സാക് പുന്നന്‍
ചില വിശ്വാസികള്‍ കരുതുന്നത് ദൈവ വചനത്തില്‍ ഏറെക്കുറെ, നിങ്ങള്‍ ഭൂലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ (മര്‍ക്കോ 16:15) എന്ന ഒരേ ഒരു കല്‍പ്പന മാത്രമെ ഉളളൂ എന്നാണ്. ഈ കല്‍പ്പന ലോകവ്യാപകമായ ക്രിസ്തുവിന്‍റെ ശരീരം മുഴുവന്‍ തീര്‍ച്ചയായി അനുസരിക്കേണ്ടതാണ് – വിശേഷാല്‍ ക്രിസ്തു തന്‍റെ ശരീരത്തിനു വേണ്ടി സുവിശേഷകന്മാരായി നല്‍പ്പെട്ടിരിക്കുന്നവരാല്‍ (എഫെ 4:11). എന്നാല്‍ ക്രിസ്തുവിന്‍റെ ഈ കല്‍പ്പന, നിങ്ങള്‍ പുറപ്പെട്ട് സകലജാതികളെയും ശിഷ്യരാക്കി കൊള്‍വിന്‍ (മത്താ 28:19) എന്ന അവിടുത്തെ മറ്റെ കല്‍പ്പനയാല്‍ സംതുലനം ചെയ്യപ്പെടുന്നില്ലെങ്കില്‍ ആ പ്രവൃത്തി അപ്പോഴും പൂര്‍ത്തീകരിക്കപ്പെടാത്തതായിരിക്കും.
വ്യക്തിപരമായി വളരെ വിലകൊടുത്ത്, ലോകമെമ്പാടും പോയി യേശുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്തവരോടു സുവിശേഷം പ്രസംഗിക്കുന്നവര്‍ക്കു വേണ്ടി ദൈവത്തിന് നന്ദി പറയുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ സുവിശേഷത്തില്‍ മത്തായി 28:19,20 ലുളള ശിഷ്യരാക്കുക, അവരെ പിതാവിന്‍റെയും പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിക്കുക, യേശുവിന്‍റെ എല്ലാ കല്‍പ്പനകളോടുമുളള അനുസരണം അവരെ പഠിപ്പിക്കുക എന്നീ മൂന്നു ഭാഗങ്ങളുളള കല്‍പ്പന മിക്കവാറുംപൂര്‍ണ്ണമായി അവഗണിക്കപ്പെട്ടിരിക്കുന്നു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. ഒരു വലിയ കൂട്ടം വിശ്വാസികള്‍ ശിഷ്യന്മാരെ വാര്‍ത്തെടുക്കാതെയുളള സുവിശേഷീകരണത്തിനു ഊന്നല്‍ കൊടുക്കുമ്പോള്‍, നഷ്ടപ്പെട്ട ഊന്നല്‍- ശിഷ്യരാക്കുന്നത് – പുനഃസ്ഥാപിച്ച് പൂര്‍ത്തീകരിക്കപ്പെടാത്ത ജോലി പൂര്‍ത്തീകരിക്കുക എന്നതു നമ്മുടെ കര്‍ത്തവ്യമായി തീരുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷവുമായി ഇപ്പോഴും എത്തിച്ചേര്‍ന്നിട്ടില്ല എന്നതു മാത്രമാണ് പൂര്‍ത്തീകരിക്കപ്പെടാത്ത ദൗത്യമായി അനേകര്‍ കരുതുന്നത്. സുവിശേഷീകരണത്തിനു വിളിയുളളവര്‍ക്കു ദൈവം ആ ഭാരം നല്‍കുന്നു. എന്നാല്‍ മറ്റുളളവര്‍ക്കു ദൈവം തുല്യ പ്രാധാന്യമുളള – കൂടുതല്‍ പ്രയാസമുളള ദൗത്യം – ഈ രക്ഷിക്കപ്പെട്ടവരെ ശിഷ്യരാക്കി മാറ്റുന്ന ദൗത്യം നല്‍കുന്നു.
മേശകളുണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മരപ്പണിശാലയുടെ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. അവിടെയുളള ആശാരിമാരില്‍ അധികം പേരും 4. കാലുകള്‍ മാത്രം ഉണ്ടാക്കുന്നതില്‍ തിരക്കിട്ടു പണിയുകയും വളരെ കുറച്ചുപേര്‍ മേശയുടെ മുകള്‍ഭാഗം ഉണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി ആ കടയില്‍ പണി തീരാത്ത മേശകള്‍ കുന്നുകൂടുന്നു. അപ്പോഴും ആശാരിമാര്‍ തിരക്കിട്ടു തങ്ങളുടെ പൂര്‍ത്തീകരിക്കപ്പെടാത്ത പണി തുടരുന്നു. നസ്രേത്തിലെ മരപ്പണിശാലയില്‍, യേശു എപ്പോഴും ഒരു മേശയുടെ പണി തീര്‍ത്തതിനു ശേഷം മാത്രമെ അടുത്തതിലേക്കു നീങ്ങിയിട്ടുളളു എന്നു നമുക്ക് തീര്‍ച്ചയായി അറിയാം. അവിടുന്നു എപ്പോഴും തുടങ്ങിയ വേല പൂര്‍ത്തീകരിക്കുന്നതില്‍ വിശ്വസിച്ചിരുന്നു (ക്രൂശില്‍ അവിടുന്നു “സകലവും പൂര്‍ത്തിയായി”എന്നു കരഞ്ഞതു പോലെ). അവിടുന്നു ഇന്നും മാറ്റമില്ലാത്തവന്‍ തന്നെ. നാം അവിടുത്തെ സഹപ്രവര്‍ത്തകരാണ് അതുകൊണ്ട് നാമും പൂര്‍ത്തീകരിക്കപ്പെട്ട ജോലിയില്‍ വിശ്വസിക്കണം. മാനസാന്തരപ്പെട്ട എല്ലാവരും ശിഷ്യരാക്കപ്പെടണം.
പഴയ നിയമത്തില്‍, ദൈവത്തിന്‍റെ ജനത്തിനു, യഹൂദന്മാര്‍ക്കു, ഒരു ശരീരമായി തീരുക അസാധ്യമായിരുന്നു. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത് മനുഷ്യരില്‍ വസിക്കുവാന്‍ പരിശുദ്ധാത്മാവിനെ പകര്‍ന്നതിനു ശേഷം മാത്രമാണ് അതു സാധ്യമായത്. ഇപ്പോള്‍ രണ്ടുപേര്‍ക്ക് ഒന്നായി തീരാന്‍ കഴിയും പഴയ നിയമത്തില്‍, ഇസ്രായേല്‍ ഒരു സംഘം ചേരല്‍ ആയിരുന്നു. ആ രാഷ്ട്രം വലിപ്പത്തില്‍ വളര്‍ന്നെങ്കിലും അപ്പോഴും അത് സംഘം ചേരല്‍ ആയിരുന്നു. പുതിയ നിയമത്തില്‍, ഏതുവിധത്തിലും, സഭ ഒരു ശരീരമായിരിക്കണം, ഒരു സംഘം ചേരല്‍ അല്ല.
നാം ഒന്നായിതീരുന്നില്ലെങ്കില്‍, അപ്പോള്‍ നിങ്ങള്‍ക്കുളളതെല്ലാം ഒരു സംഘം ചേരല്‍ ആണ്. ക്രിസ്തുവിന്‍റെ ശരീരത്തില്‍ വലിപ്പമല്ല ഐക്യതയാണ് പ്രധാനപ്പെട്ട കാര്യം. ഈ നിലവാര പ്രകാരം ഒരു സംഘം ചേരല്‍ അല്ലാത്ത ഒരു സഭയെ കണ്ടെത്തുന്നത് പ്രയാസമായിതീരുന്നു. ഒരാള്‍ക്ക് എല്ലായിടത്തും വലിപ്പത്തില്‍ വളരുന്ന കൂട്ടങ്ങളെ കണ്ടെത്താന്‍ കഴിയുന്നു – എന്നാല്‍ ഐക്യതയില്‍ അല്ല. സ്പര്‍ദ്ധയും അസൂയയും മത്സരവും നേതൃനിരയില്‍ പോലും കാണപ്പെടുന്നു.
ലോകമെമ്പാടും വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഒരു പ്രകടനം ഉണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്നു. ബാബിലോണിയന്‍ ക്രിസ്തീയതയ്ക്ക് ഇത് സഫലീകരിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍, യേശുവിന്‍റെ ശിഷ്യന്മാരുടെ അടയാളം എണ്ണത്തിലുളള വലിപ്പമല്ല അന്യോന്യമുളള തീക്ഷ്ണമായ സ്നേഹമാണ് എന്നു മനസ്സിലാക്കിയിട്ടുളള ഒരുശേഷിപ്പിലൂടെ ദൈവത്തിന്‍റെ പ്രവൃത്തി ഇപ്പോഴും തുടരുന്നു.
ക്രിസ്തുവിന്‍റെ ശരീരത്തില്‍, ഓരോ വ്യക്തിയും വിലമതിക്കപ്പെടുന്നു, അയാള്‍ വരപ്രാപ്തനല്ലെങ്കില്‍ പോലും അവന്‍ വിലമതിക്കപ്പെടുന്നത് അയാള്‍ ശരീരത്തിന്‍റെ ഒരു അവയവമായതു കൊണ്ടാണ്. വാസ്തവത്തില്‍ ശരീരത്തില്‍ ഐക്യത ഉണ്ടാകേണ്ടതിന് വരങ്ങള്‍ കുറവുളള അവയവത്തിനു ദൈവം അധികം മാന്യത നല്‍കുന്നു എന്നു പറഞ്ഞിരിക്കുന്നു (1 കൊരി 12:24,25). സഭയില്‍ നാം ദൈവത്തിന്‍റെ മാത,ക പിന്‍തുടര്‍ന്ന് , വരങ്ങള്‍ ഒന്നുമില്ലാത്തവരെപോലും, അവര്‍ ദൈവഭയമുളളവരും വിനീതരും, ആണെങ്കില്‍, അവരെബഹുമാനിക്കണം. ബാബിലോണില്‍, വരപ്രാപ്തനായ പ്രസംഗകന്‍, വരപ്രാപ്തനായ ഗായകന്‍, മാനസാന്തരപ്പെട്ട ബഹിരാകാശയാത്രികന്‍ മുതലായവരെല്ലാം ആണ് മാനിക്കപ്പെടുന്നത്.. എന്നാല്‍ സഭയില്‍ (ദൈവത്തിന്‍റെ കൂടാരത്തില്‍) കര്‍ത്താവിനെ ഭയപ്പെടുന്നവരെ നാം ബഹുമാനിക്കുന്നു (സങ്കീ 15:1,4 കാണുക).
അവിടുന്നു പഠിപ്പിച്ചിട്ടുളളതെല്ലാം അനുസരിക്കുവാന്‍ തക്കവണ്ണം സകല ക്രിസ്ത്യാനികളെയും നാം പഠിപ്പിക്കണമെന്നു യേശു പറഞ്ഞു (മത്താ 28:20).യാഗത്തെക്കാള്‍ അനുസരണമാണ് ദൈവത്തിനാവശ്യം ( 1ശമു.15:22). നമുക്കുദൈവത്തോടുളള സ്നേഹം തെളിയിക്കുവാന്‍ വിവിധ തരത്തിലുളള ശാരീരിക പീഡനങ്ങളിലൂടെ കടന്നു പോകുവാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു എന്നത് ഒരു വിജാതീയ സങ്കല്‍പ്പമാണ്. ഇത് ഇന്ത്യയില്‍ വളരെ പ്രചാരത്തിലുളള ഒരു വിജാതീയ സംസ്കാരമാണ്, നിര്‍ഭാഗ്യവശാല്‍ അതു നമ്മുടെ രാജ്യത്തിലുളള ക്രിസ്തീയതയിലും ആസകലം വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് ആത്മീയത എന്നാല്‍ ജോലി ഉപേക്ഷിക്കുക, ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ പോകുക, വിവിധ തരത്തിലുളള കാഠിന്യങ്ങള്‍ക്കു വിധേയപ്പെടുക മുതലായവയാണെന്നു കരുതപ്പെടുന്നു. ഇതിലെല്ലാം വലിയത്യാഗങ്ങള്‍ അടങ്ങിയിരിക്കുന്നു, എന്നാല്‍ ഇത് ഒരിക്കലും ദൈവത്തിന്‍റെ വചനത്തോടുളള അനുസരണത്തിനു പകരമാകുവാന്‍ കഴിയുകയില്ല.
യേശുവിനോടുളള നമ്മുടെ സ്നേഹം തെളിയിക്കപ്പെടുന്നത് ത്യാഗത്താലല്ല. എന്നാല്‍ അവിടുത്തെ കല്‍പ്പനകളോടുളള അനുസരണത്താലാണ്. യേശു തന്നെ യോഹന്നാന്‍ 14:15 ല്‍ പറഞ്ഞിട്ടുളളതുപോലെ. മത്തായി 5 മുതല്‍ 7 വരെയുളള അദ്ധ്യായങ്ങളില്‍ യേശു നമ്മെ പഠിപ്പിച്ചിട്ടുളളതെല്ലാം അനുസരിക്കുന്നത്, നമ്മുടെ ശമ്പളത്തിന്‍റെ 50% അവിടുത്തേക്കു നല്‍കുന്നതിനെക്കാള്‍ അല്ലെങ്കില്‍ ഒരു മിഷണറി ആകുന്നതിനു വേണ്ടി, നമ്മുടെ ജോലി ഉപേക്ഷിക്കുന്നതിനെക്കാള്‍ ഒക്കെ, അവിടുത്തോടുളള നമ്മുടെ സ്നേഹത്തിന്‍റെ വളരെ വലിയ ഒരു തെളിവാണ്.
സത്യ സഭ (യെറുശലേം) യുടെ സവിശേഷ ഗുണം വിശുദ്ധിയാണ്. അതുകൊണ്ട് യെരുശലേമിന്‍റെ വളര്‍ച്ച അളക്കപ്പെടുന്നതു വിശുദ്ധിയിലുളള വളര്‍ച്ചയാലാണ് – അതില്‍ അന്യോന്യമുളള സ്നേഹവും ഉള്‍പ്പെടുന്നു. ജീവനിലേക്കുളള വഴി ഇടുക്കമുളളതും അതു കണ്ടെത്തുന്നവര്‍ ചുരുക്കവുമാണെന്നു യേശു പറഞ്ഞു. യേശു ഇടുക്കമുളളതാക്കിയ വാതിലിനെ ഇടുക്കമുളളതായി തന്നെ പ്രഘോഷിക്കുന്നവര്‍ കണ്ടെത്തുന്ന ഒരു കാര്യം, വളരെ ചുരുക്കം പേര്‍ മാത്രമെ തങ്ങളുടെസഭയില്‍ ചേരുകയുളളൂ എന്നതാണ് (മത്താ 7:13,14). മറിച്ച് യേശു ഉണ്ടാക്കിയതിനേക്കാള്‍ വാതില്‍ നാം വിശാലമാക്കുകയാണെങ്കില്‍, നമുക്കു വേഗത്തില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാം. ഇവിടെയാണ് ഇന്നത്തെ ക്രിസ്തീയഗോളത്തിന്‍റെ അധികഭാഗവും വഴിതെറ്റിപോയിരിക്കുന്നത്. യേശു ഇടുക്കു വാതിലിനെയും ഞെരുക്കമുളള വഴിയെയും കുറച്ചു പറഞ്ഞത് ‘ഗിരി പ്രഭാഷണത്തിന്‍റെ’സന്ദര്‍ഭത്തിലാണ് (മത്തായി 5-7വരെയുളള അദ്ധ്യായങ്ങള്‍). അതുകൊണ്ട് ആ അദ്ധ്യായങ്ങളുടെ ഉളളടക്കമാണ് ഇടുക്കു വാതിലിനെയും ഞെരുക്കമുളള വഴിയെയും രൂപവത്കരിക്കുന്നത്.