സാക് പുന്നൻ
തിരുവചനത്തിൻ്റെ ആദ്യ താളുകൾ, അവസാന താളുകളുമായി താരതമ്യം ചെയ്യുമ്പോൾ, നാം കണ്ടെത്തുന്നത് 2 വൃക്ഷങ്ങൾ (ജീവൻ്റെ വൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും) അന്ത്യസമയമാകുമ്പോഴേയ്ക്ക്, രണ്ട് വ്യവസ്ഥിതികൾ ഉൽപ്പാദിപ്പിക്കുന്നു എന്നാണ് – യെരുശലേമും ബാബിലോണും.
സത്യമായി ആത്മാവിൽ നിന്നു ജനിച്ചത് – ദൈവത്തിൽ നിന്ന്, ദൈവത്തിലൂടെ, ദൈവത്തിലേക്ക് – എന്നേക്കും നിലനിൽക്കുന്നു, അതേസമയം ജഡത്തിൽ നിന്നു ജനിച്ചത് – മനുഷ്യനിൽ നിന്ന്, മനുഷ്യനിലൂടെ, മനുഷ്യനിലേക്ക് – നശിച്ചുപോകുന്നു.
ഇന്ന്, നാം ജീവിക്കുന്നത് ഉൽപ്പത്തി പുസ്തകത്തിൻ്റെയും വെളിപ്പാട് പുസ്തകത്തിൻ്റെയും താളുകൾക്ക് നടുവിൽ ആണ്. അതുതന്നെയല്ല നാം അതു മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ഈ രണ്ടു വ്യവസ്ഥിതികളിൽ ഒന്നിനാൽ നാം പിടിക്കപ്പെട്ടിരിക്കുന്നു – ഒന്ന് ദൈവത്തെ ഉയർത്തുവാനും മഹത്വപ്പെടുത്തുവാനും തീരുമാനിക്കപ്പെട്ടതും, മറ്റേത് മനുഷ്യനെ ഉയർത്തുവാനും മഹത്വപ്പെടുത്തുവാനും; ഒന്ന് ക്രിസ്തുവിനെ പിൻഗമിക്കുന്നു മറ്റേത് ആദാമിനെ പിൻഗമിക്കുന്നു; ഒന്ന് ആത്മാവിൽ ജീവിക്കുന്നു മറ്റേത് ജഡത്തിലും ദേഹിയിലും ജീവിക്കുന്നു.
യേശുവും ആദാമും ദൈവത്തിൻ്റെ ശബ്ദം കേട്ടു – ഒരു വസ്തുതയിൽ മാത്രമാണ് വ്യത്യാസം ഉണ്ടായിരുന്നത് അത് ഒരാൾ അനുസരിച്ചു എന്നാൽ മറ്റേയാൾ അതിനോട് അനുസരണക്കേട് കാണിച്ചു. അവിടുത്തെ ശബ്ദം കേൾക്കുന്നവരെ സംബന്ധിച്ച് യേശുവും പറഞ്ഞത് അതുതന്നെയാണ് – “കേട്ട് അനുസരിക്കുന്നവൻ പാറമേൽ പണിയുന്നു.” അത് നിത്യതയോളം കുലുങ്ങാത്തതായിരിക്കും, അതേസമയം കേട്ട് അനുസരിക്കാത്ത മറ്റേയാൾ പണിയുന്നത് മണലിന്മേലാണ്, അത് ആത്യന്തികമായി നശിച്ചു പോകേണ്ടതിനാണ് (മത്താ. 7:24-27).
യേശു സംസാരിച്ച ഈ രണ്ടു വീടുകൾ യെരുശലേമും ബാബിലോണുമാണ്.
ഇന്ന് വിശ്വാസത്താൽ നീതീകരിക്കപ്പെട്ട് പുതിയ ഉടമ്പടിയിലേക്ക് പ്രവേശിച്ച്, യേശുവിൻ്റെ രക്തത്താൽ മുദ്രയിടപ്പെട്ട്, ദൈവഹിതത്തോട് അനുസരണമുള്ള ഒരു ജീവിതത്തിൽ യേശുവിനെ അനുഗമിക്കുന്നവരുണ്ട് (പ്രത്യേകിച്ച് മത്താ.5-7 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതു പോലെ), അവർ പാറമേൽ പണിയുന്നവരും യെരുശലേമിൽ ഒരു പങ്ക് ഉള്ളവരും ആണ്. ഒരുവൻ ഈ കുട്ടത്തിൽ ഉൾപ്പെടുന്നവനാണോ അല്ലയോ എന്നു കണ്ടു പിടിക്കാൻ മത്താ. 5-7 വരെയുള്ള അധ്യായങ്ങൾ വായിച്ചാൽ മാത്രം മതി.
അതിനു സമമായി മറ്റു ചിലരുമുണ്ട് (ഈ കൂട്ടരാണ് ബഹുഭൂരിപക്ഷം), അവർ മത്തായി 5-7 വരെയുള്ള അധ്യായങ്ങളിലെ യേശുവിൻ്റെ വാക്കുകൾ കേൾക്കുന്നവരാണ്, എന്നാൽ നീതീകരണം, വിശ്വാസം, കൃപ എന്നിവയെ കുറിച്ച് തെറ്റായി മനസ്സിലാക്കിയിട്ട്, വ്യാജമായ സുരക്ഷിതത്വത്തിൽ ജീവിക്കുന്നു, അവർ യേശുവിൻ്റെ വാക്കുകൾ അനുസരിക്കുന്നതിൽ ശ്രദ്ധിക്കാതെ അങ്ങനെ മണലിന്മേൽ പണിയുന്നു – ബാബിലോൺ – അത് ഒടുവിൽ എന്നെന്നേയ്ക്കുമായി നശിച്ചു പോകുന്നു.
ഇവർ അവരുടെ തന്നെ കണ്ണുകളിൽ ‘ക്രിസ്ത്യാനികൾ’ ആണ്, കാരണം യേശു പറഞ്ഞത് മണലിന്മേൽ പണിയുന്ന മനുഷ്യൻ അവിടുത്തെ ശബ്ദം കേട്ട ഒരുവനാണെന്നാണ്, അതുകൊണ്ടു തന്നെ സ്പഷ്ടമാണ്, അത് ഒരു വിജാതീയൻ അല്ല, എന്നാൽ ബൈബിൾ വായിക്കുകയും ‘സഭയിൽ’ പോകുന്ന ഒരുവനുമാണ് എന്ന്. അയാൾ അനുസരിച്ചില്ല എന്നതു മാത്രമാണ് ഒരേയൊരു പ്രശ്നം അതുകൊണ്ടുതന്നെ യേശുവിനെ അനുസരിക്കുന്ന എല്ലാവർക്കും വേണ്ടി വാഗ്ദത്തം ചെയ്തിട്ടുള്ള നിത്യ രക്ഷയ്ക്ക് പങ്കാളിയാകുവാൻ അയാൾക്കു കഴിഞ്ഞില്ല (എബ്രാ.5:9). അയാളുടെ വിശ്വാസം യഥാർത്ഥമായതല്ലായിരുന്നു, കാരണം വിശ്വാസത്തെ പൂർണ്ണമാക്കുന്ന അനുസരണത്തിൻ്റെ പ്രവൃത്തിയില്ലായിരുന്നു (യാക്കോ. 2:22,26).
ആദാം എന്ന തലയുടെ കീഴിലുള്ളവർ, ദൈവത്തിൻ്റെ വെളിപ്പെടുത്തപ്പെട്ട ഹിതത്തിനോടുള്ള അനുസരണക്കേടിൽ, അവരുടെ തലയെ പിൻഗമിക്കുന്നു, എന്നാൽ “ക്രിസ്തുവിനെ കൈക്കൊണ്ടിരിക്കുന്നു” എന്ന് അവർ അവകാശപ്പെടുന്നതുകൊണ്ട് “അവർ മരിക്കയില്ല” (ഉൽപ്പ. 3:4) എന്നു സാത്താൻ അവരെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അങ്ങനെ അവർ വ്യാജമായ സുരക്ഷിതത്വത്തിൽ ബാബിലോണിൽ ജീവിക്കുന്നു.
അതിനു സമമായി ക്രിസ്തു എന്ന തലയ്ക്കു കീഴിലുള്ളവർ ദൈവഹിതത്തോടുള്ള അനുസരണത്തിൽ “യേശു നടന്നതു പോലെ നടക്കുക” (1 യോഹ. 2:16) എന്ന സത്യത്തോട് എകീഭവിക്കപ്പെടുന്നു. ഇവരാണ് ക്രിസ്തുവിൻ്റെ സഹോദരീ സഹോദരന്മാർ (മത്താ. 12:50), ഇവർ യെരുശലേമിൻ്റെ ഭാഗവുമാണ്.
മത്താ. 5-7 വരെയുള്ള അധ്യായങ്ങളുടെ അവസാനം പറഞ്ഞ ഉപമയെ കുറിച്ചുള്ള രസകരമായ കാര്യം, ബുദ്ധിയുള്ള മനുഷ്യൻ്റെ വീടും ബുദ്ധിഹീനനായ മനുഷ്യൻ്റെ വീടും കുറച്ചു സമയത്തേക്കു നിലനിന്നു, മഴയും വെള്ളപ്പൊക്കവും വന്നതു വരെ, ഇന്ന് ബാബിലോണും യെരുശലേമും നിൽക്കുന്നതു പോലെ. ബുദ്ധിയില്ലാത്ത മനുഷ്യൻ വീടിൻ്റെ പുറമേയുള്ള രൂപഭംഗിയെ കുറിച്ചു മാത്രം ചിന്തിച്ചപ്പോൾ (മനുഷ്യൻ്റെ മുമ്പിലുള്ള സാക്ഷ്യം), ബുദ്ധിയുള്ള മനുഷ്യൻ പ്രാഥമികമായി വീടിൻ്റെ അടിത്തറയെ കുറിച്ച് (ദൈവമുമ്പാകെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന (രഹസ്യ) ജീവിതത്തെക്കുറിച്ച്) അധികം ജാഗ്രതയുള്ളവനായിരുന്നു.
യെരുശലേമിൻ്റെ വ്യതിരിക്തമായ വിശേഷ ലക്ഷണം വിശുദ്ധിയാണ്. “വിശുദ്ധ നഗരം” എന്നാണ് അത് വിളിക്കപ്പെടുന്നത് (വെളി. 21: 2). എന്നാൽ ബാബിലോൺ അതിൻ്റെ മഹനീയതയിൽ മുന്തി നിൽക്കുന്നു. “മഹാനഗരം” എന്നാണത് വിളിക്കപ്പെടുന്നത് (വെളിപ്പാട് 18:10). വെളിപ്പാടു പുസ്തകത്തിൽ പതിനൊന്നു തവണ അത് ‘മഹത്’ എന്നു വിളിക്കപ്പെടുന്നു.
ദൈവത്തോടുള്ള അനുസരണത്തിൽ, യഥാർത്ഥ വിശുദ്ധിയിൽ ജീവിക്കുന്നവരും കൃപയാൽ വിശ്വാസത്തിലൂടെ ക്രിസ്തുവിൻ്റെ സ്വഭാവത്തിനു പങ്കാളികളുമായവർ യെരുശലേമിലേക്കു ചേർത്തു പണിയപ്പെടുന്നു; അതേ സമയം ഇവിടെ ഭൂമിയിലെ മഹത്വം അന്വേഷിക്കുന്നവർ (മനുഷ്യരുടെ മാനവും സാക്ഷ്യവും) ബാബിലോണിലേക്കു പണിയപ്പെടുന്നു.
1900 വർഷങ്ങളായി, ദൈവ ജനത്തിനുള്ള വിളി വന്നു കൊണ്ടിരിക്കുന്നു,
എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയും ഇരിപ്പാൻ അവളെ (ബാബിലോണിനെ) വിട്ടു പോരുവിൻ (വെളിപ്പാട് 18:4 – ടി എൽ ബി).
നാം അന്ത്യകാലത്തോട് സമീപിച്ചിരിക്കുന്നതു കൊണ്ട് ഇന്ന് ആ വിളി കൂടുതൽ അടിയന്തിരമായിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.