സാക് പുന്നന്‍
Read PDF version
ക്രിസ്തു മടങ്ങി വരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് 1 തെസ്സ 4:1318 ല്‍ പൗലൊസ് പറയുന്നു. ‘ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുന്നവരെ കുറിച്ച് നിങ്ങള്‍ അറിവില്ലാത്തവര്‍ ആയിരിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’. അത് ക്രിസ്തുവില്‍ മരിച്ചവരെ സൂചിപ്പിക്കുന്നു. യേശു മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു; അതു പോലെ ക്രിസ്തുവില്‍ മരിച്ചിട്ടുളളവരും ഉയിര്‍ത്തെഴുന്നേല്‍ക്കും. യേശു മടങ്ങിവരുമ്പോള്‍, ജീവനോടിരിക്കുന്ന നാം, നമുക്കു മുമ്പേ ക്രിസ്തുവില്‍ മരിച്ചവര്‍ക്കു മുമ്പാകയില്ല. അവര്‍ കല്ലറകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. അത് ഒന്നാമത്തെ പുനരുദ്ധാനം ആയിരിക്കും. അതിനുശേഷം നാമും അവരോടൊപ്പം കര്‍ത്താവിനെ എതിരേല്‍പ്പാന്‍ എടുക്കപ്പെടും. അടുത്ത ആയിരം വര്‍ഷത്തേക്ക് അവിശ്വാസികള്‍ ആരും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല. അവര്‍ രണ്ടാമത്തെ പുനരുദ്ധാനത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
നമ്മുടെ കര്‍ത്താവ്, തന്റെ മടങ്ങിവരവില്‍, ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹള ധ്വനിയോടും കൂടെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരും. അപ്പോള്‍ എല്ലാ വിശുദ്ധന്മാരും കര്‍ത്താവിനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. യേശു തന്റെ മടങ്ങിവരവിനെക്കുറിച്ച് തന്റെ ശിഷ്യന്മാരോട് സംസാരിച്ചപ്പോള്‍ ഇതേ കാര്യങ്ങള്‍ തന്നെ പറഞ്ഞു.’ അവിടുന്ന് ഇതാ ഇവിടെ എന്നോ’ അല്ലെങ്കില്‍ ‘ അവിടുന്ന് അതാ അവിടെ എന്നോ’ അല്ലെങ്കില്‍ ‘ അവിടുന്ന് രഹസ്യമായി വന്നിരിക്കുന്നു’ എന്നോ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്’ എന്ന് അവിടുന്നു പറഞ്ഞു ( മത്തായി 24:26). ഇന്ന് അനേകര്‍ വിശ്വസിക്കുന്നതു പോലെ അവിടുന്ന് രഹസ്യമായി വരികയില്ല എന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. അവിടുന്നു വരുമ്പോള്‍, അത് മിന്നല്‍ പിണര്‍ കിഴക്കുനിന്നു പുറപ്പെട്ട് പടിഞ്ഞാറുവരെ പ്രകാശിക്കുന്നതു പോലെ ആയിരിക്കും. എല്ലാ കണ്ണുകള്‍ക്കും അവിടുത്തെ കാണുവാന്‍ കഴിയും.
ക്രിസ്തുവിന്റെ വരവ് എപ്പോഴാണ് സംഭവിക്കുന്നത്? യേശു അതിനും ഉത്തരം പറഞ്ഞിട്ടുണ്ട്: ‘ കഷ്ടം കഴിഞ്ഞാലുടനെ’ ( മത്തായി 24:29). അനേകര്‍ വിശ്വസിക്കുന്നത് കഷ്ടത്തിനു മുമ്പേ ക്രിസ്തു തന്റെ വിശുദ്ധന്മാരെ ഉല്‍പ്രാപണം ചെയ്യിക്കും എന്നാണ്. എന്നാല്‍ അങ്ങനെ പഠിപ്പിക്കുന്ന ഒരൊറ്റ വാക്യം പോലും തിരുവചനത്തിലൊരിടത്തുമില്ല. അത് മനുഷ്യന്റെ ഒരു ഉപദേശമാണ്. കഷ്ടത്തിനുശേഷമാണ് അവിടുന്നു വരുന്നതെന്ന് യേശുതന്നെ വ്യക്തമായി പറഞ്ഞു. ഇവിടെ 4:16,17 ല്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ മത്തായി 24:30, 31ല്‍ യേശു പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്. യേശു തന്റെ ദൂതന്മാരുമായി മേഘങ്ങളില്‍ പ്രത്യക്ഷനാകുന്നതും, കാഹളധ്വനിയും വിശുദ്ധന്മാര്‍ കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ എടുക്കപ്പെടുന്നതും.
1 തെസ്സ 5:2 ല്‍ നാം വായിക്കുന്നത്, ‘കളളന്‍ രാത്രിയില്‍ വരുന്നതുപോലെ കര്‍ത്താവിന്റെ ദിവസം വരും’ എന്നാണ്. ഒരു കളളന്‍ തന്റെ വരവിനെക്കുറിച്ച് അറിയിക്കാറില്ല. അപ്രതീക്ഷിതമായാണ് അവന്‍ വരുന്നത്. അതുപോലെ കര്‍ത്താവ് മടങ്ങി വരുമ്പോള്‍ ഓരോ അവിശ്വാസിയും അത്ഭുത പരവശരാകും. വെളിച്ചത്തിന്റെ മക്കളായ നാം, എല്ലാവിധത്തിലും, നമ്മുടെ കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുന്നവരാണ് (5:4). നാം ഇരുളില്‍ ജീവിക്കുന്നില്ല. അതു കൊണ്ട് നാം ആത്മീയമായി ഉറങ്ങാതെ ജാഗ്രതയുളളവരായിരിക്കാം (5:6).
നാം ഉണര്‍ന്നിരിക്കുകയാണോ അതോ ഉറങ്ങുകയാണോ എന്ന് നമുക്കെങ്ങനെ അറിയാന്‍ കഴിയും? ഒരാള്‍ ഉറങ്ങുമ്പോള്‍, ആ മുറിയില്‍ അവന്റെ ചുറ്റിലും യഥാര്‍ത്ഥമായുളള കാര്യങ്ങള്‍ അവന് അദൃശ്യമാണ്; എന്നാല്‍ യഥാര്‍ത്ഥമല്ലാത്തവ (അവന്റെ സ്വപ്നങ്ങളില്‍) യാഥാര്‍ത്ഥ്യമായി പ്രത്യക്ഷമാകുന്നു. അതുപോലെ തന്നെ, നിത്യതയുടെ യാഥാര്‍ത്ഥ്യങ്ങള്‍ യാഥാര്‍ത്ഥ്യമല്ലാതെ കാണപ്പെടുകയുംലോകത്തിന്റെ മിത്ഥ്യയായ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി കാണപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിശ്വാസി ആത്മീയമായി ഉറങ്ങുകയാണ്. സ്വര്‍ഗ്ഗത്തോടും നിത്യതയോടും താരതമ്യം ചെയ്യുമ്പോള്‍ ഈ മുഴുവന്‍ ലോകവും മിത്ഥ്യാസ്വപ്നം പോലെയാണ്. സ്വര്‍ഗ്ഗ ത്തിന്റെ കാര്യങ്ങളാണ് സത്യത്തില്‍ നിത്യമായ കാര്യങ്ങള്‍. ഉറങ്ങുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം , കര്‍ത്താവു വരുന്നത് കളളന്‍ രാത്രിയില്‍ വരുന്നതു പോലെ ആയിരിക്കും എന്നത് തീര്‍ച്ചയാണ്. നാം ആ ദിവസത്തിനായി നോക്കി പാര്‍ത്തു കൊണ്ട് അവിടുത്തെ വരവിനായി ആകാംഷയോടെ കാത്തിരിക്കുക എന്നാണ് പൗലൊസ് പറയുന്നത്.
എല്ലാം സമാധാനപരവും സുരക്ഷിതവുമാണെന്ന് ആയിരിക്കും നമുക്ക് ചുറ്റുമുളളവര്‍ ചിന്തിക്കുന്നത് (1 തെസ്സ 5:3). എന്നാല്‍ പെട്ടെന്ന് നാശം അവരുടെ മേല്‍വരും. ഇവിടെ പറയുന്നത്, ഈ നാശം അവര്‍ക്കു വന്നു ഭവിക്കുന്നത് ‘ ഗര്‍ഭിണിക്ക് പ്രസവവേദന എന്ന പോലെ’ എന്നാണ് ( 1 തെസ്സ 5:3). അന്ത്യനാളുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ യേശുവും ഇതേ പദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത് ( മത്തായി 24:8). ഒരു കുഞ്ഞ് പിറക്കുന്നതിനു മുമ്പ് തനിക്ക് അനേക മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രസവവേദനയുടെ കഷ്ടത നിറഞ്ഞ ഒരു സമയമുണ്ട് എന്ന് ഓരോ സ്ത്രീക്കും അറിയാം (മരിച്ചു പോകുമെന്ന് തോന്നത്തക്കവിധത്തില്‍ വേദനയുളള ഒരു സമയമായിരുന്നു അത് എന്ന് ചില അമ്മമാര്‍ പറയാറുണ്ട്). അതിനുശേഷമെ ഒരു കുഞ്ഞു പിറക്കുന്നുളളു.
കര്‍ത്താവിന്റെ വരവിന് മുമ്പുളള വേദനാജനകമായ പീഡനത്തിന്റെ കാലയളവിന്റെ ഒരു ചിത്രമാണിത്. അങ്ങനെ ഒരു ഈറ്റുനോവില്ലാതെ ഒരു കുഞ്ഞു പിറക്കുന്നില്ല. വേദനാജനകമായ ഈ പീഡനത്തിനു മുമ്പേ കര്‍ത്താവിന്റെ വരവും സംഭവിക്കാന്‍ പോകുന്നില്ല. ആ കാലയളവിനെ നാം ഭയപ്പെടുന്നില്ല. അവിടുത്തെ സാക്ഷിയായി നാം ഇവിടെ ആയിരിക്കുവാനും സുവിശേഷത്തിനുവേണ്ടി നമ്മുടെ ജീവന്‍ വച്ചു കൊടുക്കുവാനും കര്‍ത്താവ് നമ്മെ അനുവദിക്കുകയാണെങ്കില്‍ അത് നമുക്ക് ഒരു വലിയ ബഹുമതി ആയിരിക്കും.