സാക് പുന്നന്‍
ക്രിസ്തുവിൻ്റെ സംതുലിതമായ ഒരു ചിത്രം ലോകത്തിൻ്റെ മുമ്പിൽ പ്രദർശിപ്പിക്കുവാൻ ദൈവം നമ്മുടെ വ്യത്യസ്ത സ്വഭാവ ഗുണ വിശേഷങ്ങളെയും വരങ്ങളെയും ഉപയോഗിക്കുന്നു. നാം ഓരോരുത്തരും തനിയെ ഏറ്റവും നന്നായി ചെയ്താലും ക്രിസ്തുവിൻ്റെ വികൃതമായതും അസംതുലിതമായതുമായ ഒരു പ്രതിച്ഛായ മാത്രമെ നമുക്കു പ്രദർശിപ്പിക്കാനാവൂ. ഏതൊരു ഒറ്റയാൾ ശുശ്രൂഷയ്ക്കും അതിൽ തന്നെ, അസംതുലിത ക്രിസ്ത്യാനികളെ മാത്രമേ ഉണ്ടാക്കാൻ കഴിയൂ. ക്രിസ്തുവിൻ്റെ ശരീരത്തിൽ ഊന്നലുകളിലും, സ്വഭാവ ഗുണവിശേഷങ്ങളിലും വ്യത്യസ്തരായവർ ഉണ്ട് എന്നതിൽ നാം എത്ര നന്ദിയുള്ളവരായിരിക്കണം. ഉദാഹരണത്തിന്, ഒരേ കൂട്ടം വിശ്വാസികളോട് രണ്ട് സഹോദരന്മാർ ദൈവ വചനം ശുശ്രൂഷിക്കുകയും, അതിൽ ഒരാളുടെ ഊന്നൽ, “നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവരാണ് എന്ന് അത്ര വലിയ ഉറപ്പൊന്നും ഉണ്ടായിരിക്കരുത്, കാരണം നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരിക്കാം” എന്നും, എന്നാൽ മറ്റെ സഹോദരൻ്റെ ഊന്നൽ, “നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുള്ളവരായിരിക്കുക” എന്നും ആണെങ്കിൽ, ഉപരിതലത്തിൽ അവ പരസ്പര വിരുദ്ധമാണ് എന്നു തോന്നാം. എന്നാൽ രണ്ട് ഊന്നലുകളും ആവശ്യമാണ്- അതു കൊണ്ട് അവരുടെ ശുശ്രൂഷകൾ പരസ്പരപൂരകങ്ങളായിരിക്കാൻ കഴിയും.
ക്രിസ്തുവിൻ്റെ ശരീരത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന കാൽവനിസ്റ്റുകളും അർമേനിയനുകളും നമുക്കുണ്ടായിരിക്കാം, ഓരോരുത്തരും തങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട്- കാരണം രണ്ടു കാഴ്ചപ്പാടുകളും വേദപുസ്തകത്തിൽ ഉണ്ട്. ചാൾസ് സൈമൺ ഒരിക്കൽ പറഞ്ഞതുപോലെ, “സത്യം മധ്യത്തിലല്ല, ഒരു അറ്റത്തുമല്ല, എന്നാൽ രണ്ട് അറ്റങ്ങളിലുമായാണ്”. അതു കൊണ്ട് രണ്ട് അറ്റങ്ങളേയും പ്രദർശിപ്പിക്കുന്നവരെ നമുക്കാവശ്യമാണ്.
അപ്പോൾ വീണ്ടും, മുന്നേറുന്ന വ്യക്തിത്വങ്ങൾക്കും ലജ്ജാശീലമുള്ളവർക്കും ഒരുപോലെ അവിടെ ഇടമുണ്ട്. വ്യത്യസ്ത സ്വഭാവ ഗുണവിശേഷമുള്ളവർക്ക് പരസ്പര പൂരകങ്ങളാകാൻ കഴിയും. ചില ആളുകൾ കൂടുതൽ ജാഗ്രതയുള്ളവരായിരിക്കും. അവർ ദീർഘമായ ആലോചന കൂടാതെ ഒരു ചുവടു പോലും ഒരിക്കലും വയ്ക്കാതെ എല്ലാ അനുകൂല പ്രതികൂല വാദമുഖങ്ങളും തൂക്കി നോക്കിയിട്ട് മുന്നോട്ടു നീങ്ങണോ, വേണ്ടയോ എന്നു ദീർഘനേരം ചിന്തിക്കുന്നവരാണ്. മറ്റുള്ളവർ, അശ്രദ്ധമായി കൂടുതൽ സ്വാതന്ത്ര്യത്തോടെ അത്യുത്സാഹപൂർവ്വം മുന്നോട്ടു തള്ളിക്കയറുയുന്ന പ്രവണതയുള്ളവരാണ്, അനന്തരഫലങ്ങളെ കുറിച്ച് അവർ ആഴമായി ചിന്തിക്കുന്നില്ല, ഈ രണ്ടു കൂട്ടത്തിലുമുള്ള വ്യക്തിത്വങ്ങളും (വേറേ ചിലതും) ക്രിസ്തുവിൻ്റെ ശരീരത്തിൽ കാണപ്പെടുന്നതുകൊണ്ട് അവിടെ ഒരു സംതുലനാവസ്ഥ ഉണ്ട്. ശരീരത്തിൽ ശങ്കിച്ചു നിൽക്കുന്ന, ആഴമായി ചിന്തിക്കുന്ന വ്യക്തികൾ മാത്രമാണ് ഉള്ളതെങ്കിൽ പുരോഗതി വളരെ സാവധാനത്തിലായിരിക്കും. മറിച്ച്, എടുത്തു ചാട്ടക്കാരായ ഉത്സാഹഭരിതർ മാത്രമാണ് ശരീരത്തിലുള്ളതെങ്കിൽ അവിടെ വളരെയധികം പൂർത്തീകരിക്കപ്പെടാത്ത പദ്ധതികൾ ഉണ്ടായേക്കാം. ഓരോ പ്രകൃതി ഗുണത്തിനും അതിൻ്റേതായ ശക്തിയും ദൗർബല്യങ്ങളുമുണ്ട്. ക്രിസ്ത്യാനികളായി ഒരുമിച്ചു പ്രവർത്തിക്കുന്ന, വൈവിധ്യമാർന്ന സ്വഭാവഗുണ വിശേഷങ്ങളുള്ള വ്യത്യസ്തരായ ആളുകൾക്ക്, ക്രിസ്തുവിൻ്റെ കൂടുതൽ പൂർണ്ണതയുള്ളതും കൂടുതൽ കൃത്യതയുള്ളതുമായ ചിത്രം ലോകത്തിന് പ്രദർശിപ്പിക്കാൻ കഴിയും. അതുകൊണ്ട് ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള ഓരോരുത്തരേയും നമ്മെ പോലെ ആക്കി തീർക്കാൻ ശ്രമിച്ചു കൊണ്ട് നമ്മുടെ സമയം പാഴാക്കി കളയരുത്. ഓരോരുത്തനേയും അവനവൻ തന്നെ ആയിരിക്കുവാൻ അനുവദിക്കണം. നമ്മുടെ ശക്തി കൊണ്ട് മറ്റുള്ളവരുടെ ബലഹീനതകളെ എങ്ങനെ താങ്ങാൻ കഴിയും എന്ന കാര്യത്തിലായിരിക്കണം നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
പത്രൊസും യോഹന്നാനും (രണ്ടു സ്വഭാവഗുണ വിശേഷങ്ങൾ ഉള്ളവർ), ഒരുമിച്ച് പ്രവർത്തിച്ചതിലൂടെ, അവർ തനിയെ സ്വതന്ത്രരായി ചെയ്തിരുന്നെങ്കിൽ എക്കാലവും ഉണ്ടാകാമായിരുന്നതിനെക്കാൾ അധികം മഹത്വം ദൈവത്തിന് കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു. പൗലൊസും തിമൊഥെയൊസും- പ്രകൃതി ഗുണത്തിൽ അതിശയകരമാം വിധം വ്യത്യസ്തരായിരുന്നു- എന്നിട്ടും സുവിശേഷത്തിനു വേണ്ടി ഒരുമിച്ച് അധ്വാനിച്ച് ശക്തിയുള്ള ഒരു സംഘം രൂപപ്പെടുത്തുവാൻ അവർക്കു കഴിഞ്ഞു. സഭയിൽ അസാമാന്യ ബുദ്ധിശാലികളും സാധാരണമായ കഴിവുകൾ ഉള്ളവരുണ്ട്. സ്വാഭാവികമായി ദൈവത്തിൻ്റെ സത്യത്തെ കുറിച്ചുള്ള അവരുടെ അവതരണം വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ രണ്ടു വിഭാഗത്തിലുള്ളവർക്കും മറ്റെ കൂട്ടരെ പുച്ഛിക്കുവാനോ വിമർശിക്കുവാനോ കഴിയുകയില്ല. കാരണം രണ്ടു കൂട്ടരെയും ശരീരത്തിൽ ഒരു പോലെ ആവശ്യമുണ്ട്, ബുദ്ധിശാലികളും ബുദ്ധിഹീനരും ഉള്ള ലോകത്തിന് സുവിശേഷം നൽകുവാൻ അവിടുത്തെ വേലയ്ക്കു വേണ്ടി തത്വചിന്തകന്മാരെയും അതേപോലെ തന്നെ പത്രൊസിനെപ്പോലെ വിദ്യാഭ്യാസമില്ലാത്തവരേയും ആവശ്യമുണ്ട്. ഒരേ സുവാർത്ത പ്രസംഗിക്കുന്നതിൽ അവർക്ക് ഓരോരുത്തർക്കും വ്യത്യസ്ത ശൈലികൾ ഉണ്ട്. എന്നാൽ ഓരോരുത്തർക്കും ചെയ്യാൻ ഓരോ പ്രത്യേക ഭാഗമുണ്ട് തന്നെയുമല്ല അവരിൽ ആർക്കും ദൈവം മറ്റെയാളിൽ കൂടി ചെയ്ത പ്രവൃത്തി ചെയ്യാൻ കഴിയുകയുമില്ല.
മാനസാന്തരം ഒരാളുടെ ബൗദ്ധിക കഴിവുകളെ വ്യത്യാസപ്പെടുത്തുന്നില്ല. അവൻ്റെ സാമൂഹിക പദവിക്കു വ്യത്യാസം വരുത്താൻ അതു നിർബന്ധിക്കുന്നുമില്ല. ഇവിടെ ഈ ഭൂമിയിൽ സമൂഹത്തിൻ്റെ വ്യത്യസ്ത ഗുണമുള്ള പ്രകൃതത്തെ സുവിശേഷം ഉന്മൂലനം ചെയ്യുന്നില്ല, ക്രിസ്തുവിൽ സാമൂഹിക വ്യത്യാസങ്ങൾ അപ്രസക്തമാണെങ്കിലും. ഫിലേമൊനെ പോലെ ഒരു സമ്പന്നനെയും അതുപോലെ ഫിലേമൊൻ്റെ വീട്ടിലെ ഒരു വേലക്കാരനായിരുന്ന ഒനേസിമൊസിനെയും ദൈവത്തിനാവശ്യമുണ്ട്. അവരുടെ സാമൂഹ്യ നിലകളും ജീവിത നിലവാരങ്ങളും മാറ്റമില്ലാതെ തുടർന്നു, എന്നാൽ അവർ ഓരോരുത്തർക്കും മറ്റേയാൾക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത വ്യത്യസ്തമായ ഒരു സംഭാവന ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിൽ ഉണ്ട്; അങ്ങനെ അവർക്ക് ഒരുമിച്ച് സുവിശേഷത്തിനായി വേല ചെയ്യാൻ കഴിഞ്ഞു. ക്രിസ്തുവിൻ്റെ ശരീരം, കൃത്യമായി എല്ലാ വിധത്തിലും ഒരുപോലെയുള്ള ആളുകളെ കൊണ്ട് നിറങ്ങിരിക്കുന്നതായിരിക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല- ഒരു ഫാക്ടറിയിൽ നിന്നു പുറത്തു വരുന്ന മോട്ടോർ കാറുകൾ പോലെ. ഇല്ല. ശരീരത്തിൻ്റെ തനതായ ശുശ്രൂഷ, അതിലെ അംഗങ്ങളുടെ വൈവിധ്യത്തിൽ ആശ്രയിച്ചിരിക്കുന്നു. എല്ലാവരും ഒരുപോലെ ആയിരുന്നെങ്കിൽ അവിടെ മാന്ദ്യവും ആത്മീയ മരണവും ഉണ്ടാകുമായിരുന്നു.
നമുക്ക് തമ്മിൽ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ പോലും നമ്മുടെ കൂട്ടായ്മയുടെ ആഴം വർദ്ധിപ്പിക്കുന്നതിനും ആത്മീയ പക്വതയിലേക്കു നമ്മെ നയിക്കുന്നതിനുമായി ഉപയോഗിക്കുവാൻ ദൈവത്തിനു കഴിയും. സദൃശവാക്യങ്ങൾ 27:17(റ്റിഎൽബി) ഇങ്ങനെ പറയുന്നു “സൗഹൃദപരമായ ഒരു ചർച്ച ഒരു ഇരുമ്പു കഷണം മറ്റൊരു ഇരുമ്പു കഷണത്തിൽ അടിക്കുമ്പോൾ പാറുന്ന തീപ്പൊരി പോലെ പ്രചോദകമാണ്”. അവിടെ തീപ്പൊരി ഉണ്ടാകും എന്നാൽ ഈ മാർഗ്ഗത്തിലൂടെ രണ്ട് ഇരുമ്പു കഷണങ്ങളും മൂർച്ചയുള്ളതായി തീരുന്നു. ചിലപ്പോൾ ദൈവം വ്യത്യസ്ത പ്രകൃതി ഗുണങ്ങളുള്ള രണ്ടു പേരെ അവിടുത്തെ വേലയിൽ ആക്കുന്നു, അവർ ഒരുമിച്ച് അധ്വാനിക്കുമ്പോൾ, അവരുടെ ഇടയിൽ തീപ്പൊരികൾ പാറിയേക്കാം, എന്നാൽ അത് അവരെ മൂർച്ചയുള്ളതാക്കാനുള്ള ദൈവത്തിൻ്റെ മാർഗ്ഗം ആയിരിക്കാം. ഒരാൾ ഇരുമ്പു പോലെയും മറ്റെയാൾ കളിമണ്ണു പോലെയും ആണെങ്കിൽ, അവിടെ തീപ്പൊരി ഉണ്ടായിരിക്കുകയില്ല അതിനാൽ മൂർച്ചപ്പെടുത്തലും ഉണ്ടാകില്ല- അതിനു പകരം കളിമണ്ണിൽ ഇരുമ്പിൻ്റെ പാട് ഉണ്ടായിരിക്കും- ശക്തമായ ഇച്ഛാശക്തിയുള്ള ആളിൻ്റെ അഭിപ്രായം ബലഹീന ഇച്ഛാശക്തിയുള്ളവൻ്റെ മേൽ ബലമായി അടിച്ചേൽപ്പിക്കപ്പെടുന്നു. ഏതുവിധമായാലും ഒരാൾ തൻ്റെ കാഴ്ചപ്പാടുകൾ മറ്റവൻ്റെ മേൽ അടിച്ചേൽപ്പിക്കാനല്ല ദൈവത്തിൻ്റെ ഉദ്ദേശ്യം, എന്നാൽ അതിനപ്പുറം രണ്ടു പേരും അന്യോന്യം മറ്റെയാളിൽ നിന്നു പഠിക്കണമെന്നാണ്. നമുക്ക് വിയോജിക്കാം, എന്നാൽ അപ്പോഴും ഐക്യപ്പെട്ട് തമ്മിൽ തമ്മിൽ സ്നേഹിക്കാൻ കഴിയും- എന്നു മാത്രമല്ല മുമ്പിലത്തേതിനെക്കാൾ കൂടുതൽ ആഴമായി നമുക്ക് അന്യോന്യം സ്നേഹിക്കാൻ കഴിയും.