നിഴൽ യുദ്ധം

man in black shirt and gray denim pants sitting on gray padded bench

സ്റ്റോപ്പിൽ ബസു നിന്നപ്പോൾ അജാനബാഹുവായ ഒരാൾ ബസിൽ കയറി. ആറരയടിയിലേറെ പൊക്കം. ഒത്ത ശരീരം വിരിഞ്ഞ മാറ്. ബസിൽ കയറിയ ഗുസ്തിക്കാരനെപ്പോലെ തോന്നിയ അയാൾ കഷ്ടിച്ച് അഞ്ചടി പൊക്കമുള്ള കണ്ടക്ടറെ നോക്കി പരുക്കൻ ശബ്ദത്തിൽ പറഞ്ഞു: “തടിയൻ ജോ പണം തരികയില്ല.” പറഞ്ഞതും ഒരൊഴിഞ്ഞ സീറ്റിൽ ഇരുന്നതും ഒപ്പം കഴിഞ്ഞു.

പാവം കണ്ടക്ടർ! ഒരക്ഷരം മിണ്ടിയില്ല. അയാളോടു ടിക്കറ്റു ചോദിച്ചതുമില്ല.

അടുത്ത ദിവസം അതേ സ്റ്റോപ്പിൽ നിന്ന് അതേ ബസിൽ തടിയൻ ജോ കയറി. വീണ്ടും അതേ പ്രഖ്യാപനം: “തടിയൻ ജോ പണം തരികയില്ല”.

ഇത് എല്ലാ ദിവസവും ആവർത്തിച്ചപ്പോൾ കണ്ടക്ടറുടെ ഉറക്കം നഷ്ടപ്പെട്ടു. എപ്പോഴും ചിന്ത തടിയൻ ജോയെക്കുറിച്ചായി. എങ്ങനെ ഇവനെ കൈകാര്യം ചെയ്യും?

കണ്ടക്ടർ ആറു മാസത്തെ കരാട്ടെ ക്ലാസ്സിൽ ചേർന്നു. ജോലി കഴിഞ്ഞ് എല്ലാ ദിവസവും തീവ്രപരിശീലനം, ഒടുവിൽ കണ്ടക്ടർ കരുത്തനായി. തടിയൻ ജോയെ കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസമായി.

അടുത്ത ദിവസം സ്റ്റോപ്പിൽ ബസ് നിന്നപ്പോൾ തടിയൻ ജോ പതിവുപോലെ ബസിൽ കയറി. കണ്ടക്ടറെ നോക്കി പതിവുപോലെ പറഞ്ഞു: “തടിയൻ ജോ പണം തരികയില്ല”.

കണ്ടക്ടർ ഇക്കുറി വിട്ടുകൊടുത്തില്ല. ബസിലെ യാത്രക്കാരെ വകഞ്ഞുമാറ്റി അയാൾ തടിയൻ ജോയുടെ നേരേ മുമ്പിൽ വന്നു നിന്ന് മുഖത്തു നോക്കി ഉച്ചത്തിൽ ഒരു ചോദ്യം. “എന്തുകൊണ്ട്? എന്തു കൊണ്ട് നീ പണം തരുന്നില്ല?”

തടിയൻ ജോ നിഷ്ക്കളങ്കമായി ചിരിച്ചുകൊണ്ടു പറഞ്ഞു: “അയ്യോ അതറിയുകയില്ലേ? ഈ ബസിൽ ഒരു വർഷം യാത്ര ചെയ്യാനുള്ള പാസ് തടിയൻ ജോ നേരത്തെ പണം കൊടുത്ത് വാങ്ങിയിട്ടുണ്ട്. ഇതാ പാസ്”. ഗുണപാഠം: ഒരു പ്രശ്നം കൈകാര്യം ചെയ്യാനിറങ്ങും മുൻപ് ശരിക്കും ഒരു പ്രശ്നമുണ്ടെന്ന് ഉറപ്പാക്കുക.

നമ്മുടെ പല പ്രശ്നങ്ങളും സാങ്കല്പികമല്ലേ? ശരിക്കുമെന്നാണ് പ്രശ്നമെന്ന് പരിശോധിക്കുക. അതെപ്പറ്റിയുള്ള നിഴൽ യുദ്ധം അവസാനിപ്പിക്കുക.

“നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടിത്തന്നെ ജ്ഞാനിയായിരിക്കും.” (സദൃശ.9:12)