ഇനിയെങ്കിലും ശ്രദ്ധിക്കുമോ?

photo of audi parked near trees

തന്റെ പുതിയ കാറിൽ കമ്പനി എക്സിക്യൂട്ടീവായ ചെറുപ്പക്കാരൻ പാഞ്ഞുപോകുകയാണ് നല്ല വേഗത്തിൽ. വഴി ഏറെക്കുറെ വിജനമാണ് – ഇടയ്ക്കിടെ ഓടിപ്പോകുന്ന കാറുകൾ ഒഴിച്ചാൽ.

പെട്ടെന്ന് വഴിയോരത്തുനിന്ന് ആരോ ഒരു ഇഷ്ടിക തന്റെ പുത്തൻ കാറിനു നേരെ എറിഞ്ഞുവെന്ന് ചെറുപ്പക്കാരനു തോന്നി. അല്ല തോന്നലല്ല. ഇഷ്ടിക കാറിന്റെ പള്ളവശത്തു വന്നുകൊണ്ടു പുറകിലത്തെ ഡോറിന്റെ വശത്തായി ഒരു വലിയ ചളുക്കവും ഉണ്ടായി.

ചെറുപ്പക്കാരൻ പൊടുന്നനെ വണ്ടി നിർത്തി. ഇഷ്ടിക വന്ന ഭാഗത്തേക്ക് ദേഷ്യത്തോടെ ഓടിച്ചെന്നു. അവിടെയതാ പത്തുപന്ത്രണ്ടു വയസ്സു തോന്നിക്കുന്ന ഒരു ബാലൻ,

“നിനക്കെന്താ ബോധമില്ലേ? നീ വലിച്ചെറിഞ്ഞ ഇഷ്ടിക എന്റെ കാറിനുണ്ടാക്കിയ കേടു നീ കണ്ടോ?”- ചെറുപ്പക്കാരൻ ദേഷ്യത്തോടെ ചോദിച്ചു.

കുട്ടികരയുന്ന മട്ടിലായി. അവൻ പറഞ്ഞു. “സാർ, എന്റെ ജ്യേഷ്ഠൻ വിൽച്ചെയറിൽ നിന്നു താഴെ വീണുപോയി. എനിക്ക് ഒറ്റയ്ക്ക് പിടിച്ചു. പൊക്കി വീൽച്ചെയറിൽ ഇരുത്താൻ പറ്റുന്നില്ല. സഹായത്തിനു സാറിൻ്റെതുൾപ്പടെ പല കാറുകൾക്കും കൈനീട്ടി. ആരും നിർത്താത്തതു കൊണ്ട് ഞാൻ ഇഷ്ടികയെടുത്ത … ” അവൻ പൊട്ടിക്കരഞ്ഞുപോയി.

ചെറുപ്പക്കാരൻ അപ്പോഴാണ് കണ്ടത്. വീൽച്ചെയർ നടപ്പാതയിൽ – മറിഞ്ഞ് വികലാംഗനായ ഒരു ബാലൻ വീണു കിടക്കുന്നു. ചെറുപ്പക്കാരൻ അവനെ എടുത്തുയർത്തി മറിഞ്ഞുപോയ വീൽച്ചെയർ നേരെയാക്കി അതിൽ എടുത്തിരുത്തി. കൈലേസെടുത്ത് അവന്റെ ചെറിയ മുറിവു കെട്ടി. കുട്ടികൾക്കു സന്തോഷമായി.

ഇളയകുട്ടി നന്ദി പറഞ്ഞ് ജ്യേഷ്ഠന്റെ വീൽച്ചെയറും ഉരുട്ടി മെല്ലെ നടപ്പാതയിലൂടെ വീട്ടിലേക്കു പോയപ്പോൾ ചെറുപ്പക്കാരനും തന്റെ കാറിലേക്കു മടങ്ങി.

അയാൾ തന്റെ കാറിന്റെ ചളുക്കം തട്ടി നിവർത്തി പെയിന്റു ചെയ്തു പഴയ പടിയാക്കാൻ ഒരിക്കലും ഒരുമ്പെട്ടില്ല. “ഒത്തിരി വേഗത്തിൽ പോകുന്നതുകൊണ്ട് എന്റെ ശ്രദ്ധ കിട്ടാൻ ഒരാൾക്ക് എന്റെ നേരെ ഇഷ്ടിക എറിയേണ്ടിവരാൻ മേലിൽ ഇടയാക്കരുതെന്ന കാര്യം വണ്ടിയിലെ ഈ പാട് എന്നെ ഓർമ്മിപ്പിക്കും. ചെറുപ്പക്കാരൻ സ്വയം പറഞ്ഞു.

ദൈവം നമ്മുടെ ആത്മാവിൽ മന്ത്രിക്കുന്നു. നമ്മുടെ ഹൃദയത്തിൽ സംസാരിക്കുന്നു. ചിലപ്പോൾ നാം ശ്രദ്ധിക്കാത്തതുകൊണ്ട് അവിടു ത്തേക്കു നമ്മുടെ നേരേ ‘ഇഷ്ടിക വലിച്ചെറിയേണ്ടി വന്നിട്ടില്ലേ?.

ഇനിയെങ്കിലും നാം ശ്രദ്ധിക്കുമോ?