അല്പം വൈകിപ്പോയി

അമ്മ അഞ്ചുവയസ്സുകാരൻ കുഞ്ഞിനെ മടിയിൽ വച്ച് പലതും ചിന്തിച്ച് ഇരിക്കുകയാണ്. നാട്ടിൽ ഉണ്ടായ പർച്ചവ്യാധിയിൽ കുഞ്ഞിന്റെ അപ്പനും ചേച്ചിയും ചേട്ടനും മരിച്ചു. പെട്ടെന്നു കുഞ്ഞ് അമ്മയോടു നിഷ്കളങ്കമായി ചോദിച്ചു: “അമ്മേ, അമ്മയും മരിച്ചാൽ ഞാൻ പിന്നെ എന്തു ചെയ്യും?”

അമ്മ ഞെട്ടിപ്പോയി. എങ്കിലും അമ്മ സംയമനം പാലിച്ചു കുഞ്ഞിനു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു: “അമ്മയും മരിച്ചാൽ, യേശു അപ്പോൾ നിന്നെ തേടിവരും. നിന്നെ കരുതും”.

കുഞ്ഞ് യേശുവിനെക്കുറിച്ച് സണ്ടേസ്കൂളിൽ പഠിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന യേശു. കുഞ്ഞിന് അമ്മയുടെ മറുപടി തൃപ്തിയായി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാക്കുകൾക്ക് അറംപറ്റിയതുപോലെ അമ്മയും മരിച്ചു.

അമ്മയുടെ ശവസംസ്കാരം നടന്ന രാത്രി! എല്ലാവരും ഉറങ്ങിയിട്ടും കുഞ്ഞിന് ഉറക്കം വന്നില്ല. യേശു വന്നില്ലല്ലോ.

രാത്രി കുഞ്ഞ് എഴുന്നേറ്റ് തന്റെ ഏറ്റവും നല്ല ഉടുപ്പുകൾ അണിഞ്ഞ് മെല്ലെ വീട്ടിൽ നിന്നിറങ്ങി. സമീപത്തെ പള്ളിയിലെ സെമിത്തേരിയിൽ അമ്മയുടെ കല്ലറ തേടി അവൻ പോയി. അവൻ കല്ലറയ്ക്കരികിലെത്തി. അതിൽ ഇരുന്നു. പിന്നെ അതിൽ കിടന്നു.

രാവിലെ ഒരു മാന്യൻ നടക്കാനിറങ്ങിയപ്പോൾ അതാ കല്ലറയുടെ മുകളിൽ ഉറക്കം ഉണർന്ന് ഒരു കുട്ടി ഇരിക്കുന്നു.

“കുഞ്ഞേ, നീ ഇവിടെ എന്തു ചെയ്യുന്നു”.

“ഞാൻ യേശുവിനെ കാത്തിരുന്നു ക്ഷീണിച്ചു. ഉറങ്ങിപ്പോയി. ഇപ്പോൾ ഉണർന്നതേയുള്ളൂ”.

മാന്യൻ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പറഞ്ഞു “മോനെ, ഞാൻ നിന്നെ തേടിയാ വന്നത്”.

കുഞ്ഞ് വലിയ കണ്ണുകൾ ഉയർത്തി അയാളെ നോക്കി എന്നിട്ടു പറഞ്ഞു:“ പക്ഷേ, നിങ്ങൾ ഒത്തിരി താമസിച്ചുപോയി. എങ്കിലും വന്നല്ലോ!” കുഞ്ഞു വിചാരിച്ചത് ആ മാന്യൻ, തന്നെ തേടി വരുമെന്ന് അമ്മ പറഞ്ഞ യേശുവാണെന്നാണ്

നാം ഒടുവിൽ കരുണയുടെ കരങ്ങളുമായി എത്തുമ്പോൾ ആളുകൾ ഇങ്ങനെ പറയുമോ? “ഓ നിങ്ങൾ വന്നു. പക്ഷേ ഒത്തിരി താമസിച്ചുപോയല്ലോ!”

What’s New?