സത്യസന്ധരായിരിക്കുന്നതിലുള്ള വിവേകം – WFTW 24 സെപ്റ്റംബർ 2023

സാക് പുന്നൻ

യഥാർത്ഥ ക്രിസ്തീയ കൂട്ടായ്മ വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വെളിച്ചത്തിൽ നടക്കാൻ നാം മനസ്സുള്ളവരാണെങ്കിൽ മാത്രമേ നമുക്ക് തമ്മിൽ തമ്മിൽ യഥാർത്ഥവും ആഴമുള്ളതുമായ കൂട്ടായ്മയിൽ നടക്കാൻ കഴിയൂ. പരസ്പരം നാം ആയിരിക്കുന്നതു പോലെ (നാം തന്നെ) ആയിരിക്കാനുള്ള സന്നദ്ധത ഇതിന് അനിവാര്യമായിരിക്കുന്നു- എല്ലാ ജാടയും കാപട്യവും ഒഴിവാക്കിക്കൊണ്ട്. ക്രിസ്ത്യാനികൾ പരസ്പരം ചേർന്നു നടക്കേണ്ടത് ഇങ്ങനെ ആയിരിക്കണമെന്നാണ് ദൈവം ഉദ്ദേശിക്കുന്നത്. ആദിമ സഭയിൽ ദൈവം പരസ്യമായി ന്യായം വിധിച്ച ഒന്നാമത്തെ പാപം കാപട്യമായിരുന്നു എന്ന് ഓർക്കുക (അപ്പൊ.പ്ര.5:1-14 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അനന്യാസിൻ്റെയും സഫീറയുടെയും കഥ കാണുക).

നമ്മുടെ പരസ്പര ബന്ധത്തിൽ ഒരു മുഖം മൂടി ധരിക്കുവാൻ നമുക്കെല്ലാവർക്കും പാപം കാരണമായിരിക്കുന്നു. നാം വാസ്തവത്തിൽ ആയിരിക്കുന്നതു പോലെ അറിയപ്പെടുന്നതിൽ നമുക്ക് ഭയവും ലജ്ജയും ഉള്ളവരാണ്. മുഖം മൂടി ധരിക്കുന്ന ആളുകളാൽ നിറയപ്പെട്ടിരിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്; എന്നാൽ ആളുകൾ മാനസാന്തരപ്പെടുമ്പോൾ, അവർ തങ്ങളുടെ മുഖം മൂടി എടുത്തു മാറ്റുന്നില്ല. അവർ മുഖം മൂടി ധരിച്ചു കൊണ്ട് യോഗങ്ങൾക്കു പോകുകയും മറ്റുള്ളവരെ കണ്ടുമുട്ടുകയും ചെയ്യുന്നു- എന്നിട്ട് അതിനെ കൂട്ടായ്മ എന്നു വിളിക്കുന്നു. എന്നാൽ അത്തരം കൂട്ടായ്മ ഒരു പ്രഹസനമാണ്. എന്നിട്ടും മിക്ക ക്രിസ്ത്യാനികളെയും അതിനാൽ തൃപ്തിപ്പെടുത്തുന്നതിൽ പിശാച് വിജയിച്ചിരിക്കുന്നു.

നമ്മുടെ മുഖം മൂടി പൂർണ്ണമായി നീക്കം ചെയ്യാൻ നമ്മിൽ ആർക്കും സാധ്യമല്ല എന്നത് സത്യമാണ്. പാപകരമായ ഒരു ലോകത്തിൽ ജീവിച്ച്, അപൂർണ്ണമായ ഒരു സഭയിൽ കൂട്ടായ്മ ആചരിച്ചു കൊണ്ട് നാം തന്നെ ജഡത്താൽ കെട്ടപ്പെട്ട് ആയിരിക്കുമ്പോൾ, മറ്റുള്ളവരോട് പൂർണ്ണമായി സത്യസന്ധരായിരിക്കുക എന്നത് സാധ്യമല്ല, അഭിലഷണീയവുമല്ല. തീർത്തുമുള്ള സത്യസന്ധത എന്നത് പ്രായോഗികമല്ല, കാരണം നമുക്ക് നമ്മെ തന്നെ മുഴുവനായി കാണാൻ കഴിയുകയില്ല. അത് ശുപാർശ ചെയ്യാൻ തക്കതുമല്ല, കാരണം അത് മറ്റുള്ളവരെ തടസ്സപ്പെടുത്തിയേക്കാം.

സത്യസന്ധരായിരിക്കുവാൻ നമുക്ക് തീർച്ചയായും വിവേകം ആവശ്യമുണ്ട്. എന്നാൽ നാം ആയിരിക്കാത്ത ഒന്നാണെന്ന് ഒരിക്കലും നടിക്കരുത്. അതു കാപട്യമാണ്- കാപട്യം എന്നത് യേശുവിനാൽ പൂർണ്ണമായും ശിക്ഷ വിധിക്കപ്പെട്ടതാണ് .

ഒരു സ്വയനീതിയുള്ള പരീശ മനോഭാവമാണ് അനേകം ക്രിസ്ത്യാനികളെയും മറ്റുള്ളവർക്ക് ഒരു സഹായത്തിൻ്റെയും പ്രോത്സാഹനത്തിൻ്റെയും കൈവഴികളായി തീരുന്നതിൽ നിന്ന് തടയുന്നത്. നമ്മുടെ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും നമ്മോട് അടുത്തുവന്ന് സ്വാതന്ത്ര്യത്തോടെ അവരുടെ ഭാരങ്ങൾ ഇറക്കി വയ്ക്കാനുള്ള സ്വാതന്ത്ര്യം തോന്നത്തക്ക വിധമായിരിക്കണം നമ്മുടെ മനോഭാവം, സഹതാപത്തോടെയും അവരെ മനസ്സിലാക്കാനുള്ള സന്മനസ്സോടെയും അവർ എതിരേൽക്കപ്പെടുമെന്നും തങ്ങളുടെ അജ്ഞതയെ ചൊല്ലിയോ പരാജയങ്ങളെ ചൊല്ലിയോ അവർ നിന്ദിക്കപ്പെടുകയില്ലെന്നും അറിഞ്ഞ് അവർക്കു നമ്മുടെ അടുത്തേക്കു വരാൻ സ്വാതന്ത്ര്യം തോന്നണം.

ഈ ലോകം മുഴുവൻ ഏകാകികളായ, പിരിമുറുക്കമുള്ള, ഭയചകിതരായ, നാഡീ രോഗം ബാധിച്ചവരുമായ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരം ക്രിസ്തുവിൻ്റെ പക്കൽ ഉണ്ട്, എന്നാൽ ആ ഉത്തരം അവിടുത്തെ ശരീരമായ സഭയിലൂടെ വരണം. എന്നാൽ കഷ്ടമെന്നു പറയട്ടെ, മിക്ക ക്രിസ്ത്യാനികളും, ആ മനുഷ്യരെ അവരുടെ ആവശ്യത്തിൽ തങ്ങളിൽ നിന്ന് ഓടിച്ചു കളയത്തക്ക വിധം അത്രമാത്രം സ്വയനീതിമാന്മാരും നേരല്ലാത്തവരുമാണ്.

ദി ടേസ്റ്റ് ഓഫ് ന്യൂ വൈൻ (പുതിയ വീഞ്ഞിൻ്റെ സ്വാദ്) എന്ന പുസ്തകത്തിൽ കീത്ത് മില്ലർ പറയുന്നത്, “കാഴ്ചയിൽ നിർമ്മലരും, വാക്കുകളിൽ നിർമ്മലരും എന്നാൽ ആന്തരികമായി തങ്ങളെ കൊണ്ടു തന്നെയും, അവരുടെ ബലഹീനതകളാലും, അവരുടെ മോഹഭംഗങ്ങൾ കൊണ്ടും സഭയിൽ തങ്ങൾക്കു ചുറ്റും കാണുന്ന യാഥാർത്ഥ്യമില്ലായ്മ കൊണ്ടും മടുപ്പുവന്ന (അസന്തുഷ്ടരായ) അനേകം പേരെ കൊണ്ടു നമ്മുടെ ആധുനിക സഭ നിറഞ്ഞിരിക്കുന്നു. അക്രൈസ്തവരായ നമ്മുടെ സ്നേഹിതർക്കു തോന്നുന്നത് ഒന്നുകിൽ, “നിരാകുലരായ (ബുദ്ധിമുട്ടുകൾ അറിയാത്തവരായ) ആ ഒരു കൂട്ടം ആളുകൾക്ക് ഒരിക്കലും എൻ്റെ പ്രശ്നങ്ങൾ മനസ്സിലാകുകയില്ല; അല്ലെങ്കിൽ സാമൂഹികമായോ തൊഴിൽ പരമായോ നമ്മെ അറിയുന്ന കൂടുതൽ ധാരണാശക്തിയുള്ള ആ അവിശ്വാസിക്കു തോന്നുന്നത്, ക്രിസ്ത്യാനികളായ നമ്മൾ അധികമായി സംരക്ഷിക്കപ്പെടുന്നവരായതുകൊണ്ട് മാനുഷികമായ സാഹചര്യങ്ങളെ കുറിച്ച് അജ്ഞരാണ്, അല്ലെങ്കിൽ അങ്ങേയറ്റം കപടനാട്യക്കാർ ആണ് എന്നാണ്”.

മറ്റുള്ളവരുമായി സത്യസന്ധമായ കൂട്ടായ്മ ഉണ്ടാകുക എന്നാൽ എന്താണെന്ന് വ്യക്തിപരമായ ഒരു തലത്തിൽ നാം പഠിക്കേണ്ട ആവശ്യമുണ്ട്- നമുക്കെല്ലാവർക്കും ഒരു വ്യക്തിയുമായി കൂട്ടായ്മ ആചരിച്ചു തുടങ്ങാം.