മദ്യവും റസിഡന്റ് ബോസും

വാച്ച്മാൻ നീ

ചൈനയിൽ ഒരാൾ ക്രിസ്തുവിലേക്കു വന്നാൽ പരിശുദ്ധാമാവ് അവനിൽ അധിവസിച്ചുകൊണ്ട് ചെയ്യുന്ന ശുശ്രൂഷയെക്കുറിച്ചു ബോധവാനാക്കുവാൻ ഞങ്ങൾ വളരെ ശ്രദ്ധിക്കാറുണ്ട്. കാരണം ഈ പുതിയ വിശ്വാസിക്ക് ഉടനെ ഒരു സഹവിശ്വാസിയെ കണ്ടെത്തുവാൻ ബുദ്ധിമുട്ടുണ്ട്.

ഒരു വിദൂരഗ്രാമത്തിലുള്ള ഒരു കുടുംബത്തെ ഒരു വേനൽക്കാലത്തു ക്രിസ്തുവിങ്കലേക്ക് നയിക്കാൻ ഇടയായി. ഭർത്താവും ഭാര്യയും നല്ല രക്ഷാനുഭവം പ്രാപിച്ചു കഴിഞ്ഞു. ചില ദിവസങ്ങൾ അവരോടൊപ്പം താമസിച്ചശേഷം അവിടെനിന്നു തിരികെപ്പോന്നു. അവർക്കു കൂട്ടായ്മയ്ക്ക് സഹവിശ്വാസികൾ ഉണ്ടായിരുന്നില്ല. ശീതകാലത്ത് വീട്ടുടയവൻ മദ്യം കഴിക്കുന്ന ശീലക്കാരനായിരുന്നു. ശീതകാലം വന്നതനുസരിച്ച് മദ്യക്കുപ്പി തീൻമേശയിൽ സ്ഥാനം പിടിച്ചു. എന്നിട്ട് ആഹാരത്തിനായി സ്തോത്രം ചെയ്യാൻ നോക്കിയിട്ട് തീരെ കഴിയാത്ത സ്ഥിതിയായി. മദ്യപാനത്തെക്കുറിച്ച് ബൈബിൾ എന്തുപറയുന്നെന്നു പരിശോധിക്കാൻ തുടങ്ങി. പക്ഷേ അതിനു തക്ക വചനനിശ്ചയം ഉണ്ടായിരുന്നില്ല. വീണ്ടും സ്തോത്രം ചെയ്യാൻ തുനിഞ്ഞെങ്കിലും അതൊരു പാഴ് വേലയായിത്തീർന്നു. മദ്യക്കുപ്പി മാറ്റിയശേഷമാണ് ആഹാരത്തിനായി സ്തോത്രം ചെയ്യുവാനുള്ള പ്രാഗല്ഭ്യം ഉണ്ടായത്. വീണ്ടും ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ആ സഹോദരൻ ഈ സംഭവം എന്നോടു വിവരിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “ആ മദ്യം ഉപയോഗിക്കുവാൻ റസിഡന്റ് ബോസ് (വീട്ടുടയവൻ) എന്നെ അനുവദിച്ചില്ല.

ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു “നന്ന് സഹോദരാ, നി എപ്പോഴും ആ റസിഡന്റ് ബോസിന്റെ വാക്കുകൾ അനുസരിച്ച് ജീവിക്കുക

ക്രിസ്തു നമ്മുടെ ജീവനാണെന്നും പരിശുദ്ധാത്മാവു നമ്മുടെ ഹൃദയത്തിൽ വസിക്കുന്നെന്നും ഒട്ടുമിക്ക വിശ്വാസികളും വിശ്വസിക്കുന്നുണ്ട്. പക്ഷേ അത് എത്രത്തോളം ഫലവത്താകുന്നുണ്ട്. നാം അവനെ ജീവനുള്ള വ്യക്തിയായി, നമ്മുടെ യജമാനനായി അറിയുന്നുണ്ടോ?