ആത്മാവിന്റെ ഭക്ഷണം

ജോൺ വെസ്ലി ആദ്യകാലത്തു പള്ളിക്കു പുറത്തു പ്രസംഗിച്ച് ആളുകളെ കർത്താവിലേക്കു നടത്തുന്നതു ശരിയല്ലെന്നാണു വിശ്വസിച്ചിരുന്നത്. എന്നാൽ ബ്രിസ്റ്റളിൽ വച്ച് ജോർജ്ജ് വൈറ്റ് ഫീൽഡിന്റെ കവല പ്രസംഗം അദ്ദേഹം കാണുവാനിടയായി. ആ മാതൃക പിൻതുടരുവാൻ തീരുമാനിക്കുകയും ചെയ്തു.

തുടർന്ന് അനേക വർഷങ്ങൾ അദ്ദേഹം പരസ്യ പ്രസംഗങ്ങൾ നടത്തുകയും അനേകരെ ക്രിസ്തുവിലേക്ക് ആദായപ്പെടുത്തുകയും ചെയ്തു. 1743ൽ അദ്ദേഹം പരസ്യ പ്രസംഗങ്ങളിലെ അനുഭവം തന്റെ പ്രതികയിൽ ഇങ്ങനെ രേഖപ്പെടുത്തി. “കഴിഞ്ഞ വർഷം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകളുടെ നടുവിൽ ഒരു കല്ലു വന്നു പതിച്ചു. കഴിഞ്ഞ മാസം ഒരാൾ എന്നെ ഇടിച്ചു. കഴിഞ്ഞ സന്ധ്യയ്ക്കു മർദ്ദനമേറ്റു. എന്നാൽ ഇതെല്ലാം തൂവൽ കൊണ്ടു താലാടുന്ന പോലെ മാത്രമേ എനിക്കു തോന്നിയുള്ളൂ.”

ഒരിക്കൽ വെസ്ലി പ്രസംഗിക്കുമ്പോൾ സ്വാധീനവും പണവുമുള്ള പലരും ശ്രോതാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ വെസ്ലി മുഖം നോക്കാതെ എല്ലാവരും ദൈവ്യഷ്ടിയിൽ പാപികളാണെന്നും നരകശിക്ഷയ്ക്ക് അർഹമാണെന്നും പ്രസംഗിച്ചു.

ശ്രോതാക്കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ (അദ്ദേഹം ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങളുടെ ചുമതല വഹിക്കുന്ന ആളാണ്) പ്രസംഗം കേട്ടു ക്ഷുഭിതനായി.

“നീ എന്തധികാരത്തിലാണ് ഇവിടെ ഇരിക്കുന്ന എല്ലാവർക്കും എതിരെ ഇങ്ങനെ പ്രസംഗിക്കുന്നത്?” വെസ്ലി ശാന്തമായി മറുപടി നൽകി. “കർത്താവായ യേശുക്രിസ്തുവിന്റെ അധികാരം”

“ഓഹോ, നീ ആ അധികാരം ഞങ്ങൾക്കെല്ലാം എതിരെ പ്രയോഗിക്കുകയാണോ?” എന്നെല്ലാം ചോദിച്ച് അയാൾ ബഹളം വയ്ക്കുവാൻ തുടങ്ങി.

ആ സമയത്തു സദസ്സിലുണ്ടായിരുന്ന ഒരു വൃദ്ധ സധൈര്യം എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു. ”സാർ, ആ മനുഷ്യന്റെ കാര്യം ദയവായി നിങ്ങൾ എനിക്കു വിട്ടു തരിക. ഞാൻ പറയട്ടെ, മിസ്റ്റർ നാഷ. നിങ്ങൾ ഞങ്ങളുടെ ശരീരത്തിന്റെ കാര്യം ശ്രദ്ധിക്കുന്നു. എന്നാൽ ഈ മനുഷ്യൻ നങ്ങളുടെ ആത്മാവിന്റെ കാര്യമാണ് ശ്രദ്ധിക്കുന്നത്. ഞങ്ങളെല്ലാം ഞങ്ങൾക്കുവേണ്ട ആത്മീയ ക്ഷണം ലഭിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾക്ക് അതിൽ താൽപര്യം ഇല്ലെങ്കിൽ പോകാം.”

ആ മനുഷ്യൻ പിന്നെ ഒരക്ഷരം പോലും മിണ്ടാതെ സ്ഥലം വിട്ടു. വെസ്ലി തന്റെ പ്രസംഗം തുടർന്നു.

“എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എന്നില്ല. എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നെ എനിക്കുള്ളു.” (പ്രവർത്തി 20:24)