ആത്മാവില്‍ ദരിദ്രരായവര്‍


യഥാര്‍ത്ഥ ആത്മീയതയുടെ അടിസ്ഥാന പ്രമാണം

ജോജി ടി. സാമുവല്‍

അധ്യായം 1:
ആത്മാവിലെ ദാരിദ്ര്യം

ആത്മാവില്‍ ദരിദ്രര്‍ (Poor in Spirit) – ബൈബിളില്‍ ഒരിടത്തു മാത്രമാണ് ഇങ്ങനെയൊരു പ്രയോഗം (മത്താ. 5:3). യേശുവാണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാനാണ് (യെശയ്യ. 61:1) അവിടുന്ന് വന്നത്. അതുകൊണ്ട് തന്റെ പര്‍വ്വതപ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ യേശു ആത്മാവിലെ ദാരിദ്ര്യത്തിലേക്കു വിരല്‍ചൂണ്ടി.

ഇന്ന് യഥാര്‍ത്ഥ ആത്മീയതയുടെ വഴിയില്‍ പോകുവാന്‍ നാം ഇച്ഛിക്കുന്നുണ്ടെങ്കില്‍ ആ പാതയെ മുഴുവന്‍ ഈ ഒരൊറ്റ പ്രയോഗ ത്തില്‍ സംക്ഷേപിക്കാം- ആത്മാവിലെ ദാരിദ്ര്യം. ദൈവത്തിന്റെ ഉന്നത നിലവാരത്തിനു മുന്‍പില്‍ നമ്മുടെ അപര്യാപ്തത കണ്ട് ദൈവത്തില്‍ ഹൃദയപൂര്‍വ്വം ആശ്രയിക്കുന്നതും നമ്മുടെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ലാതെ അവിടുന്നു കൃപ നല്‍കി പരിശുദ്ധാത്മ ശക്തിയാല്‍ നമ്മെ മുന്നോട്ടു നയിക്കുന്നതും ഈ പ്രയോഗം ഉള്‍ക്കൊണ്ടിരിക്കുന്നു. ആ നിലയില്‍ നോക്കുമ്പോള്‍ ക്രിസ്തീയ ജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ആത്മാവിലെ ദാരിദ്ര്യമാണു പ്രസക്തമായ ഒരേയൊരു കാര്യം.

ലഭിച്ച കാര്യങ്ങളില്‍ തൃപ്തരായിരിക്കണമെന്നു പഠിപ്പിച്ച ഗുരുവാണു ക്രിസ്തു. പുല്‍ക്കൂടു മുതല്‍ കാല്‍വറി വരെയുള്ള യാത്രയില്‍ ഒട്ടേറെ ഭൗതിക കാര്യങ്ങളില്‍ ഇല്ലായ്മ അനുഭവിച്ചെങ്കിലും അവിടുന്ന് അതില്‍ പരാതിപ്പെടുകയോ പരിഭവിക്കുകയോ ചെയ്തില്ല. ഭൂമിയിലെ ജീവിതത്തില്‍ ഇത്രയും തൃപ്തനായ മറ്റൊരുവനുണ്ടായിരുന്നില്ല. തന്റെ ശിഷ്യന്മാരെയും അവിടുന്നു തൃപ്തിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു. എഴുപതുപേരെ തനിക്കു മുന്‍പേ ഓരോ പട്ടണത്തിലേക്കും ഗ്രാമത്തിലേക്കും അയച്ച ക്രിസ്തു അവര്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഒന്നിതാണ് – ‘നിങ്ങളുടെ മുന്‍പില്‍ വയ്ക്കുന്നതു ഭക്ഷിപ്പിന്‍’ (ലൂക്കൊ. 10:8). ആ കാല്‍ച്ചുവടു പിന്‍പറ്റിയ പൗലൊസും ഇതു തന്നെ പഠിപ്പിച്ചു – ‘തൃപ്തിയോടുകൂടിയ ദൈവഭക്തിയാണ് ആദായം’ (1 തിമൊഥെ. 6:6). സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കാത്ത ഒരു കാര്യമല്ല പൗലൊസ് പ്രഘോഷിച്ചത് (ഫിലിപ്യ. 4:11-13). ദൈവം മനുഷ്യനു ചുറ്റും സ്ഥലത്തിന്റെയും സമയത്തിന്റെയും സമ്പത്തിന്റെയും സാഹചര്യങ്ങളുടെയും ഒരു വൃത്തം വരച്ചിട്ടുണ്ടെന്നും അതിനുള്ളില്‍ ഒതുങ്ങി നിന്നാണു ദൈവത്തെ കണ്ടെത്തേണ്ടതെന്നുമായിരുന്നു കര്‍ത്താവില്‍ നിന്നുതന്നെ ഈ കാര്യങ്ങള്‍ പഠിച്ച അദ്ദേഹത്തിന്റെ നിലപാട് (പ്രവൃ. 17:26,27). എന്നാല്‍ നമുക്കു തൃപ്തി വേണ്ടാത്ത ഒരിടം മാത്രമേയുള്ളു – അത് ആത്മീയതയിലാണ്. അതുകൊണ്ട് യേശു പഠിപ്പിച്ചു: ആത്മാവില്‍ ദരിദ്രരായവര്‍, നിലവിളിക്കുന്നവര്‍, വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

ആത്മാവിലെ ദരിദ്രനുള്ളത് ആരോഗ്യകരമായ അസംതൃപ്തിയാണ്. ലൂസിഫറിനുണ്ടായിരുന്ന അനാരോഗ്യകരമായ ഒരു അസംതൃപ്തിയുടെ നേരെ എതിര്. ലൂസിഫറിന്റെ അസംതൃപ്തി പാപം കൊണ്ടുവന്നെങ്കില്‍ ആത്മാവിലെ ദാരിദ്ര്യം രക്ഷയിലേക്കു നയിക്കുന്നു. മാത്രമല്ല, രക്ഷിക്കപ്പെടുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന ആത്മീയ ജീവിതത്തിന്റേയും അതിന്റെ പുരോഗതിയുടെയും ഉള്ളിലൂടെ അന്തര്‍ധാരയായി ഒരു സുവര്‍ണ നൂലുപോലെ കടന്നു പോകുന്നതും ആത്മാവിലെ ദാരിദ്ര്യമല്ലാതെ മറ്റൊന്നല്ല.

ആത്മാവിലെ ദരിദ്രന്റെ പാപത്തിന്റെ നിര്‍വചനം വിശാലമായതു കൊണ്ട് മറ്റുള്ളവര്‍ ചെറുതെന്നു കരുതുന്നതുപോലും അവനു വലിയ ഇടര്‍ച്ചകളാണ്. പാപം, അവനെ സംബന്ധിച്ചിടത്തോളം ഏറെ പാപകരമാണ് (സങ്കീ. 36:9; റോമ. 7:18,24). അതുകൊണ്ടുതന്നെ ആ പാപം ഏറ്റു പറഞ്ഞു വിടുതല്‍ നേടുന്ന അവന്‍ സ്വയം വിലയിരു ത്തുന്നത് ‘അധികം ഇളെച്ചു കിട്ടിയവ’നായാണ്. ഫലം അവനു ദൈവത്തെ ‘അധികം സ്‌നേഹിക്കാതിരിക്കാന്‍’ കഴിയുകയില്ല (ലൂക്കൊ. 7:43,47). അവനു പാപത്തെക്കുറിച്ചു ബോധം നല്‍കുന്ന പരിശുദ്ധാത്മാവു തന്നെ (യോഹ. 16:8) അവന്റെ ഹൃദയത്തില്‍ അധികം സ്‌നേഹം പകര്‍ന്നു നല്‍കുകയും ചെയ്യും (റോമ. 5:5).

തന്റെ നല്ല പ്രവൃത്തികള്‍ പോലും പാപത്തോടു വലിയ സംവേദനക്ഷമതയുള്ള ആത്മാവിലെ ദരിദ്രനെ നിലവിളിയിലേക്കാണു നയിക്കുന്നത്. ദൈവിക വെളിച്ചത്തില്‍ അവന്‍ തന്റെ നല്ല പ്രവൃത്തികളെ നോക്കുമ്പോള്‍ അവ പലപ്പോഴും സ്വാര്‍ത്ഥതയുടെയും സ്വയസ്‌നേഹത്തിന്റേയും കറപുരണ്ടതായാണ് അവനു തോന്നുന്നത്. ‘ഞങ്ങളുടെ നീതിപ്രവൃത്തികള്‍ ഒക്കെയും കറപുരണ്ട തുണിപോല’ (യെശയ്യ. 64:6). ‘നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു’ (യാക്കോ. 3:2). തന്റെ ഏറ്റവും മെച്ചപ്പെട്ട പ്രവൃത്തിപോലും ദൈവിക നിലവാരത്തിനൊപ്പമാകുന്നില്ലല്ലോ എന്ന നിലവിളിയാണവനുള്ളത്.

ആത്മാവിലെ ദരിദ്രന് താന്‍ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവന്‍ എന്ന ബോധ്യം ഉണ്ടായിരിക്കും (എഫെസ്യര്‍ 3:8). എന്നാല്‍ താന്‍ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനല്ല തനിക്കു ബൈബിള്‍ പരിജ്ഞാനം ഉണ്ട്, ചില വരങ്ങള്‍ ഉണ്ട് എന്നെല്ലാം കാണിച്ച് പിശാച് അവനെ നിഗളത്തിലേക്കു തള്ളിയിടാന്‍ ശ്രമിച്ചേക്കും. എന്നാല്‍ തന്റെ കഴിവുകളെക്കുറിച്ചുള്ള ആ കണ്ടെത്തലും യഥാര്‍ഥത്തില്‍ ആത്മാവില്‍ ദരിദ്രനായവനെ അവന്റെ സ്ഥായീഭാവമായ നിലവിളിയിലേക്കായിരിക്കും നയിക്കുക. തന്റെ ബൈബിള്‍ പരിജ്ഞാനം ആകട്ടെ, വരങ്ങളാകട്ടെ ദൈവം പ്രതീക്ഷിക്കുന്ന അളവില്‍ തന്നെ ആത്മീയനാക്കിയിട്ടില്ലല്ലോ എന്നാവും അവന്‍ അപ്പോഴും കരുതുക. ‘ഏറെ വാങ്ങിയവനോട് ഏറെ ചോദിക്കുമല്ലോ’ എന്ന തിരിച്ചറിവ് അവനെ കൂടുതല്‍ ആവശ്യബോധത്തിലേക്കും നിലവിളിയിലേക്കും തന്നെ നടത്തും.

ഭാഗ്യവാന്മാര്‍ (Blessed-അനുഗൃഹീതര്‍) എന്നതിന്റെ ഗ്രീക്കു വാക്കിന് സന്തോഷമുള്ളവര്‍ (Happy) എന്നും അര്‍ത്ഥമുണ്ട്. അങ്ങനെയെങ്കില്‍ ആത്മാവില്‍ ദരിദ്രരായവരാണ്, കരയുന്നവരാണ്, യഥാര്‍ത്ഥത്തില്‍ സന്തുഷ്ടര്‍ എന്നും പറയാം. ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവരാണവര്‍ (2 കൊരി. 6:10).

പുതിയനിയമത്തിലെ കല്പനകള്‍ നമുക്കു തന്നത് അനുസരിക്കുവാനല്ല, അനുസരിക്കുവാന്‍ കഴിയുകയില്ലെന്നു നമ്മെ ബോധ്യപ്പെടുത്താനാണ് എന്നു പറയാറുണ്ടല്ലോ. അത് ഒരു പ്രത്യേക കാര്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. കര്‍ത്താവു നല്‍കിയ ഗിരിപ്രഭാഷണം, കര്‍ത്താവില്‍ നിന്നു തന്നെ പഠിക്കാനാവശ്യപ്പെട്ട താഴ്മ, ശിഷ്യത്വ ത്തിന്റെ വ്യവസ്ഥകള്‍, ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം സംബന്ധിച്ച ആഹ്വാനം, എല്ലാ ബോധപൂര്‍വമായ പാപത്തിന്റെമേലും ജയമുള്ള വിജയകരമായ ജീവിതം നമ്മുടെ ജന്മാവകാശമാണ് എന്ന ചിന്ത എന്നിവയെല്ലാം നോക്കുക. ഇവയെല്ലാം ഈ ലോകജീവിതത്തില്‍ യാഥാര്‍ഥ്യമാക്കേണ്ട കാര്യങ്ങളാണെന്നു ഹൃദയപൂര്‍വ്വം നാം സ്വീകരിച്ചാല്‍ അതു നമ്മെ, സ്വന്തശക്തിയില്‍ ഇതു കയ്യാളാനാവില്ലെന്ന തിരിച്ചറിവിലേക്കു നടത്തും.

അപ്പോള്‍ പിന്നെ എന്തു ചെയ്യും? നമ്മുടെ മുന്‍പില്‍ രണ്ടു വഴികളുണ്ട്: ഇതൊന്നും ആരെക്കൊണ്ടും കഴിയുകയില്ലെന്നു പറഞ്ഞ് (പുറമേ പറയുകയില്ല, പക്ഷേ ഹൃദയത്തിന്റെ മനോഭാവവും ജീവിതത്തിലെ നിലപാടുകളും ഇതായിരിക്കും) ശരാശരി ക്രിസ്തീയ ജീവിതത്തില്‍ തൃപ്തിപ്പെട്ടു മുന്നോട്ടു പോകുകയാണ് ഒന്നാമത്തെ വഴി. അല്ലെങ്കില്‍ നിസ്സഹായതയുടെ നിലവിളിയോടെ ദൈവത്തില്‍ തന്നെ നിരന്തരം ചാരും. അപ്പോള്‍ അവിടുന്നു കൃപയാല്‍, പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടുത്തി നമ്മെ ലക്ഷ്യത്തിലെത്തിക്കും. രണ്ടാമത്തെ ഈ വഴി ആത്മാവില്‍ ദരിദ്രരായവര്‍ക്കു മാത്രമാണു പ്രാപ്യം. അതുപോലെ തന്നെ ഇങ്ങനെയുള്ള ആത്മാവിലെ ദരിദ്രര്‍ക്കു തനിയെ ഇരിക്കാനാവില്ല. അവര്‍ ഒന്നിച്ചു ചേരും. ഫലത്തില്‍ വളരെ വിളവുണ്ടാകും. ദൈവനാമം മഹത്വപ്പെടും.

ഇതു സംബന്ധിച്ച ചിന്തകളാണു തുടര്‍ന്നുള്ള അധ്യായങ്ങളില്‍…

അധ്യായം 2:
ഗിരിപ്രഭാഷണം

യഥാര്‍ത്ഥ ആത്മീയ സമ്പന്നതയുടെ കലവറയിലേക്കു കടക്കാനുള്ള താക്കോല്‍. അതെന്താണ്? ഗിരിപ്രഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ കര്‍ത്താവായ യേശുക്രിസ്തു അതു തന്റെ കേള്‍വിക്കാര്‍ക്ക് (നമുക്കും) സമ്മാനിച്ചു: ആത്മാവിലെ ദാരിദ്ര്യം.

”അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി. അവന്‍ ഇരുന്നശേഷം ശിഷ്യന്മാര്‍ അടുക്കല്‍ വന്നു. അവന്‍ തിരുവായ്‌മൊഴിഞ്ഞ് അവരോട് ഉപദേശിച്ചതെന്തെന്നാല്‍:

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്” (മത്തായി 5:1-3).

യേശു പ്രസിദ്ധമായ തന്റെ ഗിരിപ്രഭാഷണം ആരംഭിക്കുകയാണ്. അതില്‍ ഒന്നാമതായി പറയുന്നത് ആത്മാവിലെ ദാരിദ്ര്യത്തെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ അതിന്റെ പ്രാധാന്യം നമുക്കു മനസ്സിലാക്കാന്‍ കഴിയും.

ഈ പശ്ചാത്തലവും ശ്രദ്ധിക്കേണ്ടതുണ്ട്. കടല്‍ത്തീരത്തു നിന്നുകൊണ്ടും പടകുകളില്‍ ഇരുന്നും സംസാരിക്കുകയും ശിഷ്യന്മാരായി മുക്കുവരില്‍ പലരെയും വിളിക്കുകയും ചെയ്ത യേശു ഇവിടെ പുരുഷാരത്തെ കണ്ടപ്പോള്‍ പര്‍വ്വതത്തില്‍ കയറി. മാത്രമല്ല, അവിടെ ഇരുന്നശേഷമാണ് ഉപദേശിക്കുന്നത്. ആള്‍ക്കൂട്ടത്തോടല്ല, ശിഷ്യന്മാരോടാണ് അവിടുന്നു വളരെ ഗൗരവമുള്ള കാര്യങ്ങള്‍ പറയുന്നത്.

അവിടുന്നു പറയുന്നത് ദൈവരാജ്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളാണ് – ഒരു രാജാവ് തന്റെ രാജ്യത്തിന്റെ ഭരണഘടന വിളംബരം ചെയ്യുന്നതുപോലെ (മത്തായി തന്റെ സുവിശേഷത്തില്‍ യേശുവിനെ രാജാവായാണല്ലോ ചിത്രീകരിക്കുന്നത്). അപ്പം തിന്നാനും രോഗസൗഖ്യം നേടാനും വന്ന പുരുഷാരത്തോടല്ല തന്റെ ശിഷ്യന്മാരോടാണ് യേശു ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ വിവരിക്കുന്നത്. പഴയകാല റബ്ബിമാര്‍ ഇരുന്നു സംസാരിക്കുമ്പോഴാണ് അതിന് ആധികാരികത ലഭിക്കുന്നത്. ഇവിടെയും യേശു ‘ഇരുന്ന ശേഷമാണ് തിരുവായ്‌മൊഴിഞ്ഞ് അവരെ ഉപദേശിച്ചത്.’ ചുരുക്കത്തില്‍ യഥാര്‍ത്ഥ ആത്മീയതയുടെ പ്രമാണങ്ങള്‍ മനസ്സിലാക്കാന്‍ നാമും ശിഷ്യന്മാരെപ്പോലെ നിത്യജീവിതത്തിന്റെ സമതലങ്ങളില്‍ നിന്ന് ‘ഉയരങ്ങളിലേക്കു’ പോകുകയും അവിടെ യേശുവിന്റെ പാദപീഠത്തില്‍ ഇരുന്നു തന്നില്‍ നിന്ന് തന്നെ ആധികാരികമായി കേള്‍ക്കുകയും ചെയ്യേണ്ടതുണ്ട്.

ആത്മാവിലെ ദാരിദ്ര്യം എന്നു പറഞ്ഞാലെന്താണ്? ആത്മാവ് എന്നിവിടെ ഉദ്ദേശിക്കുന്നതു ത്രിത്വത്തില്‍ മൂന്നാമനായ പരിശുദ്ധാത്മാവിനെയല്ല മറിച്ച് വീണ്ടെടുക്കപ്പെട്ട നമ്മുടെ തന്നെ ആത്മാവിനെയാണ്. നമ്മുടെ വ്യക്തിത്വത്തിലെ ഏറ്റവും ആഴത്തിലുള്ള ഘടകം. ‘അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നമ്മെ’ നമ്മുടെ ആത്മാവിലാണ് അവിടുന്ന് ഉയര്‍പ്പിച്ചത് (എഫെ.2:1). ഈ ആത്മാവി ലൂടെയാണു നാം ദൈവത്തോടു ബന്ധപ്പെടുന്നതും ആത്മീയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും.

അങ്ങനെയെങ്കില്‍ നമ്മുടെ ഈ ആത്മാവില്‍ നാം സമ്പന്നരാകുകയല്ലേ വേണ്ടത്? അതല്ലേ ഭാഗ്യാവസ്ഥ? മറിച്ച് ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാരാകുന്നതെങ്ങനെ? ഒരു കടങ്കഥപോലെ തോന്നുന്ന ഇതിന്റെ മറുപടി ഇങ്ങനെ പറയാം: ആത്മീയ സമ്പന്നതയിലേക്കു പ്രവേശിക്കാനുള്ള വഴിയാണു നമ്മുടെ ആത്മാവിലെ ദാരിദ്ര്യം തിരിച്ചറിയുന്നതും അത് അംഗീകരിച്ചു ദൈവമുന്‍പില്‍ നില്ക്കുന്നതും. ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്ന ആത്മീയ നിലവാരത്തിലെത്തുവാന്‍ നമുക്കായിത്തന്നെ കഴിയുന്നില്ല, കഴിയുകയുമില്ല എന്ന സത്യസന്ധമായ കണ്ടെത്തലും ആത്മാര്‍ത്ഥമായ അംഗീകരണവും ആത്മാവിലെ ദാരിദ്ര്യത്തിലുണ്ട്. ദൈവം നമുക്കു നല്‍കുവാനാഗ്രഹിക്കുന്ന ആത്മീയ സമ്പന്നത എത്തിപ്പിടിക്കുവാന്‍ നമുക്കു കഴിയുന്നില്ലെന്ന തിരിച്ചറിവ് നമ്മെ ഒരു നിലവിളിയിലേക്കു നടത്തും. നടത്തണം. അതാണു കര്‍ത്താവ് തൊട്ടടുത്ത വാക്യത്തില്‍ പറഞ്ഞത്: ‘കരയുന്നവര്‍ ഭാഗ്യവാന്മാര്‍’ (5:4). ആത്മാവില്‍ ദരിദ്രരായവര്‍ നിരന്തരം ഒരു നിലവിളി ഒപ്പം കൊണ്ടു നടക്കുന്നവരായിരിക്കും. ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍’ ‘കരയുന്നവര്‍ ഭാഗ്യവാന്മാര്‍.’ – ഉവ്വ്, ഇതൊരു ഇരട്ട ഭാഗ്യമാണ്!

ദൈവം നമ്മെക്കുറിച്ചു വച്ചിരിക്കുന്ന നിലവാരം എത്ര ഉന്നതമാണെന്ന് കണ്ടെത്തുന്നതും അതിനു മുന്‍പില്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ എത്ര ശോചനീയമാണെന്നു തിരിച്ചറിയുന്നതുമാണു നമ്മെ ആത്മാവിലെ ദാരിദ്ര്യത്തിലേക്കും നിലവിളിയിലേക്കും നടത്തുന്നത്. ഇന്നു വിശ്വാസികള്‍ പലരും ദൈവം പ്രതീക്ഷിക്കുന്ന ആ നിലവാരം ശ്രദ്ധിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടോ?

ആ ദൈവിക നിലവാരത്തെക്കുറിച്ചു മനസ്സിലാക്കിയതാണു സെയിന്റ് അഗസ്റ്റിന്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തിയതെന്നു കേട്ടിട്ടുണ്ട്. അദ്ദേഹം ചെറുപ്പത്തില്‍ ഒരിക്കല്‍ ദൈവാലയത്തില്‍ ചെന്നപ്പോള്‍ അവിടെ വൃദ്ധനായ ശുശ്രൂഷകന്‍ സുവിശേഷങ്ങളില്‍ നിന്ന് ഉറക്കെ വായിക്കുകയാണ്. തന്നെ പിന്‍പറ്റുന്നവര്‍ ചെയ്യണമെന്നു കര്‍ത്താവ് ആഗ്രഹിച്ച കാര്യങ്ങളൊക്കെ വായിക്കുന്നതു ചെറുപ്പക്കാരനായ അഗസ്റ്റിന്‍ സശ്രദ്ധം കേട്ടിരുന്നു. ഒടുവില്‍ യോഗം തീര്‍ന്ന് ആളുകള്‍ പിരിയുമ്പോള്‍ അദ്ദേഹം ശുശ്രൂഷകന്റെ അടുത്തെത്തി വിനയത്തോടെ പറഞ്ഞു: ”എനിക്ക് ഒരു കാര്യത്തില്‍ അങ്ങയുടെ ഒരഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.”
”പറയൂ.”
”അല്ല, കര്‍ത്താവു പറഞ്ഞ കാര്യങ്ങളൊക്കെ സുവിശേഷങ്ങളില്‍ നിന്നു വായിച്ചതു ഞാന്‍ ശ്രദ്ധിച്ചു. അതൊക്കെ ചെയ്താല്‍ കൊള്ളാം എന്നുള്ള നല്ല ‘ആദര്‍ശ’ങ്ങളാണോ അതോ തീര്‍ച്ചയായും നമ്മള്‍ അനുസരിക്കേണ്ട കര്‍ത്താവിന്റെ ‘കല്പനക’ളാണോ? അങ്ങെന്താണു കരുതുന്നത്?”

നോക്കിനില്‍ക്കെ, വൃദ്ധനായ ശുശ്രൂഷകന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു. അല്പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം അഗസ്റ്റിന്റെ കരങ്ങളില്‍ പിടിച്ചുകൊണ്ട് കണ്ണുനീരോടെ പറഞ്ഞു: ”നോക്കൂ, ചെറുപ്പക്കാരാ. കര്‍ത്താവു പറഞ്ഞതെല്ലാം അനുസരിക്കേണ്ട കല്പനയാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാനതിനെ മിക്കപ്പോഴും ചെയ്താല്‍ കൊള്ളാം എന്ന ആദര്‍ശമാക്കി മാറ്റിയിരിക്കുകയാണ്. ഇതാണു സത്യം. നീയെങ്കിലും എന്നെപ്പോലെയാകരുത്.”

ആ സത്യസന്ധനായ വൃദ്ധശുശ്രൂഷകന്റെ മുന്‍പാകെ ശിരസ്സു നമിച്ച്, അഗസ്റ്റിന്‍ മെല്ലെ പുറത്തേക്കു നടന്നു – എല്ലാം അനുസരിക്കേണ്ട കല്പനകളാണെന്ന ബോധ്യത്തോടെ. അതാണത്രേ അദ്ദേഹത്തിന്റെ ജീവിതത്തെ തീര്‍ത്തും വ്യത്യാസപ്പെടുത്തിയത്.

നമ്മുടെ ജീവിതത്തെയും വ്യത്യാസപ്പെടുത്തുക ദൈവത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ഈ ബോധ്യമാണ്. പുതിയനിയമം മുന്‍വിധി കൂടാതെ വായിച്ചാല്‍ ദൈവത്തിനു തന്റെ ജനത്തെക്കുറിച്ചുള്ള പ്രതീക്ഷ എത്ര വലുതാണെന്നു കാണാന്‍ കഴിയും. പുതിയ ഉടമ്പടിയില്‍ ദൈവം തന്റെ പുത്രന് ഒരു കാന്തയെയാണു തിരയുന്നത്. അവള്‍ അന്തരംഗത്തില്‍ ശോഭാപരിപൂര്‍ണയായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു (All glorious with in – സങ്കീ. 45:13). നാം ഗിരിപ്രഭാഷണം തന്നെ നോക്കുക. കല്പനകളുടെ ബാഹ്യ അനുസരണത്തില്‍ നിന്ന് ആന്തരികമായ വിശുദ്ധിയുടെ സൂക്ഷ്മതലങ്ങളിലേക്ക് അതു പോകുന്നു. ഫലത്തില്‍ അന്തരംഗത്തിലെ ശോഭാപരിപൂര്‍ണത തന്നെയാണ് അതു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ മത്തായി 5,6,7 അധ്യായങ്ങളില്‍ എത്ര ഉന്നതമായ ഒരു നിലവാരമാണു നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്! ലൂക്കൊസ് 14:25-35-ല്‍ വിവരിക്കുന്ന ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ പാലിക്കാനും മൗലികമായ ചില നിലപാടുകളെടുക്കാതെ സാധ്യമല്ല. മാത്രമല്ല, യേശുവിന്റെ സ്വഭാവത്തോട് എല്ലാ അര്‍ത്ഥത്തിലും അനുരൂപപ്പെടാനാണു നമ്മെ വിളിച്ചിരിക്കുന്നതെന്നു പറയുമ്പോള്‍ (റോമര്‍ 8:29) അതും അതീവ ഗൗരവമായ നിലപാടും നിതാന്തജാഗ്രതയും വേണമെന്നതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നു ബഹുഭൂരിപക്ഷം വിശ്വാസികളും അനുസരിക്കേണ്ട ഈ കല്പനകളെ ‘ചെയ്താല്‍ കൊള്ളാം എന്ന മട്ടിലുള്ള ആദര്‍ശമാക്കി’ ഷോകേസില്‍ സൂക്ഷിച്ചിരിക്കുകയല്ലേ?

ആകട്ടെ, മറുവശത്ത് നിശ്ചയമായും ഇവ ദൈവം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നതും നാം അനുസരിക്കേണ്ടതുമായ കല്പനകളാണെന്നു കണ്ടാലോ? അപ്പോള്‍ സ്വാഭാവികമായും ആദ്യം നമ്മള്‍ നമ്മുടെ തന്നെ ദൃഢനിശ്ചയത്തിലും കഴിവിലും ആശ്രയിച്ച് അവ വള്ളിപുള്ളി വിടാതെ അനുസരിക്കാന്‍ ശ്രമിക്കും. എന്നാല്‍ നാം സത്യസന്ധരാണെങ്കില്‍ വളരെ വേഗം നാം ചെയ്യുന്നതു ദൈവിക നിലവാരത്തിനു വളരെ താഴെയേ എത്തുന്നുള്ളുവെന്നും നമ്മെക്കൊണ്ട് ഒരുകാലത്തും ഇതു സാധ്യമല്ലെന്നും നാം കണ്ടെത്തും. ഈ കണ്ടെത്തല്‍ നമ്മുടെ ആത്മവിശ്വാസത്തെ പൂര്‍ണമായി ചോര്‍ത്തിക്കളയും (ഫിലി. 3:3- ‘ജഡത്തില്‍ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന നാം’ – No confidence in the flesh). നമ്മെക്കൊണ്ട്, നമ്മുടെ ശ്രമംകൊണ്ട് ഇതു കഴിയുകയില്ലെന്നു മനസ്സിലാകുമ്പോള്‍ ആത്മാവിലെ ദാരിദ്ര്യത്തിലേക്കു മെല്ലെ നാം എത്തുകയാണ്. ഈ ആത്മാവിലെ ദാരിദ്ര്യം ആന്തരികമായ ഒരു നിലവിളിയോടെ, നിസ്സഹായതയോടെ, ഇക്കാര്യത്തിനായി ദൈവത്തെ തന്നെ ശരണപ്പെടുവാന്‍ നമ്മെ പ്രേരിപ്പിക്കും. ആത്മാവിലെ ദാരിദ്ര്യം, ഒരളവില്‍ ഭൗതികമായ ദാരിദ്ര്യം പോലെ തന്നെയാണ്. ലൂക്കൊസ് 16:20,21-ല്‍ കാണുന്ന ലാസര്‍ എന്ന ദരിദ്രനു വിശപ്പടക്കുവാന്‍ എപ്പോഴും ഒരു ധനവാനെ ആശ്രയിക്കുവാന്‍ മടിയില്ലായിരുന്നു. ധനവാന്റെ പടിപ്പുരയ്ക്കല്‍ തന്നെയായിരുന്നു എപ്പോഴും അവന്റെ കിടപ്പ്. ഭൗതികമായ ദാരിദ്ര്യം, താന്‍ മറ്റാരെയും ആശ്രയിക്കുകയില്ലെന്ന അഭിമാനബോധം, തന്നില്‍ തന്നെയുള്ള വിശ്വാസം എന്നിവ നഷ്ടപ്പെടുത്തും. ‘കരുണ തോന്നേണമേ’ എന്ന നിലവിളി നിരന്തരം അവനില്‍ നിന്ന് ഉയരുകയും ചെയ്യും.

ആത്മാവില്‍ ദരിദ്രനായവനും ദൈവത്തിന്റെ പടിവാതില്ക്കല്‍ എപ്പോഴും ജാഗരിച്ചു നില്ക്കും (സൃദൃ. വാ. 8:34). അവന്‍ തന്റെ ജഡത്തില്‍ ആശ്രയിക്കുകയില്ല. ദൈവത്തെ എപ്പോഴും ആശ്രയിച്ച് അവിടുത്തെ മുന്‍പാകെ നിരന്തരം ഒരു നിലവിളിയുള്ളവനായി അവന്‍ നില്ക്കും. തന്നെ സഹായിക്കണേ എന്നു ദൈവത്തോട് എപ്പോഴും യാചിക്കാനും, നിരന്തരം മുട്ടുവാനും അന്വേഷിക്കാനും യേശു തന്നെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞിട്ടുള്ളത് ആത്മാവില്‍ ദരിദ്രനായവ നാണു പ്രസക്തം (മത്താ. 7:7-11). ഇങ്ങനെ നിസ്സഹായതയോടെ തന്നെ ആശ്രയിക്കുന്ന ഒരുവനെ ദൈവത്തിനു സഹായിക്കാതിരിക്കാന്‍ കഴിയുമോ? ഇല്ല. അതുകൊണ്ട് യേശു അവിടെ നല്‍കുന്ന ഉറപ്പ് ഇതാണ്: ‘യാചിപ്പിന്‍ എന്നാല്‍ കിട്ടും: അന്വേഷിപ്പിന്‍ കണ്ടെത്തും; മുട്ടുവിന്‍ തുറക്കും; യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും.’ യാക്കോബ് ഇക്കാര്യം ഇങ്ങനെയാണ് വിശദീകരിക്കുന്നത്: ‘നിങ്ങള്‍ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍. എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും’ (4:9,10). നോക്കുക: ആത്മാവില്‍ ദരിദ്രനായവന്‍, കരയുന്നവന്‍ ഭാഗ്യവാനല്ലേ?

ആത്മാവില്‍ ദരിദ്രനായവന്റെ ഭാഗ്യവസ്ഥയെ യെശയ്യാവും തന്റെ പുസ്തകത്തിന്റെ അവസാന അധ്യായത്തിന്റെ പ്രാരംഭ ഭാഗത്ത് ഇങ്ങനെ വിവരിക്കുന്നു: ‘എങ്കിലും അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്റെ വചനത്തിങ്കല്‍ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും’ (യെശയ്യ. 66:2). ആത്മാവില്‍ ദരിദ്രനായ മനുഷ്യനെ ദൈവം കൈവെടിയുകയില്ല. അവിടുന്ന് അവനെ കടാക്ഷിക്കും. ശക്തീകരിക്കും, കൃപ നല്‍കും.

യെശയ്യാവ് 57:15-ലും ഇതേ ഉറപ്പ് നാം കാണുന്നു: ‘ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു. താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.’ കണ്ടോ? ദൈവം ഒരേസമയം ഏറ്റവും ‘ഉയര്‍ന്ന സ്ഥലത്തും’ ഏറ്റവും ‘താണസ്ഥലത്തും’ വസിക്കുന്നു. ‘ദൈവസ്‌നേഹത്തിന്റെ ഈ ഉയരവും ആഴവും'(എഫെ. 3:18) എന്തിനു വേണ്ടി? – ‘താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍.’

‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യ’നായ (പ്രവൃ. 13:22-ഇംഗ്ലീഷ്) ദാവീദും തന്റെ ജീവിതത്തിന്റെ രണ്ടു സാഹചര്യങ്ങളില്‍ ഇതേ കാര്യം സാക്ഷ്യപ്പെടുത്തുന്നു:
”ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു” (സങ്കീ. 34:18).
”തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ, നീ നിരസിക്കയില്ല” (സങ്കീ. 51:17).
ഉവ്വ്, ആത്മാവില്‍ ദരിദ്രരായവരെ ദൈവം കൈവെടിയുകയില്ല. അവിടുന്ന് അവരെ രക്ഷിക്കും.

എന്നാല്‍ ദാവീദ് ഈ രണ്ടു സങ്കീര്‍ത്തനങ്ങളും രചിച്ച പശ്ചാത്തലം ധ്യാനിച്ചാല്‍ ദൈവം എല്ലാ സാഹചര്യത്തിലൂടെയും നമ്മില്‍ എന്താണു പ്രവര്‍ത്തിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നതെന്നതിനെക്കുറിച്ചും നമുക്കു സൂചന ലഭിക്കും.

34-ാം സങ്കീര്‍ത്തനത്തിന്റെ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്നത്, ശൗലിനെ ഭയപ്പെട്ട് ദാവീദ് ഗത്ത് രാജാവായ ആഖീശിനെ ശരണം പ്രാപിക്കാന്‍ ചെന്നതും അവിടെ ജീവനു തന്നെ ഭീഷണിയുണ്ടായ പ്പോള്‍ ഭയപ്പെട്ട് ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്തതുമായ സംഭവമാണ് (1 ശമുവേ. 21:10-15 വായിക്കുക). മനുഷ്യനില്‍ ആശ്രയിച്ചു ചെന്ന ദാവീദ് ധൈര്യം ചോര്‍ന്ന് അപമാനകരമായ സാഹചര്യത്തില്‍ പെട്ട് തീര്‍ത്തും നിസ്സഹായനായി പൂര്‍ണമായും ദൈവത്തില്‍ ആശ്രയിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്. നോക്കുക: പ്രതികൂലമായ സാഹചര്യങ്ങളെ ദൈവം ദാവീദിന്റെ സ്വാഭാവിക ബലം തകര്‍ത്തുകളഞ്ഞ് അവനെ ദൈവത്തില്‍ മാത്രം ആശ്രയിക്കുന്ന നിലയില്‍ എത്തിക്കുവാന്‍ ഉപയോഗിക്കുന്നു.

51-ാം സങ്കീര്‍ത്തനം, രാജാവായ ദാവീദ് ബത്‌ശേബ സംഭവത്തില്‍ പാപം ചെയ്തു നാഥാന്‍ പ്രവാചകന്റെ പരസ്യമായ കുറ്റപ്പെടുത്തല്‍ മൂലം വലിയ പശ്ചാത്താപത്തിലായിരിക്കുമ്പോള്‍ രചിച്ചതാണെന്ന് അതിന്റെ തലക്കെട്ടും സൂചിപ്പിക്കുന്നു. വ്യത്യസ്തമാണെങ്കിലും ഈ സംഭവവും ദാവീദിന്റെ സ്വയബലം തകര്‍ത്ത് ദൈവത്തിന്റെ കരുണയില്‍ മാത്രം ശരണപ്പെടുന്ന അവസ്ഥയില്‍ അവനെ എത്തിക്കുവാന്‍ ദൈവം ഉപയോഗിക്കുകയാണ് (2 ശമുവേല്‍ 11,12 അധ്യായങ്ങള്‍).

ചുരുക്കത്തില്‍ തകര്‍ന്നും നുറുങ്ങിയുമുള്ള ഹൃദയത്തോടെ ദൈവത്തില്‍ മാത്രം ശരണപ്പെടുന്നവര്‍ക്ക് അവിടുന്നു സമീപസ്ഥനാണെന്ന ദാവീദിന്റെ രണ്ടു രംഗങ്ങളിലെ കണ്ടെത്തല്‍, ആത്മാവിലെ ദാരിദ്ര്യത്തെക്കുറിച്ചു നമുക്കു നല്‍കുന്ന പാഠങ്ങള്‍ ഇവയാണ്:

ഒന്ന്: മറ്റുള്ളവരുടെ എതിര്‍പ്പുകളായാലും, നമ്മുടെ തന്നെ തെറ്റുകളായാലും – നമുക്കു നേരിടുന്ന എല്ലാ സാഹചര്യങ്ങളും – നമ്മെ ആത്മാവിലെ ദാരിദ്ര്യത്തിലേക്കു കൊണ്ടുവരാനാണ് ദൈവം ഉപയോഗിക്കുന്നത്.

രണ്ട്: നാം ജാഗ്രതയുള്ളവരല്ലെങ്കില്‍ ഒരിക്കല്‍ നേടിയ ആത്മാവിലെ ദരിദ്രാവസ്ഥ പിന്നീടു കൈമോശം വരാം. (34-ാം സങ്കീര്‍ത്തനം രചിച്ച സാഹചര്യത്തില്‍ ദാവീദ് കൈയാളിയ നിസ്സഹായതയും ദൈവാശ്രയവും 51-ാം സങ്കീര്‍ത്തനത്തിന്റെ സാഹചര്യത്തിലെത്തിയപ്പോള്‍ ദാവീദിനെ സഹായിച്ചില്ലെന്ന് ഓര്‍ക്കുക). ചുരുക്കത്തില്‍ ആത്മാവിലെ ദാരിദ്ര്യം ഒരിക്കലല്ല, നിരന്തരം തുടരേണ്ട അനുഭവമാണ്.

അധ്യായം 3:
താഴ്മ


”മനുഷ്യന്‍ നോക്കുന്നതു പോലെയല്ല. മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” (1 ശമുവേല്‍ 16:7).

ഹൃദയങ്ങളെ നോക്കുന്ന കര്‍ത്താവ് പുതിയനിയമ കാലഘട്ടത്തില്‍ തന്റെ മക്കള്‍ക്കു നല്‍കിയിരിക്കുന്ന ദൈവരാജ്യത്തിന്റെ നിയമാവലി, അവരെ സ്വാഭാവികമായും നയിക്കുക ആന്തരികമായ ഒരു ജീവിതത്തിലേക്കാണ്.

പഴയനിയമത്തില്‍ ദൈവം യിസ്രായേലിനു നല്‍കിയ പത്തു കല്പനകളില്‍ ഒന്‍പതെണ്ണവും ബാഹ്യമായ അനുസരണം മുന്‍നിര്‍ത്തിയുള്ളതായിരുന്നു. എന്നാല്‍ പത്താമത്തേതു ദൈവം തീര്‍ത്തും ആന്തരികമാക്കി – ‘മോഹിക്കരുത്.’ പഴയ ഉടമ്പടിക്കു ശേഷം വരാന്‍ പോകുന്ന പുതിയ ഉടമ്പടിയിലേക്കു വിരല്‍ ചൂണ്ടുന്നതായിരുന്നു പഴയ നിയമത്തിലെ ഈ അവസാന കല്പനയെന്നു പറയാം. ഈ പത്താമത്തെ കല്പനയുടെ സാംഗത്യത്തെക്കുറിച്ചു റോമര്‍ 7-ല്‍ പൗലൊസ് ചര്‍ച്ച ചെയ്യുമ്പോള്‍ പറയുന്നു: ‘മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു’ (7:7). മോഹിക്കരുത് എന്ന കല്പന മനുഷ്യന്റെ ഉള്ളിലുള്ള പ്രത്യേകിച്ചു ചിന്താമണ്ഡലത്തിലുള്ള പാപത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നം പ്രാഥമികമായും സ്ഥിതി ചെയ്യുന്നത് അവന്റെ ഉള്ളിലുള്ള പാപത്തിലാണ്, പുറമേയുള്ള പാപപ്രപവൃത്തികളിലല്ല എന്നു ബോധ്യപ്പെടുത്താനാണ് ദൈവം ആന്തരികതയെ സ്പര്‍ശിക്കുന്ന ‘മോഹിക്കരുത്’ എന്ന കല്പന നല്‍കിയത്…: പൗലൊസ് വിശദീകരിക്കുന്നു. രണ്ടായാലും പുതിയ ഉടമ്പടിയുടെ സ്ഥാപകനായ കര്‍ത്താവ് മലമുകളിലിരുന്നു ശിഷ്യന്മാര്‍ക്ക് ഗിരിപ്രഭാഷണം എന്ന പുതിയനിയമ നിയമാവലി നല്‍കിയപ്പോള്‍ അതു മുഴുവന്‍ നമ്മുടെ ആന്തരികതയുമായി ബന്ധപ്പെട്ടതാക്കി – ‘മോഹിക്കരുത്’ എന്ന പത്താം കല്പന പോലെ. ഉള്ളിലാണു പാപമെന്നും നാം അതിനെയാണു കൈകാര്യം ചെയ്യേണ്ട തെന്നും യേശു വ്യക്തമാക്കുകയായിരുന്നു. കോപത്തെ കൊലപാതകത്തോടും മോഹത്തെ വ്യഭിചാരത്തോടും അവിടുന്നു തുല്യമാക്കിയപ്പോള്‍ വളരെ ഉയര്‍ന്ന ഒരു നിലവാരമാണു കര്‍ത്താവ് വിശ്വാസികള്‍ക്കു നല്‍കിയത്. ശത്രുവിനെ സ്‌നേഹിക്കണമെന്നും നമ്മുടെ വസ്ത്രം എടുക്കാന്‍ ഇച്ഛിക്കുന്നവനു പുതപ്പും വിട്ടു കൊടുക്കണമെന്നും യേശു പറഞ്ഞു.

ഈ കല്പനകളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കേണ്ടതാണെങ്കില്‍ അതെങ്ങനെ കഴിയും എന്ന് അമ്പരന്നു പോകുന്ന വിശ്വാസികള്‍ക്കായി ഗിരിപ്രഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ കര്‍ത്താവ് അതിന്റെ രഹസ്യം വ്യക്തമാക്കി – ആത്മാവിലെ ദാരിദ്ര്യത്തോടെ നിരന്തരം ദൈവത്തില്‍ ചാരുക. എങ്കില്‍, അവിടുന്നു വേണ്ട കൃപ നല്‍കി പരിശുദ്ധാത്മാവില്‍ ശക്തിപ്പെടുത്തി വിജയകരമായ ഒരു ജീവിതത്തില്‍ നടത്തും. തന്നെക്കൊണ്ടും സ്വന്തപ്രവൃത്തികൊണ്ടും ഗിരിപ്രഭാഷണത്തിലെ കല്പനകളുടെ അനുസരണം സാധ്യമല്ല എന്ന കണ്ടെത്തല്‍ നല്‍കുന്ന ആത്മാവിലെ ദാരിദ്ര്യത്തോടെ കര്‍ത്താവിന്റെ അടുത്തേക്കു താഴ്മയോടെ ചെല്ലുന്ന ഒരുവനെ അവിടുന്നു സഹായിക്കും. കാരണം താഴ്മയുള്ളിടത്തു കൃപ നല്‍കാതിരിക്കാന്‍ ദൈവത്തിന് ആവുകയില്ലല്ലോ (യാക്കോബ് 4:6).

മൂന്നു വസ്തുതകളാണു നമ്മെ താഴ്മയുള്ളവരാക്കുന്നതെന്നു ആന്‍ഡ്രു മുറേ എന്ന ദൈവഭൃത്യന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മള്‍ സൃഷ്ടികളാണെന്ന വസ്തുതയാണ് ഒന്നാമത്തേത്. രണ്ട്: നാം പാപികളാണ്. മൂന്ന്: നാം വിശുദ്ധരാണ്. നാം ചിന്തിക്കുന്ന ആത്മാവിലെ ദാരിദ്ര്യം താഴ്മയുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതായതുകൊണ്ട് ഈ മൂന്നു വസ്തുതകളും ഒന്നൊന്നായി പരിശോധിക്കാം:

ഒന്ന്: നമ്മള്‍ സൃഷ്ടികളാണെന്ന യാഥാര്‍ത്ഥ്യം
ദൈവത്തെ സ്രഷ്ടാവായ ദൈവമായി കണ്ടിട്ടുള്ള ഒരുവന്, താന്‍ ആ വലിയവനായ ദൈവത്തിന്റെ സൃഷ്ടി മാത്രമാണെന്ന സത്യം മനസ്സിലാക്കിയിട്ടുള്ള ഒരുവന്, ദൈവമുന്‍പാകെ എപ്പോഴും താഴ്മയിലല്ലേ നില്ക്കാനാവൂ? അവിടുന്ന് അനാദിയായും ശാശ്വതമായും ദൈവം, സര്‍വശക്തന്‍, സര്‍വജ്ഞാനി, സര്‍വാധിപതി. ഈ വലിയവനായ ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണു മനുഷ്യന്‍. ഏതു മനുഷ്യനും ഉറച്ചു നിന്നാല്‍ ഒരു ശ്വാസം മാത്രം. എങ്കില്‍ മനുഷ്യന് ഏതു കാര്യത്തെക്കുറിച്ചു ദൈവത്തോടു പരാതി പറയാനാവും? ”എനിക്കറിഞ്ഞു കൂടാതവണ്ണം അത്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി” എന്നാണ് ഇതേക്കുറിച്ച് ഒരു ബോധ്യം ലഭിച്ചപ്പോള്‍ ഇയ്യോബ് ദൈവത്തോടു പറഞ്ഞത് (42:3). ചുഴലിക്കാറ്റില്‍ നിന്നു ദൈവം ഇയ്യോബിനോടു സംസാരിക്കുമ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ഇയ്യോബിന്റെ പുസ്തകം 38 മുതല്‍ നാല് അധ്യായങ്ങളില്‍ കാണുന്നത്. ‘ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? അതിന് അളവു നിയമിച്ചവന്‍ ആര്‍? അതിന് അളവുനൂല്‍ പിടിച്ചവനാര്‍?’ എന്നിങ്ങനെ പ്രകൃതിപ്രതിഭാസങ്ങളില്‍ തുടങ്ങി മൃഗങ്ങള്‍, പക്ഷികള്‍, ജലജീവികള്‍ വരെയുള്ള വയുടെ പ്രത്യേകതകള്‍ – മനുഷ്യമനസ്സിന് പിടികിട്ടാത്തവ- ചൂണ്ടിക്കാട്ടുന്ന ചോദ്യങ്ങള്‍. വലിയവനായ ദൈവം; കേവലം ഒരു സൃഷ്ടിയായ മനുഷ്യന്‍ – ഇവര്‍ തമ്മിലുള്ള മുഖാമുഖമാണ് ഈ അധ്യായങ്ങള്‍. ഈ നാല് അധ്യായങ്ങള്‍ (38-41 അധ്യായങ്ങള്‍) അര്‍ത്ഥം മനസ്സിലാക്കി മെല്ലെ വായിച്ച് അവസാനിപ്പിച്ചാല്‍ നാം ഏറെ നേരം നിശ്ശബ്ദരായി ഇരുന്നുപോകും. നമ്മുടെ പരാതികളും സങ്കടങ്ങളും സംശയങ്ങളും ഇവിടെ അവസാനിക്കും. ഒട്ടേറെ പരാതികള്‍ ദൈവത്തോടു പറയാനുണ്ടായിരുന്ന ഇയ്യോബിനെ യാഥാര്‍ത്ഥ്യ ബോധത്തിലേക്കു കൊണ്ടുവന്ന ചോദ്യങ്ങളാണിവ. ഒടുവില്‍ താന്‍ ഒരു സൃഷ്ടി മാത്രമാണെന്ന സത്യം കണ്ടു കഴിഞ്ഞപ്പോള്‍ ഇയ്യോബ് എളിമയോടെ പറഞ്ഞു പോയി: ‘ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു. ഇപ്പോഴോ എന്റെ കണ്ണാല്‍ നിന്നെ കാണുന്നു. ആകയാല്‍ ഞാന്‍ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു’ (42:5,6).

സൃഷ്ടികള്‍ മാത്രമായ നാം സ്രഷ്ടാവായ ദൈവത്തെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ വേണ്ടതുപോലെ കണ്ടാല്‍ ഇയ്യോബിനെപ്പോലെ ഇങ്ങനെ പറഞ്ഞു പോകും: ‘ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോട് എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു’ (40:4). ഉവ്വ്, നമ്മെ താഴ്മയിലേക്കു കൊണ്ടുവരുന്ന ഒരുകാര്യം നാം സൃഷ്ടികളാണെന്ന സത്യമാണ്.

രണ്ട്: നാം പാപികളാണെന്ന യാഥാര്‍ത്ഥ്യം
പാപികളായിരുന്ന നമ്മെ ദൈവം കരുണയാല്‍ വീണ്ടെടുത്തു ദൈവമക്കളാക്കി. നമ്മുടെ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു (റോമര്‍ 6:6). നമ്മെ വിശുദ്ധരെന്നു പ്രഖ്യാപിച്ചു. നമ്മുടെ ഉള്ളില്‍ പരിശുദ്ധാത്മാവിനെ നല്‍കി നമ്മെ അവിടുന്നു ജീവന്റെ പുതുക്കത്തില്‍ നടത്തുന്നു – ഉവ്വ്, ഇതെല്ലാം ശരിയാണ്.

എന്നാല്‍ മറ്റു ചിലതും യാഥാര്‍ത്ഥ്യങ്ങളാണ് – നമ്മെ വീണ്ടെടുത്തെങ്കിലും നാം ഇന്നും ഈ ദുഷ്ടലോകത്തില്‍ തന്നെയാണു ജീവിക്കുന്നത്. പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടെങ്കിലും ഇപ്പോഴും നമുക്ക് ഒരു പാപജഡം ഉണ്ട്. മാത്രമല്ല, നമുക്ക് ആത്മാവിന് ഒരു എതിരാളിയുമുണ്ട്.

ദൈവം നമുക്കായി ചെയ്തതിനെ ഒരു ദൈവഭൃത്യന്‍ ഒരൊറ്റ വാക്യത്തില്‍ ഇങ്ങനെ സംക്ഷേപിച്ചിട്ടുണ്ട്: ‘വിശുദ്ധനായ ദൈവം അശുദ്ധരായ നമ്മെ വീണ്ടെടുത്തു വിശുദ്ധരാക്കിയ ശേഷം ഈ അശുദ്ധമായ ലോകത്തില്‍ വിശുദ്ധരായി ജീവിക്കാന്‍ അശുദ്ധരായ ആളുകളോടൊപ്പം ആക്കിവച്ചിരിക്കുന്നു.’ ശരിയല്ലേ? അശുദ്ധരായ ആളുകളുടെ ഇടയില്‍ ഈ അശുദ്ധമായ ലോകത്തില്‍ വിശുദ്ധരായി ജീവിക്കാനാണു നമ്മുടെ വിളി. ഇതൊരു ബാഹ്യമായ വിശുദ്ധിയായിരുന്നാല്‍ പോരാ. പ്രവര്‍ത്തനത്തിനും അപ്പുറത്തു വാക്കിലും വിചാരത്തിലും മനോഭാവത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുമെല്ലാം നാം വിശുദ്ധരായിരിക്കണം.

പുതിയനിയമത്തിന്റെ പ്രത്യേകിച്ചു ഗിരിപ്രഭാഷണത്തിന്റെ ഊന്നല്‍ ഈ ആന്തരിക വിശുദ്ധിയിലാണ്. പക്ഷേ നടപ്പാക്കുന്നത് അത്ര എളുപ്പമല്ല (അതുകൊണ്ടാവണം ഇന്നു വിശ്വാസലോകം പൊതുവേ മത്തായി 5,6,7 അധ്യായങ്ങള്‍ ദൈവവചനത്തിന്റെ ഭാഗമല്ല എന്ന മട്ടില്‍ പെരുമാറുന്നത്). ഉദാഹരണത്തിന് ‘നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക’ എന്ന കര്‍ത്താവിന്റെ വചനം നോക്കുക (മത്തായി 5:39). വലത്തെ ചെകിട്ടത്ത് അടി ഏറ്റു വാങ്ങുന്നതും മറുകരണം വീണ്ടും കാണിച്ചുകൊടുക്കുന്നതും മാത്രമല്ല ഇവിടത്തെ പ്രശ്‌നം. നമുക്കു മുഖാമുഖം നില്‍ക്കുന്ന ഒരാള്‍ക്ക് തന്റെ വലത്തു കൈകൊണ്ട് നമ്മുടെ വലത്തെ ചെകിട്ടത്ത് അടിക്കാന്‍ കഴിയുകയില്ല. അപ്പോള്‍ വലത്തെ ചെകിട്ടത്ത് അടിക്കണമെങ്കില്‍ അയാള്‍ പുറംകൈകൊണ്ട് നമ്മുടെ കരണത്ത് അടിക്കണം. പുറംകൈ വീശി അടിക്കുന്നത് അപമാനകരം കൂടിയാണ്. അല്ലെങ്കില്‍ ഒരാള്‍ക്കു നമ്മുടെ വലത്തെ ചെകിട്ടത്ത് അടിക്കണമെങ്കില്‍ നമ്മുടെ പുറകില്‍ നിന്ന് അടിക്കണം. പുറകില്‍ നിന്നുള്ള അടി നാം ഒപ്പം നിര്‍ത്തിയിട്ടുള്ള ആള്‍ പിന്നില്‍ നിന്ന് അടിക്കുന്നതാണ്. അതു വിശ്വാസവഞ്ചനയാണ്. കണ്ടോ? അപ്പോള്‍ വലത്തെ ചെകിട്ടത്ത് അടിക്കുക എന്നു പറഞ്ഞതില്‍ കേവലം അകാരണമായ ഉപദ്രവം മാത്രമല്ല അപമാനവും വിശ്വാസവഞ്ചനയും കൂടി ഉള്‍പ്പെട്ടിരിക്കുന്നു. ഇതെല്ലാം നിശ്ശബ്ദം സഹിക്കുകയും മറുകരണം കാണിച്ചു കൊടുക്കുകയും മാത്രമല്ല ആ ശത്രുവിനെ സ്‌നേഹിക്കുകയും (5:43) ചെയ്യാന്‍ കൂടി പറഞ്ഞിരിക്കുമ്പോള്‍ ഉള്ളില്‍ എത്ര നിര്‍മലമായ ഒരു മനോഭാവം നാം കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു!

ഒരു ‘ക്വക്കര്‍ വനിത’യെക്കുറിച്ചു വായിച്ചിട്ടുള്ള ഒരു സംഭവം ഇവിടെ പ്രസക്തമാണെന്നു കരുതുന്നു. വിശുദ്ധജീവിതത്തിനു വലിയ പ്രാധാന്യം നല്‍കുകയും ഇംഗ്ലണ്ടിലെ മറ്റു ക്രിസ്ത്യാനികളാല്‍ ‘വിറയലുകാര്‍’ (Quakers) എന്ന പരിഹാസപ്പേരില്‍ വിളിക്കപ്പെടുകയും ചെയ്ത വിഭാഗത്തിലെ അംഗമായിരുന്നു പ്രസ്തുത വനിത. ഒരു ദിവസം ഈ പ്രായമായ വനിത തന്റെ ഭവനത്തിലിരുന്നു തന്റെ സഭയിലെ ഒരു ഇളയ സഹോദരിയുമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അയല്‍വീട്ടിലെ ഒരു സ്ത്രീ അങ്ങോട്ടു വന്നു മുതിര്‍ന്ന ക്വക്കര്‍ വനിതയെ ആക്ഷേപിച്ചു വളരെ മോശമായി സംസാരിക്കാന്‍ തുടങ്ങി. പക്ഷേ ആ പ്രകോപനത്തിനു മുന്‍പില്‍ വിശ്വാസിനിയായ മുതിര്‍ന്ന വനിത തികച്ചും അക്ഷോഭ്യയായി പെരുമാറി. അവര്‍ ആ ആക്ഷേപങ്ങള്‍ക്ക് ഒരക്ഷരവും മറുപടി പറഞ്ഞില്ല. മുഖത്തെ പുഞ്ചിരി ഒരു നിമിഷംപോലും മാഞ്ഞുമില്ല. ഒടുവില്‍ ശകാരവര്‍ഷം പൂര്‍ത്തിയാക്കി അയല്‍ക്കാരി ചവുട്ടിത്തുള്ളി സ്ഥലം വിട്ടപ്പോള്‍ ഇതിനെല്ലാം ദൃക്‌സാക്ഷിയായിരുന്ന ഇളയ സഹോദരി അഭിനന്ദന പൂര്‍വ്വം മുതിര്‍ന്ന സഹോദരിയോടു പറഞ്ഞു: ”സമ്മതിച്ചുതന്നിരിക്കുന്നു.! യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ഇങ്ങനെ വേണം. ഇത്രയും ആക്ഷേപങ്ങള്‍ കേട്ടിട്ടും ആന്റി ഒരക്ഷരം മിണ്ടാതെ എല്ലാം സസന്തോഷം സഹിച്ചല്ലോ.”

പൊടുന്നനെ ആ മുതിര്‍ന്ന സഹോദരി പൊട്ടിക്കരഞ്ഞുപോയി. അവള്‍ പറഞ്ഞു: ”മോളേ, ആ സമയത്തെ എന്റെ ഹൃദയത്തിലെ തിളച്ചുമറിയല്‍ നീ കണ്ടില്ലല്ലോ.”

എന്താണ് ഈ മുതിര്‍ന്ന സഹോദരിയെ കരിയിച്ചത്? പ്രകോപനത്തിനു മുന്‍പാകെ പുറമേ താന്‍ ദൈവവചനം ആവശ്യപ്പെടുന്നതു പോലെ സൗമ്യമധുരമായി പെരുമാറി എന്നതു ശരിയാണ്. അതു മറ്റൊരു വിശ്വാസിനിയുടെ അഭിനന്ദനം തനിക്കു നേടിത്തന്നു എന്നതും ശരിയാണ്. എന്നാല്‍ ആ പ്രകോപനത്തിനു മുന്‍പില്‍ തനിക്കു പുറമേ കാട്ടിയ ശാന്തത ഹൃദയത്തിലും പുലര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന തിരിച്ചറിവാണ് അവളെ കരയിച്ചത്.

എതിര്‍പ്പുകളുടെ മുന്നില്‍ പുറമേ നല്ല പെരുമാറ്റം മാത്രമല്ല ആന്തരികമായി നല്ല മനോഭാവവും നാം പുലര്‍ത്തണമെന്നു ദൈവവചനം ആവശ്യപ്പെടുന്നു. ആ നല്ല നിലവാരത്തിനൊപ്പം വരാന്‍ കഴിയാഞ്ഞതാണു സത്യസന്ധയായ ആ വനിതയെ ദുഃഖിപ്പിച്ചത്.

ദൈവവചനത്തിന്റെ നിലവാരത്തിനൊപ്പം ഉയരാന്‍ കഴിയാത്തതാണു പാപം. നാം ഏതളവുവരെ പോകുവാനാഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പാപത്തിനു മൂന്നു നിര്‍വചനങ്ങള്‍ ദൈവവചനത്തില്‍ നിന്നു നമുക്കു കണ്ടെത്താം. ആദ്യത്തേതു 1 യോഹന്നാന്‍ 3:4: ”പാപം ചെയ്യുന്നവന്‍ എല്ലാം അധര്‍മ്മവും ചെയ്യുന്നു. പാപം അധര്‍മ്മം തന്നെ.” രണ്ടാമത്തെ നിലവാരം നമുക്കു യാക്കോബ് 4:17-ല്‍ കാണാം: ”നന്മ ചെയ്‌വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപം തന്നേ.” മൂന്നാമത്തേത് റോമര്‍ 3:23-ല്‍ നിന്നു നമുക്ക് ഇങ്ങനെ വായിച്ചെടുക്കാം: ‘ദൈവതേജസ്സില്‍ കുറവായുള്ളതാണു പാപം.’

പാപത്തിന്റെ ഏറ്റവും താണ നിര്‍വചനമാണ് അധര്‍മ്മം ചെയ്യുന്നതാണു പാപം (sin of commission) എന്നത്. ധര്‍മ്മമല്ലാത്തത് (‘നീതിയല്ലാത്തത്’ – 1 യോഹ. 5:17) ചെയ്യുന്നില്ല. അതുകൊണ്ടു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. ബാഹ്യമായി ചിലതു തെറ്റായി ചെയ്യുന്നില്ല എന്നതിലൊതുങ്ങുന്നു പലരുടേയും പാപത്തിന്റെ മേലുള്ള വിജയത്തിന്റെ ചക്രവാളം. ഇതേസമയം യാക്കോബ് 4:17-ല്‍ വരുമ്പോള്‍ അതു കുറെക്കൂടി ആന്തരികമാകുന്നു – ചെയ്യേണ്ട ചിലതു ചെയ്യാതിരിക്കുന്നതും പാപമാണ് (sin of omission). എന്നാല്‍ ദൈവതേജസ്സില്‍ കുറവായുള്ളത് (fall short of the glory of God) പാപമാണ് എന്നതിലേക്കു വരുമ്പോഴോ? അതു തീര്‍ത്തും ആന്തരികമായി, പാപബോധം വര്‍ധിച്ചു.

പാപബോധത്തിന്റെ ഈ വര്‍ധമാനമായ വെളിച്ചം നമ്മുടെ ഏറ്റവും ഉത്തമമായതു ചെയ്തശേഷവും ദൈവതേജസ്സിനൊപ്പമായില്ലല്ലോ എന്ന തിരിച്ചറിവിലേക്കു നമ്മെ നടത്തും. നേരത്തെ പറഞ്ഞ ക്വക്കര്‍ വനിത പൊട്ടിക്കരഞ്ഞത് ഈ തിരിച്ചറിവിലാണ്. ‘ദൈവസന്നിധിയില്‍ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങനെ?’: താഴ്മയോടെ ഇയ്യോബ് ചോദിക്കുന്നു. യെശയ്യാവിന്റെ നിലപാടിങ്ങനെ: ”എനിക്ക് അയ്യോ കഷ്ടം. ഞാന്‍ നശിച്ചു. ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍; ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു. എന്റെ കണ്ണു ദൈവത്തെ കണ്ടുവല്ലോ.” പുതിയ നിയമത്തിലേക്കു വരുമ്പോള്‍ ‘എന്നില്‍ എന്നുവച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല,’ ‘അയ്യോ ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആര്‍ വിടുവിക്കും?’ (റോമര്‍ 7:18; 24), ‘പാപികളില്‍ ഞാന്‍ ഒന്നാമന്‍’ (1 തിമൊഥെ. 1:15) എന്നിങ്ങനെയുള്ള പൗലൊസിന്റെ നിലവിളികള്‍ ശ്രദ്ധിക്കുക. ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യനാണ് (ഫിലിപ്യ. 3:6) പൗലൊസ്. എന്നാല്‍ പാപത്തിന്റെ ഏറ്റവും ഉന്നതമായ നിര്‍വചനമായ ദൈവതേജസ്സില്‍ കുറവായുള്ളതു പാപമാണ് എന്ന തിരിച്ചറിവിനു മുന്‍പില്‍ ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍ എന്നാണു പൗലൊസിന്റെ ഏറ്റുപറച്ചില്‍. പൗലൊസിന്റെ കണ്ടെത്തല്‍ ഇതാണെങ്കില്‍ നമ്മുടെ സ്ഥിതി എന്താണ്?

ഉവ്വ്, നമ്മെ താഴ്മയിലേക്കു നടത്തുന്ന രണ്ടാമത്തെ വസ്തുത നാം പാപികളാണെന്ന തിരിച്ചറിവാണ്.

മൂന്ന്: നാം വിശുദ്ധരാണെന്ന യാഥാര്‍ത്ഥ്യം.
വിശുദ്ധനായ ദൈവം അശുദ്ധരായ നമ്മെ വീണ്ടെടുത്തു വിശുദ്ധരാക്കി എന്നതു സത്യമാണ്. ഈ രക്ഷണ്യപ്രവൃത്തി പൂര്‍ണമായും ദൈവമാണു ചെയ്തത്. നമ്മെ വിശുദ്ധരാക്കാന്‍ വേണ്ടി ദൈവം തന്റെ പുത്രനെ ഭൂമിയിലേക്കയച്ച് കാല്‍വറി ക്രൂശില്‍ അവനെ തകര്‍ത്തു കളഞ്ഞ് നമ്മെ പാപത്തില്‍ നിന്നു മോചിപ്പിച്ചു. അങ്ങനെ യാണു നാം വിശുദ്ധരായത്. ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടതോടെ (separated unto God) തന്നെ നാം വിശുദ്ധരായി. സ്ഥാനീയമായ വിശുദ്ധി (positional Sanctification) കരഗതമായതോടെ നമ്മുടെ പേരു തന്നെ വിശുദ്ധരെന്നായി. (ജീവിതത്തില്‍ കുറവുകളുണ്ടായിട്ടും കൊരിന്തുസഭയിലുള്ളവരെ സ്ഥാനീയ വിശുദ്ധിയുടെ അടിസ്ഥാനത്തില്‍ പൗലൊസ് വിശുദ്ധരെന്നു വിളിക്കുന്നത് ഓര്‍ക്കുക – 1 കൊരി. 1:2). തുടര്‍ന്നു ‘ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കണം’ (1 പത്രൊ.1:16; ലേവ്യ. 11:44,45) എന്ന ദൈവത്തിന്റെ താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അവിടുന്നു നമ്മെ എല്ലാ നടപ്പിലും വിശുദ്ധരായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ സ്ഥാനീയ വിശുദ്ധിക്കാകട്ടെ, ദൈനംദിന ജീവിതത്തിലെ പ്രായോഗിക വിശുദ്ധിക്കാകട്ടെ എല്ലാറ്റിനും നാം ദൈവത്തോടാണു പൂര്‍ണമായി കടപ്പെട്ടിരിക്കുന്നത് (ഫിലി. 2:13, റോമ. 9:16). നാം വിശുദ്ധരാണെന്ന യാഥാര്‍ത്ഥ്യം അതു ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തിലേക്കും അങ്ങനെ നമ്മെ താഴ്മയിലേക്കും നടത്തും.

എന്നാല്‍ നാം വിശുദ്ധരാണെന്ന തിരിച്ചറിവ് തന്നെ നാം സൂക്ഷിച്ചില്ലെങ്കില്‍ നമ്മെ നിഗളമെന്ന അപകടത്തിലെത്തിക്കാമെന്നു പരീശന്റെയും ചുങ്കക്കാരന്റേയും ഉപമ ചൂണ്ടിക്കാണിച്ചുകൊണ്ട് ആന്‍ഡ്രു മുറെ തന്റെ താഴ്മ എന്ന പുസ്തകത്തില്‍ പറയുന്നു. നമുക്കെല്ലാം പരീശന്റേയും ചുങ്കക്കാരന്റേയും ഉപമ അറിയാം. പരീശന്‍ ദൈവാലയത്തില്‍ നിന്നുകൊണ്ടു തന്നോടു തന്നെ ഇങ്ങനെയാണു പ്രാര്‍ത്ഥിക്കുന്നത്: ‘ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു. നേടുന്നതില്‍ ഒക്കെയും പതാരം കൊടുക്കുന്നു.’ ചുങ്കക്കാരനോ ദൂരത്തുനിന്നുകണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു: ‘ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ’ അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും (ലൂക്കൊ. 18:10-14).

തുടര്‍ന്ന് ആന്‍ഡ്രു മുറെ ഇങ്ങനെയാണ് ഇന്നു വിശുദ്ധനെ നിഗളം പടികൂടുന്നതിനെപ്പറ്റി വിശദീകരിക്കുന്നത്: ”ദൈവത്തെ പുകഴ്ത്തുമ്പോള്‍ തന്നെ നമുക്കു നമ്മെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയും. ഉപമയിലെ പരീശന്റെ നിഗളത്തെ കര്‍ത്താവു തുറന്നു കാട്ടിയിട്ടുള്ളതുകൊണ്ട് പുതിയ കാലഘട്ടത്തിലെ പരീശന്‍ ചുങ്കക്കാരന്റെ മേലങ്കി അണിഞ്ഞുകൊണ്ട് ഇന്നു തന്റെ ആഴമേറിയ പാപാവസ്ഥയെക്കുറിച്ച് അഭിമാനത്തോടെ തുറന്നു പറയുന്നു! നമ്മെ നിന്ദിക്കുന്ന പുറമേയുള്ള പരീശനില്‍ നിന്നല്ല ഇന്നു നമുക്ക് അപകടമുള്ളത്. മറിച്ച് നമ്മെ പുകഴ്ത്തുന്ന അഭിനന്ദിക്കുന്ന ഉള്ളിലുള്ള പരീശനില്‍ നിന്നാണ് ഇന്ന് അപകടം. ദൈവം ചെയ്ത പ്രവൃത്തിക്കായി നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുമ്പോള്‍ വാസ്തവത്തില്‍ ഈ പരീശന്‍ തന്നെത്തന്നെ അഭിനന്ദിക്കുകയായിരിക്കും! സ്തുതിയുടേയും നുറുക്കത്തിന്റേയും വസ്ത്രങ്ങള്‍ ധരിച്ചും നിഗളത്തിനു വരാന്‍ കഴിയും!”

നമ്മുടെ വിശുദ്ധിയെക്കുറിച്ചുള്ള ബോധ്യം തന്നെ ഇത്തരം സൂക്ഷ്മമായ നിഗളത്തിലേക്കു നമ്മെ നയിക്കാം. ഈ അപകടത്തെക്കുറിച്ചുള്ള തിരിച്ചറിവും വിശുദ്ധരായ നമ്മെ ദൈവത്തെ തന്നെ മുറുകെപ്പിടിക്കാന്‍ പ്രേരിപ്പിക്കും; പ്രേരിപ്പിക്കണം. ചുരുക്കത്തില്‍ നാം വിശുദ്ധരാണെന്ന സത്യവും നമ്മെ താഴ്മയിലേക്കു നടത്തും.

മൂന്നു സത്യങ്ങളാണ് – നാം സൃഷ്ടികള്‍, നാം പാപികള്‍, നാം വിശുദ്ധര്‍ -നമ്മെ താഴ്മയിലേക്കു നടത്തുന്നതെന്നാണ് നാം ചിന്തിച്ചത്. പുതിയ ഉടമ്പടിയില്‍ നമ്മെ ആത്മീയ സമ്പന്നതയിലേക്കു നയിക്കുന്ന അവശ്യം വേണ്ട അതിപ്രധാനഗുണമാണു താഴ്മ. എന്നാല്‍ ഈ താഴ്മയില്‍ നിന്നും ഒരു ചുവടുകൂടി മുന്‍പിലാണ് മത്തായി 5:3-ല്‍ കര്‍ത്താവു ചൂണ്ടിക്കാട്ടിയ ആത്മാവിലെ ദാരിദ്ര്യം. താഴ്മ നമ്മുടെ കുറവ് അംഗീകരിച്ച് എളിമയില്‍ നില്ക്കാന്‍ സഹായിക്കുമ്പോള്‍ തന്നെ, ആത്മാവിലെ ദാരിദ്ര്യം ഈ സാഹചര്യത്തില്‍ താഴ്മയോടെ ദൈവത്തെ ആശ്രയിക്കാനും പ്രേരിപ്പിക്കുന്നു. ലൂക്കൊസ് 16-ല്‍ കര്‍ത്താവു പറഞ്ഞ ഉപമയില്‍ ദരിദ്രന്, തന്റെ ദരിദ്രാവസ്ഥ അംഗീകരിച്ചു ധനവാന്റെ പടിവാതില്ക്കല്‍ എപ്പോഴും കിടക്കാന്‍ മടിയില്ലായിരുന്നു എന്നോര്‍ക്കുക. ഈ ദരിദ്രനെപ്പോലെ ആത്മാവില്‍ ദരിദ്രനും സത്യസന്ധമായി തന്റെ അവസ്ഥ അംഗീകരിക്കുക മാത്രമല്ല ദൈവമുന്‍പാകെ സദാ കണ്ണുനീരോടെ യാചിച്ചു നില്ക്കുകയും ചെയ്യും. അതുകൊണ്ടാണു സ്വന്തം നിസ്സഹായത അംഗീകരിക്കുന്ന താഴ്മയില്‍ നിന്ന് ഒരു ചുവടുകൂടി മുന്‍പിലാണ് ആത്മാവിലെ ദാരിദ്ര്യം എന്നു പറഞ്ഞത്.

താഴ്മ യഥാര്‍ത്ഥ വിശ്വാസിയെ ആത്മാവിലെ ദാരിദ്ര്യത്തിലേക്കു നയിക്കും. ആത്മാവില്‍ ദരിദ്രനായവന്‍ സദാ അവിടത്തെ പടിവാതില്ക്കല്‍ ദൈവകൃപയ്ക്കായി യാചിച്ചു നില്ക്കും. താഴ്മയുള്ളിടത്തു കൃപ പകരുന്ന കര്‍ത്താവ്, ആഗ്രഹിക്കുന്ന ആത്മാക്കളെ തൃപ്തിപ്പെടുത്തുന്ന ദൈവം, യാചിക്കുന്നവര്‍ക്കു നന്മ (പരിശുദ്ധാത്മാവിനെ) അധികം നല്‍കുന്ന പിതാവ് ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തംപരമായി നല്‍കുകയും ചെയ്യും.

ആത്മാവിലെ ദാരിദ്ര്യത്തില്‍, തന്റെ യഥാര്‍ത്ഥ അവസ്ഥ അംഗീകരിക്കുന്ന താഴ്മ ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ താഴ്മയില്‍ മാത്രമായി അവിടെത്തന്നെ നിന്നാല്‍ അതൊരു ക്രിസ്തീയഗുണം (Christian Virtue) ആകുകയില്ലല്ലോ. ഇതേസമയം ആത്മാവിലെ ദാരിദ്ര്യത്തില്‍ താഴ്മയില്‍ നിന്നു മുന്നോട്ടുപോകാനുള്ള ആവശ്യബോധമുണ്ട്: ദൈവത്തോടുള്ള കരച്ചിലും യാചനയും ഉണ്ട്. അവിടെയും അത് അവസാനിക്കുന്നില്ല. താഴ്മയോടെ കരയുന്നവരെ, ആശ്രയിക്കുന്നവരെ കൈവിടാത്ത ദൈവം കൃപയും പരിശുദ്ധാത്മ ശക്തിയും നല്‍കുമ്പോള്‍ അതു വിജയത്തില്‍ ചെന്നാണ് അവസാനിക്കുക.

ഒരു ചങ്ങലയുടെ കണ്ണികള്‍ പോലെയാണിത്. ദൈവിക നിലവാരം കാണുന്നതാണ് ആദ്യ കണ്ണി. സ്വന്തം അപര്യാപ്തതയും തന്റെ യഥാര്‍ത്ഥ അവസ്ഥയും അംഗീകരിക്കുന്ന താഴ്മയിലേക്ക് അതു നടത്തും – ഇതാണു രണ്ടാമത്തെ കണ്ണി. ഇതു കരച്ചില്‍, യാചന എന്ന മൂന്നാമത്തെ കണ്ണിയിലേക്കു നയിക്കണം. ഇത്രയുമാണ് ആത്മാവിലെ ദരിദ്രന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. എങ്കിലും ഇതിന്റെ ഫലമായി ദൈവം തുടര്‍ന്നു നല്‍കുന്ന കൃപയും പരിശുദ്ധാത്മ ശക്തിയിലുള്ള വിജയവുംകൂടി ആത്മാവിലെ ദാരിദ്ര്യത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കണം. കാരണം നമ്മുടെ ഭാഗത്ത് അതുണ്ടായതുകൊണ്ടാണല്ലോ കൃപയും പരിശുദ്ധാത്മശക്തിയും ലഭ്യമായത്. അപ്പോള്‍ ആത്മാവിലെ ദാരിദ്ര്യം എന്നു പറയുന്നത് ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരൊറ്റ കാര്യമാണ്. ഇതു ക്രിസ്തീയ ജീവിതത്തില്‍ ഉടനീളം പ്രസക്തവുമാണ്. താഴ്മ എന്നത് ഇന്നു സെക്കുലര്‍ രംഗത്തു വ്യാപകമായി ഉപയോഗിച്ച് ക്രിസ്തീയ അര്‍ത്ഥബോധം വേണ്ടത്ര നല്‍കാത്ത ഒരു പദമായി മാറിയിരിക്കുന്നു. അതേസമയം സ്വന്തം അവസ്ഥ അംഗീകരിക്കുന്ന താഴ്മയെ മുന്നോട്ട് കണ്ണുനീരോടെ ദൈവത്തിലേക്കു കൊണ്ടുപോകുന്ന ആത്മീയഗുണം എന്ന നിലയില്‍ ആത്മാവിലെ ദാരിദ്ര്യം എന്ന പ്രയോഗമാണു കൂടുതല്‍ ക്രിസ്തീയ അര്‍ത്ഥബോധം നല്‍കുന്നത്. യേശുവിന്റെ തനതായ പ്രയോഗമാണിത് എന്നും ഓര്‍ക്കുക. യാക്കോബും പത്രൊസും ‘താഴ്മയുള്ളവര്‍ക്കു ദൈവം കൃപ നല്‍കും’ (യാക്കോ. 4:6; 1 പത്രൊ.5:5) എന്നു പറയുമ്പോള്‍ അവര്‍ താഴ്മകൊണ്ട് ഉദ്ദേശിച്ചത് ദൈവത്തിങ്കലേക്കു നീണ്ടുചെല്ലുന്ന ക്രിസ്തീയ ഗുണമായ ആത്മാവിലെ ദാരിദ്ര്യത്തെ തന്നെയാണെന്നും ആ ഭാഗങ്ങള്‍ സൂക്ഷിച്ചു വായിച്ചാല്‍ വ്യക്തമാകും. ചുരുക്കത്തില്‍ താഴ്മയെയും യാചനയെയും കണ്ണുനീരിനെയും തുടര്‍ന്നുള്ള ദൈവിക ഇടപെടലുകളേയും ഉള്‍ക്കൊള്ളുന്ന വിശാലമായ അര്‍ത്ഥമുള്ള ആത്മാവിലെ ദാരിദ്ര്യം എന്ന ക്രിസ്തുവിന്റെ തനതുപ്രയോഗത്തിനാണു കേവല ‘താഴ്മ’യെക്കാള്‍ ശക്തിയും വ്യക്തതയും.

‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.’

അധ്യായം 4:
ശിഷ്യത്വം


‘തന്റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും. എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും’ (മത്തായി. 10:39).

ഗിരിപ്രഭാഷണം പോലെ, നമ്മെ നിസ്സഹായതയിലേക്കും തുടര്‍ന്നു ദൈവത്തില്‍ മാത്രമുള്ള ആശ്രയത്വത്തിലേക്കും (ആത്മാവിലെ ദാരിദ്ര്യം) കൊണ്ടുവരുന്നതാണു കര്‍ത്താവു പറഞ്ഞ ശിഷ്യത്വത്തിന്റെ സന്ദേശവും. നിര്‍ഭാഗ്യവശാല്‍ ഇന്നു സമകാലിക വിശ്വാസലോകത്തിനു ഗിരിപ്രഭാഷണം പോലെ ശിഷ്യത്വത്തിന്റെ പാഠങ്ങളും അന്യമായിരിക്കുന്നു. ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ വേറേതോ കാലഘട്ടത്തിലുള്ള മറ്റാര്‍ക്കോ വേണ്ടിയുള്ളതാണെന്ന മട്ടില്‍ അവര്‍ അവഗണിച്ചിരിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ അന്ത്യകല്പന എന്ന നിലയില്‍ (മത്തായി 28:20- ശിഷ്യരാക്കി ക്കൊള്‍വിന്‍) അര്‍ഹിക്കുന്ന ഗൗരവത്തോടെ ആ സന്ദേശത്തെ സ്വീകരിക്കുവാനും അനുസരിക്കുവാനും നാം ബാധ്യസ്ഥരാണ്.

എല്ലാ സുവിശേഷങ്ങളിലും ശിഷ്യത്വത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും (മത്തായി 10:37-39; 16:24,25; മര്‍ക്കൊ. 8:34,35; യോഹ. 12:24,25) ലൂക്കൊസിന്റെ സുവിശേഷത്തിലാണ് ഈ കാര്യം ഊന്നിപ്പറഞ്ഞിട്ടുള്ളത് (9:23,24; 17:33, 14:25-35). ഇതില്‍ ലൂക്കൊസ് 14:25-35 ഭാഗത്ത് ശിഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകള്‍, അക്കമിട്ടു പറഞ്ഞിരിക്കുന്നതുപോലെ, വ്യക്തമാക്കിയിട്ടുണ്ട്. ശിഷ്യനാകാന്‍ ഒന്നാമതു ബന്ധങ്ങളോട് ആരോഗ്യകരമായ ഒരു വേര്‍പിരിയല്‍ ഉണ്ടാകണം (14:26: ‘എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും… പകെയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല’). രണ്ടാമത്: സ്വന്ത സമ്പാദ്യങ്ങളോട്, വസ്തുവകകളോട്, നേട്ടങ്ങളോട് ആരോഗ്യകരമായ ഒരു അകലം സൂക്ഷിക്കണം (14:33: ‘ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നില്ലെങ്കില്‍ അവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല’). മൂന്നാമത് സ്വന്ത ഇഷ്ടം, അഭിപ്രായം, കാഴ്ചപ്പാട്, വിലയിരുത്തല്‍ തുടങ്ങിയവയുടെ ആകെത്തുകയായ സ്വയത്തെ പകെയ്ക്കണം (14:26,27: ‘സ്വന്ത ജീവനെയുംകൂടി പകെച്ച്… തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല’).

ഈ ലോകത്തിന്റെ ദൃഷ്ടിയില്‍ ഒരുവന്റെ അസ്തിത്വത്തിന് (existence) അര്‍ത്ഥം നല്‍കുന്നത് അവന്റെ ബന്ധങ്ങള്‍ (relations) സമ്പാദ്യങ്ങള്‍ (possessions), സ്വയജീവന്‍ (self life) എന്നിവയാണ്. ‘ഇവയില്ലെങ്കില്‍ അവനില്ല’ എന്ന ലളിതമായ ഒരു സമവാക്യത്തിലേക്കു കാര്യങ്ങളെ ഇന്നത്തെ ലോകം ചുരുക്കിയിരിക്കുന്നു. അങ്ങനെയിരിക്കെ ബന്ധങ്ങളെയും വസ്തുവകകളെയും സ്വയത്തെയും നിഷേധിക്കുകയെന്നു പറഞ്ഞാല്‍ അവരുടെ നോട്ടത്തില്‍ ഈ ലോകത്തില്‍ നിലനില്പു തന്നെയില്ലെന്ന മട്ടില്‍ സ്വയം ശൂന്യനാക്കുകയാണ്. ഇങ്ങനെയൊരു ജീവിതം സാധ്യമല്ലെന്നാണ് ഈ ലോകം നമ്മോടു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ശിഷ്യത്വ ത്തിന്റെ ഓരോ വ്യവസ്ഥയും നമ്മുടെ മുന്‍പില്‍ വച്ചിട്ട് അവ ഓരോന്നും പാലിച്ചില്ലെങ്കില്‍ ‘ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല’ എന്ന് യേശു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം മൂന്നുവട്ടം (14:26,27,33) ഇവിടെ പറഞ്ഞിരിക്കുമ്പോള്‍ നമുക്കൊരു ഒഴികഴിവില്ലെന്നതു വ്യക്തമല്ലേ?

വാസ്തവത്തില്‍ യേശു ശിഷ്യത്വത്തിന്റെ സന്ദേശത്തിലൂടെ നമ്മെ വിളിക്കുന്നത് ആത്മാവിലെ ദാരിദ്ര്യത്തിലേക്കാണ്. ആത്മാവിലെ ദാരിദ്ര്യത്തില്‍ ഒന്നാമതു വേണ്ടതു നമ്മുടെ വ്യക്തിത്വത്തിന്റെ ആഴത്തിലുള്ള പഴയ കാലഘട്ടത്തിന്റെ മൂല്യങ്ങളെയെല്ലാം ശൂന്യമാക്കുകയാണ്. എങ്കില്‍ മാത്രമേ അവിടെ സ്വര്‍ഗ്ഗരാജ്യത്തിന്റെ പുതിയ മൂല്യങ്ങള്‍കൊണ്ടു നിറയ്ക്കുവാന്‍ കഴിയൂ. സത്യത്തില്‍ ശിഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകളും നമ്മില്‍ ഈ ഒരു പ്രവൃത്തിയാണു ചെയ്‌തെടുക്കുന്നത്. ബന്ധങ്ങള്‍ നമുക്കും ദൈവത്തിനും ഇടയില്‍ ഒരു വിഗ്രഹമായി വരുമ്പോള്‍ അവയെ ഒഴിവാക്കുന്നു (മത്തായി 10:37: ‘എന്നെക്കാള്‍ അധികം അപ്പനേയൊ അമ്മയേയൊ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല. എന്നെക്കാള്‍ അധികം മകനേയൊ മകളേയൊ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല’). സമ്പാദ്യങ്ങള്‍, വസ്തുവകകള്‍ തുടങ്ങിയവ ദൈവത്തെക്കാള്‍ പ്രിയപ്പെട്ടതായി വരുമ്പോള്‍ അവയെ വേണ്ടെന്നു വച്ച് ദൈവത്തെ മുറുകെപ്പിടിക്കുന്നു (ലൂക്കൊസ് 9:1-3 വാക്യങ്ങളില്‍ യേശു തന്റെ 12 ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് അവരെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ പ്രസംഗിപ്പാന്‍ അയയ്ക്കുമ്പോള്‍ അവരോടു പ്രത്യേകം നിര്‍ദ്ദേശിക്കുന്നു: ‘വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും അരുത്.’ ‘വടിയും പൊക്കണവും അപ്പവും പണവും ഉടുപ്പും’ നമ്മുടെ സമ്പാദ്യങ്ങളാണ്. അവ വേണ്ട. മറിച്ച് ലൂക്കൊസ് 14:27-ല്‍ ‘എന്റെ ശിഷ്യന്‍ ക്രൂശാണ് എടുത്തുകൊണ്ടു പിന്നാലെ വരേണ്ടതെന്നും’ പറയുന്നു. ലൂക്കൊസ് 9:3ഉം 14:27ഉം കൂട്ടി വായിക്കുമ്പോള്‍ സമ്പാദ്യത്തെക്കാള്‍ ദൈവിക മൂല്യങ്ങളായിരിക്കണം പ്രധാനം എന്നു വ്യക്തമല്ലേ?). മൂന്നാമതു സ്വയജീവനെ പകെച്ച് ആ സ്ഥാനം ദൈവിക ജീവനെക്കൊണ്ടു നിറയ്ക്കണം ധലൂക്കൊസ് 17:33: തന്റെ (സ്വ)ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ (നിത്യജീവനെ) കളയും. അതിനെ (സ്വയജീവനെ) കളയുന്നവനെല്ലാം അതിനെ (നിത്യജീവനെ) രക്ഷിക്കും. കണ്ടോ? അപ്പോള്‍ ശിഷ്യത്വത്തിന്റെ ആകെത്തുക എന്നു പറയുന്നത് മാനുഷിക ബന്ധങ്ങള്‍, സമ്പാദ്യങ്ങള്‍, സ്വയജീവന്‍ എന്നിവയ്ക്കുണ്ടായിരുന്ന മുഖ്യസ്ഥാനത്തു നിന്ന് അവയെ മാറ്റി ആ ശൂന്യതയെ ദൈവത്തെയും ദൈവിക മൂല്യങ്ങളെയും കൊണ്ടു നിറയ്ക്കുക എന്നതാണ്. ആത്മാവിലെ ദാരിദ്ര്യമാണല്ലോ ഇതിനു സഹായിക്കുന്നത്!

ചുരുക്കത്തില്‍ ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ നമുക്കു തന്നിരിക്കുന്നതും നമ്മെ ആത്മാവിലെ ദാരിദ്ര്യത്തിലെത്തിക്കാനാണ്. ഇങ്ങനെ ദൈവം ചെയ്യുന്നതു വാസ്തവത്തില്‍ നമ്മളെ അനുഗ്ര ഹിക്കാനാണെന്നും നാം കാണണം. കാരണം ആത്മാവില്‍ ദരിദ്രരായവരാണല്ലോ ഭാഗ്യവാന്മാര്‍. അവരാണല്ലോ ദൈവരാജ്യത്തിന്റെ മൂല്യങ്ങളും അവ നല്‍കുന്ന സന്തോഷവും സ്വാതന്ത്ര്യവും സമൃദ്ധിയും യഥാര്‍ത്ഥത്തില്‍ കൈയാളുന്നവര്‍.

നമ്മെ നമ്മുടെ സ്വയത്തില്‍ ശൂന്യമാക്കുന്നതും ആ സ്ഥാനത്തു ദൈവത്തെ മുറുകെപ്പിടിക്കാന്‍ സഹായിക്കുന്നതുമായ ശിഷ്യത്വത്തിന്റെ മൂന്നു പടികളെക്കുറിച്ചു പറഞ്ഞല്ലോ. ഇവ മൂന്നും ഒരുപോലെ കൈയാളുമ്പോഴാണു നാം പൂര്‍ണമായ അര്‍ത്ഥത്തില്‍ ശിഷ്യരാകുന്നതും ഭാഗ്യവാന്മാരാകുന്നതും. എന്നാല്‍ ഇന്നു വിശ്വാസലോകത്തെ ശ്രദ്ധിക്കുമ്പോള്‍ ബന്ധങ്ങളോടും വസ്തുവകകളോടും വേര്‍പെട്ടവര്‍ പോലും പലപ്പോഴും തങ്ങളുടെ ‘സ്വയജീവന്റെ തടവുകാരാ’യാണു ജീവിക്കുന്നതെന്നു കാണാം. ഫലം, ശിഷ്യത്വംനല്‍കേണ്ട സന്തോഷവും സ്വാതന്ത്ര്യവും അവരുടെ ജീവിതത്തില്‍ അത്രകണ്ടു കുറവായേ അവര്‍ക്കനുഭവിക്കാന്‍ കഴിയുന്നുള്ളു. അവരെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഭാഗ്യവാന്മാരാക്കാനാണ് ദൈവം ശിഷ്യത്വത്തിന്റെ മൂന്നു പടികളും അവരുടെ മുന്‍പില്‍ വച്ചത്. പക്ഷേ അവര്‍ അതില്‍ ഒന്നോ രണ്ടോ പടികള്‍ കയറി പൂര്‍ണമായ ഭാഗ്യാവസ്ഥയിലെത്താതെ പോകുന്നു! പലരെ സംബന്ധിച്ചും സമ്പാദ്യങ്ങളോടൊ ബന്ധങ്ങളോടൊ ആരോഗ്യകരമായ ഒരു വേര്‍പിരിയല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ സ്വയജീവന്‍ ഇപ്പോഴും അവരില്‍ ശക്തമാണ്. സ്വന്ത ഇഷ്ടം, സ്വന്ത അഭിപ്രായങ്ങള്‍, ‘ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന കടുംപിടുത്ത നിലപാടുകള്‍ ഒക്കെ യാഗപീഠത്തില്‍ വയ്ക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.

ഒരുപക്ഷേ സ്വയത്തില്‍ ശക്തരായ പലര്‍ക്കും ഇത് എളുപ്പമല്ലന്നു വരാം. പഴയനിയമത്തിലെ ആഹാബ് രാജാവിന്റെ ജീവിതത്തിലെ ഒരു സംഭവം നോക്കുക: 1 രാജാക്കന്മാര്‍ 20-ാം അധ്യായം പ്രാരംഭ വാക്യങ്ങള്‍.

സംഭവം ഇങ്ങനെ: അരാം രാജാവായ ബെന്‍-ഹദദ് വലിയ സൈന്യവുമായി വളരെ ശക്തനായി ഭരണം നടത്തുന്ന കാലം. എന്നാല്‍ അന്നു യിസ്രായേല്‍ രാജാവായ ആഹാബ് താരതമ്യേന ദുര്‍ബലന്‍. അതുകൊണ്ട് ബെന്‍-ഹദദ് തന്റെ ഭൃത്യന്മാരെ ആഹാബിന്റെ അടുക്കല്‍ അയച്ച് ഇങ്ങനെ പറയിച്ചു: ”നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്. നിന്റെ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍.” അതിന് ആഹാബ്: ”എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ” എന്നു മറുപടി പറഞ്ഞയച്ചു (20:3,4).

നോക്കുക: ബെന്‍-ഹദദ്, ആഹാബിന്റെ സമ്പാദ്യങ്ങളും (വെള്ളിയും പൊന്നും) ബന്ധങ്ങളും (ഭാര്യമാര്‍, പുത്രന്മാര്‍) എല്ലാം തനിക്കുള്ളതാണെന്ന് അവകാശപ്പെടുകയാണ്. ആഹാബാകട്ടെ, ‘യജമാനനായ രാജാവേ’ (My Lord, the King) എന്നു വിളിച്ച് അത് അങ്ങനെയാകട്ടെ എന്നു സമ്മതിക്കുന്നു.

എന്നാല്‍ തുടര്‍ന്നു ബെന്‍ഹദദ് വീണ്ടും ദൂതന്മാരെ അയയ്ക്കുന്നു: ഇക്കുറി അവര്‍ ആഹാബിനോടു പറഞ്ഞത് ഇങ്ങനെ: ‘ബെന്‍-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലൊ. നാളെ ഈ നേരത്തു ഞാന്‍ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍ അയയ്ക്കും. അവര്‍ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധന ചെയ്ത് നിനക്ക് ഇഷ്ടമുള്ള തൊക്കെയും (whatever is desirable in your eyes) കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.’ ഇതിന് ആഹാബ് നല്‍കിയ മറുപടി ഇങ്ങനെ: ‘നീ ആദ്യം അടിയന്റെ അടുക്കല്‍ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം. എന്നാല്‍ ഈ കാര്യം എനിക്കു ചെയ്‌വാന്‍ കഴിവില്ല.”

ഇതേച്ചൊല്ലി രണ്ടു രാജാക്കന്മാരും തമ്മില്‍ പിണങ്ങുന്നതും യുദ്ധത്തിലേര്‍പ്പെടുന്നതുമൊക്കെയാണ് ആ അധ്യായത്തില്‍ തുടര്‍ന്നു നാം കാണുന്നത്.
തന്റെ സ്വത്ത്, ബന്ധങ്ങള്‍ എന്നിവ മനസ്സോടെയാണെങ്കിലും അല്ലെങ്കിലും ബെന്‍ഹദദിന്റെ മുന്‍പാകെ അടിയറവയ്ക്കാന്‍ ആഹാബിനു സമ്മതമായിരുന്നു. എന്നാല്‍ സ്വന്ത ഇഷ്ടത്തെ ഏല്പിച്ചുകൊടുക്കണമെന്ന വ്യവസ്ഥയുടെ മുന്‍പില്‍ ആഹാബ് പിണങ്ങി.

ഇന്നു വിശ്വാസലോകത്തിലും ശിഷ്യത്വത്തിന്റെ പടികളില്‍ സ്വന്തജീവനെയും കൂടി പകെച്ച് തന്റെ ക്രൂശെടുക്കണമെന്ന വ്യവസ്ഥയുടെ മുന്‍പിലാണു പലരും പരാജയപ്പെട്ടുപോകുന്നത്. കര്‍ത്താവ് പറഞ്ഞു: ‘തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ കളയും; ‘ഇഹലോകത്തില്‍ തന്റെ ജീവനെ പകെയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും’ (യോഹ. 12:25). ഇതിനോടു ചേര്‍ത്തു കര്‍ത്താവു പറയുന്ന ഉദാഹരണം കോതമ്പു മണിയുടേതാണ്. കോതുമ്പുമണി നിലത്തു വീണു ചത്താലേ, അതിന്റെ പുറംതോടു തകര്‍ന്നാലേ, അതില്‍ നിന്നു വിളവുണ്ടാകൂ. സ്വയജീവന്റെ കട്ടിയുള്ള പുറംതോടു തകരണം. ക്രൂശാണ് ഈ ഒരു പ്രവൃത്തി ചെയ്യുന്നത്. ‘എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം’ എന്നു ദൈവമുന്‍പാകെ ഏല്പിച്ചു കൊടുക്കുമ്പോള്‍ അതു സംഭവിക്കും.

ചുരുക്കത്തില്‍ ശിഷ്യത്വത്തിന്റെ മൂന്നു പടികളിലൂടെ കടക്കുമ്പോള്‍ ലോകത്തിന്റെ പാരതന്ത്ര്യങ്ങളില്‍ നിന്നു സ്വതന്ത്രനായി വിശ്വാസി ആത്മാവില്‍ ദരിദ്രനെപ്പോലെ ദൈവത്തോടു കൂടുതല്‍ അടുത്ത ബന്ധത്തിലേക്ക് എത്തുകയാണ്. ഞാന്‍, എനിക്കുള്ളവര്‍, എന്റേത് എന്ന സംവിധാനത്തിലാണു പിശാച് ഇന്ന് ഈ ലോകവ്യവസ്ഥയെ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍നിന്നു പുറത്തേക്കുള്ള വഴിയാണ് സ്വന്തജീവന്‍, ബന്ധങ്ങള്‍, വസ്തുവകകള്‍ എന്നിവയോടുള്ള ആരോഗ്യകരമായ വേര്‍പിരിയല്‍ അടങ്ങുന്ന ശിഷ്യത്വം. കോതമ്പു മണി നിലത്തു വീണു ചാകുന്നതിനെക്കുറിച്ചു കര്‍ത്താവ് പറഞ്ഞതിന്റെ താഴെ യോഹന്നാന്‍ 12:31 ‘ഇപ്പോള്‍ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു. ഇപ്പോള്‍ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും’ എന്ന വാക്യം ഈ നിലയില്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ ‘ലോകം’ എന്നതിന് ഗ്രീക്കുഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ അര്‍ത്ഥം വ്യവസ്ഥ, സംവിധാനക്രമം (system) എന്നാണത്രേ. 1 യോഹന്നാന്‍ 2:15-ല്‍ ‘ഈ ലോകത്തേയും ലോകത്തിലുള്ളതിനേയും സ്‌നേഹിക്കരുത്’ എന്നു പറഞ്ഞിരിക്കുന്നിടത്തും ലോകം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ഇതേ വാക്കാണ്. അപ്പോള്‍ ഈ ലോകത്തിന്റെ പ്രഭു-പിശാച്-അധിപനായി നിയന്ത്രിക്കുന്ന ഒരു ലോകവ്യവസ്ഥയുണ്ട്. ഈ ലോകസംവിധാനത്തെ നിലനിര്‍ത്തുന്ന ഞാന്‍, എന്റേത്, എനിക്കുള്ളവര്‍ എന്ന സ്വത്വബോധത്തെ (identity) ഒരു വിശ്വാസി ഒഴിച്ചു കളയുന്ന സ്വാതന്ത്ര്യത്തിന്റെ വഴിയാണു ശിഷ്യത്വത്തിന്റെ മാര്‍ഗമെന്നാണു നാം കണ്ടത്. ഈ മാര്‍ഗ്ഗം, ഈ ലോകമൂല്യങ്ങള്‍ നമ്മില്‍ നിന്ന് ഒഴിവാക്കി നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന യഥാര്‍ത്ഥ ആത്മാവിലെ ദാരിദ്ര്യം എന്ന ഭാഗ്യാവസ്ഥയാണെന്നും കണ്ടെത്താന്‍ കഴിയും.

അധ്യായം 5:
ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം


‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ (1 യോഹന്നാന്‍ 2:6).

ബൈബിളിന്റെ ആധുനിക വിവര്‍ത്തനത്തില്‍ ഈ വാക്യം ഇങ്ങനെയാണ്: ‘ദൈവത്തില്‍ നിവസിക്കുന്നു എന്നു പറയുന്നവന്‍ യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു.’

യേശുവിന്റെ ഈ ഭൂമിയിലെ മുപ്പത്തിമൂന്നര വര്‍ഷത്തെ ജീവിതത്തില്‍ 30 വര്‍ഷവും അവിടുന്നു നമ്മെപ്പോലെ നിത്യസാധാര ണമായ ഒരു ജീവിതമാണു ജീവിച്ചത്. ഒരു തച്ചന്റെ പണിശാലയില്‍ രാപകല്‍ അധ്വാനിച്ചു. നസറേത്തിലെ ഒരു സാധാരണ കുടുംബത്തില്‍ അമ്മയും സഹോദരങ്ങളുമൊത്തു ജീവിച്ചു. 30 വയസ്സുവരെ ഒരത്ഭുതവും പ്രവര്‍ത്തിച്ചില്ല. ഒരു പ്രസംഗവും നടത്തിയില്ല. അവസാനഘട്ടത്തില്‍ മാത്രം മൂന്നര വര്‍ഷത്തെ പരസ്യശുശ്രൂഷയും ഒടുവില്‍ ക്രൂശുമരണവും – ഉവ്വ്, അതിനു നമ്മുടെ രക്ഷണ്യപ്രവൃത്തിയില്‍ പ്രാധാന്യമുണ്ട്. എന്നാല്‍ ഈ 30 വര്‍ഷത്തെ ‘സംഭവരഹിത’മായ നിത്യസാധാരണമായ ഒരു ജീവിതം. വാസ്തവത്തില്‍ അതെന്തിനു വേണ്ടിയായിരുന്നു?

അവിടുത്തെ മനുഷ്യാവതാരത്തിന്റെ പ്രമാണം അനുസരിച്ച് താന്‍ ആരെ രക്ഷിക്കാന്‍ വന്നോ സകലത്തിലും യേശു അവര്‍ക്കു തുല്യനാകുകയായിരുന്നു. നമുക്ക് ഒരു മാതൃകയും മുന്നോടിയും (a model 1 പത്രൊ. 2:21; forerunner for us എബ്രായ. 6:20) ആയ അവിടുന്നു നമ്മെപ്പോലെ ഒരു ജീവിതം ജീവിച്ചു. നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയേണ്ടതിനു നമ്മെപ്പോലെയായി.

എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നു രക്ഷിപ്പാനാണു പ്രാഥമികമായും അവിടുന്നു ജഡാവതാരം എടുത്തത് എന്നതുകൊണ്ട് പാപവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന മൂന്നു കാര്യങ്ങളില്‍ അവിടുന്നു നമ്മില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായിരുന്നു: ആദാമ്യ വര്‍ഗ്ഗത്തില്‍ ജനിച്ച നാം പാപത്തില്‍ ജനിക്കുമ്പോള്‍ (‘ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു’ – സങ്കീ. 51:5) യേശു ജനനത്തില്‍ തന്നെ ‘വിശുദ്ധപ്രജ’യായി രുന്നു; ദൈവപുത്രനായിരുന്നു (ലൂക്കൊ. 1:35). നമ്മുടെ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടെങ്കിലും നാം പാപജഡത്തിലാണു ജീവിക്കുന്നത് (റോമ. 6:6; ഗലാ. 2:20). എന്നാല്‍ അവിടുന്നു പാപജഡത്തിന്റെ സാദൃശ്യത്തിലാണ് ഭൂമിയില്‍ ജീവിച്ചത് (റോമ. 8:3). അതുപോലെ പാപ പ്രലോഭനങ്ങളുണ്ടായപ്പോള്‍ പലപ്പോഴും പിടിച്ചു നില്ക്കാന്‍ കഴിയാതെ നാം പാപത്തില്‍ വീണുപോയി. എന്നാല്‍ യേശു എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടിട്ടും ഒരിക്കലും പാപം ചെയ്തില്ല (എബ്രാ. 4:15). ഈ അടിസ്ഥാനപരമായ മൂന്നു വ്യത്യാസങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന മറ്റു ചില കാര്യങ്ങളിലും യേശു നമ്മില്‍ നിന്നു വ്യത്യസ്തനായിരുന്നു. നാം രക്ഷിക്കപ്പെട്ടതിനു മുന്‍പുള്ള കാലം പാപത്തില്‍ മുഴുകി ജീവിച്ചിരുന്നതിനാല്‍ പഴയകാല ‘ചില പ്രിയപ്പെട്ട പാപങ്ങളു’ടെ ഒരു ‘ഹാങ്ഓവര്‍’ രക്ഷിക്കപ്പെട്ടതിനു ശേഷവും നമുക്ക് ഉണ്ടാകാം. അതിലേക്കു കൂടുതല്‍ ഒരു ആകര്‍ഷണം വന്നേക്കാം. എന്നാല്‍ യേശുവിന് ഒരു പഴയ മനുഷ്യനോ പാപജഡമോ ഇല്ലാതിരുന്നതുകൊണ്ട് അവിടുത്തേക്ക് അങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല. അതുപോലെ നമുക്ക് പാപപ്രലോഭനങ്ങള്‍ വരുമ്പോള്‍ എന്താണു പുറത്തുനിന്നും അകത്തുനിന്നും സംഭവിക്കുന്നതെന്നു യാക്കോബ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്: ‘ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു. മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവി ക്കുന്നു’ (1:14,15). ഇവിടെ നമുക്കു നാലു കാര്യങ്ങളുണ്ട്. ഒന്ന്: ആന്തരികമായ സ്വന്തമോഹം (inward desire). രണ്ട്: പുറമേ നിന്നുള്ള പാപത്തിന്റെ ആകര്‍ഷണം. ‘ആകര്‍ഷിച്ചു വശീകരിക്കപ്പെടുക’ (outward attraction). മൂന്ന്: മോഹം ഗര്‍ഭംധരിക്കുന്നു (inward conception of sin). നാല്: പാപത്തെ പ്രസവിക്കുന്നു (outward expression of sin). നമ്മെ സംബന്ധിച്ചിടത്തോളം പാപജഡത്തിന് ആന്തരികമായ താല്പര്യങ്ങളുള്ളതിനാല്‍ പുറമേ നിന്ന് ഒരു പരീക്ഷ വരുമ്പോള്‍ അതിന് ഉള്ളില്‍ കീഴടങ്ങിയാല്‍ പാപം ആന്തരികമായി ഗര്‍ഭം ധരിക്കുകയും തുടര്‍ന്നു ബാഹ്യമായി അതു പാപപ്രവൃത്തിയായി വെളിവാകുകയും ചെയ്യും. എന്നാല്‍ യേശുവിന് പഴയമനുഷ്യന്‍, പാപജഡം എന്നിവ ഇല്ലാതിരുന്നതുകൊണ്ട് പുറമേയുള്ള ആകര്‍ഷ ണം വസ്തുതയായിരുന്നെങ്കിലും മോഹം ആന്തരികമായി ഗര്‍ഭം ധരിക്കുകയോ പുറമേ പാപപ്രവൃത്തി ഉണ്ടാകുകയോ ചെയ്തില്ല. പാപത്തിന്റെ ലാഞ്ചനയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ യേശുവിന്റെ രക്തം മാനവരാശിയുടെ പാപപരിഹാരത്തിനായുള്ള പരിശുദ്ധരക്തമായി ദൈവമുന്‍പാകെ കണക്കാക്കപ്പെടുകയില്ലായിരുന്നല്ലോ. എന്നാല്‍ നമ്മെ പൂര്‍ണമായി വീണ്ടെടുക്കാന്‍ പര്യാപ്തമായതായിരുന്നു ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്‌ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം (1 പത്രൊ.1:19). യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ. 1:7). ചുരുക്കത്തില്‍ ലോകത്തിന്റെ പാപത്തെ ചുമന്നൊഴിച്ച ദൈവ കുഞ്ഞാടായ യേശു തീര്‍ത്തും പാപരഹിതനായിരുന്നു.

എന്നാല്‍ ഇതേസമയം തന്നെ യേശു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. പരീക്ഷിക്കപ്പെടുന്നത് അതില്‍ത്തന്നെ പാപമല്ല. പരീക്ഷയില്‍ വീണു പോകുമ്പോഴാണ് പാപം സംഭവിക്കുന്നത്. മത്തായി 4, ലൂക്കൊസ് 4 അധ്യായങ്ങളില്‍ പിശാച് യേശുവിനെ പരീക്ഷിച്ചതിന്റെ ഒരു നേര്‍ചിത്രം പരിശുദ്ധാത്മാവു നമുക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ മൂന്നു പരീക്ഷകളിലും തോറ്റുപോയ പിശാച് പിന്നീട് ‘കുറേക്കാലത്തേക്ക് അവനെ വിട്ടുമാറി’യെന്നും ലൂക്കൊസ് 4:13-ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കുറേക്കാലം കഴിഞ്ഞു വീണ്ടും പിശാച് പ്രലോഭനങ്ങളുമായി യേശുവിനെ സമീപിച്ചിട്ടുണ്ടാകുമല്ലോ. പക്ഷേ അതൊന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. ചുരുക്കത്തില്‍ നമുക്ക് ഇങ്ങനെ പറയാം: പിശാച് യേശുവിനെ ജീവിതത്തില്‍ ഉടനീളം പരീക്ഷിക്കുകയും യേശുവിനെ പാപത്തില്‍ വീഴ്ത്തി, ക്രൂശില്‍ മാനവ രാശിയുടെ മുഴുവന്‍ പാപത്തിനു പരിഹാരം വരുത്തുവാന്‍ യോഗ്യനല്ലാതാക്കുവാനും വേണ്ടി അങ്ങേയറ്റം ശ്രമിക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ കര്‍ത്താവ് ചെറുതും വലുതുമായ അത്തരം എല്ലാ പരീക്ഷകളേയും ജയിച്ചു. അവയില്‍ പ്രാതിനിധ്യസ്വഭാവമുള്ള മൂന്നു പരീക്ഷകള്‍ മാത്രം പരിശുദ്ധാത്മാവ് നമുക്കു പ്രയോജനത്തിനായി സുവിശേഷങ്ങളില്‍ എടുത്തു കാട്ടിയിരിക്കുന്നു എന്നേയുള്ളു. യേശു ഭൂമിയില്‍ വന്നിരിക്കുന്നതു തന്റെ തലയെ തകര്‍ക്കുവാനാണെന്ന് അറിയാമായിരുന്ന പിശാച്, അതിന് കര്‍ത്താവിനെ യോഗ്യനല്ലാതാ ക്കാന്‍ വേണ്ടി 331/2 വര്‍ഷവും തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും തനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകുകയില്ലേ? തീര്‍ച്ചയായും ‘സേനാനായക’നെയാണല്ലോ ശത്രു ഏറ്റവും കൂടുതല്‍ ഉന്നം വയ്ക്കുക.

ഇന്നു നാം ആധുനിക കാലത്ത് നേരിടുന്ന പരീക്ഷകളും രണ്ടായിരം വര്‍ഷം മുന്‍പ് കര്‍ത്താവു കടന്നു പോയ പരീക്ഷകളും തമ്മില്‍ വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടാകാം. എന്നാല്‍ ഏതു പരീക്ഷയിലും അടിസ്ഥാനപരമായി ഒരു കാര്യമാണു പരിശോധിക്കപ്പെടുന്നത് – ‘ഞാന്‍ എന്റെ ഇഷ്ടം ചെയ്യുമോ, ദൈവേഷ്ടത്തിനു വേണ്ടി ഞാന്‍ എന്റെ ഇഷ്ടത്തെ നിഷേധിക്കുമോ?’ സ്വന്തം ഇഷ്ടം ചെയ്യുമ്പോള്‍ നമുക്കൊരു സുഖമുണ്ട്; സ്വന്ത ഇഷ്ടത്തെ നിഷേധിക്കുമ്പോള്‍ ജഡത്തില്‍ നമുക്കൊരു കഷ്ടമുണ്ട്. ദൈവേഷ്ടത്തിനുവേണ്ടി ഈ കഷ്ടം സഹിപ്പാന്‍ നാം തയ്യാറുണ്ടോ എന്നതാണ് ഓരോ പരീക്ഷയിലും വാസ്തവത്തില്‍ പരിശോധിക്കപ്പെടുന്നത്. പരീക്ഷയുടെ സന്ദര്‍ഭത്തില്‍ നാം ഈ സമ്മര്‍ദ്ദത്തിലൂടെയാണു കടന്നുപോകുന്നത്. ഒരുവശത്ത് സ്വന്തഇഷ്ടം നടപ്പാക്കാനുള്ള നമ്മുടെ ത്വര. മറുവശത്ത് ദൈവേഷ്ടം മാത്രം ചെയ്യുമെന്നുള്ള നമ്മുടെ സമര്‍പ്പണം. ഈ രണ്ടു കാര്യങ്ങളും പരസ്പര വിരുദ്ധമാകുമ്പോള്‍ ഹൃദയത്തില്‍ ഒരു വടംവലിയുടെ സമ്മര്‍ദ്ദം നമ്മള്‍ അറിയുകയാണ്. ഒരുവശത്ത് സ്വന്ത ഇഷ്ടം നടക്കണം എന്ന നമ്മുടെ ആഗ്രഹവും അതു നടന്നാല്‍ നമുക്കു ലഭ്യമാകുന്ന ജഡികമായ സുഖത്തിന്റേയും ചാരിതാര്‍ത്ഥ്യത്തിന്റേയും (മുന്‍കാല അനുഭവങ്ങളില്‍ നിന്നുള്ള) ഓര്‍മകളും. മറുവശത്ത് ദൈവേഷ്ടം ചെയ്യണമെന്നുള്ള ഇച്ഛയും ദൈവത്തെ പരാജയപ്പെടുത്തരുതെന്ന കരുതലും ദൈവസ്‌നേഹവും. പരസ്പര വിരുദ്ധമായ രണ്ടു വശങ്ങള്‍ തമ്മിലുള്ള ഈ വടംവലിയില്‍ ആരും ജയിക്കും? തീര്‍ച്ചയായും ഏതു വശത്തിനാണോ ശക്തി കൂടുതല്‍, ആ വശം ജയിക്കും.

നായ്ക്കളുമായി വേട്ടയ്ക്കു പോകുന്നവരായ റെഡ് ഇന്ത്യക്കാരുടെ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മിഷനറിയെക്കുറിച്ചു കേട്ടിട്ടുള്ള ഒരു കഥ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു: മിഷനറിയുടെ പ്രവര്‍ത്തനഫലമായി, റെഡ് ഇന്ത്യക്കാരനായ ഒരു ചെറുപ്പക്കാരന്‍ വിശ്വാസത്തില്‍ വന്നു. ചില ദിവസങ്ങള്‍ കഴിഞ്ഞ് മിഷനറി വീണ്ടും അവനെ കണ്ടപ്പോള്‍ അവന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയുണ്ടെന്നു ചോദിച്ചു. ‘ജീവിതം കൂടുതല്‍ ദുസ്സഹമായെ’ന്നാ യിരുന്നു അവന്റെ മറുപടി. ‘അയ്യോ, അതെങ്ങനെ? കര്‍ത്താവിനെ സ്വീകരിച്ചാല്‍ കൂടുതല്‍ സമാധാനവും സന്തോഷവുമല്ലേ ഉണ്ടാ കേണ്ടത്?’: മിഷനറി ഉല്‍ക്കണ്ഠാകുലനായി. അപ്പോള്‍ ചെറുപ്പക്കാരന്‍ ഇങ്ങനെ വിശദീകരിച്ചു: ‘കര്‍ത്താവിനെ അറിയുന്നതിനു മുന്‍പ് എന്റെ ഉള്ളില്‍ ഒരു കറുത്ത നായ് മാത്രമാണുണ്ടായിരുന്നത്. അന്നു പ്രശ്‌നമൊന്നുമില്ല. കറുത്ത നായ്ക്ക് ഇഷ്ടമുള്ളതുപോലെ പോകാം. ഇപ്പോള്‍ കര്‍ത്താവിനെ സ്വീകരിച്ചപ്പോള്‍ ഒരു വെളുത്ത നായ് കൂടി എന്റെ ഉള്ളിലുണ്ട്. ഈ രണ്ടു നായ്ക്കളും രണ്ടു വഴിക്കാണു പോകുന്നത്. അതുകൊണ്ട് അവ തമ്മില്‍ എപ്പോഴും ഉള്ളില്‍ കിടന്നു കടിപിടിയാണ്. അതാണു ജീവിതം ദുസ്സഹമാക്കുന്നത്.’
അപ്പോള്‍ മിഷനറി ചോദിച്ചു: ”ആട്ടെ, ഈ കടിപിടിയില്‍ ഒടുവില്‍ ഏതു നായ ജയിക്കും.?”
”സംശയമുണ്ടോ ഏതു നായ്ക്കാണോ ശക്തി, ആ നായ ജയിക്കും.”
മിഷനിറി വീണ്ടും: ”ആട്ടെ, നിന്നെ സംബന്ധിച്ച് ഇതില്‍ ഏതു നായ്ക്കായിരിക്കും ശക്തി?”
അവന്റെ ചിന്തനീയമായ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ ഏതു നായ്ക്ക് ഏറ്റവും കൂടുതല്‍ തീറ്റ കൊടുക്കുന്നുവോ ആ നായ്ക്കായിരിക്കും ശക്തി.”

ഈ കഥയിലെ പാഠം ഉള്‍ക്കൊണ്ട് നമുക്ക് ഇങ്ങനെ പറയാം: സാധാരണ സമയത്ത് നാം ഏതു വശത്തെയാണോ കൂടുതല്‍ പോഷിപ്പിച്ചിട്ടുള്ളത്, ആ വശമായിരിക്കും ഈ വടംവലിയില്‍ ജയിക്കുക. ദൈവവചനധ്യാനം, പ്രാര്‍ത്ഥന, കൂട്ടായ്മ എന്നിവയിലൂടെ നാം നിരന്തരം ദൈവേഷ്ടത്തിനായി സമര്‍പ്പിതരാണെങ്കില്‍ പരീക്ഷയുടെ സന്ദര്‍ഭത്തില്‍ നാം സ്വന്ത ഇഷ്ടത്തോടു ‘വേണ്ട’ എന്നു പറയും; ദൈവേഷ്ടം തന്നെ ജയിക്കും. ഫലം നാം പാപത്തില്‍ വീഴുകയില്ല.

യേശുവും പരീക്ഷിക്കപ്പെട്ടെങ്കിലും വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ മനോഭാവം കൊണ്ടോ ഒരു നിമിഷ നേരത്തേക്കു പോലും പാപത്തില്‍ വീണുപോയില്ല. ദൈവേഷ്ടത്തിനായി അവിടുന്ന് അത്രയേറെ സമര്‍പ്പിതനായിരുന്നു. (‘ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്’ -യോഹ. 6:38; ‘ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യുവാന്‍ ഇച്ഛിക്കുന്നത്’ – യോഹ. 5:30; ‘എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തിതികയ്ക്കുന്നതു തന്നെ എന്റെ ആഹാരം’ – യോഹ. 4:34). ഇതേസമയം പരീക്ഷയുടെ സന്ദര്‍ഭത്തിലെ ആ വടംവലി തനിക്കും യാഥാര്‍ത്ഥ്യമായിരുന്നു. ഗെത്‌സെമന തോട്ടത്തിലെ ആ സന്ദര്‍ഭം പരിശുദ്ധാത്മാവു നമുക്കുവേണ്ടി ഇങ്ങനെ വരച്ചു കാട്ടിയിരിക്കുന്നു: ”താന്‍ അവരെ വിട്ട് ഒരു കല്ലേറു ദൂരത്തോളം വാങ്ങിപ്പോയി മുട്ടു കുത്തി: പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.” (ലൂക്കൊ. 22:41,42). അപമാനത്തിന്റെയും ലോകത്തിന്റെ മുഴുവന്‍ പാപം തന്റെമേല്‍ ചുമത്തുന്നതിന്റേയും (2കൊരി.5:21) ഇടമായ ക്രൂശ് (പാനപാത്രം) തന്നില്‍ നിന്നു നീക്കണം എന്നതായിരുന്നു യേശുവിന്റെ സ്വന്തഇഷ്ടം. എന്നാല്‍ മനുഷ്യ വര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി യേശു ഈ പാനപാത്രം മട്ടോളം ഊറ്റിക്കുടിക്കണം എന്നതായിരുന്നു പിതാവിന്റെ ഇഷ്ടം. യേശു പൂര്‍ണമനുഷ്യന്‍ കൂടി ആയിരുന്നതിനാല്‍ തന്റെ മനുഷ്യത്വത്തില്‍ തനിക്കു തന്റേതായ ഇഷ്ടം ഉണ്ടായിരുന്നു. അത് അതില്‍ത്തന്നെ പാപമല്ല. എന്നാല്‍ അതു ദൈവേഷ്ടത്തിന് എതിരാണെങ്കില്‍ സ്വന്ത ഇഷ്ടം മറുകെപ്പിടിച്ച് അതു നേടിയെടുത്താല്‍ മാത്രമാണതു പാപമാകുക. എന്നാല്‍ യേശു ഗെത്‌സെമനയില്‍ സ്വന്തഇഷ്ടം വ്യക്തമാക്കിയെങ്കിലും അതിനെ ഒടുവില്‍ ദൈവേഷ്ടം നടപ്പാകാന്‍ വേണ്ടി യാഗപീഠത്തില്‍ വയ്ക്കുന്ന താണു കാണുന്നത് – ‘നിന്റെ ഇഷ്ടം തന്നെ ആകട്ടെ.’

സ്വന്തഇഷ്ടം വേണ്ടെന്നു വയ്ക്കുന്നതു യേശുവിനും മാനുഷികമായി എളുപ്പമായിരുന്നില്ല. ആ വടംവലി നല്‍കിയ സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള സമൃദ്ധമായ സൂചനകള്‍ മത്തായി 26:36-46 ഭാഗങ്ങളിലും കാണാം. ‘എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു’ എന്നു യേശു പറഞ്ഞു (മത്താ.26:38). മൂന്നുവട്ടം ഈ കാര്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു എന്നു മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കൊസാകട്ടെ, ‘അവന്റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി’ എന്നും ‘അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷനായെ’ന്നും പറഞ്ഞിരിക്കുന്നു (22:43,44). ഇത്രയും തീവ്രമായല്ലെങ്കിലും ജീവിതത്തിലൂടനീളം യേശുവിനു നേരിട്ട പരീക്ഷകളുടെ രംഗങ്ങളില്‍ അവിടുന്നു സ്വന്തഇഷ്ടവും ദൈവേഷ്ടവും തമ്മിലുള്ള വടംവലിയുടെ വേദന അറിഞ്ഞിരിക്കും. ഗെത്‌സെമനെയില്‍ അക്ഷരാര്‍ത്ഥത്തിലുള്ള ക്രൂശിനെ ഒഴിഞ്ഞുപോകാനാണ് ആഗ്രഹിച്ചതെന്നതു ശരി. പക്ഷേ സാധാരണ ജീവിതത്തിലും സ്വന്തഇഷ്ടം നടപ്പാകണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഫലത്തില്‍ ക്രൂശിനെ ഒഴിഞ്ഞുപോകുകയാണല്ലോ. എന്നാല്‍ സ്വന്തഇഷ്ടത്തെ ദൈവേഷ്ടത്തിനായി താഴ്ത്തിവയ്ക്കുമ്പോള്‍ അവിടെയാണ് ആന്തരികമായി ക്രൂശിനെ അറിയുന്നത്. (ക്രൂശിന്റെ ആകൃതി തന്നെ ഇതിനെ സാധൂകരിക്കുന്നുവെന്നും നമ്മുടെ സ്വന്തം ഇഷ്ടമെന്ന ലംബമായ തടിയുടെമേല്‍ അതിനു കുറുകെ ദൈവേഷ്ടമെന്ന തിരശ്ചീനമായ തടി അടിച്ചുറപ്പിക്കമ്പോഴാണു ക്രൂശ് ഉണ്ടാകുന്ന തെന്നും പറയാറുണ്ടല്ലോ).

ചുരുക്കത്തില്‍ നാം പറഞ്ഞുവന്നത് ഇതാണ്: യേശുവും ജീവിതത്തില്‍ ഉടനീളം പരീക്ഷിക്കപ്പെട്ടു. ഓരോ പരീക്ഷയുടെ സന്ദര്‍ഭത്തിലും അവിടുന്നു സ്വന്തഇഷ്ടത്തെ പിതാവിന്റെ ഇഷ്ടത്തിനായി ഏല്പിച്ചു കൊടുത്തുകൊണ്ട് പാപത്തെ ഒഴിഞ്ഞു പാപരഹിതനായി നിന്നു. എന്നാല്‍ തന്റെ മനുഷ്യത്വത്തില്‍ യേശുവിനും നമ്മെപ്പോലെ എല്ലാ പരീക്ഷകളുടെ സന്ദര്‍ഭത്തിലും സ്വന്തഇഷ്ടവും പിതാവിന്റെ ഇഷ്ടവും തമ്മിലുള്ള വടംവലി യാഥാര്‍ത്ഥ്യമായിരുന്നു.

പരീക്ഷിതനാകുന്നതുള്‍പ്പെടെ എല്ലാ കാര്യത്തിലും യേശു നമുക്കു തുല്യനായി. എങ്കില്‍ അതു നമുക്ക് ഒരു ഉത്തരവാദിത്തവും തരുന്നു. അതെന്താണ്? യോഹന്നാന്‍ പറയുന്നു: ‘അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ (1 യോഹ. 2:6). പത്രൊസ് പറയുന്നു: ‘നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. അവന്‍ പാപം ചെയ്തിട്ടില്ല. അവന്റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല’ (1 പത്രൊ. 2:21,22). ‘ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു’ (2 പത്രൊ. 1:4). പൗലൊസ് പറയുന്നു: ‘അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്നിയമിച്ചിരിക്കുന്നു’ (റോമര്‍ 8:29). ‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (ഫിലി. 2:5). എബ്രായ ലേഖനകാരന്‍ പറയുന്നു: ‘മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി’ (2:14). ‘അവന്‍… സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു’ (2:17). അവിടുന്നു നമുക്കു മുന്‍പില്‍ ഓടിയവനാണ് (forerunner -6:20). ‘താന്‍ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കു സഹായിപ്പാന്‍ കഴിവുള്ളവന്‍ ആകുന്നു’ (2:18). ‘നമ്മുടെ ബലഹീനതയില്‍ സഹതപിക്കുവാന്‍ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്’ (4:15). ‘സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്നു ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക’ (12:1,2).

യേശുവും ഭൂമിയിലായിരുന്നപ്പോള്‍ ഇതേ കാര്യമാണ് ആവശ്യപ്പെട്ടത്. ‘എന്നെ അനുഗമിക്കുക’ – താന്‍ കണ്ടുമുട്ടിയ ഏറെ പേരോടും യേശു ആവശ്യപ്പെട്ടു (മത്തായി 9:9; മര്‍ക്കൊ. 1:17,20; ലൂക്കൊ.9:59; യോഹ. 21:19,22). ശിഷ്യന്മാരോട് ക്രൂശെടുത്തു ദിനംതോറും തന്നെ അനുഗമിക്കണമെന്നും നിര്‍ദ്ദേശിച്ചു (മത്താ.10:38, ലൂക്കൊ. 14:27; യോഹ. 12:26). ചുരുക്കത്തില്‍ യേശുവിനെ അനുഗമിക്കുന്നതില്‍ നമുക്ക് ഇനി ഒഴികഴിവില്ല. കാരണം യേശു പൂര്‍ണ മനുഷ്യനെന്ന നിലയില്‍ നാം പോകുന്ന ഇതേ വഴിയിലൂടെ നടക്കുകയും ഒടുവില്‍ നാം തന്നെ അനുഗമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യോഹന്നാനും പത്രൊസും പൗലൊസും നാം അവിടുത്തെ കാല്‍ച്ചുവടു പിന്‍പറ്റുകയും അവിടുത്തെ സ്വരൂപത്തോട് അനുരൂപപ്പെടുകയും അവിടുത്തെ ഭാവമുള്ളവരായിരിക്കുകയും വേണമെന്നു ചൂണ്ടിക്കാട്ടി. [യേശുവില്‍ ആണ് പൂര്‍ണത. പൗലൊസ് എഫെസ്യര്‍ 4:12,13-ല്‍ ‘ക്രിസ്തുവിന്റെ പൂര്‍ണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നമുക്കു പ്രാപിക്കാന്‍ കഴിയും’ എന്നു പറയുന്നു. 2 കൊരിന്ത്യര്‍ 13:11-ല്‍ വിശ്വാസികളോട് ‘പൂര്‍ണത ലക്ഷ്യമാക്കുവിന്‍’ എന്ന് ആഹ്വാനം ചെയ്യുന്നു. 2 കൊരിന്ത്യര്‍ 13:9-ല്‍ ‘വിശ്വാസികളുടെ പൂര്‍ണതയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ഈ മൂന്നു വാക്യങ്ങളിലും മലയാളം ബൈബിളില്‍ ‘യഥാസ്ഥാനത്വം’ എന്ന് ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ ഇംഗ്ലീഷിലും മൂലഭാഷയിലും പൂര്‍ണത (Perfection) എന്നതിനു തത്തുല്യമായ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നു വിശ്വാസികളില്‍ പലരും പേടിക്കുന്ന ഒരു വാക്ക് പൂര്‍ണതയാണ്]. എബ്രായ ലേഖനകാരന്‍ യേശു നമുക്കു മുന്നോടിയും, സഹോദരന്മാ രോടു സദൃശനും, സകലത്തിലും നമുക്കു തുല്യനുമായത് നാം യേശുവിനെ നോക്കി നമ്മുടെ ഓട്ടം ഓടേണ്ടതിനു വേണ്ടിയാണെന്നു വിവിധ നിലകളില്‍ വിശദീകരിച്ചു. അതുകൊണ്ട് യേശുവിനെ അനുഗമിക്കാന്‍ നാം ബാധ്യസ്ഥരാണ്.

യേശുവിനെ അനുഗമിക്കുമ്പോള്‍ തന്നെ പത്രൊസിനെപ്പോലെ നാം ‘അകലം വിട്ടു’ പിന്‍ചെന്നാല്‍ പോരാ (ലൂക്കൊ. 22:54). മറിച്ച് അവന്‍ നടന്നതുപോലെ നടക്കണം. അഥവാ യേശുക്രിസ്തു ജീവിച്ചതുപോലെ തന്നെ ജീവിക്കണം. എന്നുവച്ചാല്‍ വാക്ക്, വിചാരം, പ്രവര്‍ത്തനം, മനോഭാവം എന്നിവയിലെല്ലാം യേശുവായിരിക്കണം നമ്മുടെ മാതൃക. യേശു കാര്യങ്ങളെ കണ്ടതുപോലെ നാമും കാണണം. യേശു ആളുകളോടു പുലര്‍ത്തിയ അതേ മനോഭാവം തന്നെ നാമും കയ്യാളണം. നാള്‍ കഴിയുംതോറും നാം അവിടുത്തെ സ്വഭാവത്തോട് അനുരൂപരായിരിക്കൊണ്ടിരിക്കണം. അതേ ഭാവം തന്നെ ഉള്ളവരാ കണം. അതേ കാല്‍ചുവടുകള്‍ തന്നെ പിന്‍പറ്റണം. ദിവ്യസ്വഭാവത്തിനു പങ്കാളികളാകണം – ഇതാണു നമ്മുടെ വിളി.

ഈ ഉന്നതമായ വിളിയോട് നമുക്ക് എങ്ങനെ നീതിപുലര്‍ത്താന്‍ കഴിയും? എത്ര വലിയ നിലവാരമാണ് യേശുവിന്റേത്! ദിനംതോറും, നാഴികതോറും സ്വന്ത ഇഷ്ടത്തെ പിതാവിന്റെ ഇഷ്ടത്തിനു മുന്‍പില്‍ അടിയറവച്ച് യേശുവിനെപ്പോലെ ജയാളികളായി ജീവിക്കുക – ഇത് നമുക്ക് എങ്ങനെ കഴിയും?

ഈ ഭൂമിയിലെ നമ്മുടെ ജീവിതം സംബന്ധിച്ച ഈ ദൈവിക ലക്ഷ്യം നാം കാണേണ്ടതുപോലെ കണ്ടാല്‍ അതു നമ്മെ വീണ്ടും ആത്മാവിലെ ദാരിദ്ര്യത്തിലേക്കു തന്നെ നടത്തും. താഴ്മയും നിലവിളിയും നമുക്കുണ്ടാകും. സ്വന്തശക്തികൊണ്ടോ തീരുമാനം കൊണ്ടോ സ്വയപ്രയത്‌നംകൊണ്ടോ ഇതു കഴിയുകയില്ല എന്നു നാം കണ്ടെത്തും. ധനവാന്റെ പടിപ്പുരയ്ക്കല്‍ നിസ്സഹായതയോടെ നിലവിളിച്ചുകൊണ്ടുകിടന്ന ദരിദ്രനെപ്പോലെ നാമും ആത്മാവിലെ ദാരിദ്ര്യത്തോടെ ദൈവത്തിന്റെ പടിവാതില്ക്കല്‍ നിരന്തരം ജാഗരിച്ചു നില്ക്കും. ”ദിവസംപ്രതി എന്റെ പടിവാതില്‍ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍ക്കട്ടളയ്ക്കല്‍ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരി ക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.” ”ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.’

അധ്യായം 6:
വിജയകരമായ ജീവിതം


‘ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും… അറിയുന്നു. നീ ധനവാനാ കുന്നു താനും’ (വെളിപ്പാട് 2:9).

വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങളില്‍ ദൂതു നല്‍കുന്ന ഏഴു സഭകളില്‍ ഒരു കുറ്റവും പറയാത്ത രണ്ടു സഭകളിലൊന്നാണു സ്മുര്‍ന്ന. സ്മുര്‍ന്ന സഭയോടു ദൈവം പറയുന്നു: ‘നിന്റെ മഹാദാരിദ്ര്യം (ലഃൃേലാല ുീ്‌ലൃ്യേ എന്നു ചില വിവര്‍ത്തനങ്ങളില്‍) ഞാന്‍ അറിയുന്നു. അതേസമയം തന്നെ യഥാര്‍ത്ഥത്തില്‍ നീ സമ്പന്നനാണ്.’ ദാരിദ്ര്യവും സമ്പന്നതയും പരസ്പര വിരുദ്ധമാണ്. എന്നാല്‍ സ്മുര്‍ന്ന സഭയെപ്പറ്റിയുള്ള ദൈവത്തിന്റെ സാക്ഷ്യം ‘വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു കാര്യങ്ങള്‍ ഒരേസമയം നിന്നില്‍ ഒന്നിച്ചിരിക്കുന്നു’വെന്നാണ്. ഇതെങ്ങനെ കഴിയും? ഉവ്വ്, ആത്മാവിലെ ദാരിദ്ര്യത്തില്‍ മാത്രമാണ് ഇതു ശരിയാകുക.

സ്മുര്‍ന്ന സഭയെ സംബന്ധിച്ച് പുറമേ നിന്നു നോക്കുമ്പോള്‍ ദാരിദ്ര്യമാണു കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, നിത്യതയുടെ കാഴ്ചപ്പാടില്‍, ആന്തരികമായ അതിന്റെ അവസ്ഥയെ ദൈവം വീക്ഷിക്കുമ്പോള്‍ – ‘നീ ധനവാനാകുന്നു താനും.’ ആത്മാവില്‍ ദരിദ്ര നായവന്‍ ആദ്യം തന്റെ കുറവുകളെ, ഇല്ലായ്മകളെ, അസാധ്യതകളെ യാണു കാണുന്നത്. എന്നാല്‍ അവയെ കണ്ട് അംഗീകരിച്ച് താഴ്മ യോടെ ദൈവത്തിന്റെ അടുക്കലേക്കു നിലവിളിയോടെ ചെല്ലുമ്പോള്‍ ദൈവഹിതപ്രകാരമുള്ള ആ ദുഃഖത്തെ അവിടുന്നു മാനിക്കും (2 കൊരി. 7:11). കരുണസമ്പന്നനായ ദൈവം ധാരാളം കൃപ (ആത്മീയ സമ്പ ന്നത) നല്‍കും. അതോടെ യഥാര്‍ത്ഥത്തില്‍ അവന്‍ സമ്പന്നനാണ്!

ഈ സമ്പന്നതയില്‍ – ആത്മാവിലെ ദാരിദ്ര്യത്തില്‍- എപ്പോഴും നമ്മെ നിര്‍ത്താനാണു ദൈവം ആഗ്രഹിക്കുന്നത്. നമുക്ക് അനുവദിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ദൈവം ഉന്നം വയ്ക്കുന്നത് ഈ കാര്യം നമ്മില്‍ സാധിച്ചെടുക്കുക, നിലനിര്‍ത്തുക എന്നതാണ്. പക്ഷേ നാം ആ ദൈവപ്രവൃത്തിയോടു സഹകരിക്കേണ്ടതുണ്ട്.

യേശുവും തന്റെ ഉപദേശങ്ങളിലൂടെ ഇതേ കാര്യമാണു ലക്ഷ്യമിട്ടതെന്നു നമ്മള്‍ ചിന്തിച്ചു. അതു ഗിരിപ്രഭാഷണമാകട്ടെ, താഴ്മ തന്നില്‍നിന്നു പഠിപ്പാനുള്ള ആഹ്വാനമാകട്ടെ, ശിഷ്യത്വത്തിന്റെ വ്യവസ്ഥകളാകട്ടെ, ക്രൂശെടുത്തു തന്നെ പിന്‍പറ്റുവാനുള്ള വിളിയാകട്ടെ, ദിവ്യസ്വഭാവത്തോട് അനുരൂപപ്പെടുവാനുള്ള നിര്‍ദ്ദേശമാകട്ടെ എല്ലാം ആത്യന്തികമായി ആത്മാവിലെ ദാരിദ്ര്യം എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു.

ആത്മാവിലെ ദാരിദ്ര്യം ഇത്ര പ്രധാനമാണെന്നു പറയുമ്പോള്‍ ഇതിനെതിരെ വരാവുന്ന സംശയം, ഇതൊരു നിഷേധാത്മകമായ സമീപനം അല്ലേ എന്നുള്ളതാണ്. എന്നുവച്ചാല്‍ ദാരിദ്ര്യം, ഇല്ലായ്മ, കുറവ്, അസാധ്യത എന്നിവയിലൂന്നിയുള്ള സമീപനം അടിസ്ഥാന പരമായി നിഷേധാത്മകമായ ഒന്നല്ലേ? ദൈവത്തില്‍ നിന്നുള്ളതെല്ലാം ധനാത്മകമായ (positive) കാര്യങ്ങളല്ലേ? ‘നല്ലദാനവും തികഞ്ഞ വരം ഒക്കെയും അല്ലേ ഉയരത്തില്‍ നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു വരുന്നത്?” (യാക്കോ. 1:17). ‘അവനില്‍ ഉവ്വ് (yes) എന്നത്രേയു ള്ളല്ലോ?’ (2 കൊരി. 1:19). അതേസമയം, പാപിയാണ്, ദൈവിക പ്രതീക്ഷകള്‍ക്കൊപ്പം എത്താന്‍ കഴിയുന്നില്ല, ഗിരിപ്രഭാഷണത്തിന്റെ നിലവാരത്തില്‍ താഴെയാണ്, ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ പാലി ക്കാന്‍ കഴിയുന്നില്ല, യേശുവിന്റെ ദിവ്യസ്വഭാവത്തിനു പങ്കാളിയാകാന്‍ സാധിക്കുന്നില്ല എന്നിങ്ങനെ കുറവുകളെ മഹത്വവല്‍ക്കരിക്കുന്ന സമീപനമല്ലേ ‘ആത്മാവിലെ ദാരിദ്ര്യത്തി’ലുള്ളത്?

ഇതൊരു തെറ്റിദ്ധാരണയാണ്. ആത്മാവിലെ ദാരിദ്ര്യം കുറവു കളില്‍, ഇല്ലായ്മകളില്‍, നിഷേധാത്മകമായ മനോഭാവത്തില്‍ അഭിരമിക്കുന്നില്ല. പാപത്തെയല്ല അതു നോക്കുന്നത്, മറിച്ചു ദൈവ കൃപയെയാണ്. കുറവുകളില്‍ തൃപ്തിപ്പെടുകയല്ല, യഥാര്‍ത്ഥ്യബോധ ത്തോടെ കുറവുകളെ കണ്ട് ദൈവത്തിലേക്ക് ആയുകയാണ്. നിഷേധാ ത്മകമായ കാര്യങ്ങളെ താലോലിക്കുന്നില്ല; പകരം മുഴുഹൃദയത്തോടും ദൈവത്തിന്റെ കരുണയിലും കൃപയിലും ചാരുകയാണ്. പാപത്തെയും ബലഹീനതയെയും അല്ല അതു മഹത്വവല്‍ക്കരിക്കുന്നത്. ബലഹീന തയില്‍ തികഞ്ഞുവരുന്ന ദൈവശക്തിയിലാണ് ശ്രദ്ധിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആത്മാവില്‍ ദിരിദ്രനായുള്ളവന്‍ സ്വന്തപാപത്തെ ക്കുറിച്ചുള്ള ബോധ്യത്തെ താലോലിച്ചു നിരാശപ്പെട്ടിരിക്കുകയില്ല, മറിച്ച് അവന്‍ ദൈവത്താലും അവിടുത്തെ കൃപയാലുമാണു പിടിക്കപ്പെ ട്ടിരിക്കുന്നത്. കുറ്റബോധവും നിരാശയുമല്ല അവനുള്ളത്. വിശ്വാസവും നന്ദിയും സ്തുതിയുമാണ് അവന്‍ കയ്യാളുന്നത്.

തീര്‍ച്ചയായും ദൈവവചനം മുന്നോട്ടു വയ്ക്കുന്ന നിലവാരം വളരെ ഉന്നതമാണ്. ദൈവവചനവും പരിശുദ്ധാത്മാവും യേശുവിന്റെ ജീവിതമാതൃകയും നമ്മുടെ കുറവുകളെക്കുറിച്ചു ബോധ്യം നല്‍കും. എന്നാല്‍ അത് അതില്‍ത്തന്നെ ഒരവസാനമല്ല. ആത്മാവില്‍ ദരിദ്രനായുള്ളവന്‍ തുടര്‍ന്നു ദൈവത്തിങ്കലേക്കു തന്നെ ചെല്ലും – ദരിദ്രന്‍ ധനവാന്റെ പടിവാതില്ക്കലേക്കു ചെല്ലുന്നതുപോലെ. അതു പോലെ യഥാര്‍ത്ഥത്തില്‍ ആത്മാവില്‍ ദരിദ്രനായുള്ളവന്‍ സ്വന്തം കുറവുകളെ കാണുമ്പോള്‍ അതില്‍ അഭിരമിച്ച് അവിടെ ഇരിക്കുകയില്ല. താഴ്മയോടെ സ്വന്തം കുറവുകളെ അംഗീകരിക്കുമ്പോള്‍ തന്നെ താഴ്മയുള്ളിടത്തു പകരപ്പെടുന്ന ദൈവകൃപയിലാണവന്റെ നോട്ടം. പാപത്തിലല്ല അവന്റെ ഊന്നല്‍; പാപികളെ നീതികരിക്കുന്ന കര്‍ത്താ വിലാണവന്റെ ശരണം. ബോധപൂര്‍വമുള്ള എല്ലാ പാപത്തിന്റെമേലും ജയമുള്ള ഒരു ജീവിതത്തിലേക്ക് ആയുമ്പോഴും എപ്പോഴെങ്കിലും വാക്ക്, വിചാരം, പ്രവൃത്തികളില്‍ ‘ദൈവതേജസ്സില്‍ കുറവായുള്ള പാപം’ വന്നു പോയാലും അവന്‍ നിരാശപ്പെടുന്നില്ല. കാരണം യേശുവിന്റെ രക്തം സകല പാപവും പോക്കി ശുദ്ധീകരിക്കും. അതിന് ഒരു വ്യവസ്ഥ യേ ഉള്ളൂ – ഏറ്റുപറയുക (1 യോഹ. 1:7-9). അങ്ങനെ ശുദ്ധീകരണം പ്രാപിച്ചാല്‍ കര്‍ത്താവു പാപങ്ങളെ ക്ഷമിക്കുക മാത്രമല്ല അതേപ്പറ്റി ഓര്‍ക്കുകപോലുമില്ല (എബ്രാ. 8:12; 10:17). ദൈവവചനം നല്‍കുന്ന ഈ ഉറപ്പുകള്‍ അവനെ അനാവശ്യമായ കുറ്റബോധം, നിരാശ, വിഷാദം, സ്വയസഹതാപം എന്നിവയില്‍ നിന്നെല്ലാം വിടുവിച്ച് സ്വസ്ഥ തയിലും സന്തോഷത്തിലും സമാധാനത്തിലും കാക്കും (ഫിലി. 4:7- ഇവിടെയുള്ള ‘കാക്കും’ (ഴൗമൃറ) എന്ന പദം മൂലഭാഷയില്‍ ‘കാവല്‍ പടയാളികള്‍ സൂക്ഷ്മതയോടെ കാക്കുക’ എന്നതിനു തുല്യമാണന്ന് ഓര്‍ക്കുക. ദൈവസമാധാനം ഹൃദയം, നിനവ്, ബുദ്ധി എന്നിവയ്ക്കു ചുറ്റും റോന്തുചുറ്റി അവയെ കാക്കുകയാണ്!). ചുരുക്കത്തില്‍ യാഥാര്‍ത്ഥത്തില്‍ ആത്മാവില്‍ ദരിദ്രനായവന്‍ നിഷേധാത്മകമായ ഒരു നിലപാടല്ല കയ്യാളുന്നത്; പകരം പാപത്തെ കവിയുന്ന ദൈവ കൃപയ്ക്കായുള്ള ക്രിയാത്മകമായ നിലപാടാണ് അവനുള്ളത്.

ഇവിടെ മറ്റൊരു കാര്യവും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പാപം, കുറവ്, ബലഹീനത, അനുതാപം ഇവയെല്ലാം നിഷേധാത്മകമായ കാര്യങ്ങളാണെന്നും ക്രിസ്തീയത എപ്പോഴും ധനാത്മകമായ കാഴ്ചപ്പാടു പുലര്‍ത്തുന്നതായതുകൊണ്ട് നേരത്തെ പറഞ്ഞ കാര്യങ്ങളെയൊന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നുമുള്ള കാഴ്ചപ്പാടിന്റെ സ്വാധീനം ഇന്നു ക്രിസ്തീയ ലോകത്തു സജീവമാണ്. ‘ദ് പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്’ എന്ന പുസ്തകത്തിന്റെ ചുവടു പിടിച്ച് ക്രിസ്തീയ ലോകത്തു വേരുറപ്പിച്ച ആശയങ്ങള്‍ ഇന്നും ഒട്ടേറെ പേര്‍ക്കു പ്രിയപ്പെട്ടതാണ്. എന്നാല്‍ പാപം ഒരു യാഥാര്‍ത്ഥ്യ മാണെന്നും അതിനു പരിഹാരം വരുത്താനാണു യേശുകര്‍ത്താവു ക്രൂശില്‍ മരിച്ചതെന്നും മറന്നുപോകരുത്. അനുതപിക്കുന്ന പാപിയെയാണു സ്വര്‍ഗ്ഗം നീതീകരിക്കുന്നത്. പരിശുദ്ധാത്മാവു നല്‍കുന്ന പാപബോധമാണ് ഒരുവനെ അനുതാപത്തിലേക്കു നയിക്കുന്നത്. ബലഹീനതയിലാണു ദൈവശക്തി തികഞ്ഞു വരുന്നത്. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ സ്വന്തം കുറവുകളെ കാണുമ്പോള്‍ ന്യായീകരിക്കാതെ താഴ്മയോടെ അത് അംഗീകരിച്ച് ദൈവമുഖം അന്വേഷിക്കുന്നവനാണ് കൃപ ലഭിക്കുന്നത്. ഇങ്ങനെയുള്ളവനാണ് ആത്മാവില്‍ ദരിദ്രന്‍- അവന്‍ ഭാഗ്യവാനാണെന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുമ്പോള്‍ അതാണു ശരി, അല്ലാതെ നമ്മുടെ മനഃശാ സ്ത്രപരമായ നല്ല ചിന്തകളല്ല.

ആത്മാവിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള മറ്റൊരു സംശയം അതിനു കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ അതു ക്രിസ്തീയ ജീവിതത്തിന്റെ സന്തോഷം കെടുത്തിക്കളയുകയില്ലേ എന്നതാണ്. പാപത്തെ ഗൗരവമായി എടുക്കുകയും അനുതപിക്കുകയും വിശുദ്ധ ജീവിതത്തിനായി നിരന്തരം ഒരു നിലവിളി ഹൃദയത്തില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനി വിഷാദമഗ്നനും മുഖം വാടിയവനും ഫലത്തില്‍ പുറംലോകത്തിനു മുന്‍പില്‍ ക്രിസ്തീയതയെ ക്കുറിച്ചു തെറ്റായ ഒരു സാക്ഷ്യം നല്‍കുന്നവനുമായിരിക്കുകയില്ലേ?

ഇതിന് എന്താണു മറുപടി? പ്രാഥമികമായും ക്രിസ്തീയജീവിത ത്തിലെ സന്തോഷം ലോകത്തിന്റെ സന്തോഷത്തില്‍ നിന്നു വ്യത്യ സ്തമായി കൂടുതല്‍ വിശാലവും വിരുദ്ധവികാരങ്ങളെ കൂടി ഉള്‍ക്കൊ ള്ളത്തക്കവണ്ണം വളര്‍ച്ചയുള്ളതുമാണെന്ന് അറിയണം (2 കൊരി. 6:10, 4:8,9). ലോകം സന്തോഷം എന്നു പറയുന്നതു സങ്കുചിതമായ, വെള്ളം കടക്കാത്ത അറപോലെ (water tight compartment) അതില്‍തന്നെ പരിമിതപ്പെട്ട കേവലം ഒരു വികാരത്തെയാണ്. അനുതാപത്തിന്റെ ഒരു ലാഞ്ചനയോ കണ്ണീരിന്റെ ഒരംശമോ, അതിലേക്കു വന്നാല്‍ ലോകത്തിന്റെ സന്തോഷം ബാഷ്പീകരിക്കപ്പെട്ടു പോകും. ഇതില്‍ നിന്നു വ്യത്യസ്തമായി ഒട്ടേറെ മാനങ്ങളുള്ളതാണു ക്രിസ്തീയ സന്തോഷം.

ഇതെന്താണെന്നു ലളിതമായി വിശദീകരിക്കുന്ന ഒരു ഭാഗം യിസ്രായേല്‍ മക്കളുടെ ചരിത്രത്തില്‍ നിന്നു കാണുക: ”അനന്തരം അവന്‍ അവരോട് നിങ്ങള്‍ ചെന്നു മൃഷ്ടാന്നഭോജനവും മധുര പാനീയവും കഴിച്ചു തങ്ങള്‍ക്കായി വട്ടംകൂട്ടീട്ടില്ലാത്തവര്‍ക്കു പകര്‍ച്ച കൊടുത്തയപ്പിന്‍, ഈ ദിവസം നമ്മുടെ കര്‍ത്താവിനു വിശുദ്ധമാകുന്നു. നിങ്ങള്‍ ദുഃഖിക്കരുത്. യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു” (നെഹമ്യാവ് 8:10). എസ്രാ ശാസ്ത്രിയും നെഹമ്യാവും മറ്റും യിസ്രായേല്‍ മക്കളെ ന്യായപ്രമാണ പുസ്തകം വായിച്ചു കേള്‍പ്പിക്കുകയും ലേവ്യര്‍ അതിന്റെ പൊരുള്‍ തിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണു രംഗം. ന്യായപ്രമാണ വാക്യങ്ങളെ കേട്ടപ്പോള്‍ ജനമെല്ലാം കരഞ്ഞുപോയി. അനുതാപ ത്തോടെ കരഞ്ഞ ജനത്തെ എസ്രായും നെഹമ്യാവും ആശ്വസിപ്പിച്ചു. തുടര്‍ന്നു അവര്‍ ആവശ്യപ്പെട്ടതുപോലെ ജനം ഭക്ഷിക്കുകയും കുടിക്കുകയും തങ്ങള്‍ക്കായി വട്ടം കൂട്ടീട്ടില്ലാത്തവര്‍ക്കു പകര്‍ച്ച കൊടുത്തയയ്ക്കുകയും അത്യന്തം സന്തോഷിക്കുകയും ചെയ്തു (8:12). ഇതിനെ ‘യഹോവയിങ്കലെ സന്തോഷം‘ എന്ന് എസ്രയും നെഹമ്യാവും വിശേഷിപ്പിച്ചു. തുടര്‍ന്നു ന്യായപ്രമാണ പുസ്തകത്തില്‍ കണ്ടതു പോലെ ഏകദേശം 900 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി അക്ഷ രാര്‍ത്ഥത്തില്‍ തന്നെ അവര്‍ കൂടാരങ്ങള്‍ ഉണ്ടാക്കി അതില്‍ പാര്‍ത്തു കൊണ്ട് കൂടാരപ്പെരുന്നാള്‍ ആചരിച്ചു: ‘നൂന്റെ മകനായ യോശുവയുടെ കാലം മുതല്‍ അന്നുവരെ യിസ്രായേല്‍ മക്കള്‍ അങ്ങനെ ചെയ്യാതിരു ന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി (8:17). യിസ്രായേല്‍ മക്കള്‍ ന്യായപ്രമാണത്തിലെ കല്പനകള്‍ അനുസരിക്കു കയും അനുതപിക്കുകയും കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്ത പ്പോള്‍ ഉള്ള സന്തോഷമാണു ‘യഹോവയിങ്കലെ സന്തോഷം.’ ദൈവത്തോടു നിരപ്പു പ്രാപിച്ചപ്പോള്‍ ദൈവത്തിനുണ്ടായ സന്തോഷത്തില്‍ (joy of the Lord) അവരും പങ്കാളികളാകുകയാണ്. രക്ഷയുടെ സന്തോഷം അവര്‍ കയ്യാളുകയാണ്. ദൈവത്തിലുള്ള സന്തോഷമാണിത്. എപ്പോഴും സന്തോഷിപ്പിന്‍ എന്നു പറയുന്നിടത്തു പൗലൊസും എടുത്തു പറയുന്നു – ‘കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍’ (rejoice in the Lord always-ഫിലി. 4:4). ക്രിസ്തീയ സന്തോഷം കര്‍ത്താവിലുള്ള സന്തോഷമാണ്. അതു സാഹചര്യ ത്തിലല്ല, മാറ്റമില്ലാത്ത കര്‍ത്താവിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതു അനുതാപത്തേയും കണ്ണുനീരിനേയും കൂടി ഉള്‍ക്കൊള്ളുന്ന താണ്. വലിയവനായ ദൈവത്തിനുണ്ടാകുന്ന സന്തോഷത്തിലുള്ള പങ്കുപറ്റലാണ്. അതു നൈമിഷികമോ, അല്പായുസ്സോ അല്ല. അത് എപ്പോഴും (മഹംമ്യ)െ ഉള്ളതാണ്. ലോകം, സന്തോഷം എന്നു വിളിക്കുന്നതില്‍ നിന്ന് ഇതു കാതങ്ങള്‍ അകലെ നില്ക്കുന്നു. അനുതാപത്തിന്റെ താഴ്‌വരയില്‍ വിടരുന്ന യഥാര്‍ത്ഥ ക്രിസ്തീയ സന്തോഷത്തിന്റെ പൂക്കളും ലോകസന്തോഷത്തിന്റെ കൃത്രിമ പ്ലാസ്റ്റിക് പൂക്കളും തമ്മില്‍ എന്തു താരതമ്യം?

മറ്റു ചില വാക്യങ്ങള്‍ക്കൂടി നോക്കുക: ‘ദൈവം തന്റെ ജനത്തില്‍ അത്യന്തം സന്തോഷിക്കുകയും അവിടുന്നു സ്‌നേഹത്തില്‍ അവരുടെ നന്മയ്ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമാണ്’ എന്നു പറയുന്നിടത്തും (സെഫന്യാവ് 3:17) അതിന്റെ പശ്ചാത്തലം നോക്കുക: ‘അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേ നിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കിക്കളയും… താഴ്മയും ദാരിദ്ര്യവും ഉള്ളൊരു ജനത്തെ ശേഷിപ്പിക്കും. അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും. യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കുകയില്ല. ഭോഷ്‌ക്കു പറകയുമില്ല. ചതിവുള്ള നാവ് അവരുടെ വായില്‍ ഉണ്ടാകയില്ല’ (3:11-13). ഈ അനുഭവം ഉള്ളവരിലാണ് ദൈവം അത്യന്തം സന്തോഷിക്കുന്നത്. ദാവീദിന്റെ അനുതാപ സങ്കീര്‍ത്തനത്തിലും പലവട്ടം സന്തോഷത്തെയും ഉല്ലാസത്തേയും സ്തുതിയേയും കുറിച്ചു പറഞ്ഞിട്ടുള്ളതു ശ്രദ്ധിക്കുക (51:8;12,15). എബ്രായര്‍ 1:9-ല്‍ ദൈവം എന്തുകൊണ്ടാണ് ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരി ക്കുന്നുവെന്നു പറഞ്ഞിരിക്കുന്നത്? ‘നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാലാണു നിന്റെ ദൈവം നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നത്’ എന്നാണു കാണുന്നത്.

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ‘എന്റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു’ (യോഹ. 15:11). പക്ഷേ അതിന്റെ തൊട്ടുമുകളിലത്തെ വചനം നോക്കുക: അവിടെ കല്പനകള്‍ അനുസരിക്കുന്നതിനെക്കുറിച്ചാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം പറഞ്ഞിരിക്കുന്നത്(15:10).
ചുരുക്കത്തില്‍ ദൈവം സന്തോഷത്തെ ഒറ്റയ്ക്കു നിര്‍ത്തുന്നില്ല. കല്പനകളുടെ അനുസരണത്തോടോ, അനുതാപത്തോടോ ചേര്‍ത്താ ണതിനെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്നു ക്രിസ്തീയലോകത്തു പലരും ‘ദൈവം യോജിപ്പിച്ചതിനെ വേര്‍പിരിച്ചിരിക്കുന്നു.’ പല ക്രിസ്തീയ മീറ്റിംഗുകളിലും ഇന്ന് അനുതാപത്തെക്കുറിച്ചോ അനുസരണത്തെക്കുറിച്ചോ ഒരുവാക്കും പറയാതെ കൂടിവന്ന ജനത്തിന്റെ മുന്‍പില്‍ നിത്യതയുടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സന്തോഷത്തിന്റെ കൃത്രിമപ്പൂക്കള്‍ വിരിയിച്ചെടു ക്കാനാണു ശ്രമിക്കുന്നത്! അങ്ങനെയുള്ളവര്‍ക്ക് ആത്മാവിലെ ദരിദ്രന്റെ ‘കര്‍ത്താവിലുള്ള സന്തോഷം’ മനസ്സിലാകാതെ പോകുന്നതില്‍ എന്താണത്ഭുതം?

ഇതേസമയം ‘യഹോവയിങ്കലെ സന്തോഷ’ത്തില്‍ നിന്നു ശ്രദ്ധ മാറിപ്പോയി ബലം ചോര്‍ന്നു പോകാതിരിക്കാന്‍ ആത്മാവില്‍ ദരിദ്രനായവന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വീടിന്റെ പടിവാതില്ക്കല്‍ കിടക്കുന്ന ദരിദ്രന്റെ നോട്ടം തന്നിലേക്കല്ല. അവന്റെ പ്രതീക്ഷയുടെ കണ്ണുകള്‍ എപ്പോഴും പൂമുഖത്തിരിക്കുന്ന ധനവാനിലേക്കാണ്. അതുപോലെ നമ്മിലേക്കു നോക്കാതെ ദൈവത്തിലേക്കു മാത്രം നോക്കുക. ഇടയ്ക്കു നമ്മിലേക്കു നോട്ടം മാറ്റിയാല്‍ നിരാശയിലും കുറ്റബോധത്തിലും വിഷാദത്തിലും വീണുപോകാം. സങ്കീര്‍ത്തനക്കാ രന്റെ കണ്ണ് സദാസഹായം വരുന്ന പര്‍വ്വതത്തിലേക്കും (സങ്കീ. 121:1). സ്വര്‍ഗത്തില്‍ വസിക്കുന്നവനിലേക്കുമാണ് (123:1). നമ്മുടെ നോട്ടം എങ്ങോട്ടാണ്? യേശുവില്‍നിന്നു നോട്ടം മാറിപ്പോയതിനാല്‍ മുങ്ങിത്തുടങ്ങിയ പത്രൊസ് (മത്താ. 14:28-32) നമുക്കൊരു മുന്നറിയിപ്പാണ്.

യേശുവില്‍ നിന്നു നോട്ടം മാറിപ്പോയാല്‍ നമ്മുടെ സ്വസ്ഥത നഷ്ടമാകും. യേശുവിലാണു സ്വസ്ഥത – ആശ്വാസം – ഉള്ളത് (മത്താ. 11:28). എന്നാല്‍ ആ സ്വസ്ഥത നാം തന്നെ കണ്ടെത്തണം (11:29). മരുഭൂമിയില്‍ അലഞ്ഞു നടന്ന യിസ്രായേലിനെ കനാനിന്റെ സ്വസ്ഥതയിലേക്കു പ്രവേശിപ്പിച്ച യോശുവയില്‍ നിന്നാണല്ലോ കര്‍ത്താവിനു യേശു എന്ന പേര്‍ ലഭിച്ചത് (‘യോശുവ’ എന്ന എബ്രായ പദത്തിന്റെ ഗ്രീക്കു വാക്കാണ് യേശു). യോശുവയുടെ ശരിക്കുള്ള പേര് ‘ഹോശേയ’ എന്നായിരുന്നു (സംഖ്യ 13:8). എന്നാല്‍ മോശെ യാണു ഹോശേയെക്കു യോശുവ എന്നു പേരിട്ടത് (സംഖ്യ 13:16). യോശുവ എന്ന വാക്കിന്റെ അര്‍ത്ഥം ‘അവന്‍ രക്ഷിക്കും’ അല്ലെങ്കില്‍ ‘ദൈവത്തിന്റെ രക്ഷ’ എന്നാണ്. യോശുവ യിസ്രായേല്‍ മക്കളെ കനാന്‍ നാടിന്റെ സ്വസ്ഥതയിലേക്കു പ്രവേശിപ്പിച്ച് അവരെ രക്ഷിക്കും എന്നു പ്രവചനാത്മാവില്‍ തിരിച്ചറിഞ്ഞാണു മോശെ യോശുവയ്ക്ക് ആ പേരു നല്‍കിയത്. യോശുവയെപ്പോലെ യേശുവും നമ്മുടെ രക്ഷകന്‍ (മത്താ. 1:21) മാത്രമല്ല നമുക്കു സ്വസ്ഥത നല്‍കുന്നവനുമാണ് (എബ്രാ. 4:8-11). ഈ സ്വസ്ഥതയിലേക്കു പ്രവേശിക്കണമെന്നു നമ്മോട് ആവശ്യപ്പെട്ടിരി ക്കുന്നു (എബ്രാ. 3:15-19, 4-ാം അധ്യായം).

ബോധപൂര്‍വ്വമായ എല്ലാ പാപത്തിന്റെ മേലും ജയമുള്ള ഒരു ജീവിതമാണു സ്വസ്ഥതയുള്ള ജീവിതം. 1 യോഹന്നാന്‍ 3:2-ല്‍ പറഞ്ഞിരിക്കുന്നത് അവിടുന്നു പ്രത്യക്ഷനാകുമ്പോഴാണ് നാം അവനോടു പൂര്‍ണമായി സദൃശന്മാരാകുന്നത് എന്നാണ്. എന്നാല്‍ തൊട്ടടുത്ത വാക്യത്തില്‍ നാം വായിക്കുന്നത് ‘അവനില്‍ ഈ പ്രത്യാശയുള്ളവന്‍ അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോല ഇന്നു തന്നെത്തന്നെ നിര്‍മലീകരിക്കണം’ എന്നാണ്. 1 യോഹന്നാന്‍ 1:5-9 വാക്യങ്ങള്‍ ഇതിനോടു കൂട്ടി വായിക്കുമ്പോള്‍ നമുക്കു മനസ്സിലാ കുന്നത് ഇതാണ്: കര്‍ത്താവില്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ പാപം ഇല്ല (1 യോഹ. 1:5- അവനില്‍ ഇരുട്ട് ഒട്ടും ഇല്ല). നാം പൂര്‍ണമായും തന്നെപ്പോലെയാകുന്നത് അവിടുന്നു വീണ്ടും വരുമ്പോഴാണ്. ഇന്നു നാം ക്രിസ്തീയ ജീവിതത്തില്‍ വളരെ വര്‍ഷങ്ങള്‍ മുന്നോട്ടു പോയാലും ബോധപൂര്‍വമായ പാപങ്ങളുടെ മേല്‍ എല്ലാം ജയം നേടിയാലും നാം അവനെപ്പോലെ ആയിട്ടില്ല. കാരണം നമ്മില്‍ അബോധപൂര്‍വമായ പാപം അപ്പോഴും ഉണ്ട് (‘നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നു’ – 1 യോഹ. 1:8. തൊണ്ണൂറിലേറെ പ്രായമുള്ള 65 വര്‍ഷ ത്തോളം ക്രിസ്തീയ ജീവിതം നയിച്ച യോഹന്നാന്‍ അപ്പൊസ്തലന്‍ തന്നെ ഇവിടെ തന്നെക്കൂടി ഉള്‍പ്പെടുത്തി ‘നാം’ എന്നാണു പറയുന്നത് എന്നതു ശ്രദ്ധിക്കുക). എന്നാല്‍ നാം വെളിച്ചത്തില്‍ നടന്നാല്‍ നമുക്ക് അബോധപൂര്‍വമായ പാപങ്ങളെക്കുറിച്ചു ക്രമേണ വെളിച്ചം കിട്ടിക്കൊണ്ടിരിക്കുകയും യേശുവിന്റെ രക്തത്താലുള്ള കഴുകല്‍ പ്രാപിച്ച് അവയിലും ശുദ്ധീകരണം നേടാന്‍ കഴിയുകയും ചെയ്യും. ചുരുക്കത്തില്‍ ബോധപൂര്‍വമായ എല്ലാ പാപങ്ങളുടെമേലും ജയം പ്രാപിച്ച് വിജയകരമായ ഒരു ക്രിസ്തീയജീവിതം നയിക്കാന്‍ നമുക്കു കഴിയും. ഇതാണു സ്വസ്ഥത, ശബ്ബത്തനുഭവം. നാം ആ സ്വസ്ഥതയില്‍ പ്രവേശിക്കാന്‍ ഉത്സാഹിക്കണം (എബ്രാ. 4:11). ആത്മാവിലെ ദാരിദ്ര്യമാണ് ഇവിടെയും പ്രസക്തം. ഇവിടെയും കുറവിനെക്കുറിച്ചുള്ള ബോധ്യമാണ് ഒന്നാമതു വേണ്ടത്. ദൈവം കനാന്റെ അനുഭവം, സ്വസ്ഥത, ശബ്ബത്തനുഭവം എന്നൊരു ആത്മീയ നിലവാരം വച്ചിട്ടു ണ്ടെന്നു കണ്ട് സ്വന്തം ജീവിതത്തില്‍ അതു യാഥാര്‍ത്ഥ്യമായിട്ടില്ല എന്ന് അംഗീകരിക്കുന്നതാണത്. തുടര്‍ന്നു സ്വന്തം പ്രയത്‌നം കൊണ്ട് അതു നേടുവാന്‍ കഴിയുകയില്ല എന്നു സമ്മതിച്ച് വിശ്വാസത്തോടെ (എബ്രായ. 4:3) ദൈവത്തെ തന്നെ ശരണപ്പെടുക. കര്‍ത്താവുതന്നെ തുടര്‍ന്ന് നമ്മെ ആ സ്വസ്ഥതയിലേക്കു പ്രവേശിപ്പിക്കും. ഫലത്തില്‍ ആത്മാവിലെ ദാരിദ്ര്യം തന്നെയാണ് ബോധപൂര്‍വ്വമായ പാപങ്ങളുടെ മേല്‍ ജയമുള്ള വിജയകരമായ ജീവിതം എന്ന സ്വസ്ഥതയിലേക്കു പ്രവേശിക്കുന്നതിനും വേണ്ടത്.

അധ്യായം 7:
കൃപ, പരിശുദ്ധാത്മാവ്


‘ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും’ (യോഹ. 14:18).

ലോകത്ത് പൊതുവേ അര്‍ഹതയുടെ, കഴിവിന്റെ, മേന്മയുടെ അടിസ്ഥാനത്തിലാണ് അംഗീകരിക്കപ്പെടുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും നല്‍കപ്പെടുന്നതും. എന്നാല്‍ അര്‍ഹതയുടെയോ കഴിവിന്റെയോ മേന്മയുടെയോ അടിസ്ഥാനത്തിലല്ലാതെ നല്‍കപ്പെടുന്നത് ഒരാള്‍ക്കു മാത്രമാണ് – യാചകന്.

ആത്മാവില്‍ ദരിദ്രനെ സംബന്ധിച്ചും ഇതു ശരിയാണ്. അവനു ദൈവം നല്‍കുന്നത് അവന്റെ മേന്മ (merit) നോക്കിയിട്ടല്ല. അര്‍ഹതയൊന്നും ഇല്ലാഞ്ഞിട്ടും ആത്മാവിലെ ദരിദ്രന്‍ ദൈവത്തില്‍ നിന്നു ധാരാളം ഏറ്റുവാങ്ങുന്നു. ദൈവത്തിന്റെ കൃപയാണത്. ‘അര്‍ഹതയില്ലാത്തിടത്തു ചൊരിയപ്പെടുന്ന ദാന’മാണല്ലോ കൃപ. അര്‍ഹതയുള്ളവന് നല്‍കുന്നതു ‘കൂലി’യാണ്. ദാനം നല്‍കുന്നതു അര്‍ഹതയില്ലാത്തവനാണ്, യാചകനാണ്. ചുരുക്കത്തില്‍ ആത്മാവിലെ ദരിദ്രനു ദൈവം നല്‍കുന്നത് അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല, അര്‍ഹതയില്ലായ്മയുടെ അടിസ്ഥാനത്തിലാണ്. ‘അര്‍ഹതയില്ലായ്മയാണ് അവന്റെ അര്‍ഹത’ എന്നു പറയാം!

രക്ഷിക്കപ്പെടുന്നതു മുതല്‍ പാപത്തിന്റെ മേല്‍ ജയമുള്ള വിജയ കരമായ ജീവിതത്തിലെത്തുന്നതു വരെയുള്ള ഓരോ ചുവടിലും ആത്മാവിലെ ദാരിദ്ര്യം തന്നെയാണു പ്രസക്തമായുള്ളത് എന്നു നാം കണ്ടു. നാം രക്ഷിക്കപ്പെട്ടതു നമ്മുടെ അര്‍ഹതയുടെ അടിസ്ഥാനത്തി ലല്ല. ‘കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങള്‍ കാരണമല്ല. ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിക്കാന്‍ പ്രവൃത്തികളും കാരണമല്ല’ (എഫെ. 2:8). അപ്പോള്‍ രക്ഷിക്കപ്പെട്ടതു കൃപയാലാണ്. അതു ദാനമാണ്. പ്രവൃത്തികള്‍ കാരണമല്ല. രക്ഷ ദാനമാണ്, എന്നാല്‍ തുടര്‍ന്നുള്ള വളര്‍ച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണ് – ചിലര്‍ അങ്ങനെ പറയാറുണ്ട്.

എന്നാല്‍ നാം രക്ഷയിലേക്കു വന്നത് നീതികരിക്കപ്പെട്ടത് ഒരു നിമിഷം കൊണ്ടാണ്. നോഹയുടെ പെട്ടകത്തിലെന്നപോലെ നാം ഒരു നിമിഷംകൊണ്ടു രക്ഷയുടെ പേടകത്തിനുള്ളില്‍ കടന്നു. പിന്നില്‍ വാതിലടഞ്ഞു. നാം ഉള്ളിലാണ്. എന്നാല്‍ ഈ പെട്ടകത്തിന്റെ മുകള്‍ തട്ടിലെത്താന്‍ കുറച്ചു സമയം വേണ്ടി വന്നേക്കാം. വളര്‍ച്ച ക്രമേണയാണല്ലോ. അതേസമയം ഈ പെട്ടകത്തിന്റെ ഓരോ തട്ടിലേക്കുള്ള പ്രവേശനവും നമ്മുടെ അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല. ആത്മാവിലെ ദാരിദ്ര്യത്തോടെ ഓരോ തട്ടിലേക്കുള്ള പ്രവേശനകവാടത്തിലും നാം ജാഗരിച്ചു നില്ക്കുമ്പോള്‍ ദൈവം കൃപതോന്നി നമ്മെ മുകളിലെ നിലകളിലേക്കു കൊണ്ടുപോകുകയാണ്.

ഇവിടെ ഒരു ചോദ്യം വരാം. ദൈവത്തിന്റെ വിളിയോട് നാം ക്രിയാത്മകമായി പ്രതികരിച്ചതുകൊണ്ടല്ലേ ആത്മികവളര്‍ച്ചയും പുരോഗതിയും നമുക്കുണ്ടായത്? നാം നമ്മുടെ ഭാഗം നിര്‍വഹിക്കുകയും രക്ഷയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടല്ലേ പെട്ടകത്തിന്റെ മുകളിലത്തെ നിലകളിലെത്താന്‍ കഴിഞ്ഞത്. അപ്പോള്‍ നാം കൃത്യമായി നമ്മുടെ ഉത്തരവാദിത്തം നിറവേറ്റിയതില്‍ നമുക്കൊരു ചാരിതാര്‍ത്ഥ്യവും പ്രശംസയും ഇല്ലേ?

ഉവ്വ്, നാം സമയാസമയങ്ങളില്‍ ദൈവികവിളിയോട് ക്രിയാത്മ കമായി പ്രതികരിക്കുകയും നമ്മുടെ പങ്കു നിര്‍വഹിക്കുകയും ചെയ്തു വെന്നതു ശരിയാണ്. അങ്ങനെ നാം പ്രവര്‍ത്തിക്കുകയും വേണം. അതുകൊണ്ടാണു ‘രക്ഷയ്ക്കായി പ്രവര്‍ത്തിപ്പാനും’ (ഫിലി. 2:12) ‘മനസ്സു പുതുക്കി രൂപാന്തരപ്പെടുവാനും’ (റോമ. 12:2) എല്ലാം നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദൈവം പ്രവര്‍ത്തിച്ചതുമായി താരതമ്യം ചെയ്താല്‍ അത് എന്തുള്ളു? ലളിതമായ ഒരു ഉദാഹരണം ഇങ്ങനെ പറയാം: നാം വിശന്നു തളര്‍ന്നു പൊരിവെയിലില്‍ നടന്നു പോകുന്നു. ഒരാള്‍ നമ്മോടു ദയതോന്നി നമ്മെ വിളിക്കുന്നു. വിളികേട്ടു നാം തിരിഞ്ഞു നിന്നു. വിളിച്ച ആളിന്റെ അടുത്തേക്കു ചെന്നു. അദ്ദേഹം നമ്മെ തന്റെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി. അദ്ദേഹത്തിന്റെ പിറന്നാള്‍ ആയതുകൊണ്ട് ആ വീട്ടില്‍ അന്ന് ഒരു ഗംഭീരസദ്യ ഒരുക്കിയിട്ടുണ്ട്. നമുക്കും ആ സദ്യ വിളമ്പി. നാം മൃഷ്ടാന്നം ഭക്ഷിച്ചു. വിശ്രമിച്ചു. ഒടുവില്‍ സസന്തോഷം വീണ്ടും യാത്രയായി… ഈ സംഭവത്തിന്റെ ഓര്‍മകള്‍ നമ്മുടെ മനസ്സില്‍ പച്ചപിടിച്ചു നില്ക്കുകയാണ്. നാം പിന്നീട് ഒരാളോട് ഈ ഓര്‍മകള്‍ പങ്കിടുമ്പോള്‍ നാം എന്തായിരിക്കും പറയുക? ആ വീട്ടുകാരന്‍ നമ്മെ ഔദാര്യമായി സല്‍ക്കരിച്ചതാണോ പറയുക, അതോ നാം ചെയ്ത പ്രവൃത്തികളാണോ വിവരിക്കുക? ഇവിടെ നാമും ചില പ്രവൃത്തികള്‍ ചെയ്തില്ലേ? അദ്ദേഹം വിളിച്ചപ്പോള്‍ നാം അതിനോടു പ്രതികരിച്ചു. അദ്ദേഹത്തോടൊപ്പം വീട്ടിലേക്കു നടന്നു. അവിടെ നടക്കല്ലില്‍ നാം ചെരുപ്പ് അഴിച്ചുവച്ചു. കൈ കഴുകി. ഭക്ഷണം കഴിച്ചു… അങ്ങനെയങ്ങനെ. പക്ഷേ പിന്നീട് ഈ കാര്യങ്ങളെന്തെങ്കിലും നാം ഓര്‍ത്തിരിക്കുകയോ മറ്റൊരാളോടു പറയുകയോ ചെയ്യുമോ? ഇല്ല.

രക്ഷിക്കപ്പെട്ടപ്പോഴും നാം വിശ്വസിച്ച് സുവിശേഷ സന്ദേശത്തോടു ക്രിയാത്മകമായി പ്രതികരിക്കുകയും പ്രായോഗികമായ ചില ചുവടുകള്‍ വയ്ക്കുകയും ചെയ്തല്ലോ. എന്നാല്‍ ‘ഇതു കൃപയാണ്. നമ്മുടെ ഒരു പ്രവൃത്തികളും കാരണമല്ല. എല്ലാം ദൈവത്തിന്റെ ദാനമാണ്. ആരും പ്രശംസിക്കരുത്.’ – എന്നെല്ലാമാണു ദൈവവചനം അതിനെ വിലയിരുത്തുന്നത്. രക്ഷയില്‍ മാത്രമല്ല തുടര്‍ന്നു വളര്‍ച്ചയുടെ ഓരോ പടിയിലും ഇങ്ങനെ തന്നെയാണ്: ‘ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്’ (ഫിലി. 2:13). ‘അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്’ (റോമര്‍ 9:16).

വളര്‍ച്ച തീര്‍ച്ചയായും സമയം എടുക്കുന്ന ഒരു പ്രക്രിയയാണ് process). രക്ഷിക്കപ്പെട്ടപ്പോള്‍ നാം നമ്മുടെ പാപാവസ്ഥ കാണേണ്ടതു പോലെ കണ്ടു. സ്വന്തപ്രവൃത്തികള്‍ കൊണ്ടോ തീരുമാനങ്ങള്‍ കൊണ്ടോ ഇതില്‍ നിന്നു മോചനമില്ലെന്ന് അംഗീകരിച്ചു. തികഞ്ഞ നിസ്സഹായതയോടെ ദൈവത്തില്‍ ആശ്രയിച്ചു. ഫലം കരുണാസമ്പ ന്നനായ ദൈവം ഒരു നിമിഷംകൊണ്ട് നമ്മെ ന്യായവിധിയുടെ വെള്ളങ്ങള്‍ക്കപ്പുറത്തു രക്ഷയുടെ പെട്ടകത്തിലാക്കി. വളര്‍ച്ചയുടെ പടവുകളിലും ഇതു തന്നെയാണു സംഭവിക്കുന്നത്. ഗിരിപ്രഭാഷണത്തിന്റെ അന്തസ്സത്തയോടു കൂറു പുലര്‍ത്തണം, താഴ്മ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകണം, ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ പാലിക്കണം, പുത്രന്റെ സ്വരൂപത്തോട് അനുരൂപപ്പെടണം, ബോധപൂര്‍വ്വമായ പാപങ്ങളുടെ മേല്‍ ജയം നേടി വിജയകരമായ ജീവിതത്തിലേക്കു പ്രവേശിക്കണം എന്നിങ്ങനെ വളര്‍ച്ചയുടെ വിവിധ നിലവാരങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ മുന്‍പിലും വാസ്തവത്തില്‍ എങ്ങനെയാണു ജയം ലഭിക്കുന്നത്? ഒന്നാമത് ദൈവം വച്ചിരിക്കുന്ന നിലവാരം ഉന്നതമാണെന്നു മനസ്സിലാക്കുന്നു. നമ്മില്‍ നോക്കുമ്പോള്‍ അതിനു വേണ്ട വിഭവങ്ങള്‍ resources) ഇല്ലെന്നു കാണുന്നു. അത് അംഗീകരിച്ച് താഴ്മയോടെ, നിസ്സഹായതയോടെ, ദൈവത്തോടു യാചിക്കുന്നു. ദൈവം കൃപ നല്‍കി പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ അതിലേക്കു കൈപിടിച്ചു കയറ്റുന്നു. കണ്ടോ വളര്‍ച്ചയുടെ ഓരോ പടിയിലും ആത്മാവില്‍ ദാരിദ്ര്യത്തോടെ നില്ക്കുന്നവനെയാണു സര്‍വ്വകൃപാലുവായ ദൈവം സഹായിക്കുന്നത്.

ദൈവം, ത്രിത്വം മുഴുവന്‍, ആത്മാവില്‍ ദരിദ്രനായവനെ സഹായി ക്കാന്‍ കാത്തു നില്ക്കുന്നു എന്നു യേശു മൂന്ന് ഉപമകളിലൂടെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ലൂക്കൊസ് 15-ാം അധ്യായത്തിലാണ് നാം ആ മൂന്ന് ഉപമകളും കാണുന്നത്. ഇതില്‍ ധൂര്‍ത്തപുത്രന്‍ ഭവനത്തിലേക്കു മടങ്ങിവരുന്ന ഉപമയാണ് (15:11-32) വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇളയ മകന്റെ മടങ്ങിവരവിനായി അവിടെ പ്രതീക്ഷയോടെ കാത്തു നില്ക്കുന്ന പിതാവ് നമ്മുടെ സ്വര്‍ഗീയ പിതാവിനു നിഴലാണ്. കാണാതെ പോയ ആടിനെ തേടി പോയ ഇടയന്‍ (15:1-7) പുത്രനായ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. കാണാതെ പോയ ദ്രഹ്മ വിളക്കു കത്തിച്ചു വീടിനുള്ളില്‍ തിരയുന്ന സ്ത്രീ (15:8-10) പരിശുദ്ധാത്മാവിനു നിഴല്‍. പിതാവു കാത്തു നില്ക്കുന്നു. പുത്രന്‍ തേടിപ്പോകുന്നു. പരിശുദ്ധാത്മാവ് ഉള്ളില്‍ ദീപം തെളിയിച്ച് ആന്തരികമായ ഒരു പ്രവൃത്തി പൂര്‍ത്തിയാക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും – ത്രിത്വം മുഴുവന്‍- രക്ഷിക്ക പ്പെടുന്ന പാപിയെ, സ്വന്തം കുറവു കണ്ട് അനുതപിച്ച് അടുത്തു വരുന്ന ആത്മാവില്‍ ദരിദ്രനെ, പിന്തുണയ്ക്കാന്‍ തയ്യാര്‍.

ലൂക്കൊസ് 15-ാം അധ്യായത്തെ നഷ്ടങ്ങളുടെ അധ്യായമെന്നാണു സാധാരണ കരുതുന്നത്. ആടു നഷ്ടമാകുന്നു. ദ്രഹ്മ കാണാതെ പോകുന്നു. ഇളയപുത്രന്‍ വീടുവിട്ടു പോകുന്നു. എന്നാല്‍ വാസ്തവത്തില്‍ അതു നഷ്ടങ്ങളുടെ അധ്യായമല്ല. മറിച്ച് സന്തോഷങ്ങളുടെ അധ്യായമാണ്. ഇതിലെ ആദ്യ ഉപമയില്‍ ആടിനെ കണ്ടുകിട്ടിയ ഇടയന്‍ സന്തോഷിച്ചു (15:5). ആടിനെ കണ്ടു കിട്ടിയതുകൊണ്ട് തന്നോടുകൂടി സന്തോഷിപ്പിന്‍ എന്ന് അയല്ക്കാരോടും സ്‌നേഹിതരോടും ഇടയന്‍ പറയുന്നു (15:6). ഒടുവില്‍ ആ ഉപമ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ മാനസാന്തരപ്പെടുന്ന പാപിയെച്ചൊല്ലി ഇതുപോലെ സ്വര്‍ഗവും സന്തോഷിക്കും എന്നു പറഞ്ഞ് യേശുവും സന്തോഷത്തെക്കുറിച്ചു സൂചിപ്പിക്കുന്നു (15:7). രണ്ടാമത്തെ, ദ്രഹ്മയുടെ ഉപമയിലും അതു കണ്ടുകിട്ടിയപ്പോഴുള്ള സന്തോഷത്തെ പരാമര്‍ശിക്കാന്‍ മറക്കുന്നില്ല(15:9). വീണ്ടും മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും (15:10) എന്നു പറഞ്ഞാണ് യേശു ആ ഉപമയും അവസാനിപ്പിക്കുന്നത്. മൂന്നാമത്തെ, ധൂര്‍ത്തപുത്രന്റെ ഉപമയും ആനന്ദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളാല്‍ സമ്പന്നം (15:23, 24,29,32). ചുരുക്കത്തില്‍ ഇതു നഷ്ടത്തിന്റെയല്ല, സന്തോഷത്തിന്റെ അധ്യായമാണ്. സ്വര്‍ഗ്ഗത്തില്‍ അനുഭവപ്പെടുന്ന സന്തോഷത്തിന്റെ നേര്‍ചിത്രം. സ്വര്‍ഗ്ഗത്തിലെ ഈ സന്തോഷം രക്ഷിക്കപ്പെടുന്ന ഒരു പാപിയെച്ചൊല്ലിയുള്ള സന്തോഷത്തില്‍ ഒതുങ്ങി നില്ക്കുന്നില്ല.

‘സ്വര്‍ഗ്ഗം സന്തോഷിച്ച’തായി പുതിയ നിയമത്തില്‍ മൊത്തം മൂന്നു ഭാഗങ്ങളിലാണു രേഖപ്പെടുത്തിയിട്ടുള്ളത്. ‘മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും’ എന്ന് ഈ അധ്യായത്തില്‍ കാണുന്ന പരാമര്‍ശം (15:10) ഇതിലെ ആദ്യത്തേ താണ്. മറ്റു രണ്ടെണ്ണമുള്ളതു വെളിപ്പാടു പുസ്തകത്തിലാണ് – വെളിപ്പാട് 12:12; 19:7 എന്നിവിടങ്ങളില്‍. ഇതില്‍ വെളിപ്പാട് 12:12-ല്‍ ‘സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍’ എന്നു പറഞ്ഞിരിക്കുന്നത് സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിക്കളഞ്ഞതിനാലും വിശ്വാസികള്‍ കുഞ്ഞാടിന്റെ രക്തം, സാക്ഷ്യവചനം എന്നിവയാല്‍ അപവാദിയെ ജയിച്ച് മരണപര്യന്തം പ്രാണനെ സ്‌നേഹിക്കാതെ ജീവിച്ചതിനാലുമാണ്. രക്ഷിക്കപ്പെട്ട വിശ്വാസികള്‍ തുടര്‍ന്ന് പിശാചിനെ ജയിച്ച് ജയാളികളായി ജീവിക്കുന്നതാണ് ഇവിടെ സ്വര്‍ഗ്ഗം സന്തോഷിക്കുന്നതിന്റെ കാരണം. മൂന്നാമതു സ്വര്‍ഗ്ഗം സന്തോഷിക്കുന്നത് (വെളി. 19:7) കുഞ്ഞാടിന്റെ കല്യാണം വന്നു, കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു എന്നതുകൊണ്ടാണ്. സഭ (വിശ്വാസികള്‍) പൂര്‍ണമായി ഒരുങ്ങി കുഞ്ഞാടിന്റെ കല്യാണത്തിനു തയ്യാറാകുമ്പോഴും അവിടെ സന്തോഷമുണ്ട്. നോക്കുക: കേവലം മാനസാന്തരത്തില്‍ മാത്രമല്ല വിശ്വാസിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വര്‍ഗ്ഗം സന്തോഷിക്കുന്നുണ്ട്. എന്നാല്‍ വളര്‍ച്ച ആത്മാവിലെ ദാരിദ്ര്യത്തിന് അനുസൃതമായാണ്. വളര്‍ച്ചയുടെ ഓരോ പടവുകളിലും പ്രതീക്ഷയോടെ കാത്തുനില്ക്കുന്ന ആത്മാവില്‍ ദരിദ്രനു ത്രിയേക ദൈവം വിജയം ദാനമായി നല്‍കുന്നു. രക്ഷ മാത്രമല്ല വിജയകരമായ ജീവിതവും ദൈവത്തിന്റെ ദാനമാണ്.

നമ്മെ ഈ വിജയകരമായ ജീവിതത്തിലേക്കു നടത്താന്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും അവരവരുടേതായ പങ്കു നിര്‍വഹിക്കുന്നുണ്ട്. സല്‍ഗുണപൂര്‍ണതയിലേക്കു വരുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് (മത്തായി 5:48) പിതാവായ ദൈവം ധൂര്‍ത്ത പുത്രന്റെ ഉപമയിലെ പിതാവിനെപ്പോലെ കാത്തു നില്‍ക്കുന്നു. ഈ കാര്യത്തിനു പുത്രനായ ദൈവം നമുക്കു മാതൃകയും മുന്നോടിയുമാണ്. പരിശുദ്ധാത്മാവാകട്ടെ ഇതു നേടിയെടുക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്നു.

ഇതില്‍ പുത്രനായ യേശുക്രിസ്തു നമുക്ക് മാതൃകയാകുന്നതിനെ ക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കാം. യേശു ഭൂമിയില്‍ വന്നപ്പോഴും ദൈവമായിരുന്നെങ്കിലും നമുക്കു മാതൃകയാകാന്‍ വേണ്ടി അവിടുന്നു ദൈവത്വത്തിന്റെ അവകാശങ്ങള്‍ ഉരിഞ്ഞുവച്ചുവെന്നു ഫിലിപ്യര്‍ 2:5-8 വിശദമാക്കുന്നു. വിശപ്പ്, ദാഹം, ക്ഷീണം, ഉറക്കം, ചിലതിനെക്കു റിച്ചുള്ള അറിവില്ലായ്മ എന്നിങ്ങനെയുള്ള മാനുഷിക പരിമിതികള്‍ അവിടുന്നു സ്വീകരിച്ചു. ഒപ്പം പരീക്ഷിക്കപ്പെടാതിരിക്കാനുള്ള അവകാശവും (‘ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു’ – യാക്കോബ് 1:13; ‘പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി – മത്തായി 4:1 & ലൂക്കൊ. 4:1) അവിടുന്ന് ഉരിഞ്ഞുവച്ചു. ഭൂമിയിലെ ജീവിതകാലത്ത് അവിടുന്നു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു; എന്നാല്‍ പാപം ചെയ്തില്ല (എബ്രാ. 4:15). തുടര്‍ന്ന് എബ്രായ ലേഖനകാരന്‍ അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു: ‘ക്രിസ്തു തന്റെ ഐഹിക ജീവിതകാലത്തു മരണത്തില്‍ നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറെച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു’ (5:7). ഇവിടെ പറയുന്ന മരണം യേശു ക്രൂശില്‍ സഹിച്ച ശാരീരിക മരണമാണെന്നു പലരും കരുതുന്നു. ഗെത്‌സെമനെ തോട്ടത്തിലെ യേശുവിന്റെ നിലവിളി, ‘നീ എന്നെ കൈവിട്ടതെന്തെ’ന്ന ക്രൂശിലെ വിലാപം എന്നിവയൊക്കെയാണ് ഉറെച്ച നിലവിളിയും കണ്ണുനീരുമെന്ന് അവര്‍ ചിന്തിക്കുന്നു. പക്ഷേ ഈ വാക്യം സൂക്ഷിച്ചു വായിച്ചാല്‍ അങ്ങനെയല്ലെന്നു വ്യക്തമാക്കുന്ന രണ്ടു സൂചനകളെങ്കിലും നമുക്കു കാണാം. ഒന്ന്: തന്നെ മരണത്തില്‍ നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് (പിതാവിനോട്) അവിടുന്ന് അപേക്ഷയും അഭയയാചനയും കഴിച്ചതിന്റെ ഫലമായി ഉത്തരം ലഭിച്ചു എന്നാണവിടെ പറഞ്ഞിരിക്കുന്നത്. ഉത്തരം ലഭിച്ചെങ്കില്‍ യേശു ക്രൂശില്‍ മരിക്കരുതായിരുന്നു. പക്ഷേ മരിച്ചു. അങ്ങനെയെങ്കില്‍ അക്ഷരാര്‍ത്ഥത്തിലുള്ള ശാരീരിക മരണത്തില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയല്ല യേശു അപേക്ഷിച്ചതെന്നു വ്യക്തം.

രണ്ടാമത്തെ സൂചന: ‘ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത് (in the days of flesh)’ തന്നെ മരണത്തില്‍ നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് അപേക്ഷയും അഭയയാചനയും കഴിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ ഇതു കേവലം ക്രൂശിലെയോ ഗെത്‌സെമന തോട്ടത്തിലെയോ നിലവിളിയല്ല. തന്റെ ഐഹിക ജീവിതകാലത്ത് യേശു തനിയെ മലയിലും മറ്റും പോയിരുന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. ജീവിതത്തിലുടനീളം യേശു തുടര്‍ന്ന ഈ പ്രാര്‍ത്ഥനയെയല്ലേ ‘അപേക്ഷയും അഭയയാചനയും’ എന്നതു കൊണ്ട് അര്‍ത്ഥമാക്കിയത്? വാസ്തവത്തില്‍ യേശു എന്തിനാണു പ്രാര്‍ത്ഥിച്ചത്? യേശു ദൈവമായിരിക്കെ അവിടുത്തേക്ക് എങ്ങനെയാണ് പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞത്? യേശു ആരോടാണു പ്രാര്‍ത്ഥിച്ചത്? ഇതിനെല്ലാമുള്ള മറുപടി നമ്മള്‍ നേരത്തെ കണ്ട ഫിലിപ്യര്‍ 2:5-8-ല്‍ കാണാം. ‘അവിടുന്നു ദൈവമായിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി’ ദൈവത്വത്തിന്റെ അവകാശങ്ങള്‍ ഉരിഞ്ഞു വച്ചു ഭൂമിയില്‍ വന്ന യേശു പിതാവിന്റെ മുന്‍പാകെ ഒരു താണസ്ഥാനമാണ് ഇവിടെവച്ച് സ്വയം സ്വീകരിച്ചിരുന്നത് (യോഹന്നാന്‍ 4:34; 5:19, 30,36; 6:38; 8:28; 12:49; 17:4, 6-9 വായിക്കുക). അതുകൊണ്ട് പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. എന്തിനായിരുന്നു ഉറച്ച നിലവിളിയോടും കണ്ണുനീരോടുമുള്ള പ്രാര്‍ത്ഥന? മറുപടി: തന്നെ മരണത്തില്‍ നിന്നു രക്ഷിക്കുവാന്‍ വേണ്ടി. ഇതു ശാരീരിക മരണമായിരുന്നില്ലെന്നു നാം കണ്ടു. എങ്കില്‍, ആത്മിക മരണത്തിനെതിരെയായിരുന്നു താന്‍ പ്രാര്‍ത്ഥിച്ചത്. പാപത്തില്‍ വീഴാതെ (ഏതു പാപവും ദൈവേഷ്ടത്തില്‍ നിന്നുള്ള വീഴ്ചയാണ്) ആത്മിക മരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ കഴിയുന്നവനോട് അവിടുന്ന് അപേക്ഷയും അഭയ യാചനയും കഴിച്ചു. ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു. ദൈവത്വത്തിന്റെ യാതൊരു സാധ്യതകളും ഉപയോഗിക്കാതെ താന്‍ ആര്‍ക്കു മുന്നോടിയും മാതൃകയുമാകാന്‍ വന്നോ ആ മനുഷ്യരോട് താദാത്മ്യപ്പെട്ട് (ഉറെച്ച നിലവിളി, കണ്ണുനീര്, അപേക്ഷ, അഭയയാചന, ഭയഭക്തി) തന്നെ അവിടുന്ന് എല്ലാ പരീക്ഷകളിലും ജയാളിയായി. പാപത്തിന്റെ മേല്‍ പരിപൂര്‍ണ ജയമുള്ള ഒരു സമ്പൂര്‍ണ ജീവിതം കാഴ്ചവയ്ക്കുവാന്‍ അവിടുത്തേക്ക് കഴിഞ്ഞു. ഈ യേശുവാണു നമ്മുടെ മാതൃക. അവിടുത്തെ കാല്‍ച്ചുവടു പിന്‍പറ്റുവാനാണു നമ്മെ വിളിച്ചിരിക്കുന്നതെന്നു പത്രൊസ് ചൂണ്ടിക്കാട്ടുന്നു (1 പത്രൊ. 2:21-23).അധ്യായം

പത്രൊസ് തുടര്‍ന്ന് യേശു ജഡത്തില്‍ കഷ്ടം അനുഭവിച്ചതു കൊണ്ടാണു നമുക്കു മാതൃകയാകാന്‍ കഴിഞ്ഞതെന്നും നാം ആ ഭാവം തന്നെ ധരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ‘ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതുകൊണ്ട് നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിന്‍. ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കും കാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തി നത്രേ ജീവിക്കേണ്ടതിനു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു’ (1 പത്രൊ. 4:1,2). ഇവിടെ പറഞ്ഞിരിക്കുന്ന ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ക്കും, ശാരീരികമായി യേശു സഹിച്ച ക്ലേശങ്ങള്‍ക്ക് അപ്പുറമുള്ള ഒരു മാനമാണ് (dimension) ഉള്ളതെന്നു വ്യക്തം. ക്രിസ്തു ജഡത്തില്‍ പരീക്ഷിതനായി കഷ്ടം അനുഭവിച്ചു (എബ്രാ. 2:18). നാമും ആ ഭാവം തന്നെ ആയുധമായി ധരിക്കണം. അങ്ങനെ ജഡത്തില്‍ കഷ്ടം അനുഭവിച്ചാല്‍ പാപം വിട്ടൊഴിയാം. പാപത്തിന്റെ മേലുള്ള ജയമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അത് എങ്ങനെ നേടാം? സ്വന്ത ഇഷ്ടത്തെ പിതാവിന്റെ ഇഷ്ടത്തിനു മുന്‍പാകെ താഴ്ത്തിവച്ചാല്‍ പാപം വിട്ടൊഴിയാം (ഏതു പാപവും അതിന്റെ സൂക്ഷ്മ തലത്തില്‍ പിതാവിന്റെ ഇഷ്ടത്തിനെതിരെ സ്വന്ത ഇഷ്ടം ചെയ്യുന്നതാണല്ലോ). പക്ഷേ അങ്ങനെ സ്വന്ത ഇഷ്ടത്തെ നിഷേധിക്കുമ്പോള്‍ ജഡത്തില്‍ ഒരു കഷ്ടമാണുള്ളത്. യേശു ആ കഷ്ടം (കര്‍ത്താവിന്റെ ഉറെച്ച നിലവിളിയെയും കണ്ണുനീരിനെയും കുറിച്ചു നേരത്തെ പറഞ്ഞതും ഗെത്‌സെമനാ സംഭവവും ഓര്‍ക്കുക) അനുഭവിച്ചു. ആ ഭാവം തന്നെ നാമും ആയുധമായി ധരിച്ചാല്‍ പാപത്തിന്മേല്‍ ജയമുള്ള ഒരു ജീവിതം നമുക്കും നയിക്കാം. നോക്കുക: യേശു നമുക്കു മാതൃകയും ‘മുന്നോടിയും’ (ഈ ഓട്ടക്കളത്തില്‍ നമുക്കു മുന്‍പേ ഓടിയവന്‍) ആയിരുന്നു. അതുകൊണ്ടാണ് ‘എന്നെ അനുഗമിക്കുക’ എന്ന് അവിടുത്തേക്കു നമ്മെ സത്യസന്ധമായും ആഹ്വാനം ചെയ്യാന്‍ കഴിയുന്നത്. അവിടുത്തെ സ്വരൂപത്തോട് അനുരൂപരാകുവാനും ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ ഉള്ളവരായിരിക്കാനുമാണു നമ്മുടെ വിളി. ആത്മാവില്‍ ദരിദ്രര്‍ അതു നേടും.

അപ്പോള്‍ തന്നെ ഈ നേട്ടത്തിനു നമ്മെ സഹായിക്കുന്നതു ത്രിത്വത്തില്‍ മൂന്നാമനായ പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിനെ സഹായകന്‍ (helper) എന്നു യേശു പരിചയപ്പെടുത്തി (യോഹ. 16:7- ഞാന്‍ പോകാതിരുന്നാല്‍ ‘സഹായകന്‍’ നിങ്ങളുടെ അടുക്കല്‍ വരികയില്ല NASB). നമുക്കു ചിലതു സ്വയമേ ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണു സഹായകനെ ആവശ്യമായി വരുന്നത്. യേശുക്രിസ്തുവിന്റെ ജീവിത മാതൃക നമുക്കു മുന്‍പിലുണ്ട്. അവിടുന്നു നടന്നതുപോലെ നടക്കുവാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു (1യോഹ. 2:6). തീര്‍ച്ചയായും ഇതൊരു ഉയര്‍ന്ന നിലവാരമാണ്. പക്ഷേ ആ നിലവാരം കണ്ട് അതിനൊപ്പം എത്താന്‍ സ്വന്ത കഴിവുകൊണ്ടു തനിക്കു സാധ്യമല്ലെന്നു നിസ്സഹായതയോടെ ദൈവത്തോടു നിലവിളിക്കുന്ന ആത്മാവില്‍ ദരിദ്രനെ സഹായിക്കുവാന്‍ പരിശുദ്ധാത്മാവു സദാ തയ്യാറാണ്. അവനെ വിജയത്തിലേക്ക് ആ സഹായകന്‍ കൈപിടിച്ച് ആനയിക്കും. ഒരു ഉദാഹരണം നോക്കുക: മനുഷ്യബന്ധങ്ങള്‍ക്കിടയിലെ ഒരു പ്രശ്‌നം സഹജീവികളെ പ്രത്യേകിച്ച് നമ്മോടു നല്ലനിലയില്‍ പെരു മാറാത്തവരെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല എന്നതാണ്. എന്നാല്‍ ആ കുറവുകണ്ടു നാം ദൈവത്തോടു നിലവിളിച്ചാല്‍ പരിശുദ്ധാത്മാവു നമുക്കു സഹായത്തിനെത്തും. ദൈവത്തിന്റെ സ്‌നേഹം പരിശുദ്ധാ ത്മാവു നമ്മുടെ ഹൃദയങ്ങളില്‍ പകരും (റോമര്‍ 5:5). നമ്മുടെ കുറവു കളെ പരിഹരിക്കുവാന്‍, നമുക്കു കഴിയാത്തതു ചെയ്തുതരുവാന്‍ ശക്തനായ സഹായകനാണു പരിശുദ്ധാത്മാവ്. ചുരുക്കത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ – ത്രിത്വം മുഴുവന്‍- നമ്മെ വിജയത്തിലേക്കു നടത്തുവാന്‍ തല്പരരാണ് (യിരെമ്യ. 29:13,14; യെശ്ശ. 43:2-5). പക്ഷേ ഇതിനു നമ്മുടെ ഭാഗത്തു വേണ്ടത് ആത്മാവിലെ ദാരിദ്ര്യമാണ്. ആത്മാവിലെ ദാരിദ്ര്യത്തിന്റെ ഘടകങ്ങള്‍ വീണ്ടും പറയട്ടെ… ഒന്നാമതു ദൈവത്തിന്റെ ഉന്നത നിലവാരത്തെയും തന്റെ അപര്യാപ്തതയെയും കുറിച്ചുള്ള ബോധ്യം; അതു നല്‍കുന്ന നിസ്സഹായതയും നിലവിളിയും. ദൈവമല്ലാതെ മറ്റാരുമില്ലെന്ന ഏകാന്തത. ഇതിന്റെ ഫലമായി വിശ്വാസത്തിലും പ്രാര്‍ത്ഥനയിലുമുള്ള മുറുകെപ്പിടിത്തം- ഇതെല്ലാം ചേരുന്ന ഒരൊറ്റ പാക്കേജിനെയാണു യേശു ‘ആത്മാവിലെ ദാരിദ്ര്യം’ എന്ന പ്രയോഗത്തിലൂടെ ലക്ഷ്യമിട്ടത്. ആത്മാവിലെ ദാരിദ്ര്യത്തോടെ ആരു നിലവിളിക്കുമോ അവര്‍ക്കു കൃപ ലഭിക്കും; പരിശുദ്ധാത്മാവിന്റെ സഹായം ലഭ്യമാകും. വിജയകരമായ ജീവിതം അവര്‍ക്കുള്ളതാണ്. സംശയമില്ല.

അധ്യായം 8:
വളരെ വിളവ്


‘ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും. ചത്തു എങ്കിലോ വളരെ വിളവുണ്ടാകും’ (യോഹ. 12:24).

ആത്മാവിലെ ദാരിദ്ര്യം അതിന്റെ മുഴുവന്‍ അര്‍ത്ഥത്തിലും അറിയുന്ന ഒരുവന്‍ പുറംതോടു തകര്‍ന്നുപോയ ഒരു കോതമ്പുമണി പോലെയാണ്. ഇനി ജഡത്തില്‍ ഒരു ആശ്രയമില്ല (No confidence in flesh – ഫിലി. 3:3). നിലത്തു വീണു, ചത്തു. പക്ഷേ ഇതിന്റെ ക്രിയാത്മകമായ വശം ‘വളരെ വിളവുണ്ടാകും’ എന്നതാണ്. കോതമ്പുമണി നിലത്തുവീണു ചത്തില്ലെങ്കില്‍ തനിയെ (ഒറ്റയ്ക്ക്) ഇരിക്കും. ചത്താല്‍ ഒറ്റയ്ക്ക് ഇരിക്കാതെ ഇതേപോലെ തകര്‍ന്ന മറ്റു കോതമ്പുമണികളുമായി ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാകും. ഫലത്തില്‍ അതു നല്ല തോട്ടക്കാരനായ ദൈവത്തിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്ന സമൃദ്ധമായ വിളവായി മാറുകയും ചെയ്യും. പ്രായോഗിക തലത്തില്‍ സഭയുടെ ഒരു ചിത്രമാണിത്.

ആത്മാവിലെ ദാരിദ്ര്യത്തെക്കുറിച്ചു കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞതിനു തൊട്ടടുത്ത വാക്യങ്ങള്‍ കൂടി നോക്കിയാല്‍ ഇതെങ്ങനെ യാണു തനിയെ ഇരിക്കാതെ കൂട്ടായ്മയും വിളവുമാകുന്നതെന്നു മനസ്സിലാകും.
”ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം
അവര്‍ക്കുള്ളത്.
ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് ആശ്വാസം ലഭിക്കും.
സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും.
നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു
തൃപ്തി വരും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍: അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍: അവര്‍ ദൈവത്തെ കാണും
സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ
പുത്രന്മാര്‍ എന്നു വിളിക്കപ്പെടും.
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത്.

എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിന്‍”(മത്തായി 5:3-12).

ഇതിലെ ഓരോ ഭാഗ്യവര്‍ണനയും ഇതില്‍ തന്നെ ഒരവസാനമല്ല. ഒന്ന് അടുത്തതിലേക്കു നയിക്കുന്നു. അത് അടുത്തതിലേക്ക്. അങ്ങനെയങ്ങനെ ചങ്ങലപോലെ. ഇതെല്ലാം ആരംഭിക്കുന്നത് ആത്മാവിലെ ദാരിദ്ര്യത്തിലാണ്. ആത്മാവില്‍ ദരിദ്രനായവന്‍ ദുഃഖിക്കുന്നവന്‍ (കരയുന്നവന്‍ – Those who morn) ആയിരിക്കും. തുടര്‍ന്ന് അതു തകര്‍ച്ചയിലേക്കും (Brokeness) തകര്‍ച്ചയുടെ ഫലമായ സൗമ്യതയിലേക്കും നയിക്കുന്നു. ഇതെല്ലാം ദൈവികനീതി തങ്ങളുടെ ജീവിതത്തില്‍ പൂര്‍ണമായി നിറവേറാനുള്ള വലിയ വിശപ്പും ദാഹവും അവര്‍ക്കു സമ്മാനിക്കും. ചുരുക്കത്തില്‍ അവരുടെ കുറവിനെക്കുറിച്ചുള്ള ബോധ്യം, കരച്ചില്‍, തകര്‍ച്ച, ദൈവികനീതി സ്വന്തജീവിതത്തില്‍ നടപ്പാക്കണമെന്ന തീവ്രമായ വാഞ്ഛ എന്നിവയുടെ ഫലമായി ‘അവര്‍ക്കു തൃപ്തിവരും'(5:6). വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇത്രയുമാണ്.

അടുത്ത മൂന്നു ഭാഗ്യവര്‍ണ്ണനകള്‍ ആത്മാവിലെ ദരിദ്രനു സഹജീവികളോടുള്ള ബന്ധത്തെ കുറിക്കുന്നു. അതില്‍ ആദ്യത്തേത് ആത്മാവില്‍ ദാരിദ്ര്യമുള്ളവര്‍ക്കു മറ്റുള്ളവരോടു കരുണ ഉണ്ടായിരി ക്കും എന്നതാണ്. തുടര്‍ന്ന് അവര്‍ ഹൃദയശുദ്ധിയുള്ളവരായതുകൊണ്ട് മറ്റുള്ള എല്ലാവരിലും എല്ലാറ്റിലും ദൈവത്തെ കാണും. ഈ പട്ടികയില്‍ ഒടുവിലായി പറയുന്നത് അവര്‍ എല്ലാവരോടും സമാധാനം പാലിക്കുന്നവരായിരിക്കും എന്നാണ്. ഇതോടെ ഏഴു ഭാഗ്യവര്‍ണ്ണ നകളായി.

തുടര്‍ന്നുള്ള എട്ടും ഒന്‍പതും ഭാഗ്യവര്‍ണനകള്‍ ആത്മാവിലെ ദരിദ്രര്‍ക്കു പുറത്തു നിന്നു നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍, പീഡനങ്ങള്‍ എന്നിവ സംബന്ധിച്ചാണ്: ‘നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍,’ ‘എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.’

നോക്കുക: ആത്മാവില്‍ ദാരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്നു തുടങ്ങി മൊത്തം ഒന്‍പതു ഭാഗ്യവര്‍ണ്ണനകള്‍. ഇതില്‍ ആദ്യത്തെ നാലെണ്ണം വ്യക്തിപരമായ തലത്തില്‍. അടുത്ത മൂന്നെണ്ണം മറ്റുള്ള വരുമായുള്ള ബന്ധത്തെ കുറിക്കുന്നത്. ഒടുവില്‍ രണ്ടെണ്ണം പുറമേ നിന്നുള്ള ഉപദ്രവങ്ങള്‍ സംബന്ധിച്ചുള്ളവ. ഈ പുറത്തു നിന്നുള്ള രണ്ട് പീഡകളെയും ഒന്നായി കണ്ടാല്‍ മൊത്തം എട്ടു ഭാഗ്യവര്‍ണന കള്‍ (അഷ്ടഭാഗ്യങ്ങള്‍) ആണുള്ളത്. ഇതിനെ നമുക്ക് ഇങ്ങനെ കാണാം: ആത്മാവിലെ ദരിദ്രന്‍ വ്യക്തിപരമായ തലത്തില്‍ ദൈവിക മായ അനുഗ്രഹങ്ങളെല്ലാം കയ്യാളി ഭാഗ്യവാനായി നില്ക്കുമ്പോള്‍ തന്നെ തനിയെ ഇരിക്കാതെ നിലത്തു വീണു ചത്ത കോതമ്പുമണിയെ പ്പോലെ മറ്റുള്ളവരുമായി നല്ല ബന്ധം സൂക്ഷിക്കും. സ്വാഭാവികമായും അവരില്‍ സമാനഹൃദയര്‍ തമ്മിലുള്ള ബന്ധം കൂട്ടായ്മ കെട്ടിപ്പടുക്കുവാ നിടയാകും. ഫലം വളരെ വിളവുണ്ടാകും. സഭയുടെ ചിത്രമാണിത്. അപ്പോള്‍ തന്നെ പുറത്തുനിന്ന് അവര്‍ക്ക് എതിര്‍പ്പും ഉണ്ടാകും.

പുതിയ നിയമത്തില്‍, പഴയനിയമത്തിലെപോലെ ഒറ്റയൊറ്റ വിശുദ്ധന്മാരിലൂടെയല്ല മറിച്ച് സഭയിലൂടെയാണു ദൈവത്തിന്റെ പ്രവൃത്തി. അതുകൊണ്ടു തന്നെ ആത്മാവില്‍ ദരിദ്രരായ ആളുകളുടെ കൂട്ടായ്മയാണ് സഭയെങ്കില്‍ ആ സഭ ദൈവിക ജീവനെ സമകാലിക സമൂഹത്തില്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കും. വളരെ വിളവുണ്ടാകു കയും ചെയ്യും.

ഇങ്ങനെയുള്ള സഭയില്‍ എല്ലാവരും ആത്മാവില്‍ ദരിദ്രരായിരി ക്കണമെന്നാണു ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ ആത്മാവിലെ ദാരിദ്ര്യമില്ലാതെ ചില നല്ല കാര്യങ്ങള്‍ വിശ്വസിക്കുകയും തങ്ങളില്‍ നിന്നു തന്നെ ഉത്ഭവിക്കുന്ന ചില നല്ല പ്രവൃത്തികള്‍ ഉണ്ടായിരിക്കു കയും ചെയ്യുന്ന ആളുകള്‍ സഭയില്‍ ഉണ്ടായിരിക്കുക എന്നതാണ് ഉള്ളില്‍ നിന്നു സഭയ്ക്കു വരാവുന്ന ഏറ്റവും വലിയ ഭീഷണി. ദൈവാലയത്തില്‍ ചെന്നവരെക്കുറിച്ച് ലൂക്കൊസ് 18:9-14-ല്‍ യേശു പറഞ്ഞ ഉപമയിലെ പരീശന്‍ ഇങ്ങനെയുള്ളവനായിരുന്നു. അവനെക്കുറിച്ച് ഉപമയുടെ തുടക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത് അവന്‍ ആത്മാവിലെ ദരിദ്രന്റെ സ്വഭാവത്തിനെതിരായി ‘തന്നില്‍ത്തന്നെ വിശ്വാസമുള്ളവനായിരുന്നു’ (confident in himself -18:9) എന്നാണ്. ഇതേസമയം ഈ ഉപമയിലെ ചുങ്കക്കാരനാകട്ടെ, സ്വയത്തില്‍ വിശ്വാസ മില്ലാതെ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും ധൈര്യമില്ലാതെ മാറത്തടിച്ചു ‘ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകണമേ’ എന്നു നിലവിളിക്കുകയാണ് (18:13). ആത്മാവിലെ ദരിദ്രന്റെ ശരിയായ പ്രാതിനിധ്യം വഹിക്കുന്നവനാണ് ഈ ചുങ്കക്കാരന്‍. പരീശന്‍ തന്നെ പരാമര്‍ശിച്ചു പറഞ്ഞ ‘ഈ ചുങ്കക്കാരനെപ്പോലെയൊ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു’ എന്ന കുറ്റപ്പെടുത്തലിനു ചെവി കൊടുക്കുകയോ അതിനു മറുപടി പറയുകയോ ചെയ്യുവാനും അവന്‍ തുനിയുന്നില്ല. ദൈവമുന്‍പാകെയാണവന്റെ ജീവിതം. ചുങ്കക്കാരന്‍ സ്വന്ത കുറവുകളെക്കുറിച്ചുള്ള ബോധ്യത്തില്‍ നിലവിളിക്കുകയും തകരുകയും ഒടുവില്‍ സ്വന്തജീവിതത്തില്‍ ദൈവിക നീതിക്കായി വിശന്നു ദാഹിക്കുകയും ചെയ്യുന്നു. ഫലം അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി (18:14).

ദൈവാലയത്തില്‍ (സഭയില്‍) എല്ലാവരും ഈ നിലയില്‍ ദൈവ മുന്‍പാകെ ജീവിക്കുന്നവരായിരിക്കണം. സഹവിശ്വാസികളുമായി താരതമ്യം ചെയ്ത് ‘ശേഷം മനുഷ്യരെപ്പോലെയല്ല ഞാന്‍’ എന്നു പ്രശംസിക്കുന്ന പരീശന്‍ സഭയില്‍ ഒരു നിഷേധ മാതൃകയാണ്. എന്നാല്‍ ഈ മനോഭാവത്തില്‍ നിന്നു മാറി പരീശന്‍ തന്റെ സ്വാഭാവിക ഗുണങ്ങള്‍ തന്റെ സ്വയത്തില്‍ നിന്നു തന്നെ ഉരുത്തിരിഞ്ഞതാണെന്നും അതിനു ദൈവമുന്‍പാകെ ഒരു വിലയുമില്ലെന്നും മനസ്സിലാക്കി തകര്‍ച്ചയോടെ ചുങ്കക്കാരനെപ്പോലെ ആത്മാവില്‍ ദരിദ്രനായി മാറി ദൈവാലയത്തില്‍ (സഭയില്‍) തന്നെ തുടരുകയാണു വേണ്ടത്. ഇതേസമയം ചുങ്കക്കാരനും തന്റെ ആത്മാവിലെ ദാരിദ്ര്യം കൈമോശം വരാതെ ഹൃദയകാഠിന്യത്തിനെതിരെ ജാഗ്രത പാലിച്ച് സഭയില്‍ നില്ക്കണം. അവിടെ ഇതേ ആത്മാവിലെ ദാരിദ്ര്യത്തോടെ അവനു വളര്‍ച്ചയുടെ പടവുകള്‍ പിന്നിടാമല്ലോ. ചുരുക്കത്തില്‍ ആത്മാവില്‍ ദരിദ്രരായവരുടെ കൂട്ടായ്മയായിരിക്കണം സഭ. ആത്മാവിലെ ദരിദ്രരുടെ ഈ സഭയില്‍ തീര്‍ച്ചയായും പാപത്തെ ഗൗരവമായി എടുക്കാത്ത വരോ, കൃപയെ ലൈസന്‍സാക്കുന്നവരോ (യൂദ 4) ഉണ്ടായിരിക്കുകയില്ല. സ്വയപ്രശംസക്കാരായ നിയമവാദികളോ (self righteous Pharisee), അനാവശ്യമായ കുറ്റബോധത്തിന്റെ പടുകുഴിയില്‍ നിന്നു കരകയറാനാവാത്ത അസന്തുഷ്ടരായ ആളുകളോ അവിടെ ഉണ്ടായി രിക്കരുത്. തങ്ങളെക്കുറിച്ചു സദാ ഒരു നിലവിളിയും ദൈവഹിത പ്രകാരമുള്ള ദുഃഖവും ഹൃദയത്തില്‍ സൂക്ഷിക്കുമ്പോഴും (2 കൊരി. 7:10,11) അവര്‍ കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുന്നവരായിരിക്കും (ഫിലി. 4:4). സ്വയത്തില്‍ ബലമില്ലാത്ത ഇവരുടെ നിരന്തര ആശ്രയം ദൈവത്തിന്റെ കൃപയിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലുമായിരിക്കും. ഇവര്‍ക്കു പരാതികളോ പരിഭവങ്ങളോ ഇല്ല. ‘ഞാനോ നീയോ വലിയവന്‍’ എന്ന മത്സരം ഇവര്‍ക്ക് അന്യമാണ്. ദൈവഹിതപ്രകാരമുള്ള വിശുദ്ധജീവിതം നയിക്കുമ്പോഴും ദൈവത്തിന്റെ ഹൃദയത്തെ യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പ്രതിഫലിപ്പിക്കുമ്പോഴും തങ്ങളായി എന്തെങ്കിലും ചെയ്തതിന്റെ പ്രശംസ അവര്‍ക്കുണ്ടായിരിക്കുകയില്ല. അവരുടെ സത്യസന്ധമായ, ഹൃദയപൂര്‍വമുള്ള ചോദ്യം ഇതായിരിക്കും: ”കര്‍ത്താവേ ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു? ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കുകയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു?” (മത്താ. 25:34-39 വായിക്കുക).

ഒരിക്കല്‍ കൈവരിച്ച ആത്മാവിലെ ദാരിദ്ര്യം നാളുകള്‍ കഴി ഞ്ഞാല്‍ കൈമോശം വരാമെന്നും ഓര്‍ക്കുക. എന്നാല്‍ ദൈവത്തിന്റെ കരങ്ങളില്‍ നുറുങ്ങി ആത്മാവിലെ ദാരിദ്ര്യത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കു വന്നവനു ചിലപ്പോള്‍ ഹൃദയകാഠിന്യം സംഭവിച്ച് ആ സ്പര്‍ശ്യത നഷ്ടപ്പെട്ടാലും ദൈവത്തിന്റെ നേരിയ ഇടപെടല്‍ കൊണ്ടുതന്നെ വീണ്ടും നുറുങ്ങി ആത്മാവില്‍ ദരിദ്രനായി നില്‍ക്കാന്‍ കഴിയും. ഒരിക്കല്‍ പൊട്ടിപ്പോയ ഒരു സ്ഫടിക ഗ്ലാസ്, ആ കഷണങ്ങള്‍ ചേര്‍ത്തു വച്ച് ക്രമീകരിച്ച് കാഴ്ചയില്‍ പഴയപടി ആക്കിയാലും ഒരു കരത്തിന്റെ നേരിയ സ്പര്‍ശം മതി അതു വീണ്ടും തകര്‍ന്നുവീഴാന്‍ എന്നു പറഞ്ഞതുപോലെയാണിതും. ഒരിക്കല്‍ യഥാര്‍ത്ഥ ആത്മാ വിലെ ദാരിദ്ര്യത്തിലേക്കു വന്നവനു പിന്നീടു ഹൃദയകാഠിന്യം വന്നാലും പഴയ തകര്‍ന്നും നുറുങ്ങിയുമുള്ള അവസ്ഥയിലേക്കും അതു നല്‍കുന്ന സൗരഭ്യത്തിലേക്കും വേഗത്തില്‍ വരാന്‍ കഴിയും.

ആത്മാവിലെ ദാരിദ്ര്യം നിലനിര്‍ത്താന്‍ എപ്പോഴും ചിന്തകളെ യാണു (മനസ്സിനെയാണ്) ശ്രദ്ധിക്കേണ്ടത്. ചിന്തയില്‍ എപ്പോഴും മോശെയെപ്പോലെ മുഖത്തെ പൊടിയില്‍ വച്ച് ദൈവത്തിന് ആരാധന നല്‍കുക. നാം ഒരു സാധാരണ സഹോദരന്‍ മാത്രമാണന്ന് എപ്പോഴും ഓര്‍ക്കുക (‘ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളു’- 1 കൊരിന്ത്യര്‍ 4:7). ദൈവത്തിനുവേണ്ടി നാം ചെയ്ത കാര്യങ്ങളെ ഓര്‍മയില്‍ താലോലിക്കാതെ ദൈവം നമുക്കായി ചെയ്ത കാര്യങ്ങളെ സ്മരിക്കുക. ദൈവിക വെളിച്ചത്തില്‍ നമ്മെത്തന്നെ കാണുക (ഗലാത്യര്‍ 6:4). നമ്മുടെ ആത്മീയതയെ ആരെങ്കിലും പ്രശംസിച്ചാല്‍ ഉടനെ നാം ആ മഹത്വത്തെ നിശ്ശബ്ദമായി ദൈവത്തിനു നല്‍കുക (നാം പരസ്യമായി ഉടനെ ആ പ്രശംസയെ നിരസിക്കുകയോ ദൈവത്തിനു പരസ്യമായി അതിനു മഹത്വം നല്‍കുകയോ ചെയ്താല്‍ അതും മനുഷ്യര്‍ നമ്മെ പ്രശംസിക്കാന്‍ മറ്റൊരു കാരണമാകും എന്നു മനസ്സിലാക്കി ഹൃദയത്തില്‍ രഹസ്യമായി അങ്ങനെ ചെയ്യുക). ആംപ്ലിഫൈഡ് ബൈബിളില്‍ മത്തായി 5:3-നു നല്‍കിയിരിക്കുന്ന വ്യാഖ്യാനംപോലെ (‘ആത്മാവിലെ ദാരിദ്ര്യം എന്നുവച്ചാല്‍ നിങ്ങളെത്തന്നെ നിസ്സാരമായി എണ്ണുന്നതും എപ്പോഴും ആത്മീയ ആവശ്യത്തെക്കുറിച്ചുള്ള വ്യക്തിപരമായ ബോധ്യത്തില്‍ കഴിയുന്നതുമാണ്’) നാം എപ്പോഴും ജീവിക്കുകയാണ് വേണ്ടത്.

പ്രാര്‍ത്ഥന, വിശ്വാസം എന്നിവയും ആത്മാവിലെ ദാരിദ്ര്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ആത്മാവില്‍ ദാരിദ്ര്യമുള്ളവനേ ദൈവേഷ്ടപ്രകാരം പ്രാര്‍ഥിക്കാന്‍ കഴിയൂ. പ്രാര്‍ഥന ദൈവത്തോടുള്ള നിലവിളിയും മല്പിടിത്തവുമാണ്. യാബോക്കു കടവില്‍ യാക്കോബിനുണ്ടായിരുന്നതെന്താണ്? അത് ആത്മാവിലെ ദാരിദ്ര്യം നല്‍കുന്ന നിസ്സഹായതയാണ്. ദൂതനോടുള്ള മല്പിടിത്തം കരഞ്ഞപേക്ഷിക്കുന്നതായിരുന്നല്ലോ (ഉല്പ. 32:24-28, ഹോശേയ 12:4). ‘അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല’ എന്ന വായ്ത്താരി നിസ്സഹായത നല്‍കുന്ന കടുംപിടിത്തത്തിന്റേതാണ്. നിസ്സഹായനു മറ്റെന്താണു ചെയ്യാന്‍ കഴിയുക? ആത്മാവിലെ ദാരിദ്ര്യം (മത്തായി 5:3) നയിക്കുന്നത് നിലവിളിയിലേക്കാണല്ലോ (മത്തായി 5:4). അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥിക്കാത്തപ്പോള്‍ പോലും ആത്മാവിലെ ദരിദ്രന് എപ്പോഴും ദൈവമുന്‍പാകെ ഉണ്ടായിരിക്കുക പ്രാര്‍ഥനയുടെ ഈ മാനസിക നിലയാണ്. വിശ്വാസം എന്നു പറയുന്നതും നിസ്സഹായന്റെ ഊന്നുവടിയാണ്. ഒന്നും കാണുന്നില്ല. കാണാത്ത കാര്യങ്ങളില്‍ മുറുകെ പിടിക്കുന്നതാണ് വിശ്വാസം. ആത്മാവിലെ ദരിദ്രനു വിശ്വസിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാകും? ‘കര്‍ത്താവേ, നിന്നെ വിട്ടു ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും?’ എന്ന പത്രൊസിന്റെ നിസ്സഹായത (യോഹന്നാന്‍ 6:68,69) വിശ്വാസത്തിന്റെ മുറുകെപ്പിടിത്തമല്ലേ? വാസ്തവത്തില്‍ ആത്മാവിലെ ദരിദ്രനു മാത്രമേ യഥാര്‍ത്ഥത്തില്‍ അദൃശ്യദൈവത്തെ കണ്ട് (എബ്രായര്‍ 11:27) അവനെ മുറുകെപ്പിടിച്ചു നില്‍ക്കാന്‍ കഴിയൂ. അവനു പോകാന്‍ മറ്റൊരിടമില്ല.

അതുപോലെ ആത്മാവിലെ ദരിദ്രന്‍ ‘ഹൃദയപരിച്ഛേദന’യോടെ സഭയില്‍ തുടരുന്നവനായിരിക്കും. തങ്ങളുടെ ജഡത്തില്‍ ഒരു വിശ്വാസമോ ആശ്രയമോ ഇല്ലാത്തവരാണ് യഥാര്‍ത്ഥ പരിച്ഛേദനക്കാര്‍ എന്നാണു പൗലൊസിന്റെ അഭിപ്രായം (ഫിലി. 3:3). ബാഹ്യമായതല്ല ‘ഹൃദയ പരിച്ഛേദന’യാണ് ഇവര്‍ക്കുള്ളതെന്നും പൗലൊസ് ചൂണ്ടിക്കാട്ടുന്നുണ്ട് (റോമര്‍ 2:28,29). പഴയ നിയമത്തില്‍ തന്നെ ആന്തരികമായ ഹൃദയപരിച്ഛേദനയുടെ ആവശ്യകതയെക്കുറിച്ചു പറയുന്നുണ്ടല്ലോ (ആവര്‍. 30:6).

എന്നാല്‍ ബാഹ്യമായി പരിച്ഛേദന ഏല്‍ക്കാത്ത ഒരുവന്‍ പഴയ നിയമകാലഘട്ടത്തില്‍ യിസ്രായേലിന്റെ ഭാഗമല്ലായിരുന്നു. അങ്ങനെയുള്ളവരെ യിസ്രായേലില്‍ നിന്നു ഛേദിച്ചുകളയണമെന്നും ദൈവം കല്പന കൊടുക്കുന്നു (ഉല്‍പ. 17:14). ശാരീരിക പരിച്ഛേദനയില്ലാത്ത വനെ യിസ്രായേലില്‍നിന്നു ദൈവം മാറ്റിക്കളയുമെങ്കില്‍ ഹൃദയ പരിച്ഛേദനയില്ലാത്തവരെ (തങ്ങളില്‍തന്നെ വിശ്വാസവും ആശ്രയവും ഉള്ളവരെ) പുതിയനിയമ യിസ്രായേലായ ദൈവസഭയുടെ ഭാഗമായി ദൈവം കണക്കാക്കുമോ? അങ്ങനെയെങ്കില്‍ ഇതിന്റെ മറുപക്ഷത്ത് സ്വന്ത ജഡത്തില്‍ വിശ്വാസമോ ആശ്രയമോ ഇല്ലാത്ത ആത്മാവിലെ ദരിദ്രരുടെ കൂട്ടമായിരിക്കും ദൈവികദൃഷ്ടിയില്‍ ദൈവസഭ.

മത്തായി 5:3 മെസേജ് ബൈബിളില്‍ ഇങ്ങനെയാണ്: ‘നിങ്ങളുടെ തന്നെ കഴിവിന്റെ അവസാനത്തിലെത്തുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാനാണ്. നിങ്ങള്‍ തന്നെ കുറയുമ്പോള്‍ ദൈവവും ദൈവികഭരണവും നിങ്ങളില്‍ വര്‍ധിച്ചു വരും.’ ‘അവിടുത്തെ ഭരണത്തിന്റേയും സമാധാന ത്തിന്റേയും വര്‍ധനയ്ക്ക് ഒരവസാനവും ഉണ്ടാവുകയില്ല’ (യെശയ്യ. 9:7 ചഅടആ). അങ്ങനെയെങ്കില്‍ ഹൃദയത്തില്‍ ദൈവസാന്നിധ്യവും ദൈവിക ഭരണവും വര്‍ധിച്ചു വരുന്നു എന്നുള്ളതായിരിക്കും യഥാര്‍ത്ഥ ദൈവസഭയിലുള്ളവരുടെ തെറ്റിക്കൂടാത്ത ലക്ഷണം.

അവര്‍ക്ക് ദൈവത്തിന്റെ പടിവാതില്‍ക്കല്‍ എപ്പോഴും ജാഗരിച്ചു നില്‍ക്കാന്‍ ലജ്ജ ഉണ്ടായിരിക്കുകയില്ല. ഇംഗ്ലണ്ടിലെ എലിസബത്തു രാജ്ഞിയുടെ രാജസദസ്സിലെ സര്‍ വാള്‍ട്ടര്‍ റാലി എന്ന പ്രഭുവിനെക്കുറിച്ച് ഇപ്രകാരം ഒരു സംഭവം കേട്ടിട്ടുണ്ട്. അദ്ദേഹം രാജ്ഞിയെ എപ്പോള്‍ കണ്ടാലും തന്റെ ഏതെങ്കിലും ആവശ്യങ്ങള്‍ ചോദിക്കും, രാജ്ഞി അതു നല്‍കുകയും ചെയ്യും. എന്നാല്‍ ഒരു ദിവസം അദ്ദേഹം ഇങ്ങനെ എന്തോ ആവശ്യപ്പെട്ടപ്പോള്‍ രാജ്ഞി ചോദിച്ചു: ”എന്നാണു റാലി നിങ്ങള്‍ ഈ തെണ്ടല്‍ നിര്‍ത്തുന്നത്?” റാലിയുടെ മറുപടി ഇങ്ങനെ: ”രാജഭണ്ഡാരത്തില്‍ ഇല്ലാതെ വരികയോ രാജ്ഞിയുടെ ഔദാര്യം അതിന്റെ നെല്ലിപ്പലകയിലെത്തുകയോ ചെയ്യുന്നതുവരെ ഞാന്‍ ചോദിച്ചുകൊണ്ടിരിക്കും.” ദൈവത്തോടുള്ള ബന്ധത്തില്‍, സഭയിലെ ആത്മാവില്‍ ദരിദ്രന്റെ മനോഭാവവും ഇതായിരിക്കും. ‘ദൈവത്തില്‍നിന്നു ലഭിച്ചതല്ലാതെ തനിക്ക് ഒന്നുമില്ലെ’ന്ന് യഥാര്‍ത്ഥ ബോധ്യമുള്ള ഇവര്‍ തികഞ്ഞ താഴ്മയും സൗമ്യതയും ഉള്ളവരായി സഭയില്‍ തുടരും.

ഭൂതലത്തിലുള്ള സകലരിലും വച്ച് അതിസൗമ്യനായ മനുഷ്യന്‍ എന്നു ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നതു മോശെയെക്കുറിച്ചാണ് (സംഖ്യ 12:3). സൗമ്യത (meekness) എന്നു പറഞ്ഞാല്‍ വാസ്തവത്തില്‍ എന്താണ്? യേശു പറഞ്ഞത് താഴ്മയും (humility) സൗമ്യതയും (meekness) തന്നില്‍ നിന്നു പഠിക്കാനാണല്ലോ (മത്താ.11:29). ഒറ്റ കേള്‍വിയില്‍ താഴ്മയും സൗമ്യതയും ഒന്നു തന്നെയാണെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. താഴ്മ എന്നതു ഹൃദയത്തിന്റെ ഭാവമാണ്. ഈ താഴ്മ പെരുമാറ്റത്തില്‍ പ്രകടമാകുന്നതാണു സൗമ്യത. എതിര്‍പ്പുകളെ ചെറുത്തു നില്ക്കാതെ അതിനെ വിനയപൂര്‍വം സഹിക്കുന്ന പെരുമാറ്റം – അതാണു സൗമ്യത. പെരുമാറ്റത്തിലെ ഈ സൗമ്യത ഹൃദയത്തിലെ താഴ്മയില്‍ നിന്നായിരിക്കണം ഉത്ഭവിക്കേണ്ടത്. ഹൃദയത്തിലെ താഴ്മയ്ക്ക് ആനുപാതികമായിരിക്കും പെരുമാറ്റത്തിലെ സൗമ്യത. ക്രൂശീകരണ സമയത്തും മറ്റും തന്നോടു പരുഷമായി പെരുമാറിയവരോടു ചെറുത്തു നില്ക്കാതെ സൗമ്യമായി ഇടപെടാന്‍ യേശുവിനു കഴിഞ്ഞതു ഹൃദയത്തിലെ താഴ്മകൊണ്ടാണ്.

ഈ താഴ്മയും സൗമ്യതയും തകരപ്പെട്ട (Broken) ഒരുവനു മാത്രമേ കയ്യാളാന്‍ കഴിയൂ. മോശ നുറുങ്ങപ്പെട്ട ഒരുവനായിരുന്നു. പുറപ്പാട് 33:20-ല്‍ ദൈവം, തന്റെ തേജസ് പൂര്‍ണമായി ഒന്നു കാണിക്കണമെന്ന് ആവശ്യപ്പെട്ട മോശെയോട്, ഇങ്ങനെ പറയുന്നു: ”നിനക്ക് എന്റെ മുഖം കാണാന്‍ കഴിയുകയില്ല. ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.” ദൈവത്തെ മുഖാമുഖം കണ്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവഹാനി വരുമെന്നല്ല സ്വയബലം പൂര്‍ണമായി തകര്‍ന്നു പോകുമെന്നാണ് ഇതിന്റെ അര്‍ത്ഥം (ഉല്‍പ. 32:30-ല്‍ പെനിയേലിലെ യാക്കോബിന്റെ അനുഭവവും ‘സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ട’ യെശയ്യാവിന്റെ നിലവിളിയും -യെശയ്യ 6:5- ഇവിടെ ഓര്‍ക്കുക). എന്നാല്‍ മോശെ ദൈവത്തെ കണ്ടു (പുറ. 33:11, സംഖ്യ 12:8, ആവര്‍. 34:12). ഫലം മോശെ തകര്‍ന്നുപോയി. അങ്ങനെ നുറുങ്ങപ്പെട്ട മോശെ ഭൂതലത്തില്‍ അതി സൗമ്യനായതില്‍ എന്തത്ഭുതം? യേശുവും തന്റെ മനുഷ്യത്വത്തില്‍ തകരപ്പെട്ട ഒരുവനായിരുന്നു. ‘അവനെ തകര്‍ത്തു കളവാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നി’ എന്നു യെശയ്യാവ് പറയുന്നതു കേവലം ക്രൂശിലെ മരണത്തിനു മാത്രമല്ല പ്രസക്തം (53:10). ദൈവത്തിന്റെ മുഖത്തിനു മുന്‍പാകെയാണു യേശു ഇളയതൈപോലെ വളര്‍ന്നതെന്നും അതേ അധ്യായത്തില്‍ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക (53:2). പിതാവിന്റെ മുന്‍പാകെ ജീവിതകാലം മുഴുവന്‍ നിന്ന അവിടുന്നു തീര്‍ത്തും തകരപ്പെട്ട ഒരുവനായിരുന്നു. അതുകൊണ്ടുതന്നെ സൗമ്യതയും താഴ്മയും തന്നില്‍നിന്നു പഠിപ്പാന്‍ യേശുവിനു തികഞ്ഞ പ്രാഗത്ഭ്യത്തോടെ പറയാന്‍ കഴിഞ്ഞു. ആത്മാവിലെ ദരിദ്രരുടെ സഭയിലുള്ളവരും മോശെയെപ്പോലെ നുറുങ്ങപ്പെട്ടവരും സൗമ്യരും ആയിരിക്കും. താഴ്മയും സൗമ്യതയും യേശുവില്‍ നിന്നുതന്നെ പഠിക്കാന്‍ അവര്‍ ഉത്സുകരായിരിക്കും. ആത്മാവിലെ ദരിദ്രന്റെ സൗമ്യത (മത്തായി 5:5) കര്‍ത്താവുമായി അവനുണ്ടായ ‘മുഖാമുഖ’ത്തി ന്റെ ഭാഗമായി സംഭവിച്ച തകര്‍ച്ചയില്‍ (Brokenness) നിന്ന് ഉരുത്തിരി ഞ്ഞതായിരിക്കുമെന്നും ഓര്‍ക്കുക.

സ്വന്തം കുറവും അപര്യാപ്തതയും ഒരിക്കലായി കാണുന്നതു മാത്രമാണ് ‘ആത്മാവിലെ ദാരിദ്ര്യം’ എന്നാണു മത്തായി 5:3-12-ലെ ഭാഗ്യവര്‍ണന വായിച്ചു പോകുന്ന പലരും കരുതുന്നത്. എന്നാല്‍ ആത്മാവിലെ ദാരിദ്ര്യം ഒരിക്കലുള്ള അനുഭവത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ‘ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മുഴുവന്‍ ജീവിതവും അനുതാപത്തിന്റെ ജീവിതമാണ്’ എന്ന മാര്‍ട്ടിന്‍ ലൂഥറിന്റെ വാക്കുകള്‍ ഓര്‍ക്കുക. കുറവു കാണുന്നതു ആത്മാവില്‍ ദരിദ്രരായവരെ നിരന്തരം നിലവിളിയിലേക്കു നടത്തും (മത്താ. 5:4). അത് അവനെ തകര്‍ച്ച നല്‍കുന്ന സൗമതയില്‍ (5:5) സൂക്ഷിക്കും. കൂടാതെ ദൈവനീതി തന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറവേറാനുള്ള വിശപ്പും ദാഹവും (5:6) അവനു ലഭിക്കും. അപ്പോള്‍ ആര്‍ത്തിയുള്ളവനു തൃപ്തി വരുത്തുന്ന (സങ്കീ. 107:9) മുട്ടുന്നവനു തുറക്കുന്ന, യാചിക്കുന്നവനു നല്‍കുന്ന, അന്വേഷിക്കുന്നവനെ കണ്ടെത്താന്‍ സഹായിക്കുന്ന (മത്താ. 7:7) അവിടുന്ന് അവര്‍ക്കു കൃപ നല്‍കും. ദൈവത്തിനു തന്റെ സ്വഭാവം ത്യജിക്കാന്‍ കഴിയുകയില്ലല്ലോ. അങ്ങനെ ആത്മാവിലെ ദരിദ്രന്‍ ഭാഗ്യവാനായിത്തീരും. മാത്രമല്ല ക്രിസ്തീയ ജീവിതത്തിലെ പുരോഗതിയുടെ ഓരോ ഘട്ടത്തിലും ഈ ആത്മാവിലെ ദാരിദ്ര്യം പ്രസക്തമാണ്. രക്ഷ ദാനമായിരിക്കുന്നതു പോലെ ക്രിസ്തീയ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ പടവിലും ആത്മാവിലെ ദരിദ്രനെ ദൈവം സഹായിക്കും. മനുഷ്യര്‍ക്ക് സ്വയമായി അസാധ്യമായതു ദൈവത്തിനു സാധ്യമാണല്ലോ (മത്താ. 19:26). അങ്ങനെ അവിടുന്നു തന്നെ പരിശുദ്ധാത്മശക്തിയാല്‍ അവനെ ജയജീവിതത്തിലേക്കു നയിക്കും. ‘സകലവും അവനില്‍ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ’ (റോമ. 11:36). ഈ ബോധ്യം ഉള്ളതുകൊണ്ടാണു മഹാകഷ്ടങ്ങളിലൂടെ കടന്നു പോയവരും കുഞ്ഞാടിന്റെ രക്തത്തില്‍ അങ്കി അലക്കി വെളുപ്പിച്ച് തങ്ങളുടേതായ ഒരു പ്രവൃത്തി ചെയ്തവരുമെല്ലാം നിത്യതയില്‍, ‘എല്ലാം ദൈവത്തിന്റേയും കുഞ്ഞാടിന്റേയും ദാനം’ എന്ന് അത്യുച്ചത്തില്‍ ആര്‍ക്കുന്നത് (വെളിപ്പാ. 7:14,10). നിത്യതയില്‍ നമുക്കു ഭൂമിയില്‍ പിന്നിട്ട ജീവിതത്തെ തിരിഞ്ഞുനോക്കി ‘എല്ലാം അവിടുത്തെ കൃപ, അവിടുത്തെ ദാനം’ എന്നല്ലാതെ ഒന്നും പറയുവാനുണ്ടായിരിക്കുകയില്ല.

അതുപോലെ ആത്മാവില്‍ ദാരിദ്ര്യമുള്ളവര്‍ മറ്റുള്ളവരോടു കരുണ കാട്ടുന്നവരും എല്ലാവരിലും ദൈവാംശം കാണുന്നവരും എല്ലാവരോടും സമാധാനം പുലര്‍ത്തുന്നവരും (മത്തായി 5:7-9) ആയിരിക്കു മെന്നു നാം കണ്ടു. ആത്മാവിലെ ദരിദ്രര്‍ തങ്ങളുടെ തന്നെ കുറവുകളെ ക്കുറിച്ചു സദാ ബോധ്യമുള്ളവരാകയാല്‍ അവര്‍ക്കു മറ്റുള്ളവരെ ഉള്‍ക്കൊള്ളുവാനും അവരോടു കരുണ കാട്ടുവാനും വേഗത്തില്‍ കഴിയും. അതുകൊണ്ടു തന്നെ സഭയില്‍ അന്യോന്യമുള്ള കൂട്ടായ്മ താരതമ്യേന എളുപ്പമായിരിക്കും. ഫലത്തില്‍ വളരെ വിളവുണ്ടാകും.

തകര്‍ന്നവരും നുറുങ്ങിയവരുമായ ആത്മാവിലെ ദരിദ്രര്‍ക്കാണു തങ്ങളില്‍ തന്നെ തൃപ്തരായ ‘പൂര്‍ണരായ’ (!) ആളുകളെക്കാള്‍ പാവപ്പെട്ട മറ്റുള്ളവരെ ചേര്‍ത്തു പിടിക്കാനും അവരോടു കൂട്ടായ്മ പുലര്‍ത്തുവാനും കഴിയുക. ഇതു വ്യക്തമാക്കുന്ന ഒരു കഥ ഇങ്ങനെ: ഒരു കര്‍ഷകന്‍ നദിയില്‍ നിന്നു കുടങ്ങളില്‍ വെള്ളം നിറച്ച് അവ ഇരു കരങ്ങളിലും പിടിച്ച് തന്റെ കൃഷിയിടത്തിലേക്കു നടന്നു പോകുക പതിവായിരുന്നു. ഇതില്‍ വലത്തെ കയ്യില്‍ പിടിച്ചിരിക്കുന്ന കുടത്തിനു ചില പൊട്ടലുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കൃഷിസ്ഥലത്തെത്തുമ്പോഴേക്കും അതില്‍ പകുതി വെള്ളമേ കാണൂ. ബാക്കി വഴിയില്‍ ചോര്‍ന്നുപോകും. തന്റെ ദുരവസ്ഥയില്‍ ദുഃഖിതനായ ആ കുടം കര്‍ഷകനോട് ഇങ്ങനെ പറഞ്ഞു: ”യജമാനനേ, എനിക്ക് അവിടുത്തെ പ്രതീക്ഷപോലെ മുഴുവന്‍ ജലവും കൃഷിയിടത്തില്‍ എത്തിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് എന്നെ ഉപേക്ഷിച്ചേക്കൂ. പകരം അങ്ങയുടെ ഇടതുകൈയിലെ പൊട്ടലില്ലാത്ത കുടത്തെപ്പോലെ പൂര്‍ണതയുള്ള മറ്റൊരു കുടത്തില്‍ അവിടുന്നു വെള്ളം കൊണ്ടുപോയാലും. എന്നെ എറിഞ്ഞു കളഞ്ഞേക്കൂ.”

കര്‍ഷകന്റെ മറുപടി ഇങ്ങനെയായിരുന്നു: ”നിന്നെക്കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്നോ? നീ കണ്ണുതുറന്നു നമ്മള്‍ നടന്നു വരുന്ന വഴിത്താര ഒന്നു നോക്കൂ. നിന്നില്‍ നിന്നു തുള്ളിതുള്ളിയായി ജലം താഴെ വീണുകൊണ്ടിരുന്നതിനാല്‍ എന്റെ വലത്തു വശത്തു കണ്ടോ, ഒട്ടേറെ പുല്‍നാമ്പുകളും പച്ചച്ചെടികളും ഒരു വരിയായി വളര്‍ന്നു നില്ക്കുന്നു. നീ ദിവസവും വഴിയില്‍ വീഴ്ത്തിയ ജലമാണ് അവയെ വളര്‍ത്തിയത്. അതേസമയം എന്റെ ഇടത്തു ഭാഗത്തെ വഴിത്താരയില്‍ നോക്കൂ. ഒരു പുല്‍നാമ്പുപോലും മുളച്ചിട്ടില്ല.” നോക്കിയപ്പോള്‍ ശരിയാണ്. പൊട്ടലുള്ള കുടത്തില്‍ നിന്ന് ഊര്‍ന്നു പോയ കരുണയുടെ ജലം പുല്‍നാമ്പുകളെ വളര്‍ത്തി. പൂര്‍ണതയുള്ള, പൊട്ടലില്ലാത്ത കുടത്തിന് അതു കഴിഞ്ഞില്ല.

സഭയില്‍ മറ്റുള്ളരോടു കരുണ കാണിക്കാനും കുറവുകളുള്ള വരോടു കൂട്ടായ്മ പുലര്‍ത്താനും ഫലത്തില്‍ വളരെ വിളവുണ്ടാക്കാനും ആത്മാവിലെ ദരിദ്രനു മാത്രമേ കഴിയൂ. സീയോനിലെ ദുഃഖിതനായ അവനു തന്റെ കുറവുകളെക്കുറിച്ചു സദാ ബോധ്യമുണ്ട്. ദുഃഖിതനായ അവനു മറ്റുള്ളവരെ ചേര്‍ത്തുപിടിക്കാന്‍ എളുപ്പമാണ്. കാരണം അവന്‍ തന്നെ തകര്‍ന്നവനാണ്. യേശു പറഞ്ഞതും ഇതാണല്ലോ: ”കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കില്‍ അതു തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും” (യോഹ. 12:24).

സൗമ്യരും ഹൃദയകാഠിന്യത്തിനെതിരെ ജാഗ്രതയുള്ളവരും കരുണ യുള്ളവരുമായി ആത്മാവിലെ ദരിദ്രരുടെ ഒരു കൂട്ടം നില്ക്കുമ്പോള്‍ പിശാച് അവരെ ഉന്നം വയ്ക്കുമെന്നതിനു സംശയമില്ല. ഉള്ളില്‍ കടന്ന് അകത്തുനിന്നു സഭയെ മലിനപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ അവന്‍ പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ക്കു ശക്തി കൂട്ടും എന്നതില്‍ സംശയമില്ല. ‘നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെ ക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യും’ എന്നു യേശു മുന്നറിയിപ്പു നല്‍കിയിട്ടുണ്ടല്ലോ (മത്താ. 5:11,12; യോഹ. 16:33). യഥാര്‍ത്ഥ ദൈവഭക്തി ഉപദ്രവം ക്ഷണിച്ചു വരുത്തുമെന്നു പൗലൊസ് പറഞ്ഞതും ഓര്‍ക്കുക (2 തിമൊഥ. 3:12). എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്കു മുന്‍പില്‍ യേശുവിന്റെ മാതൃകയാണു നമുക്കു പിന്‍പറ്റുവാനുള്ളത്. ”തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും (not answered back- Living Bible) കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിക്കുകയത്രേ ചെയ്തത്.” ആരോപണങ്ങളുടെ മുന്‍പാകെ സ്വയം പ്രതിരോധിക്കാതെ നിശ്ശബ്ദത പാലിച്ചാല്‍ അവന്‍ ദുര്‍ബലനാണെന്നും ആരോപണങ്ങളെല്ലാം ശരിയാണെന്നുമാണ് ഇന്നു പൊതുസമൂഹം കരുതുക. എന്നാല്‍ ആത്മാവിലെ ദരിദ്രന്‍ മനുഷ്യരുടെ മുന്‍പാകെ തന്നെത്തന്നെ ന്യായീകരിക്കുകയില്ല. പകരം അവന്‍ നിശ്ശബ്ദമായി ‘ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിക്കും.’ എന്നാല്‍ ഇങ്ങനെയുള്ളവരെ ആത്യന്തികമായി ദൈവം തന്നെ സംരക്ഷിക്കുമെന്നും അവര്‍ക്കെതിരെയുള്ള ആയുധങ്ങള്‍ അവിടുന്നു നിഷ്ഫലമാക്കുമെന്നും ദൈവവചനം ഉറപ്പു നല്‍കുന്നു. ”നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ന്യായവിസ്താരത്തില്‍ നിനക്കു വിരോധമായി ഏഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും. യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല്‍ നിന്നുള്ള അവരുടെ നീതിയും ഇതു തന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു” (യെശ.54:17). ഇവരുടെ ന്യായവും നിഷ്‌കളങ്കതയും അര്‍ഹതയുമെല്ലാം ദൈവം തന്നെ തെളിയിക്കും (Their vindication is from me, declares the Lord -54:17 NASB). മാത്രമല്ല, ‘നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്… നിങ്ങള്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിന്‍’: യേശു ഉറപ്പു നല്‍കുന്നു (മത്താ. 5:10-12).

നോക്കുക: ആത്മാവിലെ ദരിദ്രന്റെ ഭാഗ്യാവസ്ഥകള്‍! സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം. മാത്രമല്ല ഇവിടെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിച്ച് നിശ്ശബ്ദമായിരിക്കുമ്പോള്‍ ദൈവസാമിപ്യവും ദൈവികചൈതന്യവും അവനു ഹൃദയത്തില്‍ അനുഭവവേദ്യമാകുന്നു! ആത്മാവില്‍ ദരിദ്രനു ഇതു സംബന്ധിച്ചു ദൈവം നല്‍കുന്ന ഉറപ്പ് ഇങ്ങനെ: ”ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു. :ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയമുള്ളവരോടു കൂടെയും വസിക്കുന്നു” (യെശയ്യാ. 57:15). പിതാവ് യേശുവിനെ അയച്ചിരിക്കുന്നതും ‘ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാര്‍ക്കു വെണ്ണീറിനു പകരം അലങ്കാര മാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനു’മാണല്ലോ (യെശയ്യാ. 61:3). ദൈവത്തിന്റെ ഹൃദയം പ്രമോദിക്കുന്നത് സീയോനിലെ ദുഃഖിതന്മാരായ ആത്മാവില്‍ ദരിദ്രരായവരിലാണ്. അവിടുന്ന് അവരില്‍ ആനന്ദിക്കുന്നു. അത്യന്തം സന്തോഷിക്കുന്നു: ”ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും. അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും… നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു. അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും. തന്റെ സ്‌നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു. ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും” (സെഫന്യാ. 3:12,17).

ആത്മാവിലെ ദരിദ്രര്‍ക്ക്, നമുക്ക്, ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്?.