ആനന്ദ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെടുക – WFTW 21 മാർച്ച് 2021

സാക് പുന്നന്‍

യേശു ഭൂമിയിൽ ഒരു മനുഷ്യനായി എങ്ങനെ ജീവിച്ചു എന്നു നമ്മെ കാണിക്കുന്ന വാക്യമാണ് എബ്രായർ 1:9. “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കുകയും ചെയ്തിരിക്കയാൽ ദൈവമേ, നിൻ്റെ ദൈവം നിൻ്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു”.

യേശു ഭൂമിയിൽ ജീവിച്ചപ്പോൾ, അവിടുന്ന് മനുഷ്യരായ നമ്മുടെ എല്ലാ പരിമിതികളോടും കൂടെ ജീവിച്ചു. അതുകൊണ്ട് അവിടുത്തേക്ക് അഭിഷേകം ചെയ്യപ്പെടേണ്ട ആവശ്യമുണ്ടായിരുന്നു. പിതാവാം ദൈവത്തിന് അഭിഷേകം ചെയ്യപ്പെടേണ്ട ആവശ്യമില്ല. അതുപോലെ യേശുവും സ്വർഗ്ഗത്തിലായിരുന്നപ്പോൾ അവിടുത്തേക്ക് അഭിഷേകം ചെയ്യപ്പെടേണ്ടതില്ലായിരുന്നു. എന്നാൽ അവിടുന്ന് ഭൂമിയിൽ ജീവിച്ചപ്പോൾ, നമുക്ക് ഒരു മാതൃകയാകേണ്ടതിന് അവിടുത്തേക്ക് അഭിഷേകം ചെയ്യപ്പെടേണ്ടിയിരുന്നു. ദൈവം എന്തുകൊണ്ടാണ്, അവിടുത്തെ കൂട്ടുകാരായ നമ്മെക്കാൾ അധികം യേശുവിനെ ആനന്ദ തൈലം (സന്തോഷം) കൊണ്ട് അഭിഷേകം ചെയ്തത് എന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. അത് പ്രാഥമികമായി ഒരു കാരണം കൊണ്ടാണ്- അവിടുന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തു. അവിടുന്ന് നിർമലതയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തു.

നീതി പ്രവർത്തിക്കുന്നതും നീതിയെ സ്നേഹിക്കുന്നതും തമ്മിൽ ഒരു വ്യത്യാസമുണ്ട്. ഒരു കുഞ്ഞിന് അനുസരിക്കാൻ ഇഷ്ടമില്ലാതെ തൻ്റെ പിതാവിനെ അനുസരിക്കാൻ കഴിയും. യേശു നീതി പ്രവർത്തിക്കുക മാത്രമായിരുന്നില്ല, അവിടുന്നു നീതിയെ സ്നേഹിച്ചു. അതുപോലെ യേശു പാപത്തെ ഒഴിവാക്കുകയല്ല ചെയ്തത് അവിടുന്ന് പാപത്തെ വെറുത്തു.

ഈ കാലത്ത് ലൈംഗിക പാപത്തിലൂടെ മനുഷ്യർക്കുണ്ടാകുന്ന മാരകമായ രോഗങ്ങളിലൊന്നാണ് എയിഡ്സ്. അതുകൊണ്ട്, എയ്ഡ്സ് പിടിപെടുമെന്നതിനാൽ അനേകരും വ്യഭിചാരം ചെയ്യുന്നില്ല. അവർ ലൈംഗികപാപത്തെ വെറുക്കുന്നില്ല, എന്നാൽ അവർ എയ്ഡ്സ് കിട്ടുമെന്ന് ഭയപ്പെടുക മാത്രം ചെയ്യുന്നു. അതുപോലെ മോഷ്ടിക്കാൻ ആഗ്രഹിക്കുന്ന പലരും അങ്ങനെ ചെയ്യുന്നില്ല- അവർ മോഷണം വെറുക്കുന്നതു കൊണ്ടല്ല. ഇതേ പോലെ ഏതു പാപത്തെയും വെറുക്കാതെ തന്നെ നിങ്ങൾക്കതിനെ ഒഴിവാക്കാൻ കഴിയും.

എന്നാൽ നിങ്ങൾ, ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യണം. ഇവിടെ പറയുന്നത് യേശു മറ്റുള്ളവരെക്കാൾ അധികം ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടതിൻ്റെ കാരണം അതായിരുന്നു എന്നാണ്.

ദൈവത്തിനു മുഖപക്ഷം ഇല്ല. ഒരു നല്ല പിതാവ് ഒരിക്കലും അയാളുടെ മൂത്ത മകനോട് മറ്റു മക്കളോടുള്ളതിനേക്കാൾ അധികം താൽപര്യത്തോടു കൂടി പെരുമാറുകയില്ല- അയാൾക്ക് ഒരു മുഖ പക്ഷവും ഉണ്ടായിരിക്കുകയില്ല. തൻ്റെ മൂത്തമകന് ചെയ്യുന്നത് തൻ്റെ മറ്റു മക്കൾക്കും ചെയ്യും. പിതാവാം ദൈവം അങ്ങനെയാണ്. അനേകം സഹോദരങ്ങൾക്ക് ആദ്യജാതൻ എന്നാണ് യേശു വിളിക്കപ്പെടുന്നത്. വീണ്ടും ജനിക്കപ്പെട്ട നാം അവിടുത്തെ ഇളയ സഹോദരന്മാരാണ്. യേശുവാണ് മൂത്തമകൻ. ദൈവത്തിന് മുഖപക്ഷമില്ലാത്തതിനാൽ അവിടുത്തെ മൂത്ത പുത്രനായ യേശുവിന് ചെയ്തതെല്ലാം അവിടുന്ന് നമുക്ക് വേണ്ടിയും ചെയ്യും. യേശു പൂർത്തീകരിച്ച അതേ വ്യവസ്ഥകൾ ഞാനും പൂർത്തീകരിക്കുമെങ്കിൽ, ദൈവം യേശുവിന് ചെയ്തതെല്ലാം എനിക്ക് വേണ്ടിയും ചെയ്യും. യേശുവിൻ്റെ മനുഷ്യത്വത്തെ കുറിച്ച് അറിയുന്നതിലൂടെ നാം കണ്ടു പിടിക്കുന്ന മഹൽ സത്യങ്ങളിലൊന്ന് ഇതാണ്.

യേശു ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടത് അവിടുന്ന് ദൈവപുത്രൻ ആയിരുന്നതുകൊണ്ടാണ് എന്നെഴുതപ്പെട്ടിരുന്നെങ്കിൽ, അതു നമ്മെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുകയില്ലായിരുന്നു. എന്നാൽ അവിടുന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്തയെ വെറുക്കുകയും ചെയ്തതുകൊണ്ടാണ് അവിടുന്ന് ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടത് എന്ന് നാം വായിക്കുമ്പോൾ, നാമും നീതിയെ സ്നേഹിച്ചു പാപത്തെ വെറുത്താൽ, നമുക്കും അതേ വിധത്തിൽ അഭിഷേകം ചെയ്യപ്പെടാൻ കഴിയും എന്ന പ്രതീക്ഷ നമുക്ക് തരുന്നു. അതുകൊണ്ട് നാം ഇപ്രകാരം പ്രാർത്ഥിക്കേണ്ടതുണ്ട്, “കർത്താവേ, ഞാൻ നീതി ചെയ്യുക മാത്രമല്ല എന്നാൽ അതിനെ സ്നേഹിക്കുവാനും അതുപോലെ ഞാൻ പാപത്തെ ഒഴിവാക്കുകയല്ല എന്നാൽ അതിനെ വെറുക്കാനും തക്കവണ്ണം അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എൻ്റെ ഹൃദയത്തിൽ പ്രവർത്തിക്കേണമേ”.

നാം എത്രയധികം നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നോ, അത്രയധികം നാം പരിശുദ്ധാത്മാവിൻ്റെ സന്തോഷത്താൽ നിറയപ്പെടും. നീതിയും പരിശുദ്ധാത്മാവിൻ്റെ സന്തോഷവുമാകുന്ന ദൈവരാജ്യം വന്ന് നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കും (റോമ 14: 17). അപ്പോൾ “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ” (ഫിലിപ്യർ 4:4) എന്നു നമ്മോടു പറയുന്ന കല്പ്പന അനുസരിക്കുവാൻ നാം പ്രാപ്തരാക്കപ്പെടും.