ക്രിസ്തുമസിനെയും ഈസ്റ്ററിനെ കുറിച്ചുള്ള സത്യം

സാക് പുന്നൻ

തിരുവചനത്തില്‍ മനുഷ്യരെ ആടുകളോട് തുലനം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യാതെ അതിന്റെ കൂട്ടത്തെ പിന്തുടരുവാനുള്ള ഒരു പ്രവണത ആടുകള്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാകാര്യങ്ങളും ദൈവവചന അടിസ്ഥാനത്തില്‍ പരിശോധിക്കുവാനാണ് യേശു വന്ന് നമ്മെ പഠിപ്പിച്ചത്. പരീശന്മാര്‍ മാനുഷിക പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. യേശു ദൈവവചനത്തെ ഉയര്‍ത്തി. മനുഷ്യര്‍ വായില്‍നിന്നും പുറപ്പെടുന്ന ഓരോ വചനത്താലും ജീവിക്കേണ്ടതാണ് (മത്താ 4.4).

യേശു പരീശന്മാരുമായി നിരന്തരമായി ഏര്‍പ്പെട്ടിരുന്ന പോരാട്ടം ദൈവവചനവും മാനുഷ സമ്പ്രദായങ്ങളും തമ്മില്‍ യുഗങ്ങളായി നടന്നുകൊണ്ടിരുന്ന പോരാട്ടം തന്നെയായിരുന്നു. സഭയില്‍ ഇന്ന് നാം അതേ പോരാട്ടത്തിലായിരിക്കുന്നു. ഈ ഭൂമിയില്‍ നമുക്കുള്ള ഏക വെളിച്ചം ദൈവവചനമാണ് . ആരംഭത്തില്‍ ദൈവം വെളിച്ചം സൃഷ്ടിച്ചപ്പോള്‍ ഉടന്‍തന്നെ അവിടുന്ന് വെളിച്ചത്തെ ഇരുളില്‍നിന്നും വേര്‍തിരിച്ചു. പാപവും അതുപോലെ മാനുഷ സമ്പ്രദായങ്ങളും ഇരുട്ടാണ്. സഭയില്‍ ഇവയുടെ ഒരു മിശ്രിതം ഉണ്ടാകാതിരിക്കേണ്ടതിന് ഇവ രണ്ടിനേയും നിര്‍മ്മല വചനത്തില്‍നിന്ന് വേര്‍തിരിക്കാന്‍ ആണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്.

ക്രിസ്തുമസ് യേശുക്രിസ്തുവിന്റെ ജന്മദിനം എന്ന നിലയില്‍ പലരും ആഘോഷിക്കുന്ന ക്രിസ്തുമസിന്റെ കാര്യം പരിഗണിക്കാം. എല്ലാ മതവിഭാഗങ്ങളിലുമുള്ള വ്യാപാരികള്‍ ആവേശപൂര്‍വ്വം ക്രിസ്തുമസ് കാത്തിരിക്കുകയാണ്. കാരണം അത് വളരെ അധികം വളരെയധികം ലാഭമുണ്ടാക്കാന്‍ പറ്റുന്ന ഒരു സമയമാണ്. അത് വാണിജ്യ സംബന്ധമായ ഒരു ഉത്സവമാണ്, അല്ലാതെ ആത്മീയമായ ഒന്നല്ല. ലക്ഷക്കണക്കിന് രൂപയാണ് ക്രിസ്തുമസ് കാര്‍ഡിനും സമ്മാനങ്ങള്‍ക്കുമായി ചിലവാക്കപ്പെടുന്നത്. മദ്യത്തിന്റെ വില്പനയും ഈ സമയത്ത് വളരെ ഉയര്‍ന്ന തോതില്‍ നടക്കുന്നു.

അപ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ ദൈവപുത്രന്റെ ജന്മദിനമാണോ അതോ ‘മറ്റൊരു യേശു’വിന്റെ ജന്മദിനമോ ?

ആദ്യമായി ദൈവവചനത്തില്‍ നോക്കാം. വേദപുസ്തകം നമ്മോട് പറയുന്നത് യേശു ബെത്ലഹേമില്‍ ജനിച്ച രാത്രിയില്‍ ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി യഹൂദയില്‍ വെളിമ്പ്രദേശത്ത് ആയിരുന്നു എന്നാണ് (ലൂക്കോസ് 2:7-14). പാലസ്തീനില്‍ ഉള്ള ഇടയന്മാര്‍ തങ്ങളുടെ ആടുകളെ ഒക്ടോബര്‍ മാസത്തിനുശേഷം ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ വെളിയില്‍ സൂക്ഷിക്കാറില്ല. ആ ദിവസങ്ങളില്‍ മഴയും അതിശൈത്യമുള്ള കാലാവസ്ഥ ആയതിനാല്‍. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ യേശു ജനിച്ചത് മാര്‍ച്ചിനും സെപ്റ്റംബനും ഇടയ്ക്കുള്ള ഏതെങ്കിലും സമയത്തായിരിക്കാം. അപ്പോള്‍ ഡിസംബര്‍ 25 എന്നത് ഒന്നും സംശയിക്കാത്ത ഒരു ക്രിസ്തീയ ഗോളത്തിന്മേല്‍ രക്ഷിക്കപ്പെടാത്ത മനുഷ്യരാല്‍ കൗശലപൂര്‍വ്വം കൂട്ടിച്ചേര്‍ക്കപ്പെട്ട ‘മറ്റൊരു യേശു’വിന്റെ ജന്മദിനമായിരിക്കണം. !

ഇനിയും, നമുക്ക് യേശുവിന്റെ കൃത്യമായ ജന്മദിനം അറിയാമെങ്കില്‍ത്തന്നെ സഭ അത് ആഘോഷിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നതാണ് പിന്നത്തെ ചോദ്യം. യേശുവിന്റെ അമ്മ മറിയക്ക് യേശുവിന്റെ കൃത്യമായ ജന്മദിനം അറിയാമായിരുന്നിരിക്കണം. പെന്തക്കോസ്ത് നാളിനു ശേഷം അനേകവര്‍ഷങ്ങള്‍ അവള്‍ അപ്പോസ്തലന്മാരോടുകൂടെ ആയിരുന്നുതാനും. എന്നിട്ടും ഒരിടത്തും യേശുവിന്റെ ജന്മദിനത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. ഇതെന്താണ് കാണിക്കുന്നത്? ഇത്രമാത്രം ദൈവം മനപ്പൂര്‍വം യേശുവിന്റെ ജന്മദിനം മറച്ചുവച്ചു, കാരണം അത് ആഘോഷിക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. വര്‍ഷത്തിലൊരിക്കല്‍ ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ഒരു സാധാരണ മര്‍ത്യനായിരുന്നില്ല യേശു. നമ്മെപ്പോലെ അല്ല, അവിടുന്ന് ജീവാരംഭം ഇല്ലാത്ത (എബ്രാ 7:3) ദൈവപുത്രനായിരുന്നു. യേശുവിന്റെ ജനനം മരണം പുനരുദ്ധാനം സ്വര്‍ഗ്ഗാരോഹണം എന്നിവയെല്ലാം വര്‍ഷത്തിലൊരിക്കലല്ല, ഓരോ ദിവസവും നാം അംഗീകരിക്കണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്.

എന്തുകൊണ്ടാണ് ദൈവം ഈ നാളുകളില്‍ അവിടുത്തെ മക്കള്‍ ഏതെങ്കിലും വിശുദ്ധദിവസങ്ങള്‍ ആഘോഷിക്കുവാന്‍ ആഗ്രഹിക്കാത്തത് എന്നു മനസ്സിലാക്കുവാന്‍ പഴയ ഉടമ്പടിയും പുതിയ ഉടമ്പടി തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള അറിവ് നമ്മെ പ്രാപ്തരാക്കുന്നു. പഴയ ഉടമ്പടിയുടെ കീഴില്‍ ചില ദിവസങ്ങള്‍ വിശേഷദിവസങ്ങള്‍ ആയി ആഘോഷിക്കുവാന്‍ ഇസ്രായേലിനോട് കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അത് നിഴല്‍ മാത്രമായിരുന്നു. ഇപ്പോള്‍ നമുക്ക് ക്രിസ്തുവിനെ ലഭിച്ചിട്ടുള്ളതിനാല്‍ നമ്മുടെ ഓരോ ദിവസവും ഒരുപോലെ വിശുദ്ധം ആയിരിക്കണമെന്നതാണ് ദൈവത്തിന്റെ ഹിതം. പുതിയ ഉടമ്പടിയുടെ കീഴില്‍ ആഴ്ചതോറുമുള്ള ശബ്ബത്ത് പോലും നീക്കി കളഞ്ഞിരിക്കുന്നു. ഈ കാരണത്താലാണ് പുതിയനിയമത്തില്‍ ഒരിടത്തും വിശുദ്ധ ദിവസങ്ങളൊന്നും തന്നെ എടുത്തു പറഞ്ഞിട്ടില്ലാത്തത് (കൊലോ 2:16,17 )

പിന്നെ എങ്ങനെയാണ് ക്രിസ്തുമസും ഈസ്റ്ററും ക്രിസ്തീയതയില്‍ കടന്നുവന്നത്? ഇതിന്റെ ഉത്തരം ഇതാണ് : ശിശുസ്‌നാനം , ദശാംശം, പൗരോഹിത്യതന്ത്രം, കൂടാതെ മറ്റനേകം മാനുഷ പാരമ്പര്യങ്ങള്‍, പഴയ ഉടമ്പടി ആചാരങ്ങള്‍ തുടങ്ങിയവ തങ്ങളുടെ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത് സാത്താന്റെ നിഗൂഢമായ പ്രവര്‍ത്തനം മൂലമാണ്.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റെന്‍ ചക്രവര്‍ത്തി ക്രിസ്തീയ ക്രിസ്തീയത റോമാ ഗവണ്‍മെന്റിന്റെ മതമാക്കിതീര്‍ത്തപ്പോള്‍ വലിയൊരു സമൂഹം ഹൃദയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകാതെ തന്നെ ‘പേരില്‍’ ക്രിസ്ത്യാനികളായി മാറി. എന്നാല്‍ അവരുടെ രണ്ടു വാര്‍ഷിക ഉത്സവങ്ങള്‍ ഉപേക്ഷിക്കുവാന്‍ അവര്‍ ആഗ്രഹിച്ചില്ല- രണ്ടുത്സവങ്ങളും സൂര്യനെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ടവയാണ്. ഒന്ന് സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ആയിരുന്നു. ദക്ഷിണാര്‍ത്ഥത്തിലേക്ക് പോയ സൂര്യന്‍ അതിന്റെ മടക്കയാത്ര ആരംഭിക്കുന്ന സമയമാണത് (ദക്ഷിണായനാന്തം). മറ്റേത് മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ ഉള്ള വസന്തോത്സവം ആയിരുന്നു. ശിശിരകാലത്തിന്റെ മരണവും അവരുടെ സൂര്യദേവന്‍ കൊണ്ടുവന്നിട്ടുള്ള ഊഷ്മളമായ വേനല്‍ക്കാലത്തിന്റെ ജനനവും അവര്‍ ആഘോഷിച്ചത് അപ്പോഴായിരുന്നു. അവര്‍ അവരുടെ സൂര്യന് യേശു എന്ന മറുപേര് നല്‍കുകയും അവരുടെ വലിയ രണ്ടു ഉത്സവങ്ങള്‍ ഇപ്പോള്‍ ക്രിസ്തീയ ഉത്സവങ്ങളായി ആഘോഷിക്കുന്നത് തുടരുകയും ചെയ്തിട്ട് അവയെ ക്രിസ്തുമസ് എന്നും ഈസ്റ്റര്‍ എന്നു വിളിക്കുകയും ചെയ്തു.

ക്രിസ്തുമസിനെക്കുറിച്ച് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കക്ക് (മതേതര ചരിത്രത്തിന്റെ ഒരു ആധികാരിക ഗ്രന്ഥം) പറയുവാനുള്ളത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

‘ഡിസംബര്‍ 25, ഫിലോകലസിന്റെ, ആര്‍ക്കും കീഴടക്കാന്‍ പറ്റാത്തവനായ സൂര്യദേവന്റെ മിത്രോത്സവമാണ്. ക്രിസ്തുമസ് ആചാരങ്ങള്‍ ക്രൈസ്തവ കാലയളവിന് വളരെ മുന്‍പുള്ള കാലങ്ങളില്‍ നിന്നുണ്ടായ ക്രമീകമായ ഒരു വികാസമാണ്- ഇതിഹാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട കാലികവും, വിജാതീയവും, മതപരവും, രാഷ്ട്രീയവുമായ ഒരു ചായ്വാണ്. ക്രിസ്തുവിന്റെ കൃത്യമായ ജനനത്തീയതി ഒരിക്കലും തൃപ്തികരമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എ.ഡി 440-ല്‍ സഭാപിതാക്കന്മാര്‍ ഈ സംഭവത്തെ ആഘോഷിക്കുവാന്‍ ഒരു തീയതി നിശ്ചയിച്ചപ്പോള്‍ അവര്‍ ബുദ്ധിപൂര്‍വം(?) ജനങ്ങളുടെ മനസ്സുകളില്‍ ഉറപ്പിക്കപ്പെട്ട അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ദക്ഷിണായനാന്തത്തിന്റെ തീയതി തിരഞ്ഞെടുത്തു. ക്രിസ്തുമാര്‍ഗം വിജാതീയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോള്‍, ദക്ഷിണായനാന്തത്തിന്റെ പല ആചാരങ്ങളും ക്രിസ്തീയതയോട് കൂട്ടി കലരുവാന്‍ ഇടയായി’ (വാല്യം 5 പേജുകള്‍ 642 A , 643).

ഈ വിജാതിയ ആചാരങ്ങള്‍ ഉല്‍ഭവിച്ചത് നിമ്രോദിനാല്‍ ആരംഭിക്കപ്പെട്ട ബാബിലോണിയന്‍ മതത്തോട് കൂടെയാണ് (ഉല്പത്തി 10:8,10). പാരമ്പര്യം നമ്മോട് പറയുന്നത് അയാള്‍ മരിച്ച ശേഷം അയാളുടെ ഭാര്യ സെമിരാമിസിന് ഒരു നിയമാനുസൃതമല്ലാത്ത പുത്രനുണ്ടായി. അവള്‍ അവകാശപ്പെട്ടത് നിമ്രോദ് പുനര്‍ജ്ജനിച്ചതാണ് ആ കുഞ്ഞ് എന്നാണ്. അങ്ങനെ മാതാവിനെയും ശിശുവിനെയും ആരാധിക്കുന്ന രീതി ആരംഭിച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നാമധേയ ക്രിസ്ത്യാനികള്‍ അതിനെ ‘മറിയം യേശുവും’ എന്ന് മാറ്റി.

ഈ ശിശു ദൈവത്തിന്റെ ജന്മദിനം പുരാതന ബാബിലോണിയാരാല്‍ ഡിസംബര്‍ 25-ആം തിയതി ആഘോഷിക്കപ്പെട്ടു. ആകാശ രാജ്ഞി സെമിരാമിസ് ആയിരുന്നു (യിരെ 44:19), അത് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫേസോസില്‍ ഡയാന അല്ലെങ്കില്‍ ആര്‍ത്തിമസ് എന്നപേരില്‍ ആരാധിക്കപ്പെട്ടു (അപ്പൊ. പ്ര.19 :28 )

ഒരു ജീര്‍ണിച്ച മരക്കുറ്റിയില്‍ നിന്ന് ഒരു രാത്രികൊണ്ട് പൂര്‍ണവളര്‍ച്ചയെത്തിയ ഒരു നിത്യഹരിത വൃക്ഷം വളര്‍ന്നുവന്നു എന്ന് സെമിരാമിസ് അവകാശപ്പെട്ടു. ഇത് മാനവ ജാതിക്ക് സ്വര്‍ഗ്ഗീയ ദാനങ്ങളും കൊണ്ടുവന്ന നിമ്രോദിന്റെ ജീവനിലേക്കുള്ള തിരിച്ചുവരവിനെ പ്രതീകാത്മ വല്‍ക്കരിക്കുന്നതായി പറയുന്നു. അങ്ങനെയാണ് ഒരു ദേവദാരു മരം വെട്ടി സമ്മാനങ്ങള്‍ തൂക്കിയിടുന്ന ആചാരം ആരംഭിച്ചത്. ഇന്നത്തെ ക്രിസ്തുമസ് ട്രീയുടെ ഉദ്ഭവം അതാണ്! (ഒരു ഗൂഗിള്‍ സെര്‍ച്ച് ഈ വസ്തുതകളെല്ലാം തെളിയിക്കുന്ന രേഖകള്‍ നിങ്ങള്‍ക്ക് ലഭിക്കും)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; അവരുടെ ആചാരങ്ങള്‍ വ്യര്‍ത്ഥമായതാണ്. ഒരുവന്‍ കാട്ടില്‍നിന്നു കോടാലികൊണ്ട് ഒരു മരം വെട്ടുന്നു. അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര്‍ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. (യിരേമ്യാവു – 10:2-4)

ഈസ്റ്റര്‍

‘ഈസ്റ്റര്‍’ എന്നപദം ആകാശ രാജ്ഞിയുടെ സ്ഥാനപ്പേരുകളില്‍ ഒന്നായ ‘ഇഷ്താര്‍’ അഥവാ ‘അസ്റ്റാര്‍ട്ടെ’ (1 രാജാക്കന്മാര്‍ 11.5 കാണുക) എന്നതില്‍ നിന്ന് വന്നതാണ്. ശലോമോന്‍ ആരാധിച്ച വിഗ്രഹങ്ങളില്‍ ഒന്നാണത്. ആ നാമത്തിന്റെ വിവിധങ്ങളായ രൂപങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ ഉണ്ടായിരുന്നു.

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇതിനെപ്പറ്റി ഇപ്രകാരം പറയുന്നു ‘ഈസ്റ്റര്‍’ എന്ന ഇംഗ്ലീഷ് പദത്തോട് സാമ്യമുള്ള ജര്‍മ്മന്‍ പദമായ ‘ഓസ്റ്റര്‍’ മധ്യയൂറോപ്പിലെ ട്യൂട്ടോണിക് വര്‍ഗ്ഗത്തോട് ക്രിസ്തുമതത്തിനുള്ള കടപ്പാട്(!) വെളിപ്പെടുത്തുന്നു. ക്രിസ്തുമതം ട്യൂട്ടോണ്‍ വര്‍ഗ്ഗക്കാരുടെ അടുത്തെത്തിയപ്പോള്‍, ഈ വലിയ ക്രൈസ്തവ ഉത്സവ ദിനാഘോഷത്തില്‍ അവരുടെ വസന്തോത്സവത്തോടനുബന്ധിച്ചുണ്ടായിരുന്ന പല ജാതീയ ആചാരാനുഷ്ഠാനങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ’ ഉത്സവം വസന്തകാലത്താണ് എന്നതും ജീവനും മരണത്തിന്മേലുമുണ്ടായ വിജയത്തെ ഇതാഘോഷിക്കുന്നു എന്നതും, ശൈത്യകാലത്തിന്റെ മരണം, പുതുവര്‍ഷത്തിന്റെ ജനനം, സൂര്യന്റെ മടങ്ങി വരവ് എന്നിവ ആഘോഷിക്കുവാന്‍ ട്യൂട്ടോണ്‍ വര്‍ഗ്ഗക്കാര്‍ നടത്തിയ ഏറ്റവും സന്തോഷകരമായ ഉത്സവത്തിന്റെ ഈ അവസരത്തോട് താദാത്മ്യം പ്രാപിക്കുവാന്‍ എളുപ്പമായി തീര്‍ന്നു. ‘ഈസ്റ്റര്‍’ (അഥവാ ‘ഓസ്റ്ററോ’) എന്ന വസന്ത ദേവതയുടെ പേര് ക്രിസ്തീയ വിശുദ്ധ ദിവസത്തിന് നല്‍കി. മുട്ടയെ ഫലപുഷ്ടിയുടെയും പുതുക്കപ്പെട്ട ജീവന്റെയും പ്രതീകമായി സങ്കല്‍പ്പിക്കുന്ന രീതി പ്രാചീന ഈജിപ്തുകാരുടെയും പേര്‍ഷ്യക്കാരുടെയും കാലം മുതലേ ഉള്ളതാണ്. വസന്തോത്സവകാലത്ത് മുട്ടയ്ക്ക് ചായമടിക്കുകയും മുട്ട ഭക്ഷിക്കുകയും ചെയ്യുന്ന രീതിയും അവര്‍ക്കുണ്ട്. മുട്ട ജീവന്റെ പ്രതീകമായി കരുതുന്ന ഈ പ്രാചീന സങ്കല്പം നിഷ്പ്രയാസം മുട്ട ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി കാണുന്ന ആശയമായിത്തീര്‍ന്നു. പ്രാചീനകാലത്തുണ്ടായിരുന്ന അന്ധവിശ്വാസമനുസരിച്ച് ഈസ്റ്റര്‍ പ്രഭാതത്തില്‍ ഉദിക്കുന്ന സൂര്യന്‍ ആകാശത്ത് നൃത്തംചെയ്യുന്നു. ഈ വിശ്വാസം പണ്ടുകാലത്തെ വിജാതീയ വസന്തോത്സവത്തില്‍ നിന്ന് വന്നതാണ്. അതിന്‍ പ്രകാരം കാഴ്ചക്കാര്‍ സൂര്യന്റെ ബഹുമാനാര്‍ത്ഥം നൃത്തം ചെയ്തപ്പോള്‍.. പ്രൊട്ടസ്റ്റന്റ് സഭകളും ഈസ്റ്റര്‍ പ്രഭാതത്തില്‍ സൂര്യോദയ ആരാധനകള്‍ നടത്തികൊണ്ട് ഈ ആചാരത്തെ പിന്തുടര്‍ന്നു.'(195 എഡിഷന്‍ , വാല്യം 7 പേജ് 859,860)

ക്രിസ്തുവിന്റെ മരണവും ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശം. ഇത് നാം ഓര്‍മിക്കുവാന്‍ യേശു ഇച്ഛിച്ച ഏക മാര്‍ഗ്ഗം ഒരു സഭയായി കൂടി വരുമ്പോള്‍ നാം പങ്കെടുക്കേണ്ട ‘അപ്പം നുറുക്കല്‍’ മാത്രമാണ്. നാം അപ്പം നുറുക്കുമ്പോള്‍ ക്രിസ്തുവിന്റെ മരണത്തെ മാത്രമല്ല നാം സാക്ഷീകരിക്കുന്നത്, എന്നാല്‍ അവിടുത്തോടുകൂടെയുള്ള നമ്മുടെ മരണവും കൂടിയാണ്. ദുഃഖവെള്ളിയാഴ്ച യുടെ വൈകാരികതയും ഈസ്റ്ററിനെ അതിഭാവുകത്വവും മനുഷ്യന്റെ ശ്രദ്ധയെ യേശുവിനെ പിന്തുടരേണ്ട ആവശ്യത്തില്‍ നിന്നകറ്റി പൊള്ളയായ ആചാര്യ പ്രമാണത്തിലേക്ക് കൊണ്ടുപോകുന്നു

ദൈവവചനമോ അതോ മനുഷ്യന്റെ പാരമ്പര്യമോ ?

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പിന്നിലുള്ളത് ദൈവവചനത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത, മാനുഷ്യപാരമ്പര്യങ്ങളെ പിന്തുടരുന്ന വളരെയധികം മരണകരമായ പ്രമാണമാണ്. മറ്റുമേഖലകളില്‍ ദൈവവചനം പിന്‍തുടര്‍ന്ന അനേകം വിശ്വാസികള്‍ക്ക് ഇപ്പോഴും ക്രിസ്തുമസ് ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ ഉപേക്ഷിക്കുന്നത് വിഷമകരമായി അനുഭവപ്പെടുമാറ് അത്ര ബലമുള്ളതാണ് പാരമ്പര്യത്തിന്റെ ശക്തി.

മതേതര ഗ്രന്ഥകാരന്മാര്‍ പോലും (മുകളില്‍ ഉദ്ധരിച്ച എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഗ്രന്ഥകാരന്മാര്‍) വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍- അതായത് ക്രിസ്തുമസും ഈസ്റ്ററും അടിസ്ഥാനപരമായി വിജാതിയ ഉത്സവങ്ങളാണ് എന്നുള്ള വസ്തുത അംഗീകരിക്കുവാന്‍ അനേക വിശ്വാസികള്‍ സന്നദ്ധരല്ലാതിരിക്കുന്നത് ആശ്ചര്യകരമാണ്. പേരു മാറ്റുന്നതു കൊണ്ട് ഈ ഉത്സവങ്ങള്‍ ക്രിസ്തീയമാകുന്നില്ല !

നാം തുടക്കത്തില്‍ പറഞ്ഞതുപോലെ ദൈവവചനത്തിന് എതിരായ മാനുഷ പാരമ്പര്യമെന്ന ഈ പ്രശ്‌നത്തെ സംബന്ധിച്ച് യേശു പരീശന്മാരുമായി ഒരു നിരന്തര പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു. പാപത്തിനെതിരായി പ്രസംഗിക്കുന്നതിനേക്കാള്‍ അധികമെതിര്‍പ്പ് പിതാക്കന്മാരുടെ പൊള്ളയായ പാരമ്പര്യത്തെ എതിര്‍ക്കുന്നതില്‍ യേശു നേരിട്ടു. നാമും അവിടുന്ന് ആയിരുന്നതുപോലെ വിശ്വസ്തരായിരിക്കുമെങ്കില്‍ നമ്മുടെ അനുഭവവും അതുതന്നെയാണെന്ന് നാം കണ്ടെത്തും.

ദൈവവചനം മാത്രമാണ് നമ്മുടെ വഴികാട്ടി, ആ മേഖലകളില്‍ ദൈവവചനം പിന്തുടരാത്തവര്‍ ദൈവഭക്തരാണെങ്കിലും അവരുടെ മാതൃക പോലും യോഗ്യമല്ല. ‘സകലമനുഷ്യരും ഭോഷ്‌ക്കു പറയുന്നവരായി കാണപ്പെട്ടാലും ദൈവം സത്യവാനായി കാണപ്പെടട്ടെ’ (റോമാ 3:4 ) . ബെരോവയിലുള്ളവര്‍, പൗലോസിന്റെ ഉപദേശം പോലും പരിശോധിക്കുവാന്‍ അവര്‍ തിരുവെഴുത്ത് അന്വേഷിച്ചു. ആ കാര്യത്തില്‍ പരിശുദ്ധാത്മാവ് അവരെ പ്രശംസിക്കുന്നു (അപ്പൊപ്ര.17:11) നമുക്ക് പിന്തുടരുവാനുള്ള നല്ലൊരു മാതൃകയാണത്.

ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം നാല്‍പതു വര്‍ഷങ്ങളോളം, യിസ്രായേല്യരെ മോശെയുടെ പിച്ചള സര്‍പ്പത്തെ ആരാധിക്കുവാന്‍, അതു ദൈവത്തിനു അറപ്പാണെന്ന് മനസ്സിലാക്കാതെ, അനുവദിച്ചു. അത്രയും പ്രകടമായ വിഗ്രഹാരാധനയുടെ കാര്യത്തില്‍ പോലും അദ്ദേഹത്തിന് വെളിച്ചം ഉണ്ടായിരുന്നില്ല. അയാളെക്കാള്‍ വളരെ ചെറിയ ഒരു രാജാവായിരുന്ന ഹിസ്‌കീയാവിനാണ് ഈ വിഗ്രഹാരാധന സമ്പ്രദായം വെളിച്ചത്തു കൊണ്ടുവരുവാനും അതിനെ നശിപ്പിക്കാനുമുള്ള വെളിച്ചം നല്‍കപ്പെട്ടത് (2രാജാക്കന്മാര്‍ 18:1-4). ദൈവഭക്തരെ അവരുടെ വിശുദ്ധിയുടെ കാര്യത്തില്‍ നമുക്ക് പിന്തുടരാം എന്നാല്‍ മാനുഷ പാരമ്പര്യങ്ങളുടെ മേല്‍ അവര്‍ക്കുള്ള വെളിച്ചത്തിന്റെ കുറവിനെ നാം പിന്തുടരുരത്. നമ്മുടെ സുരക്ഷിതത്വം സ്ഥിതിചെയ്യുന്നത് ദൈവത്തിന്റെ ഉപദേശങ്ങള്‍ ശുദ്ധമായി, അതിനോടോന്നും കൂട്ടാതെയും അതില്‍നിന്നൊന്നും കുറയ്ക്കാതെയും പിന്തുടരുന്നതിലാണ്.

മറ്റുള്ളവരെ വധിക്കരുത്

അവസാനമായി: ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന പരമാര്‍ത്ഥതായുള്ള വിശ്വാസികളോട് നമ്മുടെ മനോഭാവം എന്തായിരിക്കണം ?

ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കാത്തതുകൊണ്ടുമാത്രമല്ല നാം ആത്മീയരായിത്തീര്‍ന്നത് എന്ന കാര്യം ഓര്‍ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു എന്ന കാരണത്താല്‍ ആഘോഷിക്കുന്നവര്‍ ജഡീക വിശ്വാസികളല്ല.

നാള്‍തോറും തന്നെത്താന്‍ ത്യജിക്കുകയും നാള്‍തോറും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും ചെയ്യുന്ന മാര്‍ഗ്ഗത്തിലൂടെ യേശുവിനെ പിന്തുടരുന്നവരാണ് ആത്മീയര്‍- അവര്‍ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിച്ചാലും ഇല്ലെങ്കിലും.

അതുകൊണ്ട് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന വിശ്വാസികളെ നാം കണ്ടുമുട്ടുമ്പോള്‍ അവര്‍ ഈ ഉത്സവങ്ങളുടെ വിജാതിയമായ ഉത്ഭവത്തെക്കുറിച്ച് അജ്ഞരായിരിക്കാം എന്ന് പരിഗണിക്കുവാന്‍ വേണ്ടതായ കൃപ നമുക്കുണ്ടായിരിക്കണം. അതുകൊണ്ട് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് കൊണ്ട് ഒരുവിധത്തിലും അവര്‍ പാപം ചെയ്യുന്നില്ല. മറിച്ച്, നാം അവരെ വിധിക്കുകയാണെങ്കില്‍ നാം ആയിരിക്കും പാപം ചെയ്യുന്നത്.

സാധാരണയായി ഡിസംബര്‍ 25 എല്ലാവര്‍ക്കും ഒരു അവധി ദിവസം ആയതിനാലും അതിനോട് ചേര്‍ന്നുള്ള മറ്റു ദിവസങ്ങള്‍ സ്‌കൂളുകള്‍ക്കും മറ്റും അവധിദിവസങ്ങള്‍ ആയതിനാലും, മിക്കപേരും ഈ സമയം വര്‍ഷാവസാന കുടുംബസംഗമങ്ങള്‍ക്കായി ഉപയോഗിക്കുന്നു- അത് ഒരു നല്ല കാര്യമാണ്.

ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രം സഭാ ശുശ്രൂഷകളില്‍ പങ്കെടുക്കാറുള്ളവരാണ് ചിലര്‍ (ഡിസംബര്‍ 25നും ഈസ്റ്റര്‍ ആഴ്ചയുടെ അവസാനവും). ആ തീയതികളില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നത് സഭകള്‍ക്ക് നല്ലതാണ്, അതിലൂടെ അവര്‍ക്ക് അങ്ങനെയുള്ള ആളുകളോട് സുവിശേഷം പ്രസംഗിക്കുവാനും അവരെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ യേശു ഭൂമിയില്‍ വന്നു എന്നും അവിടുന്ന് നമുക്കുവേണ്ടി മരണത്തെയും സാത്താനെയും ജയിച്ചു എന്നും അവര്‍ക്ക് വിവരിച്ചു പറഞ്ഞുകൊടുക്കുവാനും കഴിയും.

സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഓരോ ദിവസവും യേശു ജനിക്കുകയും തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്നതില്‍ നന്ദിയുള്ളവരായിരിക്കും- കേവലം വര്‍ഷത്തിലെ രണ്ട് സമയങ്ങളില്‍ മാത്രമല്ല.

ക്രിസ്തീയതയുടെ പ്രാരംഭ നാളുകളില്‍, ചില ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആഘോഷിച്ചു- ക്രിസ്തുമസും ഈസ്റ്ററും പോലെതന്നെ അതും ക്രിസ്തീയമല്ലാത്ത മതപരമായ ഒരു ഉത്സവമായിരുന്നു. അതുകൊണ്ട് മറ്റു ക്രിസ്ത്യാനികള്‍ അവരെ വിധിക്കുന്നതിലൂടെ പാപം ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുന്നതിനായി റോമര്‍ 14 എഴുതുവാന്‍ പരിശുദ്ധാത്മാവ് പൗലോസിനെ പ്രചോദിപ്പിച്ചു. ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന മറ്റുള്ളവരെ വിധിക്കുന്നവര്‍ക്കും അതേ മുന്നറിയിപ്പ് നല്ലതാണ്.

‘വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍, എന്നാല്‍ അവന്റെ അഭിപ്രായങ്ങളുടെ മേല്‍ വിധി കല്‍പ്പിക്കുവാനുള്ള ഉദ്ദേശത്തോടെയല്ല. മറ്റൊരുത്തന്റെ ദാസനെ വിധിക്കുവാന്‍ നീ ആര്‍? ഒരുവന്‍ ഒരു ദിവസത്തേക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു വേറൊരുവന്‍ ദിവസങ്ങളെയും മാനിക്കുന്നു. ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിനായി ആദരിക്കുന്നു, കാരണം അവന്‍ ദൈവത്തിന് നന്ദി പറയുന്നു. അതു ചെയ്യാത്തവന്‍ കര്‍ത്താവിനായി ചെയ്യാതിരിക്കുന്നു, അവനും ദൈവത്തിനു നന്ദി പറയുന്നു. ഓരോരുത്തന്‍ താന്താങ്ങളുടെ മനസ്സില്‍ ഉറച്ചിരിക്കട്ടെ. എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പാകെ നില്‍ക്കേണ്ടിവരികയും നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോട് അവനവന്റെ കണക്കുബോധിപ്പിക്കേണ്ടി വരികയും ചെയ്യും (റോമ 14:1-2) .

ക്രിസ്തുമസിനെയും ഈസ്റ്ററിനെയും കുറിച്ചുള്ള ഈ പഠനം ഉപസംഹരിക്കുവാനുള്ള ഏറ്റവും നല്ല വാക്ക് അതുതന്നെയാണ്