ദൈവം നമ്മെ നിരുപാധികമായി സ്നേഹിക്കുന്നു – WFTW 1 ഒക്ടോബർ 2023

സാക് പുന്നൻ

പത്രൊസിനെ ഗോതമ്പു പോലെ പാറ്റേണ്ടതിന് സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചു. അങ്ങനെ ചെയ്യാൻ ദൈവം അവനെ അനുവദിക്കുകയും ചെയ്തു – കാരണം, അങ്ങനെ പാറ്റപ്പെടാത്ത മറ്റ് എല്ലാവർക്കും ഉണ്ടായിരുന്നതിനേക്കാൾ അധികം പ്രാധാന്യമുള്ള ഒരു ശുശ്രൂഷ പത്രൊസിനുണ്ടായിരുന്നു. പത്രൊസിൻ്റെ വിശ്വാസം പരാജയപ്പെട്ടു പോകാതിരിക്കാൻ വേണ്ടി മാത്രം യേശു പ്രാർത്ഥിച്ചു. പത്രൊസ് മൂന്നു പ്രാവശ്യം യേശുവിനെ തള്ളി പറഞ്ഞു. എന്നാൽ, അതിൻ്റെ ഫലമായി, അദ്ദേഹം തീർത്തും നുറുക്കപ്പെട്ടവനും വിനയാന്വിതനുമായി പൊട്ടിക്കരഞ്ഞ് മാനസാന്തരപ്പെട്ടു. അങ്ങനെ ദൈവത്തിൻ്റെ ആലോചന നിറവേറപ്പെടുകയും അദ്ദേഹത്തിലുണ്ടായിരുന്ന അഹങ്കാരത്തിൻ്റെ (നിഗളത്തിൻ്റെ) പതിരും ഉമിയും എല്ലാം പാറ്റിക്കളയപ്പെടുകയും ചെയ്തു. അതു നിറവേറ്റാൻ ദൈവം സാത്താനെ ഉപയോഗിച്ചു. ദൈവം സാത്താനെ ഇപ്പോഴും നശിപ്പിച്ചു കളയാത്തതിൻ്റെ ഒരു കാരണം അതാണ്. കർത്താവിന് സ്തോത്രം.

പുനരുത്ഥാനത്തിനു ശേഷം, കല്ലറയ്ക്കൽ നിന്നിരുന്ന ദൂതൻ വശം ദൈവം ഒരു പ്രത്യേക സന്ദേശം അയച്ചു പറഞ്ഞത്, “യേശു ഉയിർത്തെഴുന്നേറ്റ് നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു എന്ന് അവിടുത്തെ ശിഷ്യന്മാരോടും പത്രൊസിനോടും പറവിൻ” എന്നാണ് (മർക്കൊസ് 16:7)… ”പത്രൊസിനോടും” … എന്ന പദപ്രയോഗം നമ്മുടെ കർത്താവിൻ്റെ പ്രത്യേക സവിശേഷതയാണ്. പത്രൊസും ഒരു ശിഷ്യനായിരുന്നില്ലേ? പിന്നെ എന്തുകൊണ്ടാണ് കർത്താവ് അവനെക്കുറിച്ച് പ്രത്യേകമായി എടുത്തു പറഞ്ഞത്? കാരണം തൻ്റെ അതിദാരുണമായ പരാജയം മൂലം, “അവിടുത്തെ ശിഷ്യന്മാർ” എന്ന പദപ്രയോഗത്തിൽ ഇനി മേലാൽ താൻ ഉൾപ്പെടാൻ സാധ്യതയില്ലെന്ന് ചിന്തിച്ചേക്കാവുന്ന ഒരുവനായിരുന്നു പത്രൊസ്. അതുകൊണ്ട്, കർത്താവ് ഇപ്പോഴും അവനെ അവിടുത്തെ അപ്പൊസ്തലനായി തന്നെ കണക്കാക്കുന്നു എന്ന് പത്രൊസിനോടു പറയാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ പദപ്രയോഗം.

എന്നാൽ ആ സന്ദേശം കൂട്ടാക്കാതെ, തൻ്റെ പഴയ തൊഴിലായ മത്സ്യബന്ധനത്തിലേക്ക് തിരിച്ചു പോകുവാൻ തീരുമാനിക്കത്തക്ക വിധം പത്രൊസ് ഇപ്പോഴും നിരാശനായിരുന്നു (യോഹന്നാൻ 21:3). അതുകൊണ്ട് കർത്താവു ചെന്ന് പത്രൊസിനെ വ്യക്തിപരമായി അപ്പൊസ്തലത്വത്തിലേക്കു തിരികെ വിളിച്ചു. കർത്താവിൻ്റെ സ്നേഹം അങ്ങനെയാണ്. അവിടുന്നു നമ്മുടെ പിന്നാലെ വരുന്നതു തുടർന്നു കൊണ്ടിരിക്കും. അങ്ങനെയാണ് പത്രൊസ് തൻ്റെ “വിശ്വാസം നഷ്ടപ്പെടാതെ” മടങ്ങി വന്നത്. അത് പത്രൊസ് ഒരിക്കലും പരാജയപ്പെടാതിരുന്നതുകൊണ്ടോ അല്ലെങ്കിൽ അവൻ ഒരു തെറ്റും ചെയ്യാതിരുന്നതുകൊണ്ടോ അല്ല.

അതുകൊണ്ട് നാം യഥാർത്ഥമായി വീണ്ടും ജനിക്കപ്പെട്ട് യേശുവിൻ്റെ ശിഷ്യരായി തീർന്നിട്ടുണ്ടെങ്കിൽ, ദൈവം നമ്മെ ക്രിസ്തുവിൽ അംഗീകരിച്ചിട്ടുണ്ടെന്നും നമ്മെ നിരുപാധികമായി സ്നേഹിക്കുന്നുണ്ടെന്നും നാം വിശ്വസിക്കണം – കാരണം ദൈവം സ്നേഹമാകുന്നു.

രണ്ടു തരം വിശ്വാസികൾ ഉണ്ട്:
1. തങ്ങളുടെ സ്വർഗീയ പിതാവിൻ്റെ സ്നേഹം വ്യവസ്ഥയില്ലാത്തതാണ് (നിരുപാധികമാണ്) എന്നു വിശ്വസിക്കുന്നവർ.
2. തങ്ങളുടെ സ്വർഗീയ പിതാവിൻ്റെ സ്നേഹം സോപാധികമാണ് (വ്യവസ്തയോടെയാണ്) എന്നു വിശ്വസിക്കുന്നവർ.

ഒന്നാമത്തെ വിഭാഗത്തിലുള്ളവർ സ്വസ്ഥതയിലായിരിക്കും കാരണം അവർ സത്യം വിശ്വസിക്കുന്നു. മറ്റുള്ളവർ നിരന്തരമായ അസ്വസ്ഥതയിൽ നിലനിൽക്കും കാരണം ദൈവം അവരെ സ്നേഹിക്കുന്നതു തുടരണമെങ്കിൽ തങ്ങൾ നല്ല പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് അവർ വിശ്വസിക്കുന്നത്. ലോകത്തിലുള്ള ഓരോ വ്യാജ മതവും പഠിപ്പിക്കുന്നത് ദൈവത്തിൻ്റെ സ്നേഹം നിബന്ധനകളോടു കൂടിയതാണ് എന്നാണ് – അവിടുത്തെ സ്നേഹം ‘അവതരണ-സ്നേഹ’മാണെന്നാണ്‌ – നാം എത്ര നന്നായി പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലുള്ള സ്നേഹം. യേശു വന്നു പഠിപ്പിച്ചത് അതിൻ്റെ വിപരീതമാണ്. എന്നിട്ടും മിക്ക വിശ്വാസികളും ഇപ്പോഴും അവരുടെ ചിന്തകളിൽ വിജാതീയരാണ്. നാം സാത്താൻ്റെ ഭോഷ്കിനെ തുറന്നു കാട്ടണം. കാരണം ദൈവം തൻ്റെ മക്കളെ നിരുപാധികം സ്നേഹിക്കുന്നു എന്നതാണ് സത്യം. നമുക്ക് ആ സ്നേഹം തള്ളിക്കളഞ്ഞ് ദൈവത്തിൽ നിന്ന് അകന്നുപോയി നഷ്ടപ്പെട്ടു പോകാൻ കഴിയും. എന്നാൽ അവിടുത്തെ മക്കൾക്കു വേണ്ടിയുള്ള അവിടുത്തെ സ്നേഹം ഇപ്പോഴും വ്യവസ്ഥകളില്ലാത്തതാണ്. ധൂർത്ത പുത്രനോടുള്ള പിതാവിൻ്റെ സ്നേഹത്തിൻ്റെ കഥ ഈ കാര്യം പൂർണ്ണതയോടെ സോദാഹരണം വിവരിച്ചിരിക്കുന്നു.

ആളുകളോടുള്ള ദൈവ സ്നേഹത്തിൻ്റെ അളവിൽ വ്യത്യാസമുണ്ടെന്നത് സത്യമാണ്. ലോകത്തിലുള്ള എല്ലാ മനുഷ്യരെയും ദൈവം ഒരു നിശ്ചിത അളവിൽ സ്നേഹിക്കുന്നു (യോഹന്നാൻ 3:16). എന്നാൽ വീണ്ടും ജനിച്ച അവിടുത്തെ മക്കളെ ദൈവം കൂടുതൽ അളവിൽ സ്നേഹിക്കുന്നു. അതുപോലെ അവിടുത്തെ മക്കളിൽ തന്നെ, ചിലരെ മറ്റുള്ളവരെക്കാൾ അധികം സ്നേഹിക്കുന്നു, കാരണം അവർ ചില വ്യവസ്ഥകൾ പാലിക്കുന്നു – യോഹന്നാൻ 14:21 ൽ യേശു പറഞ്ഞതുപോലെ: “എൻ്റെ കൽപ്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നു, എന്നെ സ്നേഹിക്കുന്നവനെ എൻ്റെ പിതാവു സ്നേഹിക്കുന്നു”. അവർക്കെല്ലാം അപ്പുറം, യേശുവിനെ അനുഗമിക്കാൻ വേണ്ടി തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ച ശിഷ്യന്മാരെ ദൈവം ഏറ്റവും ഉന്നതമായ നിലയിൽ സ്നേഹിക്കുന്നു – ദൈവം യേശുവിനെ സ്നേഹിച്ചതു പോലെ തന്നെ അവരെയും സ്നേഹിക്കുന്നു (യോഹന്നാൻ 17:23 കാണുക).

എന്നാൽ ഇപ്പോഴും ദൈവസ്നേഹം അതിൽ തന്നെ നിരുപാധികമാണ്.

ദൈവസ്നേഹം തിരിച്ചറിയാനുള്ള ഒരു അടയാളം ലൂക്കോ.6:35ൽ സൂചിപ്പിച്ചിരിക്കുന്നത് “ഒന്നും പകരം ഇച്ഛിക്കാത്തത്” എന്നാണ്. മാനുഷിക സ്നേഹം എപ്പോഴും ബഹുമാനം, സ്നേഹം, സമ്മാനങ്ങൾ ഇവ പകരമായി പ്രതീക്ഷിക്കുന്നു. എന്നാൽ ദിവ്യസ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതു സ്നേഹിക്കുന്ന ആരുടെ മേലും അതിന് അന്തർഗതമായ ഒരു അവകാശവാദവുമില്ല. ദൈവം നല്ലവരുടെ മേലും ദുഷ്ടന്മാരുടെ മേലും ഒരുപോലെ സൂര്യനെ ഉദിപ്പിക്കുന്നു, അവിടുന്ന് ദുഷ്ടന്മാരോടും നന്ദികെട്ടവരോടും ദയാലുവും കരുണയുള്ളവനുമാണ്. ഈ ദിവ്യ സ്നേഹത്തിൽ ജീവിച്ചാൽ മാത്രമേ നമുക്ക് എല്ലാ പരീശത്വത്തിൽ നിന്നും രക്ഷിക്കപ്പെടാൻ കഴിയൂ.