വ്യാജ ഉണർവ്വ് – WFTW 8 ഒക്ടോബർ 2023

സാക് പുന്നൻ

അവസാന നാളുകൾ വ്യാപകമായ വഞ്ചനയാലും വ്യാജ പ്രവാചകന്മാരുടെ ബാഹുല്യത്താലും വിശേഷിപ്പിക്കപ്പെട്ടതായിരിക്കും എന്ന് യേശുവും അപ്പൊസ്തലന്മാരും ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട് (മത്താ. 24:3-5,11,24; 1 തിമൊ. 4:1) – കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായിട്ട് നാം ധാരാളമായി അവ കാണുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ലക്ഷക്കണക്കിനു ക്രിസ്ത്യാനികൾ ഈ കള്ള പ്രവാചകന്മാരാലും ഈ വ്യാജ “ഉണർവുകളാലും” വഞ്ചിക്കപ്പെടുന്നത്? തന്നെയുമല്ല ഇത്രയധികം പ്രാസംഗികർ അസാന്മാർഗ്ഗികതയ്ക്കും ദ്രവ്യാഗ്രഹത്തിനും ഇരയായി തീരുന്നതും എന്തുകൊണ്ടാണ് ?

ഇവിടെയിതാ ചില പ്രധാന കാരണങ്ങൾ:

1. ഇന്നത്തെ മിക്ക ക്രിസ്ത്യാനികൾക്കും പുതിയ നിയമം എന്താണ് പഠിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ബോധ്യമില്ല, കാരണം അവർ അത് ശ്രദ്ധാപൂർവ്വം പഠിച്ചിട്ടില്ല; അതുകൊണ്ടുതന്നെ അവർ പിൻതുടരുന്നത് അവരുടെ നേതാക്കന്മാർ അവരെ പഠിപ്പിക്കുന്ന കാര്യങ്ങളാണ് അല്ലാതെ പുതിയ നിയമ ഉപദേശങ്ങളല്ല.

2. അതിശയങ്ങൾ (അമാനുഷിക വരങ്ങൾ), അവർക്ക് അവരുടെ സ്വഭാവത്തെക്കാൾ (ദൈവഭക്തിയുള്ള ഒരു ജീവിതത്തെക്കാൾ) അധികം പ്രാധാന്യമുള്ളതായി തീർന്നു.

3. ഭൗതികസമ്പത്ത് ആത്മീക സമ്പത്തിനെക്കാൾ അധികം പ്രാധാന്യമുള്ളതായി തീർന്നു.

4. ദേഹീപരമായ ഉന്മത്തതയും അല്ലെങ്കിൽ മനശാസ്ത്രപരമായ കൗശലങ്ങളും യഥാർത്ഥമായ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിന്ന് വേർതിരിച്ചറിയാൻ അവർക്കു കഴിയുന്നില്ല. ഇതിൻ്റെ കാരണം, വീണ്ടും പുതിയ നിയമത്തെ കുറിച്ചുള്ള അജ്ഞതയാണ്.

5. സൈക്കോസൊമാറ്റിക് രോഗസൗഖ്യവും (മനസ്സിൻ്റെ ശരിയായ നിലപാടുകൾ മൂലമുണ്ടാകുന്ന രോഗസൗഖ്യം), യേശുവിൻ്റെ നാമത്തിലുള്ള അമാനുഷിക സൗഖ്യവും തമ്മിൽ വേർതിരിച്ചറിയാൻ അവർക്കു കഴിവില്ല.

6. വൈകാരിക ഉത്തേജനവും അസാധാരണമായ ശാരീരിക പ്രകടനങ്ങളും, ഉള്ളിലുള്ള കർത്താവിൻ്റെ സന്തോഷത്തെക്കാൾ അധികം പ്രാധാന്യമുള്ളതായി തീർന്നു.

7. നേതാക്കന്മാർക്ക്, ദൈവത്തോടു ചേർന്നുള്ള അവരുടെ ആന്തരിക നടപ്പിനേക്കാൾ ജനങ്ങളോടുള്ള അവരുടെ ശുശ്രൂഷ അധികം പ്രാധാന്യമുള്ളതായി തീർന്നു.

8. ഈ നേതാക്കന്മാർക്ക് ദൈവത്തിൻ്റെ അംഗീകാരത്തെക്കാൾ മനുഷ്യരുടെ അംഗീകാരം അധികം പ്രാധാന്യമുള്ളതായി തീർന്നു.

9. ഈ നേതാക്കന്മാർക്ക് മീറ്റിംഗുകളിൽ സംബന്ധിക്കുന്ന ആളുകളുടെ എണ്ണം, അവർ ക്രിസ്തുവിനോട് തീർത്തും പ്രതിബദ്ധതയുള്ളവരാണോ എന്നതിനേക്കാൾ പ്രാധാന്യമുള്ളതായി തീർന്നു.

10. ഈ നേതാക്കന്മാർക്ക് അവരുടെ സ്വന്തമായ രാജത്വവും സാമ്പത്തിക സാമ്രാജ്യവും കെട്ടി പടുക്കുന്നത്, ഒരു പ്രാദേശിക സഭ പണിത് അതിൽ അവരെ തന്നെ ദാസന്മാരാക്കുന്നതിനെക്കാൾ പ്രാധാന്യമുള്ളതായി തീർന്നു. “അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു” (യിരെ. 6:13).

ഇതെല്ലാം യേശു പഠിപ്പിച്ചതിൻ്റെ നേരെ എതിരായിട്ടുള്ളതാണ്. പുതിയ നിയമത്തിൽ ക്രിസ്തുവിനു വിരുദ്ധമായിട്ടുള്ളതിനെ “എതിർ ക്രിസ്തു” എന്നാണ് വിളിക്കുന്നത്‌. ക്രിസ്ത്യാനികൾ ഇതു വ്യക്തമായി കാണുന്നില്ലെങ്കിൽ, എതിർ ക്രിസ്തു തൻ്റെ വ്യാജമായ അടയാളങ്ങളും അത്ഭുതങ്ങളുമായി ലോകത്തിൽ വെളിപ്പെടുമ്പോൾ (2 തെസ്സ. 2:3-10), അവർ അവനെയും അന്ധമായി സ്വീകരിക്കും. ക്രിസ്തുവിൻ്റെ ആത്മാവിനാൽ നയിക്കപ്പെടുക എന്നാൽ മുകളിൽ പറഞ്ഞ ആശയങ്ങൾക്കു ഘടക വിരുദ്ധമായ ഒരാത്മാവ് ഉണ്ടായിരിക്കുക എന്നാണ്.

മത്താ. 7:13-27 വരെയുള്ള വാക്യങ്ങളിലുള്ള യേശുവിൻ്റെ വാക്കുകളുടെ ഒരു പരാവർത്തനം ഇവിടെ കൊടുക്കുന്നു (മത്താ. 5-7 വരെയുള്ള അധ്യായങ്ങളുടെ പശ്ചാത്തലത്തിൽ വായിക്കുക).

“നിത്യജീവങ്കലേക്കുള്ള വാതിലും വഴിയും വളരെ ഇടുക്കമുള്ളതാണ് – ഞാൻ ഇപ്പോർ വിവരിച്ചതു പോലെ (മത്താ.5-7 വരെയുള്ള അധ്യായങ്ങൾ). എന്നാൽ കള്ള പ്രവാചകന്മാർ മുമ്പോട്ടു വന്ന് വാതിലും വഴിയും ഇടുക്കമുള്ളതല്ല എന്നാൽ എളുപ്പമുള്ളതും വിസ്താരമുള്ളതുമാണ് എന്നു നിങ്ങളോടു പറയും. അവരെ സൂക്ഷിക്കുക. അവരുടെ സ്വഭാവത്തിൻ്റെ ഫലം നിരീക്ഷിക്കുന്നതിലൂടെ അവരെ എളുപ്പത്തിൽ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയും: അവർ കോപത്തിൽ നിന്നും സ്വതന്ത്രമായ, സ്ത്രീകളെ മോഹിക്കുന്നതിൽ നിന്നു സ്വതന്ത്രമായ, പണസ്നേഹത്തിൽ നിന്നു സ്വതന്ത്രമായ, ആകാംക്ഷയോടെ ഭൗതിക സമ്പത്തിന് പിന്നാലെ ഓടുന്നതിൽ നിന്ന് (ലൗകികന്മാരെ പോലെ) സ്വതന്ത്രമായ ഒരു ജീവിതമാണോ അവർ ജീവിക്കുന്നത്? ഞാൻ ഇവിടെ ചെയ്തതുപോലെ അവർ ഈ കാര്യങ്ങൾക്ക് എതിരായി പ്രസംഗിക്കാറുണ്ടോ? (മത്താ.5:21-32 ഉം 6:24-34). ഈ കള്ള പ്രവാചകന്മാർ അനേകം അമാനുഷിക വരങ്ങൾ പ്രയോഗിച്ച് അത്ഭുതങ്ങൾ ചെയ്യുകയും എൻ്റെ നാമത്തിൽ രോഗികളെ സൗഖ്യമാക്കുകയും ചെയ്യും, എന്നാൽ അന്ത്യനാളിൽ ഞാൻ അവരെ അപ്പോഴും നരകത്തിലേക്ക് അയക്കും, കാരണം അവർ എന്നെ അറിഞ്ഞില്ല (ഏക പരിശുദ്ധനായ ഒരുവനായി) തന്നെയുമല്ല തങ്ങളുടെ രഹസ്യ ജീവിതങ്ങളിൽ അവർ പാപത്തെ ഉപേക്ഷിച്ചതുമില്ല (മത്താ. 7:21-23). അതുകൊണ്ട് ഒരിക്കലും കുലുങ്ങാത്തതും വൈകാതെയോ നിത്യതയിലോ വീണുപോകാത്തതുമായ പാറമേലുള്ള ഒരു സഭ നിങ്ങൾക്കു പണിയണമെങ്കിൽ, ഇപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് എല്ലാം (മത്താ.5-7 വരെയുള്ള അധ്യായങ്ങൾ) ചെയ്യുവാൻ ശ്രദ്ധിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതെല്ലാം അനുസരിക്കുവാൻ നിങ്ങളുടെ ആളുകളെ പഠിപ്പിക്കുകയും ചെയ്യുക. അപ്പോൾ ഞാൻ എല്ലായ്പ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയും എൻ്റെ അധികാരം നിങ്ങളെ എപ്പോഴും പിൻതാങ്ങുകയും ചെയ്യും (മത്താ.28:20, 18). എന്നാൽ ഞാൻ പറയുന്നതുപോലെ ചെയ്യാതെ കേൾക്കുക മാത്രം ചെയ്താൽ, അപ്പോൾ നിങ്ങൾ പണിയുന്നത് വലിപ്പമുള്ളതും മതിപ്പുളവാക്കുന്നതും ആയി മനുഷ്യർക്കു തോന്നും, എന്നാൽ ഒരു ദിവസം അത് തീർച്ചയായും തകർന്നു വീഴും” (മത്താ. 7:25).

അങ്ങനെയാണെങ്കിൽ ഈ അന്ത്യനാളുകളിൽ ഇളകാത്ത ഒരു സഭ പണിയുവാൻ നമുക്ക് എങ്ങനെ കഴിയും?
1. നാം ഗിരിപ്രഭാഷണം ജീവിതത്തിലാക്കുകയും (മത്താ. 5-7 വരെയുള്ള അധ്യായങ്ങൾ) അത് സ്ഥിരമായി പ്രസംഗിക്കുകയും വേണം.
2. നാം പഴയ ഉടമ്പടിയിലല്ല പുതിയ ഉടമ്പടിയിൽ ജീവിക്കണം. ഇതിന് ഈ രണ്ട് ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം വ്യക്തമായി അറിയണം (2 കൊരി. 3:6). നാം പുതിയ ഉടമ്പടി പ്രസംഗിക്കുകയും വേണം.

ഇന്ന് പ്രാസംഗികർ ഗൗരവതരമായ പാപത്തിൽ വീഴുമ്പോൾ, പാപത്തിൽ വീണ പഴയ ഉടമ്പടി വിശുദ്ധന്മാരുടെ ഉദാഹരണങ്ങളാൽ തങ്ങളെ തന്നെ ന്യായീകരിക്കുന്നു (അങ്ങനെ അവർ അതിൽ ആശ്വാസം കണ്ടെത്തുന്നു). പിന്നീട് ഒരു കാലയളവിന്റെ നിശബ്ദതയ്ക്കുശേഷം അവർ വീണ്ടും തങ്ങളുടെ ശുശ്രൂഷ പുനരാരംഭിക്കുന്നു. വ്യഭിചാരം ചെയ്ത ദാവീദിന്റെയും ധൈര്യമറ്റ് വിഷണ്ണനായ ഏലിയാവിൻ്റെയും ഉദാഹരണങ്ങൾ ഉദ്ധരിച്ചിട്ട് അവർ പറയുന്നത് “എങ്കിലും ദൈവം പിന്നെയും അവരെ ഉപയോഗിച്ചു!” എന്നാൽ തൻ്റെ ജീവിതാവസാനം വരെ വിജയത്തിലും നിർമ്മലതയിലും ജീവിച്ച പൗലൊസിന്റെ ഉദാഹരണം അവർ ഉദ്ധരിക്കാറില്ല.

ഈ പ്രാസംഗികരും (മിക്ക ക്രിസ്ത്യാനികളും) കാണാത്ത ഒരു കാര്യം, ഇന്ന് പഴയ നിയമ വിശുദ്ധന്മാരല്ല നമ്മുടെ മാതൃകകൾ എന്നതാണ്. ഈ കൃപായുഗത്തിൽ നമുക്ക് വളരെയധികം നൽകപ്പെട്ടിരിക്കുന്നു- “വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും” (ലൂക്കോ. 12:48). യേശുവാണ് പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ അവിടുന്ന് തന്നെയാണ് ഇന്ന് നമ്മുടെ മാതൃകയും, നമ്മുടെ വിശ്വാസത്തിൻ്റെ രചയിതാവും – ദാവീദോ ഏലിയാവോ അല്ല. പഴയ നിയമ വിശുദ്ധന്മാരും (എബ്രാ. 11ൽ പറഞ്ഞിരിക്കുന്നവർ) യേശുവും തമ്മിലുള്ള വ്യത്യാസം എബ്രായർ 12:1-4 വരെയുള്ള വാക്യങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. എന്നാൽ ഇതിൻ്റെ യാഥാർത്ഥ്യത്തിൽ ജീവിക്കുന്നത് വളരെ കുറച്ചുപേർ മാത്രമാണ്. പുതിയ ഉടമ്പടിയിൽ “ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്ന് മുൻകരുതിയിരുന്നു” (എബ്രാ. 11: 40)എന്നു കണ്ടിരിക്കുന്നതും വളരെ കുറച്ചു പേർ മാത്രമാണ്.

അനേകം പ്രാസംഗികർ വീണു പോയിരിക്കുന്ന ആ വഴിയിൽ നമ്മിൽ ആർക്കും വീഴാൻ കഴിയും, നാം സൂക്ഷ്മതയും ജാഗ്രതയും ഉള്ളവരല്ലെങ്കിൽ – കാരണം സാത്താൻ സൂത്രശാലിയായ ഒരു ശത്രുവാണ്. പുതിയ നിയമ ഉപദേശങ്ങൾ കൃത്യമായി അനുസരിക്കുന്നതിലും ദൈവഭക്തിയുള്ള ഒരു നേതൃത്വത്തിന് കീഴ്പ്പെട്ടിരിക്കുന്നതിലുമാണ് നമ്മുടെ സുരക്ഷിതത്വം ഉള്ളത് (ഒരു ദൈവ ഭക്തിയുള്ള നേതൃത്വം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഞാൻ നേരത്തേ നിരത്തിയ 10 പോയിൻ്റുകളിൽ സൂചിപ്പിച്ച തെറ്റായ മൂല്യങ്ങളിൽ ഒന്നുപോലും ഇല്ലാത്ത ഒരാൾ എന്നാണ്). മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നു നാം പഠിച്ചാൽ, അതേ തെറ്റുകൾ ചെയ്യാതെ നമ്മെ തന്നെ നമുക്ക് ഒഴിവാക്കാൻ കഴിയും.

അതുകൊണ്ട് നമുക്ക് നമ്മുടെ മുഖത്തെ എപ്പോഴും കർത്താവിൻ്റെ മുമ്പിൽ പൊടിയിൽ താഴ്ത്തി നില നിർത്താം – കാരണം അവിടെയാണ് നമുക്ക് ദിവ്യവെളിപ്പാടുകൾ പ്രാപിക്കാൻ കഴിയുന്നത്, യോഹന്നാൻ ചെയ്തതുപോലെ (വെളി. 1:17). നാം നമ്മെ തന്നെ വിനയപ്പെടുത്തിയാൽ, ജയാളികളാകാനുള്ള കൃപ നമുക്കു ലഭിക്കും (1 പത്രൊ. 5:5). അതുകൊണ്ട് പരിശുദ്ധാത്മാവ് ദൈവ വചനത്തിലെ സത്യങ്ങളും നമ്മെ കുറിച്ചു തന്നെയുള്ള സത്യങ്ങളും കാണിച്ചു തരുമ്പോൾ, നാം തീർത്തും സത്യസന്ധരായിരുന്ന് എല്ലാ പാപത്തിൽ നിന്നും “രക്ഷിക്കപ്പെടുവാൻ തക്കവണ്ണം, സത്യത്തെ സ്നേഹിക്കുക”. ആ മാർഗ്ഗത്തിൽ എല്ലാ വഞ്ചനയിൽ നിന്നും നാം ദൈവത്താൽ തന്നെ സംരക്ഷിക്കപ്പെടും (2 തെസ്സ. 2:10, 11).

ആമേൻ.