ജോൺ ജി പാറ്റൺ ന്യൂ ഹെബ്രയിഡ്സിൽ മിഷനറിയായിരുന്നു. അവിടെ നിന്നു താനാദ്വീപിൽ അദ്ദേഹം പൂർണഗർഭിണിയായ ഭാര്യയോടൊത്ത് പ്രേഷിതപ്രവർത്തനങ്ങൾക്കായി പോയി. അവിടെവച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. പക്ഷേ അധികസമയം കഴിയുന്നതിനു മുൻപ് അവൾ മരിച്ചു പോയി. പാറ്റൺ സ്വന്തകൈകൊണ്ടുതന്നെ ഒരു ശവക്കുഴി ഉണ്ടാക്കുകയും മൃതദേഹം അവിടെ അടക്കം ചെയ്യുകയും ചെയ്തു. പതിനേഴു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞും മരിച്ചു. അതിനെയും അദ്ദേഹം തന്നെ അടക്കം ചെയ്തു.
ഈ കഠിനദുഃഖത്തിന്റെ അവസ്ഥയിലൂടെ കടന്നുപോയതിനെക്കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി.
“ഞാൻ ഒരിക്കലും കൈവിടപ്പെടുകയായിരുന്നില്ല. വീടിനോടു ചേർന്നു നിർമ്മിച്ച ശവക്കുഴിയിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരെയും സംസ്കരിക്കുവാനും തകർന്ന ഹൃദയത്തോടെയാണെങ്കിലും അവരുടെ അന്ത്യശുശ്രൂഷകളിൽ മുഖ്യ പങ്കു വഹിക്കുവാനും മഹാകൃപാലുവായ ദൈവം എന്നെ ശക്തീകരിച്ചു. ഇപ്പോൾ വലിയ പ്രത്യാശയോടും വിശ്വാസത്തോടും കൂടി എന്റെ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത ഈ ദേശത്തെ ദൈവത്തിനായി അവകാശം പറഞ്ഞ് ഞാൻ ഇടവിടാതെ പ്രാർത്ഥിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. താനാദ്വീപ് ദൈവത്തിങ്കലേക്കു തിരിയുമ്പോൾ അവിടെ എന്റെ സ്വപ്നങ്ങൾ പച്ചപിടിച്ചു നിൽക്കുന്നത് അവർ കണ്ടെത്തും. അവിടുന്ന് എന്നെ താനയിൽ നിലനിർത്തി. കർത്താവിന്റെ നാമത്തിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ ഭ്രാന്തു പിടിച്ച് ആ കല്ലറകളുടെ അടുക്കൽ കിടന്നു മരിച്ചേനെ”.
“ഹേ! മരണമേ, നിന്റെ ജയമെവിടെ? ഹേ! മരണമേ നിന്റെ വിഷമുള്ളവിടെ?” (1കൊരി.15:55)
ജീവനുള്ള പ്രത്യാശ
