ദൈവഹിതം കണ്ടെത്തുക


സാക് പുന്നൻ

ഈ പുസ്തകവും നിങ്ങളും…

തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി നിശ്ചയമില്ലാത്തവരാണ് ഒട്ടധികം ക്രിസ്ത്യാനികളും. അങ്ങനെയുള്ളവരെ സഹായിക്കുവാനായുള്ള ഒരു യത്നമാണ് ഈ പുസ്തകം. തെറ്റിക്കൂടാത്ത മാർഗ്ഗദർശനത്തിനുപകരിക്കുന്ന ഒരു സൂത്രവാക്യവും ഇത് നിങ്ങൾക്ക് നൽകുകയില്ല. അപ്രകാരമൊരു സൂത്രവാക്യം ബൈബിൾ നമുക്ക് നൽകുന്നില്ല എന്നതാണ് അതിന് കാരണം. ആത്മീയമായ ഒരു മാർഗ്ഗമവലംബിക്കാതെ ഒരു യാന്ത്രിക മാർഗത്തിലൂടെ ദൈവനടത്തിപ്പ് അന്വേഷിക്കുന്നതിനെപ്പറ്റി നാം കരുതലുള്ളവരാകേണ്ടത് ആവശ്യമത്രേ.

നിങ്ങൾക്ക് എല്ലാ ഉത്തരവും നൽകുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല ഈ പുസ്തകം. പരിശുദ്ധാത്മാവിൽ അധികമായി ആശ്രയിക്കുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വാച്ച്മാൻ നീ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്, “സമ്പൂർണതയുള്ള ഗ്രന്ഥങ്ങൾ മനുഷ്യരായ നാം എഴുതണമെന്ന് നമ്മെപ്പറ്റി പ്രതീക്ഷയില്ല. അത്തരം സമ്പൂർണതയിൽ അടങ്ങിയിട്ടുള്ള ആപത്ത് പരിശുദ്ധാത്മ സഹായം കൂടാതെ കാര്യങ്ങൾ ഗ്രഹിക്കുവാൻ ഒരുവൻ ശ്രമിക്കുവാനിടയാകും എന്നാണ്”. ദൈവം നമുക്ക് ചില പുസ്തകങ്ങൾ നൽകുന്ന പക്ഷം അവ വിച്ഛിന്നശകലങ്ങളുടെ രൂപത്തിലുള്ളവ ആയിരിക്കും അവ എപ്പോഴും സ്പഷ്ടവും പരസ്പരാനുരൂപവും യുക്തി പൂർവ്വവും ജീവനിലേക്ക് വഴിനടത്തുന്നതുമായിരിക്കും. ദൈവിക സത്യങ്ങളെ നമുക്ക് അപഗ്രഥിക്കുവാനോ രൂപരേഖയിലൊതുക്കുവാനോ വ്യവസ്ഥപ്പെടുത്തുവാനോ സാധ്യമല്ല. അപക്വമതിയായ ഒരു ക്രിസ്ത്യാനി മാത്രമേ എപ്പോഴും ബുദ്ധിപരമായ തൃപ്തി നൽകുന്ന നിഗമനങ്ങൾ ലഭിക്കണമെന്നു ശഠിക്കുകയുള്ളു. ദൈവവചനം എപ്പോഴും നമ്മുടെ ആത്മാക്കളോടും ജീവിതത്തോടും അവശ്യം സംസാരിക്കുന്നുവെന്നത് അതിന്റെ അടിസ്ഥാന സ്വഭാവാമത്രേ.” ഈ പുസ്തകം നിങ്ങളുടെ മനസ്സിന് കേവലം അറിവ് മാത്രമല്ല, സർവോപരി ജീവനും ആത്മാവും പ്രദാനം ചെയ്യുവാൻ ഇടയാകട്ടെ.

ഇതിന്റെ ആദ്യകൈയെഴുത്തുപ്രതി വായിച്ചുനോക്കി സഹായകരമായ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ള ചില ദൈവദാസന്മാരോട് എനിക്കുള്ള കടപാടും ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.


സാക് പുന്നൻ
ആഗസ്റ്റ് 1970

കുറിപ്പ്. ഇതിലുദ്ധരിച്ചിട്ടുള്ള തിരുവചനഭാഗങ്ങൾ അന്യഥാ പ്രസ്താവിച്ചിട്ടില്ലാത്ത പക്ഷം ആംപ്ലിഫൈഡ് ബൈബിളിൽ നിന്നാണ്. മറ്റ് ഉദ്ധാരണങ്ങൾ താഴെ കുറിക്കുന്നു.
LB -Living Bible
JBP – JB Philips translation
KJV – King James Version

അധ്യായം 1 : നിങ്ങളുടെ ജീവിതത്തെക്കുറിച്ചുളള ദൈവത്തിന്റെ പ്ലാൻ

മനുഷ്യന്റെ ഏറ്റവും മഹത്തായ ബഹുമതിയും പദവിയും ദൈവഹിതം അനുവർത്തിക്കുക എന്നതാണ്. ഇതായിരുന്നു കർത്താവായ യേശുക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ച പാഠം. സ്വർഗ്ഗസ്ഥനായ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയുള്ളൂവെന്ന് അവിടുന്ന് ഒരിക്കൽ പ്രസ്താവിച്ചു (മത്താ. 7:21). ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്റെ യഥാർത്ഥ സഹോദരീ സഹോദരന്മാരെന്ന് മറ്റൊരവസരത്തിലും അവിടുന്നു പറഞ്ഞിട്ടുണ്ട് (മത്താ. 12: 50).

കർത്താവ് ഊന്നിപ്പറഞ്ഞിട്ടുള്ള ഈ വസ്തുത അപ്പോസ്തലന്മാർ മുറപോലെ തങ്ങളുടെ തലമുറയ്ക്ക് കൈമാറുകയുണ്ടായി. ദൈവം മനുഷ്യരെ തന്റെ ഇഷ്ടം ചെയ്യുന്നതിലേക്കായി പാപത്തിൽ നിന്നു സ്വതന്ത്രരാക്കുന്നുവെന്ന് പത്രോസ് പ്രസ്താവിക്കുന്നു (1 പത്രോ 4:1, 12). വിശ്വാസികൾക്കായി ദൈവം നേരത്തേതന്നെ നിർണയിച്ചിട്ടുള്ള മാർഗത്തിലൂടെ അവർ നടക്കുന്നതിനുവേണ്ടിയാണ് അവരെ ദൈവം ക്രിസ്തുയേശുവിൽ പുതുതായി സൃഷ്ടിച്ചിട്ടുള്ളതെന്ന് പൗലോസ് പറയുന്നു (എഫേ 2: 10). അതിനാൽ അദ്ദേഹം എഫെസോസിലെ ക്രിസ്ത്യാനികളോട് ബുദ്ധിഹീനരാകാതെ തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം ഗ്രഹിച്ചുകൊള്ളുവാൻ പ്രബോധിപ്പിക്കുന്നു (എഫേ 5:17), കൊലോസ്സിയിലുള്ള ക്രിസ്ത്യാനികൾ ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനം നിറഞ്ഞവരായിത്തീരണമെന്ന് പൗലോസ് പ്രാർത്ഥിക്കുന്നു. തന്റെ സഹപ്രവർത്തകനായ എപ്പഫാസും അവർ ദൈവത്തിന്റെ എല്ലാ ഹിതവും നിറവേറ്റുന്നതിനുവേണ്ടി അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി അദ്ദേഹം എഴുതുകയും ചെയ്തിരിക്കുന്നു (കൊലോ 1:9;4:12). ദൈവഹിതം ചെയ്യുന്നവർ മാത്രമേ നിത്യമായി നിലനിൽക്കുകയുള്ളുവെന്ന് അപ്പോസ്തലനായ യോഹന്നാൻ പഠിപ്പിക്കുന്നു (1 യോഹ 2:17).

ദൗർഭാഗ്യവശാൽ നമ്മുടെ കാലഘട്ടത്തിലും തലമുറയിലും ഈ ഊന്നൽ വളരെ ദുർലഭമായിത്തീർന്നിരിക്കുന്നു. ഇന്നത്തെ ശരാശരി വിശ്വാസികളുടെ ജീവിതം ആഴം കുറഞ്ഞതായും ശക്തിഹീനമായും തീരുവാനുള്ള കാരണം ഇത്. പാപക്ഷമ ലഭിക്കുവാനായി മാത്രം ആളുകൾ ക്രിസ്തുവിന്റെ അടുക്കൽ വരുവാൻ സുവിശേഷകന്മാർ അവരെ പ്രേരിപ്പിക്കുന്നു. പാപക്ഷമയെന്നത് സമ്പൂർണ്ണമായ ദൈവഹിതത്തിന്റെ നിർവഹണത്തിലേക്കുള്ള ഒരു പ്രാരംഭപടി മാത്രമാണെന്ന് അപ്പോസ്തോലിക കാലത്ത് ജനങ്ങളെ പഠി പ്പിച്ചിരുന്നു.

ദാവീദ് ദൈവഹിതം മാത്രം ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ട് അദ്ദേഹത്തെ ദൈവം തന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനെന്നു വിളിച്ചു. അപ്പോ. 13:22-ൽ പറഞ്ഞിട്ടുള്ള സത്യം ഇതാണെന്ന് തോന്നുന്നു. ദൈവഹിതം ചെയ്യുവാൻ താൻ പ്രിയപ്പെടുന്നതായി ദാവീദു തന്നെ മറ്റൊരു ഭാഗത്തു പ്രസ്താവിക്കുന്നു (സങ്കീ. 40:8). അദ്ദേഹം ഒരു പരിപൂർണ്ണ മനുഷ്യനായിരുന്നില്ല. അദ്ദേഹം പല പാപങ്ങളും ചെയ്തു. ചിലതു വളരെ ഗൗരവാവഹമായ പാപങ്ങളായിരുന്നു. അവ നിമിത്തം ദൈവത്തിന് അദ്ദേഹത്തെ ശിക്ഷിക്കേണ്ടിവന്നു. എങ്കിലും ദൈവം അദ്ദേഹത്തോടു ക്ഷമിക്കുകയും അദ്ദേഹത്തെപ്പറ്റി സന്തോഷിക്കുകയും ചെയ്തു. കാരണം, അടിസ്ഥാനപരമായി ദാവീദ് ദൈവത്തിന്റെ എല്ലാ ഹിതവും ചെയ്യാനാഗ്രഹിച്ച ഒരുവനായിരുന്നു. നമുക്ക് എന്തെല്ലാം അപൂർണ്ണതകൾ ഉണ്ടായിരുന്നാൽ തന്നെയും ദൈവഹിതം ചെയ്യുവാൻ നാം ഉറച്ച മനസ്സോടെ തീരുമാനിക്കുന്നപക്ഷം നമുക്കു ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യരായിത്തീരാമെന്ന് വിശ്വസിക്കുവാൻ ഈ വസ്തുത നമ്മെ ധൈര്യപ്പെടുത്തുന്നു.

യേശുവിന്റെ ദൃഷ്ടാന്തം പിന്തുടർന്ന് അവിടുന്ന് നടന്നതുപോലെ നടക്കുവാൻ പുതിയനിയമം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും മുഴുവൻ നിർണ്ണായകമായ പ്രമാണം തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുക എന്നതായിരുന്നു. തന്റെ പിതാവ് ആജ്ഞാപിക്കുന്നതുവരെയും യേശു ഒരു ചുവടുപോലും വച്ചിരുന്നില്ല. അവിടുന്നു മുന്നോട്ടു ചുവടു വച്ചപ്പോഴാകട്ടെ, തന്റെ ശത്രുക്കളുടെ ഭീഷണിയോ സ്നേഹിതന്മാരുടെ അഭ്യർത്ഥനയോ ദൈവം തന്നോടാജ്ഞാപിച്ചിട്ടുള്ള കാര്യം ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു നിറുത്തിയില്ല. തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുകയായിരുന്നു അവിടുത്തെ ദിനംപ്രതിയുള്ള ആഹാരം (യോഹ.4:34) തങ്ങളുടെ ശരീരങ്ങളുടെ പോഷണത്തിനുവേണ്ടി മനുഷ്യർ ഭക്ഷണത്തിനായി കാംക്ഷിക്കുന്നതു പോലെ തന്നെ തന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുവാൻ കർത്താവ് അത്യാകാംക്ഷയുള്ളവനായിരുന്നു.

ദൈവത്തിന്റെ എല്ലാ ഹിതവും നിറവേറ്റുവാൻ ഇപ്രകാരമുള്ള ഒരു വിശപ്പ് എല്ലാ വിശ്വാസികൾക്കും ഉണ്ടായേ തീരൂ. അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ തന്നെ ഭൂമിയിലും നടക്കണമേ എന്ന് പ്രാർത്ഥിക്കുകയും അതേ സമയം തന്നെ പ്രതിദിന ജീവിതത്തിൽ ദൈവനടത്തിപ്പ് ആരായാതെ നമുക്കിഷ്ടമായതു പ്രവർത്തിക്കുകയും ചെയ്യുന്നത് എത്ര എളുപ്പം

ദൈവത്തിന്റെ പ്ലാൻ തന്നെ അത്യുത്തമം

ദൈവനടത്തിപ്പ് അന്വേഷിക്കാതിരിക്കുക എന്നത് ഭോഷത്തത്തിന്റെ പരമകാഷ്ഠ തന്നെ. കൂരിരിട്ടുള്ള ഒരു രാത്രിയിൽ വൃക്ഷനിബിഡമായ ഒരു ഘോര വനത്തിന്റെ മധ്യത്തിൽ പാതയറിയാതെ ഒറ്റയ്ക്ക് ഉഴലുന്ന ഒരവസ്ഥയിൽ നിങ്ങൾ അകപ്പെട്ടുപോയാൽ ആ വനത്തിന്റെ ഓരോ മുക്കും മൂലയും നല്ല വണ്ണം അറിയാവുന്നവനും നിങ്ങൾക്ക് തികച്ചും വിശ്വാസ്യനുമായ ഒരാൾ നിങ്ങളോടൊപ്പമുള്ളപക്ഷം നിങ്ങൾ സന്തുഷ്ടനായിരിക്കും. അദ്ദേഹം ഏതു വഴി തിരിയുന്നുവോ ആ വഴിയിൽക്കൂടെ ചോദ്യം ചെയ്യാതെ നിങ്ങൾ അനുഗമിക്കും. ഇരുളടഞ്ഞതും ഇടതിങ്ങിയതും നിറയെ ആപത്തുകൾ പതിയിരിക്കുന്നതുമായ ആ വനത്തിൽ അദ്ദേഹത്തിന്റെ ഉപദേശം അവഗണിച്ചും സ്വന്ത ബുദ്ധിയിലാശ്രയിച്ചും മുന്നോട്ടുപോകുന്നത് ഭോഷത്തമായിരിക്കും. എന്നാലും ഒട്ടനേകം വിശ്വാസികളും അത്തരമൊരു പ്രവൃത്തിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.

നമ്മുടെ മുമ്പിലുള്ള ഭാവി മറ്റെന്തിലുമധികം അജ്ഞാതമാണ്. വരാനിരിക്കുന്നവയൊന്നും നാം അറിയുന്നില്ല. അങ്ങനെയാണെങ്കിലും നാം മുന്നോട്ട് പോകേണ്ടത് ആവശ്യമായിരിക്കുന്നു.

ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ ചില നാൽക്കവലകളിൽ നാമെത്തുന്നു. ആ ഘട്ടങ്ങളിൽ ദീർഘകാലവ്യാപിയായ ഭവിഷ്യത്തുകളോടുകൂടിയ തീരുമാനങ്ങൾ നാം എടുത്തേ മതിയാകൂ. ഒരു ജീവിതവൃത്തിയെ അഥവാ ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതുപോലെ നമ്മുടെ മുഴുവൻ ജീവിതത്തെയും ബാധിക്കുന്ന തീരുമാനങ്ങളാണ് അവ. അത്തരം സന്ദർഭങ്ങളിൽ എങ്ങനെയാണ് നാമൊരു തീരുമാനമെടുക്കുക. ഓരോ പാതയിലും സംഭവിക്കാവുന്ന ആപത്തുകളെയോ ഭവിഷ്യത്തുകളെയോ പറ്റി നമുക്ക് ഒരറിവുമില്ല. സാത്താൻ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള കെണികളെപ്പറ്റി ഒന്നും നമുക്കറിഞ്ഞുകൂടാ. എന്നിരുന്നാലും ഏതുവഴി പോകണമെന്ന് നാം തീരുമാനിച്ചേ മതിയാവൂ.

അതിനാൽ അത്തരം സന്ദർഭങ്ങളിൽ നമുക്കു പൂർണ്ണമായി വിശ്വസിക്കാവന്നവനും മുഴുവൻ ഭാവിയും അറിയുന്നവനുമായ ഒരാൾ നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ടത് അഭികാമ്യം മാത്രമല്ല, അനുപേക്ഷണീയം കൂടെയാണ്. കർത്താവായ യേശുക്രിസ്തുവിൽ അപ്രകാരമൊരാൾ നമുക്കുണ്ട്. ഏറ്റവും സുരക്ഷിതവും അത്യുത്തമവുമായ വഴിയിൽക്കൂടെ നമ്മെ നയിക്കുവാൻ അവിടുന്ന് അത്യധികം തൽപരനും കൂടെയാണ്.

നമ്മിൽ ഓരോരുത്തരുടെയും ജീവിതത്തെപ്പറ്റി ദൈവത്തിനു വ്യക്തമായൊരു പ്ലാനുണ്ടെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു (എഫേ. 2:10). അവിടുന്ന് നമുക്കായി ഒരു ജീവിതവൃത്തി മുൻകണ്ടിട്ടുണ്ട്; ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുത്തിട്ടുണ്ട്. നാം എവിടെ താമസിക്കണമെന്നും ഓരോ ദിവസവും എന്തുചെയ്യണമെന്നുമുള്ള കാര്യം പോലും അവിടുത്തെ പദ്ധതിയിലുൾപ്പെടുന്നു. ഏതു കാര്യത്തിലും അവിടുത്തെ തിരഞ്ഞെടുപ്പാണ് അത്യുത്തമം; കാരണം, അവിടുന്നു നമ്മെ നല്ലവണ്ണം അറിയുന്നു. കാര്യത്തിന്റെ എല്ലാ വശങ്ങളെയും അവിടുന്നു പരിഗണനയിലെടുത്തിരിക്കുന്നു. അതിനാൽ വലുതും ചെറുതുമായ എല്ലാ കാര്യങ്ങളിലും അവിടുത്തെ ഹിതമന്വേഷിക്കുക എന്നതാണ് ഏറ്റവും വിവേകപൂർവ്വമായ മാർഗ്ഗം.

നമ്മുടെ പരിമിതമായ ബുദ്ധിയിൽനിന്നുള്ള യുക്തിബോധത്തെയോ വികാരങ്ങളുടെ നിർദ്ദേശങ്ങളെയോ മാത്രം ആശ്രയിക്കുന്നത് ബുദ്ധിഹീനമെന്നു മാത്രമല്ല, ആപൽക്കരം കൂടെയാണ്. ദൈവത്തിന്റെ പ്ലാനാണ് യഥാർത്ഥത്തിൽ അത്യുത്തമമെന്ന ഒരു പരമബോധ്യത്താൽ പിടിക്കപ്പെട്ടവരായി നാം തീർന്നിട്ടില്ലെങ്കിൽ അതന്വേഷിക്കുന്നതിൽ നാം ജാഗ്രത കാട്ടുകയില്ല.

തങ്ങളുടെ ചെറുപ്പം മുതൽതന്നെ ദൈവഹിതമന്വേഷിക്കുവാൻ തുനിഞ്ഞിട്ടില്ലാത്ത ഒട്ടധികമാളുകളുടെ ജീവിതക്കപ്പൽ തകർന്നുപോകുവാൻ ഇടയായിട്ടുണ്ട്. “ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്” (വിലാ. 3:27). മത്താ. 11:28-30 വാക്യങ്ങളിൽ തന്റെ നുകം നമ്മുടെമേൽ ഏറ്റുകൊള്ളുവാൻ യേശു നമ്മെ ക്ഷണിക്കുന്നു. നുകമേറ്റുകൊള്ളുക എന്നുവച്ചാൽ എന്താണർത്ഥം? നിലമുഴുവാനുപയോഗിക്കുന്ന കാളകളെ ഇണച്ചു നിറുത്തി അവയുടെ ചുമലിൽ നുകം വയ്ക്കുന്നു. ഒരു പുതിയ കാളയെ പരിശീലിപ്പിക്കേണ്ടി വരുമ്പോൾ പരിചയമുള്ള ഒരു കാളയോടൊപ്പം അതിനെ നാം അമിക്കുന്നു. തൽഫലമായി പരിചയമുള്ള പഴയ കാള പോകുന്ന വഴിക്കും നടക്കുന്ന വേഗതയിലും നടക്കുവാൻ പുതിയ കാള നിർബന്ധിതനായിത്തീരുന്നു.

യേശുവിന്റെ നുകം നമ്മുടെ മേൽ ഏറ്റുകൊള്ളുക എന്നതിന്റെ അർത്ഥം ഇതാണ്. യേശുവിനോടൊപ്പം അവിടുത്തേക്ക് ഇഷ്ടമുള്ള വഴിയിലൂടെയും അവിടുത്തെ നടത്തിപ്പുകൂടാതെ എന്തിലേക്കെങ്കിലും എടുത്തുചാടാതെയും അനുസരണത്തിന്റെ പുതിയ കാൽവയ്പിലേക്ക് താൻ നമ്മെ ക്ഷണിക്കുമ്പോൾ പിന്നാക്കം മാറാതെയും നാം നടക്കേണ്ടതാണ്. നുകത്തിന്റെ ഈ അർത്ഥം വളരെക്കുറച്ചാളുകളേ മനസ്സിലാക്കുന്നുള്ളു. അതിലും കുറച്ചുപേർ മാത്രമേ അതു സമ്മതത്തോടെ കൈക്കൊള്ളുന്നുള്ളൂ. നുകം ചുമലിന്മേൽ ഏറ്റുകൊള്ളുവാൻ കാളയുടെ ഉടമസ്ഥൻ അതിനെ നിർബന്ധിക്കുന്നു. യേശു വാകട്ടെ നമ്മെ അതിനായി ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിർബ്ബന്ധമൊന്നുമില്ല. ഈ ക്ഷണം നാം നിരസിക്കുന്നപക്ഷം അതെത്ര ഭോഷത്തമായിരിക്കും. അതിനുപകരം നമ്മുടെ സ്വേച്ഛയാകുന്ന ഭാരമുള്ള നുകവും അതോടൊപ്പം വന്നുകൂടുന്ന തകർച്ചകൾ, പരാജയങ്ങൾ, പശ്ചാത്താപങ്ങൾ എന്നിവയും സ്വീകരിക്കുവാനാണ് നാം ഇഷ്ടപ്പെടുന്നത്. എന്നാൽ യേശുവിന്റെ ഭാരം കുറഞ്ഞ നുകമാകട്ടെ, യഥാർത്ഥ സ്വാതന്ത്ര്യവും ആഴമായ വിശ്രമവും നമുക്കു നല്കുന്നു.

“ഭാരമുള്ള നുകത്തിൻ കീഴിൽ അധ്വാനിക്കുന്ന എല്ലാവരുമേ, എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. ഞാൻ സൗമ്യനും വിനീതനുമാകയാൽ എന്റെ നുകം ഏറ്റുകൊൾവിൻ. (പരിചയമില്ലാത്ത കാളയെ പരിചയമുള്ള കാള് പഠിപ്പിക്കുന്നതുപോലെ) ഞാൻ നിങ്ങളെ പഠിപ്പിക്കാം. അപ്പോൾ നിങ്ങൾ നിങ്ങളുടെ ആത്മാക്കൾക്കു വിശ്രമം കണ്ടെത്തും. എന്തെന്നാൽ ലഘുവായ ഭാരം മാത്രമേ ഞാൻ നിങ്ങളുടെ മേൽ ചുമത്തുകയുള്ളു.” (മത്തായി 11:28-30 LB).

ഹാനോക്കിനെപ്പറ്റി അദ്ദേഹം ദൈവത്തോടുകൂടെ നടന്നതായി നാം വായിക്കുന്നു. (ഉൽപ. 5:22). അതിന്റെ അർത്ഥമിതാണ്. അദ്ദേഹം വേഗത്തിൽ മുന്നോട്ടു നീങ്ങുകയോ പിന്നാക്കം മാറുകയോ ചെയ്തില്ല. നേരെമറിച്ച് നുകത്തിൽ കീഴിലുള്ള ഒരുവനെപ്പോലെ ദൈവം നിശ്ചയിച്ച പാതയിലൂടെ 300 വർഷക്കാലം അദ്ദേഹം നടന്നു. അതിന്റെ ഫലമായി ഹാനോക്കിന്റെ ജീവിതത്താൽ താൻ സന്തുഷ്ടനായിത്തീർന്നുവെന്ന് ദൈവം അദ്ദേഹത്തെപ്പറ്റി സാക്ഷ്യം പറഞ്ഞു. നമുക്കും ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്ന ഏക മാർഗ്ഗം ഇതാണ്; അവിടുത്തെ നുകത്തിൻ കീഴിൽ, അവിടുത്തെ പരിപൂർണ്ണ ഹിതത്തിൻ കീഴിൽ ജീവിക്കുകയും മുന്നോട്ടു പോവുകയും ചെയ്യുകതന്നെ. അങ്ങനെയാണെങ്കിൽ മാത്രമേ കർത്താവു വീണ്ടും വരുമ്പോൾ നമുക്ക് അവിടുത്തെ മുമ്പിൽ ലജ്ജിതരാകാതെ നിൽക്കുവാൻ സാധിക്കൂ.

ദൈവത്തിന്റെ പ്ലാനിൽ നിന്നും മാറിപ്പോകുന്ന അവസ്ഥ

ഒരു വിശ്വാസിക്കു തന്റെ ജീവിതത്തിൽ ദൈവത്തിന്റെ പരിപൂർണ ഹിതത്തിൽ നിന്നു വീണുപോകുവാൻ സാധ്യമാണ്. ശൗലിനെ യിസ്രായേലിന്റെ രാജാവായി തിരഞ്ഞെടുത്തു. എന്നാൽ അവസാനത്തിൽ അദ്ദേഹത്തിന്റെ അക്ഷമയുടെയും അനുസരണക്കേടിന്റെയും ഫലമായി ദൈവത്തിന് അദ്ദേഹത്തെ കൈവെടിയേണ്ടിവന്നു. അദ്ദേഹം കുറെ വർഷങ്ങൾ കൂടെ സിംഹാസനത്തിൽ തുടർന്നുവെന്നതു ശരിതന്നെ. എങ്കിലും ശൗൽ തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതത്തിൽനിന്നു വീണുപോയി. ശലോമോൻ മറ്റൊരുദാഹരണമാണ്. തന്റെ ആദ്യവർഷങ്ങളിൽ അദ്ദേഹം ദൈവത്തെ പ്രസാദിപ്പിച്ചിരുന്നു. എന്നാൽ വിജാതീയ സ്ത്രീകളെ വിവാഹം ചെയ്തതുമൂലം അനന്തരകാലത്ത് അദ്ദേഹവും വീണുപോയി.

മരുഭൂമിയിൽ വീണു നശിച്ചുപോയ യിസ്രായേൽ ജനങ്ങളുടെ ജീവിതം ഒരു താക്കീതായി കൈക്കൊള്ളുവാൻ പുതിയ നിയമത്തിൽ രണ്ടു സ്ഥലങ്ങളിൽ പരിശുദ്ധാത്മാവു നമ്മെ പ്രബോധിപ്പിക്കുന്നുണ്ട്. അവർ കനാനിൽ പ്രവേശിക്കണം എന്നതായിരുന്നു ദൈവത്തിന്റെ പരിപൂർണ്ണ ഹിതം. എന്നാൽ അവിശ്വാസവും അനുസരണക്കേടും നിമിത്തം അവരിൽ രണ്ടുപേരൊഴിച്ചു സകലരും ദൈവത്തിന്റെ പരിപൂർണഹിതത്തിൽനിന്നു വീണുപോയി (1 കൊരി 10:1-12; എബ്രാ. 3:7-14). ഒട്ടധികം വിശ്വാസികളും ഈ വിധത്തിൽ പലപ്പോഴും വിവാഹം മൂലമോ അഥവാ ഒരു ജീവിതവൃത്തിയുടെ തിരഞ്ഞെടുപ്പുമൂലമോ ഉള്ള തങ്ങളുടെ അനുസരണക്കേടും ഒത്തുതീർപ്പുമനോഭാവവും നിമിത്തം ദൈവത്തിന്റെ പരിപൂർണ്ണപദ്ധതിയെ നിഷ്ഫലമാക്കിത്തീർത്തിട്ടുണ്ട്.

ജി. ക്രിസ്റ്റ്യൻ വെയിസ്സ് ‘പരിപൂർണ്ണദൈവഹിതം’ എന്ന തന്റെ പുസ്തകത്തിൽ ബൈബിൾ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരധ്യാപകനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ആ അധ്യാപകൻ ഒരു ദിവസം തന്റെ വിദ്യാർത്ഥികളോട് ഇപ്രകാരം പറഞ്ഞു: “എന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ദൈവത്തിന്റെ അത്യു മഹിതത്തിൽ കുറഞ്ഞ ഒരു ജീവിതമാണ് (God’s second best) ഞാൻ നയിച്ചിട്ടുള്ളത്. തന്റെ യൗവനകാലത്ത് ദൈവം അദ്ദേഹത്തെ ഒരു മിഷനറി ആകുവാൻ വിളിച്ചിരുന്നു. എന്നാൽ ഒരു വിവാഹബന്ധത്തിന്റെ ഫലമായി അദ്ദേഹം അതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. അനന്തരം അദ്ദേഹം സ്വാർത്ഥപരമായ വ്യാപാര വിഷയങ്ങളിൽ മുഴുകി ഒരു ബാങ്കിൽ ജോലി ചെയ്തുപോന്നു. പണമുണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. ദൈവം വീണ്ടും കുറേ വർഷത്തേക്ക് അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഒരു ദിവസം അദ്ദേഹത്തിന്റെ കൊച്ചുകുട്ടി ഒരു കസേരയിൽനിന്നു താഴെവീണു മരണമടഞ്ഞു. ഇതു നിമിത്തം ദൈവമുമ്പാകെ മുട്ടിന്മേൽ നിൽക്കുവാൻ അദ്ദേഹം പരിതനായി. ദൈവത്തിന്റെ മുമ്പിൽ കണ്ണുനീരോടെ ഒരു രാത്രി മുഴുവൻ ചെലവഴിച്ചശേഷം അദ്ദേഹം തന്റെ ജീവിതം സമ്പൂർണ്ണമായി ദൈവകരങ്ങളിൽ ഏല്പിച്ചുകൊടുത്തു. അഫ്രിക്കയിലേക്കു പോകുക സാധ്യമല്ലാത്തവിധം ഇപ്പോൾ വളരെ താമസിച്ചുപോയിരുന്നു. അങ്ങനെ ആ വാതിൽ അടഞ്ഞു കഴിഞ്ഞിരുന്നു. തന്നെപ്പറ്റിയുള്ള ദൈവത്തിന്റെ സർവോത്തമഹിതം അതായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അതു തനിക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ തനിക്ക് ചെയ്യാമായിരുന്ന ഏകകാര്യം തന്റെ ശേഷിച്ച ജീവിതം പ്രയോജനകരമായ എന്തിനെങ്കിലും വിനിയോഗിക്കുവാൻ ദൈവത്തോട് അപേക്ഷിക്കുകയായിരുന്നു. എങ്കിലും ഇതു ദൈവത്തിന്റെ സർവ്വോന്നതഹിതത്തിൽനിന്നു താണ ഒന്നായിരുന്നുവെന്ന് അദ്ദേഹത്തിന് ഒരിക്കലും മറക്കുവാൻ കഴിഞ്ഞില്ല.

വെയിസ്സ് തുടർന്ന് ഇപ്രകാരം എഴുതുന്നു: “ഇപ്രകാരമുള്ള സാക്ഷ്യം വഹിക്കുന്ന ഒട്ടനേകമാളുകളെ പിൽക്കാലത്തു കാണുവാൻ എനിക്ക് ഇടയായിട്ടുണ്ട്. ഈ സാക്ഷ്യങ്ങൾ സാധാരണമായി കയ്പ്പുള്ള കണ്ണീരിൽ കുതിർന്നവയോ അത്തരം കണ്ണീർ കലർന്നവയോ ആയിരുന്നു. ഈ വിധത്തിൽ പാപം ചെയ്തു ദൈവത്തിന്റെ പരിപൂർണ്ണഹിതത്തിലേക്കുള്ള ലളിതമായ വഴി നഷ്ടപ്പെടുത്തിയവരെ വീണ്ടും ഉപയോഗിക്കുവാൻ ദൈവം മാർഗ്ഗം കണ്ടെത്തുന്നതിനായി നമുക്ക് ദൈവത്തെ സ്തുതിക്കാമെങ്കിലും അത് ദൈവം ആദിയിൽത്തന്നെ നമ്മെപ്പറ്റി ഉദ്ദേശിച്ചിരുന്നവിധത്തിലുള്ള ജീവിതമാകുന്നില്ല. ഒരുവന്റെ ജീവിതത്തിൽ ദൈവത്തിന്റെ സർവോന്നതഹിതം നഷ്ടപ്പെടുക എന്നത് ഒരു അത്യാഹിതം തന്നെ. പ്രിയപ്പെട്ട ക്രിസ്ത്യാനി, ദൈവത്തിന്റെ പ്രാഥമികഹിതം നഷ്ടപ്പെട്ടു പോകാതിരിക്കേണ്ടതിന് ഈ വാക്കുകളും ഈ സാക്ഷ്യവും ശ്രദ്ധയോടെ കുറിക്കൊള്ളുക. ജീവിതപാതയിൽ ഏതൊരു ഘട്ടത്തിലായാലും തന്റെ കരങ്ങളിലേക്ക് ഏല്പിക്കപ്പെടുന്ന ഏതൊരു ജീവിതത്തെയും ദൈവം ഉപയോഗിക്കുമെന്നതു ശരി തന്നെ. എന്നാലും ജീവിതയാത്രയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ദൈവഹിതമന്വേഷിക്കുകയും അതിനു കീഴടങ്ങുകയും ചെയ്യുന്നവരുടെ ഗണത്തിൽ നാം ആയിത്തീരട്ടെ. അങ്ങനെയെങ്കിൽ ദുഃഖമയവും ലജ്ജാകരവുമായ വിധത്തിൽ വഴിവിട്ടു സഞ്ചരിക്കുന്ന അനുഭവം ഒഴിവാക്കുവാൻ നമുക്കു കഴിയും.

നാം തിരഞ്ഞെടുക്കുന്ന ഏതെങ്കിലുമൊരു സ്ഥലത്ത് ഒരു വിജയ ജീവിതം നയിക്കുവാനോ ദൈവത്തിനു പരമാവധി പ്രയോജനപ്പെടുവാനോ മറ്റുള്ളവർക്ക് ഒരനുഗ്രഹമായിത്തീരുവാനോ നമുക്കു സാധ്യമല്ല. തങ്ങളുടെ ജീവിതവൃത്തിയും വാസസ്ഥാനവും തങ്ങൾ തന്നെ തിരഞ്ഞെടുത്തശേഷം തങ്ങൾ ആയിരിക്കുന്ന സ്ഥാനത്ത് യേശുക്രിസ്തുവിന്റെ ഒരു സാക്ഷിയായിരിക്കുവാൻ കഴിയുമെന്ന് ചിലർ ചിന്തിച്ചേക്കാം. കർത്താവു തന്റെ കരുണയാൽ അത്തരം വിശ്വാസികളെ പരിമിതമായൊരളവിൽ ഉപയോഗിച്ചുവെന്നു വരാം. എന്നാൽ അവർ ദൈവത്തിന്റെ പ്ലാൻ അന്വേഷിക്കുകയും അവിടുത്തെ പരിപൂർണ്ണഹിതത്തിന്റെ കേന്ദ്രത്തിൽത്തന്നെ നിൽക്കുകയും ചെയ്തിരുന്നുവെങ്കിൽ ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ അവർക്കു സാധ്യമായിരുന്നതിന്റെ വളരെ ചെറിയൊരംശം മാത്രം പ്രയോജപ്പെടുത്തുവാനേ അവർക്കു സാധിക്കുകയുള്ളു. ആത്മീയ വളർച്ച മുരടിച്ചുപോകുവാനും പരിമിതമായി മാത്രം ഫലം പുറപ്പെടുവിക്കുവാനും ഇടയാകുന്നത് ദൈവിക നിയമങ്ങളെ അശ്രദ്ധയോടെ അവഗണിക്കുന്നതിന്റെ ഭാവി ഫലങ്ങള്.

നിങ്ങൾ ഏതെങ്കിലും കാര്യത്തിൽ ദൈവത്തോട് അനുസരണക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ ഇനി വളരെത്താമസിച്ചുപോകുന്നതിനുമുമ്പ് ഇപ്പോൾ തന്നെ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുക. യോനയുടെ ജീവിതത്തിലെപ്പോലെ നിങ്ങളെപ്പറ്റിയുള്ള ദൈവിക പ്ലാനിന്റെ നടുപ്രവാഹത്തിലേക്കു തിരിച്ചുവരുവാൻ ഇപ്പോഴെങ്കിലും നിങ്ങൾക്കു കഴിഞ്ഞേക്കാം.

നമ്മിലോരോരുത്തർക്കും ഒരൊറ്റ ജീവിതമേയുള്ളു. പൗലോസിനെപ്പോലെ അതിന്റെ അവസാനത്തിൽ ദൈവം തന്നെക്കൊണ്ടുദ്ദേശിച്ചിരുന്ന കൃത്യം താൻ നിറവേറ്റിയെന്നു പറയുവാൻ കഴിയുന്ന മനുഷ്യൻ ഭാഗ്യവാൻ തന്നെ (2 തിമോ.4:17).

“ഈ ലോകവും അതിലെ എല്ലാ തീവ്രമോഹങ്ങളും ഒരു ദിവസം മറഞ്ഞു പോകും. എന്നാൽ ദൈവഹിതം പിന്തുടരുന്ന മനുഷ്യൻ സുസ്ഥിരമായ ഒന്നിന്റെ ഭാഗമായിത്തീരും അയാൾ ഒരിക്കലും നാശം പ്രാപിക്കുകയുമില്ല. (1 യോഹ.2:17 JBP)

“അങ്ങനെയെങ്കിൽ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അറിയാത്ത മനുഷ്യരെപ്പോലെയല്ല, അറിയുന്നവരെപ്പോലെ തന്നെ, അർഹിക്കുന്ന ഉത്തരവാദിത്വ ബോധത്തോടെ ജീവിതം നയിക്കുക. ഈ കാലഘട്ടത്തിലെ എല്ലാ വിഷമതകളെയും അതിലംഘിച്ച് നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്തുക. ദൈവഹിതത്തെപ്പറ്റിയുള്ള നിങ്ങളുടെ ബോധം അവ്യക്തമായ ഒന്നാകാതിരിക്കട്ടെ. വ്യക്തവും ദൃഢവുമായ ബോധത്തോടെ അതു മുറുകെ പിടിക്കുക. (എഫേ. 5:15-17 JBP)

ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പിൽ ഞാൻ നിൽക്കുകയും
എന്നെപ്പറ്റിയുള്ള അവിടുത്തെ പ്ലാൻ ദൈവം എനിക്കു കാണിച്ചു തരികയും ചെയ്യുമ്പോൾ,
തന്റെ ഇഷ്ടത്തിനു ഞാൻ കീഴടങ്ങിയിരുന്നെങ്കിൽ
എന്റെ ജീവിതം എപ്രകാരമായിരുന്നുവെന്നു ഞാൻ കണ്ടെത്തുമ്പോൾ

ഹാ! ഇവിടെ ഞാൻ അവനെ നിരോധിച്ചു, അവിടെ ഞാൻ അവനെ തടഞ്ഞു,
അവിടുത്തെ ഹിതത്തിനു വഴങ്ങാതെ ഞാൻ നിന്നുപോയെന്നു ഞാൻ കണ്ടെത്തും.
അപ്പോൾ എന്റെ രക്ഷകന്റെ കണ്ണുകളിൽ, താനെന്നെ സ്നേഹിക്കുന്നുവെങ്കിൽത്തന്നെയും വേദന നിഴലിക്കുകയില്ലേ?

എനിക്കു തിരിച്ചറിയാൻ കഴിവില്ലാത്ത ജീവിതവനിയിലൂടെ
വേട്ടമൃഗത്തെപ്പോലെ എന്റെ സ്മരണ പതറിപ്പായുമ്പോൾ
ഹാ! അവിടെ ഞാൻ കാണുന്ന കാഴ്ച!

ഞാൻ ധനികനാകണമെന്ന് അങ്ങ് ആഗ്രഹിച്ചു; എന്നാലിതാ
ഞാൻ ദരിദ്രനായി നിൽക്കുന്നു.
എല്ലാം നഷ്ടപ്പെട്ടു ഞാൻ നഗ്നനായി;
എന്നോടുള്ള തന്റെ കൃപ മാത്രം ശേഷിച്ചു!

അന്നു നിരാശമായ എന്റെ ഹൃദയം മിക്കവാറും തകർന്നുപോകും; അന്നെനിക്കൊഴുക്കുവാൻ കണ്ണുനീർ ശേഷിക്കുകയില്ല;
കിരീടമില്ലാത്ത എന്റെ ശിരസ്സു കുനിച്ചുകൊണ്ട്
തളർന്ന കൈകളാൽ കണ്ണുകൾ പൊത്തിക്കൊണ്ട്,ഞാൻ നിന്നുപോകും.

എനിക്കിനിയും ശേഷിച്ച വർഷങ്ങൾക്കധീശനായ ദേവാ,
അങ്ങയുടെ കൈയിൽ ഞാനിതാ അവയെ സമർപ്പിക്കുന്നു.
എന്നെ എടുത്താലും, ഉടച്ചാലും, രൂപപ്പെടുത്തിയാലും.
അങ്ങു പ്ലാൻ ചെയ്ത രൂപത്തിൽ ഞാൻ ആയിത്തീരട്ടെ.

-മാർത്താ സ്‌നെൽ നിക്കോൾസൺ


സംക്ഷേപം

 1. മനുഷ്യന്റെ ഏറ്റവും വലിയ ബഹുമതിയും പദവിയും ദൈവഹിതം അനു ഷ്ഠിക്കുന്നതാണെന്ന് യേശുക്രിസ്തുവും അപ്പോസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നു.
 2. ദൈവം നമ്മെ നടത്തുവാൻ കാത്തിരിക്കെ, നമ്മുടെ സ്വന്തഹിതമനുസ രിച്ചു ഭാവിയിലേക്കു കാൽ വയ്ക്കുന്നതു ഭോഷത്തമാണ്. അവിടുത്തെ പ്ലാനാണ് അത്യുത്തമമാർഗ്ഗം. നാം അവിടുത്തേക്കു കീഴടങ്ങുമെങ്കിൽ സാത്താന്റെ കെണികളിൽനിന്നു നമ്മെ വിടുവിക്കുവാൻ അവിടുത്തേക്കു കഴിയും.
 3. അശ്രദ്ധയും അനുസരണക്കേടും നിമിത്തം ദൈവത്തിന്റെ സർവോന്നത മായ പ്ലാൻ നാം നഷ്ടപ്പെടുത്തുവാനിടയുണ്ട്.

അധ്യായം 2 : ദൈവഹിതം കണ്ടെത്തുവാൻ പാലിക്കേണ്ട വ്യവസ്ഥകൾ

ദൈവനടത്തിപ്പിനെക്കുറിച്ച് ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തിൽനിന്നു വേർപെടുത്തി ചിന്തിക്കുവാൻ സാധ്യമല്ല. ഒട്ടധികമാളുകളും ദാതാവിനെയല്ല, ദാനങ്ങളെയാണ് ആഗ്രഹിക്കുന്നത്. നാം ദൈവനടത്തിപ്പാനായി വാഞ്ഛിക്കുകയും ദൈവത്തിനായി ദാഹിക്കാതെയിരിക്കുകയും ചെയ്യുന്നപക്ഷം നാം ആഗ്രഹിക്കുന്ന നടത്തിപ്പ് നമുക്ക് ലഭിക്കുകയില്ല.

ഒരുവന് തന്റെ ജീവിതത്തിൽ ദൈവികമാർഗ്ഗദർശനം ലഭിക്കുന്നതിലേക്ക് അയാൾ ദൈവവുമായുള്ള സംസർഗ്ഗത്തിലായിരിക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ അർത്ഥം, ഒന്നാമതുതന്നെ അയാൾ പുതുജനനത്തിലൂടെ ദൈവവുമായുള്ള ഒരു സജീവബന്ധത്തിൽ പ്രവേശിച്ചിരിക്കണം എന്നത്. എന്നാൽ ഇതുമാത്രം കൊണ്ടായില്ല. ദൈവത്തിന്റെ മാർഗ്ഗദർശനം അറിയണമെങ്കിൽ നാം നിറവേറ്റേണ്ട മറ്റുചില അത്യാവശ്യ വ്യവസ്ഥകൾ കൂടെയുണ്ട്. ഈ മുൻ വ്യവസ്ഥകളെപ്പറ്റി ദൈവവചനത്തിലെ രണ്ടു ഭാഗങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. അതിലൊന്നു പഴയനിയമത്തിലും മറ്റേതു പുതിയനിയമത്തിലുമാണ് (സദൃ. 3:5-7;റോമർ 12:1-2). ഈ വചനഭാഗങ്ങളെപ്പറ്റി നമുക്കു വിശദമായിച്ചിന്തിക്കാം.

വിശ്വാസം

“പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ യഹോവയിൽ ആശ്രയിക്കുക….. അവിടുന്നു നിന്റെ പാതകളെ നിയന്ത്രിച്ചുകൊള്ളും” (സദൃ.3:5-7).

ദൈവഹിതത്തെപ്പറ്റിയുള്ള ഒരു പരിജ്ഞാനത്തിലേക്ക് ഒരിക്കലും വന്നു ചേരാത്ത ധാരാളം പേരുണ്ട്. ദൈവം തങ്ങളെ നടത്തുമെന്ന് അവർ വിശ്വസിക്കുന്നതേയില്ല എന്നതാണ് അതിനുകാരണം. നാം ദൈവനടത്തിപ്പ് അന്വേഷിക്കുമ്പോൾ അതിന്റെ മുഖ്യമായ മുൻവ്യവസ്ഥ വിശ്വാസമാണ്. വിശ്വാസമെന്നതുകൊണ്ട് ഇവിടെ നാം വിവക്ഷിക്കുന്നത് ദൈവികസത്യത്തെ കേവലം മാനസികമായി കൈക്കൊള്ളുന്നത് മാത്രമല്ല; ദൈവത്തെക്കുറിച്ചു നമുക്കുള്ള വ്യക്തിപരമായ അറിവു നിമിത്തം ആ ദൈവത്തിൽ നമുക്കുള്ള മനോധൈര്യമാണ് വിശ്വാസം.

നമുക്കു ജ്ഞാനം കുറവാണെങ്കിൽ (അതായത് ഒരു സാഹചര്യത്തിൽ ദൈവത്തിന്റെ മനസ്സെന്തെന്നു നമുക്കു അറിവില്ലെങ്കിൽ) അതിനുവേണ്ടി ദൈവത്തോടപേക്ഷിക്കുവാൻ ദൈവവചനം നമ്മോട് ഉദ്ബോധിപ്പിക്കുന്നുണ്ട്. വിശ്വാസത്തോടെ നാം ചോദിക്കുന്നപക്ഷം ദൈവം അതു സമൃദ്ധിയായി നമുക്കു നൽകും. എന്നാൽ വിശ്വാസം കൂടാതെ അപേക്ഷിക്കുന്നവന് യാതൊന്നും ലഭിക്കുകയില്ല (യാക്കോ. 1:5-7).

ദൈവികമായ മാർഗ്ഗദർശനം അനേകവർഷമായി ദൈവപരിജ്ഞാനത്തിൽ വളർന്നുവന്നിട്ടുള്ള പക്വമതികൾക്കേ ലഭിക്കൂ എന്നു യുവവിശ്വാസികൾ ഒരു പക്ഷേ ചിന്തിച്ചേക്കാം. നാം ദൈവത്തോടുകൂടി അധികമധികം നടക്കുന്തോറും അവിടുത്തെ മനസ്സറിയുവാൻ നമുക്ക് അധികം സാധിക്കുമെന്നത് തീർച്ചയായും ശരിതന്നെ. എന്നാൽ തന്റെ എല്ലാ മക്കളെയും വഴികാട്ടി നടത്തുവാൻ ദൈവം ആഗ്രഹിക്കുന്നുവെന്നതും സത്യമാണ്. പൗലോസിനോട് ദൈവം അരുളിച്ചെയ്ത് താഴെപ്പറയുന്ന കാര്യം നമ്മെയെല്ലാവരെ സംബന്ധിച്ചും സത്യം തന്നെയാണ്. “ദൈവം നിന്നെ തന്റെ ഇഷ്ടം അധികമധികം പൂർണ്ണതയോടെ അറിയുവാൻ അതായത് അതുഗ്രഹിക്കാനും കൂടുതൽ ശക്തവും വ്യക്തവുമായി അംഗീകരിക്കാനും കൂടുതൽ ആഴത്തിൽ അതു മനസ്സിലാക്കുവാനും നിയമിച്ചിരിക്കുന്നു.” (അപ്പോ. 22:14). ഒരു പിതാവിന് തന്റെ മക്കളെക്കുറിച്ചുള്ള ആഗ്രഹങ്ങളും പ്ലാനുകളും അദ്ദേഹം സന്തോഷത്തോടെ അവരെ അറിയിക്കുന്നു. പ്രായപൂർത്തിയായ മക്കൾക്കു മാത്രമല്ല, ഇളം പ്രായത്തിലുള്ളവർക്കും അദ്ദേഹം അതുഗ്രഹിപ്പിച്ചുകൊടുക്കും. നമ്മുടെ സ്വർഗ്ഗസ്ഥപിതാവിന്റെ കാര്യവും ഇതുപോലെതന്നെ. പുതിയനിയമത്തിന്റെ ഈ കാലഘട്ടത്തിൽ തന്റെ എല്ലാ മക്കളും ആബാലവൃദ്ധം തന്നെ വ്യക്തിപരമായി അറിയാവുന്നവരായിത്തീരുമെന്ന് തന്റെ വചനത്തിൽ ദൈവം പ്രസ്താവിച്ചിട്ടുണ്ട്. (എബ്രാ. 8:10, 11). അതിനാൽ തന്നെ അന്വേഷിക്കുന്ന തന്റെ മക്കൾക്ക് അവിടുന്നു തന്റെ ഹിതം വെളിപ്പെടുത്തിക്കൊടുക്കുവാൻ സന്തോഷമുള്ളവനാണെന്ന സുനിശ്ചിതമായ വിശ്വാസത്തോടെ നമുക്ക് അവിടുത്തെ അടുക്കൽ വരാൻ കഴിയും.

എബ്രാ. 11:6-ൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ലെന്നു തിരുവചനം പറയുന്നു. തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകുന്നവനാണ് ദൈവമെന്ന് ദൈവത്തിന്റെ അടുക്കൽ വരുന്നവർ അറിഞ്ഞിരിക്കണമെന്നും ആ വേദഭാഗത്ത് തുടർന്ന് പ്രസ്താവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ വിശ്വാസം പ്രാർത്ഥനയിൽ അയാൾക്കുള്ള സ്ഥിരപരിശ്രമത്താലാണ് തെളിയിക്കപ്പെടുന്നത്. സംശയബുദ്ധിയായ ഒരുവൻ വളരെ വേഗത്തിൽ പ്രാർത്ഥന നിറുത്തിക്കളയും. എന്നാൽ വിശ്വസിക്കുന്ന വ്യക്തി ഉത്തരം ലഭിക്കുന്നതുവരെയും ദൈവത്തെ മുറുകെപ്പിടിക്കും. ഈ ജാഗ്രതാസ്വഭാവം ബലിഷ്ഠമായ ഒരു വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കുന്നതാകയാൽ അതിനെ ദൈവം മാനിക്കുന്നു. വിലപ്പെട്ട ഒരു കാര്യം ദൈവത്തിൽനിന്നു ലഭിക്കണമെങ്കിൽ ആദ്യം തന്നെ തീക്ഷ്ണതയോടെ അതിനു വേണ്ടി നാം ആഗ്രഹിക്കണം. അല്ലാത്തപക്ഷം ദൈവത്തിൽനിന്ന് അതു പ്രാപിക്കുവാൻ നമുക്ക് സാധ്യമല്ല. ആർത്തിയുള്ളവനു തൃപ്തി വരുത്തുന്നവനാണ് ദൈവം (സങ്കീ. 107:9). അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്. “നിങ്ങൾ എന്നെ അന്വേഷിക്കും; ജീവൽ പ്രധാനമായ ഒരാവശ്യമായി എന്നെ കരുതി ക്കൊണ്ട് ജാഗ്രതയോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും (യിരെ. 29:13).

ദൈവികനടത്തിപ്പ് അന്വേഷിക്കയിൽ പലപ്പോഴും നാം അർദ്ധമനസ്കരായിത്തീർന്നുപോയിട്ടുണ്ടെന്നതു സത്യമല്ലേ? ഗമനാതോട്ടത്തിൽ വച്ച് യേശു ദൈവഹിതമന്വേഷിച്ചപ്പോൾ അവിടുന്നു വീണ്ടും വീണ്ടും കണ്ണുനീരോടുകൂടെ നിലവിളിച്ചു (എബ്രാ. 5:7 JBP). അതിനോടു താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ അന്വേഷണം എത്ര ശ്രദ്ധാഹീനം! അഞ്ചുപൈസയുടെ ഒരു നാണയത്തിനുവേണ്ടി തിരയുന്നതിനെക്കാൾ അധികമായി ജാഗ്രതയും തീക്ഷ്ണതയുമില്ലാതെയാണ് നാം പലപ്പോഴും ദൈവഹിതമന്വേഷിക്കുന്നത്. അതിനാൽ നാമതു കണ്ടെത്താതെയിരിക്കുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ദൈവഹിതത്തെ ഭൂമിയിലെ ഏറ്റവും വിലപ്പെട്ട നിക്ഷേപമായി നാം പരിഗണിക്കുമെങ്കിൽ അതു നാം പൂർണ്ണഹൃദയത്തോടെ അന്വേഷിക്കും. ജാഗ്രതയോടെ അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നുവെന്ന് നാം യഥാർത്ഥമായി വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നമ്മുടെ വിശ്വാസം മുട്ടിപ്പായ പ്രാർത്ഥനയിലൂടെ വെളിപ്പെടും. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവിടുത്തെ ഹിതം നിറവേറ്റുവാനുള്ള തീക്ഷ്ണമായ ആഗ്രഹത്തിൽ ദഹിക്കുന്നവരാണ് നാമെങ്കിൽ ദൈവം തീർച്ചയായും തന്റെ മനസ്സു നമുക്കു വെളിപ്പെടുത്തും. ഉത്തരം ലഭിക്കുന്നതുവരെയും ദൈവത്തെ ജാഗ്രതയോടെ മുറുകെപ്പിടിക്കുന്ന ഒരു വിശ്വാസത്തെ മാനിക്കാതിരിക്കുവാൻ ദൈവത്തിനു സാധ്യമല്ല.

ബൈബിളിൽ വിശ്വാസം പലപ്പോഴും ദീർഘക്ഷമയുമായി ബന്ധപ്പെട്ടതായിട്ടാണിരിക്കുന്നത്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ നാം അവകാശമാക്കണമെങ്കിൽ ഇവ രണ്ടും ആവശ്യമാണ്. (എബ്രാ. 6:12,15). നമ്മുടെ വഴികൾ യഹോവയെ ഭരമേൽപ്പിക്കുവാനും ദൈവത്തിൽ ആശ്രയിക്കുവാനും അവിടുത്തെ സമയത്തിനായി കാത്തിരിക്കുവാനും ദാവീദ് (സ്വാനുഭവത്തിൽ നിന്നു തന്നെ നമ്മെ പ്രബോധിപ്പിക്കുന്നു. അപ്രകാരം നാം ചെയ്യുമെങ്കിൽ ദൈവം നമ്മെ കൈവിട്ടുകളയുകയില്ലെന്ന് അദ്ദേഹം നമുക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു (സങ്കീ.37:5, 7). ദൈവനടത്തിപ്പു ലഭിക്കുവാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പരീക്ഷകളിലൊന്ന് മനസ്സുമടുത്തും അക്ഷമരായും തീരുക എന്നതാണ്. എന്നാൽ വിശ്വസിക്കുന്ന ഹൃദയം എപ്പോഴും സ്വസ്ഥതയിലായിരിക്കും.

ദൈവത്തിന്റെ മനസ്സെന്തെന്നു കാണിക്കുന്ന വ്യക്തമായൊരു സൂചനയ്ക്ക് വേണ്ടി കാത്തിരിക്കുവാനാവശ്യമില്ലാത്ത ചില തീരുമാനങ്ങളുണ്ട്. ഉദാഹരണമായി നിങ്ങൾ ഒരു യാത്രയാരംഭിക്കേണ്ടത് 15-ാം തീയതിയോ 16-ാം തീയതിയോ എന്നതിനെപ്പറ്റി ദൈവഹിതമറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദൈവത്തിൽനിന്ന് വ്യക്തമായ വചനം ലഭിക്കുവാൻ നിങ്ങൾ കാത്തിരിക്കേണ്ടതില്ല.

എന്നാൽ ദൈവഹിതത്തെപ്പറ്റി പൂർണ്ണനിശ്ചയം ലഭിക്കുന്നതുവരെ നാം കാത്തിരിക്കേണ്ട തീരുമാനങ്ങൾ ഉണ്ടുതാനും. ഉദാഹരണമായി വിവാഹത്തെപ്പറ്റി നാം ചിന്തിക്കുമ്പോൾ അനിശ്ചിതത്വം വച്ചുകൊണ്ട് ഒന്നും ചെയ്യാൻ നമുക്കു സാധ്യമല്ല. നാം ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ് ദൈവഹിതത്തെപ്പറ്റി നമുക്കു പൂർണ്ണമായ ഒരുറപ്പു ലഭിച്ചേ തീരൂ. ഇപ്രകാരമുള്ള ഒരു തീരുമാനം തീർച്ചയായും മുൻപറഞ്ഞതിനെക്കാൾ പ്രാധാന്യമർഹിക്കുന്നതു തന്നെ. കാരണം, അതിന്റെ ഫലങ്ങൾ കൂടുതൽ ദീർഘകാലവ്യാപിയാണ്. എടുക്കേണ്ട തീരുമാനം എത്ര പ്രധാനമോ അത്രയും ദീർഘസമയം സാധാരണഗതിയിൽ നാം ദൈവഹിതം നിശ്ചയം വരുത്തുവാൻ കാത്തിരിക്കേണ്ടത് ആവശ്യം തന്നെ.

ദൈവത്തിൽ നാം വിശ്വസിക്കുന്നുവെങ്കിൽ കാത്തിരിക്കുവാൻ നാം ഭയപ്പെടുകയില്ല. കാത്തിരിക്കുക മുഖേന സർവോത്തമമായതു നമുക്കു നഷ്ടപ്പെട്ടേക്കാമെന്ന ഭയം മൂലം ദൈവത്തിന്റെ സമയം വരുന്നതിനു മുമ്പുതന്നെ ഒരു കാര്യം സ്വന്തമാക്കുവാൻ നാം ആഗ്രഹിക്കുകയില്ല. എല്ലാ മേഖലകളിലും സർവോത്തമമായതു നമുക്കുവേണ്ടി സംരക്ഷിച്ചുകൊൾവാൻ ദൈവം കഴിവുള്ളവനത്രേ. അക്ഷമയോടെ നാം ഒരു കാര്യം പിടിച്ചെടുക്കുമ്പോൾ ദൈവത്തിന്റെ സർവോത്തമമായതും നമുക്കു തീർച്ചയായും നഷ്ടമാകുന്നു. വിശ്വസിക്കുന്നവൻ തിടുക്കം കാട്ടുകയില്ലെന്നു ദൈവവചനം പറയുന്നു (യെശ.28:16).

നടത്തിപ്പിനെപ്പറ്റിയുള്ള ആ മഹത്തായ സങ്കീർത്തനത്തിൽ (സങ്കീ. 25) ദൈവത്തിനായി കാത്തിരിക്കുന്നതിനെപ്പറ്റി ദാവീദ് വീണ്ടും വീണ്ടും പറയുന്നുണ്ട് (വാ. 3,5,21) ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുന്ന ഒരുവൻ ഒരിക്കലും അപ്രകാരം കാത്തിരുന്നതിനെപ്പറ്റി പശ്ചാത്തപിക്കേണ്ടി വരികയില്ല. എന്തെന്നാൽ തനിക്കായി ജാഗ്രതയോടെ കാത്തിരിക്കുന്നവർക്കു വേണ്ടി ദൈവം കരുതലോടെ പ്രവർത്തിക്കുന്നവെന്ന് അവിടുന്നു സ്വയം വെളിപ്പെടുത്തുന്നു (യെശ. 64:4, 49:23).

പലപ്പോഴും നാം കാത്തിരിക്കുമ്പോൾ മാത്രമേ ദൈവത്തിനു തന്റെ മനസ്സു വ്യക്തമാക്കിത്തരുവാൻ കഴിയുകയുള്ളു. ജെയിംസ് മക്കോങ്കി തന്റെ ‘നടത്തിപ്പ്’ എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്. “ചിലപ്പോൾ നിങ്ങൾ ടാപ്പിൽനിന്ന് ഒരു ഗ്ലാസ് വെള്ളമെടുക്കുമ്പോൾ അതു കലങ്ങി മലിനമായി കാണപ്പെട്ടേക്കാം. അതു തെളിച്ചെടുക്കുവാൻ എന്താണ് നിങ്ങൾ ചെയ്യുക? നിങ്ങൾ ആ വെള്ളം മേശപ്പുറത്തു വയ്ക്കുന്നു. സമയം കഴിയുന്തോറും അതിലെ കരടുകൾ അടിഞ്ഞ് ഗ്ലാസിന്റെ അടിത്തട്ടിൽ വന്നുചേരുന്നു. ക്രമേണ വെള്ളം അധികമധികം തെളിയുന്നു. കുറച്ചു സമയത്തിനുള്ളിൽ അത് സ്ഫടികസ്ഫുടമായിത്തീരുന്നു. കാത്തിരിപ്പു മൂലമാണ് ഇതെല്ലാം സാധിക്കുന്നത്. നടത്തിപ്പിന്റെ കാര്യത്തിലും ഇതേ നിയമം തന്നെയാണ് പ്രവർത്തിക്കുന്നത്. കാത്തിരിപ്പ് എന്ന ഉപാധിയാണ് ഇവിടെയും ദൈവം ഉപയോഗിക്കുന്നത്. അതു നാം ചെയ്യുമ്പോൾ പൊടിയും കരടുമെല്ലാം മെല്ലെ മെല്ലെ അടിഞ്ഞുവരുന്നു. നിസ്സാരകാര്യങ്ങൾ അവയർഹിക്കുന്ന അപധാന സ്ഥാനത്തേക്കു നീങ്ങുന്നു. പ്രധാന വസ്തുതകൾ അവയുടെ ശരിയായ പ്രാധാന്യം പ്രാപിച്ചു തെളിഞ്ഞുവരുന്നു. എല്ലാറ്റിനുമുള്ള പരിഹാര മാർഗ്ഗം കാത്തിരിക്കുക എന്നതുതന്നെ. നമ്മുടെ തെറ്റുകളിൽ ബഹുഭൂരിപക്ഷവും ഈ വസ്തുത അവഗണിക്കുന്നതു മൂലമാണ് സംഭവിക്കുന്നത്. തിടുക്കംകൂട്ടൽ നടത്തിപ്പിന്റെ ഒരാവശ്യമെന്നതിലധികം സാത്താന്റെ ഒരു കെണിയാണ്.

ചിലപ്പോൾ ഒരു നടത്തിപ്പും ഒരിക്കലും ലഭിക്കുവാൻ പോകുന്നില്ലെന്നു ചിന്തിക്കുമാറ് നമ്മുടെ ഉൽക്കണ്ഠ അതിരുകടന്നതായിത്തീരും. അത്തരം സന്ദർഭങ്ങൾക്കുവേണ്ടി വിലപ്പെട്ട ഒരു സന്ദേശം സങ്കീർത്തനക്കാരനുണ്ട്. രാത്രിയിലെ കാവൽക്കാരെ സംബന്ധിക്കുന്ന ഒരു വാക്യമാണത്. “ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു” (സങ്കീ. 130.6). രാത്രിയാമങ്ങളിൽ പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന ആളുകൾ എങ്ങനെയാണ് തങ്ങളുടെ കാത്തിരിപ്പ് നടത്തുന്നത്? ഇതിന്റെ ഉത്തരത്തിൽ നാലു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

 1. അവർ ഇരുളിൽ കാത്തിരിക്കുന്നു
 2. മന്ദഗതിയിൽ മാത്രം വന്നുചേരുന്ന ഒന്നിനായി അവർ കാത്തിരിക്കുന്നു.
 3. നിശ്ചയമായും വന്നുചേരുന്ന ഒന്നിനായി അവർ കാത്തിരിക്കുന്നു.
 4. വരുമ്പോൾ പകൽ വെളിച്ചം പകർന്നു തരുന്ന ഒന്നിനായി അവർ കാത്തിരിക്കുന്നു.

ദൈവികമാർഗ്ഗദർശനത്തിനുവേണ്ടി കാത്തിരിക്കുന്ന നമ്മുടെ കാര്യവും ഇതുപോലെതന്നെ. പലപ്പോഴും നാം തികഞ്ഞ കൂരിരുട്ടിൽ കഴിയുന്നു എന്നു തോന്നുമാറ് നമ്മുടെ ഉൽക്കണ്ഠ അത്രയധികമായിരിക്കും. പലപ്പോഴും നാം കാത്തിരിക്കുമ്പോൾ പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ വളരെ മന്ദഗതിയിലേ വന്നുചേരുന്നുള്ളു. മാത്രമല്ല, പ്രഭാതത്തിൽ ചെന്നു ചേരാത്ത ഒരു രാത്രിയും ഒരിക്കലും ഉണ്ടായിട്ടില്ലല്ലോ. അതുപോലെ നമ്മുടെ അനിശ്ചിതത്വമാകുന്ന രാത്രി ദൈവിക നടത്തിപ്പാകുന്ന പ്രഭാതശോഭയിൽ നിശ്ചയമായും ചെന്നു ചേരും. അവസാനമായി, മന്ദഗതിയിൽ വന്നെത്തുന്ന പ്രഭാതം അതിന്റെ വരവോടെ അളവില്ലാത്ത പ്രകാശവും സന്തോഷവും നൽകുന്നതുപോലെ ദൈവദത്തമായ നടത്തിപ്പു നമുക്കു ലഭിച്ചുകഴിയുമ്പോൾ നാം ഇരുട്ടിൽ കാത്തിരുന്ന ദീർഘദിനങ്ങൾ വിസ്മരിക്കുമാറ് നമ്മുടെ കാത്തിരുന്ന ഹൃദയങ്ങളെ അത് ആഹ്ലാദിപ്പിക്കുകയും ഇരുണ്ട പാതയെ അത്യന്തം പ്രകാശപൂർണ്ണമാക്കി മാറ്റുകയും ചെയ്യും.

തിടുക്കം കൂട്ടാതിരിക്കുവാൻ ശ്രദ്ധിക്കുക. അക്ഷമ എപ്പോഴും അവിശ്വാസത്തിൽനിന്ന് ഉയർന്നുവരുന്നതാണ്. മരുഭൂമിയിലൂടെ പ്രയാണം ചെയ്ത യിസ്രായേൽക്കാരെപ്പറ്റി “അവർ തങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്ലാൻ വികസിച്ചു രൂപം പ്രാപിച്ചുവരുവാൻ ജാഗ്രതയോടെ കാത്തിരുന്നില്ല” എന്നു പറഞ്ഞിട്ടുണ്ട് (സങ്കീ. 106:13). തന്മൂലം ദൈവത്തിന്റെ സർവോന്നതമായ അനുഗ്രഹം അവർക്കു ലഭിക്കാതെപോയി. അത്തരമൊരു ദുരന്തം നമുക്കു സംഭവിക്കാതെ ദൈവം നമ്മെ കാത്തുകൊള്ളട്ടെ.

സ്വന്തബുദ്ധിയിൽ ആശ്രയിക്കാതിരിക്കുക

“സ്വന്തം ഉൾക്കാഴ്ചയിലും വിവേകത്തിലും ഊന്നരുത്; അപ്പോൾ അവിടുന്നു നിന്റെ പാതകളെ നിയന്ത്രിച്ചുകൊള്ളും” (സദ്യ. 3:5,6).

ആത്മീയകാര്യങ്ങളിൽ തന്റെ സ്വാഭാവികജ്ഞാനത്തെ നിരാകരിക്കാത്ത ഒരുവൻ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന വസ്തുതകളിൽ ഒന്ന് ഇനിയും പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഒരുവൻ ദൈവത്തിൽ ആശയം വച്ചുകൊള്ളുന്നുവെങ്കിൽ, ബുദ്ധിശാലിയായതുകൊണ്ടു മാത്രം അയാൾക്ക് ദൈവഹിതത്തെപ്പറ്റിയുള്ള പരിജ്ഞാനം ലഭിക്കാതെ പോകയില്ല. എന്നാൽ സ്വന്തസാമർത്ഥ്യത്തിലും ദീർഘദൃഷ്ടിയിലും അഹന്തയോടെ ആശയം വയ്ക്കുന്ന ഒരുവന് അത് ലഭിക്കുവാൻ സാധ്യമല്ല. ഒരു വിശ്വാസി തന്നിൽ തന്നെ ആശ്രയം വയ്ക്കാത്ത ഒരു വ്യക്തി ആയിരുന്നേ മതിയാവൂ എന്ന് ഫിലി. 3:3-ൽ പൗലോസ് പറയുന്നു.

പൗലോസ് ബുദ്ധിശക്തിയിൽ ഏറ്റവും മികച്ച ഒരുവനായിരുന്നു. എന്നാൽ അദ്ദേഹത്തിനു തന്നിൽത്തന്നെ വിശ്വസിക്കാതിരിക്കേണ്ടതും ദൈവത്തിൽ മാത്രം തന്റെ ആശയം വച്ചുകൊള്ളേണ്ടതും അത്യാവശ്യമായിരുന്നു. അദ്ദേഹം സ്വാനുഭവത്തിൽ നിന്ന് കോരിന്തിലെ ക്രിസ്ത്യാനികൾക്ക് ഇപ്രകാരം എഴുതുന്നു: “നിങ്ങളിൽ ആരെങ്കിലും ഒരാൾ താൻ ലോകത്തിലെ ബുദ്ധിമാന്മാരിൽ ഒരുവനാണെന്നു ചിന്തിക്കുന്നപക്ഷം താൻ യഥാർത്ഥ ബുദ്ധിമാനാക അതിനുവേണ്ടി തന്റെ ബുദ്ധാ സാമർത്ഥ്യം അയാൾ കൈവെടിയട്ടെ. കാരണം, ഈ ലോകത്തിന്റെ ബുദ്ധിസാമർത്ഥ്യം ദൈവത്തിന്റെ മുമ്പിൽ ഭോഷത്തമാണ്.” (1 കൊരി. 3:18, 19 JBP) ദൈവഹിതം തിരിച്ചറിയുന്ന കാര്യത്തിൽ ലോകജ്ഞാനം ഒരു വലിയ പ്രതിബന്ധം തന്നെ. അതിനാൽ അതു നിരസിച്ചേ മതിയാവൂ.

ഒടുവിൽ പ്പറഞ്ഞ ഈ വസ്തുത തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാൻ അല്മൊരു വിശദീകരണം ഇവിടെച്ചേർത്തുകൊള്ളട്ടെ. ലോകജ്ഞാനത്തെ തിരസ്കരിക്കുക എന്നുവച്ചാൽ നമ്മുടെ ബുദ്ധിയുടെ കഴിവുകൾ ഉപയോഗിക്കാതിരിക്കുക എന്നല്ല അതിന്റെ അർത്ഥം. പൗലോസ് തന്റെ ബുദ്ധിയുടെ കഴിവുകൾ ഉപയോഗിച്ച് ഒരുവനാണ്. അതിനാൽ മറ്റുള്ളവർ ബുദ്ധി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറയുമെന്ന് ചിന്തിക്കുവാൻ പാടില്ല. ലോകജ്ഞാനം എന്നതു വിദ്യാഭ്യാസത്തെയോ വിജ്ഞാനത്തെയോ അല്ല പരാമർശിക്കുന്നത്. കാരണം, വിദ്യാസമ്പന്നനായ പൗലോസും വിദ്യാനൈപുണ്യം കുറഞ്ഞ കൊരിന്ത്യരും (അവർക്കാണല്ലോ അദ്ദേഹം എഴുതിയത്) ഒരുപോലെ അതിനെ നിരാകരിക്കേണ്ടിയിരുന്നു. നമ്മുടെ വിദ്യാഭ്യാസം ഏറിയിരുന്നാലും കുറഞ്ഞിരുന്നാലും നമ്മുടെ സ്വന്തസാമർത്ഥ്യത്തിൽ നാം അർപ്പിക്കുന്ന ആശയത്തെയാണ് ലോകജ്ഞാനം കുറിക്കുന്നത്. വിദ്യാസമ്പന്നരെയും വിദ്യാശൂന്യരെയും ഒരുപോലെ ബാധിക്കാവുന്ന ഒരു ദോഷമാണത്.

ബൈബിൾ വിശ്വാസികളെ ആടുകളോടു താരതമ്യപ്പെടുത്താറുണ്ട്. തനിക്കു പോകേണ്ട വഴി കണ്ടെത്തുവാൻ കഴിയാത്ത, ഹ്രസ്വദൃഷ്ടിയായ, ഒരു മൃഗമാണ് ആട്. അത് എവിടെയായിരുന്നാലും തന്റെ ഇടയനെ പിന്തുടരുന്നതിലാണ് അതിന്റെ സുരക്ഷിതത്വം ഇരിക്കുന്നത്. ആത്മവിശ്വാസമുള്ള മനുഷ്യനു സമ്മതിച്ചുകൊടുക്കുവാൻ വളരെ പ്രയാസമുള്ള അപമാനകരമായ ഒരു വസ്തുതയാണിത്. ആത്മീയകാര്യങ്ങളിൽ താൻ ഭോഷനാണെന്ന സൂചനയെത്തന്നെ അവന്റെ ആത്മാഭിമാനം എതിർക്കും. എങ്കിലും തന്നിൽത്തന്നെ ലേശം പോലും ആശ്രയിക്കാതിരിക്കുന്ന ഈ സ്വഭാവം നമ്മുടെ ജീവിതത്തിൽ ദൈവനടത്തിപ്പു ലഭിക്കുവാനുള്ള അനുപേക്ഷണീയമായ ഒരു വ്യവസ്ഥയാണ് ദാവീദ് ദൈവത്തിന്റെ വകയായ ഒരാടാണ് താനെന്ന നിലപാടു ദൈവമുമ്പാകെ സ്വീകരിച്ചു. തൽഫലമായി അദ്ദേഹത്തിനു ദൈവികമാർഗ്ഗനിർദ്ദേശം ലഭിച്ചു. “യഹോവ എന്റെ ഇടയൻ ആകുന്നു. അവിടുന്ന് എന്നെ… നടത്തുന്നു….” (സങ്കീ. 23:1-3).

മനുഷ്യൻ തന്നെത്തന്നെ താഴ്ത്തി തന്റെ ഈ താണ് അവസ്ഥ അംഗീകരിക്കാത്തപക്ഷം ദൈവത്തിന്റെ വഴികൾ ഗ്രഹിക്കുവാൻ അവനു സാധ്യമല്ല. “വിനയത്തോടെ തങ്കലേക്കു തിരിയുന്നവർക്ക് അവിടുന്നു സത്യവും ഉത്തമവുമായ മാർഗ്ഗം ഉപദേശിച്ചുകൊടുക്കും” (സങ്കീ25:9LB), ആത്മവിശ്വാസമെന്നതു ലോകമനുഷ്യനു നല്ലതായിരിക്കാം. എന്നാൽ ഒരു ദൈവപൈതലിന് അത് തീർച്ചയായും നന്നല്ല. പല വിശ്വാസികൾക്കും തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്ലാൻ നഷ്ടപ്പെടുന്നതിന്റെ കാരണം ഇതാകുന്നു. സ്വന്തം കഴിവുകളെക്കുറിച്ച് അഭിമാനിക്കുന്നവരാകയാൽ അവർ ദൈവഹിതം ജാഗ്രതയോടെ അന്വേഷിക്കുന്നില്ല. പകരം അവർ സ്വന്തം ബുദ്ധിശക്തിയിൽ ആശ്രയം വയ്ക്കുകയും അങ്ങനെ വഴിതെറ്റിപ്പോവുകയും ചെയ്യുന്നു.

പരാജയവും ആശയക്കുഴപ്പവും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാൻ ദൈവം പലപ്പോഴും അനുവദിക്കുന്നു. സ്വന്തഹൃദയത്തിന്റെ പൂർണ്ണമായ അധഃപതിതാവസ്ഥയും (depravity) വഴിതെറ്റുവാൻ സാധ്യതയുള്ള സ്വന്ത ബുദ്ധിശക്തിയുടെ അവിശ്വാസ്യതയും നാം സ്വയം കാണുന്നതിനും അങ്ങനെ തന്നോടു നാം കൂടുതൽ പറ്റിച്ചേർന്നിരിക്കുന്നതിനും വേണ്ടിയാണ് ദൈവം ഇതു ചെയ്യുന്നത്. തന്റെ ശിഷ്യന്മാരെ കർത്താവു പഠിപ്പിച്ച് സുപ്രധാന പാഠങ്ങളിലൊന്ന് തന്നെക്കൂടാതെ അവർക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല എന്ന താണ് (യോഹ. 15:5) വളരെ മന്ദഗതിയിൽ മാത്രമേ ഈ പാഠം അവർ പഠിച്ചുള്ളു. നാമും അപ്രകാരം തന്നെ.

തന്റെ പരിമിതികൾ ഗ്രഹിച്ച് ദൈവത്തിൽ ശക്തിയോടെ ആശയം വയ്ക്കുന്ന ഒരുവൻ പ്രയാസം കൂടാതെ ദൈവഹിതം മനസ്സിലാക്കും. തനിക്കു സെമിനാരിയിൽ ലഭിച്ച പരിശീലനത്തിൽ ഊറ്റംകൊള്ളുന്ന ഡോക്ടർ ബിരുദധാരിയായ ദൈവശാസ്ത്രപണ്ഡിതനാകട്ടെ. ഇരുട്ടിൽ തപ്പിത്തടയുന്ന അവസ്ഥയിൽ ശേഷിക്കുകയും ചെയ്യും.

അനുസരണം എല്ലാ മേഖലകളിലും

“നിന്റെ എല്ലാ വഴികളിലും അവിടുത്തെ നിനച്ചുകൊൾക; അവിടുന്നു നിന്റെ പാതകളെ നേരേയാക്കും” (സദ്യ. 3 :6).

നാം ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഒരു മേഖലയിൽ ദൈവനടത്തിപ്പ് അറിയുവാൻ ജാഗരൂകരായിരിക്കും; എന്നാൽ മറ്റുമേഖലകളിൽ അവിടുത്ത നിയന്ത്രണത്തിന് അധീനരാകുവാൻ അത്രയും ജാഗ്രത ഉണ്ടാവുകയില്ല. ഉദാഹരണമായി വിവാഹത്തിൽ നാം ദൈവഹിതം താൽപര്യമായി അന്വേഷിക്കും; എന്നാൽ ഒരു ജോലി തിരഞ്ഞെടുക്കുന്നതിൽ അത്രത്തോളം ജാഗ്രത കാട്ടിയില്ലെന്നുവരാം. അഥവാ നേരേമറിച്ചുമാവാം. അതുമല്ലെങ്കിൽ നമ്മുടെ ഒരു മാസക്കാലത്തെ വാർഷികാവധി എവിടെ ചെലവാക്കണമെന്നതിനെപ്പറ്റി നാം ദൈവനടത്തിപ്പ് അന്വേഷിക്കും; നമ്മുടെ പണം എങ്ങനെ ചെലവാക്കണമെന്ന കാര്യം ഒരിക്കലും ദൈവത്തോടു ചോദിച്ചില്ലെന്നുവരാം.

നമുക്കു സൗകര്യമായിരിക്കുമ്പോൾ മാത്രം നാം ദൈവഹിതമന്വേഷിക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. സ്വാർത്ഥോദ്ദേശ്യങ്ങൾ നാമറിയാതെ നമ്മുടെ ഹൃദയങ്ങളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ചിലകാര്യങ്ങളിൽ നാം ദൈവഹിതമന്വേഷിക്കുന്നത് നമുക്കു കഷ്ടതയോ നഷ്ടമോ വരുത്തുന്ന തെറ്റുകൾ പറ്റാതിരിക്കുവാൻ മാത്രമാണ്. നാം ദൈവത്തെ പ്രസാദിപ്പിക്കുന്നവരാകണം എന്നതല്ല, നമുക്കു സുഖവും അഭിവൃദ്ധിയും ഉണ്ടാകണം എന്നതാണ് നമ്മുടെ ഉദ്ദേശ്യം. ഈ കാരണത്താൽ നമുക്കു ദൈവനടത്തിപ്പു ലഭിക്കാതെ പോകുന്നു. കാരണം, തങ്ങളുടെ എല്ലാ വഴികളിലും ദൈവത്തെ മുൻനിറുത്തി പ്രവർത്തിക്കുന്നവരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവിക നിയന്ത്രണം സന്തോഷപൂർവം സ്വീകരിക്കുന്നവരെ – മാത്രമാണ് അവിടുന്ന് നടത്തുമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളത്.

തിരുവചനത്തിൽ ദൈവഹിതം നമുക്കു വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ധാരാളം മേഖലകൾ ഉണ്ട്. ഉദാഹരണമായി നാം വിശുദ്ധരായിരിക്കണമെന്നും നന്ദിയുള്ളവരായിരിക്കണമെന്നും ബൈബിൾ പറയുന്നു.

“ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ. നിങ്ങൾ വേർതിരിക്കപ്പെട്ടവരും നിർമ്മലവും വിശുദ്ധവുമായ ജീവിതത്തിനു സമർപ്പിതരുമായിരിക്കണം.”

“സാഹചര്യമെന്തായാലും എല്ലാറ്റിനുവേണ്ടിയും ദൈവത്തെ സ്തുതിപ്പിൻ; നന്ദിയുള്ളവരായി ദൈവത്തിനു സ്തോത്രം ചെയിൻ. ഇതാണല്ലോ നിങ്ങളെപ്പറ്റി ക്രിസ്തുയേശുവിലുള്ള ദൈവഹിതം” (1 തെസ്സ. 4:3:5:18).

അതുപോലെതന്നെ നാം നമ്മെപ്പോലെതന്നെ നമ്മുടെ അയൽക്കാരെ സ്നേഹിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നതായി ദൈവവചനം കല്പിക്കുന്നു (റോമർ 13:9). നാം പാപക്ഷമയും രക്ഷയും പ്രാപിച്ചിരിക്കുന്നുവെങ്കിൽ അതുതന്നെ നമ്മുടെ അയൽക്കാർക്കുവേണ്ടിയും നാം ആഗ്രഹിക്കണം. പുതിയനിയമത്തിൽ ദൈവഹിതം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു; നാം അവിടുത്തെ സാക്ഷികൾ ആകണം (അപ്പോ. 1:8).

നമ്മുടെ അയൽക്കാരെ സ്നേഹിക്കുക എന്നുവച്ചാൽ പ്രാഥമികമായി അവരുടെ ആത്മീയാവശ്യങ്ങളെപ്പറ്റി ഒരു ഭാരം ഉണ്ടാവുക എന്നാണർത്ഥം. എന്നാൽ ഇത് അവരുടെ മറ്റാവശ്യങ്ങളെക്കുറിച്ചുള്ള ചിന്തയെ ഒഴിവാക്കുന്നില്ല. ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “നിങ്ങൾ നിങ്ങളുടെ ഭക്ഷണം വിശപ്പുള്ളവരുമായി പങ്കുവയ്ക്കുകയും നിസ്സഹായരെയും ദരിദ്രരെയും അനാഥരെയും നിങ്ങളുടെ വീട്ടിലേക്കു കൈക്കൊള്ളുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തണുപ്പു സഹിക്കുന്നവർക്കു വസ്ത്രം നൽകുവിൻ. നിങ്ങളുടെ സഹായമാവശ്യമായിരിക്കുന്ന ബന്ധുജനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറരുത്. ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുവെങ്കിൽ ദൈവം തന്റെ മഹത്വകരമായ പ്രകാശം നിങ്ങളുടെ മേൽ ചൊരിയും…… അപ്പോൾ നിങ്ങൾ നിലവിളിക്കും; യഹോവ ഉത്തരമരുളും. ഇതാ, ഞാൻ ഇവിടെ, എന്നു വേഗത്തിൽ അവിടുന്ന് ഉത്തരം പറയും. നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാണ്; ദുർബ്ബലരെ പീഡിപ്പിക്കരുത്. ആരുടെമേലും തെറ്റായി കുറ്റമാരോപിക്കരുത്. ദോഷകരമായ കിംവദന്തികൾ പ്രചരിപ്പിക്കരുത്. വിശപ്പുള്ളവർക്കു ഭക്ഷണം നൽകുവിൻ; ഞെരുക്കത്തിലിരിക്കുന്നവരെ സഹായിപ്പിൻ. അപ്പോൾ ഇരുട്ടിൽ നിങ്ങൾക്കു പ്രകാശമുദിക്കും. നിങ്ങൾക്കു ചുറ്റുമുള്ള അന്ധകാരം പകൽപോലെ പ്രകാശമാനമാകും. യഹോവ നിങ്ങളെ നിരന്തരം വഴിനടത്തുകയും ചെയ്യും” (യെശ. 58:7-11 LB). മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചു നിസ്വാർത്ഥബുദ്ധ്യാ കരുതലുള്ളവരായി ജീവിക്കുന്നവർക്കു തന്റെ മനസ്സു വെളിപ്പെടുത്തുവാൻ ദൈവം സന്തോഷമുള്ളവനാണ്.

ദൈവം തന്റെ ഹിതം നമുക്കു വെളിപ്പെടുത്തിയിട്ടുള്ള ഈ മേഖലകളിൽ നാം അവിടുത്തെ അനുസരിക്കാത്തപക്ഷം മറ്റു രംഗങ്ങളിൽ അവിടുന്നു നമ്മെ സഹായിക്കുമെന്നു പ്രതീക്ഷിക്കുവാൻ നമുക്കു സാധ്യമല്ല. തനിക്ക് ഇപ്പോൾത്തന്നെ ലഭിച്ചിട്ടുള്ള വെളിച്ചത്തെ അനുസരിക്കാത്ത ഒരുവന് ദൈവം കൂടുതൽ വെളിച്ചം നൽകുകയില്ല എന്നുള്ളത് ദൈവ നടത്തിപ്പിനെ സംബന്ധിച്ചുള്ള ഒരു പ്രമാണമത്രേ. ഒന്നാമത്തെ അടി വച്ചു കഴിയുന്നതിനുമുമ്പ് ദൈവം രണ്ടാമത്തെ അടി നമുക്കു കാണിച്ചു തരികയില്ല. “നിങ്ങൾ ഓരോ ചുവടും വച്ചു മുന്നോട്ടു പോകുമ്പോൾ ഞാൻ വഴി നിങ്ങൾക്കു കാണിച്ചു തരും” (സദ്യ. 4:12 പരാവർത്തനം). ദൈവം നമ്മുടെ ഓരോ ചുവട്ടടിയിലും തല്പരനാണ്. ഒരു (നല്ല) മനുഷ്യന്റെ പാതയിൽ ദൈവം സന്തുഷ്ടനാകുമ്പോൾ അവന്റെ ചുവടുകളെ അവിടുന്നു നിയന്ത്രിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യും. അവന്റെ ഓരോ ചുവടുവയ്പ്പിലും അവിടുന്നു താൽപര്യത്തോടെ വ്യാപരിക്കുന്നു (സങ്കീ. 37:23).

അനുസരണശീലർക്കുള്ള ദൈവനടത്തിപ്പിന്റെ മറ്റൊരു വാഗ്ദാനം ഇതാ: “യഹോവ അരുളിച്ചെയ്യുന്നു.) ജീവിതത്തിൽ ഏറ്റവുമുത്തമമായ പാത ഞാൻ നിനക്കു കാണിച്ചുതന്ന് അതിലൂടെ നിന്നെ നടത്തും. ഞാൻ നിനക്കു നന്മയുപദേശിച്ച് നിന്റെ പുരോഗതിയെ നിരീക്ഷിക്കും. (എന്നാൽ) നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയോ കോവർ കഴുതയെയോ പോലെ ആകരുത് (സ ങ്കീ. 32:8,9 LB). കുതിരയുടെ പ്രത്യേക സ്വഭാവം അക്ഷമയാണ്. അത് എപ്പോഴും മുന്നോട്ടു കുതിക്കുവാനാഗ്രഹിക്കുന്നു. കോവർ കഴുതയാകട്ടെ, ദുശ്ശാഠ്യസ്വഭാവമുള്ളതും പലപ്പോഴും മുന്നോട്ടു നീങ്ങുവാൻ വിസമ്മതിക്കുന്നതുമാണ്. ഈ രണ്ടു മനോഭാവങ്ങളിൽനിന്നും നാം സ്വതന്ത്രരായിത്തീരേണ്ടത് ആവശ്യമത്രേ.

നാം അനുസരണക്കേട് കാണിക്കുമ്പോൾ ദൈവം നമ്മുടെ മനസ്സാക്ഷിയിലൂടെ നമ്മോടു സംസാരിക്കുന്നു. അതിനാൽ നാം എപ്പോഴും മനസ്സാക്ഷിയുടെ ശബ്ദത്തിനു ചെവികൊടുക്കുവാൻ ജാഗരൂകരായിരിക്കണം. യേശു ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്. “നിങ്ങളുടെ കണ്ണു ശരീരത്തിന്റെ വിളക്കാണ്. കണ്ണ് ആരോഗ്യമുള്ളതും അതിന്റെ ജോലി നിർവഹിക്കുന്നതുമായിരിക്കുമ്പോൾ നിങ്ങളുടെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും” (ലൂക്കോ. 11:34). ഇവിടെ കണ്ണ് എന്നതു കൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചിട്ടുള്ളത്? മത്താ.5:8-ൽ ആത്മീയദർശനത്തെ ഹൃദയവിശുദ്ധിയോട് അവിടുന്നു ബന്ധിപ്പിച്ചു കാണിക്കുന്നു. അതിനാൽ കണ്ണ് എന്നത് മനസ്സാക്ഷിയെ കുറിക്കുന്നു. അതിനെ നാം നിരന്തരമായി അനുസരിക്കുമ്പോൾ അതു നമ്മെ ഹൃദയവിശുദ്ധിയിലേക്കു നടത്തും.

മനസ്സാക്ഷി അതിൽത്തന്നെ ദൈവശബ്ദമല്ല; കാരണം, ഒരു മനുഷ്യൻ തന്റെ ജീവിതത്തിന് അടിസ്ഥാനമായി സ്വീകരിക്കുന്ന പ്രമാണങ്ങളാണ് മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത്. എങ്കിലും അതിനെ നാം നിരന്തരമായി അനുസരിക്കുകയും ദൈവവചനത്തിന്റെ ഉപദേശത്തിന് അനുസൃതമായി സൂക്ഷിക്കുകയും ചെയ്താൽ അത് അധികമധികം ദൈവിക നിലവാരം പ്രതിഫലിപ്പിക്കുന്നതായിത്തീരും. അതിനാൽ ലൂക്കോ, 11:34-ലെ വാഗ്ദാനം ഇത്. നാം നമ്മുടെ മനസ്സാക്ഷിയെ സംശുദ്ധമായി സൂക്ഷിച്ചാൽ ദൈവിക വെളിച്ചം നമ്മുടെ ജീവിതത്തെ നിറയ്ക്കും; അങ്ങനെ നാം അവിടുത്തെ ഹിതമറിയുവാൻ പ്രാപ്തരാകയും ചെയ്യും. പ്രതി ദിന ജീവിതത്തിൽ മനസ്സാക്ഷിയുടെ ശബ്ദം ശ്രദ്ധിക്കുവാൻ നാം പരാജയപ്പെട്ടാൽ ദൈവനടത്തിപ്പ് അന്വേഷിക്കുമ്പോൾ ആത്മാവിന്റെ ശബ്ദം കേൾക്കുവാൻ നമുക്കു കഴിവില്ലാതാകും. ദൈവം നമ്മോട് സംസാരിക്കുമ്പോഴൊക്കെയും ഉടനടി അനുസരിക്കുക എന്നത് ദൈവനടത്തിപ്പിനെ സംബന്ധിച്ച രഹസ്യങ്ങളിൽ ഒന്നാണ്.

അടുത്തകാലത്ത് ജന്മനാ കുരുടനായിരുന്ന 15 വയസ്സുള്ള ഒരു കുട്ടി ഒരു വിമാനം പറപ്പിച്ച് അതിനെ സുരക്ഷിതമായി നിലത്തിറക്കിയതിനെപ്പറ്റി ഞാൻ വായിക്കുവാനിടയായി. ഈ അത്ഭുതകാര്യം നിർവ്വഹിക്കുവാൻ അവനു സാധിച്ചത് തന്നെ പരിശീലിപ്പിച്ചുകൊണ്ടിരുന്ന പൈലറ്റിന്റെ ഓരോ നിർദ്ദേശവും ഉടനടി അവൻ അനുസരിച്ചതുമൂലമാണ്. ജീവിതത്തിലെ വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അജ്ഞാതവും അദൃശ്യവുമായ ഒരു റൺവേയിലേക്ക് ഒരു വിമാനമിറക്കുവാൻ ശ്രമിക്കുന്ന അന്ധനായ ഒരു മനുഷ്യനെപ്പോലെയാണ് നമ്മുടെ സ്ഥിതിയെന്നു നാം മനസ്സിലാക്കും. എന്നാൽ ദൈവ കല്പനകളെ ഉടനടി അനുസരിക്കുന്ന സ്വഭാവം നാം വളർത്തിക്കൊണ്ടുവന്നാൽ നമുക്ക് നമ്മുടെ ജീവിതമാകുന്ന വിമാനം സുരക്ഷിതമായി ഇറക്കുവാൻ സാധിക്കും.

നിരുപാധികമായ കീഴടക്കം

“നിങ്ങളെ സംബന്ധിച്ച ഉത്തമവും സ്വീകാര്യവും സമ്പൂർണ്ണവുമായ ദൈവ ഹിതം സാക്ഷാൽക്കരിക്കുവാൻ വേണ്ടി നിങ്ങളുടെ എല്ലാ അവയവങ്ങളും കഴിവുകളും ദൈവകരങ്ങളിൽ ഏൽപിച്ചുകൊണ്ട്, നിങ്ങളുടെ ശരീരങ്ങളെ സജീവവും വിശുദ്ധവും ദൈവത്തിനും പ്രസാദകരവുമായ ഒരു യാഗമായി സമ്പൂർണ്ണമായിത്തന്നെ ദൈവത്തിനു സമർപ്പിക്കുവിൻ.” (റോമർ 12:1,2).

ദൈവത്തിനു ആജന്മ ദാസന്മാരായി (bondslaves) തീരുവാൻ പുതിയ നിയമം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പൗലോസ് തന്നെത്തന്നെ യേശുക്രിസ്തുവിന്റെ ആജന്മദാസൻ അഥവാ അടിമയെന്നു വിളിച്ചിരുന്നു. പഴയ നിയമത്തിൽ രണ്ടുതരം ദാസന്മാർ ഉണ്ടായിരുന്നു. ഉടമ്പടിപ്രകാരം അടിമകളായി ത്തീരുന്നവർ (bondslaves) ഒരു വക; കൂലി വാങ്ങി സേവിച്ചിരുന്നവർ (hired servants) രണ്ടാമത്തെ വക. ഉടമ്പടിപ്രകാരം അടിമയായിരുന്ന ഒരുവന് മറ്റേ വിഭാഗത്തിൽനിന്ന് വ്യത്യസ്തമായി ഒരിക്കലും കൂലി നൽകിയിരുന്നില്ല. അയാളെ യജമാനൻ വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. തൽഫലമായി അയാളും അയാൾക്കുള്ളതൊക്കെയും യജമാനന്റെ വകയായിരുന്നു. ഓരോ വിശ്വാസിയും തന്നെപ്പറ്റിത്തന്നെ അംഗീകരിക്കേണ്ട വസ്തുത ഇതത്രേ.

നമ്മുടെ സമയം, പണം, കഴിവുകൾ, കുടുംബം, വസ്തുവകകൾ, മനസ്സ്, ശരീരം എല്ലാം നമ്മുടെ കർത്താവും രക്ഷിതാവുമായവന്റെ വകയാണ്. കാരണം, ക്രൂശിന്മേൽ വച്ച് താൻ വിലയ്ക്കു വാങ്ങിയതാകയാൽ അവയെല്ലാം അവിടുത്തേക്ക് അവകാശപ്പെട്ടത്. (1 കൊരി. 6:19, 20).

അതുകൊണ്ട് പഴയനിയമത്തിലെ ദഹനയാഗം പോലെ നമ്മുടെ ശരീരങ്ങളെ ഒരിക്കലായിത്തന്നെ ജീവനുള്ള യാഗമായി സമർപ്പിക്കുവാൻ ദൈവ വചനം നമ്മെ പ്രബോധിപ്പിക്കുന്നു. ദഹനയാഗം പാപയാഗത്തിൽനിന്നു വ്യത്യസ്തവും സമ്പൂർണ്ണമായി ദൈവത്തിനു സമർപ്പിക്കപ്പെടുന്നതുമാണ്. യാഗം ചെയ്യുന്ന ആളിന്റെ സമ്പൂർണ്ണ സമർപ്പണത്തെ കുറിക്കുന്നതാണത്. ഒരുവൻ ദഹനയാഗമർപ്പിക്കുമ്പോൾ അയാൾക്ക് ഒന്നും മടക്കിക്കിട്ടുന്നില്ല. ആ യാഗത്തിന്റെ കാര്യത്തിൽ ദൈവത്തിന് താൻ ഇച്ഛിക്കുന്നതുപോലെ ചെയ്യാം. “പിതാവേ, എന്റെ ഹിതമല്ല, അവിടുത്തെ ഹിതം തന്നെ നടക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് കാൽവരിയിൽ കർത്താവായ യേശു തന്നെതന്നെ പിതാവിനു പൂർണ്ണയാഗമായി സമർപ്പിച്ചതിനെയാണ് അത് കുറിക്കുന്നത്. നമ്മുടെ ശരീരങ്ങളെ ഒരു യാഗമായി ദൈവത്തിനു സമർപ്പിക്കുക എന്നു പറയുന്നതിന്റെ അർത്ഥം ഇത്. നമ്മുടെ ശരീരത്തെ എവിടെ എങ്ങനെ അവിടുന്ന് ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ച് നമ്മുടെ ഇച്ഛയ്ക്കും തിരഞ്ഞടുപ്പിനുമെല്ലാം നാം മരിച്ചവരായിത്തീരണം. ആ വിധത്തിൽ മാത്രമേ അവിടുത്തെ ഇച്ഛയെന്തെന്നു തിരിച്ചറിയുവാൻ നമുക്കു സാധ്യമാവുകയുള്ളു.

ഇപ്രകാരമുള്ള ഒരു കീഴടക്കത്തിന്റെ അഭാവം നിമിത്തമാണ് സാധാരണയായി ദൈവഹിതം നിർണ്ണിയിക്കുവാൻ നാം കഴിവില്ലാത്തവരായിത്തീരുന്നത്. ദൈവത്തിനുള്ള നമ്മുടെ സമർപ്പണം പലപ്പോഴും കലവറയോടുകൂടിയതാണ്. ദൈവം നൽകുന്നതെന്തും സ്വീകരിക്കുവാൻ നാം വാസ്തവത്തിൽ സന്നദ്ധരല്ല.

പൂർണസമയക്രിസ്തീയസേവനമൊഴികെ എന്തും സ്വീകരിക്കുവാൻ സന്നദ്ധനായ ഒരു സഹോദരനെ ഒരിക്കൽ ഞാൻ കണ്ടുമുട്ടി. തന്റെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പ്ലാൻ വ്യക്തമായി ഗ്രഹിക്കുവാൻ അദ്ദേഹത്തിനു തടസ്സമായിരുന്നത് ഈ കലവറമനോഭാവം (reservation) ആണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അവസാനമായി സകലവും കർത്താവിനു കീഴടക്കിയപ്പോൾ പെട്ടെന്നുതന്നെ ദൈവഹിതത്തെപ്പറ്റിയുള്ള കൂടുതൽ ആഴമായ ഒരു നിർണ്ണയം അദ്ദേഹത്തിന് ലഭിച്ചു. ദൈവം പൂർണ്ണസമയ ക്രിസ്തീയ പ്രവർത്തനത്തിന് അദ്ദേഹത്തെ വിളിച്ചില്ല. എങ്കിലും അതിനുള്ള സമ്മതം ദൈവം അദ്ദേഹത്തിൽ നിന്ന് അവശ്യപ്പെട്ടു.

ദൈവഹിതമറിയുവാനെന്ന വ്യാജേന ദൈവത്തിന്റെ അടുക്കൽ വരുന്ന പലരും തങ്ങൾ നേരത്തെതന്നെ തിരഞ്ഞെടുത്തിട്ടുള്ള മാർഗ്ഗത്തിന് അവിടുത്തെ അംഗീകാരം ലഭിക്കുവാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളു. അതിനാൽ ദൈവത്തിൽനിന്ന് ഒരു ഉത്തരവും അവർക്കു ലഭിക്കുന്നില്ല. “കർത്താവേ, അവിടുത്തെ ഹിതമെന്തെന്ന് അങ്ങ് ഉറപ്പുതരിക മാത്രം ചെയ്താൽ എന്തും സ്വീകരിക്കാൻ ഞാൻ സന്നദ്ധനാണ്. പ്രിയ കർത്താവേ, എനിക്കുവേണ്ടി അങ്ങു തിരഞ്ഞെടുത്താലും ഈ കാര്യത്തിൽ ഞാൻ എനിക്കുവേണ്ടിത്തന്നെ ഒന്നും തിരഞ്ഞെടുക്കുകയില്ല.” എന്നു മാത്രം പറഞ്ഞുകൊണ്ട് കലവറ കൂടാതെ നാം നമ്മെത്തന്നെ ദൈവത്തിനു നൽകുമെങ്കിൽ ദൈവനടത്തിപ്പിനെ സംബന്ധിച്ച നമ്മുടെ പ്രശ്നങ്ങൾ എത്രയോ വേഗത്തിൽ പരിഹരിക്കപ്പെടും. ദൈവത്തിനുവേണ്ടി എവിടെപ്പോകുവാനും ഏതുസമയത്തും ഏതുകാര്യം ചെയ്യുവാനും അബ്രഹാമിനുണ്ടായിരുന്ന സന്നദ്ധതയാണ് അദ്ദേഹത്തെ ദൈവത്തിന്റെ
സ്നേഹിതനാക്കിത്തീർത്തത്.

ബ്രിസ്റ്റളിലെ ജോർജ് മുള്ളർ ഒരു വലിയ വിശ്വാസവീരനും ദൈവഹിതം അദ്ഭുതാവഹമായ സൂക്ഷ്മതയോടെ നിർണ്ണയിക്കുവാൻ കഴിവുള്ളവനുമായിരുന്നു. ഈ കാര്യത്തെപ്പറ്റി അദ്ദേഹം ഇപ്രകാരം പറഞ്ഞിട്ടുണ്ട്. “ഒരു പ്രത്യേക കാര്യത്തിൽ ആദ്യം തന്നെ എന്റെ ഹൃദയത്തെ സ്വകീയമായ യാതൊരു ഇച്ഛയുമില്ലാത്ത ഒരവസ്ഥയിലേക്കു നയിക്കുവാൻ ഞാൻ പരിശ്രമിക്കും. ആളുകൾക്കുള്ള വിഷമ പ്രശ്നത്തിൽ പത്തിലൊമ്പതുഭാഗവും ഈ കാര്യത്തിലാണ്. ദൈവത്തിന്റെ ഇഷ്ടം, അതെന്തായാൽത്തന്നെയും അനുഷ്ഠിക്കുവാൻ നമ്മുടെ ഹൃദയം സമ്മതിക്കുന്നതോടെ പ്രശ്നങ്ങളുടെ പത്തിലൊമ്പതുഭാഗവും പരിഹരിക്കപ്പെടുന്നു. ഒരുവൻ യഥാർത്ഥമായും ഈ അവസ്ഥയിലെത്തിക്കഴിഞ്ഞാൽ ദൈവഹിതമെന്തെന്നറിയുക വളരെ എളുപ്പമാണ്.
ചിലയാളുകൾക്ക് അനുസരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുമുമ്പ് ആദ്യം തന്നെ ദൈവഹിതം അറിയണം. എന്നാൽ അത്തരക്കാർക്ക് ദൈവം തന്റെ ഹിതം വെളിപ്പെടുത്തുകയില്ല. യേശു പറഞ്ഞു: “അവിടുത്തെ (ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നവ… അറിയും (യോഹ. 1: 17). ദൈവം ആവശ്യപ്പെടുന്നതെന്തും ചെയ്യാനുള്ള ഒരു സന്നദ്ധത മാത്രമാണ് അവിടുത്തെ പൂർണ്ണഹിതമെന്തെന്നറിയുവാൻ നമ്മെ യോഗ്യരാക്കിത്തീർക്കുന്നത്. ഇത് ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും ഒരുപോലെ ബാധകമാണ്.

“ദൈവമേ, അങ്ങ് ഞങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കണമേ, അങ്ങു ഞങ്ങൾക്കായി കരുതി വച്ചിട്ടുള്ള നന്മയുടെ കാര്യത്തിൽ ഞങ്ങളുടെ ദുർബ്ബലമായ ഇച്ഛ ഞങ്ങളെ വഞ്ചിക്കുവാൻ ഇടയാകരുതേ. ദൈവമേ, അങ്ങ് ഞങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കണമേ. അവിടുത്തെ ജ്ഞാനം തെറ്റുപറ്റാത്തതാണ്. ഞങ്ങളോ ഭോഷരും അന്ധരുമാത്രേ.

പുതുക്കം പ്രാപിച്ച മനസ്സ്

“ഈ ലോകത്തിന് അനുരൂപമാകരുത്. നേരേമറിച്ച് നല്ലതും സ്വീകാര്യവും പരിപൂർണ്ണവുമായ ദൈവഹിതം എന്തെന്ന് നിങ്ങൾ (തന്നെ) തിരിച്ചറിയേ അതിന് നിങ്ങളുടെ മനസ്സിന്റെ (സമ്പൂർണ്ണമായ) പുതുക്കത്താൽ-പുതിയ ആദർശങ്ങളോടും മനോഭാവത്തോടും കൂടി പരിവർത്തനം പ്രാപിച്ചവരായി തിരുവിൻ” (റോമർ 12:2).

ദൈവശബ്ദം കേൾക്കുവാൻ പ്രതിബന്ധമായിത്തീരുമാറ് ലോകമയത്വം നമ്മുടെ ചെവികളെ അടച്ചുകളയുന്നു. ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാ വ്യക്തികളെയും ലോകത്തിന്റെ ആത്മാവ് ബാധിക്കും. ആർക്കും അതിന്റെ സ്വാധീനശക്തിയിൽനിന്ന് ഒഴിഞ്ഞിരിക്കുവാൻ സാധ്യമല്ല. നമ്മുടെ ചെറുപ്പം മുതൽ തന്നെ നാം കേൾക്കുകയും കാണുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങൾ മൂലം നമ്മിലോരോരുത്തരും നാൾതോറും ഈ ലോകത്തിന്റെ ആത്മാവിനെ നമ്മിലേക്ക് ഉൾക്കൊള്ളുന്നുണ്ട്. ഇത് പ്രത്യേകിച്ചും നമ്മുടെ മനസ്സിനെ ബാധിക്കുകയും നമ്മുടെ ചിന്തയെ സ്വാധീനിക്കുകയും ചെയ്യുന്നു. തന്മൂലം നാം എടുക്കുന്ന തീരുമാനങ്ങൾ ലൗകികപരിഗണനകൾ വച്ചുള്ളവയായിത്തീരുകയും ചെയ്യും.

നാം പുതിയ ജനനം പ്രാപിക്കുമ്പോൾ നമ്മിൽ വസിക്കുവാനാഗ്രഹിക്കുന്ന ദൈവാത്മാവ് ഈ ലോകത്തിന്റെ ആത്മാവിനു വിരുദ്ധമായിട്ടുള്ളവനാണ്. അതിനാൽ നമ്മുടെ ചിന്താഗതിയെ പൂർണ്ണമായും മാറ്റിത്തീർക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നാം തന്റെ പുത്രന്റെ സ്വരൂപത്തോട് അനുരൂപരായി ത്തീരണമെന്നാണ് നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്റെ അന്തിമലക്ഷ്യം.

നമ്മെ എല്ലാവരെയും സംബന്ധിച്ചുള്ള ദൈവഹിതത്തിന്റെ പ്രാഥമിക ഭാഗം ഇതാണ്. നാം ആരെ വിവാഹം കഴിക്കണം, എവിടെപ്പോകണം, എവിടെ ജോലി ചെയ്യണം എന്നിവയെക്കെല്ലാം രണ്ടാം സ്ഥാനമേ ഉള്ളൂ. നമ്മോടുള്ള ദൈവത്തിന്റെ എല്ലാ ഇടപെടലുകളും നാം യേശുവിനെപ്പോലെയാകണമെന്നുള്ള ഈ ലക്ഷ്യത്തിലേക്കു നയിക്കുന്നവയാണ് (റോമർ 8:28,29 നോക്കുക). എന്നാൽ പരിശുദ്ധാത്മാവു നമ്മുടെ മനസ്സുകളെ നാൾതോറും പുതുതാക്കി ത്തീർക്കുവാൻ നാം അനുവദിക്കുമ്പോൾ മാത്രമേ ഈ ലക്ഷ്യം നിറവേറുകയുള്ളു. നമ്മുടെ മനസ്സുകൾ ഈ വിധത്തിൽ എത്രയധികം പുതുക്കപ്പെടുമോ അത്രയധികം സൂക്ഷ്മതയോടെ ജീവിതത്തിലെ വിഴിത്തിരിവുകളിൽ ദൈവ ഹിതം തിരിച്ചറിയുവാൻ നമുക്കു കഴിവുണ്ടാകും.

ലോകമയത്വം എന്നത് സിനിമാ കാണുക, മദ്യപാനം ചെയ്യുക, പുകവലിക്കുക, വിലകൂടിയ ഫാഷൻ തുണത്തരങ്ങൾ ധരിക്കുക, ആഭരണങ്ങൾ അണിയുക, ധൂർത്തജീവിതം നയിക്കുക എന്നിവപോലെ പുറമേയുള്ള ഒരു കാര്യമല്ല. ഒരു ലോകമയനായ വ്യക്തിയുടെ ലക്ഷണങ്ങളായിരിക്കാം ഇവയെല്ലാം. എന്നാൽ അവ അയാളുടെ ലോകമയമായ ചിന്താപദ്ധതിയുടെ ബാഹ്യപ്രകടനങ്ങൾ മാത്രമാണ്. ലോകത്തോടുള്ള ആനുരൂപ്യം സാരാംശത്തിൽ ഒരു മനുഷ്യന്റെ മനസ്സിൽ കുടികൊള്ളുന്നതും വിവിധ രൂപങ്ങളിൽ, വിശിഷ്യ, അയാളുടെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്. ഉദാഹരണമായി ഒരു ജോലിക്കാര്യം പരിഗണിക്കുമ്പോൾ ഒരു ലോകമനുഷ്യൻ ശമ്പളം, പ്രൊമോ ഷൻ സാധ്യതകൾ, സുഖസൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങളാലാണ് നിയന്ത്രിക്കപ്പെടുക. വിവാഹത്തെപ്പറ്റി ചിന്തിക്കുമ്പോൾ കുടുംബസ്ഥിതി, ജാതി, ലഭിക്കാവുന്ന സ്ത്രീധനം, ജീവിതപദവി, ശാരീരിക സൗന്ദര്യം, ധനം എന്നിങ്ങനെയുള്ള കാര്യങ്ങളാൽ അയാൾ സ്വാധീനിക്കപ്പെടുന്നു.

നേരേമറിച്ച് ഒരു വിശ്വാസിയുടെ തീരുമാനങ്ങൾ ആത്മീയ ഘടകങ്ങളാൽ നയിക്കപ്പെടേണ്ടതാണ്. മറ്റു പരിഗണനകൾ അവഗണിക്കുന്നില്ലെങ്കിൽത്തന്നെയും. ദൈവനാമത്തിന്റെ മഹത്വവും അവിടുത്തെ രാജ്യത്തിന്റെ വ്യാപനവുമായിരിക്കണം നമ്മുടെ ഒന്നാമത്തെ അന്വേഷണവിഷയം. ഈ കാരണത്താലാണ് ആദ്യം തന്നെ “നിന്റെ നാമം പരിശുദ്ധമായിത്തീരണമേ, നിന്റെ രാജ്യം വരണമേ” എന്നും, പിന്നീട് “നിന്റെ ഇഷ്ടം നിറവേറണമേ” എന്നും പ്രാർത്ഥിക്കുവാൻ കർത്താവു നമ്മെ പഠിപ്പിച്ചത്.

നാം ദൈവഹിതമറിയുന്നവരായിത്തീരണമെങ്കിൽ ലൗകികങ്ങളായ പ്രേരകശക്തികളെ വിവേചിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു പരിപാടി ജീവൽ പ്രധാനമത്രേ. നമ്മുടെ പ്രേരകങ്ങൾ (motives) സ്വാർത്ഥപരമായിരിക്കെ ദൈവം എന്നെ നടത്തി എന്നു നാം പറയുന്നുവെങ്കിൽ അത് ദൈവദൂഷണമാണ്. അത്തരം സന്ദർഭങ്ങളിൽ ദൈവനാമം വ്യർത്ഥമായി കൂട്ടിച്ചേർക്കുകയും നമ്മുടെ ലോകമയത്വത്തിന് ആത്മീയതയുടെ ഒരാവരണമണിയിക്കുകയും ചെയ്യുന്നതിനെക്കാൾ, ആ തീരുമാനം നമ്മുടെ സ്വന്തമായിരുന്നുവെന്നു പറയുന്നതാണ് തുലോം ഭേദം. മറ്റുള്ളവരെയോ നമ്മെപ്പോലുമോ നാം ദൈവ ഹിതം ചെയ്കയാണെന്നു ബോധ്യപ്പെടുത്തുന്നതുകൊണ്ട് നമുക്ക് ഒരു പ്രയോജനവും ഉണ്ടാകുകയില്ല. എന്തായാലും ദൈവത്തെ ആർക്കും കബളിപ്പിക്കുവാൻ സാധ്യമല്ല. ദൈവവചനം പറയുന്നതുപോലെ “സ്വന്തം നിലപാടു ശരിയെന്നു തെളിയിക്കാൻ നമുക്കു സാധിച്ചേക്കാം; എന്നാൽ ദൈവത്തെ ബോധ്യപ്പെടുത്താൻ അതു മതിയാകുമോ? സ്വന്തമായ ഏതൊരു പ്രവൃത്തിയും നമുക്കു ന്യായീകരിക്കുവാൻ കഴിയും; എന്നാൽ ദൈവം നമ്മുടെ ഉദ്ദേശ്യങ്ങളെ നോക്കുന്നു” (സദൃ. 16:2;21:2 LB)

നമ്മുടെ മനസ്സുകൾ പുതുക്കപ്പെടുന്നതിന്റെ ഫലമായി ദൈവം ചിന്തിക്കുന്നതുപോലെ നാം ചിന്തിക്കുവാനാരംഭിക്കുന്നു; സാഹചര്യങ്ങളെയും ആളുകളെയും അവിടുന്നു വീക്ഷിക്കുന്നതുപോലെ നാം വീക്ഷിക്കുന്നു. തനിക്ക് ക്രിസ്തുവിന്റെ മനസ്സാണുള്ളതെന്നും ഇനിമേൽ ആളുകളെ മാനുഷിക ചിന്താഗതിയിലൂടെ താൻ നോക്കുന്നില്ലെന്നും പറയുവാൻ തക്കവണ്ണം പൗലോസിന്റെ മനസ്സ് അത്രമാത്രം പുതുക്കപ്പെട്ടിരുന്നു (1കൊരി.2:16; 2കൊരി.5:16). കൊലോസ്സിയിലെ വിശ്വാസികൾക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന ആവിധത്തിൽ അവർ രൂപാന്തരം പ്രാപിക്കണമെന്നായിരുന്നു: “ആത്മീയമായ ഉൾക്കാഴ്ചയും വിവേകവും പ്രാപിക്കുന്നതു മുഖാന്തരം നിങ്ങൾ കാര്യങ്ങളെ ദൈവത്തിന്റെ വീക്ഷണകോണത്തിലൂടെ വീക്ഷിക്കുന്നവരായിത്തീരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു (കൊലോ.1:9 JBP)

നമ്മുടെ മനസ്സുകൾക്ക് ഈ വിധത്തിൽ സംഭവിക്കുന്ന നവീകരണം, എന്താണ് ദൈവത്തെ പ്രസാദിപ്പിക്കുന്നതെന്നും എന്താണ് പ്രസാദിപ്പിക്കാതിരിക്കുന്നതെന്നും തിരിച്ചറിയുവാൻ നമ്മെ പ്രാപ്തരാക്കും. അപ്രകാരം നാം അഭിമുഖീകരിക്കുന്ന വിവിധ സാഹചര്യങ്ങളിൽ ദൈവഹിതം അനായാസമായി തിരിച്ചറിയുവാൻ നമുക്കു കഴിയും. പുതിയനിയമയുഗത്തിൽ നമ്മോടുള്ള ദൈവവാഗ്ദാനം ഇതാണ്: “ആ പുതിയ ഉടമ്പടി ഈ വിധമാണ്…. ഞാൻ അവരോടു പറയാതെതന്നെ അവർ ചെയ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നത് അവർ ഗ്രഹിക്കുമാറ് ഞാൻ എന്റെ നിയമങ്ങൾ അവരുടെ ഹൃദയത്തിൽ എഴുതും” (എബ്രാ. 8:10;10:16 LB).

ഇപ്രകാരമുള്ള ഒരു നവീകരണം ദൈവഹിതത്തെപ്പറ്റി മാത്രമല്ല, ദൈവത്തിന്റെ പ്രവർത്തനമാർഗത്തെപ്പറ്റിയും ഉദ്ദേശ്യത്തെപ്പറ്റിയുമുള്ള ഒരു ബോധം നമുക്കു നൽകും. നാം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമല്ല, നാം എങ്ങനെ, എന്തുകൊണ്ട് അതു ചെയ്യണമെന്നുകൂടി നാം അറിയും. ദൈവത്തിന്റെ ലക്ഷ്യങ്ങളെ വിലപ്പെട്ടവയായി നാം കരുതുന്നില്ലെങ്കിൽ ദൈവഹിതമനുവർത്തിക്കുന്നത് അടിമവേലയായിത്തീരാം. എന്നാൽ നാം അവയെ വിലപ്പെട്ടവയായിക്കരുതുമ്പോൾ ദൈവഹിതമെന്നത് യേശുവിന് ആയിരുന്നതുപോലെ നമുക്ക് ഒരു പ്രമോദമായിത്തീരും. ദൈവസ്വഭാവത്തെക്കുറിച്ചുള്ള നമ്മുടെ അജ്ഞത മൂലമാണ് നാം അവിടുത്തെ ഹിതത്തെ ഭയപ്പെടുന്നത്. നാം അവിടുത്തെ കൂടുതൽ മെച്ചമായി അറിഞ്ഞിരുന്നുവെങ്കിൽ അവിടുത്തെ എല്ലാ കല്പനകളും ചെയ്യുവാൻ നാം സന്തോഷിക്കുമായിരുന്നു.

നമ്മുടെ മനസ്സുകൾ പുതുക്കപ്പെടുവാൻ കഴിയുന്നതെങ്ങനെ? തന്റെ ഭർത്താവുമായി ഗാഢമായ ഹൃദയൈക്യത്തിൽ ജീവിക്കുന്ന ഒരു ഭാര്യ വർഷങ്ങൾ കടന്നുപോകുന്നതോടെ അദ്ദേഹത്തിന്റെ മനസ്സിനെയും പ്രവർത്തന രീതികളെയും പറ്റി അധികമധികം അറിയുവാനിടയാകും. ഇതേ പ്രമാണം തന്നെ വിശ്വാസിക്കും അവന്റെ ദൈവത്തിനും ബാധകമാണ്. പുതുജനനമെന്നത് കർത്താവായ യേശുക്രിസ്തുവുമായുള്ള ഒരു വിവാഹബന്ധമാണ്. ആ ഘട്ടം മുതൽ തന്നെ നാൾതോറും കർത്താവുമായി സംസാരിച്ചുംകൊണ്ട് ഗാഢമായ കൂട്ടായ്മയിൽ നടക്കുവാൻ നാം ആരംഭിക്കണം.

അവിടുന്നു ദിനംതോറും തന്റെ വചനത്തിലൂടെയും നമ്മുടെ ജീവിതത്തിലേക്കു താൻ അയയ്ക്കുന്ന ശോധനകളാകുന്ന ശിക്ഷണത്തിലൂടെയും നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുവാനും നാം അനുവദിക്കണം. അങ്ങനെ നാം അധികമധികം നമ്മുടെ കർത്താവിന്റെ രൂപത്തോട് അനുരൂപരായിത്തീരും. (2 കോരി. 3:18). പ്രതിദിന ദൈവവചനധ്യാനവും കർത്താവുമായി പ്രാർത്ഥനയിലുള്ള കൂട്ടായ്മയും നാം അവഗണിക്കുന്ന പക്ഷം ദൈവത്തിന്റെ മനസ്സ് അറിയുക എന്നത് നമുക്ക് അത്യധികം പ്രയാസകരമായിത്തീരും. ദൈവ വചനധ്യാനം നമ്മുടെ വക്രമായ ചിന്താരീതികളെ നേരെയാക്കിത്തീർക്കും. അതു നമ്മെ ആത്മീയചിന്തയുള്ളവരും ദൈവശബ്ദത്തോടു സൂക്ഷ്മസംവേ ദികളും (sensitive) ആക്കിത്തീർക്കും.

കർത്താവിന്റെ ശബ്ദം പതിവായിക്കേട്ടു പരിചയിക്കുന്നതിലൂടെ മാത്രമേ നമുക്ക് അത് തിരിച്ചറിയുവാൻ സാധിക്കുകയുള്ളു. പുതുതായി മാനസാന്തരപ്പെട്ട ഒരാൾ പക്വമതിയായ ഒരു ക്രിസ്ത്യാനിയോട് ഒരിക്കൽ ഇപ്രകാരം ചോദിച്ചു: “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുമെന്ന് കർത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ; എനിക്ക് എന്തുകൊണ്ടാണ് അത് കേൾക്കാൻ കഴിയാതിരിക്കുന്നത്?” അദ്ദേഹം മറുപടി പറഞ്ഞു: “അവിടുത്തെ ആടുകൾ അവിടുത്തെ ശബ്ദം കേൾക്കുന്നുവെന്നതു ശരി തന്നെ; കുഞ്ഞാടുകൾക്ക് അതു പരിശീലിക്കേണ്ടിയിരിക്കുന്നുവെന്നതും സത്യമാണ്.

ഒരു പുത്രൻ പിതാവിന്റെ ശബ്ദം കൂടെക്കൂടെ കേൾക്കുന്നതു കൊണ്ട് ആ ശബ്ദം തിരിച്ചറിയുവാൻ അനു കഴിയുന്നു. അതുപോലെ കർത്താവിന്റെ ശബ്ദം നിരന്തരം ശ്രദ്ധിക്കുന്നതിലൂടെയാണ്, നാം ദൈവഹിതമന്വേഷിക്കുമ്പോൾ നമ്മുടെ മനസ്സുകളിൽ മുഴങ്ങുന്ന മറ്റു ശബ്ദങ്ങളുടെ മുഴക്കങ്ങൾക്കു പരിയായി ദൈവശബ്ദത്തെ തിരിച്ചറിയുവാൻ നമുക്ക് കഴിയുന്നത്. നിങ്ങൾ കർത്താവിന്റെ ശബ്ദം പരിചയിച്ചിട്ടുണ്ടെങ്കിൽ അടിയന്തിരഘട്ടങ്ങളിൽ ഈ വാഗ്ദാനം നിങ്ങൾക്കുള്ളതായിത്തീരും: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ വഴി ഇതകുന്നു, ഇതിലേ നടന്നുകൊൾവിൻ’ എന്നൊരു ശബ്ദം പിറകിൽനിന്നു കേൾക്കും” (യെശ. 31.21).

നേരെ മറിച്ച് അടിയന്തിരഘട്ടങ്ങളിൽ മാത്രമേ നാം ദൈവത്തിങ്കലേക്കു തിരിയുന്നുള്ളുവെങ്കിൽ അവിടുത്തെ ശബ്ദം നമുക്കു കേൾക്കുവാനേ കഴിയുകയില്ല. ചില ദൈവമക്കൾ പ്രതിദിന ജീവിതത്തിൽ ദൈവശബ്ദം ശ്രദ്ധിക്കുവാൻ സമയം ലഭിക്കാത്തവിധം അത്യധികം ജോലിത്തിരക്കുള്ളവരാണ്. എന്നാലും പ്രതിസന്ധിഘട്ടങ്ങളിൽ പെട്ടെന്ന് അവിടുത്തെ ഹിതം തിരിച്ചറിയുവാൻ അവർ ആഗ്രഹിക്കുന്നു. അത്തരം വിശ്വാസികളെപ്പറ്റി സംസാരിക്കുമ്പോൾ ജി. ക്രിസ്റ്റ്യൻ വെയിസ്സ് ഇപ്രകാരം പറയുന്നു: “ഒരു അടിയന്തിര ഘട്ടത്തിലെ അവരുടെ പ്രാർത്ഥനയുടെ ആത്മാവ് ഏതാണ്ട് ഇപ്രകാരമാണ്: “കർത്താവായ യേശുവേ, ഞാൻ അത്യധികം തിരക്കുള്ളവനായിരുന്നതിനാൽ എനിക്കു സമയമുണ്ടായിരുന്നില്ല. എന്നോടു ക്ഷമിക്കണം. ഇപ്പോൾ കർത്താവേ, ഞാനൊരു ദുർഘടഘട്ടത്തിലാണ്. ഈ സുപ്രധാന കാര്യത്തിൽ അവിടുത്തെ ഹിതം എനിക്കു നാളെ രാവിലെ 10 മണിക്കു ള്ളിൽ അറിഞ്ഞേ മതിയാവൂ. അതിനാൽ കർത്താവേ, വേഗത്തിലാകട്ടെ, അത് എനിക്ക് വെളിപ്പെടുത്തിത്തന്നാലും, ആമേൻ.” ദൈവഹിതം ഈ മാർഗ്ഗത്തിലൂടെ വെളിപ്പെടുത്തുന്നില്ല. ഇപ്രകാരമുള്ള ആളുകൾക്ക് അതൊരിക്കലും ലഭിക്കുകയുമില്ല.

നമ്മുടെ ജീവിതത്തിൽ ദൈവനടത്തിപ്പു ലഭിക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ ധ്യാനത്തിലും പ്രാർത്ഥനയിലും കൂടെ ദൈവവുമായി പ്രതിദിന സമ്പർക്കം പുലർത്തേണ്ടത് ജീവൽ പ്രധാനമായ ആവശ്യമാണ്.

സംക്ഷേപം

ദൈവഹിതം അറിയണമെന്നുണ്ടെങ്കിൽ താഴെപ്പറയുന്ന വ്യവസ്ഥകൾ നാം നിറവേറ്റേണ്ടതാണ്:

 1. ദൈവം തന്റെ ഇഷ്ടം നമുക്ക് വെളിപ്പെടുത്തുമെന്ന് നാം വിശ്വസിക്കണം. അപ്രകാരമുള്ള വിശ്വാസം ആത്മാർത്ഥമായ ആഗ്രഹത്തോടും ക്ഷമയോടും കൂടിയതായിരിക്കണം. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുവാൻ നാം സന്നദ്ധരായിരിക്കണം.
 2. നമ്മുടെ സാമർത്ഥ്യത്തെ നാം അവിശ്വസിക്കുകയും വിനയത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും വേണം. ബുദ്ധിപരമായ നമ്മുടെ കഴിവുകളെ നാം നിരാകരിക്കണമെന്നില്ല. പക്ഷേ നമ്മുടെ ആശയം നമ്മിൽത്തന്നെ ആയിരിക്കാതെ ദൈവത്തിലായിരിക്കണം.
 3. നമ്മുടെ ജീവിതത്തിലെ ചില മേഖലകളിൽ മാത്രമല്ല, എല്ലാ മേഖലകളിലും ദൈവഹിതം ചെയ്യുവാൻ നാം സന്നദ്ധരായിരിക്കണം. നമുക്കു ദൈവം ഇതിനകം തന്നിട്ടുള്ള വെളിച്ചത്തോട് നാം അനുസരണയുള്ളവരായി നമ്മുടെ മനസ്സാക്ഷിയെ എപ്പോഴും നിർമ്മലമായി സൂക്ഷിക്കണം.
 4. നാം നമ്മെത്തന്നെ കലവറ കൂടാതെ ദൈവത്തിനു കീഴടക്കുകയും നമുക്കുവേണ്ടി അവിടുന്നു തിരഞ്ഞെടുക്കുന്നതെന്തും കൈക്കൊള്ളുവാൻ സന്നദ്ധരായിരിക്കുകയും വേണം.
 5. ദൈവത്തിന് എന്താണ് സംസാരിക്കുനുള്ളതെന്നു ശ്രദ്ധിച്ചുകൊണ്ട് നാൾതോറും നാം ദൈവത്തോടുകൂടെ നടക്കണം. അപ്രകാരം ദൈവം നമ്മുടെ മനസ്സുകളെ പുതുക്കുവാനും ലോകമയമായ ചിന്താപദ്ധതിയിൽനിന്നു നമ്മെ വിടുവിക്കുവാനും അവിടുത്തെ നാം അനുവദിക്കണം.

അധ്യായം 3 : ദൈവനടത്തിപ്പ് ആന്തരികസാക്ഷ്യത്തിലൂടെ

ദൈവം നമ്മെ നടത്തുവാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളെപ്പറ്റി ചിന്തിക്കുവാനാരംഭിക്കുമ്പോൾ ദൈവഭക്തരായ സ്ത്രീപുരുഷന്മാരുടെ അനുഭവങ്ങളെക്കാൾ ദൈവവചനപ്രമാണങ്ങളാണ് കൂടുതൽ പ്രധാനമെന്ന കാര്യം നാം മനസ്സിൽ സൂക്ഷിക്കേണ്ടതാണ്. നാം ചിട്ടപ്പെടുത്തുന്ന ഏതെങ്കിലും മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുവാൻ ബാധ്യസ്ഥനല്ല ദൈവം. ദൈവം സർവോന്നതനാണ്. ചില സന്ദർഭങ്ങളിൽ നടത്തിപ്പിന്റെ സാധാരണ മാർഗങ്ങൾക്കു പകരം അത്ഭുതകരമായ വഴികളിലൂടെ പ്രവർത്തിക്കുവാൻ അവിടുന്നു തീരുമാനിച്ചെന്നു വരാം. മരുഭൂമിയിൽ യിസ്രായേൽ ജനത്തെ അഗ്നിസ്തംഭത്താലും മേഘസ്തംഭത്താലും അവിടുന്നു വഴി നടത്തി. എന്നാൽ അവർ കനാനിൽ പ്രവേശിച്ചശേഷം ദൈവം ആ മാർഗ്ഗം തുടർന്നതായിക്കാണുന്നില്ല.

അപ്പോസ്തലപ്രവൃത്തികളിൽ സാധാരണമായ ദൈവനടത്തിപ്പിന്റെ ഏതാനും സന്ദർഭങ്ങൾ നാം കാണുന്നുണ്ട്. ഫിലിപ്പോസിനോട് ഒരു ദൈവ ദൂതൻ സംസാരിക്കുകയും ശമര്യ വിട്ട് മരുഭൂമിക്കുള്ള വഴിയിലേക്കു പോകുവാൻ നിർദ്ദേശിക്കുകയും ചെയ്തു (അപ്പോ. 8:28). അനന്യാസിനോട് അദ്ദേഹം പോയി ശൗലിനെ കാണുവാൻ ഒരു ദർശനത്തിലൂടെ അദ്ദേഹം യഹൂദരല്ലാത്ത വിജാതീയ ജനങ്ങളോട് സുവിശേഷം അറിയിക്കണമെന്ന കാര്യം ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തി (10:9-16). പൗലോസ് മാസിഡോണിയായിലേക്കു പോകണമെന്ന് ഒരു ദർശനം മുഖേന ദൈവം അദ്ദേഹത്തെ അറിയിച്ചു (16:9). കർത്താവ് യരൂശലേമിൽ വച്ച് ഒരു ദർശനത്തിലൂടെ പൗലോസിനു മാർഗ്ഗദർശനം നൽകിയതായും അദ്ദേഹം പറയുന്നുണ്ട് (22:17-21). എന്നാൽ ഇവയെല്ലാം സാമാന്യ നിയമങ്ങളെക്കാളധികം വ്യത്യസ്തതകളായിട്ടാണ് കാണപ്പെടുന്നത്.

ദൈവം തന്റെ മക്കളെ ഇന്നും ഇവ്വിധമാർഗ്ഗങ്ങളിലൂടെ നടത്തുവാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയുവാൻ സാധ്യമല്ല. എന്നാൽ അപ്പോസ്തലപ്രവൃത്തികളിലെന്നപോലെ അത്തരം സന്ദർഭങ്ങൾ അപൂർവമാണ്.

ഈ പുസ്തകത്തിൽ ദൈവനടത്തിപ്പിന്റെ സാധാരണമാർഗങ്ങളെപ്പറ്റിയാണ് നാം പ്രസ്താവിക്കുന്നത്.

പഴയനിയമത്തിൽ ദൈവഹിതം കണ്ടെത്തുക എന്നത് അനായാസമായ ഒരു കാര്യമായി കാണപ്പെടുന്നു. പല കാര്യങ്ങളിലും മോശെയുടെ ന്യായപ്രമാണം വ്യക്തവും കാര്യങ്ങളെ ഇനംതിരിച്ചു നിർദ്ദേശിക്കുന്നതുമായിരുന്നു. മരുഭൂമിയിൽ വച്ച് യിസ്രായേൽ മക്കൾക്ക് പകൽ മേഘസ്തംഭത്തെയും രാത്രി അഗ്നിസ്തംഭത്തെയും പിന്തുടരേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. എപ്പോൾ പുറപ്പെടണം എന്നറിയുവാൻ അവർ ആത്മീയരായിത്തീരേണ്ട ആവശ്യം ഇല്ലായിരുന്നു. നല്ല കാഴ്ചശക്തി മാത്രം മതിയായിരുന്നു. മഹാപുരോഹിതന് ദൈവഹിതം കണ്ടുപിടിക്കേണ്ടിയിരുന്നപ്പോൾ ദൈവസന്നിധിയിൽ ഊറീമും തുമ്മലും വച്ചു നോക്കുക മാത്രം മതിയായിരുന്നു. അപ്പോൾ ഒരു കാര്യം ചെയ്യണമോ ചെയ്യേണ്ടയോ എന്ന സൂചന അതു നല്കുമായിരുന്നു. ഇങ്ങനെ കാര്യങ്ങൾ വളരെ ലളിതമായിരുന്നു. എന്തെന്നാൽ ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാവുന്ന ബാഹ്യകാര്യങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

പരിശുദ്ധാത്മാവിൽ ആശ്രയിക്കുക

ഇവയോടെല്ലാം താരതമ്യപ്പെടുത്തുമ്പോൾ പുതിയനിയമത്തിന്റേതായ ഒരു കാലത്ത് ദൈവഹിതമറിയുക എന്നതു നമുക്കു കൂടുതൽ പ്രയാസമുള്ള ഒന്നായിട്ടാണ് തീർന്നിട്ടുള്ളത്. കാരണമിതാണ്. ദൈവത്തിന്റെ പരിപൂർണ്ണഹിതമെന്താണെന്ന് നാം സ്വയം കണ്ടെത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു (റോ മർ 12:2). ഇന്ന് പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയുടെയും വഴികാട്ടിയായി അയാളിൽ വസിക്കുന്നു. പഴയനിയമത്തിലുണ്ടായിരുന്ന ബാഹ്യമായ മാർഗ്ഗങ്ങൾക്കു പകരം ഇന്നു നമുക്കുള്ളത് പരിശുദ്ധാത്മാവാണ്. ബാഹ്യമായ ഉപാധികളിലൂടെയുള്ള നടത്തിപ്പ് അപക്വമതികൾക്കാണ്. ആന്തരിക നടത്തിപ്പ് പക്വഹൃദയമുള്ളവർക്ക്. ഇന്നു തന്റെ എല്ലാ മക്കളേയും ഈ മാർഗ്ഗത്തിലൂടെ നടത്തുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.

ദൈവഹിതമന്വേഷിക്കുമ്പോൾ പരിശുദ്ധാത്മാവു നമ്മുടെ ഹൃദയങ്ങളിൽ എന്തു സംസാരിക്കുന്നുവെന്ന് നാം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. അതിനാൽ നാം പരിശുദ്ധാത്മാവിനാൽ നിറഞ്ഞതാകേണ്ടത് അത്യാവശ്യമാണ്. ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവഹിതമറിയുന്ന കാര്യത്തിൽ അവ്യക്തവും ചിന്താരഹിതവും ബുദ്ധിഹീനവുമായ ഒരവസ്ഥ നിങ്ങൾക്കുണ്ടാകരുത്. നേരെമറിച്ച് ദൈവഹിതമെന്തെന്നുള്ളതിനെപ്പറ്റി വിവേകവും ഉറച്ച ബോധവുമുള്ളവരായിത്തീരുവിൻ. (അതിനാൽ എപ്പോഴും) പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായിത്തീരുവിന്റെ (എഫോ. 5:17, 18). ലൂക്കോ. 4:1-ൽ കാണുന്ന വാക്കുകളും അന്വർത്ഥമാണ്. “അനന്തരം യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി…. ആത്മാവ് അദ്ദേഹത്തെ മരുഭൂമിയിലേക്കു നടത്തി. തന്റെ ഭൗമികജീവിതകാലം മുഴുവൻ കർത്താവായ യേശുക്രിസ്തു പരിശുദ്ധാത്മാവിന്റെ ആന്തരികസാക്ഷ്യത്താലാണ് നിയന്ത്രിക്കപ്പെടുകയും നടത്തപ്പെടുകയും ചെയ്തത്. ഒരിക്കലും മാനുഷിക പ്രേരണയോ ഉപദേശമോ സാഹചര്യാനുരൂപമായി ലഭിച്ച ബോധ്യമോ അദ്ദേഹത്തെ നയിച്ചിട്ടില്ല.

പരിശുദ്ധാത്മാവിന്റെ ശബ്ദത്തിനു നേരെയുള്ള ഈ സൂക്ഷ്മസംവേദനം (sensitivity) ആദിമ ക്രിസ്ത്യാനികളിലും കാണപ്പെട്ടിരുന്നു. അപ്പോസ്തല പ്രവൃത്തികളിൽ ഫിലിപ്പോസ് ആത്മാവിന്റെ ആന്തരപ്രേരണയാൽ എത്യോപ്യൻ രാഷ്ട്രനേതാവിന്റെ രഥത്തോടു ചേർന്നു നടക്കുന്നതായി നാം കാണുന്നു (അപ്പോ. 8:29). പത്രോസ് കൊർന്നാസിന്റെ ഭവനത്തിലേക്കു പോകുവാൻ ആത്മാവിന്റെ ആന്തരികശബ്ദത്തെ അനുസരിക്കുന്നു. (അപ്പോ. 10:19, 20). അന്ത്യോക്ക്യയിലെ സഭാനേതാക്കന്മാർ പൗലോസിനും ബർന്നബാസിനും വിദേശസുവിശേഷസേവനത്തിനുള്ള വിളിയെപ്പറ്റി തങ്ങളുടെ ആത്മാവിൽ പരിശുദ്ധാത്മാവു നൽകിയ സാക്ഷ്യം തിരിച്ചറിയുന്നു (അപ്പോ. 13:2). ഇതേ ആത്മാവു തന്നെ ഇന്ന് നമ്മെ ഓരോരുത്തരെയും നമ്മുടെ ഓരോ തീരുമാനത്തിലും നടത്തുവാൻ ആഗ്രഹിക്കുന്നു.

ആത്മാവിന്റെ ശബ്ദം തിരിച്ചറിയുക

പരിശുദ്ധാത്മാവ് നമുക്ക് കേൾക്കാവുന്ന ഒരാന്തരികശബ്ദത്തിലൂടെയെന്നതിലധികം അകമേയുള്ള ഒരു സമ്മർദ്ദത്തിലൂടെയായിരിക്കും എപ്പോഴും നമ്മോടു സംസാരിക്കുന്നത്. ഒരു പ്രത്യേക പ്രവർത്തനമാർഗം സ്വീകരിക്കണമെന്നോ സ്വീകരിക്കരുതെന്നോ ആത്മാവ് ഉള്ളിൽ നമ്മെ പ്രേരിപ്പിക്കും. ഈ പ്രവർത്തനമാർഗ്ഗത്തിന്റെ മെച്ചങ്ങളെയോ ദോഷങ്ങളെയോ പറ്റി മനസ്സിൽ തൂക്കിനോക്കിക്കൊണ്ട് പ്രാർത്ഥനയിൽ വളരെ സമയം നാം ചെലവാക്കുന്ന തിന്റെ ഫലമായിട്ടാണ് സാധാരണഗതിയിൽ ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും പരിശുദ്ധാത്മാവു ചില സമയങ്ങളിൽ എവിടെയെങ്കിലും പോകുവാനോ എന്തെങ്കിലും ചെയ്യുവാനോ നമുക്ക് പെട്ടെന്ന് ഒരു പ്രേരണ നൽകിയെന്നു വരാം. എന്നാൽ പരിഹാസ്യമായ ഒരു കാര്യം പെട്ടെന്നു ചെയ്യുവാനുള്ള പ്രേരണ പിശാചിൽനിന്നോ നമ്മിൽനിന്നു തന്നെയുമോ നമുക്കു ലഭിക്കാവുന്നതാണ്. അതിനാൽ നാം കരുതലുള്ളവരായിരിക്കണം. എങ്ങനെയായാലും ദൈവവചനത്തിനു വിരുദ്ധമായി ഒരിക്കലും പരിശുദ്ധാത്മാവു നമ്മെ നയിക്കുകയില്ല.

ഒരു കാര്യത്തെപ്പറ്റി നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ആത്മാക്കളിൽ പരിശുദ്ധാത്മാവു നൽകുന്ന വർദ്ധമാനമായ സമ്മർദ്ദത്തിലൂടെയോ നമ്മുടെ മനസ്സുകൾക്കു നൽകുന്ന വർദ്ധമാനമായ സമാധാനത്തിലൂടെയോ പരിശുദ്ധാത്മാവിന്റെ ശബ്ദം നമുക്കു തിരിച്ചറിയുവാൻ കഴിയം. ആത്മാവിന്റെ ചിന്ത ജീവനും സമാധാനവുമത്രേ (റോമർ 8:6). പിശാചിന്റെ ശബ്ദമാകട്ടെ, സാധാരണയായി നമ്മെ പീഡിപ്പിക്കുന്നതും നാം ഉടൻ തന്നെ അനുസരിച്ചില്ലെങ്കിൽ വരാവുന്ന ഭവിഷ്യത്തോർപ്പിച്ച് ഭീഷണിപ്പെടുത്തുന്നതുമായിരിക്കും.

ദൈവമാകട്ടെ, കാര്യം ചിന്തിക്കുവാനും അവിടുത്തെ ഹിതത്തെപ്പറ്റി നിശ്ചയം പ്രാപിക്കുവാനും എപ്പോഴും നമുക്ക് സമയം അനുവദിച്ചു തരും.

ചില സന്ദർഭങ്ങളിൽ നമ്മുടെ മനസ്സിന് പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയാത്ത ഒരു കാര്യം ചെയ്യുവാൻ ആത്മാവു നമ്മെ നടത്തിയെന്നു വരാം. ഒരു അമേരിക്കൻ മിഷനറിയായിരുന്ന സ്റ്റീവൻ ഗ്രെല്ലറ്റിനോട് ഒരിക്കൽ മരംവെട്ടുകാരുടെ ഒരു ക്യമ്പിൽ പോയി പ്രസംഗിക്കുവാൻ ആത്മാവ് ആവശ്യപ്പെട്ടു. അദ്ദേഹം അവിടെ ചെന്നപ്പോൾ ആളുകൾ എല്ലാം അവിടംവിട്ടു പോയിരുന്നു. എന്നാൽ തനിക്കുലഭിച്ച് നടത്തിപ്പിനെപ്പറ്റി അദ്ദേഹത്തിനു പൂർണ്ണനിശ്ചയമുണ്ടായിരുന്നതിനാൽ അവിടെയുള്ള ഒഴിഞ്ഞ ഭക്ഷണശാലയിൽച്ചെന്ന് അദ്ദേഹം പ്രസംഗിച്ചു. അനേക വർഷങ്ങൾക്കുശേഷം ലണ്ടനിൽ വച്ച് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നു. മുൻവിവരിച്ച സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് താൻ ആ ക്യാമ്പിലെ പാചകക്കാരനും അവിടുയുണ്ടായിരുന്ന ഏക വ്യക്തിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനലിന്റെ പിറകിൽ ഒളിച്ചിരുന്നുകൊണ്ട് ഗ്രെല്ലറ്റിന്റെ പ്രസംഗം അദ്ദേഹം കേട്ടു. അദ്ദേഹം മാനസാന്തരപ്പെടുകയും അപ്പോൾ മുതൽ കർത്താവിനുവേണ്ടി പ്രവർത്തിക്കുവാനാരംഭിക്കുകയും ചെയ്തു. എങ്കിലും ഇത്തരം ദൈവനടത്തിപ്പ് വളരെ അപൂർവ്വമായേ ഉണ്ടാകാറുള്ളൂ.

നമ്മുടെ ഹൃദയങ്ങൾ വളരെ വഞ്ചനാത്മകമാകയാൽ നമുക്ക് നമ്മുടെ ഹൃദയത്തിന്റെ ശബ്ദവും പരിശുദ്ധാത്മാവിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിയുക എളുപ്പമായ കാര്യമല്ല. ഉദാഹരണമായി ഒരു ജീവിതപങ്കാളിയുടെ കാര്യം ചിന്തിക്കുമ്പോൾ നമ്മുടെ വൈകാരികസമ്മർദ്ദവും നാം എടുക്കാൻ പോകുന്ന തീരുമാനത്തെപ്പറ്റിയുള്ള ചിന്ത നമ്മിലുളവാക്കുന്ന സന്തോഷഭാവവും ആത്മാവിന്റെ സാക്ഷ്യമാണെന്ന് നാം എളുപ്പത്തിൽ തെറ്റിദ്ധരിച്ചുപോകാനിടയുണ്ട്. എങ്കിലും നമ്മുടെ പ്രേരക ശക്തികളെ നാം പരിശോധിക്കുകയും ദൈവമഹത്വം മാത്രമേ നാം ആഗ്രഹിക്കുകയുള്ളുവെന്നും ദൈവം നമുക്കായിത്തിരഞ്ഞെടുക്കുന്നതു മാത്രമേ നാം സ്വീകരിക്കുകയുള്ളുവെന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നപക്ഷം നാം വഞ്ചിക്കപ്പെടുവാനുള്ള സാധ്യത വളരെ കുറഞ്ഞിരിക്കും. ആ വിധത്തിലുള്ള സമർപ്പണമില്ലാത്തിടത്തും നമ്മുടെ പരക ശക്തികൾ സ്വാർത്ഥപരമായിരിക്കുന്നിടത്തും മാത്രമാണ് സാധാരണയായി നാം വഴിതെറ്റിപ്പോകുന്നത്.

ചിലപ്പോൾ നാം ഇഷ്ടപ്പെടുന്ന കാര്യം തന്നെയാകാം ദൈവഹിതം. എന്നാൽ മറ്റുചിലപ്പോൾ നാം സ്വാഭാവികഗതിയിൽ ഇഷ്ടപ്പെടാത്ത കാര്യമാണ് ദൈവഹിതമെന്നും വരാം. നമ്മുടെ മുമ്പിലുള്ള ഏറ്റവും പ്രയാസമായ മാർഗ്ഗമാണ് ദൈവഹിതമെന്നു നാം ചിന്തിക്കരുത്. ഏറ്റവും അനായാസമായതാണ് ദൈവഹിതമെന്നും വരണമെന്നില്ല. നാം ഒരു ദുർഘട സാഹചര്യത്തിലോ പ്രയാസമുള്ള ജോലിയിലോ ആയിരിക്കുമ്പോൾ ആ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുവാനുള്ള പരീക്ഷ നമുക്കുണ്ടായെന്നു വരാം. ഇതു ദൈവനടത്തിപ്പാണെന്ന് തെറ്റിദ്ധരിക്കുവാനും ഇടയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നാം സംശയാലുക്കളാണെങ്കിൽ പ്രയാസമുള്ള മാർഗ്ഗം സ്വീകരിക്കുകയും നമ്മുടെ സാഹചര്യത്തിൽ ക്രിസ്തുവിലുള്ള വിജയം വെളിപ്പെടുത്തുവാനും കൃപ ലഭിക്കുവാൻ ദൈവത്തിലാശ്രിയിക്കുകയും ചെയ്യുന്നത് കൂടുതൽ ഉത്തമമായിരിക്കും.

ഒരു പ്രവർത്തനമാർഗ്ഗം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രായോഗികമായി നിങ്ങൾക്കു ചെയ്യാവുന്ന മാർഗം ഒരു ബാലൻസ് ഷീറ്റ് വരച്ചുണ്ടാക്കുക എന്നതാണ്. ഒരു ഷീറ്റ് കടലാസിന്റെ നടുവിലൂടെ കീഴ്മേൽ ഒരു വരയിട്ടശേഷം ഒരു പ്രത്യേകകാര്യം ചെയ്യുന്നതിന് അനുകൂലമായ ന്യായങ്ങളെല്ലാം ഒരു വശത്തും അതിനെതിരായ ന്യായങ്ങളെല്ലാം മറുവശത്തും എഴുതുക. ദിനം പ്രതി ഈ ന്യായങ്ങളെപ്പറ്റി പ്രാർത്ഥിക്കുകയും ആവശ്യമനുസരിച്ച് ലിസ്റ്റ് മാറ്റിയെഴുതുകയും ചെയ്യുക. ഈ രണ്ടു മാർഗ്ഗങ്ങളിൽ ഏതു സ്വീകരിക്കുവാനും ആത്മാർത്ഥമായ സന്നദ്ധത പുലർത്തുക. നിങ്ങൾ പ്രാർത്ഥനയിൽ തുടർന്നുകൊണ്ടിരിക്കെ എന്താണു ചെയ്യേണ്ടതെന്നുള്ളതിനെപ്പറ്റി പരിശുദ്ധാ ആത്മാവ് നിങ്ങളുടെ ആത്മാവിൽ ഒരു സാക്ഷ്യം നൽകും. ഒരു പ്രത്യേക പ്രവർത്തനമാർഗത്തെപ്പറ്റി വർദ്ധമാനമായ സമാധാനം നിങ്ങൾക്ക് അനുഭവപ്പെടുന്നപക്ഷം അത് നിങ്ങൾ എന്തുചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു വെന്നതിന്റെ ഒരു വ്യക്തമായ സൂചനയായിരിക്കും. ബൈബിൾ പറയുന്നു. “ക്രിസ്തുവിന്റെ സമാധാനം (അവിടുന്നു പരിശുദ്ധാത്മാവിലൂടെ നൽകുന്ന സമാധാനം) നിങ്ങളുടെ ഹൃദയങ്ങളിൽ (ഒരു മധ്യസ്ഥനെപ്പോലെ) വാഴട്ടെ. നിങ്ങളുടെ മനസ്സിൽ ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളെയും അത് തീരുമാനിക്കുകയും അന്തിമവിധി നൽകുകയും ചെയ്യും (കൊലോ 3:15). ഒരു ഫുട്ബോൾ കളിയിൽ ഫൗൾ ഉണ്ടായി എന്നു കാണിക്കുവാൻ റെഫറി വിസിലൂതുമ്പോൾ എല്ലാവരും കളി നിറുത്തുന്നു. അതുപോലെ നമ്മുടെ മനസ്സിൽ സമാധാനം നഷ്ടമാകുമ്പോൾ നാമും നിന്ന് നമ്മെത്തന്നെ ശോധന ചെയ്യണം. നമ്മുടെ ആത്മാവിൽ പൂർണ്ണസമാധാനം ലഭിക്കുമ്പോൾ മാത്രമേ നാം മുന്നോട്ടു നീങ്ങുവാൻ പാടുള്ളു.

ആത്മാവിന്റെ പ്രാധാന്യം മനസ്സിലാക്കുക

ഈ അധ്യായത്തിൽ നാം പ്രസ്താവിച്ചിട്ടുള്ള പരിശുദ്ധാത്മാവിന്റെ ആന്തരികസാക്ഷ്യം എത്ര പ്രധാനമെന്നു ഗ്രഹിക്കുന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. എന്തെന്നാൽ ദൈവം ഈ മാർഗ്ഗത്തിൽക്കൂടെയാണ് ഇന്നു തന്റെ മക്കളെ പ്രധാനമായും നടത്തിക്കൊണ്ടിരിക്കുന്നത്. ആന്തരികപ്രേരണയെയും ആന്തരിക നിരോധനത്തെയും നാം എപ്പോഴും അനുസരിക്കണം. ഒരു വിശ്വാസി ശരിയും തെറ്റും സംബന്ധിച്ചുള്ള പ്രമാണങ്ങളാൽ നടത്തപ്പെടുന്നതുകൊണ്ട് മതിയാവുകയില്ല. അത് പഴയ ഉടമ്പടിയുടെ തലമാണ്. ദൈവത്തിന്റെ പുതിയ ഉടമ്പടിയിൽ കീഴിൽ കൂടുതൽ ഉയർന്ന ഒരു തലത്തിൽ ജീവിക്കാനാണ് നമ്മെ വിളിച്ചിട്ടുള്ളത്. ഇതിൽ നാം ദൈവത്തിന്റെ ജീവനിൽത്തന്നെ പങ്കുകാരാകുകയും ആ ജീവനാൽ നയിക്കപ്പെടുകയും ചെയ്യുന്നു. ഈ രണ്ട് ജീവിതതലങ്ങളെയാണ് ഏദെൻ തോട്ടത്തിലെ രണ്ടു വൃക്ഷങ്ങൾ കുറിക്കുന്നത്. ഒന്നു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം. ഏത് തെറ്റ്, ഏത് ശരിയെന്നു പറയുന്ന ഒരു ധാർമികസംഹിത ഉണ്ടായിരിക്കുന്നതും അതനുസരിച്ചു നാം ജീവിക്കുന്നതും നല്ലതു തന്നെ. എങ്കിലും അതു ന്യായപ്രമാണത്തിൻ കീഴിലെ ജീവിതത്തിലേക്കുള്ള ഒരു മടക്കമാണ്. ക്രിസ്തീയ നിലവാരം ഇതിനെക്കാൾ ഉയർന്ന ഒന്നാണ് (മത്താ. 5:17-48). രണ്ടു ജീവിതപ്രമാണങ്ങൾ (Two principles of conduct) എന്ന തന്റെ ലഘു ഗ്രന്ഥത്തിൽ വാച്ച്മാൻ നീ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

“വളരെയധികം ക്രിസ്ത്യാനികളുടെയും ലക്ഷ്യം ഒരു ബാഹ്യനില വാരത്തോടുള്ള ആനുരൂപ്യം മാത്രമായിരിക്കുന്നത് വളരെ വിസ്മയാവഹം തന്നെ. പുതിയജനനം മുഖാന്തരം ദൈവം നമുക്കു നൽകിയിട്ടുള്ളത്. നാം പിന്തുടരേണ്ട പുതിയ ഒരുകൂട്ടം നിയമങ്ങളും പ്രമാണങ്ങളുമല്ല. അവിടുന്നു നമ്മെ ഒരു പുതിയ സീനായി മലയിലേക്ക് കൊണ്ടു വന്ന്: “നീ ഇതു ചെയ്യണം’, “നീ ഇതു ചെയ്യരുത്’ എന്നനുശാസിക്കുന്ന ഒരു പുതിയ നിയമസംഹിത നല്കുകയല്ല ചെയ്തിട്ടുള്ളത്. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ക്രിസ്തുവിന്റെ ജീവൻ ഇപ്പോൾ നിങ്ങളിലുണ്ട്. അവിടുത്തെ ജീവന്റെ പ്രതികരണങ്ങളാണ് നിങ്ങൾ പരിഗണിക്കേണ്ടിയിരിക്കുന്നത്. നിങ്ങൾ ഒരു പുതിയ നീക്കത്തെപ്പറ്റി പരിഗണിക്കുമ്പോൾ അത് ആരംഭിക്കുവാനുള്ള ജീവന്റെ ഒരു തുടിപ്പ് നിങ്ങളിൽ കാണപ്പെടുന്നുവെങ്കിൽ, ആന്തരിക ജീവിതത്തിൽ നിന്ന് ഒരനുകൂല പ്രതികരണം ഉദ്ഭവിക്കുന്നുവെങ്കിൽ, ഉള്ളിൽ അതിനുള്ള ഒരഭിഷേകം അനുഭവപ്പെടുന്നുവെങ്കിൽ (1 യോഹ. 2:20, 27). അപ്പോൾ നിങ്ങൾക്ക് ഉറച്ച മനസ്സോടെ ആ മാർഗ്ഗം തുടരാം. ആന്തരിക ജീവിതം അപ്രകാരമൊരു സൂചന നൽകിയിരിക്കുന്നു. നേരെമറിച്ച് ഒരു പുതിയ തുടക്കത്തെപ്പറ്റി നിങ്ങൾ ചിന്തിക്കുമ്പോൾ ആന്തരികജീവിതം തളരുന്നതായിക്കണ്ടാൽ നിങ്ങൾ ചിന്തിച്ച് ആ പരിപാടി എത്ര പ്രശംസാവഹമാണെന്നു തോന്നിയാലും അതു വിട്ടുകളയേണ്ടതാണെന്നു നിങ്ങൾക്കു മനസ്സിലാക്കാം.

പല അക്രൈസ്തവരുടെയും പ്രവർത്തനങ്ങൾ ശരിയുടെയും തെറ്റിന്റെയും പ്രമാണത്താലാണ് ഭരിക്കപ്പെടുന്നതെന്നു മനസ്സിലാക്കുക. ക്രിസ്ത്യാനിയെയും അക്രൈസ്തവനെയും നിയന്ത്രിക്കുന്നത് ഒരേ പ്രമാണമാണെങ്കിൽ പിന്നെ ഏതു കാര്യത്തിലാണ് ക്രിസ്ത്യാനി അകവനിൽ നിന്നു വ്യത്യസ്തനായിരിക്കുന്നത്? ബാഹ്യമായ ഒരു സാന്മാർഗ്ഗിക പ്രമാണത്താലല്ല, ക്രിസ്തുവിന്റെ ജീവനാലാണ് ക്രിസ്ത്യാനി നിയന്ത്രിക്കപ്പെടുന്നതെന്ന് ദൈവവചനം വ്യക്തമായി നമുക്കു കാണിച്ചുതരുന്നു. ദൈവികമായ ഒന്നിനോട് അനുകൂലിക്കുകയും അല്ലാത്തതിനോട് വിയോജിക്കുകയും ചെയ്യുന്ന സജീവമായ എന്തോ ഒന്ന് ക്രിസ്ത്യാനിയുടെ ഉള്ളിലുണ്ട്. അതിനാൽ നമ്മുടെ ആന്തരിക പ്രതികരണങ്ങളെ നാം ശ്രദ്ധിക്കണം. ബാഹ്യമായ കാര്യങ്ങളാലോ നമ്മുടേയോ മറ്റുള്ളവരുടേയോ യുക്തിബോധത്താലോ ഭരിക്കപ്പെടുവാൻ നാം നമ്മെത്തന്നെ അനുവദിക്കരുത്. ഒരു കാര്യം മറ്റുള്ളവർ അംഗീകരിക്കുകയും അതിന്റെ സാധകബാധകയുക്തികൾ നാം പരിഗണിക്കുമ്പോൾ നമുക്കും അതും ശരിയായിത്തോന്നുകയും ചെയ്യാം. എന്നാൽ നമ്മുടെ അന്തരികജീവൻ അതിനെപ്പറ്റി എന്താണ് പറയുന്നത്?

ക്രിസ്തീയമായ എല്ലാ നടത്തയുടെയും നിർണ്ണായക പ്രമാണം “ജീവൻ” എന്നതാണെന്നു നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നീടു നിങ്ങൾ തിന്മയായ കാര്യങ്ങൾ മാത്രമല്ല, കേവലം ബാഹ്യമായ നല്ലതെന്നു തോന്നുന്നവ കൂടെയും വർജ്ജിക്കേണ്ടതാണ്. ക്രിസ്തീയ ജീവിതത്തിൽനിന്നു പുറപ്പെടുന്നതു മാത്രമാണ് ക്രിസ്തീയ നടത്ത. അതിനാൽ ജീവനിൽനിന്നു പുറപ്പെടാത്ത ഒന്നിനും നാം സമ്മതം നൽകരുത്. മാനുഷിക നിലവാരമനുസരിച്ചു പല കാര്യങ്ങളും ശരിയാണ്. എങ്കിലും അവയിൽ ദൈവജീവൻ കാണപ്പെടാത്തതിനാൽ അവ തെറ്റാണെന്നു ദൈവികനിലവാരം വിധി കല്പിക്കുന്നു. ദൈവത്തിന്റെ വഴി ബാഹ്യമായ സവിശേഷതകൾ കൊണ്ടല്ല, ആന്തരികമായ അംഗീകാരം കൊണ്ടാണ് നാം മനസ്സിലാക്കുന്നത്. ആത്മാവിലുള്ള സമാധാനവും സന്തോഷവുമാണ് ക്രിസ്ത്യാനിയുടെ വഴി നിർണ്ണയിക്കുന്നത്. കർത്താവായ യേശുക്രിസ്തു വിശ്വാസിയുടെ ഉള്ളിൽ വസിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. അവിടുന്നു നിരന്തരമായി നമ്മുടെ ഉള്ളിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ നാം അവിടുത്തെ ജീവനോടു സൂക്ഷ്മപ്രതികര ണമുള്ളവരായും ആ ജീവൻ എന്തു പറയുന്നുവെന്നതു വിവേചിക്കുന്നവരായും മാറണം.

ഈ പാഠം പഠിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

സംക്ഷേപം

 1. പ്രകടവും അത്ഭുതാവഹവുമായ മാർഗ്ഗങ്ങളിലൂടെ ദൈവം ദുർല്ലഭമായേ നമ്മെ നയിക്കാറുള്ളൂ. പുതിയനിയമത്തിന്റെ ഈ യുഗത്തിൽ ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ നയിക്കുന്നു. അതിനാൽ നാം പരിശുദ്ധാമാവു നിറഞ്ഞവരായിത്തീരുവാൻ ഉത്സാഹിക്കണം.
 2. പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ ഉളവാക്കുന്ന ഒരു സമ്മർദ്ദത്തിലൂടെ നമ്മോടു സംസാരിക്കുന്നു. പ്രാർത്ഥനയിൽ നാം ദൈവത്തിനായി കാത്തിരിക്കുമ്പോൾ ഈ സമ്മർദ്ദം വർദ്ധിച്ചു വരും. അത് വർദ്ധമാനമായ ഒരാന്തരിക സമാധാനത്തോടു ചേർന്നു പ്രവർത്തിക്കുകയും ചെയ്യും.
 3. ആത്മാവിന്റെ ശബ്ദത്തെ മറ്റു ശബ്ദങ്ങളിൽനിന്നു വേർതിരിച്ചറിയുവാൻ വേണ്ടി നാം നമ്മുടെ പ്രേരകശക്തികളെ പരിശോധിക്കുകയും അവ നിർമ്മലമെന്ന് ഉറപ്പുവരുത്തുകയും വേണം.
 4. ഒരു പ്രത്യേക പ്രവർത്തനപന്ഥാവിനെ സംബന്ധിച്ച ഒരു ബാലൻസ് ഷീറ്റ് ദൈവഹിതം കണ്ടെത്താൻ സഹായകമായിത്തീരാം.
 5. പരിശുദ്ധാത്മാവിന്റെ ആന്തരികസാക്ഷ്യത്തിന് നാം വലിയ വില കല്പിക്കണം. നാം ജീവിക്കുന്ന ഇക്കാലത്ത് ദൈവം നമ്മെ നയിക്കുന്ന പ്രധാന ഉപാധി അതാണ്. പ്രതിദിന ജീവിതത്തിൽ കേവലം ഒരു സാന്മാർഗ്ഗികനിയമാവലിയാലല്ല, ഈ ആന്തരികസാക്ഷ്യത്തിനാൽ നാം നയിക്കപ്പെടണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു.

അധ്യായം 4 : ബാഹോപാധികളിലൂടെയുള്ള
നടത്തിപ്പ്

നാം ദൈവനടത്തിപ്പ് അന്വേഷിക്കുമ്പോൾ പരിശുദ്ധാത്മാവ് താഴെപ്പറയുന്ന ബാഹ്യമായ ഉപാധികളിൽക്കൂടെയും നമ്മോട് സംസാരിക്കും.

 1. ബൈബിൾ നൽകുന്ന ബോധനം
 2. സാഹചര്യങ്ങളുടെ സാക്ഷ്യം
 3. മറ്റു വിശ്വാസികളുടെ ഉപദേശം


നാം ദൈവഹിതത്തെപ്പറ്റി സൂക്ഷ്മമായി നിർണ്ണയം പ്രാപിച്ചിട്ടുള്ള പക്ഷം ബാഹ്യമായ ഈ ഉപാധികളിലൂടെയുള്ള പരിശുദ്ധാത്മാവിന്റെ സാക്ഷ്യം നമ്മുടെ ആന്തരികസാക്ഷ്യത്തോടു ചേർന്നു പ്രവർത്തിക്കും.

ബൈബിൾ നൽകുന്ന ബോധനം (The teaching of the Bible)

നമ്മെ ശരിയായ വിധം പഠിപ്പിക്കുന്നതിനും നീതിയുടെ വഴിയിൽ നടത്തുന്നതിനും വേണ്ടിയാണ് ദൈവവചനം അഥവാ ബൈബിൾ നമുക്കു നൽകപ്പെട്ടിട്ടുള്ളത് (2 തിമോ. 3:16,17). ഒട്ടധികം കാര്യങ്ങളിലുള്ള ദൈവഹിതം ഇതിലൂടെ നേരത്തേതന്നെ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഉദാഹരണമായി ഒരു അവിശ്വാസിയുമായുള്ള വിവാഹബന്ധത്തെപ്പറ്റി നിങ്ങൾ ചിന്തിക്കുന്നപക്ഷം (ആ വ്യക്തി പതിവായി പള്ളിയിൽ പോകുന്ന ഒരു നാമധേയ ക്രിസ്ത്യാനിയായാൽപ്പോലും) ദൈവവചനം വ്യക്തമാണ്. “നിങ്ങൾ അവിശ്വാസികളോട് ഇണയില്ലാപ്പിണ (ചേർച്ചയില്ലാത്തവിധം ഒരേ നുകത്തിൽ കീഴിൽ ബന്ധക്കപ്പെടുക) കൂടരുത്”. (ഇവിടെ നുകം വിവാഹ ബന്ധത്തിന്റെ ഒരു ചിഹ്നമാണ്. അതിനാൽ അവിശ്വാസികളുമായി ചേർച്ചയില്ലാത്ത വിവാഹബന്ധത്തിൽ ഏർപ്പെടരുതെന്നാണ് ഈ വാക്യത്തിന്റെ അർത്ഥം.) 2 കൊരി. 6:14).

അതുപോലെതന്നെ ഭൗതികമായി ബുദ്ധിമുട്ടിലിരിക്കുന്ന ഒരു സഹോദരനെ നിങ്ങൾ കാണുന്നപക്ഷം അയാളെ സഹായിക്കേണ്ടതാണെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു (യാക്കോ. 2: 15, 16:1 യോഹ. 3.17). അഥവാ നിങ്ങൾക്ക് ഒരു സഹ വിശ്വാസിയുമായി ഒരു തർക്കമുണ്ടാവുകയും ഒരു കോടതിയിൽ പോകണമോ എന്നറിയുവാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ബൈബിൾ ഉറപ്പായിത്തന്നെ “അരുത്” എന്നു പറയുന്നുണ്ട് (1 കൊരി. 6:1-8), കള്ളം പറയുന്നതും മോഷ്ടിക്കുന്നതും എപ്പോഴും തെറ്റാണെന്നും ബൈബിൾ പഠിപ്പിക്കുന്നു (എഫേ. 4:25,28). നിങ്ങളും മറ്റൊരു വിശ്വാസിയും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള അകൽച്ച ഉണ്ടായാൽ നിങ്ങൾ എന്തുചെയ്യണം എന്നതിനെപ്പറ്റി ബൈബിൾ യാതൊരു സംശയവും കൂടാതെ പ്രസ്താവിക്കുന്നുണ്ട്. മറ്റേ വ്യക്തിയാണ് കുറ്റക്കാരനെങ്കിൽപ്പോലും നിങ്ങൾ തന്നെ മുൻകൈയെടുത്ത് പോയി അയാളുമായി നിരന്നുകൊള്ളേണ്ടതാണ് (മത്താ. 5:23, 24).

നിങ്ങൾ ഏതെങ്കിലും കമ്പനിയുമായോ സ്ഥാപനവുമായോ ഒരുടമ്പടി അഥവാകരാർ ഒപ്പുവച്ചിട്ടുണ്ടെങ്കിൽ, വേറൊരു സ്ഥാനത്ത് ആകർഷകമായ ഒരു അവസരം നിങ്ങൾക്കു ലഭിക്കുമ്പോൾ ആ ഉടമ്പടി ലംഘിക്കുകയും കരാർ മറികടക്കുകയും ചെയ്യാമോ എന്നതിനെപ്പറ്റി ദൈവഹിതം അന്വേഷിക്കേണ്ട ഒരാവശ്യവുമില്ല. ദൈവത്തോടുകൂടെ വസിക്കുന്നവൻ നഷ്ടം സഹിച്ചാൽ പോലും താൻ ചെയ്ത വാഗ്ദാനം പാലിക്കുന്നവനാണെന്ന് ദൈവവചനം നമ്മോടു പറയുന്നു (സങ്കീ. 15:4 LB). ഒരു വിശ്വാസി വാക്കുപാലിക്കാത്തവനായിത്തീരുന്നത് ലജ്ജാകരവും അപമാനകരവും തന്നെ.

ഇതുപോലെ നാം ആരോടും കടപ്പെട്ടിരിക്കരുതെന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു (റോമർ 13:8).

വ്യക്തമായ കല്പനകൾക്കു പുറമേ ദൈവവചനം മാർഗ്ഗദർശകമായ പ്രമാണങ്ങളും നമുക്കു നൽകുന്നുണ്ട്. ഉദാഹരണമായി വിവാഹകാര്യം പരിഗണിക്കുമ്പോൾ മറ്റുള്ളവർ ചെയ്യുന്നതുപോലെ സ്ത്രീധനം ആവശ്യപ്പെടാവുന്നതാണോ എന്ന് ഒരു യുവാവ് സംശയിക്കാനിടയുണ്ട്. അത്യാഗ്രഹവും പണ സ്നേഹവും സൂക്ഷിച്ചൊഴിഞ്ഞുകൊൾവാൻ ദൈവവചനം നമുക്കു വ്യക്തമായ താക്കീത് നൽകുന്നു. ദൈവവചനത്തിന്റെ മൊത്തത്തിലുള്ള ഉപദേശവും വാങ്ങുന്നതിനെക്കാൾ കൊടുക്കുവാൻ നാം ശീലിക്കണമെന്നും ഒരിക്കലും പണം ആവശ്യപ്പെടരുതെന്നുമാണ് (അപ്പോ, 20:33-35), അഥവാ സ്ത്രീധനമാവശ്യപ്പെടുന്ന (അഥവാ അതു പ്രതീക്ഷിക്കുകയെങ്കിലും ചെയ്യുന്ന ഒരുവനെ ദൈവം ഒരിക്കലും അംഗീകരിക്കുകയില്ലെന്നും വ്യക്തമത്രേ.

പന്തയം, ചൂതാട്ടം എന്നിവയിലൂടെ ധനം നേടുന്നത് ദൈവഹിതമാണോ? സ. 28:22 (LB) ഇപ്രകാരം പറയുന്നു: “അതിവേഗം ധനവാനാകുവാൻ ശ്രമിക്കുന്നതു ദോഷകരം തന്നെ; അതു ദാരിദ്യത്തിലേക്കു വഴിതെളിക്കും. സദ്യ 13:11; 28:20, 1 തിമൊ. 6:9-11 എന്നീ ഭാഗങ്ങളും നോക്കുക. ഈ വാക്യങ്ങളിൽ നിന്നും ഒരു വിശ്വാസി ഏതെങ്കിലും തരത്തിലുള്ള ഭാഗ്യക്കുറിയിലോ പന്തയത്തിലോ ചൂതാട്ടത്തിലോ പങ്കെടുക്കുന്നതിനെ ദൈവം അംഗീകരിക്കുന്നില്ലെന്നു വ്യക്തമാകുന്നു.

ദൈവത്തിന്റെ വചനം യഥാർത്ഥമായും “എനിക്കു വഴികാട്ടിത്തരുന്ന ഒരു ദീപവും എന്നെ വീഴാതെ സൂക്ഷിക്കുന്ന പ്രകാശവും ആകുന്നു” (സങ്കീ. 119:105 LB).

അപൂർവസന്ദർഭങ്ങളിൽ നമ്മുടെ പ്രതിദിന വേദവായനയിലെ ഒരു പ്രത്യേകവേദവിഭാഗത്തിൽക്കൂടെ ദൈവം തന്റെ നടത്തിപ്പ് നമുക്ക് ഉറപ്പിച്ചു തന്നെന്നു വരാം. എന്നാൽ അടിസ്ഥാനപരമായി ഒരു വേദഭാഗത്തിൽ ഇല്ലാത്ത കാര്യം നാം അതിൽ കണ്ടെത്തിയെന്നു വരാതിരിക്കാൻ കരുതൽ ആവശ്യമാണ്. സാധാരണയായി നാം അതിനുവേണ്ടി അന്വേഷിക്കാതെതന്നെ അത്തരം വേദഭാഗങ്ങൾ നമ്മുടെ ശ്രദ്ധയിൽ പതിയാറുണ്ട്. നമ്മുടെ പ്രതിദിന വേദപാരായണത്തിൽ ഇത്തരം സൂചന നൽകുന്ന ഭാഗങ്ങൾ തിരയുന്നത് വളരെ അവിവേക പൂർവമായ പ്രവൃത്തിയാണ്. രഹസ്യത്തിലുള്ള വേദധ്യാനത്തിന്റെ ലക്ഷ്യം അതല്ല. ഇത്തരം ചിന്തകളാൽ നാം വഴിതെറ്റിപ്പോകുവാനും സാധ്യതയുണ്ട്.

ഒരു യുവവിശ്വാസി ഇന്ത്യയിൽത്തന്നെ താമസിക്കണമെന്നു ദൈവം ആഗ്രഹിക്കുമ്പോൾ അയാൾ യു.എസ്.എയിലേക്കു പോകുവാൻ ഉത്സുകനായി ത്തീർന്നെന്നു വരാം. പാശ്ചാത്യദേശത്തെ ഭൗതികാകർഷണങ്ങൾ അയാളെ ബലമായി സ്വാധീനിച്ചതിന്റെ ഫലമായി “അവർ പടിഞ്ഞാറേക്കു പറക്കും (They Shall fly toward the west)” (യെശ11:14 KJV) എന്നതുപോലെ യുള്ള ഒരു വാക്യം അയാൾ കാണുമ്പോൾ ദൈവം അവിടേക്കു പോകുവാൻ തന്നെ ഉത്സാഹിപ്പിക്കുകയാണെന്ന വരാം. നമ്മുടെ ഹൃദയങ്ങൾ വഞ്ചന നിറഞ്ഞതാണ്. പിശാച് കൗശലക്കാരമായ ശത്രുവാണ്. രണ്ടിനുമെതിരെ നാം ജാഗ്രത പുലർത്തേണ്ടത് ആവശ്യമത്രേ.

ദൈവം തന്റെ പ്രകൃത്യതീതമായ ജ്ഞാനത്താൽ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ ഒരു വാക്യത്തിലൂടെ നമ്മെ നടത്തിയെന്നുവരാം. എങ്കിലും ഇത് സാധാരണ നിയമമല്ല, അപവാദം മാത്രമാണ്. അപ്രകാരമൊരു മാർഗ്ഗത്തിലൂടെ ദൈവം പ്രവർത്തിക്കുമ്പോൾ അത് സാധാരണ മാർഗ്ഗങ്ങളിലൂടെ നമുക്കുലഭിക്കുന്ന നടത്തിപ്പിനെ ഉറപ്പിക്കുവാനായിരിക്കും ഉപകരിക്കുക. ഒരു കാര്യത്തിൽപ്പോലും അപ്രകാരമുള്ള വാക്യങ്ങളെ ദൈവനടത്തിപ്പിന്റെ ഏകാടിസ്ഥാനമായി നാം സ്വീകരിക്കരുത്.

സാഹചര്യങ്ങളുടെ സാക്ഷ്യം

ദൈവം സാഹചര്യങ്ങളെ നിയന്ത്രിക്കുന്നവനാണ്. അവിടുത്തേക്ക് നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിച്ചുകൊണ്ട് തന്റെ ഇഷ്ടം വെളിപ്പെടുത്തുവാൻ കഴിയും. ആത്മാവിന്റെ സാക്ഷ്യത്തിലൂടെ നമുക്കു ലഭിച്ച് നടത്തിപ്പിനെ സ്വീകരിക്കുവാനോ ഒരു തെറ്റായ ചുവടു വെയ്ക്കുന്നതിൽനിന്നു നമ്മെ തടയുവാനോ വേണ്ടി ചില കാര്യങ്ങൾ നമുക്ക് സംഭവിക്കുവാൻ ദൈവം അനുവദിക്കുന്നു. ജോർജ്ജ് മുള്ളർ പറഞ്ഞിട്ടുള്ളതുപോലെ ഒരു മനുഷ്യന്റെ പ്രതിബന്ധങ്ങളെയെന്നപോലെ അവന്റെ കാൽച്ചുവടുകളെയും (Stops as well as steps) ദൈവം നിയന്ത്രിക്കുന്നു. (സങ്കീ. 37:23).

നമ്മെ വഴിതെറ്റിക്കുവാൻ വേണ്ടി സാത്താനും സാഹചര്യങ്ങളെ ഒരളവു വരെ ക്രമീകരിക്കുവാൻ കഴിയുമെന്ന കാര്യം കൂടെ നാം മനസ്സിൽ കരുതി ക്കൊള്ളേണ്ടതാണ്. ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പല വ്യക്തികളും തങ്ങളെ കുടുക്കുവാൻ വേണ്ടി സാത്താൻ ഒരുക്കിയ സാഹചര്യങ്ങളാൽ നയിക്കപ്പെട്ടതുമൂലം വഞ്ചിതരായിത്തീർന്നിട്ടുണ്ട്. വഞ്ചനയിൽനിന്നു രക്ഷപ്പെടുവാനുള്ള മാർഗ്ഗം രണ്ടാമധ്യായത്തിൽ കാണിച്ചിട്ടുള്ള വ്യവസ്ഥകൾ നിറവേറ്റുകയാണ്.

ദൈവം ഒരുക്കിയ സാഹചര്യങ്ങൾക്കു നാം കീഴടങ്ങുകയും അവയെ സ്വീകരിക്കുകയും വേണം. അതേസമയം സാത്താൻ ക്രമീകരിക്കുന്ന സാഹചര്യങ്ങളോടു നാം എതിർത്തുനിൽക്കുകയും വേണം. ഇതിനെപ്പറ്റി നമുക്കു നിശ്ചമില്ലാതെ വരുന്നപക്ഷം നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം: “കർത്താവേ, ഈ സാഹചര്യം അവിടുന്നു ക്രമീകരിച്ചതാണോ അതോ സാത്താനിൽനിന്നുള്ളതാണോ എന്നു ഞാൻ അറിയുന്നില്ല. ഞാൻ എന്തുവിലകൊടുത്തും അവിടുത്തെ ഹിതമനുസരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വഞ്ചിക്കപ്പെട്ട് പരമമായ നന്മ നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ. ഇത് അങ്ങയിൽനിന്നാണെങ്കിൽ അതു ഞാൻ സന്തോഷപൂർവം സ്വീകരിക്കുന്നു. ഇത് സാത്താൻ കൊണ്ടുവന്നതാണെങ്കിൽ എതിർക്കുകയും അവിടുത്തെ നാമത്തിൽ അവനെ ബന്ധിക്കുകയും ചെയ്യുന്നു.” നാം ദൈവത്തിന്റെ മുമ്പിൽ പരമാർത്ഥതയുള്ളവരും അവിടുത്തെ കല്പനയനുസരിച്ചു ജീവിക്കുന്നവരുമാണെങ്കിൽ കർത്താവു നമ്മുടെ വഴിയെ സൂക്ഷിച്ചുകൊൾകയും സകല കാര്യങ്ങളും നമ്മുടെ നന്മയ്ക്കായി പ്രവർത്തിപ്പിക്കുകയും ചെയ്യും (സദ്യ. 2:8) റോമർ 8:28), പൗലോസ് തെസ്സലോനീക്കയിലേക്കു പോകുന്നതിനെ സാത്താൻ തടഞ്ഞുവെങ്കിലും തിമോഥെയോസ് അദ്ദേഹത്തിനു പകരം പോവുകയും ദൈവഹിതം അങ്ങനെ നിറവേറ്റുകയും ചെയ്തു. (1 തെസ്സ. 2:18, 3:1, 2).

അപ്പോസ്തല പ്രവൃത്തികളിൽ സാഹചര്യ നടപ്പിന്റേതായ ഏതാനും ദൃഷ്ടാന്തങ്ങൾ നമുക്കു കാണാൻ കഴിയുന്നുണ്ട്. സുവിശേഷത്തിന്റെ വ്യാപ്തിക്കായി ദൈവം പീഡനത്തെ ഉപയോഗിച്ച് യെരൂശലേമിൽനിന്നു സഭ ചിതറിപ്പോകുവാൻ ഇടയാക്കി (അപ്പോ. 8:1). ഒരു സ്ഥലത്ത് ഉപദ്രവം വർദ്ധിച്ചിട്ട് അവിടത്തന്നെ തുടർന്നു പ്രവർത്തിക്കുന്നതു പ്രയോജനകരമല്ലെന്നു കണ്ട സന്ദർഭങ്ങളിൽ പൗലോസും ബർന്നബാസും മറ്റൊരു സ്ഥലത്തേക്കു പോയിട്ടുണ്ട് (അപ്പോ. 13:50, 51:14:5,6,19,20). കർത്താവിന്റെ തന്നെ ഉപദേശവും മാതൃകയും അനുസരിച്ചായിരുന്നു ഇത്. (മത്താ. 10:23; യോഹ.1:1). ശൗലിനെയും ബർന്നബാസിനേയും യരൂശലേമിലേക്കു നയിക്കാൻ തക്കവണ്ണം ഒരു ക്ഷാമത്തെ ദൈവം ഉപയോഗിച്ചു (അപ്പോ. 11:28-30). അവിടെവച്ച് മുട്ടിപ്പായ പ്രാർത്ഥനയുടെ ശക്തി പഠിക്കുവാൻ അവർക്കു സാധിച്ചു (അപ്പോ. 12:5 അന്ത്യഖ്യയിൽ തിരിച്ചുവന്നിട്ട് അവർ പ്രാർത്ഥനയുടെ ഈ ആത്മാവിനെ തങ്ങളുടെ സഹപ്രവർത്തകർക്കു പഠിപ്പിച്ചുകൊടുക്കുകയും അന്തിമമായി അത് വിദൂരങ്ങളിലേക്ക് അവരുടെ പ്രവർത്തനം വ്യാപിക്കുവാൻ ഇടയാക്കുകയും ചെയ്തു (അപ്പോ. 12:2513:3).

ഫിലിപ്പിയിലെ വിപരീത സാഹചര്യങ്ങൾ, ആവശ്യത്തിലിരുക്കുന്നവരോടു സവിശേഷം പ്രസംഗിക്കുവാൻ തക്കവണ്ണം പൗലോസിനെയും ശീലാസിനെയും വഴി നടത്തി. സാധാരണഗതിയിൽ പൗലോസ് കണ്ടുമുട്ടുവാനിടവരാത്ത വളരെയാളുകളോടു സുവിശേഷം പ്രസംഗിക്കുവാൻ സാഹചര്യങ്ങളെ ദൈവം എപ്രകാരം ഉപയോഗിച്ചുവെന്ന് ഈ ഭാഗവും വെളിപ്പെടുത്തുന്നുണ്ട് (ഫിലി. 1:12).

ലോകത്തിലെ ഏറ്റവും വലിയ മിഷനറിമാരിൽ ചിലർ സാഹചര്യങ്ങൾ മൂലമാണ് തങ്ങളുടെ പ്രവർത്തനരംഗങ്ങളിലേക്ക് നടത്തപ്പെട്ടത്. ആരംഭത്തിൽ തനിക്കു ചൈനയിലേക്കു പോകുവാൻ നടത്തിപ്പു ലഭിച്ചതായി ഡേവിഡ് ലിവിംഗ്സ്റ്റനു തോന്നി. ആ രാജ്യത്തു സേവനം അനുഷ്ഠിക്കുമാറ് അദ്ദേഹം വൈദ്യശാസ്ത്രപഠനവും നടത്തുകയുണ്ടായി. അദ്ദേഹം പോകുവാനൊരുങ്ങിയപ്പോൾ ഓപ്പിയം യുദ്ധം നിമിത്തം ചൈന ഒരു നിരോധിത മേഖലയായിത്തീർന്നു. അപ്പോൾ ലണ്ടൻ മിഷനറി സൊസൈറ്റി വെസ്റ്റ് ഇൻഡീസിലേക്ക് അദ്ദേഹം പോകണമെന്ന് അഭിപ്രായപ്പെട്ടു. അവിടെ അപ്പോൾത്തന്നെ ധാരാളം ഡോക്ടർമാർ ഉണ്ടല്ലോ എന്ന കാരണം പറഞ്ഞുകൊണ്ട് ആ അഭിപ്രായം അദ്ദേഹം തിരസ്കരിച്ചു. നേരത്തെ ആഫ്രിക്കയിലേക്കു പോയിരുന്ന ഫോബർട്ട് മോഫറ്റ് എന്ന മിഷനറിയുമായി ബന്ധപ്പെടുവാനിടയാവുകയാൽ ഒടുവിൽ ലിവിംഗ്സ്റ്റൻ അവിടേക്കു യാത്രതിരിച്ചു.

അഡോനിറാം ജഡ്സൻ ഇന്ത്യയിൽ ഒരു മിഷനറിയായി പ്രവർത്തിക്കുവാൻ തനിക്ക് ആഹ്വാനം ലഭിച്ചതായി ചിന്തിച്ചുകൊണ്ട് അമേരിക്കയിൽ നിന്നു കപ്പലിൽ യാത്ര തിരിച്ചു. ഇന്ത്യയിലെത്തിയശേഷം അവിടെ താമസിക്കുവാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. മദ്രാസിലായിരിക്കുമ്പോൾ ഒരു നിശ്ചിത തീയതിക്കുള്ളിൽ രാജ്യം വിട്ടുകൊള്ളണമെന്ന് അധികാരികൾ അദ്ദേഹത്തെ അറിയിച്ചു. അതിനാൽ ആ തീയതിക്കുള്ളിൽ മദ്രാസിൽ നിന്നു പുറപ്പെട്ട ഒരേയൊരു ബോട്ടിൽ അദ്ദേഹം യാത്ര പുറപ്പെട്ടു. ബോട്ട് ബർമ്മയിലേക്കു പോകുന്നതായിരുന്നു. അങ്ങനെ ജഡ്സൺ തന്റെ ശിഷ്ടായുസ്സു ബർമ്മ യിൽ ചെലവഴിച്ചു.

ഈ രണ്ടു വ്യക്തികൾ അതതു രാജ്യങ്ങളിൽ ദൈവത്തിനുവേണ്ടി നിർവഹിച്ച് വേല അവരെ അവിടേക്കു നയിക്കുവാൻ ദൈവമാണ് സാഹചര്യങ്ങളെ ക്രമീകരിച്ചതെന്നു തെളിയിക്കുന്നു.

താൻ നമുക്കുവേണ്ടി തിരഞ്ഞെടുത്തിട്ടില്ലാത്ത മാർഗ്ഗങ്ങളിൽനിന്ന് നമ്മെ രോഗക്കിടക്കയിലാക്കിയിട്ടോ, അല്ലെങ്കിൽ ട്രെയിൻ കിട്ടാതെ വരുവാനിടയാക്കിയിട്ടോ അഥവാ ഒരു ഇന്റർവ്യൂവോ കൂടിക്കാഴ്ചയോ മുടക്കിയിട്ടോ ദൈവം തടസ്സപ്പെടുത്തിയേക്കും. നാം ദൈവത്തിന്റെ അധീശതയിൻ കീഴിൽ ജീവിക്കുന്നവരെങ്കിൽ നൈരാശ്യങ്ങൾ നമുക്കു നിയോഗങ്ങളായിത്തീരാം. നാം വളരെ ആഗ്രഹിച്ചതോ പ്രാർത്ഥിച്ചതോ ആയ ഒരു കാര്യം കിട്ടാതെ വരുമ്പോൾ ദൈവം കൂടുതൽ മെച്ചമായതെന്തോ നമുക്കു തരാനുദ്ദേശിക്കുന്നുവെന്ന് നമുക്ക് തീരുമാനിക്കാം.

ഒരിക്കൽ ട്രെയിൻ കിട്ടാതെ ഒരു ബോട്ടിൽ ഉദ്ദിഷ്ടസ്ഥലത്ത് ചെന്നെത്തു വാനിടയായത് വളരെ ആവശ്യത്തിലിരിക്കുന്ന ഒരു വ്യക്തിയോടു സംഭാഷിക്കുവാൻ എനിക്ക് അവസരം കിട്ടി. ആ രാത്രിയിൽത്തന്നെ അദ്ദേഹം തന്റെ ഹൃദയം ദൈവത്തിന്നായി തുറന്നുകൊടുത്തു. ഞാൻ ഇഷ്ടപ്പെടാത്ത ഒരു കപ്പലിലേക്കുണ്ടായ സ്ഥലം മാറ്റം യുവാവായ ഒരു ഹിന്ദു സെയിലറിന്റെ അടുക്കലേക്ക് എന്നെ നയിക്കുകമൂലം അദ്ദേഹം തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യാൻ ഇടയായി. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുന്നില്ല. അവിടുന്നു സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന ദൈവമാണ്. തന്റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കുമായി അവിടുന്നു സാഹചര്യങ്ങൾ ഒരുക്കുമെന്ന് നമുക്കു ആ സർവശക്തനിൽ ശരണപ്പെടാം.

ചിലപ്പോൾ നമ്മുടെ വഴിയിൽ ഒരു തടസ്സം കാണുമ്പോൾ സാഹചര്യങ്ങളെ മാറ്റുവാനും അതിലൂടെ തന്റെ ഹിതം വെളിപ്പെടുത്തുവാനും നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. ഇന്ത്യൻ നേവിയിൽ ആഫീസർ എന്ന നിലയിലുള്ള കമ്മീഷനിൽനിന്നു രാജിവെച്ചൊഴിയുവാൻ ദൈവം എന്നെ വിളിച്ചപ്പോൾ ഞാൻ രാജി സമർപ്പിച്ചു. നേവൽ ഹെഡ്ക്വാർട്ടേഴ്സ് എന്റെ രാജി നിരസിച്ചു. എന്റെ ഉള്ളിൽ പരിശുദ്ധാത്മാവ് നൽകിയ സാക്ഷ്യത്തിന് ഇപകാരം സാഹചര്യങ്ങളെ മാറ്റുകയും എന്നെ നേവിയിൽനിന്നു വിടർത്തുകയും ചെയ്ത് അവിടുത്തെ വിളിയെ സ്ഥിരീകരിച്ചു തരണമെന്നു ഞാൻ പ്രാർത്ഥിച്ചു കമ്മീഷനിൽ നിന്നുള്ള രാജി സ്വീകരിക്കുവാൻ മൂന്നു പ്രാവശ്യം ഞാൻ അപേക്ഷ നൽകി. ഒടുവിൽ രണ്ടുവർഷങ്ങൾക്കുശേഷം എന്റെ രാജി സ്വീകരിക്കപ്പെട്ടു. പ്രാരംഭത്തിലുണ്ടായ തടസ്സം സാത്താൻ ഉണ്ടാക്കിയതായിരുന്നു വെന്ന് അപ്പോൾ എനിക്കു വ്യക്തമായി. എങ്കിലും ഗവൺമെന്റുകളുടെയും ഭൗമികാധികാരികളുടെയും മേൽ ദൈവം അധീശത പുലർത്തുന്നുവെന്ന് എന്റെ വിശ്വാസം ശക്തിപ്പെടുത്തി തന്റെ വഴികൾ എനിക്ക് കൂടുതൽ പഠിപ്പിച്ചു തരുവാനായി അവയെ അതിലംഘിച്ചുകൊണ്ട് ദൈവം പ്രവർത്തിച്ചു.

വാസ്തവമായും എല്ലാ വാതിലിന്റെയും താക്കോൽ അവിടുത്തെ പക്കലാണ്. അവിടുന്ന് ഒരു വാതിൽ തുറന്നാൽ ആർക്കും അത് അടയ്ക്കുവാൻ സാധ്യമല്ല (വെളി. 3:7). ഒരു രാജാവിന്റെ ഹൃദയത്തെപ്പോലും താൻ ആഗ്രഹിക്കുന്ന ദിക്കിലേക്കു തിരിക്കുവാൻ ദൈവത്തിനു കഴിയും (സദൃ.21:1; എസ്രാ 6:22).

ദൈവം സാഹചര്യങ്ങൾക്കെതിരായും നമ്മെ നയിച്ചെന്നു വരാം. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനത്തിന്റെ ആദ്യത്തെ അലകൾ യെരൂശലേമിൽ ആഞ്ഞടിച്ചപ്പോൾ അപ്പോസ്തലന്മാർ ഓടിപ്പോകാതെ ധൈര്യത്തിനായി പ്രാർത്ഥിച്ചു. ദൈവം അവരെ തന്റെ ആത്മാവിനാൽ നിറയ്ക്കുകയും ആ ശക്തിയുടെ പ്രഭാവത്താൽ യെരൂശലേമിനെ വിറപ്പിക്കുകയും ചെയ്തു. എന്തെന്നാൽ ശിഷ്യന്മാർ യരൂശലേമിൽനിന്നു ചിതറിപ്പോകുവാനുള്ള അവിടുത്തെ സമയം അപ്പോഴും വന്നിരുന്നില്ല (അപ്പോ. 4:2933:5:11-14).

ഫിലിപ്പോസ് ശമര്യ വിട്ടു മരുഭൂമിക്കുള്ള വഴിയിലേക്കു പോയപ്പോൾ അതു സാഹചര്യങ്ങൾക്കു വിരുദ്ധമായ ഒരു നീക്കമായിരുന്നു. ശമര്യയിൽ അദ്ദേഹത്തെ ദൈവം അത്ഭുതകരമായി ഉപയോഗിച്ചുപോന്നതിനാൽ അദ്ദേഹം അവിടെത്തുടരുവാനാണ് സാഹചര്യങ്ങൾ പ്രേരണ നൽകിയത് (അപ്പോ. 8:26).

ഇപ്രകാരം സാഹചര്യങ്ങൾ എപ്പോഴും ദൈവഹിതത്തിന്റെ ഒരു സൂചനയായിത്തീരുന്നില്ല. നമ്മുടെ ആത്മാക്കളിലുള്ള പരിശുദ്ധാത്മാവിന്റെ ആന്തരിക സാക്ഷ്യത്തോടും ദൈവം തന്റെ വചനത്തിലൂടെ നൽകുന്ന സാക്ഷ്യത്തോടും ചേർന്ന് അവയ്ക്കു വിധേയമായി ചിന്തിക്കപ്പെടേണ്ടവയാണ് സാഹചര്യങ്ങൾ. തന്റെ മക്കൾ സാഹചര്യം മുഖേന അങ്ങോട്ടുമിങ്ങോട്ടും നീക്കപ്പെടുന്ന കരുക്കളായിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. അവിടുന്നു സാഹചര്യങ്ങളുടെ അധീശനാണ്. അവയുടെമേൽ അവിടുത്തേക്കുള്ള ആധിപത്യത്തിൽ തന്റെ മക്കളും പങ്കാളികളായിത്തീരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ദൈവം ഒരടയാളം മൂലം തന്റെ ഹിതം കാണിച്ചുതരണമെന്നാവശ്യപ്പെടുന്നത് ശരിയാണോ? ദൈവഹിതമെന്തെന്നു കാട്ടിത്തരുവാൻ ആളുകൾ അടയാളങ്ങൾ ചോദിച്ച സന്ദർഭങ്ങൾ പഴയനിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്രഹാമിന്റെ കാര്യസ്ഥൻ ഒരടയാളം ചോദിക്കുകയും അതിലൂടെ ദൈവം ഇസഹാക്കിനുവേണ്ടി നിശ്ചയിച്ചിരുന്ന വധുവിനെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. (ഉൽപ. 24:10-27). ഗിദെയോൻ ദൈവത്തോട് അവിടുത്തെ ഹിതം ഒരടയാളം മുഖേന സ്ഥിരീകരിക്കുവാൻ ആവശ്യപ്പെട്ടു. അതിനടുത്ത രാത്രിയിൽത്തന്നെ അതേ അടയാളം നേരെ എതിരാക്കിക്കാണിക്കുവാനും അദ്ദേഹം അപേക്ഷിച്ചു. ഈ രണ്ടു സന്ദർഭങ്ങളിലും ദൈവം ഉത്തരം നൽകുകയും തന്റെ ഹിതം സ്ഥിരീകരിക്കുകയും ചെയ്തു (ന്യായാ. 6:36-40). യോനാ സഞ്ചരിച്ചിരുന്ന കപ്പലിലെ നാവികന്മാർ കൊടുങ്കാറ്റിന് കാരണക്കാർ ആരാണന്നറിയുവാൻ വേണ്ടി ചീട്ടിട്ടു. ദൈവം അതിന് ഉത്തരം നൽകി. (യോനാ. 1:7). മറ്റു ചില സന്ദർഭങ്ങളിലും ചീട്ടിടുന്ന രീതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (യോശു. 7:14; 1 ശമു. 10:20 14:41 44 സ 16:33). ദൈവം തന്റെ ഹിതം കാണിച്ചുതരുവാൻ മനുഷ്യർ ഒരടയാളം ആവശ്യപ്പെട്ട ഒരൊറ്റ സന്ദർഭമേ പുതിയ നിയമത്തിൽ കാണുന്നുള്ളൂ. അത് പെന്തക്കോസ്ത് ദിവസത്തിന് മുമ്പായിരുന്നു. താനും (അപ്പോ. 1:23-26). പരിശുദ്ധാത്മാവിന്റെ വരവിനുശേഷം വിശ്വാസികൾ ദൈവഹിതമറിയുവാൻ അടയാളമാവശ്യപ്പെടുന്ന ഒരൊറ്റസന്ദർഭംപോലും പുതിയനിയമത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധിക്കുക. ഇനിമേൽ ദൈവം തന്റെ മക്കളെ നടത്തുന്ന മാർഗ്ഗം ഇതല്ലെന്ന് ഇതുമൂലം വ്യക്തമാകുന്നതായി നമുക്ക് മനസ്സിലാക്കാം. പരിശുദ്ധാത്മാവു മനുഷ്യരിൽ അധിവസിക്കാതിരുന്ന പഴയനിയമകാലങ്ങളിൽ അടയാളം ഉപകരിച്ചിരുന്നു. എന്നാൽ ഇന്ന് അത് അപ്രകാരമല്ല.

ദൈവം വല്ലപ്പോഴുമൊരിക്കൽ ഒരടയാളംകൊണ്ട് തന്റെ ഹിതത്തെ സ്ഥിരീകരിക്കുകയോ തളർന്നുപോകുന്ന നമ്മുടെ ആത്മാക്കളെ ധൈര്യപ്പെടുത്തുകയോ ചെയ്തേക്കാം. ദൈവനടത്തിപ്പിന്റെ മറ്റു മാർഗങ്ങൾ പ്രഥമദൃഷ്ട്യാ സുവ്യക്തമല്ലാതിരുന്നാൽ അപ്പോൾ മാത്രം ഒരടയാളത്തിനായി നമുക്ക് അപേക്ഷിക്കാം. പക്ഷേ ഏതുതരത്തിലുള്ള അടയാളമാണ് വേണ്ടെന്നതിനെപ്പറ്റിത്തന്നെ നാം പ്രാർത്ഥിക്കണം. നമ്മുടെ സ്വന്തവഴി സാധിച്ചെടുക്കുവാനുള്ള ഒരുപാധിയായി നാം അടയാളങ്ങളെ ഉപയോഗിക്കരുത്. ഉദാഹരണമായി നമ്മുടെ യഥാർത്ഥ ഉദ്ദേശ്യം, നാം പോകണമെന്നു ദൈവമാഗ്രഹിക്കുന്ന വഴിയിൽക്കൂടി പോകാതിരിക്കുന്നതിനുള്ള ഒരൊഴികഴിവു കണ്ടെത്തണം എന്നായിത്തീരുമ്പോൾ നാം ദൈവത്തോട് ഒരത്ഭുതം കാണിച്ചുതരണമെന്നാവശ്യപ്പെടരുത്. അതേസമയം തന്നെ, നാം തിരഞ്ഞെടുത്തിട്ടുള്ള വഴിയിൽക്കൂടെ പോകുന്നതിനുള്ള ഒരുപശാന്തിയായി വാസ്തവത്തിൽ ഒരടയാളമല്ലാത്തതും സർവസാധാരണവുമായ ഒരു കാര്യം കാണിച്ചുതരണമെന്നാവശ്യപ്പെടുന്നതും ശരിയല്ല.

ചില ക്രിസ്ത്യാനികൾ സ്വീകരിക്കാറുള്ള മറ്റൊരു രീതിയെപ്പറ്റിയും നാം കരുതലോടെയിരിക്കണം. ഇക്കൂട്ടർ അടയാളമായി ഒരു വാക്യം ലഭിക്കണമെന്ന് ദൈവത്തോടപേക്ഷിച്ചശേഷം കണ്ണടച്ചുകൊണ്ട് തങ്ങളുടെ ബൈബിൾ നിവർത്തി മുമ്പിക്കാണുന്ന പേജിൽ ഒരു ഭാഗത്തു വിരൽ വയ്ക്കുന്നു. ഈ സമ്പ്രദായം നമ്മെ വഴി തെറ്റിക്കാവുന്നതും എങ്ങനെയായാലും ബുദ്ധിഹീനവുമത്രേ, ബൈബിൾ ഒരു മാജിക് ഗ്രന്ഥമല്ല. ആ ചിന്തയോടെ അതിനെ കൈകാര്യം ചെയ്യരുത്.

ഒരടയാളത്തെ ദൈവനടത്തിപ്പിനുള്ള മുഖ്യമാർഗ്ഗമായോ, ഏകമാർഗ്ഗമായോ സ്വീകരിക്കുന്നത് പൂർണ്ണമായും വിചനവിരുദ്ധമാണ്. അടയാളങ്ങൾ ആവശ്യപ്പെടുന്നത് ആത്മീയമായ അപക്വതയുടെ ലക്ഷണമാണെന്നും കൂടെ നാമോർക്കണം. കഴിവതും വേഗം നാം വളർച്ച പ്രാപിച്ച് ഈ അവസ്ഥയിൽനിന്നും വിമുക്തരാകണം.

മറ്റു വിശ്വാസികളുടെ ഉപദേശം

വിശ്വാസികൾ ഒരു ശരീരത്തിലെ അവയവങ്ങളായി പ്രവർത്തിക്കുന്നതിന് പുതിയനിയമം വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ട്. ഒരവയവത്തിനു മാത്രം സ്വതന്ത്രമായി പ്രവർത്തിക്കുക സാധ്യമല്ല. ഓരോരുത്തരും സ്വന്തനിലനിൽപ്പിനും ജീവിതത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ദൈവനടത്തിപ്പിന്റെ കാര്യത്തിലും ദൈവം വിശ്വാസികളുടെ കൂട്ടായ്ക്ക് വളരെ പ്രാധാന്യം കല്പിക്കുമെന്നു പ്രതീക്ഷിക്കുന്നത് തികച്ചും യുക്തിയുക്തം തന്നെ. തന്റെ പരിപൂർണ്ണഹിതത്തിൽ നിന്നും നാം അകന്നു പോകുന്നതിനെതിരെയുള്ള ഒരു സംരക്ഷണമായി ഈ വ്യവസ്ഥ അവിടുന്നു വച്ചിരിക്കുന്നു.

ഒരു പ്രത്യേക നടപടി സ്വീകരിക്കുന്നതിന്റെ എല്ലാ പ്രയോജനങ്ങളും ദോഷങ്ങളും തികച്ചും മനസ്സിലാക്കുവാൻ നമുക്കു കഴിവുണ്ടായിരിക്കുകയില്ല. നാം എടുക്കുന്ന തീരുമാനം വിവിധ വീക്ഷണ കോണുകളിൽക്കൂടി നോക്കിക്കാണുവാൻ ദൈവഭക്തരായ മറ്റു വ്യക്തികളുടെ ഉപദേശം നമുക്കു വിലതീരാത്ത സഹായമായിത്തീരും. ഒരു സുപ്രധാന തീരുമാനം എടുക്കുന്ന സമയത്ത് ഇതും വിശേഷിച്ചും അത്യാവശ്യമാണ്. ദൈവം നൽകിയിട്ടുള്ള ഈ സഹായത്തെ നമ്മുടെ നിഗളപൂർവമായ സ്വയം പര്യാപ്തതാബോധം മൂലം നാം അവഗണിച്ചാൽ നമുക്കു നഷ്ടമുണ്ടാകാതെ നിവർത്തിയില്ല തന്നെ.

ദൈവവചനം പറയുന്നു: “ഉപദേഷ്ടാക്കാളുടെ ബാഹുല്യത്തിൽ സുരക്ഷിതത്വമുണ്ട്. മറ്റുള്ളവരോട് ഉപദേശം തേടാതെ സ്വന്തം പ്ലാനുമായി മുന്നോട്ടുപോകരുത്. ജ്ഞാനിയുടെ ഉപദേശം കാട്ടരുവിയിലെ തെളിനീർ പോലെ കുളിർമയും ചൈതന്യവും നൽകുന്നു. അതു കൈക്കൊള്ളുന്നവൻ മരണകരമായ വിപത്തുകളിൽനിന്നു രക്ഷ നേടുന്നു. തനിക്ക് ഉപദേശമൊന്നും ആവശ്യമില്ലെന്നു ഭോഷൻ ചിന്തിക്കുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു. നീതിമാൻ കൂട്ടുകാരന്റെ ഉപദേശം തേടും. ദുഷ്ടഹൃദയനോ സാഹസം കൊണ്ടു നാശമടയും” (സദൃ. 24:6; 20: 18; 13:14;12:15, 26 LB).

ഇങ്ങനെയെല്ലാമായാലും നാമൊഴിഞ്ഞിരിക്കേണ്ട രണ്ട് ആത്യന്തിക നിലപാടുകൾ ഉണ്ട്. ദൈവഭക്തരായ വ്യക്തികളുടെ ഉപദേശം തേടാതെ സ്വത നായിക്കഴിയുന്ന അവസ്ഥയാണ് അതിലൊന്ന്; രണ്ടാമത്തേത് മറ്റുള്ളവരുടെ ഉപദേശത്തിന്മേൽ പൂർണ്ണാശ്രയം വയ്ക്കുകയും അത് ദൈവത്തിന്റെ പരിപൂർണ്ണഹിതമാണെന്നു ധരിച്ച് ചോദ്യം ചെയ്യാതെ സ്വീകരിക്കുകയുമാണ്. ഈ രണ്ട് ആത്യന്തിക നിലപാടുകളിൽ ഏതെങ്കിലുമൊന്ന് നാം മുറുകെപ്പിടിക്കുന്നപക്ഷം ഒന്നുകിൽ നാം വഴിതെറ്റിപ്പോവുകയോ അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ആത്മീയമായി വളർച്ച മുരടിച്ചു കഴിയുകയോ ചെയ്യേണ്ടിവരും. നമ്മുടെ സഹവിശ്വാസികളിൽനിന്നു നാം ഉപദേശം സ്വീകരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുവെന്നതു ശരിതന്നെ; എങ്കിലും അവർ വിശുദ്ധരായ മനുഷ്യരായാൽ തന്നെയും അവരുടെ ഉപദേശത്തിന് അടിമമനോഭാവത്തോടെ കീഴടങ്ങണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല.

ബൈബിൾ സത്യത്തെ പരിപൂർണ്ണ ബാലൻസോടുകൂടെ പ്രകാശിപ്പി ക്കുന്നു. എന്നാൽ ദൗർഭാഗ്യവശാൽ മനുഷ്യന് ഏതെങ്കിലുമൊരു ആത്യന്തിക നിലപാടിലേക്കു വരുവാനുള്ള പ്രവണതയുണ്ട്. ഈ വിധത്തിലാണ് ക്രൈസ്തവ ലോകത്തിൽ പല ദുരുപദേശങ്ങളും ഉദ്ഭവിച്ചിട്ടുള്ളത്.

പഴയനിമത്തിൽ 1 രാജാ. 12, 13 അധ്യായങ്ങളിൽ ഈ സമതുലിതവീക്ഷണം (balanced view) വ്യക്തമായി കാണിച്ചുതന്നിട്ടുണ്ട്. 12-ാമധ്യായത്തിൽ രഹബെയാം രാജാവ് തന്നെപ്പോലെയുള്ള ചെറുപ്പക്കാരെ ശ്രദ്ധിക്കുന്നതിനു പകരം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിക്കേണ്ടതായിരുന്നു. അപ്രകാരം അദ്ദേഹം ചെയ്യാതിരുന്നതുമൂലം അദ്ദേഹത്തിന്റെ രാജ്യം വിഭജിക്കപ്പെടുവാൻ ഇടയായിത്തീർന്നു. 13-ാമധ്യായത്തിൽ പ്രായംകുറഞ്ഞ പ്രവാചകൻ വൃദ്ധനായ പ്രവാചകനെ ശ്രദ്ധിക്കരുതായിരുന്നു. (കേവലം പ്രായം മാത്രമല്ല ആളുകളെ ജ്ഞാനികളാക്കിത്തീർക്കുന്നത്. ഇയ്യോ. 32:9 LB). അപ്രകാരം ശ്രദ്ധിച്ചതു നിമിത്തം അദ്ദേഹത്തിനു തന്റെ ജീവൻ നഷ്ടമായിത്തീർന്നു.

പുതിയനിയമത്തിൽ അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തിൽ നാം ഈ സമതുലിതത്വം കാണുന്നു. അപ്പോ. 13:1-3 വാക്യങ്ങളിൽ ദൈവം പൗലോസിനെ വിദേശമിഷനറി സേവനത്തിനു വിളിക്കുന്നതായി നാം കാണുന്നു. എന്നാൽ പൗലോസിനെക്കുറിച്ചുള്ള ഈ ഹിതം അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും അതേസമയം തന്നെ ദൈവം വെളിപ്പെടുത്തുന്നു. പൗലോസിനോടു ദൈവം സ്വകാര്യമായി സംസാരിച്ച കാര്യം മറ്റുള്ളവരിൽക്കൂടി ദൈവം സ്ഥിരീകരിക്കുന്നു. നേരെമറിച്ച് അപ്പോ. 21:1-15 വാക്യങ്ങളിൽ പൗലോസ് തന്റെ സഹവിശ്വാസികളായ എല്ലാവരുടെയും ഉപദേശവും അവരിൽ ചിലരുടെ പ്രവചനം പോലും നിരാകരിക്കുകയും തന്നെ സംബ ന്ധിച്ചു ദൈവഹിതമെന്നു തനിക്ക് ബോധ്യപ്പെട്ട മാർഗ്ഗത്തിലൂടെ മുന്നോട്ടു പോവുകയും ചെയ്യുന്നതായി നാം കാണുന്നു. അദ്ദേഹം യെരൂശലേമിലേക്കുപോയത് ശരിയായ നടപടിയായിരുന്നുവെന്ന് ദൈവം പിന്നീടു സ്ഥിരീക രിക്കുകയും ചെയ്തു (അപ്പോ. 23:11).

മറ്റൊരു സന്ദർഭത്തിൽ പൗലോസിന്റെ ക്രിസ്തീയ ജീവിതത്തിന്റെ ആരംഭത്തിൽ ആരോടും ആലോചന ചോദിക്കാതെ താൻ സ്വയം ദൈവഹിതം കണ്ടെത്തി അദ്ദേഹം അറേബ്യയിലേക്കു പോയതായി നാം വായിക്കുന്നു (ഗലാ. 1:15-17).

നാം ദൈവഭക്തരായ മനുഷ്യരുടെ ഉപദേശം ശ്രദ്ധിക്കേണ്ട ചില സമയങ്ങളും അവരുടെ ഉപദേശങ്ങൾക്കെതിരായി പ്രവർത്തിക്കേണ്ട മറ്റു ചില സമയങ്ങളും ആരുടെയും ഉപദേശം തേടുവാൻ ആവശ്യമില്ലാത്ത ഇനിയും ചില സമയങ്ങളും ഉള്ളതായി ദൈവവചനത്തിലെ ഈ ദൃഷ്ടാന്തങ്ങൾ നമുക്കു കാണിച്ചുതരുന്നു. എന്തായാലും മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുകയോ നിരാകരിക്കുകയോ ഉപദേശം തേടാതിരിക്കുകയോ എന്തു ചെയ്താലും അന്തിമ തീരുമാനം എപ്പോഴും നമ്മുടേതുതന്നെ ആയിരിക്കണം. എന്തെന്നാൽ നമ്മുടെ തീരുമാനങ്ങളെപ്പറ്റി നാം വ്യക്തിപരമായി ദൈവത്തോട് ഉത്തരം പറയുവാൻ ബാധ്യസ്ഥരാണ്. ഒരു ദൈവപുരുഷന്റെ ഉപദേശം വിലപ്പെട്ടതെങ്കിലും തെറ്റിക്കൂടാത്തതല്ല.

“പ്രവചനം-ക്രിസ്തുവിന്റെ ശരീരത്തിനുള്ള ഒരു ദാനം” എന്ന തന്റെ പുസ്തകത്തിൽ മൈക്കിൾ ഹാർപ്പർ ഇപ്രകാരം എഴുതുന്നു: “മറ്റുള്ളവരോട് അവർ എന്തു ചെയ്യണമെന്നു നിർദ്ദേശിക്കുന്ന പ്രവചനങ്ങളെ വളരെ സംശയബുദ്ധിയോടെ നാം വീക്ഷിക്കേണ്ടതാണ്. പ്രവചനത്തിന്റെ ഒരു പ്രയോജനമായി ദൈവനടത്തിപ്പിനെ ഒരിക്കലും എടുത്തുകാണിച്ചിട്ടില്ല. പൗലോസ് യെരുശലേമിലേക്കു പോയാൽ അദ്ദേഹത്തിനെന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പ്രവാചകൻ പ്രസ്താവിച്ചു. എങ്കിലും പൗലോസ് പോകണമെന്നോ പോകാതിരിക്കണമെന്നോ അദ്ദേഹം നിർദ്ദേശിച്ചില്ല. അദ്ദേഹത്തിന്റെ സ്നേഹിതന്മാർ ഇതേപ്പറ്റി ഉപദേശിച്ചിരിക്കാം. എന്നാൽ നടത്തിപ്പ് പ്രവചനത്തിൽ നിന്നല്ല. ഉണ്ടായത്. അഗബൊസ് ഒരു ക്ഷാമത്തെപ്പറ്റി പ്രവചിച്ചു. എന്നാൽ അതിനെപ്പറ്റി ഇന്നതാണു ചെയ്യേണ്ടതെന്നുള്ള യാതൊരു നിർദ്ദേശവും അദ്ദേഹത്തിന്റെ പ്രവചനം നൽകിയില്ല. ആകെക്കൂടി നോക്കിയാൽ പുതിയനിയമത്തിൽ ദൈവനടത്തിപ്പ് ഒരു വ്യക്തിക്ക് നേരിട്ടാണ് ലഭിച്ചിട്ടുള്ളത്. പഴയനിയമത്തിലെപ്പോലെ മറ്റൊരാളിൽകൂടെയല്ല. ഉദാഹരണമായി കൊർന്നൊസിനോട് പത്രോസിന്റെ പേർക്ക് ആളയക്കുവാൻ ദൈവ ദൂതൻ നിർദ്ദേശിച്ചവെങ്കിലും (അപ്പോ. 10:5) പത്രോസ് അവരോടൊപ്പം പോകണമെന്ന് അദ്ദേഹത്തിനു നിർദ്ദേശം ലഭിച്ചത് മറ്റൊരു മാർഗത്തിലൂടെയാണ് (G. 10:20.)”

“ദൈവനടത്തിപ്പ്” എന്ന തന്റെ പുസ്തകത്തിൽ ജെയിംസ് മാങ്കി എഴുതുന്നു: “ക്രിസ്തുവിനെ പത്രോസിനു വെളിപ്പെടുത്തുവാൻ ജഡരക്തങ്ങൾക്കു കഴിഞ്ഞില്ല. (മത്താ. 16:17). ക്രിസ്തുവിന്റെ കാര്യങ്ങൾ നമുക്കു വെളിപ്പെടുത്തുവാനും അവയ്ക്കു കഴിവില്ല. അത് നമ്മുടെ ജഡരക്തങ്ങളായാലും മറ്റൊരാളുടേതായാലും വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. മറ്റൊരു മനുഷ്യന്റെ ജഡരക്തങ്ങളും നമ്മുടെ ജഡരക്തങ്ങൾക്കുള്ള അതേ ബലഹീനതകളാൽ ബാധിതവും അതേ തെറ്റുകൾക്കു തന്നെ വിധേയവുമാണ്. മാത്രമല്ല, നടത്തിപ്പിനുവേണ്ടി തന്റെ സ്നേഹിതന്മാരിലായിക്കുന്ന ഒരു മനുഷ്യൻ വേഗം തന്നെ ഒരു വസ്തുത കണ്ടെത്തുന്നു. അവർ നൽകുന്ന ആലോചനകളുടെ വൈവിധ്യം തന്റെ ചിന്താക്കുഴപ്പത്തെയും വ്യാകുലത്തയും വർദ്ധിപ്പിക്കുക മാത്രമേ ചെയുള്ള എന്നതാണത്. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവത്തിന്റെ പ്ലാൻ ദൈവം മറ്റൊരു മനുഷ്യനു വെളിപ്പെടുത്തുന്നില്ല എന്നതും ഒരു ദൈവിക പ്രമാണമാണ്. യോഹന്നാനെ സംബന്ധിച്ച ദൈവഹിതം എന്താണെന്നറിയുവാനാഗ്രഹിച്ച് പത്രോസിന് ക്രിസ്തു നൽകിയ ശാസന ഇതിന് ഏറ്റവും വ്യക്തമായ തെളിവാണ്. (യോഹ. 21:22). ഒരു കൊച്ചു കുട്ടി നടക്കാൻ പഠിക്കുന്ന ആരംഭഘട്ടത്തിൽ നിങ്ങൾ അതിനെ സഹായിച്ചെന്നുവരാം. എന്നാൽ എപ്പോഴെങ്കിലും കുട്ടി സ്വയം നടക്കാൻ പഠിക്കണമെങ്കിൽ അത് നിങ്ങളുടെ കൈവിട്ട് നിങ്ങളിലുള്ള ആശയം നിശ്ശേഷം വെടിയുന്ന ഒരു ഘട്ടം ഉണ്ടായേ തീരൂ. ദൈവത്തോടുകൂടെ നടക്കാൻ പഠിക്കുന്ന വിശ്വാസിയും ഇതേ പാഠം തന്നെ പഠിക്കണം. കുട്ടി കുറെ വീഴ്ചകൾ വീണിട്ടാണ് അത് പഠിക്കുന്നതെങ്കിൽ വിശ്വാസിക്കും ചല തെറ്റുകൾ വരുത്തിയിട്ടേ അതു പഠിക്കാൻ സാധിക്കൂ. അപ്രകാരം അതു പഠിക്കുന്നതാണ് ഒരിക്കലും പഠിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്. ദൈവം സ്വയം നൽകുന്ന നടത്തിപ്പിന്റെ കാര്യത്തിൽ ദൈവത്തോടുകൂടി നടക്കുവാൻ പഠിക്കുന്നതിനുവേണ്ടി ഏതാനും തെറ്റുകൾ പറ്റുക എന്നത് വളരെ കൂടിയ ഒരു വിലയൊന്നുമല്ല. അങ്ങനെയെങ്കിൽ, ദൈവനടത്തിപ്പ് എന്ന വിഷയത്തിൽ ക്രിസ്തീയ സ്നേഹിതന്മാർക്ക് ദൈവം ഒരു സ്ഥാനവും നൽകിയിട്ടില്ലേ? തീർച്ചയായും ഉണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും അതുപോലെ ദൈവവചനത്തിൽ നിന്നുള്ള വെളിച്ചവും നിങ്ങൾക്കു സ്വീകരിക്കാം. മറ്റുള്ളവരുടെ അനുഭവപാഠങ്ങളും നിങ്ങൾക്കു സ്വീകരിക്കാം. ഇതെല്ലാം നിങ്ങൾക്കു മറ്റുള്ളവരിൽ നിന്നു കിട്ടുന്ന വസ്തുതകൾ മാത്രമാണ്. എങ്കിലും നിങ്ങൾ ചെയ്യേണ്ട തീരുമാനം നിങ്ങൾ തന്നെ എടുത്തേ മതിയാവൂ. തരുമാനം എടുക്കേണ്ട സന്ദർഭം വരുമ്പോൾ വ്യക്തിപരമായ ക്ഷമയോടെ ദൈവത്തെ മാത്രം കാത്തിരിക്കുക എന്ന കൃത്യം ഒഴിവാക്കുവാൻ നമുക്കു സാധ്യമല്ല. അതിലൂടെ ദൈവനട ത്തിപ്പിന്റെ വിലയേറിയ പാഠങ്ങൾ നാം പഠിക്കുകയും ചെയ്യും.

എന്നിരുന്നാലും പക്വമതികളായ വിശ്വാസികളുടെ ഉപദേശത്തിനെതിരായി പ്രവർത്തിക്കേണ്ട ഒരു സന്ദർഭം എപ്പോഴെങ്കിലും ഉണ്ടായാൽ ദൈവമാണ് നമ്മെ നടത്തുന്നതെന്ന് ഉറപ്പുവരുത്താൻ വേണ്ടി നമുക്കു വീണ്ടും വീണ്ടും നമ്മുടെ നടത്തിപ്പിനെ പരിശോധിക്കാം. മുഖ്യതീരുമാനങ്ങൾ എടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകിച്ചും ഓർക്കേണ്ടത്.

ദൈവശബ്ദം

മറുരൂപമലയിൽ വച്ച് കർത്താവായ യേശുവിനെ മോശെയുടെയും ഏലിയാവിന്റെയും അതേ തലത്തിൽ തന്നെ പരിഗണിച്ചതിന് ദൈവം പത്രോസിനെ ശാസിക്കുകയുണ്ടായി. ഈ രണ്ടാളുകളും പഴയനിയമകാലത്ത് ദൈവത്തിന്റെ വക്താക്കളായിരുന്നു. എന്നാൽ യേശുവിൽ ഒരു പുതിയ യുഗം ഉദയം ചെയ്തു. അത് പത്രോസ് മനസ്സിലാക്കേണ്ടത് ആവശ്യമായിരുന്നു. ഈ പുതിയ യുഗത്തിൽ ദൈവത്തിന് ഒരൊറ്റ വക്താവേയുള്ളു. “ഇവൻ എന്റെ പുത്രൻ; എനിക്കു പ്രിയനായവൻ; ഇവനെ നിരന്തരം ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയിൻ” (മർക്കോ. 9:7). അതിനാൽ ശിഷ്യന്മാർ വീണ്ടും നോക്കിയപ്പോൾ യേശുവിനെയല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല. നമ്മോടു സംസാരിക്കുമ്പോൾ എന്തെല്ലാം ബാാപാധികൾ ദൈവം ഉപയോഗിച്ചാലും അന്തിമതീരുമാനമായി നാം കേൾക്കേണ്ടത് യേശുവിന്റെ ശബ്ദമാണ്.

“ഈ മനുഷ്യൻ എന്തു ചെയ്യണം?” (What shall this man do?) എന്ന തന്റെ ഗ്രന്ഥത്തിൽ വാച്ച്മാൻ നീ ഇപ്രകാരം പറയുന്നു: “ക്രിസ്തീയത്വമെന്നത് ഒരു മനുഷ്യനിലൂടെയോ ഒരു പുസ്തകത്തിലൂടെയോ ദൈവഹിതം അറിയുകയല്ല. ദൈവത്തിന്റെ ആത്മാവിലൂടെ അവിടുത്തെ വ്യക്തിപരമായി അറിയുക എന്നതാണ് അതിൽ അന്തർഭവിച്ചിട്ടുള്ളത്…… ഇന്നു പ്രായോഗികമായി നോക്കിയാൽ മോശെ പ്രതിനിധീകരിക്കുന്ന എഴുതപ്പെട്ട ദൈവവചനം നമുക്കുണ്ട്. മരണം അനുഭവിക്കാതിരുന്ന ഏലിയാവ് പ്രതിനിധീകരിക്കുന്ന ദൈവത്തിന്റെ ജീവനുള്ള സന്ദേശവാഹകരും നമുക്കുണ്ട്. ഏതൊരു വിശ്വാസിക്കും ദൈവദത്തമായ രണ്ടു ദാനങ്ങളാണവ. നമ്മുടെ ക്രിസ്തീയ ജീവിതത്തെ പരിപുഷ്ടമാക്കുന്ന ഏറ്റവും വിലപ്പെട്ട ഘടകങ്ങളിൽ രണ്ടാണ് നമ്മെ പഠിപ്പിക്കുവാൻ നമ്മുടെ കൈയിലിരിക്കുന്ന ദൈവത്തിന്റെ പുസ്തകവും കർത്താവിനോടു ചേർന്നു ജീവിക്കുന്നവനും കർത്താവു തനിക്കു കാണിച്ചു തന്നിട്ടുള്ളവ നമുക്കു കൂടെക്കൂടെ അറിയിച്ചുതരുന്നവനുമായ ഒരു സ്നേഹിതനും. ദൈവികഗ്രന്ഥം എപ്പോഴും ശരിയാണ്. ഒരു സ്നേഹിതന്റെ ഉപദേശവും മിക്കപ്പോഴും അങ്ങനെ തന്നെ. നമുക്ക് ദൈവത്തിന്റെ ഗ്രന്ഥവും ദൈവത്തിന്റെ പ്രവാചകനും ആവശ്യമാണ്. അതിലൊന്നിനെയും നാം അവഗണിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ സജീവമായ ശബ്ദത്തിനുള്ള സ്ഥാനം ഇവ രണ്ടിനും നൽകുവാൻ തീർച്ചയായും സാധ്യമല്ല എന്നതാണ് മറുരൂപമലയിലെ ഈ സംഭവം നമുക്കു നൽകുന്ന പാഠം.

ദൈവത്തിന്റെ സന്ദേശവാഹകരെ നാം നിന്ദിക്കരുത്. യഥാർത്ഥ പ്രവചനത്തിന്റെ പിടിച്ചുനിറുത്തുന്ന വെല്ലുവിളി, അഥവാ പരിപക്വവും ആത്മീയ ബോധനം നൽകുന്നതുമായ ആഹ്വാനം നാം വീണ്ടും വീണ്ടും കേൾക്കേണ്ടത് ആവശ്യം തന്നെ. എന്നാൽ ദൈവത്തിന്റെ വിശുദ്ധന്മാരിലൂടെ ലഭിക്കുന്ന വെളിപ്പാട് എത്ര തന്നെ ഉത്തമമായിരുന്നാലും അതിനു നാം പൂർണ്ണമായും നിരുപാധികമായി നമ്മെത്തന്നെ കീഴ്പ്പെടുത്തുന്നില്ല. ദൈവത്തിന്റെ ശബ്ദം കേൾക്കുവാനും അവിടുത്തെ പിന്തുടരുവാനും നാം ബാധ്യസ്ഥരാണ്.

എഴുതപ്പെട്ട ദൈവവചനവും ഇതുപോലെതന്നെ ലേശംപോലും അവഗണിക്കാനാവാത്തതാണ്. ദൈവപ്രചോദിതമായ സത്യവചനം നമ്മുടെ ജീവിതത്തിനും പുരോഗതിക്കും ജീവൽ പ്രധാനവുമാണ്. അതുകൂടാതെ നമുക്കു ജീവിക്കുവാൻ സാധ്യമല്ല. അതിനു നാം ഒരുങ്ങുകയുമില്ല. എന്നാൽത്തന്നെയും യേശുക്രിസ്തുവിനെക്കാൾ അധികം വചനത്തിന്റെ അക്ഷരത്തെ അന്തിമപ്രമാണമായി പരിഗണിക്കുന്ന ആപത്തിൽ നമ്മിൽ ചിലർ അകപ്പെടുവാൻ ഇടയുണ്ട്. ബൈബിൾ പറയുന്ന കാര്യങ്ങൾ എല്ലാ വിശദാംശങ്ങളു മുൾപ്പെടെ ഭക്തിയോടെ അനുസരിക്കുവാൻ നാം നമ്മെത്തന്നെ സമർപ്പിക്കുന്നു. അതിൽ ദൈവം നമ്മെ മാനിക്കുകയും ചെയ്തേക്കാം. എങ്കിലും അല്പം കൂടി മുന്നോട്ടു കടന്ന് യേശുക്രിസ്തുവിന്റെ അധീശത്വത്തെത്തന്നെ വെല്ലു വിളിക്കുന്നവിധം ബൈബിളിനെ ഉയർത്തുന്നപക്ഷം നാം യേശുവിൽ നിന്ന് അകന്നുപോകുക എന്ന അപകടത്തിന് ഇരയാവുകയായിരിക്കും ചെയ്യുന്നത്.

ദൈവഹിതത്തെപ്പറ്റിയുള്ള വ്യക്തവും പ്രത്യക്ഷവുമായ അറിവ് ക്രിസ്തീയ ജീവിതത്തിന് ആവശ്യമത്രേ. അതിലേക്ക് ദൈവദത്തമായ ഈ രണ്ടു സഹായങ്ങളും നാം സ്വീകരിക്കണം. എങ്കിലും അവിടം കൊണ്ടു മാത്രം അവസാനിപ്പിക്കരുത്.

ദൈവനടത്തിപ്പിന്റെ രഹസ്യം ദൈവശബ്ദം കേൾക്കുന്നതിനാലാണ് അടങ്ങിയിരിക്കുന്നത്.

സംക്ഷേപം

 1. നാം ദൈവനടത്തിപ്പ് അന്വേഷിക്കുമ്പോൾ പരിശുദ്ധാത്മാവ് ബൈബിളിലെ ഉപദേശത്തിലൂടെ നമ്മെ വഴി നടത്തുന്നു.

  a. പല മേഖലകളിലും ദൈവഹിതമെന്തെന്ന് ബൈബിൾ കാലേകൂട്ടിത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  b. നമ്മുടെ പ്രിതിദിനവേദവായനയിലെ ഒരു ഭാഗത്തിലൂടെ ദൈവം തന്റെ നടത്തിപ്പിനെ സ്ഥിരീകരിച്ചേക്കാം. എങ്കിലും ഏതെങ്കിലും കാര്യത്തിലുള്ള ദൈവനടത്തിപ്പിന്റെ ഏകാടിസ്ഥാനമായി അതിനെ സ്വീകരിക്കരുത്.
 2. പരിശുദ്ധാത്മാവ് പലപ്പോഴും സാഹചര്യങ്ങളുടെ സാക്ഷ്യത്തിലൂടെ നമ്മോടു സംസാരിക്കുന്നു.

  a. നാം പ്രാപിച്ച ദൈവനടത്തിപ്പിനെ സ്ഥിരീകരിക്കുവാനോ ഒരു തെറ്റായ ചുവടു വയ്ക്കുന്നതിൽ നമ്മെ തടയുവാനോ സാഹചര്യങ്ങളെ ഉപയോഗിക്കുവാൻ ദൈവത്തിനു കഴിയും.

  b. എന്നാൽ സാത്താനും ഒരു പരിധി വരെ സാഹചര്യങ്ങളെ ക്രമീകരിക്കുവാൻ കഴിയും. അതിനാൽ സാഹചര്യങ്ങൾ എപ്പോഴും ദൈവത്തിന്റെ സൂചനയല്ല.

  c. ചിലപ്പോൾ സാഹചര്യങ്ങൾക്കെതിരായി ദൈവം നമ്മെ നടത്താം. സാഹചര്യങ്ങളെ മാറ്റിയിട്ട് തന്റെ ഹിതം വെളിപ്പെടുത്തുവാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

  d. ചില സന്ദർഭങ്ങളിൽ ഒരടയാളം മുഖേന ദൈവം തന്റെ നടത്തിപ്പു സ്ഥിരീകരിച്ചെന്നും വരാം. എങ്കിലും അടയാളങ്ങൾ ചോദിക്കുന്നത് ആത്മീയമായ അപക്വതയുടെ ലക്ഷണമാണ്. കഴിവതും വേഗം അപകാരമുള്ള ഒരവസ്ഥയിൽ നിന്നു നാം വളരേണ്ടത് ആവശ്യമത്രേ.
 3. പരിശുദ്ധാത്മാവ് മറ്റു വിശ്വാസികളുടെ ഉപദേശത്തിലൂടെ നമ്മോടു സംസാരിച്ചെന്നു വരാം.

  a. നാം തന്റെ ഹിതത്തിൽ നിന്നകന്നുപോകുന്നതിനെതിരേ ഒരു സുരക്ഷാ മാർഗ്ഗമായി ദൈവം ഈ മാർഗ്ഗം ഉപയോഗിക്കുന്നു.

  b. ദൈവഭക്തരായ മനുഷ്യരുടെ ഉപദേശം ഒരു പ്രത്യേക വസ്തുതയിൽ നാം പരിഗണിക്കാതെ വിട്ടുപായ ചില വശങ്ങൾ കാണുവാൻ നമുക്ക് ഉപകരിക്കുന്നു.

  c. ദൈവഭക്തരായ മനുഷ്യരുടെ ഉപദേശം നാം ശ്രദ്ധിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്; ഇതേ ആളുകളുടെ തന്നെ ഉപദേശത്തിനെതിരായി നാം മുന്നോട്ടു പോകേണ്ട അവസരങ്ങളും ഉണ്ട്. മറ്റാരോടും നാം ആലോചിക്കേണ്ടാത്തവയായി ഇനിയും ചില സാഹചര്യങ്ങളുമുണ്ട്.

  d. മറ്റു വിശ്വാസികളുടെ ഉപദേശത്താൽ മാത്രം ഒരിക്കലും നാം നിയന്ത്രിക്കപ്പെടരുത്. അന്തിമതീരുമാനം എപ്പോഴും നമ്മുടേതുതന്നെ ആയിരിക്കണം. എന്നാൽ ദൈവഭക്തരായ മനുഷ്യരുടെ ഉപദേശത്തിനെതിരായി നാം പോകുമ്പോൾ നമ്മുടെ നടത്തിപ്പിനെ നാം വീണ്ടും വീണ്ടും ശോധന ചെയ്യണം.
 4. ദൈവം എന്തുപാധി ഉപയോഗിച്ചാലും സർവപ്രധാനമായ കാര്യം അവിടുത്തെ ശബ്ദം നാം കേൾക്കുക എന്നതാണ്.

അധ്യായം 5 : ജീവിതവൃത്തിയെ സംബന്ധിച്ച വിളി

തങ്ങൾ ഏതു ജീവിതവൃത്തി സ്വീകരിക്കണമെന്നും എവിടെ ജോലി ചെയ്യണമെന്നും ദൈവം ആഗ്രഹിക്കുന്നു എന്നറിയുകയാണ് യുവജനങ്ങൾ ആദ്യം തന്നെ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിൽ ഒന്ന്.

പൂർണ്ണസമയക്രിസ്തീയസേവനം നടത്തുവാനാഗ്രഹിക്കുന്നവർ മാത്രമല്ല, എല്ലാ വിശ്വാസികളും തന്നെ അന്വേഷിക്കേണ്ട ഒന്നാണ് ജീവിതവൃത്തിയെ സംബന്ധിച്ച് ദൈവത്തിന്റെ പൂർണ്ണഹിതം. ഒന്നാമധ്യായത്തിൽ പറഞ്ഞതു പോലെ ദൈവം ഓരോ വിശ്വാസിക്കും ഒരു ജീവിതവൃത്തി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ അതെന്താണെന്ന് കണ്ടുപിടിക്കുന്നത് ഏറ്റവും പ്രധാനമായ ഒരു കാര്യമാണ്. നിങ്ങളുടെ ദൈവവിളി ഒരു സ്കൂളിൽ അധ്യാപകനായിരിക്കു വാനാണെങ്കിൽ നിങ്ങൾ ഒരു പാസ്റ്ററായിത്തീരുന്നത് ദൈവത്തോടുള്ള അനുസരണക്കേടാണ്. നിങ്ങൾ ഒരു ഡോക്ടറായിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സുവിശേഷകനായി നിങ്ങൾ തീരരുത്. അതുപോലെ തന്നെ പൂർണ്ണസമയ ക്രിസ്തീയസേവനത്തിനു ദൈവം നിങ്ങളെ വിളിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ മതേതരമായ (Secular) ജീവിതവൃത്തി സ്വീകരിക്കുകയമരുത്.

ദൈവഹിതപ്രകാരമുള്ള ജീവിതവൃത്തി

എങ്കിലും ഓരോ വിശ്വാസിയും അയാൾ പൂർണ്ണസമയക്രിസ്തീയ സേവനത്തിലല്ലെങ്കിൽത്തന്നെയും യേശുക്രിസ്തുവിന്റെ ഒരു പൂർണ്ണസമയ സാക്ഷി ആയിരിക്കേണ്ടതാണ്. ഒരു ക്രിസ്തീയ ഡോക്ടറോട് അദ്ദേഹത്തിന്റെ ജീവിതവൃത്തിയെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ ജീവിതവൃത്തി കർത്താവായ യേശുക്രിസ്തുവിന്റെ ഒരു സാക്ഷി ആയിരിക്കുകയും അവിടുത്തെ അടുക്കലേക്ക് ആത്മാക്കളെ നയിക്കുകയുമാണ്. എന്റെ ചെലവുകൾക്കു വക കണ്ടെത്തുവാനായി ഞാൻ ആരു ഡോക്ടറായി വേല ചെയ്യുന്നു. ഇദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാടു വാസ്തവത്തിൽ ശരിയായിരുന്നു.

ഈ വീക്ഷണകോണിൽക്കൂടി നാം നിത്യജീവിതവൃത്തിയെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവഹിതത്തിൽ നിന്നകന്നു പോകുമെന്ന് നാം ഭയപ്പെടേണ്ടതില്ല. വ്യക്തിപരമായ ഉയർച്ചയും പ്രശസ്തിയും നാം നമ്മുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമ്പോഴാണ് നാം വഴിതെറ്റിപ്പോകുന്നത്.

ഈ രംഗത്ത് ഒരു യുവവിശ്വാസി ദൈവഹിതം കണ്ടെത്തുവാൻ എങ്ങനെയാണ് ശ്രമിക്കേണ്ടത്? ഒരു ജീവിതവൃത്തി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അയാളുടെ മുമ്പിൽ തുറന്നു കിടക്കുമ്പോൾ തന്റെ ബുദ്ധിപരമായ അഭിരുചിയെന്തെന്ന് അയാൾ പരിഗണിക്കുകയും തനിക്കേറ്റവും അനുയോജ്യമായ ജോലിക്കുവേണ്ടി പഠനം നടത്തുകയും ചെയ്യണം. എന്നാലും വളരെ പ്രാർത്ഥനയ്ക്കുശേഷം മാത്രമേ അയാൾ ഒരു ജീവിതവൃത്തി തിരഞ്ഞെടുക്കാവൂ. പ്രാർത്ഥനയ്ക്കുശേഷം തന്റെ ആത്മാവിൽ ഒരു പ്രതിബന്ധവും അനുഭവപ്പെടുന്നില്ലെങ്കിൽ അയാൾ മുന്നോട്ടു പോകയും തനിക്കേറ്റവും അനുയോജ്യമായ ഒരു ജോലിയെപ്പറ്റി ചിന്തിക്കുകയും ചെയ്യും. എന്തായാലും തനിക്കുവേണ്ടി മറ്റൊരാൾ തിരഞ്ഞെടുക്കുന്ന ഒരു ജീവിതവൃത്തിയിലേക്കു തള്ളിവിടപ്പെടുവാൻ അയാൾ ഒരിക്കലും സ്വയം അനുവദിക്കരുത്.

ഇപ്പോൾത്തന്നെ ഒരു പ്രത്യേക യൂണിവേഴ്സിറ്റി കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ഒരു പക്ഷേ ഒരു ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിൽ പരിമിതി അനുഭവപ്പെടാനിടയുണ്ട്. അങ്ങനെയുള്ളവർ തങ്ങൾക്കു ദൈവ ഹിതം നഷ്ടമായിപ്പോയി എന്നു ഭയപ്പെടേണ്ടതില്ല. ദൈവം സർവാധിപതിയാണ്. നാം തന്റെ വഴികളെപ്പറ്റി അജ്ഞരായിരിക്കുമ്പോൾ തന്നെ അവിടുന്നു കാര്യങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്നു. നാം അവിടുത്തേക്കു കീഴ്പ്പെടുന്നതിനു വളരെ മുമ്പുതന്നെ അവിടുന്നു തന്റെ കരം നമ്മുടെ മേൽ വയ്ക്കുകയും നമ്മുടെ പാതയെ നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മോട് ഒരു കാര്യം സംസാരിച്ചശേഷം മാത്രമേ അവിടുന്നു നമ്മുടെ തെറ്റിനു നമ്മെ ഉത്തരവാദികളാക്കുന്നുള്ളു.

ദൈവം തിരഞ്ഞെടുത്ത ജോലിസ്ഥലം

തന്റെ വിദ്യാർത്ഥിജീവിതകാലം മുഴുവൻ ഒരു വിശ്വാസി ജോലിക്കുള്ള അവസരങ്ങളെപ്പറ്റി ശരിയായ വിവരങ്ങൾ ലഭിക്കുവാനും ശരിയായ ആളുകളോടും സ്ഥാപനങ്ങളോടും ബന്ധമുണ്ടാകുവാനും വളരെ പ്രാർത്ഥനയോടെ ശ്രമിച്ചുകൊണ്ടിരിക്കണം. അങ്ങനെയെങ്കിൽ പഠനം പൂർത്തിയാകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജോലിസ്ഥലത്തേക്കു പോകുവാൻ അയാൾക്കു സാധിക്കും. മത്താ. 9:37ൽ പറയുന്ന “കൊയ്ത്തു വളരെയുണ്ട്, സത്യം; വേലക്കാരോ ചുരുക്കം” എന്ന കർത്താവിന്റെ വാക്കുകൾ അയാൾ എപ്പോഴും മനസ്സിൽ ഓർമ്മ വയ്ക്കേണ്ടതാണ്. യോഹ. 4:35-ൽ കാണുന്ന കർത്താവിന്റെ കല്പനപ്രകാരം തന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ലോകത്തിലൊന്നാകെയും നടക്കുന്ന കർത്താവിന്റെ വേലയുടെ വിശദവിവരങ്ങൾ അയാൾ അന്വേഷിച്ചുകൊണ്ടിരിക്കണം. ടീച്ചർ, നേഴ്സ്, എഞ്ചിനീയർ എന്നിങ്ങനെയുള്ള ഏതെങ്കിലും തൊഴിലിലേക്ക് എവിടെ പ്രവർത്തിക്കുവാൻ ദൈവം തന്നെ വിളിക്കുമോ അവിടേക്കു പോകുവാൻ അയാൾ സന്നദ്ധനായിരിക്കണം. ഒട്ടധികമാളുകളും വ്യക്തിപരമായ സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നവരും സുവിശേഷ പ്രചാരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി ഭാരമില്ലാ വരുമായിരിക്കുന്നത് ലജ്ജാകരം തന്നെ.

താൻ ജോലിയന്വേഷിക്കുന്ന സ്വന്തം സ്ഥലത്തോ മറ്റു സ്ഥലങ്ങളിലോ തന്നിൽ താൽപര്യവും അവിടുത്തെ ആവശ്യങ്ങളെപ്പറ്റി അറിവും ഉള്ള പക മതികളായ വിശ്വാസികളുടെ ഉപദേശവും പ്രാർത്ഥനയിലുള്ള കൂട്ടായ്മയും അയാൾ പിന്നീട് തേടേണ്ടതാണ്. തന്റെ സാഹചര്യങ്ങളിലൂടെ ദൈവം തന്നോട് എന്താണ് സംസാരിക്കുന്നതെന്നു ഗ്രഹിക്കുവാനും അയാൾ ഉത്സാഹിക്കണം. ഈ എല്ലാ വിവരങ്ങളും വച്ചുകൊണ്ട് ഒരു തീരുമാനമെടുക്കുവാനുള്ള സമയമെത്തുമ്പോൾ പരിശുദ്ധാത്മാവു തന്റെ ആത്മാവിൽ എന്താണു സംസാരിക്കുന്നതെന്നു നിശ്ചയം വരുത്തുവാൻ അയാൾ ശ്രമിക്കണം. തന്റെ ഉള്ളിൽ ദൈവം നൽകുന്ന പരിശുദ്ധാത്മ സാക്ഷ്യത്തെ അടിസ്ഥാനമാക്കി ക്കൊണ്ടും ഒരുവേള തനിക്കു തെറ്റിപ്പോയിട്ടുണ്ടെങ്കിൽ തന്നെ തിരിയെ ദൈവ ഹിതത്തിലേക്കു കൊണ്ടുവരുവാൻ ദൈവത്തിലാശ്രയിച്ചുകൊണ്ടും അയാൾ അന്തിമതീരുമാനമെടുക്കണം.

പൂർണ്ണസമയക്രിസ്തീയസേവനം

പൂർണ്ണസമയക്രിസ്തീയസേവനത്തെപ്പറ്റി, അതായത് മറ്റു ജോലികൾ ബൈബിൾ ടീച്ചറോ പാസ്റ്ററോ ആയി ദൈവവചനശുശ്രൂഷയിൽ തന്നെ ഏർപ്പെട്ടിരിക്കുവാനുള്ള വിളിയെ പറ്റി ഏതാനും വാക്കുകൾ ഇവിടെപ്പറയേണ്ടിയിരിക്കുന്നു.

യിസ്രായേലിൽ ദൈവാലയ ശുശ്രൂഷയ്ക്കായി 12 ഗോത്രങ്ങളിൽ ഒരു ഗോത്രത്തെ മാത്രം ദൈവം തിരഞ്ഞെടുത്തതുപോലെ ഇപ്രകാരമുള്ള ഒരു ശുശ്രൂഷയിലേക്ക് ചെറിയൊരു ശതമാനം വിശ്വാസികളെ മാത്രമേ ദൈവം വിളിക്കുന്നുള്ളു. എന്നാൽ താൻ അപ്രകാരം വിളിക്കുന്നപക്ഷം അതിന് ഒരുക്കമുള്ളവരായിരിപ്പാൻ തന്റെ എല്ലാ മക്കളെക്കുറിച്ചും ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ഓരോ വിശ്വാസിയും ഈ വിളിയെപ്പറ്റി ചിന്തിക്കുകയും ദൈവം തന്നെപ്പറ്റി അത് ആഗ്രഹിക്കുന്നുവോ എന്നു പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുകയും ചെയ്യേണ്ടതാണ്. മുഴുസമയ സുവിശേഷ സേവനത്തിൽ പ്രവേശിക്കുന്ന ഒരു വ്യക്തി ദൈവം തന്നെ അതിലേക്കു വിളിച്ചിരിക്കുവെന്ന് പൂർണ്ണനിശ്ചയമുള്ളവനായിരിക്കണം. മതേതരമായ ഒരു വിളിയിലായിരിക്കു ന്നവനും ഇതുപോലെതന്നെ ദൈവം അവിടേക്കു തന്നെ നിയോഗിച്ചിരിക്കുന്നുവെന്ന് നിശ്ചയമുള്ളവനായിരിക്കണം. ഒരു സുവിശേഷകനോ മിഷനറിയോ ആയിരിക്കുവാനുള്ള വിളി ഒരു എഞ്ചിനീയറോ അക്കൗണ്ടന്റോ ആയിരിക്കുവാനുള്ള വിളിയേക്കാൾ കൂടുതൽ ആത്മീയമായ ഒന്നല്ല. താൻ എന്തായിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നുവോ അതാവുക എന്നതാണു പ്രധാന കാര്യം.

പൂർണ്ണസമയ സുവിശേഷ സേവനത്തിൽ പ്രവേശിക്കുവാനുള്ള തീരുമാനം ഒരു മീറ്റിംഗിന്റെ വികാരാവേശം തിങ്ങിയ അന്തരീക്ഷത്തിലോ ഏതെങ്കിലും വ്യക്തിയുടെ പ്രേരണയാലോ അല്ല, ശാന്തതയോടെ തന്നെയാണ് എടുക്കേണ്ടത്. തിടുക്കത്തിൽ ചെയ്യപ്പെടുന്ന തീരുമാനങ്ങളെപ്പറ്റി പിൽക്കാലത്തു പശ്ചാത്തപിക്കുവാനിടയാകും. നാം തീരുമാനിക്കുന്നതിനു മുമ്പുതന്നെ നമുക്കു തന്റെ ഹിതത്തെപ്പറ്റി നിശ്ചയം പ്രാപിക്കുവാൻ വേണ്ടുവോളം സമയം ദൈവം നൽകുന്നുണ്ട്.

പൂർണ്ണസമയക്രിസ്തീയ ശുശ്രൂഷയ്ക്കായുള്ള വിളി അനായാസമായി നിർവചിക്കാവുന്ന ഒന്നല്ല. മറ്റെല്ലാ ദൈവനടത്തിപ്പും പോലെ അതു വിഭിന്ന വ്യക്തികൾക്കു വിഭിന്നരൂപങ്ങളിലാണ് ഉണ്ടാകുന്നത്. അപൂർവം ചില സന്ദർഭങ്ങളിൽ അത് ഒരു ദർശനത്തിലോ കേൾക്കപ്പെടാവുന്ന ഒരു ശബ്ദത്തോടു കൂടെയോ ആണ് ഉണ്ടാവുന്നത്. ഈ ശതാബ്ദത്തിന്റെ പ്രാരംഭകാലത്ത് ചൈനയിൽ ആദ്യകാല മിഷനറിയായി പ്രവർത്തിച്ച എർ ബട്ട്ലർ ആ ജോലിക്കു തന്നെ ദൈവം ആദ്യം വിളിച്ചപ്പോൾ ചൈനയിലെ ജനത്തിരക്കുള്ള ഒരു തെരുവീഥി ഒരു ദർശനത്തിൽ കണ്ടതായി പ്രസ്താവിച്ചിട്ടുണ്ട്. പിന്നീട് താൻ നാങ്കിംഗിൽ വന്നു ചേർന്നപ്പോൾ കണ്ട മുഖങ്ങളും സ്ഥലങ്ങളും അവർക്കു വ്യക്തമായി തിരിച്ചറിയുവാൻ കഴിഞ്ഞു.

മറ്റു ചിലർക്ക് വിശുദ്ധീകരിക്കപ്പെട്ട യുക്തിബോധത്തിൽ അധിഷ്ഠിതമായ ഒരാന്തരിക പ്രേരണയായി ഈ വിളി ലഭിച്ചിട്ടുണ്ട്. ജോൺ ജി. പേറ്റൻ സ്കോട്ലണ്ടിൽ നിന്നും ദക്ഷിണ പസിഫിക് ദ്വീപികളിലേക്ക് ഒരു മിഷനറിയായി പോയത് അവിടെയുള്ള ജനങ്ങൾക്ക് സ്കോട്ലണ്ടുകാരെക്കാൾ സുവിശേഷദൂതു കേൾക്കുവാൻ കുറവായ അവസരം മാത്രം ലഭിക്കുന്നതായി ബോധ്യപ്പെട്ടതുമൂലമായിരുന്നു. ജെയിംസ് ഗിൽ മൂർ മംഗോളിയായിലേക്കു പോയത് തന്റെ സ്വദേശത്തു താമസിക്കുവാനുള്ള ഒരു വിളി ലഭിക്കാ ഞ്ഞതുമൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ ആളുകൾ ഈ സ്ഥലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തങ്ങളുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനുണ്ടായിരുന്ന പൂർണ്ണഹിതത്തിൽ അവർ ജീവിച്ചതുമൂലമാണെന്നു വ്യക്തമായ സാക്ഷ്യം വഹിക്കുന്നുണ്ട്.

ഈ വിളി ഏതു രൂപത്തിൽ ഉണ്ടാകുന്നുവെന്നത് അപ്രധാനമാണ്. എന്നാൽ പൂർണ്ണസമയക്രിസ്തീയ സേവനത്തിലേക്കു പോകുന്ന ഒരുവന് തന്റെ വിളിയെപ്പറ്റി നിശ്ചയമില്ലാത്തവനായിരിക്കുവാൻ സാധ്യമല്ല. അയാൾക്കു തന്നെത്തന്നെ ഈ സേവനത്തിനായി തിരഞ്ഞെടുക്കുവാൻ സാധ്യമല്ല. മറ്റൊരു മനുഷ്യനും അതിനായി അയാളെ തിരഞ്ഞെടുക്കുവാൻ സാധ്യമല്ല തന്നെ. ആ പ്രത്യേകാവകാശം ദൈവത്തിന്റെ കരങ്ങളിൽ മാത്രം എപ്പോഴും നിക്ഷിപ്തമായിരിക്കുന്നു.

പൂർണ്ണസമയക്രിസ്തീയസേവനത്തിനായി ഇപ്രകാരം ദൈവം തിരഞ്ഞടുക്കുന്ന ഒരാൾക്ക് ദൈവം ഈ വിളിയെ മിക്കപ്പോഴും സാഹചര്യങ്ങളിലൂടെയും ആത്മനിറവുള്ള വിശ്വാസികളിലൂടെയും സ്ഥിരീകരിക്കുന്നതായി കാണാൻ സാധിക്കും. എങ്കിലും ഈ നിയമത്തിന് അപവാദങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം, ഏതെങ്കിലും പ്രത്യേക മാതൃക കൊണ്ട് ദൈവിക പ്രവർത്തനത്തെ പരിമിതപ്പെടുത്തുവാൻ സാധ്യമല്ല. എങ്കിലും ചില മാർഗ്ഗരേഖകൾ നമുക്കു നൽകുവാൻ കഴിയും. ലോകത്തിലുള്ള തന്റെ ജോലികളിൽ സജീവമായി പ്രവർത്തിക്കുന്നവരെയാണ് ദൈവം വിളിക്കുന്നത്. തങ്ങളുടെ തൽകാല സാഹചര്യങ്ങളിൽ ദൈവത്തിന്റെ സാക്ഷികളാകുവാനാഗ്രഹിക്കുന്നവരോട് മാത്രമേ ദൈവം സംസാരിക്കുന്നുള്ളു. തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകുന്നവനാണ് ദൈവം.

ദൈവികവിളി നിശ്ചലസ്ഥിതിയിലുള്ള ഒന്നല്ലെന്നും കൂടെ നാം ഓർക്കേണ്ടതുണ്ട്. ദൈവം നിങ്ങളെ ഒരു സമയത്തേക്കു പൂർണ്ണസമയ ക്രിസ്തീയ വേലയ്ക്കായി വിളിക്കയും അതിനുശേഷം മതേതരമായ ഒരു പ്രവർത്തനത്തിൽ തന്റെ സാക്ഷിയായിരിക്കുവാൻ നയിക്കുകയും ചെയ്തെന്നു വരാം. സാഹചര്യങ്ങളും പരിതഃസ്ഥിതികളും വ്യത്യാസപ്പെടുന്നതിനനുസരിച്ച് ദൈവത്തോടുകൂടെ മുന്നോട്ടു നീങ്ങുവാനും പാരമ്പര്യത്തിനും മനുഷ്യരുടെ അഭിപ്രായങ്ങൾക്കും അടിമപ്പെടാതിരിക്കുവാനും നാം സന്നദ്ധരാകണം.

നാം ലൗകികമായ ഒരു ജോലിയിലായാലും പൂർണ്ണസമയസുവിശേഷ വേലയിലായിരുന്നാലും നമ്മുടെ വിളി ഒരുപോലെ തന്നെ ദൈവദാസന്മാരായിരിക്കുവാനാണ്. വേലയുടെ സ്വഭാവവും രംഗസ്ഥലവും വ്യത്യാസപ്പെട്ടേക്കാം. എന്നാൽ മറ്റുള്ളവരുടെ മുമ്പിൽ കർത്താവിനെ യോഗ്യമായ രീതിയിൽ പ്രതി നിധീകരിക്കുവാനും രക്ഷാകരമായ ദൈവപരിജ്ഞാനത്തിലേക്ക് അവരെ നയിക്കുവാനുമാണ് നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത്. തന്റെ വിശാലമായ മുന്തിരിത്തോട്ടത്തിൽ ഒരു പ്രത്യക സ്ഥാനം നിങ്ങൾക്കു ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഒരു കീർത്തനത്തിൽ പറയുന്നതുപോലെ “യേശുവിനുവേണ്ടി നിനക്കല്ലാതെ മറ്റാർക്കും ചെയ്യുവാൻ കഴിയാത്ത ഒരു വേലയുണ്ട്. അതെന്താണെന്നു കണ്ടെത്തേണ്ടതും നിങ്ങളുടെ ചുമതലയാണ്.

“നിന്റെ വേലയിൽ കർത്താവാണു നിന്നെ നിയമിച്ചത്. അത് വിട്ടുകള യാതെ നിറവേറ്റുക” (കൊലോ. 4:17 JBP)

സംക്ഷേപം

 1. ദൈവത്തിനു നിങ്ങളെപ്പറ്റി ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. അതു നിറവേറ്റുകയാണ് നിങ്ങളുടെ കർത്തവ്യം.
 2. ഓരോ വിശ്വാസിയും അയാളുടെ ജീവിതവൃത്തിയെന്തായിരുന്നാലും കർത്താവായ യേശുവിന് മുഴുവൻ സമയസാക്ഷിയായിരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു.
 3. തന്റെ ജീവിതവൃത്തിയെപ്പറ്റിയുള്ള ദൈവഹിതമന്വേഷിക്കുന്ന ഒരു യുവാവ് തനിക്കു ഏറ്റവും അനുയോജ്യമായ തൊഴിലിനുവേണ്ടി പരിശീലനം നേടണം. അതിനെതിരായി ദൈവമൊന്നും സൂചിപ്പിക്കുന്നില്ല എന്നുറപ്പു
  വരുത്തുകയും വേണം.
 4. ഒരു ജോലിയന്വേഷിക്കുന്ന യുവാവ് കർത്താവിന്റെ വേലയ്ക്ക് വിവിധ സ്ഥലങ്ങളിലുള്ള ആവശ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ കണ്ടുപിടിക്കണം. വളരെ പ്രാർത്ഥിക്കുകയും പക്വമതികളായ വിശ്വാസികളോടാലോചിക്കയും സാഹചര്യങ്ങൾ കണക്കിലെടുക്കുകയും ചെയ്തശേഷം അന്തിമമായി പരിശുദ്ധാത്മാവ് നൽകുന്ന ആന്തരികസാക്ഷ്യത്താൽ നയിക്കപ്പെടുന്നവനായി അയാൾ തീരണം.
 5. ദൈവത്തിൽനിന്നു വ്യക്തമായൊരു വിളിയില്ലാതെ യാതൊരു വ്യക്തിയും പൂർണ്ണസമയ ക്രിസ്തീയസേവനത്തിനായിപ്പോകരുത്.
 6. ദൈവവിളി സജീവശക്തിയുള്ള ഒരു കാര്യമാണ്. ദൈവം എപ്പോൾ എങ്ങനെ വിളിക്കുമോ അപ്പോൾ അതനുസരിച്ച് ഏതു പുതിയ പ്രവർത്ത നരംഗത്തേക്കും തിരിയുവാൻ നാം സന്നദ്ധരായിരിക്കണം.


അധ്യായം 6 : സമാപന ചിന്തകൾ

തെറ്റിക്കൂടാത്ത ദൈവനടത്തിപ്പിന് ആവശ്യവും പരിപൂർണ്ണവുമായ സൂത്രവാക്യ (Formula) മൊന്നും ഇല്ലെന്നു വായനക്കാരന് ഇതിനകം വ്യക്തമായിരിക്കുമല്ലൊ. ദൈവഹിതമറിയുവാൻ ശ്രമിക്കുമ്പോൾ പലപ്പോഴും നാം സംശയാകുലരായിത്തീരുവാനിടയുണ്ട്. നാം ദൈവത്തോട് അധികം അടുത്ത് ചെല്ലുവാനും അവിടുത്തെ മനസ്സ് അധികം അറിയുവാനും അവിടുത്ത ജീവൻ അധികം പ്രാപിക്കുവാനും വേണ്ടി ദൈവം ഇത് അനുവദിക്കുന്നു.

അനിശ്ചിതാവസ്ഥയുടെ സമയങ്ങളെ നമ്മുടെ ഉദ്ദേശ്യങ്ങളെ ശോധന ചെയ്യാനും കൂടി ദൈവം ഉപയോഗിക്കുന്നു. ദൈവഹിതത്തെപ്പറ്റി നിശ്ചയമില്ലാത്തവരായിരിക്കുമ്പോൾ അവിടുത്തെ നടത്തിപ്പിനാവശ്യമായ വ്യവസ്ഥകൾ (രണ്ടാമധ്യായത്തിൽ പറഞ്ഞിട്ടുള്ളവ) നാം നിറവേറ്റിയിട്ടുണ്ടോ എന്നു നാം സ്വയം ശോധന ചെയ്യണം.

നമ്മുടെ വിശ്വാസത്തെ പ്രവർത്തിപ്പിക്കുവാനും ശക്തീകരിക്കുവാനും വേണ്ടിക്കൂടെ ദൈവം സംശയാകുലതയെ ഉപയോഗിക്കുന്നുണ്ട്. “നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ (യേശുവിന്റെ) വാക്കു കേട്ടനുസരിക്കുകയും ചെയ്യുന്നവൻ ആര്? തനിക്കു പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.” (യെശ. 50:11) അതിനാൽ സംശയാകുലതയെ അഭിമുഖീകരിക്കുമ്പോൾ നാം വിസ്മയിക്കുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. അപ്പോസ്തലനായ പൗലോപോലും പലപ്പോഴും സംശയാകുലനായിരുന്നു. എങ്കിലും അദ്ദേഹം നിരാശപ്പെടുകയോ കർത്തവ്യവിമുഖനാവുകയോ ചെയ്തില്ല. (2 കൊരി 4:8) ചിലപ്പോൾ നമുക്ക് ഒരു തീരുമാനം ചെയ്യേണ്ടതിനു തൊട്ടുമുമ്പുമാത്രമേ ദൈവം തന്റെ ഹിതം നമുക്കു കാണിച്ചുതന്നുള്ളുവെന്നു വരാം. അതിനുമുമ്പുള്ള ദീർഘസമയം നാം ദൈവഹിതമറിയുവാൻ കാത്തിരിക്കേണ്ടിവന്നുവെന്നും വരാം.

എങ്ങനെയായാലും ഓരോ ഘട്ടത്തിലും അവിടുന്ന് അടുത്ത ഒരു ചുവടു മാത്രം നമുക്കു കാണിച്ചു തരും. നാം നാൾതോറും ദൈവത്തിലാശ്രയിക്കുകയും കാഴ്ചയാലല്ല, വിശ്വാസത്താൽ തന്നെ നടക്കയും ചെയ്യേണ്ടതിലേക്ക് അവിടുന്ന് ഓരോ ചുവടായി നമ്മെ നടത്തുകയാണ് ചെയ്യുന്നത്. അവിടുന്ന് ഒരു സമയത്തേക്ക് ഒരു ചുവടു മാത്രം നമുക്കു കാണിച്ചു തരുമ്പോൾ നാം ദൈവത്തിൽ ചാരിക്കൊള്ളുവാൻ നിർബന്ധിതരാണ്. മാത്രമല്ല, ദൈവം മുഴുവൻ ഭാവിയും നമുക്കു കാണിച്ചു തന്നാൽ നാം പൂർണ്ണമായി അവിടുത്തെ അനുസരിക്കാൻ മുതിർന്നില്ലെന്നു വരാം. അതിനാൽ അവിടുന്ന് ഒരു സമയത്തേക്ക് ഒരു ചുവടുമാത്രം നമുക്കു കാണിച്ചു തരികയും ക്രമാഗതമായി അവിടുത്തെ മുഴുവൻ ഹിതവും നിറവേറ്റുവാൻ നമ്മെ സന്നദ്ധരാകുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം അറിയണമെങ്കിൽ ഏതൊരു സമയത്തും നമുക്കു ചെയ്യാനുള്ളത് ഇത്രമാത്രമാണ്. ദൈവം നമ്മെ കാണിച്ചുതരുന്ന അടുത്ത ചുവടു വച്ചുകൊള്ളുക. അതു നാം ചെയ്യുമ്പോൾ ദൈവത്തിന്റെ പ്ലാൻ ക്രമേണ ഇതൾ വിടർത്തിവരുന്നത് നമുക്കു കാണുവാൻ കഴിയും.

“ആയിരം മൈൽ നീണ്ട ഒരു യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടുവയ്പ്പിലാണ്” എന്നർത്ഥം വരുന്ന ഒരു ചൈനീസ് പഴമൊഴിയുണ്ട്. അബ്രാഹാം തന്റെ ജന്മദേശത്തുനിന്ന് അന്തിമമായി താൻ എവിടേക്കാണുപോകുന്നതെന്നറിയാതെ യാത്ര പുറപ്പെട്ടു. ദൈവം തന്നെ നടത്തുന്നുവെന്നു മാത്രം അദ്ദേഹം അറിഞ്ഞിരുന്നു. (എബ്രാ. 11:8). അദ്ദേഹം ഓരോ ചുവടുവയ്പ്പിലും ദൈവത്തെ അനുസരിച്ചു. ദൈവം അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. അബ്രാഹാം ചെയ്തതുപോലെ ദൈവത്തെ പിന്തുടരുന്ന യാതൊരാളും നൈരാശ്യത്തെ ഭയപ്പെടേണ്ട ആവശ്യമില്ല.

സന്ദിഗ്ധാവസ്ഥയിൽ നിന്നുള്ള വിടുതൽ

പല സന്ദർഭത്തിലും ദൈവഹിതത്തെപ്പറ്റി പരിപൂർണ്ണനിശ്ചയമില്ലാതിരിക്കെത്തന്നെ നമുക്കു മുന്നോട്ട് ഒരടി വയ്ക്കേണ്ടത് ആവശ്യമായി വരും. ഇതും വിശ്വാസത്താൽ നടക്കുന്നതിനുള്ള ശിക്ഷണത്തിന്റെ ഭാഗമാണ്. എന്തെന്നാൽ നിശ്ചിതത്വമെന്നത് ചിലപ്പോൾ കാഴ്ചയാൽ നടക്കുന്നതിനു തുല്യമായിത്തീരാമല്ലോ. നാം തളർന്നുപോകാതെ ധൈര്യപ്പെടുവാനായി ദൈവം ചിലപ്പോൾ ഉറപ്പുകൾ തന്നെന്നു വരാം. എങ്കിലും പലപ്പോഴും തന്റെ അംഗീകാരത്തിന്റെ ദൃശ്യമായ തെളിവു കൂടാതെ നാം മുന്നോട്ടു നീങ്ങണമെന്ന് അവിടുന്നു പ്രതീക്ഷിക്കുന്നു. നമ്മുടെ മനസ്സു നിശ്ചയം വരുത്തിയശേഷം, അനിശ്ചിതമായി കാത്തിരിക്കാതെ നാം മുന്നോട്ടു നീങ്ങണം. “ദൈവം നമ്മെ നിയന്ത്രിച്ചുകൊള്ളുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നാം കാര്യങ്ങൾ ആസൂത്രണം ചെയ്യണം.” എന്നു ബൈബിൾ പറയുന്നു (സദൃ. 16:19 LB). ഇത്തരം തീരുമാനങ്ങളെ പിൽക്കാലത്ത് പുനരവലോകനം ചെയ്യുമ്പോൾ നമ്മുടെ ദർശനത്തിന്റെ അവ്യക്തതയ്ക്കപ്പുറമായി ദൈവം നമ്മെ വഴിതെറ്റാതെ നടത്തിയെന്നു കാണുവാൻ നമുക്കു കഴിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പൂർവ്വാവലോകനത്തിൽ (prospect) വളരെ അനിശ്ചിതത്വമുണ്ടായിരുന്നെങ്കിൽ തന്നെയും പുനരവലോകനത്തിൽ (retrospect) വളരെ നിശ്ചിതത്വവും സന്തോഷവും ഉണ്ടായിത്തീരും.

“എന്റെ കാഴ്ചയുടെ അവ്യക്തത തന്നെ എന്നു സുരക്ഷിതനാക്കുന്നു;
മൂടൽമഞ്ഞു നിറഞ്ഞ എന്റെ വഴിയിൽ തപ്പിത്തടയുമ്പോൾ തന്നെ
ഞാൻ അവിടുത്തെ കരം തൊട്ടറിയുന്നു.
അവിടുന്നു ഈ വിധം പറയുന്നതായി ഞാൻ കേൾക്കുന്നു:
എന്റെ സഹായം സുനിശ്ചിതമത്രേ”.

ആത്മീയനേതൃത്വം (Spiritual leadership) എന്ന തന്റെ പുസ്തകത്തിൽ ജെ. ഓസ്വാൾഡ് സാൻഡേഴ്സ് ഇപ്രകാരം പറയുന്നു: “വലുതായ അനുഭവസമ്പത്തും ദീർഘകാലം ദൈവത്തോടുകൂടെ നടന്ന പരിചയവും ഉള്ളവർക്ക് സംശയാകുലമായ സാഹചര്യങ്ങളിൽ ദൈവഹിതം തിരിച്ചറിയുവാൻ കൂടുതൽ എളുപ്പമായിരിക്കുമെന്ന് നേതൃത്വസ്ഥാനത്തു വന്നുചേർന്നിട്ടില്ലാത്ത സാധാരണ വിശ്വാസികൾക്കു തോന്നിയേക്കാം. എന്നാൽ പലപ്പോഴും നേരെ മറിച്ചാണ് കാണപ്പെടുന്നത്. നേതാവായ ഒരുവനെ പക്വമതിയും പ്രായപൂർത്തിയിലെത്തിയവനുമെന്ന നിലയിൽ ദൈവം കരുതുകയും മുൻവർഷങ്ങളെ അപേക്ഷിച്ച് സ്പഷ്ടവും സുഗ്രഹവുമായ തെളിവുകൾ ചുരുക്കമായി മാത്രം അയാൾക്കു നൽകി അധികമധികം കാര്യങ്ങൾ അയാളുടെ വിവേചനത്തിനായി വിടുകയും ചെയ്യുന്നു. തന്റെ യൗവനകാലത്ത് ദൈവനടത്തിപ്പു സംബന്ധിച്ച കാര്യങ്ങൾ വേഗത്തിലും വ്യക്തമായും തനിക്കു കണ്ടെത്തുവാൻ കഴിഞ്ഞിരുന്നതായി ചൈനാ ഇൻലാൻഡ് മിഷന്റെ സ്ഥാപകനായ ഹഡ്സൻ ടെയ്ലർ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം തുടരുന്നു: “എന്നാൽ ഇപ്പോൾ ഞാൻ കുറെക്കൂടി മുന്നോട്ടു പോവുകയും ദൈവം എന്നെ അധികമധികം ഉപയോഗിക്കയും ചെയ്തിരിക്കെ ഞാൻ പലപ്പോഴും മൂടൽമഞ്ഞിനിടയിൽക്കൂടി നടക്കുന്ന ഒരു മനുഷ്യനെപ്പോലെ എന്നെത്തന്നെ കാണുന്നു. എന്താണു ചെയ്യേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ” (ഫില്ലിസ് തോംപ്സൻ എഴുതിയ ഡി.ഇ. ഹോസ്റ്റ് എന്ന പുസ്തകത്തിൽനിന്ന് ഉദ്ധരിച്ചിട്ടുള്ളത്). എങ്കിലും താൻ ഒരു തീരുമാനം എടുത്തിട്ടുള്ള അവസരങ്ങളിലെല്ലാം ദൈവം ഹഡ്സൻ ടെയ്ലറുടെ വിശ്വാസത്തെ മാനിച്ചിട്ടുണ്ട്.

അനിശ്ചിതത്വത്തിന്റെ മധ്യത്തിൽ നാം ഒരു തീരുമാനം എടുക്കുമ്പോൾ ദൈവത്തിന്റെ പൂർണ്ണഹിതം നമുക്കു നഷ്ടപ്പെടുന്നപക്ഷം അവിടുന്നു നമ്മുടെ ഗതി തിരിച്ചുവിടുമെന്ന് നമുക്കു വിശ്വസിക്കാം. യെശ 30:21 (LB)ൽ ഉള്ള വാഗ്ദാനം ഇതാണ്: “നിങ്ങൾ ദൈവവഴികൾ വിട്ടുതെറ്റിപ്പോകുന്നപക്ഷം നിങ്ങളുടെ പിന്നിൽ നിന്ന് “അല്ല ഇതാണു വഴി; ഇതിലേ നടന്നുകൊൾക എന്നിങ്ങനെ ഒരു ശബ്ദം പറയുന്നതായി നിങ്ങൾ കേൾക്കും.” നാം വഴിതെറ്റുമ്പോൾ നമ്മുടെ ഗതി ഭേദപ്പെടുത്തുവാനായി സാഹചര്യങ്ങളെ ക്രമീകരിക്കുവാൻ ദൈവത്തിനു കഴിയും. എന്നാൽ ഓരോ ചലനത്തിനുവേണ്ടിയും വ്യക്തമായ നടത്തിപ്പു കിട്ടാനാഗ്രഹിച്ച് നിരന്തരമായ നിഷ്ക്രിയത്വത്തിൽ നാം അകപ്പെട്ടു പോകരുത്. ഒരു കപ്പലിനെ അതു നിശ്ചലമായിരിക്കുമ്പോഴത്തേക്കാളധികം വേഗത്തിൽ അതു ചലിച്ചുകൊണ്ടിരിക്കുമ്പോൾ മറുവഴിക്കു തിരിക്കുവാൻ കഴിയും.

അപ്പോ. 16:6-10-ൽ ദൈവത്തിൽനിന്നു വ്യക്തമായ ഒരു നടത്തിപ്പു കിട്ടിയതിന്റെ ഫലമായിട്ടല്ലെങ്കിലും അവിടുത്തെ ഹിതം പ്രവർത്തിക്കുവാനാഗ്രഹിച്ചുകൊണ്ടുതന്നെ പൗലോസും ശീലാസും ആസ്യയിലേക്കു പോകുവാൻ ശ്രമിച്ചതായി പറയുന്നു. ദൈവം ക്രമീകരിച്ച സാഹചര്യങ്ങൾ മൂലം അവരുടെ യാത്ര തടസ്സപ്പെട്ടു. അടുത്തതായി ബിഥുന്യയിലേക്കു പോകാൻ അവർ ഉദ്യമിച്ചു. അവിടെയും അവർക്കു തടസ്സം നേരിട്ടു. എങ്കിലും അവർ നിഷ്ക്രിയരായി നടത്തിപ്പിനു കാത്തിരിക്കാതെ സജീവമായിത്തന്നെ ദൈവഹിതമന്വേഷിച്ചിരുന്നതുമൂലം ദൈവം നിശ്ചയിച്ച മാസിഡോണിയായിലേക്കു തന്നെ അവർ നയിക്കപ്പെട്ടു.

പ്രതിദിന ജീവിതത്തിലെ ചെറിയ ചെറിയ വിശദാംശങ്ങളിൽ ദൈവ നടത്തിപ്പെന്നത് നിരന്തരമുള്ള ബോധപൂർവമായ ഒരന്വേഷണമല്ല. ആത്മാവിൽ നടക്കുക മാത്രമാണത്. കർത്താവുമായി നാം പുലർത്തുന്ന ശരിയായ ബന്ധം ശരിയായ പ്രവർത്തനത്തിലേക്കു നമ്മെ നയിക്കും. അപ്രകാരമുള്ള ചെറിയ വിശദാംശങ്ങളിൽ ദൈവനടത്തിപ്പിനെപ്പറ്റി നമുക്ക് എപ്പോഴും പൂർണബോധമുണ്ടാവണമെന്നു നിർബ്ബന്ധമില്ല. അതിനെക്കുറിച്ചു നാം അബോധവാന്മാമായിത്തന്നെ ഇരുന്നെന്നു വരാം. കർത്താവുമായുള്ള നമ്മുടെ അടിസ്ഥാന പരമായ ബന്ധമാണ് പ്രധാന വസ്തുത. എന്തെന്നാൽ ദൈവനടത്തിപ്പ് ഒരു യാന്ത്രിക പ്രവർത്തനമല്ല. മറിച്ച് ഒരു ആത്മീയ വസ്തുതയാണ്.

ഖേദചിന്തയിൽ നിന്നു വിടുതൽ

കഴിഞ്ഞ കാലത്തെ പരാജയത്തെപ്പറ്റിയുള്ള ഖേദചിന്ത നമ്മിൽ ചിലരുടെ മനസ്സുകളെ പീഡിപ്പിച്ചെന്നു വരാം. ഏതെങ്കിലുമൊരു കാര്യത്തിൽ നാം ദൈവ ഹിതത്തിൽനിന്നു മാറിപ്പോയെന്നും ഇപ്പോൾ ആ തെറ്റു തിരുത്തുവാൻ സാധ്യമല്ലെന്നും വരാവുന്നതാണ്. എന്നാൽ ഖേദചിന്ത നിഷ്ഫലം തന്നെ. അതു നമ്മുടെ ആത്മവിര്യത്തെ കെടുത്തുകയും ദൈവസേവനത്തിനു നമ്മെ തികച്ചും അയോഗ്യരാക്കുകയും ചെയ്യാം. പരാജയങ്ങൾ നാം ദൈവത്തോട് ഏറ്റുപറയണം. അവിടുന്ന് ഉടൻ തന്നെ അതു ക്ഷമിക്കുവാനും നമ്മെ ശുദ്ധീകരിക്കുവാനും തക്കവണ്ണം വിശ്വസ്തനാണ് (1 യോഹ. 1:7:9). നമ്മുടെ പാപങ്ങളെ ഇനി ഓർക്കുകയില്ലെന്നും അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. (എബ്രാ. 8:12). ദൈവം നമ്മുടെ ഭൂതകാല പാപങ്ങളെ എണ്ണുന്നില്ലെങ്കിൽ അതിനെപ്പറ്റി നാം അതിവേദനപ്പെടേണ്ട ഒരാവശ്യവുമില്ല. അതിനാൽ നാം ആ പരാജയങ്ങളുടെയെല്ലാം നേരെ എന്നെന്നേക്കുമായി പുറംതിരിച്ചു കളയണം. ആ തെറ്റുകൾ ഇനി തിരുത്തുക സാധ്യമല്ലായിരിക്കാം. എങ്കിലും നമ്മുടെ അവശിഷ്ടകാലം തന്റെ മഹത്വത്തിനായി ഉപയോഗിക്കുവാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

ദാവീദ് ബേത്ത്ശേബയുടെ കാര്യത്തിൽ പാപം ചെയും അവളുടെ ഭർത്താവിനെ കൊല്ലിക്കുകയും ചെയ്തപ്പോൾ വളരെ താണ പടിയിലേക്കു വീണുപോയി. എങ്കിലും തന്റെ ശേഷിച്ച ജീവിതകാലം ഖേദചിന്തയിൽ കഴിക്കാതെ അദ്ദേഹം പശ്ചാത്താപത്തോടും ഹൃദയത്തകർച്ചയോടും കൂടി ദൈവത്തിങ്കലേക്കു തിരിച്ചുവന്നു. ദൈവത്തിൽനിന്നു പാപക്ഷമ സ്വീകരിച്ചശേഷം അദ്ദേഹം പിൽക്കാലത്തു ദൈവമഹത്വത്തിനായി ജീവിച്ചു. അദ്ദേഹം ഊരിയാവിന്റെ കാര്യത്തിലൊഴികെ തന്റെ മുഴുവൻ ജീവിതത്തിലും ദൈവത്തെ പ്രസാദിപ്പിച്ചുവെന്നു പിൽക്കാലത്തും പരിശുദ്ധാത്മാവു രേഖപ്പെടുത്തുവാനിടയായി (1 രാജാ. 15:5). ഖേദചിന്ത തന്റെ മനസ്സിനെ വലയ്ക്കുവാൻ ദാവീദ് അനുവദിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദൈവത്തെ കൂടുതൽ ദുഃഖിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളൂ. മനസ്സിൽ നിരന്തരം ഖേദചിന്തയോടെ ജീവിക്കുന്നവർക്ക് പരാജയത്തോടു പരാജയം കൂട്ടുവാനേ കഴിയുന്നുള്ളൂ. കഴിഞ്ഞകാലപരാജയങ്ങളെ നാം മറക്കുകയും ദൈവഹിതം നിറവേറ്റുവാൻ നാം മുന്നോട്ടു പോവുകയും ചെയ്യണം (ഫിലി. 3:13, 14). നഷ്ടപ്പെട്ടുപോയ വത്സരങ്ങളെ നമുക്കു തിരികെത്തരുവാൻ ദൈവത്തിനു കഴിയും. (യോവേൽ 2:25).

ഒരിക്കൽ നാം തീരുമാനിച്ച സമയത്ത് ദൈവഹിതമാണെന്ന് നമുക്കു ബോധ്യമുണ്ടാവുകയും ഇപ്പോൾ നാം സംശയിക്കുകയും ചെയ്യുന്ന ഒരു കാര്യത്തെപ്പറ്റി വ്യാകുലചിത്തരാവുക എന്നതാണ് നമുക്കുണ്ടാകുന്ന മറ്റൊരു പരീക്ഷ. ഒരുപക്ഷേ, ആ തീരുമാനം നമ്മെ കുഴപ്പത്തിലേക്കു നയിച്ചിരിക്കാം. അഥവാ ഇപ്പോൾ നമുക്കു അതിനെപ്പറ്റി കൂടുതൽ വസ്തുതകൾ അറിവുണ്ടായിരിക്കാം. അന്നു നാം അവ അറിഞ്ഞിരുന്നുവെങ്കിൽ മറ്റൊരു തീരുമാനത്തിലേ നാം ചെന്നെത്തുമായിരുന്നുള്ളു. ഇക്കാര്യത്തിൽ നാം എപ്പോഴും മനസ്സിൽ കരുതിക്കൊള്ളേണ്ട പ്രമാണം ഇതാണ്. വെളിച്ചത്തിൽ ദൈവം നമുക്കു കാണിച്ചുതന്ന ഒന്നിനെപ്പറ്റി ഇരുട്ടിൽ നാം സംശയിക്കരുത്. നാം ആത്മാർത്ഥമായി ദൈവഹിതമന്വേഷിക്കുകയും അപ്പോൾ നമുക്കുണ്ടായിരുന്ന വെളിച്ചം വച്ചുകൊണ്ടു തീരുമാനിക്കുകയും ചെയ്തുവെങ്കിൽ ഇപ്പോൾ ഖേദചിന്തയോടെ തിരിഞ്ഞുനോക്കേണ്ട ഒരാവശ്യവുമില്ല. നമ്മെ വിഡ്ഢികളാക്കുന്നതിൽ സന്തോഷിക്കുന്ന ഒരേകാധിപതിയല്ല ദൈവം. അവിടുന്നു സ്നേഹമുള്ള പിതാവാണ്. നാം അപ്പം ചോദിച്ചാൽ അവിടുന്നു കല്ലു തരികയില്ല. നാം ആത്മാർത്ഥമായി തിരുഹിതമന്വേഷിച്ചുവെങ്കിൽ നാം ശരിയായ തീരുമാനം എടുക്കുമാറ് അവിടുന്നു നമുക്കറിവില്ലാതിരുന്ന കാര്യങ്ങൾപോലും ഒരു ലക്ഷ്യത്തോടെയാണ് ദൈവം നിരോധിച്ചിരുന്നത്.

ദൈവം പൗലോസിനും ശീലാസിനും താവാസിൽ വച്ച് മാസിഡോണിയായിലേക്കു പോകുവാൻ വ്യക്തമായ നിർദ്ദേശം നൽകി. ഉടൻ തന്നെ അവർ പോകുകയും ചെയ്തു. എന്നാൽ അവിടെയെത്തി അല്പകാലത്തിനുള്ളിൽ അവരെ അധികാരികൾ ബന്ധിച്ച് അവരുടെ കാൽ ആമത്തിലിട്ടു പൂട്ടി. തങ്ങളുടെ നടത്തിപ്പു തെറ്റായിരുന്നുവോ എന്ന് ഈ ഘട്ടത്തിൽ അവർക്കു സംശയിക്കാമായിരുന്നു. തങ്ങൾക്കു സംഭവിക്കാൻ പോകുന്നത് അവർ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അവർ ഒരിക്കലും ത്രോവാസ് വിടുകയില്ലായിരുന്നിരിക്കാം. എന്നാൽ ദൈവം അവർക്ക് ഒരു മുന്നറിവും നൽകിയില്ല. തടവിലാക്കപ്പെട്ടുവെങ്കിലും പൗലോസും ശീലാസും ദൈവത്തിലാശ്രയിച്ചു. ദൈവം വെളിച്ച ത്തിൽ അവർക്കു കാണിച്ചു കൊടുത്തതിനെപ്പറ്റി ഇരുട്ടിൽ സംശയിക്കാതെ അവർ തുടർന്നും ദൈവത്തെ സ്തുതിച്ചു. (അപ്പോ. 16:8-26) അവർ വാസ്തവത്തിൽ ദൈവഹിതത്തിൽ തന്നെയായിരുന്നുവെന്ന് അനന്തരസംഭവങ്ങൾ വ്യക്തമായിക്കാണിച്ചു. ചില ദുർഘടങ്ങളിലകപ്പെടുക എന്നത് അതിൽത്തന്നെ നാം ദൈവഹിതത്തിൽനിന്നു പുറത്താണെന്നു സൂചിപ്പിക്കുന്നില്ല. നാം ദൈവത്തിൽ വിശ്വസിക്കുമെങ്കിൽ ഏറ്റവും വലിയ കൂരിരുട്ടിൽ പോലും നാം ദൈവത്തെ സ്തുതിക്കും.

ഭയത്തിൽ നിന്നുള്ള വിടുതൽ

മനുഷ്യരെയും സാഹചര്യങ്ങളെയും കുറിച്ചുള്ള ഭയം ദൈവഹിതം വിട്ടു കളയുവാൻ നമ്മെ പ്രേരിപ്പിക്കാനിടയുണ്ട്. ദൈവനടത്തിപ്പ് അന്വേഷിക്കുമ്പോൾ പല വിശ്വാസികളും ഭദ്രതയെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ചിന്തകളാൽ ഭരിക്കപ്പെടുന്നവരാണ്. ഒരു പ്രത്യേക സ്ഥലത്തെപ്പറ്റി അഥവാ ജോലിയെപ്പറ്റി അത് അരക്ഷിതവും ആപൽക്കരവമാണെന്ന് അവർ ചിന്തിക്കയും അതിനാൽ അത് മനസ്സിൽ നിന്ന് ഒന്നോടെ വിട്ടുകളയുകയും ചെയ്യുന്നു. എന്നാൽ ഈ ലോകത്തിൽ ഒരു സ്ഥലവും ഒരു ജോലിയും തന്നെ ആപത്തിൽനിന്നു തികച്ചും വിമുക്തമല്ല. ലോകം മുഴുവനിലും ഏറ്റവും സുരക്ഷിതമായ സ്ഥലം ദൈവത്തിന്റെ പരിപൂർണ്ണഹിതത്തിന്റെ കേന്ദ്രമാണ്. ദൈവ ത്തിന്റെ പ്ലാനിൽനിന്നു പുറത്തു വരുമ്പോൾ മാത്രമേ ആപത്തിലേക്കു നാം കാൽ കുത്തുന്നുള്ളു. ദൈവനടത്തിപ്പ് അന്വേഷിക്കാതെ തീരുമാനങ്ങളെടുക്കുന്നവർ സാത്താന്റെ ആക്രമണങ്ങൾക്ക് ഇരയായിത്തീരും. എന്നാൽ അത്യുന്നതൻ നിശ്ചയിച്ച സ്ഥാനത്തു ജീവിക്കയും പ്രവർത്തിക്കയും ചെയ്യുന്നവൻ സർവശക്തന്റെ തണലിൽ സുരക്ഷിതനായിരിക്കും (സങ്കീ.91:1 പരാവർത്തനം).

തെറ്റു വരുത്തുന്നതിനെക്കുറിച്ചുള്ള ഭയത്തിൽ നിന്നുകൂടെ നാം വിടുവിക്കപ്പെടണം. ഒരിക്കലും ഒന്നും ചെയ്യാതിരിക്കുന്ന മനുഷ്യൻ മാത്രമേ ഒരിക്കലും തെറ്റു വരുത്താതെയിരിക്കൂ. നാം ദൈവത്തിന്റെ സ്കൂളിലെ വിദ്യാർത്ഥികളാണ്. അതിനാൽ തീർച്ചയായും ചിലപ്പോഴൊക്കെ നമുക്കു തെറ്റുപറ്റാൻ സാധ്യതയുണ്ട്. എന്നാൽ കർത്താവു കാര്യങ്ങളെ ശരിയാക്കുവാൻ സന്നദ്ധനായി എപ്പോഴും നമ്മോടുകൂടെയുണ്ട്. കർത്താവായ യേശുഒഴികെ മറ്റൊരു മനുഷ്യനും അനേകം തെറ്റു ചെയ്യാതെ ദൈവത്തിന്റെ പരിപൂർണ്ണഹിതത്തിൽ നടക്കുവാൻ പഠിച്ചിട്ടില്ല. ഒരു കൊച്ചുകുട്ടി അനേകം വീഴ്ചകളിലൂടെ നടക്കുവാൻ പഠിക്കുന്നതുപോലെയാണ് ഏറ്റവും വലിയ വിശുദ്ധന്മാർ പോലും ദൈവഹിതത്തിൽ നടക്കുവാൻ ശീലിച്ചിട്ടുള്ളത്. വീഴുവാൻ ഭയപ്പെടുന്ന കുട്ടി ഒരിക്കലും നടക്കുവാൻ പഠിക്കുകയില്ല. മുന്നോട്ടു നീങ്ങുന്നതിൽനിന്ന് അത്തരമൊരു ഭയം നമ്മെ നടത്തുവാൻ നാമൊരിക്കലും അനുവദിക്കരുത്. ദൈവഹിതത്തിൽ നടക്കുക എന്നത് എളുപ്പമല്ലായിരിക്കാം. എങ്കിലും ദൈവത്താടൊപ്പം നാം ഏർപ്പെടുന്ന വലിയൊരു ധീരസാഹസിക കൃത്യമാണത്. നാം വീഴുമ്പോൾ നമ്മെ താങ്ങിക്കൊള്ളാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. “നല്ലവരുടെ കാൽച്ചുവടുകളെ ദൈവം നിയന്ത്രിക്കുന്നു. അവർ വീണാലും തകർന്നുപോവുകയില്ല. എന്തെന്നാൽ യഹോവ തന്റെ കൈകൊണ്ട് അവരെ താങ്ങിക്കൊള്ളുന്നു” (സങ്കീ. 37:23, 24 LB)

അന്തിമമായി ദൈവനടത്തിപ്പെന്നത് സാരാംശത്തിൽ ദൈവവും നിങ്ങളും തമ്മിലുള്ള ഒരു വ്യക്തിപരമായ കാര്യമാണെന്നോർക്കുക. ദൈവം മറ്റൊരു വ്യക്തിയെ നടത്തിയ വഴിയിലൂടെയായിരിക്കുകയില്ല നിങ്ങളെ നടത്തുവാൻ ആഗ്രഹിക്കുന്നത്. വിശാലമായ തത്വങ്ങൾ എല്ലാ വിശ്വാസികൾക്കും ഒന്നു തന്നെയായിരിക്കും. മറ്റൊരാൾ തന്റെ സാക്ഷ്യത്തിൽ പ്രസ്താവിക്കുന്ന അതേ തരത്തിലുള്ള നടത്തിപ്പ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ചിന്താക്കുഴപ്പത്തിലകപ്പെടുക മാത്രമാവും ഫലം. നിങ്ങളെ എങ്ങനെ നടത്തണമെന്നതു ദൈവത്തിന് വിട്ടുകൊടുക്കുക. ദൈവം ആഗ്രഹിക്കുന്നതു ചെയ്യുവാൻ നിങ്ങൾ എപ്പോഴും അവിടുത്തെ ഇഷ്ടത്തിനു നിങ്ങളെ വിട്ടുകൊടുക്കുകയും വേണം. അതു മാത്രമായിരിക്കട്ടെ നിങ്ങളുടെ താൽപര്യം. അപ്പോൾ അവിടുത്തെ ഹിതത്തെപ്പറ്റിയുള്ള അറിവും അതു നിറവേറ്റുവാനുള്ള ശക്തിയും നിങ്ങൾക്കു നൽകുവാൻ ദൈവം തൽപരമായിത്തീരും.


കൊടുങ്കാറ്റിലിളകുന്ന ഈ സമുദ്രത്തിൽ കോമ്പസോ നക്ഷത്രമോ മാർഗ്ഗനിർദ്ദേശങ്ങളോ ഒന്നുമില്ലാതെ ഞാൻ അലയുന്നതെന്തിന്?
ഞാൻ തെറ്റിയലയുമ്പോഴും എന്നെ സംബന്ധിച്ച ദൈവത്തിന്റെ പ്ലാൻ അല്പവിശ്വാസിയായ എന്റെ ഹൃദയവാതിലിൽ അമർന്നിരിക്കുന്നുണ്ട്.

സ്വർഗ്ഗത്തിൽ നിന്നൊരു തോൽച്ചുരുൾ പോലെ അതു താഴേക്കു പതിക്കുന്നു;
ഓരോ ദിനവും കർത്താവ് അതിന്റെ ഒരംശം നിവർത്തിക്കാണിക്കുന്നു;
ഓരോ ദിവസവും യവനിക ഒരല്പം അവിടുന്ന് ഉയർത്തിക്കാട്ടുന്നു;
എങ്കിൽ എന്തിനു ഞാൻ പതറുന്നു? എന്തിനഴലുന്നു? എന്തിനുഴലുന്നു?

ദൈവം അമരം പിടിക്കുമ്പോൾ എന്റെ നൗക ഒഴുകിപ്പോകുമെന്നോ?
അവിടുന്നു വഴികാട്ടുമ്പോൾ ഞാൻ തപ്പിത്തടയുമെന്നോ?
എന്റെ നൗക തുറമുഖത്തിനു നേരെ അടുക്കുമ്പോൾ വഴിമാറിപ്പോവുമെന്നോ?
സ്വർഗ്ഗം പടിവാതിലിൽ എത്തിയിരിക്കെ തകർച്ച നേരിടുമെന്നോ

ദൈവമേ അങ്ങയുടെ പ്ലാൻ വികസിപ്പാൻ എന്നെ സഹായിച്ചാലും;
ദിനംപ്രതി അങ്ങ് അല്പാല്പമായി നൽകുന്നതു ഞാൻ സ്വീകരിക്കട്ടെ.
ഹാ! എന്റെ ഹിതം തിരുഹിതത്തിൽ നിന്നൊരിക്കലും മാറാതിരിക്കട്ടെ. ദൈവത്തിനധീനമായ എന്റെ ഇച്ഛ ദൈവികമാർഗ്ഗം കണ്ടെത്തട്ടെ.

സംക്ഷേപം

 1. നാം ദൈവത്തെ കൂടുതൽ അറിയുവാൻ വേണ്ടി അവിടുന്ന് സംശയാലുതയെ അനുവദിക്കുന്നു. അവിടുന്ന് നമ്മുടെ ലക്ഷ്യങ്ങളെ ശുദ്ധീകരിക്കുകയും അങ്ങനെ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
 2. മിക്ക സന്ദർഭങ്ങളിലും ദൈവഹിതത്തെപ്പറ്റി നമ്മുടെ ചിന്തകൾ അവ്യക്തമായിരിക്കുമ്പോഴും നമുക്ക് അറിയാവുന്നിടത്തോളം ആത്മാവിന്റെ മനസ്സെന്തെന്നും നാം നിർണ്ണയിച്ചിട്ടുണ്ടെങ്കിൽ നാം മുന്നോട്ടു നീങ്ങുക തന്നെ വേണം. അനിശ്ചിതകാലത്തേക്കു നാം കാത്തിരിക്കരുത്.
 3. കഴിഞ്ഞ കാലത്തെ പരാജയങ്ങളെയോ തീരുമാനങ്ങളെയോ കുറിച്ചു ഖേദ ചിന്തയോടെ പിന്തിരിഞ്ഞു നോക്കുന്നവരായി നാം തീരരുത്.
 4. ആപൽ ഭീതിയോ തെറ്റുവരുത്തുന്നതിനെക്കുറിച്ചുള്ള ഭയമോ നിരന്തരമായ നിഷ്ക്രിയതയിൽ നമ്മെ ആഴ്ത്തിക്കളയുവാൻ നാം അനുവദിക്കരുത്.
 5. ദൈവം എങ്ങനെ നമ്മെ നടത്തണമെന്ന കാര്യം ദൈവകരങ്ങളിലേക്കു നാം വിട്ടുകൊടുക്കണം.