കുറ്റം ചുമത്താതെ വിധിക്കുന്നത് – WFTW 16 ജൂലൈ 2023

സാക് പുന്നൻ

മറ്റുള്ളവരെ വിധിക്കുന്നത് ശരിയാണോ അല്ലയോ എന്നതിനെ കുറിച്ച് ക്രിസ്ത്യാനികളുടെ ഇടയിൽ ധാരാളം തെറ്റിദ്ധാരണകളുണ്ട്- “വിധിക്കുക” എന്ന വാക്കിനെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയാണ് അതിനു കാരണം.

വിശ്വാസികൾ എന്ന നിലയിൽ, ആളുകളെ വിവേചിച്ചറിയേണ്ടതിന് നാം മറ്റുള്ളവരെ വിധിക്കണം. ദൈവ വചനം പറയുന്നത്, ഒരുവൻ പ്രസംഗിക്കുന്നത് നാം കേൾക്കുമ്പോൾ, “അയാളുടെ സന്ദേശത്തെ നാം വിധിക്കണം (വിവേചിക്കണം)” എന്നാണ് (1കൊരി. 14:29). അതുകൊണ്ട് പരിശുദ്ധാത്മാവ് വാസ്തവത്തിൽ നമ്മോട് കല്പിക്കുന്നത് ഓരോരുത്തരുടെയും പ്രസംഗങ്ങളെ വിധിക്കണം എന്നാണ്. ഇന്നത്തെ ക്രിസ്തീയ ഗോളത്തിലുള്ള അനേകം വഞ്ചകന്മാരായ പ്രാസംഗികന്മാരാൽ നാം വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാൻ കഴിയുന്ന ഒരേ ഒരു മാർഗ്ഗം അതു മാത്രമാണ്.

ദൈവവചനം ഇങ്ങനെയും കൂടെ പറയുന്നു, “കള്ള പ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ, ഏതാത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്നു ശോധന ചെയ് വിൻ” ( 1 യോഹ. 4:1).

മറ്റുള്ളവരെ എപ്രകാരമാണ് വിധിക്കേണ്ടത് എന്നു കൂടി യേശു നമ്മോട് പറഞ്ഞു. അവിടുന്ന് ഇപ്രകാരം പറഞ്ഞു, “നിങ്ങളുടെ വിധിയിൽ സത്യസന്ധരായിക്കുക ഉപരിപ്ലവമായോ പുറമേയുള്ള കാഴ്ചയാലോ തീരുമാനിക്കരുത് എന്നാൽ യഥാർത്ഥമായതും നീതിയുള്ളതുമായ വിധി വിധിപ്പിൻ” (യോഹ. 7:24- ആംപ്ലിഫൈഡ്).

അങ്ങനെയാണെങ്കിൽ “വിധിക്കരുത്” (മത്താ.7:1ൽ) എന്നുകൂടി അവിടുന്നു പറഞ്ഞപ്പോൾ, യേശു എന്താണ് അർത്ഥമാക്കിയത്? “വിധിക്കുക” എന്ന വാക്കിന് ”കുറ്റം വിധിക്കുക” എന്ന അർത്ഥം കൂടിയുണ്ട് (ഗ്രീക്കു ഭാഷയിൽ). ഈ വാക്യം ആംപ്ലിഫൈഡ് പരിഭാഷയിൽ ഇപ്രകാരം വായിക്കുന്നു: “നീ തന്നെ കുറ്റം വിധിക്കപ്പെടാതിരിക്കാൻ നീ മറ്റുള്ളവരെ കുറ്റം വിധിക്കരുത്” (മത്താ. 7:1- ആംപ്ലിഫൈഡ്).

യേശു തന്നെ കുറിച്ച് തന്നെ ഇപ്രകാരം പറഞ്ഞു, “ഞാൻ ആരെയും കുറ്റപ്പെടുത്തുകയോ ശിക്ഷയ്ക്കു വിധിക്കുകയോ ചെയ്യുന്നില്ല” (യോഹ. 8:15 – ആംപ്ലി ഫൈഡ്).

അതുകൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തി ശിക്ഷ വിധിക്കുന്നത് (വാക്കിലോ നമ്മുടെ മനസ്സിലോ) നിരോധിക്കപ്പെട്ടിരിക്കുന്നു. അത് ചെയ്യാനുളള അവകാശം ദൈവത്തിനു മാത്രമുള്ളതാണ്. എന്നാൽ നാം ശോധന ചെയ്ത് വിവേചിക്കണം.

യേശുവിനെ കുറിച്ച് ഇങ്ങനെ പ്രവചിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് ആരെയും ഒരിക്കലും ”കണ്ണു കൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല, ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല, എന്നാൽ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധി കല്പിക്കയും ചെയ്യും” (യെശ.11:3,4). നാമും അവിടുത്തെ മാതൃക പിൻതുടർന്ന് നാം ഒരിക്കലും എന്തിനെയെങ്കിലും അല്ലെങ്കിൽ ആരെയും കാണുകയോ കേൾക്കുകയോ ചെയ്യുന്നതു കൊണ്ടു മാത്രം വിധിക്കരുത്. നാം ഒരു കാര്യത്തെ പൂർണ്ണമായി പരിശോധിച്ചതിനു ശേഷം തീർത്തും ന്യായമായി, ഒരു പക്ഷപാതവുമില്ലാതെ നീതിയോടെ വിധിക്കണം.

ദൈവ ഗൃഹത്തിലെ അംഗങ്ങളെന്ന നിലയിൽ, നമ്മോടും പറഞ്ഞിരിക്കുന്നത്, ആദ്യം നാം നമ്മെ തന്നെ വിധിക്കണമെന്നാണ് (1പത്രൊ.4:17). എന്നാൽ നാം നമ്മുടെ ഉള്ളിലേക്കു നോക്കി കൊണ്ടല്ല നമ്മെ തന്നെ വിധിക്കേണ്ടത്. അല്ല. നാം യേശുവിൻ്റെ മാതൃക നോക്കിയിട്ട് അവിടുത്തെ ജീവിതത്തിൻ്റെ വെളിച്ചത്തിൽ, നമ്മുടെ കുറവുകൾ കാണുകയും അതിനു ശേഷം നമ്മെ വിധിക്കുകയും ആണ് ചെയ്യേണ്ടത്. വചനത്തിൽ എഴുതപ്പെട്ടിരിക്കുന്നതു പോലെ “കർത്താവേ, അവിടുത്തെ പ്രകാശത്തിൽ, ഞങ്ങൾ പ്രകാശം കാണുന്നു” (സങ്കീ.36:9).

ദൈവത്തിൻ്റെ പ്രകാശത്തിൽ നമ്മെ തന്നെ വിധിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിൽ നാം പഠിക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്. അനേകരും ഒരിക്കലും ഇതു പഠിക്കുന്നില്ല. അതുകൊണ്ടു തന്നെ അവർക്ക് ഒരിക്കലും ഒരാത്മീയ പുരോഗതി ഉണ്ടാകുന്നുമില്ല.

ഇവിടെ ആശ്ചര്യകരമായ ഒരു വാഗ്ദത്തം ഉണ്ട്, അത് ഇന്ന് വിശ്വസ്തതയോടെ തങ്ങളെ തന്നെ വിധിക്കുന്നവൻ അന്ത്യനാളിൽ ദൈവത്താൽ വിധിക്കപ്പെടുകയില്ല എന്നാണ്: “നാം നമ്മെ തന്നെ നേരായി വിധിച്ചാൽ, നാം വിധിക്കപ്പെടുകയില്ല” ( 1 കൊരി. 11:31).

നാം മറ്റുള്ളവരെ വിധിക്കുന്നില്ലെങ്കിലും പാപത്തിനെതിരായി ശക്തമായി നാം പ്രസംഗിക്കണം. കോപം, ഒരുവൻ തൻ്റെ കണ്ണുകൾ കൊണ്ട് ലൈംഗികമായി മോഹിക്കുന്നത്, പണത്തെ സ്നേഹിക്കുന്നത്, ആകുലചിന്ത, ഭയം, ദുഷ്ചിന്തകൾ, ഭോഷ്കു പറയുന്നത്, മനുഷ്യൻ്റെ മാനം അന്വേഷിക്കുന്നത്, ഒരുവൻ തൻ്റെ ശത്രുവിനെ വെറുക്കുന്നത് മുതലായ പ്രത്യേക പാപങ്ങൾക്കെതിരെ യേശു ശക്തമായി പ്രസംഗിച്ചു (മത്താ.5,6,7ൽ). നാമും നൂതന പാപങ്ങളായ ഇൻ്റർനെറ്റ്പോണോഗ്രഫി (അശ്ലീല ചിത്രം) കാണുന്നതുപോലെയുള്ളവയ്ക്കെതിരായി സംസാരിക്കണം- എന്നാൽ ആളുകളെ കുറ്റം വിധിയിലേക്കു തള്ളിവിടാതെ. യേശു വന്നത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല എന്നാൽ ലോകത്തെ രക്ഷിക്കാനത്രെ (യോഹ. 3:17). ദൈവം മാത്രമാണ് സകല മനുഷ്യരുടെയും ന്യായാധിപനും വിധികർത്താവും (യാക്കോ .4:12).