മറ്റുള്ളവർക്ക് ഒരനുഗ്രഹം ആയിതീരുന്നത്- WFTW 15 മെയ് 2022

സാക് പുന്നന്‍

മത്തായി 14:19ൽ, മറ്റുള്ളവർക്ക് ഒരനുഗ്രഹമായി തീരുന്നതിനുള്ള മൂന്നു പടികൾ നാം കാണുന്നു.

  1. യേശു ആ എല്ലാ അപ്പവും മീനും കയ്യിൽ എടുത്തു.
  2. അവിടുന്ന് അതിനെ വാഴ്ത്തി അനുഗ്രഹിച്ചു എന്നിട്ട്,
  3. അതിനെ നുറുക്കി.

അതിനു ശേഷം ജനക്കൂട്ടത്തിനു തിന്മാൻ കൊടുത്തു. ഇങ്ങനെയാണ് നിങ്ങളെയും മറ്റുള്ളവർക്ക് ഒരനുഗ്രഹമാക്കി തീർക്കാൻ കർത്താവ് ആഗ്രഹിക്കുന്നത്. അവിടെ ഉണ്ടായിരുന്ന ചെറിയ ബാലകൻ ചെയ്തതുപോലെ ഒന്നാമത് നിങ്ങൾക്കുള്ളതെല്ലാം അവിടുത്തേക്കു നൽകുക. അപ്പോൾ അവിടുന്ന് പരിശുദ്ധാത്മ ശക്തിയാൽ നിങ്ങളെ അനുഗ്രഹിക്കും. അതിനു ശേഷം പല ശോധനകൾ, മോഹഭംഗങ്ങൾ, നിരാശാജനകമായ പ്രതീക്ഷകൾ, പരാജയങ്ങൾ, രോഗങ്ങൾ, വഞ്ചനകൾ മുതലായവയിലൂടെ നിങ്ങളെ നുറുക്കി, മനുഷ്യൻ്റെ കണ്ണുകളിൽ നിങ്ങളെ ഒന്നുമല്ലാതാക്കി കുറയ്ക്കും. പിന്നീട് നിങ്ങളിലൂടെ അവിടുന്നു മറ്റുള്ളവരെ അനുഗ്രഹിക്കും. അതു കൊണ്ട് അവിടുത്തെ നുറുക്കലുകൾക്ക് വിധേയപ്പെടുക. വേദപുസ്തകം പറയുന്നത് യേശു ആദ്യം തകർക്കപ്പെടുകയും പിന്നീട് അവിടുത്തെ കൈകളിൽ പിതാവിൻ്റെ പ്രവൃത്തി അദിവൃദ്ധി പ്രാപിക്കയും ചെയ്തു (യെശ.53:10-12 കാണുക). ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ തൻ്റെ മനുഷ്യസഹജമായ സ്വയഹിതം തകർക്കപ്പെടാൻ യേശു അനുവദിച്ചു. അങ്ങനെ മാത്രമാണ് നിഷ്കളങ്കനായി തന്നെത്തന്നെ പിതാവിന് അർപ്പിക്കാൻ അവിടുത്തേക്ക് കഴിഞ്ഞത്. ഈ ഉദ്ദേശ്യത്തിനു വേണ്ടിയാണ് ആത്മാവ് അവനെ ശക്തീകരിച്ചത് (എബ്രാ.9:14). നിങ്ങളുടെ സ്വന്ത ഇഷ്ടം തകർക്കുവാൻ നിങ്ങളും പരിശുദ്ധാത്മാവിനെ അനുവദിക്കുന്നതിലൂടെ മാത്രമെ നിങ്ങൾ ആത്മീയനായി തീരുകയുള്ളു. നിങ്ങൾ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നതിനു പകരം, നിങ്ങളുടെ ശക്തമായ സ്വയജീവൻ ഇഷ്ടപ്പെടുന്നതു ചെയ്യുവാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്ന വേളകളിൽ നിങ്ങളുടെ സ്വന്തഹിതം തകർക്കപ്പെടണം.

ദൈവഹിതം നിങ്ങളുടെ ഇഷ്ടത്തെ വിച്ഛേദിക്കുന്നിടത്താണ് നിങ്ങളുടെ ക്രൂശ് കണ്ടെത്തുന്നത്. അവിടെ നിങ്ങളുടെ സ്വന്തഹിതം ക്രൂശിക്കപ്പെടണം. അവിടെ നിങ്ങൾ മരിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളോടാവശ്യപ്പെടും. ആത്മാവിൻ്റെ ശബ്ദം നിരന്തരം അനുസരിച്ചാൽ, നിങ്ങൾ സ്ഥിരമായി നുറുക്കപ്പെട്ടവരായി നില നിൽക്കും; അങ്ങനെ തുടർമാനം ആത്മാവിൽ നുറുക്കപ്പെട്ടവരായി നിലനിൽക്കുന്നവർക്ക് തുടർച്ചയായി ഉണർവ് നൽകും എന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വത വാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു: “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു, താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു” ( യെശ.57:15).

എല്ലാ സമയവും നിങ്ങളുടെ തന്നെ ആവശ്യത്തെ കുറിച്ചുള്ള ഒരു ബോധത്തിൽ നിലനിൽക്കുന്നത് നല്ലതാണ്- “ആത്മാവിലുള്ള ദാരിദ്ര്യം”. എന്നാൽ തന്നെ ശുഷ്കാന്തിയോടെ അന്വേഷിക്കുന്നവർക്ക് ദൈവം ശക്തിയോടെ പ്രതിഫലം നൽകും എന്ന് നിങ്ങൾ വിശ്വസിക്കുകയും വേണം. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും അവിടുത്തെ ശക്തിയാൽ നിറയ്ക്കുകയും ചെയ്യും എന്ന് നിങ്ങൾ വിശ്വസിക്കുകയും കൂടി ചെയ്യുന്നില്ലെങ്കിൽ, ആത്മാവിൽ ദരിദ്രരായിരിക്കുന്നതിൻ്റെ എല്ലാ മാഹാത്മ്യവും വിലയില്ലാത്തതാകും.

ഓരോ സഭയിലുമുള്ള ദരിദ്രനും ബലഹീനരുമായവരോടുള്ള കൂട്ടായ്മ അന്വേഷിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കാരണം പലരും കുഞ്ഞുങ്ങളെ അവഗണിക്കുന്നു. ഒരു സഭയിൽ എപ്പോഴും താഴ്ന്നതും ശ്രദ്ധിക്കപ്പെടാത്തതുമായ സ്ഥാനങ്ങളും, മറ്റുള്ളവർക്ക് കാണപ്പെടാത്ത ശുശ്രൂഷകളും അന്വേഷിക്കുക. ഒരു സഭയിലും ഒരിക്കലും പ്രാമുഖ്യത്തിനു വേണ്ടി അന്വേഷിക്കാതിരിക്കുക, ഒരു വിധത്തിലും ആരിലും നിങ്ങളുടെ വരങ്ങൾ കൊണ്ടോ അല്ലെങ്കിൽ നിങ്ങളുടെ പ്രാവീണ്യം കൊണ്ടോ മതിപ്പുളവാക്കുവാൻ ശ്രമിക്കരുത്. എന്നാൽ എല്ലാ മീറ്റിംഗുകളിലും (യോഗങ്ങളിലും) എപ്പോഴും സാക്ഷ്യം പറയുവാൻ ധൈര്യപ്പെടുക, സാധ്യമായ വിധത്തിലെല്ലാം സഭയിൽ ശുശ്രൂഷ ചെയ്യുക- തറ വൃത്തിയാക്കുന്നതായാലും പിയാനോ വായിക്കുന്നതായാലും. ഏതെങ്കിലും ഒരു ശുശ്രൂഷയ്ക്കായി ആരുമായും മത്സരത്തിൽ ഏർപ്പെടരുത്. നിങ്ങൾ വിശ്വസ്തരാണെങ്കിൽ, അവിടുന്ന് നിങ്ങൾക്കു വേണ്ടി ഉദ്ദേശിച്ചിരിക്കുന്ന ശുശ്രൂഷ, ദൈവം തന്നെ ശരിയായ സമയത്ത് തുറന്നു തരും.