട്ട നിയമത്തിന്‍റെ വെളിച്ചത്തില്‍ സ്വന്തഹിതപ്രകാരമല്ല ഈ ന്യായവിധി നടത്തുന്നത്. മറിച്ചു മനുഷ്യന്‍റെ തിരഞ്ഞെടുപ്പുകള്‍ക്കനുസൃതമായിട്ടാണ്.
ഈ തത്വം വിവാഹ ജീവിതത്തിനും ബാധകമാണ്. നിങ്ങള്‍ക്കു സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം വേണമോ അതോ ദുരിത പൂര്‍ണ്ണമായ ഒന്നു വേണോ എന്നു സ്വയം തിരഞ്ഞെടുക്കാം. ആ തിരഞ്ഞെടുപ്പു നിങ്ങളുടേതാണ്. ദൈവത്തിന്റേതല്ല. തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കണമോ പിശാചിനു നല്‍കണമോ എന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ആദമിനുണ്ടായിരുന്നു.
അതുകൊണ്ട് ഇന്നു സന്തോഷിനോടും മെഗനോടും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ചു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു:
1. ദൈവത്തിൽ കേന്ദ്രീകരിക്കുക, നിങ്ങളിലല്ല
ഒന്നാമതായി, നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളും ദൈവത്തില്‍ കേന്ദ്രീകൃതമായിരിക്കണമെന്ന കാര്യം തിരഞ്ഞെടുക്കുക.
ഏദന്‍ തോട്ടത്തില്‍ രണ്ടു വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. അവ രണ്ടു തരത്തിലുള്ള ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ജീവന്റെ വൃക്ഷം ദൈവത്തില്‍ കേന്ദ്രീകൃതമായ ഒരു ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. മനുഷ്യന്റെ എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രബിന്ദു ദൈവമായിരിക്കുക എന്നതാണത്. എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വ്യക്ഷം, ഒരു കാര്യവും ദൈവത്തോട് ആലോചിക്കാതെ സ്വയത്തില്‍ കേന്ദ്രീകരിച്ചു സ്വയം തീരുമാനിക്കുന്നതാണ്. ആദമിനെയും ഹവ്വയെയും തോട്ടത്തിലേക്ക് അയച്ചപ്പോള്‍ ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. നമുക്കറിയാം ആദാം ഏതാണു തിരഞ്ഞെടുത്തതെന്ന്. അവന്‍ തന്നില്‍ത്തന്നെ കേന്ദ്രീകരിച്ചുള്ള ജീവിതമാണു തിരഞ്ഞെടുത്തത്.
നന്മയും തിന്മയും തിരിച്ചറിയുന്നതു തന്നില്‍ നിന്നു തന്നെയാകണമെന്നു മനുഷ്യന്‍ തിരഞ്ഞെടുത്തതില്‍ നിന്നാണ് ഇന്നു നാം കാണുന്ന അരിഷ്ടതയും ദുഃഖവും കൊലപാതകങ്ങളും ഹീനമായ മറ്റെല്ലാ തിന്മകളും ലോകത്തില്‍ നടമാടുന്നത്. നന്മയും തിന്മയും ദൈവത്തിന്‍റെ അറിവില്‍ നിന്നു വരണമെന്ന് അവന്‍ ആഗ്രഹിച്ചില്ല. ചില ക്രൈസ്തവ വിവാഹങ്ങളുള്‍പ്പെടെ അസന്തുഷ്ടമായ എല്ലാ വിവാഹ ജീവിതത്തിന്‍റേയും വേരുകള്‍ അവിടെയാണ്. ഒട്ടു മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനം സ്വയത്തിലാണു വച്ചിരിക്കുന്നത്. അവര്‍ വിതയ്ക്കുന്നതു കൊയ്യുന്നു.
ദൈവം ആദമിനെ ഈ ഭൂമിയെ വാഴുവാനായി സൃഷ്ടിച്ചു. ഒരു അടിമയായല്ല, രാജാവായിരിക്കുവാനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്. ഹവ്വ ആദമിനൊപ്പം ഒരു രാജ്ഞി ആയിരിക്കുവാനാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഇന്നു നാം കാണുന്നതെന്താണ്? അടിമകളായിരിക്കുന്ന സ്ത്രീ പുരുഷന്മാര്‍. തങ്ങളുടെ മോഹങ്ങള്‍ക്കും വികാരങ്ങള്‍ക്കും ജീര്‍ണ്ണമയമായ എല്ലാ ജഡികതകള്‍ക്കും അവര്‍ അടിമകള്‍ ആയിരിക്കുന്നു.
ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ മനോഹരമായിട്ടാണ് അതിനെ സൃഷ്ടിച്ചത്. വിലക്കപ്പെട്ട വൃക്ഷം പോലും മനോഹരമായിരുന്നു. അതിന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ അവര്‍ക്ക് ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടായിരുന്നു. അവര്‍ തങ്ങള്‍ക്കായി ദൈവം സൃഷ്ടിച്ച മനോഹര വസ്തുക്കളെ തിരഞ്ഞടുക്കുമോ അതോ ദൈവത്തെ തന്നെ തിരഞ്ഞെടുക്കുമോ? നമുക്കെല്ലാം ഓരോ ദിവസവും നടത്തേണ്ട ഒരു തിരഞ്ഞെടുപ്പാണിത്. നമ്മുടെ ജീവിതം സ്വയത്തില്‍ കേന്ദ്രീകൃതമെങ്കില്‍ നാം എല്ലാ സമയത്തും ദൈവം സൃഷ്ടിച്ചവയെ മാത്രം തിരഞ്ഞെടുക്കുന്നവരാകും. വീടുകളില്‍ സംഭവിക്കുന്ന എല്ലാ കലഹങ്ങളും ഭൗതിക വസ്തുക്കളുടെ പേരിലാണല്ലോ. ഈ കലഹങ്ങള്‍ക്കു കാരണം ഭാര്യാ ഭര്‍ത്താക്കന്മാര്‍ ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ സ്നേഹിക്കുന്നതാണ്. ഒടുവില്‍ അവര്‍ വിതയ്ക്കുന്നതു തന്നെ കൊയ്യുന്നു. അവര്‍ ജഡത്തില്‍ വിതച്ചു നാശം കൊയ്യുന്നു. സ്രഷ്ടാവിനു പകരം സൃഷ്ടിയെ തിരഞ്ഞെടുക്കുന്ന മനുഷ്യന്‍ അടിമത്തത്തിലേക്കു പോകുന്നു.
ഈ അടിമത്തത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നവനാണ് യേശു വന്നത്. ഇന്നു മനുഷ്യന്‍ ധനത്തിനും നൈതികമല്ലാത്ത ലൈംഗിക രസങ്ങള്‍ക്കും, മറ്റു മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കും മറ്റു പലതിനും ഒക്കെ അടിമകളാണ്. അവന്‍ സ്വതന്ത്രനല്ല. ആകാശത്ത് ഉയരെ പറക്കുന്ന കഴുകനെപ്പോലെ സ്വതന്ത്രനായിരിക്കുവാനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്. പക്ഷേ എല്ലായിടത്തും മനുഷ്യന്‍ തന്‍റെ വികാരങ്ങളെ, നാവിനെ, കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയാതെ ചങ്ങലകളാലെന്ന പോലെ ബന്ധിതനായി കാണപ്പെടുന്നു. യേശു വന്നതു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുവാന്‍ മാത്രമല്ല, അടിമത്തത്തില്‍ നിന്നു നമ്മെ മോചിപ്പിക്കുവാന്‍ കൂടിയാണ്.
എനിക്കു സന്തോഷിനോടും മെഗനോടും പറയുവാനുള്ളത് ആദം നടത്തിയ തിരഞ്ഞെടുപ്പിനെ നിങ്ങള്‍ തിരസ്കരിക്കുമെങ്കില്‍ സന്തുഷ്ടമായ ഒരു ജീവിതം നിങ്ങള്‍ക്കു സാദ്ധ്യമാണ്. ദൈവത്തോട് ഇങ്ങനെ പറയുക: “ഞങ്ങള്‍ സ്വയത്തിലല്ല അങ്ങയില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും അങ്ങയില്‍ കേന്ദ്രീകൃതമായിരിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” ‘ദൈവം വെളിച്ചമാണ്’ ‘ദൈവം സ്നേഹമാണ്’ എന്നെല്ലാം ബൈബിള്‍ പറയുന്നു. ഇരുട്ടു നിറഞ്ഞ മുറിയില്‍ നിന്നു വെളിച്ചത്തിന്റെ ശക്തി ഇരുട്ടിനെ പുറത്താക്കുന്നു. ദൈവത്തിന്റെ ശക്തിയും അപ്രകാരമാണ്. ദൈവശക്തി കൂടാതെയുള്ള, ദൈവസ്നേഹം കൂടാതെയുള്ള ജീവിതം ഇരുളിലാണ്.
ഈ ഭൂമിയിലെ നമ്മുടെ ജീവിതം നിത്യതയ്ക്കു വേണ്ടിയുള്ള ഒരു പരീക്ഷണ കാലഘട്ടമാണ്. നിത്യതയില്‍ എല്ലാം സ്നേഹത്തിന്റെ പ്രമാണത്താലാണ് ഭരിക്കപ്പെടുന്നത്. ഇവിടുത്തെ ഓരോ സന്ദര്‍ഭവും സാഹചര്യവും നമ്മെ ഓരോ മേഖലകളില്‍ പരിശോധിക്കുവാന്‍ ദൈവം ഉപയോഗിക്കുന്നു – അവിടെ നാം സ്നേഹത്തിന്‍റെ പ്രമാണത്തില്‍ നിലനില്‍ക്കുമോ എന്നറിയുവാന്‍. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ അടിക്കടി ശോധനകളും കഷ്ടങ്ങളും കടന്നു വരുന്നത്. നമുക്ക് ഒരു ബുദ്ധിമുട്ടും വരാതെയുള്ള ഒരു ജീവിതം നല്‍കുവന്‍ സര്‍വ്വശക്തനായ ദൈവത്തിനു കഴിയും. എന്നാല്‍ നാം സ്നേഹിക്കുവാന്‍ പഠിക്കേണ്ടതിനാണ് ദൈവം തന്‍റെ ജ്ഞാനത്തില്‍ ക്ലേശങ്ങളിലൂടെ കടന്നു പോകുവാന്‍ നമ്മെ അനുവദിക്കുന്നത്. നാം നമ്മുടെ സ്വാര്‍ത്ഥതയെ ജയിക്കുകയും സ്നേഹത്തില്‍ത്തന്നെ ജീവിതം നയിക്കും എന്നു നിര്‍ണ്ണയിക്കുകയും ചെയ്യുന്നു എങ്കില്‍ നമ്മെ തന്റെ വരാനിരിക്കുന്ന രാജ്യത്തില്‍ വാഴുന്നവരാക്കി ഒരുക്കിയെടുക്കും. ഇപ്പോള്‍ നാം അതെക്കുറിച്ചു ചിന്തിക്കുന്നില്ലെങ്കില്‍ പഠിക്കാന്‍ ദൈവം നല്‍കിയ പാഠങ്ങള്‍ പഠിക്കാത്തതിനെക്കുറിച്ചും ഭൂമിയില്‍ നല്‍കിയ അവസരങ്ങള്‍ പാഴാക്കിയതിനെക്കുറിച്ചും നിത്യതയില്‍ ഖേദിക്കുന്നവരായിത്തീരും.
നിങ്ങളുടെ വിവാഹത്തില്‍ നിങ്ങള്‍ നടത്തേണ്ട തിരഞ്ഞെടുപ്പ് ഇതാണ്: സ്നേഹത്തിന്റെ പ്രമാണത്തിലോ അതോ സ്വാര്‍ത്ഥതയുടെ പ്രമാണത്തിലോ നിങ്ങള്‍ ജീവിതം നയിക്കുവാന്‍ പോകുന്നത്? ദൈവം നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലൂടെയും ദൈവ സ്നേഹം നിങ്ങളെ മുന്നോട്ടു നയിക്കും.
2. മുഖം മൂടിയില്ലാതെ പരസ്പരം അംഗീകരിക്കുക
എനിക്കു പറയുവാനുള്ള രണ്ടാമത്തെ കാര്യം ഇതാണ്: ആയിരിക്കുന്ന യഥാര്‍ത്ഥ അവസ്ഥയില്‍ പരസ്പരം അംഗീകരിക്കുക. പൊയ്മുഖം അണിയാതിരിക്കുക.
പാപം കടന്നു വരുന്നതിനു മുമ്പ് “ആദവും ഹവ്വയും നഗ്നരായിരുന്നു. അവര്‍ക്കു നാണം തോന്നിയില്ല താനും.” അവര്‍ എല്ലാം തുറന്നു പറയുന്നവരും സത്യസന്ധരും ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്തവരുമായിരുന്നു. എന്നാല്‍ പാപം ചെയ്തതോടെ കാര്യങ്ങള്‍ വ്യത്യസ്തമായി. അവര്‍ അത്തിയില കൊണ്ടു തങ്ങളെത്തന്നെ പൊതിഞ്ഞു. എന്തിനായിരുന്നു അത്? അവിടെ ഏദനില്‍ ഒളിഞ്ഞു നോക്കുന്നവരോ ഒളിക്യാമറകളോ ഒന്നും ഉണ്ടായിരുന്നില്ല. മൃഗങ്ങള്‍ കാണാതെയിരിക്കാനല്ല എന്നതും തീര്‍ച്ച. പിന്നെന്തിനായിരുന്നു അത്തിയില കൊണ്ടുള്ള വസ്ത്രം? അവര്‍ പരസ്പരം മറയ്ക്കുകയായിരുന്നു.
പാപത്തിന്റെ ഒരു ഫലം പരസ്പരം മറയ്ക്കലാണ്. തങ്ങളുടെ വ്യക്തിത്വത്തിലെ മോശമെന്നു കരുതുന്ന കാര്യങ്ങള്‍ ആളുകള്‍ മറച്ചു വയ്ക്കുന്നു. തങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നതില്‍ പരിഭ്രമിക്കുന്നവരാണ് ആളുകള്‍. അതുകൊണ്ട് അവര്‍ മുഖംമൂടി അണിയുന്നു. അവര്‍ പുറമെ സന്തുഷ്ടരെന്നും ശാന്തരെന്നുമുള്ള പൊയ്മുഖം വയ്ക്കുന്നു. അതേ സമയം ഉള്ളില്‍ അരിഷ്ടരും പരാജിതരുമത്രേ!
ദാമ്പത്യ ജീവിതത്തില്‍ നാം എങ്ങനെയായിരിക്കുന്നുവോ അതു തന്നെ യാതൊരു മുഖം മൂടിയുമില്ലാതെ “പച്ചയായി” പ്രകടിപ്പിക്കുവാന്‍ തയ്യാറാകണം. നമ്മെ മറയ്ക്കുന്ന അത്തിയിലകളോ നാട്യങ്ങളോ വേണ്ട.
തന്നെ മുഴുവനായി അറിഞ്ഞു കൊണ്ടു സ്നേഹിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ കണ്ടെത്തുവാനുള്ള ആഗ്രഹം എല്ലാവരിലുമുണ്ട്. മറ്റുള്ളവരോടുള്ള ബന്ധത്തില്‍ നമുക്കുണ്ടായിട്ടുള്ള അനുഭവങ്ങളാണ് മുഖം മൂടി ധരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുക. നമ്മെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മെ അംഗീകരിക്കുകയില്ലെന്നു നമുക്കറിയാം. അതുകൊണ്ട് അവര്‍ക്കു അംഗീകരിക്കാന്‍ കഴിയുന്ന ഒരു പൊയ്മുഖം നാം അണിയുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചും ഇതു സത്യമാണ്. യേശു ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് ഇപ്രകാരം പൊയ്മുഖം ധരിച്ചു നടന്നിരുന്ന മതഭക്തരായ ധാരാളം മനുഷ്യരെ കണ്ടിരുന്നു. അക്കാരണത്താല്‍ തന്നെ അവരെ സഹായിക്കുവാന്‍ അവിടുത്തേക്കു കഴിഞ്ഞില്ല.
അതുകൊണ്ട് ഇന്നു തന്നെ ഒരു തീരുമാനമെടുക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു ഞങ്ങള്‍ ഒരിക്കലും പൊയ്മുഖമണിയാതെ യഥാര്‍ത്ഥത്തില്‍ ഉള്ളതു പോലെ പരസ്പരം അംഗീകരിക്കുമെന്ന്. സന്തോഷ്, മെഗന്‍ തെറ്റു ചെയ്യുമ്പോഴും അവളില്‍ കുറവുകള്‍ കണ്ടെത്തുമ്പോഴും അവളെ അംഗീകരിക്കുവാന്‍ നീ തയ്യാറാകുമോ? മെഗന്‍, സന്തോഷില്‍ വീഴ്ചകള്‍ കണ്ടെത്തുമ്പോള്‍ അവനെ അംഗീകരിക്കുവാന്‍ നീ തയ്യാറാകുമോ?
ദൈവത്തെ സംബന്ധിച്ച ഏറ്റവും മനോഹരമായ സത്യം നമ്മെ നാം ആയിരിക്കുമ്പോലെ ദൈവം അംഗീകരിക്കുന്നു എന്നുള്ളതാണ്. ദൈവത്തിന്റെ അംഗീകാരം ലഭിക്കുവാന്‍ നിങ്ങള്‍ മെച്ചപ്പെടണമെന്നു പഠിപ്പിക്കുന്ന മതങ്ങളെല്ലാം തന്നെ വ്യാജമാണ്. അത്തരമൊരു മതവുമായിട്ടല്ല യേശു വന്നത്. നമുക്കു നമ്മെ മാറ്റാന്‍ കഴിയില്ലെന്ന് അവിടുത്തേക്ക് അറിയാം. നാം ആയിരിക്കുന്നതു പോലെ തന്നെ നമ്മെ ദൈവം സ്നേഹിക്കുന്നു എന്ന സന്ദേശവുമായിട്ടാണ് യേശു വന്നത്. ദൈവം നമ്മെ അങ്ങനെ തന്നെ സ്വീകരിക്കയും നമ്മെ മാറ്റിയെടുക്കുകയും ചെയ്യുന്നു. ക്രിസ്തു നിങ്ങളെ സ്വീകരിക്കയും അംഗീകരിക്കയും ചെയ്തതുപോലെ നിങ്ങള്‍ അന്യോന്യം സ്വീകരിക്കണമെന്നു ബൈബിള്‍ പ്രബോധിപ്പിക്കുന്നു.
ഈ വിഷയത്തെ പ്രതിപാദിക്കുന്ന ഒരു ലേഖനം മുമ്പു വായിച്ചതോര്‍ക്കുന്നു. ലേഖകന്‍റെ പേരു ഞാന്‍ ഓര്‍ക്കുന്നില്ല. ആ ലേഖനം ഇപ്രകാരം പറയുന്നു:
“നാം എല്ലാം നമ്മുടെ ജീവിതത്തില്‍ ‘ഒളിച്ചുകളി’ കളിക്കുന്നവരെ പോലെയാണ്. നമുക്കു നമ്മെക്കുറിച്ചു ലജ്ജയുള്ളതുകൊണ്ട് നാം മറ്റുള്ളവരില്‍ നിന്നും ഒളിച്ചു നില്‍ക്കുവാനാഗ്രഹിക്കുന്നു. നമ്മുടെ ഉള്ളിലുള്ള യഥാര്‍ത്ഥമനുഷ്യനെ മറ്റുള്ളവര്‍ കാണാതിരിക്കേണ്ടതിനു നാം പൊയ്മുഖമണിയുന്നു. നാം പരസ്പരം ഈ പൊയ്മുഖങ്ങളെ കാണുകയും അതിനെ കൂട്ടായ്മ എന്നു വിളിക്കുകയും ചെയ്യുന്നു. നാം സുരക്ഷിതരാണെന്നും സ്വസ്ഥരാണെന്നുമുള്ള ധാരണ ആളുകളില്‍ ഉണ്ടാക്കിയെടുക്കുന്നു. എന്നാല്‍ അതൊരു പൊയ്മുഖം മാത്രമാണ്. അതിനുള്ളില്‍ സംശയവും ഭയവും ഏകാന്തതയും അനുഭവിക്കുന്ന യഥാര്‍ത്ഥ മനുഷ്യന്‍ ഒളിച്ചിരിക്കുന്നു. നമ്മെ ആളുകള്‍ കാണുമോ എന്നു നാം ഭയപ്പെടുന്നു. നമ്മുടെ ഉള്ളിലെ ഈ പച്ച മനുഷ്യനെ അവര്‍ കണ്ടാല്‍ നാം തിരസ്കൃതരാകുമോ, പരിഹാസ്യരാകുമോ എന്നു നാം ഭയപ്പെടുന്നു. അങ്ങനെ ഒരു കുഞ്ഞിനെപ്പോലെ പേടിച്ചു കഴിയുമ്പോഴും ശാന്തതയുടെയും ആത്മവിശ്വാസത്തിന്റെയും ഒരു മൂടുപടം നാം പുറമെ എടുത്തണിയുന്നു. അങ്ങനെ നമ്മുടെ ജീവിതം തന്നെ ഈ മൂടുപടമായി മാറുന്നു. ആളുകളോടു നാം നര്‍മ്മബോധത്തോടെ മധുര സംഭാഷണം നടത്തുന്നു. അപ്പോഴെല്ലാം നമ്മുടെ ഉള്ളിലെ നിലവിളിക്കുന്ന യഥാര്‍ത്ഥ മനുഷ്യനെ മറച്ചു പിടിച്ചുകൊണ്ട് നമ്മെക്കുറിച്ച് അപ്രധാനമായ കാര്യങ്ങള്‍ മാത്രം നാം വെളിപ്പെടുത്തുന്നു.
“നാം മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുവാനും അംഗീകരിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ നമ്മെ മനസ്സിലാക്കണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാല്‍ എപ്പോഴൊക്കെ നാം നമ്മുടെ പച്ചയായ യാഥാര്‍ത്ഥ്യത്തെ തുറന്നു കാട്ടുമോ അപ്പോഴൊക്കെ നാം തിരസ്കരിക്കപ്പെടുന്നു. നമ്മെക്കുറിച്ചുള്ള എല്ലാ സത്യവും അറിഞ്ഞതിനു ശേഷവും നമ്മെ അംഗീകരിക്കുന്ന ആളുകളെ നാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ അങ്ങനെയൊരാളിനെ ഒരിക്കലും കണ്ടെത്താന്‍ നമുക്കു കഴിയുന്നില്ല. ഹൃദയത്തില്‍ നിന്നുയരുന്ന സ്നേഹത്തെക്കുറിച്ചു സംസാരിക്കുന്ന വീണ്ടും ജനിച്ച വിശ്വാസികളെ നാം കണ്ടെത്തുന്നു. നമ്മുടെ ഉള്ളില്‍ അവര്‍ നമ്മെ അംഗീകരിക്കും, മനസ്സിലാക്കും എന്ന പ്രത്യാശ ഉണരുന്നു. അവരുടെ കൂട്ടത്തില്‍ കൂടുമ്പോഴാണ് അവരും വെറും പൊയ്മുഖങ്ങളാണെന്ന സത്യം നാം കണ്ടെത്തുന്നത്. അവരും നമ്മുടെ കുറ്റങ്ങള്‍ കണ്ടു പിടിക്കുന്നു.
“എന്താണിതിനൊരു പരിഹാരം? ദൈവം നമ്മെ നാം ആയിരിക്കുന്നതുപോലെ അംഗീകരിച്ചിരിക്കുന്നു എന്ന സത്യം നാം കണ്ടെത്തണം. ദൈവം സ്നേഹമാണ്. ദൈവത്തിന്റെ സ്നേഹം നാം അനുഭവിച്ചറിയുമ്പോള്‍ ആ അനുഭവം നമ്മെ ധൈര്യമുള്ളവരാക്കും. നമുക്കൊരിക്കലും അഭിനയിക്കേണ്ടി വരികയില്ല. മനുഷ്യരുടെ മുമ്പിലും ദൈവത്തിന്റെ മുമ്പിലും നമുക്കു നാമായിത്തന്നെ തുടരാം. ദൈവത്തിന്റെ സ്നേഹം ഒന്നും ചെയ്യുവാന്‍ നമ്മെ നിര്‍ബ്ബന്ധിക്കുന്നില്ല. നമ്മുടെ എല്ലാ അപൂര്‍ണ്ണതകളെയും ദൈവം അറിയുന്നു എങ്കിലും കുറ്റപ്പെടുത്താതെ നമ്മെ കൈക്കൊള്ളുന്നു. എന്നാല്‍ മറുവശത്ത് അവിടുന്നു നമ്മെ പൂര്‍ണ്ണരാക്കുവാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സന്തോഷത്തിന്‍റെ യഥാര്‍ത്ഥ അടിസ്ഥാനം, നമ്മെ കാണുകയും അറിയുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളോടും കൂടെതന്നെ ദൈവം നമ്മെ കൈക്കൊണ്ടിരിക്കുന്നു എന്ന അറിവാണ്. യേശു നമുക്കു നല്‍കുവാന്‍ ആഗ്രഹിച്ച സമൃദ്ധമായ ജീവന്‍ ഇതുതന്നെ.”
“ദൈവത്തിന്‍റെ സ്നേഹത്തെ അറിയുമ്പോള്‍ മനുഷ്യരുടെ അംഗീകാരത്തിനു വേണ്ടിയുള്ള നമ്മുടെ അന്വേഷണമെല്ലാം അവസാനിക്കും. നമ്മുടെ ഉള്ളില്‍ ഉറപ്പും ധൈര്യവും വളരും. നമ്മുടെ കുറ്റബോധവും ഭയവും ഒക്കെ ഓടിയകലും. നാം ആരുമില്ലാത്തവരായേക്കാം. പക്ഷേ ഏകാന്തത നമ്മെ പിടികൂടുകയില്ല. കാരണം ‘ഞാന്‍ നിന്നെ ഒരുനാളും ഉപേക്ഷിക്കയില്ല’ എന്നു വാഗ്ദാനം ചെയ്തവന്‍ കൂടെയുണ്ട്.
നിങ്ങളുടെ ജീവിതപങ്കാളിയില്‍ അംഗീകാരത്തിനു വേണ്ടി ദാഹിക്കുന്ന ഒരു നിലവിളി ഉണ്ടായിരുന്നേക്കാം. ഇവിടെ കേള്‍ക്കുന്ന ഒരു കാത് നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടത് ആവശ്യമാണ്-സംസാരിക്കുന്ന വാക്കുകള്‍ക്കുവേണ്ടി മാത്രമല്ല വാക്കുകള്‍ക്കപ്പുറത്തു ഹൃദയത്തിലെ വിങ്ങലുകള്‍ക്കും നിശ്ശബ്ദ സംഭാഷണങ്ങള്‍ക്കുപോലും വേണ്ടി തുറന്ന ഒരു കാത്.
ദൈവം പോലും നാം ആയിരിക്കുന്ന അവസ്ഥയില്‍ നമ്മെ സ്വീകരിക്കുന്നു എന്നു വിശ്വസിക്കാന്‍ നമുക്കു കഴിയുന്നില്ല എന്നതാണ് നമ്മുടെ ഏറ്റവും വലിയ ദുരന്തം. അതുകൊണ്ടു നാം അവിടുത്തെ മുമ്പാകെയും നമ്മെ മറയ്ക്കുന്നു. ആദമും ഹവ്വയും ചെയ്തത് അതാണ്. അവര്‍ ദൈവദൃഷ്ടിയില്‍ നിന്നും തങ്ങളെ മറയ്ക്കുവാന്‍ ഒരു മരത്തിന്‍റെ പിന്നില്‍ ഒളിച്ചു.
ഒട്ടേറെ ഭാര്യാ ഭര്‍ത്താക്കന്മാരും തങ്ങളെ ദൈവം അംഗീകരിച്ചിരിക്കുന്നു എന്ന സന്തോഷം തങ്ങളില്‍ത്തന്നെ അനുഭവിക്കുവാന്‍ കഴിയാത്തതിനാല്‍ പരസ്പരം സ്നേഹിക്കാനും കഴിയാത്തവരാണ്. അവര്‍ക്കു ക്രിസ്തുവിനെ ലഭിച്ചിട്ടില്ല. മതഭക്തി മാത്രമാണു ലഭിച്ചത്. ക്രിസ്തുവില്ലാത്ത ക്രിസ്തീയതയെ ആളുകള്‍ക്കു കൊടുക്കുന്നതാണ് പിശാചിന്റെ ഏറ്റവും വലിയ തന്ത്രം. അതു ആളുകളെ അരിഷ്ടരാക്കി തീര്‍ക്കുന്നു. അത്തരം മതങ്ങളെ ആളുകള്‍ ഉപേക്ഷിക്കുന്നു. കാരണം അതു സത്യമല്ല. യഥാര്‍ത്ഥ ക്രിസ്തീയത ക്രിസ്തു തന്നെയാണ്.
യേശുക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഓരോ ഭവനവും സമാധാന പൂര്‍ണ്ണമായിരിക്കും. അവിടെ ഭാര്യാഭര്‍ത്താക്കന്മാര്‍ സമാധാന പൂര്‍ണ്ണരായിരിക്കും. അവിടെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം മനസ്സിലാക്കുന്നു. ദൈവം തങ്ങളെ അംഗീകരിച്ചിരിക്കുന്നു എന്ന ബോധ്യമുള്ളതു കൊണ്ട് അവരും ആയിരിക്കുന്ന അവസ്ഥയില്‍ പരസ്പരം അംഗീകരിക്കുന്നു. അത്തരത്തിലുള്ള ഒരു കുടുംബമാണ് നിങ്ങള്‍ പണിയേണ്ടത്.
നിങ്ങള്‍ അശുദ്ധരും നാശത്തില്‍ കിടന്നവരുമായിരുന്നപ്പോഴാണ് യേശുക്രിസ്തു നിങ്ങളെ സ്വീകരിച്ചത്. നിങ്ങള്‍ അവിടുത്തേക്കു പ്രസാദകരമായത് ഒന്നും ചെയ്തതുകൊണ്ടല്ല. അവിടുത്തെ സന്തോഷിച്ചപ്പോഴല്ല. നിങ്ങള്‍ തിന്മ നിറഞ്ഞവരും അവിടുത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നതുമായ അവസ്ഥയിലാണ് നിങ്ങളെ സ്നേഹിച്ചതും സ്വീകരിച്ചതും. അപ്രകാരം തന്നെ ഉപാധികളില്ലാതെ നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കുവാനായി കര്‍ത്താവു നിങ്ങളെ വിളിച്ചിരിക്കുന്നു-നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിനു കാരണം അന്വേഷിക്കാതെ.
നിങ്ങള്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോള്‍ ഇപ്പോള്‍ കാണാന്‍ കഴിയാത്ത കുറവുകളൊക്കെ കണ്ടു തുടങ്ങും. അപ്പോഴും പരസ്പരം സ്നേഹിക്കുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് ദൈവം നിങ്ങളില്‍ കുറവുകള്‍ കണ്ടിട്ടും നിങ്ങളെ അംഗീകരിക്കയും സനേഹിക്കയും ചെയ്തു എന്ന ബോധ്യമാണ്. ഇന്നും പരിമിതികള്‍ പലതും ദൈവം നിങ്ങളില്‍ കാണുന്നുണ്ട് എങ്കിലും അവിടുന്നു നിങ്ങളെ അംഗീകരിച്ചിരിക്കുന്നു.
ഇപ്രകാരം നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു എങ്കില്‍ നിങ്ങള്‍ ഒളിച്ചിരിക്കാന്‍ വേണ്ടി പണിതുയര്‍ത്തിയിരിക്കുന്ന എല്ലാ ചുമരുകളും നിങ്ങള്‍ ഇടിച്ചു കളയും. ആ ചുമരുകളേക്കാള്‍ ശക്തിയും ഉറപ്പുമുള്ളതാണ് ദൈവത്തിന്‍റെ സ്നേഹം. അത് അവയെ ക്രമേണ ഇടിച്ചു കളയും. അങ്ങനെ നിങ്ങള്‍ സത്യത്തില്‍ ഒന്നായിത്തീരും.
മേല്‍ പ്രസ്താവിച്ച ലേഖനത്തിന്റെ അവസാന ഭാഗം കൂടെ ഉദ്ധരിക്കട്ടെ: “നിങ്ങളുടെ ദയയും സൗമ്യതയും പങ്കാളിയുടെ വികാരങ്ങളെ മനസ്സിലാക്കുവാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളും നിങ്ങളുടെ പങ്കാളിയില്‍ ചിറകു മുളപ്പിക്കും. തുടക്കത്തില്‍ ചെറുതും ബലഹീനവുമായിരിക്കും അവ. എങ്കിലും ചിറകുകള്‍ തന്നെ ആയിരിക്കും അവ. മടുത്തു പോകാതെ മുമ്പോട്ടു തന്നെ നിങ്ങള്‍ പോകുന്നു എങ്കില്‍ അവ ശക്തി പ്രാപിക്കും. ഒരു ദിവസം ദൈവം നിങ്ങളെക്കുറിച്ചു അഗ്രഹിക്കുന്നതു പോലെ നിങ്ങള്‍ ഇരുവരും ആകാശത്തില്‍ ചിറകടിച്ചു പറക്കും.”
3. ഒരുമിച്ചു കാര്യങ്ങളെ ചെയ്യുക – നിങ്ങൾ സാത്താനെ ജയിക്കും
മൂന്നാമതു നിങ്ങള്‍ നടത്തേണ്ട തിരഞ്ഞെടുപ്പ് ഒരുമിച്ചു കാര്യങ്ങളെ ചെയ്യണമെന്നതാണ്.
ആദമിനെയും ഹവ്വയെയും തോട്ടത്തിലേക്കയച്ചപ്പോള്‍ അവരെ ഒരുമിച്ചാണ് ദൈവം അയച്ചത്. എന്നാല്‍ സാത്താന്‍ കടന്നു വന്നു ഹവ്വയെ മാത്രം വേര്‍പെടുത്തി അവളോടു മാത്രമായി സംസാരിച്ചു. ആദം മാറി നിന്നുകൊണ്ടു വിധിനിര്‍ണ്ണായകമായ ആ തീരുമാനം ഒറ്റയ്ക്ക് എടുക്കാന്‍ ഭാര്യയെ അനുവദിക്കുകയും ചെയ്തു. “അല്പം കാത്തിരിക്കു. നാം ആ വൃക്ഷത്തില്‍ നിന്നും തിന്നു കൂടാ എന്നു ദൈവം കല്പിച്ചത് ഓര്‍മ്മിക്കുക” എന്ന് അവനു പറയുവാന്‍ കഴിയുമായിരുന്നു. അവന്‍ അതു പറഞ്ഞിരുന്നു എങ്കില്‍ കാര്യങ്ങള്‍ എത്ര വ്യത്യസ്തമാകുമായിരുന്നു!
ഭാര്യാഭര്‍ത്താക്കന്മാര്‍ ഒറ്റയ്ക്കു തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് സാത്താനെ നേരിടാന്‍ സാധ്യമല്ല. നിങ്ങളുടെ ജീവിതത്തെയും കുടുംബത്തെയും കുഴപ്പത്തിലാക്കുവാന്‍ സന്ദര്‍ഭങ്ങള്‍ അന്വേഷിച്ചു നടക്കുകയാണു സാത്താന്‍. സാത്താന്‍ ആക്രമണം ആരംഭിച്ചതു തന്നെ കുടുംബ ബന്ധത്തിലാണ്. അതു തന്നെ ഇന്നും തുടരുന്നു. മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും അല്ലാതെ സാത്താന്‍ വരുന്നില്ല എന്നു യേശു പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഒന്നിച്ചു നില്ക്കുന്നു എങ്കില്‍ നിങ്ങള്‍ സാത്താനെ ജയിക്കും.
സഭാപ്രസംഗി 4:9-12-ല്‍ ഇങ്ങനെ പറയുന്നു: “ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലത്… വിണാല്‍ ഒരുവന്‍ മറ്റവനെ എഴുന്നേല്‍പ്പിക്കും… ഒരുവനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടു പേര്‍ക്ക് അവനോട് എതിര്‍ത്തു നില്ക്കാം. ഒറ്റയ്ക്കു നിന്നാല്‍ ആക്രമിക്കപ്പെട്ടു പരാജയപ്പെടാന്‍ സാദ്ധ്യതയുണ്ട്. മുപ്പിരിച്ചരട് വേഗത്തില്‍ അറ്റു പോകയില്ല.”
മത്തായി 18:18-20 വാക്യങ്ങളില്‍ കാണുന്ന അത്ഭുതകരമായ ഒരു വാഗ്ദാനത്തോടു ബന്ധമുണ്ട് ഈ വാക്യങ്ങള്‍ക്ക്. ഐക്യത ഇല്ലാത്തതുകൊണ്ട് അധികം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഈ വാഗ്ദാനം അവകാശമാക്കാന്‍ കഴിയുന്നില്ല. ഈ വാഗ്ദാനം നിങ്ങളിലേക്കു പകരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം കഴിഞ്ഞ 38 വര്‍ഷങ്ങളായി എന്‍റെയും ആനിയുടെയും ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുവാന്‍ അതു സഹായകരമായിരുന്നു.
ഇവിടെ പറയുന്നത്: നിങ്ങളില്‍ രണ്ടു പേര്‍ ആത്മാവില്‍ ഐക്യത്തോടെ പ്രാര്‍ത്ഥനയില്‍ എന്തു യാചിച്ചാലും അതു സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവര്‍ക്കു നല്‍കും (വാ.19). കാരണം യേശുക്രിസ്തു നിങ്ങളുടെ നടുവിലുണ്ട് (വാ. 20). നിങ്ങളില്‍ രണ്ടുപേര്‍ക്ക് യേശുക്രിസ്തു നിങ്ങളുടെ മദ്ധ്യത്തിലുമായിരുന്നുകൊണ്ട് സാത്താന്റെ പ്രവൃത്തികളെ ബന്ധിക്കുവാന്‍ കഴിയും. അവ കെട്ടപ്പെട്ടിരിക്കും (വാ.18). അങ്ങനെ നിങ്ങള്‍ മൂവരും ഒരു മുപ്പിരിച്ചരടുപോലെ അറ്റു പോകാത്ത ഒന്നായി മാറും.
നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാന്‍ ദൈവത്തിനു കഴിയും. മനുഷ്യര്‍ക്കു പരിഹാരം കാണാന്‍ കഴിയാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും. ഇതേസമയം, ദൈവത്തിനു പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവുമില്ല. എന്നാല്‍ ദൈവം നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ നിങ്ങള്‍ തമ്മില്‍ ഐക്യത കൂടിയേ കഴിയൂ. അതുകൊണ്ട് ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കുക.
പങ്കാളിയെ വ്രണപ്പെടുത്തി എന്നു തോന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ക്ഷമ ചോദിക്കുക. അതിനു വേണ്ടി കാത്തിരുന്ന് ആലോചിക്കരുത്. പെട്ടെന്നു തന്നെ ചെയ്യണം. എന്തെല്ലാം നഷ്ടപ്പെടേണ്ടി വന്നാലും എന്തു വിലയും നല്‍കി നിങ്ങളുടെ ഐക്യം സൂക്ഷിക്കുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഏതു കാര്യത്തിലും ദൈവം വേഗം ഉത്തരം നല്‍കും. സാത്താന് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്കു വരാന്‍ കഴികയില്ല. അതു ദൈവത്തിന്റെ വാഗ്ദാനമാണ്.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ചിന്ത ഉപസംഹരിക്കട്ടെ: സ്നേഹത്തിലല്ലാതെ നിങ്ങള്‍ പറയുന്ന, ചെയ്യുന്ന, ചിന്തിക്കുന്ന ഏതു വാക്കും പ്രവൃത്തിയും ഒരു ദിവസം നശിച്ചുപോകും. നിങ്ങളിലുള്ള ദൈവസ്നേഹം എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കും. അത് അടഞ്ഞ വാതിലുകളെ തുറക്കും. മതില്‍ക്കെട്ടുകളെ തകര്‍ക്കും. നിങ്ങള്‍ സ്നേഹത്തെ പിന്തുടരുമെങ്കില്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ കുടുംബ ബന്ധമായിരിക്കും നിങ്ങളുടേത്.
ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നതു മാത്രമല്ല ആവശ്യം-അതു നിങ്ങള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലങ്ങോളം ശരിയായ തിരഞ്ഞടുപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു. സ്നേഹത്തിന്റെ ഈ പ്രമാണം ഇന്നു തന്നെ നിങ്ങള്‍ക്കു സ്വന്തമാക്കാമെങ്കില്‍ നിങ്ങള്‍ ഒരു നല്ല ആരംഭം കുറിച്ചിരിക്കുന്നു എന്നു പറയാം. ഓരോ ദിവസവും ഈ പ്രമാണത്തില്‍ നടക്കുന്നു എങ്കില്‍ വഴി തെറ്റിയ ഒരു തലമുറയ്ക്ക്, ദൈവഭയമില്ലാത്ത ഒരു കൂട്ടത്തിന്, ദൈവ സ്നേഹം എല്ലാ സാഹചര്യങ്ങളേയും അതിജീവിച്ച് എന്നേക്കും നില നില്ക്കും എന്നതിന് ഒരു സാക്ഷ്യം നല്‍കുവാന്‍ നിങ്ങള്‍ക്കാകും. അങ്ങനെ ദൈവനാമം നിങ്ങളില്‍ മഹത്വപ്പെടും.
നിങ്ങളുടെ കുടുംബ ജീവിതം കര്‍ത്താവിന്‍റെ നാമത്തിന് ഒരു സാക്ഷ്യമായിരിക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ കേട്ട വചനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെറും വാക്കുകളായിട്ടല്ല നിങ്ങളില്‍ വചനം ജഡമായിത്തീരുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ നിങ്ങളുടെ കുടുംബം മറ്റുള്ളവര്‍ക്ക് ഒരു വിളക്കായിത്തീരട്ടെ.
ലോകം മുഴുവന്‍ മുട്ടുള്ളവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ദൈവത്തിനു നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ തന്‍റെ സ്നേഹം നിങ്ങളിലൂടെ പകരുവാന്‍ കഴിഞ്ഞാല്‍ തനിക്കു നിങ്ങളെ ഉപയോഗിക്കുവാന്‍ കഴിയും.
ദൈവം നിങ്ങളെ ഇരുവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍
3. ദാമ്പത്യ ജീവിതം ഒരു പൂന്തോട്ടം
(എന്റെ മൂന്നാമത്തെ മകൻ സന്ദീപിന്റെയും ലോറായുടെ വിവാഹ വേളയിൽ നൽകിയ സന്ദേശം)
ആദ്യവിവാഹം ഒരു തോട്ടത്തില്‍ ദൈവം തന്നെയാണ് ആശീര്‍വദിച്ചത്. ഇവിടെ ഈ വിവാഹത്തില്‍ നാം ആയിരിക്കുമ്പോലെയുള്ള ഒരു ചുറ്റുപാടില്‍ ആയിരിക്കുന്നതും നല്ലതു തന്നെയാണ്. നാം ഇരിക്കുന്നതു പോലെയുള്ള ഒരു ഉദ്യാനം തന്നെയായിരുന്നു ഏദന്‍. അതു വളരെയേറെ മനോഹരമായിരുന്നിരിക്കണം. ഈ വിവാഹത്തിന് ഇവിടെ കൂടിവരുവാന്‍ കഴിഞ്ഞതില്‍ നമുക്കു ദൈവത്തിനു നന്ദി പറയാം.
സന്ദീപ്, ലോറാ, ഞാന്‍ യെശയ്യാവ് 58:11-ലെ ഒരു വാഗ്ദാനം നിങ്ങള്‍ക്കു നല്‍കുന്നു: “നീ നനവുള്ള ഒരു തോട്ടം പോലെയാകും.” നിങ്ങളുടെ വിവാഹജീവിതം ‘നനവുള്ള ഒരു തോട്ടം’ പോലെയാകും എന്നു ഞാന്‍ പറയട്ടെ.
ഉല്പത്തി 2-ല്‍ നാം ഇപ്രകാരം കാണുന്നു: “യഹോവയായ ദൈവം ഒരു തോട്ടം നട്ടുണ്ടാക്കി. താന്‍ സൃഷ്ടിച്ച ആണിനെയും പെണ്ണിനെയും അതു കാക്കുവാന്‍ അവിടെ ആക്കി. അതോടൊപ്പം മറ്റൊരു തോട്ടം കൂടി ദൈവം ആദമിനും ഹവ്വയ്ക്കും നല്‍കി-വേല ചെയ്യുവാനും കാക്കുവാനും. അത് അവരുടെ വിവാഹ ബന്ധമായിരുന്നു. എന്നാല്‍ അവര്‍ അതില്‍ അദ്ധ്വാനിച്ചില്ല. ഫലം തങ്ങളുടെ ഇടയില്‍ പിശാചിനു കടന്നു വരുവാന്‍ അവര്‍ ഇടം നല്‍കി.
ദൈവം ഇന്നു ഒരു തോട്ടം നിങ്ങളെ ഏല്പിച്ചിരിക്കുന്നു-വേല ചെയ്യുവാനായി. അവഗണിക്കപ്പെട്ടാല്‍ ഏതൊരു തോട്ടവും വേഗം തന്നെ വന്യമായിത്തീരും. സദൃശവാക്യങ്ങള്‍ 24:30-34 വാക്യങ്ങളില്‍ മടിയനായ ഒരു മനുഷ്യന്റെ തോട്ടം എപ്രകാരം വന്യമായിത്തീര്‍ന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഒട്ടേറെ വിവാഹ ജീവിതങ്ങളിലും സംഭവിച്ചിരിക്കുന്നത് അതു തന്നെയാണ്. എന്നാല്‍ അതു നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുവാന്‍ പാടില്ല. നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവിക വാഗ്ദാനം ഇതാണ്: “അതു നനയ്ക്കുന്ന ഒരു തോട്ടം പോലെയാകും.”
ദൈവ വചനത്തില്‍ കാണുന്ന മൂന്നു തരം തോട്ടങ്ങളെക്കുറിച്ചു ഞാന്‍ നിങ്ങളോടു പറയാം,
1) ഏദന്‍ തോട്ടം.
2) ഗത്സെമെന തോട്ടവും കാല്‍വറിയും.
3) ഉത്തമഗീതത്തിലെ കാന്തന്‍റെ തോട്ടം.
പാപം ഒരു തോട്ടത്തില്‍ വന്നു. രക്ഷയും ഒരു തോട്ടത്തില്‍ വന്നു. നിങ്ങളുടെ വിവാഹം ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ഒരു തോട്ടം പോലെയാകാം.
1. ഏദൻ തോട്ടം
എങ്ങനെയാണു പാപം ഏദന്‍ തോട്ടത്തില്‍ കടന്നു വന്നത്? ആദമിനും ഹവ്വയ്ക്കും ഉണ്ടായിരുന്ന രണ്ടു തെറ്റായ മനോഭാവങ്ങള്‍ മൂലമാണ് അതു സംഭവിച്ചത്.
ഒന്നാമത്തേത് നിഗളമായിരുന്നു. ദൈവത്തെക്കാള്‍ അറിവു തങ്ങള്‍ക്കുണ്ടെന്ന് അവര്‍ കരുതി. അനുസരണക്കേട് കാണിച്ച ശേഷം രക്ഷപ്പെടാമെന്നും അവര്‍ വിചാരിച്ചു. ഇന്നും ലോകത്തിലെ ഒട്ടേറെ ആളുകളും വിശ്വസിക്കുന്നത് അങ്ങനെയാണ്.
രണ്ടാമത്തെ മനോഭാവം സ്വാര്‍ത്ഥതയായിരുന്നു. ആ ഫലം തിന്നാല്‍ തങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നതിനെക്കുറിച്ചു മാത്രം അവര്‍ ചിന്തിച്ചു. “സ്ത്രീ ആ ഫലത്തെ നോക്കി തന്റെ കാമനകളെ തൃപ്തിപ്പെടുത്താനും തന്നെ ജ്ഞാനിയാക്കുവാനും അതു നല്ലതെന്നു കണ്ടു.” എന്ന് അവിടെ എഴുതിയിരിക്കുന്നു.
നിഗളവും സ്വാര്‍ത്ഥതയുമാണ് പാപത്തിന്‍റെ ആരംഭ കാരണങ്ങള്‍. പ്രകടമാകുന്നതു പല തരത്തിലാണെങ്കിലും ഇന്നു മനുഷ്യരാശിയിലെ സകല പാപങ്ങള്‍ക്കും കാരണം ഇവ തന്നെയാണ്.
അടിസ്ഥാനപരമായി ദൈവത്തില്‍ നിന്നു സ്വതന്ത്രമായി തന്നില്‍ത്തന്നെ കേന്ദ്രീകൃതമായ ഒരു ജീവിതമാണ് എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത്. അങ്ങനെയാണു പാപം കടന്നു വരുന്നത്.
2. ഗെത്സെമെനയും കാല്‍വറിയും
പാപം കടന്നു വന്നത് ഒരു തോട്ടത്തിലാണ്. നമ്മുടെ രക്ഷയ്ക്കുവേണ്ടി യേശു അദ്ധ്വാനം ചെയ്തതും ഒരു തോട്ടത്തിലാണ്.
ഗത്സെമെന തോട്ടത്തെക്കുറിച്ചു വളരെയാളുകള്‍ക്കറിയാം. എന്നാല്‍ യേശു ക്രൂശിക്കപ്പെട്ടത് ഒരു തോട്ടത്തിലാണെന്ന് അധികം പേര്‍ക്കും അറിവില്ല. അതുപോലെ യേശു അടക്കപ്പെട്ടതും. യോഹന്നാന്‍ 19:41ല്‍ പറയുന്നു: “യേശുവിനെ ക്രൂശിച്ച സ്ഥലത്തു തന്നെ ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും വച്ചിട്ടില്ലാത്ത ഒരു കല്ലറ ഉണ്ടായിരുന്നു.”
യേശുവിനെ ഒറ്റിക്കൊടുത്തതും ഒരു തോട്ടത്തിലായിരുന്നു. താന്‍ ക്രൂശിക്കപ്പെട്ടതും അടക്കപ്പെട്ടതും ഉയിര്‍ത്തെഴുന്നേറ്റതും തോട്ടത്തിലായിരുന്നു. നിങ്ങള്‍ക്കു രണ്ടു പേര്‍ക്കുമുള്ള രക്ഷ ആ തോട്ടത്തില്‍ നിന്നാണു വന്നിരിക്കുന്നത്. ആ തോട്ടത്തില്‍ യേശു ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ക്കിന്നു സ്വന്തമാക്കാന്‍ കഴിയും.
യേശുവിന്റെ ഭൂമിയിലെ ജീവിതത്തിലേക്കു നാം നോക്കിയാല്‍ ആദാമ്യ വര്‍ഗ്ഗത്തില്‍ കാണുന്ന നിഗളത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും എതിരായുള്ള കാര്യങ്ങളാണ് നാം അതില്‍ കാണുന്നത്. പിതാവ് തന്നെക്കുറിച്ചാഗ്രഹിക്കുന്നതെന്തും അതു ക്രൂശില്‍ തറയ്ക്കപ്പെട്ടുള്ള മരണമായാല്‍പ്പോലും അനുസരിക്കുവാനുള്ള ഒരു താഴ്മ നാം ക്രിസ്തുവില്‍ കണ്ടെത്തുന്നു. യാതൊരു തടസ്സവും പറയാതെ അവിടുന്ന് അതൊക്കെയും നിറവേറ്റുന്നതു തിരഞ്ഞെടുത്തു. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചു നിസ്വാര്‍ത്ഥമായി ചിന്തിക്കുകയും അവരെ സഹായിക്കുവാന്‍ ത്യാഗ മനോഭാവം കാട്ടുകയും ചെയ്തു. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതും ഇതു തന്നെ.
3. പ്രിയന്റെ തോട്ടം
ഒട്ടേറെ ക്രിസ്ത്യാനികള്‍ക്കും അറിഞ്ഞുകൂടാത്ത ഒരു തോട്ടത്തെക്കുറിച്ചാണ് ഞാന്‍ മൂന്നാമതായി പറയുവാന്‍ പോകുന്നത്. ഈ തോട്ടത്തെക്കുറിച്ച് ഉത്തമഗീതത്തിലാണ് പറഞ്ഞിട്ടുള്ളത്. (ഇതു മണവാളന്‍റേയും മണവാട്ടിയുടെയും ജീവിതം അല്ലെങ്കില്‍ ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ചാണ്).
ഉത്തമഗീതം 4:12ല്‍ മണവാളന്‍ പറയുന്നു: “എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടമാണ്.” ഇവിടെ കാന്തന്‍ ക്രിസ്തുവാണ്. നാം അവനു വേണ്ടി മാത്രം കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടമാണ്. ഒന്നാമതായി നാം തിരിച്ചറിയേണ്ട ഒരു കാര്യം ഇതു തന്നെയാണ്. നിങ്ങളുടെ വിവാഹ ജീവിതത്തില്‍ നിങ്ങള്‍ ഒരു തോട്ടം നട്ടുണ്ടാക്കണം. അതു നിങ്ങള്‍ക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുമല്ല. കര്‍ത്താവിനു വേണ്ടിയാണ്. നിങ്ങളുടെ വിവാഹം കര്‍ത്താവിനു വേണ്ടിയുള്ള ഒരു സ്വകാര്യ തോട്ടമാണ് എന്നത് എല്ലാപ്പോഴും മനസ്സില്‍ കരുതിക്കൊളളുക. അതിന്‍റെ പാര്‍ശ്വഫലം മറ്റുള്ളവരും അനുഗ്രഹിക്കപ്പെടുക എന്നുള്ളതാണ്.
യേശു പഠിപ്പിച്ചത് അതു തന്നെ. ഏറ്റവും വലിയ കല്പന ഏതെന്ന ചോദ്യത്തിന് യേശു നല്‍കിയ ഉത്തരം നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കണം. അപ്പോള്‍ നിന്‍റെ അയല്‍ക്കാരനെ നീ നിന്നെപ്പോലെ തന്നെ സ്നേഹിക്കും എന്നതാണ് (മത്താ. 22:37-40. പരാവര്‍ത്തനം).
നമ്മുടെ ജീവിതം എല്ലായ്പ്പോഴും ദൈവത്തെ മുന്‍നിര്‍ത്തി ആരംഭിക്കണം. അതുകൊണ്ടു തന്നെയാണ് ദൈവം ആദമിനെയും ഹവ്വയെയും രണ്ടു വ്യത്യസ്ത സമയത്തു സൃഷ്ടിച്ചത്. ഒരുമിച്ച് ഒരേ സമയത്തല്ല. ആദം കണ്ണുതുറന്ന് ആദ്യമായി കണ്ടത് ഹവ്വയെ അല്ല, ദൈവത്തെയാണ്. പിന്നീട് ഹവ്വയെ സൃഷ്ടിച്ചപ്പോഴും അവള്‍
ആദ്യമായി കണ്ണുതുറന്നപ്പോള്‍ കണ്ടത് ആദമിനെയല്ല ദൈവത്തെയാണ്. നിങ്ങളുടെ ജീവിതത്തിലും എല്ലായ്പോഴുംഉണ്ടായിരിക്കേണ്ടത് അതു തന്നെയാണ്. എങ്കില്‍ നിങ്ങളുടെ തോട്ടം എപ്പോഴും നനവുള്ളതായിരിക്കും.
എല്ലാ തോട്ടങ്ങള്‍ക്കും മഴ ആവശ്യമുണ്ട്. പുതിയ ഉടമ്പടിയില്‍ നമുക്ക് എല്ലായ്പ്പോഴും സ്വര്‍ഗ്ഗീയ മഴയാകുന്ന പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാനുള്ള സാദ്ധ്യതകളുണ്ട്. അതിനുവേണ്ടി ദൈവത്തോട് നിരന്തരം മുഴുഹൃദയത്തോടെ ചോദിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുക എന്നാല്‍ നിയന്ത്രിക്കപ്പെടുക എന്നാണ്. ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും സ്വര്‍ഗ്ഗത്തിന്‍റെ ഈ മഴയ്ക്കായി നിങ്ങളുടെ ജീവിതത്തെ തുറന്നിടുക.
പാശ്ചാത്യ പൗരസ്ത്യ സംസ്ക്കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ രണ്ടു സംസ്ക്കാരങ്ങളിലും നിഗളത്തിനു യാതൊരു വ്യത്യാസവുമില്ല. പൗരസ്ത്യ സംസ്ക്കാരത്തില്‍ പ്രത്യേകിച്ചും ഇന്ത്യന്‍ വിവാഹങ്ങളില്‍ “ഇതാ വധു വരുന്നതു കാണൂ” എന്ന് ആരും പാടാറില്ല. അവിടെ “ഇതാ വരന്‍ വരുന്നതു കാണൂ” എന്നാണു പാടുന്നത്. ചില പ്രാദേശിക വിവാഹങ്ങളില്‍ വരന്‍ വരുന്നതു കുതിരപ്പുറത്തേറിയാണ്. ആ വിവാഹത്തിലെ പ്രധാന വ്യക്തി വരനാണ്. പൗരസ്ത്യ വിവാഹങ്ങളില്‍ വരനാണു പ്രാധാന്യം. വധു കുതിരയുടെ പിന്നാലെ നടക്കുകയാണു പതിവ്. കാരണം അവളുടെ നിലവാരം താഴെയാണ്. ഇതാണ് പൗരസ്ത്യ കാഴ്ചപ്പാട്.
പാശ്ചാത്യ സംസ്കാരം ഇതിനു വിപരീതമാണ്. അവിടെ വധു പ്രവേശിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവു കാട്ടുന്നു. വരന്‍ പ്രവേശിക്കുമ്പോള്‍ ആരും എഴുന്നേല്‍ക്കാറില്ല. ഇവിടെ പ്രാധാന്യം വധുവിനാണ് “ഇതാ വധുവിനെ കാണുക!”
എന്നാല്‍ ക്രൈസ്തവ വിവാഹങ്ങളില്‍ എല്ലായ്പ്പോഴും “ഇതാ കര്‍ത്താവ്” എന്നാണ് രീതി. പാശ്ചാത്യ പൗരസ്ത്യ വിവാഹങ്ങള്‍, സംസ്ക്കാരങ്ങള്‍, പാപത്താല്‍ വഷളാക്കപ്പെട്ടതാണ്. ഒന്നില്‍ പുരുഷനു പ്രാമുഖ്യം. മറ്റേതില്‍ സ്ത്രീക്കും. എന്നാല്‍ ദൈവത്തിനു നിങ്ങള്‍ ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കുമ്പോള്‍ നിങ്ങളുടെ മനോഭാവം “ഇതാ കര്‍ത്താവ്” എന്നാകും.
പൗരസ്ത്യ സംസ്ക്കാരത്തില്‍ പുരുഷന്‍ അഭിമാനം കൊള്ളുന്നത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്. “ഞാന്‍ അവള്‍ക്കു വേണ്ടി പോയി ചോദിച്ചിട്ടില്ല.” അതിലെ നിഗളം ശ്രദ്ധിച്ചോ? അതുപോലെ പാശ്ചാത്യ സംസ്ക്കാരത്തില്‍ സ്ത്രീ ഇങ്ങനെ പറയുന്നു:”ഞാന്‍ അവനോടു പോയി ചോദിച്ചിട്ടില്ല. അവനാണ് എന്‍റെ അടുക്കല്‍ വന്ന് എന്നെ അനുനയിപ്പിച്ചു വിവാഹാഭ്യര്‍ത്ഥന നടത്തിയത്.” അവിടെയും നമുക്കു നിഗളത്തെ ദര്‍ശിക്കാം.
ക്രിസ്തീയ സംസ്ക്കാരത്തില്‍ നമുക്ക് ഇങ്ങനെ പറയാം: “കര്‍ത്താവ് ഞങ്ങളെ ഒന്നിപ്പിച്ചു. ഞങ്ങള്‍ അവിടുത്തെ സ്നേഹിക്കുന്നു. ഞങ്ങള്‍ അവിടുത്തെ ദൃഷ്ടിയില്‍ ഒരുപോലെയാണ്”.
ഞാന്‍ നിങ്ങളെ രണ്ടുപേരെയും നിങ്ങളുടെ സംസ്ക്കാരങ്ങള്‍ക്കതീതരായി നിന്നു കൊണ്ടു രണ്ടു സംസ്ക്കാരങ്ങളുടെയും അഹന്തയ്ക്കപ്പുറത്തു ക്രിസ്ത്യാനികളായി ജീവിക്കുവാന്‍ ഉത്സാഹിപ്പിക്കുന്നു. “ഇതാ കര്‍ത്താവു വരുന്നു” എന്നതായിരിക്കട്ടെ ഓരോ പ്രഭാതത്തിലും നിങ്ങളുടെ പാട്ട്. നിങ്ങള്‍ ഇരുവരും അവിടുത്തെ എളിയ ദാസരായിരിക്കട്ടെ. അപ്പോള്‍ നിങ്ങളുടെ ദാമ്പത്യം ‘നനവുള്ള ഒരു തോട്ട’മായിരിക്കും.
അഹന്തയ്ക്കൊപ്പം സ്വാര്‍ത്ഥതയും എല്ലാ സംസ്ക്കാരങ്ങളുടെയും മുഖമുദ്രയാണ്. പുരുഷന്‍ വിവാഹത്തിനായി സ്ത്രീയെ അന്വേഷിക്കുമ്പോള്‍ സൗന്ദര്യത്തിനാണ് പ്രഥമ സ്ഥാനം നല്‍കുന്നത്. സ്വാര്‍ത്ഥതയോടെ സുന്ദരികളെ തേടുന്നു. അതുപോലെ തന്നെ ഒരു പെണ്‍കുട്ടി വരനെ തേടുമ്പോള്‍ ഒന്നാം സ്ഥാനം നല്‍കുന്നത് പണത്തിനാണ്. സ്വാര്‍ത്ഥതയോടെ ധനികനെ അന്വേഷിക്കുന്നു. ഇതു ലോകത്തില്‍ എല്ലാ സംസ്ക്കാരങ്ങളിലും ഒരുപോലെ സത്യമാണ്.
എന്നാല്‍ ക്രൈസ്തവ സംസ്ക്കാരത്തില്‍ നിങ്ങള്‍ പങ്കാളിയെ അന്വേഷിക്കുമ്പോള്‍ ഒരു വ്യക്തിയെ തെരഞ്ഞെടുക്കുന്നത് ആ വ്യക്തി കര്‍ത്താവിനെ സ്നേഹിക്കുന്നതുകൊണ്ടാണ്. അവിടുത്തെ ആദരിക്കുന്നതു കൊണ്ടാണ്. അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: മാനുഷികമായ എല്ലാ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും മീതെ ഉയരുക.
നിങ്ങള്‍ രണ്ടു പേരും തികച്ചും വ്യത്യസ്തമായ രണ്ടു സംസ്ക്കാരങ്ങളില്‍ ജനിച്ചു വളര്‍ത്തപ്പെട്ടവരാണ്. ഒരു സംസ്കാരവും മറ്റൊന്നിനെക്കാള്‍ മെച്ചമല്ല. പൗരസ്ത്യര്‍ തങ്ങള്‍ പാശ്ചാത്യരെക്കാള്‍ മെച്ചപ്പെട്ടവരാണെന്നു ചിന്തിക്കുന്നു. പാശ്ചാത്യര്‍ തങ്ങള്‍ പൗരസ്ത്യരെക്കാള്‍ മെച്ചപ്പെട്ടവരെന്നു ചിന്തിക്കുന്നു. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഒരുപോലെ തെറ്റുപറ്റിയിരിക്കുന്നു. ക്രൈസ്തവ സംസ്ക്കാരമാണ് എല്ലാറ്റിനെക്കാളും ഉന്നതമായിരിക്കുന്നത്. നിങ്ങള്‍ അതു സ്വീകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു.
ഒരു നല്ലതോട്ടം എങ്ങനെ വച്ചു പിടിപ്പിക്കാമെന്നു കണ്ടെത്തുവാന്‍ ഞാന്‍ ഗൂഗിളില്‍ അന്വേഷിച്ചു. അവിടെ അഞ്ചു നിയമങ്ങള്‍ ഞാന്‍ കണ്ടെത്തി.
1) രോഗത്തെ ചെറുത്തു നില്ക്കാന്‍ ശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുക. രോഗ നിയന്ത്രണത്തിന് ഏറ്റവും നല്ല പ്രതിവിധി രോഗ പ്രതിരോധമാണ്. നാം വിത്തുകള്‍ വിതെക്കുന്നതു നമ്മുടെ നാവുകൊണ്ടാണ്. നമ്മുടെ സംസാരത്തിലൂടെ നാം രോഗം പരത്തുന്നില്ല എന്ന കാര്യം ഉറപ്പാക്കുക. രോഗപ്രതിരോധ ശേഷിയുള്ള വാക്കുകള്‍ ഉപയോഗിക്കുക. ചില രോഗങ്ങള്‍ക്കു രാസപ്രയോഗം നടത്തിയേ തീരൂ. നിങ്ങളുടെ നാവിനോടു കര്‍ക്കശമായിത്തന്നെ ഇടപെടുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും കളകളെ അകറ്റി നിര്‍ത്തുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കള വളരുവാന്‍ നിങ്ങള്‍ അനുവദിക്കുകയില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
2) വളപ്രയോഗം കൊണ്ടു മണ്ണിന്റെ വീര്യം കുട്ടുക. സന്തുഷ്ടമായ ഒരു കുടുംബ ജീവിതത്തിന് പരസ്പരം പ്രോത്സാഹനവും അഭിനന്ദനവും ആവശ്യമാണ്. ഒരു നല്ല വിള ലഭിക്കുവാന്‍ തക്കവണ്ണം വളം ചേര്‍ക്കുക.
3) നിയന്ത്രിക്കാന്‍ കഴിയാത്തതും വിനാശകാരികളുമായ രോഗങ്ങളുള്ള ചെടികളെ നശിപ്പിക്കുക. ഇതിനര്‍ത്ഥം അമിതമായ, ആസക്തിയുണ്ടാക്കുന്ന ശീലങ്ങളെ ഉപേക്ഷിക്കുക എന്നാണ്. ടി.വി. സെറ്റിന്‍റെ മുമ്പില്‍ വെറുതെ സമയം കളയാതിരിക്കുക. അതിന്മേല്‍ നമുക്കു നിയന്ത്രണം വേണം. ആസക്തിയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളോടും ഇപ്രകാരം അകലം പാലിക്കണം, നിങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ കാര്യങ്ങളും ആകാം. എന്നാല്‍ അവയ്ക്കുമേല്‍ നിയന്ത്രണം ആവശ്യമാണ്.
4) രോഗബാധിതമായ ഇലകളെ കാണുമ്പോള്‍ മുറിച്ചു നീക്കുക. ഇതിനര്‍ത്ഥം നിങ്ങള്‍ പങ്കാളിയെ മുറിപ്പെടുത്തി എന്നു മനസ്സിലാക്കുമ്പോള്‍ അതൊരു രോഗബാധിതമായ ഇലയാണ്- അതിനെ വേഗത്തില്‍ മുറിച്ചു മാറ്റുക. വേഗം തന്നെ ക്ഷമ ചോദിക്കുക. അങ്ങനെ ആ ഇല നീങ്ങിപ്പോകും. അല്ലെങ്കില്‍ അതു ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. മറ്റൊരു കാര്യം കൂടി. ആ മുറിച്ചു മാറ്റിയ ഇലയെ ദൂരെ എവിടെയെങ്കിലും കളയുക-പഴയ സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാതിരിക്കുക.
5) നിങ്ങള്‍ക്കു ശ്രദ്ധിക്കാന്‍ കഴിയുന്നതിനപ്പുറം ചെടികള്‍ നട്ടു വളര്‍ത്താതിരിക്കുക. ചെടികള്‍ കൂടി നില്ക്കാന്‍ ഇടയാകരുത്. അങ്ങനെനിന്നാല്‍ ആവശ്യത്തിനു വെയിലും കാറ്റും ഓരോ ചെടിക്കും ലഭിക്കാന്‍ ഇടയാകാതെ വരും. 24 മണിക്കൂറിനുള്ളില്‍ ഒട്ടേറെ കാര്യങ്ങള്‍ ഓടി നടന്നു ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താല്‍ ഒരു പക്ഷേ കുടുംബത്തില്‍ സമയം ചെലവഴിക്കാന്‍ അവസരം കിട്ടാതെ വന്നേക്കാം. കുടുംബത്തിനു തന്നെയാകട്ടെ മുന്‍ഗണന. വെയിലും (ദൈവത്തിന്റെ വെളിച്ചം) കാറ്റും (പരസ്പര കൂട്ടായ്മ) ജീവിതത്തിലേക്കു വരുന്നതിനു തിരക്കുകളും അമിതാദ്ധ്വാനവും തടസ്സമാണ്.
ലോകമാസകലമുള്ള തോട്ടങ്ങള്‍ക്കു വേണ്ടി ദൈവം ഉണ്ടാക്കിയ പ്രമാണങ്ങളാണിവ. അതുകൊണ്ടു നിങ്ങളുടെ കുടുംബത്തിനു തന്നെയാവട്ടെ ജീവിതത്തില്‍ മുന്‍ഗണന.
ഞാന്‍ ഉത്തമഗീതം 4:16ല്‍ നിന്നും ഉദ്ധരിക്കട്ടെ: “വടക്കന്‍ കാറ്റേ ഉണരുക. തെക്കന്‍ കാറ്റേ വരിക. (വടക്കന്‍ കാറ്റു തണുത്തതും തെക്കന്‍ കാറ്റ് ചൂടുള്ളതുമാണ്). എന്‍റെ തോട്ടത്തില്‍ നിന്നും സുഗന്ധം വീശേണ്ടതിന് അതിന്മേല്‍ ഊതുക. എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തില്‍ വന്ന് അതിലെ വിശിഷ്ട ഫലം ഭുജിക്കട്ടെ.”
എല്ലാ വിവാഹ ജീവിതങ്ങളിലും തണുത്ത വടക്കന്‍ കാറ്റും (പ്രതികൂലങ്ങള്‍) ചൂടുള്ള തെക്കന്‍ കാറ്റും (സമൃദ്ധിയും സന്തോഷവും) മാറി മാറി വരും. എന്നാല്‍ യേശു നമ്മുടെ തലയായിരിക്കുമ്പോള്‍, നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ നാം അവിടുത്തെ അനുവദിക്കുമ്പോള്‍ സന്തോഷമോ സന്താപമോ ഞെരുക്കമോ സുഖമോ ഈ കാറ്റുകള്‍ എന്തു തന്നെ കൊണ്ടുവന്നാലും നമ്മിലൂടെ ക്രിസ്തുവിന്റെ സൗരഭ്യം എല്ലായിടങ്ങളിലേക്കും വീശുവാന്‍ ഇടയാകും.
ലോകത്തിന് അതു കഴിയില്ല. ലോകത്തിലെ മനുഷ്യര്‍ എല്ലാറ്റിലും പരാതി പറയുന്നവരാണ്. അവര്‍ പ്രതികൂലങ്ങളില്‍ ദൈവത്തിനെതിരെ പരാതി പറയുന്നു. ലോകത്തിലെ മനുഷ്യര്‍ക്കും തെക്കന്‍കാറ്റു കൊണ്ടുവരുന്ന സമൃദ്ധി കൈകാര്യം ചെയ്യുവാന്‍ കഴിവുണ്ട്. എന്നാല്‍ വടക്കന്‍ കാറ്റു കൊണ്ടുവരുന്ന പ്രതികൂലങ്ങളെ കൈകാര്യം ചെയ്യുവാന്‍ അവര്‍ക്കു കഴിയുന്നില്ല. ക്രിസ്തുവിന്റെ മണവാട്ടി ഏതു പ്രതികൂലത്തെയും സമൃദ്ധിയെയും വിജയകരമായി കൈകാര്യം ചെയ്യുന്നവളാണ്. അതു നിങ്ങള്‍ക്കും വിവാഹിതരായ നമുക്കോരുരുത്തര്‍ക്കും അങ്ങനെ തന്നെയാണ്.
അവസാനമായി ഇവിടെ പറയുന്നു: “എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തില്‍ വന്ന് അതിലെ വിശിഷ്ട ഫലം ഭുജിക്കട്ടെ.” നിങ്ങളുടെ പ്രതികൂലങ്ങളിന്മേലുള്ള വിജയം കര്‍ത്താവിനു മാത്രം കാണാനുള്ളതാണ്, അന്യര്‍ക്കല്ല. മറ്റുള്ളവര്‍ കാണാത്ത കാര്യങ്ങള്‍ രഹസ്യത്തില്‍ കര്‍ത്താവ് ഓരോ സമയത്തും കാണുന്നു. അവിടുന്നു തന്റെ തോട്ടത്തിലേക്കു വരുമ്പോള്‍ തന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഓരോ സമയത്തും അവിടെ ഉണ്ടായിരിക്കട്ടെ.
ദൈവം നിങ്ങളെ ഇരുവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍
4. ഭവനം:ദൈവത്തിനൊരു തിരുനിവാസം
(എന്റെ നാലാമത്തെ മകൻ സുനിലും അനുഗ്രഹും തമ്മിലുള്ള വിവാഹം വേളയിൽ നൽകിയ സന്ദേശം)
നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഈ ഭൂമിയില്‍ കാണുന്ന എല്ലാറ്റിന്റെയും അടിസ്ഥാനം ദൈവവചനമാണ്. കാരണം ദൈവം ഈ ഭൂമിയും അതിലുള്ളതും തന്‍റെ വചനത്താല്‍ സൃഷ്ടിച്ചവയാണ്. അതുകൊണ്ടു നമ്മുടെ അടിസ്ഥാനം ദൈവത്തിന്‍റെ വചനപ്രകാരം പണിയുന്നു എങ്കില്‍ ഒരിടത്തും നമുക്കു തെറ്റു പറ്റുകയില്ല.
പുറപ്പാട് 25-ാം അദ്ധ്യായത്തിലാണ് ആദ്യമായി മനുഷ്യനോടു കൂടെ വസിക്കുവാനുള്ള ആഗ്രഹം ദൈവം വെളിപ്പെടുത്തുന്നത്. 25:8ല്‍ “ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്കൊരു വിശുദ്ധ മന്ദിരം ഉണ്ടാക്കണം.” ദൈവത്തിന്റെ അഗ്നി വന്ന് ആവസിച്ച ആ കൂടാരത്തെയാണ് ഇതു സൂചിപ്പിക്കുന്നത്- ദൈവത്തിന്റെ ആ തേജസ്സായിരുന്നു യിസ്രായേല്‍ മക്കളെ ചുറ്റുമുള്ള സകല ജാതികളില്‍ നിന്നും വ്യത്യസ്തരാക്കിയത്.
പുറപ്പാടു പുസ്തകത്തില്‍ കാണുന്ന മാതൃകയിലുള്ള ഒരു കൂടാരം ഉണ്ടാക്കുക വളരെ എളുപ്പമാണ്. കാരണം അതിന്റെ അളവുകളും വിശദാംശങ്ങളും ഒക്കെ അവിടെ നല്‍കിയിരിക്കുന്നു. നമുക്ക് അതിന്റെ കൃത്യമായ മാതൃകയില്‍ തന്നെ ഒരു കൂടാരം പണിയുവാന്‍ കഴിയും. ഒന്നു മാത്രം നമുക്കു ഉണ്ടാക്കുവാന്‍ കഴികയില്ല-അതിന്മേല്‍ വസിച്ചിരുന്ന ദൈവതേജസ്സ്. ആ മന്ദിരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതു തന്നെ ആയിരുന്നു. അതിന്മേല്‍ വസിച്ചിരുന്ന ദൈവതേജസ്സ്. അതു തന്റെ ജനത്തിനിടയിലുള്ള ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്നതായിരുന്നു.
സുനില്‍, അനുഗ്രഹ്, ഇപ്പോള്‍ നിങ്ങള്‍ തമ്മില്‍ വിവാഹിതരാകുന്നു. ഏറ്റവും സുപ്രധാനമായ കാര്യം നിങ്ങളുടെ ഭവനം ദൈവത്തിന് ഒരു വിശുദ്ധ മന്ദിരമായിത്തീരണമെന്നുള്ളതാണ്. നിങ്ങള്‍ പരസ്പരം സന്തോഷിപ്പിക്കേണ്ടതാണങ്കിലും അതിനുള്ള ഒരിടമെന്നതിനെക്കാള്‍, മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതെങ്കിലും അതിനുള്ള ഒരിടം എന്നതിനെക്കാള്‍ ദൈവത്തിനു തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തുവാനൊരിടമായി ഭവനം തീരണം. അവിടെ യേശുവിനു വസിക്കുവാന്‍ കഴിയണം. “എനിക്കു വസിക്കുവാന്‍ ഒരിടം അവര്‍ ഉണ്ടാക്കട്ടെ” എന്നാണ് ദൈവം കല്പിച്ചത്.
നിങ്ങളോടു രണ്ടു പേരോടും എനിക്കു പറയുവാനുള്ളത് ഇതാണ്: തനിക്കു വസിക്കുവാനൊരിടം നിങ്ങളുണ്ടാക്കണമെന്നു ദൈവം കല്പിക്കുന്നു.
ചില വീടുകളില്‍ ചെന്നാല്‍ അവിടെ ഇരിക്കുന്നതു നമുക്കു സുഖകരമായി തോന്നാറില്ല എന്നതു നമുക്കെല്ലാം അറിയാം. എന്നാല്‍ ചില വീടുകളില്‍ നാം ചെന്നു കയറുന്ന സമയം മുതല്‍ നമുക്കു കുളിര്‍മ്മ നല്‍കുന്ന പെരുമാറ്റമായിരിക്കും ആ വീട്ടുകാരുടേത്. ആ അനുഭവത്തെ നമുക്കു വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. പക്ഷേ നമുക്കതറിയാം. ഒരു ക്രിസ്തീയ ഭവനം ക്രിസ്തുവിന് അപ്രകാരം സന്തോഷത്തോടെ, സ്വാതന്ത്ര്യത്തോടെ ഇരിക്കാന്‍ കഴിയുന്ന ഒരിടമാകണം. അവിടെ കാണുന്ന ഓരോ കാര്യവും അവിടുത്തേക്കു പ്രസാദകരമാകണം. നിങ്ങള്‍ വായിക്കുന്ന പുസ്തകങ്ങള്‍, വരുത്തുന്ന മാസികകള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഭാഷണം, സംഭാഷണ വിഷയങ്ങള്‍, നിങ്ങള്‍ കാണുന്ന ടി.വി. പരിപാടികള്‍ മുതലായവ. ചില വീടുകളില്‍ ബൈബിള്‍ വാക്യങ്ങള്‍ തൂക്കിയിട്ടിരിക്കും. പക്ഷേ യേശുവിന് അവിടെ ഇരിക്കുവാന്‍ സന്തോഷം തോന്നാറില്ല. ദൈവം എത്ര പ്രതീക്ഷകളോടെയാണ് ആദമിനെയും ഹവ്വയെയും ഒന്നിപ്പിച്ചതെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു പിതാവെന്ന നിലയില്‍ അവരെക്കുറിച്ച് അവിടുത്തേക്ക് എന്തൊക്കെ പദ്ധതികളുണ്ടായിരുന്നു! ഞാനൊരു പിതാവാണ്. എന്‍റെ മകന്‍ ഇന്നു വിവാഹിതനാകുമ്പോള്‍ എത്ര നല്ല പ്രതീക്ഷകളാണ് എനിക്കുള്ളത് എന്നെനിക്കറിയാം. എന്നാല്‍ ആദമും ഹവ്വയും ഒന്നു ചേര്‍ന്ന സമയത്ത് ദൈവത്തിനുണ്ടായിരുന്ന പ്രതീക്ഷകളുടെ ഒരംശം പോലും വരില്ല എന്നിലുള്ളത്. തനിക്ക് ഒന്നാം സ്ഥാനം നല്‍കുന്ന മനോഹരമായ ഒരു കുടുംബജീവിതം അവര്‍ക്കുണ്ടാകുമെന്ന് അവിടുന്നു ചിന്തിച്ചു. എന്നാല്‍ എത്ര വേഗത്തിലാണ് അവര്‍ തന്നെ നിരാശപ്പെടുത്തിയത്! എങ്കിലും അവിടുന്ന് അവരോടു കോപിച്ചില്ല. അവിടുന്നു ദുഃഖിതനായിരുന്നു. ഇന്നു പല ക്രിസ്തീയ കുടുംബങ്ങളെയും നോക്കുമ്പോള്‍ അവിടെ സമാധാനത്തിനു പകരം കലഹവും പോരും കണ്ട് ദൈവഹൃദയം വളരെ ദുഃഖിതമാണ് എന്നു ഞാന്‍ വിചാരിക്കുന്നു. അവര്‍ കുഴപ്പത്തിലാകുമ്പോള്‍ മാത്രം ദൈവത്തിങ്കലേക്കു തിരിയുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമുക്കു വ്യത്യസ്തരാകേണ്ടതുണ്ട്. ആവശ്യം വരുമ്പോള്‍ വിളിക്കേണ്ട ഒരു ആപത്ഘട്ട അടിയന്തര നമ്പറല്ല ദൈവം. എല്ലാ സമയത്തും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം അവിടുന്നാകണം.
നാം വാങ്ങുന്ന ഓരോ ഉപകരണത്തോടുമൊപ്പം ലഭിക്കുന്ന നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ പോലെയാണ് ദൈവത്തിന്റെ വചനം. നാം വാങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിക്കുന്നതില്‍ നാം ജാഗ്രത കാട്ടുന്നവരാണ്. നിങ്ങള്‍ വാങ്ങിയ ഉപകരണം കുഴപ്പമുണ്ടാക്കി നിങ്ങള്‍ അതുമായി നിര്‍മ്മാതാവിനടുത്തേക്കു ചെല്ലുമ്പോള്‍ നിങ്ങളോടു ആദ്യം ചോദിക്കുക “നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചോ” എന്നാണ്. കാരണം, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഗാരന്‍റി വ്യവസ്ഥകളുടെ ആനുകൂല്യം ലഭിക്കുന്നതല്ല എന്ന് ആ പത്രികയില്‍ പറഞ്ഞിട്ടുണ്ടാവും.
എന്നാല്‍ ദൈവത്തെ സംബന്ധിച്ച അത്ഭുതകരമായ സത്യം ഏതു സമയത്തും നമ്മുടെ കുഴഞ്ഞു മറിഞ്ഞ ജീവിതത്തെ നേരെയാക്കാന്‍ അവിടുന്നു സന്നദ്ധനാണ് എന്നതാണ്. അത് ഒരു വര്‍ഷത്തേക്കുള്ള ഒരു ഗാരന്റിയല്ല മറിച്ച് ഒരായുഷ്ക്കാലത്തേക്കു മുഴുവന്‍ ഉള്ളതാണ്. നിങ്ങള്‍ നുറുങ്ങിയ ഒരു ജീവിതവുമായി അവിടുത്തെ അടുത്തേക്കു വന്നാല്‍ അവിടുന്ന് അതിനെ പൂര്‍ണ്ണമാക്കിത്തരും. അതാണു ദൈവത്തെ സംബന്ധിച്ച അത്ഭുതകരമായ സത്യം. അവിടുന്നു സ്നേഹിക്കുന്ന ഒരു പിതാവാണ്. നിങ്ങളുടെ ഭവനത്തില്‍ തനിക്ക് ഒരു തിരുനിവാസം ഉണ്ടായിരിക്കണം. അവിടുന്നു സ്നേഹവാനായ ഒരു പിതാവാണെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ജീവിതത്തിന്റെ ആദ്യ ദിവസം മുതല്‍ യേശുവിന്‍റെ മടങ്ങി വരവു വരെയും നിങ്ങള്‍ സന്തുഷ്ടരായിരിക്കണമെന്ന കാര്യത്തില്‍ താത്പര്യമുള്ള വ്യക്തിയാണു നിങ്ങളുടെ പിതാവ്.
ആ സന്തോഷത്തിന്റെ ഒരംശം എന്റെ ഭാര്യയുമൊത്തു ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അനുഭവിക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. എനിക്കൊരു കാര്യം പറയുവാന്‍ കഴിയും. യേശുവില്‍ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം തന്നെയാണ് ഭൂമിയില്‍ ഏറ്റവും സന്തുഷ്ടമായ ജീവിതം. ചെയ്യുന്ന ഓരോ കാര്യങ്ങളിലും-സമയം ചെലവഴിക്കുന്നതില്‍, പണം ചെലവഴിക്കുന്നതില്‍ തുടങ്ങി മറ്റു ചെറുതും വലുതുമായ ഓരോ കാര്യങ്ങളിലും-യേശു അതില്‍ സന്തോഷിക്കുന്നുണ്ടോ എന്നന്വേഷിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തെ അതു സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കും. നിങ്ങളുടെ ജീവിതത്തിന്റെ അന്ത്യത്തിലോ അല്ലെങ്കില്‍ കര്‍ത്താവിന്‍റെ മടങ്ങി വരവിലോ തന്റെ മുമ്പാകെ നില്‍ക്കുമ്പോള്‍ അവിടുന്നു പറയും “നന്ന്, നന്നായി ചെയ്തിരിക്കുന്നു.” മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്തു കരുതി എന്നുള്ളത് അപ്പോള്‍ പ്രസക്തമല്ലാതായി മാറും.
പുറമെ കാണുന്നതിലൂടെ വിലയിരുത്തുക എന്നതു മാനുഷിക സ്വഭാവമാണ്. ഞാന്‍ ഒരു പരീശനായി ജീവിച്ച ഒട്ടേറെ വര്‍ഷങ്ങള്‍ ഞാനതു ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നു ഞാന്‍ വ്യക്തമായി മനസ്സിലാക്കുന്നു, ദൈവം കാണുന്നതു ഹൃദയന്തര്‍ഭാഗങ്ങളെയാണ് എന്ന്. ഹൃദയത്തിന്റെ ശുദ്ധിയാണ് ഏറ്റവും പ്രധാനമെന്നത് നിങ്ങള്‍ എപ്പോഴും ഓര്‍ത്തിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വീട് ഒരു കൊട്ടാരമാണോ കുടിലാണോ എന്നതു രണ്ടാമത്തെ കാര്യമാണ്. ബാഹ്യമായ കാര്യങ്ങളുടെയെല്ലാം പ്രസക്തി രണ്ടാമതു മാത്രമാണ്. ദൈവം നോക്കുന്നതു ഹൃദയങ്ങളെയാണ്. അതുകൊണ്ടു നിങ്ങളുടെ ഹൃദയങ്ങള്‍ ഒരു വിശുദ്ധ മന്ദിരമാണെന്നുറപ്പു വരുത്തുക – ദൈവത്തിന്റെ തിരുനിവാസമാകേണ്ടതിന്.
1. എവിടെ സമാധാനം ഉണ്ടോ അവിടെ
എവിടെയാണു ദൈവം വസിക്കുന്നത്? എവിടെ സമാധാനമുണ്ടോ അവിടെ. സുവിശേഷം പ്രസംഗിക്കുവാനായി യേശു ശിഷ്യന്മാരെ ഈരണ്ടായി വിവിധ ഇടങ്ങളിലേക്കയച്ചപ്പോള്‍ ലൂക്കൊസ് 10:5-7ല്‍ കര്‍ത്താവ് അവരോടു പറഞ്ഞു: സമാധാനമുള്ള ഒരു ഭവനം അന്വേഷിക്കുക. അത്തരം ഒരു ഭവനം കണ്ടെത്തിയാല്‍ അതു വിട്ടെങ്ങും പോകരുത്. അവിടെത്തന്നെ താമസിക്കുക. എന്തുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത്? കാരണം അത്തരം ഭവനങ്ങള്‍ അധികമൊന്നും കണ്ടെത്തുകയില്ല എന്നു കര്‍ത്താവിനറിയാമായിരുന്നു.
കലഹമില്ലാത്ത ഇടത്തില്‍ മാത്രമേ കര്‍ത്താവു വസിക്കുന്നുള്ളു. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്തിനു വേണ്ടി ആയിരിക്കാം കലഹിക്കുന്നത്? അധികവും ഭൗതിക വസ്തുക്കള്‍ക്കു വേണ്ടി. അല്ലെങ്കില്‍ ചെയ്ത എന്തെങ്കിലും കാര്യങ്ങള്‍ കുഴപ്പത്തിലായതിനെ പ്രതി. ഈ ലോകത്തില്‍ കാര്യങ്ങള്‍ തെറ്റിപ്പോകാനിടയുണ്ട്. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം പാപം മാത്രമാണ് ഗൗരവമുള്ളത് എന്നതാണ്. അല്ലാതെയുള്ളതെല്ലാം അപ്രധാനവും അവഗണിക്കാവുന്നതുമാണ്. ഇക്കാര്യം നിങ്ങള്‍ എന്നും ഓര്‍ത്തിരിക്കുമെന്നു ഞാന്‍ കരുതുന്നു. പാപം മാത്രമാണ് പ്രാധാന്യമുള്ള കാര്യം. ഭൗതികമായ ചില നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ കയ്പായിരിക്കുന്നതും പരസ്പരം മിണ്ടാതിരിക്കുന്നതും ദൈവസന്നിധിയില്‍ ഗൗരവമുള്ളതാണ്. ദൈവത്തെ ദുഃഖിപ്പിക്കുന്ന കാര്യമാണ്. ഞാന്‍ ഒരു ജ്ഞാന ശകലം നിങ്ങളുമായി പങ്കുവയ്ക്കട്ടെ: പാപത്തെ വെറുക്കുക- കാരണം അതു മാത്രമാണു നിങ്ങളുടെ ദാമ്പത്യത്തെ നശിപ്പിക്കുന്ന ഒരേ ഒരു കാര്യം.
നിങ്ങളുടെ ഭവനം ദൈവത്തിന് ഒരു വിശുദ്ധ മന്ദിരമാണെന്ന കാര്യം മറന്നു പോകരുത്. നിങ്ങളുടെ കുടുംബത്തിനുള്ളില്‍ സമാധാനം കെടുത്തുന്ന എന്തെങ്കിലും ഒരു കാര്യം ഉയര്‍ന്നു വന്നാല്‍ പിന്നെ അതൊരു വിശുദ്ധ മന്ദിരമായിരിക്കയില്ല. ദൈവം നിങ്ങളോടു കോപിക്കുമെന്നും ശപിക്കുമെന്നും ഒന്നും ഞാന്‍ പറയുകയില്ല. പക്ഷേ ദൈവം ദുഃഖിക്കും. എന്നാല്‍ ഒന്നാം ദിവസം മുതല്‍ തന്നെ യേശു സന്തോഷവാനായി നിങ്ങളുടെ വീട്ടില്‍ ഉണ്ടാവണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് എനിക്കറിയാം.
നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ ഇങ്ങനെ പറയണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. “കര്‍ത്താവേ, ആളുകള്‍ ഞങ്ങളെക്കുറിച്ചു സന്തുഷ്ടരായിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിലുപരി അങ്ങു ഞങ്ങളെക്കുറിച്ചു സന്തുഷ്ടനാണോ? അങ്ങയെ ദുഃഖിപ്പിക്കുന്ന എന്തെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വാക്കുകളിലോ ചിന്തകളിലോ മനോഭാവങ്ങളിലോ ഉണ്ടോ? അങ്ങു ഞങ്ങളുടെ ഭവനത്തില്‍ സന്തുഷ്ടനായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും “ഇതു കര്‍ത്താവിനു സന്തോഷകരമാണോ’ എന്ന നിലയില്‍ ഒരു വിലയിരുത്തല്‍ നടത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”
അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഭവനം എങ്ങനെ ആയിത്തീരുമെന്നു നിങ്ങള്‍ക്കു ചിന്തിക്കാമോ? കൂടാരത്തില്‍ എങ്ങനെ ദൈവതേജസ് നിറഞ്ഞുവോ അങ്ങനെ നിങ്ങളുടെ ഭവനം തേജസ് നിറഞ്ഞ ഒരിടമായിത്തീരും. അങ്ങനെ ആളുകള്‍ നിങ്ങള്‍ മുഖാന്തരം ജീവനുള്ള ദൈവത്തിങ്കലേക്കു ആകൃഷ്ടരായിത്തീരും.
സമാധാനത്തിനു വേണ്ടി തങ്ങളുടെ അവകാശങ്ങളെ ത്യജിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ നടുവില്‍ ദൈവം വസിക്കുന്നു. ഒരിക്കല്‍ ഒരു ട്രെയിന്‍ കയറാന്‍ വേണ്ടി തിരക്കു പിടിച്ചു റെയില്‍വേസ്റ്റേഷനിലേക്കു പോകുന്ന യുവദമ്പതികള്‍ എന്‍റെ അടുത്തു വന്ന് എന്നോടു ചോദിച്ചു: “ബ്രദര്‍ സാക്, താങ്കള്‍ക്ക് രണ്ടു മിനിറ്റു സമയം കൊണ്ടു ഞങ്ങള്‍ക്ക് ഒരു പ്രബോധനം നല്‍കാന്‍ കഴിയുമോ?” “തീര്‍ച്ചയായും. ഇതാ ശ്രദ്ധിക്കുക: എപ്പോഴും തമ്മില്‍ ക്ഷമ ചോദിക്കുവാന്‍ ഒരുങ്ങിയിരിക്കുക. അതു പോലെ എല്ലായ്പോഴും ക്ഷമിക്കുവാനും ഒരുങ്ങിയിരിക്കുക”-ഞാന്‍ പറഞ്ഞു. നിങ്ങള്‍ ഒരു തെറ്റു ചെയ്ത ഉടന്‍ ക്ഷമ ചോദിക്കുവാനും ക്ഷമ ചോദിച്ചാല്‍ ഉടന്‍ ക്ഷമിക്കുവാനും ഒരുക്കമെങ്കില്‍ നിങ്ങളുടെ ഭവനവും ഒരു സമാധാന ഭവനമായിരിക്കുമെന്നു ഞാന്‍ ഉറപ്പു തരാം.
നിങ്ങളുടെ ഭവനം അങ്ങനെ ആയിരിക്കട്ടെ. എന്നാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ വളരെ സംവേദനത്വം ഉള്ള ആളായിരിക്കണം. നിങ്ങളുടെ കാലില്‍ ഒരു മുള്ളു തറച്ചാല്‍ ഒരു നിമിഷം പോലും നിങ്ങള്‍ താമസിക്കുകയില്ല അതെടുത്തു കളയാന്‍. അപ്രകാരം നിങ്ങളുടെ മനസ്സാക്ഷിയില്‍ ഒരു കുത്തല്‍ അനുഭവപ്പെടുന്ന നിമിഷം തന്നെ അതെടുത്തു മാറ്റുവാന്‍ ശ്രമിക്കുക. അതൊരു മുള്ളാണ്. അതിനു നിങ്ങളെ നശിപ്പിക്കുവാന്‍ കഴിയും. കാലില്‍ തറച്ച മുള്ളിനെക്കാള്‍ അധികം ഉപദ്രവം അതിനു നിങ്ങളുടെ ഹൃദയത്തോടു ചെയ്യുവാന്‍ കഴിയും. എന്തു വില കൊടുത്തും സമാധാനം അന്വേഷിക്കുക. നിങ്ങളുടെ നഷ്ടങ്ങളെ സാരമാക്കേണ്ടതില്ല. അതു പണമോ, സമയമോ, മാനമോ എന്തുമായിക്കൊള്ളട്ടെ. അതൊന്നും സമാധാനത്തോളം വിലയുള്ളതല്ല. പണവും സമാധാനവും ഒരു തുലാസ്സിന്റെ രണ്ടു തട്ടില്‍ വച്ചു തൂക്കാന്‍ ശ്രമിച്ചാല്‍ പണത്തെക്കാള്‍ എത്രയധികം തൂക്കമുള്ളതാണു സമാധാനമെന്നു നിങ്ങള്‍ തിരിച്ചറിയും.
ഒരു ദിവസം വീട്ടില്‍ എന്തോ കുഴപ്പം സംഭവിച്ചു. ഭക്ഷണം കരിഞ്ഞു പോയി? ഭക്ഷണം കരിഞ്ഞു പോയതുകൊണ്ട് ഒരു നേരം ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല എന്നേയുള്ളു. അതുകൊണ്ടെന്താണു സംഭവിക്കുക? അതു നിങ്ങളെ കൂടുതല്‍ ആരോഗ്യമുള്ളവരും ശരീര സൗഖ്യമുള്ളവരുമാക്കും. ഒരു പക്ഷേ കൂടുതല്‍ ആത്മീയരുമാക്കാം; എന്നാല്‍ അതിന്‍റെ പേരില്‍ നിങ്ങള്‍ കോപിച്ചാല്‍, പിശാച് ജയിക്കും.
ദൈവം ആരംഭിച്ച ആദ്യ കുടുംബത്തില്‍ എന്താണു സംഭവിച്ചതെന്ന് ഓര്‍മ്മിക്കുക. ആദാം ഹവ്വമാരുടെ ഇടയിലേക്കു കടന്നു കയറുവാന്‍ ഒരവസരത്തിനു വേണ്ടി പിശാച് പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. അവന്‍ വിജയിച്ചു. അവന്‍ ഇയ്യോബിനും ഭാര്യയ്ക്കും ഇടയ്ക്കു കടന്നുകയറുന്നതിലും വിജയിച്ചു. ഇസഹാക്കിനും റെബേക്കയ്ക്കുമിടയില്‍ കടന്നു കയറുന്നതിലും അവന്‍ വിജയിച്ചു.
ഒരു ഭാര്യയും ഭര്‍ത്താവിനും ഇടയില്‍ സാത്താന്‍ കടന്നു കയറുന്നതു ദൈവത്തിനിഷ്ടമല്ല. അതു നിങ്ങള്‍ക്ക് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. ദൈവം നിങ്ങളുടെ ഭവനത്തില്‍ സന്തുഷ്ടനായിരിക്കട്ടെ. എല്ലായ്പോഴും അവിടുന്നു നിങ്ങള്‍ക്കു സമാധാനം നല്‍കട്ടെ.
2. എവിടെ ഭാര്യാ ഭർത്താക്കന്മാർ നുറുക്കമുള്ള വരാണോ അവിടെ
രണ്ടാമതായി എനിക്കു പറയുവാനുള്ളതു യെശയ്യാ 57:15-ല്‍ കാണുന്ന കാര്യത്തെക്കുറിച്ചാണ്. “ദൈവം ഉന്നതനും പരിശുദ്ധനുമെങ്കിലും താഴ്മയും നുറുക്കവുമുള്ള ഹൃദയത്തിലും വസിക്കുന്നു.” താഴ്മയും നുറുക്കവുമുള്ളവരോടു കൂടെയാണ് ദൈവം വസിക്കുന്നത്. നുറുക്കമുള്ള ഒരു വ്യക്തി മറ്റുള്ളവരെക്കാളധികം സ്വന്തം കുറവുകളെക്കുറിച്ചു ബോധമുള്ളവനാണ്. മറ്റുള്ളവരുടെ കുറവുകളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും ചിന്തിക്കുന്നവരാണ് അധികമാളുകളും. മിക്ക കുടുംബങ്ങളിലെയും സംഭാഷണമെല്ലാം മറ്റുള്ളവരുടെ കുറ്റങ്ങളും പരാജയങ്ങളുമാണ്. അതു കാണുക നമുക്കു വളരെ എളുപ്പമാണ്. അവരിലെ നല്ല വശങ്ങള്‍ നാം ശ്രദ്ധിക്കുന്നില്ല. ഇക്കാര്യത്തില്‍ നാമെല്ലാം ഒരുപോലെ കുറ്റക്കാരാണ്. കഴിഞ്ഞ കാലമെല്ലാം ഞാന്‍ ഈ കാര്യത്തില്‍ കുറ്റക്കാരനായിരുന്നു. എന്നാല്‍ ഈ തിന്മയെക്കുറിച്ചു ദൈവം എനിക്കു വെളിച്ചം തന്നപ്പോള്‍ ഞാന്‍ അനുതപിച്ചു.
നമുക്കാരെയും കല്ലെറിയുവാന്‍ അവകാശമില്ല, കാരണം നാം തന്നെ പാപികളാണ്. ദൈവത്തിന്‍റെ കൃപയാല്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ കുറ്റം പറയുക എന്ന പാപവും മറ്റനേകം പാപങ്ങളും വീണ്ടും വീണ്ടും തുടര്‍ന്നു കൊണ്ടിരിക്കുവാന്‍ ആഗ്രഹിക്കുന്നവരല്ല നാം. കുളിമുറിയിലെ കണ്ണാടിയും ഒരു ഡ്രൈവര്‍ക്കു തന്‍റെ പിന്നിലെ വാഹനങ്ങളെ കാണാനുള്ള കണ്ണാടിയും തമ്മിലുള്ള വ്യത്യാസം നമുക്കറിയാം. ബാത്തുറൂമിലെ കണ്ണാടിയില്‍ നാം നമ്മുടെ സ്വന്തം മുഖം കാണുന്നു. വാഹനത്തിലെ കണ്ണാടിയില്‍ നാം അന്യരെ കാണുന്നു. യാക്കോബ് 1:23-25ല്‍ ദൈവത്തിന്‍റെ വചനം ഒരു കണ്ണാടിയാണെന്നു നാം കാണുന്നു. എന്നാല്‍ അത് ഏതുതരം കണ്ണാടിയാണ്? കുളിമുറിയിലെ കണ്ണാടിയോ വാഹനത്തിലെ കണ്ണാടിയോ? ആരുടെ മുഖമാണു നാം അതില്‍ കാണുന്നത്? മറ്റുള്ളവരോടു പ്രസംഗിക്കാനുള്ള ഒരു വചനമാണോ നീ അതില്‍ കാണുന്നത്? അതോ നിനക്കനുസരിക്കുവാനുള്ള ഒരു വചനമോ? എബ്രായര്‍ 10:7 ഇങ്ങനെ പറയുന്നു: “പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.”
ഞാന്‍ വാഹനത്തിലെ ഒരു കണ്ണാടി പോലെ ദൈവവചനത്തെ കണ്ടു കൊണ്ട് ഒട്ടേറെ വര്‍ഷങ്ങള്‍ ഒരു ഭോഷനായി ജീവിച്ചു – മറ്റുള്ളവരോടു പ്രസംഗിക്കുവാനുള്ള വാക്യങ്ങള്‍ കണ്ടെത്തിക്കൊണ്ട്. ആ സമയങ്ങളിലൊക്കെ ഞാന്‍ അരിഷ്ടനായിരുന്നു. മറ്റുള്ളവരില്‍ നുകം വയ്ക്കുന്നവനായിരുന്നു. ഞാന്‍ അതില്‍ നിന്നെല്ലാം സ്വതന്ത്രനായിരിക്കുന്നു. ഇന്നും എനിക്കു സ്വന്തമായ ബോധ്യങ്ങളുണ്ട്. പക്ഷേ ഞാന്‍ അവയെ ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. ഞാന്‍ മറ്റുള്ളവരുമായി അതു പങ്കുവയ്ക്കും. പക്ഷേ ആരും അവ ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിക്കില്ല. അതെന്‍റെ ജോലിയല്ല. ഞാന്‍ ദൈവമുമ്പാകെ ജീവിക്കണമെന്ന നിര്‍ബ്ബന്ധം മാത്രമേ എനിക്കുള്ളു.
എനിക്കുള്ള വെളിച്ചം അടുത്തയാള്‍ക്കുണ്ടാകണമെന്നില്ല എന്ന അത്ഭുതകരമായ സത്യം കൂടി എനിക്കിപ്പോള്‍ മനസ്സിലായിരിക്കുന്നു. കഴിഞ്ഞ ഇരുപതിലധികം വര്‍ഷമായി ഈ സത്യം എന്നെ സഹായിച്ചു കൊണ്ടിരിക്കുന്നു. എനിക്കു ചുറ്റുമുള്ള എല്ലാവര്‍ക്കും എനിക്കുള്ള ഈ വെളിച്ചവും പാപബോധവും ഉണ്ടാകുമെന്നു ഞാന്‍ വിചാരിച്ചു. എന്നാല്‍ പിന്നിട്ട വര്‍ഷങ്ങളിലൂടെ ഞാന്‍ കണ്ടെത്തി-ഓരോ വ്യക്തിക്കും ഒരു പ്രത്യേക അളവിലുള്ള വെളിച്ചം മാത്രമേ ഉള്ളു. മാത്രമല്ല ഓരോരുത്തര്‍ക്കും അറിവിന്‍റെ പരിമിതിയുണ്ടെന്നും ഞാന്‍ കണ്ടത്തി. സര്‍വ്വ ശക്തനായ ദൈവം ഓരോ വ്യക്തിയെക്കുറിച്ചും തങ്ങള്‍ക്കുള്ള വെളിച്ചത്തില്‍ ജീവിക്കണമെന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നും മറ്റുള്ളവര്‍ക്കുള്ള വെളിച്ചത്തില്‍ ആരും ജീവിക്കേണ്ടതില്ല എന്നുമുള്ള സത്യം ഞാന്‍ ഗ്രഹിച്ചു. ദൈവം നമുക്കു തന്നിരിക്കുന്ന വെളിച്ചം എത്രയുണ്ടെന്നു നമുക്കറിയാം. മറ്റൊരാള്‍ക്കു ദൈവം എത്ര വെളിച്ചം നല്‍കിയിട്ടുണ്ടെന്നു നമുക്കറിഞ്ഞു കൂടാ. അതുകൊണ്ടു നാം കരുണയുള്ളവരാകണം.
(ഈ സമയത്ത് വിവാഹ വേദിയിലെ വീഡിയോ ലൈറ്റ് പെട്ടെന്ന് അണഞ്ഞു പോയി).
ഇപ്പോള്‍ ലൈറ്റ് പെട്ടെന്നണഞ്ഞു പോയപ്പോഴത്തെ അവസ്ഥ കണ്ടോ? അതൊരു ദൃഷ്ടാന്തമാണ്. ചില ആളുകള്‍ക്ക് നല്ല വെളിച്ചമുള്ളപ്പോള്‍ മാത്രമേ വ്യക്തമായി കാണുവാന്‍ കഴിയൂ. എന്നാല്‍ ചില ആളുകള്‍ക്കു മങ്ങിയ വെളിച്ചത്തിലും കാര്യങ്ങളെ വ്യക്തമായി കാണുവാന്‍ കഴിയും. നമ്മുടെ കണ്‍മുമ്പില്‍ തന്നെ ഈ സത്യം യഥാതഥമായി ആ ലൈറ്റിന്റെ പ്രശ്നത്തിലൂടെ കാട്ടിത്തന്നതു ദൈവത്തിന്റെ നന്മയാണ്.
അതുകൊണ്ടു സുനില്‍, ചില മേഖലകളില്‍ നിനക്കുള്ള വെളിച്ചം അനുഗ്രഹിന് ഉണ്ടാവില്ല.
അതുപോലെ അനുഗ്രഹ്: ചില മേഖലകളില്‍ നിനക്കുള്ള വെളിച്ചം സുനിലിനും ഉണ്ടാവില്ല. നിങ്ങള്‍ ഓരോരുത്തരും തങ്ങള്‍ക്കുള്ള വെളിച്ചത്തില്‍ ജീവിക്കുകയും പങ്കാളിയെ സ്വന്തം വെളിച്ചത്തില്‍ ജീവിക്കുവാന്‍ അനുവദിക്കുകയും വേണം.
ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെക്കാള്‍ അറിവുണ്ട്. രണ്ടാം ക്ലാസ്സുകാരന് തന്റെയൊപ്പം അറിവുണ്ടാകണമെന്നു ആറാം ക്ലാസ്സുകാരന്‍ പ്രതീക്ഷിക്കുന്നത് ഭോഷത്തമാണ്. എന്റെ ഈ 65-ാം വയസ്സില്‍ ഒരു 26കാരന് ദൈവവഴികളില്‍ എന്‍റെയൊപ്പം പരിജ്ഞാനമുണ്ടെന്നു പ്രതീക്ഷിക്കുന്നതു ഭോഷത്തമാണ്. എന്നാല്‍ ഭോഷനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അധികം ക്രിസ്ത്യാനികളും ഭോഷന്മാരാണ്. തങ്ങള്‍ 30 വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച പരിജ്ഞാനം മറ്റുള്ളവര്‍ ഒരു വര്‍ഷം കൊണ്ട് ആര്‍ജ്ജിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ഈ യുവ ദമ്പതികള്‍ക്ക് എത മാത്രം ജ്ഞാനമുണ്ടാകുമെന്ന് എനിക്കു പ്രതീക്ഷിക്കാന്‍ കഴിയും? ഇരുപതുകളിലുള്ള യൗവനക്കാരുടെ ജ്ഞാനം മാത്രം.
സുനില്‍, അനുഗ്രഹ്, നിങ്ങള്‍ക്ക് അധികം ഉത്സാഹം പകരുന്ന ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാം. നിങ്ങളുടെ പ്രായത്തില്‍ ഞാന്‍ ചെയ്തു കൂട്ടിയ മടയത്തരങ്ങളുടെ ഒരു പത്തിലൊന്നു മാത്രമേ നിങ്ങള്‍ ചെയ്യുവാന്‍ പോകുന്നുള്ളു. അതു നിങ്ങള്‍ക്കു ധൈര്യമുണ്ടാക്കുന്ന കാര്യമാണ് എന്നു ഞാന്‍ കരുതട്ടെ. ദൈവം എന്നോടു കരുണ കാണിച്ചു. എന്റെ എല്ലാ ഭോഷത്തങ്ങളിലും ദൈവം ആശ്വാസം പകര്‍ന്നു. ഉത്സാഹം തന്നു.
ഒരു പിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങളോടു രണ്ടു പേരോടും പറയട്ടെ. അനുഗ്രഹ്, ഞാന്‍ നിന്‍റെ അമ്മായിയപ്പനല്ല, അപ്പനാണ് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. വളരെ മുമ്പു തന്നെ ഞാന്‍ തീരുമാനമെടുത്തിരുന്നു ഞാന്‍ ന്യായപ്രമാണത്തിനല്ല കൃപയ്ക്ക് അധീനനാകയാല്‍ എനിക്കു ഒരിക്കലും മരുമക്കളുണ്ടാവില്ല, മക്കള്‍ മാത്രമേ ഉണ്ടാകു എന്ന്. അക്കാര്യം അടുത്ത ചില വര്‍ഷങ്ങളില്‍ നിനക്കു പരീക്ഷിച്ചുതന്നെ മനസ്സിലാക്കാവുന്നതാണ്. ഞാന്‍ നിന്നോടു പെരുമാറുന്നതു മരുമകളോടെന്ന പോലെയാണോ മകളോടെന്നപോലെയാണോ എന്ന്. എനിക്ക് ഏതെങ്കിലും അവസരത്തില്‍ വീഴ്ച വന്നാല്‍ ഇന്നു ഞാന്‍ പറഞ്ഞ ഈ കാര്യം നിനക്ക് എന്നെ ഓര്‍മ്മിപ്പിക്കാവുന്നതാണ്. തീര്‍ച്ചയായും അതു ഞാന്‍ സ്വീകരിക്കും.
നിങ്ങളുടെ പിതാവ് എന്ന നിലയില്‍ എനിക്കു നിങ്ങളോടു പറയുവാനുള്ളത് ഇതാണ്. എനിക്കുള്ള വെളിച്ചം നിങ്ങള്‍ക്കുണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ക്ക് 65 ആകുന്നതിനു മുമ്പെ ഇന്ന് എനിക്കുള്ള വെളിച്ചവും ജ്ഞാനവും നിങ്ങള്‍ക്കുണ്ടാകുമായിരിക്കാം-ഒരുപക്ഷേ നിങ്ങള്‍ക്കു 45 ആകുമ്പോഴേക്ക് എനിക്കിന്നുളള ജ്ഞാനം നിങ്ങള്‍ക്കുണ്ടായെന്നുവരാം. ഒരുപക്ഷേ 65 ആകുമ്പോഴേക്കും എനിക്ക് ഇന്നുള്ളതിലും അധികം ജ്ഞാനം നിങ്ങള്‍ക്കുണ്ടാകുമായിരിക്കാം.
അതുകൊണ്ട് 40 വര്‍ഷം കൊണ്ട് തങ്ങള്‍ ആര്‍ജ്ജിച്ച ജ്ഞാനം നിങ്ങള്‍ക്കുണ്ടെന്നു പ്രതീക്ഷിക്കുന്ന ആളുകളെ കണ്ടു മുട്ടുമ്പോള്‍ അവരെ അവഗണിക്കുക. യെശയ്യ 42:19ല്‍ മനോഹരമായ ഒരു വചനമുണ്ട്. “യഹോവയുടെ ഒരു യഥാര്‍ത്ഥ ദാസന്‍ ചെകിടനും കുരുടനും ആയിരിക്കും.” നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ക്കു നിങ്ങള്‍ ചെകിടരും കുരുടരുമായിത്തീരുക. ആ വാക്യം എന്നെ വളരെ സഹായിച്ചു. അതു നിങ്ങളെയും സഹായിക്കും. നിങ്ങള്‍ ആളുകളുടെ അഭിപ്രായത്തിനു ബധിരരും കുരുടരുമാകുന്നത്രത്തോളം മാത്രമേ നിങ്ങള്‍ക്കു ദൈവസാന്നിദ്ധ്യത്തില്‍ ജീവിക്കുവാന്‍ കഴിയൂ.
അതുകൊണ്ടു നിങ്ങളെ വിമര്‍ശിക്കുന്നവരുടെ കുറവുകളല്ല, നിങ്ങളുടെ കുറവുകള്‍ തന്നെ കണ്ടെത്തുവാന്‍ ശ്രമിക്കുക. അവര്‍ നിങ്ങളെ വിമര്‍ശിച്ചുകൊണ്ടു സ്വയം നശിക്കുന്നെങ്കില്‍ നശിക്കട്ടെ. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു. ഞാന്‍ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ടു സ്വയം നാശത്തിനു വിധേയനാവുകയില്ല എന്ന്. ഞാന്‍ വളരെ ഭോഷത്തരങ്ങള്‍ എന്‍റെ ചെറുപ്പകാലത്തു ചെയ്തു കൂട്ടി. ഇന്ന് എനിക്കു കുറച്ചു കൂടി പരിജ്ഞാനം ലഭിച്ചിരിക്കുന്നു. പൗലൊസ് പറയുന്നു: “ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ പെരുമാറി. ശിശുവിനെപ്പോലെ സംസാരിച്ചു. ശിശുവിനെപ്പോലെ പ്രവര്‍ത്തിച്ചു. ഞാന്‍ മുതിര്‍ന്ന ശേഷമോ ശിശുവിനുള്ളതു ത്യജിച്ചു കളഞ്ഞിരിക്കുന്നു (1കൊരി. 13:11). നിങ്ങളെയും വേഗത്തില്‍ മുതിര്‍ന്നവരാകുവാന്‍ ഞാന്‍ ഉത്സാഹിപ്പിക്കുന്നു.
3. എവിടെ ഭാര്യയും ഭർത്താവും വിശുദ്ധരാകുന്നോ അവിടെ
ഭാര്യയും ഭര്‍ത്താവും എല്ലാ ദിവസവും വിശുദ്ധിയില്‍ ജീവിക്കുന്നിടത്തു ദൈവം വസിക്കുന്നു.
യെഹസ്കേല്‍ 43:12ല്‍ ഇങ്ങനെ പറയുന്നു: “ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വ്വതത്തിന്‍റെ മുകളില്‍ അതിന്‍റെ അതിര്‍ത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം.
കൂടാരത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. പുറത്തെ പ്രാകാരം, വിശുദ്ധ മന്ദിരം, അതി വിശുദ്ധ സ്ഥലം. ഇതില്‍ അതിവിശുദ്ധ സ്ഥലമായിരുന്നു ഏറ്റവും ചെറുത്.
പുതിയ ഉടമ്പടിയില്‍ പ്രാകാരവും വിശുദ്ധ സ്ഥലവും ഇല്ല. എല്ലാം അതിവിശുദ്ധ മന്ദിരമാണ്. കൂടാരത്തിലെപ്പോലെ ദൈവ തേജസ്സ് ഒരു കോണില്‍ മാത്രമല്ല മന്ദിരത്തിന്റെ അതിരിന്നകമെല്ലാം അതിവിശുദ്ധമായിരിക്കും എന്നാണ്.
എന്താണതിനര്‍ത്ഥം? നിങ്ങളുടെ ജീവിതം ഞായറാഴ്ചകളില്‍ മാത്രമല്ല എല്ലാ ദിവസവും അതിവിശുദ്ധമായിരിക്കുമെന്നാണ്. നിങ്ങള്‍ ബൈബിള്‍ വായിക്കുമ്പോള്‍ മാത്രമല്ല വിശുദ്ധരാകുന്നത്, എന്തു ചെയ്യുമ്പോഴും വിശുദ്ധരാണ്. നിങ്ങളുടെ ജീവിതത്തിന്റെ, ഭവനത്തിന്റെ, ഓരോ കോണും മൂലയുമെല്ലാം വിശുദ്ധമായിരിക്കണം. വിശുദ്ധി എന്നത് ഏതെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഒന്നല്ല. ദൈവത്തിനു പ്രസാദകരമല്ലാത്ത കാര്യങ്ങളെ നിങ്ങള്‍ക്കു ലഭിച്ച വെളിച്ച പ്രകാരം ജീവിതത്തില്‍ നിന്നും നീക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. നിങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ ഇതു സത്യമായി തീരട്ടെ.
നിങ്ങള്‍ ഒരുമിച്ചുള്ള ജീവിതത്തെ സംബന്ധിച്ചു ദൈവത്തിനു മനോഹരമായ ഒരു പദ്ധതി ഉണ്ട്. ആദമിനെ ദൈവം സൃഷ്ടിക്കുമ്പോള്‍ അവിടെ ഹവ്വ ഉണ്ടായിരുന്നില്ല. ആദമിന്‍റെ മൂക്കില്‍ ദൈവം ജീവശ്വാസം ഊതി. അവന്‍ കണ്ണു തുറന്നപ്പോള്‍ കണ്ടതു ദൈവത്തെയാണ്. അതു പോലെ സുനില്‍, നീ എല്ലാ ദിവസത്തിലും പ്രഭാതത്തില്‍ കണ്ണു തുറന്നു ദൈവത്തെ തന്നെയായിരിക്കും കാണുക. തുടര്‍ന്ന് ആദാമിനു ഒരു നിദ്ര വരുത്തിയ ശേഷംഅവന്‍റെ വാരിയെല്ലെടുത്തു ഹവ്വയെ സൃഷ്ടിച്ചു. ഹവ്വ കണ്ണു തുറന്നപ്പോള്‍ അവളും ആദ്യം കണ്ടതു ദൈവത്തെ തന്നെ ആയിരുന്നു. അനുഗ്രഹ്, നീയും എല്ലാ ദിവസവും രാവിലെ കണ്ണു തുറക്കുമ്പോള്‍ കാണുന്നതു ദൈവത്തെ തന്നെയാകണം. അതിനുശേഷമായിരുന്നു ദൈവം അവരെ ഒന്നിപ്പിച്ച് വിവാഹം കഴിപ്പിച്ചത്. അവര്‍ ആദ്യം ദൈവത്തെ കണ്ടതുകൊണ്ട് അവര്‍ പരസ്പരം വളരെ സ്നേഹിച്ചു. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം നീണ്ടു നില്‍ക്കുന്നതിന്‍റെ രഹസ്യം നിത്യേനയുള്ള ഈ കാഴ്ചയാണ്.
ആദമിനു ദൈവം ചെയ്തു കൊടുത്തതു സുനിലിനു ദൈവം നല്‍കിത്തന്നിരിക്കുന്നു. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് നീ ജനിക്കുമ്പോള്‍ മാതാപിതാക്കളായ ഞങ്ങള്‍ക്കു വലിയ സന്തോഷമായിരുന്നു. ആ ദിവസത്തിനു വളരെ മുമ്പെ തന്നെ ദൈവം നിന്റെ ജനനത്തെക്കുറിച്ചറിഞ്ഞിരുന്നു. ഞാനും നിന്റെ അമ്മയും വിവാഹിതരാകും മുമ്പ് തന്നെ നിന്റെ പേര് ദൈവം ജീവപുസ്തകത്തില്‍ എഴുതിക്കഴിഞ്ഞിരുന്നു. നിന്റെ വിവാഹത്തിനു വേണ്ടിക്കൂടി ദൈവം കരുതിയിരുന്നു എന്നത് അത്ഭുതകരമാണ്. അതുകൊണ്ട് നീ ജനിച്ചു ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ മറ്റൊരു ഭാഗത്ത് ഒരു കൊച്ചു പെണ്‍കുട്ടിയെ കൂടി ദൈവം ഭൂജാതയാക്കി. ഇക്കാര്യം നിനക്കോ അനുഗ്രഹിനോ അറിയുമായിരുന്നില്ല. ദൈവം ചേരുമ്പടി ചേര്‍ക്കുന്നതില്‍ ഒരു വിദഗ്ധനാണ്. നിങ്ങള്‍ക്ക് ഇരുവര്‍ക്കും വേണ്ടിയുള്ള ഈ പദ്ധതിയെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞതേയില്ല. ഈ കുട്ടി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അവള്‍ക്കു വേണ്ടി നീ തന്നെയായിരുന്നു ദൈവത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത്. അങ്ങനെ ഒരു ദിവസം അവിടുന്നു നിങ്ങളെ കൂട്ടി വരുത്തി. ആദമിനെയും ഹവ്വയെയും കൂട്ടി വരുത്തിയ പ്രകാരം തന്നെ. നിങ്ങളെ സംബന്ധിച്ചു ദൈവം എത്ര നല്ലവനാണ്!
അതു കൊണ്ടു നിങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രാര്‍ത്ഥന ഇതാണ്. നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചു ദൈവം തികച്ചും സന്തുഷ്ടനായിരിക്കും- നിങ്ങളുടെ ഭവനം ഒരു വിശുദ്ധ മന്ദിരമായി, ദൈവത്തിന് ഒരു തിരുനിവാസമായി നിങ്ങള്‍ പണിയുമെങ്കില്‍.
ദൈവം നിങ്ങളെ ഇരുവരെയും അനുഗ്രഹിക്കുമാറാകട്ടെ. ആമേന്‍.






