ക്രിസ്തുവിൻ്റെ ശരീരത്തിലെ പരിപൂരകങ്ങളായ ധർമ്മങ്ങൾ – WFTW 17 നവംബർ 2024

സാക് പുന്നൻ

മഹാനിയോഗത്തിൻ്റെ ആദ്യ പകുതി നിവർത്തിക്കുന്ന പലരും അതിൻ്റെ രണ്ടാം പകുതി നിവർത്തിക്കുന്നത് എത്ര പ്രാധാന്യമുള്ള കാര്യമാണെന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് ക്രിസ്തീയഗോളത്തിലെ മഹാദുരന്തം. അതിനേക്കാൾ മോശമായ കാര്യം, ആദ്യപകുതി നിവർത്തിക്കുന്ന അനേകം പ്രവർത്തകർ രണ്ടാം പകുതി നിർവഹിക്കുന്നതിനുവേണ്ടി ശ്രമിക്കുന്നവരെ വാസ്തവത്തിൽ പുച്ഛിക്കുന്നു എന്നതാണ്. നാം താഴ്മയുള്ളവരാണെങ്കിൽ, നാം ക്രിസ്തുവിൻ്റെ ശരീരത്തിലെ സഹപ്രവർത്തകരാണെന്നും, ഒരു ധർമ്മം മറ്റേതിനെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണെന്നും കണ്ടെത്തും. സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്തവരുടെ അടുത്തേക്ക്, ക്രിസ്തു അവരുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന സന്ദേശവുമായി പോകുന്ന ഒരു വ്യക്തി, സുവിശേഷം കേട്ടു മാനസാന്തരപ്പെട്ട ആ വ്യക്തിയെ ഒരു ശിഷ്യനാക്കിക്കൊണ്ട് യേശു കല്പിച്ചതെല്ലാം ചെയ്യാൻ പഠിപ്പിക്കുന്ന ഒരു വ്യക്തിയുടെ അത്ര തന്നെ പ്രാധാന്യമുള്ളവനാണ്.

മഹാനിയോഗത്തിൻ്റെ ആദ്യഭാഗം നിവർത്തിക്കുന്നത് വളരെ ആവേശകരമാണ് കാരണം ഈ പ്രവൃത്തിയോടു ബന്ധപ്പെടുത്തുവാൻ ധാരാളം അതിശയകരമായ കഥകൾ ലഭിക്കുന്നു. പ്രേക്ഷിതവേലയുടെയും സുവിശേഷ വേലയുടെയും യഥാർത്ഥ കണക്കുകൾ ആവേശമുണർത്തുന്നതാണ്. ഭൂതങ്ങളിൽ നിന്നും വിഗ്രഹാരാധനയിൽ നിന്നും അതുപോലെയുള്ള മറ്റു പലതിൽ നിന്നും വിടുവിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട പല കഥകൾ അതിലുണ്ട്, പ്രത്യേകിച്ച് ധാരാളം സ്ഥിതിവിവരക്കണക്കുകൾ അറിയിക്കാനുമുണ്ട്. സുവിശേഷകന്മാർക്ക് തങ്ങൾ ക്രിസ്തുവിലേക്കു കൊണ്ടുവന്നവരുടെ എണ്ണത്തെ കുറിച്ചു പ്രശംസിക്കാൻ കഴിയും. എന്നാൽ മാനസാന്തരപ്പെട്ട ഒരുവനെ എടുത്ത് യേശു പഠിപ്പിച്ചതെല്ലാം അനുസരിക്കുന്ന ഒരു ശിഷ്യനാക്കുന്ന മറ്റൊരു ക്രിസ്തീയ പ്രവർത്തകൻ്റെ കാര്യം എന്താണ്? അയാൾക്ക് പ്രശംസിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമുണ്ടായിരിക്കയില്ല, എന്നാൽ അയാൾ ശിഷ്യന്മാരെ ഉണ്ടാക്കുന്നതിന് ഭൂമിയിൽ ഒരു മാനവും ലഭിക്കാതെ കൂടുതൽ വിശ്വസ്തമായി ജോലി ചെയ്തു എന്ന് ക്രിസ്തു മടങ്ങിവരുമ്പോൾ നാം കണ്ടെത്തിയേക്കാം. പൊതുവായി പറഞ്ഞാൽ തങ്ങൾക്ക് റിപ്പോട്ട് നൽകാൻ പറ്റുന്നതും എണ്ണം പറയാൻ പറ്റുന്നതുമായ ശുശ്രൂഷകൾ ചെയ്യാനാണ് ക്രിസ്ത്യാനികൾ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് മഹാനിയോഗത്തിൻ്റെ മർക്കോസ് 16:15ലെ വശത്തിന് മത്തായി 28:19-20 വരെയുള്ള മറ്റെ പകുതിയെക്കാൾ വളരെയധികം ജനപ്രീതിയുള്ളത്. അതുകൊണ്ടു തന്നെയാണ് നാം മറ്റെ പകുതിയിൽ കേന്ദ്രീകരിച്ച് യേശു കല്പിച്ചതെല്ലാം ചെയ്യുവാൻ ആളുകളെ പഠിപ്പിക്കുന്നത്.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന്, സുവിശേഷം പ്രസംഗിച്ചു കൊണ്ടും സുവിശേഷീകരണം നടത്തിക്കൊണ്ടും നിങ്ങൾ 25 വർഷങ്ങൾ ചെലവഴിച്ചിരിക്കുന്നു എന്നു കരുതുക. നിങ്ങൾ ഒരു സുവിശേഷകനാണെങ്കിൽ നിങ്ങൾ ക്രിസ്തുവിലേക്കു കൊണ്ടുവന്ന നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ആളുകളുടെ സ്ഥിതിവിവര കണക്കുകൾ അറിയിക്കുവാനുള്ള അവസരം നിങ്ങൾക്കുണ്ടായേക്കാം. എന്നാൽ ആ 25 വർഷങ്ങൾ, ഇതുവരെ ശിഷ്യരാകാതെ രക്ഷിക്കപ്പെട്ട ഒരു കൂട്ടത്തെ യേശു കല്പിച്ചതെല്ലാം ചെയ്യുവാൻ പഠിപ്പിച്ചു കൊണ്ടു നിങ്ങൾ ചെലവാക്കിയാൽ, സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പ്രസിദ്ധീകരിക്കുവാൻ നിങ്ങൾക്ക് അധികമൊന്നും കാണുകയില്ല. ഏതു വിധത്തിലായാലും, ഈ ഭൂമിയിൽ ക്രിസ്തുവിനുവേണ്ടി, ക്രിസ്തു തുല്യമായ വളരെയധികം മെച്ചപ്പെട്ട സാക്ഷികളെ നിങ്ങൾ ഉണ്ടാക്കിയിരിക്കുന്നു, തന്നെയുമല്ല ആദാമ്യ പ്രകൃതത്തിൽ നിന്നു വീണ്ടെടുക്കപ്പെട്ട മനുഷ്യൻ്റെ ഒരു വിശിഷ്ഠ മാതൃകയായി പിശാചിനു കാണിച്ചു കൊടുക്കാൻ ദൈവത്തിനു കഴിയുന്നവരും ക്രിസ്തുവിൻ്റെ സ്വഭാവം വെളിപ്പെടുത്താൻ കഴിയുന്നവരും ആണവർ, ആ പ്രയത്നം സ്വർഗ്ഗത്തിൽ മഹത്വം കൊണ്ടുവരുന്നു, ഈ ഭൂമിയിലല്ല.

മനുഷ്യരിൽ നിന്ന് (സഹക്രിസ്ത്യാനികളിൽ നിന്നു പോലും!) മാനം അന്വേഷിക്കുന്ന ഒരുവനാണെങ്കിൽ, നിങ്ങൾ മഹാനിയോഗത്തിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ച് അധികം ശ്രദ്ധിക്കുകയില്ല, കാരണം പ്രസിദ്ധപ്പെടുത്തുവാൻ നിങ്ങൾക്കു വളരെയൊന്നും അതു തരികയില്ല. നിങ്ങളുടെ താത്പര്യം സ്ഥിതിവിവര കണക്കുകളിലും എണ്ണത്തിലും മനുഷ്യ മാനത്തിലും ആണെങ്കിൽ, നിങ്ങൾ ആദ്യഭാഗത്തിൽ മാത്രം താത്പര്യപ്പെട്ടിരിക്കും. പഴയ നിയമ പ്രവാചനന്മാരാരും ഒരിക്കലും ജനപ്രീതി നേടിയവരായിരുന്നില്ല, യിസ്രായേലിൽ ജനപ്രീതിയുണ്ടായിരുന്നവർ കള്ള പ്രവാചകന്മാരായിരുന്നു. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? വ്യത്യാസങ്ങളിൽ ഒന്ന് വ്യാജ പ്രവാചകന്മാർ ജനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെട്ട കാര്യങ്ങൾ അവരോട് സംസാരിച്ചു, അതേസമയം യഥാർത്ഥ പ്രവാചകന്മാർ ജനങ്ങളോടു പറഞ്ഞത്, അവർ ദൈവത്തിൽ നിന്നു കേൾക്കേണ്ടിയിരുന്ന കാര്യങ്ങളായിരുന്നു. മിക്കവാറും, അത് അവരുടെ പാപങ്ങളെ കുറിച്ചും, അവരുടെ ലൗകികതയെ കുറിച്ചും, അവരുടെ വിഗ്രഹാരാധനയെ കുറിച്ചും, വ്യഭിചാരത്തെ കുറിച്ചും, അവർ ദൈവത്തിൽ നിന്ന് അകന്നുപോകുന്നതിനെ കുറിച്ചും ഒക്കെയുള്ള ഒരു ശാസന അതുപോലെ തന്നെ മാനസാന്തരത്തിനായുള്ള (ദൈവത്തിലേക്കു മടങ്ങി വരുന്നതിനുള്ള) ഒരു വിളിയും ആയിരുന്നു.

പ്രവചന ശുശ്രൂഷ പഴയ നിയമത്തിലും ഒരിക്കലും ജനപ്രീതിയാർജ്ജിച്ച ഒന്നായിരുന്നില്ല. പുതിയ നിയമത്തിലും പ്രചനശുശ്രൂഷയും അതേ വിധത്തിലാണ്. ദൈവജനത്തെ ദൈവത്തിങ്കലേക്കും, അവിടുത്തെ വചനത്തിലേക്കും, തിരുവചനത്തിൻ്റെ അനുസരണത്തിലേക്കും, യേശു പഠിപ്പിച്ച സകലവും അനുസരിക്കുന്നതിലേക്കും മടങ്ങിവരുന്നതിനായി വിളിക്കുന്നതാണ്. അത് സുവിശേഷീകരണ ശുശ്രൂഷയിൽ നിന്നു വളരെ വ്യത്യസ്തമാണ് – പ്രവാചകന്മാരാൽ മാത്രമോ അല്ലെങ്കിൽ സുവിശേഷകന്മാരെ കൊണ്ടു മാത്രമോ ക്രിസ്തുവിൻ്റെ ശരീരം പണിയപ്പെടാൻ കഴിയുകയില്ല.

ഒരുദാഹരണം പറഞ്ഞാൽ, മഹാനിയോഗത്തിൻ്റെ ആദ്യ പകുതി (മർക്കൊസ് 16:15) സുവിശേഷീകരണത്തിലൂടെ നടക്കുന്നത്, ഭക്ഷണം ഒരു പാത്രത്തിൽ നിന്ന് എടുത്ത് നമ്മുടെ വായിലേക്ക് ഇടുന്നതുപോലെയുള്ള ഒരു പ്രവൃത്തിയാണ്. എല്ലാ സുവിശേഷീകരണത്തിൻ്റെയും ഉദ്ദേശ്യം എന്താണ്? ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവമല്ലാത്ത ഒരാളിനെ ക്രിസ്തുവിൻ്റെ ശരീരത്തിലേക്കു കൊണ്ടുവരേണ്ടതിന്. അതാണ് അടിസ്ഥാനപരമായി സുവിശേഷീകരണം. സുവിശേഷീകരണം രൂപകല്പന ചെയ്തിരിക്കുന്നത് ഒരു അവിശ്വാസിയെ, വിഗ്രഹാരാധിയെ അല്ലെങ്കിൽ ദൈവമില്ലാത്ത ഒരുവനെ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗമാക്കി തീർക്കേണ്ടതിനാണ്. ഈ നിമിഷം എൻ്റെ ശരീരത്തിൻ്റെ ഭാഗമല്ലാത്ത ആഹാരത്തെ എൻ്റെ കൈ പ്ലേറ്റിൽ നിന്ന് എടുത്ത് എൻ്റെ ശരീരത്തിലേക്ക് ഇടുന്നു. സുവിശേഷീകരണം ഒരു അക്രൈസ്തവനെ ക്രിസ്തുവിൻ്റെ ശരീരത്തിലേക്കു കൊണ്ടുവരുന്നതിൻ്റെ ഒരു ചിത്രമാണത്.

ആഹാരം മുഴുവനായി ശരീരത്തിൻ്റെ ഒരു ഭാഗമായി തീരുന്നതെങ്ങനെയാണ്? ഏറ്റവും ഒന്നാമത്, ഞാൻ ആ ഭക്ഷണം കണ്ടിട്ട് കൈ കൊണ്ട് അതെടുക്കുന്നു, അതിനു ശേഷം അത് എൻ്റെ വായിലേക്കിടുന്നു. ഇതാണ് സുവിശേഷീകരണം, ഒരു അവിശ്വാസിയെ എടുത്ത് ക്രിസ്തുവിലേക്ക് അയാളെ കൊണ്ടുവരുന്നത് എന്നാൽ ഈ ഭക്ഷണം എൻ്റെ വായിൽ തന്നെ അവശേഷിച്ചാൽ, ഞാൻ അതിനെ വായിൽ സൂക്ഷിക്കുന്നിടത്തോളം കാലം അതൊരിക്കലും എൻ്റെ ശരീരത്തിൻ്റെ ഭാഗമാകാൻ പോകുന്നില്ല, പിന്നീട് ഞാൻ അതു പുറത്തേക്ക് തുപ്പിക്കളയും. തങ്ങളുടെ കരങ്ങൾ ഉയർത്തി തീരുമാന കാർഡുകൾ ഒപ്പിട്ടിട്ട് തങ്ങൾ ക്രിസ്തുവിങ്കലേക്കു വന്നിരിക്കുന്നു എന്നു പറയുന്ന അനേകം ആളുകളും അതുപോലെയാണ്. വായിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരം പോലെ. നിങ്ങൾ അവിടെ ചെന്ന്, ഈ തീരുമാന കാർഡുകളിൽ ഒപ്പിട്ടിരിക്കുന്ന 500 ആളുകളെ സന്ദർശിക്കുക, അപ്പോൾ അവരിൽ ഒരാൾ മാത്രമേ ഒരു യഥാർത്ഥ ശിഷ്യനായി തീർന്നുള്ളു എന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ബാക്കിയുള്ള മറ്റ് 499 പേർ ഒഴുകി പോയി എന്നു കാണും. അതാണ് എല്ലാ സമയത്തും സംഭവിക്കുന്നത്. ആഹാരം വെറുതെ വായിലേക്കെത്തിച്ചാൽ മാത്രം പോരാ. പല്ലുകൾ ആഹാരം ചവയ്ക്കണം, അതിനു ശേഷം അത് തൊണ്ടയിലൂടെ വയറ്റിൽ (ആമാശയത്തിൽ) എത്തുകയും അവിടെയുള്ള പലതരത്തിലുള്ള ആസിഡുകൾ അതിൻ്റെ മേൽ വീണിട്ട് അതിനെ പൊടിക്കുന്നു. ഈ അവസരത്തിൽ അതിനി ഒരിക്കലും ഒരു ഉരുളക്കിഴങ്ങോ ചപ്പാത്തിയോ അല്ലെങ്കിൽ ചോറോ അല്ല. അതു മറ്റു രൂപങ്ങളായി മാറ്റപ്പെടുന്നു. പക്ഷെ ദഹന പ്രക്രിയയ്ക്കും ശരീരത്തിനകത്തു നടുന്ന മറ്റു പല കാര്യങ്ങൾക്കും ശേഷം, ഒടുവിൽ ആ ആഹാരം മുഴുവനായി ശരീരത്തിൻ്റെ ഭാഗമായി തീരുന്നു. പ്രാരംഭത്തിൽ ആഹാരം എടുത്ത് വായിലേക്കിടുന്നത് ഒരു വളരെ ശാന്തമായ ശുശ്രൂഷയാണ്. അതാണ് സുവിശേഷീകരണം. എന്നാൽ അതിനു ശേഷം, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങൾ അതേറ്റെടുക്കുന്നു, കൈ ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അവ ചെയ്യുന്നു. അതുപോലെ സുവിശേഷകന്മാർക്കു ചെയ്യാൻ പറ്റാത്ത പ്രവചന ശുശ്രൂഷ, ഉപദേശ ശുശ്രൂഷ, ഇടയ ശുശ്രൂഷ, അപ്പൊസ്തൊലിക ശുശ്രൂഷ മുതലായവ പോലുള്ള ധർമ്മങ്ങൾ മറ്റു പ്രവർത്തകൾ ചെയ്യുന്നു. ഇവയെല്ലാം ആ വ്യക്തിയെ ക്രിസ്തുവിൻ്റെ ശരീരത്തിലെ ഒരു ജീവനുള്ള, പ്രവർത്തിക്കുന്ന, ഫലപ്രദവും ശക്തിയുള്ളതുമായ ഒരു അവയവമാക്കി തീർക്കുവാൻ തക്കവണ്ണം പണിയുന്നു. ആ ആഹാരം ഏതാനും ആഴ്ചകൾക്കു ശേഷം, പിന്നീടൊരിക്കലും അതൊരു ഉരുളക്കിഴങ്ങോ ചപ്പാത്തിയോ ആയിരിക്കാതെ മാംസവും രക്തവും അസ്ഥിയും ആയിത്തീർന്നതുപോലെ, ഒരു സുവിശേഷകൻ ക്രിസ്തുവിലേക്കു കൊണ്ടുവരുന്ന ഓരോ വ്യക്തിയുടെ കാര്യത്തിലും അതങ്ങനെ തന്നെ ആയിരിക്കണം.

അതുകൊണ്ട് ഏതു ധർമ്മമാണ് കൂടുതൽ ആവശ്യമുള്ളത്? സുവിശേഷകനാണോ അല്ലെങ്കിൽ പ്രവാചകനാണോ, അല്ലെങ്കിൽ ഇടയനാണോ അല്ലെങ്കിൽ ഉപദേഷ്ടാവാണോ? അത്, “കൈ ആണോ കൂടുതൽ പ്രാധാന്യമുള്ളത്, അല്ലെങ്കിൽ പല്ലാണോ, അതോ ആമാശയമാണോ?” എന്നു ചോദിക്കുന്നതുപോലെയാണ്. ശരീരഭാഗങ്ങളെ താരതമ്യം ചെയ്യാൻ ഒരു വഴിയുമില്ല, കാരണം കൈ ആഹാരമെടുത്ത് വായിൽ ഇടുന്നില്ലെങ്കിൽ, പല്ലിനും വയറിനും ഒന്നും ചെയ്യാനില്ല; അതുപോലെ ആഹാരമെടുത്ത് വായിലേക്കിടുന്ന ജോലി കൈ ചെയ്താലും, പല്ലും വയറും ഒന്നും ചെയ്യുന്നില്ലെങ്കിൽ, അത് പാഴാക്കപ്പെടുന്നു. അതുകൊണ്ട് സുവിശേഷകൻ പ്രവാചകനെക്കാൾ പ്രാധാന്യമുള്ളവനാണ് എന്നു ചിന്തിക്കുന്നതിൽ ഒരു പ്രയോജനവുമില്ല. ഒരാൾ മറ്റെയാളിനെക്കാൾ പ്രാധാന്യമുള്ള ധർമ്മം നിർവഹിക്കുന്നതായി കാണപ്പെട്ടേക്കാം. എന്നാൽ ഇവർ രണ്ടു പേരും ശരീരത്തിൽ ഒരുപോലെ ആവശ്യമുള്ളവരാണ്. ശരീരത്തിൻ്റെ ഓരോ ഭാഗവും അതതിൻ്റെ ധർമ്മം നിർവഹിക്കുവാൻ ഉപയോഗയോഗ്യമാകത്തക്ക വിധം ആരോഗ്യമുള്ളതും മാംസപേശിയുള്ളതുമായിരിക്കണം എന്ന് ദൈവം നിശ്ചയിച്ചിരിക്കുന്നു.

What’s New?