സാക് പുന്നൻ
പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിനായി മുകളിലത്തെ മാളിക മുറിയിൽ കാത്തിരിക്കുന്ന ശിഷ്യന്മാരെക്കുറിച്ചുള്ള ഒരു കാർട്ടൂൺ ഞാൻ ഒരിക്കൽ കണ്ടു (പ്രവൃത്തികൾ 1:12-14). (പത്തു ദിവസം അവർ കാത്തിരുന്നു എന്ന് ഇപ്പോൾ നമുക്കറിയാം, പക്ഷേ അന്ന്, അവരിൽ ആർക്കും എത്ര നാൾ കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ലായിരുന്നു.) അവരിൽ ഒരാൾ ഒമ്പതാം ദിവസം അവിടെ നിന്ന് പുറത്തേക്ക് പോയി, താൻ കാത്തിരുന്ന് മടുത്തുവെന്നും അതുകൊണ്ട് വീട്ടിലേക്ക് പോകുന്നുവെന്നും അയാൾ പറഞ്ഞു. എന്നാൽ മറ്റുള്ളവർക്ക് വേണമെങ്കിൽ കാത്തിരിക്കാമെന്ന് അയാൾ പറയുന്നു. മുകളിലത്തെ മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം പരിശുദ്ധാത്മാവിലും തീയിലും സ്നാനമേറ്റുവെന്നും ഉയരത്തിൽ നിന്ന് ശക്തി നൽകപ്പെട്ടുവെന്നും അടുത്ത ദിവസം കേട്ടപ്പോൾ അയാൾക്ക് ഉണ്ടായ നിരാശ സങ്കൽപ്പിക്കുക. പ്രാർത്ഥനയ്‌ക്കുള്ള മറുപടിയോട് അയാൾ എത്ര അടുത്തായിരുന്നു! ഒരു ദിവസം കൂടി കാത്തിരുന്നിരുന്നെങ്കിൽ…..!!
ദാഹിക്കുന്നവരെ മാത്രമേ യേശു തന്റെ അടുക്കലേക്ക് വരാൻ ക്ഷണിച്ചിട്ടുള്ളൂ (യോഹന്നാൻ 7:37-39). പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവർ മാത്രമേ അവനെ കണ്ടെത്തുകയുള്ളൂ (യിരെമ്യാവ് 29:13). ദൈവത്തെ ഉത്സാഹത്തോടെ അന്വേഷിക്കുന്നവർക്ക് മാത്രമേ ദൈവം പ്രതിഫലം നൽകുന്നുള്ളൂ (എബ്രായർ 11:6 – KJV). എന്തുകൊണ്ട് ഇത് അങ്ങനെയാണ്? കാരണം, നാം ദൈവത്തെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ മാത്രമേ അവനുമായുള്ള നമ്മുടെ ബന്ധമാണ് ലോകത്തിൽ നമുക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് നമുക്ക് തെളിയിക്കാൻ കഴിയൂ.
പരിശുദ്ധാത്മാവിനാൽ നിറയപ്പെടാതെ, നാം ചെയ്യേണ്ടതുപോലെ ക്രിസ്തീയ ജീവിതം നയിക്കുക അസാധ്യമാണ്.
പരിശുദ്ധാത്മാവിനാൽ നിറയപ്പെടാതെ, നാം ചെയ്യേണ്ടതുപോലെ കർത്താവിനെ സേവിക്കുക അസാധ്യമാണ്.
യേശു പോലും തന്റെ ശുശ്രൂഷയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടേണ്ടിയിരുന്നു (ലൂക്കോസ് 3:21-23).
“ഉയരത്തിൽ നിന്നുള്ള ശക്തി ധരിക്കുന്നതുവരെ” കാത്തിരിക്കാൻ കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു (ലൂക്കോസ് 24:49). ലോകം സുവിശേഷം കേൾക്കേണ്ടതിന്റെ ആവശ്യകതയിൽ മരിച്ചുകൊണ്ടിരിക്കുമ്പോൾ, ആ അപ്പോസ്തലന്മാർ പുറത്തുപോയി കർത്താവിനെ പ്രസംഗിക്കുന്നതിന് മുമ്പ് പരിശുദ്ധാത്മാവിൽ സ്നാനം ഏൽക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു (പ്രവൃത്തികൾ 1:8).
നമ്മുടെ കാര്യമോ??
ഇതു നമുക്ക് ആവശ്യമില്ലെന്ന് ചിന്തിക്കുന്നത് എത്ര വിഡ്ഢിത്തരമാണ്!!
പെന്തക്കോസ്ത് നാളിൽ, മാനസാന്തരപ്പെടുകയും വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്ന എല്ലാവർക്കും ദൈവം രണ്ട് ദാനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പത്രോസ് ജനങ്ങളോട് പറഞ്ഞു – പാപമോചനവും പരിശുദ്ധാത്മാവും (പ്രവൃത്തികൾ 2:38 വായിക്കുക).
പാപമോചനം നമ്മെ സ്വർഗ്ഗത്തിന് യോഗ്യരാക്കുന്നു.
ആത്മാവിലുള്ള സ്നാനം ഭൂമിയിലെ ജീവിതത്തിന് നമ്മെ ശക്തീകരിക്കുന്നു.
മരണശേഷം സ്വർഗ്ഗത്തിൽ പോകുന്നതിൽ മാത്രമാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ, പരിശുദ്ധാത്മാവിൽ സ്നാനം ഏൽക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടാൽ മതി. എന്നാൽ നിങ്ങളുടെ ഭൗമിക ദിനങ്ങൾ ഉപയോഗപ്രദമായി ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കുവേണ്ടി മരിച്ചതിന് കർത്താവിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട്, അവനെ സേവിച്ചുകൊണ്ട് ജീവിക്കാൻ നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയണം.
പല വിശ്വാസികളും പരിശുദ്ധാത്മാവിൽ സ്നാനമേൽക്കാത്തതിന് അഞ്ച് പ്രധാന കാരണങ്ങളുണ്ട്:
(1) വീണ്ടും ജനിച്ചപ്പോൾ ആത്മാവിൽ സ്നാനമേറ്റു എന്ന ദൈവശാസ്ത്രപരമായ വാദം അവർക്ക് ബുദ്ധിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. അവർ പരാജിതരും, ശക്തിയില്ലാത്തവരും, ശൂന്യരും, ഫലമില്ലാത്തവരുമാണെങ്കിലും, അവർ ഈ ‘ദൈവശാസ്ത്രപരമായ വഞ്ചന’യിൽ വിശ്വസിക്കുന്നു.
(2) പരിശുദ്ധാത്മാവിൽ സ്നാനം സ്വീകരിക്കാൻ തങ്ങൾ യോഗ്യരല്ലെന്ന് അവർ കരുതുന്നു. വസ്തുത എന്തെന്നാൽ, നിങ്ങൾ എത്രത്തോളം അയോഗ്യരാണെന്ന് നിങ്ങൾ കരുതുകയും, നിങ്ങൾ എത്രത്തോളം വലിയ പാപിയാണെന്ന് നിങ്ങൾ കരുതുകയും ചെയ്യുന്നുവോ അത്രത്തോളം നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ യോഗ്യരായിരിക്കും – കാരണം ദൈവത്തിന്റെ ദാനങ്ങൾ അവ സ്വീകരിക്കാൻ ഏറ്റവും യോഗ്യരല്ലെന്ന് തോന്നുന്നവർക്ക് മാത്രമേ നൽകപ്പെടുന്നുള്ളൂ. നിങ്ങളുടെ പാപങ്ങളെക്കുറിച്ച് നിങ്ങൾ പശ്ചാത്തപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ എത്ര അയോഗ്യനാണെന്നോ ഉപയോഗശൂന്യനാണെന്നോ ഉള്ളത് പ്രശ്നമല്ല. ഹല്ലേലൂയാ!
(3) ദൈവം ഒരു നല്ല ദൈവമാണെന്ന് അവർ വിശ്വസിക്കുന്നില്ല – തന്നോട് ചോദിക്കുന്ന എല്ലാവർക്കും തന്റെ ദാനങ്ങൾ സൗജന്യമായി നൽകുന്നവൻ. ഉപവാസം, പ്രാർത്ഥന തുടങ്ങിയ ‘നല്ല പ്രവൃത്തികൾ’ ചെയ്തുകൊണ്ട്, അവർക്ക് ഒരു വില കൊടുക്കേണ്ടിവരുമെന്ന് അവർ കരുതുന്നു. എന്നാൽ ദൈവത്തിന്റെ ദാനങ്ങളെല്ലാം സൗജന്യമായി നൽകപ്പെടുന്നു – അത് പാപമോചനമായാലും ആത്മാവിലുള്ള സ്നാനമായാലും. ദൈവത്തിന്റെ ദാനങ്ങളൊന്നും വാങ്ങാൻ കഴിയില്ല. വിശ്വാസം ഉണ്ടായിരിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പല വിശ്വാസികളും കരുതുന്നു. എന്നാൽ യേശു വിശ്വാസത്തെ കുടിക്കുന്നതിനോട് ഉപമിച്ചു (യോഹന്നാൻ 7:37,38 കാണുക, “…കുടിക്കുക…. വിശ്വസിക്കുക“). പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത് കുടിക്കുന്നതുപോലെ എളുപ്പമാണ്. കുഞ്ഞുങ്ങൾക്ക് പോലും കുടിക്കാൻ അറിയാം പുതുതായി ജനിച്ചവർക്ക് പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കാൻ കഴിയും. “അപ്പോസ്തല പ്രവൃത്തികളിൽ” നമ്മൾ വായിക്കുന്നതുപോലെ, ആദ്യകാലങ്ങളിൽ അങ്ങനെയായിരുന്നു അത്.
(4) അവർക്ക് ദാഹിക്കുന്നില്ല. അവർ അത്ര നിരാശരല്ല. തനിക്ക് ആവശ്യമുള്ളത് ലഭിക്കുന്നതുവരെ, തന്റെ അയൽക്കാരന്റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്ന ഒരു മനുഷ്യന്റെ ഉപമ യേശു പറഞ്ഞു. പിന്നെ യേശു പറഞ്ഞു, ആ മനുഷ്യനെപ്പോലെ ചോദിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്യുന്നവർക്ക് നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിശുദ്ധാത്മാവിനെ നൽകുമെന്ന് (മുൻ വാക്യങ്ങളുടെ പശ്ചാത്തലത്തിൽ ലൂക്കോസ് 11:13 വായിക്കുക, വാക്യം 5 മുതൽ).
(5) മറ്റൊരാളുടെ സാക്ഷ്യത്തിൽ കേട്ടതിന് സമാനമായ ചില അനുഭവങ്ങൾക്കായി (അന്യഭാഷകൾ അല്ലെങ്കിൽ ചില പ്രകടനങ്ങൾ മുതലായവ) അവർ കാത്തിരിക്കുന്നു. അവർക്ക് ഏറ്റവും അനുയോജ്യമായ വരമോ പ്രകടനമോ എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം അവർ ദൈവത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല. ലളിതമായ വിശ്വാസത്തിലൂടെയാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത്. ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും (ഗലാ. 3:2; ലൂക്കോസ് 11:9-13). വികാരങ്ങൾക്കായി കാത്തിരിക്കരുത്. എന്നാൽ നിങ്ങൾക്ക് ഒരു ഉറപ്പ് നൽകാൻ ദൈവത്തോട് ആവശ്യപ്പെടുക. ആ ഉറപ്പ് അവൻ നിങ്ങൾക്ക് എങ്ങനെ നൽകുന്നു എന്നത് അവന് വിടുക. നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നും നിങ്ങൾ അവന്റെ സന്തതിയാണെന്നും അവൻ നിങ്ങൾക്ക് ഒരു ഉറപ്പ് നൽകിയില്ലേ? അതുപോലെ, അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാൽ നിറച്ചിട്ടുണ്ടെന്ന് അവന് ഉറപ്പുനൽകാനും കഴിയും. നിങ്ങൾക്ക് വേണ്ടത് ഒരു അനുഭവമല്ല, ശക്തിയാണ് (പ്രവൃത്തികൾ 1:8).
അതുകൊണ്ട്: ദാഹിക്കുക – വിശ്വസിക്കുക – സ്വീകരിക്കുക. ഇപ്പോൾ സ്വീകാര്യമായ സമയമാണ്. ഇന്ന് രക്ഷയുടെ ദിവസമാണ്.
“കർത്താവിന്റെ ആത്മാവ് നിങ്ങളുടെ മേൽ വരും, നിങ്ങൾ മറ്റൊരു മനുഷ്യനായി രൂപാന്തരപ്പെടും” (1 ശമു. 10:6).