കാപ്പിയോ കപ്പോ പ്രധാനം?

തന്റെ പൂർവവിദ്യാർത്ഥികളെയെല്ലാം പ്രഫസർ ഒരു സായാഹ്നത്തിൽ വീട്ടിൽ കാപ്പികുടിക്കുവാനും സൗഹൃദം പങ്കിടുവാനുമായി ക്ഷണിച്ചു. വിദ്യാർത്ഥികളിൽ ചിലർ സമൂഹത്തിൽ ഉയർന്ന നിലയിൽ എത്തിയിരുന്നു. മറ്റു ചിലർ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ, ചുരുക്കം ചിലർ തീർത്തും പ്രതിഫലം കുറഞ്ഞ കൊച്ചു ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കിയിരുന്നവരായിരുന്നു.

പ്രഫസർ തന്റെ പൂർവവിദ്യാർത്ഥികൾക്കെല്ലാമായി പലതരത്തിലുള്ള കപ്പുകളിൽ കാപ്പി പകർന്നു മേശപ്പുറത്തുവച്ചു. ചില കപ്പുകൾ വില കൂടിയവ. മറ്റു ചിലത് ഇടത്തരം. വേറെ ചില കപ്പുകൾ വെറും സാധാരണം. വിദ്യാർത്ഥികൾ എല്ലാവരും ഓരോ കപ്പു കയ്യിലെടുത്തുകഴിഞ്ഞപ്പോൾ പ്രഫസർ അവരോടു സംസാരിക്കുവാൻ തുടങ്ങി.

“എല്ലാവരും ഒരു നിമിഷം ശ്രദ്ധിക്കണേ. ഇതാ ഞാൻ എല്ലാവർക്കും പലതരം കപ്പുകളിൽ കാപ്പി പകർന്നുവച്ചു. പലരും പലതരം കപ്പുകളാണെടുത്തൽ. ചിലത് വിലകൂടിയവ. ചിലത് ഇടത്തരം. മറ്റുചിലത് തീർത്തും സാധാരണം. പക്ഷെ ഞാൻ നിങ്ങളോടു ചോദിക്കട്ടെ-കാപ്പിയാണോ പ്രധാനം, കാപ്പി പകർന്നിരിക്കുന്ന കപ്പുകളാണോ പ്രധാനം?”

പൂർവവിദ്യാർത്ഥികൾ ഒരു നിമിഷം അതേക്കുറിച്ച് ആലോചിച്ചു. ഒടുവിൽ എല്ലാവരും പറഞ്ഞു: “കാപ്പിയാണു പ്രധാനം. കപ്പല്ല”.

“ശരി, നമ്മുടെ ജീവിതമാണു കാപ്പി. നമ്മുടെ തൊഴിൽ, പണം, സമൂഹത്തിലെ സ്ഥാനം എന്നിവ കപ്പുകളാണ്. കപ്പുകളല്ല പ്രധാനം കാപ്പിയാണെന്നു നിങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ നിങ്ങളുടെ ജോലി, സ്ഥാനമാനങ്ങൾ, പണം എന്നിവയെക്കാൾ പ്രധാനം നിങ്ങളുടെ ജീവിതമാണ്. എന്നാൽ പലരും തങ്ങളുടെ കപ്പുകളെ മറ്റുള്ളവരുടെ കപ്പുകളുമായി താരതമ്യം ചെയ്തു ദുഃഖിക്കുകയും അപകർഷതാബോധത്തിൽ കഴിയുകയും ചെയ്യുന്നു. സുഹൃത്തുക്കളേ, കപ്പുകളുടെ ഭംഗി നോക്കാതെ കാപ്പി ആസ്വദിക്കുക. നിങ്ങളിൽ പലരും നിങ്ങളുടെ കാപ്പി വേണ്ടതു പോലെ ആസ്വദിക്കുന്നില്ല. പകരം കപ്പിലല്ലേ നിങ്ങൾ ശ്രദ്ധിക്കുന്നത് സുഹൃത്തുക്കളേ, ലളിതമായി ജീവിക്കുക. ഉദാരമായി സ്നേഹിക്കുക, ദയയോടെ സംസാരിക്കുക, ബാക്കി ദൈവത്തിനു വിട്ടുകൊടുക്കുക. നിങ്ങളുടെ ജീവിതം ഒന്നുകിൽ പ്രകാശം പരത്തും അല്ലെങ്കിൽ ഒരു നിഴൽ വീഴ്ത്തും. ഇതിൽ ഏതു വേണമെന്നു തീരുമാനിക്കുന്നതു നിങ്ങൾ തന്നെയാണ്.

ആകട്ടെ. എല്ലാവരും കാപ്പികുടിക്കു പ്രഫസർ പറഞ്ഞവസാനിപ്പിച്ചു. “കാപ്പികുടിക്കുമ്പോൾ കപ്പിൽ ശ്രദ്ധിക്കാതെ, കാപ്പിയിൽ ഞങ്ങൾ ശ്രദ്ധിക്കാം സാർ” -കുട്ടച്ചിരിയോടെ വിദ്യാർത്ഥികളുടെ മറുപടി. നാം ഏതിലാണു ശ്രദ്ധിക്കുന്നത്? (മത്തായി 6:25-34)