സാക് പുന്നന്‍
അനേകം മതഭക്തര്‍ നിയമവാദികളും, ന്യായപ്രമാണത്തിനു കീഴിലുള്ളവരുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ കാര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് അവര്‍ അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം എത്ര വരുമെന്നു കൃത്യമായി കണക്കു കൂട്ടിയിട്ട് വൈമനസ്യത്തോടെ അത് ദൈവത്തിനു കൊടുക്കുന്നത്. പഴയ നിയമത്തില്‍, ഈ നിലപാട് യിസ്രയേല്യരെ ഒടുവില്‍ കണ്ണു പൊട്ടിയ ആടിനെയും ദീനം പിടിച്ച കാളകളെയും യഹോവയ്ക്കു യാഗം കഴിക്കുന്നതില്‍ കൊണ്ടെത്തിച്ചു (മലാഖി 1:8).
പുതിയ നിമയ കല്പനകളോടും ഇതിനു സമാനമായ നിലപാട് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഒരു സഹോദരി തന്നോട്, ഭര്‍ത്താവീന് കീഴ്‌പ്പെട്ടിരിക്കുവാന്‍ കല്പിക്കുന്ന വചനത്തിന്റെ അക്ഷരം, എത്ര കുറച്ചു പാലിക്കാമെന്ന് ചിന്തിക്കുന്നു അല്ലെങ്കില്‍ സഭാ യോഗങ്ങളില്‍ – തലമുടിയുടെ ഭംഗി മുഴുവനായി മറഞ്ഞു പോകാത്ത വിധത്തില്‍ – തലയുടെ ഏറ്റവും കുറച്ചു ഭാഗം മൂടുന്നതിനെക്കുറിച്ച് അവള്‍ ചിന്തിക്കുന്നു. പുരുഷന്മാരും സ്ത്രീകളും തങ്ങള്‍ക്കുള്ളതെല്ലാം മുഴുവനായി ഉപേക്ഷിക്കാതെ `ആത്മീയന്‍’ ആകുവാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞതിനെക്കുറിച്ചു ചിന്തിച്ചേക്കാം. `ഈ ലോകത്തിന്റേതായി ഞാന്‍ ഉപേക്ഷിക്കേണ്ടിയ ഏറ്റവും കുറഞ്ഞ അളവ് എന്താണ്?’ എന്ന ചോദ്യമാണ് അങ്ങനെയുള്ള ആളുകളുടെ മനസ്സില്‍ എപ്പോഴും ഉള്ളത്. അങ്ങനെയുള്ള ആളുകള്‍ക്ക് ഒരിക്കലും ആത്മീയരാകാന്‍ കഴിയുകയില്ല. അവര്‍ക്കു മതഭക്തരായിരിക്കാന്‍ മാത്രമേ കഴിയൂ.
യേശുവിന്റെ നിലപാടു തികച്ചും വ്യത്യസ്തമായിരുന്നു. തന്റെ പിതാവിനെ പ്രസാദിപ്പിക്കുവാന്‍ വേണ്ട ഏറ്റവും കുറഞ്ഞ അളവ് എന്താണെന്ന് അവിടുന്ന് ഒരിക്കലും അന്വേഷിച്ചില്ല. മറിച്ചു തനിക്കുള്ളതെല്ലാം തന്റെ പിതാവിനു കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ പരമാവധി എന്താണെന്ന് കണ്ടെത്താനാണ് അവിടുന്ന് അന്വേഷിച്ചത്. അതുകൊണ്ട് ഓരോ കല്പനയുടെയും പിന്നിലുള്ള ആത്മാവ് എന്താണെന്ന് അവിടുന്ന് അന്വേഷിച്ചത്. അങ്ങനെ ശാരീരികമായ വ്യഭിചാരം മാത്രം ഒഴിവാക്കിയാല്‍ പോരാ എന്ന് അവിടുന്ന് അറിഞ്ഞു. (ന്യായപ്രമാണം ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ കാര്യം അതായിരുന്നെങ്കിലും). ഒരുവന്‍ ഹൃദയത്തില്‍ മോഹിക്കുക പോലും ചെയ്യരുതെന്നാണ് ആ കല്പനയുടെ പിന്നിലുള്ള ആത്മാവെന്ന് അവിടുന്നു മനസ്സിലാക്കി. അതുപോലെ കോപവും കൊലപാതകവും ഒരുപോലെയാണെന്ന് അവിടുന്നു കണ്ടു. ഇതുപോലെ മറ്റുള്ളവയും. അങ്ങനെ, ഓരോ കല്പനയുടെയും പിന്നിലുള്ള ആത്മാവിനെ അവിടുന്നു മനസ്സിലാക്കി.
തന്റെ ഭര്‍ത്താവിനെ ആഴമായി സ്‌നേഹിക്കുന്ന ഈ ലോകത്തിലെ കാന്ത, തന്റെ കാന്തനെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും കുറഞ്ഞത് എന്തു ചെയ്യണമെന്ന് ഒരിക്കലും ചിന്തിക്കാറില്ല. മറിച്ച് അവള്‍ക്ക് പരമാവധി എന്തു ചെയ്യാന്‍ കഴിയും എന്നാണ് അവള്‍ ചിന്തിക്കുന്നത്. ഇതു തന്നെയാണ് ക്രിസ്തുവിന്റെ കാന്തയുടെയും നിലപാട്.
ഇവിടെയാണ് വേലക്കാരിയും കാന്തയും തമ്മിലുള്ള വ്യത്യാസം ന്യായപ്രമാണത്തിന്റെ കീഴിലുള്ളവര്‍ക്കെല്ലാം വേലക്കാരിയായിരിക്കാന്‍ മാത്രമേ കഴിയൂ. ഒരു ജോലിക്കാരന്‍ തന്റെ കൂലിക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്റെ സേവനത്തില്‍ അവന്‍ വളരെ കണക്കു കൂട്ടല്‍ ഉള്ളവനാണ്. ക്ലോക്ക് പ്രകാരം അവന്‍ തന്റെ ജോലി അളക്കുന്നു. അധിക സമയം അവന്‍ ജോലി ചെയ്താല്‍, അവന്‍ അധിക വേതനം പ്രതീക്ഷിക്കുന്നു. ഒരു പുത്രന്‍ (അല്ലെങ്കില്‍ ഒരു ഭാര്യ), മറുവശത്ത്, എത്ര നീണ്ട സമയം വേണമെങ്കിലും, പ്രതിഫലത്തിനായിട്ടല്ല, സ്‌നേഹം മൂലം, ജോലി ചെയ്യും. മതഭക്തിയും ആത്മീയതയും തമ്മിലുള്ള വ്യത്യാസം ഇതിലാണു കിടക്കുന്നത്.
“എനിക്കു കര്‍ത്താവില്‍ നിന്ന് എന്തു നേടാന്‍ കഴിയും” എന്നു ചിന്തിക്കുന്ന മനോഭാവം മതഭക്തിയിലേക്കു നയിക്കുന്നു. എന്നാല്‍ ‘എനിക്കുള്ള ഒരേയൊരു ഭൌതീക ജീവിതത്തില്‍ നിന്ന് കര്‍ത്താവിന് എന്തുലഭിക്കും’ എന്നു ചിന്തിക്കുന്ന മനോഭാവം ശരിയായ ആത്മീയതയിലേക്ക് നയിക്കും .അപ്പോള്‍ ഏറ്റവും കുറഞ്ഞ ആവശ്യം വെറും ഒരു മൈല്‍ പോകുക എന്നതായിരിക്കുമ്പോള്‍ തന്നെ രണ്ടാമത്തെ മൈലുംകൂടി പോകുക എന്നത് നമുക്കു സ്വാഭാവികമായിത്തീരും.